Monday, 20 December 2010

ഉയിര്ത്തെഴുന്നെല്‍പ്പ്

അന്നൊരു പെസഹാ വ്യാഴം ആയിരുന്നു , ചില കാര്യങ്ങള്‍ അനുഭവിക്കുമ്പോള്‍ വലിയ വിഷമം തോന്നും എങ്കിലും പിന്നീട് ഓര്‍ക്കുമ്പോള്‍ ഒരു രസമാണ് .പണ്ട് എനിക്കൊരു പ്രണയം ഉണ്ടായിരുന്നു , എന്നെ നോക്കി ചിരിക്കുന്ന ആരോടും പ്രണയം തോന്നിയിരുന്ന കാലത്ത് അതൊരു പുതിയ സംഭവമേ ആയിരുന്നില്ല എന്നാല്‍ ഇത് ഞാന്‍ മാത്രം അറിയുന്ന ഒരു ഏക ജാലക പ്രണയം . ഞാന്‍ സ്ഥിരമായി സന്ദര്‍ശിക്കാറുള്ള ഒരു ഓഫീസില്‍ പുതിയതായി എത്തിയ ഒരു സുന്ദരി റിസപ്ഷനിസ്റ്റ് ആയിരുന്നു നായിക . ചില പെണ്ണുങ്ങളെ കാണുമ്പോള്‍ തമ്പുരാന്‍ ഉള്ളില്‍ പറയും ലെണ്ടാടാ ആ പെണ്ണ് നിന്റെയാ എന്ന് ആദ്യം ലവളെ കണ്ടപ്പളെ തമ്പുരാന്റെ ഒരു ഉള്‍വിളി എനിക്കും അനുഭവപെട്ടു എന്ന് തോന്നി .ഓരോ തവണ കണ്ടു ഇറങ്ങുമ്പോഴും വീണ്ടും കാണണം എന്ന ഒരു തോന്നല്‍ ,ഓരോ കാരണമുണ്ടാക്കി ആ ഓഫീസ് സന്ദര്‍ശിക്കുക എന്‍റെ പതിവായി ,പോകറ്റിലെ കാശും ഫെയര്‍ ആന്‍ഡ്‌ ലവുലിയുടെ ടുബും തീരുന്നതല്ലാതെ അവളുടെ മനസറിയാനോ എന്‍റെ ഇഷ്ടം അവളെ അറിയിക്കാനോ വയ്യാതെ ഞാന്‍ അസ്വസ്ഥന്‍ ആയി , കൂടുതല്‍ അറിയുമ്പോള്‍ കൂടുതല്‍ വെറുക്കും എന്ന ആഗോള നിയമത്തിനു പ്രണയത്തില്‍ സ്ഥാനം ഇല്ല എന്ന് കുമളിയിലെ സാബു ചേട്ടായി പറഞ്ഞപ്പോഴാണ് രണ്ടും കല്പിച്ചു അവളിലേയ്ക്ക് ഇറങ്ങി ചെല്ലാന്‍ ഞാന്‍ തീരുമാനിച്ചത് .

ജയപ്പന്‍ ഡോക്ടര്‍ തരുന്ന മരുന്ന് പോലും മര്യാദക്ക് കഴിക്കാന്‍ മറക്കുന്ന ഞാന്‍ അവളുടെ ഓഫീസില്‍ വരുന്നവരുടെ പേരും മുഖവും ഓര്‍ത്തു വെച്ച് സംസാരിക്കാന്‍ വിഷയങ്ങള്‍ക്കായി ഗവേഷണം നടത്തി , ഒരിക്കല്‍ ഉപയോഗിച്ച ഷര്‍ട്ട്‌ വീണ്ടും ഇടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ദിച്ചു, പുതു വസ്ത്രങ്ങള്‍ കൊണ്ട് അലമാര നിറഞ്ഞു ഇനിയും കാത്തിരിക്കുക വയ്യ എത്ര നാളായി ഇങ്ങനെ ഒളിപിച്ചു നടക്കുന്നു ഉത്തരം എന്തായാലും എന്‍റെ ഇഷ്ടം അവളെ അറിയിക്കുക തന്നെ യേശു ക്രിസ്തു പീഡാ സഹനം കടന്നു മരണത്തെ ജയിച്ചു ഉയിര്‍ത്തു ഏഴുനേറ്റ വാരമാണ് എന്‍റെ മാനസിക പീഡകള്‍ക്കും ഒരു ഉയിര്‍ത്തെഴുനെല്പ്പു പ്രതീക്ഷിച്ചു ഞാന്‍ ചില തീരുമാനങ്ങള്‍ എടുത്തു .

ആയിടക്കു ഞങ്ങളുടെ മുതലാളി അയാളുടെ പഴയ കാര്‍ വില്‍ക്കാന്‍ എന്നെ ഏല്പിച്ചു .സാമാന്യം തരക്കേടില്ലാത്ത വിലയ്ക്ക് ഞാന്‍ അത് ഒരാളുടെ തലയില്‍ കെട്ടി വെയ്ക്കുകയും ചെയ്തു വണ്ടി വാങ്ങിയ അയാള്‍ പരിശോധിക്കുന്നതിനിടയില്‍ വില കൂടിയ ഒരു സണ്‍ ഗ്ലാസ്‌ കാറില്‍ നിന്നും കിട്ടുകയും തിരികെ നല്‍കുകയും ചെയ്തു .കാറിന്റെ വിലയും അതിനുള്ളില്‍ നിന്നും കിട്ടിയ സണ്‍ ഗ്ലാസും ഞാന്‍ ബോസ്സിനെ തിരിചെല്പിക്കുമ്പോള്‍ നല്ല വിലക്ക് കാര്‍ വിറ്റതിനു സമ്മാനമായി ആയിരം ഡോളര്‍ വിലയുള്ള സണ്‍ ഗ്ലാസ്‌ നിനക്കിരിക്കട്ടെ എന്ന് പറഞ്ഞു അത് എനിക്ക് തന്നു .ഗ്ലാസ് എനിക്കൊരു ഹരമാണ് ഒരു പാട് ഗ്ലാസ്സുകള്‍ എന്‍റെ ശേഖരത്തില്‍ ഉണ്ട് എന്നാലും ഇത്രയും വിലയും ഭംഗിയും ഉള്ള ഒന്ന് നടാടെയാണ് . ബോസ്സിന്റെ റൂമില്‍ നിന്ന് പുറത്തിറങ്ങി ഞാന് ആ കണ്ണട മുഖത്ത് ഫിറ്റ്‌ ചെയ്തു ഓഫീസിലെ ടോയിലേറ്റ് കണ്ണാടിയില്‍ മുഖം നോക്കി കൊള്ളാംസൌന്ദര്യം ഒരു അമ്പതു മടങ്ങ്‌ വര്‍ധിച്ചിരിക്കുന്നു .

ഇന്ന് പെസഹ വ്യാഴം ആണ് പള്ളിയില്‍ പോയി കുര്‍ബാന കാണണം എന്ന് അമ്മച്ചി രാവിലെ വിളിച്ചു പറഞ്ഞതിനാല്‍ ഓഫീസില്‍ പോയില്ല എന്നിട്ട് എന്തോ ഒരു ലിത് ഉള്ളിന്റെ ഉള്ളില്‍ വലിച്ചു പിടിക്കുന്നു ഡ്യൂട്ടി അല്ലെങ്കിലും വണ്ടി എടുത്തു നേരെ വിട്ടു അവളുടെ ഓഫീസിലേയ്ക്ക് പുതിയ സണ്‍ ഗ്ലാസ്‌ വെച്ച് അവളെ കാണിച്ചിട്ടുമില്ല , റിസപ്ഷന്‍ ടേബിളിനു മുകളില്‍ കൈകുത്തി വാചകമടി തുടങ്ങി ആയിരം ഡോളര്‍ വിലയുള്ള കണ്ണാടിയെ പറ്റി വാചാലന്‍ ആകുന്നതിനിടയില്‍ ഞാന്‍ പോലും അറിയാതെ ആയിരം ഡോളര്‍ വിലയുള്ള സണ്‍ ഗ്ലാസില്‍ നിന്നും ഒരു ചില്ല് അടര്‍ന്നു അവളുടെ അവളുടെ കസാരയുടെ അടിയിലേയ്ക്കു വീണു ,എന്‍റെ എല്ലാം എല്ലാമെന്നു ഞാന്‍ കരുതിയിരുന്ന അവള്‍ കമിഴ്ന്നു കിടന്നു ചിരിക്കുകയാണ് എന്‍റെ ഹൃദയത്തിലേയ്ക്ക് തുളച്ചു കയറുന്ന വാള്‍ പോലെ അസഹ്യമായ ചിരി, ദക്ഷിണ ആഫ്രികയില്‍ വെച്ച് വെള്ളകാരന്‍ എറിഞ്ഞു പൊട്ടിച്ച ഒറ്റചില്ല് കണ്ണടയുമായി നില്‍ക്കുന്ന മഹാത്മാ ഗാന്ധിയെ പോലെ , ആള്കൂട്ടതിനിടയില്‍ ഉടുതുണി ഉരിഞ്ഞു പോയവനെ പോലെ, താഴേക്ക്‌ പോയ ചില്ലിനു കാത്തു നില്‍ക്കാതെ ഞാന്‍ ഇറങ്ങി നടന്നു . മുപ്പതു വെള്ളി കാശിനു യേശുവിനെ ഒറ്റിയ യുഥാസു പോലും ചെയ്യാത്ത ചതി എന്നോട് ചെയ്ത എന്‍റെ ബോസ്സിനെ കാണാന്‍ .

പിറ്റേന്ന് ദുഃഖ വെള്ളി ആയിരുന്നു എന്‍റെ ജീവിതത്തിലും അക്ഷരാര്‍ത്ഥത്തില്‍ ദുഖം നിറഞ്ഞ വെള്ളി , ഉയിര്‍പ്പ് തിരുനാളിന്റെ കുര്‍ബാന കഴിഞ്ഞിറങ്ങിയ എന്‍റെ കൈയില്‍ ഒരു പൊതി തന്നിട്ട് ഒരു കുട്ടി ഓടിമറഞ്ഞു ആളൊഴിഞ്ഞ കോണില്‍ ഇരുന്നു ഞാന്‍ ആ പൊതി തുറന്നു അടര്‍ന്നു വീണ സണ്‍ ഗ്ലാസിന്റെ കഷണവും ഒരു കുറിപ്പും രണ്ടേ രണ്ടു വരി മാത്രം പപ്പയോടു പറഞ്ഞു ഇനി വീട്ടില്‍ വന്നു ചോദിക്കുക എനിക്ക് ഇഷ്ടമാണ് , കത്ത് നെഞ്ചോടു ചേര്‍ത്ത് എത്ര നേരം നിന്ന് എന്നറിയില്ല അപ്പോള്‍ അമ്മച്ചി പറയാറുള്ള വരികള്‍ എന്‍റെ ഉള്ളില്‍ മുഴങ്ങുകയായിരുന്നു ഓരോ കുരിശു മരണവു ഒരു ഉയിര്‍പ്പിന്റെ മുന്നോടിയാണ് .