Wednesday, 12 January 2011

ഷേര്‍ ഖാന്റെ സുവിശേഷം

ഷേര്‍ ഖാന് ഒരു സ്വപ്നം ഉണ്ടായിരുന്നു ഒരു തോക്ക് സ്വന്തമായി വാങ്ങുക എന്ന ആ സ്വപ്നം സാഷത്കരിക്കനാണ് ഖാന്‍ സാബ് എന്ന ഷേര്‍ ഖാന്‍ ദുബായില്‍ വന്നിരിക്കുന്നത് . സ്വാബിയില്‍ ഒരു തോക്ക് സ്വന്തമായി വാങ്ങണമെങ്കില്‍ രണ്ടായിരം ഡോളര്‍ എങ്കിലും വേണം ഏകദേശം രണ്ടു ലക്ഷം പാകിസ്ഥാനി രൂപ . ഖാന്‍ സാബിന്റെ വാക്കുകള്‍ കടമെടുത്താല്‍ അവിടെ തോക്കില്ലാതെ ജീവിക്കുക ബുദ്ധിമുട്ടാണ് പോലീസും കോടതിയും ഒന്നുമില്ലാത്ത നാട് എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും ആരെയും ആക്രമിക്കാം .

ഒരു പാകിസ്ഥാനിയെ ജോലിക്ക് വെക്കുമ്പോള്‍ ഒരു പാട് ആശങ്കകള്‍ ആയിരുന്നു എന്‍റെ മനസ്സില്‍ പത്താന്കര്‍ പൊതുവേ ബുദ്ധി ഇല്ലാത്തവരും ക്ഷിപ്രകോപികളും ആണെന്നുള്ള പൊതു ധാരണ ആയിരുന്നു എന്‍റെ ഭയത്തിന്റെ അടിസ്ഥാനം എന്നാല്‍ എന്‍റെ എല്ലാ ആശങ്കകളെയും പിന്നിലക്കി ആ കുലീനനായ മനുഷ്യന്‍ ഞങ്ങളുടെ പ്രിയങ്കരന്‍ ആകാന്‍ അധിക കാലം വേണ്ടി വന്നില്ല , സത്യസന്ധനും, ചെയുന്ന തൊഴിലിനോട് നൂറു ശതമാനം പുലര്‍ത്തിയിരുന്ന ആത്മാര്‍ത്ഥതയും ആയിരുന്നു ഷേര്‍ ഖാനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തന്‍ ആക്കിയിരുന്നത് . ഷേര്‍ ഖാന് നാട്ടില്‍ രണ്ടു ഭാര്യമാരും ഒന്‍പതു മക്കളും ഉണ്ടായിരുന്നു ,രണ്ടു പേരും മത്സരിച്ചു ജോലി ചെയ്തിട്ടും രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ പാട് പെടുന്നവരുടെ ഇടയില്‍ പത്തു വയറിനു വേണ്ടി ഒറ്റയ്ക്ക് അധ്വാനിക്കുന്ന ഷേര്‍ ഖാന്‍ ഒരു അത്ഭുതമനുഷ്യന്‍ ആയിരുന്നു .ഖാന്‍ സാബിന് ആരെയും പേടിയില്ല പടച്ച തമ്പുരാന്‍ അല്ലാതെ ആരെയും പേടിക്കരുത് എന്നതായിരുന്നു ഷേര്‍ ഖാന്‍റെ മതം . ഖാന്‍ സാബിന് നാലു സഹോദരന്മാര്‍ ആയിരുന്നു മൂന്ന് പേരും താലിബാന്‍ അക്രമത്തില്‍ കൊല്ലപെട്ടപോഴാണ് ജീവന്‍ രക്ഷിക്കാന്‍ ഒരു തോക്ക് വേണമെന്ന് തോന്നിയത് .ഒരു തോക്ക് ഉണ്ടായിരുന്നെങ്കില്‍ ഒരാളെയെങ്കിലും രക്ഷിക്കാന്‍ കഴിയുമായിരുന്നെന്നു ഖാന്‍ സാബിന് തോന്നിയപ്പോഴാണ് ദുബായ് അവസാന ലക്‌ഷ്യം ആയതും . രണ്ടായിരം ഡോളര്‍ കൊടുത്താല്‍ തോക്ക് വില്‍ക്കുന്നവര്‍ സ്വാബിയില്‍ തന്നെ ഉണ്ട് പക്ഷെ രണ്ടായിരം ഡോളര്‍ ഷേര്‍ ഖാനെ പോലൊരു സാധുവിന് സങ്കല്പിക്കവുന്നതിലും മേലെയാണ് , രണ്ടു ഭാര്യമാരെയും ഒന്പതുമക്കളെയും അവശേഷിക്കുന്ന കുഞ്ഞനുജനെയും തനിച്ചാക്കി വീട് വിട്ടിറങ്ങുമ്പോള്‍ ഒരേ ഒരു ലക്‌ഷ്യം മാത്രം ആയിരുന്നു രണ്ടായിരം ഡോളര്‍ സമ്പാദിക്കുക .

ഷേര്‍ ഖാന്‍ പ്രായത്തേയും ആരോഗ്യത്തെയും വക വെക്കാതെ കഠിനമായി അധ്വാനിച്ചു ലക്‌ഷ്യം മുന്‍പില്‍ ദീപ്തമായി ജ്വലിച്ചു നിന്നിരുന്നത് കൊണ്ടാവാം ഏറ്റവും കൂടുതല്‍ ഓവര്‍ ടൈം വാങ്ങുന്നവരില്‍ എന്നും ഖാന്‍ സാബ് മുന്‍പിലായിരുന്നു .എന്‍റെ നാലു വയസുള്ള മകന്‍ ആബെലിനു ഖാന്‍ അങ്കിള്‍ ജീവനായിരുന്നു പഞ്ഞി പോലെ നരച്ച താടിയുള്ള അമ്മച്ചിയുടെ ചുരിദാര്‍ പോലെ ഉടുപ്പിടുന്ന ഖാന്‍ അങ്കിള്‍ .ഒരിക്കല്‍ ഖാന്‍ സാബ് വീട്ടില്‍ വന്നപ്പോള്‍ ആബെലിനു ഒരു സമ്മാനം കൊടുത്തു നൂലിഴകൊണ്ട് ചിത്ര തുന്നല്‍ പണി ചെയ്ത ഒരു പത്താന്‍ തൊപ്പി , മടങ്ങുമ്പോള്‍ ഖാന്‍ സാബ് നാട്ടില്‍ പോകുന്നതിനു മുന്‍പ് ഒരു സമ്മാനം കൂടി കൊണ്ട് വരാം എന്ന് പറഞ്ഞപ്പോള്‍ കൂടുതല്‍ ലീവിനോ ലോണ്‍ കിട്ടുന്നതിണോ ഉള്ള സോപ്പ് എന്ന് മാത്രമേ ഞാന്‍ കരുതിയുള്ളു . ഇതിനിടെ ഷേര്‍ ഖാന്‍ അനുജനെയും കൂടെ കംബനിയിലെയ്ക്ക് കൊണ്ട് വരാന്‍ഷേര്‍ ഖാന്‍ ശ്രമം തുടങ്ങിയിരുന്നു .
അനുജന്‍ കമ്പനിയില്‍ വന്നതും ഖാന്‍ സാബിന് തെല്ലൊരു ആശ്വാസമായി .ഖാന്‍ സാബിനെ പോലെ എല്ലുമുറിയെ പണിയെടുക്കുന്ന ഒരു സാധുവയിരുന്നു അനുജന്‍ യുസഫ് ഖാനും ,അങ്ങനെ ഖാന്‍ സാബിന്റെ കാത്തിരിപ്പുകള്‍ക്ക് അന്ത്യമായി രണ്ടുപേരുടെയും നീക്കിയിരിപ്പ് രണ്ടായിരത്തി അഞ്ഞൂറ് ഡോളര്‍ കഴിഞ്ഞപ്പോഴാണ് ഖാന്‍ സാബ് നാട്ടില്‍ പോകാന്‍ തീരുമാനിച്ചത് . ഒരു ലക്‌ഷ്യം വെച്ച് നാട് വിടുക അത് പൂര്‍ത്തികരിക്കാനായി ഒരു മടങ്ങി പോക്ക് , ഒരു ലക്ഷ്യവും ഇല്ലാതെ തിന്നും കുടിച്ചും അടിച്ചു പൊളിച്ചു ജീവിച്ചിരുന്ന മലയാളിക്കള്‍ക്കും ശ്രിലങ്കക്കാര്‍ക്കും ഖാന്‍ സാബ് ഒരു വിസ്മയമായിരുന്നു . പോകും മുന്‍പ് ഖാന്‍ സാബ് എന്‍റെ മകനെ കാണാനെത്തി മുന്‍പ് പറഞ്ഞ സമ്മാനം കൊടുക്കാന്‍, കണ്ടാല്‍ ഒരിജിനലെന്നു തോന്നിക്കുന്ന ഒരു മെഷീന്‍ ഗണ്‍ ,ഖാന്‍ സാബിന്റെ സ്വപ്നത്തിന്റെ ഒരു ചെറു കളി രൂപം .ഇത് പോലെ ഒന്ന് വാങ്ങാനാണ് ഈ വര്‍ഷമെല്ലാം ഇയാള്‍ വെയിലില്‍ ഉരുകിയത്. യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഞാന്‍ കൈയില്‍ വെച്ച് കൊടുത്ത നോട്ടുകള്‍ ചേര്‍ത്ത് പിടിച്ചു എന്‍റെ കൈകളില്‍ ചുംബിക്കുമ്പോള്‍ ഖാന്‍ സാബിന്റെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണ് നീര്‍ പൊടിഞ്ഞു എന്‍റെ കൈകളില്‍ വീണു ,കപടതകളില്ലാത്ത സ്നേഹത്തിന്റെ അശ്രു .ലോകം കീഴടക്കിയ സന്തോഷമായിരുന്നു അയാള്‍ക്ക് ,നീണ്ട മൂന്ന് വര്‍ഷത്തിനു ശേഷം പ്രിയപെട്ടവരുടെ അരികിലേയ്ക്ക് പറന്നെത്തുകയാണ് ഈ കാലമത്രയും ശരീരം കൊണ്ട് മണലാരണ്യത്തില്‍ ആയിരുന്നെങ്കിലും മനസ് ഏപ്പോഴും അവര്‍ക്കൊപ്പം ആയിരുന്നു .എയര്‍പോര്‍ട്ട് എത്തുവോളം ഖാന്‍ സാബ് സംസാരിച്ചു കൊണ്ടേ ഇരുന്നു അവധി കഴിഞ്ഞാലുടന്‍ തിരികെ എത്താമെന്ന വാക്കുമായി അയാള്‍ പോയി .

ഏകദേശം ഒരു ആഴ്ച കഴിഞ്ഞിട്ടുണ്ടാവില്ല എന്തോ ഒരു അത്യാവശ്യ കാര്യത്തിന് മുസഫയിലെയ്ക്ക് പോകാനിറങ്ങിയ എനിക്ക് മുന്നിലേയ്ക്ക് അലറികരഞ്ഞു കൊണ്ട് യുസുഫ് വരുന്നത് കണ്ടു ഞാന്‍ സ്തബ്ധനായി ഖാന്‍ സാബിന്റെ അനുജന്‍ യുസഫാണ് വലിയ വായില്‍ അലറി കരയുന്നത് പാകിസ്താനില്‍ വെച്ച് ഖാന്‍ സാബ് കൊല്ലപെട്ടിരിക്കുന്നു . തോക്ക് വാങ്ങാനെത്തിയ ഖാന്‍ സാബിനെ പണം അപഹരിച്ച ശേഷം ആരോ കൊലപെടുത്തി കടന്നു കളഞ്ഞിരിക്കുന്നു. ഏറെ മോഹിച്ചു കാത്തിരുന്ന ഒന്ന് കൈയെത്തും ദൂരത്തു വെച്ച് മോഹമായി അവശേഷിപിച്ചു അയാള്‍ കടന്നു പോയിരിക്കുന്നു .ആ നാട് അങ്ങനെ ആണ് ഒന്നിനും ഒരു സുരക്ഷിതത്വവും ഇല്ല പരാതിപെടാന്‍ നിയമമോ കോടതിയോ ഒന്നും ഇല്ല നഷ്ടപെടവര്‍ക്ക് പകരം കൊലപാതകിക്കു വേണ്ടിയും ഒരു കൊലകത്തിയുമായി എവിടെയോ ഒരാള്‍ കാത്തിരിപ്പുണ്ടാവും .യുസുഫ് പൊട്ടിക്കരയുകയാണ് ,പത്താന്മാര്‍ അസാമാന്യ ധൈര്യ ശാലികള്‍ ആണ് സിംഹത്തെ അതിന്റെ മടയില്‍ കയറി കീഴ്പെടുതുന്നവര്‍ ഒരു പക്ഷെ ഈ ധൈര്യം എല്ലാവര്‍ക്കും ഉള്ളതാവാം അവിടെ നിയമ വാഴ്ചക്ക് സാധുത ഇല്ലാതെ പോയത് . യുസുഫ് ഖാനെ ആശ്വസിപിച്ചു കമ്പനിക്കു അവധി നല്‍കി വീട്ടിലെത്തുമ്പോള്‍ എന്‍റെ നാല് വയസുകാരന്‍ ആബേല്‍ കതകിനു പിന്നില്‍ ഒളിച്ചിരിക്കുകയായിരുന്നു ഖാന്‍ അങ്കിള്‍ നല്‍കിയ മെഷീന്‍ ഗണ്‍ കൊണ്ട് പപ്പയെ വെടിവെച്ചിടാന്‍ .................


Monday, 3 January 2011

ഉദരത്തിലൂടെ ഹൃദയത്തിലേയ്ക്ക്

സുന്ദരന്‍ ചേട്ടന് ഒട്ടും മുഖ സൌന്ദര്യം ഇല്ലായിരുന്നു , എങ്കിലും അയാള്‍ കറകളഞ്ഞ മനുഷ്യ സ്നേഹിയും നല്ല ഒന്നാംതരം പാചകക്കാരനും ആയിരുന്നു .പ്രവാസത്തിന്റെ ആദ്യ നാളുകളില്‍ അമ്മയുടെ രുചികള്‍ എനിക്ക് നഷ്ടപെടുതാതിരുന്നത് സുന്ദരേട്ടന്റെ കൈപുണ്യം ഒന്ന് മാത്രമാണ് .കടലിനെ ഒരു പാട് സ്നേഹിച്ചിരുന്ന സുന്ദരേട്ടന്റെ ഭാഷയും അതി വിചിത്രമായ ഒരു ഗ്രാമ്യ ഭാഷ ആയിരുന്നു അതില്‍ അസാമാന്യമായ നര്‍മ ബോധം കൂടി ചേരുമ്പോള്‍ സുന്ദരേട്ടന്‍ കേള്‍വിക്കാര്‍ക്ക് പരമപ്രിയന്‍ ആയിരുന്നു .ഒരു പാട് സ്നേഹം മണക്കുന്ന വഴികളിലൂടെ സഞ്ചരിച്ചു പെട്ടന്ന് ഏകാന്തതയില്‍ അകപെട്ടത്‌ കൊണ്ടാവാം വേഗം എനിക്ക് സുന്ദരെട്ടനുമായി അടുക്കാന്‍ കഴിഞ്ഞത്. സുന്ദരെട്ടനയിരുന്നു എന്‍റെ ആദ്യ പ്രവാസ സുഹൃത്ത്‌ . ഒരു തലമുറയുടെ അകല്‍ച്ച ഞങ്ങളുടെ സൌഹൃദത്തിനു ഒരു തടസവും ആയിരുന്നില്ല ,നാല്പതുകള്‍ പിന്നിട്ടിട്ടും ഏകാകിയായ അയാള്‍ അറിവിന്റെ ഒരു അക്ഷയഖനി ആയിരുന്നു .പുസ്തകങ്ങള്‍ തരുന്ന അറിവിനേക്കാള്‍ വിലപെട്ട അനുഭവജ്ഞാനം നെഞ്ചില്‍ സൂക്ഷിക്കുന്ന സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു പാവം മനുഷ്യന്‍ .മദ്യപാനം മാത്രമായിരുന്നു സുന്ദരേട്ടന്റെ ബലഹീനത അല്‍പ മദ്യം ബോധത്തെ ഉണര്തുമെന്നു പതിവായി പറയാറുണ്ടായിരുന്ന ആ മനുഷ്യന്‍ വൈകിട്ട് ഒന്‍പതു മണി കഴിഞ്ഞാല്‍ സ്ഥിരമായി ബോധാരഹിതന്‍ ആകുന്നതു എന്നിലെ യുവാവ്‌ തെല്ലു അത്ഭുതത്തോടെയും പിന്നെ സഹതാപതോടെയുമാണ് നോക്കി കണ്ടിരുന്നത്‌ .പുതിയ മേച്ചില്‍ പുറങ്ങളും അവസരങ്ങളും തേടി ഞാന്‍ പോയപ്പോള്‍ ഏറ്റവും കൂടുതല്‍ ദുഖിച്ചതു സുന്ദരേട്ടന്‍ ആവണം .വല്ലപ്പോഴും കടന്നു വരുന്ന ഒരു നല്ല ഓര്‍മ മാത്രമായി തൃശ്ശൂരില്‍ ഏതോ ഒരു കടപ്പുറത്ത് നിന്നും വന്ന ആ കുറിയ മനുഷ്യന്‍.


വര്‍ഷങ്ങള്‍ശേഷം ജീവിതം സമ്മാനിച്ച മാറ്റങ്ങളില്‍ സുന്ദരേട്ടന്‍ ഓര്‍മയില്‍ നിന്ന് തന്നെ മൂടപെട്ടു. ഒരു ദിവസം ഞാനും കുടുംബവും ആലപുഴയിലെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കൊണ്ട് ഇരിക്കുമ്പോഴാണ് തീര്‍ത്തും പരിചിതം എന്ന് തോന്നിയ ആ രുചികളുടെ ഉറവിടം അറിയണമെന്ന് തോന്നിയത് പണ്ടെ ഞാന്‍ ഇങ്ങനെ ആണ് ജീവിക്കാനായി ഭക്ഷിക്കാതെ ഭക്ഷിക്കാനായി ജീവിക്കുന്നവന്‍ എന്ന ചീത്ത പേര് ധാരാളം കേട്ടിട്ടുണ്ട് അതുകൊണ്ട് എന്താ മുപ്പത്തി ആറാം വയസിലെ ചില ചെട്ടിയാരന്മാരെ പോലെ കുടവയറും ചാടി കിളവനെ പോലെ ,രുചിയുടെ ഉറവിടം തേടി കിച്ചണില്‍ എത്തിയ ഞാന്‍ കണ്ടത് തികച്ചും പ്രതീക്ഷിക്കാത്ത ചുറ്റുപാടില്‍ പണ്ടെങ്ങോ കണ്ടു മറന്ന ഒരിക്കല്‍ കൂടി കാണാന്‍ ആഗ്രഹിച്ച ആ മനുഷ്യന്‍ ,ഞാന്‍ നീട്ടി വിളിച്ചു സുന്ദരേട്ടാ ,എന്നെ മനസിലായില്ലേ എങ്ങനെ മനസിലാവാന്‍ മീശ മുളക്കുന്നതിനു മുന്‍പ് കണ്ടതല്ലേ .എന്നെ സൂക്ഷിച്ചു നോക്കി ഓര്‍മകളിലൂടെ ഒരു ഓട്ട പ്രദിക്ഷണം നടത്തുകയാണ് അയാള്‍ എന്ന് തോന്നി , സുന്ദരേട്ടാ ഇത് ഞാനാ ആ അജീഷ് അന്ന് ദുബായില്‍ ഒരുമിച്ചുണ്ടായിരുന്ന, ഡാ ശവീ നീയ് ആള് അങ്ങ് കൊഴുത്തല്ലോ നീയ് എവിടാരുന്നു വല്യ മുതലാളി ആയപ്പോള്‍ ഈ പാവങ്ങളെ ഒക്കെ മറന്നു ഇല്ലേ ? ഒട്ടും മാറാത്ത സുന്ദരെട്ടനുമായി ഒരു പാട് സംസാരിച്ചു പോരുമ്പോള്‍ ഒരു കുപ്പിക്കുള്ള കാശ് ചോദിച്ചു വാങ്ങാന്‍ സുന്ദരേട്ടന്‍ മറന്നില്ല , പിന്നീട് ആഴ്ചയില്‍ ഒരിക്കലെങ്കിലും ഞാന്‍ സുന്ദരേട്ടനെ കാണുമായിരുന്നു ഒരു കുപ്പി എന്‍റെ വക ഒരു അവകാശം പോലെ അയാള്‍ കൈപറ്റുമായിരുന്നു. എന്നെ കാണാതായാല്‍ വീട്ടില്‍ വന്നു ഭാര്യയോട്‌ ചോദിച്ചു വാങ്ങുന്നതിനുള്ള സ്വാതന്ത്ര്യവും സുന്ദരെട്ടന് ഉണ്ടായിരുന്നു .


കമ്പനി ആവശ്യത്തിനായി ഒരു മാസത്തോളം ബംഗ്ലൂരില്‍ പോയി വന്നപ്പോള്‍ ഭാര്യാ ആണ് പറഞ്ഞത് ഞാന്‍ പോയ ശേഷം സുന്ദരേട്ടന്‍ വന്നിട്ടേ ഇല്ല എന്ന് . ഹോട്ടലില്‍ തിരക്കിയപ്പോള്‍ രക്തം ശര്ദിച്ചു ഹോസ്പിറ്റലില്‍ ആണെന്നും ,ഹോസ്പിറ്റലില്‍ ചെല്ലുമ്പോള്‍ സുന്ദരേട്ടന്‍ തീര്‍ത്തും അവശന്‍ ആയിരുന്നു അനാഥമായി എത്തിയ ആളിനെ അന്വേഷിച്ചു ആള് വന്നു എന്ന അറിഞ്ഞപ്പോള്‍ മുതല്‍ മരുന്നിന്റെ ചീട്ടുകള്‍ എനിക്ക് നേരെ നീളാന്‍ തുടങ്ങി . ഇടക്കെപ്പോഴോ ബോധം തെളിയുമ്പോള്‍ ലഹരിക്ക്‌ വേണ്ടി യാചിക്കുന്ന സുന്ദരേട്ടന്‍ എനിക്കൊരു ബാധ്യത ആകുന്നു എന്ന് തോന്നിയെങ്കിലും വിട്ടിട്ടു പോകാന്‍ മനസ് അനുവദിച്ചില്ല നീണ്ട പതിനാറു നാള്‍ അയാള്ക്കരികെ ഞാന്‍ കൂട്ടിരുന്നു .പതിനേഴാം ദിവസം രാവിലെ സുന്ദരേട്ടന്‍ മരിച്ചു .


ഒരു ബന്ധവും ലോകത്ത് അവശേഷിപിക്കാതെ അയാള്‍ കടന്നു പോയിരിക്കുന്നു .ഹോസ്പിറ്റലില്‍ നിന്ന് മൃതദേഹം ഏറ്റു വാങ്ങുമ്പോള്‍ വല്ലാത്തൊരു ശൂന്യത ആയിരുന്നു മനസ്സില്‍ , തീര്‍ത്തും വിരുദ്ധ വിശ്വാസങ്ങളില്‍ ജീവിച്ച ഞാന്‍ സുന്ദരേട്ടനെ എങ്ങനെയാണ് സംസ്കരിക്കേണ്ടത് . ഒന്ന് എനിക്ക് അറിയാമായിരുന്നു ഈ മനുഷ്യന്‍ കടലിനെ അത്യധികം സ്നേഹിച്ചിരുന്നു കടലുമായി എനിക്കൊരു ആത്മബന്ധം ഉണ്ടെന്നു കൂടെ കൂടെ പറയാറുണ്ടായിരുന്ന സുന്ദരെട്ടന് കടലിനു അഭിമുഖമായി ചിതയൊരുക്കി സംസ്കരിക്കുമ്പോള്‍ ഒരു ഗന്ധം എനിക്ക് അനുഭവപെട്ടു, പച്ച മാംസം കരിയുന്ന ഗന്ധമല്ല മറിച്ച് നല്ല കറിക്കൂട്ടുകള്‍ ചേര്‍ത്ത് സുന്ദരേട്ടന്‍ പാചകം ചെയ്യുമ്പോള്‍ എനിക്ക് അനുഭവപെട്ടിരുന്ന ആ ഗന്ധം . ഉദരത്തിലൂടെ ഹൃദയം കീഴടക്കിയ സ്നേഹത്തിന്റെ ഗന്ധം.