Tuesday 28 August 2012

ബോര്‍ജി നെറ്റോ ഫ്രാന്‍സിസ്

ചന്നം പിന്നം പെയ്യുന്ന മഴ ചാറ്റലുകളോട് കിന്നാരം ചൊല്ലി പതിയെ തീരമണയുന്ന തിരകളെ നോക്കി ഇന്‍ഫന്റ് ജീസസിന്റെ അമരത്തു കിടന്നു ബോര്‍ജി അപ്പനെയോര്‍ത്തു .പോര്ട്ട്ഗീസു കപ്പലിലെ നാവികനായിരുന്ന അപ്പന്‍ ഫ്രാന്‍സീസ് ശൌരിയാര്‍ അവരോടുള്ള ആരധനമൂത്താണ് തനിക്കു ബോര്‍ജി എന്ന പേര് ഇട്ടത്.ചെറുപ്പത്തില്‍ ഒരു പാട് അവഹെളനങ്ങള്‍ക്കും ഇരട്ട പേര് വിളികളും തന്റെ ഈ വിചിത്ര നാമത്തെ പ്രതി സഹിക്കേണ്ടി വന്നിട്ടുണ്ട് . ഈ പേരുമായി പള്ളികൂടത്തില്‍ പോകില്ല എന്നുവരെ വാശി പിടിച്ചിട്ടും അപ്പന്‍ പേര് മാറ്റാന്‍ തയ്യാറായില്ല ക്വീന്‍ മരിയ കപ്പലിന്റെ കപ്പിത്താനായ ബോര്‍ജി സെബരിണോ നെറ്റോ എന്ന അപ്പന്റെ പ്രിയ സുഹൃത്തിന് നല്‍കിയ വാക്കാണ്‌, അത് മരിക്കുന്നത് വരെ തെറ്റിക്കാന്‍ അപ്പന്‍ ഇഷ്ട്ടപെട്ടിരുന്നില്ല .കൌമാരം കടന്നപ്പോള്‍ തനിക്കും ഈ പേര് പയ്യെ ബോധിച്ചു തുടങ്ങിയിരുന്നു നാട്ടില്‍ ആര്‍ക്കും ഇല്ലാത്ത കടിച്ചാല്‍ പൊട്ടാത്ത ബോര്‍ജി നെറ്റോ ഫ്രാന്‍സിസ് എന്ന് പറയുമ്പോള്‍ തന്നെ ഒരു ഗമയും തലയെടുപ്പും ഉണ്ടായിരുന്നു.

മഴ കനത്തു തുടങ്ങി വള്ള പുരയുടെ മേല്‍കൂരയിലൂടെ വെള്ളം ശക്തിയായി അരിച്ചു താഴേക്ക്‌ ഇറങ്ങുന്നു ബോര്‍ജി പതിയെ എഴുന്നേറ്റു ലൈറ്റ് ഹൌസ് വരാന്തയിലേയ്ക്കു നടന്നു ലൈറ്റ് ഹൌസ് പഴയ പ്രതാപത്തിന്റെ തിരുശേഷിപ്പ് മാത്രമായിട്ടു കാലങ്ങള്‍ കഴിഞ്ഞിരിക്കുന്നു സന്ധ്യ ആയാല്‍ പൊതുവേ ആരും അങ്ങോട്ട്‌ തിരിഞ്ഞു പോലും നോക്കാറില്ല അസ്തമയ സൂര്യനെ കാണാന്‍ വരുന്ന സ്വദേശി വിദേശി കൂട്ടങ്ങള്‍ കൊഴിഞ്ഞു കഴിഞ്ഞാല്‍ പിന്നെ ഒരു ഭാര്‍ഗവീ നിലയം തന്നെ ആണ് അത് മഴ കൊള്ളാത്ത ഇറ ചേര്‍ന്ന് ബോര്‍ജി ഒരു സിഗരട്ട് പുകച്ചു പൌലോ കൊയ്ലോ പുസ്തകങ്ങളും കടലും തരുന്ന നിര്‍വൃതിയില്‍ അലയാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി അപ്പന്‍ പോയി കഴിഞ്ഞു തുടങ്ങിയ അലച്ചിലാണ്.ബോര്‍ജിയോ സായിപ്പിനെ വീട്ടില്‍ കൊണ്ട് വരാമന്നേറ്റു പിരിഞ്ഞു പോയ അപ്പന്‍ പിന്നീട് ഒരിക്കലും തിരികെ വന്നില്ല ബോര്‍ജി സായിപ്പിനും ഫ്രാന്‍സിസിന്റെ വീടും തന്റെ പെരുകാരനായ മകനെയും കാണണമെന്ന് കലശലായ മോഹം ഉണ്ടെന്നു അപ്പന്‍ പലതവണ പറഞ്ഞതാണ് അപ്പന്‍റെ ഇനിയത്തെ യാത്ര കഴിയുമ്പോള്‍ സായിപ്പിനെ കാണാമെന്നു മോഹിച്ചു വശായതുമാണ് പക്ഷെ അപ്പന്‍ വന്നില്ല കടല്‍ യാത്രകള്‍ അങ്ങനെയാണ് ഒന്നിനും ഒരു നിശ്ചയവും ഇല്ല ചിലപ്പോള്‍ മൂന്നോ നാലോ മാസം ചിലപ്പോള്‍ ഒരു വര്ഷം ഇത് വര്ഷം പതിനാറു കഴിഞ്ഞിരിക്കുന്നു എവിടെയോ വെച്ച് അപ്പനും കപ്പലും അപകടത്തില്‍ പെട്ടിരിക്കുന്നു അല്ലെങ്കില്‍ അപ്പന്‍ ഇതിനകം തന്നെ തേടി വന്നേനെ .അപ്പന്‍ പോയത് മുതല്‍ തുടങ്ങിയതാണ്‌ ഈ അരാജക ജീവിതം പൌലോകൊയ്ലോക്കും കറുപ്പിനും ഉള്ള കാശയാല്‍ പിന്നെ അലച്ചിലാണ് കടപ്പുറമായ കടപ്പുറം തോറും അലയും അവിടെയൊക്കെ തിരയും ഫ്രാന്‍സിസ് ശൌരിയാര്‍ വന്യം പറമ്പില്‍ എന്ന തന്റെ അപ്പന്‍റെ മുഖം തേടി .


മഴ തോര്‍ന്നിരിക്കുന്നു കരയില്‍ നിന്നും തണുത്ത കാറ്റ് കടലിലേയ്ക്ക് വീശാന്‍ തുടങ്ങിയിരിക്കുന്നു ലൈറ്റ് ഹൌസ് നല്‍കിയ സുരക്ഷിതത്വം മതിയായിരിക്കുന്നു വീണ്ടും ഒരു സിഗരട്ട് കൂടി പുകച്ചു ബോര്‍ജി മുന്നോട്ടു നടന്നു ഇരുള്‍ കനത്തു തുടങ്ങിയിരിക്കുന്നു മഴ പതിവിലും നേരത്തെ ഏവരെയും കടല്‍ തീരത്തോട് വിട പറയാന്‍ പ്രേരിപ്പിച്ചിരിക്കുന്നു അല്ലെങ്കിലും സുനാമി വന്നു കഴിഞ്ഞതിനു ശേഷം നാട്ടുകാര്‍ക്ക് ഒരു ചെറു മഴയത്ത് പോലും കടലിനോടു ചെര്‍ന്നിരിക്കാന്‍ വല്ലാത്ത പേടിയാണ് . മുന്‍പിലുള്ള ഒന്നിനെ പോലും കാണാന്‍ പറ്റാത്തവിധം ഇരുട്ട് കനത്തിരിക്കുന്നു ചുമലില്‍ ഒരു കരം സ്പര്‍ശിചിട്ടെന്നവണ്ണം ബോര്‍ജി പെട്ടന്ന് നിന്നു.ബോര്‍ജി നെറ്റോ ഫ്രാന്‍സിസ് ഒട്ടും പരിചിതമല്ലാത്ത സ്വരം ബോര്‍ജി തിരിഞ്ഞു കൈയിലെ സിഗരട്ട് ലൈറ്റര്‍ തെളിച്ചു  ഒരു മുഷിഞ്ഞ വികൃത  രൂപം ! ഇരണ്ട വെളിച്ചത്തില്‍ നരച്ചതാടിയും കണ്ണ് മറയ്ക്കുന്ന ചുരുണ്ട മുടിയും മനസിലൂടെ ഒരു കൊള്ളിയാന്‍ പോലെ അപ്പന്‍ കടന്നു വന്നു അപ്പാ....... ബോര്‍ജി നീട്ടി വിളിച്ചു വികൃത രൂപം വിചിത്രമായ ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങി ബോര്‍ജി അപ്പന്‍റെ മകനാണ് വളരെ പെട്ടന്ന് തന്നെ വികൃത രൂപം സംസാരിക്കുന്നതു ഡച്ച് ഭാഷയാണെന്ന് തിരിച്ചറിഞ്ഞു . "നിങ്ങള്‍ നിങ്ങളാണോ ബോര്‍ജി സെബരിണോ നെറ്റോ ? ക്വീന്‍ മേരിയുടെ കപ്പിത്താന്‍ "

എവിടെ എന്റെ അപ്പന്‍ താങ്കളുടെ ഉറ്റ സുഹൃത്തായ ഫ്രാന്‍സിസ് ഇത് വരെ എവിടെയായിരുന്നു നിങ്ങള്‍ അപ്പന് എന്തെങ്കിലും അപകടം വികൃത രൂപം വിറയാര്‍ന്ന ചുണ്ടുകളോടെ പറഞ്ഞു തുടങ്ങി
" അന്ന് കൊച്ചു ബോര്‍ജിയെ കാണാന്‍ ഞങ്ങള്‍ വരുന്ന വഴിയാണ് കപ്പല്‍ ചുഴിയില്‍ പെടുന്നത് ഞാനല്ലാതെ ആരും രക്ഷപെട്ടിരിക്കാന്‍ യാതൊരു സാധ്യതയും ഇല്ല "
കപ്പലിന് അപകടം പറ്റിയാല്‍ ഏറ്റവും അവസാനം വരെ നില്‍കേണ്ട കപ്പിത്താന്‍ രക്ഷപെട്ടിട്ടുന്ടെങ്കില്‍ എന്റെ അപ്പനും ഏതെങ്കിലും കരയില്‍ അങ്ങയെ പോലെ രക്ഷപെട്ടു ജീവിചിരിപ്പുണ്ടാവും അപ്പന്‍ എവിടെ എങ്കിലും ജീവിച്ചിരുന്നാല്‍ മതി, ഉണ്ടാവും അല്ലെ മിസ്റ്റര്‍ ? അതിരിക്കട്ടെ നിങ്ങള്‍ എങ്ങനെ ഇവിടെ എത്തി നിങ്ങള്‍ എന്നെ എങ്ങനെ തിരിച്ചറിഞ്ഞു അതും ഈ  കൂരിരുട്ടില്‍ ? ഞങ്ങള്‍ ഒരുമിച്ചു കുറച്ചു മുന്നോട്ടു നടന്നു കഴിഞ്ഞിരിക്കുന്നു മറുപടി ഒന്നും കാണാത്തത് കൊണ്ട് ലൈറ്റര്‍ വീണ്ടു കൊളുത്തി ഇല്ല ആ പരിസരത്തു ഒരാള്‍ ഉണ്ടായിരുന്നതായി പോലും തോന്നുന്നില്ല കുറച്ചു മുന്നോട്ടും പിന്നോട്ടും   നടന്നു ഇല്ല ആരും ഇല്ല . ദൂരെ  ലൈറ്റ് ഹൌസിന്റെ കറങ്ങുന്ന വെട്ടത്തില്‍ മിന്നായം പോലെ അയാള്‍ കടലിലേയ്ക്ക് നടക്കുന്നത് ബോര്‍ജി കണ്ടു കൂടെ നീണ്ട യാത്രകള്‍ക്ക് ശേഷം വരുമ്പോള്‍ അപ്പന്‍ കൊണ്ട് വരാറുണ്ടായിരുന്ന അറേബ്യന്‍ അത്തറിന്റെ സുഗന്ധം കര കാറ്റിനൊപ്പം കടലിലേയ്ക്ക് ഒഴുകി പോകുന്നതും  ബോര്‍ജിഅറിഞ്ഞു .........

Saturday 4 August 2012

അവശ കൃസ്ത്യാനി

ക്രിസ്തുവിനോടുള്ള വിശ്വാസമോ സ്നേഹമോ ഒന്നുമല്ല മറിച്ചു ചൊക്കന്‍പുലയന്‍ എന്ന വിളിയും സമൂഹത്തിലെ അവഗണനയും കടുത്തപ്പോഴാണ് ചൊക്കന്‍ മാര്‍ഗം കൂടി കൃസ്തിയാനി ആകാന്‍ തീരുമാനിച്ചത് .തന്നെക്കാള്‍ പൈമിക്കും കുട്ടികള്‍ക്കുമാണ് മതം മാറാന്‍ താല്പര്യം പണ്ട് മുതലേ പൈമി പള്ളിയിലെ പുറം പണിക്കാരിയാണ്  പൈമി ചോക്കനോട് പറയും ഈ കൃസ്ത്യാനികളില്‍ ജാതിയൊന്നും ഇല്ല എല്ലാവരും ഒരു പോലെയാ മാത്രമല്ല മഴ തുടങ്ങിയാല്‍ പെരമേയാനും, പുള്ളകള്‍ക്ക് പഠിക്കാന്‍ പുസ്തകോം ബാഗും എന്ന് വേണ്ട ഉപ്പുമാവ് ഉണ്ടാക്കുന്ന  ചോളപൊടി വരെ പള്ളിയില്‍ നിന്നും കിട്ടും .നമ്മുടെ ജാതിയില്‍ എന്താ കിട്ടുക കുറെ ആട്ടും തുപ്പും അവഗണനയും പെലയന്‍ എന്ന വിളിയും മാത്രം .പൈമിയുടെ പ്രലോഭനവും മതം മാറിയാല്‍ കിട്ടുന്ന സമ്മാനങ്ങളും ഉള്ളിലെ അപകര്‍ഷതയും ചോക്കനെ വേഗം ആ തീരുമാനത്തില്‍ എത്തിച്ചു .

ഇടവകയിലെ ഓരോ ചലനങ്ങളിലും വിശ്വാസികളുടെ വിശ്വാസ ജീവിതവും കൃത്യമായി പിന്തുടരുന്ന അജപാലകന്‍ ആണ് ലോപസ് അച്ഛന്‍  .പൈമിയുമായി അച്ഛനെ കാണാന്‍ എത്തുമ്പോള്‍ അച്ഛന്‍ പൊതുയോഗത്തില്‍ പങ്കെടുക്കുകയായിരുന്നു .ഞായറാഴ്ച  കുര്‍ബാന കഴിഞ്ഞു കുട്ടികള്‍ വരിവരിയായി വേദ പാഠ ക്ലാസുകളിലെയ്ക്ക് പോകുന്നതും നോക്കി പോക്കനും പൈമിയും മനസിലോര്‍ത്തു നാളെ മുതല്‍ ഞങ്ങളുടെ  കുട്ടികളും ഇവരില്‍ ഒരാളാവും വര്‍ണ വിവേചനത്തിന്റെ തുറിച്ചു നോട്ടങ്ങള്‍ ഇല്ലാത്ത തമ്പ്രാനും അടിയാനും ഇല്ലാത്ത ഒരു ലോകത്തേക്ക് മാളുവും ചോട്ടുവും പറിച്ചു നടപ്പെടും. ദൂരാചാരങ്ങള്‍ക്കും  മനുഷ്യ കുലത്തിനും  വേണ്ടി സ്വയം മരണം വരിച്ച ദൈവ സുതന്‍റെ വിശ്വാസത്തിലേയ്ക്ക് പറിച്ചു നടാന്‍ തയ്യാറായി ആണ് താനും കുടുംബവും എത്തിയിരിക്കുന്നത് .പൊതു യോഗം കഴിഞ്ഞു കമ്മറ്റി അംഗങ്ങള്‍ പുറത്തു വന്നു പിറകെ ലോപസ് അച്ഛനും .

"എന്താ പൈമി കുടുംബ സമേതം വീട്ടില്‍ വല്ല വിശേഷവും ഉണ്ടോ " നടവഴിയില്‍ വെച്ചേ ലോപസ് അച്ഛന്‍ ചോദ്യം എറിഞ്ഞു " അത് അച്ഛനോട് ഒരു കാര്യം പറയാനുണ്ട്‌ മേടയിലോട്ടു വരട്ടെ " പിന്നാലെ നടക്കാന്‍ ആങ്ങ്യം കാട്ടി ലോപസച്ചന്‍ മുന്നില്‍ നടന്നു "ഇക്കുറി മഴ കുറെ കനത്തു അല്ലെ വീട് ചോരുന്നുണ്ടോ " തങ്ങള്‍ സഹായം ചോദിയ്ക്കാന്‍ വന്നവരെന്നു അച്ഛന്‍ തെറ്റിദ്ധരിച്ചിരിക്കുന്നു ഇതിനു മുന്‍പ് ഒരിക്കലും അച്ഛനോട് സഹായം ചോദിച്ചു  വന്നിട്ടില്ലല്ലോ പിന്നെ എന്താണാവോ ഇങ്ങനെ തോന്നാന്‍ ഒരു പക്ഷെ മഴ തുടങ്ങിയിട്ട് അച്ഛനെ കാണാന്‍ വരുന്നവരില്‍ ഭൂരിഭാഗവും സഹായം ചോദിച്ചു വരുന്നവരാകും അതാവും. "അച്ചോ ഞങ്ങള്‍ക്ക് കൃസ്തിയാനി  ആയാല്‍ കൊള്ളാമെന്നുണ്ട് " ലോപസച്ചന്റെ മുഖം  ഇലക്ക്‌ട്ട്രോണിക്ക്   ട്യൂബ് ലൈറ്റ്  പോലെ പ്രകാശമാനമായി  ഒരു സംശയത്തോടെ എന്ന വണ്ണം ഞങളെ രണ്ടു പേരെയും പരസ്പരം മാറി മാറി നോക്കി ."ഇപ്പൊ എന്താ ഇങ്ങനെ തോന്നാന്‍ " അത് അച്ചോ കര്‍ത്താവില്‍ ഞങ്ങള്‍ക്ക് പണ്ടേ വിശ്വാസമാ " ലോപസച്ചന്റെ മുഖത്തു നോക്കാതെ ഒരു കള്ളം അങ്ങ് തട്ടി വിട്ടു .കുടുംബം ഒന്നാകെ മാമോദീസ മുങ്ങി സത്യ വിശ്വാസത്തിന്റെ പൊന്‍ ശോഭയിലെയ്ക്ക് പ്രവേശിക്കാന്‍ ഒരു തിയതിയും നിശ്ചയിച്ചു വീടിലെയ്ക്ക് മടങ്ങും വഴി തട്ടാശേരി ചന്തയില്‍ നിന്നൊരു തിരുകുടുംബത്തിന്റെ വലിയ ഫോട്ടോ വാങ്ങി വീടിന്‍റെ പൂമുഖത്ത് തന്നെ തറച്ചു വെച്ചു.

വാര്‍ത്തക്ക് പൈമി വേണ്ട വിധം പ്രചാരം കൊടുത്തു നാട്ടില്‍ ആകെ പൊക്കന്റെ മതം മാറ്റം ചര്‍ച്ച വിഷയമായി അയലോക്കത്ത് നിന്നും അന്തോണി മാപ്പിളയും ആലീസും ചങ്ങാത്തത്തിന് വന്നപ്പോള്‍ ബാലനും ദേവകിയും കണ്ടാല്‍ മിണ്ടാതെ ആയി സ്വ സമുദായക്കരെല്ലാം ഞങ്ങള് മാറിയിട്ട് റിസള്‍ട്ട്‌ നോക്കി മതം മാറാന്‍ കാത്തിരുന്നു പൊക്കന്‍ ഗീവര്‍ഗീസായും പൈമി എലിയാമ്മയായും മാളു മോളിയായും ചോട്ടു  തോമസായും മാറി മാര്‍ഗം കൂടിയിരിക്കുന്നു .ഇനി ആ പഴയ വിളികളെ പേടിക്കേണ്ട അവഞ്ജയോടെ മാറ്റി നിര്‍ത്തുന്ന ആളുകളെ പേടിക്കേണ്ട തങ്ങളും മാമോദീസ മുങ്ങി സവര്‍ണ്ണന്‍ ആയിരിക്കുന്നു .

ഞായറാഴ്ചത്തെ കുര്‍ബാനയ്ക്ക് ശേഷം ലോപസ് അച്ഛന്‍ ഇടവക ജനങ്ങള്‍ക്ക്‌  മുന്നില്‍  പുതിയ ഇടവകാംഗം ഗീവര്‍ഗീസ് ചോക്കനെയും കുടുംബത്തെയും ഇങ്ങനെ പരിചയപെടുത്തി   . കര്‍ത്താവില്‍ പ്രിയരേ നമ്മുടെ ഇടവകയിലെയ്ക്ക് ഒരു ദളിത് ക്രിസ്ത്യാനി കൂടി വന്നു ചേര്‍ന്നിരിക്കുന്നു ഹിന്ദു പുലയ സമുദായ അംഗം ആയിരുന്ന  ഗീവര്‍ഗീസ് എന്ന പൊക്കാന് തന്റെ പൂര്‍വ സമുദായത്തില്‍ അനുഭവിച്ചു പോന്ന എല്ലാ ആനുകൂല്യങ്ങളും  നിലനിര്‍ത്തി കൊണ്ട് ഒരു ദളിത്‌ കൃസ്തിയാനി ആയി തന്നെ തുടരാവുന്നതാണ് .പോക്കനും പൈമിയും മുഖത്തോട് മുഖം നോക്കി ദളിത്‌ കൃസ്ത്യാനിയോ? കുര്‍ബാന കഴിഞ്ഞു പിരിയുമ്പോള്‍ പരിചയപെടാന്‍ എത്തുന്നവരെ കാത്തു നിന്ന പോക്കനും പിള്ളാര്‍ക്കും നേരെ ഓടിയടുത്ത കുട്ടിയെ തടഞ്ഞു കൊണ്ട് എണ്‍പത് കഴിഞ്ഞ കിളവി തള്ള വിലക്കി " പോകരുത് അത് പെലയ  ക്രിസ്ത്യാനികളാ ......