Sunday, 25 November 2012

വാഴ്ത്തപ്പെട്ട കള്ളന്‍


കുഞ്ഞപ്പന്‍ ഉറങ്ങിയിട്ട് ദിവസങ്ങള്‍  കഴിഞ്ഞിരിക്കുന്നു  അമ്പു  പെരുനാള് കഴിഞ്ഞ അന്ന് മുതല്‍   കണ്ണടച്ചാല്‍ നെഞ്ചിലെ അമ്പ്  വലിച്ചൂരി തനിക്കെതിരെ കുത്താന്‍ വരുന്ന പുണ്യവാളന്‍റെ മുഖം ഉറക്കത്തിനെ തട്ടി അകറ്റുകയാണ് അന്നേ സുസിയോടു പറഞ്ഞതാണ് വെളുത്തച്ച ന്‍റെ അപാര സിദ്ധിയെക്കുറിച്ച് പക്ഷെ കേള്‍ക്കണ്ടേ കപ്യാര് പണിക്കു കിട്ടുന്ന ശമ്പളം കൃത്യമായി പറഞ്ഞു കേള്‍പ്പിചിട്ടാണ് അവളെ മിന്നു കെട്ടി കൂടെ കൂട്ടിയത് എന്നാലും പെണ്ണല്ലേ പൊന്നിനോടുള്ള ആര്‍ത്തി കുറയുമോ മകള്‍ എലിശ ജനിച്ചപ്പോള്‍ മുതലാണ്‌ ഇവള്‍ക്ക് ഇത്രയ്ക്കു ആര്‍ത്തി തുടങ്ങിയത് .ശമ്പളം കൂടാതെ വികാരി അച്ഛനും ഇടവക്കാരും തരുന്ന കൈമടക്കുകളും കൊണ്ട് മിച്ചം  പിടിക്കാന്‍ ഒന്നും ഇലെങ്കിലും  സുഖമായി ജീവിച്ചു പോകാമായിരുന്നു .
ആരും സ്നേഹിക്കാനും സംരക്ഷിക്കാനും  ഇല്ലാതെ അനാഥാലയത്തിന്റെ ചുമരുകള്‍ക്കുള്ളില്‍ വളര്‍ന്നതു കൊണ്ടാവാം എന്നോട്  സുസിക്ക് ഭയങ്കര സ്നേഹമാണ്  എനിക്ക് തിരിച്ചങ്ങോട്ടും അത് തന്നെ ,വേറെ എന്തിനു മുന്‍പിലും പിടിച്ചു നില്‍ക്കാം പക്ഷെ സുസിയുടെ ഒരിറ്റു കണ്ണുനീര്‍ അതിനു മുന്‍പില്‍ കപ്യാര്‍ കുഞ്ഞപ്പന്‍ എന്ന ഞാന്‍  മൃതസഞ്ജീവനി വരെ  തേടി പോകും.

എലിശ പിറന്നത്‌ സന്തോഷം കൊണ്ടാണ് അവളെ നിറവയര്‍ ആയിരിക്കുമ്പോള്‍ തന്നെ പാട്ടുകുളം അച്ഛന്‍ ഒരു ആയിരം രൂപയുടെ ശമ്പള വര്‍ധനയ്ക്ക് ഇടവക കമ്മറ്റിയില്‍ നിന്നും അംഗീകാരം വാങ്ങിയിരുന്നു .ഒരു കുടുംബം പുലരാന്‍ എത്ര വേണം എന്ന് നല്ലവനായ അച്ഛന് ബോധ്യം  ഉണ്ടായിരുന്നു പള്ളിവക ആശുപത്രിയില്‍ സര്‍വവിധ ചികിത്സകളും ഫ്രീ ലഭിച്ചപ്പോള്‍ പ്രസവം താരതമ്യേന വലിയ ബുദ്ധിമുട്ടും  ഉണ്ടായില്ല .എലിശയുടെ ജനനത്തിനു ശേഷം സൂസി എപ്പോഴും വ്യകുലയായിരുന്നു ദുരിത ബാല്യം താണ്ടി കടന്നു വന്ന തന്‍റെ ഗതി മകള്‍ക്കുണ്ടാവരുതെ എന്ന് അവര്‍ ആഗ്രഹിചിട്ടുണ്ടാവണം. ഒരു തരി സ്വര്‍ണം പോലും തന്‍റെ ചെറുപ്പത്തില്‍ ഇടാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല എലിശമോളും ആ നിര്‍ഭാഗ്യം അനുഭവിക്കരുത് എന്ന് സൂസി കൂടെ കൂടെ പറയുമായിരുന്നു .മാമോദീസയ്ക്ക് മുന്‍പ് ആരോടെങ്കിലും കടം വാങ്ങിയിട്ടാണെങ്കിലും രണ്ടു പവന്‍റെ മാലയും അരിഞ്ഞാണവും  മോള്‍ക്ക്‌ വാങ്ങണം,  എങ്കിലും ആറായിരം മാസം ശമ്പളം വാങ്ങുന്ന ഞാന്‍, എലിശയുടെ ചിരിക്കുന്ന മുഖം കുഞ്ഞപ്പനെ വലിയ അപ്പന്‍റെ ചുമതലാ ബോധത്തിലേയ്ക്കു കൂട്ടികൊണ്ട്  പോയി .ഉച്ച കുര്‍ബാന കഴിഞ്ഞു ആള്‍ത്താരയിലെ  വിരിപ്പ് മാറ്റുന്നതിന് മുന്‍പ് കുഞ്ഞപ്പന്‍ കൈവിരിച്ച് പിടിച്ചു പ്രാര്‍ത്ഥിച്ചു  "വെളുത്തച്ചാ  ഞാന്‍ മൂന്ന് ദശകമായി നിനക്ക് ദാസ്യവൃത്തി ചെയ്യുന്നു നീ എനിക്കൊരു വഴികാട്ടൂ "

വരുന്നത് അമ്പു പെരുനാളാണ് പെരുന്നാള്‍   വന്നു കഴിഞ്ഞാല്‍ പിന്നെ തിരക്കോട് തിരക്കാണ് വെളുത്തച്ചന്റെ ശക്തിയെ കുറിച്ച് അറിയുന്ന ദേശം എമ്പാടുമുള്ള ആളുകള്‍ ഒഴുകിയെത്തും പാട്ടുകുളം അച്ഛനെ കൂടാതെ അരമനയില്‍ നിന്നും ഡസന്‍ കണക്കിന് അച്ഛന്മാരെത്തും ഓരോരുത്തര്‍ക്കും  ഓരോ ചുമതലയാണ് കുറച്ചുപേര്‍ ആരാധനയ്ക്കും  പ്രാര്‍ത്ഥനകള്‍ക്കും മറ്റുമായും മറ്റു ചിലര്‍ പുറത്തെ വില്ലും കഴുന്നു  നേര്‍ച്ചയും അടിമ സമര്‍പ്പണം നടത്തുന്നതിനും നിയോഗിക്കപെടും ഇവര്‍ക്കെല്ലാം മദ്ധ്യേ ഞാന്‍ ഒരാള്‍ മാത്രം എങ്കിലും സന്തോഷമാണ് പെരുനാള്‍ കഴിയുമ്പോള്‍ നല്ലൊരു തുക കൈയില്‍ കിട്ടും അത് കൊണ്ട് എലിശ മോളുടെ മാമോദീസ ഭംഗിയാക്കാം .പെരുനാള്‍ കൊടി കയറി പള്ളി മുറ്റം ജനസാന്ദ്രമായി സൂസിയും എലിശയും ഇത് വരെ പള്ളിയില്‍ വന്നിട്ടില്ല മാമോദീസ കഴിയാതെ പള്ളിയല്‍ കയറാന്‍ പാടില്ലാത്തതിനാല്‍  ഇക്കുറി അവര്‍ക്ക് രണ്ടു പേര്‍ക്കും വെളുത്തച്ച ന്‍റെ  പെരുനാള്‍ നഷ്ടമാകും. പട്ടുകളം അച്ഛന്‍ ഇരിക്കാനും കിടക്കാനും സമയമില്ലാതെ പള്ളികാര്യങ്ങളില്‍ മുഴുകിയിരിക്കുന്നു .മുറ്റത്തെ പന്തലില്‍ പ്രതിഷ്ടിച്ച പുണ്യവാള ന്‍റെ രൂപത്തിലേയ്ക്ക് വില്ലും കഴുന്നും എഴുന്നുള്ളിച്ചും തിരുസ്വരൂപം വണങ്ങി  നേര്‍ച്ചകള്‍  അര്‍പിച്ചും മടങ്ങുകയാണ് ഭക്തര്‍  നോട്ട് മാലയും സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ത്ത അമ്പും വില്ലും ഒരു മേശ നിറയുമ്പോള്‍ താന്‍ തന്നെ എടുത്തു പള്ളി അലമാരയിലെയ്ക്ക് മാറ്റുകയാണ് . എപ്പോഴോ സൂസിയുടെ ആഗ്രഹം മനസിലൂടെ മിന്നി മറഞ്ഞു രാവിലെ മുതല്‍ അമ്പതു  പവനില്‍ അധികം പുണ്യവാളന്  കിട്ടിയിരിക്കുന്നു   ഇനിയും പെരുനാള്‍ കഴിയും വരെ എന്ത് മാത്രം കൂടി കിട്ടാന്‍ ഇരിക്കുന്നു ഇതില്‍ നിന്നും രണ്ടു അമ്പു മാറ്റിയാല്‍ എലിശ പൊന്നരഞ്ഞാണം അണിഞ്ഞു ആദ്യ കൂദാശ സ്വീകരിക്കും .അല്ലെങ്കിലും പുണ്യവാന് എന്തിനാ പൊന്നും പണ്ടോം എല്ലാം പള്ളിക്കാര്  വീതിച്ചെടുക്കും വര്‍ഷങ്ങാലായി താന്‍ അതിനു സാക്ഷിയുമാണല്ലോ.

പെരുനാള്‍  തുടങ്ങിയാല്‍ പിന്നെ തീര്‍ന്നിട്ടെ  വീട്ടില്‍ പോകു പക്ഷെ അന്ന് വൈകിട്ട് സൂസിയെ പോയി കണ്ടു മനസറിയിച്ചു സൂസിക്കും സമ്മതം.
 "ഇച്ചായാ  ഇതിനു കണക്കില്ലാത്തതല്ലേ എടുക്കുമ്പോള്‍ ഇച്ചിരി കൂടുതല്‍ ഇവളെ കെട്ടിച്ചു വിടെണ്ടതല്ലേ"
മതി ലോകത്താരു എതിര്‍ത്താലും സൂസിയുടെ പിന്തുണ മാത്രംമതി തനിക്കു, പിറ്റേന്ന്  രാവിലെ മുതല്‍ കഴുന്നു മേശക്കരികില്‍ കഴുകന്‍ കണ്ണുകളുമായി ചുറ്റിപറ്റി നടന്നു വൈകുന്നേരം വരെ ആറോളം സ്വര്‍ണ അമ്പുകള്‍ സൂത്രത്തില്‍ ഒളിച്ചുമാറ്റി പള്ളി കിണറിന്‍റെ ചോട്ടിലെ  പൊത്തില്‍ ഒളിപിച്ചു   ആര്‍ക്കും ഒരു സംശയവും ഇല്ല ഇക്കുറി വിശ്വാസികള്‍  കൂടിയത് കൊണ്ട് പൊന്നും വലിയ അളവില്‍ കിട്ടി അതുകൊണ്ട് തന്നെ വികാരി അച്ഛനോ മറ്റു കമ്മറ്റി അംഗങ്ങള്‍ക്കോ  യാതൊരു സംശയവും ഉണ്ടായില്ല .വിറയാര്‍ന്ന കൈകളോടെ അമ്പുകള്‍  സൂസിയെ ഏല്‍പ്പിച്ചു ഏകദേശം അഞ്ചു പവനോളം വരും . പല തവണ പല കള്ളങ്ങള്‍ പറഞ്ഞു തട്ടന്മാരുടെ വീട്ടില്‍ കൊണ്ട്  പോയി അരഞ്ഞാണവും മാലയും ഉണ്ടാക്കി ബാക്കി വന്നത് കൊണ്ട്  സൂസിക്കൊരു വളയും പണിതിട്ടു.

കുഞ്ഞപ്പന്‍ കപ്പ്യാര്‍  കിടക്കയില്‍ എഴുന്നേറ്റിരുന്നു  കൂടെ സൂസിയും
 "വെളുത്തച്ചനാണ് ഉറക്കാത്തത്   നമുക്ക് ആ സ്വര്‍ണം വേണ്ട അത് പള്ളി ഭാണ്ടാരത്തില്‍ തിരിച്ചിട്ടു മാപ്പിരക്കാം" സൂസി ഭര്‍ത്താവിനെ ധൈര്യപെടുത്തി
 "എന്തായാലും നേരം വെളുക്കട്ടെ പാട്ടുകളം അച്ഛനെ  കണ്ടു കുമ്പസാരിക്കണം എന്നാലെ ഒരു മനസമാധാനം  കിട്ടു" അതിരാവിലെ  മാമോദീസ പോലും കഴിയാത്ത മോളെയും തോളിലേറ്റി കുഞ്ഞപ്പന്‍ പള്ളിയിലെത്തി പാട്ടുകളം അച്ഛനെ വിളിച്ചു "അച്ചോ  എനിക്കൊന്നു കുമ്പസരിക്കണം " എല്ലാദിവസവും എല്ലാ നേരവും പള്ളിയില്‍ തന്നെ ഉള്ള കുഞ്ഞപ്പന്റെ ചോദ്യവും കുഞ്ഞുമായുള്ള വരവും അച്ഛനെ  തോല്ലോന്നു അല്ഭുതപെടുത്തി ഇവന്‍ സൂസിയെ തല്ലികൊന്നിട്ടാണോ കുമ്പസാരിക്കാന്‍ വന്നിരിക്കുന്നത്
"സൂസി എവിടെ " ഉറാല ധരിച്ചു കുമ്പസാര  കൂട്ടിലേയ്ക്ക്‌ കയറും മുന്‍പ് കയറും മുന്‍പ് അച്ഛന്‍ ഒരു ചോദ്യം എറിഞ്ഞു
" വീട്ടില്‍ ഉണ്ടച്ചോ അവള്‍ പിന്നെ വന്നു കുംബസരിക്കും എനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ല "
അച്ഛന്‍ ആശിര്‍വദിച്ചു കുഞ്ഞപ്പന്‍റെ കുമ്പസാര രഹസ്യത്തിനായി തല കുനിച്ചു . എല്ലാം ഒറ്റ ശ്വാസത്തില്‍ പറഞ്ഞിട്ട് കുറ്റ ബോധത്തോടെ കുഞ്ഞപ്പന്‍  അച്ഛനെ നോക്കി ശേഷം പുണ്യവാളനെയും ,
"എവിടെ ആ സ്വര്‍ണം പാട്ടുകളം അച്ഛന്‍ വികാര രഹിതനായി ചോദിച്ചു"
 കുഞ്ഞു എലിശയുടെ കഴുത്തിലും അരയിലും ധരിച്ചിരുന്നവയും കുഞ്ഞപ്പന്‍റെ  പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന സൂസിയുടെ വളയും അച്ഛന്‍ കൈകളില്‍ വാങ്ങി കുമ്പസാരകൂട്ടില്‍   നിന്നും എഴുന്നേറ്റു  തിരുസ്വരൂപത്തിന്‌ മുന്‍പിലേയ്ക്ക് നടന്നു പിറകെ അനുസരണമുള്ള കുഞ്ഞാടിനെ പോലെ കുഞ്ഞപ്പനും .
ഒരുനിമിഷം തിരുസ്വരൂപം വണങ്ങി  അച്ഛന്‍ പ്രാര്‍ത്ഥിച്ചു എന്നിട്ട് കുഞ്ഞു എലിശയെ കൈകളില്‍ എടുത്തു  മലയും അരഞ്ഞാണവും അവളെ വീണ്ടും ധരിപ്പിച്ചു വള കുഞ്ഞപ്പന്റെ പോക്കറ്റില്‍ തിരുകി  വെച്ചു
"അച്ഛാ ഞാന്‍ അറിവില്ലായ്മ കൊണ്ട് ചെയ്ത അപരാധമാണ് പൊറുത്തു മാപ്പാക്കണം "കുഞ്ഞപ്പന്‍ കേണു
പുണ്യവാളന് എന്തിനാടാ പൊന്നും പണവും എല്ലാം പള്ളിയും  പട്ടക്കാരും കൂടി വീതിച്ചെടുക്കും അതില്‍ ഇച്ചിരെ നിന്‍റെ കുഞ്ഞു മോളും ഇടട്ടെ " കുഞ്ഞപ്പന്‍ നന്ദിയോടെ അച്ഛനെ നോക്കി, ശേഷം അമ്പുകളാല്‍  ബന്ധിതന്‍ ആയ വെളുത്തച്ചനെയും,അപ്പോഴു വലിച്ചൂരിയ അമ്പ് പുണ്യവാളന്‍ തനിക്കെതിരെ ഓങ്ങി നില്‍ക്കുകയായിരുന്നു അവിടുത്തെ തിരുമുറിവുകളില്‍ നിന്നും രക്തം  കിനിയുന്നു അതില്‍ നിന്നും ഒരു തുള്ളി രക്തം കുഞ്ഞു എലിശയുടെ നെറ്റിയിലേയ്ക്കു ഊര്‍ന്നിറങ്ങി.