Monday, 18 March 2013

പയർ മണിയിൽ കൊത്തിയ പേര്

ശിവൻ കിടക്ക പായയിൽ നിന്നും തട്ടി വിളിച്ചിട്ടാണ് അത് പറഞ്ഞത് ഇന്നലെ രാത്രി പോയ യുസഫ് ഇതുവരെ വന്നിട്ടില്ല ! രാവിലെ മുതൽ ജോലിക്കാർ പലരും അവരുടെ മൊബൈലുകളിൽ നിന്നും മാറി മാറി വിളിച്ചിട്ടും ഒരേ പല്ലവി അലഹത് ഫുൾ മുതഹരക്ക് അലധിയ തലത്ത് ഹു മുഗലക്ക് . എന്ത് സംഭവിച്ചാലും മൊബൈൽ ഓഫ്‌ ചെയ്യാത്തവൻ ആണ് ,അഞ്ചു വര്ഷത്തെ ജോലിക്കിടയിൽ ഇതാദ്യമായാണ് പറയാതെ ഒരു വിട്ടു നിൽക്കൽ അത് കൊണ്ട് തന്നെ എല്ലാവരും പരിഭ്രാന്തിയിലും ആയി .രാവിലെ ജോലിക്ക് ആളെ സൈറ്റിൽ കൊണ്ട് പോകേണ്ട വാഹനവുമായി ആണ് അവൻ മുങ്ങിയിരിക്കുന്നത് പതിനഞ്ചോളം പേർ ഞാൻ വരുന്നതുവരെ പല പല ഊഹാപോഹങ്ങളും പരസ്പരം പങ്കു വെച്ച് യുസഫിന്റെ തിരോധാനത്തെ അന്താരാഷ്ട്ട പ്രശ്നമായി വളർത്തുന്ന തിരക്കിൽ ആയിരുന്നു .അഞ്ചു വർഷമായി ഞങ്ങളുടെ സാരഥി ആയിരുന്നെങ്കിലും ഒരു പാട് രഹസ്യങ്ങൾ അവനിൽ ഉണ്ടെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ആരോടും അധികം അടുക്കാത്ത എന്നാൽ എല്ലാവരോടും സൌഹൃദം ഉണ്ടായിരുന്ന സുമുഖനായ പാകിസ്താനി പയ്യൻ.ഞാനും മൊബൈലിൽ രണ്ടു തവണ വിളിച്ചു നോക്കി ഫലം തദൈവ ! എന്താവും സംഭവിചിട്ടുണ്ടാവുക ?

ഓഫീസിൽ എത്തിയതും ആദ്യം ചെയ്‌തത്‌ നെറ്റിൽ കിട്ടുന്ന ലോക്കൽ ന്യൂസ്‌ എല്ലാം ഒന്നോടിച്ചു നോക്കുകയായിരുന്നു എവിടെയെങ്കിലും എന്തെങ്കിലും അപകടം എന്നാലും മൊബൈൽ അടിക്കണമല്ലോ
ഗൾഫ്‌ ന്യൂസ്‌ മൂന്നാം പേജിലെ വാർത്ത ശരിക്കും ഞെട്ടിക്കുന്നതായിരുന്നു ദുബൈ ക്രീക്കിൽ മുപ്പതു വയസു തോന്നിക്കുന്ന ഒരു അജ്ഞാത ജഡം .വണ്ടിയെടുത്തു പോലീസ് മോര്ച്ചരിയിലെക്കുള്ള യാത്രയിൽ ഉടനീളം പ്രാര്ത്ഥന ഒന്ന് മാത്രമായിരുന്നു "ദൈവമേ അത് യുസഫ് ആവരുതെ " എല്ല് മരവിപ്പിക്കുന്ന തണുപ്പിലും എന്റെ നെറ്റിയിൽ എവിടെയോ വിയർപ്പ് പൊടിയുന്നു, മോര്ച്ചരിക്കുള്ളിലെയ്ക്കുള്ള നടപ്പിൽ കാലുകൾ യന്ത്രം പോലെ ചലിക്കുകയാണ് ഇന്നലെ വരെ എന്റെ വാക്കുകൾക്ക് റാൻ മൂളി നിന്ന ഒരു ചെറുപ്പക്കാരന്റെ ചേതനയറ്റ ശരീരത്തിന് താൻ സാക്ഷിയാകാൻ പോകുന്നു യാത്രയിൽ കൂടെ വന്ന പോലീസുകാരൻ എന്തൊക്കയോ ചോദിക്കുന്നുണ്ട് പക്ഷെ താൻ വേറെ ഏതോ ലോകത്താണ് .പരന്നു വിശാലമായ കോൾഡ്‌ സ്റ്റോറിന്റെ വിരിപ്പുകളിൽ ഒന്നിൽ അയാൾ ആഞ്ഞു വലിച്ചു ഒറ്റ നോട്ടം അത് മതിയായിരുന്നു അത് താൻ തേടി വന്ന യുസഫ് അല്ല എന്ന് മനസിലാക്കുവാൻ .പോലീസുകാരൻ പ്ലാസ്റ്റിക്‌ സിപ് വലിച്ചു നീക്കി ശരീരം മുഴുവൻ സസൂഷ്മം വീഷിക്കാൻ ആവശ്യപെട്ടു "ഇല്ല ഇതല്ല ഞാൻ തേടി വന്നവൻ" പോലീസു കാരന്റെ മുഖത്തു നിരാശപടരുന്നത് നോക്കി ഞാൻ ഉള്ളിൽ ചിരിച്ചു .രാവിലെ മുതൽ ഉള്ളിൽ കയറിയ ഭൂതം ഒഴിഞ്ഞു പോയിരിക്കുന്നു എന്നാലും യുസുഫ് എവിടെ ?

ഞാൻ ആ പോലീസുകാരന്റെ പിറകെ കൂടി "സാർ എന്നെയൊന്നു സഹായിക്കു കുറഞ്ഞപക്ഷം ഇവൻ എവിടെ എന്ന് കണ്ടു പിടിക്കാൻ എങ്കിലും " എന്റെ ദൈന്യത കണ്ടിട്ടാവണം അയാൾ എന്നെയും കൂട്ടി മറ്റൊരു ഓഫീസിൽ പോയി യുസുഫിന്റെ പാസ്പോര്ട്ട് വാങ്ങി അകത്തേക്ക് പോയി അര മണിക്കൂർ കഴിഞ്ഞു ഒരു കള്ള ചിരിയുമായി അയാൾ പുറത്തേക്കു വന്നു" മീൻ ആദ ? ആഹു മൽ ഇന്ത ? ആരാണിവൻ നിന്റെ സഹോദരൻ ആണോ ?" എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരൻ മാരാണെന്ന് കൊച്ചു ക്ലാസിൽ പഠിച്ചിട്ടുണ്ട് പക്ഷെ ഒരു പാകിസ്താനി എങ്ങനെ എന്റെ സഹോദരൻ ആകും" നോ സാർ ഹി ഈസ്‌ ഔർ ഡ്രൈവർ വാട്ട്‌ ഹാപെണ്ട് ടൂ  ഹിം" ആദ ദാക്കൾ അബുദാബി സിജാൻ" അവൻ അബുദാബിയിലെ ജയിലിൽ ആണ് പോലും ഷാർജയിൽ മാത്രം ജോലി ഉള്ളയാൾ എങ്ങനെ അബുദാബി ജയിലിൽ ആകും കൂടുതൽ വിശദീകരണം അബുദാബിയിൽ കിട്ടുമെന്ന കനത്ത താകീത് എന്നെ കൂടുതൽ ചോദ്യങ്ങളിൽ നിന്നും പിന്തിരിപിച്ചു .പോലീസുകാരൻ പറഞ്ഞ ജയിൽ തേടി  വണ്ടി അബുദാബി ലക്ഷ്യമാക്കി നീങ്ങി.
അബുദാബി സിറ്റിക്ക് പുറത്ത് ഏകദേശം നാൽപതു മിനിട്ട് സഞ്ചരിച്ചാൽ ഒരു കുന്നിനു മുകളിലായി അൽ വത്ബ എന്നൊരു ജയിൽ ലക്ഷ്യമാക്കിയാണ് എന്റെ യാത്ര .തികച്ചും അപരിചിതമായ വഴികളിൽ കൂടി വിജനമായ പാതകൾ താണ്ടി ഒരു യാത്ര ഒരു നിയോഗം പോലെ ഷാർജയിൽ നിന്നും 240 കിലോമീറ്റർ ദൂരത്തെക്കൊരു രസികൻ ട്രിപ്പ്‌ .മാന്യതയുടെ ആൾ രൂപങ്ങൾ എന്ന് വിശേഷിപ്പിക്കാവുന്ന കുറെ നല്ല പോലീസുകാരുടെ  സഹായ ത്താൽ ജയിലിന്റെ  ഇടുങ്ങിയ  വാതിൽ എനിക്കായി തുറന്നു കിട്ടി 100  മീറ്റർ ഇടനാഴിയിലൂടെ സഞ്ചരിച്ചാൽ അങ്ങേ അറ്റം ഒരു  കൊച്ചു  കിളി വാതിൽ ഒരു പത്തു മിനിട്ടത്തെ കാത്തിരിപ്പിന് ശേഷം കിളിവാതിലിൽ ആ മുഖം പ്രത്യക്ഷമായി .
കുറ്റ ഭാരത്താൽ എന്നെ നോക്കനാവുന്നില്ല ക്യാ കിയ യുസുഫ് ? എന്റെ ചോദ്യത്തിന് ശക്തമായ ഒരു കരച്ചിലായിരുന്നു  പ്രതികരണം അതുവരെ ഉള്ളിൽ അടക്കി പിടിച്ചിരുന്ന ദേഷ്യവും സങ്കടവും ഒക്കെ കണ്ണീരായി ഒലിച്ചിറങ്ങി .ഒന്ന് അടങ്ങി എന്ന് തോന്നിയപ്പോൾ മുഖം തുടച്ചു കൊണ്ട് യുസുഫ് പറഞ്ഞു തുടങ്ങി . അവിചാരിതമായി വന്ന  മിസ്കാളിൽ നിന്നാണ് ജാനെറ്റ് എന്നാ ഫിലിപ്പിനി പെണ്ണിനെ പരിചയപ്പെടുന്നത് അബു  ദാബിയിൽ ഏതോ അറബി വീട്ടിലെ വേലക്കാരിയായിരുന്നു അവർ , പിന്നെ ഫോണ്‍ വിളികളായി സൌഹൃദം പ്രണയത്തിനു  വഴിമാറി ടെലിഫോണ്‍ റീ ചാർജു ചെയ്തു ഒരു തുക കൈയിൽ നിന്നും പോയപ്പോൾ അത് മുതലാക്കാൻ തക്കം നോക്കി ഇരിക്കുമ്പോഴാണ് ഒരു ഓഫർ അവളുടെ ഭാഗത്തുനിന്നും വരുന്നത് ഒരു അഞ്ഞൂറ് ദിർഹം അത്യാവശം വേണം ഇവിടെ കൊണ്ട് വരുവാണേൽ നിനക്ക് കാര്യവും നടത്തി തിരിച്ചു പോകാം .പ്രായത്തിന്റെ ചോരത്തിളപ്പിൽ കേട്ട പാതി കേള്ക്കത്തപാതി 500 ദിർഹം കടം  വാങ്ങി നേരെ അബുദാബിക്ക് വിട്ടു.രാത്രിയിൽ മൈഡ് റൂമിൽ ആളനക്കം കണ്ട ഗൃഹനാഥൻ അറിയിച്ചതനുസരിച്ചാണ് പോലീസ് എത്തിയത് പോലീസ് വന്നതും പെണ്ണ് കളം മാറ്റി ചവിട്ടി ദൈവത്തിനു പോലും രക്ഷിക്കാൻ വയ്യാത്ത കുരുക്കിൽ പാവം അകപെടുകയും ചെയ്തു .പുറത്തിറക്കാൻ എന്നാലാവും വിധം സഹായം ചെയ്യാം എന്ന ഉറപ്പും നല്കി അവിടെ നിന്നു ഇറങ്ങി പക്ഷെ അവനെതിരെ ചാർത്തപെട്ട വകുപ്പുകൾ ശക്തമായിരുന്നു .രണ്ടു മാസം ജയിൽ ശിക്ഷയും ശേഷം നാടു കടത്തലുമായിരുന്നു അവനു വിധിച്ച ശിക്ഷ.

വീണ്ടും ഒരിക്കൽ കൂടി ഞാൻ വത്ബ സെൻട്രൽ ജയിലിൽ അവനെ കാണാൻ എത്തി അവന്റെ പാസ്പോർട്ടും ടിക്കെട്ടും ആനുകൂല്യങ്ങളും ജയിൽ
അധികാരികളെ ഏല്പിച്ചശേഷം അവനെ  കാണാൻ ചെന്നു.ഒരു മാസം മുൻപ് അവന്റെ മുഖത്തു കണ്ട കുറ്റബോധമോ സങ്കടമോ ഒന്നും ഇല്ല തികച്ചും സന്തോഷവാനും ശാന്തനുമായഅവനോടു ഞാൻ ചോദിച്ചു നീ വളരെ സന്തോഷവാനണല്ലോ?
അതെ സാർ ഞാനൊരു വിശ്വാസിയാണ് ഞങ്ങളുടെ വേദപുസ്തം പറയുന്നു  ഓരോ പയർ മണിയിലും അത് കഴിക്കേണ്ടാവന്റെ പേര് രേഖപെടുത്തിയിരിക്കുന്നു കുറച്ചു കാലം ഈ ജെയിലിലെ
ഭക്ഷണത്തിൽ ആയിരുന്നു ഇനി അത് പാകിസ്താനിൽ എവിടെയോ ആണ് .കിളി വാതിലിലൂടെ ഒരു കൈ പുറത്തേക്ക് നീട്ടി എന്റെ കരം ഗ്രഹിച്ചു നന്ദി പറഞ്ഞു ഞാൻ തെറ്റ് ചെയ്തു അള്ളാഹു എന്നെ ശിക്ഷിച്ചു നിങ്ങളോടും അറിഞ്ഞോ അറിയാതയോ ഞാൻ ചെയ്ത എല്ലാതെറ്റുകളും എനിക്ക് പൊറുത്തു തരണം .രണ്ടു മാസത്തെ  ജയിൽ വാസം ആവനെ മറ്റൊരു മനുഷ്യൻ ആക്കിയിരിക്കുന്നു അവനോടു യാത്ര പറഞ്ഞു കാറിൽ കയറി ഷാർജയിലെയ്ക്കു യാത്ര തിരിക്കുമ്പോൾ മനസിൽ മുഴുവൻ അവന്റെ വാക്കുകൾ പ്രതിദ്വനിക്കുകയായിരുന്നു "ദാനെ ദാനെ മേം ഖാനെ വാലേ കാ നാം ലിഖിയേ രഖാ" നിന്റെ അന്നം നിൽക്കുമ്പോൾ നിനക്ക് പോയെ മതിയാവു പടച്ച തമ്പുരാന്റെ വിളിക്ക് പിന്നാലെ .........