Monday, 30 November 2015

അവിരാ റപ്പായി മാവോയിസ്റ്റായി

ചങ്ങനാശ്ശേരിയുടെ പ്രാന്ത പ്രദേശത്തു നിന്നും വയനാട്ടിലേയ്ക്ക് കുടിയേറിയ റപ്പായി മാപ്പിളയുടെ മൂന്നാം തലമുറയിലെ അവസാന കണ്ണിയായിരുന്നു അവിരാ മാപ്പിള എന്ന റപ്പായി അവിരാ. ചില്ലറ ടാപ്പിങ്ങും തടി പണികളുമായി ജീവിച്ചു മുന്നേറുമ്പോഴാണ്‌ റപ്പായി അവിരയെ തേടി ഒരു കിടിലൻ ഓഫർ എത്തുന്നത്. വയനാടാൻ കാടുകളിൽ മാവോയിസ്റ്റ് വേട്ടയ്ക്ക് വന്ന എസ് ഐ കുഞ്ഞിക്കണ്ണൻ അവിചാരിതമായിട്ടാണ് റപ്പായിയെ  മലയടിവാരത്തു വെച്ച് കാണുന്നത് ഉരുക്ക് പോലുള്ള ശരീരവും അതിനൊത്ത പൊക്കവും ഉണ്ടായിരുന്ന റപ്പായിയെ ആര് കണ്ടാലും ഒന്ന് നോക്കി പോകും.  പോലിസിനെ കാണുന്നതേ റപ്പായിക്കു പേടിയാണ് വലിയ ശരീരമൊക്കെ ഉണ്ടെങ്കിലും ഇന്ന് വരെ ഒരു പെറ്റി കേസിൽ പോലും പെട്ട് അകത്തായിട്ടില്ല. കുഞ്ഞികണ്ണൻ പോലിസ് കുപ്രസിദ്ധനാണ്  മുൻപൊരിക്കൽ കഞ്ചാവ് ഹമീദിന്റെ വീട് തപ്പി കിട്ടിയ കഞ്ചാവിന്റെ ബാക്കി തേടി അടിവാരം വിറപ്പിച്ച കഥകൾ നാട്ടുകാർ ഇപ്പോഴും പേടിയോടെയാണ് ഓർക്കാരുള്ളത്‌ . റപ്പായി ഒഴിഞ്ഞു നടന്നെങ്കിലും കുഞ്ഞികണ്ണൻ പോലിസ് പിറകെ കൂടി ആവശ്യം പറഞ്ഞു

എടൊ റപ്പായി ഞങ്ങൾക്ക് തന്റെ ഒരു ചെറിയ സഹായം വേണം ?

റപ്പായി ആശ്ചര്യം വിടാതെ പോലിസിനെ നോക്കി ഇന്ന് വരെ വീട്ടുകാർക്ക് പോലും തന്നെ കൊണ്ടൊരു കോണോം ഉണ്ടായിട്ടില്ല, ഇപ്പൊ ദേ കാക്കി ഉടുപ്പും അതുമ്മേ നക്ഷത്രവും ഉള്ള സാറമ്മാർ
ക്കു റപ്പായിയുടെ സഹായം വേണമെന്ന്?


 പന്തം കണ്ട പെരുച്ചാഴിയെ പോലെ തന്നെ തന്നെ നോക്കി നിൽക്കുന്ന റപ്പായിയുടെ ചുമലിൻമേൽ എത്തി പിടിച്ചു കൊണ്ട് കുഞ്ഞികണ്ണൻ മൊഴിഞ്ഞു .
ഞങ്ങൾ ഒരു അഡ്ജസ്റ്റ്മെന്റ് പണിക്കാ നിന്റെ സഹായം തേടുന്നത് നിന്നെ പോലുള്ള പത്തു പേരെ കിട്ടിയില്ലേൽ ഞങ്ങളുടെ ഓപറേഷൻ വെള്ളത്തിലാകും ? നീ ഞങ്ങളെ സഹായിക്കണം സഹായിച്ചേ പറ്റു

.
ഇപ്പോഴും സംഗതി എന്തെന്നാറിയാതെ മണ്ടി നിന്ന റപ്പായിക്കു കുഞ്ഞിക്കണ്ണൻ കാപ്സൂൾ രൂപത്തിൽ ഒപെറേഷൻ ഇടിമുഴക്കത്തെ പറ്റി പറഞ്ഞു മനസിലാക്കി. നാടിനെയും കാടിനേയും നശിപ്പിക്കാൻ ഒരു കൂട്ടർ തോക്കും തോട്ടയുമായി കാട്ടിൽ കറങ്ങുന്നെന്നും അവരെ മൂടോടെ പിഴുതെറിയാൻ സർക്കാർ അയച്ച പ്രത്യേക സേനയിലെ അതി പ്രഗൽഫരായ പോലീസുകാരിൽ ഒരാളാണ് ഞാൻ എന്നു കുഞ്ഞിക്കണ്ണൻ പറയുമ്പോഴും റപ്പായിക്കു തന്റെ റോൾ പിടികിട്ടിയില്ല.

ഞങ്ങളിവിടെ വന്നിട്ട് നാലു മാസമാകുന്നു ഇത് വരെ ഒരു മാവോവാദിയെ പോയിട്ട് ഒരു കാട്ടു പൂച്ചയെ പോലും കണ്ടിട്ടില്ല ഇങ്ങനെ പോയാൽ ഞങ്ങളുടെ ട്രൂപ് പിരിച്ചു വിടും വീണ്ടും ഞങ്ങൾ ജോലിയെടുത്തു ജീവിക്കേണ്ട ഗതികേട് ഉണ്ടാവും അത് കൊണ്ട് നീ ഒരു മാവോവാദിയായി അഭിനയിക്കണം. ഞങ്ങൾ തരുന്ന തോക്ക് കൊണ്ട് ഞങ്ങൾക്ക് നേരെ വെടിയുതിർക്കണം. നിനക്ക് വെടി വെക്കാനുള്ള തോക്കും രക്ഷപെടാനുള്ള വഴിയും ഞങ്ങൾ ഒരുക്കി വെച്ചിരിക്കും. സംഗതി വിജയിച്ചാൽ പിറ്റേ ദിവസം 5000 രൂപ ഞാൻ എണ്ണി കയ്യിൽ തരും ഏറ്റോ ?

5000 രൂപ വലിയ തുക തന്നെയാണ് എങ്കിലും ഒരു തോക്ക് നൂറു വാര അകലെ വെച്ച് പോലും കാണാത്ത ഞാൻ അത് വെച്ച് വെടിയുതിർക്കണം പോലും, അതും പോലീസുകാർക്ക് നേരെ അബദ്ധത്തിനു ആരുടെയെങ്കിലും നേരെ പോയി അത് കൊണ്ടാൽ സുഖമായി , പിന്നെ ജീവിത കാലം മുഴുവൻ ഉണ്ട തിന്നാം. റപ്പായിക്കു പഠിപ്പും വിവരവും ഇല്ലങ്കിലും പ്രായോഗിക ജ്ഞാനം എന്നൊരു സംഗതിയുണ്ട് അത് കൊണ്ട് നടക്കില്ല സാറേ ,സാറ് പോ.....

റപ്പായി ആരോടാ ഈ സംസാരിക്കുന്നതെന്ന് വല്ല ബോധ്യവും ഉണ്ടോ കുഞ്ഞിക്കണ്ണൻ പോലീസിന്റെ സ്വരം മാറി

സാറിനോട് ബഹുമാനം ഇപ്പോഴും ഉണ്ട് സാറേ, പക്ഷെ എങ്കിൽ സാറ് ചോദിക്കുന്നത് എന്റെ ജീവിതമാ അത് തരാൻ റപ്പായിക്കു  മനസില്ല , റപ്പായി തിരിഞ്ഞു നടന്നു

പോലീസിനോട് കളിച്ചാൽ  റപ്പായി നീ അനുഭവിക്കും കുഞ്ഞികണ്ണൻ എസ് ഐ ആക്രോശിച്ചു.

ചില്ലറ പേടിയോടെയെങ്കിലും റപ്പായി ഉറങ്ങി, രണ്ടു ദിവസം കഴിഞ്ഞൊരു രാത്രി ബൂട്ടുകളുടെ കട കട ശബ്ദം കേട്ടാണ് റപ്പായിയും കുട്ടികളും ഞെട്ടിയുണർന്നത് വിളക്കുകൾ തെളിഞ്ഞു വാതിലിനു ചുറ്റും കുഞ്ഞികണ്ണൻ പോലീസും സംഘവും വീട് തുറന്നതും മൂന്നാല് പോലീസുകാർ വീട്ടിലേയ്ക്ക് ഇടിച്ചു കയറി കണ്ണിൽ കണ്ടതെല്ലാം വരി വലിച്ചെറിഞ്ഞു.പുറത്തു നിന്നും ഒരു പഴയ മരം വെട്ടുന്ന കോടാലിയുമായി ഒരു പോലീസുകാരൻ  ഓടിയെത്തി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു ചായ്പ്പിൽ ഇനിയും മാരകായുധങ്ങൾ ഉണ്ട് സർ. കേട്ട പാതി രണ്ടു പോലീസുകാർ റപ്പായിയെ വട്ടം പിടിച്ചു . ചായ്പ്പിൽ നിന്നും വെട്ടു കത്തി കോടാലി ചുറ്റിക എന്നിവ കൂടാതെ ഒരു ഏ കെ 47 തോക്കും കൂടി കൊണ്ട് വരുന്നത് കണ്ടപ്പോൾ റപ്പായിയുടെ ബോധം ശരിക്കും പോയി. വീട്ടിൽ നിന്നും പിടിച്ചിറക്കുമ്പോൾ ക്യാമറ കണ്ണുകൾ ഇടതടവില്ലാതെ ചിമ്മി .

 ചാനലായ ചാനലു തോറും ബ്രെയ്ക്കിംഗ് ന്യൂസുകൾ ഫ്ലാഷു വന്നു. മാവോയിസ്റ്റ് നേതാവ് റപ്പായി അവിരാ പിടിയിൽ നാടുകാർക്കിടയിൽ ശാന്തനും സൌമ്യനും സൽ സ്വഭാവിയുമായി അറിയപ്പെട്ടിരുന്ന കൊടും ഭീകരനായിരുന്നു അവിരാ റപ്പായി . ഒപെറെഷൻ ഇടിമുഴക്കം ടീമിന്റെ കണ്ണിൽ എണ്ണയോഴിച്ചുള്ള കാത്തിരിപ്പിനും പ്ലാനിങ്ങിനും ഒടുവിലാണ് അവിരാ റപ്പായി അകത്താകുന്നത്.കേരളം അടക്കം ഉള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത തീവ്ര വാദത്തിന്റെ വേരുകൾ പടർത്താൻ റപ്പായി വഹിച്ച പങ്കു വലുതാണ്‌ അങ്ങിനെ ആരാണ് മവോയെന്നും  എന്താണ് മാവോയിസം എന്നും അറിയാത്ത അവിരാ റപ്പായി നേരം ഇരുട്ടി വെളുത്തപ്പോൾ മാവോയിസ്റ്റായി മാറി .

Thursday, 12 November 2015

പരിശുദ്ധ പ്രേമവും രണ്ടു പൂവൻ കോഴികളും പ്രീ ഡിഗ്രീ ക്ലാസ് തുടങ്ങിയതിനു ശേഷമുള്ളആദ്യ നാളുകളായിരുന്നു അത്,അന്തർ മുഖനും അധികം ലോകം കണ്ടിട്ടില്ലാത്തവനുമായ എനിക്ക് കലാലയം ഒരു   പുതിയ ലോകമായിരുന്നു നിറയെ വർണ്ണങ്ങൾ വാരി വിതറിയ ചിത്ര ശലഭങ്ങളെ പോലെ സുന്ദരികളായ പെണ്‍കുട്ടികൾ പാറി നടക്കുന്ന,ഒരു  കൌമാരക്കാരന്റെ സ്വപ്നങ്ങൾക്കു നിറം ചാർത്താൻ വേണ്ട എല്ലാമുണ്ടായിരുന്ന ഒരു കൊച്ചു സ്വർഗം. സ്കൂളിൽ ഞാനൊരു ശരാശരി വിദ്യാർഥി മാത്രമായിരുന്നത് കൊണ്ടും ആരും പറഞ്ഞു തരാൻ ഇല്ലാതിരുന്നതിനാലും ആര്ക്കും വേണ്ടാത്ത തേർഡ് ഗ്രൂപിലാണ് ചെന്ന് പെട്ടത്. നല്ല മലയാളം മീഡിയത്തിൽ രണ്ടാം ക്ലാസിൽ പരീക്ഷ പാസായ ഞാൻ  ആംഗലേയം മൊഴിയുന്ന ക്ലാസുകളിൽ അന്യഗ്രഹ ജീവിയെ പോലെ അന്തം വിട്ടു കുന്തം വിഴുങ്ങി ഇരിക്കുമ്പോഴാണ് ഒരു സ്വാന്തനം പോലെ അവൾ എത്തുന്നത്. ആരെയെങ്കിലും പ്രേമിക്കണം എന്ന് തോന്നാൻ തുടങ്ങിയിട്ട് രണ്ടു കൊല്ലം കഴിഞ്ഞെങ്കിലും അതിനുള്ള കരളുരപ്പോ കായബലമോ ഇല്ലാത്തതിനാൽ എന്റെ പ്രണയമെല്ലാം ഞാൻ ഉള്ളിലൊതുക്കി ആശയടക്കത്തോടെ കഴിയുമ്പോഴാണ് ആ കഞ്ഞിപ്പാടം കാരി ഇടിച്ചു കയറി എന്നോടൊരു ഇത് കാണിച്ചു തുടങ്ങിയത് കാണാൻ വലിയ ചേലോന്നുമില്ല എങ്കിലും തരക്കേടില്ല കുഞ്ഞിക്കൂനനിൽ വിമൽകുമാർ പറയും പോലെ രണ്ടു പേരും കൂടി നടന്നാൽ അയ്യേ എന്നാരും പറയില്ല. ഒഴിവു വേളകളിൽ ഞാൻ ഉറക്കം തൂങ്ങി മരത്തിന്റെ തണൽ തേടിയിരിക്കുമ്പോൾ മെല്ലെ അവൾ അരികിൽ വരും. രാമചന്ദ്രൻ സാർ പറയുന്നത് വല്ലതും മനസിലാകുന്നുണ്ടോ ഇയാൾക്ക് ? അവളും എന്നെ പോലെ മലയാളം മീഡിയത്തിൽ അടവെച്ചു വിരിഞ്ഞ നാടൻ കോഴികുഞ്ഞായിരുന്നു. ഇല്ലാ അല്ലെ അപ്പോൾ നമ്മൾ തുല്യ ദുഖിതരാ.
ഇയാളുടെ പേരെന്നാ ?
ഞാൻ സിന്ധു, കഞ്ഞിപാടത്താ വീട്, ഇയാൾ കഞ്ഞിപാടത്തൊക്കെ വന്നിട്ടുണ്ടോ ?
ഇല്ലാ ഒരിക്കൽ ഐ എം എസ് വരെ വന്നു അതിനും തെക്കോട്ട്‌ ‌ പോയിട്ടില്ല
അവൾ ദയനീയ ഭാവത്തിൽ എന്നെ നോക്കി , ഒരു പാവം പയ്യൻ, ഇവനോട് കൂടാം ഇവൻ കളങ്കമില്ലാത്തവനാ എന്നത്മാഗതം ചെയ്തെന്നോണം അവളെന്നോട്  ചേർന്നിരുന്നു. ക്ലാസ് തുടങ്ങി ചുരുങ്ങിയ സമയം കൊണ്ട് എല്ലാവർക്കും ലൈൻ ആയിരിക്കുന്നു ജീവിതത്തിൽ ഒരു ലൈൻ വീഴില്ല എന്ന് വിചാരിച്ച എനിക്ക് വരെ ദൈവം ഒരു പ്രേമം ശരിയാക്കി തന്നിരിക്കുന്നു. ഇടവേളയാകാൻ മല വേഴാമ്പലിനെ പോലെ ഞങ്ങൾ കാത്തിരുന്നു എന്റെ പല രാത്രികളും അത്രയൊന്നും സുന്ദരിയല്ലാത്ത സിന്ധു കൊണ്ട് പോയി , അന്നൊരു വിദ്യാഭ്യാസ ബന്ദായിരുന്നു കാലാപാനി റിലീസ് ചെയ്യുന്ന ദിവസം ഇച്ചിരി തന്റെടക്കാരിയായ സിന്ധു ഇങ്ങോട്ട് ചോദിച്ചു
എടൊ നമുക്കിന്നു കാലാപാനി കാണാൻ പോയാലോ ?
യാഥാസ്ഥിതിക കത്തോലിക്കാ കുടുംബത്തിൽ അച്ചടക്കത്തോടെ ജീവിച്ചു വളർന്ന കന്യകനായ എന്നെ ഒരു പെണ്ണ്  സിനിമ കാണാൻ ക്ഷണിക്കുന്നു. ഞാൻ പോക്കറ്റിൽ തപ്പി നോക്കി അപ്പച്ചൻ ഫീസടയ്ക്കാൻ തന്ന 100 രൂപയുണ്ട് പോയാലോ ? നഗരത്തിനു നടുവിലാണ് തീയേറ്റർ കഞ്ഞിപാടം കാരിയെ അവിടെ ആരും അറിയില്ല എന്നാൽ ഞാൻ ? അപ്പച്ചനെ അറിയുന്ന ആരെങ്കിലും കണ്ടാൽ എന്താവും അവസ്ഥ . സിന്ധു കൈ പിടിച്ചു വലിക്കുന്നു വാ നമുക്ക് പോകാം സർവ ശക്തിയും സംഭരിച്ചു കുഴലൂത്തുകാരന്റെ പിന്നാലെ പോകുന്ന എലിക്കുട്ടിയെ പോലെ ഞാൻ അവളുടെ പിന്നാലെ കൂടി. ഒരു ഉത്സവത്തിനുള്ള ആളുണ്ട് തീയേറ്ററിനു മുന്നിൽ ഭാഗ്യം സ്ത്രീകളുടെ കൌണ്ടറിൽ വലിയ തിരക്കില്ല സിന്ദു കയറി രണ്ടു  ബാൽക്കണി എടുത്തു വരും വരെ ആരും കാണാതെ ഒരു തൂണിനു പിന്നിൽ പാത്തിരുന്നു. ഏറ്റവും പിന്നിൽ കനത്ത ഇരുട്ടുള്ള രണ്ടു സീറ്റ്‌ ഞങ്ങളെ കാത്തിരുന്നത് പോലെ ഒഴിഞ്ഞു കിടക്കുന്നു. സിനിമ തുടങ്ങി ,തബു കുളത്തിൽ കിടക്കുന്ന ചെമ്പൂവേ എന്ന പാട്ട് തുടങ്ങിയതും സിന്ദു എന്റെ കൈയ്യിൽ തോണ്ടി എന്തെങ്കിലും ഒക്കെ ചെയ്യണമെന്നു ഉള്ളിൽ ആഗ്രഹമുണ്ട് അവളതു കൊതിക്കുന്നുമുണ്ട് പക്ഷെ എന്റെ പെരു വിരൽ മുതൽ വിറയൽ താൻ എന്തൊരു കോന്തനാ എന്ന ഭാവത്തിൽ അവളെന്നെ നോക്കി ഞാൻ സിനിമയിൽ തന്നെ ശ്രദ്ധിച്ചിരുന്നു. സിനിമ കഴിഞ്ഞു അവളുടെ നീരസം മാറ്റാനായി ഷാർജ ജൂസ് ഒന്ന് വാങ്ങി ഞങ്ങളുടെ കുടുംബത്തിൽ ഇതൊക്കെ കല്യാണം കഴിഞ്ഞിട്ടാണെന്ന് മുഖത്ത് നോക്കി പറയണം എന്നുണ്ട് പക്ഷെ പറഞ്ഞില്ല.
അവളെ ഊട്ടനായി ഞാൻ അപ്പച്ചനോട് കള്ളം പറഞ്ഞു തുടങ്ങി, ഇല്ലാത്ത ഫീസിന്റെ പേരിൽ അപ്പച്ചനോട് വഴക്കടിച്ചു ഞാൻ കാശു വാങ്ങി അവൾക്കു മസാല ദോശയും പൊറാട്ടയും ബീഫും വാങ്ങി കൊടുത്തു. ഒരു ദിവസം അവൾ എന്നോട് പറഞ്ഞു അടുത്ത ഞായറാഴ്ച ഞങ്ങളുടെ അയൽവാസിയുടെ ഒരു കല്യാണം ഉണ്ട് ഞാൻ ആലപ്പുഴക്ക് വരുന്നുണ്ട് നമുക്ക് കാണാൻ പറ്റുമോ ? അവൾ പങ്കെടുക്കേണ്ട കല്യാണം നടക്കുന്നത് എന്റെ വീടിനു കുറച്ചു മാറി ഒരു വായനശാലയുടെ ഓഡിറ്റോറിയത്തിലാണ് വന്നു കാണണം ഞാൻ എന്റെ വീട്ടുകാർക്കും   കൂട്ടുകർക്കുമൊക്കെ  തന്നെ പരിചയപ്പെടുത്തുന്നുണ്ട് വരില്ലേ ?

ഞായറാഴ്ചയായി രാവിലെ കുർബാന കഴിഞ്ഞത് മുതൽ കാത്തിരുപ്പാണ് ,കണ്ണാടിയുടെ മുന്നിലുള്ള എന്റെ കൃഷ്ണനാട്ടം കണ്ടിട്ടെന്നു തോന്നുന്നു അമ്മച്ചി അലറി ചെറുക്കന് ഈയിടെയായി ഗൃങ്ങാരം കുറച്ചു കൂടുന്നുണ്ട് എങ്ങോട്ടാ രാവിലെ ഒരുങ്ങി കെട്ടി ? പറയാൻ ഒരു കാരണം തേടി ഞാൻ പരുങ്ങി ,അമ്മാ അത് ! എന്നാൽ നീ പതിരപ്പള്ളിയിലെ ആന്റിയുടെ അടുത്തൊന്നു പോയി വാ ആന്റി എന്തോ സാധനം തന്നു വിടാനുണ്ടെന്നു പറഞ്ഞായിരുന്നു. ബലേ ഭേഷ് അച്ഛൻ ഇശ്ചിച്ചതും പാൽ അമ്മച്ചി കൽപ്പിച്ചതും പാൽ ആന്റി യുടെ വീട്ടിലേയ്ക്ക് പോകും വഴിയാണ് ഓഡിറ്റോറിയം. പത്താം ക്ലാസ് പാസായപ്പോൾ അങ്കിൾ വാങ്ങി തന്ന ബി എസ് ഏ സൈക്കിൾ എണ്ണയിട്ടു തുടച്ചു കുട്ടപ്പനാക്കി കാമുകിയെ കാണാൻ യാത്ര തുടങ്ങി.

ഓഡിറ്റോറിയം നിറയെ ആളുകൾ അനിയത്തി പ്രാവ് ചുരിദാറുമിട്ടതാ കൂടുതൽ സുന്ദരിയായ സിന്ധു എന്റെ അടുക്കലേയ്ക്ക് ഓടി വന്നു. ഞാൻ നോക്കിയിരിക്കുവാരുന്നു വാ അകത്തോട്ടു വാ എന്റെ വീട്ടുകാരെയും ബന്ധുക്കാരെയും കാണിച്ചു തരാം അവൾ കൈ പിടിച്ചു വലിച്ചു. ആന്റി ഉച്ച  കുര്ബാനക്കാണ് പോകുന്നത് ഞാൻ ചെന്ന് എനിക്ക് തരാനുള്ളത്‌ തന്നാലെ ആന്റിക്ക് പള്ളിയിൽ പോകാൻ കഴിയൂ ഞാൻ ഇപ്പോൾ വരാം കെട്ടു കഴിയട്ടെ എന്നിട്ട് നമുക്ക് എല്ലാവരെയും കാണാം ഞാൻ സിന്ധുവിന്റെ കൈ വിടുവിച്ചു പുറത്തേയ്ക്ക് നടന്നു .സുധി പോയ മിനിയെ പോലെ സിന്ധു ഞാൻ പോകുന്നതും നോക്കി നിന്നു.

ആന്റി പള്ളിയിൽ പോകാൻ റെഡി ആയി നിൽക്കുകയാണ് എവിടായിരുന്നെടാ ഇതുവരെ എന്ന് ശകാരിച്ചു കൊണ്ട് ആന്റി കോഴിക്കൂട്ടിലെയ്ക്കു കൈയിട്ടു രണ്ടു മുഴുത്ത പൂവനെ പിടിച്ചു എന്റെ കയ്യിൽ തന്നിട്ട് പറഞ്ഞു, കൊണ്ട് വീട്ടിൽ കൊടുക്കുക പേത്രത്തയ്ക്ക് മുൻപ് കറിവെച്ചു തിന്നോ ? ഞാൻ ആന്റിയെ ദയനീയമായി നോക്കി ഞാൻ പിന്നെ വന്നു കൊണ്ട് പൊക്കോളാം ആന്റി.... ഇപ്പോൾ ഇതിവിടെ ഇരിക്കട്ടെ ? പറ്റില്ല നാലു കാലുകളും ഒരു ചാക്ക് ചരടിൽ കെട്ടി സൈക്കളിന്റെ ഹാണ്ടിലിൽ ഇട്ടിട്ടു ആന്റി അലറി കൊണ്ട് പോടാ .....

കോ കോ ക്കോ ക്കൊക് ... പൂവൻ ചേട്ടന്മാർ എന്റെ സൈക്കളിന്റെ ഹാണ്ടിലിൽ കിടന്നു അലറി വിളിക്കുകയാണ്‌ ഇതുമായി എങ്ങനെ സിന്ധുവിനെ കാണും. കാണാതിരിക്കാനും വയ്യ അവൾ കുടുംബക്കാരും കൂട്ടുകാരുമായി കാത്തു നില്ക്കും തലപുകഞ്ഞു, അടുത്തുള്ള പലചരക്ക് കടയിൽ നിർത്തി ഒരു പ്ലാസ്റ്റിക് ബാഗും ഒരു സെല്ലോ ടേപ്പും വാങ്ങി രണ്ടു പൂവന്റെയും കൊക്കുകൾ ചേർത്തു വെച്ച് ടേപ്പ് ചെയ്ത  ശേഷം പ്ലാസ്റ്റിക്ക് ബാഗിൽ ഇട്ടു ഹാണ്ടിലിൽ തൂക്കി, നിലവിളി നിന്നു എന്റെ ബുദ്ധി ഓർത്ത്‌ എനിക്ക് തന്നെ അതിശയം വന്നു. വേഗം ചവിട്ടി വായനശാലയുടെ അടുത്തെത്തി കല്യാണം നടന്നുകൊണ്ടിരിക്കുന്നു. എന്നെ കണ്ടതും സിന്ധു ഓടി വന്നു വാ കെട്ടു കണ്ടിട്ട് ബാക്കി സൈക്കിളിൽ സാധനമുണ്ട് അകത്തോട്ടില്ല നീ പുറത്തു  വരും വരെ ഞാൻ കാക്കാം. എന്താ സഞ്ചിയിൽ സ്വർണം ഒന്നും അല്ലല്ലോ അതവിടിരിക്കട്ടെ താൻ അകത്തോട്ടു വാ സിന്ധു നിർബന്ധിച്ചു. വായനശാലയുടെ കൽതൂണിൽ സൈക്കിൾ ചാരി അകത്തേയ്ക്ക് കയറി നടന്നു ,മണ്ഡപം എത്തിയില്ല കൂടയിൽ കിടന്ന കോഴിയെ ആരോ തുറന്നു വിട്ടു കാലുകളിൽ കെട്ടിയിരുന്ന ചാക്ക് ചരടും അഴിഞ്ഞിരിക്കുന്നു മരണ വെപ്രാളത്തിൽ പൂവൻ ആൾ കൂട്ടത്തിലേയ്ക്ക് ചാടി പിറകെ ഞാനും ആളുകൾ ചിതറി ഓടി കല്യാണ മണ്ഡപം ലാത്തി ചാർജിനു ഓർഡർ കൊടുത്ത മൈതാനം പോലെ ആയിരിക്കുന്നു ഒടുവിൽ ഒട്ടിച്ചിട്ട്‌ രണ്ടിനെയും പിടിച്ചു സഞ്ചിയിലാക്കി ഞാൻ കാമുകി സിന്ധുവിനെ നോക്കി തൃക്കുന്നപുഴ കടപ്പുറത്ത് വെച്ച് കണ്ട പരിചയം പോലും ഭാവിക്കുന്നില്ല. ഞാൻ അപമാനിതനായി മടങ്ങി. വീട്ടിൽ  എത്തിയ ഉടൻ അമ്മച്ചിയുടെ കൈയ്യിൽ നിന്നും കത്തി വാങ്ങി രണ്ടിന്റെയും കഴുത്തറത്ത് കൊന്നു എനിക്ക് സംഭവിച്ച മാനഹാനിക്കു പ്രതികാരം ചെയ്തു. അമ്മച്ചി തേങ്ങാ പാലിട്ടു വെച്ച കറിയിൽ നിന്നും ഒരു പീസ്‌ പോലും കഴിക്കാതെ ഞാൻ കൊന്നിട്ടും തീരാത്ത പ്രതിഷേധം അറിയിച്ചു.

പിറ്റേന്ന് കോളേജിൽ വെച്ച് സിന്ധുവിനെ കണ്ടു അവൾ തല വെട്ടിച്ചു കടന്നു പോയി രണ്ടു പൂവൻ കോഴികൾക്ക് തകർത്തെറിയാൻ മാത്രം ദുർബലമായിരുന്നു അവളുടെ പ്രേമം എന്ന തിരിച്ചറിവിൽ ഞാൻ ഏകാകിയായി പിന്നീടൊരിക്കലും ഞാൻ അവളോടോ  അവൾ എന്നോടോ സംസാരിക്കാൻ ശ്രമിച്ചിട്ടില്ല. പിന്നെ ഒരിക്കൽ പോലും ഞാൻ കോഴി എന്ന ജീവിയുടെ മാംസം ഉപ്പു നോക്കാൻ കൂടി തുനിഞ്ഞില്ല വർഷങ്ങൾക്കപ്പുറം എനിക്കൊരു കല്യാണക്കുറി വന്നു സിന്ധു വെഡ്സ് സുമോദ് അതിൽ ഇങ്ങനെ അവൾ എഴുതി എന്നെ നിങ്ങളുടെ നാട്ടിലേയ്ക്കാണ് അയക്കുന്നത് നിങ്ങളുടെ അടുത്തുള്ള ഓഡിറ്റോറിയത്തിലാണ് കല്യാണം സാധിക്കുമെങ്കിൽ വരിക. അന്ന് കോഴി പാറി പറന്നു ഞങ്ങളുടെ പ്രേമം അലങ്കോലമാക്കിയ അതെ വായനശാല ഓഡിറ്റോറിയം. സുമോദ് ഞങ്ങൾക്കും അറിയാവുന്ന ആളായത് കൊണ്ട് പരിസരവാസികൾ എല്ലാം കല്യാണത്തിന് പോയി .പോയി വന്ന വാസു വേട്ടൻ എന്നോട് ചോദിച്ചു നീയെന്തേ വരാഞ്ഞേ അസാധ്യ ചിക്കൻ ബിരിയാണി ആയിരുന്നുട്ടോ.............. 

Tuesday, 27 October 2015

അബ്സിന്തേ അഥവാ മരണ ദ്രാവകംഎന്തായിരുന്നു സുഹൃത്തെ നിന്നെ അതിനു പ്രേരിപ്പിച്ചത്  ? രാത്രി പന്ത്രണ്ടു മണിക്ക് ശേഷം ഫേസ് ബുക്ക്‌ മെസ്സഞ്ചറിൽ വന്ന അപിരിചിതന്റെ ചോദ്യം റോയിയെ  സ്തബ്ദനാക്കി. മെസ്സേജ് വന്ന പ്രൊഫൈലിൽ റോയി  ഒന്ന് പരതി നോക്കി ,ഇല്ല അപരിചിതൻ എന്ന പ്രൊഫൈൽ മാത്രം ഈ ചോദ്യം ചോദിക്കാൻ മാത്രം മെനഞ്ഞുണ്ടാക്കിയ ഒരു പ്രൊഫൈൽ ആണെന്നത് വ്യക്തം. ആരാണ് നീ ? വൂ ആർ  യു ? മെസ്സഞ്ചരിലേയ്ക്ക് മറുചോദ്യമെറിഞ്ഞു കാത്തിരുന്നു ഇല്ല  മറുപടിയില്ല. ആരാവും അയാൾ എന്താവും അയാൾ ചോദിച്ചത്  ഒന്ന് കൂടി ആ പ്രൊഫൈൽ പരതി ഇല്ല ഒരു സുഹൃത്ത് പോലും ഇല്ല വെറും ഒരു പ്രൊഫൈൽ മാത്രം ആ എന്തെങ്കിലും  ആകട്ടെ ,ആരെങ്കിലും പരിചയക്കാർ കളിയാക്കാൻ ചെയ്യുന്നതാവും. ബാക്കിയിരുന്ന കാനേഡിയൻ ക്ലബ്‌ വിസ്ക്കിയിൽ നിന്നും മുഴുവൻ ഊറ്റിക്കുടിച്ചു ഉറങ്ങാൻ കിടന്നു. ഉറക്കത്തിന്റെ ഒന്നാം യാമം ആകുന്നതു ‌ വരെ ആലോചിച്ചു എന്താവും അയാൾ ചോദിച്ചത്?


രാവിലെ ഒട്ടാവയിൽ എത്തേണ്ടാതുള്ളത്കൊണ്ട് നേരത്തെ ഉണർന്നു. മഞ്ഞു മൂടിയ പതയോരങ്ങളെ ചീകിയൊതുക്കാൻ  വാഹനം എത്തിയിട്ട് വേണം യാത്ര തുടരാൻ.റോഡുകൾ ഗതാഗത യോഗ്യമായതും  ഒരു നിമിഷം പാഴാക്കാതെ യാത്ര തുടങ്ങി കമ്പനിയുടെ പ്രധാന ശാഖ ഒട്ടവായിലാണ് അവിടെ നിന്നും കുറെ രേഖകൾ ശേഖരിച്ചു താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഏൽപ്പിച്ചു കഴിഞ്ഞാൽ ജോലി കഴിയും പക്ഷെ ടൊറന്റോയിൽ നിന്നും ഒട്ടാവയ്ക്ക് 460 കിലോമീറ്ററോളം ദൂരമുണ്ട് നോർമൽ ട്രാഫിക്കിൽ ഏകദേശം അഞ്ചു മണിക്കൂർ ഡ്രൈവ് ചെയ്യണം. കാനഡയിൽ എത്തിയിട്ട് ഇത് മൂന്നാം തവണയാണ് ഒട്ടാവയ്ക്ക് പോകുന്നത് അപ്പോഴൊക്കെ   ജോസോ പഴയിടം ടോമിയോ ആരെങ്കിലും കൂട്ടിനു ഉണ്ടാവും മാറി മാറി നാട്ടു കഥകളും വെടിവെട്ടവും പറഞ്ഞുള്ള  യാത്രയായതിനാൽ  ബോറടിച്ചിട്ടില്ല പക്ഷെ ഇത്തവണ അവർ രണ്ടും സ്ഥലത്തില്ല. ഒറ്റക്കുള്ള യാത്രാ വിരസമാണ് അതിപ്രധാനമായ ഏതോ ഫയലുകളാണ് അല്ലാത്ത പക്ഷം അവ കൊറിയറിൽ വന്നേനെ. കാനഡയിൽ വന്നിട്ട് അഞ്ചു കൊല്ലം കഴിഞ്ഞെങ്കിലും ഇവിടുത്തെ തണുപ്പുമായി ഒരു ധാരണയിൽ എത്താൻ കഴിഞ്ഞിട്ടില്ല സിസിലി ഏറെ മോഹിച്ചു വന്ന കാനഡ നിഷ്കരുണമല്ലെ സിസിലിയെ പരിത്യജിച്ചത്. അൽപ സ്വല്പം ശ്വാസം മുട്ടലും  വിമ്മിഷ്ട്ടവും ഉണ്ടായിരുന്ന അവൾ കഴിവിന്റെ പരമാവധി ഇവിടെ തുടരാൻ നോക്കിയതാണ് അവൾ ഉണ്ടായിരുന്നത് ഒരു ആശ്വാസവും ആയിരുന്നു. അഞ്ചു മാസം പോലും തികയ്ക്കാതെ അവൾ രക്ഷപെട്ടു നാട് പിടിച്ചു. 

ഒട്ടാവ ഒരു കൊച്ചു സുന്ദരിയാണ് നീലാകാശവും നദികളും അംബര ചുംബികളുമുള്ള സുന്ദര നഗരം എന്നാൽ താൻ നടന്നു കടന്നു വന്ന കുട്ടനാടിനെ വെച്ച് നോക്കുമ്പോൾ ഇതൊന്നും ഒന്നുമല്ല. വേമ്പനാട്ടു കായലിന്റെ സൌന്ദര്യത്തിനു മുന്നിൽ മിസ്സിസിപ്പി നദിയൊക്കെ ശുദ്ധ ശൂന്യം. അല്ലെങ്കിലും അങ്ങനെയാണല്ലോ നമ്മൾ മലയാളികൾ നാട്ടിൽ നിൽക്കുമ്പോൾ ഒന്നിനോടും സ്നേഹമില്ല  നാട് വിട്ടു മറുനാട്ടിൽ എത്തിയാലോ പറുദീസയിൽ നിന്നും വന്നവരാണ് ഞങ്ങളെന്ന പയ്യാരം പറച്ചിലും. ഒട്ടാവയിൽ വന്ന കാര്യം കഴിഞ്ഞിരിക്കുന്നു ഇനി തിരികെ ടോരോന്റൊയിലെയ്ക്ക് പോകണം. ഒട്ടാവയിൽ ഓരു കോക്കനട്ട് ലഗൂണ്‍ റെസ്റ്റൊറന്റ്റ് ഉണ്ട് നല്ല അസ്സല് നാടൻ കുട്ടനടാൻ ഭക്ഷണം കിട്ടുന്ന ഹോട്ടൽ അവിടെ കയറി ഊണ് കഴിച്ചു ഏമ്പക്കവും വിട്ടു യാത്ര തുടർന്നു വീട്ടിലെത്തിയപ്പോൾ അഞ്ചുമണി കഴിഞ്ഞിരിക്കുന്നു. വൈകുന്നേരമായപ്പോൾ ടോമി വിളിച്ചു എന്തായി  റോയി നീ ഒട്ടാവയ്ക്ക് പോയിട്ട് ? നീ തിരക്കൊക്കെ കഴിഞ്ഞു വാ എന്നിട്ട് പറയാം ഭയങ്കര ക്ഷീണം. ഫോണ്‍ മാറ്റിവെച്ചു  കട്ടിലിലേയ്ക്ക് ചാഞ്ഞു.

പിറ്റേന്ന് രാവിലെ ഫേസ് ബുക്ക്‌ ഫീഡറിലെ ചുവന്ന പ്രകാശങ്ങൾ പരതുമ്പോൾ വീണ്ടും ആ മെസ്സേജ് കണ്ണിൽ ഉടക്കി "എന്തായിരുന്നു സുഹൃത്തെ നിന്നെ അതിനു പ്രേരിപ്പിച്ചത്  ?" പഴയ പ്രൊഫൈൽ, പഴയ മെസ്സേജ്, എല്ലാം പഴയത് തന്നെ അത് ആര് അയക്കുന്നെന്നോ എന്താണ് ചോദിക്കുന്നതെന്നോ മാത്രം വ്യക്തമല്ല, മനുഷ്യനെ ബുദ്ധി മുട്ടിക്കാതെ കാര്യം പറയു നിങ്ങൾ ആരാണ് നിങ്ങൾക്ക് എന്ത് വേണം? ദിവസവും രാത്രി പന്ത്രണ്ടു മണി കഴിയുമ്പോൾ ഈ മെസ്സേജ് ഇൻബോക്സിൽ വരുന്നത് പതിവായിരിക്കുന്നു ടോമിച്ചനും ജോസും ഏതോ പെണ്ണ് തന്നെ കളിയാക്കാൻ ചെയ്യുന്നതാണെന്ന് പറഞ്ഞു പുശ്ചിച്ചു തള്ളി. ഓരു മാസം ഇടവേളകളില്ലാതെ ഈ ചോദ്യം 12.01 നു എന്റെ ഇൻബോക്സിൽ നിറഞ്ഞു. ഓരു മാസത്തെ ഇടവേള അന്നൊരു ഏപ്രിൽ  ആറായിരുന്നു അന്ന് രാത്രി ആ പച്ച വെളിച്ചം ഇൻബോക്സിൽ കത്തി നിന്നു. നീ ആരാണ് എന്റെ ചോദ്യം ആവർത്തിച്ചു.
റോയിച്ചാ നീ എന്നെ ഇത്ര പെട്ടന്ന് മറന്നു പോയോ ?
ഇന്ന് ഏപ്രിൽ  ആറാണ് തിയതി ഇന്നെങ്കിലും  നിനക്കെന്നെ ഓർത്ത്‌ കൂടെ ?
വീണ്ടും ഞാൻ ചോദിക്കുന്നു എന്തായിരുന്നു സുഹൃത്തെ നിന്നെ അതിനു പ്രേരിപ്പിച്ചത്  ?

റോയി എന്ന ഞാൻ ഓർമകളുടെ പിൻ വഴികളിലൂടെ ഓരു ഓട്ട പ്രദിക്ഷണം നടത്തുകയാണ്. 12 കൊല്ലം മുൻപൊരു വെള്ളിയാഴ്ചയുടെ പ്രസന്നതയിൽ മാമ്പുഴക്കരിയിൽ നിന്നും ഫ്രാൻസിനു പോയ ഫ്രാങ്ക്ലിനും മമ്മയും   നാട്ടിലെത്തിയ ദിവസം അവൻ ഞങ്ങൾ പഴയ ചങ്ങാതികളെ വിളിച്ചു. അളിയാ നമുക്കൊന്ന് കൂടണ്ടേ ? രക്ഷപെട്ടു പോയ കൂട്ടുകാരാൻ രക്ഷപെടാതെ നാട്ടിൽ തെണ്ടി തിരിഞ്ഞു നടക്കുന്ന പരിഷകളായ കൂട്ടുകാർക്ക് വെച്ച് നീട്ടുന്ന ധർമ്മം. പിന്നെന്താ കൂടിയേക്കാം നീ ബാക്കി  ചങ്ങാതിമാരെ ഒക്കെ വിളിച്ചോ ? എല്ലാവരും വരും നമുക്ക് കുട്ടനാടിന്റെ ഭംഗി ഒന്ന് ആസ്വദിക്കണം നീ ആലപ്പുഴ ജെട്ടിയിൽ വന്നാൽ മതി ബാക്കിയുള്ളവരൊക്കെ അവിടെ എത്തിക്കോളും. അവിടെ നിന്നും ഓരു ഹൌസ് ബോട്ടിൽ നമ്മൾ പാർട്ടി ആരംഭിക്കുന്നു,ഒരു തരം അപകർഷത ഉള്ളിലിരുന്നു വിളിക്കുന്നു. അലമാരയിലിരിക്കുന്ന ഡിഗ്രി സർട്ടിഫിക്കറ്റുകൾ എന്നോട് ചോദിക്കുന്നു കണ്ടില്ലേ ആണ്‍ പിള്ളേർക്ക് ഫ്രെഞ്ച് പൌരത്വം കിട്ടാൻ പോകുന്നു നിനക്കോ ?

പറഞ്ഞ ദിവസം തന്നെ കുളിച്ചൊരുങ്ങി ആലപ്പുഴ ജെട്ടിയിൽ എത്തി ,കൂടെ പഠിച്ച സുഹൃത്തുക്കൾ ഒന്നൊന്നായി വന്നു തുടങ്ങി എസ് ബി കോളേജിലെ ആ പുഷ്ക്കല കാലത്തിന്റെ ഓർമകളിൽ ആലപ്പുഴ ജെട്ടിയിൽ നിന്നും ആ നൗക കായൽ വിരിപ്പിലേയ്ക്ക് പ്രവേശിച്ചു.മിക്കവാറും എല്ലാവരും വിദേശത്തോ സ്വദേശത്തോ ആയി ജോലിയിൽ പ്രവേശിച്ചിരിക്കുന്നു എങ്ങും എത്താത്തതും തൊഴിൽ രഹിതനും താൻ മാത്രം
ഫ്രാങ്ക്ലിൻ ബോട്ടിന്റെ ഡെക്കിൽ കയറി ഫ്രെഞ്ച് വീര സാഹസിക കഥകൾ വിളംബുകയാണ്. നേരത്തെ കരുതിയിരുന്ന കൂൾ ബോക്സ്‌ തുറന്നു അബ്സിന്തേ എന്ന വില കൂടിയ മദ്യം പുറത്തെടുത്തു പറഞ്ഞു തുടങ്ങി ഇതാണ് ലോകത്തിലെ ഏറ്റവും അപകടകാരിയും വീര്യം കൂടിയതുമായ മദ്യം. സായിപ്പന്മാർ പെരും ജീരകവും ഉലുവയും ഇട്ടു വാറ്റിയെടുത്ത അസ്സൽ പ്രകൃതിദത്ത കഷായം. സൂക്ഷിച്ചു ഉപയോഗിച്ചില്ല എങ്കിൽ ഇവൻ മരണ ദ്രാവകം തന്നെയാണ് ഗിരി പ്രഭാഷണത്തിനു  ശേഷം എല്ലാവർക്കും ഓരു ചെറിയ ഗ്ലാസിൽ ഒഴിച്ചു നീട്ടി . ആൾക്കൂട്ടത്തിൽ ഒരുവനായി ഞാനും ഓരു ഗ്ലാസ്‌ വാങ്ങി ഒറ്റയ്ക്ക് അകത്താക്കി , അന്നനാളം മുതൽ ആമാശയം വരെ കത്തിയെരിയുന്നു ജീവിതത്തിൽ ആദ്യമായാണ്‌ ഇത്രയും വീര്യമുള്ള ഒന്ന് രുചിക്കുന്നത് ഒറ്റ പെഗ്ഗിൽ തന്നെ ആകാശവും ഭൂമിയും ഒന്നായ പോലെ ഒരു തോന്നൽ ഒരു വിധേന ബോട്ടിന്റെ കോണോടു ചേർന്നുള്ള വാതിലിൽ ചാരിയിരുന്നു. കള്ളു ‌ മൂത്തു വരുന്നു മുകളിൽ പാട്ടും ഡാൻസും പൊടി പൂരം . വിദേശി തീർന്നപ്പോൾ നല്ല നാടൻ ചെത്ത് കള്ളിനു വഴിമാറിയിരിക്കുന്നു ഒന്നിലും വ്യപ്രതനാകാതെ പഴയ അബ്സിന്തേ നല്കിയ ലഹരിയുടെ ആനന്ദത്തിൽ ബോട്ടിന്റെ വാതിലിനരുകിൽ കാഴ്ചകളും കണ്ടു ഞാൻ ഇരിക്കുകയാണ് പെട്ടന്നതാ ഫ്രാങ്ക്ലിൻ താഴേയ്ക്ക് ആടിയാടി വന്നു   കോണി പടിയിൽ എനിക്കഭിമുഖമായി ഇരുന്നു . വാട്ട്‌ ഈസ്‌ യുവർ പ്രോബ്ലം മാൻ ? നീയെന്താണ് എന്ജോയ്‌ ചെയ്യാത്തെ ? നിനക്ക് കാശ് ഇല്ലേ ? നിനക്ക് ജോലി ഇല്ലേ ? പറയു പറയു എനിക്ക് നിന്നെ സഹായിക്കാൻ കഴിയും. അടുത്തുകൂടി പോയ ബോട്ടിന്റെ തിര തള്ളലിൽ ഞങ്ങളുടെ ബോട്ട് ആടിയുലഞ്ഞു ലക്ക് കെട്ട ഫ്രാങ്ക് വെള്ളത്തിലേയ്ക്ക് വീഴാൻ  ആഞ്ഞു ഞാൻ കയറി പിടിച്ചു.  എന്റെ കൈയ്യിൽ തൂങ്ങി കിടന്നു കൊണ്ട് അവൻ എന്നോട് സഹതപിച്ചു ,പുവർ  മാൻ എനിക്ക് നിന്നോട് സഹതാപം ഉണ്ട് നിനക്ക് ഞാൻ പോകും മുൻപ് കുറച്ചു യൂറോ തരാം. ഫ്രാങ്ക് തന്റെ അത്മാഭിമാനത്തിനാണ് വില പറയുന്നതെന്ന തോന്നൽ ഉള്ളിൽ കിടക്കുന്ന അബ്സ്ന്തിയുടെ ലഹരി എല്ലാം ശക്തമായ നിമിഷം. നീയും നിന്റെ യൂറോയും ഞാൻ കൈ അയച്ചു എന്റെ ബലത്തിൽ ഇരുന്ന ഫ്രാങ്ക് നിലയില്ലാ കയത്തിലേയ്ക്ക് കൂപ്പു കുത്തി. മുകളിൽ ആട്ടവും പാട്ടും തകർക്കുന്നു ഇല്ലാ ആരും ഒന്നും അറിഞ്ഞിട്ടില്ല ഒരു നിമിഷം ഞാൻ ചുറ്റും കണ്ണോടിച്ചു ,ഇല്ല ജലപരപ്പിലെങ്ങും അവനെ കാണാനില്ല ഞാൻ ഉറക്കെ അലറി ഫ്രാങ്ക്ലിൻ ഫ്രാങ്ക്ലിൻ ..... എന്റെ അലർച്ച കേട്ട് മുകളിൽ ഉണ്ടായിരുന്ന എല്ലാവരും താഴേയ്ക്ക് വന്നു ചിലർ വെള്ളത്തിലേയ്ക്ക് ചാടി അവന്റെ ചേതനയറ്റ ദേഹവുമായി മുകളിലേയ്ക്ക് ഉയർന്നു പൊങ്ങി.


ഫ്രാങ്ക്ലിൻ ഇല്ല ഫ്രാങ്ക്ലിൻ  എന്നിലെ ലഹരിയും അപകർഷതയും മൂർധന്യത്തിൽ എത്തിയപ്പോൾ അറിയാതെ പറ്റിയ ഒരു കൈപിഴ. ആ ലഹരി മാഞ്ഞപ്പോൾ എനിക്കൊന്നും ഓർമ്മയില്ലായിരുന്നു സത്യം അല്ലെങ്കിൽ ഞാനത് ലോകത്തോട്‌ ഏറ്റു പറയുമായിരുന്നു. പൊറുക്കുമോ നീ എന്നോട് ? പച്ച വെളിച്ചം മറുപടിയില്ലാതെ മറഞ്ഞു. റോയി വിറയാർന്ന കൈകൾ കൊണ്ട് ബൈബിൾ എടുത്തു തുറന്നു " കർത്താവ്‌ കായെനോട് കൽപ്പിച്ചു നിന്റെ സഹോദരൻ എവിടെ ? അവൻ പറഞ്ഞു എനിക്കറിഞ്ഞുകൂടാ ഞാൻ അവന്റെ കാവൽക്കാരൻ ആണോ ?എന്നാൽ കർത്താവു പറഞ്ഞു നീയെന്താണ് ചെയ്തത് നിന്റെ സഹോദരന്റെ രക്തം കുടിക്കാൻ വായ്‌ പിളർന്ന ഭൂമിയിൽ നീ ശപിക്കപെട്ടവനായിരിക്കും " റോയി ബൈബിൾ ഇറുക്കി അടച്ചു കൊണ്ട് ഓടി  മൂന്നാം  നിലയിലെ തന്റെ ഫ്ലാറ്റിന്റെ ജാലക വാതിൽ മലർക്കെ തുറന്നു അതിന്റെ കട്ടിള പടിയിൽ കയറി താഴേക്ക് നോക്കിയിരുന്നു വലിയ വായിൽ  കരഞ്ഞു ,വർഷങ്ങൾക്കു മുൻപ്  ആ ഹൌസ് ബോട്ടിൽ ഇരുന്ന പോലെ പുറം കാഴ്ചകളിൽ ഒട്ടും ശ്രദ്ധിക്കാതെ ഫ്രാങ്ക്ലിനെ മാത്രം ഓർത്തു കൊണ്ട് താഴെക്കൊന്നാഞ്ഞൂ   .പെട്ടന്നൊരു കാറ്റ് അകത്തേയ്ക്ക് ശക്തിയായി ആഞ്ഞടിച്ചു ആ കാറ്റിന്റെ ശക്തിയിൽ റോയി ഉള്ളിലേയ്ക്ക് കമിഴ്ന്നു വീണു.ഉറക്കമുണരുമ്പോൾ മൊബൈൽ വല്ലാതെ ശബ്ദിക്കുകയാണ് ഉറക്കച്ചടവോടെ ഫോണ്‍ എടുത്തു നാട്ടിൽ നിന്നും ഭാര്യ സിസിലിയാണ് ,ചേട്ടാ എത്രയായി ഞാൻ വിളിക്കുന്നു ഇന്നലെ ചേട്ടന്റെ ഒരു പഴയ കൂട്ടുകാരാൻ ഫ്രാൻ‌സിൽ നിന്നും ചേട്ടനെ കാണാൻ വന്നിരുന്നു അയാൾ പോകുമ്പോൾ ചേട്ടന് ഇഷ്ട്ടമുള്ളത് എന്ന് പറഞ്ഞു ഒരു ഫോറിൻ കുപ്പി തന്നു ആ കുപ്പിയുടെ ഫോട്ടോ ഞാൻ വാട്ട്സ് ആപ്പിൽ അയച്ചിട്ടുണ്ട് ചേട്ടൻ ഒന്ന് നോക്കിയേ ? ഫോണ്‍ കട്ട്‌ ചെയ്തു വാട്സ് ആപ്പ് തുറന്നു അന്ന് ഹൌസ് ബോട്ടിൽ പൊട്ടിച്ച പച്ച നിറമുള്ള അതേ  അബ്സിന്തേ എന്ന  മരണ ദ്രാവകം .

Saturday, 3 October 2015

അലമുരുവിൽ നിന്നും ആകാശം മുട്ടെ ഒരാൽമരംനല്ല മഴയും വെള്ളപ്പൊക്കവും വന്നു സ്കൂളിൽ ദുരിതാശ്വാസ കാമ്പ് തുറന്നപ്പോൾ കൂടി പള്ളിക്കൂടത്തിൽ പോയി താമസിക്കാൻ ഭാഗ്യം കിട്ടത്തവനാണ് താനെന്നു പല്ലാ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. അന്ന് അതിസാരവും ശർദ്ദിയും ബാധിച്ചു മെഡിക്കൽ കോളേജിൽ   അഡ്മിറ്റു ചെയ്തിരുന്നതിനാൽ കുടുംബം മുഴുവൻ പാർക്കുന്ന സ്കൂൾ കാണാനോ അതിനകത്ത് കേറാനോ കഴിഞ്ഞിട്ടില്ല എന്ന് മാത്രമല്ല ജനിചിട്ടിത് വരെ പല്ലായ്ക്കു പള്ളികൂടത്തിന്റെ പടി വാതിൽ കാണാൻ കഴിഞ്ഞിട്ടില്ല. ആന്ധ്ര പ്രദേശിലെ വെസ്റ്റ്ഗോദാവരി ജില്ലയിലെ അത്രയൊന്നും വികസിതമല്ലാത്ത അലമുരു എന്നാ ഗ്രാമത്തിലാണ് പല്ലാ ജനിച്ചത്ഗ്രാമത്തിനു വെളിയിൽ ആറു മൈൽ അപ്പുറം കടന്നു വേണം പള്ളിക്കൂടത്തിൽ പോകാനും പഠിക്കാനും. രാമകൃഷ്ണ റാവു  എന്ന സാധാരണ കർഷകന്റെ ആറുമക്കളിൽ  ആറാമനായാണ് മേടപെട്ടി പല്ലാ റാവു ജനിക്കുന്നത് ആറര ഏക്കറോളം നീണ്ട നെൽപാടം പാട്ടത്തിനെടുത്ത് കൃഷി ചെയ്താണ് രാമകൃഷ്ണ റാവു മക്കളെ വളർത്തിയത് ആറു മക്കളിൽ ആണായി പിറന്ന ആരും തന്നെ പഠിക്കാൻ പോയിട്ടില്ല. ഓർമ്മ വെച്ച കാലം തൊട്ടു അപ്പൻ റാവുവിന്റെ തോട്ടത്തിലെ പണിയാണ് മക്കൾ എല്ലാവർക്കും കിഴക്ക് വെള്ള കീറുമ്പോൾ കൈകോട്ടും പഴയ ആരോരൂട്ട് ബിസ്ക്കറ്റ് പാട്ടയുമായി വയലിൽ ഇറങ്ങുന്ന അപ്പന് പിന്നാലെ നാല് ആണ്മക്കളും ഉണ്ടാവും പകലന്തിയോളം പണികൾ പലതുണ്ടാവും പാടത്ത് കള പറിക്കലിലാണ് വയലോലകളിലെ ഹരീ ശ്രീ .ഒന്ന് പഠിച്ചു തഴക്കം വന്നു തുടങ്ങുമ്പോൾ മാത്രമാണ് കാള  പൂട്ടി നിലം ഉഴുന്നപോലെ കഠിനമായ  മറ്റു പണികൾ ചെയ്യിപ്പിച്ചു തുടങ്ങുന്നത് . മുറി മീശ മുളച്ചു തുടങ്ങിയ കാലത്ത് അടുത്ത ഗ്രാമത്തിൽ നിന്നും വന്ന സുബ്ബ റാവു ആണ് അപ്പനോട് മക്കളെ ഗൾഫിൽ വിടുന്ന കാര്യം സംസാരിച്ചത് പതിനായിരം രൂപ ശമ്പളം എന്ന് കേട്ടപ്പോൾ രാമകൃഷ്ണ റാവുവിന്റെ തല കറങ്ങി ആൽത്തറയിൽ ഇരുന്നെന്നാണ് പല്ല പറയുന്നത്. ചേട്ടന്മാർക്കാർക്കും നാട് വിട്ടു പോകാൻ താല്പര്യം ഇല്ലാതിരുന്നതിനാലാണ് പല്ലായ്ക്കു നറുക്ക് വീഴുന്നത്   പക്ഷെ പതിനെട്ടു തികയാത്ത പല്ലായ്ക്കു പാസ്പോർട്ട് കിട്ടില്ല  ഇരുപത്തി അയ്യായിരം വാങ്ങി ഏജന്റാണ് പതിനാറുകാരനായ പല്ലായ്ക്കു പാസ്പോർട്ട് തരപ്പെടുത്തുന്നത്‌.


വീടും വയലും മാത്രമായിരുന്ന ലോകത്ത് നിന്നും  ഭൂമിയിലെ സ്വർഗത്തിൽ എത്തിയ പ്രതീതി ആയിരുന്നു ഷാർജയിലെ കോണ്ട്രാക്റ്റ് കമ്പനിയിൽ എത്തിയപ്പോൾ.പാകിസ്ഥാനികളും ശ്രീലങ്കക്കാരും ഫിലിപൈനികളും അടങ്ങിയ കമ്പനിയിലെ മൂന്ന് നിലയുള്ള കട്ടിലിനു മുകളിലെ നിലയിൽ എയർ കണ്ടിഷനോട് ചേർന്ന കിടക്ക തന്നെ അവൻ സ്വന്തമാക്കി. തണുപ്പും ചൂടും വരുന്ന യന്ത്രം അവന്റെ വന്യമായ സ്വപ്നത്തിൽ പോലും ഉണ്ടായിരുന്ന ഒന്നല്ല  .ചൂട് അവനൊരു പ്രശ്നമേ  അല്ലായിരുന്നു എന്ത് കട്ടി പണിയും കൂസലില്ലാതെ അവൻ ചെയ്തു തീർക്കുംപക്ഷെ ഭാഷ അത് വലിയ ഒരു പ്രശ്നം തന്നെ ആയിരുന്നു . പണി മടിയന്മാരായ പാകിസ്ഥാനി മേസിരിമാർ അവനെ കഴുതയെന്നും ബുദ്ധിയില്ലത്തവനെന്നും വിളിച്ചു കളിയാക്കുമ്പോഴും ഒന്നും മനസിലാകാതെ അവൻ ജോലിയിൽ വ്യാപ്രതനാകും.വന്നു കുറച്ചു ദിവസം  കഴിഞ്ഞു ആണ്  അവൻ എന്നെ പരിച്ചയപെടുന്നത് .
മീരു ആന്ധ്രാ ?
എന്നെ കണ്ടിട്ട് ഒരു അന്ധ്രാക്കാരനെ പോലെ തോന്നിയിരിക്കണം.
 അല്ല കേരളാ ,,
എന്റെ മറുപടി കേട്ട് അവൻ ഒന്നും മിണ്ടാതെ പോയി കേരളം ഭൂഖണ്ഡത്തിന്റെ പടിഞ്ഞാറേ അതിരിലാണെന്നോ മറ്റോ ധരിച്ചു വശായി എന്ന് വ്യക്തം. പിന്നെ പിന്നെ കാണുമ്പോൾ എല്ലാം അവൻ അവന്റെ ഭാഷയിൽ വാതോരാതെ എന്നോട് സംസാരിക്കും അവന്റെ അപ്പൻ രാമകൃഷ്ണ റാവുവിനെപറ്റിയും അവരുടെ അടുത്തുള്ള ക്ഷേത്രത്തിൽ നടക്കാറുള്ള ഉത്സവങ്ങളെ പറ്റിയും എല്ലാം പാതി മനസിലാക്കിയും മറുപാതി ഊഹിച്ചും ഞാൻ അവന്റെ ഉറ്റ ചങ്ങാതിയായി മാറുകയായിരുന്നു .

ഒരു ദിവസം ജോലി കഴിഞ്ഞു വരുന്നതിനിടയിൽ എന്തോ വാങ്ങാൻ ഞങ്ങൾ ഒരുമിച്ചു കടയിൽ പോയി എന്റെ പേഴ്സ്   തുറന്നതും അതിനുള്ളിൽ നാട്ടിൽ നിന്നും വന്നപ്പോൾ ബാക്കിയായ അന്പതിന്റെയും നൂറിൻറെയും നോട്ടുകൾ കണ്ട അവൻ അത്ഭുതത്തോടെ അത് വാങ്ങി നോക്കി ഏതോ അത്ഭുത ജീവിയെ കാണുന്നത് പോലെ എന്നെയും നോട്ടുകളെയും മറിച്ചും തിരിച്ചു നോക്കി കൊണ്ട് ചോദിച്ചു .
സത്യം പറ നീ ആന്ധ്രാക്കാരൻ അല്ലേ??  ഇത് ആന്ധ്രയിലെ നോട്ടുകളാണ് നാട്ടിൽ വെച്ച് ബാബ എനിക്ക് മുടിവെട്ടാനും മാങ്ങഹൽവ വാങ്ങാനും തരുന്നത് നോട്ടുകൾ തന്നെ ,
 എനിക്ക് ഉള്ളിൽ ചിരി പൊട്ടി ഇന്ത്യ എന്നൊരു രാജ്യമുണ്ടെന്നും അതിൽ 25 സംസ്ഥാനങ്ങൾ (അന്ന് 25 ആയിരുന്നു ) ഉണ്ടെന്നും കേരളം അതിന്റെ തെക്കേ അറ്റത്തെ സംസ്ഥാനം ആണെന്നും ഒക്കെ എന്നിലെ സാക്ഷരൻ അവനെ ബോധ്യപെടുത്താൻ ശ്രമിച്ചു.
നാടോടിക്കാറ്റിലെ ദാസനെ പോലെ ഞാൻ മനസ്സിൽ ആലോചിച്ചു പ്രീ ഡിഗ്രി ഫസ്റ്റ് ക്ലാസ്സിൽ പാസായ ഞാൻ എവിടെ കിടക്കുന്നു കൂപ മണ്ടൂകം എവിടെ കിടക്കുന്നു. പല്ല പതിയെ പതിയെ ഭാഷ വശത്താക്കി തുടങ്ങി അവന്റെ പ്രായം അവനെ വേഗം വേഗം കാര്യങ്ങൾ ഗ്രഹിക്കാൻ പ്രപ്ത്തനാക്കി കൊണ്ടിരുന്നു . നാട്ടിൽ കാളപൂട്ടിയ കലപ്പ ഉപയോഗിച്ചിരുന്ന അവൻ പതിയെ ബോബ് കാറ്റും ഫോർക്ക് ലിഫ്റ്റും ജെ സി ബിയും വശത്താക്കി എന്ന് മാത്രമല്ല അത് കൊണ്ട് സർക്കസ് നടത്താൻ തക്ക പ്രാവിണ്യം അതിൽ നേടി പക്ഷെ ലൈസൻസ് ഇല്ല കമ്പനി അതെടുത്തു കൊടുക്കാൻ തയാറാണ് പക്ഷെ അവനു  പരീക്ഷകളെ  പേടിയാണ് ജീവിത പരീക്ഷയല്ലാതെ ഒരു പരീക്ഷകളിലും അവൻ ഉൾപെട്ടിട്ടില്ല എങ്കിലും കമ്പനിയിൽ നടന്ന ഒരു അപകടത്തിനു ശേഷം ലൈസൻസ് ഇല്ലാതെ ഒരു വണ്ടിയും ഓടിക്കാൻ അനുവദിക്കില്ല എന്ന നിയമം വന്നപ്പോൾ അവൻ മനസില്ലാ മനസോടെ അതിനു  തയ്യാറായി. സിഗ്നൽ ടെസ്റ്റ്വൈവാ പരീക്ഷയാണ് ബോർഡിൽ തെളിയുന്ന ചോദ്യങ്ങൾക്ക് ഉത്തരം ടിക്ക് ചെയ്താൽ മാത്രം മതി എന്നിട്ടും 22 തവണ അവൻ സിഗ്നൽ ടെസ്റ്റ്തോറ്റൂ. അവസാനം ദയ തോന്നിയ ഉദ്യോഗസ്ഥർ അവനെ റോഡ്ടെസ്റ്റ്നടത്താൻ അനുവദിച്ചു അതിൽ ആദ്യ തവണ തന്നെ അവൻ പാസായി


കാലം ഒഴുകുന്ന നദിയാണെങ്കിൽ നാം അതിലെ കല്ലുകളാണ് അനുഭവങ്ങളുടെ കുത്തൊഴുക്കിൽ കല്ലുകളുടെ പരുക്കൻ സ്വഭാവം മാറി മൃദുവാകുന്നത്   പോലെ അനുഭവങ്ങളുടെ തീച്ചൂളയിൽ പല്ലാ പതിയെ പതിയെ ഉരുളാൻ കല്ല്പോലെ മയപെട്ടു കൊണ്ട്  കമ്പനിയോടൊപ്പം വളർന്നു. ഡ്രൈവറായി ,സൂപ്പർ വൈസർ ആയി ,മുഖ്യ ഫോർമാൻ ആയിഗൊദാവരിയും പാടങ്ങളും മാത്രം കണ്ടു വളർന്ന മീശ  മുളയ്ക്കാത്ത പയ്യൻ ഇന്ന് ഒരു പാട് ഭാഷകൾ സംസാരിക്കുന്ന ഒരു ഗ്രാമത്തിനെ പോറ്റുന്ന ജമീന്ദാരായി വളർന്നിരിക്കുന്നു. അലമുരു ഗ്രാമത്തിലെ ഒരു കുടുംബത്തിലെ ഒരാളെ എങ്കിലും ഗൾഫിൽ എത്തിക്കാൻ പല്ലായ്ക്കു കഴിഞ്ഞിരിക്കുന്നു. ദേവൂടാ എന്ന് സ്നേഹപൂർവ്വം അവർ വിളിക്കുന്ന  അവരുടെ കണ്കണ്ട ദൈവവും അന്ന ദാതവുമായി മനുഷ്യൻ മാറിയിരിക്കുന്നു . പക്ഷെ ഇപ്പോഴും ഡ്രൈവർ ഇല്ലെങ്കിൽ കൂലി ഇല്ലെങ്കിൽ പല്ലാ എന്ത് മല്ലൻ പണി ചെയ്യാനും പല്ല തയാറാണ്. അപ്പൻ രാമകൃഷ്ണ റാവു പാട്ടത്തിനു പണിയെടുത്ത ആറേക്കർ ഭൂമി കൂടാതെ അറുപതോളം ഏക്കർ ഭൂമി നാട്ടിൽ സ്വന്തമായി വാങ്ങിയിട്ടും പല്ലാ വിനയ്വാനിതൻ ആണ്. വെയിൽ പേടിച്ചു പണി മതിയാക്കുന്നവരോട് പല്ലായ്ക്ക് ഒന്നേ പറയാനുള്ളൂ സ്വർണം സ്വർണ്ണമാവുന്നത് ഉലയിലെ തീയിൽ വെന്തുരുകിയാണ്. അനുഭവങ്ങളുടെ തീച്ചൂളയിൽ ജീവിതം കരുപ്പിടുപ്പിക്കുക, കിട്ടാത്ത സൌഭാഗ്യങ്ങളെ ക്കുറിച്ച് കരയാതെ നേടാനുള്ള സ്വർഗത്തിന് വേണ്ടി പണിയെടുക്കുക നാളെ നിങ്ങളുടെതാണ്‌.

Thursday, 17 September 2015

പുലിമട കടന്നൊരു പുനർജ്ജന്മംതലൈവരുടെ മരണത്തോടെ ഈലവുമായി ആഭിമുഖ്യമുള്ള എല്ലാവരെയും ശ്രീ ലങ്കൻ സേന അറസ്റ്റ് ചെയ്യുകയും അവസാനത്തെ ഈലം പോരാളിയും മണ്ണടിഞ്ഞു എന്ന് ബോധ്യം വന്നപ്പോഴാണ് കാളിയപ്പൻ നിറവയറുമായിരിക്കുന്ന ഭാര്യ പദ്മയുമായി രാമേശ്വരത്തെയ്ക്ക്   കടക്കാൻ തീരുമാനിച്ചത്. പദ്മയുടെ ജീവനെക്കരുതിയായിരുന്നു കാളിയപ്പൻ അങ്ങനെ ഒരു തീരുമാനം എടുത്തത് കാരണം 2008 ലെ കൊളംബോ നഗരത്തെ നടുക്കിയ ബസ്‌ ബോംബാക്രമണത്തിൽ ബസിൽ ബോംബു വെയ്ക്കാൻ നിയോഗിക്കപ്പെട്ട വനിതാ പോരാളിയായിരുന്നു പദ്മ. ഒരു നാൾ തമിൾ മണ്ണും സ്വതന്ത്രമാകുമെന്നും അന്ന് വീര ചരിത്രം എഴുതിയ പോരാളികളുടെ കൂടെ തന്റെ പേരും ചേർക്കപെടും എന്ന സുന്ദര സ്വപ്നമാണ് വെറും കൌമാരക്കരിയായിരുന്ന പദ്മയെ ആ പാതകത്തിന് പ്രേരിപ്പിച്ചത്.  പദ്മയാണ് അടുത്ത പദ്ധതി നടപ്പിലാക്കേണ്ടത് എന്ന സന്ദേശം കിട്ടിയ നാൾ മുതൽ മനസുകൊണ്ട് മരിക്കാൻ തയ്യാറെടുക്കയായിരുന്നു. സാധാരണ ഈലം നടത്തുന്ന ചാവേർ ആക്രമണങ്ങളിൽ നിന്നും വിഭിന്നമായ ഒരു പ്ലോട്ട് അവതരിപ്പിച്ചു കാണിച്ചപ്പോഴാണ് സമാധാനം ആകുന്നത് എങ്കിലും ഒരു ചെറിയ ഭയം   എവിടെങ്കിലും ഒരു ചുവടു പിഴച്ചാൽ നെഞ്ചിലെ ലോക്കാറ്റിലുള്ള സയനൈഡ് കുപ്പി കടിച്ചു പൊട്ടിക്കുക അതാണ്‌ മുകളിൽ നിന്നും കിട്ടിയ നിർദേശം.  ഭംഗിയുള്ള പൂക്കൾ നിറച്ച സഞ്ചിയിൽ അതി പ്രഹര ശേഷിയുള്ള ബോംബുമായി തിരക്കുള്ള സെൻട്രൽ ബസ്‌ സ്റെഷനിൽ എത്തുക ബാഗ് ആരുമറിയാതെ ഉപേക്ഷിച്ചു മടങ്ങുക. കുട്ടിത്തം വിട്ടുമാറാത്ത പദ്മയുടെ മുഖം ഒന്ന് മാത്രമാണ് ആ ഒപേറെഷൻ നടത്താൻ പദ്മയെ നിയോഗിച്ചതിനു പിന്നിലെ പുലി ബുദ്ധി .

അന്നൊരു വെള്ളിയാഴ്ചയായിരുന്നു വൈശാഗിയുടെ വാരാന്ത്യത്തിലേക്ക് വഴുതാൻ വെമ്പൽ കൊണ്ട് വലിയ തിരക്കിലേയ്ക്ക് നഗരം പോകെ പോകെയാണ് തമിൾ മക്കളുടെ സ്വാതന്ത്ര്യം തേടി തലയിൽ മുല്ലപ്പൂവും  ഒരു കൊച്ചു കൂടയിൽ നിറയെ വർണ്ണ പൂക്കളുമായി  പദ്മ എന്ന പദ്മിനി സെൽവൻ   പാൽ പുഞ്ചിരിയും തൂകി സെൻട്രൽ ബസ്‌  സ്റ്റെഷൻ പരിസരത്തു എത്തുന്നത്. ആർക്കും സംശയത്തിന് ഇട നൽകാതെ ബസ്‌ കാത്തിരിക്കുന്നവരുടെ ഇടയിൽ നമ്ര മുഖിയായി സ്ഥാനം പിടിച്ച ശേഷം  കൈയ്യിലിരുന്ന പൂക്കൂട  പതിയെ കസേരയുടെ താഴേയ്ക്ക് നീക്കി വെച്ചു. ഏതു നിമിഷവും ഇത് പൊട്ടിത്തെറിക്കും അനേകം പേർ മരിക്കും അവരിൽ ഒരുവളായി ഞാനും ഈലത്തിനു വേണ്ടി ജീവൻ നൽകിയാലോ, വേണ്ടാ ഇനിയും ഇനിയും ഒരു പാട് ദൂരം ഈലത്തിനു വേണ്ടി പൊരുതാൻ ഞാൻ ഉണ്ടാവണം . ആരും തന്നെ ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടപ്പോൾ പതിയെ എഴുന്നേറ്റു മുന്നിലേയ്ക്ക് നടന്നു . ആരെങ്കിലും പിൻവിളി വിളിച്ചു പൂക്കൂട എടുക്കാൻ പറഞ്ഞാൽ, ഒരു പിൻ വിളിയും കാതോർത്ത് പദ്മ മുന്നിലേയ്ക്ക് നടന്നു. ഇല്ല ആരും പിറകെ വിളിച്ചില്ല തന്റെ യാത്രാ നീളുകയാണ് ജീവനും, ഒരു അഞ്ചു മിനിട്ട് മുൻപോട്ടു നടന്നതും പുറകിൽ നിന്നൊരു ഭയാനക ശബ്ദം,  ഞെട്ടിയില്ല  കൂട്ട കരച്ചിൽ , പരിഭ്രാന്തരായ ആളുകൾ എങ്ങോട്ടെന്നില്ലാതെ പരക്കം പായുന്നു പദ്മ ഒന്ന് തിരഞ്ഞു നിന്നു മനസ് കല്ല്‌ പോലെ ദൃഡമായിരിക്കുന്നു. അൻപുക്കു അൻപാന തമിൾ വാഴ്ക, ഈലം വാഴ്ക, അറുപത്തിയെട്ടു മൃതദേഹങ്ങൾക്കും കൂട്ട കരച്ചിലുകൾക്കും അപ്പുറം താനും സ്വാതന്ത്ര്യ പോരാട്ടത്തിൽ പങ്കാളിയായിരിക്കുന്നു എന്ന സന്തോഷത്തിൽ പദ്മ മുന്നോട്ടു നടന്നു.

ഈലം മുൻകൈ എടുത്താണ് കാളിയപ്പനുമായി വിവാഹം നടത്തുന്നത് കാളിയപ്പൻ മദ്രാസിൽ പോയി ബിരുദം നേടിയ ആളാണ്‌. പൊട്ടു അമ്മൻ എന്ന ഷണ്മുഖ ലിംഗം ശിവശങ്കരന്റെ പേർസണൽ സെക്രട്ടറി ആയിരുന്നു കാളിയപ്പൻ .പൊട്ടു അമ്മൻ ഈലം വിട്ടു ഒളിച്ചോടാൻ തീരുമാനിച്ച വിവരം അറിയാമായിരുന്നിട്ടും വേണ്ടപെട്ടവരെ അറിയിച്ചില്ല എന്ന കാരണത്താൽ കാളിയപ്പൻ ഈലത്തിന്റെ എല്ലാ ചുമതലകളിൽ നിന്നും ഒഴിവാക്കപെട്ടു. പൊട്ടു അമ്മൻ നീട്ടിയ പ്രവാസം എന്ന സുഖവാസം ഈലത്തിന്റെ നന്മയെക്കരുതി വേണ്ടെന്നു വെച്ച കാളിയപ്പന് പിന്നെ ഏകാന്ത വാസമായിരുന്നു ട്രിങ്കൊമാലിയിലെ കുഞ്ഞു ഭവനത്തിൽ പദ്മയും മകൻ തമിൾ സെൽവനുമായി ഒറ്റപെട്ട ജീവിതം നയിക്കുമ്പോഴും എന്നെങ്കിലും തമിൾ മണ്ണ് സിംഹള ആധിപത്യത്തിൽ നിന്നും മോചിതമാകുമെന്നു കാളിയപ്പൻ  സ്വപ്നം കണ്ടിരുന്നു. ലങ്കയിൽ അധികാര കൈമാറ്റവും പുലി പാളയത്തിൽ കരുണയുടെ നേതൃത്തത്തിൽ പാളയത്തിൽ പടയും തുടങ്ങിയതോടെ ഈലം എന്ന ആശയം എങ്ങോ അസ്തമിക്കാൻ വെമ്പുന്ന സ്വപ്നമായി. രാജപക്സെയുടെ പട്ടാളം നിർ ദാക്ഷിണ്യം പുലി മടകൾ നിർവീര്യമാക്കി ജാഫ്നയും റ്റ്രിങ്കൊമാലിയും കടന്നു സൈന്യം പ്രഭാകരനെ വധിച്ചിരിക്കുന്നു ഇനിയൊരു ചെറുത്തു നിൽപ്പിനു പോലും ബാല്യമില്ലാത്ത വിധം തമിൾ പുലികൾ പിഴുതെറിയപെട്ടിരിക്കുന്നു . തമിൾ വീടുകളിൽ ലങ്കൻ സേന സംഹാര താണ്ടവം തുടങ്ങിയിരിക്കുന്നു ഈലവുമായി വിദൂര ബന്ധം ആരോപിച്ചു പോലും കൊടിയ പീഡനങ്ങളിൽ പൊറുതി മുട്ടിയപ്പോഴാണ്‌ കാളിയപ്പൻ രമേശ്വരത്തോട്ടു കുടുംബ സമേതം ബോട്ട് കയറുന്നത്.

അരാജകത്വത്തിന്റെ ലങ്കയിൽ നിന്നും സ്വന്തം മണ്ണിലേയ്ക്കുള്ള പറിച്ചു നടലായിരുന്നു കാളിയപ്പനും കുടുംബത്തിനും രമേശ്വരത്തോട്ടുള്ള കൂടുമാറ്റം. പദ്മയും കൊച്ചു തമിൾ സെൽവനും പറുദീസയിൽ എത്തിയ സന്തോഷത്തിലായിരുന്നു. ആ സന്തോഷത്തിനു ആക്കം കൂട്ടി കുഞ്ഞു ലക്ഷ്മി കൂടി കുടുംബത്തിൽ വന്നു പിറന്നു . ലക്ഷ്മി മോൾ ആദ്യാക്ഷരം ചൊല്ലി തുടങ്ങിയ നാൾ മുതൽ വ്യതിരക്തമായശബ്ദത്തിൽ എന്തൊക്കയോ പുലമ്പുന്നു എന്നതു ഞങ്ങൾക്ക് അതിശയമായിരുന്നു പിന്നെ പിന്നെ ആ ചൊല്ലലുകൾക്ക് വ്യക്തത വന്നു. തമിൾ മാത്രം സംസാരിക്കുന്ന  കാളിയപ്പനും പദ്മയ്ക്കും സിംഹള സംസാരിക്കുന്ന മകൾ. പല തവണ ചൊല്ലി പഠിപ്പിച്ചിട്ടും ലക്ഷ്മി തമിളിനോടൊപ്പം സിംഹളയും സംസാരിച്ചു തുടങ്ങി ഡോക്ടറെ കാണിച്ചപ്പോൾ കുറച്ചു കൂടി നന്നായി സംസാരിക്കാൻ തുടങ്ങുമ്പോൾ അത് മാറികൊള്ളും എന്ന ഉപദേശമാണ് കിട്ടിയത് എങ്കിലും ഇത്ര കൃത്യമായി സിംഹള വെറും രണ്ടര വയസുള്ള കുട്ടി എങ്ങനെ മനപാഠം ആക്കി. ഒരു ദിവസം ലക്ഷ്മിമോൾ ഇങ്ങനെ പറഞ്ഞു തുടങ്ങി "ഞാൻ അമ്മ കൊന്ന ദയവതിയാണ് കൊളംബോയ്ക്കടുത്ത് ബട്ടരമുള്ള ഗ്രാമത്തിലെ ഗ്രാമ മുഖ്യന്റെ മകളായ ദയവതിയാണ് ഞാൻ  അന്ന് നടന്ന ബസ്‌ സ്ഫോടനത്തിൽ ചിന്നി ചിതറിയ ദേഹങ്ങളിൽ ഒന്ന് ഞാനായിരുന്നു." നാവുറയ്ക്കാത്ത ലക്ഷ്മിയുടെ വെളിപ്പെടുത്തലുകളിൽ പദ്മ പേടി കൊണ്ട് വിറച്ചു. പുനർജ്ജന്മം എന്നൊക്കെ കഥകളിൽ വായിച്ചിട്ടുണ്ട് എന്നാൽ ഇങ്ങനൊ ഒന്ന് തന്റെ വയറ്റിൽ പിറന്ന കുഞ്ഞു തന്നെ, പദ്മയ്ക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. കാളിയപ്പൻ ശ്രിലങ്കയിലുള്ള സുഹൃത്ത്ക്കളെ വിളിച്ചു ലക്ഷ്മി മോൾ പറഞ്ഞ അടയാളങ്ങൾ ഉള്ള ആരെങ്കിലും അന്ന് ബസ്‌ സ്ഫോടനത്തിൽ കൊല്ലപെട്ടിടുണ്ടോ എന്ന് അന്വേഷിച്ചു. കിട്ടിയ ഉത്തരം ഞെട്ടിപ്പിക്കുന്നതായിരുന്നു അവൾ പറഞ്ഞത് വള്ളി പുള്ളി വിടാതെ സത്യമാണ്. അങ്ങനെ ഒരു സ്ത്രീ അന്ന് കൊല്ലപെട്ടിരുന്നു കൊല്ലപെടുമ്പോൾ അവരും ഗർഭിണി ആയിരുന്നു . കാളിയപ്പനും പദ്മയും പരസ്പരം സംസാരിക്കാൻ പോലും കഴിയുന്നില്ല ലക്ഷ്മിക്ക് സിംഹള ഭാവം എപ്പോൾ വരുമെന്ന് പറയാൻ സാധിക്കില്ല വരുമ്പോൾ ആ കുഞ്ഞു മുഖത്തേയ്ക്കു നോക്കാൻ തന്നെ ഭയമാണ്.ബാധ ഒഴിപ്പിക്കാൻ കാളിയപ്പനും പദ്മയും നേരാത്ത നേർച്ചകളോചെയ്യാത്ത പൂജകളോ ഇല്ല. അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു  വസന്ത പൌർണമിയും അമാവാസിയും ഒരുമിച്ച വെള്ളിയാഴ്ച അന്ന് പദ്മയൊരു സ്വപ്നം കണ്ടു ഏഴു വർണങ്ങളുള്ള ഒരു പൂക്കുടയുമായി നടന്നടുക്കുന്ന സുന്ദരി പെണ്ണ് പതിയെ നടന്നു വന്നു തന്റെ കട്ടിലിനു അരികിൽ ഇരിക്കുന്നു നല്ല ശ്രീലങ്കൻ തമിഴിൽ സംസാരിച്ചു  തുടങ്ങിയ യുവതി ക്ഷണ നേരം കൊണ്ടൊരു തീഗോളമായി മാറുന്നു പദ്മ പേടിച്ചു നിലവിളിച്ചു കൊണ്ട് ഉണർന്നു. പദ്മയുടെ നിലവിളികേട്ട് ഉണർന്ന ലക്ഷ്മി പച്ചരി പല്ലുള്ള മോണകാട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു ഭയപെട വേണ്ട അമ്മാ ദയവതി അക്കാ പോയാച്ച് ഇനി മേ നീങ്ക  നിമ്മതിയാ തൂങ്കമ്മാ ......

Tuesday, 8 September 2015

എന്റെ സൈബർ സഞ്ചാരങ്ങൾയാഹൂ മെസ്സഞ്ചറിലെ  ചാറ്റിങ്ങിലായിരുന്നു എന്റെ സൈബർ അക്ഷരപിച്ച
ചാറ്റും ചീറ്റും ശീൽക്കാരവും കൊണ്ട് തരളിതമായിരുന്ന കൌമാരം
ഗൂഗിൾ ടോക്കിലെ  അനോണിമസ് ഐഡിയിൽ നിന്നാണ് ഞാൻ
ഹരിപ്രീയ പാട്ടീൽ എന്ന ഗോസായി പെണ്ണിനോട് ചങ്ങാത്തം കൂടുന്നത്
പ്രേമമെന്ന വികാരം സാർവ്വ ദേശിയമാണെന്നും അതിനു മതിലുകൾ ഇല്ലെന്നും
ലുങ്കി മലയാളിയായെ എന്നെ ഹരിപ്രീയ പാട്ടിൽ പറഞ്ഞു പാട്ടിലക്കിയത്
വെബ്‌ കാം എന്ന സാധനം അവളുടെ വീട്ടിൽ വരുന്ന ദിവസം വരെ മാത്രമായിരുന്നു
ഞങ്ങളുടെ പരിശുദ്ധ പ്രേമത്തിന്റെ ആയുസ് , പപ്പനാവേട്ടന്റെ
പാവൽ പാടത്തിലെ പേക്കോലം പോലൊരു പാട്ടീല് കുട്ടി
പേടിച്ചരണ്ട ഞാൻ പിന്നെ പതിനാലു കഴിഞ്ഞാണ് കംപ്യുട്ടർ തുറന്നത്


കേരള കഫെയിലെ കമ്പി ചാറ്റിങ്ങിലേയ്ക്കായിരുന്നു പിന്നെ എന്റെ ചുവടു മാറ്റം
മുല കുടിയന്മാരായ തെറിച്ച പിള്ളേരുടെ വായ്മൊഴി കേൾക്കാൻ
പലവുരു ഞാൻ ബ്രഹന്നളയും മോഹിനിയുമായി പരകായ പ്രവേശം നടത്തി
ചൂടൻ ചർച്ചകളിൽ വിയർത്തും വിസർജ്ജിച്ചും വിവശനായി
മുഖമില്ലാത്ത സ്വപ്‌നങ്ങൾ കൊടുത്ത്  ഞാൻ പല വിടന്മാരെയും വിവശനാക്കി

വാരികകൾ തിരിച്ചയച്ച കൃതികളെ നോക്കി വ്യകുലനായി ഇരിക്കുമ്പോഴാണ്
ഞാൻ ബ്ലോഗുകളെ കുറിച്ച് കേട്ടത്, ഭഗ്നാശരായ കലാകാരന്മാരുടെ
കഥകളും കവിതകളും എന്ന് വേണ്ട എല്ലാ ചവറും അതിൽ പ്രസിദ്ധീകരിക്കമാത്രേ
കട്ടേം പടോം മടക്കിയിരുന്ന എന്നിലെ കലാകാരൻ സട കുടഞ്ഞെഴുനേറ്റു
കഥയായി കവിതയായി ലോകത്തുള്ള സകലമാന വിഷയങ്ങളും
തൂലിക തുമ്പിലൂടെ വിരിഞ്ഞിറങ്ങി , കമന്റ്റുകളുടെ വരിനായി
കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരുന്നിട്ടും കാണാതായപ്പോൾ
ഒന്നു രണ്ടു വ്യാജ പ്രൊഫൈലുകൾ സൃഷ്ട്ടിച്ചു ഞാൻ തന്നെ കമണ്ടറൂമായി

ഓർകൂട്ട് ഒരു ചേലുള്ള കൂട് തന്നെ ആയിരുന്നു നിറങ്ങൾ ചാലിച്ച
നിറയെ ഓർമകളുടെ സുഗന്ധവുമായെത്തിയ സ്നേഹകൂട്
ആ കൂട്ടിൽ ഞാൻ പഴയ പുസ്തക താളുകളിൽ എവിടെയോ മറന്ന
ഒരു പാട് മയിൽ പീലി തുണ്ടുകളെ കണ്ടെത്തി
ടെസ്റ്റിമോണിയലുകളും പടം പിടുത്തവുമായി ഒന്ന് ഇണങ്ങി
വരുമ്പോളാണ് ഗൂഗിളിന്റെ ആ ബസ്‌ വരുന്നത്
പറയാനുള്ളത് ക്യാപ്സൂൾ പരുവത്തിൽ ബസിൽ പറയാം
ബുദ്ധി ജീവികളുടെ ആധിക്യം കൊണ്ടും
ബുദ്ധിപരമായി വലുതായി എഴുതാൻ കഴിയാത്തതിനാലും
വഴിയിൽ എവിടെ വെച്ചോ ഞാൻ  ബസിൽ നിന്നും ഇറങ്ങി .
അധികം ദൂരം ഓടാതെ തന്നെ ബസിനു സഡൻ ബ്രേയ്ക്കും വീണു .

ശശിയണ്ണൻ സുനന്തേച്ചിയെ കെട്ടാൻ കൊതി മൂത്ത്  നടക്കണ കാലത്താണ്
ആദ്യമായി ഞാൻ ട്വിട്ടെറിനെപറ്റി കേൾക്കണത്
അമേരിക്കയിലെല്ലാം ട്വിട്ടെരിൽ കൂടിയാണത്രേ
മുള്ളിയാൽ ട്വീറ്റ് തൂറിയാൽ ട്വീറ്റ് ട്വീട്ടോട് ട്വീറ്റ്
കുറയാൻ പാടില്ലല്ലോ എന്ന് കരുതി ഞാനും ട്വീട്ടി
രണ്ടു മൂന്ന് ഘടാ ഘടിയൻ ട്വീട്ടുകൾ

സക്കർ ബർഗ് എന്ന താന്തോന്നി പയ്യൻ തുടങ്ങിയ ഫേസ് ബുക്ക്‌
യുറോപ് കടന്നു പതിയെ പതിയെ ഏഷ്യയിൽ ചുവടുറപ്പിച്ച
ആദ്യ ഘട്ടത്തിൽ തന്നെ എടുത്തു അതിലും ഒരു നെടുവിരിയൻ അക്കൗണ്ട്‌
നാർസിസം മൂത്ത വേളയിലൊക്കെ സ്വന്തം പ്രതിബിംബം കാണാൻ
വേമ്പനാട്ടു കായലിനെയും മുറി കണ്ണാടിയെയും ആശ്രയിച്ചിരുന്ന ഞാൻ
ചാഞ്ഞും ചരിഞ്ഞും ചിരിച്ചും ചിരിക്കാതെയും ഫോട്ടം പിടിചിട്ടിട്ട്
നാട്ടുകാരുടെ ലൈകിനു വേണ്ടി കമ്പ്യുട്ടറിനു മുന്നിൽ  ഇമവെട്ടാതെ കുത്തിയിരുന്നു

സരിത ചേച്ചിയുടെ ക്ലിപുകൾ തരംഗ മായ നേരത്താണ് വാട്സ് അപ്പില്ലത്തത്
ഒരു കുറവായി അനുഭവപ്പെടാൻ തുടങ്ങിയത്
അഞ്ചും ആറും എട്ടും ക്ലിപ്പുകൾ കണ്ടവർ നീയ് കണ്ടോ മുത്തെ എന്ന്
മുഖത്ത് നോക്കി ചോദിച്ചു തുടങ്ങിയപ്പോഴാണ്
സ്മാർട്ട്‌ ഫോണ്‍ ഒന്ന് വാങ്ങിയെ മതിയാകൂ എന്ന് തീരുമാനിച്ചത് .

ഇപ്പോൾ ഞാൻ അത്യന്താധുനീകൻ ആയിക്കഴിഞ്ഞിരിക്കുന്നു
എനിക്ക് ഫേസ് ബൂക്കുണ്ട് ,വാട്സ് ആപ്പുണ്ട് ട്വിട്ടരുണ്ട്
വീ ചാറ്റ് ഉണ്ട് ഐ എം ഓ യുണ്ട് ലിങ്കിടിനുണ്ട്
ഒരു ദിവസം ഒരു പോസ്റ്റെങ്കിലും ഇട്ടില്ലങ്കിൽ
എന്റെ ആരാധകർ അസ്വസ്ഥരാകും
അവരെ എനിക്ക് തൃപ്തിപ്പെടുത്തിയെ മതിയാവു
നാല് പേരെ ഒരുമിച്ചു മുന്നിൽ കണ്ടാൽ എന്റെ
മുട്ടുകൾ കൂട്ടി ഇടിയ്ക്കുമേങ്കിലും സോഷ്യൽ മീഡിയയിൽ
ഞാൻ ഒരു സംഭവമാണ് വെറും സംഭവമല്ല ഒരു മഹാ പ്രസ്ഥാനം
ഗറില്ല യുദ്ധമാണ് എന്റെ തൊഴിൽ, താന്തിയ തൊപ്പിയാണെന്റെ ഗുരു
എന്നെ വിടൂ .. എനിക്ക് ഫേസ് ബുക്കിൽ പോസ്റ്റിടാൻ നേരമായി .....
Sunday, 16 August 2015

ഊഷര ഭൂമി കാത്തിരിക്കുന്നു അഭിനവ ഋഷ്യശ്രുഗന്റെ വരവിനായി


മുപ്പതു ലക്ഷത്തോളം ഇന്ത്യക്കാരുടെ ആശയും ആശ്രയവുമായ എമറാത്തിന്റെ മണ്ണിലേയ്ക്കു ഒരിക്കലും വരില്ല എന്ന് നിനച്ച ഒരു വ്യക്തി കടന്നു വരുകയാണ് ഒരു പത്തു കൊല്ലം മുൻപ് ഈ പേര് കേൾക്കുന്നത് പോലും അറപ്പും വെറുപ്പും അവജ്ഞയും ആയിരുന്ന ഭൂരിപക്ഷം ഇന്ത്യക്കാർ തിങ്ങി പാർക്കുന്ന ഒരു നാട് എന്ന നിലയിൽ ഒരാളും പ്രതീക്ഷിക്കാത്ത ഒരു സന്ദർശനമാണ് ഇന്നും നാളെയുമായി അബു ദാബിയിലും ദുബയിലുമായി നടക്കാൻ പോകുന്നത്. ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ കാണാൻ കഴിയുന്ന നാട്ടിൽ , നാട്ടിലെ ഏതൊരു ഹതാശന്റെയും സ്വപ്നഭൂമിയാണ്‌ ഇന്നും ഗൾഫ്‌ അതിൽ വിശിഷ്യ ദുബൈക്ക് പ്രഥമ സ്ഥാനം നല്കപെട്ടു പോരുന്നു. നാട്ടിലെ ഏതൊരു തോഴിലന്വേഷിയോടും ജോലി ചെയ്യാൻ ഇഷ്ടമുള്ള വിദേശ നഗരം ഏതെന്നു ചോദിച്ചാൽ ദുബൈ എന്നാവും ഉത്തരം അത്രമേൽ ഈ നാടും അതിന്റെ സംസ്കാരവും നമ്മൾ  സ്നേഹിക്കുന്നു എന്നതിന് വേറെ തെളിവ് തേടേണ്ട ആവശ്യം ഇല്ല.

ഏകീകൃത എമിരേറ്റുകൾ   രൂപികൃതമായ കാലം തൊട്ടു അവർക്ക് എന്നും പ്രിയപ്പെട്ട ജനത ഇന്ത്യക്കാരായിരുന്നു . വിശ്വാസത്തിലും കാര്യപ്രാപ്തിയിലും നമ്മൾ കാണിച്ച ആത്മാർത്ഥത തിരിച്ചും നമുക്ക് പത്തും നൂറും മടങ്ങുകളായി തിരികെ തന്നതിന്റെ പരിണിത ഫലമാണ്  ചെറിയ തോതിലെങ്കിലും ഇന്ത്യയിലെ കേരളം പോലെയുള്ള സംസ്ഥാനങ്ങളുടെ സാമ്പത്തീക പുരോഗതിയുടെ  നിദാനം തന്നെ . എന്നും നമ്മളെ സ്നേഹിച്ച ഭരണാധികാരികളെ എമാരത് രൂപികൃതമായ കാലം തൊട്ടു ഉണ്ടായിട്ടുള്ളൂ എന്നതും എടുത്തു പറയേണ്ട വസ്തുതയാണ്. വിവിധ സംസ്കാരകങ്ങളും വിവിധ ഭാഷകളും ഒരുമിച്ചു ഒരു കുടകീഴിൽ  ഇത്രയേറെ മത സൌഹര്ദ്ധത്തോടും സഹോദര്യത്തോടും സമാധാനത്തോടും ഒരു രാജ്യത്ത് വസിക്കാൻ കഴിയുന്നു എന്നത് തന്നെ ഇവിടുത്തെ ഭരണാധികാരികളുടെ മഹത്വം വിളിച്ചോതുന്നു. അങ്ങനെ സകലരെയും സർവാത്മനാ സ്വീകരിക്കുന്ന ഒരു രാജ്യത്ത് വന്നു ഇന്ത്യൻ പ്രധാനമന്ത്രിക്ക് സ്വന്തം ജനതതിക്കു വേണ്ടി എന്തൊക്കെ ചെയ്യാൻ കഴിയും എന്ന് മുപ്പതുലക്ഷം അല്ല ലോകമെമ്പാടുമുള്ള പ്രവാസികളും അവരുടെ കുടുംബങ്ങളും ഉറ്റു നോക്കുകയാണ് .

നരേന്ദ്ര ദാമോദർ ദാസ് മോഡി എന്ന വ്യക്തി ഇന്ത്യൻ ജനതയുടെ ഹൃദയങ്ങളിൽ ചുരുങ്ങിയ കാലം കൊണ്ട് കുടിയേറപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്നതു വാസ്തവമാണ് പഴയ ഭീകര മുഖം നന്നായി കഴുകി മിനുക്കി പുതിയ അവതാരത്തിലെയ്ക്കുള്ള പരകായ പ്രവേശം വളരെ ഭംഗിയായി തന്നെ മോഡിയും അദ്ദേഹത്തിന്റെ പബ്ലിക്‌ റിലേഷൻ ടീമും നടത്തികഴിഞ്ഞു . കഴിഞ്ഞ ഒരു കൊല്ലം ജനഹൃദയങ്ങളിൽ സ്വപനത്തിന്റെ വിതക്കാലമായിരുന്നു ആദ്യം മോഹനവാഗ്ദാനം എന്ന കലപ്പകൊണ്ട് പതിയെ ഉഴുതു മെതിച്ചു സ്വപനത്തിന്റെ വിത്തുകൾ പാകിയിരിക്കുകയാണ് ഇത് വിളഞ്ഞു നൂറും അറുപതും മേനി ഫലം പുറപ്പെടുവിച്ചാൽ മോഡി ജനഹൃദയങ്ങളിൽ ചിര പ്രതിഷ്ട്ട നേടും. പാകിയ വിത്തുകൾക്ക് വളവും വെള്ളവും  തേടിയാണ് മോഡിയുടെ വിദേശ യാത്രകൾ ഓരോന്നും.ഇന്ത്യൻ ജന ഹൃദയങ്ങളിൽ മോഡി വിതച്ച പ്രതീക്ഷയുടെ നാംബുകൾക്ക് കരുത്തു പകരാൻ ആണ് ഈ യാത്രകളെങ്കിൽ ഓരോ ഇന്ത്യക്കാരനും അങ്ങയെ സഹർഷം സ്വാഗതം ചെയ്യുന്നു.

മൂന്ന് പതിറ്റാണ്ടിനു ശേഷമാണ്  യു എ യിലെ പ്രവാസികളെ  ഒരു ഇന്ത്യൻ പ്രധാനമന്ത്രി സന്ദർശിക്കുന്നത് ഏറെ പ്രതീക്ഷയോടെയാണ് അങ്ങയുടെ വരവിനെ  ഞങ്ങൾ നോക്കി കാണുന്നത് . നാട്ടിൽ ജീവിക്കുന്നതിനേക്കാൾ മെച്ചപെട്ട ഒരു ജീവിത സാഹചര്യം തേടിയാണല്ലോ ഓരോ പ്രവാസവും ആരംഭിക്കുന്നത് അങ്ങനയിരിക്കെ നാട് തന്നെ മെച്ചപെട്ട അവസ്ഥയിൽ എത്തിയാൽ ഞങ്ങളുടെ പ്രവാസവും അസ്തമിക്കും അങ്ങ് നല്കിയ സ്വപ്നം ഞങ്ങളുടെ പ്രവാസഭൂമികയിൽ നിന്നുള്ള തിരിച്ചു വരവാണ്, അതിനായി അങ്ങ് നടത്തുന്ന ഏതു പദ്ധതിയും കൈ മെയ് മറന്നു പ്രോത്സാഹിപ്പിക്കാനും സഹകരിക്കാനും പ്രവാസികളായ ഞങ്ങൾ മുന്നിൽ ഉണ്ടാവും. ഇന്ദിര ഗാന്ധിക്ക് ശേഷം ഇഛാ ശക്തിയുള്ള വിശ്വാസമുള്ള കരങ്ങളിൽ ഇന്ത്യ എത്തപെട്ടു എന്ന ബോധ്യം ജനങ്ങൾക്കുണ്ടായി തുടങ്ങിയിട്ടുള്ളത് അങ്ങ് അധികാരമേറ്റതു മുതലാണ്‌ വർഗീയ സംഘർഷങ്ങളും  അനവസരത്തിലുള്ള പ്രസ്താവനകളും വഴി വെറുപ്പിന്റെ വ്യാപാരം നടത്തുന്നവരെ തടയാൻ കഴിഞ്ഞില്ല എങ്കിൽ വികസനവും സമാധാനവും നമുക്ക് മരീചിക മാത്രമാവും.

നാളെ ജന സഹസ്രങ്ങൾ അങ്ങയെ കാണാൻ അങ്ങയുടെ വാക്ക് കേൾക്കാൻ മരുഭൂമിയുടെ വിരിമാറിൽ തടിച്ചു കൂടും ഞങ്ങൾക്ക് പ്രതീക്ഷയുണ്ട് ഞങ്ങളുടെ സ്വപ്നങ്ങള്ക്ക് ചിറകു വിരിപ്പിക്കാൻ അങ്ങേയ്ക്ക് കഴിയുമെന്ന്. ഞങ്ങളുടെ പ്രവാസത്തിനു അന്ത്യം കുറിക്കാൻ അങ്ങയുടെ കരങ്ങൾക്ക് ശക്തിയുണ്ടെന്ന്, ചരിത്രം ചിലതൊക്കെ ചവറ്റുകൊട്ടയിൽ എറിഞ്ഞിട്ടുണ്ട്  താങ്കളുടെ ഭൂതകാലവും ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലെയ്ക്കു എറിയപ്പെടും. ഒരു നാൾ, നമ്മുടെ  ഇന്ത്യ ലോക രാജ്യങ്ങളിൽ വെച്ച് മുൻപന്തിയിൽ നിൽക്കുന്ന രാജ്യമായി തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന ആ ദിവസം . വരൂ ഊഷരമായിരുന്ന മണ്ണിനെ സ്വപ്നങ്ങളുടെ പറൂദീസയാക്കിയ നാട്ടിലേയ്ക്ക് ,അലാവുദീന്റെ അത്ഭുത വിളക്കിനെ അന്വർത്വമാക്കിയ അംബര ചുംബികളുടെ നാട്ടിലേയ്ക്ക് പ്രത്യുതാ അങ്ങയുടെ ജനം രണ്ടാമതൊന്നു ചിന്തിക്കാതെ ജീവിക്കാൻ തിരഞ്ഞെടുക്കുന്ന മരുഭൂമിയുടെ മരുപച്ചയിലെയ്ക്ക് .......

Thursday, 6 August 2015

ഗുന്തർ പ്രാഷേ എന്ന ഞാൻ മോണിക്ക സെലസ് എന്ന സ്ത്രീയ്ക്കെഴുതുന്ന മാപ്പപേക്ഷ


എങ്ങനെ മാപ്പ് പറയണമെന്നോ എന്ത് പറഞ്ഞു തുടങ്ങണമെന്നോ എനിക്കറിയില്ല മോണിക്ക ഞാൻ തെറ്റ് ചെയ്തു ഗുരുതരമായ തെറ്റ് . വിഭ്രാന്തിയുടെ മൂർധന്യത്തിൽ തീവ്ര ആരാധന എന്ന ലഹരിയുടെ പിടിയിലായിരുന്നു ഞാൻ . സ്റ്റെഫി എനിക്ക് ജീവനായിരുന്നു ടെന്നിസിനെ പ്രണയിച്ച കാലം മുതൽ ഹൃദയത്തിലേറ്റിയ രൂപം സ്റ്റെഫി മാത്രമായിരുന്നു സ്റ്റുട്ട്ഗാർട്ടിലെ മൈതാനങ്ങളിൽ വെച്ച് ഞാൻ ഹൃദയത്തിൽ കോറിയിട്ട നീണ്ടു മെലിഞ്ഞ ആ 13 കാരിയിൽ നിന്നാണ് ഞാൻ ടെന്നിസിനെ പ്രണയിച്ചു തുടങ്ങിയത് എന്റെ പ്രണയം ടെന്നിസിനോടോ സ്റെഫിയോടോ എന്ന് വിവേചിച്ചറിയാൻ കഴിയാത്ത വിധം അപകടകരമാകുന്നത് ഞാൻ അറിഞ്ഞിരുന്നില്ല. മൈതാനങ്ങളിൽ നിന്നും മൈതാനങ്ങളിലെയ്ക്ക് വിജയ കിരിടത്തിന്റെ ശീതളിമയിൽ അവൾ മുന്നേറുമ്പോൾ ഒരു നിഴലുപോലെ ഞാൻ സ്റ്റെഡിയത്തിന്റെ കോണിൽ എവിടെയെക്കയോ ഇരുന്നു കൊണ്ട് നിർവൃതി അടയാറുണ്ടായിരുന്നു. എന്റെ ദിന രാത്രങ്ങളുടെ ജീവിതത്തിന്റെ തന്നെ സുര്യനായിരുന്നു സ്റ്റെഫി അവളുടെ ഓർമകളിൽ മാത്രമായിരുന്നു ഞാൻ ഉണരുന്നതും ഉറങ്ങുന്നതും അവളുടെ ഓരോ വിജയവും എനിക്ക് നല്കുന്ന ലഹരി അത് മാത്രമായിരുന്നു എന്റെ ആനന്ദം. അവൾ നേടിയ 22 ഗ്രാൻഡ്‌ സ്ലാം വിജങ്ങളിൽ അവളെക്കാൾ ഏറെ ഈ ഭൂമുഖത്ത് സന്തോഷിച്ചിട്ടുള്ള ഒരേ ഒരാൾ ഞാൻ മാത്രമായിരുന്നിരിക്കണം. നിങ്ങൾ ഒരു പക്ഷെ ചിരിക്കുമായിരിക്കാം എന്നാൽ ഒന്ന് കൂടി ഞാൻ പറയാം എന്റെ എന്ത് കാര്യവും തുടങ്ങുന്നതിനു മുൻപ് ഞാൻ സ്റ്റെഫിയൊടു അനുവാദം ചോദിക്കുമായിരുന്നു നൂറു വാര അകലെ നിന്നും മാത്രം കണ്ടിട്ടുള്ള എന്റെ വീര വനിതയോട് ഒന്ന് മിണ്ടുക പോലും ചെയ്യാത്ത ഞാൻ എങ്ങനെ അനുവാദം ചോദിച്ചു എന്ന് നിങ്ങൾ ശങ്കിക്കുന്നുണ്ടാവും എന്റെ വീട് നിങ്ങൾ ഒന്ന് കാണേണ്ടിയിരുന്നു അവിടെ എനിക്ക് ദൈവങ്ങളിൽ ഇല്ലായിരുന്നു പകരം എന്റെ പൂജാമുറിയും കിടക്കറയും എന്തിനേറെ കുളിമുറിയിൽ വരെ സ്റ്റെഫി മാത്രമായിരുന്നു. പലവേള ഈ കിറുക്കിന് ഞാൻ വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ട് എങ്കിലും എനിക്ക് തെല്ലും പശ്ചാത്താപം ഇല്ലായിരുന്നു പക്ഷെ മോണിക്കാ ഇപ്പോൾ ഞാൻ ആത്മാർഥമായും ഖേദിക്കുന്നു.

മറ്റെന്തും എനിക്ക് സഹിക്കാമായിരുന്നു എന്നാൽ സ്റെഫിയുടെ തോൽവി എന്റെ നിയന്ത്രണങ്ങളെ തോൽപ്പിക്കുന്നവയായിരുന്നു അന്ന് ഓസ്ട്രെലിയൻ ഒപണിൽ 6 - 4 നു മുന്നിട്ടു നിന്ന ശേഷം കേവലം കൌമാരക്കാരിയായ നിന്റെ മുന്നിൽ മുട്ട് മടക്കുന്ന പ്രിയ താരത്തെ എനിക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. അന്ന് ഞാൻ ഉറങ്ങിയില്ല എന്ന് മാത്രമല്ല പുലരിയാവോളം സിലാരാസിന്റെ ലഹരിയിൽ ഉറക്കെ കരയുകയായിരുന്നു ഇനിയൊരു മടക്കം എന്റെ രാജകുമാരിക്കുണ്ടാവില്ല എന്ന് എന്റെ മനസ് പറയുന്നത് പോലെ അപരാജിതയായി മുന്നേറിയ എന്റെ താരം ഒരു രാത്രി വെളുക്കും മുൻപ് തീരെ ചെറുതായ പോലെ ഗുന്തർ പ്രാഷേ എന്ന ആരുമല്ലാത്ത എന്നെക്കാൾ ചെറുതായ ഒരു ഗ്രാൻഡ്‌ സ്ലാം രാജകുമാരിയെ എനിക്ക് സങ്കല്പ്പിക്കവുന്നതിലും അധികമായിരുന്നു. പിന്നീടുള്ള പകലുകളും രാവുകളും  ഞാൻ ലഹരിയിൽ ആയിരുന്നു വിസ്ക്കിയുടെ ഗന്ധം മരിജുവാനയുടെയും ഒപിയത്തിന്റെയും മയക്കം എനിക്ക് പകലുകൾ ഇല്ലായിരുന്നു. തോൽവിയുടെ മൂടുപടത്തിൽ അകപെട്ടു പോയേക്കാവുന്ന സ്റെഫിയുടെ ഭാവിയെ ഞാൻ ഭയപ്പെട്ടു ഒന്ന് തീരുമാനിച്ചു വിജയം മാത്രമുള്ള ലോകത്തേയ്ക്ക് എന്റെ പ്രിയപ്പെട്ട താരമേ നീ പറന്നകലുക. തോൽവികൾ ഇല്ലാതെ ഇനിയും ഇനിയും ഒരു പാട് ആരാധക ഹൃദയങ്ങളിൽ നിന്റെ ഓർമ ജ്വലിക്കട്ടെ .

പതിമൂന്നു സെന്റി നീളമുള്ള ബോണിംഗ് കത്തി വാങ്ങി അരയിൽ തിരുകുമ്പോൾ ഒരിക്കലും എന്റെ വന്യ സ്വപ്നത്തിൽ പോലും നീ ആയിരുന്നില്ല എന്റെ ലക്‌ഷ്യം എന്റെ പ്രിയപ്പെട്ട സ്റെഫിയെ തോൽവിയുടെ കയ്പ്പുള്ള ലോകത്ത് നിന്നും എന്നന്നെയ്ക്കും പറഞ്ഞു അയച്ചു അവൾക്കു വീര ചരമം നല്കാനുള്ള ഒരു ആരാധകന്റെ ആവേശം മാത്രമായിരുന്നു . പലതവണ ഈ ഉദ്ദേശ ത്തോടെ സ്റെഫിയെ സമീപിക്കാൻ ശ്രമിച്ചതാണ് ഒരു തവണ രണ്ടടി അകലത്തിൽ എനിക്കവളെ ഹസ്തദാനം ചെയ്യാനും സാധിച്ചു എങ്കിലും ആ സാമീപ്യം എന്റെ ധൈര്യം ചോർത്തികളഞ്ഞു. അവിചാരിതമായാണ് ആ ഏപ്രിൽ 30 നു ഞാൻ ക്വാട്ടർ ഫൈനലിന് എത്തുന്നത് തന്നെ ഹാംബർഗിലെ മൈതാനങ്ങളിൽ കളി നടക്കുമ്പോൾ എനിക്ക് പുറത്തു സ്വസ്ഥതയോടെ ഇരിക്കാൻ ആവുമായിരുന്നില്ല അവസാന നിമിഷമാണ് ഞാൻ ആ കളി കാണണം എന്ന് തീരുമാനിച്ചത് മലീന മഗ്ദലേനയും മോണികാ നീയും എനിക്ക് അന്യരായിരുന്നു. ആദ്യ സെറ്റ് 6-4 നു നീ നേടുമ്പോൾ കാണികളിൽ ഇരുന്നു ഹർഷാരവം മുഴക്കിയവരിൽ ഒരാൾ ഞാനും ആയിരുന്നു അപ്പോഴൊന്നും നീ എനിക്ക് ശത്രുവോ ഇരയോ ആയിരുന്നില്ല പിന്നെ എനിക്കെങ്ങനെ ഇതിനു കഴിഞ്ഞു ..

രണ്ടാം സെറ്റ് നിന്റെ ബാക്ക് ഹാൻഡ്‌ ഷോട്ടുകളുടെ മാസ്മരികതയിൽ മുഴുകിയിരുന്നപ്പോഴാണ് സ്റ്റെഫി എന്റെ ചിന്തകളെ മഥിക്കാൻ തുടങ്ങിയത് ദിവസങ്ങൾക്ക് മുൻപ് നീ തകർത്തെറിഞ്ഞത് വര്ഷങ്ങളായി മനസ്സിൽ ഞാൻ ചില്ലിട്ടു പൂജിക്കുന്ന രൂപമല്ലേ എന്ന തോന്നൽ ഒരു നിമിഷം നിന്നെ എന്റെ ശത്രുവാക്കി ഇനിയൊരിക്കലും സ്റെഫിയെ തോല്പ്പിക്കാൻ മോണിക്ക എന്ന പീറ പെണ്‍കുട്ടിക്ക് കഴിയാതിരിക്കട്ടെ എന്ന് ആക്രോശിച്ചു കൊണ്ട് ഞാൻ അലറി വിളിച്ചു പിന്നെ നടന്നതൊന്നും എനിക്ക് ഓർമ്മയില്ല.ബോധം വരുമ്പോൾ ഞാൻ ഏതോ മാനസിക രോഗ ആശുപത്രിയിൽ ആയിരുന്നു അവർ പറഞ്ഞു എനിക്ക് താരാരാധന മൂത്ത് ഭ്രാന്തായതാണെന്ന്. രണ്ടു കൊല്ലം ഭ്രാന്തിന്റെയും ഇരുട്ടിന്റെയും തടവറയിൽ കിടന്നു അതിലേറെ എന്റെ മനസാക്ഷിയുടെ കോടതിൽ ഞാൻ നീറിയമരുകയായിരുന്നു.

 ഞാൻ പഴയ ഭ്രാന്തൻ ഗുന്തർ പ്രാഷേയല്ല ഇവാന്റെയും ഗ്രിഗറിയുടെയും മോണിക്കയുടെയും പിതാവ് കൂടിയാണ് എനിക്കൊരു മകൾ ജനിച്ചാൽ അവൾക്കു നിന്റെ പേര് വേണമെന്നതായിരുന്നു എൻറെ പ്രായശ്ചിത്തത്തിന്റെ ആദ്യ പടി അവൾ ടെന്നീസ് കളിക്കും നിന്റെ പോലെ ബാക്ക് ഹാൻഡ്‌ ഷോട്ടുകൾ ആണ് അവളുടെയും ബലം. ഒരിക്കൽ ഒരിക്കൽ എങ്കിലും എനിക്ക് എൻറെ മകളുമായി നിന്നെ വന്നു കണ്ടു മാപ്പിരക്കണം. 
ഞാൻ നശിപ്പിച്ചത് നിന്റെ കരിയർ മാത്രമല്ല നിന്റെ ജീവിതം കൂടിയാണെന്ന് അറിയുന്നു ഏതു പ്രായശ്ചിത്തവും നഷ്ട്ടപെട്ടു പോയ നിന്റെ ജീവിതത്തിനു പകരമാവില്ല എന്നെനിക്കറിയാം. എങ്കിലും ഫിനിക്സ് പക്ഷിയെ പോലെ മരണത്തെ തോൽപിച്ച നിനക്ക് ഒരു ഭ്രാന്തന്റെ  വിഹ്വലതകളിൽ നിന്നുണ്ടായ തെറ്റിന് എന്നോട് ക്ഷമിക്കാൻ ആവും ഞാൻ കാത്തിരിക്കുന്നു ......