Monday, 30 November 2015

അവിരാ റപ്പായി മാവോയിസ്റ്റായി

ചങ്ങനാശ്ശേരിയുടെ പ്രാന്ത പ്രദേശത്തു നിന്നും വയനാട്ടിലേയ്ക്ക് കുടിയേറിയ റപ്പായി മാപ്പിളയുടെ മൂന്നാം തലമുറയിലെ അവസാന കണ്ണിയായിരുന്നു അവിരാ മാപ്പിള എന്ന റപ്പായി അവിരാ. ചില്ലറ ടാപ്പിങ്ങും തടി പണികളുമായി ജീവിച്ചു മുന്നേറുമ്പോഴാണ്‌ റപ്പായി അവിരയെ തേടി ഒരു കിടിലൻ ഓഫർ എത്തുന്നത്. വയനാടാൻ കാടുകളിൽ മാവോയിസ്റ്റ് വേട്ടയ്ക്ക് വന്ന എസ് ഐ കുഞ്ഞിക്കണ്ണൻ അവിചാരിതമായിട്ടാണ് റപ്പായിയെ  മലയടിവാരത്തു വെച്ച് കാണുന്നത് ഉരുക്ക് പോലുള്ള ശരീരവും അതിനൊത്ത പൊക്കവും ഉണ്ടായിരുന്ന റപ്പായിയെ ആര് കണ്ടാലും ഒന്ന് നോക്കി പോകും.  പോലിസിനെ കാണുന്നതേ റപ്പായിക്കു പേടിയാണ് വലിയ ശരീരമൊക്കെ ഉണ്ടെങ്കിലും ഇന്ന് വരെ ഒരു പെറ്റി കേസിൽ പോലും പെട്ട് അകത്തായിട്ടില്ല. കുഞ്ഞികണ്ണൻ പോലിസ് കുപ്രസിദ്ധനാണ്  മുൻപൊരിക്കൽ കഞ്ചാവ് ഹമീദിന്റെ വീട് തപ്പി കിട്ടിയ കഞ്ചാവിന്റെ ബാക്കി തേടി അടിവാരം വിറപ്പിച്ച കഥകൾ നാട്ടുകാർ ഇപ്പോഴും പേടിയോടെയാണ് ഓർക്കാരുള്ളത്‌ . റപ്പായി ഒഴിഞ്ഞു നടന്നെങ്കിലും കുഞ്ഞികണ്ണൻ പോലിസ് പിറകെ കൂടി ആവശ്യം പറഞ്ഞു

എടൊ റപ്പായി ഞങ്ങൾക്ക് തന്റെ ഒരു ചെറിയ സഹായം വേണം ?

റപ്പായി ആശ്ചര്യം വിടാതെ പോലിസിനെ നോക്കി ഇന്ന് വരെ വീട്ടുകാർക്ക് പോലും തന്നെ കൊണ്ടൊരു കോണോം ഉണ്ടായിട്ടില്ല, ഇപ്പൊ ദേ കാക്കി ഉടുപ്പും അതുമ്മേ നക്ഷത്രവും ഉള്ള സാറമ്മാർ
ക്കു റപ്പായിയുടെ സഹായം വേണമെന്ന്?


 പന്തം കണ്ട പെരുച്ചാഴിയെ പോലെ തന്നെ തന്നെ നോക്കി നിൽക്കുന്ന റപ്പായിയുടെ ചുമലിൻമേൽ എത്തി പിടിച്ചു കൊണ്ട് കുഞ്ഞികണ്ണൻ മൊഴിഞ്ഞു .
ഞങ്ങൾ ഒരു അഡ്ജസ്റ്റ്മെന്റ് പണിക്കാ നിന്റെ സഹായം തേടുന്നത് നിന്നെ പോലുള്ള പത്തു പേരെ കിട്ടിയില്ലേൽ ഞങ്ങളുടെ ഓപറേഷൻ വെള്ളത്തിലാകും ? നീ ഞങ്ങളെ സഹായിക്കണം സഹായിച്ചേ പറ്റു

.
ഇപ്പോഴും സംഗതി എന്തെന്നാറിയാതെ മണ്ടി നിന്ന റപ്പായിക്കു കുഞ്ഞിക്കണ്ണൻ കാപ്സൂൾ രൂപത്തിൽ ഒപെറേഷൻ ഇടിമുഴക്കത്തെ പറ്റി പറഞ്ഞു മനസിലാക്കി. നാടിനെയും കാടിനേയും നശിപ്പിക്കാൻ ഒരു കൂട്ടർ തോക്കും തോട്ടയുമായി കാട്ടിൽ കറങ്ങുന്നെന്നും അവരെ മൂടോടെ പിഴുതെറിയാൻ സർക്കാർ അയച്ച പ്രത്യേക സേനയിലെ അതി പ്രഗൽഫരായ പോലീസുകാരിൽ ഒരാളാണ് ഞാൻ എന്നു കുഞ്ഞിക്കണ്ണൻ പറയുമ്പോഴും റപ്പായിക്കു തന്റെ റോൾ പിടികിട്ടിയില്ല.

ഞങ്ങളിവിടെ വന്നിട്ട് നാലു മാസമാകുന്നു ഇത് വരെ ഒരു മാവോവാദിയെ പോയിട്ട് ഒരു കാട്ടു പൂച്ചയെ പോലും കണ്ടിട്ടില്ല ഇങ്ങനെ പോയാൽ ഞങ്ങളുടെ ട്രൂപ് പിരിച്ചു വിടും വീണ്ടും ഞങ്ങൾ ജോലിയെടുത്തു ജീവിക്കേണ്ട ഗതികേട് ഉണ്ടാവും അത് കൊണ്ട് നീ ഒരു മാവോവാദിയായി അഭിനയിക്കണം. ഞങ്ങൾ തരുന്ന തോക്ക് കൊണ്ട് ഞങ്ങൾക്ക് നേരെ വെടിയുതിർക്കണം. നിനക്ക് വെടി വെക്കാനുള്ള തോക്കും രക്ഷപെടാനുള്ള വഴിയും ഞങ്ങൾ ഒരുക്കി വെച്ചിരിക്കും. സംഗതി വിജയിച്ചാൽ പിറ്റേ ദിവസം 5000 രൂപ ഞാൻ എണ്ണി കയ്യിൽ തരും ഏറ്റോ ?

5000 രൂപ വലിയ തുക തന്നെയാണ് എങ്കിലും ഒരു തോക്ക് നൂറു വാര അകലെ വെച്ച് പോലും കാണാത്ത ഞാൻ അത് വെച്ച് വെടിയുതിർക്കണം പോലും, അതും പോലീസുകാർക്ക് നേരെ അബദ്ധത്തിനു ആരുടെയെങ്കിലും നേരെ പോയി അത് കൊണ്ടാൽ സുഖമായി , പിന്നെ ജീവിത കാലം മുഴുവൻ ഉണ്ട തിന്നാം. റപ്പായിക്കു പഠിപ്പും വിവരവും ഇല്ലങ്കിലും പ്രായോഗിക ജ്ഞാനം എന്നൊരു സംഗതിയുണ്ട് അത് കൊണ്ട് നടക്കില്ല സാറേ ,സാറ് പോ.....

റപ്പായി ആരോടാ ഈ സംസാരിക്കുന്നതെന്ന് വല്ല ബോധ്യവും ഉണ്ടോ കുഞ്ഞിക്കണ്ണൻ പോലീസിന്റെ സ്വരം മാറി

സാറിനോട് ബഹുമാനം ഇപ്പോഴും ഉണ്ട് സാറേ, പക്ഷെ എങ്കിൽ സാറ് ചോദിക്കുന്നത് എന്റെ ജീവിതമാ അത് തരാൻ റപ്പായിക്കു  മനസില്ല , റപ്പായി തിരിഞ്ഞു നടന്നു

പോലീസിനോട് കളിച്ചാൽ  റപ്പായി നീ അനുഭവിക്കും കുഞ്ഞികണ്ണൻ എസ് ഐ ആക്രോശിച്ചു.

ചില്ലറ പേടിയോടെയെങ്കിലും റപ്പായി ഉറങ്ങി, രണ്ടു ദിവസം കഴിഞ്ഞൊരു രാത്രി ബൂട്ടുകളുടെ കട കട ശബ്ദം കേട്ടാണ് റപ്പായിയും കുട്ടികളും ഞെട്ടിയുണർന്നത് വിളക്കുകൾ തെളിഞ്ഞു വാതിലിനു ചുറ്റും കുഞ്ഞികണ്ണൻ പോലീസും സംഘവും വീട് തുറന്നതും മൂന്നാല് പോലീസുകാർ വീട്ടിലേയ്ക്ക് ഇടിച്ചു കയറി കണ്ണിൽ കണ്ടതെല്ലാം വരി വലിച്ചെറിഞ്ഞു.പുറത്തു നിന്നും ഒരു പഴയ മരം വെട്ടുന്ന കോടാലിയുമായി ഒരു പോലീസുകാരൻ  ഓടിയെത്തി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു ചായ്പ്പിൽ ഇനിയും മാരകായുധങ്ങൾ ഉണ്ട് സർ. കേട്ട പാതി രണ്ടു പോലീസുകാർ റപ്പായിയെ വട്ടം പിടിച്ചു . ചായ്പ്പിൽ നിന്നും വെട്ടു കത്തി കോടാലി ചുറ്റിക എന്നിവ കൂടാതെ ഒരു ഏ കെ 47 തോക്കും കൂടി കൊണ്ട് വരുന്നത് കണ്ടപ്പോൾ റപ്പായിയുടെ ബോധം ശരിക്കും പോയി. വീട്ടിൽ നിന്നും പിടിച്ചിറക്കുമ്പോൾ ക്യാമറ കണ്ണുകൾ ഇടതടവില്ലാതെ ചിമ്മി .

 ചാനലായ ചാനലു തോറും ബ്രെയ്ക്കിംഗ് ന്യൂസുകൾ ഫ്ലാഷു വന്നു. മാവോയിസ്റ്റ് നേതാവ് റപ്പായി അവിരാ പിടിയിൽ നാടുകാർക്കിടയിൽ ശാന്തനും സൌമ്യനും സൽ സ്വഭാവിയുമായി അറിയപ്പെട്ടിരുന്ന കൊടും ഭീകരനായിരുന്നു അവിരാ റപ്പായി . ഒപെറെഷൻ ഇടിമുഴക്കം ടീമിന്റെ കണ്ണിൽ എണ്ണയോഴിച്ചുള്ള കാത്തിരിപ്പിനും പ്ലാനിങ്ങിനും ഒടുവിലാണ് അവിരാ റപ്പായി അകത്താകുന്നത്.കേരളം അടക്കം ഉള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത തീവ്ര വാദത്തിന്റെ വേരുകൾ പടർത്താൻ റപ്പായി വഹിച്ച പങ്കു വലുതാണ്‌ അങ്ങിനെ ആരാണ് മവോയെന്നും  എന്താണ് മാവോയിസം എന്നും അറിയാത്ത അവിരാ റപ്പായി നേരം ഇരുട്ടി വെളുത്തപ്പോൾ മാവോയിസ്റ്റായി മാറി .

Thursday, 12 November 2015

പരിശുദ്ധ പ്രേമവും രണ്ടു പൂവൻ കോഴികളും പ്രീ ഡിഗ്രീ ക്ലാസ് തുടങ്ങിയതിനു ശേഷമുള്ളആദ്യ നാളുകളായിരുന്നു അത്,അന്തർ മുഖനും അധികം ലോകം കണ്ടിട്ടില്ലാത്തവനുമായ എനിക്ക് കലാലയം ഒരു   പുതിയ ലോകമായിരുന്നു നിറയെ വർണ്ണങ്ങൾ വാരി വിതറിയ ചിത്ര ശലഭങ്ങളെ പോലെ സുന്ദരികളായ പെണ്‍കുട്ടികൾ പാറി നടക്കുന്ന,ഒരു  കൌമാരക്കാരന്റെ സ്വപ്നങ്ങൾക്കു നിറം ചാർത്താൻ വേണ്ട എല്ലാമുണ്ടായിരുന്ന ഒരു കൊച്ചു സ്വർഗം. സ്കൂളിൽ ഞാനൊരു ശരാശരി വിദ്യാർഥി മാത്രമായിരുന്നത് കൊണ്ടും ആരും പറഞ്ഞു തരാൻ ഇല്ലാതിരുന്നതിനാലും ആര്ക്കും വേണ്ടാത്ത തേർഡ് ഗ്രൂപിലാണ് ചെന്ന് പെട്ടത്. നല്ല മലയാളം മീഡിയത്തിൽ രണ്ടാം ക്ലാസിൽ പരീക്ഷ പാസായ ഞാൻ  ആംഗലേയം മൊഴിയുന്ന ക്ലാസുകളിൽ അന്യഗ്രഹ ജീവിയെ പോലെ അന്തം വിട്ടു കുന്തം വിഴുങ്ങി ഇരിക്കുമ്പോഴാണ് ഒരു സ്വാന്തനം പോലെ അവൾ എത്തുന്നത്. ആരെയെങ്കിലും പ്രേമിക്കണം എന്ന് തോന്നാൻ തുടങ്ങിയിട്ട് രണ്ടു കൊല്ലം കഴിഞ്ഞെങ്കിലും അതിനുള്ള കരളുരപ്പോ കായബലമോ ഇല്ലാത്തതിനാൽ എന്റെ പ്രണയമെല്ലാം ഞാൻ ഉള്ളിലൊതുക്കി ആശയടക്കത്തോടെ കഴിയുമ്പോഴാണ് ആ കഞ്ഞിപ്പാടം കാരി ഇടിച്ചു കയറി എന്നോടൊരു ഇത് കാണിച്ചു തുടങ്ങിയത് കാണാൻ വലിയ ചേലോന്നുമില്ല എങ്കിലും തരക്കേടില്ല കുഞ്ഞിക്കൂനനിൽ വിമൽകുമാർ പറയും പോലെ രണ്ടു പേരും കൂടി നടന്നാൽ അയ്യേ എന്നാരും പറയില്ല. ഒഴിവു വേളകളിൽ ഞാൻ ഉറക്കം തൂങ്ങി മരത്തിന്റെ തണൽ തേടിയിരിക്കുമ്പോൾ മെല്ലെ അവൾ അരികിൽ വരും. രാമചന്ദ്രൻ സാർ പറയുന്നത് വല്ലതും മനസിലാകുന്നുണ്ടോ ഇയാൾക്ക് ? അവളും എന്നെ പോലെ മലയാളം മീഡിയത്തിൽ അടവെച്ചു വിരിഞ്ഞ നാടൻ കോഴികുഞ്ഞായിരുന്നു. ഇല്ലാ അല്ലെ അപ്പോൾ നമ്മൾ തുല്യ ദുഖിതരാ.
ഇയാളുടെ പേരെന്നാ ?
ഞാൻ സിന്ധു, കഞ്ഞിപാടത്താ വീട്, ഇയാൾ കഞ്ഞിപാടത്തൊക്കെ വന്നിട്ടുണ്ടോ ?
ഇല്ലാ ഒരിക്കൽ ഐ എം എസ് വരെ വന്നു അതിനും തെക്കോട്ട്‌ ‌ പോയിട്ടില്ല
അവൾ ദയനീയ ഭാവത്തിൽ എന്നെ നോക്കി , ഒരു പാവം പയ്യൻ, ഇവനോട് കൂടാം ഇവൻ കളങ്കമില്ലാത്തവനാ എന്നത്മാഗതം ചെയ്തെന്നോണം അവളെന്നോട്  ചേർന്നിരുന്നു. ക്ലാസ് തുടങ്ങി ചുരുങ്ങിയ സമയം കൊണ്ട് എല്ലാവർക്കും ലൈൻ ആയിരിക്കുന്നു ജീവിതത്തിൽ ഒരു ലൈൻ വീഴില്ല എന്ന് വിചാരിച്ച എനിക്ക് വരെ ദൈവം ഒരു പ്രേമം ശരിയാക്കി തന്നിരിക്കുന്നു. ഇടവേളയാകാൻ മല വേഴാമ്പലിനെ പോലെ ഞങ്ങൾ കാത്തിരുന്നു എന്റെ പല രാത്രികളും അത്രയൊന്നും സുന്ദരിയല്ലാത്ത സിന്ധു കൊണ്ട് പോയി , അന്നൊരു വിദ്യാഭ്യാസ ബന്ദായിരുന്നു കാലാപാനി റിലീസ് ചെയ്യുന്ന ദിവസം ഇച്ചിരി തന്റെടക്കാരിയായ സിന്ധു ഇങ്ങോട്ട് ചോദിച്ചു
എടൊ നമുക്കിന്നു കാലാപാനി കാണാൻ പോയാലോ ?
യാഥാസ്ഥിതിക കത്തോലിക്കാ കുടുംബത്തിൽ അച്ചടക്കത്തോടെ ജീവിച്ചു വളർന്ന കന്യകനായ എന്നെ ഒരു പെണ്ണ്  സിനിമ കാണാൻ ക്ഷണിക്കുന്നു. ഞാൻ പോക്കറ്റിൽ തപ്പി നോക്കി അപ്പച്ചൻ ഫീസടയ്ക്കാൻ തന്ന 100 രൂപയുണ്ട് പോയാലോ ? നഗരത്തിനു നടുവിലാണ് തീയേറ്റർ കഞ്ഞിപാടം കാരിയെ അവിടെ ആരും അറിയില്ല എന്നാൽ ഞാൻ ? അപ്പച്ചനെ അറിയുന്ന ആരെങ്കിലും കണ്ടാൽ എന്താവും അവസ്ഥ . സിന്ധു കൈ പിടിച്ചു വലിക്കുന്നു വാ നമുക്ക് പോകാം സർവ ശക്തിയും സംഭരിച്ചു കുഴലൂത്തുകാരന്റെ പിന്നാലെ പോകുന്ന എലിക്കുട്ടിയെ പോലെ ഞാൻ അവളുടെ പിന്നാലെ കൂടി. ഒരു ഉത്സവത്തിനുള്ള ആളുണ്ട് തീയേറ്ററിനു മുന്നിൽ ഭാഗ്യം സ്ത്രീകളുടെ കൌണ്ടറിൽ വലിയ തിരക്കില്ല സിന്ദു കയറി രണ്ടു  ബാൽക്കണി എടുത്തു വരും വരെ ആരും കാണാതെ ഒരു തൂണിനു പിന്നിൽ പാത്തിരുന്നു. ഏറ്റവും പിന്നിൽ കനത്ത ഇരുട്ടുള്ള രണ്ടു സീറ്റ്‌ ഞങ്ങളെ കാത്തിരുന്നത് പോലെ ഒഴിഞ്ഞു കിടക്കുന്നു. സിനിമ തുടങ്ങി ,തബു കുളത്തിൽ കിടക്കുന്ന ചെമ്പൂവേ എന്ന പാട്ട് തുടങ്ങിയതും സിന്ദു എന്റെ കൈയ്യിൽ തോണ്ടി എന്തെങ്കിലും ഒക്കെ ചെയ്യണമെന്നു ഉള്ളിൽ ആഗ്രഹമുണ്ട് അവളതു കൊതിക്കുന്നുമുണ്ട് പക്ഷെ എന്റെ പെരു വിരൽ മുതൽ വിറയൽ താൻ എന്തൊരു കോന്തനാ എന്ന ഭാവത്തിൽ അവളെന്നെ നോക്കി ഞാൻ സിനിമയിൽ തന്നെ ശ്രദ്ധിച്ചിരുന്നു. സിനിമ കഴിഞ്ഞു അവളുടെ നീരസം മാറ്റാനായി ഷാർജ ജൂസ് ഒന്ന് വാങ്ങി ഞങ്ങളുടെ കുടുംബത്തിൽ ഇതൊക്കെ കല്യാണം കഴിഞ്ഞിട്ടാണെന്ന് മുഖത്ത് നോക്കി പറയണം എന്നുണ്ട് പക്ഷെ പറഞ്ഞില്ല.
അവളെ ഊട്ടനായി ഞാൻ അപ്പച്ചനോട് കള്ളം പറഞ്ഞു തുടങ്ങി, ഇല്ലാത്ത ഫീസിന്റെ പേരിൽ അപ്പച്ചനോട് വഴക്കടിച്ചു ഞാൻ കാശു വാങ്ങി അവൾക്കു മസാല ദോശയും പൊറാട്ടയും ബീഫും വാങ്ങി കൊടുത്തു. ഒരു ദിവസം അവൾ എന്നോട് പറഞ്ഞു അടുത്ത ഞായറാഴ്ച ഞങ്ങളുടെ അയൽവാസിയുടെ ഒരു കല്യാണം ഉണ്ട് ഞാൻ ആലപ്പുഴക്ക് വരുന്നുണ്ട് നമുക്ക് കാണാൻ പറ്റുമോ ? അവൾ പങ്കെടുക്കേണ്ട കല്യാണം നടക്കുന്നത് എന്റെ വീടിനു കുറച്ചു മാറി ഒരു വായനശാലയുടെ ഓഡിറ്റോറിയത്തിലാണ് വന്നു കാണണം ഞാൻ എന്റെ വീട്ടുകാർക്കും   കൂട്ടുകർക്കുമൊക്കെ  തന്നെ പരിചയപ്പെടുത്തുന്നുണ്ട് വരില്ലേ ?

ഞായറാഴ്ചയായി രാവിലെ കുർബാന കഴിഞ്ഞത് മുതൽ കാത്തിരുപ്പാണ് ,കണ്ണാടിയുടെ മുന്നിലുള്ള എന്റെ കൃഷ്ണനാട്ടം കണ്ടിട്ടെന്നു തോന്നുന്നു അമ്മച്ചി അലറി ചെറുക്കന് ഈയിടെയായി ഗൃങ്ങാരം കുറച്ചു കൂടുന്നുണ്ട് എങ്ങോട്ടാ രാവിലെ ഒരുങ്ങി കെട്ടി ? പറയാൻ ഒരു കാരണം തേടി ഞാൻ പരുങ്ങി ,അമ്മാ അത് ! എന്നാൽ നീ പതിരപ്പള്ളിയിലെ ആന്റിയുടെ അടുത്തൊന്നു പോയി വാ ആന്റി എന്തോ സാധനം തന്നു വിടാനുണ്ടെന്നു പറഞ്ഞായിരുന്നു. ബലേ ഭേഷ് അച്ഛൻ ഇശ്ചിച്ചതും പാൽ അമ്മച്ചി കൽപ്പിച്ചതും പാൽ ആന്റി യുടെ വീട്ടിലേയ്ക്ക് പോകും വഴിയാണ് ഓഡിറ്റോറിയം. പത്താം ക്ലാസ് പാസായപ്പോൾ അങ്കിൾ വാങ്ങി തന്ന ബി എസ് ഏ സൈക്കിൾ എണ്ണയിട്ടു തുടച്ചു കുട്ടപ്പനാക്കി കാമുകിയെ കാണാൻ യാത്ര തുടങ്ങി.

ഓഡിറ്റോറിയം നിറയെ ആളുകൾ അനിയത്തി പ്രാവ് ചുരിദാറുമിട്ടതാ കൂടുതൽ സുന്ദരിയായ സിന്ധു എന്റെ അടുക്കലേയ്ക്ക് ഓടി വന്നു. ഞാൻ നോക്കിയിരിക്കുവാരുന്നു വാ അകത്തോട്ടു വാ എന്റെ വീട്ടുകാരെയും ബന്ധുക്കാരെയും കാണിച്ചു തരാം അവൾ കൈ പിടിച്ചു വലിച്ചു. ആന്റി ഉച്ച  കുര്ബാനക്കാണ് പോകുന്നത് ഞാൻ ചെന്ന് എനിക്ക് തരാനുള്ളത്‌ തന്നാലെ ആന്റിക്ക് പള്ളിയിൽ പോകാൻ കഴിയൂ ഞാൻ ഇപ്പോൾ വരാം കെട്ടു കഴിയട്ടെ എന്നിട്ട് നമുക്ക് എല്ലാവരെയും കാണാം ഞാൻ സിന്ധുവിന്റെ കൈ വിടുവിച്ചു പുറത്തേയ്ക്ക് നടന്നു .സുധി പോയ മിനിയെ പോലെ സിന്ധു ഞാൻ പോകുന്നതും നോക്കി നിന്നു.

ആന്റി പള്ളിയിൽ പോകാൻ റെഡി ആയി നിൽക്കുകയാണ് എവിടായിരുന്നെടാ ഇതുവരെ എന്ന് ശകാരിച്ചു കൊണ്ട് ആന്റി കോഴിക്കൂട്ടിലെയ്ക്കു കൈയിട്ടു രണ്ടു മുഴുത്ത പൂവനെ പിടിച്ചു എന്റെ കയ്യിൽ തന്നിട്ട് പറഞ്ഞു, കൊണ്ട് വീട്ടിൽ കൊടുക്കുക പേത്രത്തയ്ക്ക് മുൻപ് കറിവെച്ചു തിന്നോ ? ഞാൻ ആന്റിയെ ദയനീയമായി നോക്കി ഞാൻ പിന്നെ വന്നു കൊണ്ട് പൊക്കോളാം ആന്റി.... ഇപ്പോൾ ഇതിവിടെ ഇരിക്കട്ടെ ? പറ്റില്ല നാലു കാലുകളും ഒരു ചാക്ക് ചരടിൽ കെട്ടി സൈക്കളിന്റെ ഹാണ്ടിലിൽ ഇട്ടിട്ടു ആന്റി അലറി കൊണ്ട് പോടാ .....

കോ കോ ക്കോ ക്കൊക് ... പൂവൻ ചേട്ടന്മാർ എന്റെ സൈക്കളിന്റെ ഹാണ്ടിലിൽ കിടന്നു അലറി വിളിക്കുകയാണ്‌ ഇതുമായി എങ്ങനെ സിന്ധുവിനെ കാണും. കാണാതിരിക്കാനും വയ്യ അവൾ കുടുംബക്കാരും കൂട്ടുകാരുമായി കാത്തു നില്ക്കും തലപുകഞ്ഞു, അടുത്തുള്ള പലചരക്ക് കടയിൽ നിർത്തി ഒരു പ്ലാസ്റ്റിക് ബാഗും ഒരു സെല്ലോ ടേപ്പും വാങ്ങി രണ്ടു പൂവന്റെയും കൊക്കുകൾ ചേർത്തു വെച്ച് ടേപ്പ് ചെയ്ത  ശേഷം പ്ലാസ്റ്റിക്ക് ബാഗിൽ ഇട്ടു ഹാണ്ടിലിൽ തൂക്കി, നിലവിളി നിന്നു എന്റെ ബുദ്ധി ഓർത്ത്‌ എനിക്ക് തന്നെ അതിശയം വന്നു. വേഗം ചവിട്ടി വായനശാലയുടെ അടുത്തെത്തി കല്യാണം നടന്നുകൊണ്ടിരിക്കുന്നു. എന്നെ കണ്ടതും സിന്ധു ഓടി വന്നു വാ കെട്ടു കണ്ടിട്ട് ബാക്കി സൈക്കിളിൽ സാധനമുണ്ട് അകത്തോട്ടില്ല നീ പുറത്തു  വരും വരെ ഞാൻ കാക്കാം. എന്താ സഞ്ചിയിൽ സ്വർണം ഒന്നും അല്ലല്ലോ അതവിടിരിക്കട്ടെ താൻ അകത്തോട്ടു വാ സിന്ധു നിർബന്ധിച്ചു. വായനശാലയുടെ കൽതൂണിൽ സൈക്കിൾ ചാരി അകത്തേയ്ക്ക് കയറി നടന്നു ,മണ്ഡപം എത്തിയില്ല കൂടയിൽ കിടന്ന കോഴിയെ ആരോ തുറന്നു വിട്ടു കാലുകളിൽ കെട്ടിയിരുന്ന ചാക്ക് ചരടും അഴിഞ്ഞിരിക്കുന്നു മരണ വെപ്രാളത്തിൽ പൂവൻ ആൾ കൂട്ടത്തിലേയ്ക്ക് ചാടി പിറകെ ഞാനും ആളുകൾ ചിതറി ഓടി കല്യാണ മണ്ഡപം ലാത്തി ചാർജിനു ഓർഡർ കൊടുത്ത മൈതാനം പോലെ ആയിരിക്കുന്നു ഒടുവിൽ ഒട്ടിച്ചിട്ട്‌ രണ്ടിനെയും പിടിച്ചു സഞ്ചിയിലാക്കി ഞാൻ കാമുകി സിന്ധുവിനെ നോക്കി തൃക്കുന്നപുഴ കടപ്പുറത്ത് വെച്ച് കണ്ട പരിചയം പോലും ഭാവിക്കുന്നില്ല. ഞാൻ അപമാനിതനായി മടങ്ങി. വീട്ടിൽ  എത്തിയ ഉടൻ അമ്മച്ചിയുടെ കൈയ്യിൽ നിന്നും കത്തി വാങ്ങി രണ്ടിന്റെയും കഴുത്തറത്ത് കൊന്നു എനിക്ക് സംഭവിച്ച മാനഹാനിക്കു പ്രതികാരം ചെയ്തു. അമ്മച്ചി തേങ്ങാ പാലിട്ടു വെച്ച കറിയിൽ നിന്നും ഒരു പീസ്‌ പോലും കഴിക്കാതെ ഞാൻ കൊന്നിട്ടും തീരാത്ത പ്രതിഷേധം അറിയിച്ചു.

പിറ്റേന്ന് കോളേജിൽ വെച്ച് സിന്ധുവിനെ കണ്ടു അവൾ തല വെട്ടിച്ചു കടന്നു പോയി രണ്ടു പൂവൻ കോഴികൾക്ക് തകർത്തെറിയാൻ മാത്രം ദുർബലമായിരുന്നു അവളുടെ പ്രേമം എന്ന തിരിച്ചറിവിൽ ഞാൻ ഏകാകിയായി പിന്നീടൊരിക്കലും ഞാൻ അവളോടോ  അവൾ എന്നോടോ സംസാരിക്കാൻ ശ്രമിച്ചിട്ടില്ല. പിന്നെ ഒരിക്കൽ പോലും ഞാൻ കോഴി എന്ന ജീവിയുടെ മാംസം ഉപ്പു നോക്കാൻ കൂടി തുനിഞ്ഞില്ല വർഷങ്ങൾക്കപ്പുറം എനിക്കൊരു കല്യാണക്കുറി വന്നു സിന്ധു വെഡ്സ് സുമോദ് അതിൽ ഇങ്ങനെ അവൾ എഴുതി എന്നെ നിങ്ങളുടെ നാട്ടിലേയ്ക്കാണ് അയക്കുന്നത് നിങ്ങളുടെ അടുത്തുള്ള ഓഡിറ്റോറിയത്തിലാണ് കല്യാണം സാധിക്കുമെങ്കിൽ വരിക. അന്ന് കോഴി പാറി പറന്നു ഞങ്ങളുടെ പ്രേമം അലങ്കോലമാക്കിയ അതെ വായനശാല ഓഡിറ്റോറിയം. സുമോദ് ഞങ്ങൾക്കും അറിയാവുന്ന ആളായത് കൊണ്ട് പരിസരവാസികൾ എല്ലാം കല്യാണത്തിന് പോയി .പോയി വന്ന വാസു വേട്ടൻ എന്നോട് ചോദിച്ചു നീയെന്തേ വരാഞ്ഞേ അസാധ്യ ചിക്കൻ ബിരിയാണി ആയിരുന്നുട്ടോ..............