Saturday 30 April 2016

തിരിച്ചടവില്ലാത്ത നന്മകൾ


സേലം ജില്ലയിലെ കരിപെട്ടി ഗ്രാമത്തിൽ നിന്നും കേരളത്തിലെ ചെറിയ ആവശ്യക്കാർക്ക് പണം പലിശയ്ക്ക് കൊടുക്കുന്ന ജോലിയിൽ ഏർപെട്ട ആളായിരുന്നു മുരുകേശൻ പാണ്ടി . ആയിരം രൂപായ്ക്ക് 900 നൽകി ആഴ്ച്ചയിൽ വീടു വീടാന്തരം കറങ്ങി പിരിവെടുക്കുന്ന അനേകായിരം അണ്ണാച്ചിമാരിൽ ഒരാൾ . ആറടി പൊക്കവും കരിവീട്ടിയുടെ നിറവുമുള്ള മുരുകേശൻ അധികം ആരോടും സംസാരിക്കാറില്ല പണം ആവശ്യക്കാർക്ക് കൊടുത്താൽ അത് വാങ്ങാൻ മുരുകേശന് അറിയാം. കൊടുക്കാതെ മനപൂർവ്വം മുങ്ങി നടക്കുന്ന വിദ്വാൻമാരെ വീട്ടിൽ കയറി മുരുകേശൻ പൊക്കും കൊടുത്ത കാശ് തിരിച്ചു മേടിക്കുന്ന കാര്യത്തിൽ മുരുകേശൻ യാതൊരു കാരുണ്യവും കാണിച്ചിരുന്നില്ല . അര പട്ടിണിക്കാരായ തൊഴിലാളികൾ താമസിച്ചിരുന്ന തെരുവോരങ്ങളായിരുന്നു മുരുകേശന്റെ ബിസിനസ് സാമ്രാജ്യങ്ങൾ.
ഗണേശൻ സ്വർണ പണിക്കാരനാണ് മെഷ്യൻ മേട് ആഭരണങ്ങൾ വരുന്നതിനു മുൻപ് രാജാവിനെപ്പോലെ ജീവിതം ആഘോഷമാക്കിയ ആൾ . പക്ഷെ ഇപ്പോൾ ജീവിതം വളരെ പരുങ്ങലിലാണ് ആരും ഒരുപൊടി കമ്മലിന് പോലും ഗണേശനെ സമീപിക്കാറില്ല ഏതെങ്കിലും സ്വർണ കടയിൽ കയറാൻ ഗണേശനെ സ്നേഹിക്കുന്നവർ പരമാവധി പറഞ്ഞു നോക്കിയെങ്കിലും അന്തർമുഖനായ ഗണേശൻ കിട്ടുന്ന പണിയുമായി വീട്ടിലെ ഉമിത്തീയിൽ പൊടി പൊന്നും ഊതി കാച്ചിയിരിക്കാനായിരുന്നു കൂടുതൽ താൽപര്യം .
കുട്ടികളുടെ സ്കൂൾ പ്രവേശനത്തിന് ഒരു വഴിയും ഇല്ലാതെ വന്നപ്പോഴാണ് ഗണേശൻ മുരുകേശന്റെ കൈയ്യിൽ നിന്നും 5000 രൂപാ പലിശയ്ക്കു വാങ്ങുന്നത്. കിട്ടാവുന്നടുത്തിന്നെല്ലാം കടം വാങ്ങി ഗത്യന്തരം ഇല്ലാതെ ഉഴലുമ്പോൾ ഒരു ജാമ്യവും ഇല്ലാതെ കിട്ടിയ പണം ഗണേശന് കച്ചി തുരുമ്പായിരുന്നു.
ഇല്ലായ്മകളിലും വല്ലായ്മകളിലും ജീവിതം മുന്നേറുമ്പോൾ ഒരിക്കൽ പോലും മുരുകേശന്റെ തിരിച്ചടവ് ഗണേശൻ മുടക്കിയിട്ടില്ല. കടം കഴുത്തിനു മുകളിൽ കയറി ജീവിതം വഴിമുട്ടിയ വേളയിൽ ഒരു കൊച്ചു കുറിപ്പെഴുതി ഒരു തുള്ളി സയനൈഡ് ഗണേശൻ നാവിൽ ഇറ്റിച്ചു.
ഗണേശന്റെ കടങ്ങൾ മരണ ശേഷമെങ്കിലും വീടപെടണമെന്നു ആ ആത്മാവ് ആഗ്രഹിച്ചിരുന്നു അതാ കുറിപ്പിൽ അണാ പൈസ തീരാതെ രേഖപെടുത്തിയും വെച്ചിരുന്നു. ജീവിച്ചിരുന്ന ദുർബലനായ ഗണേശ നേക്കാൾ ശക്തനാണ് മരണപ്പെട്ട ഗണേശൻ എന്നയാൾക്കറിയാമായിരുന്നു വീട് വിറ്റിട്ടെങ്കിലും ആ കടം വീടപ്പെടുമെന്നു അയാൾ മനോ മുകുരത്തിൽ കണ്ടിരുന്നു . ഗണേശന്റെ കടങ്ങൾ സന്മനസുള്ള നാട്ടുകാർ ഏറ്റെടുത്തു, കണക്കു തീർക്കുന്ന വേളയിൽ മുരുകേശന്റെ 4200 രൂപയും എഴുതപെട്ടു .
ഒരാഴ്ച കഴിഞ്ഞാണ് മുരുകേശൻ വരുന്നത് , ഗണേശൻ കൊടുക്കാനുള്ള ബാക്കി 4200 രൂപാ നിറ കണ്ണുകളോടെ ഗണേശന്റെ ഭാര്യ മുരുകേശൻ പാണ്ടിക്ക് മുന്നിലേയ്ക്ക് നീട്ടി . അപ്പോഴാണ്‌ ഗണേശൻ മരിച്ച വിവരം പാണ്ടി അറിയുന്നത് , കൊടുത്ത പൈസാ തൊടാതെ കൈകൂപ്പി മുരുകേശൻ പാണ്ടി ഇങ്ങനെ പറഞ്ഞു ഇരന്തു പോണവരുടെ കടങ്ങൾ വാങ്ങി കൂടാതമ്മാ . മരിച്ചവരുടെ കടങ്ങൾ വാങ്ങിക്കൂടാ അതു മരിച്ചയാളോടൊപ്പം മണ്ണടിയണമെന്നും പറഞ്ഞയാൾ മുന്നോട്ടു നടന്നു. .മരണം എല്ലാ കടങ്ങളും വീട്ടുമെന്നാണ് പഴമൊഴി എന്നിട്ടും ഗണേശൻ കടം വാങ്ങിയ നാട്ടുകാരിൽ ചിലർ പാണ്ടിക്ക് ബുദ്ധിയില്ലാ എന്നയാളെ പരിഹസിച്ചു ചിരിച്ചു.

Monday 25 April 2016

കലാകാരൻറെ ശ്രാദ്ധമൂട്ട്


മോനെ തങ്കപ്പാണ്ണനു ദാഹിക്കുന്നെടാ ഒരു ചെറുത്‌ നിനക്ക് മേടിച്ചു തരാൻ പറ്റുമോ ? മരണ കിടക്കയിൽ അണ്ണനെ കാണാൻ ചെന്ന എന്റെ കൈ നെഞ്ചോട്‌ ചേർത്തു വെച്ച് അണ്ണൻ തേങ്ങി .ഒരു മാസമായി കരൾ രോഗങ്ങളുമായി മല്ലിട്ട് അണ്ണൻ രോഗ കിടക്കയിലായിട്ട് , കാണാൻ ചെല്ലുന്നവരോടെല്ലാം ഈ ഒരു ചോദ്യം മാത്രം എനിക്കു ദാഹിക്കുന്നു ഒരു മുപ്പതെങ്കിലും ഒഴിച്ചെന്റെ തൊണ്ട നനയ്ക്കാമൊ ??
കരിങ്കല്ലിൽ ദേവി വിഗ്രഹങ്ങൾ കടഞ്ഞെടുക്കുന്ന ശിൽപിയായിരുന്നു തങ്കപ്പൻ മൂശാരി എന്ന കറ തീർന്ന കലാകാരൻ. ജീവസുറ്റ ദേവി വിഗ്രഹങ്ങളും കരിങ്കൽ പ്രതിമകളും കടയാൻ ലഹരി തങ്കപ്പാണന്റെ ഇന്ധനമായിരുന്നു. ഒരു വിഗ്രഹം തീരും മുൻപൊരു പത്തു ലിറ്റർ കുറഞ്ഞത്‌ കുടിച്ചു തീർക്കും . ലോകത്തിന്റെ കാപട്യങ്ങളിൽ ഒന്നും പെടാതെ ഒന്നിനും ചെവി കൊടുക്കാതെ അയാൾ അയാളുടെ സൃഷ്ട്ടി പ്രക്രീയയിൽ മുഴുകും.മകൾ ഗീതയായിരുന്നു അയാളുടെ ലോകം അവളെ കല്യാണം കഴിച്ചു അയച്ചതിൽ പിന്നെ തീർത്തും മൌനിയായിരുന്ന തങ്കപ്പാണ്ണനു ശിൽപ നിർമാണത്തിൽ കൌതുകം കയറിയ ഞാൻ ആയിരുന്നു കൂട്ട് .
ശിഷ്യപെടൽ എന്നാൽ വിദേശ മദ്യ ശാലയുടെ നീണ്ട നിരയിൽ ഊഴം കാത്തു നിൽക്കലായിരുന്നുഎന്റെ പ്രധാന ജോലി. ദിവസത്തിൽ ഒന്നും രണ്ടും മൂന്നും തവണ പോകേണ്ടി വരും എങ്കിലും ഞാൻ പിണങ്ങിയിരുന്നില്ല കാരണം അണ്ണന് ഉള്ളിൽ കളങ്കമില്ലായിരുന്നു . ഉള്ളത് നേരെ ചൊവ്വേ പറഞ്ഞു തരും കല ഹൃദയത്തിലാണ് ഉണ്ടാവേണ്ടതെന്നും അത് ഹൃദയത്തിൽ ഉണ്ടായാൽ പിന്നെ നീ ചുമരുകൾ അന്വേഷിച്ചു അലയേണ്ടതില്ല അത് നിന്നെ തേടി വരുമെന്നും അണ്ണൻ എന്നെ പഠിപ്പിച്ചു .
കലാകാരനോട്‌ എന്നും കലഹിക്കുന്ന കരൾ പണി മുടക്കി , ഒരു കരിങ്കൽ കഷണത്തിൽ പോലും ആ മുഖം കോറിയിടാതെ തങ്കപ്പാണ്ണൻ എന്ന കലാകാരൻ കാല യവനികക്കുള്ളിലെയ്ക്കു കയറി നടന്നു. കുറച്ചു ശിൽപങ്ങള ല്ലാതെ ചരിത്രത്തിൽ ഒരു തിരു ശേഷിപ്പും തങ്കപ്പാണ്ണൻ അവശേഷിപ്പിച്ചില്ല.
ശ്രാദ്ധമൂട്ടാൻ മകനു പകരക്കാരനാകാനുള്ള നിയോഗം എനിക്കായിരുന്നു. ഈറനണിഞ്ഞ ഉടയാടകളിൽ എള്ളും പൂവും ഉരുള ചോറും വെച്ചു പിതൃ പിണ്ടത്തിനായി ഞാൻ ചമ്രം പിടഞ്ഞിരിക്കവേ ഉളി കൊണ്ട് കരിങ്കല്ലിൽ കവിതയെഴുതുന്ന അണ്ണൻ ഒരു നിഴൽ പോലെ അരികെ വന്നിരുന്നു . കർമ്മങ്ങൾ കഴിഞ്ഞു ബലിചോറ് ഉരുളയാക്കി വെച്ച് ആകാശത്തിലേയ്ക്ക് നോക്കി കൈയടിച്ചു ഞങ്ങൾ കാത്തു .ഇല്ലാ ബലികാക്കകൾ പിണങ്ങി മാറി നിൽക്കുന്നത് പോലെ, വീണ്ടും വീണ്ടും താളത്തിൽ കൈയ്യടിച്ചു. പരികർമ്മി അടുത്തു വന്നു ഇങ്ങനെ പറഞ്ഞു പ്രിയപ്പെട്ടതെന്തോ കിട്ടാനായി കാത്തു നിൽക്കുകയാണീ ആത്മാവ് .
ഞാൻ ബാഗിൽ കരുതിയിരുന്ന ജവാന്റെ റം പൊട്ടിച്ചു ഉരുള ചോറിനു അടുത്തു വെച്ചു .കാ കാ എന്നലറി കൊണ്ടോരായിരം കാക്കകൾ ആ ഉരുള ചോറിനു ചുറ്റും വലം വെച്ചു പറന്നു . അതിലൊരു കരിങ്കാക്ക നേരെ പറന്നു വന്നു ജവാന്റെ കുപ്പിക്കുള്ളിലെയ്ക്ക് ചുണ്ടുകൾ ഊന്നി . മറ്റു കാക്കകൾ ഉരുള ചോറുകൾ കൊത്തിപെറുക്കി പറന്നകന്നു . ശേഷം അവശേഷിച്ച ചോറുരുള ഒരു ശിൽപാകൃതിയിൽ ചുണ്ട് കൊണ്ടു കൊത്തിയോരുക്കിയ ശേഷം ആ കരിങ്കാക്ക മുകളിലേയ്ക്ക് ചിറകടിച്ചുയർന്നു ...

Sunday 24 April 2016

നാക്കും വാക്കും പിഴയ്ക്കുമ്പോൾ



രാവിലെ എഴുനേറ്റു ചാർട്ട് നോക്കി കുന്നോളം ജോലി തീർക്കാനുണ്ട് , വൈകുന്നേരമാവുമ്പോൾ ഉരുട്ടി താഴേയ്ക്ക് കളയാനുള്ള കല്ലുമായി നാറാണത്തു ഭ്രാന്തൻ രായിരനെല്ലൂർ മല കയറും പോലെ എന്റെ മയിൽ വാഹനം തള്ളി സ്റ്റാർട്ടാക്കി മുന്നോട്ടു പതിനഞ്ചു മിനിട്ട് ഓടിയില്ല മൊബൈൽ ഫോൺ ഗൌരവമുള്ള മണിയടിക്കുന്നു. ബോസ്സിന്റെ കോളുകൾക്കുള്ള പ്രത്യേക മണിയടി ശബ്ദമാണത് അടുത്ത പണി തരാനുള്ള നിലവിളി പേടിച്ചിട്ടു ഞാൻ കേൾക്കാത്തവനെ പോലെ വണ്ടി മുന്നോട്ടു ഓടിച്ചു .ഒന്നടിച്ചു നിന്നു, വീണ്ടും വിളി ഇനിയെടുത്തില്ലേൽ പണി പാളും . ഒരു പണി കൂടി ചെയ്യാൻ സന്നദ്ധനായി ഞാൻ ഫോൺ എടുത്തു അപ്പുറത്ത് നിന്നും ഘന ഗാംഭീര്യമാർന്ന ചോദ്യം
എവിടെയാണ് നീ , എവിടാണെങ്കിലും വണ്ടി തിരിച്ചു ഞാൻ പറയുന്ന ഓഫീസിലുള്ള ഹാറൂൺ എന്നയാളെ പോയി കാണുക അയാൾ തരുന്ന മൂന്ന് മില്യൻ ഡോളറിന്റെ ചെക്ക് വാങ്ങി നേരിട്ട് നമ്മുടെ അക്കൌണ്ടിൽ ഡിപ്പോസിറ്റ് ചെയ്യുക . ഇന്ന് വേറെ ഒരു പണിയും ചെയ്തില്ലങ്കിലും കുഴപ്പമില്ല. ഇത് വളരെ വളരെ പ്രധാനപ്പെട്ട ഒന്നാണ് .
വണ്ടി നൂറ്റിപത്തിൽ പറത്തി വന്നു ചില ജെയിംസ്‌ ബോണ്ട്‌ ചിത്രങ്ങളിലെ പോലെ ഹാൻഡ്‌ ബ്രേക്ക് വലിച്ചു നിർത്തി ആ ഓഫീസിലേയ്ക്ക് കടന്നു ചെന്നു. ആരാണ് ഹാറൂൺ ? ഞാനെന്തോ വലിയപരാധം ചോദിച്ചപ്പോലെ റിസപ്ഷനിൽ ഇരുന്ന പെൺകുട്ടി എന്നെ തുറിച്ചു നോക്കി ചോദിച്ചു. വൂ ???? ഹാറൂൺ അതെ അത് തന്നെ
ഹാറൂണോ അങ്ങനെ ഒരാൾ ഇവിടെയില്ല മിസ്റ്റർ നിങ്ങൾക്ക് ഓഫീസ് മാറിയതാവും ,
ഞാൻ ഒന്ന് കൂടി മുതലാളിയെ വിളിച്ചു അഡ്രസ്സ് തിരക്കി എല്ലാം ശരിയാണ് മുതലാളി പറഞ്ഞു വിട്ട ഓഫീസ് ഇത് തന്നെ ആണ് . സാർ അങ്ങനെ ഒരാൾ ഇവിടെ ഇല്ലെന്നാ ഈ പെങ്കൊച്ചു പറയുന്നേ ഞാൻ എന്ത് ചെയ്യണം .
നീയവിടെ നിൽക്കൂ ഞാൻ അയാളെ വിളിക്കാം മുതലാളി ഫോൺ കട്ട് ചെയ്തു. ഞാൻ റിസപ്ഷനിലെ പതു പതുത്ത കുഷ്യനിൽ ആസനസ്ഥനായി .
പത്തു മിനിട്ട് കഴിഞ്ഞു ഒരാൾ വന്നു എന്നെ ഉള്ളിലേയ്ക്ക് കൂട്ടി കൊണ്ട് പോയി ,കയ്യിൽ സ്വർണ്ണ ചങ്ങലകളും കഴുത്തിൽ കൊന്തയുമിട്ട ഒരു പാലക്കാരൻ അച്ചായന്റെ ഓഫീസിൽ കൊണ്ടിരുത്തി ഞാൻ എന്റെ ഐ ഡി കൊടുത്ത് ചെക്ക് കോപ്പിയിൽ ഒപ്പിട്ടു വാങ്ങി ചെക്ക് എനിക്ക് തരുമ്പോൾ സംശയം തീർക്കാൻ എന്നവണ്ണം ഒരു ചോദ്യമെറിഞ്ഞു . ചേട്ടൻ ക്രിസ്ത്യാനിയാണാ ?? അതെ എന്തേ ? അല്ലാ ഈ ഹാറൂൺ എന്ന പേര് ?? തന്റെ അറബി മുതലാളി പറഞ്ഞതല്ലേ ഈ പേര് എന്റെ പേര് ശരിക്കും അരുൺ ജോസഫ്‌ എന്നാണ് .ഞാൻ പ്ലിങ്ങി പുളകിതനായി ആ മുറി വിട്ടിറങ്ങുമ്പോൾ പണ്ട് ഡ്രൈവിംഗ് ടെസ്റ്റിനു വിളിച്ച വിചിത്രമായ പേര് "സുപ്പർ മാൻ പി അള്ളാ" എന്നായിരുന്നു വിളി പലതു കഴിഞ്ഞിട്ടും ആളെ കാണാതെ ക്ഷുഭിതനായി ഫയലുമായി പുറത്തിറങ്ങിയ പോലീസുകാരന്റെ ഫയൽ ഞാൻ പിടിച്ചു നോക്കി സുബ്രമണ്യം പിള്ളയാണ് അറബി പോലീസുകാരൻ സുപ്പർ മാൻ പി അള്ളാ ആക്കിയത്. അതൊക്കെ വെച്ച് നോക്കുമ്പോൾ ഹാറൂൺ അരുണല്ലേ ആയുള്ളൂ ചിലടിത്ത് പരമശിവം ഫാർമസിയും പാർവതി പാര വെട്ടിയുമാണ് .

Saturday 23 April 2016

ആകാശത്തിലെ ആനമയക്കികൾ


നിങ്ങൾ പീനട്ട് കൊണ്ടു വരൂ മാഡം നൂറു മില്ലി നിങ്ങൾക്ക് 11 ദിർഹം വാങ്ങി വിൽക്കാമെങ്കിൽ പീനട്ട് ഞങ്ങളുടെ അവകാശമാണ് ഇരുനൂറു മില്ലി നൽകിയ തിളപ്പിൽ അയാൾ ഏയർ ഹോസ്റ്റസിനോട് തട്ടിക്കയറുകയാണ്. സർ ഇതൊരു ബജറ്റ് എയർലൈൻസാണ് ബാറല്ല ദയവായി സഹകരിക്കുക. മാർവാഡി സുന്ദരി ആകാശത്തിലെ ആതിഥേയയുടെ കർത്തവൃമറിഞ്ഞ് ഭൂമിയോളം താഴുകയാണ്് മദ്യപൻ വിടാൻ ഭാവമില്ല . ഞങ്ങൾ പാസഞ്ചേഴ്സ് എന്നാൽ ഇസ്പേഡ് ഏഴാം കൂലികളാണെന്നാണോ നിങ്ങൾ ധരിച്ചിരിക്കുന്നത് ഏന്റെ പദവിയെന്താണെന്ന് നിങ്ങൾക്കറിയുമോ? സർ പ്ലീസ് ഇതു കഴിഞ്ഞൊരു കോംപ്ലിമെന്ററീ മീൽ ഉണ്ട് താങ്കൾക്കതു വേണമെങ്കിൽ ടച്ചിംഗ്സാക്കാം .മദ്യപന്റെ ശബ്ദമുയർന്നു സഹയാത്രികരെല്ലാം കൗതുകമുള്ള കാഴ്ച്ചക്കാരായി മദ്യപന്റെ ക്രൗര്യം ആകാശവാഹിനിയുടെ അകത്തളങ്ങളിൽ പ്രതിധ്വനിച്ചു കൊണ്ടേയിരുന്നു. ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യുമെന്ന് കരുതിയവർക്കെല്ലാം മദൃപൻ അസഹനീയമായ അസ്വസ്ഥത പരത്തുന്നു. കോക്പിറ്റിനുള്ളിൽ നിന്നും അജാന ബാഹുവായ ഒരു ഗോസായി പുറത്തേയ്ക്കിറങ്ങി വന്നു മദൃപനെ രൂക്ഷമായി ഒന്നു നോക്കീ ശേഷം അയാളുടെ പാസ്പോർട്ടു വാങ്ങി കൈയ്യിൽ വെച്ചു കൊണ്ടിങ്ങനെ പറഞ്ഞു അബ് തും പോലീസ് കീ റൊട്ടി ഖാവേ ! ഇനി നീ പോലീസിന്റെ റൊട്ടി കഴിക്കാൻ തയ്യാറെടുക്കൂ ഞാൻ എയർ പോർട്ട് പോലീസിൽ വിവരമറിയിച്ചു കഴിഞ്ഞു. സ്വിച്ചിട്ട പോലാ അശ്ലീല അദ്ധ്യായം അവസാനിച്ചിരിക്കുന്നു. പരിഭ്രാന്തിയുടെ പുതിയ നാടകമാരംഭിക്കയായി ,സാർ ക്ഷമിക്കണം ഞാൻ മദ്യ ലഹരിയിലായിപ്പോയി മാപ്പാക്കണം . എയർപോർട്ടിൽ എന്റെ ഭാരൃയും രണ്ടു പെൺകുട്ടികളും കാത്തു നിൽക്കുന്നുണ്ട്. ഇനിമേലിൽ ഞാൻ കമാന്നൊരക്ഷരം മിണ്ടില്ല അല്പസമയം മുൻപുവരെ പുലിപോലെ ചീറീയയാൾ പൂച്ചയെപ്പോലെ വിറയ്ക്കുകയാണ്. ഇപ്പോൾ ശരിക്കും ബാറ്റൺ ഗോസായിയുടെ കയ്യിലാണ്. നിന്റെ പെൺകുട്ടികൾക്കെത്രയാണ് പ്രായം ? പതിനാറും പതിനഞ്ചും, അമിതമായി മദൃപിച്ചുകഴിയുമ്പോൾ അവരാണ് തന്റെ ഭാരൃയെന്നു തോന്നാറുണ്ടോ??? ഇനിയും ചോദ്യങ്ങളാലെന്നെ മുറിവേൽപ്പിക്കരുതെന്ന ഭാവത്തിൽ കരഞ്ഞു കൊണ്ടയാൾ കൈകൂപ്പി. രണ്ടു പെഗടിച്ചാൽ മലബാറികളെല്ലാം ഇങ്ങനെയാണെന്നാക്രോശിച്ചാ ഗോസായി പാസ്പോർട്ട് മദ്യപന്റെ മുഖത്തേയ്ക്ക് വലിച്ചെറിഞ്ഞ് കോക്പിറ്റിനുള്ളിലേയ്ക്ക് നടന്നു. ശരിയാണ് രണ്ടു പെഗ് ഉള്ളിൽ ചെന്നാൽ അവകാശങ്ങളെപ്പറ്റി വാചാലനാവുകയും കടമകളെപ്പറ്റി മറക്കുകയും ചെയ്യുന്ന അശ്ലീല കാഴ്ച്ചകളാണ് നമുക്കു ചുറ്റും.......

Tuesday 19 April 2016

പരകായ പ്രവേശം

അഭ്യന്തര യുദ്ധം ആലെപ്പോയിലെ ജനവാസ കേന്ദ്രങ്ങളിലേയ്ക്ക് കടന്നപ്പോഴാണ് ബലീഗ് സിറിയയിൽ നിന്നും തന്റെ കുടുംബത്തെ ഇങ്ങോട്ട് കൂട്ടുന്നത്‌ . എട്ടു വയസുള്ള മകൻ ആദവും മകൾ ആമിയും ഭാര്യ റീമയും അടങ്ങുന്ന കൊച്ചു കുടുംബം വളരെ സന്തോഷത്തോടെയാണ് അപ്പനൊപ്പം ചേർന്നത്‌ . കുടുംബം വന്നത് മുതൽ സദാ പ്രസന്ന വദനൻ ആയിരുന്ന ബലീഗിന്റെ മുഖം കൂടുതൽ പ്രകാശമാനമായി . കുട്ടികളുടെ മുടങ്ങി പോയ വിദ്യാഭ്യാസം തുടരാൻ ഒരു സഹായം വേണ്ടിയിട്ടാണ് ബലീഗ് എന്നെ കാണുന്നത് . ചെലവ് കുറഞ്ഞ ഏതെങ്കിലും സ്കൂളിൽ ഒരു അഡ്മിഷൻ വേണം അറബിക് കരിക്കുലം തന്നെ വേണം എന്നു നിർബന്ധമില്ല ഇന്ത്യൻ ആയാലും കുഴപ്പമില്ല പക്ഷെ ഈ കൊല്ലം തന്നെ ചേർക്കണം. ആവുന്ന സഹായം വാഗ്ദാനം ചെയ്തു ഞാൻ അയാളെ തിരികെ അയച്ചു .
കുറഞ്ഞ ഫീസുള്ള അറബിക് കരിക്കുലം സ്കൂളിൽ തന്നെ അഡ്മിഷൻ ശരിയായ വാർത്ത അറിയിക്കാനാണ് ഞാനയാളെ ഫോൺ ചെയ്യുന്നത്. ഞാനറിയിച്ച വാർത്ത കേട്ടയാൾ സന്തോഷിക്കുമെന്നു കരുതിയെങ്കിലും വിങ്ങി പൊട്ടുന്ന ഒരു മറുപടി ആയിരുന്നു അയാളിൽ നിന്നും ഉണ്ടായത് വിമ്മികൊണ്ടയാൾ ചോദിച്ചു ഒന്നു വീട് വരെ വരുമോ ?
ഞാൻ ചെല്ലുമ്പോൾ കൊച്ചു ആദം ഗൗരവ ഭാവത്തിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്, ബലീഗ് എന്നെ സ്വാഗതം ചെയ്തിരുത്തി , ഞാനൊന്ന് കണ്ണോടിച്ചു അസാധാരണമായി ഒന്നുമില്ല
കഴിഞ്ഞ ഒരാഴ്ചയായി മകൻ ആദം ചില പ്രശ്നങ്ങൾ കാട്ടുന്നു !എട്ടു വയസുള്ള വികൃതി കുട്ടിയല്ലേ അതൊക്കെ സ്വാഭാവികം ഞാൻ നിസാരമാക്കി അതല്ല ഞാൻ അവനെ വിളിക്കാം ആദം ...ആദം... അയാൾ നീട്ടി വിളിച്ചു. ഒരനക്കവും ഇല്ലാ, ആദാം.... വിളിയുടെ ശക്തി കൂടി 50 മീറ്റർ മുന്നിൽ നടക്കുന്ന പയ്യൻ തിരിഞ്ഞു പോലും നോക്കുന്നില്ല . ഞാൻ ബാലീഗിനെ നോക്കി അയാൾ ദയനീയ ഭാവത്തിൽ തലതാഴ്ത്തി വീണ്ടും മറ്റൊരു പേര് ചൊല്ലി മകനെ വിളിച്ചു മോത്തെസ് . പയ്യൻ തിരിഞ്ഞു നിന്നു അടുത്തു വന്നു സംസാരം തുടങ്ങി ,ഭയാനകമായ ഗൌരവം അപ്പൻ ബാലീഗിന്റെ കണ്ണുകളിൽ ഭയം തളം കെട്ടുന്നു.
ഒരാഴ്ചയായി അവൻ ആദമല്ല സിറിയയുടെ വടക്കേ അതിരായ സ്വയിദയിൽ കൊല്ലപ്പെട്ട മോത്തെസ് എന്ന പട്ടാളക്കാരനാണ്‌ . നടപ്പും ഇരിപ്പും ഭാവവും എല്ലാം അയാളെപ്പോലെ കൃത്യമായി അയാൾ കൊല്ലപ്പെടുന്നതിനു മുൻപ് നടന്ന സംഭവങ്ങൾ തത്ത പറയും പോലെ വിവരിക്കുന്നു . ബലീഗ് നാട്ടിലുള്ള സഹോദരനെ വിട്ടു സ്വയിദയിൽ അന്വേഷിപ്പിച്ചു മകൻ പറയുന്നതൊക്കെ വള്ളി പുള്ളി തെറ്റാതെ എല്ലാം ശരിയാണ് . അകാല ചരമ മടഞ്ഞ മോത്തെസ് എന്ന യുവ സൈനികന്റെ മോഹങ്ങളും മോഹഭംഗങ്ങളുമാണ് അത്ഭുതകരമാം വണ്ണം ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ആ ബാലൻ വിവരിക്കുന്നത് .
എനിക്ക് പേടി തോന്നി യക്ഷി , മറുതാ , പ്രേതം ,ആദിയായവയെപ്പറ്റി നാട്ടിൽ വെച്ച് ഒരു പാട് കേട്ടിടുണ്ട്സിനിമയിലും കണ്ടിട്ടുണ്ട് എന്നാൽ ഒരു പരകായ പ്രവേശം ആദ്യം കൺ മുന്നിൽ കാണുകയാണ് അതും ചോരിവാ മാറാത്ത പയ്യനിലൂടെ . തിരികെ ബൈറൂട്ടിൽ പോയി അവിടെ ഏതെങ്കിലും മനോരോഗ ഡോക്ടറെ കാണിക്കാനാണ് അവരുടെ പദ്ധതി അഡ്മിഷൻ ശരിയാക്കിയിട്ടു വേണ്ടെന്നു പറയുമ്പോൾ ഞാൻ തെറ്റിദ്ധരിച്ചാലോ എന്നു കരുതിയാണവർ എന്നെ വിളിച്ചു കാര്യങ്ങൾ മനസിലാക്കിയത്‌. തെല്ലും പരിഭവിക്കാതെ ബലീഗിനെ സ്വാന്തനപ്പെടുത്തി ഞാൻ പുറത്തിറങ്ങുമ്പോൾ വാതിൽക്കൽ നിന്നും ഒരു പട്ടാളക്കാരനെപ്പോലെ കുഞ്ഞു ആദം എന്നെ തടഞ്ഞു നിർത്തി .
ഇന്ത മിന വേൻ ? നീയെവിടുത്തുകാരനാണ് ? ആനാ മിൻ ഹിന്ദ്‌, ഞാൻ ഇന്ത്യക്കാരനാണ് , ഹിന്ദി കൊയസ് യെല്ലാ റോ... ഇന്ത്യക്കാർ നല്ലവരാണ് വേഗം പോകൂ എന്ന പുറകിൽ പിടിച്ചൊരു തള്ള് തള്ളി . ഞാൻ അത്ഭുത ലോകത്തായിരുന്നു ആദം ജനിച്ച പട്ടണത്തിൽ നിന്നും 458 കിലോമീറ്റർ അകലെയുള്ള പട്ടണത്തിൽ അവൻ ജനിക്കും മുൻപു മരിച്ചൊരു പട്ടാളക്കാരൻ ഒരു സുപ്രഭാതത്തിൽ ആദാമിൽ പരകായ പ്രവേശം നടത്തുക .
കുഞ്ഞായിരിക്കുമ്പോൾ മുത്തശ്ശി പറഞ്ഞു തന്ന കഥകളിലെ ഗതി കിട്ടാതെ അലയുന്ന ആത്മാക്കൾ സത്യമാവാം അല്ലെങ്കിൽ ഒരു തരം മനോരോഗം. എട്ടു വയസു മാത്രം പ്രായമുള്ള ആദമെങ്ങനെ മനോരോഗിയാകും . ഈ ലോകം നിഗൂഡതകളുടെതു കൂടിയാണ് ശാസ്ത്രം എത്ര പുരോഗമിച്ചാലും ചില ചോദ്യങ്ങൾ ഉത്തരമില്ലാതെ തന്നെ തുടരും .................

Thursday 7 April 2016

പന്നി ഇറച്ചി തിന്നാൽ മുടി വളരുമോ ??



അച്ചാച്ചാ എന്റെ കൂടെ പഠിക്കുന്ന ചിന്നുവിന്റെ മുടി കണ്ടിട്ടുണ്ടോ ? മൂന്നാം ക്ലാസുകാരിയായ എട്ടു വയസുകാരി മോളുടെതാണ്‌ ചോദ്യം .അയ്യോ അച്ചാച്ചൻ അതൊന്നു കാണേണ്ടതാ ! അവടെ അച്ചാച്ചൻ അവൾക്കു പന്നി ഇറച്ചി വാങ്ങി കൊടുക്കുന്നുണ്ടത്രേ പന്നി ഇറച്ചി തിന്നാൽ മുടി ഇടതൂർന്നു വളരും അച്ചാച്ചാ !
കുഞ്ഞുങ്ങളിൽ നിന്നും പഠിക്കണമെന്ന് കേട്ടിട്ടുണ്ട് എന്നാൽ ഇതൊരു ഒന്നൊന്നര അറിവാണ് , അച്ചാച്ചൻ വരുമ്പോൾ ഒന്നും കൊണ്ട് വന്നില്ലെങ്കിലും സാരമില്ല ഇച്ചിരി പന്നി ഇറച്ചി എനിക്കു മേടിച്ചുതന്നാൽ മതി ? അമ്മ പന്നിയെന്നു കേട്ടാൽ ഏഴയലത്ത് അടുക്കില്ല മേടിച്ചാൽ ഞാനും മോളും കൂടി തിന്നു തീർക്കണം . ഞാൻ തന്നെ വെച്ചുണ്ടാക്കുകയും വേണം പാചകം പുത്തരിയല്ല പക്ഷെ പ്രതിപക്ഷത്തെ തീർത്തും അവഗണിച്ചു കൊണ്ടൊരു പാചകം വയ്യ. അടുത്തുള്ള ഹോട്ടലുകളിൽ ഒന്നും ഈ സാധനം കിട്ടാനുമില്ല . അച്ചാച്ചൻ വരട്ടെ മോളെ മോൾക്ക്‌ പന്നി ഇറച്ചി വാങ്ങി കറി വെച്ച് തരാം . അവളെ സമാധാനിപ്പിച്ചു ഫോൺ വെച്ചു .
എയർപോർട്ടിൽ ഇറങ്ങിയതും അവൾ ഒന്ന് കൂടി ഓർമിപ്പിച്ചു അച്ഛാച്ചാ പന്നി ഇറച്ചി അച്ചാച്ചൻ വാക്ക് പറഞ്ഞതാ .നിന്നോടാരാ പറഞ്ഞെ പന്നി തിന്നിട്ടാ ചിന്നുന്റെ മുടി വളരുന്നത്‌ എന്ന്, അതൊക്കെ വെറുതെ പറയുന്നതാ മോളെ അമ്മയ്ക്ക് ഇഷ്ട്ടമില്ലത്തതൊന്നും നമുക്കും വേണ്ടാ ഞാൻ മുട്ടപോക്ക് പറഞ്ഞുഒഴിവാക്കാൻ ശ്രമിച്ചു .മകൾ വിടാൻ ഭാവമില്ല അച്ചാച്ചൻ വരാൻ ഞാൻ എത്ര കാത്തിരുന്നെന്നു അറിയാമോ ? വേണ്ട എന്നോട് മിണ്ടേണ്ട, മകൾ പിണങ്ങി മാറി
എന്നാൽ നമുക്കീ ഞായറാഴ്ച പന്നിയിറച്ചി വാങ്ങാം എന്റെ ഉറപ്പു കിട്ടിയതും മകൾ ഏഴാം സ്വർഗത്തിലായി,
ആരൊക്കയൊ ചേർന്നാ കുഞ്ഞു മനസിനെ അത്രമേൽ മോഹിപ്പിചിരിക്കുന്നു .കുർബാന കഴിഞ്ഞിറങ്ങിയതും മകൾ കൈ പിടിച്ചു വലിച്ചു വാ അചാച്ചാ വണ്ടിയെടുക്ക് നമുക്ക് പന്നിയിറച്ചി വാങ്ങാൻ പോകാം . അവൾ പിറകിൽ കൈ പിടിച്ചിരുന്നു വണ്ടി പന്നി ഇറച്ചി കടയുടെ വാതിൽക്കൽ നിന്നു .ഞായറാഴ്ച ആയതു കൊണ്ടാണെന്ന് തോന്നുന്നു നല്ല തിരക്ക് ഞാൻ മകളെയും കൂട്ടി കുറച്ചകലെ മാറി നിന്നു .അവിടെ ഒരു ഇരുമ്പ് കൂട്ടിനുള്ളിൽ രണ്ടു പന്നി കുട്ടന്മാർ മരണ ദൂതൻ അരികിൽ എത്താൻ സമയമായി എന്നറിഞ്ഞിട്ടും നിർത്താത്ത കളിയിലാണവർ . മകൾ ഓടി ചെന്നാ പന്നികളുടെ കുസൃതി കൌതുകത്തോടെ നോക്കിയിരുന്നു.
തിരക്കൊഴിഞ്ഞു ഞാൻ പന്നി ഇറച്ചി വാങ്ങി മകളെ വിളിച്ചു ലീനാ വാ പോകാം... ഇച്ചിരി നേരം കൂടെ അച്ചാച്ച,,, അവൾ ആ കൂടിനു മുന്നിൽ നോക്കി നിന്നു പിരിയാൻ വിഷമം പറഞ്ഞു. കടക്കാരൻ വന്നു കൂട് തുറന്നു അതിൽ ഒന്നിനെ പിടലിക്ക് പിടിച്ചു .ഞാൻ മകളെ വിളിച്ചു ബാ പോകാം ആ പന്നികുട്ടനെ കൊണ്ട് ഇറച്ചി കടയുടെ ഉള്ളിലേയ്ക്ക്പോകുന്നതും നോക്കി അവൾ ബൈക്കിനു പുറകിൽ കയറി ഇരുന്നു.
അച്ചാച്ചാ അവരതിനെ കൊല്ലും അല്ലേ ? അതെ എന്നാലല്ലേ നമുക്കു ഇറച്ചി തിന്നാൻ കഴിയൂ.
ശോ കഷ്ട്ടം ! നല്ല രസമുള്ള പന്നികുട്ടന്മാരായിരുന്നു അവരെ കൊല്ലണമായിരുന്നോ ?
മോളല്ലേ പറഞ്ഞതു മോൾക്ക്‌ മുടി വളരണമെന്ന് അതുപോലെ ഒരു പാട് പേർക്ക് ആഗ്രഹം ഉണ്ടാകില്ലേ
നമ്മൾ ആഗ്രഹങ്ങൾ ഉപേക്ഷിച്ചാൽ കുറെയേറെ ജീവൻ രക്ഷിക്കാനാവും അല്ലേ അച്ചാച്ചാ. അവളുടെ ചോദ്യത്തിന് ഉത്തരം പറയാൻ തുടങ്ങും മുൻപ് ഒരലർച്ച കേട്ടു . മുന്നിലതാ ഒരു ബൈക്കും ഓട്ടോ റിക്ഷയും കൂട്ടി മുട്ടിയിരിക്കുന്നു ബൈക്കിൽ ഉണ്ടായിരുന്ന യുവാക്കൾ ചോരയിൽ കുളിച്ചു റോഡിൽ , ആളുകൾ ചുറ്റും കൂടുന്നു പതിയെ ബൈക്ക് സൈഡിൽ ഒതുക്കി ഞാൻ ആൾക്കൂട്ടത്തിനിടയിലേക്ക് മകളുടെ കൈ പിടിച്ചു നടന്നതുംഒരു പിൻ വിളി
ചേട്ടാ ദേ ഇറച്ചി പട്ടി കടിക്കുന്നു !!! ബൈക്കിൽ തൂക്കിയിട്ടിരുന്ന പ്ലാസ്റ്റിക്ക് ബാഗ് തെരുവ് നായ്ക്കൾ കടിച്ചു വലിക്കുകയാണ്‌ ,പട്ടിയെ ഓടിക്കാൻ കല്ലെടുത്ത് മുന്നോട്ടാഞ്ഞ എന്നെ മകൾ തടഞ്ഞു .. വേണ്ടച്ചാച്ചാ എനിക്ക് മുടി വളരേണ്ടാ അത് അവർ കൊണ്ട് പോയി തിന്നോട്ടെ , ഇനിയൊരിക്കലും ഇറച്ചി വേണമെന്ന് ഞാൻ വാശി പിടിക്കൂല്ലാ .............................

Tuesday 5 April 2016

വിധിയെ തടുക്കാൻ കണ്ടക്റ്റർക്കാവുമോ ??


യാത്ര തുടങ്ങിയത് മുതൽ അയാളെന്നെ സൂക്ഷിച്ചു നോക്കുകയാണ് , വണ്ടി ചുരമിറങ്ങി ആൾ തിരക്കം കുറഞ്ഞതും അടുത്തു വന്നിരുന്നിട്ട് അയാൾ സംശയം മാറാത്ത വണ്ണം ചോദിച്ചു ചേട്ടൻ മുൻപ് ആലപ്പുഴ ആറാട്ടുപുഴ റൂട്ടിൽ കെ എസ് ആർ ടി സി ബസിലെ കണ്ടക്റ്റർ ആയിരുന്നില്ലേ ???
കോളേജ് അധ്യാപകൻ ആകും മുൻപ് രണ്ടു കൊല്ലം ഞാൻ കെ എസ് ആർ ടി സി ബസിലെ കണ്ടക്റ്റർ ആയിരുന്നു . അത് പക്ഷെ പത്തിരുപതു കൊല്ലം മുൻപാണ്, എന്നെ പരിചിതരായ നാട്ടുകാർക്കും സുഹൃത്തുക്കൾക്കും മാത്രം അറിയാവുന്ന കാര്യം പത്തിരുപതു കൊല്ലങ്ങൾക്ക് ശേഷം ഒരപരിചിതൻ തീർത്തും അപരിചിതമായ സന്ദർഭത്തിൽ ചോദിക്കുന്നു ,ഞാനയാളെ സൂക്ഷിച്ചു നോക്കി ഇല്ലാ, ആലുവാ മണപ്പുറത്ത് വെച്ച പരിചയം പോലും ഇല്ല . അതെ ഞാൻ കണ്ടക്റ്റർ ആയിരുന്നു ആലപ്പുഴ ആറാട്ടുപുഴ റൂട്ടിൽ പക്ഷെ അതു കൊല്ലങ്ങൾക്ക് മുൻപ് !
എന്റെ ഉത്തരം കേട്ടതും വലിയ ഒരലർച്ചയോടെ അപരിചിതൻ ചാടിയെഴുന്നേറ്റു എന്റെ കോളറിനു പിടിച്ചു . കഴിഞ്ഞ ഇരുപതു കൊല്ലമായി ഞാൻ ഈ മുഖം തിരയുകയായിരുന്നെടാ റാസ്ക്കൽ *!%^&&&&............... കണ്ണ് പൊട്ടുന്ന ചീത്ത ,ചങ്ങനാശ്ശേരി ചന്തയിൽ പോലും കേൾക്കാത്ത പൂരപ്പാട്ട്‌ തുടങ്ങി , ആളുകൾ ഞങ്ങൾക്കു ചുറ്റും തടിച്ചു കൂടി ,
അമ്പരപ്പിന്റെ ആകാശത്തിൽ നക്ഷത്രമെണ്ണൂകയാണ് ഞാൻ, ആരാണിയാൾ ???
എന്താണിയാൾക്ക് എന്നോടുള്ള വൈരാഗ്യത്തിനു കാരണം ! അയാൾ എന്നെ തല്ലും എന്ന ഘട്ടം വന്നപ്പോൾ മറ്റു യാത്രക്കാർ അയാളെ പിടിച്ചു മുന്നിലോട്ടു കൊണ്ട് പോയി ഇരുത്തി , പിന്നിലേയ്ക്ക് തിരിഞ്ഞയാൾ ചീത്തവിളി തുടർന്നു , ബസ്‌ മുന്നോട്ടു പോകെ പോകെ അയാൾ ശാന്തനായി, എങ്കിലും ഞാൻ ഭയപ്പെട്ടു എവിടെ എങ്കിലും ഞാൻ ഇറങ്ങാൻ കാത്തിരിക്കുകയാണയാൾ ഇറങ്ങിയാൽ സ്പോട്ടിൽ അടി ഉറപ്പ് . എന്താണ് കാരണം എന്നതു മാത്രം അജ്ഞാതം .
എന്തായാലും ബസിനുള്ളിൽ വെച്ച് നേരിടുകയാവും ബുദ്ധി , ഞാൻ രണ്ടും കൽപ്പിച്ചെഴുന്നേറ്റു അയാളുടെ അടുത്തെത്തി കൈകൂപ്പി എന്റെ പൊന്നു സുഹൃത്തേ നിങ്ങൾക്കെന്നെ തല്ലാം പക്ഷെ എന്താണ് കാര്യം എന്നെനിക്കറിയണം, അതിനു ശേഷം ഞാൻ നിന്ന് തരാം . യാത്രക്കാരും എന്റെ കൂടെ കൂടി, അതെ കാര്യം പറ എന്നിട്ട് നമുക്ക് മുന്നോട്ടു പോകാം,, ബസ്‌ വഴിയരുകിൽ എവിടെയോ ഒതുക്കിയിട്ടു ഡ്രൈവറും കണ്ടക്ട്ടരും അടക്കം അയാളുടെ കഥ കേൾക്കാൻ എത്തി
ശ്വസമടക്കിയ അൻപതോളം ഹൃദയങ്ങളും നൂറോളം കണ്ണുകളും നോക്കി നിൽക്കെ നെടുവീർപ്പെട്ടുകൊണ്ടയാൾ തുടങ്ങി ഈ ............ മോനാണ് എന്റെ ജീവിതം തുലച്ചത് !!!!!!!
കഴിഞ്ഞ ഇരുപതു കൊല്ലമായി ഞാൻ അനുഭവിക്കുന്ന എല്ലാ ദുരിതത്തിനും ഉത്തരവാദി ഈ പൊന്നു മോൻ ഒരാളാണ് !! കുറ്റങ്ങളുടെ കുന്തമുന കൂർപ്പിച്ചു കൊണ്ടയാൾ എനിക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തുകയാണ് ഒരു എത്തും പിടിയും ഇല്ലാതെ ഞാൻ അപ്രതീക്ഷിതമായ വിചാരണ നേരിടുകയാണ്.
ആ നശിച്ച യാത്ര തുടങ്ങുന്നത് ആറാട്ടു പുഴ നിന്നാണ് അന്നാ ബസിലെ കണ്ടക്ക്ട്ടർ ഇയാളായിരുന്നു . ടിക്കറ്റെടുത്തു നൂറിന്റെ നോട്ടു കൊടുത്ത എനിക്കു ബാക്കി ഇയാൾ തന്നില്ല, ചോദിച്ചപ്പോൾ ചില്ലറയില്ല പിന്നാകട്ടെ എന്ന പതിവ് ഉത്തരത്തിൽ അയാൾ ആലപ്പുഴ വരെ കൊണ്ടു പോയി ,ആലപ്പുഴ എത്തിയിട്ടും ഇയാൾ ബാക്കി തന്നില്ല !!!
നൂറു രൂപയാണോ തന്റെ ജീവിതം നശിപ്പിച്ചേ ? ജനകൂട്ടത്തിന്റെ ക്ഷമ നശിച്ചു ബാക്കി വേഗം പറയെടോ ഡ്രൈവറും കണ്ടക്ട്ടരും ഒരുമിച്ചു ബഹളമുണ്ടാക്കി
ആലപ്പുഴ എത്തിയപ്പോൾ ഇയാൾ ആ നൂറിന്റെ നോട്ടും ഒരു പെൺകുട്ടിയേയും കൂടി കൂട്ടി തന്നിട്ട് എന്റെ ബാക്കി എടുത്തിട്ടു മുപ്പതു രൂപാ ആ പെൺകുട്ടിക്ക് ചില്ലറ മാറി കൊടുക്കാൻ പറഞ്ഞു ഞങ്ങളെ വഴിയിൽ ഇറക്കി വിട്ടു. എന്നിട്ട് ???????????
എന്നിട്ടെന്താ അവൾ ഇപ്പോൾ എന്റെ ഭാര്യയാ !!!!! കഴിഞ്ഞ ഇരുപതു വർഷമായി ഞാൻ അവളെ സഹിക്കുന്നു , അന്നേ ഞാൻ മനസിൽ കുറിച്ചിട്ടതാ ഇനി എവിടെ വെച്ചു ഈ കണ്ടക്റ്ററെ കണ്ടാലും ഒന്നു പൊട്ടിക്കണമെന്ന്!!!!!!!
മലപോലെ വന്നത് എലി പോലെ തീർന്നിരിക്കുന്നു . അഗ്നി പർവതത്തിനു മുകളിൽ ഐസു വെള്ളം വീണ പോലെ ഞാൻ ഊറി തണുത്തിരിക്കുന്നു.
ഞാൻ അയാളോട് ചേർന്നിരുന്നു തോളിൽ കൈയ്യിട്ടു കൊണ്ടു പറഞ്ഞു, അല്ല സുഹൃത്തേ ഒന്നോർത്താൽ നമ്മൾ രണ്ടു പേരും തുല്ല്യ ദുഖിതരാ, തനിക്കു ചില്ലറ മാറിയപ്പോൾ ദുരിതം കൂടെ വന്നു ഞാൻ ചില്ലറ മേടിചൊരണ്ണത്തിനെ കൂടെ പൊറുപ്പിക്കുന്നു.വിധിയെ തടുക്കാൻ കണ്ടക്റ്റർക്കല്ല വില്ലേജാപ്പിസറെ കൊണ്ട് പോലും കഴിയൂല്ലാ .........

Sunday 3 April 2016

ഇസ്കിയ ക്രീമിട്ടാൽ വെളുക്കുമോ ..


ലീവിനു ഞാൻ നാട്ടിലെത്തുന്ന ദിവസം മണത്തറിഞ്ഞയാൾ വീട്ടിലെത്തും. അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തെക്കാൾ ചടുലതയും വേഗവുമുണ്ടയാൾക്കാ കാര്യത്തിൽ . ഒരു സ്പ്രേ, രണ്ടു ടൈഗർ ബാം, രണ്ടു പെഗ് സ്കോച് വിസ്ക്കി അതയാളുടെ പതിവാണ്. ഒരവകാശം പോലെ അയാൾ അതിനായി എന്റെ വരവും കാത്തിരിക്കുമായിരുന്നു. പ്രിയമുള്ള ആരെയോ കാക്കുന്ന പോലെ ഒരാൾ എനിക്കായും കാത്തിരിക്കുന്നുണ്ടെന്ന ഓർമ്മ എനിക്കും ഒരു ബലമായിരുന്നു അതു കൊണ്ട് തന്നെ ഞാൻ എന്തു മറന്നാലും അയാളെ ഒരു യാത്രയിലും മറന്നിരുന്നില്ല.
അന്നും പതിവുപോലെ ഞാനെത്തിയതും അയാൾ വന്നു ഇരുന്നു, രണ്ടെണ്ണം വീശി അതിനിടയിൽ എനിക്ക് ഒരു പാട് സന്ദർശകരും മറ്റും ഉണ്ടായിരുന്നതിനാൽ എനിക്കയാളെ മാത്രം ശ്രദ്ധിക്കാനായില്ല. കിട്ടേണ്ടതെല്ലാം വാങ്ങി പ്രസന്ന വദനനായി നിലാവത്ത് അഴിച്ചു വിട്ട കോഴിയെപ്പോലെ വേച്ചു വേച്ചു അയാൾ വീട്ടിലേയ്ക്ക് നടന്നു പോയി.
രാത്രിയുടെ രണ്ടാം യാമം ,ഓരോ ഗൾഫ്‌കാരനും ലീവിനു വരുന്ന ആദ്യ ദിവസം ആദ്യ രാത്രിയാണ് .ഞങ്ങൾ സ്വാഗത പ്രസംഗം കഴിഞ്ഞു കാര്യ പരിപാടികളിലെയ്ക്കു കടക്കാൻ തുടങ്ങിയതും പുറത്തൊരു കരച്ചിൽ , ഒരു സ്ത്രീയാണ്, നിലവിളിച്ചു കൊണ്ടവൾ ബെല്ലമർത്തി .കയ്യിൽ കിട്ടിയ ബെഡ് ഷീറ്റും വാരിച്ചുറ്റി ഞാൻ കതകു തുറന്നു. എന്നെ കണ്ടതും അവരുടെ കരച്ചിലിന്റെ ശക്തി കൂടി "ചേട്ടാ ഒന്ന് വീട് വരെ വാ ....ചേട്ടൻ രാവിലെ കൊടുത്ത എന്തോ ക്രീം മുഖത്തു പിരട്ടി അതിയാനിപ്പോൾ നിൽക്കാനും ഇരിക്കാനും വയ്യാതെ അവിടെ കിടന്നു എരിപിരി സഞ്ചാരം " ഞാൻ അകത്തു പോയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു വന്നു , ടൈഗർ ബാം വാരി മുഖത്തു തേച്ചു കാണും ബ്ലെദ്ദി ഫൂൾ ........
ശ്രീശാന്ത് മത്സരത്തിനു ഇറങ്ങിയപോലെ മുഖം മുഴുവൻ വെളുത്ത ക്രീമും തേച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ് ടിയാൻ . ടൈഗർ ബാമിനു വെള്ള കളറോ ! ചേച്ചി ഓടി പോയി ഒരു ട്യൂബ് എടുത്തു എന്റെ കയ്യിൽ കൊണ്ട് തന്നു പറഞ്ഞു "ഇത് തേച്ചാൽ വെളുക്കും എന്ന് പറഞ്ഞു കുറെ വാരി പൊത്തിയിട്ടാ ഉറങ്ങാൻ കിടന്നത് " ഞാൻ അയാളുടെ മുഖത്തേയ്ക്കു നോക്കി അയാള് എന്നെ നോക്കാൻ ഭയപ്പെട്ടത് പോലെ തല താഴ്ത്തി.
ഫെയർ ആൻഡ്‌ ലോവ്ലിയുടെ ഫേസ് വാഷ് ക്രീമാണത്. ഇതെവിടുന്നു കിട്ടി ? അയാൾ മിണ്ടുന്നില്ല എന്റെ പെട്ടിയിൽ നിന്നും ഞാനറിയാതെ അടിച്ചു മാറ്റിയതാണയാൾ . പോയി തണുത്ത വെള്ളത്തിൽ മുഖം കഴുകൂ.
കുഞ്ഞാടിനെപ്പോലെ അയാൾ അനുസരിച്ചു . ഇതു വെളുക്കാനുള്ളതല്ല ,മുഖം കഴുകാനുള്ളതാണ് ഞാൻ പറഞ്ഞു മനസിലാക്കി എന്നോട് ചോദിച്ചിരുന്നേൽ ഞാൻ ഫെയർ ആൻഡ്‌ ലോവ്ലി തന്നെ തരുമായിരുന്നല്ലോ പിന്നെന്തിനാ മോഷ്ട്ടിച്ചേ ! ഭാര്യ ക്രൂദ്ധയായി അയാളുടെ മുഖത്തേയ്ക്ക് നോക്കി കുറ്റ ബോധം കൊണ്ടയാൾ ലജ്ജിതനായി ,ഞാൻ ആ വീട് വിട്ടിറങ്ങി .
പാതി വഴിയിൽ എത്തിയപ്പോൾ അയാൾ പിറകെ ഓടി വന്നു എന്നെ പിടിച്ചു നിർത്തി കാലിൽ സാഷ്ടാംഗം വീണു, സാർ... എന്നോടു പൊറുക്കണം, രണ്ടു പെഗ് അടിച്ച കിക്കിൽ ഞാൻ അറിയാതെ,, പോട്ടെടോ എനിക്ക് കുഴപ്പം ഇല്ല ചോദിച്ചാൽ ഞാൻ സന്തോഷത്തോടെ ഇതൊക്കെ തരുമായിരുന്നു ഞാനയാളെ ആശ്വസിപ്പിച്ചു . ഒരു സ്പ്രേയും കൂടി ഞാൻ അവിടുന്ന് മോഷ്ട്ടിച്ചു എന്നു പറഞ്ഞയാൾ പോക്കറ്റിൽ നിന്നും ഒരു കുപ്പി പുറത്തെടുത്തു . ഞാൻ നോക്കുമ്പോൾ മകന്റെ ബെർത്ത്‌ ഡേ ആഘോഷിക്കാൻ വാങ്ങിയ സെലിബ്രേഷൻ സ്പ്രേ !!!!!!
എന്റെ പൊന്നണ്ണാ ഇതെങ്ങാനും അണ്ണൻ എടുത്തു കക്ഷത്തിൽ അടിച്ചിരുന്നെങ്കിൽ ................

Friday 1 April 2016

കൊടുത്താൽ കൊല്ലത്തും ......


ചേച്ചീ വെള്ള സാരി ഉണ്ടോ,ഉണ്ടെങ്കിൽ ഒരു ദിവസത്തേയ്ക്ക് ഒന്നു കടമായി തരുമോ ?
പൈങ്കിളി നാദം കേട്ടാണ് ഞാൻ പുറത്തേയ്ക്ക് ഇറങ്ങിയത്‌ ,വാതിൽക്കൽ അതാ ദേവി വദനയായൊരു പെൺകുട്ടി ,ചന്ദനത്തിന്റെയും കാച്ചെണ്ണ യുടെയും സുഗന്ധം വീട്ടു മുറ്റത്തു പരക്കുന്നു. സെറ്റ് സാരി മതിയാകുമോ മോളെ, അലമാരിയിലെ സാരി മുഴുവൻ വലിചിട്ടിട്ടു അമ്മ ഉറക്കെ ചോദിച്ചു. അത് പറ്റില്ല ചേച്ചി വെള്ള തന്നെ വേണം.
ഇല്ലേൽ സാരമില്ല ചേച്ചി, ഞാൻ പോകുവാ , അല്ലാ എന്നാത്തിനാ ഈ വെള്ള സാരി ?? അതു ഇന്ന് ബി എഡ് കോഴ്സ് തുടങ്ങുവാ വെള്ള സാരി ഉടുത്തു തന്നെ ചെല്ലണം ഇനിയിപ്പോൾ ഇന്ന് പോകുന്നില്ല, പരിഭവം പറഞ്ഞവൾ മെല്ലെ നടന്നു പോയി .കിഴക്കേ പറമ്പിൽ വന്നു താമസിക്കുന്ന മരം വെട്ടുകാരൻ രഘുവിന്റെ മകളാണത്, നന്നായി പഠിക്കുന്ന കുട്ടിയായത് കൊണ്ട് നാട്ടുകാരും സംഘടനകളും സഹായിച്ചിട്ടാണ് ബി എഡിനു അഡ്മിഷൻ തരമാക്കിയത് , അന്നറിയില്ലായിരുന്നു ചേരുന്ന അന്ന് തന്നെ വെള്ള സാരിയും ഉടുത്തു ചെല്ലണം എന്ന്.
അമ്മയ്ക്ക് വിഷമമായി, പാവം കുട്ടി ക്ഷേമനിധിയിൽ അടയ്ക്കാൻ വെച്ചിരുന്ന 300 രൂപാ എടുത്തു എന്റെ കൈയ്യിൽ തന്നിട്ട് അമ്മ പറഞ്ഞു നീ പോയി ഒരു വെള്ള സാരി വാങ്ങി വരും വഴി രഘു ചേട്ടന്റെ വീട്ടിൽ കൊടുത്തേക്കു ഞാൻ അനുസരിച്ചു.
വർഷങ്ങൾക്കിപ്പുറം ഞാൻ തകർന്ന കച്ചവടക്കാരനായി ഗതികെട്ടപ്പോളാണ് വീട്ടു മുട്ടത്തു നിന്ന രണ്ടു മുഴുത്ത തേക്ക് മുറിച്ചു വിൽക്കുന്നതിനെ പറ്റി ആലോചിക്കുന്നത് . വനം വകുപ്പ് സംരക്ഷിത മരങ്ങളിൽ പെടുത്തി നമ്പർ ഇട്ടിരിക്കുന്നതിനാൽ വില്ലേജ് ഓഫീസിൽ നിന്നും ജില്ലാ വനം വകുപ്പിൽ നിന്നും അനുമതി വാങ്ങിയാലെ മരം മുറിച്ചു വിൽക്കാൻ പറ്റൂ . വില്ലേജ് ഓഫീസിൽ ചെന്നപ്പോൾ ആദ്യം ജില്ലാ കളക്ടറുടെ അനുമതി വേണം എന്നാലെ വില്ലേജിൽ നിന്നും അനുമതി കിട്ടൂ. അപേക്ഷയും പൂരിപ്പിച്ചു കളക്ടറുടെ ഓഫീസിൽ എത്തിയപ്പോൾ അവിടെ ഇല്ല രണ്ടു മൂന്ന് ദിവസം നടന്നിട്ടും ടിയാനെ കാണാൻ കിട്ടാത്തതിനാൽ വീട്ടിൽ പോയി കാണാൻ തീരുമാനിച്ചു. വീടിന്റെ വാതിൽക്കൽ വലിയ രണ്ടു നെയിം ബോർഡുകൾ രാജൻ ലാൽ, ജില്ലാ കളക്റ്റർ, രേഷ്മാ രാജൻ, ഡിസ്ട്രിക് ഫോറെസ്റ്റ് ഓഫീസർ ഭലേ ഭേഷ് ! രണ്ടനുമതിയും ഒരു കുടകീഴിൽ ബെല്ലടിച്ചതും ഒരാൾ വന്നു വാതിൽ തുറന്നു കയറി ഇരിക്കാൻ പറഞ്ഞു അഞ്ചു മിനുട്ട് കഴിഞ്ഞതും ഒരു സ്ത്രീ സ്റ്റയർ കേയിസ് ഓടി ഇറങ്ങി വന്നു എന്റെ മുന്നിൽ വന്നു ചോദിച്ചു എന്നെ അറിയുമോ ???
ഞാൻ ഓർമ്മകളിലേയ്ക്കു ഊളിയിട്ടു , ഇല്ലാ കിട്ടുന്നില്ല
ഞാനാണ് ഡി എഫ് ഓ രേഷ്മാ രാജൻ !!!!
ആഹാ ഇത് പറയാനാണോ സീൻ ഇത്ര കണ്ടു കോണ്ട്രയാക്കിയത് , കളക്റ്റർ വന്നു ഞാൻ കാര്യം പറഞ്ഞു.
വീണ്ടും ചോദ്യം, ഇത് വരെ എന്നെ മനസിലായിട്ടില്ല ????
ഇയാളാണ് എനിക്ക് ആദ്യമായിട്ട് പുടവ തന്നത് ഓർക്കുന്നില്ലേ അന്നു ആ ബി എഡ് കോഴ്സിന്റെ ആദ്യ ദിവസം. ഞാൻ ഒന്നവരെ സൂക്ഷിച്ചു നോക്കി പണ്ട് കണ്ട രൂപമേ അല്ല ശരിക്കും ഗമയുള്ള ഒരു ഉദ്യോഗസ്ഥയുടെ വേഷ പകർച്ചയിലേയ്ക്കു അവർ മാറിയിരിക്കുന്നു. ഒരൊറ്റ ഫോൺ കോളിൽ എന്റെ പറമ്പിലെ തേക്കല്ല
മുഴുവൻ മരങ്ങളും വെട്ടാനുള്ള അനുമതി ആയിരിക്കുന്നു . സ്നേഹ നിർഭരമായ ആഥിതേയത്വം സ്വീകരിച്ചു ഹൃദയം നിറഞ്ഞവനായി ആ വീട് വിട്ടു ഞാനിറങ്ങുമ്പോൾ അമ്മച്ചി ചെറുപ്പത്തിൽ പറയാറുള്ള വാക്യങ്ങൾ മനസിൽ എക്കൊയിട്ടു മുഴങ്ങി ''''''"ആരെയും തല്ലരുത് തല്ലിയാൽ ജീവിതകാലത്ത് എപ്പോഴെങ്കിലും നിനക്കാ തല്ലു തിരിച്ചു കിട്ടും അത് പോലെ തന്നെ നന്മയും''''''''