Monday 30 May 2016

ദിശ മാറി ഒഴുകും ജീവിതങ്ങൾ


ഡാ ഉണക്കപുളീ... ഒരു പാടു കാലത്തിനു ശേഷം അപരിചിതമായ ഒരു നഗരത്തിലെ പ്രൈവറ്റ് ബസിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നാണെന്റെ സ്കൂൾ കാലത്തെ ഇരട്ടപ്പേരു വിളിച്ചു കേൾക്കുന്നത്. ഞാനയാളെ സൂക്ഷിച്ചു നോക്കി തടിച്ചു കൊഴുത്തു ശീമപന്നിയുടെ മുഖമുള്ള ഒരു കുടവയറൻ. ഞാൻ മെല്ലെയയാളുടെ അടുത്തെത്തിയാ മുഖം ഓർത്തെടുക്കാൻ ശ്രമിച്ചു എത്രയാവർത്തി ശ്രമിച്ച
ിട്ടും ഇങ്ങനെയൊരു മുഖം ഓർത്തെടുക്കാൻ കഴിയുന്നില്ല. ബസ് സ്റ്റോപ്പിൽ നിന്നപ്പോൾ തടിയൻ കുടവയർ കുലുക്കി ചിരിച്ചു കൊണ്ടു പറഞ്ഞു ഇതു ഞാനാടാ പട്ടർ.. 10 ബിയിലെ വിഷ്ണു വർമ്മ. എനിക്കു വിശ്വസിക്കാനായില്ല സ്ക്കൂൾ കാലഘട്ടത്തിൽ ഞങ്ങളുടെ ഇടയിലെ പ്രതിഭയായിരുന്നു വിഷ്ണു വർമ്മ. ഗ്രാന്റ് മാസ്റ്റർ ജി എസ് പ്രദീപ് അശ്വമേധവുമായി കളം നിറയുന്നതിനു മുൻപ് മനസ്സറിയും കളികളുമായി ഞങ്ങൾക്കിടയിലെ സഞ്ചരിക്കുന്ന വിജ്ഞാനകോശമായിരുന്നവൻ. ഏതെങ്കിലും ജില്ല ഭരിക്കുന്ന കളക്ടറേ മറ്റോ ആയേക്കുമെന്നു ടീച്ചറുമാർ വിധിയെഴുതിയ പട്ടർ ഒരു സാധാ പ്രൈവറ്റ് ബസിലെ ഡ്രൈവറോ ! ബസ് മുന്നോട്ടു പോകവെ പട്ടർ ജീവിതം കയ്പു നിറഞ്ഞതാക്കിയ സംഭവകഥയുടെ ചുരുളഴിച്ചു. പത്താം ക്ലാസിൽ ഉന്നതവിജയം നേടിയ ശേഷം നഗരത്തിലെ കോളേജിൽ പ്രിഡിഗ്രി പരീക്ഷയിൽ കോപ്പിയടിച്ചതിന് പട്ടർ പിടിക്കപ്പെട്ടു. മൂന്നു കൊല്ലത്തേയ്ക്ക് ഡീ ബാർ ചെയ്യപ്പെട്ട അഷ്ടി പട്ടിണിക്കാരനു കുടുംബം പുലർത്താൻ ബസിലെ കിളിയാകേണ്ടി വന്നു. അവിടുന്ന് മൂത്തു മൂത്ത് ഡ്രൈവർ
സീറ്റിലെത്തി.പല നാടുകൾ പല വാഹനങ്ങൾ ജീവിതം അതിന്റെ ഇഷ്ടത്തിന് അഭംഗുരം ഒഴുകുകയായിരുന്നു ഞാനതിൽ പ്പെട്ടു പോയ ഒരു പാഴ്മുളം തണ്ട്. ആശിച്ച ജീവിതം കൈവിട്ടു പോയവന്റെ വേദനയുടെ തേങ്ങൽ അവന്റെ മൊഴികളിൽ മുഴങ്ങിക്കേട്ടു. അതിരിക്കട്ടെ നിശ്ച്ഛയമായും ജയിക്കുമായിരുന്ന നീയെന്തിനാണ് പിന്നെ കോപ്പിയടിച്ചത്. വയറുകുലുങ്ങുന്ന ചിരിയോടെ പട്ടർ എന്നെ വീണ്ടും നോക്കിയാ ഗീതാ ശ്ലോകം മൂളി യഥാ യഥാ യുധ് ധർമ്മസ്യാ.. സംഭവിച്ചതെല്ലാം നല്ലതിന് ഇനി സംഭവിക്കാനിരിക്കുന്നതും നല്ലതിന്.അപ്പോഴും ബസ് നീണ്ട മലമ്പാതകളിലൂടെ മുന്നോട്ടോടുകയായിരുന്നു...

കർമ്മഫലം കണക്കു ചോദിക്കും കാലം


റോഡിൽ ആകെ ഗതാഗത സ്തംഭനം ഇറങ്ങി നോക്കിയപ്പോൾ മുന്നിൽ രണ്ടു കാറുകൾ തമ്മിൽ ചെറുതായി ഉരസിയിരിക്കുന്നു . ഒന്നൊരു പഴയ മോഡൽ കൊറോള മറ്റൊന്നു പുത്തൻ ഔഡി .ഔഡിയിൽ നിന്നിറങ്ങിയ യുവാവ് ഉച്ചത്തിൽ കയർത്തു സംസാരിക്കുകയാണ് . ശകാരം കേട്ടൊരു പാകിസ്ഥാനി മദ്ധ്യ വയസ്കൻ തലകുനിച്ചു നിൽക്കുന്നു . പോലിസിനെ വിളിച്ചില്ലേ പിന്നെ എന്തിനാണ് ലഹള, പോലിസ് വന്നു തീരുമാനിക്കട്ടെ നിങ്ങൾ സമാധാനമായി അകത്തിരിക്കൂ ചുറ്റും കൂടി നിന്നിരുന്നവർ അയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു .പാവം മദ്ധ്യ വയസ്ക്കൻ ഒരക്ഷരം മിണ്ടാതെ തലകുനിച്ചിരിക്കുന്നു.
അല്ലെങ്കിലും ഈ പാകിസ്ഥാനികൾക്ക് ബുദ്ധിയും വിവരവും ഇല്ല ഉണ്ടായിരുന്നെങ്കിൽ ഈ പാട്ട വണ്ടി എന്റെ വണ്ടിയിൽ ഇടിക്കില്ലായിരുന്നു. യുവാവതു പറഞ്ഞു തീർന്നതും ആൾക്കൂട്ടത്തിനിടയിൽ നിന്നൊരാൾ മുന്നോട്ടു ഇരച്ചു കയറി യുവാവിന്റെ കരണത്തടിച്ചു.പൂച്ച വീഴും പോലെ അയാൾ കറങ്ങി നിലത്തു വീണു, കനത്ത നിശബ്ദത കൊടുങ്കാറ്റിനു മുൻപുള്ള ശാന്തത പോലെ ഭയാനകമായ മൗനം . കൊലപാതകത്തിനു സാക്ഷി പറയാൻ കഴിയാത്തവർ ഓടി അവരവരുടെ വാഹനങ്ങളിൽ കയറി ഇരുന്നു.
തല്ലിയ ആൾ ആരെയും കൂസാതെ നിൽക്കുകയാണ് തല്ലു കൊണ്ട് വീണ യുവാവ് പതിയെ മുഖം തടവി എഴുന്നേറ്റു ,കടുത്ത ജാള്യത മുഖം നിറഞ്ഞു നിൽക്കുന്നു .ഒരു ഉശിരൻ തല്ലു പ്രതീക്ഷിച്ചു നിന്നവരെ ഇളിഭ്യരാക്കി അയാൾ കാറിനുള്ളിൽ കയറി മുന്നോട്ടോടിച്ചു പോയി.മാർഗ തടസം ഒഴിഞ്ഞതും ഓരോരുത്തരായി വണ്ടി മുന്നോട്ടെടുത്തു തുടങ്ങി , കൊറോളയുടെ ഉടമയായ മദ്ധ്യ വയസ്ക്കൻ തന്നെ രക്ഷിച്ചയാളെ കൈ കാട്ടി വിളിച്ചു.
തീർത്തും അപരിചിതനായ എനിക്ക് വേണ്ടി താങ്കൾ എന്തിനാണ് ഇത്രയും വലിയ അവിവേകം കാണിച്ചത് ?
അവിവേകമോ ഇത്തരം രോഗത്തിനുള്ള ചികിത്സ നല്ല നാടൻ തല്ലു മാത്രമാണ് കണ്ടില്ലേ ഒരെണ്ണം കിട്ടിയപ്പോൾ അയാൾ ഒന്നും മിണ്ടാതെ പോയത്, ആട്ടെ നിങ്ങൾ എന്താണ് പോകാത്തത് . ഞാൻ എവിടേയ്ക്ക് പോകുമെന്നാണ് ഇപ്പോൾ ആലോചിക്കുന്നത് നിങ്ങൾ അടിച്ചിട്ടത് എന്റെ കഫീലിന്റെ മകനെയാണ് , കഴിഞ്ഞ ഇരുപതു വർഷമായി ഞാനവരുടെ വീട്ടിലെ ഡ്രൈവറാണ് .ആ സ്വാതന്ത്ര്യത്തിലാണ് അവൻ എന്നെ ശകാരിച്ചതും ഞാൻ എല്ലാം കേട്ട് കൊണ്ട് നിന്നതും . എന്തായാലുമത് നന്നായി, കഴിഞ്ഞ ഇരുപതു കൊല്ലമായി ഞാൻ മനസ്സിൽ പല തവണ ഓങ്ങി വെച്ച അടിയാണ് പടച്ചവൻ നിങ്ങളിലൂടെ പൂർത്തിയാക്കിയത് .
ചില അടികൾ അങ്ങനെയാണ് ആൾക്കൂട്ടത്തിനിടയിൽ നിന്നു പോലും അർഹതപ്പെട്ടവരെ തേടിയെത്തും ,കർമ്മ ഫലം കാലങ്ങളോളം ഒളിഞ്ഞിരുന്നാലും ഒരു നാൾ കണക്കു ചോദിക്കും കാത്തിരിക്കുക ......

മനസുള്ളവരുടെ സ്വർഗ്ഗ രാജ്യത്തെയ്ക്കെന്തിനു പാസ്പോർട്ട്

ബിവെജസിന്റെ ക്യു ഒരശ്ലീല കാഴ്ചയായിരുന്നു നാളിതുവരെ .ഇന്നതിന്റെ ശീതളിമയിൽ അണി ചേരാനിടയായി ,ഞായറാഴ്ച ആയതു കൊണ്ടാണോ എന്തോ കൊന്തയും വെന്തിങ്ങയും അണിഞ്ഞ യുവ രക്തം ഭക്തി പുരസ്സരം തോളോടു തോൾ ചേർന്നു നിന്നു സുകൃത ജപമെത്തിക്കുന്നു. ജവാന്റെ സ്റ്റൊക്ക് തീരാതിരിക്കാൻ പുണ്യാളനു നേർച്ച നേരുന്ന കടുത്ത വിശ്വാസി മുതൽ രാമകൃഷ്ണൻ വന്നില്ലേ ഇനിയെല്ലാം ശരിയാകും എന്ന ഉറപ്പു നൽകുന്ന സഖാവ് വരെ ഒരുമയുടെ സാഹോദര്യത്തിന്റെ കാണാ കാഴ്ച .
ക്ഷമ ആട്ടിൻസൂപ്പിന്റെ ഫലം ചെയ്യുമെന്നാണ്‌ അറിവുള്ളർ പറഞ്ഞിരിക്കുന്നത് പക്ഷെ ക്ഷമിച്ചു നിൽക്കാൻ അഭിമാനം അനുവദിക്കാതെ അസ്വസ്ഥനായി നിന്ന എന്റെ അടുത്തേയ്ക്കയാൾ ഒരു മാലാഖയെ പോലെ പറന്നിറങ്ങി .കറുത്തു കുറുകിയ ഒരു ബംഗാളി ,ബംഗാളി ചുവയുള്ള മലയാളത്തിൽ അവൻ എന്നോടു പറഞ്ഞു ചേട്ടൻ ആ കാശിങ്ങു താ, എന്നിട്ട് ഇങ്ങോട്ട് മാറി നിന്നോ ഞാൻ ഇപ്പോ ശരിയാക്കി തരാം ചേട്ടനു എന്താ വേണ്ടത് ? ഒരു ബക്കാർഡി ലെമൺ ,ജനിച്ചിട്ടിന്നോളം ആ പേരു കേൾക്കാത്തവനെപ്പോലെ അയാൾ അത്ഭുതം കൂറി .അങ്ങനെ ഒരു സാധനം അവിടെ കിട്ടും അകത്തെ അലമാരയിലേയ്ക്ക് വിരൽ ചൂണ്ടിയാ കുപ്പി ഞാനയാൾക്ക് കാട്ടി കൊടുത്തു .ഏറ്റു ചേട്ടാ എനിക്കൊരു അമ്പതു രൂപാ അധികം തരണം എന്റെ കുഞ്ഞുങ്ങൾക്ക്‌ അരി മേടിക്കാൻ, ഞാൻ സമ്മതിച്ചു ഒരു കുരങ്ങൻറെ മെയ് വഴക്കത്തോടെ അയാൾ ക്യൂവിലേയ്ക്ക് ഇടിച്ചു കയറി.
സുധീരൻ പ്രസിഡണ്ട്‌ ആയതു കൊണ്ടു അന്നം മുട്ടാതെ ജീവിക്കുന്ന പാവം മനുഷ്യർ , മാന്യമായി മദ്യപിക്കുന്നവരുടെ ഇരിപ്പിടം നിഷേധിച്ചു ഉട്ടോപ്പിയൻ സോഷിലിസം ഉണ്ടാക്കാൻ ശ്രമിച്ചു പരാജയപ്പെട്ട ജീവിച്ചിരിക്കുന്ന വിശുദ്ധനെ ഉടലോടെ സ്വർഗത്തിൽ കൊണ്ടു പോകണേ എന്ന ആത്മഗതം കഴിഞ്ഞതും മാലാഖ മുൻപിൽ പ്രത്യക്ഷപെട്ടു .കൈയ്യിൽ രണ്ടു കൂതറ റം ,ഞാൻ കുപ്പിയിലെയ്ക്കും അയാളുടെ മുഖത്തേയ്ക്കും മാറി മാറി നോക്കി , ചേട്ടാ അവിടെ എത്തിയപ്പോൾ ചേട്ടൻ പറഞ്ഞ പേരു ഞാൻ മറന്നു പോയി.ഇതു നല്ല സാധനമാ ചേട്ടൻ ഒന്നടിച്ചു നോക്കു .ഞാനാ കുപ്പി വാങ്ങി, അമ്പതു രൂപാ വാങ്ങി പുതിയ തൊഴിലിടം തേടി അയാൾ ഊളിയിട്ടു.
ഭാസ്ക്കരൻ പടിഞ്ഞാറസ്തമിക്കാതെ ഒരു തുള്ളി അകത്താക്കുന്ന ശീലം പണ്ടേയില്ല വണ്ടിക്കടിയിലെവിടെയോ കൂതറകൾ രണ്ടും സുഖമായി ഉറങ്ങി. വൈകുന്നേരം കുഞ്ഞുങ്ങളുമായി ബീച്ചിൽ എത്തിയപ്പോൾ വീണ്ടുമാ മുഖം കപ്പലണ്ടി വിൽപ്പനക്കാരനായി അയാൾ ,നിനക്കെന്തൊക്കെ ജോലികളാണ് ഭായി, രാവിലെ ബെവേരെജസിൽ വൈകിട്ടു ബീച്ചിൽ എനിയുമെന്തങ്കിലും ......
ജീവിക്കേണ്ടേ ഭായിജാൻ ,ഇന്ന് സണ്ടേ ആയതു കൊണ്ടു മാത്രമാണ് ഞാനാ ജോലിക്ക് വന്നത് ഓരോ നിമിഷവും എനിക്കു നാട്ടിൽ എന്നെ പ്രതീക്ഷിച്ചു കഴിയുന്ന വയറുകളെ ഓർക്കേണ്ടിയിരിക്കുന്നു .അഭിമാനത്തിന്റെ വാൽമീകങ്ങളിൽ അടയിരിക്കുന്ന എനിക്കേറ്റ പ്രഹരങ്ങളിൽ ഒന്നുമായി ഞാൻ മടങ്ങുമ്പോൾ അഞ്ചു വയസായ മകൻ എന്നോടു പയ്യാരം പറഞ്ഞു അച്ചാച്ചൻ എന്തിനാ ഞങ്ങളെ ഇട്ടിട്ടു ഗൾഫിൽ പോകുന്നേ............

അവസ്ഥാന്തരങ്ങൾ

കുന്നേലേ അപ്പച്ചന്റെ മകൻ സാം കുട്ടിക്ക് വലിയ പഠിപ്പ് ഉണ്ടെന്നു മാത്രമേ കുഞ്ഞമ്മയ്ക്കു അറിവുണ്ടായിരുന്നുള്ളൂ പച്ചടിയോ പി എ ച്ച് ഡി യോ അങ്ങനെ എന്തോ കൂടിയ പഠിപ്പ്. എന്തെങ്കിലും വിശേഷമുണ്ടായാലെ അപ്പച്ചനു പിള്ളേരും വീട്ടിൽ വരൂ അടുത്ത ബന്ധുക്കളാണെങ്കിലും ബാങ്ക് ബാലൻസിലെ അകൽച്ച മൂലം അപ്പച്ചനു കുഞ്ഞമ്മയോടൊരു അസ്പ്ർശ്യത ഉണ്ടായിരുന്നു .കൈയ്യിൽ പത്തു പുത്തൻ ഇല്ലാത്താ ബ്ലടി കൺട്രി ഫെല്ലോസിനോട് ദന്ത ഗോപുര വാസികൾക്ക് തോന്നുന്ന സാധാരണ പുശ്ചം .മുത്തുകൾ പോലെ പൊഴിയുന്ന വാക്കുകളിൽ ഒതുങ്ങുന്ന ഒരു സ്നേഹാന്വേഷണം, അതും ഹാലിയുടെ ധൂമകേതു വരുമ്പോലെ വല്ലപ്പോഴും ഒരിക്കൽ മാത്രം .അപ്പച്ചൻ എങ്ങനെ തന്നെ ആയാലും കുഞ്ഞമ്മക്കെല്ലാവരോടും സ്നേഹമാണ്‌ .ഇല്ലായ്മയിലും വല്ലായ്മയിലും അവർ മനസമാധാനത്തിൽ ജീവിച്ചു .
കാക്കകളുടെ കൂട്ട കാ കാ വിളി കേട്ടാണ് കുഞ്ഞമ്മ ഉമ്മറത്തേയ്ക്കിറങ്ങിയത്.നൂറായിരം കാക്കകൾ അലറി പറക്കുന്നു പുറത്തെ വേലിക്കെട്ടിനോട് ചേർന്ന് ഒരു പ്രാകൃത രൂപം. മുഷിഞ്ഞു നാറിയ വസ്ത്രങ്ങളും ജഡ കേറിയ താടി രോമങ്ങളുമായി മെലിഞ്ഞു നീണ്ട ഒരു രൂപം .കുഞ്ഞമ്മയാ മുഖത്തേയ്ക്കൊന്നു സൂക്ഷിച്ചു നോക്കിയിട്ടു അമ്പരപ്പോടെ നീട്ടി വിളിച്ചു മോനെ, സാം കുട്ടി...........
മുൻപെങ്ങും ആ പേരു കേൾക്കാത്ത വിധം അയാൾ കുഞ്ഞമ്മയെ സൂക്ഷിച്ചു നോക്കി ഒന്നു മന്ദഹസിച്ചു .കുഞ്ഞമ്മയയാളെ വീട്ടിനുള്ളിലെയ്ക്ക് കൈ പിടിച്ചു നടത്തി പിന്നാലെ ഇരമ്പിയാർക്കുന്ന കാക്കകൂട്ടങ്ങളും ,വീടിനുള്ളിലേയ്ക്ക് കയറിയതും മൂന്നാലു കരിങ്കാക്കകൾ പിന്നാലെ പറന്നു കയറി അയാളുടെ സഞ്ചിയിൽ കൊത്തി വലിച്ചു .കുഞ്ഞമ്മ കുടയുടെ ശീലയാട്ടി അവയെ ആട്ടിയോടിച്ചു.കാക്കകൾ വീടിനു ചുറ്റും പ്രതിഷേധ ധർണ്ണക്കാരെ പോലെ കുത്തിയിരുന്നു കാറി .
കുഞ്ഞമ്മ അപ്പോഴാണത് ശ്രദ്ധിച്ചത് സാം കുട്ടിയുടെ തുണി സഞ്ചിയിൽ നിന്നും രക്തം കിനിയുന്നു.കുഞ്ഞമ്മയാ സഞ്ചി വാങ്ങി തുറന്നു ,അതിനുള്ളിൽ ഒരു തലയറുത്ത കാക്ക എന്തിനാ മോനെ ഈ കാക്ക ?കുഞ്ഞമ്മ വാത്സല്യം വിടാതെ ചോദിച്ചു. വിശക്കുമ്പോൾ തിന്നാന്നാ ... അങ്കുശമില്ലാത്ത പൈതലിനെ പോലെ അയാൾ ചിരിച്ചു.
കാര്യമായി എന്തോ മനോ രോഗത്തിന്റെ പിടിയിലായിരിക്കുന്നു സാംകുട്ടി.കുഞ്ഞമ്മയയാളെ കുളിപ്പിച്ചു ഷൌരം ചെയ്തു പുതിയ കുപ്പായത്തിലാക്കി മിടുക്കനാക്കിയിരിക്കുന്നു.
തകർന്ന ഹൃദയത്തോടെയാണ് അപ്പച്ചൻ കുട്ടിയാ വാർത്ത കേട്ടത് . ഡറാഡൂണിൽ ഉന്നത ബിരുദം നേടാൻ പോയ മകൻ .....
കുഞ്ഞമ്മയവനെ പരിധികളില്ലാതെ സ്നേഹിച്ചു ലോകത്തെ മുഴുവൻ അറിവും വഹിക്കുന്ന തലച്ചോറ് കുഞ്ഞമ്മയെന്ന മൂന്നാം ക്ലാസ്സുകാരിയുടെ അനുഭവ ജ്ഞാനത്തിനു മേൽ ഉടച്ചു വാർക്കപ്പെട്ടു.
സമ്മർദ്ധങ്ങളില്ലാത്ത ബുദ്ധിയിലെയ്ക്കയാൾ മെല്ലെ മെല്ലെ പറിച്ചു നടപ്പെട്ടു.പുതിയ മനുഷ്യനായി സാംകുട്ടി തിരികെ പോകും മുൻപ് കുഞ്ഞമ്മയുടെ കൈ ചേർത്തു പിടിച്ചിങ്ങനെ പറഞ്ഞു.ഒരു താളം മുന്നോട്ടോ പിന്നോട്ടോ പോയാൽ ഭ്രാന്തനാകപ്പെടെണ്ടത്ര നിസ്സരാമാകുന്നു മനുഷ്യ ജന്മം .
നിങ്ങൾ ആരായിരുന്നാലും ഹൃദയമുണ്ടായിരിക്കുക എന്നതാണ് പ്രാധാന്യം.വലിയ മോഹങ്ങൾക്ക് അപ്പനും അമ്മയുമാകാതെ ഒരു കുഞ്ഞമ്മയായി ജീവിച്ചു മരിക്കാൻ കഴിഞ്ഞെങ്കിൽ......

Thursday 12 May 2016

ഉറവ വറ്റിയ ഉറവപ്പാറ


അചാച്ചാ ഈ മരുന്നിവിടെ ഇല്ലെന്നാ പറയുന്നത് , പതിനാലു വയസായ ഒരു മൊഞ്ചത്തിക്കുട്ടി അറുപതു കഴിഞ്ഞ വൃദ്ധനെന്നു ഒറ്റ നോട്ടത്തിൽ തോന്നിക്കുന്ന ആളോട് ദയനീയമായി പറയുന്ന കാഴ്ച കണ്ടാണ്‌ ഞാൻ അങ്ങോട്ട്‌ ചെന്നത് . ഞാനാ കുറിപ്പടി വാങ്ങി നോക്കി രക്താർബുദത്തിനുള്ള ക്ലോഫാരബിൻ എന്ന മരുന്നാണത് പുറത്തെ മെഡിക്കൽ ഷോപ്പിൽ 21000 രൂപയ്ക്കാണാ മരുന്ന് വിൽപന നടത്തുന്നത്. സർക്കാർ മരുന്നുകടകളിൽ അതിന്റെ നാലിൽ ഒന്ന് വില മാത്രം.
തൊടുപുഴ നഗരസഭയ്ക്കടുത്തു ഉറവപ്പാറാ എന്ന സ്ഥലത്ത് നിന്നാണ് കൃഷ്ണൻ ചേട്ടനും മകളും കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയത്. കല്യാണം കഴിഞ്ഞു പതിനാലു വർഷത്തെ നേർച്ച കാഴ്ചകളുടെ ഫലമായിട്ടാണ് മകൾ സീത ഉണ്ടായത്. പതിമൂന്നാം വയസിൽ അവൾക്കു ബ്ലഡ്‌ കാൻസർ ആണെന്നറിയും വരെ വളരെ സന്തോഷത്തിലായിരുന്നു ആ കുടുംബം. പെട്ടന്നാണാ സന്തോഷത്തിന്റെ മുകളിൽ രോഗം കാർമേഘം പൂണ്ടിറങ്ങി കാറ്റും കോളും കടൽക്ഷോഭവും വരുത്തി വെക്കുന്നത്. നിസ്സഹായനായ ആ മനുഷ്യനു ചുറ്റും പ്രസരിപ്പുള്ള മുഖവുമായി അവൾ , ഒരു നിമിഷം ഞനെന്റെ മക്കളെയോർത്തു ആ പെൺകുട്ടിയിൽ എന്റെ മകളുടെ മുഖം തെളിയുന്നത് പോലൊരു തോന്നൽ ,
ഇടവക പള്ളിയിലെ വിൻ സെൻ ഡി പോളിന്റെ ചുമതലക്കാരൻ ഞാനാണ് ,എല്ലാ മാസവും നിർദ്ധനരായ രോഗികൾക്ക് ചെറിയ ഒരു തുക വീതം നൽകുന്നുണ്ട് ഇവരെ അങ്ങോട്ട്‌ കൂട്ടിയാലോ , യാതൊരു സങ്കോചവുമില്ലാതെ ആ മനുഷ്യനും കുടുംബവും എന്നെ അനുഗമിച്ചു വികാരി അവരുടെ ദയനീയത അറിഞ്ഞപ്പോൾ ചികിത്സാ ചിലവു മുഴുവൻ വഹിക്കാമെന്നായി , ഗവണ്മെന്റ് കൊടുത്ത ഇൻഷുറൻസ് കാർഡിലെ കാശ് തീരുന്ന മുറയ്ക്ക് അയാൾക്ക്‌ എപ്പോൾ വേണമെങ്കിലും ബില്ലുമായി പള്ളിമുറിയിൽ എത്താനുള്ള സ്വാതന്ത്ര്യം അച്ചൻ അനുവദിച്ചു. എപ്പോളൊക്കെ അച്ചനെ കാണാൻ വരുമോ അപ്പോളൊക്കെ അയാൾ കുടുംബവുമായി എന്നെ വന്നു കാണും.
അനുവദിക്കപ്പെട്ടു കിട്ടിയ സ്വാതന്ത്ര്യം ഒരിക്കലും അയാൾ ദുരുപോയോഗപ്പെടുത്തിയില്ല . നീതി സ്റ്റോറിൽ ഇല്ലാത്ത മരുന്നുകൾക്കായി മാത്രമേ അയാൾ പള്ളി മേടയിൽ എത്താറുണ്ടായിരുന്നുള്ളൂ.ഒരു രാത്രിയിൽ ഉറവപ്പാറയിൽ നിന്നൊരു ഫോൺ കാൾ അച്ചനെ തേടിയെത്തി. കൃഷ്ണേട്ടൻ മരിച്ചിരിക്കുന്നു ഞങ്ങൾ ചെല്ലുമ്പോൾ ഉറവപ്പാറ തേങ്ങുകയായിരുന്നു. ഇടിഞ്ഞു വീഴാറായ ഒരു ആസ്ബറ്റോസ് കുടിലിനു മുന്നിൽ മൂന്നു മൃത ശരീരങ്ങൾ. ചിരിച്ചു കൊണ്ടു ഉറങ്ങുന്ന മുഖവുമായി കൃഷണനും സീതയും ഭാര്യ ജാനകിയും. മകൾ ഇല്ലാത്ത ലോകം നിറങ്ങളില്ലാത്തതാവും എന്നയാൾ ഇടയ്ക്കിടെ പറയുമായിരുന്നു, മകളുടെ വേർപാടിൽ മനം നൊന്താവണം കൃഷ്ണേട്ടൻ .....
നാട്ടുകാരിൽ ഒരാൾ തിരുത്തുമായെത്തി മൂന്ന് പേരും ഒരുമിച്ചു ആത്മഹത്യ ചെയ്യുകയായിരുന്നത്രേ ! കഴിഞ്ഞ മൂന്ന് ദിവസമായി ഇവർ മുഴു പട്ടിണിയിൽ ആയിരുന്നത്രെ . മരിക്കുന്നത് വരെ തൊട്ടയൽപ്പക്കത്തെ വീട്ടുകാർക്കു പോലും അതറിയില്ലായിരുന്നു ആരോടും ഒന്നും ചോദിക്കാതെ ഒന്നും അറിയിക്കാതെ അഭിമാനം സംരക്ഷിച്ചാ കുടുംബം കടന്നു പോയിരിക്കുന്നു. ഞാൻ പതിയെ ആ ആസ്ബറ്റോസ് കുടിലിനു ഉള്ളിൽ കയറി അവിടെ ഒരുമനോഹാരമായ വീടിന്റെ ചിത്രത്തിനു താഴെ സീതമോൾ എഴുതിയതെന്നു തോന്നിക്കുന്ന ഒരു കുറിപ്പ് ചുമരിൽ തൂങ്ങിയാടുന്നു .അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു.
ഞങ്ങൾ സ്വർഗത്തിലാണ് , ഉറവപ്പാറ എന്ന കൊച്ചു സ്വർഗത്തിൽ
ഇവിടെ എനിക്കു രണ്ടു മാലാഖമാരുടെ കൂട്ടുണ്ട് അവരോടൊപ്പം
ഈ ലോകാവസാനം വരെ ജീവിക്കാനായെങ്കിൽ .......

Wednesday 11 May 2016

എല്ലാ പ്യുപ്പയും ഒരു നാൾ ശലഭമാകും


സാധാരണ മിസിരികളിൽ നിന്നും വിഭിന്നമായി നല്ല മനുഷൃ സമ്പർക്കമാണ് എന്നെയാ ടൈപ്പിംഗ് സെന്ററിൻറെ സ്ഥിരം ഉപഭോക്താവാക്കിയത്. ഈജിപ്ത്കാരി മിറിയാമാണ് സെന്ററിന്റെ നടത്തിപ്പുകാരി സഹായത്തിനു കൂടെ ആജാനബാഹുവായ ഭർത്താവ് ഇയാദും . തടിച്ചു പൊക്കം കുറഞ്ഞ മിറിയാമിന്റെ മുന്നിൽ പഞ്ചപുച്ഛമടക്കി ആജ്ഞാനുവർത്തിയായീ നിൽക്കുന്ന ഘടാ ഘടിയൻ ഇയാദിന്റെ ചിത്രം അറേബൃൻ നാടോടിക്കഥയിലെ കുപ്പിയിൽ നിന്നു വന്ന ഭൂതത്തിന്റേതു പോലെ രസകരവും ചിരി പടർത്തുന്നതുമായിരുന്നു. മിറിയാമിന്റെ വാക്കിനു മേലെ മറിച്ചൊരക്ഷരം മിണ്ടാൻ പോലും അയാൾക്കു ഭയമായിരുന്നൂ. എന്നെ കാണുമ്പോഴൊക്കെ മിറിയാമിനെ ഒളിച്ചയാൾ ഒരു നുള്ള് പാൻ മസാല വാങ്ങി ചുണ്ടിനിടയിൽ തിരുകും ഒരിക്കൽ മിറിയാമറിയാതെ ഒരു നുള്ള് പാൻ മസാല ചുണ്ടിൽ തിരുകുന്നതിനിടയിൽ അയാൾ പിടിക്കപ്പെട്ടു. മിറിയാമിൻറെ നിഴൽവെട്ടം കണ്ടതും നേഴ്സറി കുട്ടികളെപ്പോലും നാണിപ്പിക്കും വിധം അയാൾ പേടിച്ചു മുള്ളി അക്ഷരാർത്ഥത്തിൽ അയാളുടെ കോട്ടൻ പാന്റിലൂടെ ഉപ്പു കണങ്ങൾ ഊർന്നിറങ്ങി.
കാലമങ്ങനെ കള്ളനും പോലീസും കളിച്ചു കടന്നൂ പോയി. ഒരു ലീവു കഴിഞ്ഞു ഞാൻ വന്നപ്പോൾ അവരുടെ കട അടഞ്ഞു കിടക്കുന്നൂ അടുത്തന്വേഷിച്ചപ്പോൾ ഇയാദ് സ്ട്രോക്കു വന്നു ഒരു വശം തളർന്നാശുപത്രിയിലാണെന്നറിഞ്ഞു. വിവരം തിരക്കി ഞാനാശുപത്രിയിലെത്തുമ്പോൾ അജാനബാഹുവായ ആ മനഷ്യനെ ഭക്ഷണം കൊടുക്കാനായി ഉയർത്തിയിരുത്തുന്ന ആശക്തയായ മിറായാമിനെയാണ് കണ്ടത് ടൈപ്പിംഗ് സെന്ററിൽ വെച്ചു കാണാറുള്ള മൂശാട്ടയായ തള്ളച്ചിയിൽ നിന്നും വിഭിന്നമായ സ്നേഹനിധിയായ നല്ലപാതിയായീ രൂപമാറ്റം വന്നിരിക്കുന്നു.പ്യുപ്പ ശലഭാമായത് പോലൊരു മിഴിവ് അവരുടെ ബന്ധത്തിനു കൈവന്നിരിക്കുന്നു , മിറിയാമെന്തിനോ പുറത്തുപോയ നേരം ഞാനയാളുടെ കൈ പിടിച്ചു ചോദിച്ചു ഇതെന്തൊരു മാറ്റമാണ് മിറിയാമിന്... എന്റെ കൈയായളുടെ കൈക്കുള്ളിൽ വെച്ചു ഞെരിച്ച് കൊണ്ട് കോടിയ ചിറി വിറയ്ക്കെ ചലിപ്പിച്ചു കൊണ്ടയാൾ പറഞ്ഞൂ. സ്നേഹത്തിന് ചില ബന്ധനങ്ങളുണ്ട് അതിന്റെ ചങ്ങലക്കണ്ണിയിൽ ഞാൻ സ്വയം ബന്ധിതനാവുകയായിരുന്നു.സ്നേഹമാകുന്ന ചങ്ങലയിൽ ബന്ധിക്കപ്പെടുമ്പോൾ നാം സകലതും ക്ഷമിക്കുന്നു , സകലത്തെയും പരിതൃജിക്കുന്നൂ......

Sunday 8 May 2016

അക്കൽ ദാമയിലെ ആട്ടിൻകുട്ടി



അക്കൽ ദാമ തൻ താഴ്‌വരയിൽ പണ്ടോരിടയ പെൺ കുഞ്ഞുണ്ടായിരുന്നു
സ്ത്രീ തുളുമ്പും പൈതലിനെ ആരുമാരും കൈ കൊണ്ടില്ല .
അടിച്ചു ഫിറ്റായി കഴിഞ്ഞാൽ താജൂക്കയുടെ ചുണ്ടിൽ ഈ ഗാനമുണ്ടാവും. വിയ്യൂർ സെൻട്രൽ ജയിലിൽ ഒരു കൊലക്കേസിൽ ജീവ പര്യന്തം കഴിഞ്ഞു വന്നതാണ് മൈനാ താജു എന്ന താജുദ്ധിൻ മുഹമ്മദ്‌. ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ പണ്ടെപ്പോഴേ ചെയ്ത ഭീമാബദ്ധം ജീവിതത്തിന്റെ വസന്ത കാലത്തെ ഇരുളറയിൽ ആക്കി തിരിച്ചിറങ്ങുമ്പോൾ താജുദ്ധീൻ സ്ഥലത്തെ അറിയപ്പെടുന്ന ഗുണ്ടയുടെ കുപ്പായത്തിനുള്ളിൽ ആകപ്പെട്ടിരുന്നു.
ജയിൽ വിട്ട ശേഷം ചില്ലറ ഇറച്ചി വെട്ടും ദാദ പണിയുമായി നടക്കുമ്പോഴാണ് ഈ കഥ നടക്കുന്നത്.
അമേരിക്ക മൂന്നാം ലോക രാജ്യങ്ങളിലെ പാവങ്ങൾക്ക് നൽകാൻ ചോളപൊടി സ്ഥലത്തെ പള്ളികൾ വഴി വിതരണം ചെയ്യുന്ന ഒരു കാലമുണ്ടായിരുന്നു. ഇടവകയിലെ ഓരോ കുടുംബത്തിനും 10 കിലോ ചോളപ്പൊടി വീതം കിട്ടുന്ന കാലത്തു എന്നും ചോളപ്പൊടി പുട്ടും ഉപ്പുമാവും കുറക്കും ഒക്കെയായിരുന്നു വീട്ടിലെ പ്രധാന വിഭവം. കൂടുതൽ അറിയും തോറും കൂടുതൽ വെറുക്കും എന്ന് പറഞ്ഞതു പൌലോ കൊയ്‌ലോയാണ് എന്നാൽ പുള്ളിക്കാരൻ ഇത് പറയുന്നതിന് ദശാബ്ദം മുൻപ് തന്നെ ഞങ്ങൾ കുട്ടികൾ അമേരിക്കൻ മാവെന്നു വിളിപ്പേരുള്ള ചോളപ്പൊടിയെ മനസാ വെറുത്തിരുന്നു.
വിശന്നു പൊരിഞ്ഞാലും ചോളപ്പൊടി ഉൽപ്പന്നങ്ങൾ ഞങ്ങൾ കഴിക്കാതെ ആയതോടെ അമേരിക്കൻ മാവിനെയും റോണാൾഡ് റീഗനെയും അതിരറ്റു സ്നേഹിക്കുന്ന വേറൊരാൾ അതിനവകാശിയായി, ആരെന്നല്ലേ ? പേരമ്മയുടെ വീട്ടിലെ മണിക്കുട്ടി ആട് , ചെന വന്നതിനു ശേഷം അവൾക്കു ഭയങ്കര വിശപ്പാണ് എന്തു കൊടുത്താലും ആർത്തിയോടെ കഴിക്കും ചോളപ്പൊടി കൊണ്ടുണ്ടാക്കുന്ന കുറുക്കു അവളുടെ ഇഷ്ട്ട ഭോജനമായത്തോടെ ഞങ്ങളുടെ റേഷൻ അവൾക്കായി മാറ്റപ്പെട്ടു .
ഇടിയും മഴയുമുള്ള ഒരു രാത്രിയിൽ മണികുട്ടി വല്ലാണ്ട് കരയുകയായിരുന്നു , വിശന്നിട്ടാവുമെന്നു കരുതി ചോള കുറുക്കിന്റെ പാത്രം അവൾക്കു മുന്നിൽ വെച്ചു പേരമ്മ കിടന്നുറങ്ങാൻ പോയി. നേരം പര പരാ വെളുത്തു വരുന്നു പേരമ്മയുടെ അലറൽ കേട്ടാണ് ഞങ്ങൾ ഉണർന്നത് ചെന്ന് നോക്കുമ്പോൾ മണിക്കുട്ടി ചത്തു മലച്ചു കിടക്കുന്നു . എനിക്കും അവൾ പ്രിയങ്കരിയായിരുന്നു ഗർഭിണിയായ അവൾക്കു വേണ്ടി വൈകുന്നേരം പ്ലാവില പെറുക്കാൻ പോയതും കുഞ്ഞു മണികുട്ടി വരുന്നതു മെല്ലാം സ്വപ്നമാക്കി അവൾ കടന്നു പോയിരിക്കുന്നു.
വടക്കേ പറമ്പിൽ ആഴത്തിൽ ഒരു കുഴിയെടുത്തു മൂടാനായി അവളെ ഞാൻ ചുമലിലേറ്റിയതും ഒരു പിൻ വിളി ഒന്ന് നിക്കണേ !!! തിരിഞ്ഞു നോക്കുമ്പോൾ പിറകിൽ മൈനാ താജു , അതിനെ കുഴിച്ചിടണ്ട എനിക്കു തന്നേക്കൂ . ഞാൻ പേരമ്മയെ നോക്കി, പേരമ്മ സംശയം പൂണ്ടു ചോദിച്ചു ,എന്തിനാ താജൂ ഈ ചത്ത ആട് ?
മോനെ നീ പോയി ഒരു പ്ലാസ്റ്റിക് എടുത്തിട്ടു വാ താജു എന്നോട് കൽപിച്ചു . താജൂക്ക ആടിനെ തല കളയാതെ തൊലിയുരിച്ചു .ശേഷം വയറു കീറി അതിനുള്ളിൽ വളർച്ചയെത്താറായ ഒരു കുഞ്ഞാട് നിമിഷനേരം കൊണ്ട് താജു ആടുകളെ അരിഞ്ഞു ആട്ടിറച്ചി ആക്കി മാറ്റിയിരിക്കുന്നു ഏകദേശം നാൽപതു കിലോയോളം ഇറച്ചി അയാൾ സഞ്ചിയിലാക്കി മാറ്റിയിരിക്കുന്നു.
ചേടത്തിയെ ഒരു രണ്ടു കിലോ തരട്ടായോ ? നല്ല കിളിന്തു മാംസമുണ്ട് പിള്ളേർക്ക് നല്ലതാ .. അയ്യോ വേണ്ടായേ അല്ല, താജൂ ചത്ത മൃഗ മാസം വിൽക്കാമോ ?? അതൊക്കെ ആര് നോക്കുന്നു ചേടത്തീ, കൊല്ലാതെ നമുക്കു തിന്നാൻ കഴിയുമോ സഞ്ചി തോളിൽ എടുത്തു താജു മുന്നോട്ടു നടന്നു.
രാത്രി എട്ടു മണിയായിക്കാണും പൂമുഖത്താ പാട്ടു മൂളികൊണ്ടയാൾ വീണ്ടും വന്നു നീട്ടി വിളിച്ചു ചേടത്തിയെ , ചേടത്തിയെ ....... പുറത്തു വന്ന പേരമ്മയുടെ മുന്നിലേയ്ക്കയാൾ നൂറിന്റെ ഏഴു നോട്ടുകൾ നീട്ടി, ചേടത്തിയുടെ ആടിനെ വിറ്റു കിട്ടിയ പണമാ ചേടത്തി വെച്ചോ .
വേണ്ടാ ഞങ്ങൾ കുഴിച്ചിടാൻ ഇരുന്ന ആടാ അവളുടെ വില എനിക്കു വേണ്ടാ താജു കൊണ്ട് പൊക്കോ
എന്നാൽ ഒരു കാര്യം ചെയ്യൂ അച്ചായാൻ വരുമ്പോൾ ഇത് കൊടുത്തേക്കു അരയിൽ തിരുകിയിരുന്ന അര ലിറ്റർ പട്ട അയാൾ എടുത്തു അര പ്രൈസിൽ വെച്ചിട്ടാ പാട്ടും പാടി ഇരുളിലേയ്ക്കു മറഞ്ഞു.
അയാൾ പോയതും പേരമ്മയാ പട്ടകുപ്പിയുടെ മൂടി തുറന്നു മുറ്റത്തേയ്ക്കൊഴിച്ചു അപ്പോളതിലൊരു മഴവില്ലു തെളിഞ്ഞു വന്നു ആ മഴവില്ലിനുള്ളിൽ മണികുട്ടിയുടെ മുഖം .അകലെ നേർത്ത ശബ്ദത്തിൽ താജൂക്കയുടെ വരികൾ പ്രതി ധ്വനിച്ചു മുഴങ്ങുന്നത് കേൾക്കാമായിരുന്നു .
അക്കൽ ദാമ തൻ താഴ്വരയിൽ പണ്ടോരിടായ പെൺ കുഞ്ഞുണ്ടായിരുന്നു
സ്ത്രീ തുളുമ്പും പൈതലിനെ ആരുമാരും കൈ കൈ കൊണ്ടില്ല ..................................

Wednesday 4 May 2016

സഞ്ജയ്‌ ഗാന്ധി കൊല്ലപ്പെട്ട പകലിൽ ???


കഥ നടക്കുന്നത് തോനെ കൊല്ലം മുൻപാണ് , കൃത്യമായി പറഞ്ഞാൽ ഇന്ദിരാ ഗാന്ധിയുടെ മൂത്ത പുത്രൻ സഞ്ജയ്‌ ഗാന്ധി വിമാനാപകടത്തിൽ കൊല്ലപ്പെടുന്ന എൺപതുകളിലെ മൺസൂൺ കാലം. സ്വതന്ത്ര സമര സേനാനിയും കടുത്ത ഗാന്ധിയനുമായ നാരായണേട്ടന് മക്കൾ നാലായിരുന്നു. അപ്പനെപ്പോലെ ദേശ സ്നേഹികളും തൊപ്പി വെക്കുന്ന ഗാന്ധിയൻ മാർഗികളുമായിരുന്നതിനാൽ പ്രദേശത്തെ യുവാക്കളുടെ മാതൃക പുരുഷന്മാർ ആയിരുന്നു നാരായണേട്ടന്റെ മക്കൾ.
നാരായണേട്ടന്റെ മൂത്ത മകൻ ബാല ഗംഗാധരൻ സ്ഥലത്തെ അറിയപ്പെടുന്ന പൊതു പ്രവർത്തകനും കോണ്ഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡണ്ടും കൂടി ആയിരുന്നതിനാൽ ബാലേട്ടൻ എന്ന വിളിപ്പേരിൽ അയാൾ നാട്ടുകാർക്ക് ഏറെ പ്രിയങ്കരനായിരുന്നു. ബാലേട്ടന് ഒരു ചെറിയ പോരായ്മ ഉണ്ടായിരുന്നു വല്ലപ്പോഴും ഒരിക്കൽ ആത്മാവിനു ഒരു പുക കൊടുക്കണം അതും ആരും കാണാതെ ഒളിച്ചും പാത്തും എവിടെയെങ്കിലും ഒതുങ്ങിയ ഒരു മറ കിട്ടിയാൽ മാത്രം. ബാലേട്ടൻ പുക വലിക്കും എന്നുള്ള സത്യം സിഗരറ്റു വിൽക്കുന്ന അന്തോണി ചേട്ടനും ബാലേട്ടനുമല്ലാതെ ലോകത്തു വേറൊരാൾക്ക് പോലും അറിയില്ലായിരുന്നു.
മഴ കനത്തു പെയ്യുന്നു, തുള്ളിക്കൊരു കുടം പോലെ പ്രളയം വരുമെന്ന ഭീതിയിൽ പ്രദേശവാസികൾ ചാലു കീറി വെള്ളം പറമ്പിൽ നിന്നും കുളങ്ങളിലേയ്ക്ക് ഒഴുക്കി വിടുന്നു . ഒറ്റ മഴയിൽ കക്കൂസ് സെപ്ടിക്ക് ടാങ്കുകൾ നിറയും പിന്നെ വീട്ടിൽ ഇരിക്കാൻ പറ്റാത്ത അത്ര ദുർഗന്ധമാണ് . മഴ തെല്ലൊന്നു ശമിച്ചപ്പോൾ നാരയണേട്ടൻ കൈയ്യിൽ കരുതിയിരുന്ന ഒരു കാൻ മണ്ണെണ്ണയുമായി കക്കൂസിലേയ്ക്ക് കയറി ,മണ്ണെണ്ണ ഒഴിച്ചാൽ പിന്നെ മണം അടിക്കില്ല കിഴക്കോട്ടടിക്കുന്ന കാറ്റിൽ ഇരിക്ക പൊറുതിയില്ലാതിരുന്ന വീട്ടുകാർ മണ്ണെണ്ണ പ്രയോഗത്തിനു ശേഷം മൂക്കിൽ നിന്നും കൈയെടുത്തു ആശ്വാസത്തിന്റെ നിശ്വാസം ആഞ്ഞു വിട്ടു .
1980 ജൂൺ 23 പകൽ, സഞ്ജയ്‌ ഗാന്ധി വിമാനാപകടത്തിൽ കൊല്ലപ്പെട്ട വാർത്തയെത്തി , ചിലയിടത്ത് സന്തോഷം, ചിലയിടത്തു തേങ്ങലുകൾ കൊണ്ഗ്രസ്സുകാർ ബാലേട്ടന്റെ നേതൃത്വത്തിൽ വഴിയരുകിൽ കുടിൽ കെട്ടി സർവമത പ്രാർത്ഥന നടത്താൻ തുടങ്ങി. കനത്ത ദുഃഖം നെഞ്ചിൽ കിടന്നു ശ്വാസം മുട്ടൽ ഉണ്ടാക്കിയപ്പോൾ ബാലേട്ടനൊരു പുക എടുത്താൽ കൊള്ളാമെന്നു തോന്നി , ഒഴിഞ്ഞ ഒരു ഇടം നോക്കി ബാലേട്ടൻ ഇടം വലം തിരിഞ്ഞു. ഒടുവിൽ അലഞ്ഞലഞ്ഞൂ പതിവു സ്ഥലത്തെത്തിമുണ്ടും പൊക്കി കയറി ഇരുന്നു . കയ്യിലിരുന്ന തീപ്പെട്ടി ഉരച്ചു സിഗരറ്റിനു തീകൊളുത്തി തീപ്പെട്ടിക്കോൽ ക്ലോസറ്റിനു ഉള്ളിലേയ്ക്ക് എറിഞ്ഞു.
ഭൂം !!!! ഒറ്റ ആളൽ ,ബാലേട്ടന്റെ വൃഷ്ടി പ്രദേശത്തിനു തന്നെ തീ ആളി പിടിച്ചു. ജനിച്ചിട്ടു ഇന്ന് വരെ ക്ഷൌരക്കത്തി തൊടാത്ത ഇടതൂർന്ന കാടുകൾക്കിടയിൽ പടർന്ന തീ മൊട്ടകുന്നിലൂടെ മുകളിലോട്ടു കയറുകയാണ് . ജീവൻ പോകുന്ന വേദനയിൽ അലറികൂവി കക്കൂസിൽ നിന്നും ഇറങ്ങി ഓടി ആദ്യം കണ്ട കുളത്തിൽ ചാടി ,കുളത്തിൽ ചാടിയതു മാത്രം ഓർമ്മയുണ്ട്.
ബോധം വരുമ്പോൾ ഏതോ ആശുപത്രിയിലാണ് പ്രധാനപ്പെട്ട സാധനങ്ങൾ എല്ലാം അരവിന്ദന്റെ കടയിലെ ഉണ്ടം പൊരിയും പഴം പൊരിയും പോലെ പൊള്ളി കുടുന്നിരിക്കുകയാണ് . കാണാൻ വന്ന നാട്ടുകാർ ചുറ്റും കൂടി നിന്നു സഹതാപത്തോടെ നോക്കുന്നു ഇതിലും നല്ലത് ആ തീ അങ്ങു ദഹിപ്പിക്കുകയായിരുന്നു.
കൂടി നിന്നവരിൽ ഒരാൾ ബാലേട്ടനെ നോക്കി ഇങ്ങനെ സഹതപിച്ചു എങ്കിലും ആ സഞ്ജയ്‌ ഗാന്ധി മരിച്ചൂന്ന് കേട്ടപ്പോൾ ചാകാൻ മാത്രം മണ്ടനായി പോയില്ലേ ബാലേട്ടാ ങ്ങള് ...................................

Monday 2 May 2016

അഴിയാ കുരുക്കിൽ അകപെടുന്ന ഇടിയപ്പങ്ങൾ


കുട്ടിയപ്പനു ലീലയിൽ മോഹമുദിക്കുന്നതിനു വളരെ മുൻപ് എനിക്കൊരു മോഹമുണ്ടായിരുന്നു എന്നെങ്കിലുമൊരിക്കൽ എന്റെ ഇഷ്ട്ട ഭക്ഷണമായ ഇടിയപ്പം അതിന്റെ സകല വിധ കുരുക്കുകളുമഴിച്ചു സർവ്വ തന്ത്ര സ്വതന്ത്രനാക്കി കഴിക്കണമെന്ന് , പക്ഷെയെങ്കിൽ നിവർത്തി നിവർത്തി നിവൃത്തി കേടാകുമ്പോൾ നിർത്തിയിട്ടു അണ്ണാക്കിലേയ്ക്ക് തള്ളുകയായിരുന്നു പതിവ് പക്ഷെ അന്ന് വേറെ പണിയൊന്നും ഇല്ലാതിരുന്നതിനാലും ബീഫ് വേകാൻ സമയം ഇനിയുമെടുക്കുമെന്നു അടുക്കളയിൽ നിന്നും വാമഭാഗത്തിന്റെ അറിയിപ്പു വന്നതിനാലും ഒരു ഇടിയപ്പമെങ്കിലും കുരുക്കഴിച്ചു സ്വതന്ത്രൻ ആയിക്കാണാൻ മുണ്ടും മടക്കിയുടുത്ത് ഞാൻ മുന്നിട്ടിറങ്ങി.
മയമുള്ള അരിപൊടിയിൽ ചെറു ചൂടു വെള്ളം ഒഴിച്ചു ഉപ്പും ഏലക്കാ പൊടിയും നല്ല ജീരകവും ചേർത്തു കുഴച്ചു അച്ചിലൂടെ പിഴിഞ്ഞ് ആവിയിൽ വേവിച്ച ലക്ഷണമൊത്ത ഇടിയപ്പങ്ങളിൽ ഒന്നിനെ ഞാനെന്റെ പരീക്ഷണ വസ്തുവായി തിരഞ്ഞെടുത്തു .ആവി പാറുന്ന ഇടിയപ്പം ഒന്ന് ഡൈനിങ്ങ്‌ ടേബിളിൽ വെച്ചു ഒരു തുമ്പ് കണ്ടെത്താനായി ഞാൻ സേതുരാമയ്യരായി . ഒടുവിൽ ഒരറ്റത്തുനിന്നും അഴിച്ചു പണി തുടങ്ങിയപ്പോഴാണ് അടുക്കളയിൽ നിന്നും അന്നാ അലുമിനിയത്തിന്റെ പ്രെഷർ കുക്കർ അടിമാലിയിൽ വളർന്ന പോത്തു വേകുന്ന മണവുമായി ചുളം വിളി തുടങ്ങിയത്.
ചേട്ടാ ബീഫ് റെഡി, കിളിനാദം കാതിൽ മുഴങ്ങിയതും ഒരു നിമിഷം എന്റെ ഏകാഗ്രത നഷ്ട്ടപെട്ടു .ഹൃദയധമനികളെ വിളക്കി ചേർക്കുന്ന സൂക്ഷ്മതയോടെ ഇടിയപ്പത്തിന്റെ കുരുക്കഴിച്ചിരുന്ന എന്റെ കയ്യിൽ നിന്നും അടർന്നു മാറിയതാ നൂലപ്പത്തിന്റെ കണ്ണികൾ വേർപെട്ടിരിക്കുന്നു . പ്ലാസന്റാ മുറിഞ്ഞു പിറന്നു വീണ കുഞ്ഞിനെപ്പോലെ എന്റെ കയ്യിലിരുന്ന ഇടിയപ്പം എന്നെ നോക്കി ഉച്ചത്തിൽ കരയുന്നു. റോബർട്ട് ബ്രൂസ് ഏഴു തവണ, അബ്രഹാം ലിങ്കൺ എണ്ണിയാൽ ഒടുങ്ങാത്ത തവണ പരാജയം ഭുജിച്ചിട്ടാണ് വിജയ കിരീടമേറിയത് വിടില്ല ഞാൻ, വീണ്ടും ഒരു ഇടിയപ്പം എടുത്തു ശ്രമം തുടങ്ങിയതും ഭാര്യ ചീറി കൊണ്ട് ഡൈനിംഗ് ടേബിളിൽ എത്തി മനുഷ്യന് തിന്നാനുള്ള സാധനത്തെ പട്ടം പറത്തി കളിക്കുന്നോ *%&(*%^**&%്് എന്നലറി കൊണ്ടവൾ എന്റെ പരീക്ഷണ ശാലയെ നിർദയം ആക്രമിച്ചു.കഷ്ട്ടപെട്ടു നീട്ടി നിവർത്തിയ നൂലപ്പങ്ങളെ ഒരു ദയയുമില്ലാതെയവൾ വേസ്റ്റ് ബാസ്ക്കറ്റു ലക്ഷ്യമാക്കി എറിഞ്ഞു . കുട്ടിയപ്പൻ വിഭാര്യൻ ആയിരുന്നത് കൊണ്ടാണ് മോഹങ്ങൾക്ക് പിന്നാലെ ലക്ഷ്യ ബോധത്തോടെ പിൻ തുടരാൻ ആയത്എന്നാണെന്റെ വിശ്വാസം . എന്തെങ്കിലും വിചിത്രമായ മോഹങ്ങൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ വിവാഹത്തിനു മുൻപു സാധിച്ചെടുക്കുക അല്ലാത്ത പക്ഷം നിങ്ങൾ കെടുതികളെയും യുദ്ധങ്ങളെയും നേരിടാൻ തയ്യാറായിരിക്കുക....

വരൻ ഷാപ്പിലായിരുന്നു വിവാഹം സ്വർഗത്തിലും ..

കല്യാണം തുടങ്ങാൻ ഒരു മണിക്കൂർ ഉണ്ട് ,ഞാൻ പള്ളി തുറക്കാൻ തുടങ്ങുമ്പോൾ ഒരു മദ്ധ്യ വയസ്ക്കൻ മുന്നിൽ മുട്ടു കുത്തി നിന്നു പ്രാർത്ഥിക്കുന്നു .എന്നെ കണ്ടതും മിശിഹായെ കണ്ടത് പോലെ അയാളുടെ മുഖം പ്രകാശിതമായി ,നൂറു വാട്ടിന്റെ ചിരി ചിരിച്ചു കൊണ്ടയാൾ എനിക്കടുത്തെത്തി ഒരു ചോദ്യമെറിഞ്ഞു
മോനെ ഇവിടെ അടുത്തെവിടാ വെള്ളം കിട്ടുന്നത് ?
ഞാനാ മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി, മുൻപിവിടെങ്ങും കണ്ട പരിചയമേ ഇല്ല
കുടിവെള്ളമാണങ്കിൽ ഇവിടുണ്ട്, ഹാനാൻ വെള്ളവും ഉണ്ട് വിശുദ്ധ നാടുകളിൽ നിന്നും വരുത്തിച്ച തീർഥ ജലം വിശ്വാസത്തോടെ കുടിച്ചാൽ സകല ഉദര രോഗങ്ങളും പമ്പ കടക്കും ഒരു ഗ്ലാസ്‌ കുടിച്ചോളൂ...
എനിക്ക് വേണ്ടത് ഈ ജലം അല്ല ആത്മാവിന്റെ ദാഹം ശമിപ്പിക്കുന്ന ലായിനിയാണ് ,കർത്താവ്‌ കാനയിൽ കൊടുത്ത അത്ഭുത ജലം.
സംഗതി പിടികിട്ടി ചേട്ടൻ അടുത്തുള്ള പട്ട ഷാപ്പാണ്‌ അന്വേഷിക്കുന്നത് ,അന്തോണി പുണ്യവാളൻ അധികാരത്തിൽ വരുന്നതിനു ഒരു കൊല്ലം മുൻപായിരുന്നതു കൊണ്ടും മുക്കിനു മുക്കിനു പട്ട കടകൾ സുലഭമായിരുന്നതിനാലും പള്ളിക്കു അഞ്ഞൂറു വാര അപ്പുറമേ മദ്യ ഷാപ്പുകൾ തുറക്കാവൂ എന്ന നിയമം നിലവിൽ ഇല്ലാതിരുന്നതിനാലും ഞങ്ങളുടെ പ്രദേശത്തെ കുടിയന്മാരുടെ ഏഴാം സ്വർഗമായ ചന്ദ്രൻ ചേട്ടന്റെ പട്ട കട ചൂണ്ടി കാട്ടി ഞാനാ അപരിചിതനു മുന്നിൽ നല്ല സമരിയാക്കരനായി.
കണ്ണൂരുള്ള ചെറുക്കൻ ആലപ്പുഴയിൽ ഉള്ള ആശിക്കാൻ ഒന്നുമില്ലാത്ത പെണ്ണിനു ജീവിതം കൊടുക്കാൻ പോകുകയാണ് . കണ്ണൂരൂ നിന്നും ഒരു ചെറിയ ജീപ്പിൽ കൊള്ളാവുന്ന ആളുകളെ വന്നിട്ടുള്ളു ,പെണ്ണും വീട്ടുകാരും വന്നു അവരും 25 ൽ താഴെ മാത്രം. ഞാൻ കുർബാനയ്ക്കുള്ള മുന്നൊരുക്കങ്ങൾ ചെയ്യുന്നതിനിടയിൽ സങ്കീർത്തി മുറിയിലേയ്ക്കയാൾ ആടിയാടി കയറി വന്നു . മുൻപു കണ്ട പരിചയത്തിൽ എന്നെ അടുത്തു വിളിച്ചു കാതിൽ സ്വകാര്യം ചോദിച്ചു "അല്ല കപ്യാരെ ഈ പെണ്ണെങ്ങനാ ? മന്ത്രകോടി വെഞ്ചരിക്കാൻ നിമിഷങ്ങൾ മാത്രമുള്ളപ്പോൾ പെണ്ണിന്റെ സ്വഭാവ സർട്ടിഫിക്കറ്റും തേടി ആളു വന്നിരിക്കുന്നു ചേട്ടൻ ഒന്ന് പോയെ ഞാനയാളെ പിടിച്ചു പുറത്തേയ്ക്ക് തള്ളി.
വീണ്ടും തള്ളിക്കയറി അയാൾ അകത്തേയ്ക്കു വന്നു .ചാരയാത്തിന്റെ മണം ഗുമു ഗുമാ പുറത്തേയ്ക്ക്‌ അടിക്കുന്നു ഇക്കുറി അയാളുടെ കയ്യിൽ നൂറിന്റെ ഒരു പിടക്കുന്ന നോട്ടുണ്ട്‌ അതെനിക്ക് നേരെ നീട്ടി അന്നു നൂറു രൂപായുണ്ടേൽ ഒരു മാസം തങ്കപ്പാണന്റെ കടയിലെ കപ്പയും കൊക്കാറച്ചിയും വയറു നിറച്ചു തിന്നാം പ്രലോഭനത്തിൽ ഞാൻ വീണൂ .
പെങ്കൊച്ചിനിച്ചിരേ പ്രായം കൂടുതൽ ഉണ്ടെന്നുള്ളതൊഴിച്ചാൽ എല്ലാം ക്ലിയർ ആണ് ചേട്ടാ, നല്ല ദൈവഭയം എല്ലാ ദിവസവും പള്ളിൽ വരും, ചേട്ടന്റെ മോന്റെ ഭാഗ്യമാ ഇങ്ങനെയൊരു പെണ്ണിനെ കെട്ടുന്നത് .
മോനല്ലടാ ഞാനാ ചെറുക്കൻ , ഈ വയസാം കാലത്തു എനിക്കും വേണ്ടേടാ ഒരു കുളിര് ! പറഞ്ഞു മുഴുവിപ്പിക്കാതെ ചേട്ടൻ പുറത്തേയ്ക്കിറങ്ങി പോയി .അയ്യോ ചേട്ടനാണ് ചെറുക്കനെങ്കിൽ പണി പാളി വികാരിയച്ചൻ വലിയ മദ്യ വിരോധിയാ മണം അടിച്ചാൽ പറപ്പിക്കും ചേട്ടൻ മുറ്റത്തെ കടയിൽ പോയൊരു ഗ്യാസ് മുട്ടായി വാങ്ങി വായിലിട്ടോ .
വികാരിയച്ചൻ വന്നു കെട്ടു കുർബാന തുടങ്ങി . കല്യാണം, അടിയന്തിരം, മരണം .ഞായറാഴ്ച സംഗതി എന്തുമായിക്കോട്ടെ വികാരി അച്ചന്റെ അറുബോറൻ പ്രസംഗം അതു നിർബന്ധാ .. നീട്ടി വലിച്ചു പരത്തി ഒന്നര മണിക്കൂർ പ്രസംഗം കഴിഞ്ഞു കെട്ടിനായി എല്ലാവരും എഴുന്നേറ്റിട്ടും മണവാളൻ മാത്രം കസേരയിൽ ഒറ്റ ഇരുപ്പാണ് അവിടെ ഇരുന്നാ പാവം ഉറങ്ങി പോയി. കണ്ണൂരു നിന്നും വന്ന അമ്മച്ചിമാരിൽ ഒരാൾ വന്നു തോളിൽ തട്ടി വിളിച്ചു അവുതകുട്ടീ ,എടാ അവുത കുട്ടീ ഏഴുന്നേൽക്കൂ നിനക്കു പെണ്ണു കേട്ടണ്ടേ ...
പണി പാലും വെള്ളത്തിൽ വരാൻ പോകുന്നു വികാരി അച്ചൻ ക്രൂദ്ധനായി എന്നെ നോക്കി , കെട്ടു നടന്നില്ലേൽ കൈക്കൂലി വാങ്ങിയ നൂറു രൂപാ പോകും .അച്ചാ അച്ചന്റെ പ്രസംഗം ഇത്തിരി മാരകമായി പോയി എല്ലാരും ഉറക്കമായിരുന്നു . ഞാൻ ഹാനാൻ വെള്ളം തളിക്കുന്ന കുപ്പിയെടുത്തു അവുതകുട്ടിയുടെ മുഖത്തു തളിച്ചു .
ഹേ ! ഹയ്യോ !! പകൽ കിനാവു കണ്ടു ഞെട്ടിയവനെപ്പോലെ അയാൾ ചാടിയെഴുന്നേറ്റു . പള്ളി, പരിസരം ,ഇടതു വശത്തൊരു മണവാട്ടി പെണ്ണ് .സ്ഥലകാല ബോധം വന്നയാൾ ജാള്യത മറയ്ക്കാനായി അച്ചനോടിങ്ങനെ പറഞ്ഞൂ.
അച്ചോ ശകലം ഷുഗറിന്റെ ഏനക്കേടുള്ളതു കാരണം മോഹാലസ്യപെട്ടു പോയി
കുടപ്പനക്കുന്നിലെ പ്രസരണിയിൽ സംഭവിച്ച തടസ്സത്തിനു ശേഷം ദൂരദർശൻ പരിപാടി തുടങ്ങും പോലെ കെട്ടു നടന്നു. ഒരുറക്കം ഔതകുട്ടിച്ചായന്റെ ബോധമണ്ടലത്തിൽ ഉണ്ടാക്കിയ മന്ദിപ്പിനെ നിശേഷം മാറ്റിയിരിക്കുന്നു.പെണ്ണുമായി ജീപ്പിൽ കയറും മുൻപ് ഒരു പത്തിന്റെ നോട്ടെടുത്ത് കയ്യിൽ പിടിച്ചിട്ടു ഔതകുട്ടിച്ചയാൻ എന്നെ കൈകാട്ടി വിളിച്ചു. ഇനിയും പത്തു കീശയിൽ വീഴാൻ പോകുന്ന സന്തോഷത്തിൽ ഞാൻ ഓടി അടുത്തു ചെന്നു. കയ്യിലിരുന്ന പത്തു എനിക്കു തന്ന ശേഷം മുൻപേ തന്ന നൂറു രൂപാ അയാൾ പോക്കറ്റിൽ കൈയിട്ടു പിടിച്ചു വാങ്ങി ജീപ്പ് മുന്നോട്ടു നീങ്ങി, ആലപ്പുഴ നിന്നും കണ്ണൂർ എത്തും മുൻപു ഏതെങ്കിലും കൊക്കയിൽ വീണു ഈ ദുഷ്ട്ടന്റെ ആദ്യ രാത്രി അവസാന രാത്രിയാകണേ എന്റെ പാറേൽ മാതാവേ എന്ന പ്രാർത്ഥനയോടെ ഞാൻ കിട്ടിയ പത്തു രൂപാ മാതാവിന്റെ നേർച്ച പെട്ടിയിലേയ്ക്ക് തിക്കിയിട്ടു.