Wednesday 29 June 2016

കോഴിയെ തന്നാലെന്താ കുന്തം കൊള്ളാട്ടാ പുണ്യാളാ...........


താലി കെട്ടുമ്പോൾ കൈവിറയൽ ഉണ്ടാകാതിരിക്കാൻ ഇടപ്പള്ളി പുണൃാളന് നൂറ്റൊന്നു കോഴി നേർന്നേലെന്താ പുഷ്പം പോലല്ലേ പുണൃാളൻ കെട്ടു നടത്തിയെ വിറയലു പോയിട്ടൊരു ചാഞ്ചാട്ടം ഹേ ഹേ ! അതല്ലേലും അങ്ങനെയാ എന്തു ഉഡായിപ്പിനു മുൻപും പുണ്യാളനെ വിളിക്കും .പരിപാടി നടന്നാൽ പിന്നെ പുണ്യാളനെ മറന്നേക്കാമെന്നു കരുതിയാൽ തെറ്റി ഏഴാം പക്കം എവിടുന്നേലും ഒരു പാമ്പു ഓടി കാലിന്റെടെ കേറും എന്നത് മൂന്നരത്തരം.
കെട്ടേ വിഘ്‌നം കൂടാതെ കഴിഞ്ഞിട്ടുള്ളൂ മെയിൻ പരിപാടിക്കിനി മണിക്കൂറുകൾ ബാക്കി എന്റെ പുണ്യാളാ മിന്നിച്ചേക്കണേ . മലമൂട്ടിൽ കിടന്നു വളർന്ന പെണ്ണാ അന്നമ്മ അവളുടെ കൈ പിടിച്ചു പ്രതിജ്ഞാ വാചകം ചൊല്ലിയപ്പോൾ ആ കൈയ്യിൽ ഒന്നമർത്തി നോക്കി, തഴമ്പിന്റെ മുറുക്കോം റബ്ബർ പാലിന്റെ മിനുസോം കൂടി പരപ്പനങ്ങാടി ഉണ്ണിക്കൃഷ്ണനു പോലും പ്രവചിക്കാൻ കഴിയാത്തത്ര ഒരു തരം സാധനം .
ആദ്യ രാത്രിയെപ്പറ്റി ചില ധാരണകൾ ഒക്കെ ഉണ്ടെങ്കിലും പെട്ടെന്നിങ്ങനെ ഒരു ആദ്യരാത്രി വന്നത് കാരണം എങ്ങനെ തുടങ്ങണം എവിടെ തുടങ്ങണം എന്നൊരു ഭയപ്പാട് . ഇഷ്ട പുണ്യാളനെയും ഇഷ്ട കഥാകാരനായ പൗലോ കൊയ്‌ലോയെയും മനസിൽ ധ്യാനിച്ചു കൊണ്ടു അവളുടെ പാലിനായി കാത്തിരുന്നു. മുല്ലപ്പൂവിന്റെയും കാട്ടു ചെമ്പകത്തിന്റയും മണം നാസാരന്ദ്രങ്ങളെ നാനാവഴിക്കാക്കും വിധം വികസിപ്പിച്ചപ്പോൾ അയാളാ ആ സത്യം മനസിലാക്കി. അവൾ മെല്ലെ മുറി തുറന്നു മന്ദം മന്ദം അകത്തേയ്ക്കു നടന്നു കയറി.
തളത്തിൽ ദിനേശന് സംഭവിച്ച അബദ്ധങ്ങൾ ഒന്നും സംഭവിക്കാതിരിക്കാനും ബുദ്ധിമാനാണെന്നുള്ള ധാരണ ആദ്യ രാത്രിയിൽ തന്നെ അവളിൽ അടിച്ചേൽപ്പിക്കാനും തയ്യാറായി നിന്ന അയാൾ പാല് വാങ്ങി ഒന്നു മുത്തിയ ശേഷം അവൾക്കു കൊടുക്കുന്നതിനിടയിൽ അവളോട്‌ ശബ്ദം താഴ്ത്തി ചോദിച്ചു. പൗലോ കൊയ്‌ലോയെ വായിച്ചിട്ടുണ്ടോ ?
അടക്കോം ഒതുക്കോം ഉള്ള കത്തോലിക്കാ കുടുംബത്തിൽ പിറന്ന തന്നോട് പൗലോസ് ശ്ലീഹായെ അറിയുമോ എന്നു ചോദിച്ച കശ്‌മലാ എന്നൊരു ഭാവത്തിൽ അവൾ ഒരു മുഴം നീട്ടിയെറിഞ്ഞു .കോറിന്തോസു മുതൽ ഹെബ്രായർക്കു വരെയുള്ള എല്ലാ ലേഖനങ്ങളും വായിച്ചിട്ടുണ്ട് കൂടാതെ അപ്പോസ്തല പ്രവർത്തനങ്ങളും !!
ആൽകെമിസ്റ്റും അഡൽട്ടറിയും ആമോറും എഴുതിയ പൗലോ കൊയ്‌ലോ ഇങ്ങിനെ ചിലതു കൂടി എഴുതിയിട്ടുണ്ടെന്നുള്ളതയാൾക്ക് പുതിയ അറിവായിരുന്നു. മതി പൂവ് ചോദിച്ചവന് വസന്തം തന്ന പുണ്യാളാ നിനക്കു ഞാൻ കോഴി അല്ല കോഴി ബിരിയാണി തന്നെ തന്നേക്കാവേ ,ഇനിയും കാത്തു നിൽക്കാൻ സമയമില്ല ലൈറ്റ് അണഞ്ഞു .
ഹൃദയം കൊണ്ടു നിന്റെ ഹൃദയത്തെ തൊടാൻ കഴിയാത്തതിനാൽ അധരം കൊണ്ടു നിന്റെ അധരത്തെ തൊടുന്നു എന്നു മൃദുവായി മൂളിയാ നനവിലേയ്ക്കയാൾ പടർന്നു കയറി . പിന്നയാൾ പുണ്യാളനും മലമൂടുകാരി അന്നമ്മ പാമ്പുമായിരുന്നു . വേദനയാർന്ന നിലവിളി കേൾക്കാതെയാ കുന്തം പാമ്പിന്റെ ആസ്ഥാനത്തേക്ക് ആഴ്ന്നിറങ്ങി .പിറ്റേന്നു പുണ്യാളനു കോളായിരുന്നു നിർത്തി പൊരിച്ച ആയിരത്തൊന്നു കോഴി തീരും വരെ പുണ്യാളൻ ആരുടെയും പ്രാർത്ഥന ചെവികൊണ്ടില്ല.

Monday 27 June 2016

അമീൻ വിശ്വസ്തൻ ആയിരുന്നു മരണാസന്നൻ ആയിരുന്നപ്പോഴും


ബിൽഡിങ് മെറ്റീരിയൽ കമ്പനിയുടെ ഷോറൂം ചേഞ്ചു ചെയ്യുമ്പോഴാണ് ടൈൽസ് ഡിസ്‌പ്ലൈ ചെയ്യുന്ന വലിയ റാക്ക് ഒരു തടസ്സമായി മുന്നിൽ നിന്നത് , ദുർമേദസ്സ് പിടിച്ച സിറിയൻ മാനേജരും ഞാനും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അതിലൊന്നു പോലും ഇളക്കാൻ സാധിക്കാതെ ഇരിക്കുമ്പോൾ ഞാൻ ബേപ്പൂരുള്ള മാപ്പിള ഖലാസികളെപ്പറ്റി ഓർത്തു അവർ ഒരു മിനിട്ടു കൊണ്ടു തീർക്കേണ്ട പണിയാണിത്. ഇവിടെ ഖലാസികളുടെ സ്ഥാനത്തു പത്താൻകാരാണ് റോളയിലും ,ബിൻ ലാദനിലും ഒരു പാടു ഘടാ ഘടിയന്മാർ തൊഴിലന്വേഷിച്ചു ദിവസവും നിൽക്കുന്നത് കണ്ടിട്ടുണ്ട് അതിലൊരാളെ സഹായത്തിനു വിളിച്ചാലോ ?
എന്റെ ആശയം സിറിയൻ മാനേജർ കൈയ്യടിച്ചു പാസാക്കി ,ഞാൻ വണ്ടിയെടുത്തു ബിൻ ലാദനിലേയ്ക്ക് പുറപ്പെട്ടു .
വണ്ടി നിർത്തിയതും വെട്ടുകിളികളെപ്പോലെ കുറെ പത്തൻകാർ എന്റെ കാറിനു ചുറ്റും കൂടി ,എല്ലാം കല്ലിവല്ലികളും മറ്റുള്ള വിസയിൽ വന്നിട്ടു ചാടി നിൽക്കുന്നവരുമാണ് അങ്ങനെ ഉള്ളവരെ ജോലിക്കു വെയ്ക്കുന്നത് ശിക്ഷാർഹമാണ് എന്തു ചെയ്യാം ആവശ്യം സൃഷ്ടിയുടെ മാതാവെന്നല്ലേ റിസ്‌ക്കാണെങ്കിലും കൂട്ടത്തിൽ ഏറ്റവും ഉയരവും കരിവീട്ടിയുടെ കരുത്തുമുള്ള ഒരാളെ ഞാൻ മാറ്റി നിർത്തി ചോദിച്ചു
ഏക് ദിൻ കാ കാം ഹൈ, കിത്തനാ ചാഹിയെ ? അയാളെന്റെ കണ്ണിലേയ്ക്ക് സൂക്ഷിച്ചു നോക്കി ഞാൻ ഭയന്നു പോയി ,മറ്റൊരാളിലേക്ക് ഞാൻ കണ്ണെറിയും മുൻപയാൾ എന്റെ കോളറിനു പിടിച്ചു ദൂരേയ്ക്ക് മാറ്റി.
കാം ദേഖിയെ ബത്തായേഗാ ! ജോലി കണ്ടിട്ടു കൂലി പറയാം എന്നു അതു ന്യായം എന്നാലും നീ ഒരു ദിവസത്തേയ്ക്ക് എത്രയാ ചാർജ് ചെയ്യുന്നേ ? തും മലബാറി ഹൈ ? അയാളുടെ പരുഷ ശബ്ദം കാറിന്റെ മുൻ സീറ്റിൽ മുഴങ്ങി കേട്ടു . മലബാറികളെ എന്തിനും ഡിസ്‌കൗണ്ട് ചോദിക്കൂ എന്നയാൾക്കറിയാം , ഞാൻ മിണ്ടാതെ വണ്ടി മുന്നോട്ടു എടുത്തു. ഷോറൂം എത്തും വരെ അയാൾ ഒന്നും മിണ്ടിയില്ല ,കൂടുതൽ ചോദ്യങ്ങളെ പേടിച്ചു ഞാനും .
പൊളിച്ചു മാറ്റേണ്ടേ മൂന്നു റാക്ക് കണ്ടതും അയാൾ കൂലി പറഞ്ഞു അയാൾ ഒറ്റയ്ക്ക് പൊളിക്കാൻ 500 ദിർഹം അല്ല ഞങ്ങൾ സഹായിച്ചാൽ 300 മതി .ഞാൻ സിറിയൻ മാനേജരെ നോക്കി അറുത്ത കൈക്കു ഉപ്പു തേക്കാൻ മടിക്കുന്ന മാനേജർ രണ്ടാമതൊന്നാലോചിക്കാതെ രണ്ടാമത്തെ ഓപ്‌ഷനിൽ കച്ചോടം ഉറപ്പിച്ചു. റാക്ക് നമ്പർ വൺ പത്തു മിനിറ്റു കൊണ്ടയാൾ പൊളിച്ചു മാറ്റി . രണ്ടാമത്തെ റാക്കിലേയ്ക്കു കടന്നതും മുകളിൽ ഞങ്ങൾ ഇളക്കാൻ ശ്രമിച്ചു പരാജയപ്പെട്ട ടൈലുകളിൽ ഒന്നു ഇളകി താഴേക്കു വീണു. കൃത്യം പത്താന്റെ നെറുകം തല രണ്ടായി പിളർത്തിക്കൊണ്ടാ ടൈൽ നിലംപതിച്ചു . ചോര പാലരുവി വെള്ള ചാട്ടം പോലെ ചീറി തെറിക്കുന്നു അല്പപ്രാണിയായാ സിറിയക്കാരൻ പേടിച്ചു ബോധരഹിതനായി ,എന്തു ചെയ്യണമെന്നറിയാതെ ഞാൻ നിന്നു വിറയ്ക്കുകയാണ്.
വെളുത്ത പത്താൻ കുപ്പായം നിറയെ ചോരയുമായി അയാൾ ഭാവ മാറ്റമൊന്നുമില്ലാതെ ചോദിച്ചു ഇച്ചിരെ കാപ്പി പൊടി കിട്ടുമോ ? പാൻട്രിയിൽ നിന്നും കാപ്പി പൊടി കുപ്പി കിട്ടിയതും അതു മുഴുവൻ അയാൾ മുറിവിലേയ്ക്ക് പൊത്തി വെച്ചു .ചോര ഒലിപ്പു പതിയെ കുറയുന്നു എങ്കിലും മുറിവ് ഭീകരമാണ് . മാനേജരെ ഞാൻ വെള്ളം തളിച്ചു ഉണർത്തി .ഉണർന്നതും അയാൾ പേടിച്ചരണ്ട് ഉച്ചയുണ്ടാക്കി പുറത്തേയ്ക്കു ഓടിപ്പോയി .തല നെടുകെ പിളർന്ന പത്താനും ഞാനും ..
വിസയോ രേഖകളോ ഇല്ലാത്ത ഇയാളെ ഒരു ക്ലിനിക്കിലേയ്ക്ക് പോലും കൊണ്ടു പോകാൻ കഴിയില്ല വലിയ വിഷമ വൃത്തത്തിലേക്കാണ് സിറിയൻ മാനേജർ എന്നെ തള്ളി വിട്ടിരിക്കുന്നത് എന്തു ചെയ്യണം ഞാനിനി ഒരെത്തും പിടിയുമില്ല . ഇത്രയൊക്കെ നടന്നിട്ടും വേദനയുടെ ലാഞ്ചന പോലും പ്രകടിപ്പിക്കാത്ത അയാൾ ഒരത്ഭുത മനുഷ്യനെപ്പോലെ എന്നെ സ്വാന്തനിപ്പിച്ചു .
സർജി ഇതൊന്നുമില്ല നാളെ രാവിലെ ആകുമ്പോൾ ഉണങ്ങി പോകും നിങ്ങൾ പേടിക്കാതിരിക്കൂ ഇതിലും വലിയ ആക്‌സിഡന്റ് ഉണ്ടായിട്ടു ഞാൻ ഡോക്റ്ററെ കണ്ടിട്ടില്ല സൂചി എനിക്കു പേടിയാണ്. എനിക്കു ചിരി വന്നു പത്തു സ്റ്റിച്ചിടേണ്ട മുറിവ് പറ്റിയിട്ടും സൂചിയെ പേടിയാണത്രെ .
ഞാൻ നിർബന്ധിച്ചയാളെ ഒരു ചെറിയ ക്ലിനിക്കിൽ കൊണ്ടു പോയി അവർ എത്ര നിർബന്ധിച്ചിട്ടും ഒരു ടി ടി പോലും എടുക്കാൻ ആ മനുഷ്യൻ തയ്യാറായില്ല . ബെറ്റാഡീൻ പോലെ എന്തോ തലയിൽ വച്ചവർ ഡ്രെസ്സ് ചെയ്തു വിട്ടു . അയാൾക്ക്‌ ഓഫർ ചെയ്തതിന്റെ അഞ്ചിരട്ടി ഞാൻ അയാളുടെ കൈയ്യിൽ വെച്ചു കൊടുത്തു . അയാൾക്കു വലിയ സന്തോഷമായി ഇനിയും എന്തെങ്കിലും ജോലി ഉണ്ടെങ്കിൽ അറിയിക്കണമെന്നും പറഞ്ഞു ഒന്നും സംഭവിക്കാത്ത മട്ടിൽ അയാൾ നടന്നു പോയി .
എന്റെ പേടി തീർന്നിരുന്നില്ല ആ മുറിവിൽ ഇൻഫെക്ഷനോ മറ്റോ ആയി അയാളുടെ ജീവനു എന്തെങ്കിലും അപകടം പിണഞ്ഞാൽ .. എല്ലാ ദിവസവും രാവിലെ ഞാൻ അയാളെ പോയി കാണും വലിയ തലക്കെട്ടുമായി അയാൾ ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിൽ എന്നെ നോക്കി തലയാട്ടും .മുറിവു പൂർണ്ണമായി കരിഞ്ഞൊരുനാൾ ഞാൻ ആ മൂർദ്ധാവിലെ മുറിവിൽ ഒന്നു തൊട്ടു നോക്കി ചോദിച്ചു പത്താൻ നിന്റെ പേരെന്താണ് ? അമീൻ അഥവാ വിശ്വസ്തൻ, കഴിഞ്ഞ ഒൻപതു കൊല്ലമായി ഞങ്ങളുടെ വിശ്വസ്തനായ വിസക്കാരനാണീ അമീൻ . അട്ടിയടുക്കിയ ടൈൽ കൂട്ടങ്ങളിലേയ്ക്ക് ഫോർക്ക്‌ ലിഫ്റ്റ് ഓടിച്ചു കയറ്റുമ്പോൾ പേടിയെന്നൊരു വികാരം ഇയാൾക്കില്ലെന്നു തോന്നുമ്പോൾ ഞങ്ങളൊരു സൂചിയെടുക്കും അതോടെ അമീൻ ഡിം !!!!!!!!!!!!!!!!!!!

Tuesday 21 June 2016

അഭയാർത്ഥികൾ


ബേയീ ഞങ്ങൾക്കു പേടിയാകുന്നു , പുറത്തു മുഴുവൻ അക്രമകാരികൾ വളഞ്ഞിരിക്കുകയാണ് ഗ്രാമം അവർ കീഴ്പെടുത്തിയെന്നാണ് പറഞ്ഞു കേൾക്കുന്നത് ,ഇന്നലെ മുതൽ ടി വി യിലെ സംപ്രേക്ഷണവും നിലച്ചിരിക്കുന്നു അവർ ഞങ്ങളെ കൊല്ലും ബേയീ .. ആദാമിന്റെ ഏങ്ങലടികൾ ഹൃദയത്തിലൂടെ കൊള്ളിയാൻ പായുന്നതു പോലെ ഇഷാന് തോന്നി . എവിടെ സാന്ദ്രയും ഉമ്മിയും ? ഉമ്മിയും സാന്ദ്രയും പേടിച്ചു ഒരു വഴിക്കായിരിക്കുന്നു ബേയീ, ബേയീ ഇങ്ങോട്ടു വാ നമുക്കു ഇവിടെ ജീവിക്കേണ്ട എങ്ങോട്ടെങ്കിലും പോകാം ഫലൂജയിൽ ഇപ്പോൾ നമ്മൾ വിരലിൽ എണ്ണാവുന്ന വീട്ടുകാർ മാത്രമേ ഉള്ളു ബാക്കിയൊക്കെ കലാപകാരികളെ കൊണ്ടു നിറഞ്ഞിരിക്കുന്നു ബേയീ വേഗം വാ നീ ഉമ്മിയെ വിളിച്ചേ ബേയി ഉമ്മിയോടു സംസാരിക്കട്ടെ ? കാർലാ നീ സമാധാനമായിരിക്കു ഞാൻ വേഗം വരാം. വരും വരെ കുഞ്ഞുങ്ങൾക്ക് ധൈര്യം പകരേണ്ടത് നീയാണ് ഇഷാൻ നീയെന്താണീ പറയുന്നത്, ഇപ്പോൾ നീയിങ്ങോട്ടു വരണ്ട വന്നാൽ അവർ നിന്നെ കൊല്ലും ഞങ്ങൾ എങ്ങനെയെങ്കിലും ബൈറൂത്തിലേയ്ക്ക് കടക്കാം അവിടെ എത്തിപ്പെട്ടാൽ നമുക്ക് വീണ്ടും കാണാം.എത്തിപ്പെടാൻ നീ പടച്ച തമ്പുരാനോട് പ്രാർത്ഥിക്കുക എന്റെ പൊന്നുമക്കൾ ആദാമും സാന്ദ്രയും അവർ വല്ലതും കഴിച്ചാരുന്നോ ? സാന്ദ്രക്കൊന്നു ഫോൺ കൊടുക്കൂ ബേയീ എന്നൊരു വിളി കേൾക്കാൻ എനിക്കു കൊതിയാകുന്നു . ബേയീ ......എനിക്കു പേടിയാകുന്നു, ബേയിയെ ഞങ്ങൾക്കിനി കാണാൻ കഴിയുമോ ??? ഒരു വലിയ ശബ്ദത്തോടെ ടെലിഫോൺ ബന്ധം നിലച്ചു .ഇഷാൻ എന്ന മുപ്പത്തഞ്ചുകാരൻ കിടക്കയിൽ തളർന്നിരുന്നു . നഗരത്തിലെ അറബിക് ബോർമ്മയിലെ പാചകക്കാരനാണ് ഇഷാൻ ആഭ്യന്തര കലാപം തുടങ്ങിയ നാളു മുതൽ മനമങ്ങും തനുവിങ്ങുമായി കഴിയുകയായിരുന്നു. ഇതു വരെ സുരക്ഷിതമായിരുന്ന തങ്ങളുടെ പട്ടണവും കലാപകാരികൾ പിടിച്ചെന്ന അറിവു അയാൾക്ക്‌ മരണത്തെക്കാൾ ഭയാനകമായിരുന്നു. ജീവനേക്കാളേറെ സ്നേഹിക്കുന്ന ഭാര്യയും മക്കളും അവിടെ തനിച്ചു എന്തു ചെയ്യാൻ ,അവർക്കെന്തെങ്കിലും സംഭവിച്ചതിനു ശേഷം താൻ ജീവിച്ചിരിക്കുന്നതിൽ അർത്ഥമെന്ത് ?കൈയിൽ കിട്ടിയ പഴന്തുണികൾ വാരിപൊതിഞ്ഞയാൾ വീട്ടിലേയ്ക്കു പുറപ്പെട്ടു. നഗരം വളഞ്ഞിരിക്കുന്ന കലാപകാരികളുടെ കൈയ്യിൽ അകപ്പെട്ടാൽ കാട്ടു നീതിയാണ് നടപ്പാക്കുന്നതെന്ന് അയാൾക്കറിയാമായിരുന്നിട്ടും അയാൾ മുന്നോട്ടു തന്നെ പോയി, വെടിയൊച്ചകളുടെ കാതടപ്പിക്കുന്ന ശബ്ദങ്ങൾ അയാളുടെ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തെ തടഞ്ഞില്ല . കാർലാ ,കാർലാ വാതിൽ തുറക്കൂ ഇതു ഞാനാണ് ഇഷാൻ ?? ആദം ,സാന്ദ്രാ,, ബേയി വന്നു ഇനി നിങ്ങൾ ഭയപ്പെടരുത് ,കതകു തുറക്കൂ ,ചീവീടുകളുടെ കാതു തുളയ്ക്കുന്ന ശബ്ദവും കട്ട പിടിച്ച ഇരുട്ടും മുറിച്ചുകൊണ്ടൊരു കുഞ്ഞു വെട്ടം പുറത്തേയ്ക്കു തലനീട്ടി, ക്ഷീണിതയായ കാർല ഇഷാന്റെ നെഞ്ചിലേക്ക് തളർന്നിരുന്നു. ഇഷാൻ അകത്തു കയറിയതും വാതിൽ അടഞ്ഞു തളർന്നുറങ്ങുന്ന ആദാമിന്റെയും സാന്ദ്രയുടെയും മുടിയിഴകളിൽ തഴുകിയായൾ വിങ്ങി. പഴംതുണി ബാഗിൽ കരുതിയ കുബ്‌സിൽ നിന്നും ഒരു കവർ ചീന്തിയയാൾ കാർലായ്ക്കു നേരെ നീട്ടീ . ചത്തത് പോലെ ഉറങ്ങിയിരുന്ന ആദാമിനെയും സാന്ദ്രയെയും അവൾ പതിഞ്ഞ ശബ്ദത്തിൽ കുലുക്കി വിളിച്ചു. വിശപ്പു മാറിയപ്പൊൾ അരക്ഷിത ബോധം വീണ്ടും തലപൊക്കി . ബേയീ നമുക്കിവിടുന്നു പോയേ മതിയാവൂ വരു നേരം വെളുക്കാൻ നിന്നാൽ അപകടമാണ്. ഇഷാൻ കളിച്ചു വളർന്ന പച്ചപ്പുള്ള മണ്ണും കെട്ടിടങ്ങളും ഒരു സംസ്കൃതിയും മണ്ണോടു മണ്ണടിഞ്ഞില്ലാതെയായിരിക്കുന്നു. എങ്ങും മുഴങ്ങുന്ന വെടിയൊച്ചകൾക്കിടയിലൂടെ സമാധാനത്തിന്റെ വെളിച്ചത്തിലേയ്ക്കവരുടെ പ്രവാസം ആരംഭിക്കുകയായി .സാന്ദ്രമോൾ ഉമ്മിയുടെ ചുമലിൽ നിന്നിറങ്ങി നടന്നു ഒരു ചിത്രശലഭത്തെപ്പോലെ പാറി പാറിയവൾ മുന്നേ നടന്നു. ബേയി വരുമ്പോൾ അവളെ യൂറോപ്പിലേക്ക് കൊണ്ടു പോകുമെന്നും യൂറോപ്പ് സ്വർഗ്ഗമാണെന്നും ആദമവളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. സ്വർഗത്തിലേക്കുള്ള യാത്രയിൽ അവൾ കൂടുതൽ ഉത്സാഹവതിയായി കാണപ്പെട്ടു . ആദാം ഇഷാന്റെ കൈകളിൽ മുറുകെ പിടിച്ചിരുന്നു പെട്ടന്ന് പേടിച്ചരണ്ടവൻ പിന്നിലേയ്ക്ക് മാറി, മുന്നിൽ അതാ ഒരു തോക്കേന്തിയ പട്ടാളക്കാരൻ അതിർത്തി കടക്കാൻ അയാൾക്ക്‌ കിട്ടേണ്ട അഞ്ചു ഡോളർ കിമ്പളം ചോദിച്ചയാൾ കൈ നീട്ടി . നിസ്സഹായനായി നിന്ന ഇഷാനെ വകഞ്ഞു മാറ്റി കൊച്ചു സാന്ദ്രയുടെ കൈ പിടിച്ചാ പട്ടാളക്കാരൻ ഇരുളിലേക്ക് മറഞ്ഞു. ആദാമിനെ നെഞ്ചോടു ചേർത്തു കാർലയുടെ കണ്ണീരിൽ കുതിർന്ന കവിളുകളിൽ ചുംബിച്ചിഷാൻ ഒരു ശിലപോലെയിരുന്നു സാന്ദ്ര തിരിച്ചു വരുന്നതും കാത്ത് ........

താഴ്വരയിലെ ആപ്പിൾ


ഞങ്ങളുടെ നാടിനു എന്തു ഭംഗിയാണെന്നോ വെടിയൊച്ചകൾ നിലയ്ക്കുന്ന അന്നു നിന്നെ അതു കാണാൻ ഞാൻ കൊണ്ടു പോകാം. ആപ്പിൾ മരങ്ങൾ വിളവെടുപ്പിനു പാകമാകുന്ന കാലം താഴ്വരയിൽ ആകെ വെള്ളിമൂടിയ ശാന്തതയാണ്. വെടിയൊച്ചകൾക്കു ശമനമുണ്ടാകുന്ന മഞ്ഞു കാലത്തു നമുക്കൊരിക്കൽ കോട്ലിയിലെ മംഗൾ പാണ്ഡെയുടെ കൊട്ടാരത്തിൽ പോകണം അഖണ്ഡ ഭാരതത്തിന്റെ അവശേഷിക്കുന്ന തിരുശേഷിപ്പുകൾ ഉറങ്ങുന്ന ആ മണ്ണിൽ എത്തുമ്പോൾ നീ ഇന്ത്യനും ഞാൻ പാകിസ്ഥാനിയുമല്ലാതെ നമ്മളൊന്നാകും.
പാക് അധിനിവേശ കാശ്മീരിലെ കോട്ലിയിൽ നിന്നുള്ള സുഹൃത്ത് നായീം ഓരോ യാത്ര കഴിഞ്ഞെത്തുമ്പോഴും താഴ്വരയിൽ നിന്നും കൊണ്ടു വരുന്ന ആപ്പിളും അയാളുടെ വീട്ടിൽ കുടിൽ വ്യവസായം പോലെ ചെയ്തിരുന്ന മൃഗത്തോലു കൊണ്ടുള്ള പേഴ്‌സുകളുമൊക്കെയായി എന്നെ കാണാൻ എത്തും. അക്ഷരാഭ്യാസം ഒട്ടുമില്ലാത്ത നായീം കരാറുകാരൻ ആയിരുന്നു മരാമത്തു പണികളുടെ കുഞ്ഞൻ കരാർ എടുത്തു അന്നം തേടിയിരുന്നയാൾ . ഓരോ പണിയും തീരുമ്പോൾ ബില്ലു ബൂക്കുമായി അയാളെന്റെ അരികിലെത്തും ഞാനാണയാളുടെ ഗുമസ്തനും കണക്കപിള്ളയും കാര്യസ്ഥനുമെല്ലാം .പ്രതിഫലമില്ലാത്ത ആലങ്കാരിക പദവി വഹിക്കുന്നതിനുള്ള പരിഹാരമെന്നോണം അയാൾ എന്നും പറയും കോട്ലിയിലെ ആപ്പിൾ തോട്ടങ്ങളുടെ സമൃദ്ധിയിൽ നിന്നൊരു വിളഞ്ഞ ആപ്പിൾ എനിക്കിറുത്തു തന്നിട്ടേ അയാൾ മരിക്കൂ എന്ന് .
ആപ്പിൾ വിളഞ്ഞും പഴുത്തും ഋതുക്കൾ ഒരുപാട് മാറി മറിഞ്ഞിട്ടും വെടിയൊച്ചകൾ നിലച്ചില്ല .ഞാൻ നാട്ടിൽ ആയിരുന്നപ്പോൾ അവിചാരിതമായി എന്റെ ഫോണിലേയ്ക്കൊരു പാകിസ്താനി നമ്പറിൽ നിന്നൊരു കാൾ . ഞാൻ അവിടുന്നു അടിയന്തിരമായി നാട്ടിലേയ്ക്ക് പോന്നു എന്തോ മക്കളെ കാണണമെന്നൊരു തോന്നൽ ,എനിക്കെന്തോ പേടി തോന്നുന്നു ഞാൻ മരണപ്പെട്ടു പോയേക്കുമെന്ന് ,ഇനിയഥവാ നമുക്കു വീണ്ടും കണ്ടു മുട്ടാനായില്ലങ്കിൽ ഒരാപ്പിൾ ഇറുത്തു ഞാൻ കൊണ്ടു പോകും പുതു മണം മാറാതെ ഞാനതു കാത്തു വെക്കും . അയാളുടെ കണ്ഠമിടറി ,ഞാനയാളെ സമാശ്വസിപ്പിച്ചു വെറുതെ തോന്നലാണ് നയീം നിങ്ങൾക്കൊന്നും സംഭവിക്കില്ല കുട്ടികളെ കണ്ടിട്ടു തിരിച്ചു വരു.
നല്ല ഓർമകൾ മാത്രം നൽകിയ അവധിക്കാലം കഴിഞ്ഞു തിരികെ ഓഫീസിൽ എത്തുമ്പോൾ എന്റെ ടേബിളിനു മുകളിൽ ഒരു പാർസൽ എന്നെ കാത്തിരിക്കുന്നു. ആകാംഷയോടെ ഞാൻ അതു തുറന്നു. ഒരു തെർമോക്കോൾ ബോക്സിൽ പൊതിഞ്ഞ ഒരാപ്പിൾ, അതിനു താഴെ ഒരു കുറിപ്പും ബാബാ മരിക്കുന്നതിന് മുൻപു പറഞ്ഞേൽപ്പിച്ചതാണ് ദുവായിൽ ബാബയെയും ഓർക്കുക . ഞാനാ ആപ്പിളെടുത്തു പത്തു ദിവസം മുൻപെപ്പോഴോ ഞെട്ടറ്റ ആപ്പിളിന് തോട്ടത്തിൽ നിന്നും പറിച്ചെടുത്തത്ര പുതു മണം . ഉപ്പു പോലെ ഉണങ്ങിയ ഒരു മഞ്ഞു കണം ആ ഞെട്ടിൽ നിന്നും എന്റെ കൈകളിലേക്ക് അടർന്നു വീണു നിമിഷ നേരം കൊണ്ടതു സാന്ദ്രീകരിച്ചൊരു ജല കണമായി .ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു മഞ്ഞു മൂടിയ ആപ്പിൾ തോട്ടങ്ങളുടെ നടുവിൽ നിന്നൊരാപ്പിളുമായി അയാൾ എനിക്കു നേരെ മന്ദഹസിച്ചു കൊണ്ടു നടന്നടുക്കുന്നു .......

Monday 20 June 2016

നരകത്തിലെ കോഴി മൂന്നാം പ്രാവശ്യവും കൂവി


വ്യാഴാഴ്ച സൂര്യൻ അസ്തമിക്കുന്നതിനായി പടിഞ്ഞാറോട്ടു നീങ്ങി തുടങ്ങിയതും മയിൽ വാഹനം ഷാർജാ ദുബൈ ബോർഡർ കടന്നു ലുലുവിന്റെ പൈതൃക ഗ്രാമത്തിന്റെ പാർക്കിങ്ങിലേയ്ക്ക് ഇടിച്ചു കയറി. സാധരണ വ്യാഴ കളമൈ റെഡി മെയ്‌ഡ്‌ ഭക്ഷണമാണ്. ആറു ദിവസം ജോലി ചെയ്തിട്ടു കർത്താവ് തമ്പുരാൻ പോലും ഒരു ദിവസം ചുട്ടിയെടുത്തു. അതു വെച്ചു നോക്കുമ്പോൾ നുമ്മ വെറും ഒരു നേരം അതും നട്ടരിയാണി വെയിലിൽ വാടി തളർന്നു പണിയെടുത്തതിന് ശേഷം ഒരു നരകത്തിലെ കോഴിയും കുപ്പൂസും കഴിക്കുന്നത് ഒട്ടും ആഡംബരമല്ല .
നരകത്തിലെ ചൂടിൽ ലൂസിഫറിന്റെ കൊട്ടാരത്തിൽ വെന്തുരുകുന്ന പൂവൻ കോഴികളെ നിങ്ങളോ നിങ്ങളുടെ പൂർവീകരോ ചെയ്ത പാപ ഫലമാണോ ഈ പരിഹാരബലി.കൊന്നാൽ പാപം തിന്നാൽ തീരും എന്നാണ് അഭിജ്ഞാന ശാകുന്തളത്തിൽ കണ്ണ മഹർഷി പറഞ്ഞിരിക്കുന്നത് മുഴുത്ത ഒന്നിനെ ചൂണ്ടിക്കാട്ടി ഫിലിപിനോ സെയിൽസ്മാനോട് അവനെ പാക്ക് ചെയ്യാൻ ഉത്തരവിറക്കി.
സോറി സാർ കുറച്ചു നേരം വെയിറ്റ് ചെയ്യേണ്ടി വരും ഇവൻ കോലിൽ കയറിയിട്ട് രണ്ടു മിനിറ്റു പോലുമായില്ല മിനിമം പതിനഞ്ചു മിനിറ്റു കഴിഞ്ഞാലേ ഇവൻ പാകമാകു . ഒരു കാര്യം ചെയ്യൂ സാർ ഒന്നു കറങ്ങിയിട്ടു വാ അപ്പോളേയ്ക്ക് ഇതു റെഡിയാകും ,അല്ലെങ്കിൽ ഇവിടെ നിന്നോളൂ എനിക്കൊരു കമ്പനി താ തത്തമ്മ ചുണ്ടൻ ഫിലിപ്പിനോ എന്നെ നോക്കി കണ്ണിറുക്കി.
മാസാവസാനമായതിനാലും ജന്മനാ ദുർബല ഹൃദയനും വരുമാനം കുറഞ്ഞവനുമാകയാൽ തത്തമ്മ ചുണ്ടൻ ഫിലിപൈനിയുടെ ശൃഗാരത്തിനു തലവെക്കാൻ തീരുമാനിച്ചു. സാറിനറിയുമോ ഈ കോഴികൾക്കൊക്കെ ആത്മാവുണ്ട് ദിവസവും ഈ കോലിൽ കയറ്റും മുൻപ് ഞാൻ ഇവയെ ഒന്നു നോക്കും അവരെന്നെ നോക്കി ദയനീയതയോടെ ഉച്ചത്തിൽ കൂവും . മരിക്കുന്നതിന് മുൻപ് ഇതിന്റെ എല്ലാം ഫലം അനുഭവിക്കാതെ ഞാൻ പോകില്ല ബ്രോ ... തത്തമ്മ ചുണ്ടൻ വികാരാധീനനായി . ആറു മാസം മുൻപ് ബ്രസീലിലെ ഏതോ പോൾട്രി ഫാമിൽ കൊല ചെയ്യപ്പെട്ടു വിറച്ചു വികാരമില്ലാത്തവനായി ഇരുന്നു വിമാനം കയറിയ കോഴി ഫിലിപ്പീനിയെ നോക്കി കൂവിയെന്ന് ബ്ലഡി ഫുൾ ചുമ്മാതല്ല നീ നരകത്തിലെ കോഴിയുടെ കാവൽക്കാരനായത്.
വലിയ കമ്പി കഷണം ഒന്നെടുത്തു കറങ്ങുന്ന കോഴികളിൽ ഒന്നിനെ ആ ഫിലിപ്പീനി കുത്തി നോക്കി ,രക്തവും വെള്ളവും ഒഴുകുന്നില്ലന്നും മാംസം ഭഷ്യ യോഗ്യമായെന്നും ഉറപ്പു വന്ന ശേഷം അയാൾ അലുമിനിയം ഫോയിലിൽ പൊതിഞ്ഞു ആ നരക കോഴിയെ എനിക്കു നൽകി .
സൂര്യൻ പടിഞ്ഞാറസ്തമിച്ചു വില കുറഞ്ഞ സ്കോച്ച് രണ്ടെണ്ണം വീശിയിട്ടാണാ ചിക്കൻ പാർസൽ തുറന്നത് , തുറന്നതും കൊക്കരക്കോ എന്നു കുറച്ചു കൊണ്ടൊരു പൂവൻ കുതിച്ചു മുന്നിലോട്ടു ചാടി , ഡൈനിങ് ടേബിളിന്റെ മധ്യത്തിൽ നിന്നവൻ എന്തൊക്കയോ പയ്യാരം പറഞ്ഞു ശേഷം മെല്ലെ പാത്രത്തിന്റെ മദ്ധ്യത്തിൽ വന്നിരുന്നു ഇങ്ങനെ ചോദിച്ചു മരിക്കുന്നതിന് മുൻപ് നീ ഇതിന്റെ ഫലം അനുഭവിക്കുമോ ??
അന്തം വിട്ടു കുന്തം വിഴുങ്ങി നിന്ന ഞാൻ തത്തമ്മ ചുണ്ടൻ ഫിലിപ്പിനോയെ ഓർത്തു അപ്പോൾ കോഴി മൂന്നാം പ്രാവശ്യവും കൂവി . മസാല പിരണ്ട മാംസങ്ങളും കിഴക്കൻ സ്കോട്ട്ലാൻഡിൽ വാറ്റിയ സ്കോച്ച് വിസ്ക്കിയും തമ്മിൽ യുദ്ധം നടത്തുമ്പോൾ സ്വർഗ്ഗ നരകങ്ങളെ നിങ്ങൾ എനിക്കു വിളിപ്പാടകലെയായിരുന്നു.... ....

Thursday 16 June 2016

അപ്പോൾ ഡി ജി പി മദ്യപിക്കുകയായിരുന്നു

മദ്യ മേഖലാ ഡി ജി പി വന്നതും ഒറ്റക്കണ്ണന്റെ പിടലിക്ക് പിടിച്ചു തിരിച്ചു .കൊടിയ വേദനയിൽ ട്രക്ക് എന്നൊരു സ്വരമുണ്ടാക്കി അവൻ കഴുത്തിൽ നിന്നും തെന്നി മാറി , വടക്കൻ കാറ്റു വന്നൊരു വാട തോമ്മാച്ചന്റെ മൂക്കിലെയ്ക്ക് ഇടിച്ചു കയറി, ഊത്തെടാ ഊത്ത് ,ഡി ഐജി യുടെ മുന്നിലേയ്ക്കയാൾ ഗ്ലാസു നീട്ടി. ബാറിലെ അളവ് ഗ്ലാസ്സു തോൽക്കുന്ന സൂക്ഷ്മതയിൽ അയ്യാൾ തൊണ്ണൂറു വീതം ഗ്ലാസ്സിലേയ്ക്ക്‌ പകർത്തി
വരാൽ വെള്ളമെടുക്കും പോലെ തോമാച്ചൻ ഗ്ലപ്പന്നൊരു കമത്തു കമത്തി. ഗ്ലാസ്സിലൊഴിച്ച മൃതസഞ്ജീവനി എങ്ങോട്ട് പോയെന്നു നോക്കിയിരുന്ന രാജേന്ദ്രന്റെ അടിനാവിക്കിട്ടൊരു കുത്ത് കുത്തി ഡി ജി പി അമറി
എടുത്തു കേറ്റഡാ കവിട്ടേ ! ഡി ജി പിയുടെ ഉഗ്ര ശാസന കേൾക്കേണ്ട താമസം പേടിച്ചു മുള്ളികൊണ്ടയാൾ ഗ്ലാസ്സു കാലിയാക്കി , കാലാച്ചന്റെ കടയിലെ പോട്ടി വരട്ടിയതും കപ്പയും തുറന്നതു പത്തു കണ്ണൻ അതിലേയ്ക്ക് അഞ്ചു വിരലിറക്കി തൂമ്പാ പണിക്കാരൻ അനിരുദ്ധന്റെ വേഗതയിലവൻ പോട്ടി തിരഞ്ഞു തോണ്ടിയകത്താക്കി . ഒരു റൌണ്ട് വെടി പൊട്ടിതീർന്നു .കാവാലം കുട്ടപ്പൻ കവിത പാടി തുടങ്ങാൻ സമയമായോ എന്ന് ശങ്കിച്ചു നിൽക്കുമ്പോൾ രാജേന്ദ്രൻ ആ വെടി പൊട്ടിച്ചു. എന്നാ പോക്ക്രിത്തരമാ ഡി ജി പീ നിങ്ങടെ പോലിസ് കാണിക്കുന്നേ ?
ഡൊമനിക് ജോസഫ്‌ പാലത്തിങ്കൽ എന്ന സാദാ സിവിൽ പോലീസുകാരൻ കള്ള് കുടി സഭയിൽ എത്തിയാൽ ഡി ജി പി യാണ്. കാര്യം പിടികിട്ടാതെ അയാൾ കവിട്ടു രാജേന്ദ്രനെ സൂക്ഷിച്ചു നോക്കി
അല്ലാ ആ പെരുമ്പാവൂരെ കൊച്ചിനെ കൊന്നിട്ടിപ്പം എത്രയായി , ഇത് വരെ എന്തേലും തുമ്പുണ്ടായോ ? കവിത പാടി തുടങ്ങാനുള്ള ത്വരയിൽ കുട്ടപ്പൻ അടുത്ത തൊണ്ണൂറു ഗ്ലാസ്സിലേയ്ക്ക്‌ പകർത്തി. ആവി പറക്കുന്ന കപ്പക്കൊഴ ഒന്ന് തോണ്ടി നാക്കിന്റെ കേന്ദ്ര സ്ഥാനത്തു വെച്ചിട്ടു ഡി ജി പി അകത്തോട്ടു വലിച്ചു. മൂന്നണ്ണം അകത്തു ചെന്നു കഴിഞ്ഞാൽ പിന്നെ തോമാച്ചൻ ബോയിലറൂ കുറ്റി തുറന്നു വിടും , കോർപ്പറേഷൻ വീപ്പയുടെ അടുത്തു പോയാലും ആസ്വദിക്കാൻ കഴിയാത്ത അസാധ്യ വെടക്ക് നാറ്റമാണ് അത് കൊണ്ടു തന്നെ രണ്ടു പെഗ് കഴിയുമ്പോൾ തോമാച്ചനു ചങ്ങല വലിച്ചു നിർത്തും .
തോമാച്ചൻ ഇടപെട്ടു സ്കോട്ട്ലാൻഡ്യാർഡ്‌ എന്ന് കേട്ടിട്ടുണ്ടോ നിങ്ങൾ ലോകത്തിലെ മികച്ച പോലിസ് അവരാണെന്ന വെയ്പ്പ് എന്നാൽ മ്മുട പുലികുട്ട്യോൾ ഉണ്ടല്ലോ അതിലും മെകച്ചതാ .. ആാ ...
വരിയൊടക്കുന്നതാ ........................ മോന്മാർ എന്തേലും ഉണ്ടായാൽ ഉടൻ കോണാത്തീന്നു വിളി വരും ഓൻ നമ്മടാളാ വിട്ടേക്കെന്നും പറഞ്ഞു തോമാച്ചന്റെ രക്തം തിളച്ചു കയറി.
തീറ്റിയിലും കുടിയിലും രതിയിലും മാത്രം അടയിരിക്കുന്ന പത്തൂ കണ്ണൻ മെല്ലെ തലപൊക്കി
ഇതേതോ കഴപ്പൻമാരാന്നേ , കുറെയുണ്ടല്ലോ അന്യ സംസ്ഥാനത്തു നിന്നും വന്നു കുളിക്കാതെയും നനയ്ക്കാതെയും നടക്കുന്നോന്മാർ അവരിൽ ഏതോ മൂത്ത കഴപ്പനായിരിക്കും പ്രതി.
ചർച്ച ഒരു പരിസമാപ്തിയിൽ എത്തിയിട്ട് വേണം കുട്ടപ്പനു കാവാലത്തിന്റെ ആലായാൽ തറ വേണം പാടാൻ കുട്ടപ്പൻ ഡി ജി പിയെ ആഞ്ഞു തള്ളി നിങ്ങളു പറ ആ പെങ്കൊച്ചിനു നീതി കിട്ടുവോ ??
ആഡ്രീനാലിനിലേയ്ക്ക് കയറി കഴിഞ്ഞ ആൽക്കഹോളിന്റെ ആനന്ദത്തിൽ നിന്നും മുക്തനാകാത്ത ഡി ജി പി ഒറ്റകണ്ണൻ കുപ്പി എടുത്തു മേളോട്ടു ഉയർത്തി, കണ്ടില്ലേ ഇവൻ ഒറ്റ കണ്ണനാ കാണേണ്ടത് മാത്രമേ കാണൂ ,കാണണ്ടാത്ത കാഴ്ചകൾ വരുമ്പോൾ ഞങ്ങൾ കണ്ണ് മാറ്റിയടക്കും ചില കാഴ്ചകൾ കണ്ടാൽ ഞങ്ങളുടെ ഉള്ള കാഴ്ച കൂടി നഷ്ടമാകും അത് കൊണ്ടു പരിമിതമായ കാഴ്ചയിൽ ഞങ്ങൾ രംഗം ആസ്വദിക്കുകയാണ്.
അവസാന റൌണ്ട് വെടിയൊച്ച കേട്ടതും വളിയടിക്കില്ലന്ന ഉറപ്പുമായി തോമാച്ചനും ഗ്ലാസ്സുമായി എത്തി മനുഷ്യനെ മൃതനാക്കുന്ന മൃതസഞ്ജീവനി നാലു ഗ്ലാസ്സിലേയ്ക്കും സമാസമം ഒഴുകിയിറങ്ങി.
കുട്ടപ്പൻ വലിയ തൊള്ള തുറന്നാ കാവാലം കവിത ഈണത്തിൽ പാടി
ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം
ആലിനു ചേർന്നൊരു കുളവും വേണം
കുളത്തിൽ ചെന്താമര വേണം
കുളിച്ചു ചെന്നകം പൂകാൻ ചന്ദനം വേണം .................

Wednesday 15 June 2016

സുകുമാര കുറുപ്പ് പിടിയിലായപ്പോൾ


മുഷിഞ്ഞു കീറിയ വേഷവും നീട്ടിവളർത്തിയ താടിയുമായൊരാൾ വഴിയരുകിൽ എന്തിനോ വേണ്ടി തിരയുന്നു പതിയെ ഞാൻ അടുത്തു ചെന്നു, എന്തെങ്കിലും സഹായം വേണോ അമ്മാവാ . ചോദ്യം പിടിക്കാത്തവണ്ണം അയാളെന്നെ രൂക്ഷമായി നോക്കിയ ശേഷം മുന്നോട്ടു നടന്നു. എന്തെങ്കിലും വേദനകൾ ഉണ്ടാവും അതാണ്‌ ഇത്ര ഗൌരവം ഞാൻ പിന്നാലെ ചെന്നു സഹായ വാഗ്ദാനം ആവർത്തിച്ചു ശല്യം സഹിക്കാതെയെന്നോണമയാൾ കയ്യിലിരുന്ന വടി എനിക്ക് നേരെ നീട്ടി പോയ്ക്കോണം എന്നാജ്ഞാപിച്ചു.വിജനമായ വീഥി നേരം അസ്തമിച്ചു വരുന്നു ഇതേതോ കള്ളൻ തന്നെ അല്ലെങ്കിൽ എന്നെ ഇങ്ങനെ ആട്ടിയകറ്റില്ല രണ്ടിലൊന്നറിഞ്ഞിട്ടു തന്നെ ബാക്കി കാര്യം
ഹൈപോതലമാസിൽ നിന്നും ഓർമ്മകൾ അയവിറക്കി ഞാനാ മുഖത്തേയ്ക്കു നോക്കി എവിടെയോ ഒരു മുഖ ച്ഛായ ഒരു കാലത്ത് മാ പ്രസിദ്ധീകരണങ്ങളിൽ നിറഞ്ഞു നിന്ന കുപ്രസിദ്ധ കുറ്റവാളിയുടെ മുഖം ആ മുഖവുമായി എവിടെയെക്കയോ സാമ്യമുണ്ടെന്നൊരു തോന്നൽ
താൻ സുകുമാര കുറുപ്പല്ലയോടോ ??? ഇടിവെട്ടും പോലാ ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങി
വൃദ്ധൻ പേടിച്ചരണ്ടു പിന്നിലോട്ടു ഓടി , പിറകെ ഞാനും എൺപതുകളിൽ 25000 രൂപാ വരെ തലയ്ക്കു വിലയുണ്ടായിരുന്ന മനുഷ്യനാ കിട്ടിയാൽ നാളത്തെ പത്രത്തിലെ ലീഡിംഗ് ന്യൂസ്‌ ഞാനും എന്റെ സാഹസികതയുമാകും. അറുപതു കഴിഞ്ഞ വൃദ്ധനും ഇരുപതിനോടടുത്ത ഞാനും, വേട്ടക്കാരൻ ഇരയെ എന്ന പോലെ ഓടിച്ചിട്ടു ഒരു മൂലയിൽ വെച്ച് പിടിച്ചു . പിടി വീണതും കിളവൻ ഇരുകൈയ്യും കൂപ്പി എന്റെ കാൽച്ചുവട്ടിലേയ്ക്ക് ഇരുന്നു.
കേരളാ പോലിസ് ഒരു പുരുഷായുസ് മുഴുവൻ കഷ്ട്ടപെട്ടിട്ടും കിട്ടാത്ത പിടികിട്ട പുള്ളി എന്റെ കാൽ ചുവട്ടിൽ എന്നയൊക്കെ സമ്മതിക്കണം ഹോ ! കുനിഞ്ഞു ഞാനയാളുടെ കോളറിൽ പിടിച്ചു കൈകൂപ്പിയയാൾ എഴുന്നേറ്റു വന്നു, തമ്പീ മന്നിക്കണം എനിക്കു കത്തിരിക്കോൽ അലർജി അതിനാലെ ഞാൻ ഓടിയത് നീങ്ക എന്നെ വളർപ്പ് വീട്ടിലേക്ക് കൂട്ടിടാതെ .ഞാനേതോ വൃദ്ധ സദനത്തിന്റെ നടത്തിപ്പുകാരനാണെന്നയാൾ ധരിച്ചു വശായിരിക്കുന്നു.
ഞാനാ മുഖത്തേയ്ക്കു ഒന്ന് കൂടി സൂക്ഷിച്ചു നോക്കി അപ്പോ നിങ്ങൾ ശരിക്കും തമിഴനാ , കയ്യിലിരുന്ന മുഷിഞ്ഞ ഭാണ്ഡം തുറന്നയാൾ ചില പേപ്പർ കട്ടിങ്ങുകൾ പുറത്തെടുത്തു തമിഴ് നാട്ടിലെ ഏതോ ലോക്കൽ വാരികയിൽ അയാളെ പ്പറ്റി അച്ചടിച്ച്‌ വന്ന ലേഖനങ്ങൾ . പൂർവാശ്രമത്തിൽ അയാളൊരു ഗായകനായിരുന്നത്രേ നാടായ നാടുകൾ തോറും പാട്ടു പാടി അന്നമുണ്ട് ജീവിച്ച ഒരു ഭിക്ഷാം ദേഹി ,എപ്പോഴോ പട്ടം മനസിന്റെ ചരടുകൾക്ക് അന്യമായപ്പോൾ കുറെക്കാലം പേരറിയാത്ത ഭ്രാന്ത സങ്കേതങ്ങളിൽ .തമ്പി ഞാനൊരു പാട്ടു പാടട്ടെ ദയനീയത വിടാതെ അയാൾ ചോദിച്ചു ,ഇരു കൈകളും കൂട്ടിപ്പിടിച്ചു നെഞ്ചിലേയ്ക്ക് ചേർത്തു വെച്ചു ഞാൻ തലകുലുക്കി
പാടറിയെ പഠിപ്പറിയെ പള്ളികൂടം താനറിയേൻ
ആടറിയേൻ എഴുത്തറിയേൻ എഴുത്തുവക നാനറിയേൻ
അയെട്ടുള്ള എഴുദ്ദവില്ല എഴുതി വെച്ചു പഴക്കമില്ല
എലക്കനം പഠിക്കവില്ല തലക്കനവും എനക്കുമില്ല
ജഡ പടർന്ന താടികളിൽ തടവിയയാൾ അയാൾ സ്വയം മറന്നു പാടി ,മുൻ വിധികളില്ലാത്ത കേൾവിക്കാരനായി അസ്തമന സൂര്യൻ കടലിലേയ്ക്ക് പതിഞ്ഞ താളത്തിൽ താഴ്ന്നിറങ്ങി.

Thursday 9 June 2016

സ്ത്രീയേ നീ വരുവോളം ....


മുട്ടോളമെത്തുന്ന നീണ്ട പോക്കറ്റുള്ള കാക്കി നിക്കറിൽ നിന്നും പുറത്തെടുക്കുന്ന പ്ലാസ്റ്റിക്ക് കയർ കഴുത്തിൽ മുറുക്കി ചാവാലി പട്ടികളെ കൊല്ലുന്ന പുരുഷൻ പട്ടികളുടെ പേടി സ്വപ്നമായിരുന്നു. ഒരു നാൾ ആ കാക്കി നിക്കറിന്റെ പോക്കട്ടിനുള്ളിലെ കയറിൽ കഴുത്തു ഞെരിച്ചേക്കപ്പെടാം എന്ന ഭയം മൂലം പുരുഷന്റെ നിഴൽവെട്ടത്തിൽ പോലും വരാൻ പട്ടികൾ മടിച്ചു.
പുരുഷനു നായ്ക്കളെ കൊല്ലുന്നത് ഒരാനന്ദമായിരുന്നു , മുനിസിപ്പാലിറ്റി നൽകുന്ന മാസ ശമ്പളം പ്ലാസ്റ്റിക് കവറിൽ വരുന്ന പട്ട വാങ്ങാൻ കൂടി തികയുമായിരുന്നില്ലങ്കിലും പുരുഷൻ രാവിലെ തന്നെ കുളിച്ചൊരുങ്ങി മുനിസിപ്പാലിറ്റിയുടെ ട്രാക്ടറിൽ കയറി നാട് ചുറ്റൽ ആരംഭിക്കും. തെരുവോരങ്ങളിൽ അലയുന്ന പട്ടികൾക്കു പുരുഷന്റെ ഗന്ധം മരണത്തോളം ഭയാനകമായിരുന്നു .ആറാമിന്ദ്രിയം പ്രവർത്തിക്കുന്നവനെപ്പോലെ പുരുഷൻ പട്ടികൾക്ക് പിന്നാലെ എപ്പോഴുമുണ്ടായിരുന്നു ഒരിക്കൽ മാർക്കറ്റിലെ ചവറൂ കൂനയിൽ പെറ്റു കിടന്ന ഒരു പെൺ പട്ടിയെ പുരുഷൻ പിടി കൂടി കൊന്നു . കൊന്നതിനു ശേഷമാണ് കണ്ണു തുറക്കാത്ത ആറൂ ആൺ പട്ടി കുഞ്ഞുങ്ങളെ പുരുഷൻ കാണുന്നത് . കുറ്റബോധം തോന്നി തുടങ്ങിയ പുരുഷൻ യാന്ത്രികമായി അവയെ പെറുക്കി കൂട്ടി കുട്ടികളുണ്ടാകത്തതിനു പുരുഷനോട് എന്നും കലഹിച്ചിരുന്ന ഭാര്യ രമണിയെ ഏൽപ്പിച്ചു. രമണിയവരെ മക്കളെപ്പോലെ നോക്കി വളർത്തി എൺപതുകളിലെ പ്രതികാര ദാഹിയായ മക്കൾ കഥ പറയുന്ന ഐവി ശശിയുടെയും ജോഷിയുടെയും സിനിമകൾ കാണാത്ത പട്ടികുട്ടികൾ മിടുക്കരായി വളർന്നു.
തങ്ങളുടെ പരമ്പരയെ ഉന്മൂലനം ചെയ്യാൻ ഭീഷ്മ ശപഥം എടുത്ത പുരുഷൻ അവർക്കു പിതാവും സംരക്ഷകനുമായി .രക്തത്തെ ഒറ്റു കൊടുത്തിട്ടാണ് തങ്ങൾ രാജാക്കന്മാരായി പുരുഷനോടൊപ്പം കഴിയുന്നതെന്ന ചിന്ത ആറു ആൺ ചാവാലി പ്പട്ടികൾക്കും ആറു മാസം വരെ ഉണ്ടായിരുന്നേ ഇല്ല .എന്നാൽ ഏഴാം മാസം പെൺ മണം തുടങ്ങിയ നാളുകളിൽ ഒന്നിൽ നഗരത്തിൽ നിന്നും വന്ന സുന്ദരിക്കുട്ടിയാ ഞെട്ടിക്കുന്ന സത്യം ആറു തക്കിടുമുണ്ടൻ ചാവാലികളുടെയും ചെവിയിൽ അടക്കം പോലെ പറഞ്ഞു.
പിറ്റേന്നു രാവിലെ ബേബി ഫുഡും കൊണ്ട് മക്കളെ കാണാനെത്തിയ പുരുഷനെ കൂട്ടം കൂടി നിന്നു തക്കിടുമുണ്ടൻ ചവാലികൾ കടിച്ചു കീറി , ബാലൻ കെ നായരെ ചവിട്ടി തേയ്ക്കുന്ന നസീറിന്റെ ആർജ്ജവത്തോടെ അവരാ പ്രതികാര കഥ ശശികുമാർ സിനിമകളെക്കാൾ ഭംഗിയാക്കി . പഴശ്ശിയുടെ യുദ്ധങ്ങൾ കമ്പനി ഇനി കാണാൻ ഇരിക്കുന്നതേയുള്ളൂ കാരണം ആറു ചാവാലികൾക്ക് ഇടയിലേയ്ക്ക് ഒരു സുന്ദരി എത്തിയിട്ടേ ഉള്ളു ഇനിയാണ് നീണ്ട കഥയുടെ ആരംഭം..........................

Tuesday 7 June 2016

ദ്രവ്യാഗ്രഹികളും ദൈവവും

അമ്മച്ചിക്കാ വീടങ്ങു ചൊവ്വിനെ ഇഷ്ട്ടായി , നായരേട്ടൻ അടുത്തിടെ പണി കഴിപ്പിച്ച വീടാണത് . മക്കളങ്ങു അമേരിക്കയ്ക്ക് കൊണ്ട് പോകാൻ മത്സരിച്ചു നിൽക്കുമ്പോൾ ഇങ്ങനെ ഒരു വീടിവിടെ ഇട്ടു നശിപ്പിക്കാൻ മനസില്ലാത്തത് കൊണ്ടാണ് നായരേട്ടൻ ആ വീടു വിറ്റു അമേരിക്കക്ക് വിമാനം കയറാൻ തീരുമാനിച്ചത്.
അമ്മച്ചിയാ വീട് ചുറ്റും നടന്നു കണ്ടു ബോധിച്ചിട്ടു എന്നെ മാറ്റി നിർത്തി ഒരു സ്വകാര്യം പറഞ്ഞു. കുഞ്ഞോയി മോനെ, വീടെനിക്കിഷ്ട്ടമായെടാ പക്ഷെ ഒരു ചെറിയ പ്രശ്നമുണ്ട് ?
നാലും കൂടിയ കവലക്ക്‌ സ്ഥല സൌകര്യങ്ങൾ ഒത്ത ലക്ഷണമൊത്ത ഒരു കെട്ടിടം പോക്കറ്റിനിണങ്ങുന്ന വിലയ്ക്ക് വന്നപ്പോൾ എന്നതാ അമ്മച്ചിയേ പ്രശ്നം ? അതല്ലടാ കുഞ്ഞോയിയെ നീ നോക്കിയില്ലാരുന്നോ പുമുഖത്തെ കതകിൽ കൊത്തിയ കൃഷ്ണരൂപം , മാർത്തോമാശ്ലീഹാ മാർഗ്ഗം കൂടിച്ച ക്രിസ്ത്യാനികളാ നമ്മൾ നമ്മുടെ പൂമുഖത്ത് ഒരു ഹിന്ദു ദേവന്റെ രൂപം എങ്ങനെ ശരിയാകുമെടാ . അത്രയേ ഉള്ളോ ആ കതകങ്ങു മാറ്റിയേക്കാം അമ്മച്ചി , അമ്മച്ചിക്കു വീടിഷ്ടമായല്ലോ അല്ലേ ? അമ്മച്ചി നിറഞ്ഞ സന്തോഷത്തോടെ തല കുലുക്കി ടോക്കൺ അഡ്വാൻസ് കൊടുത്തു അവിടുന്നു മടങ്ങി.
രെജിസ്ട്രേഷന് മുൻപ് പണം കൈമാറിയത് അമ്മച്ചിയാണ് പണം കൈയ്യിൽ വാങ്ങിയ ശേഷം നായരേട്ടൻ ഇങ്ങനെ പറഞ്ഞു നിങ്ങളായതു കൊണ്ടാ ഞാൻ ഈ വിലയ്ക്ക് സമ്മതിച്ചത് ഈ പൂമുഖ വാതിൽ കണ്ടില്ലേ അത് തന്നെ വില രണ്ടു ലക്ഷമാ തഞ്ചാവൂരിൽ നിന്നും ശിൽപികൾ വന്നാണീ ശ്രീ കൃഷ്ണരൂപം കൊത്തിയത് . മോഹിച്ചു പണിത വീടാ ചേടത്തിയിതു പോന്നു പോലെ നോക്കുമെന്നറിയാം. രെജിസ്ട്രേഷൻ കഴിഞ്ഞു അമ്മച്ചിയുടെ ആഗ്രഹ പ്രകാരം പൂമുഖ വാതിൽ മാറ്റി പണിയാൻ മരയാശാരിയെ അന്വേഷിക്കാൻ തുടങ്ങും മുൻപ് അമ്മച്ചി പിൻ വിളി വിളിച്ചു .
അല്ലെടാ കുഞ്ഞോയിയെ നമ്മളെ തോമാശ്ലീഹാ മാർഗ്ഗം കൂടിക്കുമ്പോൾ നമ്മൾ നമ്പൂതിരിമാരായിരുന്നില്ലേ , അപ്പോൾ കൃഷ്ണൻ നമ്മുക്ക് തീർത്തും അന്യനല്ല, ധൃതി പിടിച്ചു നീയാ വാതിൽ മാറ്റാൻ നിൽക്കേണ്ട !
എന്നാലും അമ്മച്ചി അമ്മച്ചീടെ വിശ്വാസങ്ങൾ സംരക്ഷിക്കാൻ ......
എന്നതാ കുഞ്ഞേ വിശ്വാസങ്ങൾ നിന്റെ പോക്കറ്റിലെ രണ്ടു ലക്ഷം കളഞ്ഞിട്ടു നീ അമ്മച്ചീടെ വിശ്വാസം സംരക്ഷിക്കേണ്ട . പാലു കാച്ചൽ കഴിഞ്ഞ അന്ന് തന്നെ ഒരു വലിയ കർത്താവിനെ വാങ്ങി അമ്മച്ചി വാതിലിനു മുകളിൽ തറച്ചു വെച്ചു .
അവർ ഇരുവരും ഒരുമയോടെ ആ ഗൃഹത്തിനു കാവലായി നിന്നു അമ്മച്ചി മരിച്ചിട്ട് പോലും അകത്തേയ്ക്ക് കടക്കാൻ കൂട്ടാക്കാതെ ...........................