Wednesday, 26 April 2017

ഇമ്മാനുവലിന്റെ പപ്പാ (ചെറുകഥ )ഇമ്മാനുവൽ ആ രാത്രി ഉറങ്ങിയില്ല ,നാളെയാണ് ആ ദിവസം അപ്പുറത്തെ വീട്ടിൽ പുതിയ വാടകക്കാർ വരുന്നു പട്ടാളക്കാരനും കുടുംബവുമാണത്രെ താമസിക്കാൻ വരുന്നത് .ഇമ്മാനുവൽ ഇതുവരെ ഒരു പട്ടാളക്കാരനെ നേരിട്ടു കണ്ടിട്ടില്ല എന്നാൽ ഒരുപാടു കേട്ടിട്ടുണ്ട് .ഇമ്മാനുവൽ ചോറുണ്ണാതിരുന്നാൽ ,കുസൃതികാട്ടിയാൽ ,അനുസരണയില്ലാത്ത പെരുമാറിയാൽ ഒക്കെ ആശമ്മ ആ പട്ടാളക്കാരനെപ്പറ്റി പറയും കപ്പടാ മീശയും വെച്ചു  വരുന്ന ആജാനുബാഹുവായ തോക്കു ധാരി .അയാൾ വരുന്നത് കുരുത്തം കെട്ട കുട്ടികളെ പിടിക്കനാണ്.പിടിച്ചു കൊണ്ടു  പോയി അതിർത്തിയയിൽ എവിടെയോ ഉള്ള ആൾപ്പാർപ്പില്ലാത്ത വീട്ടിലെ ഇരുട്ടുമുറിയിൽ അടച്ചിടും എന്നിട്ടു കൈയ്യിലുള്ള തോക്കു കൊണ്ടു തലങ്ങും വിലങ്ങും വെടി  വെക്കും . ആശമ്മയ്ക്കു തുണയായി ഇമ്മാനുവൽ മാത്രം ഉള്ളതു കൊണ്ടാണിതുവരെ പട്ടാളക്കാരൻ വാതിൽക്കൽ വരെ വന്നിട്ടും അകത്തു കയറാതെ തിരികെ പോയത് .ഇനി ഒരു പക്ഷെ ഇത്ര അടുത്തു വന്നു താമസിക്കുമ്പോൾ തന്നെ പിടിച്ചു കൊണ്ടു പോകാനും എളുപ്പമാകും .

ആശമ്മ ഉറക്കമാണ് ഇറങ്ങി എങ്ങോട്ടെങ്കിലും പോയാലോ ! അല്ലെങ്കിൽ വേണ്ട താൻ പോയാൽ ആശമ്മ തനിച്ചാകും പപ്പാ ഗൾഫിൽ നിന്നും വരുന്നതു അടുത്ത മെയ്യിലാണ് അതുവരെ ആശമ്മ എങ്ങനെ തനിച്ചു ജീവിക്കും .തന്നെ കാണാതായാൽ അശമ്മ കരഞ്ഞു നിലവിളിക്കും എന്നെ അത്ര കണ്ടു ജീവനാണ് ആശമ്മയ്ക്ക് .പട്ടാളക്കാരൻ വരട്ടെ ഇനി കുസൃതിയും കുന്നായ്മയുമൊന്നും  കാട്ടാതിരുന്നാൽ പോരെ അയാൾ അയാളുടെ പാട്ടിനു പൊയ്ക്കോളും .ഇമ്മാനുവൽ ഈ രാത്രി മുതൽ ആശമ്മ ആഗ്രഹിക്കുന്നതു  പോലെ നല്ല കുട്ടിയാകുകയാണ് .

വീട്ടു സമാനങ്ങൾ ഇറക്കാൻ വന്ന ലോറിയാണ് ആദ്യം വന്നത് .ഇമ്മാനുവൽ ടെറസ്സിൽ നിന്നും താഴേയ്ക്കു നോക്കിയിരുന്നു .അതിലെവിടെയെങ്കിലും പട്ടാളക്കാരന്റെ തോക്കുണ്ടാവുമെന്നവനറിയാം . കസേര ,കട്ടിൽ ,തീൻ മേശ എന്ന് വേണ്ട ഒരു വീട്ടിലേയ്ക്കു വേണ്ട എല്ലാ സാധനങ്ങളും ഇറക്കി കഴിഞ്ഞിട്ടും ഇമ്മാനുവൽ കാത്തിരുന്ന സാധനം മാത്രം കണ്ടില്ല . ഇമ്മാനുവലിനുമുണ്ടായിരുന്നു ഒരു തോക്ക്. കഴിഞ്ഞ തവണ പപ്പാ ലീവിനു വന്നപ്പോൾ കൊണ്ടു  വന്ന എ കെ 47 ന്റെ ഈച്ചക്കോപ്പി .അന്ന് പപ്പാ പറഞ്ഞതോർക്കുന്നു സോവിയറ്റ് യൂണിയനു വേണ്ടി മിഖായേൽ കലാഷ്‌നിക്കോവ് എന്നയാൾ ഉണ്ടാക്കിയതാണത്രേ ഈ തോക്ക് . ഇന്ന് ലോകമെമ്പാടും ഏറ്റവും കൂടുതൽ വിറ്റഴിയുന്നതും ഏറ്റവും കൂടുതൽ സൈന്യ സൈന്യേതര ആവശ്യങ്ങൾക്കു ഉപയോഗിക്കുന്നതും ഈ മോഡൽ തോക്കാണത്രെ . അശാമ്മയുടെ വിളികേട്ടാണ് ഇമ്മാനുവൽ താഴേയ്ക്ക് വന്നത് .ശകാരത്തിന്റെ അകമ്പടിയോടെയാണ് ആശാമ്മ അവനെ വരവേറ്റത് .നാലാം ക്ളാസിലേക്ക് കയറിയതു മുതൽ ആശമ്മയ്ക്ക് കൂടുതൽ നിഷ്ഠകളാണ് എപ്പോഴും പഠിക്കണം പഠിക്കണം എന്നൊരു പിന്നാലെ കൂടിയുള്ള പറച്ചിൽ മാത്രം.

കഷ്ട്ടം !!! കുടുംബത്തിൽ വരായ്കയൊന്നുമില്ലാത്ത പെങ്കൊച്ചായിരിക്കണം . ജാനുവേടത്തി ആശമ്മയോടതു പറയുമ്പോൾ ഇമ്മാനുവൽ കാതു കൂർപ്പിച്ചിരുന്നു.
അല്ലെങ്കിൽ ഈ കിളവനാരാ കിളിപോലിരിക്കുന്ന ഈ പൊങ്കൊച്ചിനെ പിടിച്ചു കൊടുക്കുന്നെ !
പട്ടാളക്കാരൻ കിളവനാകുമോ? ആശമ്മ പറഞ്ഞ കഥകളിലെ പട്ടാളക്കാരൻ ആരോഗ്യ ദൃഢഗാത്രനും പത്തു പേരെ ഒരുമിച്ചു കീഴ്പെടുത്തുന്നവനുമായ സൂപ്പർമാനാണ് . അങ്ങനെ ഉള്ളവരെയെ പട്ടാളത്തിൽ എടുക്കു അല്ലെങ്കിലും  പാകിസ്ഥാൻ പട്ടാളം യുദ്ധത്തിനു വരുമ്പോൾ പേടിച്ചു തൂറി ഓടുന്ന കിളവന്മാരെ ആരാണ് പട്ടാളത്തിൽ എടുക്കുക . കഴിഞ്ഞ തവണ ലീവിനു വന്നപ്പോഴും പാപ്പയോടു പറഞ്ഞതാ  ഞാൻ പപ്പയെപ്പോലെ ഗൾഫിലേയ്ക്കൊന്നും പോവില്ല .വലുതായാൽ പട്ടാളക്കാരനാവുമെന്ന് , രാജ്യം കാക്കുന്ന ധീരനായ പട്ടാളക്കാരൻ .

ഇമ്മാനുവൽ ടെറസ്സിൽ കയറി അയലത്തെ വീടിനെ വലം വെച്ചു നോക്കി പുതിയ താമസക്കാർ വന്നിട്ടു ആഴ്‌ച ഒന്നു കഴിയുന്നു . ഇന്നുവരെ ഒരാളുടെ മുഖവും കണ്ടിട്ടില്ല കാത്തു കാത്തിരുന്ന പട്ടാളക്കാരനെ ഒരു നോക്കു കാണാൻ ഇമ്മാനുവൽ ഒരുപാടു കൊതിച്ചു .ജാനുവേച്ചി പട്ടാളക്കാരന്റെ വീട്ടിലും ജോലിക്കു പോയി തുടങ്ങിയതു മുതൽ അവിടുത്തെ വാർത്തകൾ കൃത്യമായി വീട്ടിലുമെത്തി തുടങ്ങി . പട്ടാളക്കാരന്റെ രണ്ടാം വിവാഹമാണത്രെ ഇപ്പോഴത്തേത് .ആദ്യത്തെ ഭാര്യ മരിച്ചു കുട്ടികൾ നോക്കാതെ ആയപ്പോൾ എങ്ങു നിന്നോ പോയി ധർമ്മ കല്യാണം കഴിച്ചു കൂടെ കൂട്ടിയതാണത്രേ ഇപ്പോഴത്തെ ഭാര്യയെ .
അങ്ങോരുടെ മോളാകാൻ പോലും പ്രായമില്ല  കണ്ടിട്ടു കഷ്ട്ടം വരുന്നു ആശേ !
ജാനേച്ചീ പൊടിപ്പും തൊങ്ങലും വെച്ചു പറഞ്ഞപ്പോൾ ആശമ്മയ്ക്കും  ഇമ്മാനുവേലിനും ആ പെൺകൊച്ചിനോടു എന്തെന്നില്ലാത്ത സഹതാപം തോന്നി .

ചേച്ചിയേ അഴ കെട്ടാൻ കുറച്ചു കയറു കിട്ടുമോ ?
മതിലിനിപ്പുറത്തു നിന്നും അന്നാദ്യമായി ഇമ്മാനുവൽ ആ സ്ത്രീയെ കണ്ടു . മണ്ണഞ്ചേരിയിലുള്ള അപ്പാപ്പന്റെ മകൾ ജെൻസിയെപ്പോലെയുണ്ട് അല്ല അതിലും സുന്ദരിയാണ് . ആദ്യമായി സഹായം ചോദിച്ചു വന്ന അയൽക്കാരിയെ ആശമ്മ  വട്ടം പിടികൂടി .അല്ലെങ്കിലും ആശാമ്മ അങ്ങനെയാണ് ആരെയെങ്കിലും കിട്ടിയാൽ പിന്നെ വിടൂല്ല മാത്രമല്ല ജാനുവേച്ചി പറഞ്ഞു ഒരുപാടു സഹതാപം അയലത്തെ ചേച്ചിയോടുണ്ടും താനും .ആശമ്മ അവരുടെ മുടിയിഴകളിൽ തഴുകി, എന്റെ പൊന്നുമോളെ എന്നു ചേർത്തു പിടിച്ചു സഹതപിച്ചു . ആശമ്മയുമായി സംസാരിച്ചു നിൽക്കെ അങ്ങേ വീടിനകത്തു നിന്നും ഗാംഭീര്യമുള്ള ആ സ്വരം ഉയർന്നു പൊന്തി .
എടിയേ ,എടിയേ നീയിതെവിടെ അവരാതിക്കുവാൻ പോയിരിക്കുവാ ....
പിന്നെ പറഞ്ഞതൊരു മുട്ടൻ ചീത്തയായിരുന്നു . ഇമ്മാനുവൽ മുൻപൊരിക്കലും അങ്ങനെയൊരു ചീത്ത കേട്ടിട്ടുപോലുമില്ല . വിളി കേട്ടതും വെകളി പിടിച്ചതു പോലാ ചേച്ചി ഓടി വീടിനകത്തേയ്ക്കു കയറി .

ദുഷ്ടനാ ആശേ , പരമ ദുഷ്ടൻ ,വയസാം കാലത്തു പെണ്ണു കെട്ടിയിട്ടു ആ പെണ്ണിനെ തൂറാനും മുള്ളാനും വിടില്ല .എവിടെ തിരിഞ്ഞാലും സംശയം തന്നെ സംശയം .വേറൊരു ഗതിയില്ലാത്തതു കൊണ്ടാ പാവം  ആ വീട്ടിൽ കഴിയുന്നത് .ഇതിപ്പോൾ പതിനാറാമത്തെ വീട്ടിലേക്കാണത്രെ അയാൾ ഈ കൊച്ചുമായി മാറി താമസിക്കുന്നത് എങ്ങോട്ടു തിരിഞ്ഞു നോക്കിയാലും സംശയം മാത്രം . എനിക്കും വളർന്നു വരുന്നു രണ്ടെണ്ണം ഞാനതുങ്ങളോടു ഒന്നേ പറയുന്നുള്ളു വല്ല വീട്ടുജോലി എടുക്കാൻ പഠിച്ചാലും എവത്തുങ്ങളുടെ കൂടെയൊന്നും ജീവിക്കരുത് .
ജാനേച്ചി രോഷം കൊണ്ടു തിളയ്ക്കുകയായിരുന്നു .ആശമ്മ മൂക്കത്തു വിരൽവെച്ചിരിക്കുന്നതു കണ്ടു ഈ സംശയം അത്ര വലിയ കാര്യമാണോയെന്നു ഇമ്മാനുവൽ ശങ്കിച്ചു നിന്നു  .

രാത്രികളിൽ അപ്പുറത്തെ വീട്ടിലെ ചേച്ചിയുടെ കരച്ചിൽ കേൾക്കുന്നതൊരു പതിവായിരിക്കുന്നു  .പട്ടാളക്കാരൻ മാതൃക പുരുഷനാണ് എന്ന ഇമ്മാനുവലിന്റെ സങ്കൽപ്പത്തിനു കുറേശ്ശേയായി കോട്ടം തട്ടിയിരിക്കുന്നു . ഇന്നുവരെ അപ്പുറത്തു വീട്ടിൽ താമസിക്കുന്ന പട്ടാളക്കാരനെ ഇമ്മാനുവേലിനു കാണാൻ കഴിഞ്ഞിട്ടില്ല അയാൾ പുറത്തിറങ്ങുന്നതെപ്പോഴാണെന്നു നോക്കി പലവട്ടം ഇരുന്നിട്ടുണ്ടെങ്കിലും അപ്പോഴൊന്നും അയാളെ കണ്ടിട്ടില്ല .പതിവില്ലാതെ അന്നയാൾ  പുറത്തേയ്ക്കു പോയി ,പുറത്തേയ്ക്കിറങ്ങി കഴിഞ്ഞാണ് ഇമ്മാനുവൽ അയാളെ കാണുന്നത് മുഖം കാണാൻ കഴിയുന്നില്ല എങ്കിലും  മനസ്സിൽ ഉണ്ടായിരുന്ന പട്ടാള ക്കാരന്റെ രൂപമേയല്ല .പൊക്കം കുറഞ്ഞു കുറുകിയ ഒരു മനുഷ്യൻ .ആശമ്മ പറഞ്ഞ കഥകളിലെ നായകനു വേണ്ട ഒരു ഗുണവും ഇല്ലാത്തയാൾ .അയാൾ കണ്ണിൽ നിന്നും മറയുന്നതു വരെ ഇമ്മാനുവൽ പുറത്തേയ്ക്കു നോക്കിയിരുന്നു .

പിറ്റേന്നു രാവിലെ സാധാരണമല്ലാത്ത ഒരു പട്ടി കുര കേട്ടാണ് ഇമ്മാനുവൽ ഉണർന്നത് . നാട്ടിലുള്ള ചാവാലിപ്പട്ടികൾ  കുരയ്ക്കുന്നതിന്റെ നാലിരട്ടി ശബ്ദമുണ്ട് ഈ  കുര ശബ്ദത്തിന് . പേടിച്ചെഴുന്നേറ്റു പുറത്തേയ്ക്കു നോക്കി അപ്പുറത്തെ വീട്ടിൽ വലിയ ആൾക്കൂട്ടം .പോലീസുകാരും പട്ടിയും ഒക്കെ ഇമ്മാനുവേൽ പേടിച്ചു അകത്തേയ്ക്കു കയറി .
എന്നാലും ആ പാവം കൊച്ചിനെ , പട്ടാളത്തോക്കുകൊണ്ടു തലയ്ക്കടിച്ചാണത്രെ കൊലപ്പെടുത്തിയത് എന്നെ ചോദ്യം ചെയ്യുമ്പോൾ ഞാൻ എല്ലാം പറയും ആ ദുഷ്ടൻ ഇനി ജീവിതകാലം പുറത്തിറങ്ങരുത് .
ജാനുവേച്ചി അര പ്രൈസിന്റെ കോന്തലയിൽ ഒറ്റ ചന്തിയമിർത്തി അപ്പുറത്തു നടക്കുന്ന സംഭവങ്ങൾ  സാകൂതം വീക്ഷിച്ചു കൊണ്ടിരുന്നു .

ഇമ്മാനുവൽ പുറത്തേക്കിറങ്ങിയപ്പോൾ ആശമ്മ വിലക്കി അങ്ങോട്ടു പോകണ്ട . കുട്ടികൾ കാണാനുള്ള കാഴ്ചയല്ലത്‌ .ആശമ്മയുടെ മൊബൈലിൽ പപ്പാ ഗൾഫിൽ നിന്നും സ്കൈപ്പിൽ വിളിച്ചു .ആശമ്മ ഫോണുമായി അകത്തേയ്ക്കു കയറിപ്പോയി. ഇമ്മാനുവൽ സിറ്റ് ഔട്ടിൽ തന്നെ നിന്നു. പോലീസ് കൊലയ്ക്കുപയോഗിച്ച തോക്കുമായി പുറത്തേയ്ക്കിറങ്ങിയപ്പോൾ ഇമ്മാനുവൽ അര പ്രൈസിനു മുകളിൽ കയറി പെരുവിരലിലൂന്നി എത്തി നോക്കി .അന്നാദ്യമായാണ് അവനൊരു  എ കെ 47 നേരിൽ കാണുന്നത് .
എന്തിനാ ജാനുവേച്ചി പട്ടാളക്കാരൻ ചേച്ചിയെ തച്ചു കൊന്നത് ?
ഇമ്മാനുവലിന്റെ അങ്കുശമില്ലാത്ത ചോദ്യത്തിനെന്തു മറുപടി പറയുമെന്നറിയാതെ കുഴങ്ങിയ ജാനുവേടത്തി ഒന്നു പരുങ്ങി നിന്ന ശേഷം പറഞ്ഞു .
സംശയം , പെരുത്ത സംശയം അത്ര തന്നെ !
ഒരാൾക്കൊരാളെ സംശയം തോന്നിയാൽ ഉടൻ കൊല്ലുമോ ?

ആശമ്മയുടെ   ചൂടുപറ്റിയിരുന്ന ഇമ്മാനുവൽ  പുറത്തേയ്ക്കു പോയപ്പോൾ ആശമ്മ ആ ചോദ്യം ഇമ്മാനുവലിന്റെ പാപ്പയോടു ചോദിച്ചു .

ഞാനിവിടെ തനിച്ചു കഴിഞ്ഞിട്ടും തനിക്കെന്നെ സംശയം ഒന്നുമില്ലെടോ ??

ആ ചോദ്യം കേട്ട ഇമ്മാനുവലിന്റെ പപ്പാ പൊട്ടി പൊട്ടി ചിരിച്ചു .കല്യാണം കഴിഞ്ഞിട്ടിതുവരെ ആശമ്മയും ഇമ്മാനുവലും കാണാത്തത്ര മനോഹരമായ ചിരി .

Tuesday, 25 April 2017

അധ്യാപഹയൻ (കവിത )കംപ്യൂട്ടറും ഗൂഗിളും വരും മുൻപ്
സി ബി എസ് സി സ്കൂളുകൾക്കും മുൻപ്
ഗുണ്ടർട്ടിന്റെ നിഘണ്ടു അപൂർവമായിരുന്നയിടത്ത്
ഒരുനാളൊരിക്കൽ സ്വരസ്വതി ചേച്ചി
എന്നോടൊരു സംശയം ചോദിച്ചു
മോനെ ഈ കോക്കനട്ടിന്റെ മലയാളം അറിയുമോ ?
കാഡ്ബറീസ് കേരളത്തിൽ പച്ചപിടിക്കുന്നു
മൂക്കട്ട പഴമെന്നു നുമ്മ വിളിക്കണ
പഴത്തിനു ഇഗ്ളീഷുകാർ പറയണ പേരാണ് കൊക്കോ
അപ്പൊ അതിന്റെ നട്ടാണ് കൊക്കോനട്ട്
എന്റെ ഉത്തരം കേട്ടു രണ്ടുകാലിൽ വന്ന
സ്വരസ്വതി ചേച്ചി റബ്ബർപാലു കുടിച്ചപോലെ
തുള്ളിച്ചാടി പേരെലേയ്ക്ക് പോയി
മകന്റെ ടീച്ചറിനേക്കാൾ ബുദ്ധിയും
വിവരോം കൂടുതലുള്ളവരാണ് നമ്മൾ

പിറ്റേന്ന് വൈകുന്നേരം ചേച്ചീടെ മകൻ
എന്നെ നോക്കി ഒരാട്ടാട്ടി ,അവനെ പറഞ്ഞിട്ടും
കാര്യമില്ല അമ്മാതിരി തല്ലല്ലേ ചെക്കനു കിട്ടിയേ
അന്ന് ഞാൻ മനസ്സിൽ ഒരു തീരുമാനം എടുത്തു
 പഠിച്ചു കഴിഞ്ഞു ഏതെങ്കിലും ഒരു കാലത്തു
ഞാനും ഒരു അധ്യാപകനാകും
പുള്ളകളെ കൊണ്ടു മണി മണിയായി
ഇംഗ്ളീഷു പറയിക്കണ അധ്യാപകൻ .
ദോഷം പറയരുതല്ലോ ഞാനിപ്പോ അധ്യാപകനാണ്
നഗരത്തിലെ സി ബി എസ് സി സ്കൂളിലെ
നാലായിരത്തി അഞ്ഞൂറു രൂപാ
ശമ്പളം വാങ്ങുന്ന അധ്യാപഹയൻ
കോക്കനട്ട് എന്നാൽ തേങ്ങാക്കൊലയാണെന്നു
എനിക്കു മാത്രമല്ല ഞാൻ പഠിപ്പിക്കുന്ന
മൊട്ടേന്നു വിരിയാത്ത കുഞ്ഞുങ്ങൾക്കു
വരെ അറിയാമെന്നായിരിക്കുന്നു ....

Monday, 24 April 2017

വീട് (കവിത )

സമുദ്ര നിരപ്പിനും
താഴെയെനിക്കൊരു 
വീട് വെയ്‌ക്കേണം ,
മൽസ്യങ്ങൾ 
തൊട്ടും തൊടാതെയും പായുന്ന 
ഏതു മഴക്കാലത്തും
നിറഞ്ഞു കവിയാത്ത
ഏതു വേനൽക്കാലത്തും
വറ്റി വരളാത്ത
ഏതു കൊടുങ്കാറ്റും
 തകർത്തെറിയാത്ത
എല്ലാത്തരം
സ്വപ്നങ്ങളും വിളയുന്ന
എല്ലാത്തരം
സന്തോഷങ്ങളെയും വിളയിക്കുന്ന
എങ്ങും കണ്ടിട്ടില്ലാത്ത
ആരും കണ്ടാൽ കണ്ണുമിഴിക്കുന്ന
സ്വയമ്പൻ വീട്
ഇ എം ഐ കുറവുള്ള
പണയം കൈമുതലായി
കൊടുക്കേണ്ടാത്ത
ഏതെങ്കിലും ബാങ്കിനെപറ്റി
അറിവുള്ളവരുണ്ടോ ??

Friday, 21 April 2017

നിഗൂഢതകളുടെ പ്രവാസ പുസ്തകംഎംബാം ചെയ്ത മൃതപേടകത്തിനോടൊപ്പം അനുഗമിക്കാൻ ആരുമില്ലാതിരുന്നത് കൊണ്ടാണ് മുഹമ്മദ് ജമാൽ എന്ന സിറിയൻ പി ആ റോ സഹമുറിയനും അടുത്ത സുഹൃത്തുമായ എന്നോടു കൊളോമ്പോ വരെ ആ മൃതദേഹവുമായി പോകാമോ എന്നാവശ്യപ്പെടുന്നത് . മരണപ്പെട്ട ചാമില എന്റെ അടുത്ത സുഹൃത്തും നല്ല മനുഷ്യനുമായിരുന്നു വളരെ വൈകി വിവാഹം ചെയ്ത അതിലും വൈകി കുട്ടി ഉണ്ടായ നാലു വയസുള്ള ആൺകുട്ടിയുടെ പിതാവ് . ചാമിലയ്ക്കൊരു ദൗർബല്യമുണ്ടായിരുന്നു എവിടെ പുറത്തേയ്ക്കു പോയാലും അയാളൊരു കളിപ്പാട്ടവുമായേ റൂമിൽ തിരികെയെത്താറുണ്ടായിരുന്നുള്ളു . ഏറെ മോഹിച്ചു കാത്തിരുന്നുണ്ടായ ഉണ്ണിക്കു കൊടുക്കാൻ വാങ്ങി കൂട്ടുന്നതാണാ കളിപ്പാട്ടങ്ങളൊക്കെയും . വാങ്ങി കൊണ്ടു  വരുന്ന ഓരോ കളിപ്പാട്ടവും അയാൾ റൂമിൽ വെച്ചു ഒന്നു പരീക്ഷിക്കും .കുരയ്ക്കുന്ന പട്ടിയും ,ഡാൻസ് ചെയ്യുന്ന ആനയും ഓടുന്ന ട്രെയിനും എന്നു  വേണ്ട അയാൾ വാങ്ങാത്തതായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല ആദ്യമൊക്കെ  കൗതുകമായിരുന്ന അയാളുടെ കളിപ്പാട്ട ഭ്രമം പോകെ പോകെ എനിക്കൊരു പുതിയ വിഷയമേ അല്ലാതായിരുന്നു . ശ്രീലങ്കയിലേയ്ക്ക് പാർസൽ അയയ്ക്കുമ്പോൾ കനമല്ല പെട്ടിയുടെ വ്യാപ്തം മാത്രമാണ് നോക്കുന്നതെന്ന ചിന്ത അയാളുടെ കളിപ്പാട്ട വാങ്ങലുകളെ നേർരേഖപോലെ അവസാനിക്കത്തതാക്കി .

മൃതപേടകത്തോടൊപ്പം അയാൾ വാങ്ങിക്കൂട്ടിയ കളിപ്പാട്ടങ്ങളും കൊണ്ടുപോകണം .ആത്മാർത്ഥ സ്നേഹിതനു ഇതിലും നല്ലൊരു ചരമ ശ്രുശൂഷ ചെയ്യാനില്ലെന്ന  തിരിച്ചറിവിൽ ഞാൻ മുൻകൈയെടുത്തു മുഴുവൻ കളിപ്പാട്ടങ്ങളെയും  എംബാം ചെയ്ത മൃതപേടകത്തിന്റെ  കൂടെ കൊണ്ട് പോകാൻ അനുമതിയായിരിക്കുന്നു . മകൻ ജനിച്ചിട്ടു ഒരു തവണ മാത്രമാണിയാൾ നാട്ടിൽ പോയിരിക്കുന്നത്   അമ്മയും മകനും അവരുടെ പ്രിയപ്പെട്ടവനെ ഈ അവസ്ഥയിൽ കാണുക  ഹൃദയഭേദകമായിരിക്കും  .

ദൈവമേ നിന്നോടെനിക്കൊരു പ്രാർത്ഥനയേയുള്ളൂ  എന്തെങ്കിലും അപകടം സംഭവിക്കുന്നെങ്കിൽ അതു വേണ്ടപെട്ടവർക്കരികിൽ  ആയിരിക്കുമ്പോൾ മാത്രമാക്കണേ . ഇതുപോലൊരു ഏകാന്ത അവസ്ഥയിൽ അനാഥ ശവമായി വിറച്ചു വിങ്ങലിച്ചൊരു പെട്ടിയിൽ  പിറന്ന നാട്ടിലേയ്ക്കിറങ്ങാൻ ഇടവരുത്തരുതേ . എന്റെ ചിന്തകളെയും  പ്രാർത്ഥനകളെയും മുറിച്ചു കൊണ്ട് വിമാനം കടുനായിക്ക് വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു .

വണ്ണിയാർച്ചി എന്നു പരിചയപ്പെടുത്തിയ ഒരാളാണ് മൃതദേഹം ഏറ്റു വാങ്ങാൻ ആംബുലൻസുമായി എത്തിയിരിക്കുന്നത് . അയാൾ നന്നായി തമിഴ് സംസാരിക്കുന്നതിനാൽ എന്റെ ആശയ വിനിമയം സുഗമമാകും  എന്നു ഞാൻ മനസ്സിൽ കണക്കു കൂട്ടി . കൊളംബോയിൽ നിന്നും ഏകദേശം അറുപതു കിലോമീറ്റർ അകലെയുള്ള  അനുരാധപുര എന്ന വനമേഖല അവസാനിക്കുന്ന കൊച്ചു നഗരത്തിലാണ്  പരേതന്റെ വീട് . ആംബുലൻസ് പുറപ്പെട്ടു കുറച്ചു കഴിഞ്ഞതും വണ്ണിയാർച്ചി  ഞാനൊട്ടും പ്രതീക്ഷിക്കാത്തൊരു ചോദ്യമെറിഞ്ഞു.

വിദേശത്തു വെച്ചു മരണപ്പെട്ടവർക്കു ഒരു പാടു പണം ലഭിക്കും അല്ലേ ?

ഞാൻ ഇതുവരെ പരിചയപ്പെട്ട ശ്രീലങ്കക്കാരെല്ലാം നല്ലവരാണ് എന്നാൽ അങ്ങനെയല്ലാത്തവരും ഉണ്ടെന്നു ഇപ്പോൾ ബോധ്യമായിരിക്കുന്നു  . ഞാൻ മൗനം പാലിച്ചു . ഞാൻ കേൾക്കാത്തതെന്നു കരുതി കുറച്ചു കൂടി ഉച്ചത്തിൽ അയാളാ ചോദ്യം വീണ്ടും ചോദിക്കുന്നു .

വിദേശത്തു വെച്ചു മരണപ്പെട്ടവർക്കു ഒരു പാടു പണം ലഭിക്കും അല്ലേ ?

അതെ പക്ഷെ അതയാളുടെ ഭാര്യയ്ക്കും മക്കൾക്കും മാത്രമുള്ളതാണ് . എന്റെ മറുപടിക്കു കാഠിന്യമേറിയെന്നു തോന്നി . അല്ലെങ്കിലും ഔചിത്യ ബോധമില്ലാതെ സംസാരിക്കുന്നവരെ കേട്ടാൽ എനിക്കു കലിയിള കും.
വണ്ണിയാർച്ചി മുറുക്കി ചുവപ്പിച്ച ചുണ്ടുകൾ വിടർത്തി ചിരിച്ചു . അയാളുടെ വായിൽ ചതഞ്ഞരയുന്ന മുറുക്കാൻ കൂട്ടത്തെ നാവുകൊണ്ടൊരു വശത്തേയ്ക്കൊതുക്കി അയാൾ തുടർന്നു .

മരിച്ചയാൾക്കു ഞാനല്ലാതെ ഒരു ബന്ധുവും ഈ ഭൂമുഖത്തില്ല !!

 സിംഹളയിൽ അയാൾ എന്തോ ഡ്രൈവറോടു പറഞ്ഞു  ആംബുലൻസിന്റെ സ്പീഡ് കൂടുന്നു .ഞാൻ ഭയവിഹ്വലനായി പുറത്തേയ്ക്കു നോക്കി .അറിയപ്പെടാത്ത നാടും  ഭാഷയും മരിച്ചയാളുടെ പണമെല്ലാം ഞാൻ കൂടെ കൊണ്ട് വന്നിട്ടുണ്ടെന്നാണ് ഇവരുടെ ധാരണ . ഒരു പക്ഷെ എന്നെ ആക്രമിച്ചു കൊലപ്പെടുത്താനും ഇവർ തുനിഞ്ഞേക്കും .തൊണ്ട വറ്റി വരളുന്നു വീട്ടിൽ വഴിക്കണ്ണുമായി കാത്തിരിക്കുന്ന ഭാര്യയും മൂന്നു കുഞ്ഞുങ്ങളും .ആംബുലൻസ് ഇപ്പോൾ വനമേഖലയിലേയ്ക്കു കടന്നിരിക്കുന്നു .കട്ടപിടിച്ച ഇരുട്ടിനെ കീറി നീങ്ങുന്ന വണ്ടിയിൽ യന്ത്രമനുഷ്യനെപ്പോലെ സ്റ്റിയറിങ് പിടിച്ചിരിക്കുന്ന ഡ്രൈവറും മുറുക്കാൻ ചവച്ചു പുറത്തേയ്ക്കു തുപ്പുന്ന കറുത്തു  തടിച്ച വണ്ണിയാർച്ചിയും പേടിയോടെ ഞാനും.മൃതദേഹം ബന്ധുക്കൾക്കു കൈമാറി എനിക്കു പോരാമായിരുന്നു എന്നാൽ പ്രിയ സ്നേഹിതന്റെ അന്ത്യ കർമ്മങ്ങൾക്കും സാക്ഷിയാകാൻ ഞാനെടുത്ത ഉറച്ച തീരുമാനമാണെന്നെ ഇപ്പോളീ മരണ വക്രത്തിൽ പെടുത്തിയിരിക്കുന്നത് .

ഭയപ്പെടേണ്ട തമ്പി ഇപ്പോൾ വീടെത്തും !
അയാളെന്റെ പരിഭ്രമം മനസ്സിലാക്കിയിരിക്കുന്നു .വെളിച്ചമുള്ള പാതയിലേയ്ക്ക് വണ്ടി വളഞ്ഞിറങ്ങി .അധികം ആൾതാമസമില്ലാത്ത ഒരു തെരുവിന്റെ അറ്റത്തു പ്രാചീനമെന്നു തോന്നിക്കുന്ന ഒരു കൂര അതിന്റെ മുറ്റത്തു ആംബുലൻസ് നിന്നു . മൂന്നോ നാലോ പേർ  ചേർന്നു  മൃതദേഹം താഴെയിറക്കി .ചാമിലയുടെ മകനും വിധവയ്ക്കും വേണ്ടി എന്റെ കണ്ണുകൾ അവിടമാകെ പരതി  നടന്നു   . കൂടി നിന്ന പത്തിൽ താഴെ വരുന്ന ആരിലും ദുഖത്തിന്റെ ലാഞ്ഛനപോലുമില്ല . ആകെ തമിഴ് അറിയാവുന്ന വണ്ണിയാർച്ചി ആംബുലൻസ് നിർത്തിയതും എങ്ങോട്ടോ പോയിരിക്കുന്നു .

ബുദ്ധ ഭിക്ഷുക്കളിലൊരാളുമായി വണ്ണിയാർച്ചി മടങ്ങി വന്നിരിക്കുന്നു അവരുടെ കർമ്മങ്ങൾ കഴിഞ്ഞതും മൃതദേഹം ദഹിപ്പിക്കാനുള്ള ചിത റെഡി ആയിരിക്കുന്നു .സാധാരണ ബുദ്ധ മതാചാര പ്രകാരം മൃതദേഹങ്ങൾ  കുഴിച്ചിടുകയാണ് പതിവ്  എന്നാൽ വിദേശത്തു നിന്നും മരണപ്പെട്ടു വരുന്നവയെ ചുട്ടെരിച്ചില്ലെങ്കിൽ  ആത്മാവിനു മോക്ഷം ലഭിക്കില്ലത്രേ . വണ്ണിയാർച്ചി പറഞ്ഞതെല്ലാം സത്യമാണ് മരിച്ച ചാമിലയ്ക്കു  ഭാര്യയോ മകനോ ഇല്ല .ഉണ്ടായിരുന്നെങ്കിൽ ഇപ്പോളിവിടെ ഉണ്ടാകുമായിരുന്നേനെ എന്നിട്ടും ആർക്കാണയാൾ ഇത്രയും കളിപ്പാട്ടങ്ങൾ വാങ്ങി കൂട്ടിയത് .

തിരികെ എയർപോർട്ടിലേയ്ക്കുള്ള യാത്രയിൽ വണ്ണിയാർച്ചിയതു തുറന്നു പറഞ്ഞു . ചാമില കെട്ടിയ പെണ്ണു അയാൾക്കു കുട്ടികളുണ്ടാകില്ല എന്നറിഞ്ഞ നിമിഷം അയാളെ ഉപേക്ഷിച്ചു കടന്നു കളഞ്ഞത്രേ . പിന്നീടുള്ള ഓരോ വരവിലും അയാൾ ഗ്രാമം മുഴുവനുമുള്ള എല്ലാ കുട്ടികൾക്കും കളിപ്പാട്ടണങ്ങളുമായാണത്രെ നാട്ടിൽ എത്താറുള്ളു . തന്റെ അവസാന യാത്രയിലും  അവർക്കായി കളിപ്പാട്ട സഞ്ചി കരുതാൻ അയാൾ മറന്നതുമില്ല .  വണ്ണിയാർച്ചിയും ഞാൻ പരിചയപ്പെട്ട എല്ലാ ശ്രീലങ്കക്കാരെയും പോലെരു നല്ല മനുഷ്യൻ തന്നെ ആണെന്നു എനിക്കിപ്പോൾ ബോധ്യം വന്നിരിക്കുന്നു.

 തിരികെ റൂമിലെത്തുമ്പോൾ ചാമിലയുടെ ബുദ്ധ പ്രതിമയ്‌ക്കരികിലിരുന്ന കുബേര കുഞ്ചി പ്രതിമ എന്നെ നോക്കി തലയാട്ടി ചിരിച്ചു. ഒരു പാടു നിഗൂഢതകളുമായി ഒരു കട്ടിലിനപ്പുറവും ഇപ്പുറവും ഉണ്ടുറങ്ങുന്നവരാണ്  പ്രവാസികളെന്നയാൾ എന്നോടു ഉറക്കെ പറഞ്ഞു  ശേഷം ഉച്ചത്തിൽ അട്ടഹസിച്ചു .........

Wednesday, 19 April 2017

ഹൈക്കൂ ചിന്തുകൾവീടു വാങ്ങുംവരെ 
വീടായിരുന്നെന്റെ വിങ്ങുന്ന വേദന 
വീടായി കഴിഞ്ഞപ്പോൾ 
വീടപ്പെടാനുള്ള കടങ്ങളെയോർത്താണെന്റെ 
വ്യസനങ്ങളും വ്യാകുലതകളും ..

ഹൈക്കൂ ചിന്തുകൾ


നിങ്ങളുടെ അശുദ്ധതയെ
സ്വയമാവാഹിക്കുന്ന 
രക്തദാഹിയായ ചെകുത്താനും
അതെ സമയം തന്നെ  
നിങ്ങളെ പവിത്രീകരിക്കുന്ന
പട്ടുറുമാലുമാകുന്നു ഞാൻ.

ഹൈക്കൂ ചിന്തുകൾനിലച്ചു പോയ രഥചക്രങ്ങൾക്കു
പിന്നിലെ ഖിന്നനാണ് ഞാൻ
കവചകുണ്ടലങ്ങളുമണിഞ്ഞൊരാൾ
എങ്ങു നിന്നോ വരുമെന്നും
പ്രതിസന്ധിയിൽ നിന്നെന്നെ
പരിത്രാണം ചെയ്യുമെന്നും
പകൽകിനാവു കാണുന്നവൻ ഞാൻ.

Tuesday, 18 April 2017

കൂഴച്ചക്കപോലൊരു ആദ്യ രാത്രികുഞ്ഞു നാൾ മുതൽ സിനിമയിലും സ്വപ്നത്തിലും കണ്ടിട്ടുള്ള കല്യാണം കഴിഞ്ഞുള്ള ആദ്യ രാത്രിയാണിത് ,വ്രീളാ വിവശയായി അവൾ വന്നു കട്ടിലിൽ ഇരുന്നതേയുള്ളു . കലാകാരനാണ് ഞാൻ കലാപരമായിത്തന്നെ കാര്യങ്ങൾ തുടങ്ങണം .ചെറിയൊരു വിറയൽ, വൈക്ലബ്യം ,ചമ്മൽ തുടങ്ങി നവരസങ്ങളും ഒളിപ്പിച്ച മുഖത്തോടെ ഞാൻ അവളുടെ പെരുവിരലിൽ സ്പർശിച്ചു  . ഗ്രഹണി പിടിച്ച കുട്ടിയുടെ ആർത്തി എനിക്കുണ്ടോയെന്ന സംശയത്തിൽ നിലത്തേയ്ക്കു താഴ്ത്തിയിരുന്ന തലയുയർത്തി അവളെന്നെ ഒളികണ്ണിട്ടു നോക്കി . ഞാൻ  രണ്ടും കൽപ്പിച്ചവളുടെ വലത്തു കരം ഇറുക്കി നെഞ്ചോടു ചേർത്തു വെച്ചു .വെളിച്ചം എന്തോ പറയാൻ മടിച്ചിട്ടെന്നവണ്ണം മുറിയിലാകെ വിമ്മിഷ്ട്ടപ്പെട്ടു നിൽക്കുന്നു  .ഇനി സംഭവിയ്ക്കാൻ പോകുന്ന കാര്യങ്ങൾക്കു വെളിച്ചം ഒരു തടസ്സമാണ് മുകളിൽ കറങ്ങുന്ന പങ്കായത്തിന്റെ ശബ്ദത്തിനും മേലെ അവളുടെ ശ്വാസമിടിപ്പു എനിക്കു  കേൾക്കാം .

കുട്ടി പൗലോ കൊയ്‌ലോയെ വായിച്ചിട്ടുണ്ടോ ? ആദ്യ രാത്രിയിലേയ്ക്കായി ഞാൻ റിഹേഴ്സൽ ചെയ്തു വെച്ചിരുന്ന ചോദ്യം അവളിൽ അമ്പരപ്പും ആശങ്കയുമുണ്ടാക്കി .

ഇരുട്ടിൽ അവളുടെ മറുപടിക്കായി ഞാൻ മലമുഴക്കി വേഴാമ്പലിനെപ്പോലെ  കാത്തിരുന്നു .

കട്ട പിടിച്ച ഇരുട്ടും അതിനേക്കാൾ കട്ടപിടിച്ച നിശബ്ദതയും . എന്റെ കൈത്തണ്ടയിൽ അമർത്തി പിടിച്ചിരുന്ന  അവളുടെ  പെരുവിരൽ നഖം കൊണ്ടെന്നെ മൃദുവായി നുള്ളി .

എന്റെ ഭാഗത്തും തെറ്റുണ്ട് ,ആദ്യരാത്രിയിൽ ഇങ്ങനെയൊന്നും ചോദിച്ചു കൂടാ, ഞാനവളെ വലിച്ചു നെഞ്ചോടു ചേർത്തു  .രണ്ടു ഹൃദയങ്ങളുടെ താളവും  ഉന്നതിയിലായിരിക്കുന്നു .എന്തെങ്കിലും ചെയ്യാൻ തുടങ്ങും മുൻപതാ  വീടിന്റെ കോളിംഗ് ബെൽ ശബ്ദം മെഡിക്കൽ കോളേജിലെ ആംബുലൻസ് ശബ്ദം പോലെ ഉയർന്നു  .ഒരു ഞെട്ടലോടെ അവൾ എന്റെ നെഞ്ചിൽ നിന്നും  പുറകോട്ടു മാറി  .

ആരോ പുറത്തു വന്നിരിക്കുന്നു പുറത്തു അപ്പച്ചന്റെ അടക്കിപ്പിടിച്ച സംസാരം കേൾക്കാം .

അവൻ കിടന്നിട്ടുണ്ടാവണം നാളെ രാവിലെ കണ്ടാൽ പോരെ ?

അയ്യോ അപ്പച്ചായി അങ്ങനെ പറയരുത് ,ശരിക്കും ഞാൻ മറന്നു പോയിട്ടാ ,ദേ നോക്കിയേ അവനിഷ്ടമുള്ള കൂഴച്ചക്കയാ കൊണ്ടു  വന്നിരിക്കുന്നെ ഒരു ചുളയെങ്കിലും അവൻ കഴിക്കുന്നതു കണ്ടിട്ടു  വേണം എനിക്കു  പോവാൻ .

ഞാൻ വാതിലിനോട് ചെവി ചേർത്തു വെച്ചു ആ ശബ്ദം ആരുടേതാണെന്നറിയാൻ ഒരു ശ്രമം നടത്തി നോക്കി .ഒരു പിടിയും കിട്ടുന്നില്ല, എങ്കിലും എന്റെ ഇഷ്ട്ടങ്ങൾ ഒക്കെ അറിയാവുന്ന ആരോ ആണ് . ഇന്നിനി ദൈവം തമ്പുരാൻ വന്നാൽ കൂടി ഞാൻ വാതിൽ തുറക്കാൻ പോകുന്നില്ല. ബെഡ്‌ലാംപ് തെളിച്ചു നവവധു എന്റെ ഭാവങ്ങൾ നിരീക്ഷിക്കുകയാണ് . നല്ലൊരു ഇൻട്രോയാണ് പുറത്തെ  ദുഷ്ടൻ വന്നു കുളമാക്കിയിരിക്കുന്നത് ഇവനെയൊക്കെ പാമ്പു കടിച്ചു ചാകണേ കർത്താവേ എന്നു മനസ്സിൽ ധ്യാനിച്ചു കട്ടിലിലേയ്ക്കു വീണ്ടും ചാടിക്കയറി . വീണ്ടും നിശബ്ദത വന്നയാൾ പോയിട്ടുണ്ടാവണം .ഇപ്പോൾ എനിക്കവളുടെ മുഖം വ്യക്തമായി കാണാൻ കഴിയുന്നു നാണം നുണക്കുഴി വിരിച്ച ആ മുഖത്തിനു പൂർണ്ണ ചന്ദ്രന്റെ ശോഭയുണ്ടിപ്പോൾ .ഞാൻ ഭാഗ്യവാനാണ് അല്ലെങ്കിൽ ഇത്രയും സുന്ദരിയായ ഒരുവളെ ജീവിതം പങ്കിടാൻ കിട്ടുമായിരുന്നില്ല .ഇക്കുറി എന്റെ നോട്ടമവളുടെ ചുണ്ടുകളിലേയ്ക്കാണ് ഫ്രഞ്ച് കിസ് എന്നത് സിനിമയിലേ കണ്ടിട്ടുള്ളു പരീക്ഷിക്കാൻ പോകുന്നത് ആദ്യമായാണ് .പെരുവിരലിൽ നിന്നും ഒരു തരിപ്പു മുകളിലോട്ടു ഇരച്ചു കയറുന്നു .ഇടുക്കി ഡാം തുറന്നതു പോലെ രക്തം എന്റെ എല്ലാ ഞരമ്പുകളിലേയ്ക്കും പമ്പു ചെയ്യപ്പെടുന്നു .ലക്ഷ്യ സ്ഥാനത്തിനു ഒരു മില്ലി അകലെയെത്തിയപ്പോൾ വാതിലിൽ ശക്തമായ മുട്ടു കേട്ടു അവൾ വീണ്ടും ഞെട്ടി പിന്നോക്കം മാറി  .

മോനെ ,മോനെ .... അപ്പച്ചന്റെ ദയനീയ ശബ്ദം പുറത്തു കേൾക്കാം .

ദേഷ്യം മറച്ചു  കൊണ്ടു  ഞാൻ വാതിൽ മലർക്കെ തുറന്നു . അപ്പച്ചനു പിന്നിൽ 70 എം എം ചിരിയുമായി സാം ജേക്കബ് !!! എന്റെ പത്താം ക്ളാസുവരെയുള്ള കളിക്കൂട്ടുകാരൻനാണവൻ .പത്താം ക്ലാസിനു ശേഷം പട്ടാളത്തിൽ ചേരാൻ പോയവൻ . പട്ടാളത്തിൽ വെച്ചു എന്തോ മാനസീകമായ തകരാറു സംഭവിച്ചു തിരിച്ചു പോരേണ്ടി വന്നവൻ . അവൻ ഇന്നാണെന്റെ കല്യാണം എന്നതു മറന്നു പോയിരുന്നു .എവിടെയൊക്കയോ കറങ്ങി വൈകിട്ടു വീട്ടിൽ എത്തിയപ്പോഴാണ് അവൻ അതറിയുന്നത് ഉടൻ വീട്ടു മുറ്റത്തു നിന്ന പ്ലാവിൽ നിന്നൊരു ചക്കയുമിട്ടു ഇങ്ങു പോന്നിരിക്കുകയാണ് ശവം .. അപ്പച്ചനും അമ്മച്ചിയും എന്നെ ദയനീയമായി നോക്കുന്നു .അവൻ കൊണ്ടു  വന്ന ചക്ക നാലായി മുറിച്ചു തിണ്ണയിൽ ഇട്ടിരിക്കുന്നു .അതിൽ നിന്നൊരു ചുളയെടുത്തു  എനിക്ക് നേരെ നീട്ടി . ഞാനതു വാങ്ങി കഴിച്ചു വീണ്ടും വീണ്ടുമവൻ ചുളകൾ ഉതിർത്തോരോന്നു വീതം എനിക്കു നേരെ നീട്ടി. മലപോലെ വന്ന എന്റെ ദേഷ്യം മഞ്ഞുപോലെ ഉരുകിയൊലിച്ചിരിക്കുന്നു . ഞാൻ അവനടുത്തായി ഇരുന്നു അവൻ ബോധത്തിലും അബോധത്തിലും എന്തൊക്കയോ പറഞ്ഞു കൊണ്ടിരുന്നു . സ്കൂൾ അവധിക്കു ബോസ്സിന്റെ കമ്പിയിൽ പ്ലാവിൽ കയറിയ കഥയും പഴുത്ത ചക്കയ്ക്കായി ഇടിയുണ്ടാക്കിയ കഥയുമായി ഒരു പാട് വിശേഷങ്ങൾ .

സമനിലയില്ലാത്തവർ സംസാരിക്കുമ്പോൾ സമചിത്തത പാലിക്കാൻ കേൾവിക്കാരൻ നിർബന്ധിതനാകും. ഇന്നത്തെ എന്റെ രാത്രിയുടെ പ്രാധാന്യം മനസ്സിലാക്കാൻ കഴിയാത്തവണ്ണം ദുർബലമായ മനസായിരിക്കുന്നു അവന്റേത് . അവനെ പറഞ്ഞു വിട്ടു റൂമിലേയ്ക്ക് കയറുമ്പോൾ ശ്രീമതി ഉറങ്ങി തുടങ്ങിയിരുന്നു .അവളെ ശല്യപ്പെടുത്താതെ കട്ടിലിന്റെ ഓരം ചേർന്നു ഞാൻ കിടന്നു . ചിലർക്കു ആദ്യ രാത്രിക്കു ശാന്തി മുഹൂർത്തം എന്നൊരു സംഗതി ഉണ്ടെന്നും  എന്റെ ശാന്തി മുഹൂർത്തം നാളെയാണെന്നും മനസ്സിനെ ബോധിപ്പിച്ചു കൊണ്ടു ഞാൻ മണിയറയിൽ വിടർത്തിയിട്ട മുല്ലപൂക്കളിലേയ്ക്കു മുഖം പൊത്തിയമർന്നു കിടന്നു ................Saturday, 15 April 2017

മൂന്നാം നാൾ ഉത്ഥാനംഓരോ വിസ പുതുക്കലിനും
ഇതെന്റെ അവസാന വിസയെന്നു
പ്രഖ്യാപിച്ചു സ്വർഗ്ഗത്തിലേയ്ക്കു
കണ്ണുകൾ ഉയർത്തും .

ഇനി ഞാനീ പാന പാത്രത്തിൽ
നിന്നും ഭുജിക്കില്ലായെന്നു
ഹൃദയത്തോടു ചേർത്തു
കുരിശു വരയ്ക്കും

പല്ലു മുറിയെ തിന്നാൻ
എല്ലുമുറിയണമെന്ന തിരിച്ചറിവിൽ
എക്സ്ചേഞ്ച് റേറ്റിൽ നോക്കി
വൃഥാ വ്യാകുലപ്പെട്ടിരിക്കും

മഴയും പുഴയും
മലനാടിന്റെ മണവും
പണയം കൊടുക്കുന്നതിനെയോർത്തു
ഗെത്സെമെനുകളിൽ
കണ്ണു  നീർ വാർത്തു നെടുവീർപ്പിടും

പീഡാസഹനങ്ങളുടെ ഒടുക്കം
പ്രത്യാശയിലേക്കുള്ള
പുത്തൻ ഉത്ഥാനമാണെന്ന
തിരിച്ചറിവുകൾ  ചിലപ്പോഴൊക്കെ
പുതു മഴ പോലെ കുളിർപ്പിക്കും


മൂന്നാം നാൾ ഉത്ഥാനം  
അവിടുത്തേയ്ക്ക്‌  മാത്രമുള്ളതാണ്
മണലാരണ്യത്തിൽ അടക്കം
ചെയ്തവരെ നിങ്ങൾക്കു
സ്വർഗ്ഗരാജ്യം ......

Wednesday, 12 April 2017

ഞാൻ കുരിശു മരമാകുന്നു


മരമായിരുന്നു  ഞാൻ ,നെടുങ്ങനെ പിളർന്നു
ചോരയിറ്റു വീണ  അനുഗ്രഹിക്കപ്പെട്ട  മരം
നീതിമാന്റെ ചുമലേറാൻ വിസമ്മതിച്ചു
പിന്മാറാൻ ശ്രമിച്ചു പരാജയപ്പെട്ട  നിസ്സഹായ മരം
തുല്യ ദുഃഖിതരായിരുന്നു നമ്മൾ
അപരനായി മുറിക്കപ്പെടാൻ വിധിക്കപ്പെട്ടവർ.

കഴിയുമെങ്കിൽ ഈ പാനപാത്രം ഒഴിഞ്ഞു പോകട്ടെയെന്നു
നീയും ഞാനും ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു .
തിരുവെഴുത്തുകൾ നിറവേറപ്പെടാനുള്ളതാണെന്ന
ആശ്വാസ വാക്കുകളിൽ ഞാനും നീയും
ഒന്നു  ചേർന്നു നിശ്വസിച്ചു.

മൂന്നാണികൾ തുളഞ്ഞു കയറുമ്പോൾ
അബാ പിതാവേ എന്നു വിളിച്ചു
നിന്നോടൊപ്പം കരഞ്ഞ കുരിശുമരമാണു ഞാൻ  
നിന്റെ ജന്മം ഉത്ഥാനത്തോടെ സഫലമായെങ്കിൽ
പ്രത്യാശയുടെ പ്രതീക്ഷയുടെ
പുത്തൻ പ്രതീകമാകാനായിരുന്നു എന്റെ നിയോഗം .

ഞാൻ കുരിശു മരമാകുന്നു
മൂന്നാണികൊണ്ടു ജന്മം
സഫലമാക്കപ്പെട്ട  അനുഗ്രഹിക്കപ്പെട്ട മരം .

Sunday, 9 April 2017

ഞാൻ അറാറത്ത് നാഹൂം...


അറാറത്ത് നാഹൂം അങ്ങനെയൊരു പേരു ഞാൻ ജീവിതത്തിലാദ്യമായാണ് കേൾക്കുന്നത് . പ്രളയത്തിനു ശേഷം ദൈവം നോഹയുടെ പേടകം നങ്കൂരമിട്ടു ഉറപ്പിച്ച പർവ്വതത്തിന്റെ പേരാണത് . അങ്ങനെ ഒരു പേരിൽ ഒരു മനുഷ്യൻ ഉണ്ടാവുമോ ?
ഉവ്വല്ലോ അയാളല്ലേ മുന്നിൽ നിൽക്കുന്നത് ,
എന്റെ മനോഗതം മനസിലാക്കിയിട്ടെന്നോണം പാഴ്സി കലർന്ന ഇംഗ്ളീഷിൽ അയാളെന്നോടു സംസാരിച്ചു .
കഴിഞ്ഞ നാലു ദിവസം മുൻപ് കബയാൻ എന്നു പരിചയപ്പെടുത്തി ഒരു ശീമപ്പന്നി മോറാൻ ഔദാര്യം പോലെ വെച്ചു നീട്ടിയ ഏത്തപ്പഴം കഴിച്ചതിനു ശേഷം ഖര രൂപത്തിലുള്ള ഒന്നും അകത്തോട്ടു പോയിട്ടില്ല . വയർ വിളിക്കുമ്പോഴൊക്കെ ഇറാൻ സർക്കാർ പാവങ്ങളിൽ പാവങ്ങളായ ഗ്രാമവാസികൾക്കു വേണ്ടി പണിതുണ്ടാക്കിയ പൈപ്പു വെള്ളം വയറു നിറയുവോളം കുടിക്കുമായിരുന്നു . വിശക്കുമ്പോൾ ലഭ്യമാകുന്നതെന്താണോ അതാണ് ദൈവം എന്ന പാഠം ഞാൻ പഠിച്ചു തുടങ്ങുന്നത് ആ കൊച്ചു ദ്വീപിലെ മൂന്നു മാസം നീണ്ട ദുരിത വാസത്തിനിടയിലാണ് . എന്നോളമോ എന്നെക്കാളോ ദുരിത പർവ്വം താണ്ടുന്നവരും അവിടെയൊക്കെ ജീവിക്കുന്നു എന്നതായിരുന്നു എന്നെ അസ്വസ്ഥനാക്കാതിരുന്ന ഏക സത്യം .
കിഷിലെത്തി മൂന്നുദിവസത്തിനുള്ളിൽ വിസ എന്ന കമ്പനിയുടെ വാഗ്ദാനം വിശ്വസിച്ചാണ് ഇങ്ങോട്ടു വിമാനം കയറിയത് .സാധരണ എല്ലാ കമ്പനികളും ചെയ്യുന്ന ഒരു വിസ മാറൽ ചടങ്ങു പോലെ തീർത്തും സാഹസികമല്ലാത്ത ഒരു കൃത്യം എന്ന നിലയിലാണ് അങ്ങനെയൊരു തീരുമാനത്തിനു മുന്നിൽ ഞാൻ ശിരസു കുനിച്ചു കൊടുത്തതും. വിശ്വസിച്ചു കൂടെ ഇറങ്ങി വന്ന പെണ്ണിനെ അന്തസായി നോക്കാൻ ഒരു തൊഴിൽ കൂടിയേ തീരു എന്ന പിടിവാശിയാണ് ദുബായിലേയ്ക്കൊരു വിസിറ്റ് വിസ എന്ന കൈവിട്ട കളിക്കു മുതിരാൻ എന്നെ പ്രേരിപ്പിച്ചത് . തൊഴിലന്വേഷകരുടെ പറുദീസയാണവിടമെന്നും അവിടെ എത്തിയാൽ മരുഭൂമിയുടെ നടുവിലുള്ള വൃക്ഷം നല്ലതു പോലെ ഉലർത്തണമെന്നും അത് കഴിഞ്ഞു അന്തസായി നാട്ടിൽ ജീവിക്കാമെന്നും എല്ലാവരെയും പോലെ ശരിക്കും കനവു കണ്ടതുമാണ് . ആദ്യ വിസിറ്റിനു ദിവസങ്ങൾ തീരാൻ ബാക്കിയുള്ളപ്പോഴാണ് ഒരു കമ്പനി ജോലി വാഗ്ദാനം ചെയ്തു മൂന്നു ദിവസത്തിനുള്ളിൽ വിസ അയച്ചുതരാം എന്ന വാഗ്ദാനത്തോടെ കിഷിലേയ്ക്ക് കയറ്റി വിടുന്നത് .
നാളെ ,നാളെ കേട്ടു മടുത്തിരിക്കുന്നു ഒരു നേരം ഭക്ഷിച്ചും പച്ചവെള്ളം കുടിച്ചും മരബെഞ്ചിലുറങ്ങിയും ജീവിതത്തോടുള്ള പ്രതീക്ഷ തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. പേർഷ്യൻ ഗൾഫിലെ സുഖവാസ ദ്വീപാണ് കിഷ് .ഒട്ടും സുഖമില്ലാതെ വസിക്കുന്ന തന്നെപ്പോലെയുള്ള തൊഴിലന്വേഷകരുടെ കൂടിയാണീ നാടെന്നു ജീവിതം പഠിപ്പിച്ചിരിക്കുന്നു . വിശപ്പിനിപ്പോൾ വിസയെക്കാൾ വിലയുണ്ടെന്നു തോന്നുന്നു .ഇനിയും വിശന്നാൽ എന്തെങ്കിലും അതിക്രമത്തിനോ കൊള്ളയ്ക്കോ ഞാൻ മുതിർന്നേക്കുമെന്നു തോന്നുന്നു . പിടികൂടിയാൽ ജയിൽ, അവിടെ ഒരുനേരമെങ്കിലും എന്തെങ്കിലും തിന്നാൻ തരും അതുമതി .
അറാറത്ത് നാഹൂം വശ്യ സുന്ദരമായി ചിരിക്കുകയാണ് , വയറ്റിൽ വിശപ്പിന്റെ ചൂളം വിളിച്ചോതുന്ന കൽക്കരി വണ്ടികളുടെ പെരുക്കം കേട്ടിട്ടെന്നോണം അയാൾ എന്നോടു ചേർന്നിരുന്നു അയാളുടെ തുണി സഞ്ചി തുറന്നു ഒരു അപ്പ കഷണം പുറത്തെടുത്തു എനിക്കു നേരെ നീട്ടി . ഒരു പരുന്തിന്റെ നഖങ്ങൾ പോലെ എന്റെ കൈ ആ അപ്പക്കഷണത്തെ അയാളിൽ നിന്നും റാഞ്ചിയെടുത്തു . വിശപ്പ് ഒരിക്കലും രുചി അന്വേഷിക്കാറില്ല എങ്കിലും ഈ അപ്പം പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാളുകളിൽ അപ്പച്ചൻ വീട്ടിൽ മുറിക്കുന്ന അപ്പത്തിന്റെ ഓർമ്മകളെ തലച്ചോറിലേയ്ക്കു തരംഗങ്ങളെ അയച്ചു വിളിച്ചുണർത്തുന്നു .
നിങ്ങളാരാണ് ?
ഞാൻ അറാറത്ത് നാഹൂം ! വശ്യ സുന്ദരമായ പാൽ പുഞ്ചിരി ആ ചുണ്ടിലൂടെ ഒഴുകി വന്നു .
ഇരുന്നിരുന്ന കൽത്തൂണിൽ നിന്നും അയാൾ എഴുന്നേറ്റു തിരിഞ്ഞു നടന്നു . "ഒരപ്പം" ഒരായുസ്സിന്റെ വിശപ്പിനെ കൊടുത്താൻ പര്യാപ്തമാണതെന്നു എനിക്കു തോന്നി . ഒരു നിമിഷം അയാൾ തിരിഞ്ഞു നിന്നു കീറിയ തുണിസഞ്ചിയിൽ നിന്നൊരു കടലാസു കഷണം എനിക്ക് നേരെ നീട്ടി . ഞാനതു വാങ്ങി തിരിച്ചും മറിച്ചും നോക്കി .ഒരു കഷണ്ടി തലയന്റെ ചിത്രമുള്ള നൂറു ഡോളർ നോട്ട് . നീ വിശ്വസിക്കുന്ന ദൈവത്തിന്റെ നാമത്തിൽ എന്ന പിൻ വായന പൂർത്തിയാക്കിയതും അയാൾ മുന്നോട്ടു പോയിരുന്നു . വാഗ്ദത്ത ഭൂമിയിലെത്തും മുൻപ് മണ്മറഞ്ഞു പോകേണ്ടി വന്ന മോശയുടെ പിൻ തലമുറക്കാരനാണ് ഞാൻ .ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്കുള്ള വിമാനത്തിന്റെ ജാലക വാതിലിനരികിൽ നിന്നും ഞാൻ താഴേയ്ക്കു നോക്കി .എല്ലാ പ്രളയങ്ങൾക്കും ഒരവസാനമുണ്ട് ഏതെങ്കിലും ഒരു അറാറത്ത് പർവ്വത മുകളിൽ നാം നങ്കൂരമിടപ്പെടും .
അറാറത്ത് നാഹൂം എന്ന പാഴ്സി നീയാരായിരുന്നു ?? അയയ്ക്കപ്പെട്ടവനോ അതോ നീ തന്നെയോ ???

Thursday, 6 April 2017

സുലൈമാന്റെ കസേര (കഥ )

ഇമിഗ്രേഷൻ റോഡിലെ മുനിസിപ്പാലിറ്റിയുടെ മാലിന്യ വീപ്പയ്ക്കരിക്കൽ കരുവേലകത്തിൽ  തീർത്ത ഒരു ചാരു കസേര ആരോ ഉപേക്ഷിച്ച നിലയിൽ കണ്ടതിനെ തുടർന്നാണ് അതു റൂമിൽ  കൊണ്ടു  പോയാലോ എന്നു സുലൈമാനു മോഹമുദിക്കുന്നത് .മരപ്പണിക്കാരനായ ബാപ്പയുടെ കൂടെ കുറെ നാൾ ഉളി പിടിച്ചതിന്റെ ആത്മ ബന്ധം സുലൈമാനു തടിയിൽ തീർത്ത എന്തിനോടുമുണ്ട് . കഷ്ട്ടിച്ചു നാലാൾക്കു കിടക്കാവുന്ന ഇടുങ്ങിയ റൂമിൽ ആ കസേര എവിടെ സ്ഥാപിക്കുമെന്നൊന്നും അപ്പോളയാൾ ചിന്തിച്ചില്ല.
ഇതു   പോലെ ഒന്നു നാട്ടിൽ വാങ്ങാൻ ഉറുപ്പിക അയ്യായിരം കൊടുക്കേണ്ടി വരും. തരപ്പെടുകയാണെങ്കിൽ നാട്ടിലേയ്ക്ക് കയറ്റി വിടുന്ന കൂട്ടത്തിൽ ഇവനെയും അയച്ചാലോ എന്നൊരു ചിന്തകൂടി സുലൈമാനു അവനെ പൊക്കിയെടുക്കുമ്പോൾ ഉള്ളിലുണ്ടായിരുന്നു .
സുലൈമാൻ പണ്ടേ ഇങ്ങനെയാണ് നല്ലതെന്നു തോന്നിയാൽ എന്തിനെയും പൊക്കി വീട്ടിലേയ്ക്ക് കൊണ്ടു  വരും മൈനാഗപ്പള്ളിയിൽ ചങ്ങായിയുടെ സാധനം കൊടുക്കാൻ പോയിട്ടല്ലേ ഇപ്പോളത്തെ ബീവി റുക്കിയാത്തയെ കൂട്ടിയിട്ടു വന്നേ അതു  പോലെ മനസിനു പിടിക്കുന്നതൊന്നും  സുലൈമാൻ കയിച്ചിലാക്കൂല്ല.  

 തല ചുമടായി കസേര കൊണ്ടു വരുന്ന  സുലൈമാനെ ബാൽക്കണിയിൽ നിന്നും കണ്ട സഹമുറിയൻ ഗഫൂർ ഉറക്കെ ശകാരിച്ചു .
കണ്ട കച്ചറയൊക്കെ ഇതെങ്ങോട്ടാ കൊണ്ടു  വരീന്നെ ഒന്നാമതെ റൂമിൽ സ്ഥലമില്ല ആ  നാത്തൂരിന്റെ റൂമിനോടു ചേർന്നങ്ങു ഇട്ടേച്ചു മോളോട്ടു കയറിയാൽ മതി .
തലയിരുന്ന കസേര നിലത്തു വെയ്ക്കാതെ സുലൈമാൻ മോളിലേയ്ക്ക് കഴുത്തു ചെരിച്ചു നോക്കി .
നക്ക് ഇതിന്റെ ബെല അറിയോ ?
ബെല എന്താണേലും കണ്ട അറബി വീട്ടീന്നു കളഞ്ഞ സായനമല്ലേ ,ങ്ങള് അബിടെ വെച്ചിട്ടു വരീൻ അല്ലെങ്കിൽ  ഷെഫീക്ക് വന്നതു തീയുമേൽ ഏറിയും .
കൂട്ടത്തിൽ മുരടൻ ഷഫീക്കാണ് ഓനു സംസാരിക്കുമ്പോൾ കണ്ണും മൂക്കുമില്ല .ആളും തരവും നോക്കാതെ ഉള്ളിലുള്ളതു പറയും പക്ഷെയെങ്കിൽ ആളു ശുദ്ധനാ . റൂമിൽ ആകെയുള്ള സ്ഥലം കളയാൻ  ഇനിയൊരു കസേരകൂടി വരുന്നതിനെ  ബഷീറും എതിർക്കും .
ഗഫൂറിന്റെ എതിർപ്പവഗണിക്കാതെ സുലൈമാൻ കസേരയുമായി മുകളിലേയ്ക്കു കയറി .രണ്ടു കോണികട്ടിലിൽ  നിറഞ്ഞിരിക്കുന്ന മുറിയുടെ ആകെപാടുള്ള ഇടനാഴിയിൽ സുലൈമാൻ ആ കസേര വലിച്ചു നിവർത്തിയിട്ടു .

എതിർക്കുമെന്നു പേടിച്ചിരുന്ന ഷഫീക്കും ബഷീറും ഗഫൂറും സുലൈമാന്റെ കസേരയെ പരിഗണിക്കാതെ അവരവരുടെ  കിടപ്പാടങ്ങളിലേയ്ക്ക് നടന്നു കയറി. മാസാവസാനം എല്ലാവരെയും പോലെ കറന്റും വെള്ളവും വാടകയും പകുത്തു തരുന്ന സുലൈമാൻ ആദ്യമായി റൂമിനുള്ളിൽ സ്ഥാപിച്ച ആഡംബരത്തെ അവർ അനുകമ്പയോടെ കണ്ടു .സുലൈമാന്റെ കമ്പനിയിൽ ചില ചില്ലറ പ്രശ്നങ്ങൾ ഉണ്ടെന്നു കേൾക്കുന്നു ഓരോരുത്തരെയായി പറഞ്ഞു വിട്ടു കൊണ്ടേ ഇരിക്കുകയാണത്രെ താമസം വിനാ സുലൈമാന്റെ നമ്പറും വന്നേക്കും അങ്ങനെയുള്ള ഒരാളെ ഈ ചെറിയ പ്രശ്നത്തിന്റെ പേരിൽ വിഷമിപ്പിക്കേണ്ട എന്നു കരുതിയിട്ടാവണം ഈ സൗജന്യം .
സുലൈമാൻ  ആ  കസേരയിൽ എപ്പോഴെങ്കിലും ഇരിക്കുന്നതായി സഹമുറിയന്മാർ ആരും കണ്ടില്ല . ഇന്ത്യയിൽ മാത്രം ലഭ്യമാകുന്ന കരുവേലകത്തിൽ തീർത്ത തടി കൊണ്ടാണത്  നിർമ്മിച്ചിരിക്കുന്നതെന്നു മരപ്പണിക്കാരന്റെ മകനായ സുലൈമാനു വേഗം തിരിച്ചറിയാൻ കഴിഞ്ഞു  . ഏതോ അറബി വീട്ടിൽ പുതിയ ആഡംബര  വസ്തു വന്നപ്പോൾ പഴയതായി മാറിയതാണ് ഈ കസേര .

ടെർമിനേഷൻ നോട്ടീസ് കൈയ്യിൽ കിട്ടിയ അന്നാണ് സുലൈമാൻ  ആദ്യമായി ആ കസേരയിൽ ഇരിക്കുന്നത് .ബാപ്പയുണ്ടാക്കുന്ന കസേരകളിലെല്ലാം ആദ്യമമർന്നിരിക്കുന്ന കുട്ടിയുടെ കൗതുകത്തോടെ അയാൾ അതിലേയ്ക്ക്  അമർന്നിരുന്നു . സുലൈമാനിപ്പോൾ  ജന്നത്തിൽ ഇരിക്കുന്ന ബാപ്പയെ കാണാൻ കഴിയുന്നു  .വെളുത്ത താടി തടവി മോനെ സൂപ്പി എന്നുറക്കെ വിളിക്കുന്നു ഭയപ്പെടേണ്ടാ എന്നാശ്വസിപ്പിച്ചു കൊണ്ടു തലയിൽ തലോടുന്നു . സുലൈമാൻ ചാടിയെഴുന്നേറ്റു ആ കസേരയെ തിരിച്ചും മറിച്ചും നോക്കി ഉളിപിടിച്ചു തഴമ്പിച്ച ബാപ്പായുടെ ഗന്ധം ആ മുറിയാകെ നിറയുന്നു. സുലൈമാനിപ്പോൾ നാട്ടിലേയ്ക്കുള്ള യാത്രയിലാണ് കരുവേലകത്തിൽ തീർത്ത കസേരയുടെ ക്‌ളിയറൻസ് കഴിഞ്ഞതും അയാൾ ആശ്വാസത്തിന്റെ നെടുവീർപ്പിട്ടു. 

Tuesday, 4 April 2017

വേദ പ്രതാപ് മുഖർജിയുടെ മൂന്നു പാപങ്ങൾ (അദ്ധ്യായം 4 )
     മുഖർജിയുടെ മൂന്നാമത്തെയും അവസാനത്തെയും പാപം .


മൂന്നാറ്റു മുഖം ഭീതിയുടെ കയത്തിലേയ്ക്കു നിപതിച്ചിരിക്കുന്നു .തുടരെ തുടരെയുണ്ടാകുന്ന അനർത്ഥങ്ങളിൽ കുഞ്ഞു കുട്ടികളടക്കം ഗ്രാമവാസികൾ ഒന്നാകെ  ഭയചകിതരായിരിക്കുന്നു . അമ്പല പറമ്പിലെ പേരാലിൻ കൊമ്പിൽ തൂങ്ങി മരിച്ച പൊതു വാളിന്റെ മൃതദേഹം മുറിച്ചെടുക്കാൻ പേരാലിൽ കയറിയ സിവിൽ  പോലീസ് ഓഫീസർ കയറിയ സ്പീഡിൽ താഴേയ്ക്കിറങ്ങി വന്നു . പൊതുവാൾ തൂങ്ങിയാടുന്ന മരചില്ലയ്ക്കു തൊട്ടു താഴെ ഫണം വിരിച്ചാടുന്ന രണ്ടു സർപ്പങ്ങൾ .ഒരാളെയും മുകളിലേയ്ക്കു കയറ്റാൻ സമ്മതിക്കാതെ അവ രണ്ടും താഴേയ്ക്കു നോക്കി ചീറി കൊണ്ടിരുന്നു . അമ്പലത്തിലേയ്ക്ക് പുതിയതായി വന്ന കൊമ്പൻ മദപ്പാടു കാണിച്ചു കൂടി നിന്നവരുടെ ഇടയിലേയ്ക്കു ഇറങ്ങി ചെന്നതും മൂന്നാറ്റു മുഖം ഗ്രാമത്തെ ഗ്രസിച്ചിരിക്കുന്ന ഭീകരതയുടെ ആഴം വ്യക്തമാക്കുന്നതായി . ദേവത കോപിച്ചിരിക്കുന്നു കാരണം അറിയണം ദേവ പ്രശ്‍നം നടത്തണം.   അധികമാരോടും സംസാരിക്കാനും കൂട്ടു കൂടാനും പോകാത്ത ബോർജി ഫ്രാൻസിസ് എന്തിനാണു മരിക്കുന്നതിനു രണ്ടു ദിവസം മുൻപു പൊതുവാളുമായി ഒന്നും ഒറ്റയും പറഞ്ഞതെന്നതിനെപ്പറ്റി  ആർക്കും അറിവുണ്ടായിരുന്നില്ല . ബോർജിയുടെ കൊലപാതകത്തിൽ ന്യായമായും  സംശയിക്കപ്പെടേണ്ട  പൊതുവാൾ കുറ്റബോധം താങ്ങാതെ ആത്മഹത്യ ചെയ്തിരിക്കുന്നു . പോലീസിനു അധിക വ്യയം ചെയ്യാതെ ഒരു കേസ് ഫയൽ അവസാനിപ്പിക്കാൻ ഒരു പുതിയ വഴി തുറന്നു കിട്ടിയിരിക്കുന്നു .

പേരു  കേട്ട ജോത്സ്യനായ പൂത്തൂർ മനയ്ക്കലെ കൃഷ്ണപ്പണിക്കർ ദേവപ്രശ്‌നം ആരംഭിച്ചിരിക്കുന്നു, അനർത്ഥങ്ങൾ പലതാണ് പ്രശ്നത്തിൽ തെളിയുന്നത് അമ്പലത്തിലേയ്ക്കു വാങ്ങിയ കൊമ്പന്റെ ഭൂതകാലം അന്വേഷിക്കാതെയാണ് തൃശൂർക്കു പോയ  കമ്മറ്റി അംഗങ്ങൾ അവനെ വാങ്ങിയിരിക്കുന്നത് . മൂന്നു  തവണ മദപ്പാടുണ്ടാകുകയും നാലു മനുഷ്യ ജീവനെ  വധിക്കുകയും ചെയ്ത ശേഷമാണത്രെ മൂന്നാറ്റും കരയിലേയ്ക്കു കൊമ്പൻ എഴുന്നുള്ളിയിരിക്കുന്നത് .വാങ്ങിയ കൊമ്പനെ മടക്കുന്നതിനോടു അമ്പല കമ്മറ്റിക്കു താൽപ്പര്യം പോരാ കൃഷ്ണപ്പണിക്കർ നിർദേശിച്ച   പരിഹാര ക്രിയകൾ  ചെയ്‌താൽ കൊമ്പനെ നിലനിർത്തുന്നതിൽ തെറ്റില്ലെന്നു വന്നിരിക്കുന്നു . രണ്ടു ദുർമരണങ്ങൾ അമ്പലത്തിന്റെ നൂറു മീറ്റർ ചുറ്റളവിൽ സംഭവിച്ചതിനെപ്പറ്റി പണിക്കർ ഒന്നും പറഞ്ഞില്ല. അതിനെപ്പറ്റി എന്തെങ്കിലും പറയുമെന്നു കാത്തിരുന്ന ജനക്കൂട്ടം നിരാശരായി മടങ്ങി .

പൊതുവാളിന്റെ പോസ്റ്റു മോർട്ടം റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നു  .അയാളുടെ മരണം തീർത്തും ക്രൂരമായൊരു കൊലപാതകം ആണത്രേ ആരോ തല്ലി  കൊന്ന ശേഷം  അമ്പല പറമ്പിലെ പേരാലിൽ കൊണ്ടു കെട്ടിത്തൂക്കിയതാണ് . മൂന്നാറ്റു മുഖം എന്ന പച്ച വെള്ളം ചവച്ചു കുടിക്കുന്ന  പഞ്ച പാവങ്ങളുടെ നാട്ടിൽ രണ്ടാഴ്ചയ്ക്കിടെ നടന്ന രണ്ടു കൊലപാതകങ്ങളിലെയും പ്രതി  അവർക്കിടയിൽ തന്നെ ഇപ്പോഴും സുഖമായി ജീവിക്കുന്നു . മുഖർജിയെ ഇപ്പോൾ തീരെ കാണാനില്ല അയാൾ ജോലിക്കു പോകുന്നതായിട്ടോ  എന്തിനെങ്കിലും പുറത്തു പോകുന്നതായിട്ടോ പോലും ആർക്കും ഒരു വിവരവുമില്ല . മൂന്നാറ്റു മുഖം കായലിൽ സൂര്യ നമസ്ക്കാരം ചെയ്തു വിസ്തരിച്ചു കുളിക്കുന്ന ബംഗാളി ഭായി  കൽക്കട്ടയിലേയ്ക്ക് തിരിച്ചു കയറി പോയി എന്നൊരു കൂട്ടർ വിശ്വസിച്ചു . അതല്ല രണ്ടു കൊലപാതകങ്ങൾക്കു  പിന്നിലും വേദ പ്രതാപ് മുഖർജിയുടെ ദൃശ്യമോ അദൃശ്യമോ ആയ കരങ്ങൾ ഉണ്ടാവുമെന്ന്  ഗ്രാമവാസികളിൽ ചിലർ  വിശ്വസിച്ചു . ജല ദേവത ചെയ്യാൻ ഏൽപ്പിച്ച പാപങ്ങളിൽ രണ്ടെണ്ണം മാത്രമേ  മുഖർജി പൂർത്തിയാക്കിയിട്ടുള്ളെന്നും മൂന്നാമത്തെ പാപം തങ്ങളിൽ ആരുടെയെങ്കിലും ജീവൻ ആണെന്നു മൂന്നാറ്റു മുഖം ഗ്രാമവാസികൾ ഉറച്ചു വിശ്വസിച്ചു .

അന്നൊരു വെള്ളിയാഴ്ചയായിരുന്നു വിലക്കപ്പെട്ട സമയമാകുന്നതിനു മുൻപു തന്നെ ഇപ്പോൾ ആറ്റിൻ കരയാകെ  വിജനമാകും ആന മറുതയുടെ ശക്തിയിൽ  ഗ്രാമവാസികളുടെ വിശ്വാസം മുമ്പത്തേതിനേക്കാൾ പതിന്മടങ്ങു വർദ്ധിച്ചിരിക്കുന്നു . ഏതു നിമിഷവും എന്തും സംഭവിക്കാവുന്ന ഒരു തുരുത്തായി മൂന്നാറ്റും കര മാറിയിരിക്കുന്നു . പന്ത്രണ്ടു മാണിയുടെ അറിയിപ്പുമായി പള്ളി മണി മുഴങ്ങിയതും ആറ്റിൻ കരയിലേയ്ക്കൊരാൾ നടന്നടുത്തു . വീടിന്റെ ഉള്ളിലിരുന്നും ആറ്റിൻ കരയിലേയ്ക്കു കണ്ണും നട്ടിരുന്ന രാമഭദ്രനും  ഭാര്യ രമണിയും ആ കാഴ്‌ച കണ്ടു പേടിയെല്ലാം മറന്നു വീടിനു വെളിയിലേയ്ക്കിറങ്ങി പിന്നാലെ ആറ്റിൻ കരയിലുള്ള എല്ലാവരും ഭയത്തിന്റെ വാല്മീകം വിട്ടു ആ കാഴ്ച കാണാൻ  ആട്ടിൻകൂട്ടത്തെപ്പോലെ പുറത്തേയ്ക്കു വന്നു . പുറത്തിറങ്ങിയവരിൽ ചിലർ ഉറക്കെ കൂക്കി വിളിച്ചു കൊണ്ടാ കാഴ്ചയെ പൂർണതയിൽ ആസ്വദിച്ചു .

ജലദേവതയുടെ ദർശനം ഉണ്ടായ ശേഷം ആദ്യമായി മുഖർജി മൂന്നാറ്റും മുഖത്തെ ആ വിലക്കപ്പെട്ട കടവിൽ എത്തിയിരിക്കുന്നു . മുഖർജിയെ കണ്ടതിലല്ല ജനക്കൂട്ടത്തിന്റെ ആവേശവും ഉൽക്കണ്ഠയും മുഖർജിയുടെ ഇടതു കരം  ചേർത്തു പിടിച്ചു ഒരു പെൺകുട്ടി . അതെ കൊലചെയ്യപ്പെട്ട പൊതുവാളിന്റെ അന്തർജ്ജനം നിർമ്മല .ഉത്സവത്തിനു പോലും ഗ്രാമവാസികൾ ശരിക്കും കാണാത്ത ദേവി വദനയായ ആ സുന്ദരിയെ കാണാൻ ഗ്രാമവാസികൾ  തിടുക്കം കൂട്ടി  .ജനക്കൂട്ടം നോക്കി നിൽക്കെ മുഖർജി നിർമ്മലാ അന്തർജ്ജനത്തെ ഒരു പാവക്കുട്ടിയെ എന്ന പോലെ ഇരു കൈകളിലും കോരിയെടുത്തു വിലക്കപ്പെട്ട കയത്തിലേയ്ക്കു  ഊളിയിട്ടിറങ്ങി . കൺമുന്നിൽ നടന്നതൊക്കെ സത്യമാണോ എന്നറിയാൻ അവിടെ കൂടിയിരുന്നവർ പരസ്പരം നുള്ളി നോക്കി  . അമ്പല പറമ്പിലെ ചങ്ങലകളിൽ ബന്ധിതനായിരുന്ന കൊമ്പൻ എന്തോ അപകടം ഒഴിഞ്ഞു പോയതു  പോലെ വലിയ ശബ്ദത്തിൽ  ചിന്നം വിളിച്ചു .

ബംഗാളി ഭായി കഴിഞ്ഞ പതിനഞ്ചു കൊല്ലമായി നാട്ടിൽ പോലും പോകാതെ ഇരുന്നതിന്റെ കാരണം ഇപ്പോൾ നാട്ടുകാർക്കെല്ലാം  കുറേശ്ശേ മനസ്സിലായി തുടങ്ങിയിരിക്കുന്നു . സ്ത്രീ ലമ്പടനായ ഗോവക്കാരൻ ബോർജി ഫ്രാൻസിസ് കൊല്ലപ്പെട്ടതും  പാവം രാമകൃഷ്ണ പൊതുവാൾ രക്തസാക്ഷിയായതും ഈ അനശ്വര പ്രണയത്തിനു മുന്നിലായിരിക്കണം  എന്നവർ അടക്കം പറഞ്ഞു . അവിടെ കൂടി നിന്നവരിൽ അപ്പോൾ ഒരു വലിയ തർക്കമുണ്ടായി  വേമ്പനാട്ടു കായൽ ഒഴുകി ബംഗാൾ ഉൾക്കടലിലാണ് പതിക്കുന്നതെന്നു പീടികക്കാരൻ ജോസുകുട്ടി പറഞ്ഞപ്പോൾ  മുൻഷി തിരുത്തുമായെത്തി വേമ്പനാട്ടു കായൽ ഒഴുകി ചെല്ലുന്നതു അറബി കടലിലേയ്ക്കാണ് . അടിത്തട്ടിലേയ്ക്കു താഴ്ന്നു പോയ ശരീരങ്ങൾ പൊങ്ങി വരുന്നതും കാത്തു ജനക്കൂട്ടം അക്ഷമരായി നിന്നു .ഏകദേശം മൂന്നു മണിക്കൂറിനു ശേഷം കാത്തു നിൽപ്പിനു വിരാമമിട്ടു കൊണ്ടു മൂന്ന് കടവുകൾക്കപ്പുറം എന്തോ ഉയർന്നു പൊന്തി  . ഓടിക്കൂടിയ ജനക്കൂട്ടത്തിനു കാണാനായത് ദിവസങ്ങൾക്കു മുൻപു മോഷണം പോയ രാമഭദ്രന്റെ ചാരായത്തിന്റെ ഒഴിഞ്ഞ നാലു കന്നാസുകൾ മാത്രമായിരുന്നു ..............

അവസാനിച്ചു .. 

വേദ പ്രതാപ് മുഖർജിയുടെ മൂന്നു പാപങ്ങൾ (അദ്ധ്യായം 3 )                     ....................മുഖർജിയുടെ രണ്ടാം പാപം .............

രാമഭദ്രൻ അറസ്റ്റിലായിരിക്കുന്നു മൂന്നാറ്റും കരയുടെ സായന്തനങ്ങളെ പ്രേമ സുരഭിലമാക്കിയിരുന്ന മുന്തിരി ചാറിന്റെ ഉല്പാദകൻ കൊലക്കുറ്റത്തിനു അറസ്റ്റിലായ ശേഷം മൂന്നാറ്റും കരയ്‌ക്കാകെയൊരു ശ്മശാന മൂകതയാണ് . നഷ്ട്ടപെട്ടു പോയ മൂന്നു കന്നാസ് ചാരായത്തിന്റെ പേരിലെന്നല്ല എത്ര കനപ്പെട്ട കാര്യത്തിനു വേണ്ടിയും തന്റെ പ്രിയതമൻ ഒരു കൊലപാതകത്തിനു മുതിരില്ല എന്നു രാമഭദ്രന്റെ ഭാര്യ രമണി ഗ്രാമവാസികളോടു ആണയിട്ടു പറഞ്ഞു . ഇത്തിത്തറയിലെ കെട്ടു വള്ളം മണക്കാനെത്തിയ പോലീസ് നായ മൂന്നു വട്ടംചുറ്റും കൂടി നിന്നവർക്കു നേരെ തിരിഞ്ഞു നിന്നു കുരച്ച ശേഷം വിലക്കപ്പെട്ട കടവിലേയ്ക്ക് പാഞ്ഞു പോയി കായലിന്റെ ആഴങ്ങളിലേയ്ക്ക് നോക്കി നിർത്താതെ കുരച്ചു . ആറ്റിലേയ്ക്ക് നോക്കി കുരയ്ക്കുന്ന നായക്കുട്ടിയെ കണ്ട പരൽമീനുകൾ മുകളിലേയ്ക്കു കുതിച്ചു ചാടി അവന്റെ കുരയ്ക്കൊപ്പം നൃത്തം ചെയ്തു .ആന മറുതയാണിത് ചെയ്തതെന്നു ജനക്കൂട്ടത്തിനിടയിൽ നിന്നും കഴകക്കാരൻ രാമകൃഷ്ണ പൊതുവാൾ ഉറക്കെ ഉറപ്പിച്ചു വിളിച്ചു പറഞ്ഞു . മുതുകിൽ പിടി വീഴുന്നതു കണ്ടതും പൊതുവാളിനു ഇപ്പോൾ അങ്ങനെ പറയേണ്ടിയിരുന്നില്ല എന്നു തോന്നി . പൊതുവാളിന്റെ കോളറിൽ പിടുത്തമിട്ട എ എസ് ഐ ജിനചന്ദ്രൻ അയാളെ ജീപ്പിനടുത്തേയ്ക്കു വലിച്ചു കൊണ്ടു പോയി. ആന മറുതയെ മുൻപെപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ എന്ന പോലീസ് ചോദ്യത്തിനു മുന്നിൽ അൽപ പ്രാണിയായ പൊതുവാൾ പേടിച്ചു മുള്ളി .
മൂന്നാറ്റും കര ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനുള്ള കൊടി കയറിയിരിക്കുന്നു മൂന്നാറിന്റെയും തീരത്തുള്ള സകല ജനങ്ങളുടെയും ഉത്സവമാണത് . ബോർജി ഫ്രാൻസിസിന്റെ കൊലപാതകവുമായി ബന്ധിപ്പിക്കത്തക്ക തെളിവുകളൊന്നും കിട്ടാഞ്ഞതിനാൽ എപ്പോൾ വിളിച്ചാലും പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന വ്യവസ്ഥയിൽ രാമഭദ്രനെ പുറത്തു വിട്ടിരിക്കുന്നു .ഉത്സവ സീസൺ രാമഭദ്രന്റെ കൊയ്ത്തു കാലമാണ് പക്ഷെ ഇക്കുറി പോലീസ് അയാൾക്കു പിന്നാലെ തന്നെ ഉണ്ടാവുമെന്നതിനാൽ മാമ്പുഴക്കരിയിലുള്ള രമണിയുടെ വീട്ടിൽ വളരെ ആസൂത്രിതമായി വാറ്റുന്ന ചാരായം കുപ്പികളിലാക്കി മൂന്നാറ്റും മുഖം ഗ്രാമത്തിലേയ്ക്ക് എത്തിക്കാനാണ് പദ്ധതി . രാമഭദ്രൻ കാഴ്ചക്കാരന്റെ റോളിലും ഭാര്യ രമണി നേരിട്ടു കളത്തിലിറങ്ങിയും നടത്താൻ പോകുന്ന ആദ്യത്തെ ബിസിനസ് സംരംഭം എന്ന നിലയിൽ എത്ര കണ്ടു വിജയകരമാകുമിതെന്നു രാമഭദ്രനു സംശയം ഉണ്ടായിരുന്നു .
ബംഗാളി ഭായി മുഖർജി കഴിഞ്ഞാൽ മൂന്നാറ്റു മുഖം ഗ്രാമത്തിൽ പുറത്തു നിന്നും വന്നു താമസിക്കുന്നത് കഴകക്കാരൻ പൊതുവാളും ഭാര്യ നിർമ്മലാ അന്തർജനവുമാണ് .പാലക്കാട്ടെ ഏതോ അമ്പലത്തിലെ കഴകക്കാരനായിരുന്നപ്പോൾ അവിടുത്തെ പ്രശസ്തമായ അഗ്രഹാരത്തിൽ നിന്നും പ്രണയിച്ചു നാടു വിട്ടവരാണ് രണ്ടു പേരും . കാർമേഘ വർണ്ണനായ രാമകൃഷ്‌ണ പൊതുവാളിന്റെ കൂടെ പാൽ വെണ്മയുള്ള അന്തർ ജനം എങ്ങനെ കൂടി എന്ന സംശയം അന്നാട്ടുകാർ ചോദിച്ചപ്പോഴാണ് ദൂരെ എവിടെയെങ്കിലും തങ്ങളെ രണ്ടു പേരേയുമറിയാത്ത നാട്ടിൽ പോയി ജീവിക്കാമെന്നു പൊതുവാൾ തീരുമാനിക്കുന്നത് . മൂന്നാറ്റും കരയിലെത്തിയിട്ടും പൊതുവാളിന്റെ അന്തർജ്ജനത്തെ ഗ്രാമവാസികളാരും കണ്ടില്ല . മൂന്നാറ്റും കര ഭഗവതിയുടെ ഉത്സവത്തിനു ദീപാരാധന തൊഴാൻ മാത്രമാണവർ പുറത്തേക്കിറങ്ങുന്നത്‌ . ലേശം സംശയത്തിന്റെ അസ്കിത പൊതുവാൾക്കുണ്ടെന്നും ആയതിനാൽ അന്തർജ്ജനത്തെ പുറത്തേക്കിറങ്ങാൻ കൂടി സമ്മതിക്കില്ല എന്നു ഗ്രാമ വാസികൾ പലയിടത്തായി അടക്കം പറഞ്ഞു കേട്ടു .
ആന മറുത ഊരിൽ ഇറങ്ങിയ ശേഷം ഗ്രാമവാസികൾ ആകെ ഭയത്തിലാണ് . ആകെയുള്ള ആശ്രയമായ ഭഗവതിയുടെ മുന്നിൽ അവർ ആവലാതികളുടെ കെട്ടഴിച്ചു വെച്ചു .ഇക്കുറി വെടിക്കെട്ടിനു നിരോധനമുള്ളതിനാൽ ഉത്സവത്തിനു പിരിച്ചെടുത്ത തുക കൊണ്ടു അമ്പലത്തിലേയ്ക്കു നടയിരുത്താൻ ഒരു കൊമ്പൻ എന്ന നിർദേശം കൈയ്യടിച്ചു പാസാക്കപ്പെട്ടു . പറയെടുപ്പിനും എഴുന്നുള്ളിപ്പിനും ഭഗവതിക്കു സ്വന്തമായി ഒരു വാഹനം ഉണ്ടാകുന്നതു നല്ലതാണെന്നു മൂന്നു കരക്കാരും ഒരുമിച്ചു ചേർന്നു തീരുമാനം എടുത്തു . ഉത്സവത്തിനു ഇനി ഏഴു നാൾ, അതിനു മുൻപ് ലക്ഷണമൊത്ത ഒരു കൊമ്പനെ തേടി കമ്മറ്റിയിലെ നാലു പേരെ ത്രിശൂർക്കു പറഞ്ഞയച്ചു .
കൊമ്പു കുഴൽ താലപ്പൊലി ചെണ്ട എന്നു വേണ്ട സകലമാന ആഡംബരത്തോടും കൂടിയാണ് മൂന്നാറ്റും കരയിലേയ്ക്ക് ആ ഗജവീരൻ എഴുന്നുള്ളിയത്. ഏഴുകരകൾക്കു അപ്പുറവും ഇപ്പുറവും സ്വന്തമായി ആനയുള്ള ക്ഷേത്രം എന്ന ഖ്യാതിയിലേയ്ക്ക് മൂന്നാറ്റും കരയും ഉയർന്നിരിക്കുന്നു . ഭഗവതി ഇക്കുറി പ്രസാദിക്കണം ആന മറുതയുടെ ഉപദ്രവത്തിൽ നിന്നും പാവങ്ങളായ ഗ്രാമവാസികളെ രക്ഷിക്കണം . രാമഭദ്രൻ മൂന്നു കുപ്പി റാക്ക് പെരും കായ സഞ്ചിയിലാക്കി അമ്പല പറമ്പിലേയ്ക്ക് തിടുക്കത്തിൽ നടന്നു . സകല ലക്ഷണവുമൊത്ത കൊമ്പൻ രാമഭദ്രൻ വായിലേയ്ക്ക് കമിഴ്ത്തി കൊടുത്ത ചാരായം മൂന്നു കുപ്പിയും ഗ്ലപ്പെന്നു കുടിച്ചു തീർത്തിരിക്കുന്നു . തുമ്പികൈ രാമഭദ്രന്റെ നെറുകയിൽ ചേർത്തു വെച്ചിട്ടു മൂന്നു വട്ടം ഉഴിഞ്ഞു . ഭക്തജനങ്ങൾ കൊണ്ട് വരുന്ന കരിമ്പും കദളിപ്പഴവും ശർക്കരയുമെല്ലാം തിന്നു ഗജരാജൻ തളർന്നിരിക്കുന്നു . ഗ്രാമ വാസികൾക്കു ആദ്യമായി സ്നേഹിക്കാനൊരു ആനയെ കിട്ടിയതിന്റെ ലാളനയേറ്റവൻ മൂന്നാറ്റും കര ഭഗവതിയുടെ തിടമ്പേറ്റാൻ വെമ്പൽ കൊണ്ടു .
ഉത്സവം വന്നു ദീപാരാധന തൊഴാൻ വന്ന പൊതുവാളിന്റെ അന്തർജ്ജനത്തെ കണ്ടു ഗ്രാമവാസികൾ മൂക്കത്തു വിരൽ വെച്ചു . മൂന്നാറ്റും കര വാഴുന്ന ഭഗവതീ വിഗ്രഹത്തിനു പോലും ഇത്രമേൽ ശോഭയില്ലെന്നവർ അവിതർക്കിതമായി പറഞ്ഞു അന്തർ ജനം അമ്പലത്തിൽ നിൽക്കുവോളം .പൊതു വാളിനു ഒരേ ആധിയായിരുന്നു. ആരൊക്കെ അവളെ നോക്കുന്നുണ്ടെന്നയാൾ ചുഴിഞ്ഞു ചുഴിഞ്ഞു നോക്കി കൊണ്ടു പിറകെ നടന്നു . മുഖർജി ഇക്കുറി ഉത്സവത്തിനു പോലും പുറത്തേക്കിറങ്ങിയില്ല അങ്ങനെ ഒരാൾ ഈ നാട്ടിൽ ജീവിക്കുന്നു എന്നു പോലും ഗ്രാമവാസികൾ മറന്നിരിക്കുന്നു . രാമഭദ്രൻ മൂന്നുകുപ്പി ഭഗവതിയെ പ്രതി അമ്പല കൊമ്പനു കൊടുക്കുന്നതു പതിവായിരിക്കുന്നു. സകല വിഗ്ന നിവാരിണിയായ ഗണേശന്റെ പുനരവതാരമാണ് അമ്പലത്തിൽ വന്ന ആന എന്നയാൾ ചാരായം കുടിക്കാൻ വന്ന ഗ്രാമ വാസികളോടെല്ലാം പറഞ്ഞു .
ഉത്സവ കഴകം കഴിഞ്ഞു വീട്ടിലേയ്ക്കു മടങ്ങിയ പൊതുവാൾ ഇതുവരെ വീട്ടിലെത്തിയിട്ടില്ല . നിർമ്മലാ അന്തർജ്ജനം പുറത്തേയ്ക്കിറങ്ങി അന്വേഷിക്കണോ വേണ്ടയോ എന്നു ശങ്കപ്പെട്ടു വീടിനുള്ളിൽ വെരുകിനെപ്പോലെ ഓടി നടന്നു . ഉത്സവ ഷീണം കഴിഞ്ഞു മയക്കത്തിലായ മൂന്നാറ്റും കരയിലേയ്ക്കു ആ വാർത്ത വെള്ളിടി പോലെ വന്നു വീണു . അമ്പല പറമ്പിലെ പേരാലിൽ കഴകക്കാരൻ രാമ കൃഷ്ണ പൊതുവാൾ തൂങ്ങിയാടുന്നു ...
തുടരും ,,,,

വേദ പ്രകാശ് മുഖർജിയുടെ മൂന്നു പാപങ്ങൾ (അദ്ധ്യായം 2 )

                       
                                              മുഖർജിയുടെ ഒന്നാം പാപം.

മുഖർജി ശീർഷാസനത്തിൽ നിന്നും എഴുന്നേറ്റത് അതുവരെ കാണാത്ത ഒരു തരം തേജ്വസോടെ ആയിരുന്നു . മുഖർജിയുടെ തലയ്ക്കു ചുറ്റും പ്രകാശ വലയം രൂപപ്പെട്ടിരിക്കുന്നതു പോലെ ഒരു തെളിച്ചം ആ മുഖത്ത്‌ വിളങ്ങി നിന്നു . കൽക്കത്തയിൽ നിന്നും വന്നിട്ടു ഇതുവരെ സംസാരിക്കാത്ത ബംഗാളിയിൽ അയാൾ കുട്ടനാട്ടുകാരോടു പിച്ചും പേയും പറഞ്ഞു . ബംഗാളി ഭാഷ മുൻപു കേട്ടിട്ടില്ലാത്ത കുട്ടനാട്ടുകാർ ആന  മറുത  സംസാരിക്കുന്ന ദേവനാകാരികം എന്ന ഭാഷയാണന്നതെന്നു തറപ്പിച്ചു പറഞ്ഞു . ലിറ്റിൽ ഫ്ലവർ സ്‌കൂളിലെ ഹിന്ദി മുൻഷി ജേക്കബ് നാലുപറയിൽ കുറച്ചു നേരം മുഖർജിയോടു സംസാരിച്ചു നോക്കിയ ശേഷം കൈമലർത്തി കാണിച്ചു .ജേക്കബ് മാഷക്കറിയാത്ത ഭാഷ കുട്ടനാട്ടിൽ പിന്നെ ആർക്കും അറിയാൻ തരമില്ലന്നു ജനക്കൂട്ടം കട്ടായം പറഞ്ഞു.

മൂന്നാറ്റും കായലിന്റെ അടിത്തട്ടിൽ വെച്ചു ദേവീദർശനമുണ്ടായ ബംഗാളി ഭായിയെക്കാണാൻ ഗ്രാമ വാസികൾ തടിച്ചു കൂടി . മുഖർജി വാ തുറന്നൊരു മലയാള അക്ഷരം മിണ്ടിയില്ല മലയാളത്തിൽ സംസാരിച്ചവരോടെല്ലാം  പൊട്ടനെപ്പോലെ  പ്രതികരിക്കാതിരുന്നു . മൂന്നാറ്റു മുഖം ശ്രീ ദേവി ടാക്കീസിൽ മുൻപു കളിച്ച പദ്‌മരാജൻ പടത്തിൽ ഇങ്ങനെ ഒരു കഥാപാത്രമുണ്ടെന്നും  ഒരപകട  ശേഷം പഴയ കാലത്തെ പാടെ മറന്നു പോകുന്നതു അംനീഷ്യ എന്ന രോഗമാണെന്നും  പട്ടണത്തിൽ പോയി എൻട്രൻസ് കോച്ചിങ് പഠിക്കുന്ന വിത്സൺ ഫ്രാൻസിസ് പറഞ്ഞപ്പോൾ  ജേക്കബ് മാഷ് തിരുത്തി . അംനീഷ്യ ഒരു രോഗമല്ല മറിച്ചു അതൊരു അവസ്ഥ മാത്രമാണ് .

ദൈവമാണോ ഭൂതമാണോ മുഖർജിയെ പിടികൂടിയതെന്നറിയാതെ മൂന്നാറ്റു മുഖം ഗ്രാമവാസികൾ നന്നേ കുഴങ്ങി . അന്തരീക്ഷത്തിൽ നിന്നും വിഭൂതിയോ നാളെ നടക്കാനിരിക്കുന്ന കാര്യങ്ങൾ പ്രവചിക്കുകയോ ചെയ്‌താൽ  മുഖർജിക്കൊരു ദൈവീക പരിവേഷം നൽകാൻ ചിലർ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടായിരുന്നു . മൂന്നാറ്റും കര വാഴുന്ന ഭഗവതി ക്ഷേത്രത്തിലെ കഴകക്കാരൻ രാമകൃഷ്ണ പൊതുവാൾ രഹസ്യമായി മുഖർജിയെ വന്നു  കണ്ടു രണ്ടു ചില്ലറ വിദ്യകൾ കാണിക്കാൻ ആവശ്യപ്പെട്ടിട്ടും മുഖർജി ഊമയെപ്പോലിരുന്നു .  ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ മൂന്നാറ്റു മുഖം ഗ്രാമത്തിൽ ദേവിയോ ബാധയോ ഉണ്ടെന്നു സ്ഥിരീകരിക്കപ്പെട്ടാൽ വിശ്വാസികളിൽ ചിലരെങ്കിലും അങ്ങോട്ടു ചായുമെന്നു കണക്കു കൂട്ടിയ ഇടവക വികാരി  കറുകകളത്തിലച്ചൻ നേരിട്ടു വിശ്വാസികളോടു തട്ടിപ്പിൽ വീഴരുതെന്നു അഭ്യർത്ഥിച്ചു വീടു വീടാന്തരം  കപ്യാർ കൈവശം കുറിപ്പു കൊടുത്തു വിട്ടു .

മുഖർജി മലയാളം പാടെ മറന്നവനെപ്പോലെ ആയിരിക്കുന്നു .പതിനാറു വർഷം മണി  മണി പോലെ   മുഖർജി സംസാരിച്ച ഭാഷ ഒറ്റ മുങ്ങിക്കുളിയിൽ പാടെ മറന്നു പോകുന്നതെങ്ങനെയെന്നു മൂന്നാറ്റു മുഖത്തെ നിഷ്കളങ്കരായ ഗ്രാമ വാസികൾക്കു അജ്ഞാതമായിരുന്നു . ഒരു പക്ഷെ ജനക്കൂട്ടത്തെ മുഴുവൻ വിഡ്ഢികളാക്കാൻ അങ്ങനെ  ഒരു ഡപ്പാൻ കൂത്തു കളിക്കു മുഖർജി തുനിയുമോ . അടുത്ത ചങ്ങാതിയായ രാമ ഭദ്രനോടു പോലും ജലദേവത മൂന്നു പാപം ചെയ്യാൻ ആവശ്യപ്പെട്ടു എന്ന വർത്തമാനമല്ലാതെ മലയാളത്തിൽ ഒന്നും പറഞ്ഞില്ല . മുഖർജി പതിവു ശീലങ്ങൾ ഉപേക്ഷിച്ചിരിക്കുന്നു രാമഭദ്രന്റെ റാക്കിന്റെ ലഹരിയിൽ ഉറങ്ങിയിരുന്ന  മുഖർജിക്കിപ്പോൾ അതിന്റെ മണം കേൾക്കുന്നതെ അലർജി ആയിരിക്കുന്നു .

കരിസ്മാറ്റിക്കു ധ്യാനം കൂടിയിട്ടും കുടി നിർത്താത്ത ഭർത്താവുള്ള ജാനെറ്റ്  കെട്ടിയോനെ മുഖർജി മുങ്ങിയ കടവിലേയ്ക്ക് തള്ളിയിടാൻ ഒരു പാഴ് ശ്രമം നടത്തി നോക്കി . ഭർത്താവിനോടുള്ള സ്നേഹക്കുറവല്ല പ്രത്യുതാ അങ്ങനെയെങ്കിലും അയാൾ ഒന്നു നന്നായി കാണാനുള്ള  പൂതി മാത്രമായിരുന്നു അതിനു പിന്നിലുള്ള ചേതോ വികാരം . മുഖർജിയിപ്പോൾ പുറത്തേയ്ക്കിറങ്ങാറേയില്ല ,ബോട്ടു ജെട്ടിയിലും അലക്കു കടവിലും പീടിക  വരാന്തയിലും എന്നു വേണ്ട ഒരിടത്തും അയാളുടെ നിഴലു പോലും വന്നില്ല .ബംഗാളി മാത്രം സംസാരിക്കുന്ന  മുഖർജിയെ ഗ്രാമവാസികളാരും തിരഞ്ഞതുമില്ല . രാമഭദ്രന്റെ ഇരുപതു  വർഷത്തെ കള്ള വാറ്റു ജീവിതത്തിനിടയിൽ ആദ്യമായി കായലിന്റെ അടിയിൽ കയറിൽ കെട്ടിയിട്ടിരുന്ന നാലു കന്നാസു ചാരായവും കളവു പോയിരിക്കുന്നു .എന്തു ചെയ്യണമെന്നറിയാതെ രാമഭദ്രൻ കോപം കൊണ്ടു വിറച്ചു .മൂന്നാറ്റു മുഖത്തെ  ആരും ഇപ്പണി  ചെയ്യില്ലയെന്നു രാമഭദ്രൻ തറപ്പിച്ചു പറഞ്ഞു .ഇനിയെങ്ങാൻ ആന മറുത കയറിയ മുഖർജിയാണോ ? കൂടി നിന്നവരിൽ നിന്നും ഉയർന്ന ആ ചോദ്യത്തിൽ എന്തോ കഴമ്പുണ്ടെന്നു രാമ ഭദ്രനു തോന്നി .ഇനിയൊരു പ്രത്യേക ശ്രദ്ധ വേണം കാര്യങ്ങൾ മുൻപത്തേതു പോലെ പന്തിയല്ല രാമഭദ്രൻ മനസ്സിലുറപ്പിച്ചു .

Monday, 3 April 2017

വേദ പ്രതാപ് മുഖർജിയുടെ മൂന്നു പാപങ്ങൾ (തുടർക്കഥ)
മൂന്നാറ്റു മുഖം കായലിന്റെ ഓരോ സ്പന്ദനവും വേദ പ്രതാപ് മുഖർജിക്കറിയാം. ബംഗാളികൾ കേരളത്തിലേയ്ക്കു തൊഴിലു തേടി കുടിയേറ്റം ആരംഭിക്കുന്നതിനു വളരെ മുൻപ് ആഫ്രിക്കൻ പായൽ നിർമ്മാർജ്ജനത്തിനായി കൽക്കട്ടയിൽ നിന്നും കൊണ്ടു വന്ന ഡ്രജറുടെ നടത്തിപ്പു ചുമതലക്കാരനായിരുന്നു വേദ പ്രതാപ് മുഖർജി. ഹൂഗ്ലി നദി അനായാസേന നീന്തി കടന്നിരുന്ന മുഖർജിയുടെ ജല സ്നേഹമാണയാളെ ഇങ്ങനെയൊരു തൊഴിലിലേയ്ക്കു വഴി തിരിച്ചു വിട്ടതു തന്നെ . ആലപ്പുഴ മുനിസിപ്പാലിറ്റി പായൽ നിർമ്മാർജ്ജന പദ്ധതി ഉപേക്ഷിച്ചിട്ടും മുഖർജി കൊൽക്കട്ടയിലേയ്ക്കു തിരികെ പോയില്ല . അധികമൊന്നും ആളുകളോട് അടുപ്പം സൂക്ഷിക്കാതെ അയാൾ മലയാളത്തിന്റെ മണ്ണിൽ വിരുന്നുകാരനും മെല്ലെ മെല്ലെ വീട്ടുകാരനുമായി .കുട്ടനാട്ടിൽ എത്തപ്പെടുന്ന ആദ്യത്തെ ബംഗാളി മുഖർജി ആയതു കൊണ്ടാണോ എന്തോ നന്മ നിറഞ്ഞ നാട്ടുകാർ അയാളെ ബംഗാളി ഭായി എന്ന വിളിച്ചുപോന്നു .മൂന്നാറ്റു മുഖം ഗ്രാമത്തിലെ ഏക വരത്തനും അന്യഭാഷാ സംസാരിക്കുന്നവനുമായിട്ടും നാട്ടുകാരായാളെ നിർലോഭം സ്നേഹിച്ചു . നാട്ടുകാരേക്കാൾ നല്ല മലയാളം ബംഗാളി ചുവയിൽ സംസാരിച്ചയാൾ മൂന്നാറ്റു മുഖത്തിന്റെ വ്യത്യസ്ത മുഖമായി . ആ ഗ്രാമത്തിൽ അയാൾക്കൊരു അടുത്ത ചങ്ങാതിയേ ഉണ്ടായിരുന്നുള്ളു അതു കടത്തുകാരൻ രാമഭദ്രനായിരുന്നു . പാലങ്ങളായ പാലങ്ങളെല്ലാം കൊണ്ടു കുട്ടനാടിന്റെ കൊച്ചു കൈവഴികളിൽ വരെ സഞ്ചാര യോഗ്യമായപ്പോൾ പണിയില്ലാതെപോയ രാമഭദ്രന്റെ ഇപ്പോഴത്തെ പ്രധാന ജോലി കള്ള ചാരായം വാറ്റാണ്.
വൈകുന്നേരങ്ങളിൽ ഇളം കാറ്റേറ്റൊരു കുപ്പി നാടൻ പട്ട മുഖർജിയുടെ ശീലമായ അന്നുമുതൽ രാമ ഭദ്രൻ മുഖർജിയുടെ ചങ്ങാതിയായിരുന്നു . കടത്തു വള്ളം ഊന്നുമ്പോഴും കായലിൽ കെട്ടിത്താഴ്ത്തിയിട്ട കന്നാസുകളുടെ കാവൽക്കാരൻ കൂടിയായിരുന്നു രാമഭദ്രൻ . വെള്ളത്തിലേയ്ക്ക് നീളുന്ന അനാവശ്യ നിഴലുകളെപ്പോലും രാമഭദ്രൻ തിരിച്ചറിയും .നാലോ അഞ്ചോ വലിയ കന്നാസുകൾ ചാരായം നിറച്ചു ഒന്നിച്ചു കെട്ടി കായലിന്റെ ആഴത്തിലേയ്ക്ക് അയാൾ എറിഞ്ഞിടും ,കയറിന്റെ ഒരറ്റം എപ്പോഴും രാമഭദ്രന്റെ കടത്തുവള്ളത്തിനോടു ചേർന്നുണ്ടായിരുന്നു. നല്ല അടിയൊഴുക്കുള്ള സമയങ്ങളിൽ പോലും രാമഭദ്രൻ കെട്ടിയിട്ട കന്നാസുകൾ എങ്ങോട്ടും ഒഴുകി പോയിരുന്നില്ല . വൈകുന്നേരമായാൽ കരയ്ക്കു വലിച്ചു കയറ്റുന്ന കന്നാസുകൾ ആവശ്യക്കാരെ തേടി കാത്തിരിക്കും . മൂന്നാറ്റു മുഖം ഗ്രാമത്തിന്റെ ഔദ്യോഗിക ഡിസ്റ്റിലറിയും ബീവറേജസും രാമഭദ്രന്റെ വീടും പരിസരവുമായിരുന്നു . വിശ്വസിച്ചു കുടിക്കാവുന്ന ചേരുവകകളായ കറുവാപ്പട്ടയും കശുമാങ്ങയും ചേർത്ത പട്ട മുഖർജി കൽക്കട്ടയിലായിരുന്നപ്പോൾ കുടിച്ചിരുന്ന ലോക്കൽ ചാരായമായ റാക്കിനോളം രുചികരമായിരുന്നു .
രാവിലെ ഒരു മുങ്ങിക്കുളി മുഖർജിക്കു നിർബന്ധമാണ് ,അതും ഒന്നരമണിക്കൂർ വെള്ളത്തിൽ നീന്തി തുടിച്ചുള്ള വിശാലമായ കുളി . കൽക്കട്ടാ വിട്ടിട്ടും ബ്രാഹ്മണ്യത്തിന്റെ അടയാളമായി കൂടെ കൊണ്ടു നടക്കുന്ന നിഷ്ട്ടയായ സൂര്യനമസ്ക്കാരമാണ് അതിൽ പരമ പ്രധാനം മുട്ടറ്റം വെള്ളത്തിൽ നിന്നു കിഴക്കു നോക്കി ഗോഷ്ടികാണിക്കുന്ന മുഖർജി മൂന്നാറ്റു മുഖം ഗ്രാമനിവാസികൾക്കു ആദ്യമൊക്കെ കൗതുക കാഴ്ച്ചയായിരുന്നു കാൺകെ കാൺകെ അതൊരു വിശേഷമോ കാഴ്ച്ചയോ അല്ലാതായിത്തീർന്നിരിക്കുന്നു . ആറ്റിറമ്പിലൂടെ ട്യൂഷൻ കഴിഞ്ഞു വരുന്ന കുട്ടികൾ മുകളിലോട്ടും നോക്കി കൈ കൂപ്പി നിൽക്കുന്ന മുഖർജിയുടെ ശ്രദ്ധ തിരിക്കാനെന്നോണം കമ്പോടു കഷ്ണങ്ങൾ വെള്ളത്തിനു മുകളിലൂടെ തെന്നിച്ചു മറുകരയിലേയ്ക്ക് വിടും . രാമഭദ്രൻ തലേന്നു നൽകിയ ഉറക്കം തൂങ്ങി മരുന്നിന്റെ ഷീണം തീരാനാണിയാൾ ഇത്ര നേരം വെള്ളത്തിൽ മുങ്ങി കിടക്കുന്നതെന്നു നാട്ടുകാർ പലപ്പോഴും പൂച്ചം പറഞ്ഞു . മൂന്നാറ്റു മുഖത്തിൽ ആണായും പെണ്ണായും പിറന്ന ഒരാളും മുഖർജിയോളം മുങ്ങാം കുഴിയിട്ടു നിൽക്കില്ലായിരുന്നു . ഒരു തവണ രാമഭദ്രനുമായി വാക്കേറ് പന്തയം വരെ ഉണ്ടായതാണ് . രാമഭദ്രൻ പൊങ്ങി ഏകദേശം അഞ്ചു മിനിറ്റിനു ശേഷമാണു മുഖർജി വെള്ളത്തിനു മുകളിലേയ്ക്കു ഊളിയിട്ടു പൊന്തിയത് .
അന്നൊരു വെള്ളിയാഴ്‌ചയായിരുന്നു വെള്ളിയാഴ്ച്ചകൾ മൂന്നാറ്റു മുഖക്കാർക്കു പ്രത്യേകതയുള്ള ദിവസമാണ്. മൂന്നാറ്റും കാവിലെ ആന മറുത ഊരു തെണ്ടാൻ ഇറങ്ങുന്നത് വെള്ളിയാഴ്ച പകൽ പന്ത്രണ്ടു മണിക്കു ശേഷമാണെന്നാണ് തലമുറകളായി കൈമാറപ്പെടുന്ന വിശ്വാസം .ആ സമയം കഴിവതും ആരും ആറ്റു വക്കത്തോ എന്തിനു ബോട്ടു ജെട്ടിയിലെ പീടിക വരാന്തയിലോ പോലും നിൽക്കാൻ ഭയപ്പെട്ടിരുന്നു . വർഷങ്ങൾക്കു മുൻപ് ഇവയൊന്നും വിശ്വസിക്കാതെ കടത്തു വള്ളമിറക്കിയ രാമ ഭദ്രന്റെ അപ്പൻ വലിയ തമ്പിയുടെ തോണി മറിഞ്ഞു പന്ത്രണ്ടു പേർ മരിച്ചതോടെ ആ വിശ്വാസം ആ ഗ്രാമത്തിൽ രൂഢമൂലമായി .
രാവിലെ കുളിച്ചിട്ടു പോയ മുഖർജി വെള്ളിയാഴ്ച പകൽ പന്ത്രണ്ടു കഴിഞ്ഞതോടെ കൊച്ചു തോർത്തുമുടുത്തു ആറ്റിലേയ്ക്കു ചാടിയെന്ന വിചിത്ര വാർത്ത കേട്ട രാമഭദ്രൻ തെല്ലൊന്നമ്പരന്നു . അപ്പനടക്കം പന്ത്രണ്ടാത്മാക്കൾ വിഹരിക്കുന്ന ആഴങ്ങളിലേയ്ക്കു അസമയത്തിറങ്ങിയ ബംഗാളി ഭായിയുടെ നടപടിയിൽ പ്രതിഷേധിക്കാനെന്നവണ്ണം രാമഭദ്രൻ പുറത്തേയ്ക്കിറങ്ങി വന്നു വിലക്കി നോക്കി . കഴിഞ്ഞ പതിനേഴു കൊല്ലമായി നാട്ടിലെ നിയമങ്ങൾ അനുസരിച്ചു ജീവിച്ച ബംഗാളി ഭായി ഒന്നുമില്ലാതെ പെട്ടന്നൊരുദിവസം വിലക്കപ്പെട്ട കടവിലേയ്ക്ക് എടുത്തു ചാടിയതിൽ ദേഷ്യത്തോടൊപ്പം രാമ ഭദ്രനു അനുകമ്പയും തോന്നി . ഇനിയൊരിക്കലും പൊങ്ങി വരാത്ത മുങ്ങാം കുഴിയാണ് മുഖർജി ഇട്ടിരിക്കുന്നതെന്ന തിരിച്ചറിവിൽ രാമഭദ്രൻ വീടിന്റെ ജനാല വലിപ്പു മാറ്റി വെള്ളത്തിലേയ്ക്ക് ആകാംഷാ പൂർവ്വം നോക്കിയിരുന്നു .
സാധാരണ പൊന്തേണ്ട സമയമായിട്ടും ഉയർന്നു വരാതിരുന്ന മുഖർജിയുടെ മരണം ഉറപ്പിച്ചയാൾ പാതകത്തിൽ തിളച്ചു നീരാവിയായുയരുന്ന കശുമാവിൻ വാറ്റിലേയ്ക്ക് കണ്ണും ശരീരവും പറിച്ചു കൊണ്ടു പോയി. വിലക്കപ്പെട്ട വെള്ളിയാഴ്ചയുടെ സമയ പരിധി അവസാനിക്കുന്നതിനു തൊട്ടു മുൻപ് മൂന്നാറ്റു മുഖം ഗ്രാമത്തിന്റെ വടക്കേ അതിർത്തിയിലെ കടവിൽ മുഖർജി ഊളിയിട്ടുയർന്നു . തിളയ്ക്കുന്ന വെയിലിൽ ചുട്ടു പഴുത്തു കിടന്ന കരിങ്കല്ലിൽ ഉടുത്തിരുന്ന ഒറ്റ തോർത്തു പാച്ചുടുത്തു കൊണ്ടായാൾ ശീർഷാസനത്തിൽ ഏർപ്പെട്ടു . അനിതര സാധാരണമായ ആ കാഴ്ചകണ്ടു അടുത്തുകൂടിയ ഗ്രാമ വാസികളോടായാൾ ബംഗാളി കലർന്ന മലയാളത്തിൽ പറഞ്ഞു .
ഞാൻ ജലദേവതയെ കണ്ടു ഒരു പാടു സംസാരിച്ചു കടുത്ത മൂന്നു സഹായങ്ങൾ ചെയ്യാൻ അവളെന്നോട് ആവശ്യപ്പെടുന്നു . അവളെന്നെ തന്നെ തിരഞ്ഞെടുത്തിരിക്കുന്നു ആ സഹായം നേടാനായി, അയാളുറക്കെ അട്ടഹസിച്ചു ...
വീണ്ടും വീണ്ടുമയാളാർത്തു ചിരിച്ചു ,ആ ചിരിയൊലികൾ വെള്ളത്തിന്റെ മിനുസമാർന്ന പ്രതലത്തിൽ തട്ടി ഒരായിരം പ്രാവശ്യം പ്രതിധ്വനിച്ചു മുഴങ്ങി . അസമയത്തു കായലിൽ ഇറങ്ങിയ മുഖർജിയുടെ ദേഹത്തു ആന മറുത കൂടിയെന്നു പഴമക്കാർ തറപ്പിച്ചു പറഞ്ഞു . പുതിയ തലമുറയിലെ കുട്ടികൾ മുഖർജിയുടെ തലയിൽ നിന്നും ഒന്നോ രണ്ടോ നട്ട് ഇളകി പോയതേയുള്ളെന്നും കാര്യമാക്കേണ്ടതില്ല എന്നും പറഞ്ഞു തലകീഴായി നിൽക്കുന്ന മുഖർജിയുടെ മുഖം കുനിഞ്ഞു കിടന്നു നോക്കി കൊണ്ടു പിരിഞ്ഞു പോയി . മുഖർജി വൈകുന്നേരം വരെ തല താഴെ കരിങ്കല്ലിൽ കുത്തി ശരീരം മുകളിലേയ്ക്കുന്നി ആ നിൽപ്പു തുടർന്നൂ....
തുടരും.....

Sunday, 2 April 2017

രാജ്യസ്നേഹി ( മിനിക്കഥ )


കിട്ടിയോ ? അവളുടെ കൈകൾ വിറച്ചു ഫോൺ ഇപ്പോൾ താഴേയ്ക്കു ഊർന്നു പോകുമെന്നു തോന്നി .

നീയൊന്നു സമാധാനപ്പെടൂ , ഞാൻ ഒന്നു ശ്രമിച്ചു നോക്കട്ടെ .

അയാൾ ഇടനാഴികളിലൂടെ തീർത്തും ഏകാന്തമായ ആ കോമ്പൗണ്ടിലേയ്ക്കു കയറി .

മെറ്റൽ ഡിക്ടറ്റർ വാതിൽ കടന്നു അകത്തു കടന്നതും മീശയില്ലാത്ത രണ്ടു താടിക്കാർ അയാളെ പിടികൂടി സവിസ്തരം ചോദ്യം ചെയ്തു .

അത്യാവശക്കാരനാണ് കൊടുത്തേയ്ക്കു ! മീശയില്ലാത്ത താടിക്കാർ അകത്തേയ്ക്കു നോക്കി വിളിച്ചു പറഞ്ഞു .

എലീന വാതിലുകളും ജനലുകളും കൊട്ടിയടച്ചു . മണം പുറത്തു പോയാൽ ജീവൻ തന്നെ അപകടത്തിലാകും .
പാതി വെന്തു തുടങ്ങിയ പോത്തിറച്ചി കഷണങ്ങളെ ആർത്തിയോടെ അയാൾ വായിലേയ്ക്കിട്ടു ചവച്ചു .

പാലപ്പവും പാകമായ പോത്തിറച്ചിയും കഴിച്ചു തുടങ്ങിയതും  കവലയിൽ ആ വാഹനം വന്നു നിന്നു . അതിൽ നിന്നും  എല്ലാ വൈകുന്നേരവും   നിർബന്ധമായും ജനങ്ങൾ കേൾക്കേണ്ട ദേശ ഭക്തി  ഗാനം മുഴങ്ങി ,അവർ  ഇരുവരും ഭവ്യതയോടെ എഴുന്നേറ്റു നിന്നു .  പാത്രത്തിലിരുന്നു ആവി പാറുന്ന രാജ്യ സ്നേഹിയായ പോത്ത്  ആ ഗാനം കേട്ട ഭാഗത്തേയ്ക്ക്  "മ്പേ" എന്നലറിക്കൊണ്ടു ഇറങ്ങിയോടി  ...................

Monday, 27 March 2017

മരുഭൂമി നോക്കും ഉപഗ്രഹം (കവിത )മരുഭൂമിയിലേയ്ക്ക് മിഴി തുറന്നിരിക്കുന്ന
മനോഹരിയായ ഒരു ഉപഗ്രഹമാണ് മലനാട് .
മനതാരിൽ ഒപ്പിയെടുക്കപ്പെടുന്ന ചിത്രങ്ങളെ
മിഴിവോടെ പറിച്ചു നടാൻ വെമ്പൽകൊള്ളുന്ന നാട്
മരുഭൂമിയിൽ അംബര ചുംബികളുണ്ടായപ്പോൾ
മലനാട്ടിലും എണ്ണ മണമുള്ള കെട്ടിടങ്ങളുണ്ടായി
മരുഭൂമിയിൽ ഷോപ്പിംഗ് ഉത്സവങ്ങൾ ഉണ്ടായപ്പോൾ
ഉത്സവങ്ങളുടെ നാട്ടിലും വന്നു
ഗ്രാൻഡ് കേരളാ ഷോപ്പിംഗ് ഫെസ്റ്റിവൽ
മരുഭൂമിയിൽ മലയാളികൾ രണ്ടാം പൗരൻമ്മാരായപ്പോൾ
മലനാട്ടിൽ ബംഗാളികൾ രണ്ടിലൊന്നു വീതമായി
തിളയ്ക്കുന്ന വെയിലു പേടിച്ചവർ ഉച്ച വിശ്രമം കൊടുത്തപ്പോൾ
താപ നിലയിലെ വ്യതിയാനം നോക്കി നമ്മളും
പാസാക്കിയൊരു പുതിയ നിയമം
മരുഭൂമിയിൽ മഴയ്ക്കു വേണ്ടിയവർ മേഘം പൊടിച്ചപ്പോൾ
മാറിപ്പോയ മഴ മേഘങ്ങൾക്കു വേണ്ടി നാം ഡ്രൈ ഐസു തേടി
ഭൂമി ഉരുണ്ടാതാണെന്നു പണ്ടാരോ പറഞ്ഞതു
പച്ച പരമാർത്ഥമാണെന്നു സമ്മതിച്ചേ മതിയാവു
ഒരിടത്തു നേരം ഇരുട്ടുമ്പോൾ മറ്റൊരിടത്തു നേരം
പര പരാ വെളുത്തു വരുന്നേയുള്ളുവെന്നു ഞാനുറപ്പിക്കുന്നു .

Saturday, 25 March 2017

ഹൈക്കൂ ചിന്തുകൾമൂന്നാമതൊരാൾ വിധി പറയാനുണ്ടല്ലോ എന്ന 
ആശ്വാസമായിരുന്നു മൈതാനത്തു നിൽക്കുവോളം 
പവലിയനിൽ മാറി കത്തുന്ന വിളക്കിന്റെ 
വിളിക്കു പോവാതെ വിധിയെ 
വിശ്വസിക്കുന്നവരായിരുന്നു എല്ലാ 
കളിക്കാരുമെന്നതിനാൽ
ഞാൻ വിജയിച്ച അമ്പയറായി .
വിശ്വാസം അതല്ലേ എല്ലാം ........

Friday, 24 March 2017

ജഗൻ നിന്നെ ദൈവം രക്ഷിക്കട്ടെഅതൊരു ഉത്സവ റീലീസായിരുന്നു കേരള യൗവന മനസിലേയ്ക്ക് പിന്നീട് തള്ളിക്കയറ്റം നടത്തിയ ഷക്കീല എന്ന മാദക തിടംബിന്റെ ആദ്യ ചിത്രം. ഉത്സവം തുടങ്ങുമ്പോഴാണ് വീട്ടിൽ നിന്നും എന്തെങ്കിലും കാരണം പറഞ്ഞു പുറത്തിറങ്ങാനും ആറുമാദിക്കാനും അവസരമുണ്ടാകുന്നത് .കിട്ടുന്ന അവസരങ്ങളെ മാക്‌സിമം പ്രയോജനപ്പെടുത്താൻ ഞങ്ങൾ സ്ഥലത്തെ നാലു പ്രധാന പയ്യൻസ് കൂടി ഒരു തീരുമാനമെടുത്തു . നാട്ടിലൊക്കെ മാന്യരും സൽസ്വഭാവികളുമായ ഞങ്ങളുടെയുള്ളിലും കൗമാരത്തിന്റെ തരളിത മോഹങ്ങൾ നാമ്പിടുന്നുണ്ടായിരുന്നു . സിൽക്ക് സ്മിതയുടെ ലയനം കണ്ട കൂട്ടുകാരൻ പറഞ്ഞ കഥ കേട്ടപ്പോഴേ ഇനിയെങ്കിലും ഒരു സിൽക്ക് പടം കാണാതിരിക്കുന്നതു ഞങ്ങൾ ഞങ്ങളുടെ പ്രായത്തോടു ചെയ്യുന്ന കടുത്ത വഞ്ചന ആയിരിക്കുമെന്ന് കൂട്ടത്തിലെ ഭക്തനും സെമിനാരിയിൽ പോകാൻ കാത്തിരിക്കുന്നവനുമായ എൽദോസ് പറഞ്ഞപ്പോൾ ഞങ്ങൾ നാലുപേർ ചേർന്നൊരു ഉറച്ച തീരുമാനത്തിലെത്തി . പത്താം ഉത്സവത്തിന് ഉണ്ണി മേനോന്റെ ഗാനമേളയുണ്ട് അത് കേൾക്കാനെന്ന പേരിൽ വീട്ടിൽ നിന്നും മുങ്ങുക .ആലപ്പുഴ രാധയിൽ അന്ന് സെക്കൻഡ് ഷോയ്ക്കു ശേഷം ഒരു സ്പെഷ്യൽ ഷോയുണ്ട് .ഇങ്ങനെ വീട്ടിൽ നിന്നും ഗാനമേള കേൾക്കാൻ വരുന്ന മാന്യന്മാർക്കു വേണ്ടി മാത്രം നടത്തുന്ന ആ പ്രത്യേക ഷോയിൽ ഞങ്ങളുടെ കന്നി മസാല പടം എന്ന സ്വപ്നങ്ങളിലേയ്ക്ക് ആ പേരു തെളിഞ്ഞു വന്നു "പ്ലേ ഗേൾസ് "
ഒരാൾ കയറി ടിക്കെറ്റ് എടുത്ത ശേഷം ഷോ തുടങ്ങുന്നതിനു തൊട്ടു മുൻപോ തുടങ്ങി കഴിഞ്ഞതിനു ശേഷമോ അകത്തേയ്ക്കു കയറുക അതാണ് ഞങ്ങളുടെ ഓപ്പറേഷൻ മൊറാണ്ടി . ആരു ടിക്കെറ്റ് എടുക്കും ? ഞങ്ങൾ നാലു പേരും മാന്യന്മാരും സൽസ്വാഭാവികളുമായിരുന്നതിനാൽ അവിടെ ഒരു തർക്കമുണ്ടായി അവസാനം സെമിനാരിക്കാരൻ എൽദോസ് ഒരു ഉപായം കണ്ടെത്തി ക്രിക്കറ്റ് കളിയിൽ ആദ്യം ബാറ്റിങ്ങിനു ആരിറങ്ങണം എന്നറിയാൻ ബാറ്റു കൊണ്ടു മറച്ചു പിടിച്ചു നാലു നമ്പറുകൾ എഴുതും ഒന്നിൽ തൊടുന്നവൻ ആദ്യം അതുപോലെ എൽദോസ് കൈ കൊണ്ട് മറച്ചു പിടിച്ചു നിലത്തു നാലു നമ്പറുകൾ എഴുതി കൈ കൊണ്ടു മറച്ചു പിടിച്ചു .ഞങ്ങൾ മൂന്നു പേരും ഓരോ നമ്പറിൽ തൊട്ടു എൽദോസിന്റെ മുഖം കടന്നലു കുത്തിയ പോലെ വീർത്തു വരുന്നു .ഒന്നാം നമ്പർ അവനാണ് കിട്ടിയിരിക്കുന്നത് അവൻ തന്നെ ടിക്കെറ്റ് എടുക്കേണ്ടി വരും ഒന്നു ഒഴിവാക്കി തരാൻ അവൻ ഞങ്ങളോടു കെഞ്ചി അപേക്ഷിച്ചു .ഒരു ഒത്തുതീർപ്പിനും ഞങ്ങൾ തയ്യാറായിരുന്നില്ല അവൻ വിധിയെ പഴിച്ചു കൊണ്ടു ഇരുട്ടു കട്ട പിടിച്ച വഴികളിലൂടെ രാധാ കൊട്ടകയുടെ ടിക്കറ്റ് കൗണ്ടറിലേയ്ക്കു നടന്നു .
നാനായുടെയും വെള്ളിനക്ഷത്രത്തിന്റെയും സെന്റെർ പേജിൽ കണ്ട സിൽക്ക് സ്മിതയെ വലിയ സ്‌ക്രീനിൽ ആദ്യമായി കാണാൻ പോകുകയാണ് . രോമകൂപങ്ങൾ ദേശിയ ഗാനം കേട്ട ദേശ സ്നേഹികളെപ്പോലെ എഴുന്നേറ്റു നിൽക്കാൻ തുടങ്ങിയിട്ടു സമയം ഇമ്മിണി ആയിരിക്കുന്നു .ടിക്കറ്റെടുക്കാൻ പോയ എൽദോസ് ചൂളം വിളിക്കുന്നതും കാത്തു ഞങ്ങൾ അക്ഷമരായി നിന്നു . ഇല്ല എൽദോസിന്റെ ചൂളം വിളി പോയിട്ടൊരു ശീൽക്കാരം പോലും ഇത്രയും സമയമായിട്ടും കേൾക്കുന്നില്ല ഒന്നു പോയി നോക്കിയാലോ ഞങ്ങൾ മൂന്നു പേരും ഇരുട്ടു കീറി നീല വെളിച്ചമുള്ള തിയേറ്ററിന്റെ അകത്തേയ്ക്കു കയറി ,തീയേറ്ററിനുള്ളിലെ സൈക്കിൾ പാർക്കിങ്ങിനു മുന്നിൽ നിന്നും എൽദോസ് വലിയ വായിൽ കരയുന്നു . അവന്റെ വെളുത്തു തുടുത്ത കവിളുകളിൽ പപ്പട വലിപ്പത്തിൽ ഒരു കൈപ്പാട്. അവന്റെ ഏങ്ങലടികൾ ഞങ്ങളുടെ രക്തം തിളപ്പിച്ചു . എന്തു പറ്റിയെടാ ! ആരാ നിന്നെ തല്ലിയത് !! പണ്ടേ മൊണ്ണയായ ഇവനെ ടിക്കറ്റെടുക്കാൻ പറഞ്ഞു വിട്ടപ്പോഴേ വിചാരിച്ചിരുന്നതാ ഇതു പോലെ എന്തെങ്കിലും അബദ്ധം .
ദേ ഈ കൊച്ചനെ തല്ലിയ അയാളിപ്പോൾ പുറത്തേയ്ക്കു പോയി , തിയേറ്ററിന്റെ സെക്കൂരിറ്റി കിളവൻ ഞങ്ങളെ നോക്കി പുറത്തേയ്ക്കു കൈ ചൂണ്ടി . ആഹാ അത്രയ്ക്കായോ ഞങ്ങളിൽ ഒന്നിനെ തല്ലിയിട്ടു ചുമ്മാ അങ്ങു പോയാലോ, കൂട്ടത്തിൽ കരാട്ടെയും കുങ്ങ്ഫുവും അറിയാവുന്ന ജിമ്മിൽ പോകുന്ന ജഗൻ അയാളുടെ പിന്നാലെ ഓടി കൂടെ ഞങ്ങളും . ഒരു വളവു തിരിയുന്നിടത്തു വെച്ചു ജഗനയാളെ വട്ടം പിടിച്ചു . ഇടി !! പൊരിഞ്ഞ ഇടി !!!!! ഞങ്ങളുടെ കന്നി ഇടിയാണ്, മൂന്നു പേരും കൂടി വളഞ്ഞിട്ടയാളെ പൊതിരെ തല്ലി . വായിൽ നിന്നും മൂക്കിൽ നിന്നും ചോര ചീറ്റുന്നു .ജഗൻ കരാട്ടെയും കുങ്ഫുവും ജിമ്മും ഒക്കെ അയാളിൽ പരീക്ഷിക്കുന്നു . ഇടി സഹിക്കവയ്യാതെ അയാളെഴുന്നേറ്റു പടിഞ്ഞാറേയ്ക്കോടി . എൽദോസേ നീ പേടിക്കേണ്ടടാ ഞങ്ങളായാളെ ശരിക്കും പഞ്ഞിക്കിട്ടു ! ആപത്തിൽ കൂടെ നിൽക്കുന്നവരാണ് യഥാർത്ഥ സ്നേഹിതൻ എൽദോസിന്റെ കരച്ചിൽ ഉച്ചത്തിലായി .അടി കിട്ടിയതിന്റെ വേദനയിലല്ല അവനിപ്പോൾ കരയുന്നതെന്നു ഞങ്ങൾക്കു തോന്നി . വിമ്മി വിമ്മി അവൻ ഞങ്ങളോടാ സത്യം പറഞ്ഞു "എടാ എന്നെ തല്ലിയത് കൈതവനയിലുള്ള എന്റെ അമ്മാവനായിരുന്നെടാ" ജഗൻ ഇടി വെട്ടേറ്റവനെപ്പോലെ താഴേയ്ക്കിരിക്കുന്നു . ഒരു ലിറ്റർ രക്തത്തിൽ കുളിച്ചു മുൻപേ ഓടിപ്പോയത് എൽദോസിന്റെ ഒറ്റ മൂടു അമ്മാവനായിരുന്നു . അനന്തിരവനെ അസമയത്തു അശ്‌ളീല ചിത്രം കാണുന്ന തീയേറ്ററിൽ കണ്ട അമ്മാവന്റെ പ്രചണ്ഡ പ്രതികരണമായിരുന്നു എൽദോസിനു കിട്ടിയ അടി . പിന്നെ ഞങ്ങൾ ആ സിനിമ കാണാൻ നിന്നില്ല .എൽദോസിന്റെ അമ്മാവൻ തലേന്നു നടന്നതൊന്നും ആരോടും പറഞ്ഞില്ല .എൽദോസ് സെമിനാരിയിൽ ചേർന്നില്ല ,ജീവിതം ഞങ്ങളെ നാലുപാടേയ്ക്കും ചിതറിത്തെറിപ്പിച്ചു .
കഴിഞ്ഞ ദിവസം രാത്രിയിൽ എനിക്കു ജഗന്റെ ഒരപ്രതീക്ഷിത ഫോൺ കാൾ വന്നു അളിയാ എന്റെ കല്യാണമാ നീ വരണം . പെണ്ണ് നിയറിയും നമ്മുടെ എൽദോസിൻറെ കസിനാ ! ഏതു കസിൻ ? അവന്റെ ഒറ്റ മൂട് അമ്മാവന്റെ മകൾ അന്നു നമ്മൾ രാധ തിയേറ്ററിനു മുന്നിലിട്ടു തല്ലിയില്ലേ ഒരു പുള്ളി , പുള്ളിയുടെ മകൾ !!!!. കല്യാണത്തിനു വരാമെന്നുറപ്പു കൊടുത്തു ഫോൺ വെയ്ക്കുമ്പോൾ ഞാൻ മനസ്സിൽ ഓർത്തു ചില പകകൾ ഇങ്ങനെയാണ് കാലമെത്ര കഴിഞ്ഞാലും അതു വീടപ്പെടും . എങ്കിലും എന്റെ അമ്മാവാ ഇങ്ങനെയൊരു പക പോക്കൽ , ജഗൻ പി ചാക്കോ എന്ന എന്റെ പ്രിയ സുഹൃത്തേ നിന്നെ ദൈവം രക്ഷിക്കട്ടെടാ ...................

Wednesday, 22 March 2017

കുരിശുകൾ ഉണ്ടാകുന്നത് .........
ഐപ്പച്ചൻ കുരിശുമെടുത്തു മുന്നോട്ടു നടന്നു .കാലുകൾ തളരുന്നു തൊണ്ട വരളുന്നു അയാളതൊന്നും ഗൗനിക്കുന്നില്ല കർത്താവേ നീ സഹിച്ച പീഡകൾ ഓർക്കുമ്പോൾ ഐപ്പച്ചൻ വഹിക്കുന്ന ഈ കുരിശ് എത്ര നിസ്സാരം .നിലത്തു വീണു പോയേക്കുമെന്നു ഭയന്നെങ്കിലും വേച്ചു വെച്ചയാൾ കുരിശിൻ തൊട്ടിക്കരുകിലെത്തി .നിലത്തു വലിയൊരു കുഴിയുണ്ടാക്കി താൻ ചുമന്നു കൊണ്ടു  വന്ന കുരിശാ കുഴിയിലേയ്ക്കിറക്കി വെച്ചു .

നാട്ടിലിന്നോണം സംഭവിക്കാത്ത കാഴ്ച്ച കാണാനെന്നോണം ജനക്കൂട്ടം ഐപ്പച്ചനു ചുറ്റും തടിച്ചു കൂടി .ഫിലിപൈൻസിൽ ദുഃഖ വെള്ളിയാഴ്ചകളിൽ ക്രിസ്തുവിന്റെ പീഡാനുഭവ വാരത്തിൽ ഇങ്ങനെ ചില ക്രൂശു മരണങ്ങൾ ടി വിയിൽ കണ്ടതായി ജനക്കൂട്ടം ഓർമ്മിച്ചെടുത്തു . എന്നാലീ കാലം തെറ്റിയ കാലത്തു ഐപ്പച്ചൻ എന്തു  പ്രാന്താണ് കാണിക്കാൻ പോകുന്നതെന്നു മനസ്സിലാക്കാതെ ജനക്കൂട്ടം അന്തം വിട്ടു കുന്തം വിഴുങ്ങി നിന്നു .

കുരിശിൻ തൊട്ടിയുടെ മുകൾ പടിയിൽ കയറി നിന്നു തന്റെ ചുറ്റും തടിച്ചു കൂടിയവരോടു ഐപ്പച്ചൻ ഉറക്കെ സംസാരിച്ചു . അപ്പോളയാൾ മലയിലെ പ്രസംഗം നടത്തുന്ന ക്രിസ്തുവായിരുന്നു അഞ്ചപ്പവും മീനുമായി ഏതെങ്കിലും കുട്ടി ആ കൂട്ടത്തിൽ ഉണ്ടോ എന്നയാൾ അന്വേഷിച്ചു .അങ്ങനെ ആരെയും കാണാതിരുന്നതിനാൽ  ജനക്കൂട്ടത്തോടു ക്ഷമ ചോദിച്ചു . ഒരത്ഭുതം ചെയ്യാനുള്ള അവസരം നഷ്ടപ്പെട്ടതിൽ അയാൾക്കു വിഷമം തോന്നിയെങ്കിലും  അടുത്ത പടിയിലേയ്ക്കു കയറി നിന്നയാൾ ഉറക്കെ വിളിച്ചു പറഞ്ഞു ആത്മാവിൽ ദരിദ്രർ ഭാഗ്യവാന്മാർ എന്തു  കൊണ്ടെന്നാൽ  സുലേഖാ  അരിയുടെ വില അൻപതിനോടടുത്തിരിക്കുന്നു .

ഇന്നലെ വരെ തെളിഞ്ഞ ബുദ്ധിയുള്ളവനും ദൈവകാര്യങ്ങളിൽ അതീവ തല്പരനുമായിരുന്ന ഐപ്പച്ചൻ കുരിശിൽ കയറിയ വിവരം  കാട്ടു  തീ പോലെ പടർന്നു പിടിച്ചു . കേട്ടവർ കേട്ടവർ അത്ഭുത കാഴ്ച കാണാൻ കുരിശിൻ തൊട്ടിയിലേയ്ക്കു ഇരമ്പിയാർത്തു വന്നു .കുവൈറ്റിൽ നേഴ്‌സായി ജോലിനോക്കുന്ന ഐപ്പച്ചന്റെ ഭാര്യ അമ്മിണിയും കുസാറ്റിൽ ഇലക്ട്രോണിക്സിൽ എഞ്ചിനീയറിംഗ് പഠിക്കുന്ന മകൾ ആനി ഐപ്പും മൂക്കിപ്പൊടി വലിച്ച  എലികുഞ്ഞിനെപ്പോലെ വെകിളി പിടിച്ചു നാട്ടിലേയ്ക്കു കിട്ടിയ നമ്പറിൽ ഫോൺ വിളിച്ചു . ഐപ്പച്ചന്റെ  സ്ഥിരം കമ്പനിക്കാരായ  ജോയികുട്ടിയോടും , കുട്ടപ്പനോടും പോലും പറയാതെയാണ് ഇങ്ങനെ ഒരു സാഹസത്തിനു മുതിർന്നതെന്നറിഞ്ഞ  അമ്മിണി ഐപ്പ് കുവൈറ്റ് ഐർവേസിൽ വിളിച്ചു എക്കൊണോമി ക്‌ളാസിൽ ഒരു എമർജൻസി ടിക്കറ്റ് ബുക്ക് ചെയ്തു .

ഐപ്പച്ചൻ നാട്ടിയ കുരിശിന്റെ ബലം പരിശോധിക്കാനെന്നവണ്ണം ചിലർ അതിന്റെ ചുവട്ടിൽ നിന്നും വടക്കോട്ടും തെക്കോട്ടും തള്ളി നോക്കി .കോൺക്രീറ്റ് ചെയ്തുറപ്പിച്ച പോലെ മണ്ണിൽ നാട്ടിയ ആ മരകുരിശവിടെ ഇളകാതെ നിന്നു . നമ്മുടെ കർത്താവ് ഉയിർത്തതു  പോലെ ഐപ്പച്ചൻ വലിയവീട്ടിൽ എന്ന ഈ ദൈവദാസനും മൂന്നാം നാൾ ഉയിർക്കും  അതിനുശേഷം ബാക്കി എന്നരുൾചെയ്തു കൊണ്ടു ഐപ്പച്ചൻ കുരിശിൻ തൊട്ടിയുടെ പടിയിൽ നിന്നും  മരക്കുരിശിന്റെ മോന്തായത്തിലേയ്ക്കു വലിഞ്ഞു കയറി . ഫർവാനിയ ഹോസ്പിറ്റലിന്റെ നാലാം നിലയിലുള്ള  ഐ സിയുവിലിരുന്നു അമ്മിണി ഐപ്പ് കണ്ണു  നീർ വാർത്തു കരഞ്ഞു . നല്ല മാണിക്കത്തെ കെട്ടിയോനെയും  കുടുംബത്തെയും ഉപേക്ഷിച്ചു മരുഭൂമിയിൽ വന്ന തനിക്കു ദൈവം തന്ന ശിക്ഷയെക്കുറിച്ചോർത്തു  ഏങ്ങിയേങ്ങി കുണ്ഠിതപ്പെട്ടു .

അപ്പച്ചനു പ്രാന്തായ വിവരം നാട്ടിലുള്ള കാമുകൻ വിളിച്ചറിയിച്ചതിൻ പ്രകാരം ലീവ് ലെറ്റർ കൊടുക്കാതെ ആനിമോൾ ആലപ്പുഴയ്ക്കു വണ്ടി കയറി പോന്നു . ഐപ്പച്ചൻ ഉടുത്തിരുന്ന കാവി മുണ്ടുരിഞ്ഞു കുരിശിന്റെ മോന്തായത്തിൽ കൂടുക്കിയിട്ടു കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്നും എടുത്തു കളയണമേ എന്നൊന്നും ഐപ്പച്ചൻ പ്രാർത്ഥിക്കാൻ നിന്നില്ല .നീട്ടിവളർത്തിയ താടിയില്ലാത്ത കാഷായ ജുബ്ബാ ധാരിയായ പുതിയൊരു ക്രിസ്തു ഒരു കാരണവുമില്ലാതെ കുരിശുമരണം വരിക്കാൻ പോകുന്നതിന്റെ തത്സമയ വീഡിയോ കവറേജിനായി  ചാനലുകാരുടെ ഓബി വാനുകൾ കുരിശിൻ തൊട്ടിക്കു അരികിലായികൊമ്പും  കുഴലുകളുമായി വരി നിന്നു തുടങ്ങിയിരിക്കുന്നു   . പെരുന്നാളു കഴിഞ്ഞു മൂന്നു മാസം കഴിഞ്ഞിട്ടും കുരിശിൻ തൊട്ടിയും പരിസരവും പെരുന്നാളിനുള്ള ആളെ കൊണ്ടു  നിറഞ്ഞു .

ഐപ്പച്ചന്റെ തലയ്ക്കു ചുറ്റും ഇപ്പോൾ ഒരു പ്രകാശ വലയം രൂപപ്പെട്ടു വരുന്നതായി ചിലർ കണ്ടു പിടിച്ചിരിക്കുന്നു . അരുളപ്പാടുണ്ടായവന്റെ നിറവിലാണയാൾ കുരിശുമരണത്തിനെത്തിയതെന്നു ജനക്കൂട്ടവും ചാനലുകാരും പറഞ്ഞു തുടങ്ങിയിരിക്കുന്നു . പത്രോസ് മരിച്ചത് പോലെ കുരിശിൽ തലകിഴുക്കനെ  തൂങ്ങി മരിക്കുമെന്നു ചിലരും അല്ല കുരിശിൽ നിന്നിറങ്ങാതെ പട്ടിണി മരണമാകുമെന്നു മറ്റു  ചിലരും വാദിച്ചു .  ആത്‍മഹത്യ  ഇന്ത്യൻ ഭരണ ഘടനാപ്രകാരം കുറ്റമല്ലെങ്കിലും പരസ്യ മരണം തടയാനായി എത്തിയ പോലീസുകാർ  ഐപ്പച്ചനെ താഴെ ഇറങ്ങാൻ പ്രലോഭിപ്പിച്ചു കൊണ്ടേ ഇരുന്നു .

ജനക്കൂട്ടം കണ്ടതും ഐസുമുട്ടായിക്കാരൻ കൊച്ചാപ്പി സൈക്ക്കിളിൽ കെട്ടിവെച്ച ഐസു മുട്ടായിയുമായും ഭാര്യ  കപ്പലണ്ടി വറുത്തതുമായി ഡിമാൻഡ് ഉള്ളിടത്തു കച്ചവടം എന്ന ലളിത ധനതത്വ ശാസ്ത്രം വളരെ തന്ത്രപരമായി പ്രയോജനപ്പെടുത്തി കൊണ്ടിരുന്നു. സമയം ചിലർക്കു ഒച്ചിനെപ്പോലെയും മറ്റു  ചിലർക്കു അഴിച്ചു വിട്ട പൈക്കിടാവിനെപ്പോലെയും ഓടി കൊണ്ടിരുന്നു . കുരിശിനു മുകളിലിരിക്കുന്ന ഐപ്പച്ചൻ എന്തെങ്കിലും ചെയ്യുന്നതു  കണ്ടിട്ടു പിരിഞ്ഞു പോകാൻ കാത്തിരുന്നവർ നിരാശരായി വീട്ടിലേയ്ക്കു പോകണമോ വേണ്ടയോ എന്നു ശങ്കിച്ചു പിറു പിറുത്തു കൊണ്ടു നിന്നു .

വൈകുന്നേരം ആറു മുപ്പതിന് കുവൈറ്റ് എയർവൈസിന്റെ ബോയിങ് 707 - 230 വിമാനം നെടുമ്പാശേരിയിൽ ലാൻഡ് ചെയ്തു . അപ്പോൾ കേരളാ ഫയർ ഫോഴ്സ് ഐപ്പച്ചനെ താഴെയിറക്കാൻ ബക്കറ്റ് ക്രൈനുള്ള പിക്കപ്പ് കൊണ്ടുവരാൻ എറണാകുളത്തിനു ഇമെയിൽ അയച്ചു കാത്തിരിക്കുകയായിരുന്നു . ഐപ്പച്ചൻ ഇതുവരെ എന്തെങ്കിലും ഒന്നു ചെയ്യാത്തതിനാൽ   ഭയ ഭക്തി ബഹുമാനത്തോടെ  മാത്രം നോക്കി കണ്ടിരുന്ന ജനക്കൂട്ടം താഴെ നിന്നു ചീത്തവിളികൾ ആരംഭിച്ചിരിക്കുന്നു . ഐപ്പച്ചന്റെ തലയ്ക്കു ചുറ്റും രാവിലെ രൂപം കൊണ്ട ഔറാ ഇപ്പോൾ നക്ഷത്രങ്ങളായി അന്തരീക്ഷത്തിൽ അലഞ്ഞു നടക്കുന്നു .

ആർപ്പു വിളികൾ നിറഞ്ഞിരുന്ന കുരിശിൻ തൊട്ടിയും പരിസരവും സ്വിച്ചിട്ട പോലെ നിശബ്ദമമായിരിക്കുന്നു . കെ എൽ 787 എന്ന ടാറ്റാ ഇൻഡികാ കാറിൽ ഫർവാനിയ ഹോസ്പിറ്റലിലെ ഹെഡ് നേഴ്‌സായ അമ്മിണി ഐപ്പും കേരളാ ഫയർഫോഴ്‌സ് ഇമെയിൽ അയച്ചു വരുത്തിയ ക്രൈനുള്ള പിക്കപ്പുഒരുമിച്ചു  വന്നിരിക്കുന്നു .     ഫയർഫോഴ്‌സ് ഉയർത്തി വിട്ട ബക്കറ്റ് ക്രൈനുള്ളിൽ അമ്മിണി ഐപ്പ് പ്രിയതമന്റെ കുരിശിൻ തലപ്പിലേയ്ക്ക് ഉയർന്നു പൊന്തി . കാവി മുണ്ടിന്റെ മോന്തായം  കഴുത്തിലേയ്ക്കു  കുരുക്കി ചാടാനൊരുങ്ങി നിന്ന ഐപ്പച്ചന്റെ അടുത്തേയ്ക്കു അമ്മിണി ഇരു കൈകളും വിടർത്തി  ചെന്നു  . നറുനീന്തി പൂവിന്റെ വാസനയുള്ള അമ്മിണിയുടെ  കക്ഷത്തിലേയ്ക്ക് മുഖമമർത്തി അയാൾ ഒരു കുഞ്ഞാടിനെപ്പോലെ  കുരിശിൽ നിന്നും തൊട്ടിയിലേയ്ക്കിറങ്ങി .

കർത്താവേ ജീവിതത്തിൽ കുരിശുകൾ ഉണ്ടാകുമ്പോൾ അവയെല്ലാം സഹിക്കാൻ നീ ഞങ്ങൾക്കു ശക്തി തരണമേ  . അമ്മിണിയുടെ വക്ഷസിന്റെ ചൂടുപറ്റി കിടന്നയാൾ ഉച്ചത്തിൽ  പ്രാർത്ഥിച്ചു .അപ്പോൾ സ്വർഗത്തിൽ നിന്നൊരു സ്വരം കേട്ടു സീസറിനുള്ളതു സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും .പിന്നെ അവിടെയെങ്ങും അന്ധകാരമായിരുന്നു ................................

Saturday, 18 March 2017

കഥ പറയുന്ന കാടുകൾബിൽഗിരി രംഗന ബേട്ടയിലെ കാടുകളിലേയ്ക്ക് കയറുമ്പോൾ ചിദംബരം സഹപ്രവർത്തകരായ പോലീസുകാരോടു ഒരു കാര്യം തറപ്പിച്ചു പറഞ്ഞു .ജീവനോടെ തിരികെയിറങ്ങാമെന്ന പ്രതീക്ഷ വ്യാമോഹം മാത്രമാണ് എങ്കിലും വിജയിക്കുക അല്ലെങ്കിൽ മരിക്കുക അതാണ് നമ്മുടെ ദൗത്യം . വേലുമണിയും കറുപ്പയ്യനും ,നീലോഫറും ലാഡമിട്ട ബൂട്ടു നിലത്തു ചവിട്ടി ചിദംബരത്തിന്റെ കല്പനയെ സല്യൂട്ടടിച്ചു സ്വീകരിച്ചു . കാട്ടു ചോലയിലെ വെള്ളികെട്ടിയൊഴുകുന്ന പാലരുവിയിൽ ദാഹം തീർത്ത് കൊണ്ടിരുന്ന കുരങ്ങന്മാർ പോലീസിന്റെ കാലടികൾ  മണത്തിട്ടെന്നോണം മരച്ചില്ലകളിലേയ്ക്കു ചാടിക്കയറി .കൂസെ മുനിസ്വാമിയുടെ കണ്ണും കാതും എത്തുന്നയിടങ്ങളാണ്  ബിൽഗിരി രംഗന ബേട്ടയിലെ ഓരോ കാട്ടു പാതകളും . ഈറ്റു  നോവടുത്തു നിൽക്കുന്ന വളർമതിയുടെ നിറവയറിൽ ഉമ്മവെയ്ക്കുമ്പോൾ വേലുമണി മനസ്സിൽ ഉറപ്പിച്ചിരുന്നു . തന്തക്കാലുമായി പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ മുഖം കാണാൻ പോലും തനിക്കു യോഗമുണ്ടാവില്ലന്നു ജ്യോൽസ്യൻ ദൊരൈക്കണ്ണു പറഞ്ഞതിതാ സത്യമാകാൻ പോകുന്നു . ഇന്നേ വരെ വീരപ്പൻ വേട്ടയ്ക്ക് പോയ നൂറോളം പോലീസുകാർ കൊല്ലപ്പെട്ടിട്ടുണ്ട് അവരുടെ ഇടയിലേയ്ക്ക് പുതിയ ദൗത്യ സംഘം എന്ന പേരിൽ  നാലു പേർ കൂടി.

നിലോഫർ നിലത്തു വിരിച്ച കാനനപാതകളുടെ ചിത്രത്തിലേയ്ക്ക് വിരൽചൂണ്ടി ചിദംബരം വീരപ്പന്റെ സങ്കേതമായേക്കാവുന്ന ഇടങ്ങളിലെല്ലാം ഇടിമിന്നൽ പോലെ കടന്നു കയറാനുള്ള നിർദേശങ്ങൾ നൽകി കൊണ്ടിരിക്കെ  വയർലെസ് സെറ്റിൽ കണ്ട്രോൾ റൂമിൽ നിന്നുള്ള സന്ദേശങ്ങൾ എത്തി കൊണ്ടേയിരുന്നു. മനുഷ്യ വാസം അന്യമായ ഉൾകാടുകൾക്കുള്ളിൽ എവിടെയോ കൂടു കെട്ടി സ്വൈര്യ വിഹാരം നടത്തുന്ന കാട്ടു  കള്ളൻ  ഇതു മുപ്പത്തി മൂന്നാം തവണയാണ് ദൗത്യ സംഘങ്ങളെ നിർദയം കൊന്നു തള്ളുന്നത് . ഇനിയും അവസാനിക്കാത്ത  നര നായാട്ടിനൊരന്ത്യം കുറിക്കാൻ ചിദംബരത്തിനെപ്പോലെ നിശ്ചയ ദാർഢ്യമുള്ള മിടുക്കരെ  കൊണ്ടേ കഴിയൂ എന്ന തോന്നലായിരിക്കണം സകല ആയോധന കലകളിലും നിപുണരായ നാലംഗ സംഘത്തെ  തന്നെ ഈ ദൗത്യത്തിനായി തിരഞ്ഞെടുത്തു വിട്ടിരിക്കുന്നത് .

സംരക്ഷിത കടുവ സങ്കേതമാണ് ബിലിഗിരിരങ്കന ബേട്ട  വന മേഖല ,ഏതു വിധേനയുള്ള പുലിയാക്രമണത്തെയും സ്വയം പ്രതിരോധിക്കുക ഏതൊരു അവസ്ഥയിലും പുലികൾക്കു നേരെ നിറയൊഴിക്കുകയോ  കൊലപ്പെടുത്തുകയോ ചെയ്യാൻ  അനുവാദമില്ല . സമാന്തര പട്ടാളവുമായി വിലസുന്ന കൂസൈ   മുനിസാമിയുടെ കൈയ്യിൽ പെട്ടില്ലെങ്കിൽ പുലികളുടെ ആക്രമണത്തിൽ മരണം ഉറപ്പിച്ചിട്ടാണ് ദൗത്യ സേനയുടെ മുന്നോട്ടുള്ള യാത്രകൾ . മുന്നേ നടന്നിരുന്ന  കറുപ്പയ്യന്റെ അപ്രതീക്ഷിതമായ തിരോധാനം ദൗത്യ സംഘത്തെ പെട്ടന്ന് ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നു . ഒരു അപശബ്ദം പോലും ഇല്ലാതെയാണ് ഇത് വരെ തങ്ങളുടെ കൂടെ നടന്ന  കറുപ്പയ്യൻ കൂട്ടത്തിൽ നിന്നും അപ്രത്യക്ഷനായിരിക്കുന്നത്   . അപകടം പതിയിരിക്കുന്ന വഴികളിലൂടെയാണ് മുന്നോട്ടുള്ള യാത്രകളെന്നു ചിദംബരവും സംഘവും വളരെ വേഗം   തിരിച്ചറിഞ്ഞിരിക്കുന്നു. ചുറ്റും പതിയിരിക്കുന്ന ചാവേർ പടയുടെ കൈകളിലെ വിഷം പുരട്ടിയ അമ്പുകളിൽ  ഒന്നാവണം  കറുപ്പയ്യന്റെ ജീവൻ അപഹരിച്ചിരിക്കുന്നത് . മൂന്നു  ഫർലോങ് പിന്നോട്ടു നടന്നും  കറുപ്പയ്യന്റെ  മൃതദേഹത്തിനു വേണ്ടി പരതി നോക്കി . വേലുമണിയും നീലോഫറും ദൗത്യം തുടരാൻ നിർബന്ധിച്ചപ്പോൾ മാത്രമാണ് ചിദംബരം  ആ ശ്രമമുപേക്ഷിച്ചു മുന്നോട്ടു നടന്നത് .

ചിലപ്പോൾ ഭയപ്പെടുത്തുന്ന നിശബ്ദത ,ചിലപ്പോൾ അസഹ്യമായ അലറലുകൾ ,കാടു കാടാകുന്നത് ഇത്തരം വ്യത്യസ്‍തകളിലൂടെയാണെന്നു  ചിദംബരത്തിനു തോന്നി . വിവാഹ പ്രായമായ രണ്ടു പെൺകുട്ടികളുടെ പിതാവായ തനിക്ക്   ഇനിയൊരിക്കലെങ്കിലും  അവരെ കാണാൻ കഴിയുമോ എന്നൊന്നും ദൗത്യമേറ്റെടുക്കുമ്പോൾ  അയാൾ ചിന്തിച്ചതേയില്ല പക്ഷെ ഇപ്പോൾ ഒരു ചെറിയ ഭയം മനസ്സിന്റെ കോണിൽ എവിടെയോ  നാമ്പിടുന്നതു പോലെ, കൂടെ നടന്ന കറുപ്പയ്യൻ പാതി വഴിയിൽ എവിടെയോ മരിച്ചു വീണിരിക്കുന്നു  . മുന്നോട്ടുള്ള യാത്രയിൽ തങ്ങളിൽ അവശേഷിക്കുന്നവരോരോരുത്തരും വീണു പോയേക്കാം  . 

നിലോഫർ,വീരമണി  നിങ്ങൾക്കു  പേടിയാകുന്നുണ്ടോ ?

 സ്വയം ആശ്വസിപ്പിക്കാനെന്നവണ്ണം ചിദംബരം സഹപ്രവർത്തകരോടു ചോദ്യമെറിഞ്ഞു . ലാഡമിട്ട നാലു ബൂട്ടുകൾ തറയിൽ ആഞ്ഞു ചവിട്ടി ഒരേ സ്വരത്തിൽ മറുപടി വന്നു .

ഇല്ല സാർ , ഒന്നുകിൽ ലക്ഷ്യം അല്ലെങ്കിൽ മരണം .

ഇടതൂർന്നു  തടിച്ച രോമകൂപങ്ങൾക്കു കീഴെയുള്ള ചുണ്ടു വിടർത്തി ചിദംബരം ഉറക്കെ ചിരിച്ചു. ഇരപിടിക്കുന്ന മൃഗങ്ങൾക്കൊരു  പ്രത്യേകതയുണ്ട് അവ   വിശന്നാൽ മാത്രമേ ഇരതേടി പുറപ്പെടൂ . നാളേയ്ക്ക് കരുതി വെയ്ക്കുന്ന ഒരു ശീലം മനുഷ്യനിലേതു പോലെ മൃഗങ്ങൾക്കില്ല . മുന്നോട്ടുള്ള യാത്രയിൽ ഒന്നിലധികം തവണ കടുവകളെ കണ്ടെങ്കിലും അവയെല്ലാം പേടിച്ചിട്ടെന്നോണം വഴിമാറി പോകുന്നത് ദൗത്യ സംഘം കൗതുകത്തോടെ കണ്ടു നിന്നു . 332 കിലോമീറ്ററോളം നീളമുള്ള കാട്ടിൽ പാതി വഴിയോളം പിന്നിട്ടിരിക്കുന്നു  . വീരപ്പൻ എന്ന കാട്ടു കള്ളൻ അടുത്ത ലാവണം തേടി സഞ്ചരിച്ചിട്ടുണ്ടാവണം .കടിഞ്ഞൂലിന്റെ മുഖം കണ്ട ശേഷം മരിക്കാമെന്നോർത്തപ്പോൾ ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിൽ വീരമണി ഊറി ചിരിച്ചു  . 

ചന്ദന മരങ്ങൾ ഇടതൂർന്നു വളരുന്ന കാടിനു നാടുവിലെവിടെയോ മനുഷ്യ വാസമുള്ളതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയിരിക്കുന്നു . പെട്ടന്ന് ഇരുളിൽ നിന്നൊരു രൂപം അവർക്കു മുന്നിലേയ്ക്ക് ചാടി വീണു എന്തെങ്കിലും ചെയ്യാൻ കഴിയും മുൻപ് മൂന്ന് തവണ വെടി പൊട്ടിയിരിക്കുന്നു . നീലോഫറും വീരമണിയും ചിദംബരത്തെ സുരക്ഷിത സ്ഥാനത്തേയ്ക്ക്  മാറ്റിയെന്നുറപ്പു വരുത്തിയിരിക്കുന്നു . കനത്ത നിശബ്ദത വീരപ്പനും സംഘവും ഒരു വിളിപ്പാടകലെ എത്തിയിരിക്കുന്നു  . വീരമണി തന്റെ വിധി മുന്നേ പ്രവചിച്ച ജ്യോത്സ്യന്റെ മുഖം ഒന്നു  കൂടി മനസ്സിലോർത്തു . വലിയ ആൾബലവും സമാന്തര സൈന്യം തന്നെ ഉള്ള വീരപ്പന്റെ സേന ശുഷ്കിച്ചു ശൂന്യമായിരിക്കുന്നു  കാരണം ഒന്നോ രണ്ടോ ആൾ മാത്രമാണ് അപ്പുറത്തെ ഒളിയുദ്ധത്തിനു നേതൃത്വം നൽകുന്നത്  .

"വീരപ്പൻ കീഴടങ്ങുന്നതാണ് നിങ്ങൾക്കു നല്ലത് "

ചിദംബരത്തിന്റെ നൂറു ഡെസിബെൽ ശബ്ദം കാനനാന്തരങ്ങളിൽ പ്രതിധ്വനിച്ചു മുഴങ്ങി .

ഒരാട്ടഹാസമാണ് അതിനു മറുപടിയെന്നോണം  വന്നത് ,തങ്ങൾക്കു പരിചിതമായ ഒരട്ടഹാസം.

വീരപ്പനോ ? അയാളെന്നേ മരിച്ചിരിക്കുന്നു നിങ്ങൾ തിരയുന്ന ആൾ ഒരിക്കലും ഉണ്ടായിരുന്ന ഒരാളേയല്ല  !

ചിദംബരം വായുവിൽ മുന്നോട്ടാഞ്ഞു പിന്നാലെ വീരമണിയും നീലോഫറും . 

നീലോഫറിന്റെ തോക്കിൽ നിന്നും നാലുപാടും വെടിയുണ്ടകൾ ചിതറിത്തെറിച്ചു .മുപ്പത്തി മൂന്നു ദൗത്യ സംഘങ്ങൾ  പരിശ്രമിച്ചിട്ടും നടക്കാതെ പോയ സ്വപ്ന നേട്ടം കൈയെത്തും ദൂരെ വന്നിരിക്കുന്നു .

വീരപ്പൻ നിങ്ങൾക്കു കീഴടങ്ങാൻ ഒരവസരം കൂടി തരുന്നു ,ജീവനോടെ താങ്കളെ പിടികൂടണമെന്നാണ് ഞങ്ങൾക്കു  കിട്ടിയിരിക്കുന്ന നിർദേശം താങ്കൾ അക്രമത്തിനു മുതിർന്നാൽ ഞങ്ങളുടെ മുന്നിൽ വേറെ വഴിയില്ല  . 

ചിദംബരത്തിന്റെ നിർദേശം മുഴങ്ങി തീർന്നതും ഇരുളിന്റെ മറവിൽ നിന്നൊരാൾ ഉറക്കെ ചിരിച്ചു കൊണ്ടു വെളിച്ചത്തിലേയ്ക്കു  വന്നു.

ചന്ദന സുഗന്ധമുള്ള   കാറ്റു വീശുന്നതിനോടൊപ്പം വെളിച്ചം ആ മുഖത്തേയ്ക്കു അരിച്ചിറങ്ങി . ആ മുഖം കണ്ട നീലോഫറും വീരമണിയും പേടിച്ചു പിന്നോക്കം മാറി . റിവോൾവർ വീണ്ടും ഗർജ്ജിച്ചു ചിദംബരത്തിന്റെ ഹൃദയം തുളച്ചൊരു ബുള്ളറ്റ് കടന്നു പോയി . പോക്കറ്റിൽ കിടന്ന അഞ്ചു രൂപയുടെ നാണയത്തുട്ടുകളിൽ ഒന്ന് ആ ഹൃദത്തോളം ആഴ്ന്നിറങ്ങി .

ഇടയ്ക്കു വെച്ചു മരിച്ചു പോയെന്നു ഭയപ്പെട്ട കറുപ്പയ്യൻ ഉച്ചത്തിൽ ചിരിച്ചു കൊണ്ടു പിറു പിറുത്തു . വീരപ്പൻ, എല്ലാ കള്ളന്മാരുടെയും പേരാണത് . ആർക്കൊക്കെ കാടു  കയറി മോഷ്ട്ടിക്കണമെന്നു തോന്നുന്നുവോ അപ്പോഴൊക്കെ  വളരെ സമർത്ഥമായി ഉപയോഗിക്കപ്പെട്ട പേര് .ഇപ്പോളയാൾ സത്യമംഗലം കാട്ടിലാണ് ,നാളെ മാല മഹദേശ്വര ബേട്ടയിലേയ്ക്കും അങ്ങനെ പണം വിളയുന്ന എല്ലാ കാടുകളിലേയ്ക്കും അയാൾ കുടിയേറും .

തോക്കുകൾ തീതുപ്പി ഭൂമിയിൽ നിന്നും  വരുന്ന വെടിയുണ്ടകളെ ഏറ്റു  വാങ്ങാൻ മേഘം താഴേയ്ക്കിറങ്ങി വന്നു. ബിൽഗിരിരംഗന ബേട്ടയിലെ കാടുകളിൽ മഴ തിമിർത്തു പെയ്തു . വിളഞ്ഞ ചന്ദന മരങ്ങളിൽ മൂന്നെണ്ണം ചുവടോടെ പിഴുതെറിയപ്പെട്ടു .വീരമണിയുടെ വിധി പ്രവചിച്ച ജ്യോൽസ്യൻ ദൊരൈ സ്വാമി തനിക്കു സംഭവിച്ച കൈപ്പിഴ മാറ്റി എഴുതി. വായിൽ വെള്ളിക്കരണ്ടിയുമായി പിറന്നു വീണ കടിഞ്ഞൂലിന്റെ നൂലു  കെട്ടു  കഴിഞ്ഞതും  ഓപ്പറേഷൻ കൊക്കൂണിലേയ്ക്കുള്ള ദൗത്യ സംഘത്തിലും വീരമണിയും കറുപ്പയ്യനും നീലോഫറും ഉണ്ടെന്ന സന്തോഷ വാർത്തയുമായി  പ്രത്യേക ദൗത്യ സേനാ താവളത്തിലെ ടൈപ്പ് റൈറ്റർ താളത്തിൽ  ചലിച്ചു കൊണ്ടിരുന്നു .
  

Wednesday, 15 March 2017

മുല്ലപ്പൂപ്പുഞ്ചിരി

ഇതും പെണ്ണാണെങ്കിലോ ? ശാലിനിയുടെ ആശങ്ക കലർന്ന ചോദ്യം കേട്ടതും അയാൾ മ്ലാന വദനനായി .
ഇല്ല, ഉണ്ണിക്കണ്ണൻ ഇനിയും  നമ്മെ പരീക്ഷിക്കില്ല , ഇനി വരുന്നത് ഉണ്ണിക്കണ്ണനാ എനിക്കുറപ്പാ പ്രകാശൻ സംശയ ലേശമെന്യേയാണത് പറഞ്ഞതെങ്കിലും ഒരു സന്ദേഹം വന്നത് പോലെ തുടർന്നു, അടുത്ത തവണ സ്കാനിങ്ങിനു  പോകുമ്പോൾ നമുക്കയാളോട് ചോദിക്കാം . ആയിരം രൂപാ രഹസ്യമായി കൊടുത്താൽ അയാൾ പറയും മോളിക്കുട്ടിയുടെ മൂന്നാം ഗർഭം നേരത്തെ അറിഞ്ഞത് എങ്ങനെയാ ,അവളുടെ കെട്ടിയോൻ രഹസ്യത്തിൽ റേഡിയോഗ്രാഫർക്കു കൈക്കൂലി കൊടുത്തു .
ഇനിയെങ്ങാനും പെണ്ണാണെന്നറിഞ്ഞാൽ ശാലിനി സംശയം കൂറി,
പ്രകാശൻ പ്രകാശം നഷ്ട്ടപ്പെട്ടവനേപ്പോലെ മുഖം താഴ്ത്തിയിരുന്നു .
ശാലിനിയുടെ സംശയത്തിൽ  ദേഷ്യപെട്ടിട്ടെന്നോണം   അടിവയറു നോക്കിയൊരാൾ അകത്തു നിന്നും   തൊഴിച്ചു .
അഹ് ! ഇവൻ ചെക്കനാ പ്രകാശേട്ടാ, കണ്ടില്ലേ എന്ന ചവിട്ടാ ചവിട്ടുന്നെ !
ശാലിനിയുടെ വയറു തടവി കൊണ്ടയാൾ മെല്ലെ  വയറിലേയ്ക്ക്  ചെവി ചായ്ച്ചു.  ബഹളം കേൾക്കുന്നു  ചട്ടമ്പിയാണെന്നാ തോന്നുന്നേ   അയാൾ സ്വയം ആശ്വസിച്ചു .
അച്ഛാ... ഒരു ചിണുങ്ങലോടെ പാറുക്കുട്ടി ഓടി അരികിലെത്തി
പാറുകുട്ടിക്കു അനിയനെ വേണോ അനിയത്തിയെ വേണോ ?
അനിയത്തിയെ , യാതൊരു സങ്കോചവുമില്ലാതെ അവൾ പറഞ്ഞതും  ശാലിനിയുടെ വയറിൽ നിന്നും തലയുയർത്തി അയാൾ പുറത്തേയ്ക്കു പോയി .
അച്ഛന് ആൺ വാവയെ ആണോ അമ്മേ ഇഷ്ട്ടം പാറു അമ്മയുടെ കരവലയത്തിനുള്ളിൽ നിന്നു നിഷ്കളങ്കം ചിരിച്ചു .
ഇനിയും പെൺകുഞ്ഞുണ്ടായാൽ കെട്ടിച്ചു വിടാൻ അച്ഛൻ ഒരു പാടു കഷ്ട്ടപെടണം അതുകൊണ്ടു ഇനി നമുക്കൊരു ആൺ വാവ മതി .മോൾക്ക് കളിപ്പിക്കാൻ ഒരു കുഞ്ഞു അനിയൻ വാവ .
പാറുകുട്ടിക്കു ദേഷ്യം വന്നു മോളിയാന്റിയുടെ കുറുമ്പൻ വാവ കാട്ടുന്ന കുറുമ്പുകൾ കണ്ടിട്ടില്ലേ എല്ലാ ആൺ വാവകളും കുറുമ്പന്മാരാ എനിക്കൊരു അനിയത്തി വാവയെ മതി .കട്ടിലിനടിയിൽ നിന്നുമെടുത്ത  തന്റെ ബാർബി പാവയെ അമ്മയുടെ ഉദരത്തോടു  ചേർത്തു വെച്ച് കൊണ്ട് പാറൂ ഈണത്തിൽ വിളിച്ചൂ ചേച്ചമ്മേടെ പിപ്പിക്കുട്ടീ പിപ്പി  വാവേ ...

അമ്പലപ്പുഴ ഉണ്ണിക്കണ്ണനു പൊന്നു കൊണ്ട് ആൾരൂപമൊന്നു നേർന്നാണ് മൂന്നാമത്തെ സ്കാനിങ്ങിനായി വീട്ടിൽ നിന്നിറങ്ങിയത് . ജലദോഷത്തിനു പോലും സ്കാനിങ് നിർദേശിക്കുന്ന ഡോക്ക്ട്ടർമാരുടെ നാട്ടിൽ സ്കാനിങ് സെന്ററിലെ തിരക്കിൽ അവർ ഊഴമെത്തുന്നതും കാത്തിരുന്നു . ശാലിനിക്കു മുന്നിലിരിക്കുന്ന വെളുത്തു മെലിഞ്ഞ സ്ത്രീയുടെ നാലാമത്തെ പ്രസവം ആണത്രേ ആദ്യത്തെ മൂന്നും ആൺ കുട്ടികളായതിനാൽ ഒരു പെണ്ണ് വേണമെന്ന് പുള്ളിക്കാരന് നിർബന്ധം . പ്രകാശൻ അസൂയയോടെ മെലിഞ്ഞ പെൺകുട്ടിയുടെ കെട്ടിയോനെ  നോക്കി  അയാൾ ബുദ്ധനെപ്പോലെ പ്രകാശിക്കുന്നതായി കാണപ്പെട്ടു . ആൺകുട്ടികളുടെ തന്തയാകുക ഒരു കഴിവു തന്നെ കൊള്ളി വെക്കാനൊരാളില്ലാതെ അലയുന്ന ആത്മാവിന്റെ നിലവിളി പ്രകാശന്റെ ഹൃദയത്തിലെവിടെയോ പെരുമ്പറ കൊട്ടും പോലെ മുഴങ്ങി .

ഹിന്ദിക്കാരൻ റേഡിയോഗ്രാഫറുടെ ഹിന്ദിയിലുള്ള ചീത്തവിളി കേട്ടാണ് പ്രകാശൻ ഈ ലോകത്തേയ്ക്ക് തിരിച്ചു വന്നത് . ആരോ അയാൾക്ക് കുട്ടിയെന്തെന്നു അറിയാൻ കൈക്കൂലി കൊടുക്കാൻ ശ്രമിച്ചത്രേ ഇപ്പോൾ പോലീസ് വരുമെന്നാണ് അറ്റൻഡർ പറയുന്നത് . പാവം ലിംഗ കൗതുകി വിറച്ചു കൊണ്ടു റിസപ്‌ഷൻ കൗണ്ടറിനു മുന്നിൽ നിൽക്കുന്നു ഭാര്യ കൂടെ ഇല്ലായിരുന്നെങ്കിൽ അയാൾക്ക് എങ്ങോട്ടെങ്കിലും ഓടി രക്ഷപെടാമായിരുന്നു  . അപ്പോൾ മോളികുട്ടിയുടെ കെട്ടിയോൻ കൈക്കൂലി കൊടുത്തതോ ? ആൺ കുഞ്ഞാണെന്നു മുൻപേ അറിഞ്ഞതോ ? കൈക്കൂലി വാഗ്ദാനം ചെയ്തയാളിന്റെ നിറവയറുള്ള ഭാര്യയുടെ കരച്ചിലിൽ മനം അലിഞ്ഞ ഹിന്ദിക്കാരൻ പോലീസിനെ വിളിച്ചില്ല .  സ്കാനിംഗ് റൂമിലേയ്ക്ക് കയറുമ്പോൾ ഒരക്ഷരം ചോദിക്കരുതെന്നു ശാലിനി ചട്ടം കെട്ടി .പലതവണ അയാളുടെ വായിൽ നിന്നും അത് പുറത്തു ചാടും എന്ന് തോന്നിച്ചപ്പോഴൊക്കെ ശാലിനി വലതു കൈയിൽ അമർത്തി നുള്ളി . ഇനി രണ്ടു മാസം അതിനപ്പുറം നമ്മുടെ ആകാംഷയ്‌ക്ക്‌ ആയുസുണ്ടാവില്ല ഇത്രയും കാത്തില്ലേ ശാലിനി കണവന് സൽബുദ്ധി ചൊല്ലിക്കൊടുത്തു സമാശ്വസിപ്പിച്ചു .

'അമ്മ തയ്ക്കുന്ന ആണുടുപ്പുകൾക്കു മുകളിൽ പാറുക്കുട്ടി സ്കെച്ച് പെന്നുകൾ കൊണ്ട് വർണ്ണം ചാർത്തി . കുഞ്ഞനിയത്തി വരുമ്പോൾ പാടി പഠിപ്പിക്കാൻ ജൂലീ  മിസ് പഠിപ്പിച്ച  പാട്ട് ഈണത്തിൽ കാണാതെ പഠിച്ചു വെച്ചു . ശാലിനിയമ്മയ്ക്ക് നടക്കാനും ഇരിക്കാനും വയ്യാതെ വയറു വീർത്തു വന്നപ്പോൾ അച്ഛൻ സഹായത്തിനു ഡാകിനിയാമ്മുമ്മയുടെ മുഖമുള്ള  ഒരു വയസ്സിത്തള്ളയെ കൊണ്ട് വന്നു . മന്ത്രവാദിനിയുടെ മുഖമുള്ള ആ കിഴവി പാറുകുട്ടിയെ നോക്കി പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല .

പ്രകാശൻ ഇരുന്നിടത്തു നിന്നെഴുന്നേറ്റു ,പിന്നെയുമിരുന്നു അല്ല ഇരിപ്പുറയ്ക്കുന്നില്ല ഒരു മതിലിനപ്പുറം ശാലിനിയുടെ കരച്ചിലിന്റെ ഞരക്കങ്ങൾ  ആരംഭിച്ചിരിക്കുന്നു . നേർത്ത രോദനങ്ങളിൽ നിന്നും തീവ്രമായ അലറിക്കരച്ചിലുകൾ  അസ്വസ്ഥമാക്കിയപ്പോൾ പ്രകാശൻ ലേബർ റൂമിന്റെ ഡെറ്റോൾ മണമുള്ള ഇടനാഴിയിലൂടെ  മുന്നോട്ടു നടന്നു . ശാലിനിയുടെ തുണി ബാഗ് ഡാകിനിയുടെ മുഖമുള്ള വയറ്റാട്ടി തള്ള അരയ്ക്കും നെഞ്ചിനു ഇടയിൽ ചേർത്തു വെച്ച് കൊണ്ട് അതിലേയ്ക്ക്  തലയമർത്തി മയക്കത്തിലേയ്ക്ക് വഴുതി വീണു .

നേവി കട്ട് വിൽസ് പാക്കിലെ ഇരുപതാമത്തെ സിഗരറ്റിന്റെ അവസാന പുകയും തീർന്നെന്നു ഉറപ്പു വന്ന ശേഷം അയാൾ  ലേബർ റൂമിന്റെ വാതിലിൽ ശക്തിയായി മുട്ടി . പച്ചയുടുപ്പിട്ട മധ്യവയസ്ക്കയായ നേഴ്സ് വാതിൽ തുറന്നതും പ്രകാശൻ പരിഭ്രാന്തനായപോലെ പറഞ്ഞു . ഇനിയും പ്രസവിച്ചില്ലെങ്കിൽ ഓപ്പറേഷൻ നടത്തിക്കോളൂ ഡോക്റ്റർ  അവളെ ഇങ്ങനെ ഇട്ടു വേദന തീറ്റിക്കാതെ . ഇതൊക്കെ ഒരു പാടു കേട്ടിട്ടുണ്ടെന്ന ഭാവത്തിൽ ഒന്നും പറയാതെയാ പച്ച പുതച്ച രൂപം  വാതിൽ കൊട്ടിയടച്ചു .ഡാകിനി മുഖമുള്ള വയറ്റാട്ടി പ്രകാശനെ കൈ കാട്ടി അടുത്തു വിളിച്ചു സ്വാന്തനിപ്പിച്ചു . 77 വയസ്സിനുള്ളിൽ നൂറിലധികം ജനനം കണ്ടതും പരിചരിച്ചതുമാണ്  ഇച്ചിരി സമയം കൂടി കാത്താൽ മതി ആ കരച്ചിൽ കേട്ടാൽ എനിക്കറിയാം .

ഒരു പ്രവചനം പോലെ വയറ്റാട്ടി തള്ള പറഞ്ഞു നാക്കു പിൻവലിച്ചതും ഒരു കൊച്ചു കരച്ചിൽ അന്തരീക്ഷത്തിൽ മുഴങ്ങി . "പെൺകുട്ടിയാ " വയറ്റാട്ടി തള്ള കാണാതെ വെറും കരച്ചിൽ കേട്ടു തിരിച്ചറിഞ്ഞിരിക്കുന്നു .പ്രകാശന് ദേഷ്യം ഇരച്ചു കയറി ,പറഞ്ഞതു ഇഷ്ടപ്പെട്ടില്ല എന്ന മട്ടിൽ  ക്രൂദ്ധയായി കിളവിതള്ളയെ നോക്കി . ഒന്നും പറഞ്ഞിട്ടേ ഇല്ല എന്ന മട്ടിൽ അവർ മടിയിലിരുന്ന തുണി  സഞ്ചിയിൽ നിന്നും പെറ്റ  പെണ്ണിന് വേണ്ട വെള്ളത്തുണികൾ വലിച്ചു പുറത്തേയ്ക്കിട്ടു .

ലേബർ റൂമിന്റെ വാതായനങ്ങൾ തുറക്കപ്പെട്ടു .പച്ച ഉടുപ്പിട്ട മധ്യ വയസ്ക്ക കൂടുതൽ വെള്ള തുണി ആവശ്യപ്പെട്ടുകൊണ്ട് ആവേശത്തോടെ പറഞ്ഞു ശാലിനി പ്രസവിച്ചു  "പെൺകുട്ടിയാ ".കാറ്റഴിച്ചു വിട്ട ബലൂൺ പോലെ പ്രകാശൻ കസേരയിലേയ്ക്കിരുന്നു . ഒന്നും എഴുതാത്ത കടലാസു കഷണം പോലെ അയാളുടെ ഹൃദയം ചിന്താ രഹിതമായി . കസേരയിൽ ഉറങ്ങുകയായിരുന്ന പാറുക്കുട്ടി ഉണർന്നിരിക്കുന്നു അവളെ എടുത്തു  ഇരുത്തിയതും പച്ച പുതച്ച മധ്യ വയസ്ക്ക  വെള്ളത്തുണിയിൽ പൊതിഞ്ഞ ഒരു  ചെറിയ കെട്ടു പ്രകാശനു  നേരെ നീട്ടി . ചോരിവാ വക്രിച്ചാ പൈതൽ അയാളെ നോക്കി ചിരിച്ചു .ഒരു കണ്ണാടിയിലെന്ന പോലെതന്റെ മുഖ സാദൃശ്യമുള്ളവളെ   നോക്കിയയാൾ നിർന്നിമേഷനായി നിന്നു  .ഒരു ചിരിയിൽ മുൻപുണ്ടായിരുന്ന ഇച്ഛ ഭംഗമെല്ലാം  അലിഞ്ഞു ഇല്ലാതായത്  പോലെ അയാൾക്ക് തോന്നി .പാറുകുട്ടിയുടെ മടിയിൽ കുഞ്ഞനിയത്തിയെ വെച്ചപ്പോൾ ചേച്ചമ്മയുടെ അധികാരത്തിൽ അവൾ കുഞ്ഞു പിപ്പിക്കുട്ടിയുടെ കവിളിൽ  ഉമ്മവെച്ചു .ഡാകിനി തള്ള ഓടി വന്നു കുട്ടിയെ ഏറ്റു  വാങ്ങിയൊരു ശ്ലോകം ചൊല്ലി സംസ്കൃതമോ ദേവനകാരികമോ ആയതിനാൽ പ്രകാശനതു മനസ്സിലായില്ല.
   
കടുത്ത അപരാധം ചെയ്തവളെപോലെ കിടന്ന ശാലിനിയുടെ കട്ടിലിനരുകിലിരുന്നു കുഞ്ഞു പാറുക്കുട്ടി അനിയത്തിക്കുവേണ്ടി പഠിച്ച പാട്ടു ഈണത്തിൽ  പാടി
"മുല്ലപ്പൂവേ ചോദിക്കട്ടെ നിന്നോടൊരു കാര്യം
നിനക്കിടാനീ വെള്ളയുടുപ്പു തുന്നിയതാരാണ്"
പ്രസന്ന വദനനായ പ്രകാശനെ കണ്ടതും ശാലിനിക്കു  ശ്വാസം നേരെ വീണു,  ശേഷം പ്രകാശനും ശാലിനിയും പാറുകുട്ടിയോടൊപ്പം  ആ പാട്ടേറ്റു പാടി .പിന്നൊരു ചിരിയായിരുന്നു ഒരിക്കലും നിലയ്ക്കാത്ത സംഗീത മധുരിമ നിറഞ്ഞ ആനന്ദത്തിന്റെ മുല്ലപ്പൂപ്പുഞ്ചിരി .

Tuesday, 14 March 2017

മിന്നാമിന്നിയും കാട്ടു തീയും ( കുഞ്ഞി കഥ )


ഒരിടത്തൊരിടത്തു കാട്ടിൽ ഒരു പറ്റം  മിന്നാമിന്നികളുണ്ടായിരുന്നു  .
ചിറകുകൾക്കുളളിൽ പ്രകാശവുമായി പാറി പറക്കുന്ന മിന്നാമിന്നി  ക്കൂട്ടം
 വലിയ അഹങ്കാരികളായിരുന്നു .  തങ്ങളോളം സൗന്ദര്യമുള്ള
ആരും  തന്നെ ഈ കാട്ടിൽ ഇല്ലെന്നും രാത്രിയിൽ ഞങ്ങൾ
പുറത്തിറങ്ങുന്നത് കൊണ്ടു  മാത്രമാണ് കാട്ടിലെല്ലാം
വെളിച്ചമുണ്ടാകുന്നതെന്നും അവർ വൃഥാ വിശ്വസിച്ചു പോന്നു .
മറ്റു ജീവ ജാലങ്ങളിൽ നിന്നും അകന്നു ജീവിച്ചിരുന്ന അവർ
കാട്ടിലെ ഒരു നിയമവും അനുസരിച്ചിരുന്നില്ല . പകൽ മുഴുവൻ
 കാട്ടിൽ ഇരതേടി തളർന്നുറങ്ങുന്ന  മൃഗങ്ങളുടെ
സ്വകാര്യത മാനിക്കണമെന്നും പ്രകാശം പരത്തിക്കൊണ്ടു
എല്ലാ സമയവും ഇരുട്ടിൽ ഇറങ്ങിയാൽ മറ്റു മൃഗങ്ങൾക്കു അതൊരു
ശല്യമാകുമെന്നുമുള്ള കാട്ടിലെ രാജാവായ സിംഹത്താന്റെ ഉത്തരവിനെ
പുല്ലു വില പോലും കൽപ്പിക്കാതെ മിന്നാമിന്നി കൂട്ടം രാത്രിയിൽ
കാടു  മുഴുവൻ പറന്നു നടന്നു . രാത്രികൾ ഉറങ്ങാനുള്ളതനാണെന്നും
തങ്ങളുടെ ഉറക്കത്തെ ശല്യപ്പെടുത്താൻ പറന്നു നടക്കുന്ന മിന്നാമിന്നികളെ
ഒരു പാഠം പഠിപ്പിക്കണമെന്നും പരാതിയുമായി കാട്ടിലെ മറ്റു ജീവ ജാലങ്ങൾ
സിംഹ രാജനു മുന്നിലെത്തി . മരത്തിനു മുകളിൽ കൂടു കെട്ടി ജീവിക്കുന്ന
ആകാശത്തിൽ പറന്നു നടക്കുന്ന മിന്നാമിന്നികളെ തൊടാനോ
ശിക്ഷിക്കാനോ കഴിയാത്ത തന്റെ നിസ്സഹായത
സിംഹരാജൻ തന്നെ കാണാൻ വന്ന മറ്റു മൃഗങ്ങളോട് അറിയിച്ചു .
അവരെല്ലാവരും തന്നെ ഈ കാര്യത്തിൽ നിസ്സഹായരായിരുന്നു .

മൂളി പാട്ടും പാടി ചിറകുകളിൽ പ്രകാശവും പരത്തി പറന്നു നടക്കുന്ന
മിന്നാമിന്നി കൂട്ടം നാൾക്കു നാൾ കാടിന്റെ നിയമങ്ങളെ വെല്ലു വിളിച്ചു
 കൊണ്ടു പറന്നു  നടന്നു.അങ്ങനെയിരിക്കെ  കാട്ടിൽ വലിയ വരൾച്ച വന്നു
 ജലാശയങ്ങളൊക്കെ വറ്റി വരളുന്ന കടുത്ത വരൾച്ച . ചൂടു  കൂടി കൂടി വനത്തിന്റെ
ഒരു ഭാഗത്തു നിന്നും  കാട്ടു  തീയുണ്ടായി,തീ പടർന്നു പടർന്നു തങ്ങളുടെ
വാസസ്ഥലത്തേയ്ക്കും താമസിയാതെ വ്യാപിക്കുമെന്നു  കണ്ട സിംഹ രാജൻ
കല്പനയിറക്കി സകല ജീവി ജാലങ്ങളും ഈ കാടു വിട്ടു അടുത്തുള്ള
കാട്ടിലേയ്ക്ക് ചേക്കേറുക . ഉത്തരവ് കേട്ടവർ കേട്ടവർ മറ്റുള്ളവരോട്
കാട്ടിൽ തീ പടരുന്ന കാര്യം പറഞ്ഞു, അവരോരോരുത്തരായി അടുത്ത കാട്ടിലേക്ക്
താമസം മാറാൻ ആരംഭിച്ചു . ജീവ ജാലങ്ങൾ കൂട്ടമായി പോകുന്നതു  കണ്ട
മിന്നാമിന്നിക്കൂട്ടം പുറത്തിറങ്ങി കാരണമന്വേഷിച്ചു .
സിംഹരാജന്റെ കല്പനയാണെന്നും അങ്ങു  ദൂരെ നിന്നും കാട്ടു തീ
പടരുന്നുണ്ടെന്നും അറിഞ്ഞ മിന്നാമിന്നി കൂട്ടം ആർത്തു ചിരിച്ചു .
താഴെ ജാഥയായി അടുത്ത കാട്ടിലേയ്ക്കു പോകുന്നവരെ നോക്കി
കളിയാക്കി ചിരിച്ചു കൊണ്ടു മിന്നാമിന്നിക്കൂട്ടം പറഞ്ഞു .
ചിറകിൽ അഗ്നിയുമായി ജീവിക്കുന്ന ഞങ്ങളെ ഒരു കാട്ടു തീയ്ക്കും നശിപ്പിക്കാനാവില്ല !!!
കാട്ടിലെ കരുത്തന്മാരായ മൃഗങ്ങളെല്ലാം ഓടിക്കോ ,എല്ലാവരും വേഗം വേഗം ഓടിക്കോ !!!! ഇത്തിരിക്കുഞ്ഞന്മാരായ മിന്നാമിന്നിയുടെ പരിഹാസം കേട്ടു സഹിക്കവയ്യാതെ സിംഹരാജൻ
തല താഴ്ത്തി അടുത്ത കാട്ടിലേയ്ക്ക് നടന്നു .

വലിയ കാറ്റു വീശി തീ ഉൾകാട്ടിലേയ്ക്കും പടർന്നു കയറി ധൈര്യമവലംബിച്ചിരുന്ന
മിന്നാമിന്നിക്കൂട്ടവും ചൂടിൽ വെന്തുരുകാൻ തുടങ്ങി ചിലർ അടുത്ത കാട്ടിലേയ്ക്ക്
പറന്നുയരാൻ തുടങ്ങുമ്പോൾ തന്നെ ചിറകു കരിഞ്ഞു നിലത്തു വീണൂ കരഞ്ഞു .
ഇതെല്ലാം കണ്ടു അടുത്ത കാട്ടിലെ മലയുടെ മുകളിലിരുന്ന സിംഹരാജൻ
ഉച്ചത്തിൽ അലമുറയിട്ടു പറഞ്ഞു .കൂട്ടരേ നോക്കുവിൻ അനുസരണയില്ലാത്ത
 എല്ലാ അഹങ്കാരികളുടെയും  അന്ത്യം ഇതു  പോലെ ആയിരിക്കും .
ചിറകു കരിഞ്ഞിട്ടും മരിക്കാതെ രക്ഷപെട്ട കുറച്ചു മിന്നാമിന്നികൾ
പിന്നീടൊരിക്കലും തങ്ങളുടെ കഴിവിന്റെ പേരിൽ അഹങ്കരിക്കാനോ
മറ്റുള്ളവരെ ശല്യപ്പെടുത്താനോ പോയില്ല .........................

കാളീ കടാക്ഷം (കഥ )പഴുക്കാൻ തുടങ്ങിയാൽ മരുഭൂമിക്കൊരേ ചൂടാണ് ,കായ്ച്ചു തുടങ്ങിയ ഈന്തപ്പഴങ്ങൾ പഴുപ്പിക്കാൻ ചുട്ടു പഴുത്ത ഒരു തരം കാറ്റു വീശിയടിക്കാറുണ്ട് അതിൽ ഹതഭാഗ്യരായ തന്നെപ്പോലെ ചിലരുടെ സ്വപ്നങ്ങളും കൂടിയാണ് വിയർത്തു വീഴുന്നത് . തുറന്നു വെച്ച ശീതികരണിയുടെ തണുപ്പിലേയ്ക്ക് തല നീട്ടുമ്പോൾ ഉദയകുമാറിനു ഉടലോടെ സ്വർഗത്തിൽ പ്രവേശിച്ച സുഖമായിരുന്നു .എത്ര നേരം ആ ഇരുപ്പിൽ ഇരുന്നെന്നറിയില്ല എഴുന്നേൽക്കുമ്പോൾ പിടലിക്കു താഴോട്ടു ഒരു മരവിപ്പു പടരുന്നു .ചൂടിന്റെ കാഠിന്യം വിട്ടുമാറാത്ത വെള്ളം തലയിലേയ്ക്കിറ്റു വീഴുമ്പോൾ പെട്ടന്നയാൾ തല വെട്ടിച്ചു തിരിച്ചു മരവിച്ചു തുടങ്ങിയ മുതുകിലേയ്ക്ക് ഷവർ നീട്ടി . കോശങ്ങളിൽ നിന്നും കോശങ്ങളിലേയ്ക്ക് പടർന്നു കയറുന്ന എന്തോ ഒന്ന് ,അതു മരവിപ്പല്ല വേദനയാണെന്നയാൾ വേഗം തിരിച്ചറിഞ്ഞിരിക്കുന്നു.നാൽപതു വയസു വരെ ശരീരം നമ്മളെയും നാൽപതു കഴിഞ്ഞാൽ നമ്മൾ ശരീരത്തെയും നോക്കണം എന്ന ബാലപാഠം പറഞ്ഞു തന്ന അയ്യപ്പൻ ചേട്ടൻ മരിച്ചതു നാല്പത്തി അഞ്ചാം വയസിലാണ് . നീണ്ട പ്രവാസം ദാനമായി തന്ന എല്ലാ അസുഖങ്ങളും ഉദയകുമാറിനെ പ്രത്യക്ഷത്തിൽ ആക്രമിച്ചു തുടങ്ങിയതും നാൽപതു കഴിഞ്ഞതിനു ശേഷമാണ് . കൃത്യനിഷ്ഠയില്ലാത്ത ജീവിതവും കൈയ്യിൽ കിട്ടുന്നതെല്ലാം വാരി വലിച്ചു തിന്നുന്നതും അയാളെ വേഗം രോഗിയാക്കുമെന്നു അറിയാമായിരുന്നിട്ടും അയാൾ ആ ശീലങ്ങളൊന്നും ഉപേക്ഷിച്ചിരുന്നില്ല .രണ്ടു കാലും ഉപ്പൂറ്റിയിലൂന്നി ഉദയകുമാർ താഴേയ്ക്കിരുന്നു ,കൈത്തണ്ടയിലിരുന്ന ഷവർ നെറുകം തലയിലേയ്ക്ക് വെള്ളം വീഴത്തക്ക വിധം അയാളിറുക്കി പിടിച്ചു .
നിങ്ങളെങ്ങനെ അകത്തു കടന്നു ?
മനോഹരമായി ചിരിക്കുന്ന ആ സുന്ദരിയെ കണ്ടതും ആശ്ചര്യ ഭാവത്തിൽ ഉദയൻ അവരെ നോക്കി . വർഷത്തിലൊരിക്കൽ മാത്രം പെണ്ണിന്റെ ചൂടും മണവും അറിയുന്ന പുരുഷന്റെ ഏകാന്തതയിലേയ്ക്ക് വശ്യമായി ചിരിച്ചു കൊണ്ടൊരു സുന്ദരി കടന്നു വന്നാൽ അധിക നേരം തനിക്കു നിയന്ത്രിക്കാൻ കഴിയുമെന്നു ഉദയകുമാറിനു തോന്നിയില്ല .
നിങ്ങളെന്തിനാണ് ഇവിടെ അകത്തേയ്ക്കു അനുവാദമില്ലാതെ കടന്നു വന്നത് ?
വീണ്ടും ചോദ്യം, ഈ നാട് ഇങ്ങനെയാണ് ,ഇവിടെ വരുന്നവരെല്ലാം കാശുണ്ടാക്കാൻ വരുന്നവരാണ് ആണും പെണ്ണും അതല്ലാത്തവരും ഒക്കെ ഇവിടെ വരുന്നത് ഏതു വിധേനയെയും കാശുണ്ടാക്കാനാണ് . എന്തു ജോലി ചെയ്തും കാശുണ്ടാക്കാൻ ഇറങ്ങി തിരിച്ച കുറേയെണ്ണങ്ങളിൽ ഒരുവളായിരിക്കണം ഇവളും .
സ്ത്രീയെ നീയാഗ്രഹിക്കുന്നതു പോലെ ഒന്നും നടക്കില്ല , മടങ്ങി പോകുകയാണ് നിനക്കു നല്ലത് .
ആഗത സുന്ദരിയാണ് ,അതീവ സുന്ദരി, അതാണയാളുടെ ഹൃദയമിടിപ്പു കൂട്ടുന്നത് . കൂടുതൽ സംസാരിച്ചാൽ താൻ വഴങ്ങി പോകുമോ എന്നയാൾ ഭയപ്പെടുന്നു . കഠിന ഹൃദയരെപ്പോലും ഉണർത്താൻ കഴിയുന്ന വശ്യമന്ത്രം ഇത്തരക്കാരുടെ കൈയ്യിലുണ്ടാവും . വന്ന കാലത്തെപ്പോഴോ ഒരു റഷ്യൻ സുന്ദരിയെ പ്രാപിച്ചതൊഴിച്ചാൽ നീണ്ട പ്രവാസ ജീവിതയാനത്തിൽ ഒരു സ്ത്രീയെ ആ മനസ്സു കൊണ്ടു പോലും ഭോഗിച്ചിട്ടില്ല . ആഗ്രഹമില്ലാഞ്ഞിട്ടല്ല വഴിക്കണ്ണുമായി തന്നെയും കാത്തു തപസു ചെയ്യുന്ന തന്റെ പ്രിയതമയെ വഞ്ചിക്കാനുള്ള വൈമുഖ്യം അതൊന്നു കൊണ്ടു മാത്രം.
ഉദയകുമാർ എന്നാണിനി നാട്ടിൽ പോകുന്നത് ?
ആഗതയുടെ ചോദ്യം അയാളെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത് , അയാളാ മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി മുൻപെപ്പോഴെങ്കിലും ഇവരെ ഇല്ല , ഒരിക്കലെങ്കിലും ആ മുഖം കണ്ടതായി അയാളോർക്കുന്നില്ല എന്നിട്ടും തന്റെ പേരും മറ്റും കൃത്യമായി ഇതെങ്ങനെ . പുതിയതരം തട്ടിപ്പുകൾ ഒരു പാടുള്ള കാലമാണ് എവിടുന്നെങ്കിലും എല്ലാം അറിഞ്ഞു അടുത്തു കൂടി പണം പിടുങ്ങാനുള്ള വേലകൾ .
ചുണ്ണാമ്പുണ്ടോ ?
ആഗത പൊട്ടിച്ചിരിച്ചു പേടിപ്പെടുത്തുന്ന ആ ചിരിയുടെ പ്രകമ്പനങ്ങൾ ആ മുറിയിലാകെ പ്രതിധ്വനിച്ചു മുഴങ്ങി .തന്റെ ചെറുപ്പത്തിൽ ചുണ്ണാമ്പു ചോദിച്ചു വരുന്ന യക്ഷിക്കഥകളൊരുപാടു കേട്ടിട്ടുണ്ട് . അതിലൊന്നും ഒരു മുത്തശ്ശി കഥക്കപ്പുറം സാംഗത്യം ഉണ്ടെന്നു താൻ വിശ്വസിച്ചിരുന്നുമില്ല ഇപ്പോളിതാ കൺ മുന്നിൽ ഒരു യക്ഷി .
ഈ മരുഭൂമിയിൽ ഞങ്ങൾക്കെന്താണ് കാര്യമെന്നല്ലേ നീയിപ്പോൾ ചിന്തിക്കുന്നത് ?
ഉദയകുമാറിന്റെ മനസു വായിച്ചിട്ടെന്നോണം അവൾ വീണ്ടും ചിരിച്ചു .തൊണ്ട വറ്റി വരളുന്നു ഒരു ഗ്ലാസ് വെള്ളത്തിനായി അയാൾ കൈ കൈകൾ കൊണ്ടു മേശമേൽ പരതി .
മരുഭൂമിയിലെന്നല്ല ഈ ലോകം മുഴുവൻ ഞങ്ങൾക്കു സഞ്ചരിക്കാൻ കഴിയും കാരണം ഞങ്ങൾ അപ്സരസുകളാണ് . യമന്റെ ദൂതുമായി പറന്നു ചെല്ലേണ്ട ദൗത്യം ഇപ്പോൾ ഞങ്ങളിലാണ് നിഷിപ്തമായിരിക്കുന്നത് . ഞാൻ നിന്റെ മരണ പത്രം വായിച്ചു കേൾപ്പിക്കാൻ നിയോഗിക്കപ്പെട്ട അപ്സരസ് .
അസഹ്യമായ പൊട്ടിച്ചിരി,അയാൾ രണ്ടു കൈ കൊണ്ടും കാതുകളെ ഇറുക്കിയടച്ചു .ജീവിച്ചു കൊതി തീർന്നിട്ടില്ല നാട്ടിൽ അപ്പയെ കാത്തിരിക്കുന്ന രണ്ടു പിഞ്ചു കുഞ്ഞുങ്ങൾ ,പ്രിയതമനു എന്തെങ്കിലും സംഭവിച്ചാൽ ജീവൻ തന്നെ വെടിഞ്ഞേക്കാവുന്ന ഭാര്യ .
അപ്സരസുകൾ ദൈവഹിതം അറിയിക്കാനെത്തുന്നവർ മാത്രമാണോ ?
നിങ്ങൾ വിചാരിച്ചാൽ ഒരു വർഷത്തേയ്ക്ക് കൂടി,
എന്റെ വീടിന്റെ വായ്പാ കുടിശ്ശിക തീരും വരെയെങ്കിലും ,
അല്ലെങ്കിൽ എന്റെ ഭാര്യയും കുഞ്ഞും ....
അപ്സരസ് ഒന്നും മിണ്ടിയില്ല ,ജീവിതത്തിനും മരണത്തിനുമിടയിലുള്ള ഒരു നൂൽ പാലത്തിലൂടെയാണ് താൻ ഇപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്നതെന്നു ഉദയകുമാറിനു തോന്നി . മനുഷ്യരെപ്പോലെ നിസ്സഹായരായ വെറും ദൂതർ മാത്രമാണ് അപ്സരസുകൾ അവർക്കൊന്നും ചെയ്യാനുള്ള കഴിവില്ല . എന്തിനായിരിക്കണം ഇങ്ങനെ ഒരു മുന്നറിയിപ്പ് യമ ധർമ്മ ശാസ്താവ് വരുന്നതിനു മുൻപോരാൾ ദൂതുമായി വരികയെന്നത് കേട്ടു കേൾവി പോലുമുണ്ടായിട്ടില്ലാത്ത ഒന്നാണ് .
ഉദയകുമാർ ബാത്ത് ടബ്ബിൽ എഴുന്നേറ്റു നിന്നു , അസഹ്യമായ വേദന ശരീരമാസകലം പടർന്നു കയറുന്നു .ടബ്ബിനഭിമുഖമായി ഇരുന്ന നിലക്കണ്ണാടിയിലേയ്ക്ക് മുഖം തിരിച്ചു അയാൾ സൂക്ഷിച്ചു നോക്കി . ദേഹമാസകലം ചുവന്നു തിണിർത്ത കുരുക്കൾ പടർന്നു പൊന്തുന്നു . മരിക്കുന്നതിനു മുൻപ് ഭാര്യയെ വിളിക്കണം പ്രിയ മക്കളുടെ ശബ്ദമെങ്കിലും കേൾക്കണം അയാൾ മൊബൈൽ എടുത്തു തോണ്ടി വിളിച്ചു .
"ചേട്ടാ ചിക്കൻ പോക്സിന്റെ കാലമാ അവിടെ പേടിക്കരുത് ,കാളി കടാക്ഷമാണെന്ന മേൽ ശാന്തി പറയുന്നത് .
അങ്ങോട്ടെന്തെങ്കിലും പറയുന്നതിനു മുൻപ് ശ്രീമതിയുടെ ഇങ്ങോട്ടുള്ള നിർത്താതെയുള്ള സംസാരം ഇടയിലെപ്പോഴോ മുറിഞ്ഞു . ഉദയകുമാർ അല്പം മുൻപ് വരെ തനിക്കൊപ്പമുണ്ടായിരുന്ന സ്ത്രീക്കു വേണ്ടി മുറിയാകെ പരതി നടന്നു . അപ്പോഴും തങ്ങി നിൽക്കുന്ന ചെമ്പക സുഗന്ധവുമായി ഇടനാഴിയിൽ നിന്നുമൊരു ഇളം തെന്നൽ അകത്തേയ്ക്കു വീശി . ഉദയകുമാറിന്റെ തിരുനെറ്റിയിൽ മഞ്ചാടിക്കുരുപോലെ വീർത്തു വീങ്ങി നിന്ന ഒരു കുരു പൊട്ടി അതിൽ നിന്നും രക്തവും ചലവും അയാളുടെ മുഖത്തേയ്ക്കു ഒഴുകി ഒലിച്ചിറങ്ങി.ചേട്ടാ കാളീ കടാക്ഷമാ പേടിക്കരുത് ശ്രീമതിയുടെ വാക്കുകൾ അപ്പോഴും അവിടെയെവിടെയോ പതിഞ്ഞ ശബ്ദത്തിൽ പ്രതിധ്വനിച്ചു മുഴങ്ങുന്നുണ്ടായിരുന്നു .......................