Tuesday, 31 January 2017

പൂവനും ശ്വാനനും പിന്നെ ഞാനും (കുഞ്ഞി കവിത )
അങ്കവാലുള്ളൊരു പൂവൻ ചെറുക്കാനീ
അങ്കണമൊക്കെചികഞ്ഞിടാതിന്നു നീ
നാളെ വെളുപ്പിനു നേരത്തുനരണം
കൊക്കരകൊക്കോ പാടിയുണർത്തണം

ചുരുണ്ടവാലുള്ളൊരു പാണ്ഡൂക നായെ നീ
കാവലിനായി നീ ശൂരനായ് മാറണം
തസ്കരനെത്തിയാൽ  കുരച്ചു നീ ചാടണം
കുട്ടികളെത്തുമ്പോൾ കുഞ്ഞു വാലാട്ടണം

അങ്കവാലുള്ളൊരു പൂവൻ ചെറുക്കനും
ചുരുണ്ട വാലാട്ടുന്ന  പാണ്ഡൂക ശ്വാനനും
മുറ്റത്തു കാവലായ് നിൽക്കുന്ന നേരത്ത്
കുട്ടികൾ ഞങ്ങൾ കളിച്ചിടുന്നു

കൂടുക കൂടുക കൂട്ടുകാരെ
കൂട്ടായി നിങ്ങളും ചേർന്നീടുമ്പോൾ
കെങ്കേമമാകും കളികളെല്ലാം
കൂടുക കൂടുക കൂട്ടുകാരെ


Saturday, 28 January 2017

അപരാജിതനായ ലോനപ്പൻ (കഥ )നിങ്ങൾ ഒരു നേഴ്സിനെയും കെട്ടി യുറോപ്പിലോ അമേരിക്കയിലോ കൂടുമെന്നായിരുന്നു എന്റെ ധാരണ ,ഇങ്ങനെ ഒരു ധർമ്മ കല്യാണത്തിന്റെ വിചാരം തനിക്കുണ്ടായിരുന്നേൽ എന്നോടൊന്നു സൂചിപ്പിക്കുകയെങ്കിലും ചെയ്യാമായിരുന്നു . ലോനപ്പേട്ടൻ അതു  പറയുമ്പോൾ അയാളുടെ മുഖത്തു ഒരു നിരാശ പ്രകടമായിരുന്നു  കാരണം അയാളുടെ പെൺമക്കളിൽ ആരും തന്നെ വിവാഹിതരായിരുന്നില്ല .ഞാൻ ജോലി ചെയ്യുന്ന ഓഫീസ് സമുച്ചയത്തിന്റെ കാവൽക്കാരനായിരുന്നു അറുപതിനോടടുത്തു പ്രായം വരുന്ന ആ മനുഷ്യൻ . അധികം ആരോടും സംസാരിക്കാത്ത എന്നാൽ ഇഷ്ടം തോന്നുന്നവരോട് ഉള്ളു തുറക്കുന്ന ലോനപ്പേട്ടൻ ചുരുങ്ങിയ സമയം കൊണ്ടു തന്നെ എന്റെയും പ്രിയപ്പെട്ടവരിൽ ഒരാളായിരുന്നു . മൂന്നു  പെൺമക്കളിൽ ഒരാളെയെങ്കിലും കെട്ടിച്ചു വിടാൻ രാവന്തിയോളം പണിയെടുക്കുന്ന ആ മനുഷ്യനോട് എനിക്കു സഹതാപത്തിൽ കൂടുതൽ ബഹുമാനമായിരുന്നു .

അതിരാവിലെ ഉണർന്നു കാറുകൾ കഴുകുന്ന ലോനപ്പേട്ടൻ ആയിരുന്നു എന്റെ ഒട്ടുമിക്ക പ്രഭാതങ്ങളിലെയും  ആദ്യ  കണി . അയാളെ കണി കണ്ടാൽ ആ ദിവസം വലിയ കുഴപ്പം കൂടാതെ പോകുമെന്നതിനാൽ എന്നും രാവിലെ ഉണർന്നാലുടൻ ജനാല വിരി മാറ്റി ഞാൻ താഴേയ്ക്ക് നോക്കും . മഞ്ഞും വെയിലും വസന്തവും ഗ്രീഷ്‌മവും ഒരു യന്ത്രമനുഷ്യനെപ്പോലെ അയാൾ പണിയെടുത്തു കൊണ്ടേയിരുന്നു . ഞാനും എന്റെ കുടുംബവും  മാത്രമായി ഒതുങ്ങുന്ന ഫ്ലാറ്റ് സംസ്ക്കാരത്തിൽ എല്ലാവരെയും സ്നേഹിച്ചു എന്നാൽ അടുത്ത പരിചയം ചിലരിൽ മാത്രം ഒതുക്കി ആ മനുഷ്യൻ ആ ഫ്ലാറ്റിന്റെ തടവറയിൽ കുടുങ്ങിപ്പോയ ഒരു മനുഷ്യനെപ്പോലെ ജീവിച്ചു  .

എനിക്കൊരു ആയിരം ദിർഹംസ് കടമായി തരുമോ ?
ആറുകൊല്ലത്തെ പരിചയത്തിനിടയിൽ ആദ്യമായി അയാളെന്നോടു കടം ചോദിച്ചിരുന്നു . ആത്മാർത്ഥമായും എനിക്കയാളെ സഹായിക്കണം പക്ഷെ  ഭാര്യയെ കൊണ്ട് വരാൻ ഫ്ലാറ്റ് എടുത്ത വകയിൽ അക്കൗണ്ട് ഏറെക്കുറെ  ശൂന്യമാണ് .
ലോനപ്പേട്ടൻ എനിക്കൊരു ഒരാഴ്ചത്തെ സാവകാശം തരുമോ ? ഞാൻ നിസ്സഹായത വെളിപ്പെടുത്തി എന്നോടതു  ചോദിക്കേണ്ടിയിരുന്നില്ല എന്ന  മുഖഭാവത്തിൽ അയാൾ തലതാഴ്ത്തി നടന്നു പോകുന്നതു ഞാൻ ആത്മ നിന്ദയോടെ നോക്കി നിന്നു .കിടന്നിട്ടു എനിക്കുറക്കം വരുന്നില്ല എന്തെങ്കിലും  അത്യാവശ്യം ഇല്ലാതെ അയാൾ ചോദിക്കില്ല അത്യാവശങ്ങൾക്കായി ഞാൻ മാറ്റി വെച്ചിരുന്ന ഒരായിരവുമായി ലോനപ്പേട്ടന്റെ ഇടുങ്ങിയ നാത്തൂർ റൂമിലേയ്ക്ക് നടന്നു . അത്യന്തം സന്തോഷത്തോടെ അയാൾ ആ പൈസ കൈയിലേക്ക് വാങ്ങി എന്തോ ഒഴിവാക്കാനാവാത്ത ആവശ്യം ആയിരുന്നിരിക്കണം അല്ലെങ്കിൽ ആ മനുഷ്യൻ വാവിട്ടു ചോദിക്കുമായിരുന്നില്ല എന്നോടു ചോദിക്കാനുള്ള സ്വാതന്ത്ര്യം ഉള്ളത് കൊണ്ടല്ലേ അയാൾ ചോദിച്ചത് ഞാൻ കൊടുക്കാതിരുന്നിരുന്നെങ്കിൽ അതൊരു മനസ്താപമായേനെ മകളുടെ കല്യാണം അടുത്തു വരുന്നു എന്നു മുൻപു സൂചിപ്പിച്ചതാണ് ചിലപ്പോൾ   മകളുടെ കല്യാണം ആയിരിക്കണം അല്ലാതെ അയാൾ വേറൊന്നിനും കടം ചോദിക്കില്ല .ആനി വരുന്നില്ലായിരുന്നെങ്കിൽ കുറച്ചു കൂടി എന്തെങ്കിലും സഹായിക്കാമായിരുന്നു .

അടുത്ത ഫ്ലാറ്റിൽ സിംഗിൾ ബെഡ്‌റൂം ഫ്ലാറ്റ് റെഡി ആയിരിക്കുന്നു .അടുത്ത വ്യാഴാഴ്ച്ച വൈകിട്ടാണ്  ആനി വരുന്നത്   അതിനു മുൻപ് എനിക്കെന്റെ സാധനങ്ങൾ അങ്ങോട്ടേയ്ക്ക് മാറ്റണം .തിരക്കുകകൾക്കിടയിൽ ലോനപ്പേട്ടൻ  എന്റെ കണിയിൽ നിന്നേ മാഞ്ഞു പോയിരിക്കുന്നു .പാവം മനുഷ്യനെ കുറച്ചു കൂടി സഹായിക്കണമായിരുന്നു  പക്ഷെ ഇങ്ങനെ ഒരു ഞെരുക്കത്തിൽ അലയുന്ന ഞാൻ ഇനിയും എന്തു  ചെയ്യാൻ ചില നേരങ്ങളിൽ മനസാക്ഷി ഉണ്ടായിരിക്കുന്നത്  വലിയ സങ്കടകരമാണെന്നു എനിക്ക് തോന്നി .
ആനി സന്തോഷവതിയാണ്  അവൾക്കിതു ആലീസിന്റെ അത്ഭുത ലോകമാണ് . തിരുവല്ലയിൽ ഒരു കല്യാണം കൂടാൻ പോയതൊഴിച്ചാൽ  പിന്നെ അവളുടെ ലോകം വീടും പ്രീ ഡിഗ്രി വരെ പഠിച്ച ട്യൂട്ടോറിയലും വീടും മാത്രമായിരുന്നു . സിറ്റി സെന്ററിന്റെ എലവേറ്ററിനു മുന്നിൽ പേടിച്ചു നിൽക്കുന്ന ആനി മറ്റുള്ളവർക്കു കൗതുക കാഴ്ച്ചയായിരുന്നു ഒരു പാടു പണിപ്പെട്ടാണവളെ എലവേറ്റർ കയറാൻ പരിശീലിപ്പിച്ചതു തന്നെ .ഒരു കാലത്തു പച്ചപ്പുകളില്ലാത്ത മരുഭൂമിയിലാണ് ഇത്രയും സുന്ദര നഗരം പടുത്തുയർത്തപ്പെട്ടതെന്നു  അവൾക്കു വിശ്വസിക്കാനേ കഴിഞ്ഞില്ല . കടന്നു വന്ന വഴികളിൽ അവൾ വീഴ്ത്തിയ കണ്ണു  നീരിനു പ്രതിഫലമായാണ് ഈ  സുന്ദര ഭൂമിയിൽ എന്നോടൊപ്പം ജീവിക്കാൻ സാധിക്കുന്നതെന്നവൾ  ഉറച്ചു വിശ്വസിച്ചു .

സഹാറ 1 ലെ ലോനപ്പേട്ടന്റെ ഫ്ലാറ്റ് സമുച്ചയത്തിൽ  കൊലപാതകം നടന്നിരിക്കുന്നു .26 വയസുള്ള പാകിസ്താനി യുവതിയെ ആരോ  കൊലചെയ്‌തിരിക്കുന്നു മോഷണ ശ്രമത്തിനിടയിലുള്ള കൊലപതാകം ആണെന്നാണ് പോലീസ് നിഗമനം . ബിൽഡിങ്ങിലെ സി സി ടി വി പരിശോധിച്ച പോലീസിനു  അസാധാരണമായി ഒന്നും തന്നെ കാണാൻ കഴിഞ്ഞില്ല  . കൊല്ലപ്പെട്ട മെഹറുന്നിസ എന്ന യുവതി പാകിസ്താനും അഫ്‌ഗാനിസ്ഥാനും ചേരുന്ന അതിർത്തിയിൽ നിന്നും വ്യാപാര ആവശ്യത്തിനായിട്ടാണ് ഇവിടെ എത്തുന്നത് .നാടാറു  മാസം കാടാറുമാസം എന്ന കണക്കിൽ അവർ ദുബായിയും പഷ്‌തൂണുമായി കഴിഞെങ്കിലും  .ഓരോ വരവിലും അവർ അഫ്‌ഗാൻ പാടങ്ങളിൽ വിളയുന്ന മരിജുവാന ഇങ്ങോട്ടെത്തിക്കുന്ന കണ്ണികളിൽ ഒരാളായിരുന്നു എന്നതു അവളുടെ മരണത്തിൽ വമ്പൻ തോക്കുകളുടെ ഇടപെടലുകളെ സംശയിക്കാൻ കാരണമാക്കി .

പാകിസ്താനിയുടെ കൊലപാതകത്തിൽ ഇതേ വരെ ഒരു തുമ്പും ലഭിച്ചിട്ടില്ല കണ്ണും തുറന്നിരുന്ന സി സി ടി വി യിൽ ഒരുറുമ്പു  പോലും പാകിസ്ഥാനി യുവതിയുടെ റൂമിലേയ്ക്ക് കയറി പോയിട്ടില്ല . പല തവണ ലോനപ്പേട്ടനെ മാറി മാറി തടങ്കലിൽ വെച്ചതുംചോദ്യം ചെയ്തതായും  ഞാൻ അറിഞ്ഞു .ആ പാവം മനുഷ്യന് അതു  ചെയ്യാൻ കഴിയില്ല.കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പ്രതിയാക്കുന്ന പോലിസാണിത്  . എന്തെങ്കിലുമൊക്കെ അയാൾക്ക് വേണ്ടി ചെയ്യാൻ എന്റെ മനസ്സു  കൊതിച്ചു അത്രയേറെ അയാൾ എന്നിൽ സഹതാപം ഉണർത്തിയിരിക്കുന്നു  .

മൂന്നു  മാസം കൊണ്ട് തന്നെ ആനി അത്ഭുത ലോകം മടുത്തിരിക്കുന്നു . താറാ കുഞ്ഞുങ്ങളുടെ കലപിലയും വേമ്പനാട്ടു കായലിന്റെ സംഗീതവും കേട്ടു വളർന്ന അവൾക്കു ഫ്ലാറ്റിനുള്ളിലെ ഏകാന്തത വീർപ്പു മുട്ടിച്ചു തുടങ്ങിയിരിക്കുന്നു .ഞങ്ങളുടെ ഇടയിലേയ്ക്ക് മൂന്നാമതൊരാൾ കൂടി വരാനുള്ള അറിയിപ്പു കിട്ടിയിരിക്കുന്നു  .ചുരുങ്ങിയ ചിലവിൽ അരിഷ്ടിച്ചു കഴിയുന്ന ഒറ്റമുറിയിലേയ്ക്ക് അവനെ സ്വാഗതം ചെയ്യാൻ എനിക്കും അവൾക്കും മനസുണ്ടായിരുന്നില്ല  .ശുദ്ധവായുവും പരന്നൊഴുകുന്ന ജലാശയങ്ങളുമുള്ള നാട്ടിൽ സർവ്വ തന്ത്ര സ്വതന്ത്രനായി  അവൻ പിറന്നു വീഴണം .ആനിയുടെ പ്രവാസം ചുരുങ്ങിയ സമയത്തിനുള്ളിൽ അവസാനിക്കുന്നുവെങ്കിലും  അവൾ സന്തോഷവതിയാണ് തിരികെ പോകുന്നത് .

അപരിചിതമായ നമ്പറിൽ നിന്നുള്ള മിസ് കോളുകളെ സാധാരണ അവഗണിക്കുകയാണ് പതിവ് പക്ഷെ എന്തോ അപ്പോൾ  വന്ന നമ്പറിലേയ്ക്ക് തിരിച്ചു വിളിക്കണം എന്നെനിക്കു തോന്നി ,മൂന്നാവർത്തി ബെല്ലടിച്ചിട്ടാണ്  അങ്ങേ തലയ്ക്കൽ   നിന്നും മറുപടിയുണ്ടായത് .
ഞാൻ ലോനപ്പൻ , നാത്തൂർ ലോനപ്പൻ എന്നെ ഒന്നു വന്നു കാണുമോ ? ദൈന്യത നിഴലിക്കുന്ന ആ ശബ്ദം മരുഭൂമിയിൽ മഴ കാക്കുന്ന വേഴാമ്പലിനെപ്പോലെ  എന്റെ ഉത്തരത്തിനായി ദാഹിക്കുന്നതു പോലെ എനിക്കു തോന്നി  .
വരാം ലോനപ്പേട്ടാ ,ആനി പോകുന്നു അതിന്റെ തിരക്കു കഴിഞ്ഞാലുടൻ വരാം
അതു പറ്റില്ല അവൾ പോകും മുൻപു ഇവിടെ വരെ വരണം ആനി പോകുമ്പോൾ എന്റെ മക്കൾക്ക് കൊടുത്ത് വിടാൻ കുറച്ചു സാധനം ഉണ്ട് നാളെ തന്നെ ഒന്നു വരാമോ ??
തീർച്ചയായും ഹത ഭാഗ്യരായ മൂന്നു പെൺകുഞ്ഞുങ്ങൾക്കു അപ്പൻ കൊടുത്തു വിടുന്ന സമ്മാനം അവർ പ്രതീക്ഷയോടെ കാക്കുന്നുണ്ടാവണം  .
വരാം തീർച്ചയായും വരാം  , റിസീവറിൽ   എന്റെ സ്വരം പ്രതിധ്വനിച്ചു മുഴങ്ങുന്നു .ലോനപ്പന്റെ ശ്വാസോച്ഛാസത്തിന്റെ സ്പന്ദനങ്ങൾ നിമ്ന്നോന്നതിയിൽ ആകുന്നത് എനിക്കു വ്യക്തമായി കേൾക്കാൻ കഴിയുന്നു .

സഹാറ ഫ്ലാറ്റ് ഭീതിയിലായിരുന്നു ഇത്രയും നാൾ പാകിസ്ഥാനി യുവതിയുടെ കൊലപാതകത്തിനു ശേഷം പോലീസ്  അവിടുത്തെ അന്തേവാസികളെ മുഴുവൻ തന്നെ ചോദ്യം ചെയ്യൽ എന്ന പേരിൽ പീഡിപ്പിച്ചു കൊണ്ടിരിക്കുന്നു  . ഇപ്പോഴും ഏതു സമയത്തും  അവർ കയറി വരും ലോനപ്പേട്ടൻ തന്നെ രണ്ടു മാസം അവരുടെ തടവിലായിരുന്നു .

നേരത്തെ പറഞ്ഞുറപ്പിച്ചതു പോലെ ബക്കാലയുടെ മുന്നിലെത്തിയതും ഞാൻ ലോനപ്പേട്ടന്റെ മൊബൈലിൽ വിളിച്ചു  . മൂന്നു മിനുട്ടിനുള്ളിൽ അയാൾ അവിടെയെത്തി ഞങ്ങൾ ഒരുമിച്ചു മുന്നോട്ടു നടന്നു .ഇവിടെ അപ്പൻ സഹിക്കുന്ന പീഡനം അറിയാതെ  മംഗല്യം നോറ്റു കഴിയുന്ന മൂന്നു പെൺകുട്ടികളുടെ കഥയിൽ കൂടി ലോനപ്പേട്ടൻ സംസാരം ആരംഭിച്ചു തുടങ്ങിയിരിക്കുന്നു . ഞങ്ങൾ രണ്ടു റൗണ്ടബൗട്ട്  മുന്നോട്ടു നടന്നു വന്നിരിക്കുന്നു  അയാൾ മെല്ലെ അയാളുടെ കൈയ്യിലിരുന്ന പൊതി എനിക്കു നേരെ നീട്ടി ഏതോ അറബിയുടെ  വീട്ടിൽ നിന്നും ഉപേക്ഷിച്ച കുറച്ചു വില പിടിപ്പുള്ള പഴകിയ വസ്ത്രങ്ങൾ . അയാൾ തന്ന നമ്പറിൽ വിളിക്കുമ്പോൾ  മകൾ വീട്ടിലെത്തി വാങ്ങുമെന്ന വ്യവസ്ഥയിൽ ഞങ്ങൾ പിരിഞ്ഞു . ആനി എന്റെ തിരുശേഷിപ്പുമായി  ഇന്നു നാട്ടിലേയ്ക്ക് വിമാനം കയറുകയാണ് . എങ്ങു നിന്നോ വന്നു എനിക്കെല്ലാമായവളെ ശുഭയാത്ര  നീ നാട്ടിലെത്തുവോളം എനിക്കുറക്കമില്ല കാരണം നീ മാത്രമല്ല എന്നിലെ എന്നെയുമായാണ് നീ  യാത്ര തുടങ്ങിയിരിക്കുന്നത് .

ഇച്ചായ ഒരു സംഭവം ഉണ്ടായി ? ആനിയുടെ ആശ്ചര്യം കലർന്ന വിളിയിൽ ഞാൻ തെല്ലൊന്നു  അതിശയപ്പെട്ടെങ്കിലും  അവൾ പറഞ്ഞു തുടങ്ങിയപ്പോൾ എന്റെ കൈകാലുകൾ വിറച്ചു വേങ്ങലിച്ചു ഞാൻ താഴെ പോകുമെന്ന  അവസ്ഥയിൽ എത്തി . ലോനപ്പേട്ടൻ കൊടുത്തു വിട്ട പൊതിയിൽ പഴയ തുണിത്തരങ്ങൾ മാത്രമല്ല  രണ്ടു കെട്ടു ആയിരത്തിന്റെ ദിർഹംസ് ഉണ്ടായിരുന്നത്രെ ! അതിൽ നിന്നും ലാസറേട്ടന്റെ മകൾ ഒരു നോട്ടെടുത്തു ആനിക്കു കൊടുത്തിട്ടു ഇച്ചായനോട് അപ്പച്ചൻ കടം വാങ്ങിയ കാശാണെന്നു പറഞ്ഞത്രേ !!!!

പാകിസ്താനി യുവതിയുടെ കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നു . എങ്കിലും ഇത്രയും ദുർബലനായ ഒരാൾ തനിച്ചു ഇങ്ങനെയൊരു പാതകം ! സാഹചര്യമാണ് മനുഷ്യരെ കുറ്റവാളികളാക്കുന്നത് ഒരു പക്ഷെ മക്കൾക്കു വേണ്ടി ഒരപ്പനു ഇതിൽ കൂടുതൽ ചെയ്യാൻ കഴിയുമായിരുന്നില്ല . എങ്കിലും എന്റെ  ലോനപ്പേട്ടാ എയർപോർട്ടിൽ വെച്ചു ആ പൊതി പിടിക്കപ്പെട്ടിരുന്നെങ്കിൽ കുടുങ്ങുന്നത് ആരൊക്കെ ആയിരിക്കും .വിശ്വസിക്കുന്നവരെ  ചതിക്കുന്ന വഞ്ചകനായ സുഹൃത്തേ .കാർ സഹാറ 1 ഫ്ലാറ്റ് സമുച്ചയത്തിൽ  എത്തുവോളം അയാളെ കൊന്നു തിന്നാനുള്ള ദേഷ്യം  ഉണ്ടായിരുന്നു . സഹാറ 1 ഫ്ലാറ്റ് സമുച്ചയം എന്നത്തേയും പോലെ ഭീതിതമായ മറ്റൊരു പകലിനു ശേഷം  ലൈറ്റുകൾ തെളിഞ്ഞപ്പോൾ ഗട്ടർ വെള്ളം എടുക്കാൻ വന്ന വണ്ടിയുടെ പഞ്ചാബി ഡ്രൈവർ ആ കാഴച കണ്ടു പിന്നോട്ടിരുന്നു  . അറുപതുകാരനായ ലോനപ്പൻ ഉള്ളാട്ടിൽ ഗാർബേജ് റൂമിന്റെ കമ്പിയിൽ തൂങ്ങിയാടുന്നു .ആൾക്കൂട്ടത്തിനിടയിൽ നിന്നും ഞാനാ മുഖം ഒന്നുകൂടി സൂക്ഷിച്ചു നോക്കി വേറെ ഗതിയില്ലാത്തവന്റെ തേങ്ങൽ പോലെ നാക്കു പുറത്തേയ്ക്കു ചാടിയ ആ രൂപം എന്നോടെന്തോ പറയാൻ ശ്രമിക്കുന്നു .ജീവിതം ഒരു ചൂതു  കളിയാണ് ഒന്നുകിട്ടുമ്പോൾ പത്തിനു വേണ്ടി ശ്രമിച്ചു മുഴുവൻ നഷ്ടമാക്കുന്ന പരാജയപ്പെടുന്നവന്റെ കളി . ഈ കളിയിൽ ഇന്നോളം പരാജിതരെ  ഉണ്ടായിട്ടുള്ളൂ ചിലർ വിജയിക്കുമ്പോഴും ചില വലിയ പരാജയങ്ങളാണ് അവരെ കാത്തിരിക്കുന്നതെന്ന്  അവർ അറിയുന്നില്ല .   പരമസാധുവും മക്കൾക്കു വേണ്ടി ജീവിച്ചവനായ ദുർബലനായ ലോനപ്പൻ എങ്ങനെ ആയിരിക്കും പാകിസ്താനി യുവതിയെ കൊന്നിട്ടുണ്ടാവുക ? ലോനപ്പന്റെ മരണം ഒരു ത്യാഗമായി ചരിത്രം വിലയിരുത്തുമോ ? രണ്ടു ലക്ഷം ദിർഹം അതായത്‌ 37 ലക്ഷം രൂപാ കൊണ്ടു ലോനപ്പേട്ടന്റെ മൂന്നു പെണ്മക്കൾക്കു മംഗല്യ ഭാഗ്യം ഉണ്ടാവുമോ????

Tuesday, 24 January 2017

പുലരിയുടെ വെളിച്ചം തേടുന്നവർ

   
പ്രവാസ ഭൂമികയിൽ പ്രിയപ്പെട്ടവർക്കായി
പ്രതീക്ഷയോടെ  പ്രാരാബ്ധക്കാരനായവനേ
നീ   പ്രവാസിയാകുന്നു

പ്രിയപെട്ടതെല്ലാം പരിത്യജിച്ചപ്പോഴും
പ്രയാസ ജീവിതത്തിന്റെ ഗർത്തങ്ങളിൽ
പതറാതെ പൊരുതിയപ്പോഴും
പുഞ്ചിരിച്ച  പൊയ് മുഖക്കാരാ
 നീ പ്രവാസിയാകുന്നു

വിമാനത്തിന്റെ ശീതളിമയിൽ നിന്നും
വിയർപ്പു നിലയ്ക്കാത്ത ഊഷരതയിലേയ്ക്ക്
വഴി തെറ്റാതെ നടന്നെത്തിയവനേ
നീ പ്രവാസിയാകുന്നു

വീണ്ടും വരില്ലെന്നു ഒരുപാടു തവണയാവർത്തിച്ചിട്ടും
വീണ്ടും വീണ്ടും വരുകയും
വേഴാമ്പലിനെപ്പോലെ മരുഭൂമിയിൽ
വ്യസന പർവ്വം ചുമക്കുകയും ചെയ്യുന്ന
വേവലാതികളില്ലാത്ത നല്ല ശമരിയാക്കാരാ
നീ പ്രവാസിയല്ലാതെ മറ്റാരാണ് .

നിങ്ങൾ എങ്ങനെയാണ് പ്രവാസിയായത്
നിങ്ങളെ ആരാണീ പ്രവാസത്തിലേയ്ക്ക് തള്ളിവിട്ടത്
നിങ്ങൾ സ്വയം തിരഞ്ഞെടുത്ത പ്രവാസത്തിന്റെ കയ്പ്പു  നീർ
നിങ്ങളല്ലാതെ   ഞങ്ങൾ ഭുജിക്കണോ
നിങ്ങൾ ഈയാം പാറ്റലുകളാണ്
വെളിച്ചം തേടി വീര ചരമമടയുന്ന
വെറും നിറമില്ലാത്ത ശലഭങ്ങൾ .

ഞങ്ങളുടെ വിയർപ്പിന്റെ ഉപ്പുകണങ്ങൾ
നിങ്ങളുടെ  ഗ്രാമങ്ങളെ നഗരങ്ങളാക്കി
നിങ്ങളുടെ കുടിലുകളെ ഞങ്ങൾ കൊട്ടാരമാക്കി
നിങ്ങൾക്കു ഞങ്ങൾ വെറുംഈയാം പാറ്റലുകൾ  മാത്രം

പലയാനങ്ങൾ ഇനിയും തുടരും
പ്രതീക്ഷകൾ അസ്തമിക്കുന്നേയില്ല
പുലരിയുടെ പൊൻവെളിച്ചം തേടി
യാത്രയാകുന്നവരോട്  ദയവായി
നിങ്ങളെന്തിനു പ്രവാസിയായെന്നു
 വെറുതെയെങ്കിലും ചോദിക്കാതിരിക്കുമോ ??

Sunday, 22 January 2017

ഒരു പൊമറേനിയൻ പ്രവാസംനവാസിനു ഇതിന്റെ വല്ല ആവശ്യം ഉണ്ടായിരുന്നോ ,അല്ലെങ്കിൽ ഈ നാട്ടിൽ ഏതു മേത്തന്മാരാ പട്ടിയെ വളർത്തുന്നേ ,ഇപ്പൊ മതിയായി കാണണം ഓരോരുത്തർക്കും ഓരോന്നു പറഞ്ഞിട്ടുണ്ട് അതു ചെയ്യാതെ കണ്ട ഹറാം പറപ്പിനെ പെരക്കകത്തു കേറ്റി താലോലിച്ചതു കൊണ്ടല്ലേ അനുഭവിക്കട്ടെ !
ജാനകി അമ്മയുടെ ചില്ലലമാരിയിലേയ്ക്ക് പൊരിച്ചു കൂട്ടിയിടുന്ന ചൂടു നെയ്പത്തിരിയിൽ ഒന്നെടുത്തു കടിച്ചു മുന്നിലിരുന്ന തിളച്ച ചായ അണ്ണാക്കിലേയ്ക്ക് വലിച്ചു സുകുമാരൻനായർ രോഷം കൊണ്ട് ജ്വലിച്ചു . ആറടി പൊക്കവും കരുവീട്ടിയുടെ നിറവും നീഗ്രോ മുടിയുമായി ജാനകി 'അമ്മ കട തുറക്കുമ്പോൾ ആദ്യമെത്തുന്നത് സുകുമാരനാണ് പിന്നാലെ മജിദും ജോസഫയും എത്തുന്നതോടെ ഏഷണി കോറം തികയും.
സുകുമാരൻ അസം റൈഫിൾസിൽ ശിപായി ആയി വിരമിച്ച ആളാണ് ,അല്ല അവിടെ പട്ടാളക്കാർക്കു കുശിനിപ്പണി ചെയ്യലായിരുന്നു എന്നും ഒരു സംസാരമുണ്ട് അല്ലെങ്കിൽ അക്ഷരം ചൊവ്വിനെ വായിക്കാനറിയാത്ത ആരെയെങ്കിലും പോലീസിലോ പട്ടാളത്തിലോ എടുക്കുമോ എന്തായാലും സാദാ വിമുക്ത ഭടന്മാരെപ്പോലെ പട്ടള കഥകൾ വിളമ്പാൻ സുകുമാരനെകിട്ടില്ല .അഥവാ പറഞ്ഞു തുടങ്ങിയാൽ ബാജിയിൽ ഉപ്പു പോരാത്തതിനു കമണ്ടൻഡ് സച്‌ദേവ് സിംഗ് തല്ലിയ കഥകൾ അറിയാതെ പുറത്തു വരുമെന്നയാൾ ഭയപ്പെട്ടു . മജീദും ജോസഫയും പ്രത്യേകിച്ചു തൊഴിൽ ഒന്നുമില്ലാത്ത മക്കളെ ആശ്രയിച്ചു ജീവിക്കുന്ന മധ്യവയസ്കാരാണ് ജാനകിയുടെ കടയുടെ വാതിൽക്കൽ കൂടി പറന്നു പോകുന്ന കാക്കയ്ക്കു വരെ വിലയിട്ടു വിമർശിക്കുകയാണ് മൂവർ സംഘത്തിന്റെ പ്രധാന ജോലി .
"നവാസെങ്ങനാ ഈമാനുള്ള മുസ്ലീമാകുന്നെ , നായരിച്ചിയേം കെട്ടി ദീനിനേം തള്ളി പറഞ്ഞു നടക്കുന്ന ഓൻ അതും ചെയ്യും അതിന്റെ അപ്പുറോം ചെയ്യും "
മജീദിനു രോഷമടക്കാൻ കഴിയുന്നില്ല ,പണ്ടേ നവാസ് അയാളുടെ ശത്രു നിരയിൽ ഒന്നാം സ്ഥാനക്കാരനായിരുന്നു .കാരണമെന്താ മജീദേന്നു ചോയിച്ചാൽ ഓ ഓൻ നല്ല നിലയിൽ കഴിയുന്നു അത്ര തന്നെ . ഈ പ്രത്യേക വിഷയത്തിൽ മാത്രം ജോസപ്പാ ഈ രണ്ടു പേരിൽ നിന്നും വ്യത്യസ്ത നിലപാടുകാരനാണ് കാരണം ജോസഫയുടെ വീട്ടിലുമുണ്ട് രണ്ടു ഘടാ ഘടിയൻ ജർമൻ ഷെപ്പേർഡ് . മകൻ സണ്ണികുട്ടിയുടെ പ്രധാന വിനോദ ഉപാധിയാണ് ഈ പട്ടി വളർത്തൽ അതു കൊണ്ടു തന്നെ നവാസിന്റെ മകൾ റംലത്തിനെ പട്ടികടിച്ച വിഷയത്തിൽ ജോസപ്പാ തന്ത്രപരമായ മൗനം പാലിച്ചു.
പൊമറേനിയൻ ബ്രീഡിലുള്ള മിന്നുവെന്നും മാളൂവെന്നും വിളിക്കുന്ന രണ്ടു സുന്ദരികുട്ടികളായിരുന്നു നവാസിന്റെ വീട്ടിലെ വളർത്തു നായ്ക്കൾ . ഗൾഫിലേയ്ക്ക് കുടുംബവുമായി പോകുന്ന ഹരിദാസിന്റെ ഏറ്റവും വലിയ വിഷമങ്ങളിൽ ഒന്നായിരുന്നു ഈ രണ്ടു നായ് കുട്ടികൾ . ഇവരെയും പാസ്പോർട്ട് എടുത്തു ഗൾഫിലേയ്ക്കു കൊണ്ട് പോകാൻ ഹരിദാസ് ഒന്ന് ശ്രമിച്ചതാണ് പക്ഷെ വലിയ വലിയ നൂലാമാലകളിൽ പെട്ടു അതു നടക്കാതെ വന്നതോടെയാണ് നവാസ് ഇവറ്റകളുടെ താൽക്കാലിക രക്ഷാകർത്താവാകുന്നത് . റംലത്തിനു അന്നു രണ്ടു വയസേ ഉണ്ടായിരുന്നുള്ളു അവളുടെ കൂടെ കളിച്ചും രസിച്ചുമാണ് മിന്നുവും മാളുവും വളർന്നത് . റംലത്തിനു സ്കൂളിനു പുറത്തുള്ള ഏക കൂട്ടുകാർ ഇവരായിരുന്നു . നവാസും ഭാര്യ രേവതിയും പോലും അവൾക്കു മിന്നുവിനെയും മാളുവിനെയും കഴിഞ്ഞിട്ടായിരുന്നു .
ജാനകിയുടെ ചായക്കട വീണ്ടും പല വിഷയങ്ങളുടെ തലനാരിഴ കീറിയുള്ള വിമർശനങ്ങൾക്കും കണ്ണു പൊട്ടുന്ന അസൂയക്കാരുടെ ജല്പനകൾക്കും വേദിയായി കൊണ്ടേ ഇരുന്നു .സുകുമാരൻ നായന്മാരെക്കുറിച്ചും മജീദ് മേത്തന്മാരെക്കുറിച്ചും കുടിയേറ്റക്കാരനായ ജോസപ്പാ മാത്രം ജാതി സ്പിരിറ്റ് വെച്ചു ഇന്നയാൾ എന്ന വേർതിരിവില്ലാതെ സകലമാന ഭൂവാസികളെയും കുറ്റം പറഞ്ഞു തിന്നും കുടിച്ചും പെടുത്തും കഴിഞ്ഞു പോന്നു .
റംലത്തും മിന്നുവും മാളുവും വീണ്ടും ചങ്ങാതിമാരായി . മിന്നുവായിരുന്നു റംലത്തിനെ കടിച്ചത് അതെന്തിനാണെന്നു അവളോടു ചോദിച്ചാൽ കുറ്റ ഭാരത്തിൽ തല താഴ്ത്തി നിൽക്കും . സാധാരണ പെണ്ണുങ്ങളിൽ കാണുന്ന അസൂയ നായ്ക്കൂട്ടങ്ങളിലും ഉണ്ടെന്നു റംലത്ത് വിശ്വസിച്ചു . മാളുവിനെ അധികം സ്നേഹിക്കുന്നതായി തോന്നിയതു കൊണ്ടാവണം മിന്നു അന്നങ്ങനെ അക്രമാസക്തയായത് . എന്നാലും ഡോക്ടർമാർ കുത്തിയപ്പോൾ താൻ അനുഭവിച്ച വേദന ഒരു പരാതി പോലെ മിന്നുവിന്റെ ചെവിയിൽ പിടിച്ചു പറയും അപ്പോഴൊക്കെ രണ്ടു കാലും പിറകിലേയ്ക്കും മുന്നിലേക്കും ഊന്നി അവൾ തല താഴ്ത്തി നിൽക്കും. ഹരിദാസ് അങ്കിൾ വിശ്വസിച്ചേൽപ്പിച്ചതല്ലായിരുന്നെങ്കിൽ ഒരു പക്ഷെ ഉപ്പ ഇവരെ എങ്ങോട്ടെങ്കിലും നാടു കടത്തിയേനെ അത്രയ്‌ക്കാണ്‌ താൻ ഹോസ്പിറ്റലിൽ കിടന്നപ്പോൾ ഉപ്പയും അമ്മയും വിഷമിച്ചത് . എല്ലാം തന്റെ തെറ്റാണെന്ന മട്ടിൽ തലകുനിച്ചു നിൽക്കുന്ന മിന്നുവിന്റെ മുകളിൽ കയറി മാളു റംലത്തിന്റെ മടിയിലേയ്ക്ക് ചാഞ്ഞിറങ്ങി .
ഇന്നത്തെ ചായക്കട ചർച്ചയിൽ മജീദ് മനപൂർവ്വമെന്നോണം ആ വിഷയം വീണ്ടും എടുത്തിട്ടു .നാട്ടിലാകെ പെരുകുന്ന പട്ടി കടിക്കിടയിൽ പേയിളകി മരിക്കുന്നവർ ഒരു പാടു പേരുണ്ടത്രേ . നമ്മുടെ നവാസിന്റെ മോളെ കടിച്ച പട്ടിയും ചില ചില്ലറ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിട്ടുണ്ടത്രെ . ഒരു പ്രവാചകന്റെ സ്വരത്തിൽ മജീദ് സംസാരിക്കുമ്പോൾ സുകുമാരനും ജോസപ്പയും ജാനകിയും മറ്റു ചായകുടിയന്മാരും ഒന്നും മിണ്ടാതെ കേട്ടു കൊണ്ടിരുന്നു .നവാസിന്റെ വീട്ടിലെ ചുമരുകൾക്കുള്ളിൽ വളരുന്ന രണ്ടു പട്ടികുട്ടികളുടെ ആരോഗ്യം പോലും കൃത്യമായി പറയാൻ തക്ക വണ്ണം കണ്ണും കാതും തുറന്നിരിക്കുന്നവരുടെ ഘ്രാണശക്തി അപാരമാണെന്നു ജാനകിക്കു തോന്നി .
ഹരിദാസ് അവധിക്കു വരുന്നു ഇക്കുറി തിരിച്ചു പോകുമ്പോൾ തങ്ങളുടെ മിന്നുവും മാളുവും ഉണ്ടാവും അതിനുള്ള സകല ഒരുക്കങ്ങളും ചെയ്തിട്ടാണ് അവർ വന്നിരിക്കുന്നത് . റംലത്തിനു രണ്ടു നാളായി ഉറക്കമില്ല തന്റെ ശരീരത്തിലെ ഒരു അവയവം നഷ്ടപ്പെടാൻ പോകുന്ന വേദനയിൽ അവൾ തലയിണയിൽ മുഖം പൊത്തി പൊട്ടി കരഞ്ഞു . ഹരിദാസ് അങ്കിൾ വരുമ്പോൾ എന്തെങ്കിലും നുണ പറയാൻ അവൾ ഉപ്പയോട്‌ ശട്ടം കെട്ടി .
ഹരിദാസ് കൊണ്ട് വന്ന പ്രത്യേക തരം പട്ടികൂടിലേയ്ക്ക് മിന്നുവിനെയും മാളുവിനെയും മാറ്റുമ്പോൾ അവർ റംലത്തിനെ നോക്കി ദയനീയമായി ഞരങ്ങി.ആ കാഴ്ച കണ്ടു നിൽക്കാൻ കഴിയാതെ അവൾ കുളിമുറിയിലെ ബാത്ത് ടബ്ബിനരികിലേയ്ക്ക് ഓടി . അവളുടെ കണ്ണുനീരിനൊപ്പം താഴെ തുറന്നു വെച്ച ബക്കറ്റിലേയ്ക്ക് വെള്ളവും ഒഴുകി വീണു .മിന്നുവും മാളുവുമായി ഹരിദാസങ്കിളിന്റെ വണ്ടി പോകുന്ന ശബ്ദം കേൾക്കാൻ കഴിയാത്ത വിധം ശക്തിയായി വെള്ളം ബക്കറ്റിലേക്കൊഴുകിയിറങ്ങി .
വണ്ടി ജാനകിയുടെ കടയെത്തിയതും രണ്ടു പട്ടിക്കുട്ടികളും തല പുറത്തേയ്ക്കിട്ടു അവിടെ കൂടിയിരിക്കുന്നവരെ നോക്കി .ഇന്നലെ ഇതിലൊന്നിന്റെ മരണം പ്രവചിച്ച മജീദ് തല പിന്നോക്കം വലിച്ചു ജോസപ്പായുടെ പിന്നിലേയ്ക്ക് മാറി .
നായ്ക്കൾ ഹറാമായ നാട്ടിലേയ്ക്കാണ് ഈ പൊമറേനിയൻ കുഞ്ഞുങ്ങൾ വിമാനം ഇറങ്ങാൻ പോകുന്നത്
ജോസപ്പാ അതു പറഞ്ഞു തീർന്നതും ചായക്കടയിലാകെ കൂട്ട ചിരി മുഴങ്ങി . ഒരു ജാള്യതയും കൂടാതെ മജീദും സുകുമാരനും ജോസപ്പും കൂടി അടുത്തപരദൂഷണത്തിന്റെ അജണ്ടയിലേയ്ക്കു കടന്നു .അപ്പോൾ റംല വീട്ടിനുള്ളിൽ ഏങ്ങലടിച്ചു കരയുകയും മിന്നുവും മാളുവും തണുപ്പുള്ള കൂട്ടിൽ കിടന്നു പ്രവാസത്തിലേയ്ക്ക് പറക്കുകയുമായിരുന്നു .......

Friday, 20 January 2017

മഞ്ഞറോസ (കുഞ്ഞി കവിത )മുറ്റത്തെ പൂന്തോപ്പിൽ വിരിഞ്ഞ റോസാ
നല്ല മണമുള്ള മഞ്ഞ റോസാ

ആദ്യത്തെ പൂവാണീ  മഞ്ഞ റോസാ
ആർക്കാണ് കിട്ടുകീ മഞ്ഞ റോസാ

ചേച്ചി ഒളിഞ്ഞതിൻ മേലെ നോക്കി
'മീൻവെള്ളമൂറ്റിയെൻ 'അമ്മ നോക്കി

കാണുവാൻ ചേലുള്ള നല്ല റോസാ
കണ്ടാൽ കൊതിയൂറും മഞ്ഞ റോസാ

പീതദളത്തിനകതിത്തെത്ര ലാസ്യമായ്
പാറുന്നിതെന്റെ മഞ്ഞ റോസാ

ആദ്യത്തെ പുഷ്പം ഇതാർക്കു വേണ്ടി
ആരും കൊതിക്കുന്നീ മഞ്ഞ റോസാ

അമ്മുമ്മ കട്ടായമൊന്നു ചൊല്ലി
ആദ്യ ഫലങ്ങൾ  അവിടുത്തേയ്ക്കു മാത്രം

കാത്തു കൊതിച്ചൊരാ മഞ്ഞ റോസാ
കുരിശടി പള്ളിലെ രൂപത്തിന്

ആദ്യമായ് മോഹിച്ച മഞ്ഞ റോസേ
നിന്നെ അണിയുവാൻ കൊതിച്ചതെത്ര

ഇനി നാമ്പിടുന്നൊരീ മൊട്ടിനായി
കാത്തിരിക്കുന്നു ഞാൻ മഞ്ഞ റോസേ

വസന്തം വരാനായ് നീ കാക്കരുതേ
ഒരു നൂറു പൂവുകൾ നൽകിടേണേ

അക്ഷര മരം (കുഞ്ഞി കവിത )


അക്ഷരമരങ്ങളെയറിയാമോ
അതിന്റെ തണലിൽ ചെല്ലാമോ

ആപ്പിൾ മരമതിലുണ്ടൊരു ചേട്ടൻ
എ ഫോർ ആപ്പിൾ

ബാറ്റിൽ കയറിയ മറ്റൊരു ചേട്ടൻ
ബി ഫോർ ബാറ്റ്

മ്യാവൂ മ്യാവൂ ചൊല്ലി പ്യുമ
സി ഫോർ ക്യാറ്റ്

ബൗ ബൗ ബൗ ബൗ കുരച്ചൊരു കൈസർ
ഡി ഫോർ ഡോഗ്
 
തുമ്പികൈയും നീട്ടിയ തടിയൻ
ഇ ഫോർ എലിഫന്റ്

വികൃതികളൊക്കെ  പഠിച്ച കുറുക്കൻ
എഫ് ഫോർ ഫോക്സ്

എന്നും കാക്കും നമ്മുടെ ദൈവം
ജി ഫോർ ഗോഡ്

തണലായ്‌  തലയിൽ കയറിയ തൊപ്പി
എച്ച്  ഫോർ ഹാറ്റ്

അങ്ങനെയങ്ങനെ അക്ഷരമെല്ലാം
അറിവായ്‌ അരികിൽ നിറയുമ്പോൾ
അക്ഷരമുറ്റം നിറയുമ്പോൾ
ആകാശം ഞാനതിരാക്കും
അതിനും മേലെ ഉയരും ഞാൻ
ചിറകേ പാറുക ഉയരത്തിൽ
അറിവായ്‌ ഉലകം നിറയാനായ് .

  

എന്റെ മോഹം (കുഞ്ഞി കവിത )പഠിച്ചു പഠിച്ചു പഠിച്ചു ഞാനൊരു പൈലറ്റായീടും
മേഘകീറിനു മുകളിൽ പായും പൈലറ്റായീടും

ചിറകുകൾ വീശി ഉയരത്തിൽ ഞാൻ ഉയർന്നു പാറീടും
ആകാശത്തിനു മേലെ ഞാൻ എൻ അതിരുകൾതീർത്തീടും


ചിറകുകളുള്ളൊരു പക്ഷിയെ പോല പറന്നു പാറിടാൻ
 പഠിച്ചു പഠിച്ചു പഠിച്ചെനിക്കൊരു പൈലറ്റാകേണം


താരാപഥങ്ങൾ തേടി ഞാനെൻ പുഷ്പകമേറുമ്പോൾ
ക്ഷീരപഥത്തിൽ നിന്നൊരു താരം വെറുതെ മോഹിക്കും

പഠിച്ചു പഠിച്ചു പഠിച്ചു ഞാനൊരു പൈലറ്റാകുമ്പോൾ
ആകാശത്തിൻ വിരി മാറിൽ ഞാൻ ഉയർന്നു പാറുമ്പോൾ

താരാപഥങ്ങൾക്കരികിൽ കൂടി പറന്നു പായുമ്പോൾ
താഴെ നിന്നും വന്നവനാണെന്നറിഞ്ഞു പായും ഞാൻ

അതിരുകളില്ലാത്തകാശത്തിൻ പരപ്പിൽ നിന്നും ഞാൻ
താഴെ നല്ലൊരു ഭൂമികയുണ്ടെന്നറിഞ്ഞു പാറു ഞാൻ

പഠിച്ചു പഠിച്ചു പഠിച്ചു ഞാനൊരുനാൾ പൈലറ്റായീടും
ആകാശത്തിൻ നിറങ്ങൾ തേടി ഉയർന്നു പാറീടും .

Wednesday, 18 January 2017

മുറ്റത്തെ മുല്ല ( കുഞ്ഞിക്കവിത )


അമ്മ വളർത്തി മുല്ല തൈ
മുറ്റത്തന്നൊരു മുല്ല തൈ

തൈ വളരുന്നതു കാത്തു ഞാൻ
അമ്മയ്‌ക്കൊപ്പം വളമിട്ടു .

മൊട്ടു വരുന്നതു നോക്കി  ഞാൻ
മുല്ല ചെടിയുടെ സഖിയായി

മുല്ല വളർന്നൊരു ചെടിയായി
 മൊട്ടുകൾ മെല്ലെ തളിരിട്ടു

സുന്ദരി മൊട്ടു വിടർന്നപ്പോൾ
പൂന്തേൻ വണ്ടുകൾ വരവായി
 
'അമ്മ പറഞ്ഞാ സൗരഭ്യം
മുല്ലേ നിന്നാൽ അറിയുന്നു

ഞങ്ങടെ വീടും പൂന്തോപ്പും
 നന്മ സുഗന്ധം പരക്കുന്നു


മുല്ലകൾ പൂത്തു തളിർക്കട്ടെ
നല്ലതു ചെയ്യുക നാമെല്ലാം 

Tuesday, 17 January 2017

മഴവില്ല് (കുഞ്ഞി കവിത)
മാനത്തുണ്ടൊരു മഴവില്ല്
മനം മയക്കും മഴവില്ല്
മഴ കഴിയുമ്പോൾ  മഴവില്ല്
മനോഹരിയാണീ   മഴവില്ല്

മഴവില്ലിന്റെ  മുഖമറിയാമോ
ഏഴു നിറങ്ങൾ നിറഞ്ഞ മുഖം
റാ പോൽ നല്ല വളഞ്ഞ മുഖം
സുന്ദര വർണ്ണം നിറഞ്ഞ മുഖം

മാനം കണ്ടു ഞാൻ നിറയട്ടെ
മനം കുളിർത്തു തളിർക്കട്ടെ
മഴ കഴിയുമ്പോൾ  വരികില്ലേ
മനം കവരാൻ നീ മഴവില്ലേ

Monday, 16 January 2017

ഓന്തച്ചനും പല്ലിയും ( കുഞ്ഞി കഥ )ഒരിടത്തു ഒരിടത്തു ഒരു ഓന്തച്ചൻ ഉണ്ടായിരുന്നു ഓന്തച്ചൻ വലിയ സൂത്രശാലി ആയിരുന്നു ഓന്തച്ചനു ഒരു ഉറ്റ ചങ്ങാതി ഉണ്ടായിരുന്നു ആരാണന്നല്ലേ വെളുത്തു തുടുത്ത പാൽ നിറമുള്ള ഒരു പല്ലി . രണ്ടു പേരും ചങ്ങാതിമാരായി വാഴുന്ന സമയം അവരുടെ ഇടയിൽ ആരാണ് ഏറ്റവും സുന്ദരൻ എന്ന ഒരു  തർക്കമുണ്ടായി.  തർക്കം മൂത്തപ്പോൾ രണ്ടു പേരും കൂടി അടുത്തുള്ള കുരങ്ങച്ചന്റെ അടുത്തു ചെന്നു സംശയം തീർക്കാൻ തീരുമാനിച്ചു . രണ്ടു പേരുടെയും വാദങ്ങൾ കേട്ട ശേഷം കുരങ്ങച്ചൻ ഒരു തീരുമാനത്തിൽ എത്തി നിറം മാറാൻ കഴിവുള്ള ഓന്തച്ചനും പാൽ വെളുപ്പു നിറമുള്ള പല്ലിയും തുല്യ സുന്ദരന്മാരാണ്.   ഇവരിൽ ആദ്യം പങ്കില കാട് കയറി തിരികെ എത്തുന്നയാളെ  സുന്ദരൻ ആയി അംഗീകരിക്കാം  . നിറയെ ക്രൂര മൃഗങ്ങൾ തിങ്ങി പാർക്കുന്ന പങ്കില കാട്ടിൽ കയറിയാൽ പിന്നെ മണ്ടന്മാരായ ഓന്തച്ചനും പല്ലിയും തിരികെ വരാൻ പോകുന്നില്ല എന്നു കുരങ്ങച്ചൻ മനസ്സിൽ  കണക്കുകൂട്ടി .

മത്സരം തുടങ്ങി രണ്ടു പേരും പങ്കില കാട്ടിൽ കയറി വഴി നീളെ ദുര്ഘടങ്ങൾ താണ്ടി രണ്ടു പേരും കാടിനു നടുവിൽ എത്തി . ഇനിയും ദുഷ്ടമൃഗങ്ങൾ താമസിക്കുന്ന കാട്ടിലൂടെ അധിക നേരം കടന്നു പോകുക പ്രയാസമാണെന്നു മനസിലാക്കിയ രണ്ടു പേരും ഒരു മരപ്പൊത്തിൽ ഒളിച്ചിരിക്കാൻ തീരുമാനിച്ചു . മരപ്പൊത്തിൽ ഒളിച്ചിരുന്ന ഓന്തച്ചൻ മരത്തിന്റെ കളർ ശരീരത്തിനു കൊടുത്തു വെളുത്ത കളറുള്ള പല്ലിയെ മൂടി പിടിച്ചിരുന്നു . കാടു കടക്കാറായപ്പോൾ അവരെ പിടി കൂടാൻ വന്ന പാമ്പ് പല്ലിയുടെ വാലിൽ പിടി കൂടി.  പാമ്പിന്റെ പിടിയിൽ പെട്ട    ഓന്തച്ചനും പല്ലിയും ജീവിതം ഇവിടെ അവസാനിക്കും എന്നു തന്നെ കരുതി . പെട്ടന്നതാ പല്ലി തനിക്കു കിട്ടിയ സവിശേഷമായ കഴിവുപയോഗിച്ചു സ്വന്തം വാൽ മുറിച്ചിട്ടു  ഓന്തുമായി മുന്നോട്ടോടി ഒരു വിധത്തിൽ അവർ പങ്കില കാടു കടന്നു രക്ഷപെട്ടു . പിന്നീടൊരിക്കലും അവർ രണ്ടു പേരും  സൗന്ദര്യത്തെപ്പറ്റി  തർക്കിച്ചു സംസാരിച്ചിട്ടില്ല എന്നു മാത്രമല്ല ചതിയന്മാരുടെ ഉപദേശം കേൾക്കാൻ പോയതുമില്ല ..

Friday, 6 January 2017

മേരാ പ്യാരാ ദേശവാസിയോം


രണ്ടായിരത്തിപതിനാറു നവംബർ എട്ടിനു രാത്രി പതിനൊന്നു മണി കഴിഞ്ഞതും ബിന്ദുമോൾ ജോസഫിന്റെ ടെലിഫോൺ നിർത്താതെ ശബ്ദിച്ചു . മാസമുറയുടെ ഷീണം കൊണ്ടു പ്രധാനപ്പെട്ട പല പ്രഖാപനങ്ങളും കേൾക്കാതുറങ്ങിയ ബിന്ദു മോളും ഒന്നും നടക്കാൻ  സാധ്യതയില്ലാത്തതിനാൽ രണ്ടു തൊണ്ണൂറിന്റെ ലഹരിയിലായിരുന്ന ജോസഫ് ചാക്കോ എന്നു മാമോദീസാ പേരുള്ള തങ്കച്ചായനും അസമയത്തു വന്ന  കോളു കണ്ടു അമ്പരന്നു. പാവറട്ടിയിൽ നിന്നും അമ്മച്ചിയുടെ നീയിങ്ങു വേഗം വാ എന്ന വെപ്രാളപ്പെട്ടുള്ള ശബ്ദം കേട്ടതും ബിന്ദുമോൾ അർദ്ധ ബോധത്തിലായിരുന്ന തങ്കച്ചായന്റെ നെഞ്ചിലേയ്ക്കു വീണു അലപ്പറയിട്ടു കരഞ്ഞു .അമ്മച്ചിക്കു ആണായിട്ടും പെണ്ണായിട്ടും ഉള്ള ഒറ്റ സന്താനമാണ് ബിന്ദുമോൾ എന്ന തിരിച്ചറിവിൽ ഫിറ്റായി കിടന്ന തങ്കച്ചൻ ചാടിയെഴുന്നേറ്റു പേന്റും കാൾസറായിയും തിടുക്കത്തിൽ വലിച്ചു കേറ്റി വണ്ടിയിലെ  വെള്ളം ചെക്ക് ചെയ്യാൻ പോർട്ടിക്കോവിലേക്കോടി . രണ്ടറ്റാക്ക് കഴിഞ്ഞ അപ്പച്ചനു എന്തേലും സംഭവിച്ചിട്ടല്ലാതെ അമ്മച്ചി ഇങ്ങനെ കരയുവേല, എന്റെ അച്ചായീയേ ഞാൻ വന്നു ഒന്ന് കാണുന്നതിന് മുൻപേ അങ്ങു പോയില്ലേ ബിന്ദുമോൾ കൊച്ചുങ്ങളെ വിളിച്ചുണർത്തി വല്യപ്പച്ചനു വീണ്ടും അറ്റാക്ക് വന്ന കാര്യം പറഞ്ഞു .

പാവറട്ടി പള്ളിപെരുനാളിനു അപ്പച്ചനേം അമ്മച്ചിയേം കണ്ടേ പിന്നെ ഇപ്പോഴാണ് അങ്ങോട്ടു പോകാൻ ഒരു അവസരം വരുന്നത് അപ്പച്ചനോടും അമ്മച്ചിയോടും ഇങ്ങു ബൈസൺ വാലിയിൽ വന്നു ഞങ്ങളോടൊപ്പം നിൽക്കാൻ പറഞ്ഞാൽ പഴയ മാമോദീസാ വെള്ളം വീണ പള്ളിയിലെ കുർബാന കൈകൊണ്ടു ചാകണം എന്ന  കഥ പറയുമെന്നതിനാൽ കൂടുതൽ നിർബന്ധിച്ചിട്ടു പ്രയോജനവും ഉണ്ടായിരുന്നില്ല . ആലുവ മൂന്നാർ റോഡ് പിടിചാൽ ആറൂ മണിക്കൂറു കൊണ്ടു  പാവറട്ടിയെത്താം ജീപ്പിനു പിന്നിൽ കിടന്ന പൈക്കൾ മുടങ്ങിപ്പോയ ഉറക്കത്തിലേയ്ക്ക്  വഴുതി വീണിരിക്കുന്നു .അടിച്ച കള്ളിന്റെ ലഹരി വിട്ടു മാറിയിട്ടില്ലാത്ത തങ്കച്ചായനെ  വിശ്വാസമില്ലാഞ്ഞിട്ടെന്നോണം ബിന്ദുമോൾ ഡ്രൈവിംഗ് തുടങ്ങിയിരിക്കുന്നു . ആദ്യമായി കയ്യിലെടുത്തതുമുതൽ ബൈസൺ വാലിയിലേയ്ക്ക് തന്നെ കെട്ടിച്ചയക്കും വരെ അപ്പച്ചനുമായുള്ള രംഗങ്ങൾ മനസ്സിൽ ഓർക്കുമ്പോൾ ബിന്ദുമോളുടെ കണ്ണുകൾ വൃഷ്ടി പ്രദേശത്തെ ഡാം പോലെ നിറഞ്ഞൊഴുകുകയാണ് .

തങ്കച്ചായനൊപ്പം കൂടുന്നതിനു മുൻപ് അപ്പച്ചനായിരുന്നു തനിക്കെല്ലാം എങ്ങനെയാണ് ഇത്രയും ദൂരത്തേയ്ക്കു  ഒറ്റ മകളെ അപ്പച്ചനും അമ്മച്ചിയും അയച്ചതെന്ന്  പലപ്പോഴും ഞാൻ ആലോചിച്ചിട്ടുണ്ട് .തങ്ങളുടെ സന്തോഷങ്ങളേക്കാൾ മകളുടെ ശോഭനമായ ഭാവിയും  സുരക്ഷിതത്വത്തിനുമാവും അവർ മുൻ‌തൂക്കം കൊടുത്തിട്ടുണ്ടാവുക അല്ല  അതങ്ങനെ തന്നെ ആണ്  . തങ്കച്ചായൻ നല്ലവനാണ് ഒന്നു ചോദിച്ചാൽ മൂന്നും നാലും തരുന്ന, വിളക്കു കൊളുത്തുന്നത് പറയുടെ  കീഴിൽ വെയ്ക്കാനല്ലന്നു കൂടെ ക്കൂടെ ഓർമിപ്പിക്കുന്ന നല്ല ശമരിയാക്കാരൻ .അങ്ങോരുടെ മൂന്ന് കുഞ്ഞുങ്ങളെ പ്രസവിച്ചു  കഴിഞ്ഞപ്പോഴേയ്ക്കും  ഞാൻ ശരിക്കും ഇടുക്കിക്കാരിയായി കഴിഞ്ഞിരിക്കുന്നു  . അങ്കമാലി കഴിഞ്ഞതും ഡ്രൈവിംഗ് സീറ്റിൽ തങ്കച്ചായൻ മാറി വന്നിരിക്കുന്നു അല്ലെങ്കിലും വലിയ ഡ്രൈവിംഗ്  സ്ത്രീകൾക്ക് വഴങ്ങില്ല ,എല്ലാ സ്ത്രീകളെയും പറ്റി എനിക്കറിയില്ല എന്റെ കാലുകൾക്കും കൈകകൾക്കും ഒരേ ഒരു തരം മരവിപ്പ് മുൻപ് പറഞ്ഞ മാസ മുറയുടെ ലക്ഷണങ്ങളാവാം.

പാവറട്ടിയിലെ വീട്ടിൽ അപ്പച്ചൻ വളർത്തുന്നൊരു നായ് കുട്ടി യുണ്ട് ,ബോബൻ എന്നാണവന്റെ പേര് ഇനി ഒരു ആൺ കുട്ടി കൂടി ഉണ്ടായാൽ  അവനിടാൻ അപ്പച്ചൻ കരുതി വെച്ചിരുന്ന പേരാണത് .വാതിലിൽ കാറിന്റെ ഹോൺ അടി കേട്ടതും അവൻ  ഓടി  ഗേറ്റിനു അരികിലേയ്ക്ക് കുരച്ചു കൊണ്ടു  വന്നു . ഒന്നും സംഭവിച്ചിട്ടില്ല, അല്ലെങ്കിൽ  ഇങ്ങനെ ആകുമായിരുന്നില്ല ഇവിടുത്തെ കാര്യങ്ങൾ .അപ്രതീക്ഷിതമായി ഞങ്ങളുടെ വണ്ടി കണ്ട അപ്പച്ചൻ  ചിരിയോടെ പുറത്തു വന്നു . ഇളയ മകൾ നാൻസി മോൾ അപ്പച്ചന്റെ പ്രിയപ്പെട്ടവളാണ് അവളെ എടുത്തു കളിപ്പിച്ചു കൊണ്ടു  അപ്പച്ചൻ സിറ്റ് ഔട്ടിലേയ്ക്ക് കയറി . ഇന്നലെ രാത്രി വലിയ വായിൽ നിലവിളിച്ച അമ്മച്ചിയതാ   നിർവികാരയായി വാതിൽ ചാരി നിൽക്കുന്നു . തങ്കച്ചായൻ അപ്പച്ചനോടു കുശലം പറഞ്ഞു പുറത്തേയ്ക്കു നടന്നതും അമ്മച്ചിയെന്നെ  അകത്തേയ്ക്കു വലിച്ചിട്ടു .

ഒരു മുറിയുടെ ഏകാന്തതയിൽ ഞാനും അമ്മച്ചിയും എന്നെ അടുത്തു സ്വകാര്യത്തിൽ കിട്ടിയതും അമ്മച്ചി കുഞ്ഞുങ്ങളെപ്പോലെ  നിലവിളിച്ചു . കാര്യം എന്തെന്നറിയാതെ ഞാൻ അമ്മച്ചിയുടെ സാരിത്തലപ്പു  ചേർത്തു വെച്ചു കൊണ്ടാ മുഖം  തുടച്ചു .

പോയെടീ എല്ലാം പോയി ,നാൻസി മോളുടെ അദ്യകുർബാനയ്ക്ക് പൊന്നരഞ്ഞാണം വാങ്ങാൻ ഞാൻ വെച്ചിരുന്ന   കാശാ ,ഇവുടുത്തെ അപ്പച്ചൻ അറിയാതെ ഞാൻ കുറേശ്ശേ ആയി സ്വരുകൂട്ടിയിരുന്നതാ ഇനിയിപ്പോൾ  കടലാസു വിലയല്ലയോ ! ഇന്നലെ മുതൽ ഞാൻ ഉറങ്ങിയിട്ടില്ല അപ്പച്ചൻ അറിഞ്ഞാൽ ഞാൻ കള്ളിയാകും അല്ലെങ്കിൽ ഇതെല്ലാം ആർക്കുമില്ലാതെ പോകും.  അമ്മച്ചി അടുക്കള കാപോഡിലെ ട്രങ്ക് പെട്ടി തുറന്നു എന്റെ മുന്നിലേയ്ക്ക് കുടഞ്ഞു .

എന്റീശോയെ !! ഞാൻ പിന്നോക്കമിരുന്നു പിശുക്കി അമ്മച്ചി സൂക്ഷിച്ചിരുന്ന സമ്പാദ്യം കണ്ടെന്റെ കണ്ണ് തള്ളി .ഇരുപത്തി ഒന്ന് വയസുവരെ അമ്മച്ചിയുടെ കൂടെ ജീവിച്ചിട്ടും  ഇങ്ങനെ ഒരു ബാങ്ക് അമ്മച്ചിക്കുണ്ടെന്നോ അമ്മച്ചി എന്തെങ്കിലും അപ്പച്ചനറിയാതെ സമ്പാദിക്കുന്നുണ്ടെന്നോ എനിക്കറിയില്ലായിരുന്നു . മുന്നിൽ കുമിഞ്ഞു കൂടി കിടക്കുന്ന  അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ തിടുക്കത്തിൽ അമ്മച്ചി വീണ്ടും വാരി  ട്രങ്ക് പെട്ടിയിൽ നിക്ഷേപിച്ചു  . അപ്പച്ചൻ അറിയാതെ അമ്മച്ചിയുടെ കള്ളപ്പണ നിക്ഷേപം വെളുപ്പിക്കാനാണ് എന്നെ അടിയന്തിരമായി ബൈസൺ വാലിയിൽ നിന്നും വരുത്തിയിരിക്കുന്നത് .

നിന്റെ നിക്ഷേപങ്ങൾ എവിടെ ആയിരുന്നുവോ അവിടെയായിരുന്നു നിന്റെ ഹൃദയവും അമ്മച്ചിയുടെ ഹൃദയം കഴിഞ്ഞ കുറച്ചു കാലങ്ങളായി  അടുക്കളയുടെ പിന്നാമ്പുറത്തെ ട്രങ്ക് പെട്ടിക്കുള്ളിൽ ആയിരുന്നിരിക്കണം . നരേന്ദ്ര ദാമോദർ ദാസ് മോദിയെന്ന പ്രധാനമന്ത്രി ഇതുപോലെ ഭർത്താക്കന്മാരുടെ പണം കട്ടു സൂക്ഷിക്കുന്ന ഭാര്യമാരുടെ ഹൃദയത്തിൽ കൂടിയാണ് നോട്ടു നിരോധനം എന്ന വാൾ കടത്തി വിട്ടത് എന്നോർത്തിട്ടുണ്ടാവുമോ അതെങ്ങനാ രാജ്യത്തിനു വേണ്ടി വീടും കുടുംബവും വിട്ടെറിഞ്ഞെന്നു വീമ്പു പറയുന്നയാൾക്കു ഇത്തരം വികാരങ്ങൾ അറിയുമോ. ബൈസൺ വാലിയിലേയ്ക്ക് മടങ്ങാൻ രണ്ടു ദിവസം കൂടി ബാക്കിയുണ്ട് അതിനു മുൻപ്  അമ്മച്ചി അപ്പച്ചൻ അറിയാതാ ട്രങ്ക് പെട്ടി തങ്കച്ചായന്റെ ജീപ്പിനുള്ളിൽ ഒളിപ്പിച്ചു കഴിഞ്ഞിരിക്കുന്നു  .മോദിയുടെ കള്ള പ്പണവേട്ടയുടെ ഫലമറിയാൻ കാലമേറെ കാത്തിരിക്കണം എന്നാൽ അമ്മച്ചി സൂക്ഷിച്ചിരുന്ന  പണം മുഴുവൻ യഥാർത്ഥ അവകാശികളിൽ സുരക്ഷിതമായി എത്തിയിരിക്കുന്നു.

ബൈസൺ വാലിയിൽ കോടയിറങ്ങുന്ന ഏലക്കാടുകൾക്കിടയിൽ എവിടെയോ ഒരു കയറ്റം കയറുമ്പോൾ  ഞങ്ങളുടെ  ജീപ്പിനു മുന്നിൽ പതിവില്ലാത്ത വിധം  കനത്ത മൂടൽ മഞ്ഞു മല പോലെ രൂപപ്പെട്ടു . ഒന്നും കാണാനാകാത്ത മൂടൽ മഞ്ഞിനിടയിൽ നിന്നും വജ്രസൂചിയെ കീറിമുറിക്കുന്നതു പോലൊരു സ്വരം മുഴങ്ങി .
മേരാ പ്യാരാ ദേശവാസിയോം ...... മലമടക്കുകളിൽ തട്ടി ആ സ്വരം ഒരായിരം തവണ  പ്രതിധ്വനിച്ചു മുഴങ്ങി മേരാ പ്യാരാ ദേശവാസിയോം ...................................

Monday, 2 January 2017

വേരുകൾ തേടിയൊരു സൈക്കിൾ (കഥ )മാർക്ക് എങ്ങനെ ആണെന്നോ ,ആയിരിക്കുമെന്നോയുള്ള ചിന്തയിലായിരുന്നു ഞാൻ കഴിഞ്ഞ 48 മണിക്കൂറുകളിൽ . സ്ഥാനം ഒഴിയാൻ പോകുന്ന ട്യുണീഷ്യക്കാരൻ ഒമർ ഫാറൂഖിയെ പതിയെ മനസിലാക്കി വരുന്നതേ ഉണ്ടായിരുന്നുള്ളു .മുൻകോപിയാണെങ്കിലും ഒമർ ഹൃദയമുള്ളവനായിരുന്നു . പോർട്ടുഗീസ്‌കാർ പണ്ടെങ്ങോ നമ്മളെ അടിമകളാക്കി ഭരിച്ചിട്ടുണ്ടെന്നു കേട്ടിട്ടുള്ളതല്ലാതെ മുൻപൊരിക്കൽ പോലും  ഒരു പോർട്ടുഗീസു കാരനെ കണ്ടതായി പോലും ഞാൻ ഓർക്കുന്നില്ല . ഒമർ ഫാറൂഖി വരുന്നതിനു മുൻപ് ഒരു ട്യുണീഷ്യക്കാരനെപ്പോലും അടുത്തറിയാതിരുന്നതും ഇപ്പോൾ ഞാൻ ഓർക്കുന്നു .

ബെഞ്ചമിൻ മാർക്ക് സ്റ്റീവൻ അതാണയാളുടെ മുഴുവൻ പേര് ,കേട്ടറിഞ്ഞ കഥകളിലെ മാർക്ക് അര  വട്ടനാണ് .ഒരു ജോലിയിലും ഉറച്ചു നിൽക്കാത്ത യാത്രകളെ സ്നേഹിക്കുന്ന എപ്പോൾ എന്തു ചെയ്യുമെന്നോ പറയുമെന്നോ പ്രവചിക്കാൻ കഴിയാത്ത സ്വഭാവക്കാരൻ .കഴിഞ്ഞ തവണ ആംസ്റ്റർഡാമിൽ നിന്നും ന്യൂസിലാൻഡിലേയ്‌ക്ക്‌ മോട്ടോർ ബൈക്ക് ഓടിച്ചു പോയ കിറുക്കൻ . നാളെ മുതൽ അങ്ങനെ ഒരു വട്ടന്റെ സ്വകാര്യ സഹായിയായി കമ്പനി നിയമിച്ചിരിക്കുന്നത് തന്നെയാണെന്നോർത്തപ്പോൾ ഒരു ഉൾകിടിലം ഹൃദയത്തിലൂടെ കടന്നു പോകുന്നതു പോലെ .കമ്പനി ഏല്പിച്ചിരിക്കുന്ന ജോലികളിൽ അയാളെ സഹായിക്കുക അല്ലാതെ   അയാളുടെ വട്ടുകൾ  എന്നോട് കാണിക്കാൻ ശ്രമിച്ചാൽ  ചോദ്യം ചെയ്യുക തന്നെ ചെയ്യും . കമ്മ്യൂണിസം നൂറും അറുപതും മേനി വിളയുന്ന  കേരളത്തിലേയ്ക്കാണ് അയാൾ ജോലി ചെയ്യാൻ വരുന്നത് .

ലോകത്തിൽ  ഏറ്റവും കൂടുതൽ  സൈക്കിൾ പ്രേമികളുള്ള നഗരമാണ് ആംസ്റ്റർഡാമെന്നു വായിച്ചതോർമ്മ വരുന്നു  പക്ഷെ ലോകത്തിന്റെ മറു കരയിൽ നിന്നൊരു മനുഷ്യൻ ഇങ്ങേക്കരയിൽ മാനേജരായി ചാർജ്ജെടുക്കാൻ ഈ ശകടം ചവിട്ടി ആ നാട്ടിൽ നിന്നും വരുമെന്ന് സ്വപ്‌നേപി നിനച്ചിരുന്നില്ല . നരച്ചതാടിയും വെളുത്ത മുടികളുമുള്ള  മാർക്ക് തോളിൽ തൂക്കിയിരുന്ന വലിയ ഭാണ്ഡവുമായി അകത്തു കയറുമ്പോൾ കേട്ട കഥകളിൽ  വള്ളി പുള്ളി വിടാതെ എല്ലാം സത്യമായിരുന്നുവെന്നു ഞാൻ ഉറപ്പിക്കുകയായിരുന്നു . ഈ മുഴു വട്ടനുമായി  ജോലി എത്രനാൾ തുടരാനാകും ! ഒന്നുകിൽ ഞാൻ അല്ലെങ്കിൽ അയാൾ ആദ്യം പുറത്താകുന്നത് ആരെന്ന ചോദ്യം  മാത്രമായിരുന്നു മനസ്സിൽ .

അവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാൻ ദൈവം കൊടുത്ത  അവയവങ്ങളിൽ ഒന്നായിട്ടാണയാൾ  നാവിനെ കരുതുന്നതെന്നെനിക്കു തോന്നി . അയാൾക്കാരുടെയും സഹായം ആവശ്യം  വേണ്ടിയിരുന്നില്ല ചെയ്യേണ്ടിയിരുന്ന ജോലിയെല്ലാം അയാൾ തനിയെ ചെയ്തു തീർക്കും . മൊട്ടു സൂചി നിലത്തു വീണാൽ കുനിഞ്ഞു എടുക്കാൻ പോലും മടിയനായിരുന്ന ഒമർ ഫാറൂഖിക്കു എന്നെ എപ്പോഴും  വേണമായിരുന്നു എന്നാൽ ഈ മനുഷ്യൻ . ജോലിയിൽ കയറി മൂന്നാം പക്കം മാർക്ക്  എന്റെ സഹായം ആദ്യമായി ആവശ്യപ്പെട്ടു  അദ്ദേഹത്തിന്റെ പഞ്ചറായ സൈക്കിൾ ട്യൂബ് ഒട്ടിക്കുന്നതിനു വേണ്ട പശ  തീർന്നു പോയത്രേ  ,അതെവിടെ നിന്നു വാങ്ങും എന്നതിനെപ്പറ്റി അയാൾക്കൊരു ധാരണയില്ല ഗൂഗിളിൽ പല  തവണ  പരതിയിട്ടും അടുത്തൊരിടം കാണാഞ്ഞിട്ടാണ് മാർക്ക് എന്നെ ആ ജോലി ഏൽപ്പിക്കുന്നത് .

മാർക്ക് വന്നതിൽ പിന്നെ ഞാൻ അലസനാണ് ,അല്ല എനിക്കു ചെയ്യാനൊരു ജോലിയില്ല  അങ്ങനെ ഒരു അലസ മയക്കത്തിനിടയിൽ  മാർക്ക് എന്റെ കാബിനിലേയ്ക്ക് കടന്നു വന്നു . പേടിച്ചരണ്ട ഞാൻ പണി പോയെന്നു തന്നെ മനസ്സിൽ ഉറപ്പിച്ചാണ്   ചാടിയെഴുന്നേറ്റത്‌ . പതിവിനു വിപരീതമായി അയാളുടെ മുഖത്തൊരു പുഞ്ചിരി  ആ മുഖ ശ്രീക്കു കൂടുതൽ ചന്തം ചാർത്തിയിരുന്നു . തോമസ് ,തോമസ്  രണ്ടു തവണ അയാളെന്റെ പേര് ഉച്ചത്തിൽ വിളിച്ചു  . ഞാൻ പഞ്ച പുശ്ചമടക്കി എഴുന്നേറ്റു നിന്നു . ഒമർ സാർ ആയിരുന്നെങ്കിൽ ഇപ്പോൾ അടിഅല്ലെങ്കിൽ ചീത്ത   ഉറപ്പായിരുന്നു . അയാൾ ജീൻസിന്റെ പിറകിലെ പോക്കറ്റിൽ നിന്നും സാധാരണയിലും വീതിയുള്ള അയാളുടെ തുകൽ പേഴ്സ് പുറത്തെടുത്തു  . ഒമർ സാർ ദേഷ്യപ്പെട്ടാൽ അന്ന് 100 ഉറപ്പായിരുന്നു . ഇതു ദേഷ്യപ്പെടാതെ എനിക്ക് കൈമടക്കു തരാൻ പോകുന്നു .യുറോപിയൻമാർ അറബികളെക്കാൾ ഉദാരമതികളാണ്   ,അറബികൾ എല്ലു മുറിയെ പണിയെടുപ്പിക്കും യുറോപ്പിയൻമാരോ നമ്മോടൊത്തു പണിയെടുക്കും  നമ്മൾ അർഹിക്കുന്നതും അതിൽ കൂടുതലും നൽകും .

തുകൽ പേഴ്സിൽ നിന്നും മാർക്ക് പുറത്തെടുത്ത പിഞ്ചി കീറാറായ ഫോട്ടോ ഞാൻ തിരിച്ചും മറിച്ചും നോക്കി . "മാർക്ക്  ഇതിൽ നിന്നും നമ്മളെങ്ങനെ ആളുകളെ തിരിച്ചറിയും ഇതൊരു പഴയ ഫോട്ടോയല്ലേ ,ഏകദേശം നാല്പതു വർഷം  പഴക്കമെങ്കിലുമുള്ള ഫോട്ടോ "
ഇതിൽ കാണുന്നതാണെന്റെ മാതാപിതാക്കൾ അവരെ തേടിയാണ് ഞാൻ ഈ നഗരം തിരഞ്ഞെടുത്തു ജോലിക്കു വന്നത്  !
അപൂർവമായി മാത്രം തുറക്കപ്പെടാറുണ്ടായിരുന്ന മാർക്കിന്റെ വായ തുറന്നു പുറത്തേയ്ക്കു വന്ന  വാക്കുകൾ എന്നെ ഏതോ ലഹരിയുടെ കയത്തിലേയ്ക്ക് തള്ളിയിടും പോലെ തോന്നി .ഞാനയാളെ സൂക്ഷിച്ചു നോക്കി  ,ചുവന്ന തൊലിയും വെളുത്ത മുടികളുമുള്ള ഒറിജിനൽ സായിപ്പ് തന്റെ വിത്തുകൾ  സഹ്യപർവ്വതത്തിനിപ്പുറമുള്ള ഏതോ കടലോര ഗ്രാമത്തിലാണെന്നു പറയുന്നു .ഞാൻ ഫോട്ടോയിലുള്ള  കുഴിഞ്ഞു വറ്റിയ കണ്ണുകളുള്ള നാലംഗ കുടുംബത്തിലേയ്ക്ക് മാറി മാറി നോക്കി . ദൈന്യത സ്ഫുരിക്കുന്ന എട്ടു കണ്ണുകളും  ഉണങ്ങിയൊട്ടിയ കവിളുകളുമായി അപ്പനും അമ്മയ്ക്കും സഹോദരിക്കും ഇടയിൽ മാർക്ക്. ഇല്ല, ഇതു മാർക്കാവാൻ യാതൊരു സാധ്യതയുമില്ല ആംസ്റ്റർ ഡാമിലെ ഇയാളുടെ മാതാപിതാക്കൾ ഇയാളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാവണം  . ഇങ്ങനെ ഒരു രൂപമാറ്റം ഒരു മനുഷ്യനു ഉണ്ടാവാൻ യാതൊരു സാധ്യതയും  താൻ കാണുന്നില്ല .

അന്ധകാര നാഴിക്കുമപ്പുറം പാദുവ പുണ്യവാളന്റെ പള്ളിയോടു ചേർന്നുള്ള വണക്ക മാസപുരയിൽ താമസിക്കുന്ന  മെത്രീഞ്ഞു വലിയപ്പൻ ഫോട്ടോ കണ്ടപ്പോൾ തന്നെ തന്റെ പ്രിയ കൂട്ടുകാരൻ ലാസറിനെ നെ തിരിച്ചറിഞ്ഞു ,ലാസറിന്റെ  മകൻ സായിപ്പോ ??? അപ്പോൾ നോഹ വള്ളത്തിൽ അപ്പനോടൊപ്പം കടലിൽ പോകുന്ന ഫ്രാഞ്ചി ആരാണ് ??  മെത്രീഞ്ഞു വലിയപ്പൻ ചിന്താ ഭാരം വന്നവനെപ്പോലെ  തല കുമ്പിട്ടിരുന്നു . ഇങ്ങനെ ഒരു  മകനുള്ളതായിട്ടോ നാടു  വിട്ടു പോയതായിട്ടോ   മെത്രീഞ്ഞു വലിയപ്പൻ എന്നല്ല തങ്ങളെ ഇങ്ങോട്ടു പറഞ്ഞയച്ച രൂപതാ ആസ്ഥാനത്തു  ഓൾഡ് ഏജ്  ഹോമിൽ കഴിയുന്ന 29 കൊല്ലം അന്ധകാര നാഴി പള്ളി വികാരിയായിരുന്ന ഡിക്രൂസ് വലിയവീട്ടിലച്ചനു   പോലും അജ്ഞാതമായിരുന്നു .

മാർക്ക് വേരുകളിലേയ്ക്ക് തിരികെയെത്തിയിരിക്കുന്നു  പക്ഷെ ബംഗ്ളാവു പറമ്പിൽ ലാസറിന്റെ രണ്ടു മക്കളിൽ  സായിപ്പു കൊണ്ട് പോയത് ഫ്രാഞ്ചിയെന്ന ആൺ കുട്ടിയെ അല്ല ക്ലാര എന്ന ഇളയ പെൺ കുട്ടിയെയാണ്  .  മാർക്ക് അവർക്കു വേണ്ടപ്പെട്ട ഒരാളുടെ സ്വന്തമായിരുന്നിരിക്കണം? ജീപ്പിനു മുകളിൽ വെച്ചിരുന്ന സൈക്കിൾ താഴെയിറക്കി മാർക്ക് ലാസറിന്റെ ബിസ്ക്കറ്റ് പോലെ ഒടിയുന്ന എല്ലുകളുള്ള കൈകളിൽ ചേർത്തു പിടിച്ചു മുത്തമിട്ടു . ക്ലാര ജീവനെപ്പോലെ സ്നേഹിച്ചിരുന്ന സൈക്കിളിന്റെ  സെന്റർ ബാറിൽ അവളുടെ അപ്പച്ചനെ ഇരുത്തി മാർക്ക് പെഡലുകളെ മുന്നോട്ടു ചവിട്ടി അപ്പോൾ  ചക്രവാളം സൂര്യനെ വിഴുങ്ങുകയായിരുന്നു . ഉറപ്പില്ലാത്ത കടൽമണലിൽ പൂണ്ടു പോകുമെന്ന് തോന്നിപ്പിച്ച  സൈക്കിൾ ടയറുകൾ കൂടുതൽ ശക്തിയിൽ മാർക്ക് മുന്നോട്ടു ചവിട്ടി .ക്ലാരയും അമ്മച്ചിയും ഒരുമിച്ചായിരിക്കുന്ന  ആഴിയുടെ അഗാധങ്ങളിലേയ്ക്ക് ആയാസ രഹിതമായി മാർക്ക് ലാസറപ്പച്ചനുമായി മുന്നോട്ടു നീങ്ങി  ............