Sunday, 30 April 2017

കുഞ്ഞച്ചൻ കത്തിയാടുന്നു (ചെറുകഥ)
കഥകളി കുഞ്ഞച്ചൻ വിഭാര്യനായിരുന്നു , ബ്രഹ്മചര്യം ആഘോഷമാക്കിയ പരമ സ്വാതികൻ ,പരോപകാരി ,നാട്ടിലെ എല്ലാ കാര്യങ്ങൾക്കും മുൻപന്തിയിലുണ്ടാവും . ആശുപത്രി കൂട്ടിരിപ്പിനു ആളില്ലാത്തവർക്കു ഏതു സമയവും സമീപിക്കാവുന്ന പരാശ്രയ സ്ഥാപനമായിരുന്നു കുഞ്ഞച്ചൻ .കഥകളി എവിടെയുണ്ടെങ്കിലും കുഞ്ഞച്ചൻ പോകും കുട്ടിക്കാലത്തെപ്പോഴേ അമ്മവീടായ ചേർത്തലയിലെ മരുത്തൂർവട്ടം ധന്വന്തിരി ക്ഷേത്രത്തിലെ കളി കണ്ടാണ് കുഞ്ഞച്ചനു കഥകളി ഭ്രമമുണ്ടാകുന്നത് .അതിനുശേഷം പിന്നെ എവിടെ കഥകളി എന്നു കേട്ടാലും കുഞ്ഞച്ചൻ ചാടി പുറപ്പെടും . ഷർട്ട് കുഞ്ഞച്ചന് അലർജിയാണ് എത്ര ദൂരം പോയാലും കുഞ്ഞച്ചൻ ഷർട്ട് ഉപയോഗിക്കില്ല .വെള്ള മുണ്ടും ഇടത്തെ തോളിലൊരു മേൽമുണ്ടുമായിരുന്നു കുഞ്ഞച്ചന്റെ പ്രഖ്യാപിത യൂണിഫോം . കാലമിത്ര പുരോഗമിച്ചിട്ടും ഉടുപ്പിടായ്‌ക എന്നതൊരു കുറവായി കുഞ്ഞച്ചൻ കണ്ടില്ല .ഒഴുക്കിനൊത്തു നീന്താൻ അയാൾക്കറിയില്ലായിരുന്നു അല്ലാ അയാളതിനു ശ്രമിച്ചിട്ടില്ല എന്നു പറയുന്നതാവും കൂടുതൽ ഉചിതം .

കുഞ്ഞച്ചൻ രക്ഷപ്പെടുത്തിയ ഒരുപാടു  കുട്ടികളുണ്ടാ നാട്ടിൽ , നല്ല മഴക്കാലത്തു കുളത്തിലും വെള്ളക്കെട്ടിലും പുഴയിലും വീഴുന്ന ആബാലവൃദ്ധം ജനങ്ങളെ കുഞ്ഞച്ചൻ സ്വന്തം ജീവൻ തൃണവൽഗണിച്ചു  രക്ഷിച്ചിട്ടുണ്ട് .മലപ്പുറത്തു നിന്നും വന്നു താമസിച്ചിരുന്ന ഷാഹുലിന്റെ മകൻ ഷെരിഫ് പൊട്ടികിടന്ന കക്കൂസിന്റെ സെപ്റ്റിക് ടാങ്കിൽ മുങ്ങി പൊങ്ങിയപ്പോൾ  ഇച്ചീച്ചി മണം പോലും അവഗണിച്ചവനെ  മുങ്ങിയെടുത്തതു കുഞ്ഞച്ചനായിരുന്നു . ആ സാഹസീക പ്രകടനത്തിന് ശേഷമാണു  കുഞ്ഞച്ചൻ നാട്ടിലാകെ അറിയപ്പെടുന്ന പരോപകാരിയായി ബ്രാൻഡ് ചെയ്യപ്പെടുന്നത് . അന്ന് രക്ഷപ്പെടുത്തിയ നരുന്തു പോലിരുന്ന പയ്യനിപ്പോൾ അറബിപ്പൊന്നിന്റെ നാട്ടിൽ ഷേക്കിന്റെ  പി ഏ യാണ് . കാറ്റടിച്ചാൽ തകർന്നു വീഴാറായി നിന്ന അവന്റെ കൂരയിപ്പോൾ നാട്ടിലെ ഏറ്റവും വലിയ കൊട്ടാരമാണ് . അവനെ രക്ഷപെടുത്തിയത് കുഞ്ഞച്ചനാണെന്ന ബോധ്യം അവനിപ്പോഴും നല്ലോണമുണ്ട്  .എപ്പോൾ വന്നാലും കുഞ്ഞച്ചനു ആയിരത്തിന്റെ രണ്ടു നോട്ടു കൊടുക്കാതെയാവൻ തിരിച്ചു വിമാനം കയറില്ല .ഇക്കുറി അവന്റെ നിക്കാഹാണ് വിദേശത്തു നിന്നും വരുന്ന വിശിഷ്ടാതിഥികളുടെ കൂടെ കഥകളി കുഞ്ഞച്ചനെയും  ക്ഷണിക്കാനാണവൻ വന്നിരിക്കുന്നത് .സ്‌നേഹപൂർവമായ ക്ഷണത്തോടൊപ്പം പതിവു പടികൂടാതൊരു  പൊതികെട്ടുമവൻ കുഞ്ഞച്ചനു  നേരെ നീട്ടി.
ഒരു പാടു വിശിഷ്ട അതിഥികൾ പങ്കെടുക്കുന്ന കല്യാണമാണ് കുഞ്ഞച്ചൻചേട്ടൻ  ഷർട്ടിട്ടേ വരാവൂ. ഒരു പാടു വില കൂടിയ വെള്ള ഷർട്ടാണ് കളർ വാങ്ങിയാൽ കുഞ്ഞച്ചൻ ചേട്ടൻ ഇടുമോ എന്നു സംശയിച്ചു .ബാപ്പയുടെ അളവാണ്   കുഞ്ഞച്ചൻ ചേട്ടനു പാകമാകും .
രണ്ടാം ജന്മം നൽകിയ മകൻ ,പിതൃ തുല്യനായ ഒരു വ്യക്തിക്കു നൽകുന്ന വിലപിടിപ്പുള്ള സമ്മാനമാണ് . എന്തു സംഭവിച്ചാലും ഇതിട്ടേ ഷെരീഫിന്റെ കല്യാണത്തിനു പോകൂ കുഞ്ഞച്ചൻ മനസ്സിലുറപ്പിച്ചു . കുഞ്ഞച്ചൻ ഷർട്ടിടാൻ പോകുന്ന വാർത്തയെ  സന്തോഷത്തോടെയാണ്  ഗ്രാമവാസികൾ വരവേറ്റത് . അണിഞ്ഞൊരുങ്ങി നടന്ന നാട്ടുകാരിൽ നിന്നും വിഭിന്നമായി ഉടയാടകളുടെ അവരണമില്ലാതിരുന്നിട്ടും കുഞ്ഞച്ചൻ തന്റെ ഹൃദയത്തെ എല്ലാവിധ അഴുക്കിൽ നിന്നും അകറ്റി സൂക്ഷിച്ചിരുന്നു.

ഷെരീഫിന്റെ നിക്കാഹിന്റെ ദിനം വന്നെത്തി ,വമ്പൻ കല്യാണമാണ് നാനാ ദേശത്തു നിന്നും വിദേശങ്ങളിൽ നിന്നു  പോലും  അതിഥികൾ എത്തികൊണ്ടിരിയ്ക്കുന്നു .ആട് ,പോത്ത് ,കോഴി എന്നു  വേണ്ട ഹലാലായ എല്ലാ ജന്തുക്കളെക്കൊണ്ടും  ബിരിയാണി വെച്ച ചെമ്പുകൾ നിറഞ്ഞിരിക്കുന്നു . കുഞ്ഞച്ചൻ പള പളാ തിളങ്ങുന്ന വെള്ള  ഷർട്ടുമിട്ടുകൊണ്ടു റോഡിലേയ്ക്ക് വന്നു . ജനിച്ചിട്ടിന്നോണമിതു നടാടെയാണിയാൾ ഷർട്ട് എന്നൊരാവരണത്തിനുള്ളിൽ  കയറികൂടുന്നത് . അതിന്റെതായ അസ്കിതകളുണ്ടെങ്കിലും ഷെരിഫ് മോന്റെ മാനത്തെ പ്രതി  കുഞ്ഞച്ചൻ അതവഗണിച്ചു . എല്ലാവരും ഒരു കൗതുക വസ്തുവിനെ കാണുന്നപോലെ തന്നെ നോക്കുന്ന കണ്ടു കുഞ്ഞച്ചനു സത്യമായും ജാള്യത വന്നു .

നിക്കാഹു നടക്കുന്ന ഓഡിറ്റോറിയത്തിലേക്കിറങ്ങിയതും കെ എസ് ആർ ടി സി യുടെ  ഒരു ആനവണ്ടി കുഞ്ഞച്ചനെ കടന്നു പോയി . അതിന്റെ പിൻ സീറ്റിലിരുന്ന ആരോ ഒരാൾ മുറുക്കി പുറത്തേയ്ക്കു തുപ്പി . കുഞ്ഞച്ചന്റെ വിലകൂടിയ വെള്ള ഷർട്ടിലാകെ  മുറുക്കാൻ കറ ചെഞ്ചായം പോലെ പടർന്നു കയറി . ഒരു നിമിഷം എന്തു  ചെയ്യണം എന്നറിയാതെ  കുഞ്ഞച്ചൻ നിന്നു വട്ടം തിരിഞ്ഞു . പെട്ടന്നു തന്നെ കട വാതിൽക്കലിരുന്ന വാടക സൈക്കളിൽ കെ എസ് ആർ ടി സി യുടെ ആന വണ്ടിക്കു പിന്നാലെ കുഞ്ഞച്ചൻ ആഞ്ഞു ചവിട്ടി . അടുത്ത സ്റ്റോപ്പിൽ വണ്ടി നിന്നതും  സൈക്കിൾ ഉപേക്ഷിച്ചതിൽ ചാടിക്കയറി കുഞ്ഞച്ചൻ പിന്നിലിരുന്നു  മുറുക്കാൻ ചവച്ചയാളെ തലങ്ങും വിലങ്ങും തല്ലി .
ചോരയാണോ മുറുക്കാനാണോ തല്ലു കൊല്ലുന്നയാളുടെ വായിൽ നിന്നൊഴുകുന്നതെന്നറിയാതെ യാത്രക്കാരെല്ലാം അസ്ത്രപ്രജ്ഞരായി ഇരുന്നു  . ആരും ഒന്നും ചോദിക്കാനോ തടയാനോ പോയില്ല മുറുക്കി തുപ്പിയ ആൾ  സമസ്താപരാധം ഏറ്റു  പറഞ്ഞു കൈകൂപ്പിയതും കുഞ്ഞച്ചൻ അയാളെ കോളറിൽ തൂക്കി നിലത്തേക്കെറിഞ്ഞിട്ടു പുറത്തേയ്ക്കിറങ്ങി .

മുറക്കാനിലാണോ ചോരയിലാണോ കുഞ്ഞച്ചൻ കുളിച്ചു വരുന്നതെന്നറിയാതെ അന്തം വിട്ടു നിന്ന  ഗ്രാമവാസികളുടെ ആശ്വാസ വാക്കുകൾക്ക്  നിൽക്കാതെ കുഞ്ഞച്ചൻ വീട്ടിലേയ്ക്കു കയറിപ്പോയി . ഷെരീഫിന്റെ കല്യാണം കുഞ്ഞച്ചനു  കൂടാൻ പറ്റിയില്ല ആഗ്രഹിച്ചു മോഹിച്ചിട്ട ഷർട്ട് അങ്ങനെ മുറുക്കാൻ കറ മൂടി നാശമായിരിക്കുന്നു . കല്യാണത്തിനു പോയി വന്നവരെല്ലാം  സദ്യയുടെ മാഹാത്മ്യത്തെപ്പറ്റി വിവരിക്കുന്നു. ഒന്നിലും ശ്രദ്ധിക്കാതെ  ഉമ്മറപ്പടിയിലിരുന്ന കുഞ്ഞച്ചന്റെ മുന്നിൽ ഒരു ഇന്നോവ വന്നു നിന്നു അതിൽ നിന്നും മാങ്കുളം വിഷ്ണു നമ്പൂതിരി ആദ്യമിറങ്ങി പിറകെ  ചെന്നിത്തല ചെല്ലപ്പൻ പിള്ളയും കീഴ്പടം കുമാരൻ നായരുമിറങ്ങി . പുതു മണവാളനും മണവാട്ടിയും വിശിഷ്ടതിഥികളും  മറ്റു കാറുകളിൽ പിന്നാലെ പിന്നാലെ വന്നിറങ്ങി .ചെണ്ട , മദ്ദളം ,ചേങ്ങില , ഇലത്താളം ഇവ സമന്വയിപ്പിച്ചു കൊണ്ടുള്ള കേളി കെട്ടുയർന്നു  . കുഞ്ഞച്ചനു ജീവിതത്തിൽ കിട്ടാവുന്നതിൽ വെച്ചേറ്റവും വലിയ സമ്മാനം . ഓഡിറ്റോറിയത്തിൽ  നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടി വിശിഷ്ട്ടാതിഥിതിയെ തേടി വീട്ടിലെത്തുകയായിരുന്നു  .

മേളം മുറുകി കീഴ്പ്പടം കുമാരൻ നായരും ചെന്നിത്തല ചെല്ലപ്പൻ പിള്ളയും മാങ്കുളം വിഷ്ണു നമ്പുതിരിയും വീട്ടു മുറ്റത്താടി തിമിർക്കുമ്പോൾ കുഞ്ഞച്ചൻ ഉച്ചത്തിൽ കരഞ്ഞു . കുറച്ചു മുൻപ് ബസിൽ വെച്ചു ജീവിതത്തിലാദ്യമായി  തന്നാൽ വേദനയേൽക്കേണ്ടി വന്ന അപരിചിതനെയോർത്ത് . സ്നേഹം മഴയായ് പെയ്തിറങ്ങുമ്പോൾ  അയാളുടെ കണ്ണുനീർ ആനന്ദാശ്രുവാണെന്ന് അവിടെ കൂടിയിരുന്നവർ വെറുതെ തെറ്റിദ്ധരിച്ചു ...............  

വൃദ്ധ സദനം


നാലു മക്കളുണ്ടായിരുന്നതിനാലും 
നാലായിരത്തോളം ശിഷ്യരുണ്ടായിരുന്നതിനാലും 
നാളെ എന്നതിനെയോർക്കാഞ്ഞതിനാൽ 
നാലുമണിക്കുള്ള ബെല്ലു കേൾക്കുമ്പോൾ 
നാണമൊട്ടുമില്ലാതെ ഞങ്ങൾ വരി നിൽക്കുന്നു 
നല്ല വീടാണിത് ഒരു പാടു വൃദ്ധരുള്ള വീട് 

ബലൂൺ


കളിപ്പാട്ട കച്ചവടക്കാരന്റെ 
റാക്കിൽ തൂക്കിയിട്ടിരുന്ന 
ബലൂണിലായിരുന്നു 
എന്റെ മോഹം ആരംഭിച്ചത് 
വല്ലാണ്ടു വീർത്തു 
വീർത്തതിപ്പോൾ  
ആകാശ ചെരുവുകളിൽ 
അലക്ഷ്യമായി 
അലയുകയാണ് 

Saturday, 29 April 2017

ദുർബലൻ

വാരിയെല്ലു കടമെടുക്കപ്പെട്ട
ആദാമാണ് ഞാൻ
നേരെ നോക്കിയാൽ
സർവ്വതുംനഷ്ട്ടപെട്ടു
പോകുന്ന ദുർബലൻ
ദയവായി എന്നി നോക്കി
ചിരിക്കാതിരിക്കുക സുന്ദരീ 

മുപ്പതു വെള്ളി കാശ്

മുപ്പതു വെള്ളികാശുമായി 
മുങ്ങിയ യൂദാസേ 
മരക്കൊമ്പിൽ തൂങ്ങിയാടുമ്പോൾ 
മലങ്കാക്കകൾ 
മൂളിപാടിയ   പാട്ടിന്റെ 
മാധുര്യം നീ കേട്ടിരുന്നുവോ 

പൂവൻ കോഴി

പത്തുകല്പനകളും 
പാലിച്ചിട്ടും 
പത്രോസിനാൽ 
പ്രവേശനം 
നിഷേധിക്കപ്പെട്ടവനാണു  ഞാൻ 
പറയപ്പെടുന്ന കാരണമിതാണ് 
പുലരുവോളം കൂവാതിരുന്ന 
പൂവൻ കോഴി എന്റേതായിരുന്നു  

മുല്ല


മുറ്റത്തു നിന്നും പറിച്ചു 
മറ്റെങ്ങോ നട്ടപ്പോഴാണ് 
മുല്ലയ്‌ക്ക് നിറവും 
മണവുമുണ്ടായത് 
മുറ്റത്തു നിന്നിരുന്നെങ്കിലിപ്പോഴും 
മടുപ്പുളവാക്കുന്ന വെറും ചെടി 
മാത്രമായി നീയവശേഷിച്ചേനെ  .
   

കഴുത കാമം (കവിത )


ഉത്തരത്തിലുള്ളതിനു വേണ്ടി കൈ
ഉയർത്തിയപ്പോഴാണ് കക്ഷത്തിലുള്ളതു
കളഞ്ഞു പോയതെന്നാണെന്റെ ഓർമ്മ
കൈയ്യിലുള്ളതു കൊണ്ടു കളിച്ചിരുന്നെങ്കിൽ
കുറഞ്ഞപക്ഷം അനന്ത പദ്മനാഭനെയെങ്കിലും
കാണാൻ കഴിയുമായിരുന്നെന്നൊരു തോന്നൽ
കുറെ നാളായി ഉള്ളിൽ കിടന്നു തിളയ്ക്കുന്നു
ഈ തിളപ്പിന്റെ വേഗത ഇച്ചിരി കൂടിയിരുന്നേൽ
ഇതിൽ നിന്നുയരുന്ന നീരാവി വെച്ചു
കുറഞ്ഞപക്ഷം രണ്ടു തീവണ്ടിയെങ്കിലും
കൊച്ചിനിൽ നിന്നും കുർളാ  വരെ
കലക്കനായിട്ടു ഞാൻ ഓട്ടിയേനെ
കളഞ്ഞു പോയ കൈയിലുള്ളതിനെ
കളയാൻ മനസ്സു സമ്മതിക്കാത്തതിനാൽ
കരഞ്ഞു കരഞ്ഞു ഞാനെന്റെ ജന്മം തീർക്കുന്നു
കഴുത കാമം കരഞ്ഞല്ലേ തീർക്കേണ്ടത് 

ഉഷ്‌ണം ഉഷ്ണേന ശാന്തി


കവിതയിൽ കുടൽകുരുങ്ങിയെപ്പോഴും
ഛർദിലുണ്ടാകുന്നു വൈദ്യരേ
അഷ്ട്ടാഗ  ഹൃദയത്തിലിതിനൊരു
ഒറ്റമൂലിയുണ്ടോ ?
ആടലോടകത്തിൻറെ വേര്
പാലിൽ തങ്ക ഭസ്മം സമം ചേർത്തു
കാലത്തു ചാലിച്ചു കഴിക്കുക
 കുഴപ്പിക്കുന്ന ചിന്തകളെ
കവിതയെന്നു തെറ്റിദ്ധരിക്കാതിരിക്കുക .
എന്നിട്ടും മാറിയില്ലെങ്കിൽ
ആധുനിക കവിതകൾ
തലങ്ങും വിലങ്ങും വായിക്കുക
ഉഷ്‌ണം ഉഷ്ണേന ശാന്തി എന്നാണല്ലോ !!!

എന്റെ ചാച്ചൻ (കവിത )പൊതികെട്ടുമായി
വരുന്നൊരെൻചാച്ചനെ
നോക്കിയുറങ്ങിയ
നിറമുള്ള രാത്രികൾ

കുലുക്കി വിളിച്ചെന്റെ
കണ്ണും മനസും
നിറച്ചുകൊണ്ടെൻ ചാച്ചൻ
വാരിപ്പുണരുന്നതിപ്പോഴുമോർക്കുന്നു

ചാച്ചനൊരു  മണമുണ്ട്
അത്തറിൽ മുക്കിയ
വാസനപ്പൊടിയുടെ
മനം മയക്കും മണം

ചാച്ചനൊരു ബാഗുണ്ട്
ചില്ലറകൾ കുലുങ്ങുന്ന
കുറിപ്പടികളാൽ നിറയുന്ന
ഞങ്ങളുടെ ആദ്യത്തെ ബാങ്ക്

മുന്നേ നടന്നില്ല ചാച്ചൻ
പിൻപേ ഗമിച്ചില്ല ചാച്ചൻ
നടക്കാതിരുന്നില്ല ചാച്ചൻ
കൂടെ നടന്നെന്റെ
കൈയ്യും പിടിച്ചെന്റെ ചാച്ചൻ


ഒരു പാടു കുറവുള്ള
ഏറ്റവും വലുതായ ചാച്ചൻ
ചാച്ചനൊരു ഗുരുവാണ്
ചാച്ചനൊരു സുഹൃത്താണ്

ഇപ്പോൾ ഞാനറിയുന്നു
ഞാനാണ് ചാച്ചൻ
ചാച്ചൻ എന്തായിരുന്നവോ
അതൊക്കെ ഞാനുമാണ് .

Friday, 28 April 2017

റാം കിഷോർ ത്രിപാഠിയുടെ കുണ്ഡലീ


റാം കിഷോർ ത്രിപാഠി അന്നു പതിവില്ലാതെ അവധിയെടുത്തു . ജോലിക്കു ജോയിൻ ചെയ്തിട്ടു പന്ത്രണ്ടു കൊല്ലമായെങ്കിലും നാട്ടിൽ പോകുമ്പോഴല്ലാതെ ഒരു അവധി അയാളെടുത്തു കണ്ടിട്ടില്ല . ഫാക്റ്ററിയിൽ മുടങ്ങാതെ വരുന്നവരെ മാത്രം ഏൽപ്പിക്കുന്ന സുപ്രധാന ചുമതലകൾ അയാൾക്കുണ്ടായിരുന്നതു കൊണ്ടാണ് ഞാനയാളെ ഫോണിൽ വിളിക്കുന്നത് , മൊബൈൽ റേഞ്ച് ഇല്ലാത്തവിധം കീ കീ ശബ്ദം ഉണ്ടാക്കിയതോടെ എന്തോ അപകടം ഭയപ്പെട്ടാണ് ഞാനയാളെ തിരക്കി റൂമിൽ ചെന്നത് . മുറി പുറത്തു നിന്നും പൂട്ടിയിരുന്നു അയാൾ രാവിലെ എങ്ങോട്ടോ പുറപ്പെട്ടു പോയെന്നാണ്‌ അടുത്തുള്ള മുറിയിലുള്ള സുഹൃത്തുക്കൾ പറഞ്ഞത് .

അയാളുടെ നേപ്പാളി സഹമുറിയൻ ജോലി ചെയ്യുന്ന ഹോട്ടൽ തൊട്ടു താഴെ തന്നെയുണ്ട് .ഞാനതിൽ കയറി ഒരു ചായ ഓർഡർ ചെയ്തിരിക്കുമ്പോൾ സംശയം തീർക്കാനെന്നവണ്ണം ത്രിപാഠിയുടെ സുഹൃത്തിനോടു ത്രിപാഠിയെപ്പറ്റി തിരക്കി . അയാൾ അറിയില്ലെന്ന മട്ടിൽ കൈ മലർത്തി അകത്തേയ്ക്കു പോയെങ്കിലും പെട്ടന്നു തന്നെ തിരികെ വന്നു എന്നെ സംശയത്തോടെ നോക്കി .

നിങ്ങളയാളുടെ ആരാ ?
ചൂടു ചായ ഒരു കവിൾ ഇറക്കിയിട്ടു ഞാൻ മുഖമുയർത്തി അയാളെ നോക്കി .എന്റെ നോട്ടത്തിന്റെ തീഷ്ണതയിൽ പേടിച്ചിട്ടെന്നോണം അയാൾ കണ്ണുകൾ താഴ്ത്തി .
അയാളെന്റെ തൊഴിലാളിയാണ് ? എന്റെ കമ്പനിയിലാണയാൾ കഴിഞ്ഞ 12 കൊല്ലമായി ജോലി നോക്കുന്നത് !

ത്രിപാഠിയുടെ സുഹൃത്തിന്റെ കണ്ണുകളിൽ ഒരു തിളക്കം മിന്നിമറയുന്നതു ഞാൻ കണ്ടു .

അയാളാരോടും സംസാരിക്കാറില്ലായിരുന്നു സാർ ? ഇന്നലെ രാത്രി മുഴുവൻ അയാൾ കരയുന്നതു ഞാൻ കണ്ടു എന്തിനെന്നു ചോദിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതിരുന്നതിനാൽ ഞാനൊട്ടു ചോദിക്കാനും പോയില്ല . അയാൾക്കെന്തെങ്കിലും സംഭവിച്ചോ സാർ ?

ഇല്ല , ഞാൻ വെറുതെ തിരക്കിയെന്നു മാത്രം ഒരു പക്ഷെ അയാൾ ഇപ്പോൾ ഫാക്റ്ററിയിൽ എത്തിയിട്ടുണ്ടാവണം .
കൂടുതൽ ചോദ്യങ്ങൾക്കു നിൽക്കാതെ ഞാനിറങ്ങി കാറു വരെ നടന്നതേയുള്ളു. ത്രിപാഠിയുടെ സഹമുറിയൻ നേപ്പാളി ഇരു കൈകളും കൂട്ടിയിടിച്ചു എന്നോടു ഒന്നു നിൽക്കാൻ ആവശ്യപ്പെട്ടു . അയാൾ വേഗത്തിൽ ഓടിവന്നു എന്റെ അടുക്കൽ വന്നു നിന്നും കിതച്ചു .അയാളെന്തോ പറയാൻ ശ്രമിക്കുന്നുണ്ട് പക്ഷെ അയാളുടെ കിതപ്പിന്റെ ഗതിവേഗമായാളെ അതിനു സമ്മതിക്കുന്നില്ല .
സാർ, സാർ 'രണ്ടു തവണ ആ വിളി അയാൾ ആവർത്തിച്ചു .

നിങ്ങളുടെ കമ്പനിയിൽ എന്തെങ്കിലും ജോലി ഒഴിവുണ്ടോ ? നാട്ടിൽ അനുജൻ തൊഴിലില്ലാതെ നടക്കുകയാണ് !
ഞാൻ ഉത്തരം ഒന്നും പറഞ്ഞില്ല കാറിലേയ്ക്ക് കയറി എന്റെ വിസിറ്റിങ് കാർഡിലൊരെണ്ണമെടുത്തു അയാൾക്കു നേരെ നീട്ടി .
സാവകാശം എന്നെ ഓഫീസിൽ വന്നു കാണുക !
കാർ മുന്നോട്ടു നീങ്ങി ഒരത്ഭുത വസ്തു കയ്യിൽ കിട്ടിയപോലെ അയാൾ ആ കാർഡ് തിരിച്ചും മറിച്ചും നോക്കുന്നത് ഞാൻ റിയർ മിററിലൂടെ കണ്ടു .

ഓഫീസിൽ എത്തുമ്പോൾ പുറത്തു കാത്തിരിക്കുന്നവരുടെ കൂട്ടത്തിൽ ത്രിപാഠിയുമുണ്ടായിരുന്നു .എന്നെ കണ്ടതും ആദരവോടെ അയാൾ എഴുന്നേറ്റു നിന്നു വണങ്ങി .
സാർ എനിക്കു കുട്ടിയുണ്ടായി മൂന്നാമത്തതും പെൺകുഞ്ഞാണ്‌ ! അയാളുടെ മുഖത്തപ്പോൾ കറുത്തവാവിലെ ചന്ദ്രനെപ്പോലെ ഇരുട്ടു കയറി എന്നെനിക്കു തോന്നി .ഇന്ത്യയിൽ മാത്രമല്ല നേപ്പാളിലും പെൺകുട്ടികളുണ്ടാവുന്നതു അസുഖകരമായ അനുഭവമാണ്‌ . ലീവ് പറഞ്ഞയാൾ പോകും മുൻപ് ഓഫീസിന്റെ പടി വാതിൽക്കൽ തിരിഞ്ഞു നിന്നു ചോദിച്ചു .
നമുക്ക് ഇൻഷുറൻസ് ഉണ്ടോ സാർ ?

തീർച്ചയായും ഉണ്ട് ,തരാ തരം ,ഫാക്ടറിയിൽ, ഓഫീസിൽ, ആളാം വീതം എല്ലാവർക്കുമുണ്ട് എന്തേ ?

രണ്ടു കണ്ണുകളും ഇറുക്കിയടച്ചു ഒന്നുമില്ല എന്ന ആംഗ്യം കാണിച്ചയാൾ പുറത്തേയ്ക്കു പോയി .

കമ്പനിഅതിന്റെ ഏറ്റവും വലിയ കാരാർ ഒപ്പിടാൻ പോകുകയാണ് . ഈ ഡീൽ നടന്നാൽ ഞാൻ മാത്രമല്ല എന്നെ ആശ്രയിച്ചു ജീവിക്കുന്ന അൻപതോളം പേരും രക്ഷപെടും . താരിക്ക് മെക്കി എന്ന കൃത്യ നിഷ്ഠയിൽ കടുംപിടുത്തകാരനായ പോർട്ടുഗീസുകാരനുമായാണ് കരാർ ഒപ്പിടുന്നത് .പതിനൊന്നു മണിക്കു അയാളുടെ ഓഫീസിൽ എത്തണം . റോഡരികിൽ ചിരിച്ചിരിക്കുന്ന റഡാറുകളെ ഭയക്കാതെ ഞാൻ ആക്സിലേറ്ററിൽ കാൽ കൊടുത്തു . ഫോൺ ബെല്ലടിക്കുന്നു ഓഫീസിൽ നിന്നാണ് .

സാർ ഫാക്റ്ററിയിൽ ഒരപകടം ! നമ്മുടെ ത്രിപാഠി ബ്ലെൻഡിങ് മെഷിനു ഇടയിൽപ്പെട്ടു വേഗം വരണം .

പത്തു മിനിട്ടു തെറ്റിയാൽ കരാർ വേറെ ആൾക്കു കൊടുക്കുന്ന താരിക്ക് മെക്കി എന്ന പോർട്ടുഗീസുകാരൻ !
അപകടത്തിൽ പെട്ട സ്വന്തം തൊഴിലാളി ! ഏതിനാണ് ഞാൻ മുൻഗണന നൽകേണ്ടത് . ബിസിനെസ്സുകാരൻ എന്നതിനേക്കാളുപരി ഞാനൊരു മനുഷ്യനാണ് .ദൈവനിശ്ചയം ഉണ്ടെങ്കിൽ ബിസിനസ് പിന്നാലെ വരും . ഞാൻ വണ്ടി തിരിച്ചു ഫാക്റ്ററിയിലേയ്ക്കു പറന്നു .

ബ്ലെൻഡിങ് മെഷിൻ ത്രിപാഠിയെ ശരിക്കും ബ്ലെൻഡ് ചെയ്തിരിക്കുന്നു . ഞാൻ ബിസിനസ് തുടങ്ങിയിട്ടുള്ള ആദ്യത്തെ അപകടം .ത്രിപാഠി നാട്ടിൽ കാത്തിരിക്കുന്ന നാലു പെണ്ണുങ്ങളെ ഈ ലോകത്തു തനിച്ചാക്കിയിരിക്കുന്നു . എല്ലാ ഫോർമാലിറ്റിക്കും ശേഷം മൃതദേഹം നാട്ടിലേയ്ക്കയക്കണം .അതിനായി മുൻപന്തിയിൽ നിൽക്കുന്നത് ത്രിപാഠിയുടെ ബന്ധു കൂടിയായ ബഹാദൂർ റാണയാണ് . എപ്പോഴേ എന്നെ തനിച്ചു കിട്ടിയപ്പോൾ ബഹാദൂർ എന്നോടിങ്ങനെ ചോദിച്ചു .
സാർ കുണ്ഡലിയിൽ വിശ്വസിക്കുന്നുണ്ടോ ?
അത്ഭുതത്തോടെ ഞാൻ ബഹദൂറിനെ നോക്കി !

എന്നാൽ വിശ്വസിക്കണം സാർ , ഈ മരണം നമ്മോടു പറയുന്നതതാണ് .
ത്രിപാഠിയുടെ മൂന്നാമത്തെ മകളുടെ ജാതകത്തിൽ തന്തക്കാലുണ്ടായിരുന്നത്രെ .
അതു ത്രിപാഠിക്കറിയാമായിരുന്നോ ?
എന്റെ ആശ്ചര്യം സംശയത്തിനു വഴിമാറി .
അറിയാമായിരുന്നു സാർ അതിലവൻ അതീവ ദുഃഖിതനുമായിരുന്നു .

ത്രിപാഠിയുടെ മരണമൊരു അപകടമല്ല , എന്നോ സംഭവിക്കാനിരിക്കുന്ന മരണമെന്ന അനിവാര്യതയെ തന്ത്രപൂർവ്വമായാൾ വഴി തിരിച്ചു വിടുകയായിരുന്നു .കുട്ടികളുടെ നേട്ടത്തിനു വേണ്ടി തന്റെ പ്രവാസത്തെ അയാൾ സമർത്ഥമായി താഗ്യം ചെയ്തിരിക്കുന്നു . മൃതപേടകം വഹിച്ച വിമാനം കാഠ്മണ്ഡുവിലേയ്ക്ക് ഉയരും വരെ ഞാനയാളുടെ പിന്നാലെയുണ്ടായിരുന്നു . എല്ലാ ജോലികളും പൂർത്തിയാക്കി ഓഫീസിൽ എത്തുമ്പോൾ അന്നു ചായക്കടയിൽ വെച്ചു വിസിറ്റിങ്ങ് കാർഡ് വാങ്ങിയ നേപ്പാളി എന്നെ പ്രതീക്ഷിച്ചിരിപ്പുണ്ടായിരുന്നു . അയാളൊരു പാസ്‌പോർട്ട് കോപ്പി എനിക്കു നേരെ നീട്ടി ആ പാസ്‌പോർട്ടിൽ കണ്ട ചെറുപ്പക്കാരന്റെയും പേർ കിഷോർ ത്രിപാഠിയെന്നായിരുന്നു .

ഒന്നു കൊഴിയുമ്പോൾ വളരെ വേഗം മറ്റൊന്നു വന്നു ചേരുന്നു പഴയതിനെ നാമെല്ലാവരും വേഗം മറക്കുന്നു അതാണ് ലോകം . പോർട്ടുഗീസുകാരൻ ഒപ്പിട്ടയച്ച കോൺട്രാക്റ്ററുമായി സെക്രട്ടറി വരുമ്പോൾ പുതിയ ത്രിപാഠിയുടെ പാസ്പോർട്ട് എന്റെ കൈകളിലിരുന്നു വിറയ്ക്കുകയായിരുന്നു .....

Wednesday, 26 April 2017

ഇമ്മാനുവലിന്റെ പപ്പാ (ചെറുകഥ )ഇമ്മാനുവൽ ആ രാത്രി ഉറങ്ങിയില്ല ,നാളെയാണ് ആ ദിവസം അപ്പുറത്തെ വീട്ടിൽ പുതിയ വാടകക്കാർ വരുന്നു പട്ടാളക്കാരനും കുടുംബവുമാണത്രെ താമസിക്കാൻ വരുന്നത് .ഇമ്മാനുവൽ ഇതുവരെ ഒരു പട്ടാളക്കാരനെ നേരിട്ടു കണ്ടിട്ടില്ല എന്നാൽ ഒരുപാടു കേട്ടിട്ടുണ്ട് .ഇമ്മാനുവൽ ചോറുണ്ണാതിരുന്നാൽ ,കുസൃതികാട്ടിയാൽ ,അനുസരണയില്ലാത്ത പെരുമാറിയാൽ ഒക്കെ ആശമ്മ ആ പട്ടാളക്കാരനെപ്പറ്റി പറയും കപ്പടാ മീശയും വെച്ചു  വരുന്ന ആജാനുബാഹുവായ തോക്കു ധാരി .അയാൾ വരുന്നത് കുരുത്തം കെട്ട കുട്ടികളെ പിടിക്കനാണ്.പിടിച്ചു കൊണ്ടു  പോയി അതിർത്തിയയിൽ എവിടെയോ ഉള്ള ആൾപ്പാർപ്പില്ലാത്ത വീട്ടിലെ ഇരുട്ടുമുറിയിൽ അടച്ചിടും എന്നിട്ടു കൈയ്യിലുള്ള തോക്കു കൊണ്ടു തലങ്ങും വിലങ്ങും വെടി  വെക്കും . ആശമ്മയ്ക്കു തുണയായി ഇമ്മാനുവൽ മാത്രം ഉള്ളതു കൊണ്ടാണിതുവരെ പട്ടാളക്കാരൻ വാതിൽക്കൽ വരെ വന്നിട്ടും അകത്തു കയറാതെ തിരികെ പോയത് .ഇനി ഒരു പക്ഷെ ഇത്ര അടുത്തു വന്നു താമസിക്കുമ്പോൾ തന്നെ പിടിച്ചു കൊണ്ടു പോകാനും എളുപ്പമാകും .

ആശമ്മ ഉറക്കമാണ് ഇറങ്ങി എങ്ങോട്ടെങ്കിലും പോയാലോ ! അല്ലെങ്കിൽ വേണ്ട താൻ പോയാൽ ആശമ്മ തനിച്ചാകും പപ്പാ ഗൾഫിൽ നിന്നും വരുന്നതു അടുത്ത മെയ്യിലാണ് അതുവരെ ആശമ്മ എങ്ങനെ തനിച്ചു ജീവിക്കും .തന്നെ കാണാതായാൽ അശമ്മ കരഞ്ഞു നിലവിളിക്കും എന്നെ അത്ര കണ്ടു ജീവനാണ് ആശമ്മയ്ക്ക് .പട്ടാളക്കാരൻ വരട്ടെ ഇനി കുസൃതിയും കുന്നായ്മയുമൊന്നും  കാട്ടാതിരുന്നാൽ പോരെ അയാൾ അയാളുടെ പാട്ടിനു പൊയ്ക്കോളും .ഇമ്മാനുവൽ ഈ രാത്രി മുതൽ ആശമ്മ ആഗ്രഹിക്കുന്നതു  പോലെ നല്ല കുട്ടിയാകുകയാണ് .

വീട്ടു സമാനങ്ങൾ ഇറക്കാൻ വന്ന ലോറിയാണ് ആദ്യം വന്നത് .ഇമ്മാനുവൽ ടെറസ്സിൽ നിന്നും താഴേയ്ക്കു നോക്കിയിരുന്നു .അതിലെവിടെയെങ്കിലും പട്ടാളക്കാരന്റെ തോക്കുണ്ടാവുമെന്നവനറിയാം . കസേര ,കട്ടിൽ ,തീൻ മേശ എന്ന് വേണ്ട ഒരു വീട്ടിലേയ്ക്കു വേണ്ട എല്ലാ സാധനങ്ങളും ഇറക്കി കഴിഞ്ഞിട്ടും ഇമ്മാനുവൽ കാത്തിരുന്ന സാധനം മാത്രം കണ്ടില്ല . ഇമ്മാനുവലിനുമുണ്ടായിരുന്നു ഒരു തോക്ക്. കഴിഞ്ഞ തവണ പപ്പാ ലീവിനു വന്നപ്പോൾ കൊണ്ടു  വന്ന എ കെ 47 ന്റെ ഈച്ചക്കോപ്പി .അന്ന് പപ്പാ പറഞ്ഞതോർക്കുന്നു സോവിയറ്റ് യൂണിയനു വേണ്ടി മിഖായേൽ കലാഷ്‌നിക്കോവ് എന്നയാൾ ഉണ്ടാക്കിയതാണത്രേ ഈ തോക്ക് . ഇന്ന് ലോകമെമ്പാടും ഏറ്റവും കൂടുതൽ വിറ്റഴിയുന്നതും ഏറ്റവും കൂടുതൽ സൈന്യ സൈന്യേതര ആവശ്യങ്ങൾക്കു ഉപയോഗിക്കുന്നതും ഈ മോഡൽ തോക്കാണത്രെ . അശാമ്മയുടെ വിളികേട്ടാണ് ഇമ്മാനുവൽ താഴേയ്ക്ക് വന്നത് .ശകാരത്തിന്റെ അകമ്പടിയോടെയാണ് ആശാമ്മ അവനെ വരവേറ്റത് .നാലാം ക്ളാസിലേക്ക് കയറിയതു മുതൽ ആശമ്മയ്ക്ക് കൂടുതൽ നിഷ്ഠകളാണ് എപ്പോഴും പഠിക്കണം പഠിക്കണം എന്നൊരു പിന്നാലെ കൂടിയുള്ള പറച്ചിൽ മാത്രം.

കഷ്ട്ടം !!! കുടുംബത്തിൽ വരായ്കയൊന്നുമില്ലാത്ത പെങ്കൊച്ചായിരിക്കണം . ജാനുവേടത്തി ആശമ്മയോടതു പറയുമ്പോൾ ഇമ്മാനുവൽ കാതു കൂർപ്പിച്ചിരുന്നു.
അല്ലെങ്കിൽ ഈ കിളവനാരാ കിളിപോലിരിക്കുന്ന ഈ പൊങ്കൊച്ചിനെ പിടിച്ചു കൊടുക്കുന്നെ !
പട്ടാളക്കാരൻ കിളവനാകുമോ? ആശമ്മ പറഞ്ഞ കഥകളിലെ പട്ടാളക്കാരൻ ആരോഗ്യ ദൃഢഗാത്രനും പത്തു പേരെ ഒരുമിച്ചു കീഴ്പെടുത്തുന്നവനുമായ സൂപ്പർമാനാണ് . അങ്ങനെ ഉള്ളവരെയെ പട്ടാളത്തിൽ എടുക്കു അല്ലെങ്കിലും  പാകിസ്ഥാൻ പട്ടാളം യുദ്ധത്തിനു വരുമ്പോൾ പേടിച്ചു തൂറി ഓടുന്ന കിളവന്മാരെ ആരാണ് പട്ടാളത്തിൽ എടുക്കുക . കഴിഞ്ഞ തവണ ലീവിനു വന്നപ്പോഴും പാപ്പയോടു പറഞ്ഞതാ  ഞാൻ പപ്പയെപ്പോലെ ഗൾഫിലേയ്ക്കൊന്നും പോവില്ല .വലുതായാൽ പട്ടാളക്കാരനാവുമെന്ന് , രാജ്യം കാക്കുന്ന ധീരനായ പട്ടാളക്കാരൻ .

ഇമ്മാനുവൽ ടെറസ്സിൽ കയറി അയലത്തെ വീടിനെ വലം വെച്ചു നോക്കി പുതിയ താമസക്കാർ വന്നിട്ടു ആഴ്‌ച ഒന്നു കഴിയുന്നു . ഇന്നുവരെ ഒരാളുടെ മുഖവും കണ്ടിട്ടില്ല കാത്തു കാത്തിരുന്ന പട്ടാളക്കാരനെ ഒരു നോക്കു കാണാൻ ഇമ്മാനുവൽ ഒരുപാടു കൊതിച്ചു .ജാനുവേച്ചി പട്ടാളക്കാരന്റെ വീട്ടിലും ജോലിക്കു പോയി തുടങ്ങിയതു മുതൽ അവിടുത്തെ വാർത്തകൾ കൃത്യമായി വീട്ടിലുമെത്തി തുടങ്ങി . പട്ടാളക്കാരന്റെ രണ്ടാം വിവാഹമാണത്രെ ഇപ്പോഴത്തേത് .ആദ്യത്തെ ഭാര്യ മരിച്ചു കുട്ടികൾ നോക്കാതെ ആയപ്പോൾ എങ്ങു നിന്നോ പോയി ധർമ്മ കല്യാണം കഴിച്ചു കൂടെ കൂട്ടിയതാണത്രേ ഇപ്പോഴത്തെ ഭാര്യയെ .
അങ്ങോരുടെ മോളാകാൻ പോലും പ്രായമില്ല  കണ്ടിട്ടു കഷ്ട്ടം വരുന്നു ആശേ !
ജാനേച്ചീ പൊടിപ്പും തൊങ്ങലും വെച്ചു പറഞ്ഞപ്പോൾ ആശമ്മയ്ക്കും  ഇമ്മാനുവേലിനും ആ പെൺകൊച്ചിനോടു എന്തെന്നില്ലാത്ത സഹതാപം തോന്നി .

ചേച്ചിയേ അഴ കെട്ടാൻ കുറച്ചു കയറു കിട്ടുമോ ?
മതിലിനിപ്പുറത്തു നിന്നും അന്നാദ്യമായി ഇമ്മാനുവൽ ആ സ്ത്രീയെ കണ്ടു . മണ്ണഞ്ചേരിയിലുള്ള അപ്പാപ്പന്റെ മകൾ ജെൻസിയെപ്പോലെയുണ്ട് അല്ല അതിലും സുന്ദരിയാണ് . ആദ്യമായി സഹായം ചോദിച്ചു വന്ന അയൽക്കാരിയെ ആശമ്മ  വട്ടം പിടികൂടി .അല്ലെങ്കിലും ആശാമ്മ അങ്ങനെയാണ് ആരെയെങ്കിലും കിട്ടിയാൽ പിന്നെ വിടൂല്ല മാത്രമല്ല ജാനുവേച്ചി പറഞ്ഞു ഒരുപാടു സഹതാപം അയലത്തെ ചേച്ചിയോടുണ്ടും താനും .ആശമ്മ അവരുടെ മുടിയിഴകളിൽ തഴുകി, എന്റെ പൊന്നുമോളെ എന്നു ചേർത്തു പിടിച്ചു സഹതപിച്ചു . ആശമ്മയുമായി സംസാരിച്ചു നിൽക്കെ അങ്ങേ വീടിനകത്തു നിന്നും ഗാംഭീര്യമുള്ള ആ സ്വരം ഉയർന്നു പൊന്തി .
എടിയേ ,എടിയേ നീയിതെവിടെ അവരാതിക്കുവാൻ പോയിരിക്കുവാ ....
പിന്നെ പറഞ്ഞതൊരു മുട്ടൻ ചീത്തയായിരുന്നു . ഇമ്മാനുവൽ മുൻപൊരിക്കലും അങ്ങനെയൊരു ചീത്ത കേട്ടിട്ടുപോലുമില്ല . വിളി കേട്ടതും വെകളി പിടിച്ചതു പോലാ ചേച്ചി ഓടി വീടിനകത്തേയ്ക്കു കയറി .

ദുഷ്ടനാ ആശേ , പരമ ദുഷ്ടൻ ,വയസാം കാലത്തു പെണ്ണു കെട്ടിയിട്ടു ആ പെണ്ണിനെ തൂറാനും മുള്ളാനും വിടില്ല .എവിടെ തിരിഞ്ഞാലും സംശയം തന്നെ സംശയം .വേറൊരു ഗതിയില്ലാത്തതു കൊണ്ടാ പാവം  ആ വീട്ടിൽ കഴിയുന്നത് .ഇതിപ്പോൾ പതിനാറാമത്തെ വീട്ടിലേക്കാണത്രെ അയാൾ ഈ കൊച്ചുമായി മാറി താമസിക്കുന്നത് എങ്ങോട്ടു തിരിഞ്ഞു നോക്കിയാലും സംശയം മാത്രം . എനിക്കും വളർന്നു വരുന്നു രണ്ടെണ്ണം ഞാനതുങ്ങളോടു ഒന്നേ പറയുന്നുള്ളു വല്ല വീട്ടുജോലി എടുക്കാൻ പഠിച്ചാലും എവത്തുങ്ങളുടെ കൂടെയൊന്നും ജീവിക്കരുത് .
ജാനേച്ചി രോഷം കൊണ്ടു തിളയ്ക്കുകയായിരുന്നു .ആശമ്മ മൂക്കത്തു വിരൽവെച്ചിരിക്കുന്നതു കണ്ടു ഈ സംശയം അത്ര വലിയ കാര്യമാണോയെന്നു ഇമ്മാനുവൽ ശങ്കിച്ചു നിന്നു  .

രാത്രികളിൽ അപ്പുറത്തെ വീട്ടിലെ ചേച്ചിയുടെ കരച്ചിൽ കേൾക്കുന്നതൊരു പതിവായിരിക്കുന്നു  .പട്ടാളക്കാരൻ മാതൃക പുരുഷനാണ് എന്ന ഇമ്മാനുവലിന്റെ സങ്കൽപ്പത്തിനു കുറേശ്ശേയായി കോട്ടം തട്ടിയിരിക്കുന്നു . ഇന്നുവരെ അപ്പുറത്തു വീട്ടിൽ താമസിക്കുന്ന പട്ടാളക്കാരനെ ഇമ്മാനുവേലിനു കാണാൻ കഴിഞ്ഞിട്ടില്ല അയാൾ പുറത്തിറങ്ങുന്നതെപ്പോഴാണെന്നു നോക്കി പലവട്ടം ഇരുന്നിട്ടുണ്ടെങ്കിലും അപ്പോഴൊന്നും അയാളെ കണ്ടിട്ടില്ല .പതിവില്ലാതെ അന്നയാൾ  പുറത്തേയ്ക്കു പോയി ,പുറത്തേയ്ക്കിറങ്ങി കഴിഞ്ഞാണ് ഇമ്മാനുവൽ അയാളെ കാണുന്നത് മുഖം കാണാൻ കഴിയുന്നില്ല എങ്കിലും  മനസ്സിൽ ഉണ്ടായിരുന്ന പട്ടാള ക്കാരന്റെ രൂപമേയല്ല .പൊക്കം കുറഞ്ഞു കുറുകിയ ഒരു മനുഷ്യൻ .ആശമ്മ പറഞ്ഞ കഥകളിലെ നായകനു വേണ്ട ഒരു ഗുണവും ഇല്ലാത്തയാൾ .അയാൾ കണ്ണിൽ നിന്നും മറയുന്നതു വരെ ഇമ്മാനുവൽ പുറത്തേയ്ക്കു നോക്കിയിരുന്നു .

പിറ്റേന്നു രാവിലെ സാധാരണമല്ലാത്ത ഒരു പട്ടി കുര കേട്ടാണ് ഇമ്മാനുവൽ ഉണർന്നത് . നാട്ടിലുള്ള ചാവാലിപ്പട്ടികൾ  കുരയ്ക്കുന്നതിന്റെ നാലിരട്ടി ശബ്ദമുണ്ട് ഈ  കുര ശബ്ദത്തിന് . പേടിച്ചെഴുന്നേറ്റു പുറത്തേയ്ക്കു നോക്കി അപ്പുറത്തെ വീട്ടിൽ വലിയ ആൾക്കൂട്ടം .പോലീസുകാരും പട്ടിയും ഒക്കെ ഇമ്മാനുവേൽ പേടിച്ചു അകത്തേയ്ക്കു കയറി .
എന്നാലും ആ പാവം കൊച്ചിനെ , പട്ടാളത്തോക്കുകൊണ്ടു തലയ്ക്കടിച്ചാണത്രെ കൊലപ്പെടുത്തിയത് എന്നെ ചോദ്യം ചെയ്യുമ്പോൾ ഞാൻ എല്ലാം പറയും ആ ദുഷ്ടൻ ഇനി ജീവിതകാലം പുറത്തിറങ്ങരുത് .
ജാനുവേച്ചി അര പ്രൈസിന്റെ കോന്തലയിൽ ഒറ്റ ചന്തിയമിർത്തി അപ്പുറത്തു നടക്കുന്ന സംഭവങ്ങൾ  സാകൂതം വീക്ഷിച്ചു കൊണ്ടിരുന്നു .

ഇമ്മാനുവൽ പുറത്തേക്കിറങ്ങിയപ്പോൾ ആശമ്മ വിലക്കി അങ്ങോട്ടു പോകണ്ട . കുട്ടികൾ കാണാനുള്ള കാഴ്ചയല്ലത്‌ .ആശമ്മയുടെ മൊബൈലിൽ പപ്പാ ഗൾഫിൽ നിന്നും സ്കൈപ്പിൽ വിളിച്ചു .ആശമ്മ ഫോണുമായി അകത്തേയ്ക്കു കയറിപ്പോയി. ഇമ്മാനുവൽ സിറ്റ് ഔട്ടിൽ തന്നെ നിന്നു. പോലീസ് കൊലയ്ക്കുപയോഗിച്ച തോക്കുമായി പുറത്തേയ്ക്കിറങ്ങിയപ്പോൾ ഇമ്മാനുവൽ അര പ്രൈസിനു മുകളിൽ കയറി പെരുവിരലിലൂന്നി എത്തി നോക്കി .അന്നാദ്യമായാണ് അവനൊരു  എ കെ 47 നേരിൽ കാണുന്നത് .
എന്തിനാ ജാനുവേച്ചി പട്ടാളക്കാരൻ ചേച്ചിയെ തച്ചു കൊന്നത് ?
ഇമ്മാനുവലിന്റെ അങ്കുശമില്ലാത്ത ചോദ്യത്തിനെന്തു മറുപടി പറയുമെന്നറിയാതെ കുഴങ്ങിയ ജാനുവേടത്തി ഒന്നു പരുങ്ങി നിന്ന ശേഷം പറഞ്ഞു .
സംശയം , പെരുത്ത സംശയം അത്ര തന്നെ !
ഒരാൾക്കൊരാളെ സംശയം തോന്നിയാൽ ഉടൻ കൊല്ലുമോ ?

ആശമ്മയുടെ   ചൂടുപറ്റിയിരുന്ന ഇമ്മാനുവൽ  പുറത്തേയ്ക്കു പോയപ്പോൾ ആശമ്മ ആ ചോദ്യം ഇമ്മാനുവലിന്റെ പാപ്പയോടു ചോദിച്ചു .

ഞാനിവിടെ തനിച്ചു കഴിഞ്ഞിട്ടും തനിക്കെന്നെ സംശയം ഒന്നുമില്ലെടോ ??

ആ ചോദ്യം കേട്ട ഇമ്മാനുവലിന്റെ പപ്പാ പൊട്ടി പൊട്ടി ചിരിച്ചു .കല്യാണം കഴിഞ്ഞിട്ടിതുവരെ ആശമ്മയും ഇമ്മാനുവലും കാണാത്തത്ര മനോഹരമായ ചിരി .

Tuesday, 25 April 2017

അധ്യാപഹയൻ (കവിത )കംപ്യൂട്ടറും ഗൂഗിളും വരും മുൻപ്
സി ബി എസ് സി സ്കൂളുകൾക്കും മുൻപ്
ഗുണ്ടർട്ടിന്റെ നിഘണ്ടു അപൂർവമായിരുന്നയിടത്ത്
ഒരുനാളൊരിക്കൽ സ്വരസ്വതി ചേച്ചി
എന്നോടൊരു സംശയം ചോദിച്ചു
മോനെ ഈ കോക്കനട്ടിന്റെ മലയാളം അറിയുമോ ?
കാഡ്ബറീസ് കേരളത്തിൽ പച്ചപിടിക്കുന്നു
മൂക്കട്ട പഴമെന്നു നുമ്മ വിളിക്കണ
പഴത്തിനു ഇഗ്ളീഷുകാർ പറയണ പേരാണ് കൊക്കോ
അപ്പൊ അതിന്റെ നട്ടാണ് കൊക്കോനട്ട്
എന്റെ ഉത്തരം കേട്ടു രണ്ടുകാലിൽ വന്ന
സ്വരസ്വതി ചേച്ചി റബ്ബർപാലു കുടിച്ചപോലെ
തുള്ളിച്ചാടി പേരെലേയ്ക്ക് പോയി
മകന്റെ ടീച്ചറിനേക്കാൾ ബുദ്ധിയും
വിവരോം കൂടുതലുള്ളവരാണ് നമ്മൾ

പിറ്റേന്ന് വൈകുന്നേരം ചേച്ചീടെ മകൻ
എന്നെ നോക്കി ഒരാട്ടാട്ടി ,അവനെ പറഞ്ഞിട്ടും
കാര്യമില്ല അമ്മാതിരി തല്ലല്ലേ ചെക്കനു കിട്ടിയേ
അന്ന് ഞാൻ മനസ്സിൽ ഒരു തീരുമാനം എടുത്തു
 പഠിച്ചു കഴിഞ്ഞു ഏതെങ്കിലും ഒരു കാലത്തു
ഞാനും ഒരു അധ്യാപകനാകും
പുള്ളകളെ കൊണ്ടു മണി മണിയായി
ഇംഗ്ളീഷു പറയിക്കണ അധ്യാപകൻ .
ദോഷം പറയരുതല്ലോ ഞാനിപ്പോ അധ്യാപകനാണ്
നഗരത്തിലെ സി ബി എസ് സി സ്കൂളിലെ
നാലായിരത്തി അഞ്ഞൂറു രൂപാ
ശമ്പളം വാങ്ങുന്ന അധ്യാപഹയൻ
കോക്കനട്ട് എന്നാൽ തേങ്ങാക്കൊലയാണെന്നു
എനിക്കു മാത്രമല്ല ഞാൻ പഠിപ്പിക്കുന്ന
മൊട്ടേന്നു വിരിയാത്ത കുഞ്ഞുങ്ങൾക്കു
വരെ അറിയാമെന്നായിരിക്കുന്നു ....

Monday, 24 April 2017

വീട് (കവിത )

സമുദ്ര നിരപ്പിനും
താഴെയെനിക്കൊരു 
വീട് വെയ്‌ക്കേണം ,
മൽസ്യങ്ങൾ 
തൊട്ടും തൊടാതെയും പായുന്ന 
ഏതു മഴക്കാലത്തും
നിറഞ്ഞു കവിയാത്ത
ഏതു വേനൽക്കാലത്തും
വറ്റി വരളാത്ത
ഏതു കൊടുങ്കാറ്റും
 തകർത്തെറിയാത്ത
എല്ലാത്തരം
സ്വപ്നങ്ങളും വിളയുന്ന
എല്ലാത്തരം
സന്തോഷങ്ങളെയും വിളയിക്കുന്ന
എങ്ങും കണ്ടിട്ടില്ലാത്ത
ആരും കണ്ടാൽ കണ്ണുമിഴിക്കുന്ന
സ്വയമ്പൻ വീട്
ഇ എം ഐ കുറവുള്ള
പണയം കൈമുതലായി
കൊടുക്കേണ്ടാത്ത
ഏതെങ്കിലും ബാങ്കിനെപറ്റി
അറിവുള്ളവരുണ്ടോ ??

Friday, 21 April 2017

നിഗൂഢതകളുടെ പ്രവാസ പുസ്തകംഎംബാം ചെയ്ത മൃതപേടകത്തിനോടൊപ്പം അനുഗമിക്കാൻ ആരുമില്ലാതിരുന്നത് കൊണ്ടാണ് മുഹമ്മദ് ജമാൽ എന്ന സിറിയൻ പി ആ റോ സഹമുറിയനും അടുത്ത സുഹൃത്തുമായ എന്നോടു കൊളോമ്പോ വരെ ആ മൃതദേഹവുമായി പോകാമോ എന്നാവശ്യപ്പെടുന്നത് . മരണപ്പെട്ട ചാമില എന്റെ അടുത്ത സുഹൃത്തും നല്ല മനുഷ്യനുമായിരുന്നു വളരെ വൈകി വിവാഹം ചെയ്ത അതിലും വൈകി കുട്ടി ഉണ്ടായ നാലു വയസുള്ള ആൺകുട്ടിയുടെ പിതാവ് . ചാമിലയ്ക്കൊരു ദൗർബല്യമുണ്ടായിരുന്നു എവിടെ പുറത്തേയ്ക്കു പോയാലും അയാളൊരു കളിപ്പാട്ടവുമായേ റൂമിൽ തിരികെയെത്താറുണ്ടായിരുന്നുള്ളു . ഏറെ മോഹിച്ചു കാത്തിരുന്നുണ്ടായ ഉണ്ണിക്കു കൊടുക്കാൻ വാങ്ങി കൂട്ടുന്നതാണാ കളിപ്പാട്ടങ്ങളൊക്കെയും . വാങ്ങി കൊണ്ടു  വരുന്ന ഓരോ കളിപ്പാട്ടവും അയാൾ റൂമിൽ വെച്ചു ഒന്നു പരീക്ഷിക്കും .കുരയ്ക്കുന്ന പട്ടിയും ,ഡാൻസ് ചെയ്യുന്ന ആനയും ഓടുന്ന ട്രെയിനും എന്നു  വേണ്ട അയാൾ വാങ്ങാത്തതായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല ആദ്യമൊക്കെ  കൗതുകമായിരുന്ന അയാളുടെ കളിപ്പാട്ട ഭ്രമം പോകെ പോകെ എനിക്കൊരു പുതിയ വിഷയമേ അല്ലാതായിരുന്നു . ശ്രീലങ്കയിലേയ്ക്ക് പാർസൽ അയയ്ക്കുമ്പോൾ കനമല്ല പെട്ടിയുടെ വ്യാപ്തം മാത്രമാണ് നോക്കുന്നതെന്ന ചിന്ത അയാളുടെ കളിപ്പാട്ട വാങ്ങലുകളെ നേർരേഖപോലെ അവസാനിക്കത്തതാക്കി .

മൃതപേടകത്തോടൊപ്പം അയാൾ വാങ്ങിക്കൂട്ടിയ കളിപ്പാട്ടങ്ങളും കൊണ്ടുപോകണം .ആത്മാർത്ഥ സ്നേഹിതനു ഇതിലും നല്ലൊരു ചരമ ശ്രുശൂഷ ചെയ്യാനില്ലെന്ന  തിരിച്ചറിവിൽ ഞാൻ മുൻകൈയെടുത്തു മുഴുവൻ കളിപ്പാട്ടങ്ങളെയും  എംബാം ചെയ്ത മൃതപേടകത്തിന്റെ  കൂടെ കൊണ്ട് പോകാൻ അനുമതിയായിരിക്കുന്നു . മകൻ ജനിച്ചിട്ടു ഒരു തവണ മാത്രമാണിയാൾ നാട്ടിൽ പോയിരിക്കുന്നത്   അമ്മയും മകനും അവരുടെ പ്രിയപ്പെട്ടവനെ ഈ അവസ്ഥയിൽ കാണുക  ഹൃദയഭേദകമായിരിക്കും  .

ദൈവമേ നിന്നോടെനിക്കൊരു പ്രാർത്ഥനയേയുള്ളൂ  എന്തെങ്കിലും അപകടം സംഭവിക്കുന്നെങ്കിൽ അതു വേണ്ടപെട്ടവർക്കരികിൽ  ആയിരിക്കുമ്പോൾ മാത്രമാക്കണേ . ഇതുപോലൊരു ഏകാന്ത അവസ്ഥയിൽ അനാഥ ശവമായി വിറച്ചു വിങ്ങലിച്ചൊരു പെട്ടിയിൽ  പിറന്ന നാട്ടിലേയ്ക്കിറങ്ങാൻ ഇടവരുത്തരുതേ . എന്റെ ചിന്തകളെയും  പ്രാർത്ഥനകളെയും മുറിച്ചു കൊണ്ട് വിമാനം കടുനായിക്ക് വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു .

വണ്ണിയാർച്ചി എന്നു പരിചയപ്പെടുത്തിയ ഒരാളാണ് മൃതദേഹം ഏറ്റു വാങ്ങാൻ ആംബുലൻസുമായി എത്തിയിരിക്കുന്നത് . അയാൾ നന്നായി തമിഴ് സംസാരിക്കുന്നതിനാൽ എന്റെ ആശയ വിനിമയം സുഗമമാകും  എന്നു ഞാൻ മനസ്സിൽ കണക്കു കൂട്ടി . കൊളംബോയിൽ നിന്നും ഏകദേശം അറുപതു കിലോമീറ്റർ അകലെയുള്ള  അനുരാധപുര എന്ന വനമേഖല അവസാനിക്കുന്ന കൊച്ചു നഗരത്തിലാണ്  പരേതന്റെ വീട് . ആംബുലൻസ് പുറപ്പെട്ടു കുറച്ചു കഴിഞ്ഞതും വണ്ണിയാർച്ചി  ഞാനൊട്ടും പ്രതീക്ഷിക്കാത്തൊരു ചോദ്യമെറിഞ്ഞു.

വിദേശത്തു വെച്ചു മരണപ്പെട്ടവർക്കു ഒരു പാടു പണം ലഭിക്കും അല്ലേ ?

ഞാൻ ഇതുവരെ പരിചയപ്പെട്ട ശ്രീലങ്കക്കാരെല്ലാം നല്ലവരാണ് എന്നാൽ അങ്ങനെയല്ലാത്തവരും ഉണ്ടെന്നു ഇപ്പോൾ ബോധ്യമായിരിക്കുന്നു  . ഞാൻ മൗനം പാലിച്ചു . ഞാൻ കേൾക്കാത്തതെന്നു കരുതി കുറച്ചു കൂടി ഉച്ചത്തിൽ അയാളാ ചോദ്യം വീണ്ടും ചോദിക്കുന്നു .

വിദേശത്തു വെച്ചു മരണപ്പെട്ടവർക്കു ഒരു പാടു പണം ലഭിക്കും അല്ലേ ?

അതെ പക്ഷെ അതയാളുടെ ഭാര്യയ്ക്കും മക്കൾക്കും മാത്രമുള്ളതാണ് . എന്റെ മറുപടിക്കു കാഠിന്യമേറിയെന്നു തോന്നി . അല്ലെങ്കിലും ഔചിത്യ ബോധമില്ലാതെ സംസാരിക്കുന്നവരെ കേട്ടാൽ എനിക്കു കലിയിള കും.
വണ്ണിയാർച്ചി മുറുക്കി ചുവപ്പിച്ച ചുണ്ടുകൾ വിടർത്തി ചിരിച്ചു . അയാളുടെ വായിൽ ചതഞ്ഞരയുന്ന മുറുക്കാൻ കൂട്ടത്തെ നാവുകൊണ്ടൊരു വശത്തേയ്ക്കൊതുക്കി അയാൾ തുടർന്നു .

മരിച്ചയാൾക്കു ഞാനല്ലാതെ ഒരു ബന്ധുവും ഈ ഭൂമുഖത്തില്ല !!

 സിംഹളയിൽ അയാൾ എന്തോ ഡ്രൈവറോടു പറഞ്ഞു  ആംബുലൻസിന്റെ സ്പീഡ് കൂടുന്നു .ഞാൻ ഭയവിഹ്വലനായി പുറത്തേയ്ക്കു നോക്കി .അറിയപ്പെടാത്ത നാടും  ഭാഷയും മരിച്ചയാളുടെ പണമെല്ലാം ഞാൻ കൂടെ കൊണ്ട് വന്നിട്ടുണ്ടെന്നാണ് ഇവരുടെ ധാരണ . ഒരു പക്ഷെ എന്നെ ആക്രമിച്ചു കൊലപ്പെടുത്താനും ഇവർ തുനിഞ്ഞേക്കും .തൊണ്ട വറ്റി വരളുന്നു വീട്ടിൽ വഴിക്കണ്ണുമായി കാത്തിരിക്കുന്ന ഭാര്യയും മൂന്നു കുഞ്ഞുങ്ങളും .ആംബുലൻസ് ഇപ്പോൾ വനമേഖലയിലേയ്ക്കു കടന്നിരിക്കുന്നു .കട്ടപിടിച്ച ഇരുട്ടിനെ കീറി നീങ്ങുന്ന വണ്ടിയിൽ യന്ത്രമനുഷ്യനെപ്പോലെ സ്റ്റിയറിങ് പിടിച്ചിരിക്കുന്ന ഡ്രൈവറും മുറുക്കാൻ ചവച്ചു പുറത്തേയ്ക്കു തുപ്പുന്ന കറുത്തു  തടിച്ച വണ്ണിയാർച്ചിയും പേടിയോടെ ഞാനും.മൃതദേഹം ബന്ധുക്കൾക്കു കൈമാറി എനിക്കു പോരാമായിരുന്നു എന്നാൽ പ്രിയ സ്നേഹിതന്റെ അന്ത്യ കർമ്മങ്ങൾക്കും സാക്ഷിയാകാൻ ഞാനെടുത്ത ഉറച്ച തീരുമാനമാണെന്നെ ഇപ്പോളീ മരണ വക്രത്തിൽ പെടുത്തിയിരിക്കുന്നത് .

ഭയപ്പെടേണ്ട തമ്പി ഇപ്പോൾ വീടെത്തും !
അയാളെന്റെ പരിഭ്രമം മനസ്സിലാക്കിയിരിക്കുന്നു .വെളിച്ചമുള്ള പാതയിലേയ്ക്ക് വണ്ടി വളഞ്ഞിറങ്ങി .അധികം ആൾതാമസമില്ലാത്ത ഒരു തെരുവിന്റെ അറ്റത്തു പ്രാചീനമെന്നു തോന്നിക്കുന്ന ഒരു കൂര അതിന്റെ മുറ്റത്തു ആംബുലൻസ് നിന്നു . മൂന്നോ നാലോ പേർ  ചേർന്നു  മൃതദേഹം താഴെയിറക്കി .ചാമിലയുടെ മകനും വിധവയ്ക്കും വേണ്ടി എന്റെ കണ്ണുകൾ അവിടമാകെ പരതി  നടന്നു   . കൂടി നിന്ന പത്തിൽ താഴെ വരുന്ന ആരിലും ദുഖത്തിന്റെ ലാഞ്ഛനപോലുമില്ല . ആകെ തമിഴ് അറിയാവുന്ന വണ്ണിയാർച്ചി ആംബുലൻസ് നിർത്തിയതും എങ്ങോട്ടോ പോയിരിക്കുന്നു .

ബുദ്ധ ഭിക്ഷുക്കളിലൊരാളുമായി വണ്ണിയാർച്ചി മടങ്ങി വന്നിരിക്കുന്നു അവരുടെ കർമ്മങ്ങൾ കഴിഞ്ഞതും മൃതദേഹം ദഹിപ്പിക്കാനുള്ള ചിത റെഡി ആയിരിക്കുന്നു .സാധാരണ ബുദ്ധ മതാചാര പ്രകാരം മൃതദേഹങ്ങൾ  കുഴിച്ചിടുകയാണ് പതിവ്  എന്നാൽ വിദേശത്തു നിന്നും മരണപ്പെട്ടു വരുന്നവയെ ചുട്ടെരിച്ചില്ലെങ്കിൽ  ആത്മാവിനു മോക്ഷം ലഭിക്കില്ലത്രേ . വണ്ണിയാർച്ചി പറഞ്ഞതെല്ലാം സത്യമാണ് മരിച്ച ചാമിലയ്ക്കു  ഭാര്യയോ മകനോ ഇല്ല .ഉണ്ടായിരുന്നെങ്കിൽ ഇപ്പോളിവിടെ ഉണ്ടാകുമായിരുന്നേനെ എന്നിട്ടും ആർക്കാണയാൾ ഇത്രയും കളിപ്പാട്ടങ്ങൾ വാങ്ങി കൂട്ടിയത് .

തിരികെ എയർപോർട്ടിലേയ്ക്കുള്ള യാത്രയിൽ വണ്ണിയാർച്ചിയതു തുറന്നു പറഞ്ഞു . ചാമില കെട്ടിയ പെണ്ണു അയാൾക്കു കുട്ടികളുണ്ടാകില്ല എന്നറിഞ്ഞ നിമിഷം അയാളെ ഉപേക്ഷിച്ചു കടന്നു കളഞ്ഞത്രേ . പിന്നീടുള്ള ഓരോ വരവിലും അയാൾ ഗ്രാമം മുഴുവനുമുള്ള എല്ലാ കുട്ടികൾക്കും കളിപ്പാട്ടണങ്ങളുമായാണത്രെ നാട്ടിൽ എത്താറുള്ളു . തന്റെ അവസാന യാത്രയിലും  അവർക്കായി കളിപ്പാട്ട സഞ്ചി കരുതാൻ അയാൾ മറന്നതുമില്ല .  വണ്ണിയാർച്ചിയും ഞാൻ പരിചയപ്പെട്ട എല്ലാ ശ്രീലങ്കക്കാരെയും പോലെരു നല്ല മനുഷ്യൻ തന്നെ ആണെന്നു എനിക്കിപ്പോൾ ബോധ്യം വന്നിരിക്കുന്നു.

 തിരികെ റൂമിലെത്തുമ്പോൾ ചാമിലയുടെ ബുദ്ധ പ്രതിമയ്‌ക്കരികിലിരുന്ന കുബേര കുഞ്ചി പ്രതിമ എന്നെ നോക്കി തലയാട്ടി ചിരിച്ചു. ഒരു പാടു നിഗൂഢതകളുമായി ഒരു കട്ടിലിനപ്പുറവും ഇപ്പുറവും ഉണ്ടുറങ്ങുന്നവരാണ്  പ്രവാസികളെന്നയാൾ എന്നോടു ഉറക്കെ പറഞ്ഞു  ശേഷം ഉച്ചത്തിൽ അട്ടഹസിച്ചു .........

Wednesday, 19 April 2017

ഹൈക്കൂ ചിന്തുകൾവീടു വാങ്ങുംവരെ 
വീടായിരുന്നെന്റെ വിങ്ങുന്ന വേദന 
വീടായി കഴിഞ്ഞപ്പോൾ 
വീടപ്പെടാനുള്ള കടങ്ങളെയോർത്താണെന്റെ 
വ്യസനങ്ങളും വ്യാകുലതകളും ..

ഹൈക്കൂ ചിന്തുകൾ


നിങ്ങളുടെ അശുദ്ധതയെ
സ്വയമാവാഹിക്കുന്ന 
രക്തദാഹിയായ ചെകുത്താനും
അതെ സമയം തന്നെ  
നിങ്ങളെ പവിത്രീകരിക്കുന്ന
പട്ടുറുമാലുമാകുന്നു ഞാൻ.

ഹൈക്കൂ ചിന്തുകൾനിലച്ചു പോയ രഥചക്രങ്ങൾക്കു
പിന്നിലെ ഖിന്നനാണ് ഞാൻ
കവചകുണ്ടലങ്ങളുമണിഞ്ഞൊരാൾ
എങ്ങു നിന്നോ വരുമെന്നും
പ്രതിസന്ധിയിൽ നിന്നെന്നെ
പരിത്രാണം ചെയ്യുമെന്നും
പകൽകിനാവു കാണുന്നവൻ ഞാൻ.

Tuesday, 18 April 2017

കൂഴച്ചക്കപോലൊരു ആദ്യ രാത്രികുഞ്ഞു നാൾ മുതൽ സിനിമയിലും സ്വപ്നത്തിലും കണ്ടിട്ടുള്ള കല്യാണം കഴിഞ്ഞുള്ള ആദ്യ രാത്രിയാണിത് ,വ്രീളാ വിവശയായി അവൾ വന്നു കട്ടിലിൽ ഇരുന്നതേയുള്ളു . കലാകാരനാണ് ഞാൻ കലാപരമായിത്തന്നെ കാര്യങ്ങൾ തുടങ്ങണം .ചെറിയൊരു വിറയൽ, വൈക്ലബ്യം ,ചമ്മൽ തുടങ്ങി നവരസങ്ങളും ഒളിപ്പിച്ച മുഖത്തോടെ ഞാൻ അവളുടെ പെരുവിരലിൽ സ്പർശിച്ചു  . ഗ്രഹണി പിടിച്ച കുട്ടിയുടെ ആർത്തി എനിക്കുണ്ടോയെന്ന സംശയത്തിൽ നിലത്തേയ്ക്കു താഴ്ത്തിയിരുന്ന തലയുയർത്തി അവളെന്നെ ഒളികണ്ണിട്ടു നോക്കി . ഞാൻ  രണ്ടും കൽപ്പിച്ചവളുടെ വലത്തു കരം ഇറുക്കി നെഞ്ചോടു ചേർത്തു വെച്ചു .വെളിച്ചം എന്തോ പറയാൻ മടിച്ചിട്ടെന്നവണ്ണം മുറിയിലാകെ വിമ്മിഷ്ട്ടപ്പെട്ടു നിൽക്കുന്നു  .ഇനി സംഭവിയ്ക്കാൻ പോകുന്ന കാര്യങ്ങൾക്കു വെളിച്ചം ഒരു തടസ്സമാണ് മുകളിൽ കറങ്ങുന്ന പങ്കായത്തിന്റെ ശബ്ദത്തിനും മേലെ അവളുടെ ശ്വാസമിടിപ്പു എനിക്കു  കേൾക്കാം .

കുട്ടി പൗലോ കൊയ്‌ലോയെ വായിച്ചിട്ടുണ്ടോ ? ആദ്യ രാത്രിയിലേയ്ക്കായി ഞാൻ റിഹേഴ്സൽ ചെയ്തു വെച്ചിരുന്ന ചോദ്യം അവളിൽ അമ്പരപ്പും ആശങ്കയുമുണ്ടാക്കി .

ഇരുട്ടിൽ അവളുടെ മറുപടിക്കായി ഞാൻ മലമുഴക്കി വേഴാമ്പലിനെപ്പോലെ  കാത്തിരുന്നു .

കട്ട പിടിച്ച ഇരുട്ടും അതിനേക്കാൾ കട്ടപിടിച്ച നിശബ്ദതയും . എന്റെ കൈത്തണ്ടയിൽ അമർത്തി പിടിച്ചിരുന്ന  അവളുടെ  പെരുവിരൽ നഖം കൊണ്ടെന്നെ മൃദുവായി നുള്ളി .

എന്റെ ഭാഗത്തും തെറ്റുണ്ട് ,ആദ്യരാത്രിയിൽ ഇങ്ങനെയൊന്നും ചോദിച്ചു കൂടാ, ഞാനവളെ വലിച്ചു നെഞ്ചോടു ചേർത്തു  .രണ്ടു ഹൃദയങ്ങളുടെ താളവും  ഉന്നതിയിലായിരിക്കുന്നു .എന്തെങ്കിലും ചെയ്യാൻ തുടങ്ങും മുൻപതാ  വീടിന്റെ കോളിംഗ് ബെൽ ശബ്ദം മെഡിക്കൽ കോളേജിലെ ആംബുലൻസ് ശബ്ദം പോലെ ഉയർന്നു  .ഒരു ഞെട്ടലോടെ അവൾ എന്റെ നെഞ്ചിൽ നിന്നും  പുറകോട്ടു മാറി  .

ആരോ പുറത്തു വന്നിരിക്കുന്നു പുറത്തു അപ്പച്ചന്റെ അടക്കിപ്പിടിച്ച സംസാരം കേൾക്കാം .

അവൻ കിടന്നിട്ടുണ്ടാവണം നാളെ രാവിലെ കണ്ടാൽ പോരെ ?

അയ്യോ അപ്പച്ചായി അങ്ങനെ പറയരുത് ,ശരിക്കും ഞാൻ മറന്നു പോയിട്ടാ ,ദേ നോക്കിയേ അവനിഷ്ടമുള്ള കൂഴച്ചക്കയാ കൊണ്ടു  വന്നിരിക്കുന്നെ ഒരു ചുളയെങ്കിലും അവൻ കഴിക്കുന്നതു കണ്ടിട്ടു  വേണം എനിക്കു  പോവാൻ .

ഞാൻ വാതിലിനോട് ചെവി ചേർത്തു വെച്ചു ആ ശബ്ദം ആരുടേതാണെന്നറിയാൻ ഒരു ശ്രമം നടത്തി നോക്കി .ഒരു പിടിയും കിട്ടുന്നില്ല, എങ്കിലും എന്റെ ഇഷ്ട്ടങ്ങൾ ഒക്കെ അറിയാവുന്ന ആരോ ആണ് . ഇന്നിനി ദൈവം തമ്പുരാൻ വന്നാൽ കൂടി ഞാൻ വാതിൽ തുറക്കാൻ പോകുന്നില്ല. ബെഡ്‌ലാംപ് തെളിച്ചു നവവധു എന്റെ ഭാവങ്ങൾ നിരീക്ഷിക്കുകയാണ് . നല്ലൊരു ഇൻട്രോയാണ് പുറത്തെ  ദുഷ്ടൻ വന്നു കുളമാക്കിയിരിക്കുന്നത് ഇവനെയൊക്കെ പാമ്പു കടിച്ചു ചാകണേ കർത്താവേ എന്നു മനസ്സിൽ ധ്യാനിച്ചു കട്ടിലിലേയ്ക്കു വീണ്ടും ചാടിക്കയറി . വീണ്ടും നിശബ്ദത വന്നയാൾ പോയിട്ടുണ്ടാവണം .ഇപ്പോൾ എനിക്കവളുടെ മുഖം വ്യക്തമായി കാണാൻ കഴിയുന്നു നാണം നുണക്കുഴി വിരിച്ച ആ മുഖത്തിനു പൂർണ്ണ ചന്ദ്രന്റെ ശോഭയുണ്ടിപ്പോൾ .ഞാൻ ഭാഗ്യവാനാണ് അല്ലെങ്കിൽ ഇത്രയും സുന്ദരിയായ ഒരുവളെ ജീവിതം പങ്കിടാൻ കിട്ടുമായിരുന്നില്ല .ഇക്കുറി എന്റെ നോട്ടമവളുടെ ചുണ്ടുകളിലേയ്ക്കാണ് ഫ്രഞ്ച് കിസ് എന്നത് സിനിമയിലേ കണ്ടിട്ടുള്ളു പരീക്ഷിക്കാൻ പോകുന്നത് ആദ്യമായാണ് .പെരുവിരലിൽ നിന്നും ഒരു തരിപ്പു മുകളിലോട്ടു ഇരച്ചു കയറുന്നു .ഇടുക്കി ഡാം തുറന്നതു പോലെ രക്തം എന്റെ എല്ലാ ഞരമ്പുകളിലേയ്ക്കും പമ്പു ചെയ്യപ്പെടുന്നു .ലക്ഷ്യ സ്ഥാനത്തിനു ഒരു മില്ലി അകലെയെത്തിയപ്പോൾ വാതിലിൽ ശക്തമായ മുട്ടു കേട്ടു അവൾ വീണ്ടും ഞെട്ടി പിന്നോക്കം മാറി  .

മോനെ ,മോനെ .... അപ്പച്ചന്റെ ദയനീയ ശബ്ദം പുറത്തു കേൾക്കാം .

ദേഷ്യം മറച്ചു  കൊണ്ടു  ഞാൻ വാതിൽ മലർക്കെ തുറന്നു . അപ്പച്ചനു പിന്നിൽ 70 എം എം ചിരിയുമായി സാം ജേക്കബ് !!! എന്റെ പത്താം ക്ളാസുവരെയുള്ള കളിക്കൂട്ടുകാരൻനാണവൻ .പത്താം ക്ലാസിനു ശേഷം പട്ടാളത്തിൽ ചേരാൻ പോയവൻ . പട്ടാളത്തിൽ വെച്ചു എന്തോ മാനസീകമായ തകരാറു സംഭവിച്ചു തിരിച്ചു പോരേണ്ടി വന്നവൻ . അവൻ ഇന്നാണെന്റെ കല്യാണം എന്നതു മറന്നു പോയിരുന്നു .എവിടെയൊക്കയോ കറങ്ങി വൈകിട്ടു വീട്ടിൽ എത്തിയപ്പോഴാണ് അവൻ അതറിയുന്നത് ഉടൻ വീട്ടു മുറ്റത്തു നിന്ന പ്ലാവിൽ നിന്നൊരു ചക്കയുമിട്ടു ഇങ്ങു പോന്നിരിക്കുകയാണ് ശവം .. അപ്പച്ചനും അമ്മച്ചിയും എന്നെ ദയനീയമായി നോക്കുന്നു .അവൻ കൊണ്ടു  വന്ന ചക്ക നാലായി മുറിച്ചു തിണ്ണയിൽ ഇട്ടിരിക്കുന്നു .അതിൽ നിന്നൊരു ചുളയെടുത്തു  എനിക്ക് നേരെ നീട്ടി . ഞാനതു വാങ്ങി കഴിച്ചു വീണ്ടും വീണ്ടുമവൻ ചുളകൾ ഉതിർത്തോരോന്നു വീതം എനിക്കു നേരെ നീട്ടി. മലപോലെ വന്ന എന്റെ ദേഷ്യം മഞ്ഞുപോലെ ഉരുകിയൊലിച്ചിരിക്കുന്നു . ഞാൻ അവനടുത്തായി ഇരുന്നു അവൻ ബോധത്തിലും അബോധത്തിലും എന്തൊക്കയോ പറഞ്ഞു കൊണ്ടിരുന്നു . സ്കൂൾ അവധിക്കു ബോസ്സിന്റെ കമ്പിയിൽ പ്ലാവിൽ കയറിയ കഥയും പഴുത്ത ചക്കയ്ക്കായി ഇടിയുണ്ടാക്കിയ കഥയുമായി ഒരു പാട് വിശേഷങ്ങൾ .

സമനിലയില്ലാത്തവർ സംസാരിക്കുമ്പോൾ സമചിത്തത പാലിക്കാൻ കേൾവിക്കാരൻ നിർബന്ധിതനാകും. ഇന്നത്തെ എന്റെ രാത്രിയുടെ പ്രാധാന്യം മനസ്സിലാക്കാൻ കഴിയാത്തവണ്ണം ദുർബലമായ മനസായിരിക്കുന്നു അവന്റേത് . അവനെ പറഞ്ഞു വിട്ടു റൂമിലേയ്ക്ക് കയറുമ്പോൾ ശ്രീമതി ഉറങ്ങി തുടങ്ങിയിരുന്നു .അവളെ ശല്യപ്പെടുത്താതെ കട്ടിലിന്റെ ഓരം ചേർന്നു ഞാൻ കിടന്നു . ചിലർക്കു ആദ്യ രാത്രിക്കു ശാന്തി മുഹൂർത്തം എന്നൊരു സംഗതി ഉണ്ടെന്നും  എന്റെ ശാന്തി മുഹൂർത്തം നാളെയാണെന്നും മനസ്സിനെ ബോധിപ്പിച്ചു കൊണ്ടു ഞാൻ മണിയറയിൽ വിടർത്തിയിട്ട മുല്ലപൂക്കളിലേയ്ക്കു മുഖം പൊത്തിയമർന്നു കിടന്നു ................Saturday, 15 April 2017

മൂന്നാം നാൾ ഉത്ഥാനംഓരോ വിസ പുതുക്കലിനും
ഇതെന്റെ അവസാന വിസയെന്നു
പ്രഖ്യാപിച്ചു സ്വർഗ്ഗത്തിലേയ്ക്കു
കണ്ണുകൾ ഉയർത്തും .

ഇനി ഞാനീ പാന പാത്രത്തിൽ
നിന്നും ഭുജിക്കില്ലായെന്നു
ഹൃദയത്തോടു ചേർത്തു
കുരിശു വരയ്ക്കും

പല്ലു മുറിയെ തിന്നാൻ
എല്ലുമുറിയണമെന്ന തിരിച്ചറിവിൽ
എക്സ്ചേഞ്ച് റേറ്റിൽ നോക്കി
വൃഥാ വ്യാകുലപ്പെട്ടിരിക്കും

മഴയും പുഴയും
മലനാടിന്റെ മണവും
പണയം കൊടുക്കുന്നതിനെയോർത്തു
ഗെത്സെമെനുകളിൽ
കണ്ണു  നീർ വാർത്തു നെടുവീർപ്പിടും

പീഡാസഹനങ്ങളുടെ ഒടുക്കം
പ്രത്യാശയിലേക്കുള്ള
പുത്തൻ ഉത്ഥാനമാണെന്ന
തിരിച്ചറിവുകൾ  ചിലപ്പോഴൊക്കെ
പുതു മഴ പോലെ കുളിർപ്പിക്കും


മൂന്നാം നാൾ ഉത്ഥാനം  
അവിടുത്തേയ്ക്ക്‌  മാത്രമുള്ളതാണ്
മണലാരണ്യത്തിൽ അടക്കം
ചെയ്തവരെ നിങ്ങൾക്കു
സ്വർഗ്ഗരാജ്യം ......

Wednesday, 12 April 2017

ഞാൻ കുരിശു മരമാകുന്നു


മരമായിരുന്നു  ഞാൻ ,നെടുങ്ങനെ പിളർന്നു
ചോരയിറ്റു വീണ  അനുഗ്രഹിക്കപ്പെട്ട  മരം
നീതിമാന്റെ ചുമലേറാൻ വിസമ്മതിച്ചു
പിന്മാറാൻ ശ്രമിച്ചു പരാജയപ്പെട്ട  നിസ്സഹായ മരം
തുല്യ ദുഃഖിതരായിരുന്നു നമ്മൾ
അപരനായി മുറിക്കപ്പെടാൻ വിധിക്കപ്പെട്ടവർ.

കഴിയുമെങ്കിൽ ഈ പാനപാത്രം ഒഴിഞ്ഞു പോകട്ടെയെന്നു
നീയും ഞാനും ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു .
തിരുവെഴുത്തുകൾ നിറവേറപ്പെടാനുള്ളതാണെന്ന
ആശ്വാസ വാക്കുകളിൽ ഞാനും നീയും
ഒന്നു  ചേർന്നു നിശ്വസിച്ചു.

മൂന്നാണികൾ തുളഞ്ഞു കയറുമ്പോൾ
അബാ പിതാവേ എന്നു വിളിച്ചു
നിന്നോടൊപ്പം കരഞ്ഞ കുരിശുമരമാണു ഞാൻ  
നിന്റെ ജന്മം ഉത്ഥാനത്തോടെ സഫലമായെങ്കിൽ
പ്രത്യാശയുടെ പ്രതീക്ഷയുടെ
പുത്തൻ പ്രതീകമാകാനായിരുന്നു എന്റെ നിയോഗം .

ഞാൻ കുരിശു മരമാകുന്നു
മൂന്നാണികൊണ്ടു ജന്മം
സഫലമാക്കപ്പെട്ട  അനുഗ്രഹിക്കപ്പെട്ട മരം .

Sunday, 9 April 2017

ഞാൻ അറാറത്ത് നാഹൂം...


അറാറത്ത് നാഹൂം അങ്ങനെയൊരു പേരു ഞാൻ ജീവിതത്തിലാദ്യമായാണ് കേൾക്കുന്നത് . പ്രളയത്തിനു ശേഷം ദൈവം നോഹയുടെ പേടകം നങ്കൂരമിട്ടു ഉറപ്പിച്ച പർവ്വതത്തിന്റെ പേരാണത് . അങ്ങനെ ഒരു പേരിൽ ഒരു മനുഷ്യൻ ഉണ്ടാവുമോ ?
ഉവ്വല്ലോ അയാളല്ലേ മുന്നിൽ നിൽക്കുന്നത് ,
എന്റെ മനോഗതം മനസിലാക്കിയിട്ടെന്നോണം പാഴ്സി കലർന്ന ഇംഗ്ളീഷിൽ അയാളെന്നോടു സംസാരിച്ചു .
കഴിഞ്ഞ നാലു ദിവസം മുൻപ് കബയാൻ എന്നു പരിചയപ്പെടുത്തി ഒരു ശീമപ്പന്നി മോറാൻ ഔദാര്യം പോലെ വെച്ചു നീട്ടിയ ഏത്തപ്പഴം കഴിച്ചതിനു ശേഷം ഖര രൂപത്തിലുള്ള ഒന്നും അകത്തോട്ടു പോയിട്ടില്ല . വയർ വിളിക്കുമ്പോഴൊക്കെ ഇറാൻ സർക്കാർ പാവങ്ങളിൽ പാവങ്ങളായ ഗ്രാമവാസികൾക്കു വേണ്ടി പണിതുണ്ടാക്കിയ പൈപ്പു വെള്ളം വയറു നിറയുവോളം കുടിക്കുമായിരുന്നു . വിശക്കുമ്പോൾ ലഭ്യമാകുന്നതെന്താണോ അതാണ് ദൈവം എന്ന പാഠം ഞാൻ പഠിച്ചു തുടങ്ങുന്നത് ആ കൊച്ചു ദ്വീപിലെ മൂന്നു മാസം നീണ്ട ദുരിത വാസത്തിനിടയിലാണ് . എന്നോളമോ എന്നെക്കാളോ ദുരിത പർവ്വം താണ്ടുന്നവരും അവിടെയൊക്കെ ജീവിക്കുന്നു എന്നതായിരുന്നു എന്നെ അസ്വസ്ഥനാക്കാതിരുന്ന ഏക സത്യം .
കിഷിലെത്തി മൂന്നുദിവസത്തിനുള്ളിൽ വിസ എന്ന കമ്പനിയുടെ വാഗ്ദാനം വിശ്വസിച്ചാണ് ഇങ്ങോട്ടു വിമാനം കയറിയത് .സാധരണ എല്ലാ കമ്പനികളും ചെയ്യുന്ന ഒരു വിസ മാറൽ ചടങ്ങു പോലെ തീർത്തും സാഹസികമല്ലാത്ത ഒരു കൃത്യം എന്ന നിലയിലാണ് അങ്ങനെയൊരു തീരുമാനത്തിനു മുന്നിൽ ഞാൻ ശിരസു കുനിച്ചു കൊടുത്തതും. വിശ്വസിച്ചു കൂടെ ഇറങ്ങി വന്ന പെണ്ണിനെ അന്തസായി നോക്കാൻ ഒരു തൊഴിൽ കൂടിയേ തീരു എന്ന പിടിവാശിയാണ് ദുബായിലേയ്ക്കൊരു വിസിറ്റ് വിസ എന്ന കൈവിട്ട കളിക്കു മുതിരാൻ എന്നെ പ്രേരിപ്പിച്ചത് . തൊഴിലന്വേഷകരുടെ പറുദീസയാണവിടമെന്നും അവിടെ എത്തിയാൽ മരുഭൂമിയുടെ നടുവിലുള്ള വൃക്ഷം നല്ലതു പോലെ ഉലർത്തണമെന്നും അത് കഴിഞ്ഞു അന്തസായി നാട്ടിൽ ജീവിക്കാമെന്നും എല്ലാവരെയും പോലെ ശരിക്കും കനവു കണ്ടതുമാണ് . ആദ്യ വിസിറ്റിനു ദിവസങ്ങൾ തീരാൻ ബാക്കിയുള്ളപ്പോഴാണ് ഒരു കമ്പനി ജോലി വാഗ്ദാനം ചെയ്തു മൂന്നു ദിവസത്തിനുള്ളിൽ വിസ അയച്ചുതരാം എന്ന വാഗ്ദാനത്തോടെ കിഷിലേയ്ക്ക് കയറ്റി വിടുന്നത് .
നാളെ ,നാളെ കേട്ടു മടുത്തിരിക്കുന്നു ഒരു നേരം ഭക്ഷിച്ചും പച്ചവെള്ളം കുടിച്ചും മരബെഞ്ചിലുറങ്ങിയും ജീവിതത്തോടുള്ള പ്രതീക്ഷ തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. പേർഷ്യൻ ഗൾഫിലെ സുഖവാസ ദ്വീപാണ് കിഷ് .ഒട്ടും സുഖമില്ലാതെ വസിക്കുന്ന തന്നെപ്പോലെയുള്ള തൊഴിലന്വേഷകരുടെ കൂടിയാണീ നാടെന്നു ജീവിതം പഠിപ്പിച്ചിരിക്കുന്നു . വിശപ്പിനിപ്പോൾ വിസയെക്കാൾ വിലയുണ്ടെന്നു തോന്നുന്നു .ഇനിയും വിശന്നാൽ എന്തെങ്കിലും അതിക്രമത്തിനോ കൊള്ളയ്ക്കോ ഞാൻ മുതിർന്നേക്കുമെന്നു തോന്നുന്നു . പിടികൂടിയാൽ ജയിൽ, അവിടെ ഒരുനേരമെങ്കിലും എന്തെങ്കിലും തിന്നാൻ തരും അതുമതി .
അറാറത്ത് നാഹൂം വശ്യ സുന്ദരമായി ചിരിക്കുകയാണ് , വയറ്റിൽ വിശപ്പിന്റെ ചൂളം വിളിച്ചോതുന്ന കൽക്കരി വണ്ടികളുടെ പെരുക്കം കേട്ടിട്ടെന്നോണം അയാൾ എന്നോടു ചേർന്നിരുന്നു അയാളുടെ തുണി സഞ്ചി തുറന്നു ഒരു അപ്പ കഷണം പുറത്തെടുത്തു എനിക്കു നേരെ നീട്ടി . ഒരു പരുന്തിന്റെ നഖങ്ങൾ പോലെ എന്റെ കൈ ആ അപ്പക്കഷണത്തെ അയാളിൽ നിന്നും റാഞ്ചിയെടുത്തു . വിശപ്പ് ഒരിക്കലും രുചി അന്വേഷിക്കാറില്ല എങ്കിലും ഈ അപ്പം പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാളുകളിൽ അപ്പച്ചൻ വീട്ടിൽ മുറിക്കുന്ന അപ്പത്തിന്റെ ഓർമ്മകളെ തലച്ചോറിലേയ്ക്കു തരംഗങ്ങളെ അയച്ചു വിളിച്ചുണർത്തുന്നു .
നിങ്ങളാരാണ് ?
ഞാൻ അറാറത്ത് നാഹൂം ! വശ്യ സുന്ദരമായ പാൽ പുഞ്ചിരി ആ ചുണ്ടിലൂടെ ഒഴുകി വന്നു .
ഇരുന്നിരുന്ന കൽത്തൂണിൽ നിന്നും അയാൾ എഴുന്നേറ്റു തിരിഞ്ഞു നടന്നു . "ഒരപ്പം" ഒരായുസ്സിന്റെ വിശപ്പിനെ കൊടുത്താൻ പര്യാപ്തമാണതെന്നു എനിക്കു തോന്നി . ഒരു നിമിഷം അയാൾ തിരിഞ്ഞു നിന്നു കീറിയ തുണിസഞ്ചിയിൽ നിന്നൊരു കടലാസു കഷണം എനിക്ക് നേരെ നീട്ടി . ഞാനതു വാങ്ങി തിരിച്ചും മറിച്ചും നോക്കി .ഒരു കഷണ്ടി തലയന്റെ ചിത്രമുള്ള നൂറു ഡോളർ നോട്ട് . നീ വിശ്വസിക്കുന്ന ദൈവത്തിന്റെ നാമത്തിൽ എന്ന പിൻ വായന പൂർത്തിയാക്കിയതും അയാൾ മുന്നോട്ടു പോയിരുന്നു . വാഗ്ദത്ത ഭൂമിയിലെത്തും മുൻപ് മണ്മറഞ്ഞു പോകേണ്ടി വന്ന മോശയുടെ പിൻ തലമുറക്കാരനാണ് ഞാൻ .ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്കുള്ള വിമാനത്തിന്റെ ജാലക വാതിലിനരികിൽ നിന്നും ഞാൻ താഴേയ്ക്കു നോക്കി .എല്ലാ പ്രളയങ്ങൾക്കും ഒരവസാനമുണ്ട് ഏതെങ്കിലും ഒരു അറാറത്ത് പർവ്വത മുകളിൽ നാം നങ്കൂരമിടപ്പെടും .
അറാറത്ത് നാഹൂം എന്ന പാഴ്സി നീയാരായിരുന്നു ?? അയയ്ക്കപ്പെട്ടവനോ അതോ നീ തന്നെയോ ???

Thursday, 6 April 2017

സുലൈമാന്റെ കസേര (കഥ )

ഇമിഗ്രേഷൻ റോഡിലെ മുനിസിപ്പാലിറ്റിയുടെ മാലിന്യ വീപ്പയ്ക്കരിക്കൽ കരുവേലകത്തിൽ  തീർത്ത ഒരു ചാരു കസേര ആരോ ഉപേക്ഷിച്ച നിലയിൽ കണ്ടതിനെ തുടർന്നാണ് അതു റൂമിൽ  കൊണ്ടു  പോയാലോ എന്നു സുലൈമാനു മോഹമുദിക്കുന്നത് .മരപ്പണിക്കാരനായ ബാപ്പയുടെ കൂടെ കുറെ നാൾ ഉളി പിടിച്ചതിന്റെ ആത്മ ബന്ധം സുലൈമാനു തടിയിൽ തീർത്ത എന്തിനോടുമുണ്ട് . കഷ്ട്ടിച്ചു നാലാൾക്കു കിടക്കാവുന്ന ഇടുങ്ങിയ റൂമിൽ ആ കസേര എവിടെ സ്ഥാപിക്കുമെന്നൊന്നും അപ്പോളയാൾ ചിന്തിച്ചില്ല.
ഇതു   പോലെ ഒന്നു നാട്ടിൽ വാങ്ങാൻ ഉറുപ്പിക അയ്യായിരം കൊടുക്കേണ്ടി വരും. തരപ്പെടുകയാണെങ്കിൽ നാട്ടിലേയ്ക്ക് കയറ്റി വിടുന്ന കൂട്ടത്തിൽ ഇവനെയും അയച്ചാലോ എന്നൊരു ചിന്തകൂടി സുലൈമാനു അവനെ പൊക്കിയെടുക്കുമ്പോൾ ഉള്ളിലുണ്ടായിരുന്നു .
സുലൈമാൻ പണ്ടേ ഇങ്ങനെയാണ് നല്ലതെന്നു തോന്നിയാൽ എന്തിനെയും പൊക്കി വീട്ടിലേയ്ക്ക് കൊണ്ടു  വരും മൈനാഗപ്പള്ളിയിൽ ചങ്ങായിയുടെ സാധനം കൊടുക്കാൻ പോയിട്ടല്ലേ ഇപ്പോളത്തെ ബീവി റുക്കിയാത്തയെ കൂട്ടിയിട്ടു വന്നേ അതു  പോലെ മനസിനു പിടിക്കുന്നതൊന്നും  സുലൈമാൻ കയിച്ചിലാക്കൂല്ല.  

 തല ചുമടായി കസേര കൊണ്ടു വരുന്ന  സുലൈമാനെ ബാൽക്കണിയിൽ നിന്നും കണ്ട സഹമുറിയൻ ഗഫൂർ ഉറക്കെ ശകാരിച്ചു .
കണ്ട കച്ചറയൊക്കെ ഇതെങ്ങോട്ടാ കൊണ്ടു  വരീന്നെ ഒന്നാമതെ റൂമിൽ സ്ഥലമില്ല ആ  നാത്തൂരിന്റെ റൂമിനോടു ചേർന്നങ്ങു ഇട്ടേച്ചു മോളോട്ടു കയറിയാൽ മതി .
തലയിരുന്ന കസേര നിലത്തു വെയ്ക്കാതെ സുലൈമാൻ മോളിലേയ്ക്ക് കഴുത്തു ചെരിച്ചു നോക്കി .
നക്ക് ഇതിന്റെ ബെല അറിയോ ?
ബെല എന്താണേലും കണ്ട അറബി വീട്ടീന്നു കളഞ്ഞ സായനമല്ലേ ,ങ്ങള് അബിടെ വെച്ചിട്ടു വരീൻ അല്ലെങ്കിൽ  ഷെഫീക്ക് വന്നതു തീയുമേൽ ഏറിയും .
കൂട്ടത്തിൽ മുരടൻ ഷഫീക്കാണ് ഓനു സംസാരിക്കുമ്പോൾ കണ്ണും മൂക്കുമില്ല .ആളും തരവും നോക്കാതെ ഉള്ളിലുള്ളതു പറയും പക്ഷെയെങ്കിൽ ആളു ശുദ്ധനാ . റൂമിൽ ആകെയുള്ള സ്ഥലം കളയാൻ  ഇനിയൊരു കസേരകൂടി വരുന്നതിനെ  ബഷീറും എതിർക്കും .
ഗഫൂറിന്റെ എതിർപ്പവഗണിക്കാതെ സുലൈമാൻ കസേരയുമായി മുകളിലേയ്ക്കു കയറി .രണ്ടു കോണികട്ടിലിൽ  നിറഞ്ഞിരിക്കുന്ന മുറിയുടെ ആകെപാടുള്ള ഇടനാഴിയിൽ സുലൈമാൻ ആ കസേര വലിച്ചു നിവർത്തിയിട്ടു .

എതിർക്കുമെന്നു പേടിച്ചിരുന്ന ഷഫീക്കും ബഷീറും ഗഫൂറും സുലൈമാന്റെ കസേരയെ പരിഗണിക്കാതെ അവരവരുടെ  കിടപ്പാടങ്ങളിലേയ്ക്ക് നടന്നു കയറി. മാസാവസാനം എല്ലാവരെയും പോലെ കറന്റും വെള്ളവും വാടകയും പകുത്തു തരുന്ന സുലൈമാൻ ആദ്യമായി റൂമിനുള്ളിൽ സ്ഥാപിച്ച ആഡംബരത്തെ അവർ അനുകമ്പയോടെ കണ്ടു .സുലൈമാന്റെ കമ്പനിയിൽ ചില ചില്ലറ പ്രശ്നങ്ങൾ ഉണ്ടെന്നു കേൾക്കുന്നു ഓരോരുത്തരെയായി പറഞ്ഞു വിട്ടു കൊണ്ടേ ഇരിക്കുകയാണത്രെ താമസം വിനാ സുലൈമാന്റെ നമ്പറും വന്നേക്കും അങ്ങനെയുള്ള ഒരാളെ ഈ ചെറിയ പ്രശ്നത്തിന്റെ പേരിൽ വിഷമിപ്പിക്കേണ്ട എന്നു കരുതിയിട്ടാവണം ഈ സൗജന്യം .
സുലൈമാൻ  ആ  കസേരയിൽ എപ്പോഴെങ്കിലും ഇരിക്കുന്നതായി സഹമുറിയന്മാർ ആരും കണ്ടില്ല . ഇന്ത്യയിൽ മാത്രം ലഭ്യമാകുന്ന കരുവേലകത്തിൽ തീർത്ത തടി കൊണ്ടാണത്  നിർമ്മിച്ചിരിക്കുന്നതെന്നു മരപ്പണിക്കാരന്റെ മകനായ സുലൈമാനു വേഗം തിരിച്ചറിയാൻ കഴിഞ്ഞു  . ഏതോ അറബി വീട്ടിൽ പുതിയ ആഡംബര  വസ്തു വന്നപ്പോൾ പഴയതായി മാറിയതാണ് ഈ കസേര .

ടെർമിനേഷൻ നോട്ടീസ് കൈയ്യിൽ കിട്ടിയ അന്നാണ് സുലൈമാൻ  ആദ്യമായി ആ കസേരയിൽ ഇരിക്കുന്നത് .ബാപ്പയുണ്ടാക്കുന്ന കസേരകളിലെല്ലാം ആദ്യമമർന്നിരിക്കുന്ന കുട്ടിയുടെ കൗതുകത്തോടെ അയാൾ അതിലേയ്ക്ക്  അമർന്നിരുന്നു . സുലൈമാനിപ്പോൾ  ജന്നത്തിൽ ഇരിക്കുന്ന ബാപ്പയെ കാണാൻ കഴിയുന്നു  .വെളുത്ത താടി തടവി മോനെ സൂപ്പി എന്നുറക്കെ വിളിക്കുന്നു ഭയപ്പെടേണ്ടാ എന്നാശ്വസിപ്പിച്ചു കൊണ്ടു തലയിൽ തലോടുന്നു . സുലൈമാൻ ചാടിയെഴുന്നേറ്റു ആ കസേരയെ തിരിച്ചും മറിച്ചും നോക്കി ഉളിപിടിച്ചു തഴമ്പിച്ച ബാപ്പായുടെ ഗന്ധം ആ മുറിയാകെ നിറയുന്നു. സുലൈമാനിപ്പോൾ നാട്ടിലേയ്ക്കുള്ള യാത്രയിലാണ് കരുവേലകത്തിൽ തീർത്ത കസേരയുടെ ക്‌ളിയറൻസ് കഴിഞ്ഞതും അയാൾ ആശ്വാസത്തിന്റെ നെടുവീർപ്പിട്ടു. 

Tuesday, 4 April 2017

വേദ പ്രതാപ് മുഖർജിയുടെ മൂന്നു പാപങ്ങൾ (അദ്ധ്യായം 4 )
     മുഖർജിയുടെ മൂന്നാമത്തെയും അവസാനത്തെയും പാപം .


മൂന്നാറ്റു മുഖം ഭീതിയുടെ കയത്തിലേയ്ക്കു നിപതിച്ചിരിക്കുന്നു .തുടരെ തുടരെയുണ്ടാകുന്ന അനർത്ഥങ്ങളിൽ കുഞ്ഞു കുട്ടികളടക്കം ഗ്രാമവാസികൾ ഒന്നാകെ  ഭയചകിതരായിരിക്കുന്നു . അമ്പല പറമ്പിലെ പേരാലിൻ കൊമ്പിൽ തൂങ്ങി മരിച്ച പൊതു വാളിന്റെ മൃതദേഹം മുറിച്ചെടുക്കാൻ പേരാലിൽ കയറിയ സിവിൽ  പോലീസ് ഓഫീസർ കയറിയ സ്പീഡിൽ താഴേയ്ക്കിറങ്ങി വന്നു . പൊതുവാൾ തൂങ്ങിയാടുന്ന മരചില്ലയ്ക്കു തൊട്ടു താഴെ ഫണം വിരിച്ചാടുന്ന രണ്ടു സർപ്പങ്ങൾ .ഒരാളെയും മുകളിലേയ്ക്കു കയറ്റാൻ സമ്മതിക്കാതെ അവ രണ്ടും താഴേയ്ക്കു നോക്കി ചീറി കൊണ്ടിരുന്നു . അമ്പലത്തിലേയ്ക്ക് പുതിയതായി വന്ന കൊമ്പൻ മദപ്പാടു കാണിച്ചു കൂടി നിന്നവരുടെ ഇടയിലേയ്ക്കു ഇറങ്ങി ചെന്നതും മൂന്നാറ്റു മുഖം ഗ്രാമത്തെ ഗ്രസിച്ചിരിക്കുന്ന ഭീകരതയുടെ ആഴം വ്യക്തമാക്കുന്നതായി . ദേവത കോപിച്ചിരിക്കുന്നു കാരണം അറിയണം ദേവ പ്രശ്‍നം നടത്തണം.   അധികമാരോടും സംസാരിക്കാനും കൂട്ടു കൂടാനും പോകാത്ത ബോർജി ഫ്രാൻസിസ് എന്തിനാണു മരിക്കുന്നതിനു രണ്ടു ദിവസം മുൻപു പൊതുവാളുമായി ഒന്നും ഒറ്റയും പറഞ്ഞതെന്നതിനെപ്പറ്റി  ആർക്കും അറിവുണ്ടായിരുന്നില്ല . ബോർജിയുടെ കൊലപാതകത്തിൽ ന്യായമായും  സംശയിക്കപ്പെടേണ്ട  പൊതുവാൾ കുറ്റബോധം താങ്ങാതെ ആത്മഹത്യ ചെയ്തിരിക്കുന്നു . പോലീസിനു അധിക വ്യയം ചെയ്യാതെ ഒരു കേസ് ഫയൽ അവസാനിപ്പിക്കാൻ ഒരു പുതിയ വഴി തുറന്നു കിട്ടിയിരിക്കുന്നു .

പേരു  കേട്ട ജോത്സ്യനായ പൂത്തൂർ മനയ്ക്കലെ കൃഷ്ണപ്പണിക്കർ ദേവപ്രശ്‌നം ആരംഭിച്ചിരിക്കുന്നു, അനർത്ഥങ്ങൾ പലതാണ് പ്രശ്നത്തിൽ തെളിയുന്നത് അമ്പലത്തിലേയ്ക്കു വാങ്ങിയ കൊമ്പന്റെ ഭൂതകാലം അന്വേഷിക്കാതെയാണ് തൃശൂർക്കു പോയ  കമ്മറ്റി അംഗങ്ങൾ അവനെ വാങ്ങിയിരിക്കുന്നത് . മൂന്നു  തവണ മദപ്പാടുണ്ടാകുകയും നാലു മനുഷ്യ ജീവനെ  വധിക്കുകയും ചെയ്ത ശേഷമാണത്രെ മൂന്നാറ്റും കരയിലേയ്ക്കു കൊമ്പൻ എഴുന്നുള്ളിയിരിക്കുന്നത് .വാങ്ങിയ കൊമ്പനെ മടക്കുന്നതിനോടു അമ്പല കമ്മറ്റിക്കു താൽപ്പര്യം പോരാ കൃഷ്ണപ്പണിക്കർ നിർദേശിച്ച   പരിഹാര ക്രിയകൾ  ചെയ്‌താൽ കൊമ്പനെ നിലനിർത്തുന്നതിൽ തെറ്റില്ലെന്നു വന്നിരിക്കുന്നു . രണ്ടു ദുർമരണങ്ങൾ അമ്പലത്തിന്റെ നൂറു മീറ്റർ ചുറ്റളവിൽ സംഭവിച്ചതിനെപ്പറ്റി പണിക്കർ ഒന്നും പറഞ്ഞില്ല. അതിനെപ്പറ്റി എന്തെങ്കിലും പറയുമെന്നു കാത്തിരുന്ന ജനക്കൂട്ടം നിരാശരായി മടങ്ങി .

പൊതുവാളിന്റെ പോസ്റ്റു മോർട്ടം റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നു  .അയാളുടെ മരണം തീർത്തും ക്രൂരമായൊരു കൊലപാതകം ആണത്രേ ആരോ തല്ലി  കൊന്ന ശേഷം  അമ്പല പറമ്പിലെ പേരാലിൽ കൊണ്ടു കെട്ടിത്തൂക്കിയതാണ് . മൂന്നാറ്റു മുഖം എന്ന പച്ച വെള്ളം ചവച്ചു കുടിക്കുന്ന  പഞ്ച പാവങ്ങളുടെ നാട്ടിൽ രണ്ടാഴ്ചയ്ക്കിടെ നടന്ന രണ്ടു കൊലപാതകങ്ങളിലെയും പ്രതി  അവർക്കിടയിൽ തന്നെ ഇപ്പോഴും സുഖമായി ജീവിക്കുന്നു . മുഖർജിയെ ഇപ്പോൾ തീരെ കാണാനില്ല അയാൾ ജോലിക്കു പോകുന്നതായിട്ടോ  എന്തിനെങ്കിലും പുറത്തു പോകുന്നതായിട്ടോ പോലും ആർക്കും ഒരു വിവരവുമില്ല . മൂന്നാറ്റു മുഖം കായലിൽ സൂര്യ നമസ്ക്കാരം ചെയ്തു വിസ്തരിച്ചു കുളിക്കുന്ന ബംഗാളി ഭായി  കൽക്കട്ടയിലേയ്ക്ക് തിരിച്ചു കയറി പോയി എന്നൊരു കൂട്ടർ വിശ്വസിച്ചു . അതല്ല രണ്ടു കൊലപാതകങ്ങൾക്കു  പിന്നിലും വേദ പ്രതാപ് മുഖർജിയുടെ ദൃശ്യമോ അദൃശ്യമോ ആയ കരങ്ങൾ ഉണ്ടാവുമെന്ന്  ഗ്രാമവാസികളിൽ ചിലർ  വിശ്വസിച്ചു . ജല ദേവത ചെയ്യാൻ ഏൽപ്പിച്ച പാപങ്ങളിൽ രണ്ടെണ്ണം മാത്രമേ  മുഖർജി പൂർത്തിയാക്കിയിട്ടുള്ളെന്നും മൂന്നാമത്തെ പാപം തങ്ങളിൽ ആരുടെയെങ്കിലും ജീവൻ ആണെന്നു മൂന്നാറ്റു മുഖം ഗ്രാമവാസികൾ ഉറച്ചു വിശ്വസിച്ചു .

അന്നൊരു വെള്ളിയാഴ്ചയായിരുന്നു വിലക്കപ്പെട്ട സമയമാകുന്നതിനു മുൻപു തന്നെ ഇപ്പോൾ ആറ്റിൻ കരയാകെ  വിജനമാകും ആന മറുതയുടെ ശക്തിയിൽ  ഗ്രാമവാസികളുടെ വിശ്വാസം മുമ്പത്തേതിനേക്കാൾ പതിന്മടങ്ങു വർദ്ധിച്ചിരിക്കുന്നു . ഏതു നിമിഷവും എന്തും സംഭവിക്കാവുന്ന ഒരു തുരുത്തായി മൂന്നാറ്റും കര മാറിയിരിക്കുന്നു . പന്ത്രണ്ടു മാണിയുടെ അറിയിപ്പുമായി പള്ളി മണി മുഴങ്ങിയതും ആറ്റിൻ കരയിലേയ്ക്കൊരാൾ നടന്നടുത്തു . വീടിന്റെ ഉള്ളിലിരുന്നും ആറ്റിൻ കരയിലേയ്ക്കു കണ്ണും നട്ടിരുന്ന രാമഭദ്രനും  ഭാര്യ രമണിയും ആ കാഴ്‌ച കണ്ടു പേടിയെല്ലാം മറന്നു വീടിനു വെളിയിലേയ്ക്കിറങ്ങി പിന്നാലെ ആറ്റിൻ കരയിലുള്ള എല്ലാവരും ഭയത്തിന്റെ വാല്മീകം വിട്ടു ആ കാഴ്ച കാണാൻ  ആട്ടിൻകൂട്ടത്തെപ്പോലെ പുറത്തേയ്ക്കു വന്നു . പുറത്തിറങ്ങിയവരിൽ ചിലർ ഉറക്കെ കൂക്കി വിളിച്ചു കൊണ്ടാ കാഴ്ചയെ പൂർണതയിൽ ആസ്വദിച്ചു .

ജലദേവതയുടെ ദർശനം ഉണ്ടായ ശേഷം ആദ്യമായി മുഖർജി മൂന്നാറ്റും മുഖത്തെ ആ വിലക്കപ്പെട്ട കടവിൽ എത്തിയിരിക്കുന്നു . മുഖർജിയെ കണ്ടതിലല്ല ജനക്കൂട്ടത്തിന്റെ ആവേശവും ഉൽക്കണ്ഠയും മുഖർജിയുടെ ഇടതു കരം  ചേർത്തു പിടിച്ചു ഒരു പെൺകുട്ടി . അതെ കൊലചെയ്യപ്പെട്ട പൊതുവാളിന്റെ അന്തർജ്ജനം നിർമ്മല .ഉത്സവത്തിനു പോലും ഗ്രാമവാസികൾ ശരിക്കും കാണാത്ത ദേവി വദനയായ ആ സുന്ദരിയെ കാണാൻ ഗ്രാമവാസികൾ  തിടുക്കം കൂട്ടി  .ജനക്കൂട്ടം നോക്കി നിൽക്കെ മുഖർജി നിർമ്മലാ അന്തർജ്ജനത്തെ ഒരു പാവക്കുട്ടിയെ എന്ന പോലെ ഇരു കൈകളിലും കോരിയെടുത്തു വിലക്കപ്പെട്ട കയത്തിലേയ്ക്കു  ഊളിയിട്ടിറങ്ങി . കൺമുന്നിൽ നടന്നതൊക്കെ സത്യമാണോ എന്നറിയാൻ അവിടെ കൂടിയിരുന്നവർ പരസ്പരം നുള്ളി നോക്കി  . അമ്പല പറമ്പിലെ ചങ്ങലകളിൽ ബന്ധിതനായിരുന്ന കൊമ്പൻ എന്തോ അപകടം ഒഴിഞ്ഞു പോയതു  പോലെ വലിയ ശബ്ദത്തിൽ  ചിന്നം വിളിച്ചു .

ബംഗാളി ഭായി കഴിഞ്ഞ പതിനഞ്ചു കൊല്ലമായി നാട്ടിൽ പോലും പോകാതെ ഇരുന്നതിന്റെ കാരണം ഇപ്പോൾ നാട്ടുകാർക്കെല്ലാം  കുറേശ്ശേ മനസ്സിലായി തുടങ്ങിയിരിക്കുന്നു . സ്ത്രീ ലമ്പടനായ ഗോവക്കാരൻ ബോർജി ഫ്രാൻസിസ് കൊല്ലപ്പെട്ടതും  പാവം രാമകൃഷ്ണ പൊതുവാൾ രക്തസാക്ഷിയായതും ഈ അനശ്വര പ്രണയത്തിനു മുന്നിലായിരിക്കണം  എന്നവർ അടക്കം പറഞ്ഞു . അവിടെ കൂടി നിന്നവരിൽ അപ്പോൾ ഒരു വലിയ തർക്കമുണ്ടായി  വേമ്പനാട്ടു കായൽ ഒഴുകി ബംഗാൾ ഉൾക്കടലിലാണ് പതിക്കുന്നതെന്നു പീടികക്കാരൻ ജോസുകുട്ടി പറഞ്ഞപ്പോൾ  മുൻഷി തിരുത്തുമായെത്തി വേമ്പനാട്ടു കായൽ ഒഴുകി ചെല്ലുന്നതു അറബി കടലിലേയ്ക്കാണ് . അടിത്തട്ടിലേയ്ക്കു താഴ്ന്നു പോയ ശരീരങ്ങൾ പൊങ്ങി വരുന്നതും കാത്തു ജനക്കൂട്ടം അക്ഷമരായി നിന്നു .ഏകദേശം മൂന്നു മണിക്കൂറിനു ശേഷം കാത്തു നിൽപ്പിനു വിരാമമിട്ടു കൊണ്ടു മൂന്ന് കടവുകൾക്കപ്പുറം എന്തോ ഉയർന്നു പൊന്തി  . ഓടിക്കൂടിയ ജനക്കൂട്ടത്തിനു കാണാനായത് ദിവസങ്ങൾക്കു മുൻപു മോഷണം പോയ രാമഭദ്രന്റെ ചാരായത്തിന്റെ ഒഴിഞ്ഞ നാലു കന്നാസുകൾ മാത്രമായിരുന്നു ..............

അവസാനിച്ചു .. 

വേദ പ്രതാപ് മുഖർജിയുടെ മൂന്നു പാപങ്ങൾ (അദ്ധ്യായം 3 )                     ....................മുഖർജിയുടെ രണ്ടാം പാപം .............

രാമഭദ്രൻ അറസ്റ്റിലായിരിക്കുന്നു മൂന്നാറ്റും കരയുടെ സായന്തനങ്ങളെ പ്രേമ സുരഭിലമാക്കിയിരുന്ന മുന്തിരി ചാറിന്റെ ഉല്പാദകൻ കൊലക്കുറ്റത്തിനു അറസ്റ്റിലായ ശേഷം മൂന്നാറ്റും കരയ്‌ക്കാകെയൊരു ശ്മശാന മൂകതയാണ് . നഷ്ട്ടപെട്ടു പോയ മൂന്നു കന്നാസ് ചാരായത്തിന്റെ പേരിലെന്നല്ല എത്ര കനപ്പെട്ട കാര്യത്തിനു വേണ്ടിയും തന്റെ പ്രിയതമൻ ഒരു കൊലപാതകത്തിനു മുതിരില്ല എന്നു രാമഭദ്രന്റെ ഭാര്യ രമണി ഗ്രാമവാസികളോടു ആണയിട്ടു പറഞ്ഞു . ഇത്തിത്തറയിലെ കെട്ടു വള്ളം മണക്കാനെത്തിയ പോലീസ് നായ മൂന്നു വട്ടംചുറ്റും കൂടി നിന്നവർക്കു നേരെ തിരിഞ്ഞു നിന്നു കുരച്ച ശേഷം വിലക്കപ്പെട്ട കടവിലേയ്ക്ക് പാഞ്ഞു പോയി കായലിന്റെ ആഴങ്ങളിലേയ്ക്ക് നോക്കി നിർത്താതെ കുരച്ചു . ആറ്റിലേയ്ക്ക് നോക്കി കുരയ്ക്കുന്ന നായക്കുട്ടിയെ കണ്ട പരൽമീനുകൾ മുകളിലേയ്ക്കു കുതിച്ചു ചാടി അവന്റെ കുരയ്ക്കൊപ്പം നൃത്തം ചെയ്തു .ആന മറുതയാണിത് ചെയ്തതെന്നു ജനക്കൂട്ടത്തിനിടയിൽ നിന്നും കഴകക്കാരൻ രാമകൃഷ്ണ പൊതുവാൾ ഉറക്കെ ഉറപ്പിച്ചു വിളിച്ചു പറഞ്ഞു . മുതുകിൽ പിടി വീഴുന്നതു കണ്ടതും പൊതുവാളിനു ഇപ്പോൾ അങ്ങനെ പറയേണ്ടിയിരുന്നില്ല എന്നു തോന്നി . പൊതുവാളിന്റെ കോളറിൽ പിടുത്തമിട്ട എ എസ് ഐ ജിനചന്ദ്രൻ അയാളെ ജീപ്പിനടുത്തേയ്ക്കു വലിച്ചു കൊണ്ടു പോയി. ആന മറുതയെ മുൻപെപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ എന്ന പോലീസ് ചോദ്യത്തിനു മുന്നിൽ അൽപ പ്രാണിയായ പൊതുവാൾ പേടിച്ചു മുള്ളി .
മൂന്നാറ്റും കര ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനുള്ള കൊടി കയറിയിരിക്കുന്നു മൂന്നാറിന്റെയും തീരത്തുള്ള സകല ജനങ്ങളുടെയും ഉത്സവമാണത് . ബോർജി ഫ്രാൻസിസിന്റെ കൊലപാതകവുമായി ബന്ധിപ്പിക്കത്തക്ക തെളിവുകളൊന്നും കിട്ടാഞ്ഞതിനാൽ എപ്പോൾ വിളിച്ചാലും പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന വ്യവസ്ഥയിൽ രാമഭദ്രനെ പുറത്തു വിട്ടിരിക്കുന്നു .ഉത്സവ സീസൺ രാമഭദ്രന്റെ കൊയ്ത്തു കാലമാണ് പക്ഷെ ഇക്കുറി പോലീസ് അയാൾക്കു പിന്നാലെ തന്നെ ഉണ്ടാവുമെന്നതിനാൽ മാമ്പുഴക്കരിയിലുള്ള രമണിയുടെ വീട്ടിൽ വളരെ ആസൂത്രിതമായി വാറ്റുന്ന ചാരായം കുപ്പികളിലാക്കി മൂന്നാറ്റും മുഖം ഗ്രാമത്തിലേയ്ക്ക് എത്തിക്കാനാണ് പദ്ധതി . രാമഭദ്രൻ കാഴ്ചക്കാരന്റെ റോളിലും ഭാര്യ രമണി നേരിട്ടു കളത്തിലിറങ്ങിയും നടത്താൻ പോകുന്ന ആദ്യത്തെ ബിസിനസ് സംരംഭം എന്ന നിലയിൽ എത്ര കണ്ടു വിജയകരമാകുമിതെന്നു രാമഭദ്രനു സംശയം ഉണ്ടായിരുന്നു .
ബംഗാളി ഭായി മുഖർജി കഴിഞ്ഞാൽ മൂന്നാറ്റു മുഖം ഗ്രാമത്തിൽ പുറത്തു നിന്നും വന്നു താമസിക്കുന്നത് കഴകക്കാരൻ പൊതുവാളും ഭാര്യ നിർമ്മലാ അന്തർജനവുമാണ് .പാലക്കാട്ടെ ഏതോ അമ്പലത്തിലെ കഴകക്കാരനായിരുന്നപ്പോൾ അവിടുത്തെ പ്രശസ്തമായ അഗ്രഹാരത്തിൽ നിന്നും പ്രണയിച്ചു നാടു വിട്ടവരാണ് രണ്ടു പേരും . കാർമേഘ വർണ്ണനായ രാമകൃഷ്‌ണ പൊതുവാളിന്റെ കൂടെ പാൽ വെണ്മയുള്ള അന്തർ ജനം എങ്ങനെ കൂടി എന്ന സംശയം അന്നാട്ടുകാർ ചോദിച്ചപ്പോഴാണ് ദൂരെ എവിടെയെങ്കിലും തങ്ങളെ രണ്ടു പേരേയുമറിയാത്ത നാട്ടിൽ പോയി ജീവിക്കാമെന്നു പൊതുവാൾ തീരുമാനിക്കുന്നത് . മൂന്നാറ്റും കരയിലെത്തിയിട്ടും പൊതുവാളിന്റെ അന്തർജ്ജനത്തെ ഗ്രാമവാസികളാരും കണ്ടില്ല . മൂന്നാറ്റും കര ഭഗവതിയുടെ ഉത്സവത്തിനു ദീപാരാധന തൊഴാൻ മാത്രമാണവർ പുറത്തേക്കിറങ്ങുന്നത്‌ . ലേശം സംശയത്തിന്റെ അസ്കിത പൊതുവാൾക്കുണ്ടെന്നും ആയതിനാൽ അന്തർജ്ജനത്തെ പുറത്തേക്കിറങ്ങാൻ കൂടി സമ്മതിക്കില്ല എന്നു ഗ്രാമ വാസികൾ പലയിടത്തായി അടക്കം പറഞ്ഞു കേട്ടു .
ആന മറുത ഊരിൽ ഇറങ്ങിയ ശേഷം ഗ്രാമവാസികൾ ആകെ ഭയത്തിലാണ് . ആകെയുള്ള ആശ്രയമായ ഭഗവതിയുടെ മുന്നിൽ അവർ ആവലാതികളുടെ കെട്ടഴിച്ചു വെച്ചു .ഇക്കുറി വെടിക്കെട്ടിനു നിരോധനമുള്ളതിനാൽ ഉത്സവത്തിനു പിരിച്ചെടുത്ത തുക കൊണ്ടു അമ്പലത്തിലേയ്ക്കു നടയിരുത്താൻ ഒരു കൊമ്പൻ എന്ന നിർദേശം കൈയ്യടിച്ചു പാസാക്കപ്പെട്ടു . പറയെടുപ്പിനും എഴുന്നുള്ളിപ്പിനും ഭഗവതിക്കു സ്വന്തമായി ഒരു വാഹനം ഉണ്ടാകുന്നതു നല്ലതാണെന്നു മൂന്നു കരക്കാരും ഒരുമിച്ചു ചേർന്നു തീരുമാനം എടുത്തു . ഉത്സവത്തിനു ഇനി ഏഴു നാൾ, അതിനു മുൻപ് ലക്ഷണമൊത്ത ഒരു കൊമ്പനെ തേടി കമ്മറ്റിയിലെ നാലു പേരെ ത്രിശൂർക്കു പറഞ്ഞയച്ചു .
കൊമ്പു കുഴൽ താലപ്പൊലി ചെണ്ട എന്നു വേണ്ട സകലമാന ആഡംബരത്തോടും കൂടിയാണ് മൂന്നാറ്റും കരയിലേയ്ക്ക് ആ ഗജവീരൻ എഴുന്നുള്ളിയത്. ഏഴുകരകൾക്കു അപ്പുറവും ഇപ്പുറവും സ്വന്തമായി ആനയുള്ള ക്ഷേത്രം എന്ന ഖ്യാതിയിലേയ്ക്ക് മൂന്നാറ്റും കരയും ഉയർന്നിരിക്കുന്നു . ഭഗവതി ഇക്കുറി പ്രസാദിക്കണം ആന മറുതയുടെ ഉപദ്രവത്തിൽ നിന്നും പാവങ്ങളായ ഗ്രാമവാസികളെ രക്ഷിക്കണം . രാമഭദ്രൻ മൂന്നു കുപ്പി റാക്ക് പെരും കായ സഞ്ചിയിലാക്കി അമ്പല പറമ്പിലേയ്ക്ക് തിടുക്കത്തിൽ നടന്നു . സകല ലക്ഷണവുമൊത്ത കൊമ്പൻ രാമഭദ്രൻ വായിലേയ്ക്ക് കമിഴ്ത്തി കൊടുത്ത ചാരായം മൂന്നു കുപ്പിയും ഗ്ലപ്പെന്നു കുടിച്ചു തീർത്തിരിക്കുന്നു . തുമ്പികൈ രാമഭദ്രന്റെ നെറുകയിൽ ചേർത്തു വെച്ചിട്ടു മൂന്നു വട്ടം ഉഴിഞ്ഞു . ഭക്തജനങ്ങൾ കൊണ്ട് വരുന്ന കരിമ്പും കദളിപ്പഴവും ശർക്കരയുമെല്ലാം തിന്നു ഗജരാജൻ തളർന്നിരിക്കുന്നു . ഗ്രാമ വാസികൾക്കു ആദ്യമായി സ്നേഹിക്കാനൊരു ആനയെ കിട്ടിയതിന്റെ ലാളനയേറ്റവൻ മൂന്നാറ്റും കര ഭഗവതിയുടെ തിടമ്പേറ്റാൻ വെമ്പൽ കൊണ്ടു .
ഉത്സവം വന്നു ദീപാരാധന തൊഴാൻ വന്ന പൊതുവാളിന്റെ അന്തർജ്ജനത്തെ കണ്ടു ഗ്രാമവാസികൾ മൂക്കത്തു വിരൽ വെച്ചു . മൂന്നാറ്റും കര വാഴുന്ന ഭഗവതീ വിഗ്രഹത്തിനു പോലും ഇത്രമേൽ ശോഭയില്ലെന്നവർ അവിതർക്കിതമായി പറഞ്ഞു അന്തർ ജനം അമ്പലത്തിൽ നിൽക്കുവോളം .പൊതു വാളിനു ഒരേ ആധിയായിരുന്നു. ആരൊക്കെ അവളെ നോക്കുന്നുണ്ടെന്നയാൾ ചുഴിഞ്ഞു ചുഴിഞ്ഞു നോക്കി കൊണ്ടു പിറകെ നടന്നു . മുഖർജി ഇക്കുറി ഉത്സവത്തിനു പോലും പുറത്തേക്കിറങ്ങിയില്ല അങ്ങനെ ഒരാൾ ഈ നാട്ടിൽ ജീവിക്കുന്നു എന്നു പോലും ഗ്രാമവാസികൾ മറന്നിരിക്കുന്നു . രാമഭദ്രൻ മൂന്നുകുപ്പി ഭഗവതിയെ പ്രതി അമ്പല കൊമ്പനു കൊടുക്കുന്നതു പതിവായിരിക്കുന്നു. സകല വിഗ്ന നിവാരിണിയായ ഗണേശന്റെ പുനരവതാരമാണ് അമ്പലത്തിൽ വന്ന ആന എന്നയാൾ ചാരായം കുടിക്കാൻ വന്ന ഗ്രാമ വാസികളോടെല്ലാം പറഞ്ഞു .
ഉത്സവ കഴകം കഴിഞ്ഞു വീട്ടിലേയ്ക്കു മടങ്ങിയ പൊതുവാൾ ഇതുവരെ വീട്ടിലെത്തിയിട്ടില്ല . നിർമ്മലാ അന്തർജ്ജനം പുറത്തേയ്ക്കിറങ്ങി അന്വേഷിക്കണോ വേണ്ടയോ എന്നു ശങ്കപ്പെട്ടു വീടിനുള്ളിൽ വെരുകിനെപ്പോലെ ഓടി നടന്നു . ഉത്സവ ഷീണം കഴിഞ്ഞു മയക്കത്തിലായ മൂന്നാറ്റും കരയിലേയ്ക്കു ആ വാർത്ത വെള്ളിടി പോലെ വന്നു വീണു . അമ്പല പറമ്പിലെ പേരാലിൽ കഴകക്കാരൻ രാമ കൃഷ്ണ പൊതുവാൾ തൂങ്ങിയാടുന്നു ...
തുടരും ,,,,

വേദ പ്രകാശ് മുഖർജിയുടെ മൂന്നു പാപങ്ങൾ (അദ്ധ്യായം 2 )

                       
                                              മുഖർജിയുടെ ഒന്നാം പാപം.

മുഖർജി ശീർഷാസനത്തിൽ നിന്നും എഴുന്നേറ്റത് അതുവരെ കാണാത്ത ഒരു തരം തേജ്വസോടെ ആയിരുന്നു . മുഖർജിയുടെ തലയ്ക്കു ചുറ്റും പ്രകാശ വലയം രൂപപ്പെട്ടിരിക്കുന്നതു പോലെ ഒരു തെളിച്ചം ആ മുഖത്ത്‌ വിളങ്ങി നിന്നു . കൽക്കത്തയിൽ നിന്നും വന്നിട്ടു ഇതുവരെ സംസാരിക്കാത്ത ബംഗാളിയിൽ അയാൾ കുട്ടനാട്ടുകാരോടു പിച്ചും പേയും പറഞ്ഞു . ബംഗാളി ഭാഷ മുൻപു കേട്ടിട്ടില്ലാത്ത കുട്ടനാട്ടുകാർ ആന  മറുത  സംസാരിക്കുന്ന ദേവനാകാരികം എന്ന ഭാഷയാണന്നതെന്നു തറപ്പിച്ചു പറഞ്ഞു . ലിറ്റിൽ ഫ്ലവർ സ്‌കൂളിലെ ഹിന്ദി മുൻഷി ജേക്കബ് നാലുപറയിൽ കുറച്ചു നേരം മുഖർജിയോടു സംസാരിച്ചു നോക്കിയ ശേഷം കൈമലർത്തി കാണിച്ചു .ജേക്കബ് മാഷക്കറിയാത്ത ഭാഷ കുട്ടനാട്ടിൽ പിന്നെ ആർക്കും അറിയാൻ തരമില്ലന്നു ജനക്കൂട്ടം കട്ടായം പറഞ്ഞു.

മൂന്നാറ്റും കായലിന്റെ അടിത്തട്ടിൽ വെച്ചു ദേവീദർശനമുണ്ടായ ബംഗാളി ഭായിയെക്കാണാൻ ഗ്രാമ വാസികൾ തടിച്ചു കൂടി . മുഖർജി വാ തുറന്നൊരു മലയാള അക്ഷരം മിണ്ടിയില്ല മലയാളത്തിൽ സംസാരിച്ചവരോടെല്ലാം  പൊട്ടനെപ്പോലെ  പ്രതികരിക്കാതിരുന്നു . മൂന്നാറ്റു മുഖം ശ്രീ ദേവി ടാക്കീസിൽ മുൻപു കളിച്ച പദ്‌മരാജൻ പടത്തിൽ ഇങ്ങനെ ഒരു കഥാപാത്രമുണ്ടെന്നും  ഒരപകട  ശേഷം പഴയ കാലത്തെ പാടെ മറന്നു പോകുന്നതു അംനീഷ്യ എന്ന രോഗമാണെന്നും  പട്ടണത്തിൽ പോയി എൻട്രൻസ് കോച്ചിങ് പഠിക്കുന്ന വിത്സൺ ഫ്രാൻസിസ് പറഞ്ഞപ്പോൾ  ജേക്കബ് മാഷ് തിരുത്തി . അംനീഷ്യ ഒരു രോഗമല്ല മറിച്ചു അതൊരു അവസ്ഥ മാത്രമാണ് .

ദൈവമാണോ ഭൂതമാണോ മുഖർജിയെ പിടികൂടിയതെന്നറിയാതെ മൂന്നാറ്റു മുഖം ഗ്രാമവാസികൾ നന്നേ കുഴങ്ങി . അന്തരീക്ഷത്തിൽ നിന്നും വിഭൂതിയോ നാളെ നടക്കാനിരിക്കുന്ന കാര്യങ്ങൾ പ്രവചിക്കുകയോ ചെയ്‌താൽ  മുഖർജിക്കൊരു ദൈവീക പരിവേഷം നൽകാൻ ചിലർ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടായിരുന്നു . മൂന്നാറ്റും കര വാഴുന്ന ഭഗവതി ക്ഷേത്രത്തിലെ കഴകക്കാരൻ രാമകൃഷ്ണ പൊതുവാൾ രഹസ്യമായി മുഖർജിയെ വന്നു  കണ്ടു രണ്ടു ചില്ലറ വിദ്യകൾ കാണിക്കാൻ ആവശ്യപ്പെട്ടിട്ടും മുഖർജി ഊമയെപ്പോലിരുന്നു .  ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ മൂന്നാറ്റു മുഖം ഗ്രാമത്തിൽ ദേവിയോ ബാധയോ ഉണ്ടെന്നു സ്ഥിരീകരിക്കപ്പെട്ടാൽ വിശ്വാസികളിൽ ചിലരെങ്കിലും അങ്ങോട്ടു ചായുമെന്നു കണക്കു കൂട്ടിയ ഇടവക വികാരി  കറുകകളത്തിലച്ചൻ നേരിട്ടു വിശ്വാസികളോടു തട്ടിപ്പിൽ വീഴരുതെന്നു അഭ്യർത്ഥിച്ചു വീടു വീടാന്തരം  കപ്യാർ കൈവശം കുറിപ്പു കൊടുത്തു വിട്ടു .

മുഖർജി മലയാളം പാടെ മറന്നവനെപ്പോലെ ആയിരിക്കുന്നു .പതിനാറു വർഷം മണി  മണി പോലെ   മുഖർജി സംസാരിച്ച ഭാഷ ഒറ്റ മുങ്ങിക്കുളിയിൽ പാടെ മറന്നു പോകുന്നതെങ്ങനെയെന്നു മൂന്നാറ്റു മുഖത്തെ നിഷ്കളങ്കരായ ഗ്രാമ വാസികൾക്കു അജ്ഞാതമായിരുന്നു . ഒരു പക്ഷെ ജനക്കൂട്ടത്തെ മുഴുവൻ വിഡ്ഢികളാക്കാൻ അങ്ങനെ  ഒരു ഡപ്പാൻ കൂത്തു കളിക്കു മുഖർജി തുനിയുമോ . അടുത്ത ചങ്ങാതിയായ രാമ ഭദ്രനോടു പോലും ജലദേവത മൂന്നു പാപം ചെയ്യാൻ ആവശ്യപ്പെട്ടു എന്ന വർത്തമാനമല്ലാതെ മലയാളത്തിൽ ഒന്നും പറഞ്ഞില്ല . മുഖർജി പതിവു ശീലങ്ങൾ ഉപേക്ഷിച്ചിരിക്കുന്നു രാമഭദ്രന്റെ റാക്കിന്റെ ലഹരിയിൽ ഉറങ്ങിയിരുന്ന  മുഖർജിക്കിപ്പോൾ അതിന്റെ മണം കേൾക്കുന്നതെ അലർജി ആയിരിക്കുന്നു .

കരിസ്മാറ്റിക്കു ധ്യാനം കൂടിയിട്ടും കുടി നിർത്താത്ത ഭർത്താവുള്ള ജാനെറ്റ്  കെട്ടിയോനെ മുഖർജി മുങ്ങിയ കടവിലേയ്ക്ക് തള്ളിയിടാൻ ഒരു പാഴ് ശ്രമം നടത്തി നോക്കി . ഭർത്താവിനോടുള്ള സ്നേഹക്കുറവല്ല പ്രത്യുതാ അങ്ങനെയെങ്കിലും അയാൾ ഒന്നു നന്നായി കാണാനുള്ള  പൂതി മാത്രമായിരുന്നു അതിനു പിന്നിലുള്ള ചേതോ വികാരം . മുഖർജിയിപ്പോൾ പുറത്തേയ്ക്കിറങ്ങാറേയില്ല ,ബോട്ടു ജെട്ടിയിലും അലക്കു കടവിലും പീടിക  വരാന്തയിലും എന്നു വേണ്ട ഒരിടത്തും അയാളുടെ നിഴലു പോലും വന്നില്ല .ബംഗാളി മാത്രം സംസാരിക്കുന്ന  മുഖർജിയെ ഗ്രാമവാസികളാരും തിരഞ്ഞതുമില്ല . രാമഭദ്രന്റെ ഇരുപതു  വർഷത്തെ കള്ള വാറ്റു ജീവിതത്തിനിടയിൽ ആദ്യമായി കായലിന്റെ അടിയിൽ കയറിൽ കെട്ടിയിട്ടിരുന്ന നാലു കന്നാസു ചാരായവും കളവു പോയിരിക്കുന്നു .എന്തു ചെയ്യണമെന്നറിയാതെ രാമഭദ്രൻ കോപം കൊണ്ടു വിറച്ചു .മൂന്നാറ്റു മുഖത്തെ  ആരും ഇപ്പണി  ചെയ്യില്ലയെന്നു രാമഭദ്രൻ തറപ്പിച്ചു പറഞ്ഞു .ഇനിയെങ്ങാൻ ആന മറുത കയറിയ മുഖർജിയാണോ ? കൂടി നിന്നവരിൽ നിന്നും ഉയർന്ന ആ ചോദ്യത്തിൽ എന്തോ കഴമ്പുണ്ടെന്നു രാമ ഭദ്രനു തോന്നി .ഇനിയൊരു പ്രത്യേക ശ്രദ്ധ വേണം കാര്യങ്ങൾ മുൻപത്തേതു പോലെ പന്തിയല്ല രാമഭദ്രൻ മനസ്സിലുറപ്പിച്ചു .

Monday, 3 April 2017

വേദ പ്രതാപ് മുഖർജിയുടെ മൂന്നു പാപങ്ങൾ (തുടർക്കഥ)
മൂന്നാറ്റു മുഖം കായലിന്റെ ഓരോ സ്പന്ദനവും വേദ പ്രതാപ് മുഖർജിക്കറിയാം. ബംഗാളികൾ കേരളത്തിലേയ്ക്കു തൊഴിലു തേടി കുടിയേറ്റം ആരംഭിക്കുന്നതിനു വളരെ മുൻപ് ആഫ്രിക്കൻ പായൽ നിർമ്മാർജ്ജനത്തിനായി കൽക്കട്ടയിൽ നിന്നും കൊണ്ടു വന്ന ഡ്രജറുടെ നടത്തിപ്പു ചുമതലക്കാരനായിരുന്നു വേദ പ്രതാപ് മുഖർജി. ഹൂഗ്ലി നദി അനായാസേന നീന്തി കടന്നിരുന്ന മുഖർജിയുടെ ജല സ്നേഹമാണയാളെ ഇങ്ങനെയൊരു തൊഴിലിലേയ്ക്കു വഴി തിരിച്ചു വിട്ടതു തന്നെ . ആലപ്പുഴ മുനിസിപ്പാലിറ്റി പായൽ നിർമ്മാർജ്ജന പദ്ധതി ഉപേക്ഷിച്ചിട്ടും മുഖർജി കൊൽക്കട്ടയിലേയ്ക്കു തിരികെ പോയില്ല . അധികമൊന്നും ആളുകളോട് അടുപ്പം സൂക്ഷിക്കാതെ അയാൾ മലയാളത്തിന്റെ മണ്ണിൽ വിരുന്നുകാരനും മെല്ലെ മെല്ലെ വീട്ടുകാരനുമായി .കുട്ടനാട്ടിൽ എത്തപ്പെടുന്ന ആദ്യത്തെ ബംഗാളി മുഖർജി ആയതു കൊണ്ടാണോ എന്തോ നന്മ നിറഞ്ഞ നാട്ടുകാർ അയാളെ ബംഗാളി ഭായി എന്ന വിളിച്ചുപോന്നു .മൂന്നാറ്റു മുഖം ഗ്രാമത്തിലെ ഏക വരത്തനും അന്യഭാഷാ സംസാരിക്കുന്നവനുമായിട്ടും നാട്ടുകാരായാളെ നിർലോഭം സ്നേഹിച്ചു . നാട്ടുകാരേക്കാൾ നല്ല മലയാളം ബംഗാളി ചുവയിൽ സംസാരിച്ചയാൾ മൂന്നാറ്റു മുഖത്തിന്റെ വ്യത്യസ്ത മുഖമായി . ആ ഗ്രാമത്തിൽ അയാൾക്കൊരു അടുത്ത ചങ്ങാതിയേ ഉണ്ടായിരുന്നുള്ളു അതു കടത്തുകാരൻ രാമഭദ്രനായിരുന്നു . പാലങ്ങളായ പാലങ്ങളെല്ലാം കൊണ്ടു കുട്ടനാടിന്റെ കൊച്ചു കൈവഴികളിൽ വരെ സഞ്ചാര യോഗ്യമായപ്പോൾ പണിയില്ലാതെപോയ രാമഭദ്രന്റെ ഇപ്പോഴത്തെ പ്രധാന ജോലി കള്ള ചാരായം വാറ്റാണ്.
വൈകുന്നേരങ്ങളിൽ ഇളം കാറ്റേറ്റൊരു കുപ്പി നാടൻ പട്ട മുഖർജിയുടെ ശീലമായ അന്നുമുതൽ രാമ ഭദ്രൻ മുഖർജിയുടെ ചങ്ങാതിയായിരുന്നു . കടത്തു വള്ളം ഊന്നുമ്പോഴും കായലിൽ കെട്ടിത്താഴ്ത്തിയിട്ട കന്നാസുകളുടെ കാവൽക്കാരൻ കൂടിയായിരുന്നു രാമഭദ്രൻ . വെള്ളത്തിലേയ്ക്ക് നീളുന്ന അനാവശ്യ നിഴലുകളെപ്പോലും രാമഭദ്രൻ തിരിച്ചറിയും .നാലോ അഞ്ചോ വലിയ കന്നാസുകൾ ചാരായം നിറച്ചു ഒന്നിച്ചു കെട്ടി കായലിന്റെ ആഴത്തിലേയ്ക്ക് അയാൾ എറിഞ്ഞിടും ,കയറിന്റെ ഒരറ്റം എപ്പോഴും രാമഭദ്രന്റെ കടത്തുവള്ളത്തിനോടു ചേർന്നുണ്ടായിരുന്നു. നല്ല അടിയൊഴുക്കുള്ള സമയങ്ങളിൽ പോലും രാമഭദ്രൻ കെട്ടിയിട്ട കന്നാസുകൾ എങ്ങോട്ടും ഒഴുകി പോയിരുന്നില്ല . വൈകുന്നേരമായാൽ കരയ്ക്കു വലിച്ചു കയറ്റുന്ന കന്നാസുകൾ ആവശ്യക്കാരെ തേടി കാത്തിരിക്കും . മൂന്നാറ്റു മുഖം ഗ്രാമത്തിന്റെ ഔദ്യോഗിക ഡിസ്റ്റിലറിയും ബീവറേജസും രാമഭദ്രന്റെ വീടും പരിസരവുമായിരുന്നു . വിശ്വസിച്ചു കുടിക്കാവുന്ന ചേരുവകകളായ കറുവാപ്പട്ടയും കശുമാങ്ങയും ചേർത്ത പട്ട മുഖർജി കൽക്കട്ടയിലായിരുന്നപ്പോൾ കുടിച്ചിരുന്ന ലോക്കൽ ചാരായമായ റാക്കിനോളം രുചികരമായിരുന്നു .
രാവിലെ ഒരു മുങ്ങിക്കുളി മുഖർജിക്കു നിർബന്ധമാണ് ,അതും ഒന്നരമണിക്കൂർ വെള്ളത്തിൽ നീന്തി തുടിച്ചുള്ള വിശാലമായ കുളി . കൽക്കട്ടാ വിട്ടിട്ടും ബ്രാഹ്മണ്യത്തിന്റെ അടയാളമായി കൂടെ കൊണ്ടു നടക്കുന്ന നിഷ്ട്ടയായ സൂര്യനമസ്ക്കാരമാണ് അതിൽ പരമ പ്രധാനം മുട്ടറ്റം വെള്ളത്തിൽ നിന്നു കിഴക്കു നോക്കി ഗോഷ്ടികാണിക്കുന്ന മുഖർജി മൂന്നാറ്റു മുഖം ഗ്രാമനിവാസികൾക്കു ആദ്യമൊക്കെ കൗതുക കാഴ്ച്ചയായിരുന്നു കാൺകെ കാൺകെ അതൊരു വിശേഷമോ കാഴ്ച്ചയോ അല്ലാതായിത്തീർന്നിരിക്കുന്നു . ആറ്റിറമ്പിലൂടെ ട്യൂഷൻ കഴിഞ്ഞു വരുന്ന കുട്ടികൾ മുകളിലോട്ടും നോക്കി കൈ കൂപ്പി നിൽക്കുന്ന മുഖർജിയുടെ ശ്രദ്ധ തിരിക്കാനെന്നോണം കമ്പോടു കഷ്ണങ്ങൾ വെള്ളത്തിനു മുകളിലൂടെ തെന്നിച്ചു മറുകരയിലേയ്ക്ക് വിടും . രാമഭദ്രൻ തലേന്നു നൽകിയ ഉറക്കം തൂങ്ങി മരുന്നിന്റെ ഷീണം തീരാനാണിയാൾ ഇത്ര നേരം വെള്ളത്തിൽ മുങ്ങി കിടക്കുന്നതെന്നു നാട്ടുകാർ പലപ്പോഴും പൂച്ചം പറഞ്ഞു . മൂന്നാറ്റു മുഖത്തിൽ ആണായും പെണ്ണായും പിറന്ന ഒരാളും മുഖർജിയോളം മുങ്ങാം കുഴിയിട്ടു നിൽക്കില്ലായിരുന്നു . ഒരു തവണ രാമഭദ്രനുമായി വാക്കേറ് പന്തയം വരെ ഉണ്ടായതാണ് . രാമഭദ്രൻ പൊങ്ങി ഏകദേശം അഞ്ചു മിനിറ്റിനു ശേഷമാണു മുഖർജി വെള്ളത്തിനു മുകളിലേയ്ക്കു ഊളിയിട്ടു പൊന്തിയത് .
അന്നൊരു വെള്ളിയാഴ്‌ചയായിരുന്നു വെള്ളിയാഴ്ച്ചകൾ മൂന്നാറ്റു മുഖക്കാർക്കു പ്രത്യേകതയുള്ള ദിവസമാണ്. മൂന്നാറ്റും കാവിലെ ആന മറുത ഊരു തെണ്ടാൻ ഇറങ്ങുന്നത് വെള്ളിയാഴ്ച പകൽ പന്ത്രണ്ടു മണിക്കു ശേഷമാണെന്നാണ് തലമുറകളായി കൈമാറപ്പെടുന്ന വിശ്വാസം .ആ സമയം കഴിവതും ആരും ആറ്റു വക്കത്തോ എന്തിനു ബോട്ടു ജെട്ടിയിലെ പീടിക വരാന്തയിലോ പോലും നിൽക്കാൻ ഭയപ്പെട്ടിരുന്നു . വർഷങ്ങൾക്കു മുൻപ് ഇവയൊന്നും വിശ്വസിക്കാതെ കടത്തു വള്ളമിറക്കിയ രാമ ഭദ്രന്റെ അപ്പൻ വലിയ തമ്പിയുടെ തോണി മറിഞ്ഞു പന്ത്രണ്ടു പേർ മരിച്ചതോടെ ആ വിശ്വാസം ആ ഗ്രാമത്തിൽ രൂഢമൂലമായി .
രാവിലെ കുളിച്ചിട്ടു പോയ മുഖർജി വെള്ളിയാഴ്ച പകൽ പന്ത്രണ്ടു കഴിഞ്ഞതോടെ കൊച്ചു തോർത്തുമുടുത്തു ആറ്റിലേയ്ക്കു ചാടിയെന്ന വിചിത്ര വാർത്ത കേട്ട രാമഭദ്രൻ തെല്ലൊന്നമ്പരന്നു . അപ്പനടക്കം പന്ത്രണ്ടാത്മാക്കൾ വിഹരിക്കുന്ന ആഴങ്ങളിലേയ്ക്കു അസമയത്തിറങ്ങിയ ബംഗാളി ഭായിയുടെ നടപടിയിൽ പ്രതിഷേധിക്കാനെന്നവണ്ണം രാമഭദ്രൻ പുറത്തേയ്ക്കിറങ്ങി വന്നു വിലക്കി നോക്കി . കഴിഞ്ഞ പതിനേഴു കൊല്ലമായി നാട്ടിലെ നിയമങ്ങൾ അനുസരിച്ചു ജീവിച്ച ബംഗാളി ഭായി ഒന്നുമില്ലാതെ പെട്ടന്നൊരുദിവസം വിലക്കപ്പെട്ട കടവിലേയ്ക്ക് എടുത്തു ചാടിയതിൽ ദേഷ്യത്തോടൊപ്പം രാമ ഭദ്രനു അനുകമ്പയും തോന്നി . ഇനിയൊരിക്കലും പൊങ്ങി വരാത്ത മുങ്ങാം കുഴിയാണ് മുഖർജി ഇട്ടിരിക്കുന്നതെന്ന തിരിച്ചറിവിൽ രാമഭദ്രൻ വീടിന്റെ ജനാല വലിപ്പു മാറ്റി വെള്ളത്തിലേയ്ക്ക് ആകാംഷാ പൂർവ്വം നോക്കിയിരുന്നു .
സാധാരണ പൊന്തേണ്ട സമയമായിട്ടും ഉയർന്നു വരാതിരുന്ന മുഖർജിയുടെ മരണം ഉറപ്പിച്ചയാൾ പാതകത്തിൽ തിളച്ചു നീരാവിയായുയരുന്ന കശുമാവിൻ വാറ്റിലേയ്ക്ക് കണ്ണും ശരീരവും പറിച്ചു കൊണ്ടു പോയി. വിലക്കപ്പെട്ട വെള്ളിയാഴ്ചയുടെ സമയ പരിധി അവസാനിക്കുന്നതിനു തൊട്ടു മുൻപ് മൂന്നാറ്റു മുഖം ഗ്രാമത്തിന്റെ വടക്കേ അതിർത്തിയിലെ കടവിൽ മുഖർജി ഊളിയിട്ടുയർന്നു . തിളയ്ക്കുന്ന വെയിലിൽ ചുട്ടു പഴുത്തു കിടന്ന കരിങ്കല്ലിൽ ഉടുത്തിരുന്ന ഒറ്റ തോർത്തു പാച്ചുടുത്തു കൊണ്ടായാൾ ശീർഷാസനത്തിൽ ഏർപ്പെട്ടു . അനിതര സാധാരണമായ ആ കാഴ്ചകണ്ടു അടുത്തുകൂടിയ ഗ്രാമ വാസികളോടായാൾ ബംഗാളി കലർന്ന മലയാളത്തിൽ പറഞ്ഞു .
ഞാൻ ജലദേവതയെ കണ്ടു ഒരു പാടു സംസാരിച്ചു കടുത്ത മൂന്നു സഹായങ്ങൾ ചെയ്യാൻ അവളെന്നോട് ആവശ്യപ്പെടുന്നു . അവളെന്നെ തന്നെ തിരഞ്ഞെടുത്തിരിക്കുന്നു ആ സഹായം നേടാനായി, അയാളുറക്കെ അട്ടഹസിച്ചു ...
വീണ്ടും വീണ്ടുമയാളാർത്തു ചിരിച്ചു ,ആ ചിരിയൊലികൾ വെള്ളത്തിന്റെ മിനുസമാർന്ന പ്രതലത്തിൽ തട്ടി ഒരായിരം പ്രാവശ്യം പ്രതിധ്വനിച്ചു മുഴങ്ങി . അസമയത്തു കായലിൽ ഇറങ്ങിയ മുഖർജിയുടെ ദേഹത്തു ആന മറുത കൂടിയെന്നു പഴമക്കാർ തറപ്പിച്ചു പറഞ്ഞു . പുതിയ തലമുറയിലെ കുട്ടികൾ മുഖർജിയുടെ തലയിൽ നിന്നും ഒന്നോ രണ്ടോ നട്ട് ഇളകി പോയതേയുള്ളെന്നും കാര്യമാക്കേണ്ടതില്ല എന്നും പറഞ്ഞു തലകീഴായി നിൽക്കുന്ന മുഖർജിയുടെ മുഖം കുനിഞ്ഞു കിടന്നു നോക്കി കൊണ്ടു പിരിഞ്ഞു പോയി . മുഖർജി വൈകുന്നേരം വരെ തല താഴെ കരിങ്കല്ലിൽ കുത്തി ശരീരം മുകളിലേയ്ക്കുന്നി ആ നിൽപ്പു തുടർന്നൂ....
തുടരും.....

Sunday, 2 April 2017

രാജ്യസ്നേഹി ( മിനിക്കഥ )


കിട്ടിയോ ? അവളുടെ കൈകൾ വിറച്ചു ഫോൺ ഇപ്പോൾ താഴേയ്ക്കു ഊർന്നു പോകുമെന്നു തോന്നി .

നീയൊന്നു സമാധാനപ്പെടൂ , ഞാൻ ഒന്നു ശ്രമിച്ചു നോക്കട്ടെ .

അയാൾ ഇടനാഴികളിലൂടെ തീർത്തും ഏകാന്തമായ ആ കോമ്പൗണ്ടിലേയ്ക്കു കയറി .

മെറ്റൽ ഡിക്ടറ്റർ വാതിൽ കടന്നു അകത്തു കടന്നതും മീശയില്ലാത്ത രണ്ടു താടിക്കാർ അയാളെ പിടികൂടി സവിസ്തരം ചോദ്യം ചെയ്തു .

അത്യാവശക്കാരനാണ് കൊടുത്തേയ്ക്കു ! മീശയില്ലാത്ത താടിക്കാർ അകത്തേയ്ക്കു നോക്കി വിളിച്ചു പറഞ്ഞു .

എലീന വാതിലുകളും ജനലുകളും കൊട്ടിയടച്ചു . മണം പുറത്തു പോയാൽ ജീവൻ തന്നെ അപകടത്തിലാകും .
പാതി വെന്തു തുടങ്ങിയ പോത്തിറച്ചി കഷണങ്ങളെ ആർത്തിയോടെ അയാൾ വായിലേയ്ക്കിട്ടു ചവച്ചു .

പാലപ്പവും പാകമായ പോത്തിറച്ചിയും കഴിച്ചു തുടങ്ങിയതും  കവലയിൽ ആ വാഹനം വന്നു നിന്നു . അതിൽ നിന്നും  എല്ലാ വൈകുന്നേരവും   നിർബന്ധമായും ജനങ്ങൾ കേൾക്കേണ്ട ദേശ ഭക്തി  ഗാനം മുഴങ്ങി ,അവർ  ഇരുവരും ഭവ്യതയോടെ എഴുന്നേറ്റു നിന്നു .  പാത്രത്തിലിരുന്നു ആവി പാറുന്ന രാജ്യ സ്നേഹിയായ പോത്ത്  ആ ഗാനം കേട്ട ഭാഗത്തേയ്ക്ക്  "മ്പേ" എന്നലറിക്കൊണ്ടു ഇറങ്ങിയോടി  ...................