Thursday 30 November 2017

100 % ഷോക്ക് പ്രൂഫ്



തരംഗ ദൈർഘ്യം കുറഞ്ഞ
ചാലകങ്ങളാൽ
നിർമ്മിക്കപെട്ടവനാണ് ഞാൻ
 ഒരു പ്രവേഗവും
അതിവേഗമെന്നെ
ഉയർത്തുകയോ
തളർത്തുകയോ
ചെയ്യുന്നില്ല
ധൈര്യമായി
നിങ്ങൾക്കെന്നെ
കടന്നു പിടിക്കാം
100 % ഷോക്ക് പ്രൂഫ്

Wednesday 29 November 2017

അഞ്ചു ഹൈക്കൂ കവിതകൾ




1 ,
കഷ്ട്ടപ്പെട്ടു നേടിയതിനോടുള്ള
കടുത്ത ഇഷ്ട്ടം കൈയ്യിലായ മാത്ര
നഷ്ട്ടപ്പെട്ട ദുഃഖത്തിലാണ് ഞാൻ .

2 ,

ഗഗനമാണെന്റെ വാജ്ഞ
ഗഹനമാണെന്റെ ചിന്ത
ഗതികേടിലാണു ഞാൻ.

3 ,

കുരിശിന്റെ വഴികളിൽ
കൂവാൻ കൊതിച്ചെത്ര
കോഴികൾ കാക്കുന്നു.

4 ,

കൂനിനുള്ളിലെ
കാളകൂടം കൊണ്ടു
കുടുംബം പകുത്തവൾ നീ മന്ഥര .

5 ,

മുന്നിലാകുമ്പോഴും
പിന്നെയും ചെല്ലേണ്ട
വിഷമ വൃത്തത്തിലെൻ ഘടികാരസൂചി. 

Tuesday 28 November 2017

നിങ്ങളെന്നെ കണ്ടുവോ ?



എന്നെയെവിടെയോ
നഷ്ട്ടമായിരിക്കുന്നു
ഞാൻ തിരയുകയാണ്
നിങ്ങളെന്നെ കണ്ടുവോ ?

നന്മ നിറഞ്ഞ നാട്ടു വഴികളിൽ
മരുഭൂമിയുടെ ഊഷരതയിൽ
പാതി വെന്ത സൗഹൃദങ്ങളിൽ
ധ്യാന നിമഗ്നമാർന്ന വിശുദ്ധതയിൽ
അർദ്ധനാരീശ്വരിയുടെ പ്രണയത്തിൽ
ചിതലരിക്കുന്ന ചിന്തകളിൽ
മത്തു പിടിപ്പിക്കുന്ന ലഹരികളിൽ
സർഗാത്മകതയുടെ സ്‌ഫോടനങ്ങളിൽ
ഉത്കണ്ഠയുടെ  വ്യസനപർവ്വങ്ങളിൽ
 ഭൂതത്തിന്റെ നഷ്ടബോധങ്ങളിൽ
വർത്തമാനത്തിന്റെ വ്യഥകളിൽ
ഭാവിയുടെ തുറിച്ചു നോട്ടങ്ങളിൽ

ഞാൻ എന്നെ തിരയുകയാണ്
നിങ്ങളിലാരെങ്കിലും
എവിടെവെച്ചെങ്കിലും
എന്നെ കണ്ടു മുട്ടിയാൽ
ദയവായി അടുത്ത
പോലീസ് സ്റ്റേഷനിൽ അറിയിക്കുക

Monday 27 November 2017

മിഥ്യകളിൽ മിഥ്യ



ആദ്യമായി നിന്നെ കാണുമ്പോൾ ആകാശം ചുവന്നിട്ടായിരുന്നു ഏഴുവർണ്ണങ്ങളും വിരിച്ചൊരു മഴവില്ലവിടുണ്ടായിരുന്നു ആൺ മയിലുകൾ എന്തെന്നില്ലാത്ത ആനന്ദത്തിൽ നൃത്തമാടുന്നുണ്ടായിരുന്നു എല്ലാ ശകുനനപ്പിഴകൾക്കു മുന്നെയും ചില ലക്ഷണമൊത്ത ശകുനം കണ്ണുകളെ കുളിരണിയിക്കുമെന്നതു കളവല്ലെന്ന സത്യം ഞാനിന്നു തിരിച്ചറിയുന്നു സഖേ മിഥ്യ , സകലതും മിഥ്യ മിഥ്യകളിൽ മിഥ്യ