Thursday, 29 September 2016

അന്നമ്മയത് അർഹിച്ചിരുന്നില്ലാഅന്ത്രയോസ് ദുഃഖത്തോടെ താഴേയ്ക്ക് നോക്കി , തിളച്ചു മറിയുന്ന നരകാഗ്‌നിയിൽ കിടന്നു അന്നമ്മ നിലവിളിച്ചു ,അന്തോച്ചായാ രക്ഷിക്കണേ ,അന്തോച്ചായാ രക്ഷിക്കണേ !
നറുനീന്തി പൂവിന്റെ മണമുള്ള തണുത്ത കാറ്റിന്റെ ശീതളിമയിൽ നിന്ന അന്ത്രയോസ് അവളോടുള്ള സ്നേഹത്താൽ ഒരു കാര്യം മനസിൽ ഉറപ്പിച്ചു .ഒന്നുകിൽ ഞാനും അന്നമ്മയും ഒരുമിച്ചു നരകത്തിൽ അല്ലെങ്കിൽ അവളെക്കൂടി ഇങ്ങോട്ടു കൂട്ടണം . പത്രോസിന്റെ കൊട്ടാരം ലക്ഷ്യമാക്കി അയാൾ നടക്കാൻ തുടങ്ങുന്നതിനു മുൻപ് തണുത്തു മരവിക്കാറായ കൈ ചുണ്ടിലമർത്തി രണ്ടു പറക്കുന്ന ചുംബനങ്ങൾ നരകത്തിലേയ്ക്ക് എറിഞ്ഞു കൊടുത്തു . തിളച്ച എണ്ണയിൽ കുളിക്കാൻ കാത്തു നിൽക്കുന്ന അന്നമ്മയാ ചുംബനങ്ങളെ ഇരുകൈയ്യും കൊണ്ടു നെഞ്ചോടു ചേർത്തൂ .
സദാ പ്രസന്ന വദനനും നീതിമാനുമായ അന്ത്രയോസിന്റെ വാടി കരിഞ്ഞ മുഖം കണ്ടു പത്രോസിന്റെ കൊട്ടാര വാതിൽ കാവൽക്കാരനായ ഗബ്രിയേൽ മാലാഖ അത്ഭുതപ്പെട്ടു . പ്രാണ പ്രേയസി നരകത്തിൽ കത്തുന്ന മുൾപ്പടർപ്പുകൾക്കിടയിൽ കിടന്നു നിലവിളിക്കുന്ന കാര്യം ദുഖത്തോടെ അന്ത്രയോസ് മാലാഖയെ അറിയിച്ചു . സ്വർഗ്ഗത്തിന്റെ സമൃദ്ധിയിൽ എല്ലാവരും സന്തോഷിക്കണമെന്നും ആരും ദുഖിക്കരുതെന്നും നിർബന്ധമുണ്ടായിരുന്ന മിഖായേൽ അന്ത്രയോസിനെ പത്രോസിന്റെ സന്നിധിയിലേയ്ക്ക് കൂട്ടി കൊണ്ടു പോയി .
പഞ്ഞിക്കെട്ടു പോലെ താടിയുള്ള പത്രോസ് ,ചെറുപ്പത്തിൽ അമ്മച്ചി പറഞ്ഞു തന്ന കഥയിലെ ആയിരം പൂർണ്ണ ചന്ദ്രന്റെ ശോഭയുള്ളവനെപ്പോലെ മന്ദഹാസത്തോടെയാണ് അന്ത്രയോസിനെ എതിരേറ്റത്. സ്വർഗ്ഗ രാജ്യത്തെ ആദ്യത്തെ പരാതി ആയതിനാലാവണം പത്രോസ് മിഖായേലിനെ അന്ധാളിപ്പോടെ നോക്കി .
എന്റെ ഭാര്യ അന്നമ്മയെക്കൂടി ഇങ്ങോട്ടു കൂട്ടണം പ്രഭോ ?
അന്ത്രയോസ് പത്രോസിനു മുന്നിൽ ആവശ്യം അറിയിച്ചു കൈകൂപ്പി നിന്നു .
അവൾ മരിച്ചോ ?
പത്രോസിന്റെ ചോദ്യം അന്ത്രയോസിനെ അന്ധാളിപ്പിച്ചു .എല്ലാം തീരുമാനിക്കുന്ന കൊട്ടാര ന്യായാധിപന് എന്റെ ഭാര്യ മരിച്ചോ എന്നു പോലും അറിഞ്ഞു കൂടേ എന്ന സംശയം മുഖത്ത് വരുത്തികൊണ്ടയാൾ പറഞ്ഞു .
ഉവ്വ് , മരിച്ചിട്ടിന്നു പതിനാലായി അവൾ നരകത്തിലാണ് , എനിക്കിവിടെ കേൾക്കാം അവളുടെ കരച്ചിൽ, സഹിക്കാൻ വയ്യ പ്രഭോ !
അന്ത്രയോസിനു ഭൂമിയിൽ എന്നാരുന്നു ജോലി ?
പത്രോസിന്റെ ബാസു കൂടിയ ശബ്ദം കർണ്ണ പുടത്തെ തഴുകി കടന്നു പോയി
കഴിഞ്ഞ മുപ്പതു കൊല്ലമായി ഞാൻ ഗൾഫിൽ ആയിരുന്നു പ്രഭോ ?
അവിടെ ഒരു പണിയല്ല ഒരായിരം പണി ചെയ്തിട്ടുണ്ട് !
ഭാര്യാ?
അവൾ നാട്ടിലായിരുന്നു പ്രഭോ ?
പത്രോസ് അർത്ഥഗർഭമായി മിഖായേലിനെ നോക്കി ,നോട്ടത്തിന്റെ അർത്ഥം പിടി കിട്ടിയിട്ടെന്നോണം വടക്കേ മൂലയിലുരുന്ന റിമോട്ട് എടുത്തു പത്രോസിന്റെ കൈകളിൽ ഏൽപ്പിച്ചിട്ടു മിഖായേൽ ദൂരെ മാറി നിന്നു .
കിഴക്കേ മതിലിന്റെ ചായ്‌വിലേയ്ക്ക് പത്രോസ് റിമോട്ട് നീട്ടിയമർത്തി ;
ഒരു ചലച്ചിത്രം പോലെ അന്ത്രയോസിന്റെ ജീവിതം സ്‌ക്രീനിൽ തെളിഞ്ഞു വന്നു .ചുട്ടു പഴുത്ത മരുഭൂമിയിൽ തണ്ടൂരി അടുപ്പിന്റെ ചൂടിൽ വിയർത്തു വിവശനായ അന്ത്രയോസ് . തിളച്ച വെയിലിൽ വാടി തളർന്നിട്ടും വീട്ടിലേയ്ക്കയക്കാനുള്ള കാശിനായി എല്ലു മുറിയുന്ന അനേകം പേരിൽ ഒരാളായി അന്ത്രയോസും .
മറുപുറത്ത് അന്ത്രയോസ് അയക്കുന്ന കാശു കൊണ്ട് നാട് നിരങ്ങി ഷോപ്പ് ചെയ്യുന്ന അന്നമ്മ .
ഒരിടത്ത് നിസ്സഹായനായ അന്ത്രയോസ് , മറുപുറത്ത് എണ്ണപ്പണത്തിന്റെ ഹുങ്കിൽ അഹങ്കരിക്കുന്ന അന്നമ്മ,ചിത്രങ്ങൾ മാറി മറിയുകയാണ്
പ്രദർശനം കഴിഞ്ഞതും പത്രോസ് അന്ത്രയോസിനെ നോക്കി, അന്ത്രയോസ് എല്ലാം മനസിലാക്കിയവനെ പോലെ ഒന്നും മിണ്ടാതെ പത്രോസിന്റെ കൊട്ടാരം വിട്ടിറങ്ങി . ദൈവ തീരുമാനങ്ങൾക്ക് എല്ലാത്തിനും ഒരു കാരണം ഉണ്ടാവും, കൊട്ടാരം വിട്ടിറങ്ങിയതും അന്ത്രയോസ് താഴേയ്ക്ക് നോക്കി. പുഴുക്കൾ കൊത്തി വലിക്കുന്ന കുഴിയിൽ നിന്നും അന്നമ്മ അന്ത്രയോസിനെ നോക്കി നിലവിളിച്ചു .
താൻ അനുഭവിച്ചു തീർത്ത നരകശിക്ഷയേക്കാൾ ചെറിയ ശിക്ഷയാണ്അന്നമ്മയിപ്പോൾ അനുഭവിക്കുന്നതെന്ന ബോധ്യം വന്നപ്പോൾ അന്ത്രയോസ് അടുത്തു കണ്ട പാൽ പുഴയിലേയ്ക്ക് എടുത്തു ചാടി, അതിലൂടെ ഊളിയിട്ടു അപ്സരസുകൾ മാത്രമുള്ള കടവിലേയ്ക്ക് നീന്തീ കയറി ................

Wednesday, 21 September 2016

അക്വാറീജിയ


മുനിയപ്പനും ഭാര്യ രേവമ്മയും രാവിലെയാകുമ്പോൾ മുഷിഞ്ഞ വസ്ത്രങ്ങളുമണിഞ്ഞു ആ കടയുടെ വാതിൽക്കലെ മണ്ണ് വാരി സിമെന്റ് വാർക്കുന്ന ചട്ടിയിലിട്ട് അരിച്ചെടുക്കും .പ്രശസ്ത സ്വർണ്ണവ്യപാര ശാലയുടെ മുറ്റത്തെ മണ്ണിൽ അകത്തെ പണിക്കാർ ഉപേക്ഷിക്കുന്ന പൊട്ടും പൊടിയും തിരയുകയായിരുന്നു അവരുടെ ഉദ്യമത്തിന്റെ ലക്ഷ്യം .
മുറുക്കി ചുവന്ന ചുണ്ടുകൾ തുടച്ചു തുടച്ചു രേവമ്മയുടെ സാരിത്തലപ്പിന് ചുവപ്പു കളറു വന്നു പിഞ്ചിയിട്ടും അവർ ആ സാരി ഒരു യൂണിഫോം പോലെ അലക്കി ഉപയോഗിച്ചിരുന്നു . മുനിയപ്പനും ഭാര്യയും നാടോടികളായിരുന്നിരിക്കണം ഞങ്ങളുടെ നഗരത്തിൽ അവർ പുതിയതായിരുന്നു . പച്ച മണ്ണിൽ നിന്നും സ്വർണ്ണം അരിക്കുന്ന വിദ്യയും അങ്ങനെ ചെയ്‌താൽ സ്വർണ്ണം കിട്ടുമെന്ന അറിവും ഞങ്ങളുടെ നാട്ടുകാർക്ക് പുതുമയുള്ളതായിരുന്നു . നഗര തിരക്കൊഴിഞ്ഞ നേരങ്ങളിൽ അവർ ചെയ്യുന്ന വിദ്യ കണ്ടു പഠിക്കാൻ അവർക്ക്‌ ചുറ്റും കൗതുകത്തോടെ കൂടി നിൽക്കുന്ന പലരിൽ ഒരുവനായിരുന്നു ഈയുള്ളവനും . ഒരിക്കൽ പോലും ഒരു പണമിട സ്വർണ്ണം അവർക്കാ മണ്ണിൽ നിന്നും കണ്ടെടുക്കാൻ കഴിഞ്ഞതായി എനിക്ക് തോന്നിയിട്ടില്ല .
തോട്ടിറമ്പിൽ കെട്ടിയുണ്ടാക്കിയ തുണി കൂടാരങ്ങളിൽ പാർത്തു മുനിയപ്പനും രേവമ്മയും തങ്ങളുടെ തൊഴിൽ ചെയ്തു ജീവിച്ചു . മുനിയപ്പനും രേവമ്മയും മദ്യപിക്കും പക്ഷെ അവർക്കിടയിൽ ഒരു പരസ്പര ധാരണയുണ്ടായിരുന്നു .മുനിയപ്പൻ ഫിറ്റാകുന്ന ദിവസം രേവമ്മ കുറേശ്ശേയെ മദ്യപിക്കു തിരിച്ചും രേവമ്മ ഫിറ്റാകുന്ന ദിവസങ്ങളിൽ മുനിയപ്പൻ മര്യാദ രാമൻ ആകും . നഗരത്തെ അവർക്കു പേടിയാണ് നഗര ജീവികളെയും , ആരോടും അവർക്കു സൗഹൃദ മുണ്ടായിരുന്നില്ല എന്നാൽ കുറഞ്ഞ കാലം കൊണ്ട് തന്നെ നഗര വാസികളുടെ മുഴുവൻ പരിചയക്കാരായി മുനിയപ്പനും രേവമ്മയും .
കൊച്ചുമോളുടെ സ്വർണ്ണ പാദസരം മോഷണം പോയെന്നു കരുതിയാണ് അന്തോണീസ് പുണ്യാളന് നൂറ്റൊന്നു ബണ്ണൂ നേർച്ച നേർന്നത് .ആരെങ്കിലും മോഷ്ടിച്ചതാണെങ്കിൽ പതിനാലാം പക്കം തൊണ്ടി മുതൽ അടക്കം കാലിൽ വന്നു സാഷ്ടാംഗം വീഴും അതാണ് പുണ്യാളൻ. കട്ട മൊതൽ പുണ്യാളൻ കട്ടവനെ കൊണ്ട് തിന്നാൻ സമ്മതിക്കൂല്ല അതാണ് മുൻകാല അനുഭവം. പതിനാലു കഴിഞ്ഞിട്ടും പാദസരം കാണാതായപ്പോൾ മീൻകാരി വിജയമ്മയാണ് മുനിയപ്പനെയും രേവമ്മയെയും പറ്റി അമ്മച്ചിയോടു പറയുന്നത് .അവരുടെ കൈയ്യിൽ സ്വർണത്തിന്റെ സാമീപ്യം അറിയുന്ന ഏതോ ഒരു തരം മന്ത്ര കല്ലുണ്ടത്രേ അതു വെച്ച് നോക്കിയാൽ സ്വർണ്ണം എവിടാണെന്നു കണ്ടെത്താമാത്രേ .
തോട്ടിറമ്പിൽ താമസിക്കുന്ന അശ്രീകരം പിടിച്ച മദ്യപിക്കുന്ന പെണ്ണിനെ വലിയമ്മ കത്രിതള്ളയ്ക്ക് അരിശമായിരുന്നു . ഞങ്ങൾ ക്രിസ്ത്യാനികൾ കൂടോത്രത്തിലും മന്ത്രവാദത്തിലും വിശ്വാസമില്ലാത്തവരായതിനാൽ മുനിയപ്പനെയും രേവമ്മയെയും വീടിന്റെ ഏഴയലക്കത്തു അടുപ്പിക്കാൻ കത്രി തള്ള സമ്മതിച്ചില്ല . അമ്മച്ചിയുടെ തലയണമന്ത്രം കേട്ടിട്ടാണോ എന്തോ അച്ചായൻ കട്ടായം പറഞ്ഞു .പൊന്നു പോയത് എന്റെ കൊച്ചു മോളുടെ ആണേൽ മുനിയപ്പനെ ഞാൻ കൊണ്ട് വരും . അച്ചായൻ ഉറച്ചൊരു വാക്കു പറഞ്ഞാൽ പിന്നെ കത്രി തള്ള മിണ്ടൂല്ല . ദൂരെ നിന്നു മാത്രം അത്ഭുത വസ്തുവിനെപ്പോലെ കണ്ടിരുന്ന മുനിയപ്പനും രേവമ്മയും വീട്ടുപടിക്കൽ എത്താൻ പോകുന്നുവെന്ന വാർത്ത ഞങ്ങൾ കുട്ടികളെ ഏഴാം സ്വർഗത്തിലേക്ക് കൂട്ടി കൊണ്ട് പോയി . ഏഴാം ക്ലാസിൽ പഠിക്കുന്ന ലൈസാമ്മ പറഞ്ഞു മുനിയപ്പനും രേവമ്മയും കാണിക്കുന്നത് മന്ത്രമല്ല വെറും ശാസ്ത്രമാണ് ,ഇതിനു പറയുന്ന പേരാണ് അക്വാറീജിയ .ഞങ്ങൾ വായും പൊളിച്ചു കേട്ടിരുന്നതല്ലാതെ അക്വാറീജിയ എന്താണെന്നോ അതെങ്ങനെയാണെന്നോ ഞങ്ങൾക്കറിയില്ലായിരുന്നു .
മുനിയപ്പനും രേവമ്മയും വീട്ടു മുറ്റത്തു വന്നു ,കത്രി തള്ള പുറത്തിറങ്ങിയില്ല അവർ ലൈസാമ്മ പറഞ്ഞ അക്വാറീജിയ തുടങ്ങുന്നതും കാത്ത് ഞങ്ങൾ അക്ഷമരായിരുന്നു . മുനിയപ്പൻ പിഞ്ചി കീറായായ ഭാണ്ഡക്കെട്ടിൽ നിന്നും തൂക്കു കട്ട പോലൊരു സാധനം എടുത്തു അഗ്ര ഭാഗം ഭൂമിയെ നോക്കുന്ന വിധത്തിൽ കൈത്തണ്ടയിൽ കെട്ടിയിട്ടു മൂന്നു നാല് തവണ വീട്ടിലും പറമ്പിലും ഒക്കെ എന്തൊക്കയോ ചൊല്ലി കൊണ്ട് ഓടി നടന്നു . രേവമ്മ അപ്പച്ചൻ നേരത്തെ വാങ്ങി വെച്ചിരുന്ന പൂവൻ കോഴിയുടെ തല അറുത്തു ചോര ഒരു ചുവന്ന തളികയിലേയ്ക്ക് പകർത്തി ഒരു റൗണ്ട് വീട് വലം വെച്ച് വന്ന മുനിയപ്പൻ ചൂടു കോഴിച്ചോരയിൽ തൂക്കു കട്ടയുടെ പകുതിയോളം താഴ്ത്തി ഒരു റൗണ്ട് കൂടി വീടിനെ വലം വെച്ചു കുളക്കരയിലെ കുട്ടിക്കാടിനടുത്തെത്തിയതും സ്വിച്ച് ഇട്ട പോലെ നിന്നു .
പഴുക്കാറായ കൈതച്ചക്കയുടെ ചുവട്ടിൽ കൊച്ചു മോളുടെ പാദസരം കിടന്നു തിളങ്ങുന്നു . എല്ലാവരും ശ്വാസമടക്കിപ്പിടിച്ചു നിന്നാ കാഴ്ച കണ്ടു .മുനിയപ്പൻ അഭിമാനത്തോടെ അച്ചായനെ നോക്കി , അക്വാറീജിയ കഴിഞ്ഞിരിക്കുന്നു ഞങ്ങൾ കുട്ടികൾക്ക് മുനിയപ്പനും ഭാര്യ രേവമ്മയും ഒരു മന്ത്രവാദിആണെന്ന് തോന്നി കതകടച്ചിരുന്നു പള്ളൂ പറഞ്ഞ കത്രി തള്ള അത്ഭുതം കണ്ടവളെപ്പോലെ മുറി തുറന്നു പുറത്തു വന്നു.
അമ്മച്ചി രേവമ്മയെ അടുക്കളയിലേയ്ക്ക് കൂട്ടി മുന്നാഴി അരി അവളുടെ സാരിത്തലപ്പിലേയ്ക്ക് ഇട്ടു കൊടുത്തു . മുനിയപ്പനും രേവമ്മയ്ക്കും വയറു നിറയെ കുടിക്കാൻ ചന്ദ്രന്റെ പട്ട ഷാപ്പിൽ ഏർപ്പാടാക്കിയ ശേഷം നന്ദി പറഞ്ഞു അവരെ യാത്രയയക്കാൻ ഒരുങ്ങുമ്പോൾ രേവമ്മ തിരിഞ്ഞു നിന്നു ചോദിച്ചു .
അന്ത കോളിയെക്കൂടി?? തലയറുത്തു മാറ്റിയ കോഴിയുടെ കാലിൽ തൂക്കി മുനിയപ്പൻ പടിയിറങ്ങുന്നത് ഞങ്ങൾ ആവേശത്തോടെ കണ്ടു നിന്നു .
നഗരത്തിൽ എത്തുമ്പോൾ മുനിയപ്പൻ ഞങ്ങളെ നോക്കി ചിരിക്കും ,വെറുമൊരു നാടോടിയായ ദമ്പതികൾ എന്നതിലുപരി ഞങ്ങൾക്കയാൾ ഒരു നിമിഷം കൊണ്ട് എന്തും കണ്ടു പിടിക്കാൻ കഴിയുന്ന മഹാ മന്ത്രവാദിയായിരുന്നു . നഗര തിരക്കുകൾക്കുള്ളിൽ അലിഞ്ഞു അലിഞ്ഞു ആ രണ്ടു ജീവനുകൾ ഞങ്ങളുടെ നാട്ടുകാരായി എന്നു തോന്നിയപ്പോൾ ഒരു ദിവസം അവരെ പെട്ടന്ന് കാണാതായി . ആരോടും ബന്ധമോ പ്രത്യേകിച്ച് അടുപ്പമോ ഇല്ലാത്തതിനാൽ ആർക്കും അവരുടെ തിരോധാനം വാർത്തയല്ലായിരുന്നു. എന്നാൽ ഒരാൾ അവരെപ്പറ്റി രഹസ്യമായി അന്വേഷിച്ചു ആരായിരിക്കും അയാൾ ???
നഗരത്തിലെ ജൂവലറി ഉടമ പാപ്പൻ ചെട്ടിയാർ !
                      കാരണം ??
അതിബുദ്ധിമാനായ ചെട്ടിയാർ കള്ളന്മാരെയും വിൽപ്പന നികുതി ഉദ്യോഗസ്ഥരെയും പറ്റിക്കാൻ ജൂവലറിക്ക് മുന്നിലെ ഇരുമ്പു ചങ്ങലയ്ക്കുള്ളിൽ ഉരുക്കി നിറച്ചിരുന്ന പത്തു കിലോ തനി തങ്കവുമായാണ് മുനിയപ്പനും രേവമ്മയും അപ്രത്യക്ഷരായിരിക്കുന്നത് . കണക്കിൽ പെടാത്ത സ്വർണ്ണത്തിന്റെ രഹസ്യം ചെട്ടിയാർക്കു മാത്രമേ അറിവുണ്ടായിരുന്നുള്ളു എന്നിട്ടും ? മുനിയപ്പനും രേവമ്മയും എവിടെയായിരിക്കും ഇപ്പോൾ ? ഏതെങ്കിലും ഒരജ്ഞാത നാട്ടിൽ അക്വാറീജയുമായി കണക്കിൽ പെടാത്ത പൊന്നു തേടി അലയുകയാകും ,തീവ്രമായ ആഗ്രഹങ്ങളുടെ ഭാണ്ഡവും പേറി ഒരാൽക്കമെസ്റ്റിനെപ്പോലെ ..............

Monday, 19 September 2016

പ്രലോഭനങ്ങളുടെ പകൽ


അന്നൊരു പുതിയ ഞായറായിരുന്നു ,ഉയിർപ്പു കഴിഞ്ഞു വരുന്ന ആദ്യത്തെ ഞായർ .നീണ്ട അമ്പതു നാളത്തെ പ്രായശ്ചിത്തത്തിനു ശേഷം പാപം ചെയ്യാൻ വെമ്പി നിൽക്കുന്ന ഹൃദയവും മനസുമുള്ള ഉന്മാദിനിയായ ഞായർ. മലയാറ്റൂർ പള്ളിയിൽ പെരുന്നാള് ഈ ഞായറാഴ്ചയാണ് കഴിഞ്ഞ പതിനഞ്ചു കൊല്ലമായി ശ്രീമതിയും മക്കളും മുടങ്ങാതെ കൂടുന്നൊരു പെരുന്നാളാണത് . പാപസാഹാചര്യങ്ങൾ ഒരുങ്ങുകയായി, പാപഹേതുവായ വിഷ ദ്രാവകവുമായി പറമ്പിലെ പണിക്കാരൻ കുഞ്ഞച്ചൻ ഇപ്പോൾ വരും . അടുപ്പത്തു കിടന്ന നാടൻ കോഴി എണ്ണയിൽ മുങ്ങി മരിക്കുന്ന നേരം പോലും ഒന്നുറക്കെ കൂവിയ ശേഷം തിരിഞ്ഞു കിടന്നു.
ചൂട് അസഹനീയമായ ചൂട് ,ഓരോ കൊല്ലം തോറും ചൂട് കൂടി കൂടി ഈ ഭൂമിയൊരു അഗ്നിപർവതമായി പൊട്ടിത്തെറിച്ചേക്കുമെന്നയാൾക്ക് തോന്നി . അഞ്ചിൽ കറങ്ങുന്ന ഫാനിന്റെ കാറ്റിനു കീഴെ നിന്നിട്ടും പുകയുന്ന നെരിപ്പോട് പോലെ അയാൾ അസ്വസ്ഥനായി . വരൂ വന്നു വാതിൽ തുറക്കൂ കുഞ്ഞച്ചൻ ഇതാ വന്നു കഴിഞ്ഞു എന്ന വിളി കേട്ടതും അയാൾ ഓടി പോയി വാതിൽ തുറന്നു . പച്ച കുപ്പിയിൽ നിറച്ച ശ്രീമതി പറയാറുള്ള ചെകുത്താന്റെ മൂത്രം ഒന്നു തിരിച്ചും മറിച്ചും നോക്കി . ഇത് കുടിക്കാതിരുന്നാൽ ഞാൻ മാലാഖയും കുടിച്ചു കഴിയുമ്പോൾ ചെകുത്താനുമാണെന്നാണ് വീട്ടുകാരിയുടെ അഭിപ്രായം അതുകൊണ്ടവൾ ഇതിനിട്ട പേരാണ് ചെകുത്താന്റെ മൂത്രം .
കോട്ടറിനുള്ള പൈസ കൂലി വാങ്ങിയിട്ടും കുഞ്ഞച്ചൻ നിന്ന് തല ചൊറിഞ്ഞു .ഒരു പതിവ് അവനുള്ളത്‌ കിട്ടാനാണ് ആ തല ചൊറിച്ചിൽ. തനിക്കിതു കർണ്ണന്റെ വംശാവലിയിൽ നിന്നും പകർന്നു കിട്ടിയ മഹാദാനമല്ല പിന്നെയോ കൊണ്ട് വന്നിരിക്കുന്ന സാധനം ചാത്തനോ കള്ളവാറ്റോ അല്ലെന്നു ഉറപ്പു വരുത്താനുള്ള ടെക്നിക്കാണ് കുഞ്ഞച്ചന് കൊടുക്കുന്ന ആദ്യ പെഗ് . ഒഴിച്ച് കൊടുത്ത അറുപതു വെള്ളമൊഴിച്ചു അലമ്പാക്കാൻ നിൽക്കാതെ കുഞ്ഞച്ചൻ വലിച്ചു കേറ്റിമുഖം തുടച്ചു . കുഞ്ഞച്ചന് ഡെയിലി ഒരു കോട്ടാർ പഥ്യമാണ് , അതില്ലാതെ ഉറങ്ങാൻ പറ്റില്ലെന്നാ അയാൾ പറയുന്നത് പകലന്തിയോളം പറമ്പത്തെ പണി കഴിഞ്ഞു ഒരു ആശ്വാസം ഇതൊരെണ്ണം ചെല്ലുമ്പോഴാണ് . പതിവ് കിട്ടിയ സന്തോഷത്തിൽ ചുണ്ടും തുടച്ചു കുഞ്ഞച്ചൻ പുറത്തേയ്ക്കു പോയി.
ഫ്രൈ പാനിൽ കിടന്ന പൂവൻ കോഴി മസാലയിൽ മൊരിയുന്ന മണം ഉള്ളിലേയ്ക്ക് വലിച്ചു കൊണ്ടവനെ പാത്രത്തിലേക്കു തള്ളിയിട്ടു . ഞായറാഴ്ചകളിൽ മാത്രമാണ് മദ്യപാനം അനുവദനീയമായിരിക്കുന്നത് അതും രാത്രി ഏഴു മണിക്ക് ശേഷം ഇന്നിപ്പോൾ വീണു കിട്ടിയ സ്വാതന്ത്രമാണ് ആറുമാദിക്കുക തന്നെ. ആദ്യത്തെ അറ്റാക്ക് വരും മുൻപ് നാലോ അഞ്ചോ പെഗ് അനുവദനീയമാക്കപ്പെട്ടിരുന്നിടത്ത് ഇപ്പോൾ മൂന്നാമത്തെ പെഗ് ബാലി കേറാ മലയാണ് . അല്ലെങ്കിൽ തന്നെ ഞാനും അതിനായി അത്ര കണ്ടു ബലം പിടിക്കാറില്ല കാരണം രണ്ടു പെഗ് അകത്തു ചെന്നു കഴിഞ്ഞാൽ പിന്നെ , പിന്നെ അല്ലെങ്കിൽ ഞാനായിട്ട് അത് പറയേണ്ട വീട്ടുകാരി നിങ്ങളോടു അതിനെപ്പറ്റി പറഞ്ഞു കൊള്ളും .
മൂന്നാമത്തെ തവണ അടിച്ച കാളിങ് ബെല്ലിലാണയാൾ എഴുന്നേറ്റു ചെന്നു വാതിൽ തുറന്നത് , സാധാരണ ഞായറാഴ്ചകൾ ശാന്തമാണ്, അതിഥികളും കച്ചവടക്കാരും എത്തി നോക്കാത്ത ശാന്തത . വാതിൽ തുറന്നപ്പോൾ മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും ഉള്ളൊന്നു കാളി മീൻകാരി വിലാസിനി . പണ്ടു തലച്ചുമടുമായി മീൻ വിൽക്കാൻ വന്നിരുന്ന കടലൊണക്കി വറീതിന്റെ ഭാര്യ. വർഷങ്ങളായി അയാളാണ് ഞങ്ങൾക്ക് മീൻ തന്നിരുന്നത് കഴിഞ്ഞ ആറു മാസമായി പക്ഷാഖാതം വന്നു തളർന്നു പോയ അയാൾക്ക് പകരം വിലാസിനിയാണ് കച്ചവടം നടത്തുന്നത് .പറക്കമറ്റാത്ത രണ്ടു കുഞ്ഞുങ്ങളെയും ഭർത്താവിനെയും സംരക്ഷിക്കേണ്ട ചുമതല ഒന്ന് കൊണ്ട് മാത്രമാണ് വിലാസിനി മീൻ ചെരുവം തലയിൽ എന്തേണ്ടി വന്നത് .
സാറെ ചേച്ചിയില്ലേ ? ചേച്ചി ഒണക്ക ചെമ്മീൻ വേണമെന്ന് പറഞ്ഞാരുന്നു നാളെ ഞങ്ങൾക്കൊരു കല്യാണമുണ്ട് വരാൻ ഒക്കൂല്ല അത് കൊണ്ടാണിത് ഇന്നേ കൊണ്ട് വന്നത് സാർ ഇതങ്ങു അകത്തു വെച്ചേക്കൂ .നാളെ ഞാൻ ചേച്ചിയോട് വന്നിട്ട് കാശ് വാങ്ങി പൊയ്ക്കോളാം !
എന്റെ മുഖ ഭാവം കണ്ടു പേടിച്ചിട്ടെന്നോണം ഒറ്റശ്വാസത്തിലാണ് വിലാസിനി അത് പറഞ്ഞു പൂർത്തിയാക്കിയത് .
വേണ്ട എത്രയാ ഞാൻ തന്നെ തന്നേക്കാം !
ഒരു കിലോയുണ്ട് സാറേ പുറത്തു 250 നാണു കൊടുക്കുന്നെ ഇവിടത്തെ ചേച്ചിടെ കയ്യിൽ നിന്നും കൂടുതൽ വാങ്ങാൻ പറ്റൂല സാറെ സാർ 220 തന്നാൽ മതി .
വിലാസിനി സുന്ദരിയാണ് ,ഒന്നോർത്താൽ എന്റെ വീട്ടുകാരിയെക്കാൾ സുന്ദരിയും ചെറുപ്പവും .ചെകുത്താന്റെ മൂത്രം പ്രവർത്തിച്ചു തുടങ്ങി ഉള്ളിലുള്ള അലമാര തുറക്കുവോളം അയാൾ ഉള്ളിലിരുന്നു പ്രലോഭിപ്പിക്കുകയാണ് വിലാസിനിയുടെ മീൻമണമുള്ള ഉടലിനു വേണ്ടി .എന്തോ ഉറപ്പിച്ചവനെപ്പോലെ അലമാര തുറന്നു ക്യാഷ് എടുത്തതിനു ശേഷം ഒരു അറുപതു കൂടി ഗ്ളാസ്സിൽ പകർത്തി മുന്നോട്ടുള്ള യാത്രയ്ക്ക് ധൈര്യം പകർന്നു .
അഞ്ചു ദശകം കൊണ്ടു താനുണ്ടാക്കിയെടുത്ത സൽപ്പേരാണ് വിലാസിനി എതിർത്താൽ കടപുഴകാൻ പോകുന്നത്. സ്ത്രീ പീഡകന്റെ മകളെന്ന ചാപ്പ കുത്തി പൊന്നു മോൾ എടുക്ക ചരക്കാകുന്നത് ഓർക്കാൻ കൂടി വയ്യ .വികാരം വിവേകത്തിനു കീഴ്‌പ്പെട്ടു കൂടാ ഉള്ളിലുള്ള വീര്യത്തിനും മുകളിൽ സദാചാര ബോധ്യമുള്ള പുത്തൻ പറമ്പിൽ ജോസപ്പാണ് ഞാൻ .കാശെണ്ണി ബ്ലൗസിനും ബ്രായ്ക്കും ഇടയിലേയ്ക്ക് തിരുകുമ്പോൾ തുളുമ്പിയ വിലാസിനിയുടെ മാറിടങ്ങൾ അയാളെ പ്രകോപിതനാക്കിയില്ല. കഴിഞ്ഞ പതിനഞ്ചു മിനിറ്റ് ഹൃദയം സഞ്ചരിച്ച വഴികളിലൂടെ അയാൾ തിരിഞ്ഞു നടന്നു . ഭാരത യുദ്ധം ജയിച്ച അർജുനന്റെ സന്തോഷം പോലൊരു സന്തോഷക്കടൽ അയാളുടെ ഹൃദയത്തിലേയ്ക്ക് അടിച്ചു കയറി . അതിനൊരു ലഹരിയുണ്ടായിരുന്നു പാതി തീർത്ത ചെകുത്താന്റെ മൂത്രം നൽകിയ ലഹരിയല്ല പിന്നെയോ പ്രലോഭനങ്ങളെ അരിഞ്ഞു വീഴ്ത്താൻ കഴിയുന്ന മൂല്യങ്ങൾ ഭരിക്കുന്നവന്റെ ലഹരി .

Friday, 16 September 2016

നാൻസി കൊറോക്കിയനും പറങ്കിയായിരുന്നു .


ഉപേക്ഷിച്ച നിലയിലായിരുന്നു ആ പോർട്ട ക്യാബിൻ ,അതിനൊരു കാരണമുണ്ടായിരുന്നു വിഷാദ രോഗിയായ പോർച്ചു ഗീസുകാരൻ ബെൽമിറോ ഫ്രാൻസിസ് അതിൽ കിടന്നാണ് കൈ ഞരമ്പുകൾ മുറിച്ചു ആത്മഹത്യ ചെയ്യുന്നത് .അതിനു ശേഷം ആ പോർട്ട ക്യാബിനിൽ കയറാൻ തന്നെ ആരും മടിച്ചിരുന്ന സമയത്ത് സ്ഥലം കാലിയാക്കുന്നതിനു വേണ്ടിയാണ് മിട്ടായി കമ്പനിയുടെ ജി എം നാൻസി കൊറോക്കിയൻ എന്നെ ബന്ധപ്പെടുന്നത് .
പുതിയ പ്രൊജക്റ്റ് വരുന്നതും തൊഴിലാളികളെ പാർപ്പിക്കാൻ ഒരു സ്ഥലം നോക്കി നടക്കുന്നതിലുള്ള ബുദ്ധിമുട്ടും പരിഗണിച്ചപ്പോൾ നാൻസി കൊറോക്കിയന്റെ ഓഫർ എനിക്ക് മരുഭൂമിയിൽ കിട്ടിയ മഴ പോലെ കടുത്ത ആശ്വാസമായിരുന്നു. പുതിയ ക്യാബിൻ പെട്ട വിലയിൽ വിൽക്കുന്നതിൽ എനിക്ക് യാതൊരു സംശയമോ ആശങ്കയോ ഉണ്ടായില്ല കാരണം നാൻസി മാഡം ഭയങ്കര ദേഷ്യക്കാരിയാണ് .കണ്ണിൽ ഇഷ്ടപ്പെടാത്തത് മാറ്റി സ്ഥാപിക്കുന്നതിലോ എറിഞ്ഞു കളയുന്നതിലോ അവർ മുൻപും ഒരു വൈക്ളബ്യവും കാണിച്ചിട്ടില്ലാ എന്നത് തന്നെ .
സത്യനാരായണൻ വിശ്വാസിയാണ് ,ആഴ്ചയിൽ മൂന്നു ദിവസം വ്രതമെടുത്ത് പൂജ ചെയ്യുന്ന കടുത്ത വിശ്വാസി . ശമ്പളം കൊടുക്കുന്നത് അമാവാസിയിലാണെങ്കിൽ നാളെ നല്ല നേരം നോക്കി വന്നു വാങ്ങിച്ചോളാം സാറേ എന്നു പറഞ്ഞു കടന്നു പോകുന്ന കടുത്ത അന്ധ വിശ്വാസി .സൈറ്റിൽ സ്ഥാപിക്കപ്പെട്ട പോർട്ട ക്യാബിനിലെ ആദ്യത്തെ അന്തേവാസി സത്യനാരായണൻ ആയിരുന്നു . ഗായത്രി മന്ത്രം മുഴങ്ങുന്ന പോർട്ട ക്യാബിൻ അയാൾ തന്റെ പൂജാ മന്ദിരം പോലെ വൃത്തിയുള്ളതും മനോഹരവുമായ സൂക്ഷിച്ചു പോന്നു .
തിങ്കളാഴ്ച വൃതം കഴിഞ്ഞു പൂജാഫലങ്ങൾ മാത്രം ഭക്ഷിക്കുന്ന പതിവുണ്ടായിരുന്ന സത്യാ നാരായണൻ വിളക്ക് കൊളുത്തി തിരികെ വന്നപ്പോൾ ഫലങ്ങൾ അർപ്പിച്ചിരുന്ന തളിക ശൂന്യമായി ഇരിക്കുന്നത് കണ്ടു അത്ഭുതപ്പെട്ടു .ഭഗവൽ പ്രസാദമായി അർപ്പിച്ച ഫലങ്ങൾ ഭഗവാൻ തന്നെയാവും ഭക്ഷിക്കുന്നതെന്നയാൾ ഉറച്ചു വിശ്വസിച്ചു . തന്റെ ഭക്തി അതിന്റെ പാരമ്യത്തിൽ എത്തിയ ഒരു ദിവസം ഭഗവാൻ അയാൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു .
നീല നിറമുള്ള കാർകൂന്തലുള്ള ഭഗവാനെ പ്രതീക്ഷിച്ചിരുന്ന സത്യനാരായണനു മുന്നിൽ വെളുത്ത മുടിയുള്ള ചെമ്പൻ താടിയുള്ള പുതിയ ദൈവമാണ് പ്രത്യക്ഷപ്പെട്ടത്. താൻ ഇത് വരെ പൂജിച്ച ആരുടെയും രൂപം തന്റെ പുതിയ ദൈവത്തിനില്ലെന്ന് അറിഞ്ഞിട്ടും സത്യനാരായണൻ ദൈവത്തിനു മുൻപിൽ തന്റെ സങ്കടങ്ങളുടെ നീണ്ട പട്ടിക അഴിച്ചു വെച്ചു . പൂജയുള്ള രാത്രികളിൽ എല്ലാം പുതിയ പോർട്ടുഗീസ് ദൈവം ചെമ്പൻ താടിയും വെളുത്ത മുടിയുമായി സത്യ നാരായണൻ എന്ന അക്ഷരാഭ്യാസമില്ലാത്ത സീമാന്ധ്രാക്കാരന്റെ ചങ്ങാതിയായി .
വെളുത്ത ആകാശമുള്ള രാവിലൊരുനാൾ ബെൽമിറോ ഫ്രാൻസീസ് എന്ന പോർട്ടു ഗീസുകാന്റെ ഇന്ത്യൻ പരകായ രൂപം നാൻസി കോറോക്കിയാന്റെ ഓഫീസ് സമുച്ചയം തേടിയെത്തി . തൊലി കറുത്ത രൂപത്തിനുള്ളിലിരുന്നു മനോഹരമായി പോർട്ടു ഗീസ് ഭാഷ സംസാരിക്കുന്നവനെ കണ്ടതും അവന്റെ ഭാഷ മനസിലാക്കി ഭയന്നിട്ടെന്നോണം മാഡം നാൻസി കോരോക്കിയാൻ അടിയന്തിരമായി എന്നെ ഓഫീസിലേയ്ക്ക് വിളിപ്പിച്ചു .
സത്യ നാരായണൻ എനിക്ക് മനസിലാകാത്ത എന്തോ ഭാഷയിൽ അപ്പോഴും അവരോടു കയർത്തു സംസാരിച്ചു കൊണ്ടിരുന്നു . എനിക്ക് കച്ചവടം ചെയ്ത വിലയിലും ഇരട്ടി തന്നു അവരാ പോർട്ട ക്യാബിൻ തിരികെ വാങ്ങി. ഭക്തി ഒരു നാൾ ഭ്രാന്താകുമെന്ന തിരിച്ചറിവുണ്ടായിരുന്ന ഞാൻ നൂറു ക്ഷമാ പണങ്ങളുമായി സത്യ നാരായണനുമായി നാൻസി കൊറോക്കിയന്റെ മിട്ടായി കമ്പനിയുടെ ഏഴാം നിലയിലുള്ള ഓഫീസ് വിട്ടിറങ്ങി .തിരികെ സൈറ്റിൽ എത്തുമ്പോൾ വലിയ രണ്ടു ജെ സി ബി കൾ ആ പോർട്ട ക്യാബിൻ നാൻസി മാഡത്തിന്റെ നിർദ്ദേശ പ്രകാരം കഷണം കഷണമായി നുറുക്കി കൊണ്ടിരിക്കുകയായിരുന്നു .
ബെൽമിറോ ഫ്രാൻസിസ് എന്ന പോർട്ടു ഗീസുകാരൻ ഒരു നിഴലു പോലെ പിന്തുടർന്ന സത്യ നാരായണൻ പിന്നീടൊരിക്കലും മാനസിക ആരോഗ്യത്തിലേയ്ക്ക് തിരികെ വന്നില്ല . അന്യ നാട്ടിൽ നിന്നും കുടിയേറിയ പറങ്കി പ്രേതവുമായി നാട്ടിലെത്തിയ സത്യനാരായണനെ ജീവിതത്തിലേയ്ക്ക് കൊണ്ടു വരാൻ കൊടി കെട്ടിയ മന്ത്രവാദികൾ ഹോമകുണ്ഡമൊരുക്കുമ്പോഴും നാൻസി കോരോക്കിയനും ബെൽമിറോ ഫ്രാൻസിസുമായുള്ള ബന്ധം അജ്ഞാതമായി തുടർന്നു .എന്തിനായിരിക്കാം നാൻസി മാഡം ഇരട്ടി വിലതന്നു വീണ്ടും വാങ്ങിയ പോർട്ട ക്യാബിൻ ജെ സി ബി ഉപയോഗിച്ച് ഒടിച്ചു കഷണങ്ങളാക്കിയത് ????

Saturday, 10 September 2016

ഏഴാം സ്വർഗ്ഗം തേടുന്നവർ

ഗ്രിഗറി ഹാലിം കീവിൽ നിന്നും എത്തിയതു മുതൽ അസ്വസ്ഥനായിരുന്നു . മിഖായേൽ ബൾക്കോവിന്റെ മാസ്റ്ററും മാർഗ്ഗരീത്തായും മുഴുവിപ്പിക്കാതെ അയാൾ കട്ടിലിലേയ്ക്ക് ചാഞ്ഞു കിടന്നു . ഈത്തപ്പഴം പഴുപ്പിക്കുന്ന വരണ്ട കാറ്റ് തുറന്നിട്ട ജനലിലൂടെ അകത്തെ ശീതികരണിയുടെ തണുപ്പിനെ കീഴടക്കുമെന്ന് തോന്നിയപ്പോൾ  ഗ്രിഗറി എഴുന്നേറ്റു ചെന്നു ജനാലകൾ കൊട്ടിയടച്ചു .
കീവിൽ നിന്നും വാങ്ങിയ നേമിറോഫിൽ ഒരെണ്ണം തൊണ്ട തൊടാതെ വിഴുങ്ങിയയാൾ വീണ്ടും കട്ടിലിലേയ്ക്ക് ചാഞ്ഞു . ബീതോവന്റെ ഏഴാം സിംഫണിയുമായി ഐ ഫോൺ ശോക രാഗത്തിൽ പാടി.
മസൗദ്‌ നീയെവിടെ ആയിരുന്നു ഞാൻ നിനക്ക് വേണ്ടി എത്ര കാത്തിരുന്നെന്നോ ?
മറുതലയ്ക്കൽ നിന്നും മറുപടി ഒന്നുമില്ലാതെ ഫോൺ നിശബ്ദമായി . ഗ്രിഗറി എഴുന്നേറ്റു കൈയിലുള്ളതെല്ലാം വേഗം ബാഗിലാക്കി അസ്തമിക്കാത്ത സൂര്യനുള്ള തെരുവോരത്തെയ്ക്കിറങ്ങി .പോലീസ് മസൗദിനെ പിടിച്ചിരിക്കുന്നു  ഇനിയീ സിം കൈയ്യിൽ ഇരുന്നാൽ ഉണ്ടാകാൻ പോകുന്ന ഭവിഷ്യത്തുകൾ വലുതാണ് . ആദ്യം കണ്ട ബിന്നിലേയ്ക്കയാളാ സിം ചീന്തിയെറിഞ്ഞു ഇനിയുള്ള ദിന രാത്രങ്ങൾ ദുഷ്കരമാകുമെന്നു ഗ്രിഗറി മനസ്സിൽ കണക്കു കൂട്ടി .
കറുപ്പിന്റെ വ്യാപാരികൾ ഒരിക്കലും ദുർബല മനസ്ക്കരായിക്കൂടാ കാരണം ഇതിലെ അപകട സാധ്യതകൾ കാലേ കൂട്ടി അറിഞ്ഞിട്ടാണ് സകലരും ഈ പണിക്കിറങ്ങുന്നത് . എത്രത്തോളം സാഹസീകരാകുന്നുവോ അത്രത്തോളം കൂടുതൽ പ്രതിഫലം അതാണീ കച്ചവടത്തിന്റെ രീതി ശാസ്ത്രം ഇതിനിടയിൽ കുടുംബം കുട്ടികൾ ഭാവി ഒന്നും ഉണ്ടായിക്കൂടാ അഥവാ ഉണ്ടെങ്കിൽ ഈ പണിക്കു വരാതിരിക്കുക . ഗ്രിഗറി മനസ്സിനെ സ്വാന്തനിപ്പിക്കാൻ ആദ്യം കണ്ട ഡാൻസ് ബാറിലേയ്ക്ക് കയറി . അരണ്ട വെളിച്ചത്തിന്റെ സുരക്ഷിതത്വം ഗ്രിഗറിയെ തെല്ലൊന്നുമല്ല സ്വാന്തനിപ്പിച്ചത് എങ്കിലും ഇനിയെന്തെന്ന ചിന്ത അയാളെ ആകുലനാക്കി.

മസൗദ്‌ വന്നു വാങ്ങിയാലേ കച്ചവടം പൂർണ്ണമാവൂ ഇനിയിപ്പോൾ നിധി കാക്കുന്ന ഭൂതത്തെപ്പോലെ  എത്രകാലമാണ് താൻ ഈ വിഷ സഞ്ചിയും തൂക്കി ഈ ഊഷരതയിൽ അലയേണ്ടത് . വെളുക്കും വരെ കിട്ടിയ സുരക്ഷിതത്വം അവസാനിച്ചിരിക്കുന്നു ഇനി എവിടെ, എങ്ങനെ ? പോക്കറ്റിൽ അവശേഷിച്ച മുന്നൂറു ഡോളറിൽ തീരുന്നതാണ് തന്റെ സ്വാതന്ത്രം അതിനു മുൻപ് സുരക്ഷിതമായി ആർക്കെങ്കിലും കൈമാറ്റം ചെയ്യാൻ കഴിഞ്ഞാൽ ഇനിയൊരു കച്ചവടം നടത്തേണ്ടി വരില്ല .പക്ഷെ ഒട്ടു സുരക്ഷിതമല്ലാത്ത ഒരു അപരിചിത നഗരത്തിൽ ആരെയാണ് വിശ്വസിക്കുക.

നിങ്ങൾ എന്തെങ്കിലും പ്രോബ്ളത്തിലാണോ ? കറുത്ത മുടിയുള്ള ഇരു നിറക്കാരൻ ടാക്സി ഡ്രൈവറുടെ ചോദ്യം ഒരമ്പു പോലെയാണ്  ഗ്രിഗറിയുടെ ഹൃദയത്തിലേയ്ക്ക് സ്വീകരിക്കപ്പെട്ടത് .തന്റെ  മുഖം കണ്ടാൽ പരിഭ്രാന്തിയുള്ളവനെപ്പോലെ തോന്നുമോ ? തല  വെട്ടിച്ചയാൾ കാറിന്റെ സൈഡ് ഗ്ലാസ്സിലേയ്ക്  മുഖം താഴ്ത്തി .പിന്നിൽ നഗരം ഹാലജൻ സൂര്യനിൽ പ്രകാശിച്ചു നിൽക്കുകയാണ് അല്ലെങ്കിലും ഈ നഗരത്തിൽ സൂര്യൻ അസ്തമിക്കാറില്ലല്ലോ .ഗ്രിഗറിയുടെ മൗനം ഡ്രൈവറെ കൂടുതൽ ചോദ്യങ്ങൾ ഉന്നയിക്കുന്നതിൽ നിന്നും വിലക്കി .റേഡിയോയിൽ റിക്കി മാർട്ടിൻ മധുരമായി പാടുന്നു നോ ബഡി വാന്റ്‌സ് ടു ബി ലോൺലി പക്ഷെ താനീ നഗരത്തിൽ തനിച്ചായിരുന്നു . ആകെ ബന്ധപ്പെടേണ്ട ആളും ലക്ഷം ഡോളർ വിലയുള്ള ചരക്കുമായി അലാവുദീന്റെ അത്ഭുത ലോകം പോലെ വിളക്കിൽ നിന്നുയർന്ന നഗര വീഥികളിൽ താൻ അലയാൻ തുടങ്ങിയിട്ടിന്ന് രണ്ടു പകലുകൾ കഴിഞ്ഞിരിക്കുന്നു .

നിങ്ങൾ ഇന്ത്യക്കാരനാണോ ? അപ്രതീക്ഷിതമായ ചോദ്യം കേട്ടതും ടാക്സി ഡ്രൈവർ റേഡിയോയുടെ വോളിയം പൂജ്യത്തിലേയ്ക്ക് താഴ്ത്തി മറുപടി പറഞ്ഞു  .എസ് സാർ ഞാൻ ഇന്ത്യക്കാരനാണ് .
കീവിൽ തനിക്കൊരു ഇന്ത്യൻ കൂട്ടുകാരൻ ഉണ്ടായിരുന്നു സോവിയറ്റ് കാലഘട്ടത്തിൽ ഉന്നത ബിരുദത്തിനു വന്ന  ഒരു ഐസക് . ഇന്ത്യക്കാർ വിശ്വസിക്കാൻ കൊള്ളാവുന്നവരാണ് ഞാൻ താങ്കളെ വിശ്വസിച്ചോട്ടെ ?
ദിവസവും നൂറിലധികം യാത്രക്കാർ കയറുന്ന വാഹനമാണ് സാർ ഇത് അങ്ങേയ്ക്കു ധൈര്യമായി പറയാം
എന്താണ് നിങ്ങളുടെ പേര് ? ഏതെങ്കിലും മുസ്‌ലിം നാമധാരിയാണോ എന്ന് തിരിച്ചറിയാനുള്ള ലിറ്റ് മസ് ടെസ്റ്റായിരുന്നു ഗ്രിഗറിക്കാ ചോദ്യം . കൂടുതൽ മുന്നോട്ടു പോകാണോ വേണ്ടയോ എന്നറിയാനുള്ള ചൂണ്ട .
രാജു ജോസഫ് , ഞാൻ തെക്കേ ഇന്ത്യക്കാരനാണ് താങ്കൾ കേട്ടിട്ടുണ്ടാവണം ഞങ്ങളുടെ നാടിനെപ്പറ്റി !
ഗ്രിഗറിക്കു രാജുവിനെ അളക്കാൻ കൃത്യമായ മാപിനിയുണ്ടായിരുന്നു  ,ഓരോ ചോദ്യങ്ങളിലും അയാൾ ഏറ്റവും അനുയോജ്യനായ പങ്കാളിയിലേയ്ക്കാണ് എത്തിപെടുന്നതെന്ന തോന്നൽ ഗ്രിഗറിയുടെ ആത്മ വിശ്വാസം വർദ്ധിപ്പിച്ചു .ഒടുവിൽ ഗ്രിഗറി ആ നിഗൂഢതയുടെ കെട്ടഴിച്ചു താൻ വഹിക്കുന്ന നിധി പേടകത്തിന് അനുയോജ്യനായ അവകാശിയെ കണ്ടെത്താൻ സഹായിച്ചാൽ  ഒരു ലക്ഷം ഡോളർ സമ്മാനം !
സഞ്ചാരിയുടെ വാഗ്ദാനം കേട്ട രാജു ഒരു നിമിഷം കാറിന്റെ മുഴുവൻ സീറ്റിലേയ്ക്കും ചാരിയിരുന്നു . നാട്ടിൽ ഒരു ഇന്നോവാ വാങ്ങാൻ കഴിയുന്ന അന്ന് മടങ്ങാൻ ഇരുന്നയാളിന്റെ  കാതിലേക്കാണ്‌ ഒറ്റയടിക്ക്ആറു  ഇന്നോവ വാങ്ങാനുള്ള തുകയുടെ വാർത്ത എത്തുന്നത് .രാജു ആൾപ്പാർപ്പില്ലാത്ത തെരുവോരം നോക്കി ടാക്സി ഒതുക്കി നിർത്തി .ഗ്രിഗറിയെ  അയാൾക്ക് ദൈവദൂതനെപ്പോലെ തോന്നപ്പെട്ടു .കയ്യിലിരുന്ന തുകൽ ബാഗിൽ നിന്നും  ഗ്രിഗറിയാ നിധിപേടകം അര മണിക്കൂർ മുൻപ് മാത്രം പരിചയപ്പെട്ട ടാക്സി ഡ്രൈവർക്കു മുന്നിൽ തുറന്നു വെച്ചു .

ഗ്രിഗറി ഹാലിമിന് ജീവിതത്തിലെന്നോളം കാണാൻ കഴിയാത്ത ആത്മാർത്ഥതയുമായി രാജു ജോസഫ് എന്ന ടാക്സിക്കാരൻ മുൻപൊരിക്കൽ പോലും  കാണാത്ത കച്ചവട കേന്ദ്രങ്ങളിലേയ്ക്ക് കൈ പിടിച്ചു നടത്തി . നിയമവും  ശിക്ഷകളും കഠിനമായ ലോകത്തിന്റെ ഈ ഭാഗത്തും ഇതെല്ലാം സുലഭമാണെന്ന അറിവ് ,റിസ്ക് കൂടുംതോറും പ്രതിഫലവും വലുതായിരിക്കുമെന്ന തിരിച്ചറിവ് വെറുമൊരു കാരിയർ മാത്രമായി ഒതുങ്ങി പോയ ഭൂത കാലത്തെക്കുറിച്ചോർത്തയാൾക്കു ലജ്ജ തോന്നി .

മുൻപൊരിക്കൽ പോലും കണ്ടിട്ടില്ലാത്ത യുക്രൈനി വെള്ളാരം കണ്ണുകാരൻ   രാജു ജോസെഫെന്ന മധ്യതിരുവിതാം കൂർ നസ്രാണിയുടെ   മനസാക്ഷി സൂക്ഷിപ്പുകാരനും വ്യവസായ പങ്കാളിയും ആയി മാറിക്കഴിഞ്ഞ അന്നു മുതൽ കഥ ഹെയർപിൻ വളവിലേയ്ക്ക് കടക്കുകയാണ് .അപകടം പതിയിരിക്കുന്ന താഴ്വരകളിലൂടെ  കൂടുതൽ സാഹസികമായ യാത്രകൾ  . ഡെൻസാ നദിക്കരയിൽ നതാഷാ ഗ്രിഗറി നട്ടു നനയ്ക്കുന്ന മരിജുവാന പാടത്തെ വിളഞ്ഞ പൂവിന്റെ ഗന്ധവുമായി ഒരു കാറ്റ്  മണൽത്തരികളെ പറപ്പിച്ചു കൊണ്ട് ആഞ്ഞടിച്ചു .ആ കാറ്റിന്റെ ലഹരിയിൽ ഗ്രിഗറിയും രാജുവും സ്വർഗ്ഗത്തിനും ഭൂമിക്കും ഇടയിലുള്ള ഏതോ ഇരുമ്പു മറയുടെ സുരക്ഷിതത്വത്തിൽ ഉറങ്ങുകയായിരുന്നു

Sunday, 4 September 2016

ഞാൻ ഹരി പ്രിയാ പാട്ടീൽ !


എന്നെ ഓർക്കുന്നുവോ ? ഞാൻ ഹരി പ്രിയാ പാട്ടീൽ ! മെസഞ്ചറിൽ മണിയടി ശബ്ദത്തോടെ വന്ന വന്ന സന്ദേശം ഹൃദയത്തിൽ എവിടെയോ മൊട്ടുസൂചി കുത്തും പോലെ അയാളെ ഉണർത്തി . ഹരി പ്രിയാ പാട്ടീൽ ! കൊൽഹാപ്പൂരുകാരി ഗോസായി പെണ്ണ് .
യാഹൂ ചാറ്റിൽ പിച്ച വെച്ചു തുടങ്ങുന്ന ആ കാലത്തെ മധുകുമാർ എന്ന കൗമാരക്കാരനായ എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തായിരുന്നു ഈ കൊൽഹാപ്പൂരി പെണ്ണ് എങ്ങിനെയാണവൾ എന്റെ സുഹൃത്തായതെന്നോ എന്തിനാണവളെന്റെ സായന്തനങ്ങളിൽ ചിരിയും ചിന്തയും നൽകി അകന്നു പോയതെന്നോ എനിക്കോർത്തെടുക്കാൻ പറ്റാത്തത് പോലെ തോന്നി.
ഒന്നോർക്കാൻ കഴിയുന്നു നിങ്ങൾ ലുങ്കിയുടുക്കുന്ന മലയാളികളെ എനിക്കിഷ്ട്ടമാണെന്ന അവളുടെ ആവർത്തിച്ചുള്ള സന്ദേശങ്ങൾ . ഇഷ്ടവും അനിഷ്ടവും ഒക്കെ വ്യക്ത്യാധിഷ്ഠിതവും ഓരോരുത്തരുടെ അഭിരുചിക്കനുസരിച്ചു വ്യത്യസ്ഥവുമായതിനാൽ അവളുടെ ലുങ്കി പ്രേമം എന്നെ അത്ഭുതപ്പെടുത്തിയില്ല . വിശ്വ മാനവീകരായ മലയാളികൾ സർവ്വ ലോകത്തും മുണ്ടു മടക്കി കുത്തി നടക്കുന്നെണ്ടെന്നും ഗോസായി പെണ്ണുങ്ങളെ മോഹിപ്പിക്കുന്നുമുണ്ടെന്ന അറിവ് ഹരി പ്രിയാ പാട്ടീൽ പകരുമ്പോൾ വിശ്വ മാനവീകരുടെ ഗണ ത്തിൽപ്പെടാൻ കഴിഞ്ഞതിൽ ഞാൻ തെല്ലൊന്നഭിമാനിച്ചു .
ഹരിപ്രീയാ ഒരു പാട് സംസാരിക്കുന്നവളായിരുന്നു ,ജോലി കഴിഞ്ഞെത്തുന്ന സായന്തനങ്ങളിൽ അവൾ കോൽഹാപൂരിനെപ്പറ്റി പറ്റി പറഞ്ഞു, അവളുടെ നാട്ടിൻ പുറത്തെപ്പറ്റി, അവിടെ നടക്കുന്ന സംഭവങ്ങളെപ്പറ്റി ,ലോകത്തിൽ ഏറ്റവും കൂടുതൽ കൃത്രിമക്കാലുകൾ ഉണ്ടാക്കുന്നത് അവളുടെ നാട്ടിൽ നിന്നാണത്രെ .കാലുകൾ നഷ്ട്ടമായവരെപ്പറ്റിയും കൃത്രിമക്കാലുകാരിൽ ഒരാളെപ്പോലും അടുത്തറിയാത്തതിനാൽ എനിക്കതൊരു സാധാരണ അറിവു മാത്രമായി . സൗഹൃദം പൂത്തു തളിർത്തു അതെപ്പോഴോ പ്രണയത്തിന്റെ പുത്തനുടുപ്പിലേയ്ക്ക് പരകായ പ്രവേശം നടത്തിയെന്ന് മനസിലായപ്പോൾ ഞാൻ അതു തുറന്നു ചോദിച്ചു .
മറാത്തിയും മലയാളവും പറയുന്ന മായിക ലോകത്തേയ്ക്ക് വരാൻ അവൾ ഒരുക്കമായിരുന്നു പക്ഷെ വാക്കുകൾ കൊണ്ട് കോറിയിടുന്ന ലോകമല്ലാതെ പരസ്പ്പരം കാണുക പോലും ചെയ്യാതെ നമ്മൾ .എനിക്ക് നിന്നെക്കുറിച്ചൊരു രൂപമുണ്ട് നിന്റെ വാക്കുകൾ ഊതിക്കാച്ചി ഞാൻ തീർത്തൊരു രൂപം അതായിരിക്കും നീയെന്നെനിക്കറിയാം എങ്കിലും അതൊന്നു ഉറപ്പിക്കാതെ ഈ ബന്ധം എങ്ങനെയാണ് മുന്നോട്ടു പോകുക .
ഇന്റർനെറ്റ് കഫേയിലെ ആളൊഴിഞ്ഞ കാബിൻ തുറന്നു അകത്തു കയറി ലോഗിൻ ചെയ്യുമ്പോൾ അവൾ പരിഭവപ്പെട്ടു
എത്ര നേരമായി ഞാൻ ഞാൻ കാത്തിരിക്കുന്നു .
നിന്റെ കൊൽഹാപൂർ പോലെ വികസിതമല്ല എന്റെ നാട് .14 കിലോമീറ്റർ സഞ്ചരിച്ചിട്ടാണ് എനിക്കൊരു ഇന്റർനെറ്റ് കഫേ കണ്ടെത്താൻ കഴിഞ്ഞതു തന്നെ . നിന്റെ വെബ് ക്യാം തുറക്കൂ ഞാൻ കാണട്ടെ എന്റെ സ്വപ്ന സുന്ദരിയെ ?
വേണ്ട നീയാദ്യം ഓപ്പണാക്കൂ ഞങ്ങളുടെ നാട്ടിൽ സ്ത്രീകൾ പറയുന്നതിനാണ് മുൻഗണന അവൾ കൊഞ്ചി കുഴഞ്ഞു. മൂന്നു വട്ടം കളം വരച്ചതിനു ശേഷം വെബ് കാം പതിയെ ഓപ്പൺ ആയി താഴെ ഒരു വ്യൂവർ എന്ന് തെളിഞ്ഞതിനു ശേഷം ഞാനവളെ മൃദുവായി വിളിച്ചു ഹരി പ്രീയാ നീയെന്നെ കാണുന്നുണ്ടോ ? ഇനി നിന്റെ കാം ഓൺ ആക്കൂ ഞാൻ നിന്നെ കാണട്ടെ .കനത്ത നിശബ്ദത വൺ വ്യൂവർ സ്റ്റാറ്റസ് ഇപ്പോഴും തെളിഞ്ഞു കാണാം അവൾ ഓൺലൈനിൽ ഉണ്ട് . ഒരു പക്ഷെ അവളുടെ പ്രതീക്ഷ ഇങ്ങനെ ഒരാളെ ആയിരുന്നിരിക്കില്ല ഹരി പ്രീയാ നീ കേൾക്കുന്നുവോ? അയാൾ ഉറക്കെ വിളിച്ചു ചോദിച്ചു .ഒരു മറുപടിയുമില്ലാതെ യാഹൂവിൽ നിന്നവൾ നിശബ്ദതയുടെ വാല്മീകങ്ങളിലേയ്ക്ക് ഊളിയിട്ടു താഴ്ന്നു .
രണ്ടു പതിറ്റാണ്ടുകൾക്കിപ്പുറം ഇപ്പോഴും അവൾ എന്നെ ഓർമ്മിക്കുന്നു .
പറയൂ ഹരിപ്രീയാ എന്തൊക്കെയാണ് നിന്റെ പുതിയ വിശേഷങ്ങൾ.ഞാനിപ്പോൾ വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ് ,
നിന്റെ ടെലിഫോൺ നമ്പർ ഒന്ന് മെസ്സേജ് ചെയ്യാമോ ? ഹരി പ്രിയയുടെ സന്ദേശം ലഭിച്ചതും അയാൾ മൊബൈൽ മെസ്സഞ്ചറിൽ അതിവേഗം വിരലുകളമർത്തി നമ്പർ ടൈപ്പ് ചെയ്തു .
അപരിചിത നമ്പറിൽ നിന്നും മുഴങ്ങുന്ന ഐഎംഒ കാൾ ആയാൾ ആർത്തിയോടെ എടുത്തു പച്ച ബട്ടൺ അമർത്തി .
വെളുത്തു വെള്ളി കെട്ടിയ ഒരു വൃദ്ധന്റെ ചിത്രം അത്യന്തം അതിശയോക്തിയോടെ നോക്കിയയാൾ ചോദിച്ചു എവിടെ ഹരിപ്രിയാ പാട്ടീൽ അവൾക്കെന്തെങ്കിലും അപകടം !!
മഞ്ഞ കറകളുള്ള പലകപല്ലുകൾ പുറത്തു കാൺകെ അയാൾ സ്‌ക്രീനിൽ നോക്കി ചിരിച്ചു ശേഷം കിളി പോലെ മധുരമുള്ള ശബ്ദത്തിൽ നര ച്ച മുടികളുള്ള വൃദ്ധൻ പറഞ്ഞു. ഞാനായിരുന്നു ഹരി പ്രീയാ പാട്ടീൽ ! മരിക്കുന്നതിന് മുൻപ് ഞാൻ എന്റെ ശബ്ദം കൊണ്ടു മോഹിപ്പിച്ചവരോടൊക്കെ മാപ്പു പറയണമെന്ന് തോന്നി .
ഒരു പുഞ്ചിരിയോടായാൾ ഫോൺ കട്ട് ചെയ്തു .ഒരായുഷ്‌ക്കാലം മുഴുവൻ വഞ്ചിതനായവനെപ്പോലെ ഫോൺ മേശയിലേക്കെറിയുമ്പോൾ വീണ്ടും മണി ശബ്ദത്തോടൊരു മെസ്സേജ് മുഴങ്ങി .
Hi I am Jenna
Do you like to have some hot chat.
ചെറുപ്പം നഷ്ടപ്പെടാത്ത മധുകുമാർ ഫോണെടുത്തു ജെന്നയുടെ മെസ്സേജിന് പിന്നാലെ പാഞ്ഞു ഇനിയെങ്ങാനും ചിലപ്പോ ബിരിയാണി കിട്ടിയാലാ... .....

Thursday, 1 September 2016

മൈമൂനാ നീയെവിടെയാണ് ???


ബൽക്കീസേ എന്ന വിളി കേൾക്കുമ്പോൾ മൈമുനയ്ക്കു കലിയിളകും.സ്‌കൂൾ രേഖകളിൽ അവൾ ബൾക്കീസ് നൂറുദ്ധീനാണ് . ലോകത്തു ഏറ്റവും വെറുക്കുന്ന ഒന്നാണ് ബാപ്പയവൾക്കിട്ട ബൾക്കീസ് എന്ന പേര് ആരു പേര് ചോദിച്ചാലും അവൾ മൈമുന എന്നേ പറയു അതവളുടെ വീട്ടിലെ വിളിപ്പേരാണ് ആപേരിൽ അറിയപ്പെടാനാണ് അവൾക്കിഷ്ട്ടവും . കാലത്തു ആറു മണിയാകുമ്പോൾ അവൾ കുളിച്ചൊരുങ്ങി പള്ളിപെരക്ക് പോകുമ്പോൾ ഞങ്ങൾ ഉണർന്നിട്ടുപോലുമുണ്ടാവില്ല . എന്റെ വീടു കഴിഞ്ഞാണവൾ എന്നും പള്ളിപെരയ്ക്ക് പോയിരുന്നത് . എന്നാൽ അവൾ പള്ളിപെര കഴിഞ്ഞു തിരിച്ചു വരുമ്പോൾ ഞങ്ങൾ ക്രിക്കറ്റ് കളിയുമായി പറമ്പിൽ ഉണ്ടാവും . നെഞ്ചത്തടുക്കിപ്പിടിച്ച നോട്ടുബുക്കുകളുമായി തിരികെ പോകുമ്പോൾ അവൾ ആ മരത്തിലേയ്ക്ക് സൂക്ഷിച്ചു നോക്കും ആ ചെറി മരം പൂവിട്ടട്ടുണ്ടോ എന്ന് ,മെയ് മാസത്തിൽ പൂവിട്ടു കായ്ക്കുന്ന വെളുത്ത കറകളുള്ള ചുവന്ന ചെറി പഴം .
രവിയണ്ണന്റെ പറമ്പിലെ ചെറിമരങ്ങൾ പൂക്കുന്നത് നാട്ടിലെ കുട്ടികൾക്ക് വേണ്ടി മാത്രമായിരുന്നു . അവ പൂവിടുന്നതും കായ്ക്കുന്നതും ഒന്നും അയാൾ അറിഞ്ഞിരുന്നില്ല അല്ലെങ്കിൽ അയാൾക്കതിനൊന്നും നേരമുണ്ടായിരുന്നില്ല . പക്ഷെ ഏദൻ തോട്ടത്തിലെ പാമ്പിനെപ്പോലെ ചെറി മരത്തിനു കീഴിൽ അയാൾ തീറ്റി വളർത്തുന്ന ദർബാ പട്ടിയെ കെട്ടിയിട്ടിട്ടുണ്ടായിരുന്നു . അവൻ നിരുപദ്രവകാരിയും കുട്ടികളോട് സ്നേഹമുള്ളവനും ആയിരുന്നു . എങ്കിലും ഞങ്ങൾ നസ്രാണി കുട്ടികൾ പട്ടിയുടെ അടുത്തു പോകുമ്പോൾ ഒരു സുകൃത ജപം ചൊല്ലുമായിരുന്നു "അർത്തുങ്കൽ വെളുത്തച്ചാ പട്ടി തല പൊട്ടട്ടെ " ഇതു മൂന്നാവർത്തി ചൊല്ലിയാൽ ഒരു പട്ടിയും പിന്നെ കടിക്കില്ല എന്നായിരുന്നു ഞങ്ങളുടെ വിശ്വാസം .
ചെറി മരം പൂത്തു കായ്ച്ചു ,ഇല കാണാൻ കഴിയാത്ത വണ്ണം ചുമന്നു തുടുത്ത പഴങ്ങൾ മരത്തിൽ നിറഞ്ഞപ്പോൾ മൈമുനയ്ക്കു ചെറി പഴം തിന്നാൻ കൊതിയായി തുടങ്ങി .പക്ഷെ ഹറാംമ്പിറന്ന ഒരു അശ്രീകരം മരത്തിനു ചുറ്റും ചങ്ങല കുലുക്കി കറങ്ങുന്നതിനാൽ അവൾക്കാ മരത്തിന്റെ അടുത്തേയ്ക്കു പോകാൻ തന്നെ ഭയമായിരുന്നു. അന്നൊരു വലിയ പെരുനാളായിരുന്നു പുത്തനുടുപ്പിട്ട വർണ്ണ തട്ടമിട്ട മൈമൂനാ രണ്ടും കൽപ്പിച്ചാ പൂതി തീർക്കാൻ തീരുമാനിച്ചു . ദർബാ പട്ടി മയങ്ങുന്ന നേരത്ത് പമ്മി പമ്മി യവൾ ചെറി മരത്തിനു അടുത്തെത്തി കൈയെത്തി പറിക്കാവുന്ന ഉയരത്തിൽ ചെറി പഴങ്ങൾ അവളെ കാത്തു നിന്നതു പോലെ തല കുനിച്ചു .
ശ്വാന നിദ്രവിട്ടുണർന്ന ദർബാ പട്ടി കുരച്ചു ചാടി ,മൈമുന പേടിച്ചലറി മറിഞ്ഞു താഴേയ്ക്ക് വീണു .മുൻപൊരിക്കലും ഒരാളെ പോലും കടിക്കാത്ത ദർബാ പട്ടി മൈമുനയുടെ കണങ്കാലിനു മുകളിൽ മാംസളമായ ഭാഗത്തേയ്ക്ക് പല്ലുകൾ ആഴ്ത്തി . നിസ്സഹായയായ മൈമുനയുടെ നിലവിളി കേട്ടു ഞങ്ങൾ ഓടിയെത്തി ആ സുകൃതജപം ചൊല്ലി "അർത്തുങ്കൽ വെളുത്തച്ചാ പട്ടി തല പൊട്ടട്ടെ " കണങ്കാലിനു മുകളിലെ ഒരു കഷണം മാംസവുമായി ദർബാ പട്ടി പിന്നോട്ട് മാറി.ചോരയൊലിപ്പിച്ചു കൊണ്ടവൾ വീട്ടിലേക്കോടി .
അൽപ്പം ഭയന്നിട്ടെങ്കിലും ഞങ്ങൾ കളി തുടങ്ങി പത്തു മിനിട്ടു കഴിഞ്ഞപ്പോൾ വലിയ കാരിയർ ഉള്ള ഹീറോ സൈക്കിളിൽ രണ്ടു കാലിലും വലിയ മന്തുള്ള ഭീമാകാരനായ ഒരാൾ വന്നിറങ്ങി . പിറകിലെ കാരിയറിൽ നിന്നും നീണ്ട ഒരു ഇരുമ്പു ദണ്ഡ് പിറകിൽ പിടിച്ചയാൾ ദർബാ പട്ടിയുടെ അടുത്തേയ്ക്കു പതിയെ നടന്നടുത്തു . മയക്കത്തിലായിരുന്ന ദർബാ പട്ടിയുടെ തലയിൽ ആഞ്ഞടിച്ചു .മൂന്ന് ശക്തമായ അടി ഒന്നു മുരളാൻ പോലുമാകാതെ ആ ജീവി ദയനീയമായി കൊല ചെയ്യപ്പെട്ടു . ഒന്നും സംഭവിക്കാത്തതു പോലെയാ മന്തൻ കാലുമായി അയാൾ സൈക്കളോടിച്ചു പോയി .ഞങ്ങൾ കുട്ടികൾക്ക് നടുക്കുന്ന കാഴ്ച്ചയായിരുന്നു അത് .
മൈമുന പിന്നെയാ വഴി വന്നില്ല ,മന്തൻ കാലുള്ള ഭീമാകാരൻ അവളുടെ ബാപ്പ നൂറുദ്ധീൻ ആയിരുന്നു . ഏറെ സ്നേഹിച്ച ഒരാളുടെ ദാരുണ മരണത്തിൽ പ്രതിഷേധിച്ചിട്ടെന്നോണം പിന്നീടൊരിക്കലും ആ ചെറി മരം പൂത്തതും കായ്ച്ചതുമില്ല.ഓരോ ചുവന്നു തുടുത്ത ചെറി പഴം കാണുമ്പോഴും മൈമുനയെന്ന ബൾക്കീസ് നൂറുദ്ധീൻ എനിക്കു നിന്നെ കാണാൻ കഴിയും .ചുവന്ന തട്ടമിട്ട പാൽ പുഞ്ചിരിയുള്ളവളേ നീയിപ്പോൾ എവിടെയാണ് ?????