Tuesday 2 April 2013

നിതഖാത് നീ വന്നു വിളിക്കുമ്പോൾ

പാതിരയുടെ നാലാം യാമത്തിൽ ഞാനൊരു കനവു കണ്ടു
കടലോളം പരന്ന മണൽ കൂനകൾക്കു നടുവിൽ എവിടെയോ
കൈയിൽ ആത്മവിശ്വാസം എന്ന പാഥേയം പൊതിഞ്ഞു കെട്ടി
അറബി പൊന്നു തേടി കടലുകടന്നു വന്നിരിക്കുകയാണ് ഞാൻ

കാതങ്ങൾക്ക് അകലെ ഒരു കിളി കൊഞ്ചൽ മുഴങ്ങുന്നതിന്റെ
അലയൊലികൾ എന്റെ കരളു നോവിക്കുന്നുണ്ടെങ്കിലും
പൊരിയുന്ന വെയിൽ ഹൃദയം പിഴിഞ്ഞ് ദാഹം തീര്ക്കുമ്പോഴും
മരുഭൂമി  മലർവാടിആക്കുന്നതിന്റെ തിരക്കിലായിരുന്നു ഞാൻ

ഒരു പൂമരം നട്ടു ഞാനതിൽ പൂ വിരിഞ്ഞിടാൻ നോറ്റു ഞാൻ
പൂവ് വന്നതിൽ കായു വന്നതിൽ മെല്ലെ വസന്തവും നേടി ഞാൻ
 പച്ച കൊണ്ട് നിറച്ചു ഞാനാ മനുഷ്യനില്ലാത്ത നാടിനെ
പച്ച വന്നു നിറഞ്ഞ നാട്ടിലെയ്ക്കെത്തി മാനുഷർ മെല്ലവേ
എന്റെ ഭൂമിക  ഇതെന്റെ ഭൂമിക മെല്ലെയാർത്തു വിളിച്ചവർ

സഹ തടവുകാരന്റെ കൂര്ക്കം വലിയാണ് ആ   സ്വപ്നം മുറിച്ചത്
നാടുകടത്തപ്പെടാൻ  കാത്തിരിക്കുന്ന ആയിരങ്ങളിൽ ഒരുവനായി
അധോവായുവിന്റെ ഗന്ധം വീര്പ്പു മുട്ടിക്കുന്ന കുടുസുമുറിയിൽ
ആ ദിവസവും കാത്തു കഴിയുകയാണ്  ഞാൻ,എനിക്ക് പോയെ മതിയാവു
ഇവിടെ ഞാൻ പരദേശി ആണ് ഈ നാടും നഗരവും എന്റേതല്ല

ഞാൻ പരദേശിയാണ് ഈ നാടിനു  എന്നെകൊണ്ട്‌ ഒരാവശ്യവും ഇല്ല
എന്നെപ്പോലെ ഒരായിരം പേരെ ഇവർ ദിനേന പുറംതള്ളുന്നു
എന്തു കൊണ്ടെന്നാൽ ഞങ്ങൾ പരദേശികൾ ആകുന്നു
ഞങ്ങൾ പരദേശികൾ ആകുന്നു ,ഞങ്ങൾ പരദേശികൾ ആകുന്നു .