Tuesday 16 May 2017

കെണി (ചെറുകഥ )




ഇന്നു വാങ്ങുമോ ?
ഞാൻ പുറത്തേക്കിറങ്ങുമ്പോൾ അവൻ ഓടി പിറകെ വന്നു ചോദിച്ചു .
വാങ്ങണോ ?
വാങ്ങണം നഷ്ടപ്പെട്ടതു എനിക്കാണ് ?
അവന്റെ കണ്ണുകളിൽ പകയുടെ കനലെരിയുന്നതെനിക്കു കാണാമായിരുന്നു .
പാവമല്ലേടാ വിശന്നിട്ടാവുമെടാ ,ഒരു തവണ കൂടി നമുക്കു ക്ഷമിക്കാം ,
ഞാൻ അവനെ സ്വാന്തനിപ്പിക്കാൻ ശ്രമിച്ചു .
ഇന്നും കൂടി നീ അതു വാങ്ങിയില്ലെങ്കിൽ ഞാൻ ഈ മുറി വിട്ടു പോകും, എനിക്കിനി വയ്യ!
അന്ത്യശാസനം നൽകിയവൻ അകത്തേയ്ക്കു കയറുമ്പോൾ ഇത്തവണയെങ്കിലും അവന്റെ നിർബന്ധത്തിനു വഴങ്ങണമെന്നു എനിക്കു തോന്നി . പാവം കുറെയായി പിറകെ നടക്കുന്നു , എനിക്കൊരാളെ ദ്രോഹിക്കുന്നതിനോടു പണ്ടേ താല്പര്യമില്ലാത്തതിനാൽ പരമാവധി ഒഴിവാക്കി നോക്കി .പക്ഷെ ഇക്കുറി അവൻ കലിപ്പിലാണ് അവന്റെ പ്രധാനപ്പെട്ട പലതും നഷ്ടപ്പെട്ടിരിക്കുന്നു .ഇനിയും അതു വാങ്ങിയില്ലെങ്കിൽ അവനും എനിക്കും കൂടുതൽ നഷ്ടപ്പെടാൻ സാധ്യതയുമുണ്ട് .

വൈകുന്നേരം എന്റെ കാറിന്റെ ശബ്ദം കേട്ടതും അവൻ ചാടി  വെളിയിലിറങ്ങി  അടുത്തേയ്ക്കു വന്നു ചോദിച്ചു .

വാങ്ങിയോ ? കാറിന്റെ ചില്ലു ജാലകത്തിനു വെളിയിലൂടെ തല അകത്തേയ്ക്കിട്ടു എല്ലാ സീറ്റുകളിലേയ്ക്കും  മാറി മാറി നോക്കി . ഒന്നിൽ പോലും അവൻ പ്രതീക്ഷിച്ച സാധനം കാണാത്തതിനാൽ നിരാശനായി  അകത്തേയ്ക്കു കയറിപ്പോയി .

റൂമിൽ ഐ പി എൽ തകൃതിയായി നടക്കുന്നു .സഞ്ജു സാംസൺ ലോങ്ങ് ഓഫിലേയ്ക്ക് ഉയർത്തിയടിച്ച സിക്സറിൽ ആഹ്ലാദിച്ചവൻ നിൽക്കെ ഞാൻ ആ സാധനം പുറത്തേയ്‌ക്കെടുത്തു.

വിലയൽപ്പം കൂടുതലാ മാർക്കറ്റു മുഴുവൻ കറങ്ങി എന്നിട്ടാ ഒന്നു തരമായെ !
ഞാനതു ഡൈനിങ്ങ് ടേബിളിൽ അതു വെച്ചതും അവൻ ചാടിയെഴുന്നേറ്റു  തുള്ളി . ശത്രു സംഹാരത്തിനു ബ്രഹ്മാസ്ത്രം കിട്ടിയവനെപ്പോലെ ഉച്ചത്തിലവൻ അട്ടഹസിച്ചു .

എവിടെ വെക്കുമിത്  ??

വാങ്ങുന്നതു വരെയേ നിനക്കു ജോലി ഉണ്ടായിരുന്നുള്ളു ബാക്കി ഞാൻ നോക്കിക്കൊള്ളം . എന്നെ വകഞ്ഞു മാറ്റിയതുമായവൻ അകത്തേയ്ക്കു നടന്നു .

രാത്രിയുടെ മൂന്നാം യാമം , കട്ട പിടിച്ച ഇരുട്ട് ! ഇന്നു  രാത്രിയോടെ അവന്റെ അന്ത്യമുണ്ടാവും .

കർത്താവെ ചെയ്യാൻ ആഗ്രഹിക്കുന്ന നന്മയല്ല ആഗ്രഹിക്കാത്ത തിന്മയാണ് പലപ്പോഴും ചെയ്തു പോകുന്നത് . അറിയാതെയെങ്കിലും  ഉത്തിരിപ്പു കടമുള്ള പാപങ്ങളിൽ ചെന്നു ചാടുകയാണ് ,നീ പൊറുക്കണേ കർത്താവേ !

ടപ്പ്‌ !!!!

കുടുങ്ങിയെടാ കുടുങ്ങി , ഞാൻ ഞാൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു .

നീയൊന്നു മിണ്ടാണ്ട് കിടന്നുറങ്ങെടാ ,നാളെ രാവിലെ വരെ അതവിടെ കിടക്കട്ടെ , അവൻ ഉറക്കച്ചടവിൽ അപ്പുറത്തെ കട്ടിലിൽ കിടന്നവൻ  വിളിച്ചു പറഞ്ഞു .

പാപമാണീ കാട്ടികൂട്ടുന്നതൊക്കെ ,ഒരു മനസാക്ഷിക്കുത്തു പോലുമില്ലാതെ എങ്ങനെ എനിക്കുറങ്ങാൻ കഴിയുന്നു . ഞാൻ പതിയെ കട്ടിലിൽ എഴുന്നേറ്റിരുന്നു . ഒരു കരച്ചിൽ , ഒരു ദയനീയ നിലവിളി ഇതൊക്കെ എന്റെ  കാതുകളിലിപ്പോൾ മുഴങ്ങി കേൾക്കുന്നു .

വലിയ സന്തോഷത്തോടെയാണ് അവൻ ഉണർന്നത് , ഉണർന്നതും അടുക്കളയിലേയ്ക്കോടി അതുമായി തിരികെ വന്നു . വലിയ വിളവു നൽകി അനുഗ്രഹിച്ചപ്പോൾ യാക്കോബിന്റെ മക്കൾ ആനന്ദ നൃത്തം ചവിട്ടിയപോലെ ആ എലിപ്പെട്ടി  തലയിലേറ്റി അവൻ ആനന്ദ നൃത്തം ചവിട്ടി . അതിനുള്ളിൽ തലേന്നു  മുതൽ രക്ഷപെടാൻ ഉപായം ആലോചിച്ചു തളർന്ന ഒരു പെരുത്ത മൂഷികൻ കമ്പികൾക്കിടയിലൂടെ പുറത്തേയ്ക്കു മുഖമിട്ടു ദേഷ്യത്തിൽ  തലയിട്ടുരച്ചു .

അവനൊരു കുടുക്കുണ്ടാക്കി പെട്ടിക്കിടയിലൂടെ മൂഷികന്റെ കഴുത്തിൽ കുരുക്കി വലിച്ചു . വിധി നടപ്പാക്കുമ്പോൾ അവന്റെ മുഖം പ്രതികാര ദാഹത്താൽ തിളയ്ക്കുന്നുണ്ടായിരുന്നു .മരണ ദണ്ഡന ഏറ്റു വാങ്ങിയ മൂഷികന്റെ മൃത ശരീരം ഏതെങ്കിലും മുനിസിപ്പാലിറ്റി വീപ്പയിലേയ്ക്കു എറിയാൻ ഞാൻ തുനിഞ്ഞപ്പോൾ അവൻ തടഞ്ഞു .

അകത്തു പോയി യശഃ ശരീരനായ ഈ പെരുച്ചാഴി കടിച്ചു മുറിച്ച അവന്റെ ഒരു ഡസനോളം  അടിവസ്ത്രങ്ങൾ എടുത്തു കൊണ്ട് വന്നവൻ നിലത്തു വിരിച്ചു. അതിനു മുകളിൽ മൂഷികനെ കിടത്തി പെട്രോൾ ഒഴിച്ചു കത്തിച്ചു . ഉയർന്നു പൊന്തിയ തീനാളങ്ങൾക്കിടയിൽ നിന്നും മൂഷികരുടെ രാജാവ് ഉയർത്തെഴുന്നേറ്റു വന്നു ശേഷം അവിടെ അവശേഷിച്ചിരുന്ന അവന്റെ അടിവസ്ത്രങ്ങളുമായി പുഴക്കരയിലേയ്ക്കൂ നടന്നു ..................

Friday 12 May 2017

ഉത്തമ പൊരുത്തം




അവൾ സംസാരിക്കുമ്പോൾ
അവൾ ക്ഷോഭിക്കുമ്പോൾ
അവൾ കത്തിക്കയറുമ്പോൾ
അവൾ ആജ്ഞാപിക്കുമ്പോൾ
അവൾ ഭരിക്കുമ്പോൾ
അവൾ വാങ്ങുമ്പോൾ
അവൾ ഭക്ഷിക്കുമ്പോൾ
അവൾ ചാറ്റുമ്പോൾ
അവൾ ആഗ്രഹിക്കുമ്പോഴെല്ലാം
ഞാൻ നിശബ്ദനായിരിക്കുന്നതു കൊണ്ടു
നക്ഷത്രങ്ങളെല്ലാം ഞങ്ങൾക്കു കാവലുണ്ട്
കാണിപ്പയ്യൂരിന്റെ കവടിയിൽ പോലും
കാണിക്കാത്തത്ര ഉത്തമ പൊരുത്തവുമായി .

Monday 8 May 2017

കുത്തുന്ന മുള്ളുകളുള്ള റോസാ പുഷ്പങ്ങൾ (ചെറുകഥ)



ഗോവിന്ദൻ എഴുന്നേറ്റിരുന്നു ചുറ്റും നോക്കി , മുകളിലും താഴെയുമായി മൂന്നുപേർ കൂർക്കം വലിച്ചുറങ്ങുന്നു
വാതിൽ തുറന്നു അകത്തു കയറാതെ അവർ അകത്തേയ്ക്കു കൈയ്യിട്ടു  കൊണ്ടവൾ കൈകാട്ടി വിളിച്ചു വാ ഗോവിന്ദാ വാ  . പാതിരാത്രി കഴിഞ്ഞിരിക്കുന്നു ഇനി വല്ല സ്വപ്നവുമാണോ ഗോവിന്ദൻ   വലത്തെ കൈത്തണ്ടയ്ക്കു മുകളിലായി നുള്ളി നോക്കി. ഇല്ല കണ്ണുകളെ അവിശ്വസിക്കാൻ കഴിയുന്നില്ല . പെണ്ണിന്റെ മണമോ സ്പർശമോ ഏറ്റിട്ടു  കൊല്ലം രണ്ടായിരിക്കുന്നു ഗോവിന്ദൻ ഒന്നു  കൂടി സൂക്ഷിച്ചു നോക്കി, നിറ  കുംഭം പോലെ വിടർന്നു നിൽക്കുന്ന മാറിടങ്ങൾ . ഫിലിപൈനീ അല്ല റഷ്യൻ അവർക്കാണ് വെള്ള മുടിയുള്ളത് അവരാണിവിടെ കൂടുതൽ കച്ചവടത്തിനായി വരുന്നവരും  തിരക്കുള്ള നഗരത്തിനു ഒരാത്തൊരു കുടുസ്സുമുറിയിൽ താമസിക്കുന്നതിന്റെ ഗുണവും ദോഷവുമിതാണ് .ഇത്തരം പ്രലോഭനങ്ങൾ ഒരു പാടു തരണം ചെയ്തിട്ടാണ് ഈ നഗരത്തിലെ ഒരു ദിവസം കഴിച്ചു കൂട്ടുന്നതു തന്നെ ആരാണെങ്കിലും വന്ന വഴി പൊക്കോട്ടെ . വീണ്ടു കട്ടിലിലേയ്ക്ക് മറിയുന്നതിനു മുൻപു മുകൾത്തട്ടിൽ കിടന്നു കൊണ്ടു താഴെ ഉറങ്ങുന്ന സഹമുറിയന്മാരെ നോക്കി . ഉറക്കത്തിന്റെ ഏഴാം യാമത്തിനും അപ്പുറമെവിടെയോ ആണു മൂവരും .  രാവന്തിയോളം വെയിലിൽ വാടി തളരുന്നവർക്കു അന്നന്നേപ്പത്തിനായി അലയുന്നവർക്കും ഇതാണൊരു ആകെയുള്ള സമാധാനം. കട്ടിലു  കാണണ്ട താമസം ഉറക്കം ഓട്ടോറിക്ഷപിടിച്ചു വരുമെന്നാണ് സഹമുറിയൻ ഗഫൂർ തമാശയായി പറയുന്നത് .

കണ്ണുകൾ ഇറുക്കിയടച്ചു മുത്തശ്ശി ചെറുപ്പത്തിൽ പഠിപ്പിച്ച അർജുനൻ ഭാർഗവൻ പാർത്ഥൻ ... മനസ്സിൽ ചൊല്ലിക്കൊണ്ടു  പുതപ്പു തലയിലേയ്ക്കു വലിച്ചിട്ടു . മയക്കം ക്ഷണിക്കപ്പെട്ടു വന്ന അതിഥിയെപ്പോലെ കൺപോളകളെ ആലസ്യത്തിലേയ്ക്കു വഴുതി മാറ്റിയതും ആരോ മുഖത്തെ മൂടിയ പുതപ്പു വലിച്ചു താഴേയ്‌ക്കെറിഞ്ഞു . രണ്ടു തട്ടുള്ള കട്ടിലിലെ മുകൾത്തട്ടിലെ വാസം സർക്കസിലെ ട്രിപ്പീസു കളിക്കാരന്റെതിനു തുല്യമാണ് .ഒന്നിടറിയാൽ മൂക്കും കുത്തി താഴേയ്ക്കു  വീഴും അങ്ങനെ ഒന്നു  രണ്ടു തവണ വീണിട്ടുമുണ്ട് . ഗോവിന്ദൻ വീണ്ടും കണ്ണു  തുറന്നു നോക്കി ആ സ്ത്രീ  അവിടത്തന്നെ നിൽപ്പുണ്ട് . താൻ  കാണുന്നു എന്നറിഞ്ഞ നിമിഷം അവൾ വീണ്ടുമായാളെ  നോക്കി കൈ വീശി  താഴേയ്ക്കു ക്ഷണിച്ചു .

ഇതെന്തു പാടാണിത് ! രാത്രി ഒരു മണി കഴിഞ്ഞിരിക്കുന്നു എന്നിട്ടും തേടി വരുന്നവരെ സ്വീകരിക്കാതെ
 റൂമിൽ കിടന്നുറങ്ങുന്ന ആവശ്യമില്ലാത്തവരെ പ്രലോഭിപ്പിക്കുന്നു . കർശനമായ നിയമങ്ങളുള്ള ഈ നാട്ടിൽ ഇതെന്തൊരാഭാസമാണ് . ഗോവിന്ദൻ സ്റ്റീൽ കട്ടിലിന്റെ കിറു കിറെ ശബ്ദം കേൾപ്പിക്കാതെ കോണിപ്പടി പതിയെ ചവിട്ടി താഴെ ഇറങ്ങി വാതിലിനടുത്തേയ്ക്കു  നീങ്ങി . വെള്ളാരം കണ്ണുള്ള സുന്ദരി പുറത്തെ ഭിത്തിയോടു ഉടലമർത്തി ഗോവിന്ദൻ  പുറത്തു  വരുന്നതും നോക്കി നിന്നു . പുറത്തു ഹാലജൻ ബൾബുകൾ പകൽ പ്രഭവിതറി നിൽക്കുന്നു . മുട്ടറ്റമെത്തുന്ന ചുവന്ന ഗൗണണിഞ്ഞ വെള്ളാരം കണ്ണുള്ളവൾ  സുന്ദരിയും ഏതൊരാണിനെയും പ്രലോഭിപ്പിക്കാൻ പോന്ന ശരീര വടിവുമുള്ളവളാണ്. സുന്ദരി അന്ന നട ചവിട്ടി   മുന്നോട്ടു നടന്നു ഗോവിന്ദൻ ഒരു കുഞ്ഞാടിനെപ്പോലെ പിന്നാലെയും .

കരിങ്കല്ലിൽ തീർത്ത ബെഞ്ചുകളിൽ ഒന്നിൽ അവളിരുന്നു . എന്തെങ്കിലും അങ്ങോട്ടു ചോദിക്കും മുൻപവൾ ഇരിക്കാൻ ആവശ്യപ്പെട്ടു കൊണ്ടു ആംഗ്യം കാട്ടി .
ഗോവിന്ദൻ എന്നെ അറിയുമോ ? അവളുടെ ചോദ്യം കേട്ടയാൾ അമ്പരന്നു . ജോലി ചെയ്യുന്ന ഹോട്ടലിന്റെ ഡെലിവറിയുമായി ഒരു പാടു വീടുകൾ കയറി ഇറങ്ങുന്നുണ്ട് പക്ഷെ ഇങ്ങനെ ഒരു മുഖം എവിടെയും കണ്ടതായി ഓർക്കുന്നില്ല . ഓർമ്മകളിലേക്ക് ചികഞ്ഞിറങ്ങിയ അയാളെ അവൾ തന്നെ അവിടെ നിന്നും മടക്കി കൊണ്ടു  വന്നു .

നിങ്ങൾ ഭക്ഷണം വിതരണം ചെയ്തിരുന്ന കനാൽക്കരയിലെ ആഡംബര വില്ലയിലെ അന്തേവാസിയായിരുന്നു ഞാൻ ! ഒരിക്കലും ഉറങ്ങാത്ത നഗരമാണിത് കാശുള്ളവന്റെ പറുദീസാ, തലങ്ങും വിലങ്ങും ചീറിപ്പായുന്ന കാറുകളിലേയ്ക്കു  നോക്കിയവൾ സംസാരിച്ചു തുടങ്ങിയപ്പോൾ ഗോവിന്ദന്റെ  ശ്വാസമിടിപ്പിന്റെ വേഗത കൂടി . ആ വില്ല അയാൾക്കൊരു സമസ്യയായിരുന്നു . മുന്തിയ ഇനം ഭക്ഷണം ഓർഡർ ചെയ്യുമ്പോഴും അതാരാണ് കഴിക്കുന്നതെന്നോ ആർക്കു വേണ്ടിയാണ് വാങ്ങുന്നതെന്നോ ഗോവിന്ദനജ്ഞാതമായിരുന്നു. ഏതോ വലിയ വ്യക്തികൾ താമസിക്കുന്നയിടം എന്നതിൽ കവിഞ്ഞൊന്നും അയാൾ അറിയാനും ശ്രമിച്ചില്ല . കഴിഞ്ഞ ആറു മാസമായി വെള്ളാരം കണ്ണുള്ള താത്യാന എന്ന  അസർബൈജാൻകാരി ഏതോ വലിയ പെൺ മാംസ കച്ചവടക്കാരുടെ തടവിലായിരുന്നു .
സ്ത്രീയേ എനിക്കും നിനക്കും തമ്മിലെന്ത് ? ഒരു പാവപ്പെട്ട ഹോട്ടൽ തൊഴിലാളിയായ ഗോവിന്ദൻ എന്ന ഞാനും നക്ഷത്ര വേശ്യാലയങ്ങളിൽ അകപ്പെട്ടു പോയ നീയുമായി...... ഗോവിന്ദൻ ശങ്കിച്ചു നിന്നു .

അസർ ബൈജാനിലെ ആരും തുണയില്ലാത്ത വൃദ്ധ മാതാപിതാക്കൾക്കു തുണയാകുമെന്നു കരുതിയാണ് . ഹോട്ടലിലെ  പരിചാരിക എന്നു  കേട്ടതും ചാടി പുറപ്പെട്ടത് . വന്നിട്ടിന്നോളം അങ്ങനെ ഒരു തൊഴിൽ ചെയ്തിട്ടില്ല ആരുടെയൊക്കയോ അത്തറു പൂശിയ ഉടലുകൾക്കു സുഖം പകരാൻ ഇന്നേ വരെ അവർ എന്നെ ഉപയോഗിക്കുകയായിരുന്നു . ഞങ്ങൾ ബാൽക്കൺ രാജ്യത്തെ പെണ്ണുങ്ങളെല്ലാം കാശിനു വേണ്ടി മാനം വിൽക്കുന്നവരാണെന്നാണ്  എല്ലാവരുടെയും വിചാരം എന്നാൽ അങ്ങനെ അല്ലാത്തവരും ഉണ്ട് .ജീവിക്കാനാണെങ്കിൽ ക്കൂടി  ഇനിയെനിക്കാ തൊഴിൽ വയ്യ എനിക്കു രക്ഷപ്പെടണം രക്ഷപെട്ടേ മതിയാകൂ .

ഗോവിന്ദനിപ്പോഴും വെള്ളാരം കണ്ണുള്ള സുന്ദരിയുടെ ആഗമനോദ്ദേശം എന്താണെന്നു മനസ്സിലായിട്ടില്ല . നാട്ടിലേയ്ക്ക് രക്ഷപെടാനോ എംമ്പസിയിൽ എത്തിക്കാനോ എന്തിനു പത്തു ദിർഹം കൊടുത്തു സഹായിക്കാനോ നിവർത്തിയില്ലാത്ത തന്റെ മുന്നിൽ  ഇതൊക്കെ പറഞ്ഞിട്ടു ഒന്നും ലഭിക്കാൻ പോകുന്നില്ല എന്നിട്ടുമവൾ എന്തിനെന്നെത്തേടിയെത്തി എന്നതായിരുന്നു അയാളുടെ സംശയം .

നിങ്ങളുടെ നാട്ടുകാരണവിടെ കൂടുതൽ ! ഒരു ഇന്ദിരയെ നീ അറിയും , നിങ്ങൾ ഒരുമിച്ചു കളിച്ചു വളർന്നവരാണ്, അവൾ പറഞ്ഞാണ് എനിക്കു നിന്നെ അറിയാവുന്നത് , അവൾ അവിടെയുണ്ട് നിനക്കവളെ രക്ഷിക്കാൻ കഴിയും അല്ലെങ്കിൽ, അവളുടെ വാക്കുകൾ തൊണ്ടയിൽ  കുടുങ്ങി .സംസാരിച്ചിരുന്നു സമയം വളരെ വൈകിയിരിക്കുന്നു സുബഹി വിളിക്കും മുൻപ്  ഹോട്ടലിൽ കയറണം. ഇന്ദിര ആ വില്ലയിൽ ഉണ്ടെങ്കിൽ തീർച്ചയായും അവരെ രക്ഷിക്കണം ചിന്തകളുടെ ലോകത്തു നിന്നും ഇറങ്ങിയപ്പോൾ കൽബെഞ്ചിലിരുന്ന അസർബൈജാനി സുന്ദരി താത്യാന എങ്ങോട്ടോ പോയിരിക്കുന്നു.

മരോട്ടി പറമ്പിലെ തഹസിൽദാരുടെ  മകൾ ഇന്ദിര എങ്ങിനെയായിരിക്കും പെൺവാണിഭ  സംഘത്തിൽ ഉൾപെട്ടിട്ടുണ്ടാവുക  ? നല്ലോണം പഠിച്ച കുട്ടിയായിരുന്നല്ലോ അവൾ! പണ്ടൊക്കെ പഠിക്കാത്ത പെണ്ണുങ്ങളെ ചതിയിൽപ്പെടുത്തി  കൊണ്ടു  വന്നു എന്നൊക്കെ കേട്ടിട്ടുണ്ട് ഇപ്പോൾ അതും മാറിയിരിക്കുന്നു .
ഹോട്ടലിൽ  വരുത്തുന്ന ഇംഗ്ളീഷ്  പത്രത്തിലെ  യുവതിയുടെ മൃതദേഹത്തിന്റെ മുഖം കണ്ടതും  ഗോവിന്ദൻ ഞെട്ടി പിറകോട്ടിരുന്നു . ഇന്നലെ വെളുക്കും വരെ തന്നോടു സംസാരിച്ചിരുന്ന തത്യാന എന്ന അസർബൈജാനി സുന്ദരി കഴിഞ്ഞ രണ്ടു ദിവസമായി  ദുബായ് പോലീസ് മോർച്ചറിയിൽ വിറച്ചു വിറങ്ങലിച്ചു അവകാശികളെ തേടി  ഇരിക്കുകയാണത്രെ .

ഗോവിന്ദൻ ഹോട്ടലിനു പുറത്തിറങ്ങി മുന്നോട്ടു  നടന്നു , വെള്ളാരം കണ്ണുള്ള ഒരു കൊച്ചു പെൺകുട്ടി   അയാൾക്ക്‌ പിന്നാലെ  വന്നൊരു കാട്ടു  റോസാ തണ്ടോടു കൂടി ഗോവിന്ദനു നേരെ നീട്ടി .അതു  വാങ്ങി ഇടത്തെ നെഞ്ചോട് ചേർത്തശേഷം അയാൾ അതി വേഗം മുന്നോട്ടു നടന്നു ...........

Sunday 7 May 2017

അമ്പിളി മാമൻ


അമ്പിളി മാമൻ പിണക്കത്തിലാണ്
ഒരമ്മ പോലുമിപ്പോൾ മക്കൾക്കു വേണ്ടി
തന്നെ പിടിക്കാൻ മെനക്കെടുന്നില്ല
മൊബൈലിലെ  ഗെയിം സ്റ്റോറിലേയ്ക്കു
താമസം മാറ്റിയാലോയെന്നു
ക്ഷീരപഥത്തിലിരുന്നു കൊണ്ടു മാമൻ
കൂലങ്കഷമായ ആലോചനയിലാണ് . 

ചുംബനം


രണ്ടുപേർ തമ്മിൽ ചുംബിക്കുമ്പോൾ
ലോകം കീഴ്‌മേൽ മറിയുന്നുവെന്ന
കവിവചനത്തിൽ ഭ്രമിച്ചാണു
ഞാനൊരു അധരം  തേടിയലഞ്ഞത്
ഊഷരമായിരുന്നയെന്റെ
ഉമിനീർ ഗ്രന്ധികളിലിപ്പോൾ പുത്തൻ
ഉറവകളുണ്ടായികൊണ്ടേയിരിക്കുന്നു
ജെറുസലേം പുത്രീ
നീയെന്നെ ഉമ്മകൾകൊണ്ടു മൂടുക 

Saturday 6 May 2017

പരുന്തുകൾ പറക്കാത്തയിടം (ചെറുകഥ)



അത്യാഹിത വിഭാഗത്തിന്റെ മുൻപിൽ ഒരു മധ്യ വയസു കഴിഞ്ഞൊരു സ്ത്രീ ഉച്ചത്തിൽ ആരോടോ സംസാരിക്കുന്നതു കണ്ടാണ് ഞാൻ അങ്ങോട്ടു കയറി ചെല്ലുന്നത് .എന്തിനാണവർ കലഹിക്കുന്നതെന്നോ ആരോടാണവർ കയർക്കുന്നതെന്നോ എനിക്കറിയില്ലായിരുന്നു കാരണം അത്യാഹിത വിഭാഗത്തിന്റെ മുറ്റത്തെ ബെഞ്ചുകളിൽ നിറയെ ആളുകളുണ്ടായിരുന്നു. അവരുടെ ആരോ അത്യാഹിതം സംഭവിച്ചു അഡ്മിറ്റ് ചെയ്യപ്പെട്ടിട്ടുണ്ടാവണം അതിന്റെ വികാര പ്രകടനമാവണം . ഏറ്റവും കൂടുതൽ ആത്മാർത്ഥമായ പ്രാർത്ഥനകൾ നടക്കാറുള്ളത് ദേവാലയത്തിലല്ല ആശുപത്രികളിലാണ് .എന്തെങ്കിലും പൂർണഹൃദയത്തോടെ ദൈവത്തോട് മനുഷ്യർ ആവശ്യപ്പെടുന്നതും ഇവിടെ വെച്ചാണ് .

അത്യാഹിതത്തിന്റെ  ബെഞ്ചുകളിൽ ഒന്നിൽ ഒഴിഞ്ഞയിടം നോക്കി ഞാനിരുന്നു . വിവിധ ദേശക്കാരായ ഒരു പാടു  പേർ  അകത്തു മരണാസന്നരായോ അത്യാഹിതം സംഭവിച്ചോ കഴിയുന്നവരുടെ അവസ്ഥ അറിയാൻ അക്ഷമരായി പുറത്തു കാത്തു നിൽക്കുന്നു .അടുത്തിരുന്ന ബംഗാളി പയ്യന്റെ മൊബൈൽ ഏതോ സൂപ്പർ ഹിറ്റ് തട്ടു  പൊളിപ്പൻ ബംഗാളി പാട്ടുമായി ചിലച്ചപ്പോൾ എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായി മൊബൈൽ നിരോധിത മേഖലയാണവിടം . ബംഗാളി പയ്യൻ ജാള്യത മറച്ചു കൊണ്ടു പോക്കറ്റിൽ നിന്നും ഫോൺ എടുത്തു ചെവിയിലേയ്ക്കു ചേർത്തു വെച്ചു കൊണ്ടു പുറത്തേയ്ക്കു നടന്നു . ഞാൻ പതിയെ എന്റെ പോക്കറ്റിൽ പരതി എന്റെ മൊബൈൽ അവിടെ ഉണ്ടെന്നു ഉറപ്പു വരുത്തി . വേഗം തന്നെ അയാൾ തിരികെ വന്നു കസേരയിലിരുന്നു . കസേരയിലിരുന്നതും വീണ്ടും ആ ഫോൺ ശബ്ദിച്ചു  ദേഷ്യത്തോടെ അയാൾ ആ ഫോൺ കട്ടു ചെയ്ത ശേഷം മൊബൈൽ  സ്വിച്ച് ഓഫ് ചെയ്തു .

ക്യാ ഹോഗയാ ഭായ് ?
എന്റെ കൂടെപ്പിറപ്പായ ഞിഞ്ജാസ തല കുലുക്കിയെഴുന്നേറ്റു .
എന്റെ ചോദ്യം പിടിക്കാത്ത വണ്ണം അവൻ തല വെട്ടിച്ചു അകത്തേയ്ക്കു നോക്കി . ആരോടോ ഉള്ള വാശിയിൽ നഖം  മുഴുവൻ കടിച്ചു വലിച്ചു പുറത്തേയ്ക്കു തുപ്പുന്നുണ്ടായാൾ . ബംഗാളികൾ ഭൂരിപക്ഷവും ഇങ്ങനെയാണ് ആർക്കും അവരെ മെരുക്കുക സാധ്യമല്ല കാരണം അവരുടെ  തലച്ചോറുകളിൽ അവർക്കു മീതെ  ആർക്കും അവർ ആപ്രമാദിത്യം നൽകില്ല എന്നതു  തന്നെ . പിന്നെയവനെ ഞാൻ ശല്യപ്പെടുത്താൻ പോയില്ല . പുതിയ പുതിയ  അപകട കേസുകൾ വന്നു കൊണ്ടേയിരിക്കുന്നു എന്റെ ശ്രദ്ധ മുഴുവൻ പുതിയതായി വന്ന ഫിലിപ്പീനോയിലും സുഹൃത്തിലുമാണ്  . എന്തോ അപകടമാവണം ഒരു ഫിലിപ്പീനോയുടെ കാൽ ഒടിഞ്ഞു തൂങ്ങിയിട്ടുണ്ട്  എന്നിട്ടുമയാൾ വേദനയുടെ ലാഞ്ചന പോലുമില്ലാതെ ചിരിക്കുന്നു . നേഴ്‌സ് ചക്ര കസേര കൊണ്ടു വന്നു അയാളെ ഇരുത്തിയതും കൂടെ വന്നയാൾ കുനിഞ്ഞയാളുടെ ചുണ്ടുകളെ കടിച്ചു വലിച്ചു .
ഇംഗ്ളീഷ് സിനിമകളിൽ കാണുന്ന ഫ്രഞ്ച് കിസ് കണ്മുന്നിൽ കണ്ട ബംഗാളി പയ്യന്റെ കണ്ണ് തള്ളി പുറത്തേയ്ക്കു വരുന്നത് ഞാൻ കണ്ടു . സ്വവർഗ രതിക്കാരാവണം അവർ, ഫിലിപ്പിനോകളിൽ ഇങ്ങനെ ഒരു പാടു പേരുണ്ട്  .
ചക്ര കസേരയുമായി വന്ന മധ്യ വയസ്കയായ നേഴ്‌സ് എന്തോ വലിയ അശ്ലീല കാഴ്ച കണ്ടതു പോലെ മുഖം കോക്രിച്ചു കൊണ്ടു വേഗം ചക്രകസേരയുന്തി കാലൊടിഞ്ഞ ഫിലിപ്പീനോയുമായി അകത്തേയ്ക്കു കയറി .

ഭായി ദോ  ദിർഹം കാ കോയിൻ ഹൈ ?

നേരത്തെ പോസു കാണിച്ച ബംഗാളി പയ്യൻ എനിക്കു നേരെ യാചനാ സ്വരവുമായി തിരിഞ്ഞിരുന്നു . അവന്റെ വണ്ടിയിലെ  പാർക്കിംഗ് കാർഡ് തീർന്നിരിക്കുന്നു .അതു  മാറ്റിയിടാൻ ചില്ലറ വേണം . ഞാൻ പോക്കറ്റിൽ പരതി എനിക്കു പാർക്കിംഗ് കാർഡാണുള്ളത് അതെടുത്തു അവനു നേരെ നീട്ടി .സന്തോഷത്തോടെ അവൻ അതു  വാങ്ങി  പാർക്കിംഗ് ടിക്കറ്റ് ഇട്ടിട്ടു കാർഡുമായി തിരികെ വന്നടുത്തിരുന്നു .

മേരാ ഭായ് കൽ സെ ഇദരീ ഹൈ ! എന്റെ സഹോദരൻ ഇന്നലെ വൈകിട്ടു മുതൽ ഇവിടെ അഡ്മിറ്റാണ് ,ബംഗാളി ഒരു കുമ്പസാരം പോലെ എന്നോടു സംസാരിച്ചു തുടങ്ങി . ഇന്നലെ വൈകിട്ടു വീട്ടിൽ വിളിച്ചു ഭാര്യയുമായി  വഴക്കിട്ട ശേഷം എന്തോ അബദ്ധം കാണിച്ചത്രേ .

 ബംഗാളിയിൽ ഒരു ചീത്ത പറഞ്ഞു കൊണ്ടയാൾ തുടർന്നു
 ഈ പെണ്ണുങ്ങൾ ഇങ്ങനെയാ, സംസാരിക്കുമ്പോൾ അവർക്കു ബെല്ലും ബ്രെക്കും ഇല്ല അവൻ ഈ ചൂടത്തു പണിയെടുക്കുന്നത് ആർക്കു വേണ്ടിയാണ് എന്നെങ്കിലും ഓർക്കാനുള്ള കഴിവില്ലാത്ത  കഴുതകൾ!
ബംഗാളി ആ തെറി ആവർത്തിച്ചു . ഞാൻ നിശബ്ദനായി  ഈ ലോകത്തു എന്തെല്ലാം പ്രശ്‍നങ്ങൾക്കു നടുവിലാണ് മനുഷ്യരെല്ലാം  ജീവിക്കുന്നത് .പുറമെ ചിരിച്ചും കളിച്ചും നടക്കുന്ന മനുഷ്യർക്ക് എന്തെല്ലാം വ്യഥകളാണ് ഉള്ളിൽ ഉണ്ടാവുന്നത്. ഒന്നിനും ഒരു ഗ്യാരണ്ടിയില്ല  അല്ലെങ്കിൽ ഇന്നലെ കൂടി ഓഫീസിൽ  വന്ന കേശുഭായി പട്ടേൽ എന്ന എന്റെ മാനേജർ ഇന്നു ജീവനും മരണത്തിനുമിടയിലുള്ള   നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുമോ .

ഐസിയുവിൽ നിന്നും കരഞ്ഞു കൊണ്ടൊരു സ്ത്രീ പുറത്തേയ്ക്കിറങ്ങി വന്നു . മുൻപ് ഞാനിവരെ എവിടെയോ കണ്ടിട്ടുണ്ട് കേശുഭായിയുടെ ഭാര്യ! അതെ കല്യാണം കഴിഞ്ഞിട്ടു ആറു മാസം പോലുമായിട്ടില്ല .
കേശുഭായി പട്ടേൽ മരിച്ചിരിക്കുന്നു . നേരത്തെ ഒച്ചയിട്ടു സംസാരിച്ച മധ്യവയസ്‌ക കേശുഭായിയുടെ അമ്മയായിരുന്നു  . വന്നു കയറിയ മരുമകളുടെ ജാതക ദോഷം കൊണ്ടാണ് തന്റെ മകനീ ഗതി വന്നതെന്നു അവർ ഉച്ചത്തിൽ അലമുറയിട്ടു കരയുന്നു . ഞാൻ ഫോണെടുത്തു ഓഫീസിലേയ്ക്ക് മരണ വാർത്ത അറിയിച്ചു കൊണ്ടു പുറത്തേയ്ക്കിറങ്ങി .

സാർ  ഒന്നു  നിൽക്കാമോ ?
ഞാൻ തിരിഞ്ഞു നിന്നു പിന്നിൽ മരണപ്പെട്ട കേശുഭായി പട്ടേലിന്റെ പുതു മണവാട്ടിയാണ് . അവർ തിടുക്കപ്പെട്ടു എന്റെ അടുക്കൽ വന്നു സംശയത്തിൽ ചോദിച്ചു .
സാർ ഇനിയുള്ള നടപടികൾ ?
മൃതദേഹം നാട്ടിലെത്തിക്കുന്നതു വരെയുള്ള എല്ലാ ജോലികളും കമ്പനി ചെയ്തു തരും നിങ്ങൾ വിഷമിക്കാതിരിക്കൂ !
ഞാൻ അവർക്കു ഉറപ്പു കൊടുത്തു .
അതല്ല സാർ !!!
ചോദ്യം പിടികിട്ടാത്തവണ്ണം ഞാനവരുടെ മുഖത്തേയ്ക്കു നോക്കി
കമ്പനിയിൽ നിന്നും കിട്ടാനുള്ള സർവീസ് ആനുകൂല്യങ്ങൾ എന്റെ പേരിൽ കിട്ടുമോ ?
പട്ടേലിന്റെ ശരീരത്തിൽ ജീവന്റെ ചൂടു വറ്റിയിട്ടുണ്ടാവില്ല അതിനു മുൻപു ജീവന്റെ വിലയ്ക്കായി കഴുകൻ കണ്ണുകളുമായി വന്നിരിക്കുന്നു . എന്റെ മുഖത്തു ഞാനറിയാതെ വന്ന പുശ്ച സ്വരം വായിച്ചിട്ടെന്നോണം അവൾ തുടർന്നു .

ആ തള്ള അവരൊരു രാക്ഷസിയാണ് സാർ ! എനിക്കിനിയും ജീവിക്കണം അവരുടെ പേരിൽ കൊടുത്താൽ അവരെനിക്ക് ഒരു രൂപ പോലും തരില്ല സാർ !
ഞാൻ അലക്ഷ്യമായി മുന്നോട്ടു നടന്നു അവരെന്റെ പിന്നാലെ കൂടി ഓരോന്നും പറയുകയാണ് .
സർജീ ആപ്കോ ജോ ചാഹിയെ വോ പൂച്ചോ മേ  ദൂങ്ക!
സാർ നിങ്ങൾ പകരമായി എന്താവശ്യപ്പെട്ടാലും ഞാൻ തരാം  അതു  പറഞ്ഞവർ  ചുരിദാറിനു മുകളിലുള്ള ഷാൾ ഉയർത്തി തന്റെ വക്ഷസിന്റെ കനം എനിക്കു വ്യക്തമായും കാണത്തക്ക വണ്ണം എന്റെ വിലങ്ങനെ  നിന്നു.
അപ്പോൾ ഭീകരമായ ശബ്ദമുണ്ടാക്കികൊണ്ടൊരു ആംബുലൻസ് ഞങ്ങൾക്കിടയിലൂടെ അത്യാഹിതത്തിനു മുന്നിലേയ്ക്ക് വന്നു നിന്നു . അതിൽ നിന്നിറക്കിയ രോഗിയ്ക്കു പിന്നാലെയും ഒരു സ്ത്രീ കരഞ്ഞു കൊണ്ടു അകത്തേക്കോടി ..............................

Wednesday 3 May 2017

രത്നങ്ങളാകുന്ന വെറും കല്ലുകൾ



ഐ ടി ഐ പഠിക്കാൻ ബഹറിനിൽ നിന്നും കൊച്ചാപ്പയുടെ കത്തു വന്നതിനു ശേഷമാണ് എന്റെ ജീവിതം വഴിത്തിരിവിലേയ്ക്ക് നീങ്ങുന്നത് .  ഏ സി റെഫ്രിജറേഷൻ കോഴ്‌സിനായിരുന്നു അന്ന് ഡിമാൻഡ് ഉണ്ടായിരുന്നത് .ലക്ഷ്യം ഗൾഫായിരുന്നതിനാലും ചെന്നാലുടൻ റിയാൽ എണ്ണി  വാങ്ങാൻ പറ്റുന്ന തൊഴിലെന്നു ഖ്യാതി ഉണ്ടായിരുന്നതിനാലും വാപ്പ ഇൻസ്റ്റിറ്റിയൂട്ടിന്റെ പ്രിൻസിപ്പാളിന്റെ വാചകമടിയിൽ മൂക്കും കുത്തി വീണു . പതിനായിരം രൂപ റൊക്കമോ തവണകളായോ അടച്ചാൽ ആറു  മാസം കൊണ്ടു ഏ സിയും ഫ്രിഡ്ജും തന്നെ ഉണ്ടാക്കാൻ കഴിയുമത്രേ . ഗൾഫിൽ പോകാൻ പറ്റിയില്ലെങ്കിൽ നാട്ടിൽ തന്നെ ഒരു ഫ്രിഡ്ജ് കമ്പനി തുടങ്ങണം .വാപ്പ പണമെണ്ണി തരുമ്പോൾ ഇതൊരു നിക്ഷേപമാണെന്നു മുഖത്തു നോക്കി പറഞ്ഞു .പഠിച്ചു പണിക്കാരനാകുമ്പോൾ മുതലും പലിശയും ചേർത്തു തിരികെ കൊടുക്കാനുള്ള നിക്ഷേപം . ബാപ്പ 16 ആം വയസു മുതൽ കള്ള സർട്ടിഫിക്കറ്റുണ്ടാക്കി പാസ്പോർട്ടെടുത്തു വെച്ചു കാത്തിരിപ്പു തുടങ്ങിയതാണ് പക്കെയെങ്കിലു പടച്ചോന്റെ കൃപകൊണ്ടു ഈ  പ്രായത്തിലും ഒട്ടകങ്ങളുടെ നഗരത്തെ കനവു കാണാനേ മൂപ്പർക്ക് യോഗമുണ്ടായിട്ടുള്ളു . തനിക്കു കാണാൻ പറ്റാത്ത ഭൂമിക  മകനെങ്കിലും കാണണമെന്നു ബാപ്പ ആഗ്രഹിക്കുന്നു . തോക്കുകാരൻ ഹംസ ബാപ്പയെം  ഉമ്മയേം കൊണ്ടു പോയതും . മുരിക്കു പുരയ്ക്കലെ കുൽസുമ്മാ മസ്കറ്റിലും ദുബായിലും ജിദ്ധയിലുമുള്ള മക്കളുടെ കൂടെ മാറി മാറി നിൽക്കുന്നതും ഒക്കെ ബാപ്പയും  കൊതിയോടെ വിവരിക്കുന്നതു ഞാൻ കണ്ടിട്ടുണ്ട് . ജോലി നേടി വിദേശത്തേയ്ക്ക് പറന്നാൽ  ബാപ്പടെ ആഗ്രഹം നടത്തി കൊടുക്കണം   അതിനിനി  എത്ര കഷ്ട്ടപെടണ്ടി വന്നാലും .



പറഞ്ഞതുപോലെ  കൊച്ചാപ്പ വിസ കൊണ്ട് വന്നു ,  മീശമുളയ്ക്കും മുൻപ് ഞാൻ ബാപ്പയ്ക്കു ബാലികേറാ മലയോ കാനാൻ ദേശമോ ആയ  മരുഭൂമിയുടെ ചൂടിലേയ്ക്കു കാലെടുത്തിറങ്ങി . കൊച്ചാപ്പ പോരും മുൻപ് എന്നെ തനിച്ചു മാറ്റി നിർത്തി പറഞ്ഞു  പഠിച്ച പണിയൊന്നും കിട്ടണമെന്നില്ല കിട്ടുന്നതു ചെയ്തോണം. കഷ്ടപ്പാടും ചൂടും ഉണ്ടാകുമ്പോൾ ഇട്ടിട്ടു പോന്നാൽ  നഷ്ട്ടം ഇനിക്കു   തന്നെ ആണെന്നോർക്കണം. തലകുനിച്ചു നിന്നു കേട്ടു സമ്മതം മൂളി  രണ്ടും കൽപ്പിച്ചാണ് ഞാനും പുറപ്പെടുന്നത് രക്ഷപ്പെടണം എന്നൊരു  വിചാരം മാത്രമാണ് ഉള്ളു നിറയെ.

കൊച്ചാപ്പയുടെ പരിചയത്തിലുള്ള അറബിയുടെ കീഴിലേക്കാണ് ഞാൻ ആദ്യമായി ജോലിക്കു കയറുന്നത് . സർട്ടിഫിക്കറ്റ് വാങ്ങി  തിരിച്ചും മറിച്ചും വാങ്ങി നോക്കിയിട്ടു എന്നോടായാൾ എന്തൊക്കയോ അറബിയിൽ ചോദിച്ചു . ഒന്നും മനസിലാകാഞ്ഞതിനാൽ    ഞാൻ എല്ലാത്തിനും യെസ്  യെസ് എന്നു തലയാട്ടിക്കൊണ്ടിരുന്നു. കൊച്ചാപ്പ നാട്ടിൽ വെച്ചു പറഞ്ഞു വിട്ട പ്രധാന കാര്യമാണത് അറബികളുടെ നിഘണ്ടുവിൽ നമ്മുടെ ഇന്ത്യക്കാർക്കു നോ എന്ന പദം ഉപയോഗിക്കാൻ അനുവാദമില്ല .അടിമകച്ചവടത്തിന്റെ കാലം കഴിഞ്ഞിട്ടും ഞങ്ങളെ അടിമകളാക്കിക്കോളൂ എന്ന് പറഞ്ഞൊരു സമൂഹം വന്നു അട്ടിപ്പേറു കിടന്നാൽ ഇങ്ങനെയൊക്കയോ  സംഭവിക്കാവൂ .

താൾ താൾ അറബി വീട്ടിൽ നിന്നുമിറങ്ങി  എന്റെ മുന്നേ നടന്നു ,കുഞ്ഞാടിനെപ്പോലെ ഞാൻ പിന്നാലെയും നിസ്സാൻ പെട്രോളിന്റെ ശീതളിമ നിറഞ്ഞ സീറ്റിലേയ്ക്കയാളെന്നെ ആനയിച്ചിരുത്തി .വണ്ടി നീങ്ങുന്നത് ഏതോ മരുഭൂമിയിലേയ്ക്കാണോ  എന്നു  ഞാൻ ന്യായമായും സംശയിച്ചു . ആടു ജീവിതങ്ങൾ ആവർത്തിക്കാൻ സാധ്യതയുണ്ടോ എന്നെന്റെ ഹൃദയം പെരുമ്പറ മുഴക്കി ചോദിക്കുന്നു  . വണ്ടി മണലാരണ്യങ്ങൾ കടന്നു മുന്നോട്ടു പോകുമ്പോൾ അയാൾ എന്നെ നോക്കി വീണ്ടും ആ ചോദ്യം ആവർത്തിച്ചു .

ഇന്ത മുഹന്തിസ് ?

യെസ് ,യെസ്  ഞാനെന്റെ ഹൈപ്പോതലാമസിൽ തയ്യാറാക്കി വെച്ചിരുന്ന ഉത്തരം ഒന്നൊന്നായി ആർജ്ജവത്തോടെ തൊടുത്തു വിട്ടു  .

അറബി മനസു നിറഞ്ഞു ചിരിക്കുന്നത് ഞാൻ കണ്ടു . എല്ലാ അറബികളും ദുഷ്ടരും മനഃസാക്ഷിയില്ലാത്തവരുമല്ല .നല്ലയിനം അറബികളിൽ പെട്ടവനാണ് എന്റെ കഫീൽ .വണ്ടി മൊട്ടക്കുന്നുകളും  മലമ്പാതകളും കടന്നു വിശാലമായ ഒരു കടൽത്തീരത്തേയ്ക്കു നീങ്ങി . സുന്ദരമായ നൗകകൾ  നിരനിരയായി കിടക്കുന്ന തീരത്തയാൾ കാർ നിർത്തി എന്നോടിറങ്ങാൻ ആവശ്യപ്പെട്ടു .

മുഹന്തിസ് ആദാ കുല്ലു മല്ലാനാ  ,മിൻ യോം ഇന്ത മൽ മുഹന്തിസ് മൽ ഹാത !!
അറബി നീട്ടി ഒരു വിസിലടിച്ചു ഒരു നൗകയുടെ ഡെക്കിലിരുന്ന കറുത്തു കുറുകിയ മൊട്ട ചാടി താഴേയ്ക്കിറങ്ങി വന്നു  .

സുന്ദരം ,ആദ മുഹന്തിസ് ജദീദ് ,കുല്ലീന ഷൂഫ് മക്കാൻ മൽ ഹുവാ !

സുന്ദരത്തെ എന്തോ പറഞ്ഞേൽപ്പിച്ചിട്ടു അറബി എന്നെ അവിടെ ഉപേക്ഷിക്കുകയാണ് . പോകും മുൻപ്  എന്തൊക്കെയോ കൂടി എന്നോടു പറയുന്നുണ്ടായിരുന്നു .കാറിൽ കയറി ഇരുന്നതും അറബി നീട്ടിയൊരു ഹോൺ അടിച്ചു ഞാനോടി അടുത്തേയ്ക്കു ചെന്നു . അയാൾ കന്തൂറയുടെ പോക്കറ്റിൽ നിന്നും ഒരു കെട്ടു നോട്ടെടുത്തു എനിക്കു നേരെ നീട്ടി 1000 ദിർഹമോളം ഉണ്ടാവണം .കറുത്തു കുറുകിയ സുന്ദരം എന്നെ അസൂയയോടെ നോക്കി  .

വരണം സാർ വരണം അയാളെന്നെ തമിഴ് കലർന്ന മലയാളത്തിൽ പുതിയ സ്ഥലത്തേയ്ക്ക് ക്ഷണിച്ചു .

എന്റെ  സംശയം അവസാനിക്കുന്നില്ല , ഞാൻ സുന്ദരത്തിനെ  അടുത്തു വിളിച്ചു ചോദിച്ചു
അല്ല തമ്പി ഇവിടെ എന്റെ ജോലി എന്നതാ ?
അയാളുറക്കെ ചിരിച്ചു ,
എന്ന സാർ കിണ്ടൽ പണ്ണത്
സുന്ദരം തമാശയല്ല ,എന്റെ ജോലിയെപ്പറ്റി ഒന്നും അറബി പറഞ്ഞില്ല
നിങ്ങൾ എഞ്ചിനീയർ അല്ലേ ,ഒരു എൻജിനീയറുടെ ജോലി ഞാൻ പറഞ്ഞു തരണോ ?
ആയിരം പകൽ നക്ഷതങ്ങൾ തലയ്ക്കു ചുറ്റും ഭ്രമണം ചെയ്യുന്നു . ഡൂക്കിലി ഇന്സ്ടിട്യൂട്ടിൽ നിന്നും ഏ സിയും  ഫ്രിഡ്ജും നന്നാക്കാൻ പഠിച്ച ഞാൻ കടലിൽ ഒഴുകുന്ന നൗകയുടെ റിപ്പയറിംഗ് പണി ചെയ്യണമെന്ന് .

നീങ്ക ഫ്രഷ് ഡിഗ്രി താനെ അതിനാലെ കൊഞ്ചം വെക്കം ,പറവയില്ല സാർ നമ്മ മെക്കാനിക്ക് ഒക്കെ സൂപ്പർ പശങ്ങൾ അവർ പണിയെല്ലാം എടുത്തോളും നീങ്ക സൂപ്പർവൈസ് മട്ടും ചെയ്‌താൽ മതി .
സുന്ദരം എന്നെ സമാശ്വസിപ്പിച്ചു തമിഴന്മാർ ഹൃദയമുള്ളവരാണ് .

ശ്വാസം നേരെ വീണു ,അരിയും മണിയും  അറിയാത്ത ഞാൻ ആഡംബര നൗകകൾക്കിടയിൽ എന്റെ പുതു  ജീവിതം ആരംഭിച്ചിരിക്കുന്നു . സർട്ടിഫിക്കറ്റുകൾ നൽകുന്ന അറിവിനേക്കാൾ പതിന്മടങ്ങു ആത്മവിശ്വാസം എന്ന ഒന്നാണെന്നു ഞാൻ പതിയെ പതിയെ തിരിച്ചറിയുന്നു . ചില നിരീക്ഷണങ്ങൾ , പ്രായോഗിക ബുദ്ധി പതിയെ പതിയെ കുഞ്ഞൻ കപ്പലുകളുടെ മെക്കാനിസത്തിലേയ്ക്ക്  വഴിതെറ്റിയെങ്കിലും ഞാനും നടന്നടുത്തിരിക്കുന്നു .

അറബിക്കടലിന്റെ നെഞ്ചകം പിളർന്നൊരു ആഡംബര നൗക ഇപ്പോൾ ഒഴുകുന്നു അതിന്റെ ഡെക്കിൽ ആകാശം നോക്കിയിരിക്കുന്നത് എന്റെ ബാപ്പയാണ് .ആ കണ്ണുകളിൽ നിന്നും ഒഴുകുന്ന കണ്ണുനീരിനിപ്പോൾ ഉപ്പുരസമല്ല തേൻ മധുരമാണ് .മക്കൾ വിചാരിച്ചതിലും വലിയ ഇടങ്ങളിൽ വിരാചിക്കുന്നതു കാണുമ്പോഴാണ്  എല്ലാ ബാപ്പമാർക്കും ഉമ്മമാർക്കും സ്വർഗം ലഭിക്കുന്നത് .

അബ്ദുള്ളാ അസോസിയേറ്റിന്റെ അൻപതാമത്തെ നൗക നീറ്റിലിറക്കിയപ്പോൾ അറബി എന്നെ കെട്ടി പിടിച്ചു കൊണ്ടു പറഞ്ഞു
മുഹന്തിസ് മുഖ് മൽ ഇന്ത ഖൈസ് !
ഇപ്പോൾ അറബി പറഞ്ഞതിന്റെ അർഥം അതിന്റെ പൂർണ അർത്ഥത്തിൽ എനിക്കു മനസിലാക്കാൻ കഴിയുന്നു മണലാരണ്യത്തിൽ ജീവിതം നട്ടു വളർത്തി വൻവൃക്ഷമായ ഭൂരിപക്ഷവും തെളിഞ്ഞ ബുദ്ധി മാത്രമുള്ളവരായിരുന്നു ...

Tuesday 2 May 2017

പരിശുദ്ധ പ്രണയം






മക് ഡൊണാൾസിലെ ബർഗർ
പിസ്സ ഹട്ടിലെ ഇറ്റാലിയൻ പിസാ
റോളാ മാളിനു മുന്നിലെ തന്തൂരി കട
കറാച്ചി ദർബാറിലെ മട്ടൻ പായ

എന്റെ പ്രണയത്തിനു ഞാൻ
പകരം കൊടുക്കേണ്ടി വന്ന
പണയപണ്ടങ്ങളായിരുന്നു
മേൽപറഞ്ഞവയൊക്കെ

ഡാർലിംഗ് ഇന്നെങ്ങോട്ടാണെന്നു
ചോദിക്കുമ്പോഴേ എന്റെ ഉള്ളം
കരയിൽ പിടിച്ചിട്ട മീനിനെപ്പോലെ
ഒരിറ്റു ദാഹ ജലത്തിനും
ശ്വാസത്തിനുമായി
പിടഞ്ഞു തുടങ്ങിയിട്ടുണ്ടാവും

പ്രണയത്തിലും യുദ്ധത്തിലും
എന്തും ആവാമെന്ന പഴമൊഴി
അവൾക്കു നന്നായി അറിയാമെന്നു
അവളുടെയാ  കഴിപ്പും നോക്കിയിരുന്നു
പലതവണ ഞാൻ മനസ്സിലാക്കിയതാണ്

പ്രിയതമേ നമുക്കു അതിരാവിലെ
എഴുന്നേറ്റു മുന്തിരി തോപ്പുകളിലേക്കും
മാതള നാരക പൂവിങ്കലേയ്ക്കും
ഓരോരോ സങ്കൽപ്പീക യാത്ര
പോയാൽപ്പോരേയെന്നത്ര തവണ
ഞാൻ നിന്നോടു ചോദിച്ചതാണ്

ഇനി നിന്റെ പ്രണയത്തിനു
മറുവിളി കേൾക്കാൻ ഞാനില്ലപെണ്ണെ  
ഫാസ്റ്റ് ഫുഡ്‌കാരനു
തീറെഴുതാൻ എന്റെ
കയ്യിൽ കടം പരമാവധി
കഴിഞ്ഞ   കാർഡുകൾ
മാത്രമാണവശേഷിക്കുന്നത്

പരിശുദ്ധ പ്രേമമെന്നതു
മിഥ്യാ സങ്കൽപമാണ്
പോക്കറ്റിലെയും
ക്രെഡിറ്റ് കാർഡിലെയും
ലിമിറ്റ് തീരും വരെ മാത്രമുള്ള
സുഖമുള്ള സ്വപ്നം .