Saturday 29 July 2017

ഒരു രീതി



ഇടിക്കുളയ്ക്കു ഒരു രീതി ഇടിക്കുളയെന്ന പേരെങ്ങനെ വന്നെന്നോ ആരാണത് ആദ്യം വിളിച്ചതെന്നോ ഓർമ്മയില്ല പക്ഷെ ഒരു വാചകം പൂർത്തിയാക്കുന്നതിനിടയിൽ ഒരു തവണയെങ്കിലും "ഒരു രീതി" എന്ന വാക്യം ഇടിക്കുള ഇപ്പോഴും പ്രയോഗിക്കും . ചില വാക്കുകൾ അങ്ങനെയാണ് നാവിന്റെ തുമ്പത്തു കുടുങ്ങി പോയാൽ പിന്നെ ഇറങ്ങി പോകാൻ ഇമ്മിണി പാടാണ് . കേരളകോൺഗ്രസിന്റെ സമ്മേളനത്തിൽ പ്രസങ്ങിക്കാൻ പോയാലും മണിമലയിൽ റബ്ബറു കച്ചോടത്തിനു പോയാലും ഇടിക്കുള പിഴുതെറിയാൻ ശ്രമിക്കുന്ന ആ "ഒരു രീതി" കൂടെ ചെല്ലും . ഒരു രീതിയിൽ  പറഞ്ഞു കഴിഞ്ഞാ അതിപ്പോ നാട്ടുകാരും വീട്ടുകാരും എന്തിനു ഇടിക്കുളയുടെ ഭാര്യ തങ്കമണി പോലും ഒരു രീതിയെ ഒരു രീതിയിൽ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു .

ശബ്ദതാരാവലിയിലെ നല്ല പദങ്ങൾ കടം കൊണ്ടു തന്റെ സംഭാഷണം മധുരതരമാക്കാൻ ശ്രമിക്കുന്ന ഇടിക്കുള നാവിൽ കയറിക്കൂടിയ ഒരു രീതിയെ ഒഴിവാക്കാൻ ഭഗീരഥ പ്രയത്നം നടത്തുന്നതിനിടെയാണ് നഗരത്തിലെ പള്ളിയിൽ അത്ഭുതപ്രവർത്തകനായ ധ്യാനഗുരുവിന്റെ ധ്യാനത്തെപ്പറ്റി കേട്ടത് വെള്ള പാണ്ടു മുതൽ ക്യാൻസർ വരെ പ്രാർത്ഥനായാൽ സുഖപ്പെടുത്തിയിരുന്ന ഗുരുവിനെ കാണുന്നതിനായി ഇടിക്കുള നഗരത്തിലേയ്ക്ക് വണ്ടി കയറി . ഒരു രീതിയിൽ പറഞ്ഞാൽ ഗുരു ഇങ്ങനെ ഒരു ആവശ്യവുമായി വരുന്ന ഒരാളെ തന്റെ ധ്യാന ജീവിതത്തിൽ ആദ്യാമായിട്ടായിരുന്നു  കാണുന്നത് .

ഒരു രീതിയിൽ പറഞ്ഞാൽ എനിക്കൊരു പ്രോബ്ലം ഉണ്ട് ഗുരോ ?
ഇടിക്കുള വന്ന പാടെ കാര്യം അവതരിപ്പിച്ചു .ഗുരു ചിന്താ നിമഗ്നനായി ,വെളുത്ത താടിയിൽ തഴുകി തഴുകി താഴോട്ടിറക്കി  . നിശ്ശബ്ദതയല്ലാതെ മറുപടിയൊന്നും ഗുരുവിന്റെ ഭാഗത്തു നിന്നും ഉണ്ടാകാഞ്ഞതിനാൽ ഇടിക്കുള ഒരു രീതിയിൽ അസ്വസ്ഥനായി .

ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ഒന്നു വാ തുറക്കൂ ഗുരോ !
ഇടിക്കുളയുടെ ക്ഷമ ക്ഷോഭത്തിനു വഴിമാറി   ഗുരു അപ്പോഴും വെളുത്ത താടിയിൽ തടവി ചിരിച്ചു കൊണ്ടേയിരുന്നു .

ഒരു രീതിയിലും ഗുരുവിൽ നിന്നും ഉത്തരം ലഭിക്കില്ലായെന്നായപ്പോൾ ഇടിക്കുള ഗുരുവിനെ വിട്ടിറങ്ങി കിഴക്കൻ മലയിലേയ്ക്കു പോയി .
ഒരു രീതിയിലും ഒഴിവാക്കാനാവാത്ത വിധം തന്റെ നാവിൽ കടന്നു കൂടിയിരിക്കുന്ന ഭൂതമാണ് ഒരു രീതിയെന്ന്  ഇടിക്കുളയ്ക്കു തോന്നി . പെട്ടന്നൊരു ദിവസം ഇടിക്കുളയൊരു തീരുമാനമെടുത്തു ഒന്നും മിണ്ടാതെയിരിക്കുക കുറെ കാലത്തേയ്ക്ക് ആരോടും ഒന്നും മിണ്ടാതെ ജീവിയ്ക്കുക .തങ്കമണി പല തവണ വിലക്കിയിട്ടും  ഇടിക്കുള തന്റെ തീരുമാനത്തിൽ ഉറച്ചു മൗനവ്രതം ആരംഭിച്ചു  .
നല്ല പ്രാസംഗികനും ഭംഗിയുള്ള പദങ്ങൾ പുതിയതു പലതും നാട്ടുകാർക്കു സംഭാവന ചെയ്തിട്ടുള്ളവനുമായ ഒരു രീതി ഇടിക്കുളയുടെ  മൗനം ഒരു രീതിയിലും അംഗീകരിക്കാൻ കഴിയാത്ത നാട്ടുകാർ ആ ഗ്രാമത്തിന്റെ പേര് തന്നെ ഒരു രീതി ഗ്രാമം എന്നാക്കി മാറ്റി ഇടിക്കുളയെ വാ തുറക്കാൻ പ്രേരിപ്പിച്ചു കൊണ്ടിരുന്നു  .

 ഊടും പാവുമിട്ടു വല  നെയ്യുന്ന ചിലന്തിയുടെ സാമർഥ്യത്തോടെ  ഇടിക്കുള മൗനത്തിൽ നിന്നും മൗനത്തിലേയ്ക്കു  പുതിയ പുതിയ നൂലുകൾ നെയ്തിറങ്ങി .  ഒരു രീതിയിലും ഇടിക്കുള വായ തുറക്കില്ലന്നു കണ്ട  നാട്ടുകാർ ഒരു രീതി ഇടിക്കുളയെ അയാളുടെ പാട്ടിനു വിട്ടു .

തങ്കമണി മുട്ടിന്മേൽ നിന്നും ഉപവാസമെടുത്തും കെട്ടിയോനു സംഭവിച്ച മാറ്റത്തെ ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ മാറ്റിയെടുക്കാൻ  മുട്ടിപ്പായി പ്രാർത്ഥിച്ചു . ഉദ്ധിഷ്ട കാര്യ മദ്ധ്യസ്ഥനായ യൂദാ ശ്ലീഹായുടെ നൊവേന ഒൻപതു ദിവസം ചൊല്ലിയതിന്ററെ ഫലമായി ഒരു ദിവസം പെട്ടന്ന് ഇടിക്കുള വായ തുറന്നു .

അത്ഭുത വാർത്ത കേട്ടു സന്തോഷ പുളകിതരായ നാട്ടുകാർ ഒരു രീതി മാറിയ ഇടിക്കുളയെക്കാണാൻ തിടുക്കം കൂട്ടി  . ഇടിക്കുള ശാന്തമായ സ്വരത്തിൽ "ഒരു രീതി, ഒരു രീതി, ഒരു രീതി" എന്നു  മന്ത്രം പോലെ ജപിച്ചു കൊണ്ടു നാട്ടുകാരെ നോക്കി  വെളുക്കെ ചിരിച്ചു . തങ്കമണി തടിച്ചു കൂടിയവരോടും ഇടിക്കുളയുടെ വിശേഷം തിരക്കിയവരോടും ഒക്കെ ഇങ്ങനെ പറഞ്ഞു  .

ഒരു രീതിയിൽ പറഞ്ഞാൽ മാറ്റമുണ്ട് ! ഇപ്പോൾ ഒരു രീതി എന്നെങ്കിലും പറയുന്നുണ്ടല്ലോ !!!!!!

Wednesday 26 July 2017

...........പ്രശ്‌നം..........





ഗ്രഹത്തിന്റെ അപഹാരമാണ്‌,
പതിനാലു കവിടി  കക്കാ
ഇടത്തോട്ടും വലത്തോട്ടും
മേൽപ്പോട്ടും കീഴ്പ്പോട്ടും
ഗണിച്ചു മന്ത്രിച്ചു നീക്കി
സകല ഭൂതഗണങ്ങളെയും
മനസ്സിൽ ധ്യാനിച്ചു
ജ്യോൽസ്യൻ തറപ്പിച്ചു പറഞ്ഞു
നീച ഗ്രഹിന്റെ അപഹാരമാണിത് !

അല്ലയോ പണ്ഡിത ശ്രേഷ്ട്ടാ  
വിശേഷ വിധിയായി
അങ്ങിതു പറയും മുൻപു തന്നെ
എനിക്കറിയാമായിരുന്നു
ആഗ്രഹം എന്നൊരു
നീച ഗ്രഹത്തെ ഒഴിവാക്കാൻ
കഴിഞ്ഞിരുന്നെങ്കിൽ
എന്നേ ഞാൻ  പ്രശ്നരഹിതനായേനെ 

Tuesday 11 July 2017

കുബേരൻ



അവിലുപൊതി തുറന്നപ്പോൾ 
കുബേരനായി മാറിയ കുറിയ മനുഷ്യാ 
കുരിശേറുമ്പോൾ കല്ലെറിയുകയെന്നത് 
എല്ലാക്കാലത്തേയും പൊതു ബോധമാണ് 
അല്ലെങ്കിൽ ബറാബാസിനു വേണ്ടിയവർ 
മുറവിളി കൂട്ടില്ലായിരുന്നു.
കവച കുണ്ഡലങ്ങലൂരിയവനെ
നിരായുധനാക്കില്ലായിരുന്നു .
യാദവ കുലം മുടിക്കാനായാ
ഇരുമ്പു ദണ്ഡും മുറിയില്ലായിരുന്നു
എല്ലാ കുരിശേറ്റങ്ങൾക്കുമപ്പുറം
ഉത്ഥാനമുണ്ടാവും എന്നതു
പ്രതീക്ഷ മാത്രമാണ്
ഇരു പാർശ്വങ്ങളിലും കിടന്ന
കള്ളന്മാർ മരിച്ചതായി പോലും
ചരിത്രം രേഖപെടുത്തുന്നില്ല .