Tuesday 23 August 2016

അക്കരെയാണെൻ ശ്വാശ്വത നാട്



പ്രിയപ്പെട്ട പ പ്പയ്ക്ക്  ,

ഈ കത്തു കിട്ടുമ്പോൾഅത്ഭുതം കൊണ്ട് പപ്പയുടെ മുഖം ചുളിയുന്നതെനിക്ക് കാണാൻ കഴിയും എന്നും ഫോൺ വിളിക്കുന്ന മകൻ ഇങ്ങനെയൊരു കത്തെഴുതുന്നതെന്തിനെന്നു പപ്പയ്ക്ക് സന്ദേഹമുണ്ടാകാം .ഇനി ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ പപ്പാ മനസ്സിരുത്തി വായിക്കണം ചില തീരുമാനങ്ങൾക്കു നമ്മൾ കൊടുക്കേണ്ടി വരുന്ന വലിയ വിലയെപ്പറ്റി കുട്ടികളായിരിക്കുമ്പോൾതന്നെ  പപ്പാ ഞങ്ങൾക്ക് പറഞ്ഞു തന്നിട്ടില്ലേ  അത് പോലൊരുതീരുമാനത്തിന്റെ തടവുകാരൻ ആയതിലുള്ള ഹൃദയ വേദനയിലാണ് ഞാനിപ്പോൾ . മേഴ്‌സിക്കു ഇന്നു ഡബിൾ ഡ്യൂട്ടിയാണ് , കെവിൻ സ്‌കൂളിലേയ്ക്ക്  പോയാൽ ടിപ്പു  മാത്രമാണ് ഇവിടെ എനിക്കൊരു കൂട്ട്. മിണ്ടാനും പറയാനും എന്തിനു ഉള്ളു തുറന്നൊന്നു സ്നേഹിക്കാൻ കൂടി അവനല്ലാതെ മറ്റാരുമില്ലെന്നൊരു തോന്നൽ .പപ്പാ  ഞങ്ങളെ വളർത്തിയത് പോലെയെനിക്ക്  കെവിനെ  വളർത്തണമെന്നു  ആഗ്രഹമുണ്ട് , പക്ഷെ മേഴ്‌സിയുടെ ശൈലി ഒന്ന് വേറെയാണ് .അവൾക്കു ജോലിയൊഴിഞ്ഞൊരു ചിന്തയില്ല ദിവസം മുഴുവനും ജോലി ചെയ്യാൻ കഴിഞ്ഞാൽ അതാണ് അവളുടെ സ്വർഗം . ഞാൻ അവളെ കുറ്റം പറയുകയല്ല അവൾ അദ്ധ്വാനിക്കുന്നത് മുഴുവൻ കുടുംബത്തിന് വേണ്ടിയാണ് എങ്കിലും ഇപ്പോൾ ചിലപ്പോൾ പപ്പയുടെ തീരുമാനം ആയിരുന്നു  ശരിയെന്നു തോന്നുന്നു . എന്നെ നഷ്ടപ്പെടുത്തി ഒരു വിവാഹം വേണ്ടായെന്നു പപ്പാ ശഠിച്ചപ്പോഴും ഈ ബന്ധത്തിനു വേണ്ടി വാശി പിടിച്ചത് ഞാനായിരുന്നല്ലോ .യൂറോപ്പ് എനിക്കൊരു സ്വപ്ന ഭൂമിയായിരുന്നു പപ്പാ തെക്കേടത്തെ മാർട്ടിനും തട്ടാശേരിയിലെ ജോപ്പനും പോയപ്പോൾ എനിക്കും വാശിയാരുന്നു .അവരെ രണ്ടു പേരെയും ഞാനിപ്പോൾ കാണാറുണ്ട് ഞങ്ങളെല്ലാം തുല്യ ദുഖിതരാണ് പപ്പാ .
യൂറോപ്പിന്റെ മുഖം വളരെ വികൃതമാണ് ,യൂറോ ആയതിനുശേഷം കിഴക്കൻ യൂറോപ്പിൽ നിന്നുള്ള അഭയാർത്ഥി പ്രവാഹത്തിൽ വീർപ്പുമുട്ടുകയാണ് ഇവിടെ ഓരോ നഗരവും രണ്ടായിരം യൂറോ ശമ്പളമുള്ള ജോലികൾക്കു പോലും കിഴക്കൻ യുറോപിയൻകാർ തമ്മിൽ മത്സരമാണ് എന്തെങ്കിലും ജോലി അന്വേഷിച്ചു ഞാൻ അലയാത്ത ഓഫീസുകൾ ഇല്ല  അഞ്ചു  ലക്ഷം മുടക്കി ഞാൻ പഠിച്ച മാർക്കറ്റിങ് മാനേജ്‍മെൻറ് ബിരുദത്തിന് ഇവിടെ കടലാസിൻറെ  വിലപോലും ഇല്ല . കൂലി പണിക്കു വിടാൻ മേഴ്‌സി ഒട്ടു ഒരുക്കവുമല്ല എത്ര കാലമാണ് ഞാനും മകനും  അവളുടെ ചിലവിൽ കഴിഞ്ഞു കൂടുക .

മമ്മിയോടു പറയണം ഞാനിപ്പോൾ നല്ല ഒന്നാംതരം പാചകക്കാരൻ ആയിക്കഴിഞ്ഞിരിക്കുന്നു എന്ന് . മമ്മി ഉണ്ടാക്കാറുണ്ടായിരുന്ന കോഴിപ്പിടി എനിക്കിപ്പോൾ നന്നായി വഴങ്ങും .മേഴ്‌സി ഒന്നിനും നിർബന്ധിക്കാറില്ല എങ്കിലും വെറുതെ ഇരിക്കുമ്പോൾ ഞാൻ വീട്ടിലെ പണിയൊക്കെ ചെയ്തു തീർക്കും. മമ്മി ഓർക്കുന്നില്ലേ എത്ര തവണയാണ് ഞാൻ ഇഷ്ട്ടപ്പെട്ട കറികൾക്ക് വേണ്ടി വാശി പിടിച്ചു ഉണ്ണാതിരുന്നത് ,അതൊക്കെ  ഇപ്പോൾ ഓർക്കുമ്പോൾ എനിക്കെന്നോട് തന്നെ പുച്ഛം തോന്നുന്നു .
പാപ്പയോടൊരു  പ്രത്യേക കാര്യം പറയാനാണീ കത്തെഴുതി തുടങ്ങിയത് പേപ്പറും പേനയും കിട്ടിയപ്പോൾ ഞാൻ കാട് കയറിപ്പോയി ക്ഷമിക്കുക . പപ്പാ  ചന്തയിൽ നടത്തിയിരുന്ന ആ പഴയ കട നമുക്ക് തിരിച്ചു കിട്ടുമോ ? പപ്പയുടെ കോഴിക്കടയെ ഞാൻ ഒരു പാടു പുച്ഛിച്ചിട്ടുണ്ട്  ലഗോൺ കോഴികളുടെ മണം മനം പിരട്ടലുണ്ടാക്കിയിരുന്ന പഴയ ചാർളിയല്ല ഞാനിപ്പോൾ .  ഞങ്ങൾ മെയ് അവസാനം വരുകയാണ് , ഇനിയൊരു മടക്കയാത്ര യൂറോപ്പിലോട്ടു ഉണ്ടാവില്ല .മേഴ്‌സിക്കു വേണമെങ്കിൽ അവൾ തനിച്ചു പൊയ്ക്കോട്ടേ ഞാനും കെവിനും നാട്ടിൽ തന്നെ കൂടാൻ തീരുമാനിച്ചു .ഞാൻ ആലോചിച്ചപ്പോൾ പപ്പയ്ക്കും മമ്മിക്കും വയസ്സായി വരുന്നു ഒരത്യാവശ്യത്തിനു പോലും ഉപകരിക്കാത്തൊരു മകനായി ലോകത്തിന്റെ ഒറ്റപ്പെട്ട കോണിൽ എല്ലു മരവിപ്പിക്കുന്ന തണുപ്പിൽ ഒന്നും ചെയ്യാനില്ലാത്തവനായി  ജീവിച്ചു മരിക്കുന്നതിലും ഭേദം മടക്കയാത്ര തന്നെയാണ് . മിലാൻ സുന്ദരിയാണ് ജനാലയ്‌ക്കപ്പുറം കോമോ നദി ശാന്തമായി ഒഴുകുകയാണ് പക്ഷെ ഞാനിപ്പോൾ വേമ്പനാടു കായലിന്റെ നടുവിൽ ഒരു കൊതുമ്പു വള്ളം തുഴഞ്ഞു കര പറ്റാൻ ശ്രമിക്കുന്ന ഒരു കുട്ടനാട്ടുകാരന്റെ തിടുക്കത്തിലാണ് ,ശേഷം കാഴ്ച്ചയിൽ.

സ്നേഹപൂർവ്വം മകൻ ,

ചാർളി ജേക്കബ്
മിലാൻ

Monday 22 August 2016

റോസാദളം പോലൊരു ആത്മാവ്


ആകാശ വിതാനങ്ങൾക്കു മുകളിൽ പഞ്ഞി കെട്ടുകൾ മാത്രമായിരുന്നു .പൂർവ പിതാക്കന്മാരുടെ ഗേഹം സുന്ദരമായിരിക്കുമെന്നു വെറോണി അമ്മായി പറഞ്ഞു പഠിപ്പിച്ച കഥകളിലൂടെ ജോയിക്കുട്ടി ഊളിയിട്ടു . ഏലിയായുടെയുംമോശയുടെയും അബ്രാഹത്തിന്റെയും ഗേഹത്തിലേക്കാണ് താൻ ആനയിക്കപ്പെടുന്നതെന്ന ധാരണ ജോയികുട്ടിയെ ആനന്ദ പുളകിതനാക്കി . മധുര സംഗീതം പൊഴിക്കുന്ന മാലാഖമാരുടെ ഇടയിൽ നിന്നൊരു പരിചിത ശബ്ദം ജോയിക്കുട്ടി കേട്ടു .
കരപ്പൻ ചൊറി പിടിച്ചു ആർക്കും വേണ്ടാതിരുന്ന അറപ്പു പിടിച്ചൊരു ബാലനെ രാമച്ചത്തിന്റെ തൊലിയുരച്ചു കുളിപ്പിക്കുന്ന വെറോണിക്ക അമ്മായിയെ ഒരു സ്വപ്നത്തിലെന്നപോലെ ജോയിക്കുട്ടി കണ്ടു . പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാളിനു പോയി വെളുക്കുവോളം പള്ളിമുറ്റത്ത് കരഞ്ഞു പ്രാർത്ഥിക്കുന്ന വെറോണി അമ്മായി ജോയികുട്ടിക്കു വെറും അമ്മായിമാത്രമല്ലായിരുന്നു പ്രസവിക്കാത്ത പാലൂട്ടാത്ത സ്വന്തം അമ്മയായായിരുന്നു .
ജോയിക്കുട്ടി അമ്മായിയുടെ കരം നെഞ്ചോട് ചേർത്തു വെച്ചു കരഞ്ഞു എനിക്കായി കരയാൻ മാത്രം ജീവിച്ചവളെ നിനക്ക് ഞാൻ എന്താണ് തിരികെ തന്നത് !
വെറോണി അമ്മായി പല്ലില്ലാത്ത മോണ കാട്ടി നിഷ്കളങ്കം പുഞ്ചിരിച്ചു . വെള്ളികെട്ടിയ മുടികൾക്കു പിന്നിലൂടെ വന്ന തണുത്ത കാറ്റ് ജോയികുട്ടിയുടെ കണ്ണിൽ നിന്നും ഉതിർന്ന ബാഷ്പ്പ കണങ്ങളെ സാന്ദ്രീകരിച്ചു കടന്നു പോയി .
മൂക്കും വായും മൂടിയിരുന്ന ഓക്സിജൻ മാസ്ക് സർവ്വ ശക്തിയുമെടുത്തയാൾ താഴേയ്‌ക്കെറിഞ്ഞു . മയക്കത്തിലേയ്ക്ക് വഴുതി വീണ റോസമ്മ ഒരു സ്വപ്നത്തിലെന്നപോലെ ഞെട്ടിയുണർന്നു .
അപ്പച്ചാ ഇതെന്നതാ ഈ കാണിക്കുന്നേ ?
ജോയിക്കുട്ടി ഭൂമിയിലെ അവസാന ശ്വാസത്തിനെന്ന പോലെ ആഞ്ഞു വലിച്ചു
.
ഈശോ മറിയം യൗസേപ്പേ ഈ ആത്മാവിനു കൂട്ടായിരിക്കേണമേ ,
ഈശോ മറിയം യൗസേപ്പേ ഈ ആത്മാവിനു കൂട്ടായിരിക്കേണമേ .
പറിച്ചെറിഞ്ഞ ഓക്സിജൻ മാസ്ക്കിനെ തിരികെ പിടിപ്പിക്കാൻ റോസമ്മ ഒരു വിഫല ശ്രമം നടത്തി നോക്കി .വെള്ളം, വെള്ളം, ദുർബലമായ ശബ്ദത്തിൽ ജോയിക്കുട്ടി റോസമ്മയോടു യാചിച്ചു . അപ്പന്റെ പഴയ പിഞ്ഞാണ ഗ്ലാസിൽ ഊറ്റിയെടുത്ത വെള്ളം ചുണ്ടിലേക്കിറ്റിക്കുമ്പോൾ ജോയിക്കുട്ടിയുടെ ശബ്ദവീചികൾക്കു കരുത്തുണ്ടായി .
മോളെ റോസമ്മേ അമ്മായി വന്നു നിൽക്കുന്നെടി !
റോസമ്മ തലവെട്ടിച്ചു ചുറ്റും നോക്കി ഐ സിയുവിന്റെ തണുപ്പും ടേബിളിൽ കൂർക്കം വലിച്ചുറങ്ങുന്ന ഡ്യൂട്ടി നേഴ്സിനെയുമല്ലാതെ ആരെയും അവിടെ കണ്ടില്ല .
വെറോണി അമ്മായി വിളിക്കുന്നെടി , നീ കേൾക്കുന്നില്ലേ ജോയികുട്ടിയുടെ സ്വരം നേർത്തു വന്നു .
ഈശോ മറിയം യൗസേപ്പേ ഈ ആത്മാവിനു കൂട്ടായിരിക്കണേ ! റോസമ്മയുടെ മൂന്നാം പ്രാവശ്യമുള്ള അലർച്ചകേട്ടു ഡ്യൂട്ടി നേഴ്‌സ് ചാടിയെഴുന്നേറ്റു ഡോക്റ്ററുടെ റൂമിലേക്കോടി .
ജോയിക്കുട്ടി വലതുകൈയുയർത്തി റോസമ്മയുടെ ഇടതു കൈയ്യിൽ പിടിച്ചു . ഐസു വെച്ച പാത്രം പോലെ മരവിപ്പിക്കുന്ന തണുപ്പ് റോസമ്മയുടെ ശരീരത്തിലേയ്ക്ക് പടർന്നു കയറി വെറോണി അമ്മായി വെറോണി അമ്മായി എന്നു പിറുപിറുത്തു കൊണ്ടൊരു ശ്വാസം ഉള്ളിലേയ്ക്ക് വലിച്ചു
.
അന്ന് പതിവിലും വലിയ ചൂടായിരുന്നു ,റോസമ്മ ഒരിക്കൽപോലും കാണാത്ത ഒരു മുഖം അവൾക്കരികിലൂടെ കടന്നു പോയി പിന്നാലെ ഒരു നിഴൽപോലെ അപ്പച്ചനും . സ്വർഗ്ഗസ്തനായ ഞങ്ങളുടെ പിതാവേ ജോയികുട്ടിയെ കൂട്ടാൻ വെറോണി അമ്മായി വന്ന പോലെ ആത്മ ബന്ധമുള്ള ആരെങ്കിലും തന്നെയും സഹായിച്ചിരുന്നെങ്കിൽ ,റോസമ്മ ആൾക്കൂട്ടത്തിനിടയിലേയ്ക്ക് നോക്കി ഒരു പാട് ബന്ധുക്കൾക്കിടയിൽ അങ്ങനെ ഒരാൾ ഉണ്ടോ എന്ന് സന്ദേഹത്തോടെ തിരഞ്ഞു നടന്നു .....

Sunday 21 August 2016

സിലബസിലില്ലാത്ത മാപിനികൾ


ബി ടെക്ക് കഴിഞ്ഞിട്ടിപ്പോൾ വർഷം മൂന്നാകുന്നു സാവി വേഗത്തിൽ കറങ്ങുന്ന ഉഷാഫാനിന്റെ ലീഫിലേയ്ക്ക് നോക്കി നെടുവീർപ്പിട്ടു . വെറുപ്പാണ് എല്ലാത്തിനോടും വെറുപ്പ് മനുഷ്യൻ തീവ്രവാദിയാകുന്നത് ഇങ്ങനെയൊക്കെയാണ് .അഭ്യസ്ത വിദ്യർക്ക് തൊഴിൽ നൽകാൻ കഴിയാത്ത സർക്കാരുകൾക്കെതിരെ സായുധ വിപ്ലവം തന്നെ നടത്തണം . നമ്മുടെ വ്യവസ്ഥിതിയേ ശരിയല്ല അല്ലെങ്കിൽ പണ്ടേ പകലെ താൻ എവിടെയെങ്കിലും എത്തപെടുമായിരുന്നു ഇതിപ്പോൾ ഭൂമിക്കു ഭാരമായി വെറുതെ .
സാവി എഴുന്നേറ്റു ചെന്ന് ഫാൻ ഓഫ് ചെയ്തു കറക്കം നിലയ്ക്കുന്ന ലീഫിൽ നോക്കി കട്ടിലിനു മുകളിലേയ്ക്കു കയറി . ബെഡ്ഷീറ്റ് ചുരുട്ടി ഒരു വടം പോലെ ഓട്ടം നിലച്ച ഫാനിന്റെ മോന്തായത്തിൽ കുരുക്കി ഒരു നിമിഷം ആലോചിച്ചു അല്ലെങ്കിൽ താൻ എന്തിനാണ് മരിക്കുന്നത് ? ആരും കാണാതെ ഒരു ഭീരുവിനെപ്പോലെ സ്വന്തം വീട്ടിലെ അടച്ചിട്ട മുറിയിൽ മരിച്ചത് കൊണ്ട് എന്തു പ്രയോജനം .സാവി ഫാനിൽ നിന്നും കയർരൂപത്തിൽ കുടുക്കിയിട്ടിരുന്ന ബെഡ്ഷീറ്റിനെ താഴോട്ടു വലിച്ചു .
വിചിത്ര ശബ്ദമുണ്ടാക്കിയൊരു പല്ലി ബെഡ്ഷീറ്റിനോടൊപ്പം താഴേയ്ക്ക് വീണു . ആദ്യമൊന്നറച്ചെങ്കിലും സാവി കട്ടിലിൽ അനങ്ങാതെ വീണു കിടന്ന പല്ലിയെ പുറംകൈ കൊണ്ടു തട്ടി താഴേയ്‌ക്കെറിഞ്ഞു .ചിന്തകളുടെ ലോകത്തേയ്ക്ക് അസ്വസ്ഥനായി നടന്ന സാവിയോട് വാലുമുറിഞ്ഞു വീണ പല്ലി മനുഷ്യരുടെ ഭാഷയിൽ സംസാരിച്ചു തുടങ്ങി .മനുഷ്യ ശബ്ദത്തിൽ സംസാരിക്കുന്ന പല്ലിയെ അത്ഭുതത്തോടും കൗതുകത്തോടും കൂടി സാവി എടുത്തു കട്ടിലിൽ ഇരുത്തി .തന്റെ ദുഃഖങ്ങൾ എന്നും കാണുന്ന കേൾക്കുന്ന ചിര പരിചിതനായ ഒരാളെപ്പോലെ പല്ലി സാവിയോട് സംസാരിച്ചു തുടങ്ങി .
പല്ലി ഒരു പഴയ ബി ടെക്ക് ബിരുദദാരിയുടെ പുനർജ്ജന്മം ആണത്രേ കഴിഞ്ഞ ജന്മത്തിൽ അയാളനുഭവിച്ച ജീവിതവും സുഖലോലുപതയും കണ്ടു അസൂയ പൂണ്ട ചിത്രഗുപ്തൻ കൊടുത്തതാണത്രേ ഈ രണ്ടാം ജന്മം . സാവിക്ക്‌ പല്ലി യുടെ മുൻ ജന്മത്തെ കുറിച്ചറിയാൻ കൗതുകം തോന്നി . പട്ടണത്തിൽ എങ്ങും ബി ടെക്ക് ബിരുദ ധാരികൾ ഇല്ലായിരുന്ന സമയത്ത് മദ്രാസിലെ കോളേജിൽ പോയി പഠിച്ചു വന്ന ഉടൻ മൂന്നക്ക ശമ്പളത്തിൽ സർക്കാരുദ്യോഗം തരപ്പെട്ടത്രെ .പിന്നീടങ്ങോട്ട് രാജയോഗമായിരുന്നു സുഖിക്കാവുന്നതിന്റെ പരമാവധി സുഖിച്ചു .എൻജിനീയർ എന്നാൽ ചില നാട്ടിൽ ദൈവമെന്നു പോലും പര്യായമുണ്ടായിരുന്നത്രെ
പല്ലിയുടെ പൂർവ ജന്മ കഥ കേട്ടപ്പോൾ സാവിക്ക്‌ പല്ലിയോടു അസൂയ തോന്നി . സാവി തന്റെ ദുഖത്തിന്റെ കെട്ടുകൾ പഴയ എൻജിനീയറായ പല്ലി യുടെ മുന്നിൽ ഒന്നായൊഴിയാതെ തുറന്നു വെച്ചു . ഇപ്പോൾ സാവിയുടെ ഗ്രാമത്തിൽ അടയ്ക്കാകുരുവിനേക്കാൾ ബി ടെക്ക്ബിരുദ ധാരികൾ ഉണ്ടത്രേ ! അതിൽ ഭൂരിപക്ഷവും പല പല മേഖലയിൽ ജോലി ചെയുന്നു പക്ഷെ പഠിച്ച തൊഴിൽ കിട്ടുമെന്ന പ്രതീക്ഷയിലാണ് സാവി കാത്തിരിക്കുന്നതെന്ന് പറഞ്ഞപ്പോൾ ത്രികാല ജ്ഞാനിയായ പല്ലി തല തല്ലി ചിരിച്ചു .
ഒരു ടൈം മെഷീൻ തുറന്നതു പോലെ കണ്ണടച്ചു തുറക്കുന്ന വേഗതയിൽ പല്ലി സാവിയുമായി ഭാവിയിലേയ്ക്ക് സഞ്ചരിച്ചു . കൂനമ്മാവിലെ ഒരു ബാറിലെ ശീതികരണിയുടെ തണുപ്പടിക്കാത്ത റിസപ്‌ഷൻ കൗണ്ടറിൽ കോട്ടും ടൈയ്യും ധരിച്ചൊരു പരിഷ്ക്കാരി . സാവിയാ മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി ഒരു കണ്ണാടിയിലെന്ന പോലൊരു മുഖഛായാ . ഏട്ടാം സെമസ്റ്ററിൽ പഠിച്ച ഹൈഡ്രോളിക് ആൻഡ് ഇറിഗേഷൻ സെക്ഷനിലെ പാഠ ഭാഗങ്ങൾ സാവി വെറുതെ ഒന്നു മറിച്ചു നോക്കി .അവിടെയെവിടെയും പെഗ് അളക്കുന്ന മാപിനിയെപ്പറ്റി പ്രതിപാദിച്ചു കാണാത്തതിനാൽ സാവി ഉഷാ ഫാനിന്റെ സ്പീഡ് അഞ്ചിലേയ്ക്ക് കൂട്ടി പുതപ്പിനുള്ളിലേയ്ക്ക് കയറി ...

Wednesday 17 August 2016

ഏലി ഏലി ലാമ സബക് താനി അഥവാ ഏലിയാമ്മയെ കൈവിട്ടതെന്തിന് ?


ഏലിയാമ്മയ്ക്കു സ്വപ്നദർശനമുണ്ടായി ഇടവക പള്ളിയിലെ കർത്താവിന്റെ തിരുശരീരം പണിയാൻ അങ്ങ് ദൂരെ നിന്നും മുടി നീട്ടി വളർത്തിയ ശിൽപി വരുന്നു .ഏലിയാമ്മ ഞെട്ടിയുണർന്നു ക്രൂശിത രൂപമല്ലാതെ കർത്താവിന്റെ തിരു ശരീരം ഇന്നേവരെ ആ ഇടവകയിൽ ഉണ്ടായിരുന്നില്ല .അമേരിക്കയിൽ പെട്രോൾ ബങ്ക് നടത്തുന്ന ഇളയ മകൻ ജോയെ വിളിച്ചു ഏലിയാമ്മ സ്വപ്ന ദർശനത്തിന്റെ കഥ വിളമ്പി .അമ്മച്ചി പറയുന്നതിനപ്പുറം കേൾക്കാത്ത ഇള്ളക്കുട്ടി കേട്ട പാതി കേൾക്കാത്ത പാതി പതിനായിരം ഡോളർ അമ്മച്ചിയുടെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി മാറ്റി വെച്ചു .
ഞായറാഴ്ച്ച ഉച്ച കുർബാന കഴിഞ്ഞുള്ള പൊതുയോഗം ഏലിയാമ്മയുടെ തിരുസ്വരൂപ വാർത്ത എതിരില്ലാതെ കൈയടിച്ചു പാസാക്കി .ഡോളറിന്റെ മണമുള്ള അമ്മച്ചി പള്ളിക്കു കൊടുക്കുന്ന ഏതു സംഭാവനയും ഇരു കൈയും നീട്ടി സ്വീകരിക്കാൻ ഇടവകക്കാരെപ്പോലെതന്നെ വികാരി ചേനമൂട്ടിൽ അച്ചനും മുൻപന്തിയിൽ നിന്നു .
കൊച്ചൻ തുപ്പലു കുടിച്ചു അമേരിക്കയിൽ കിടന്നു ഉണ്ടാക്കുന്ന കാശാണെന്നും അത് കർത്താവിനല്ലാതെ പള്ളിക്കാരെ കൊണ്ടു മുഞ്ചാൻ സമ്മതിക്കത്തില്ലന്നും മനസിലുറപ്പിച്ച ഏലിയാമ്മ ചേനമൂട്ടിൽ കത്തനാരോടൊരു ഉപാധി വെച്ചു .പള്ളികമ്മറ്റി കൊണ്ട് വരുന്ന ശില്പി ഏലിയാമ്മേടെ പൊരയിടത്തിലിട്ടു തിരു സ്വരൂപം ഉണ്ടാക്കുക .ചിലവിനു കൊടുക്കുന്നവൻ പറയുന്നതിലും വലിയൊരു സുവിശേഷമില്ലന്നു അറിയാവുന്നവർ ഏലിയാമ്മ ചേടത്തിയുടെ തിരുസ്വരൂപ നിർമാണത്തിന് സർവാത്മനാ നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു .
അടുത്ത ദുഃഖ വെള്ളിയാഴ്ച നഗരി കാണിക്കാൻ കർത്താവിന്റെ തിരുസ്വരൂപം ഇടവകയിൽ ഉണ്ടാവണമെന്നുള്ള വാശിയിൽ ഇടവകക്കാർ ഒത്തു ചേർന്നൊരു ശില്പിയെ കണ്ടെത്തി.മഹാബലിപുരത്തു നിന്നും വന്ന താടിയും മുടിയും നീട്ടി വളർത്തിയ മനുഷ്യനെ കണ്ടപ്പോൾ ഏലിയാമ്മ ഒരു ദേജാവു പോലെയാ സ്വപ്നത്തെ വീണ്ടും ഒരിക്കൽ കൂടി നേരിൽ കണ്ടു .നിയോഗങ്ങൾ, എല്ലാം നിയോഗങ്ങളാണ് നാമൊക്കെ അതിലേയ്ക്ക് വെറുതെ ചെന്നടുക്കുന്ന ഉപകരണങ്ങൾ മാത്രം. ഏലിയാമ്മയും വേലക്കാരിയും മാത്രമുള്ള മൂവായിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള മാണി മാളികയ്ക്കു മുന്നിൽ വലിയൊരു പന്തലുയർന്നു .ആളില്ലാ മണിമാളികയായ ശാലോം എന്ന സമാധാനത്തിന്റെ ഭവനം ഉളിയും കൊട്ടുവടിയും കരിങ്കല്ലിൽ തീർക്കുന്ന വ്യതിരിക്തമായ ശബ്ദത്താൽ നിറഞ്ഞു ,ഏലിയാമ്മയുടെ രാവുകളും പകലുകളും സംഗീതാത്മകമായി .
ഏലിയാമ്മയുടെ വീട്ടുജോലിക്കാരി തമിഴ് സെൽവത്തിന്റെ കെട്ടിയോൻ കാക്കാലൻ ദ്വൈരൈ സ്വാമി ഏലിയാമ്മയോടായി ഒരു സ്വകാര്യം പറഞ്ഞു .
ശിൽപ്പം പൂർത്തിയാവും മുൻപ് പെരിയ അനർത്ഥം കുടുംബത്തുക്കു വരപ്പോറെ !
സത്യാ ക്രിസ്ത്യാനിയായ ഏലിയാമ്മ കാക്കാലൻ ദൊരൈ സ്വാമിയുടെ പ്രവചനത്തിനു പുല്ലു വില നൽകി അവഗണിച്ചു .
ശില്പി ആരോടും ഒന്നും മിണ്ടിയില്ല പാതി വഴിയിലായ ശിൽപം കാണണമെന്ന് ഒരു നാൾ ഏലിയാമ്മയ്ക്കു കലശലായ മോഹമുദിച്ചു പക്ഷെ ശിൽപം തീരാതെ ശിൽപിയ്ക്കു പോലും അതിന്റെ പൂർണ്ണ അർത്ഥത്തിൽ കാണാൻ അനുവാദമില്ല എന്ന ഉഗ്ര ശാസന ഏലിയാമ്മയെ പിന്നോട്ടു വലിച്ചു.ആഗ്രഹം ഉച്ച സ്ഥായിയിൽ ആയപ്പോൾ ഏലിയാമ്മ വേലക്കാരി തമിഴ് സെൽവത്തിന്റെ സഹായം തേടി . ശില്പി ലഹരിയുടെ മയക്കത്തിൽ ആണ്ടു പോകുന്ന രാത്രിയുടെ മൂന്നാം യാമത്തിൽ ശില്പിയുടെ ആലയിൽ അതിക്രമിച്ചു കടക്കുക .
പതിവ് ജോലികൾക്കഴിഞ്ഞു ഉറക്കത്തിന്റെ മൂന്നാം യാമത്തിലേയ്ക്ക് പ്രവേശിച്ച ശില്പിയുടെ ആലയിലേയ്ക്ക് അൻപതിനു മുൻപ് ആർത്തവം നിലച്ച ഏലിയാമ്മയും തീണ്ടാരിയായിരിക്കുന്ന വേലക്കാരിയും അതിക്രമിച്ചു കയറി .സ്പടിക തൂണ് പോലൊരു കരിങ്കല്ലല്ലാതെ മറ്റൊന്നും ഏലിയാമ്മ അവിടെ കണ്ടില്ല . വലിയ നോമ്പു തുടങ്ങാൻ ഒരാഴ്ച്ച അവശേഷിക്കുമ്പോഴും കരിങ്കല്ലുമായിരിക്കുന്ന ശില്പിയോട് ഏലിയാമ്മയ്ക്കു അരിശം തോന്നി .
വട്ടു കലക്കിയ കള്ളിന്റെ ലഹരിയിൽ ഉറക്കത്തിന്റെ മൂന്നാം യാമത്തിലായിരുന്ന ശില്പിയുടെ നടുവിലേയ്ക്ക് ഇടംകാലിന്റെ പത്തി കേറ്റി ഏലിയാമ്മയൊരു മുന്നോട്ടേയ്ക്കൊരു തള്ളൂ തള്ളി .
തള്ളിന്റെ ആഘാതത്തിൽ ശില്പി അൽപ്പം ദൂരേയ്ക്ക് തെറിച്ചു മാറി പണിയായുധങ്ങൾക്കിടയിലേയ്ക്ക് മറിഞ്ഞു വീണു .ഉന്മത്തമായ ഉറക്കം മഹാബലിപുരത്തുകാരൻ കലാകാരനെ ആലയിൽ സംഭവിച്ചതൊന്നും അറിയിക്കാൻ കൂട്ടാക്കാതൊ കൂർക്കം വലിച്ചയാൾ പണിയായുധങ്ങളിലേയ്ക്ക് മലർന്നു കിടന്നു . ലാസ് വെഗാസിൽ നിന്നും ഇള്ളക്കുട്ടിയുടെ ടെലിഫോൺ ശബ്ദം കേട്ടതും ഏലിയാമ്മ വായു വേഗത്തിൽ അകത്തേയ്ക്കോടി പിറകെ വേലക്കാരി തമിഴ് സെൽവവും .
വിഭൂതി തിരുനാളിന്റെ അന്നു ചേനമൂട്ടിൽ അച്ചൻ ശില്പിയെ പള്ളി മേടയിൽ വിളിപ്പിച്ചു മുപ്പത്തി അഞ്ചാം നാൾ തിരുസ്വരൂപം പള്ളിയിലെത്തണം അല്ലാത്തപക്ഷം ... ശില്പിയെല്ലാം മൂളികേട്ടു കൊണ്ട് നിന്നിട്ടു ഒന്നും മിണ്ടാതെ പുറത്തേയ്ക്കു പോയി. ഏലിയാമ്മ കുരിശിൽ നിന്നിറക്കിയ കർത്താവിനെ സ്വപ്നം കാണുന്നത് പതിവായി അരിമത്തിയാക്കാരൻ യൗസേപ്പും മഗ്ദലീനാ മറിയവും എന്ന പോലെ ശില്പിയും ഏലിയാമ്മയും കർത്താവിനെ കാത്തിരുന്നു. ഉളി കല്ലിൽ പതിക്കുന്ന സ്വരം കേട്ട് കൊണ്ടു ഏലിയാമ്മ യെരുശലേം തെരുവീഥികളിലൂടെ സഞ്ചരിച്ചു . ആർക്കും ജോലി ചെയ്യാൻ പാടില്ലാത്ത സാബത്ത് വരും മുൻപ് കർത്താവ് ഏലിയാമ്മയുടെ ഭവനം സന്ദർശിക്കുമെന്ന പ്രതീക്ഷയിൽ ഏലിയാമ്മ കാത്തിരുന്നു .
കുരുത്തോല പെരുന്നാളു കഴിഞ്ഞു വന്ന ഏലിയാമ്മയെ ശില്പി ആലയിലേയ്ക്ക് ക്ഷണിച്ചു .ശീല കൊണ്ട് മൂടിയ കരിങ്കല്ലിൽ മുഖം അമർത്തി ചുംബിച്ചു കൊണ്ട് ശില്പി ഏലിയാമ്മയെ നോക്കി അയാളുടെ താടിയിൽ കൂടിയൊരു പ്രകാശം താഴേയ്ക്ക് ഇറങ്ങി വരുന്നതു പോലെ ഏലിയാമ്മയ്ക്കു തോന്നി . അയാൾ പതിയെ ശിലയെ മൂടിയ ശീല താഴേയ്ക്ക് വലിച്ചു . ഏലിയാമ്മ ഒന്നേ നോക്കിയുള്ളൂ എന്റെ കർത്താവേ എന്റെ ദൈവമേ എന്നലറിക്കൊണ്ടവൾ പിന്നിലേയ്ക്ക് മറിഞ്ഞു വീണു .
ഉണരുമ്പോൾ ഏലിയാമ്മയ്ക്കു ചുറ്റും ഇള്ളക്കുട്ടി അടക്കം മക്കളെല്ലാവരും ഉണ്ടായിരുന്നു . ഏലിയാമ്മ അവരോടൊന്നും മിണ്ടിയില്ല .വിശുദ്ധ വാര തിരുകർമ്മങ്ങൾ ആരംഭിച്ചിട്ടും ഏലിയാമ്മ പള്ളിയിലേക്ക് പോയില്ല . കുരിശിൽ കിടന്ന കർത്താവാനുഭവിച്ച പീഡാനുഭവ വേദനയിൽ ഏലിയാമ്മ അലറി കരഞ്ഞു . ആശിച്ചും മോഹിച്ചും അമ്മച്ചി പണി കഴിപ്പിച്ച കർത്താവിന്റെ തിരു സ്വരൂപം അമ്മച്ചിയെ കാത്തു കിടക്കുന്നതു പോലെ ഇള്ളക്കുട്ടിക്കു തോന്നി. നഗരി കാണിക്കൽ കഴിഞ്ഞതും ഇള്ളക്കുട്ടി വീട്ടിലേയ്ക്കു പോയി അമ്മച്ചിയെ പള്ളിയിലേയ്ക്ക് കൂട്ടി കൊണ്ടു വന്നു . കബറടക്കത്തിനു മുൻപുള്ള തിരു സ്വരൂപ വണക്കത്തിനു കാത്തു നിന്നവരുടെ ഇടയിലൂടെ ഏലിയാമ്മ മുന്നിലോട്ടു ഓടി മകൻ നഷ്ട്ടപ്പെട്ട അമ്മയുടെ വേദനയിൽ അവരാ പൂർണ്ണകായ ശില്പത്തിലേയ്ക്കൂർന്നു വീണു ശേഷം ഭ്രാന്തിയെപ്പോലെ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു .എലോയ് എലോയ് ലാമ സബക് ഥാനി എന്റെ ദൈവമേ എന്റെ ദൈവമേ എന്തു കൊണ്ടു നീയെന്നെ ഉപേക്ഷിച്ചൂ .....................

Sunday 14 August 2016

തുരുമ്പെടുത്ത പ്രസവയന്ത്രം


അപരിഷ്കൃതമായ ആ തെരുവോരത്തെ പൊളിഞ്ഞു വീഴാറായ കുടിലിനു മുന്നിൽ വണ്ടി നിർത്തി മുത്തു സാമി ഉറപ്പിച്ചു പറഞ്ഞു ഇത് തന്നെ, ഇത് തന്നെയാണാ വീട് .അപിരിചതരുടെ സ്വരം കേട്ട് മുറ്റത്തേക്കിറങ്ങിയ വര ലക്ഷ്മി ബ്രോക്കർ മുത്തു സ്വാമിയേ വേഗം തിരിച്ചറിഞ്ഞു. ആരോഗ്യം ക്ഷയിക്കുന്നതിനു മുൻപ് മുത്തുസ്വാമിക്ക് വേണ്ടി എട്ടോളം കുഞ്ഞുങ്ങളെ പെറ്റു നൽകിയവളാണ് വരലഷ്മി . ചുവന്നു തുടുത്ത ചുണ്ടുകൾക്ക് മുകളിൽ രണ്ടു വിരലുകൾ കൊണ്ടമർത്തിപ്പിടിച്ചു വായിൽ കിടന്ന മുറുക്കാൻ ത്ഫൂ എന്നു ആഞ്ഞു പുറത്തേയ്ക്കു തുപ്പികൊണ്ടു വരലക്ഷ്മിയവരെ വരവേറ്റു . വണ്ടിയിൽ നിന്നിറങ്ങിയ കെവിൻ ആ സ്ത്രീയുടെ മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി , ദൈന്യത നിഴലിക്കുന്ന കുഴിഞ്ഞിറങ്ങിയ കണ്ണുകളിൽ തന്നെ നോക്കി അയാളാ ഒറ്റമുറി വീട്ടിലെ ചാണകം മെഴുകിയ അരപ്രൈസിൽ കയറി ചമ്രം പിടഞ്ഞിരുന്നു .
എട്ടു കുട്ടികളെ പ്രസവിച്ചെങ്കിലും വരലഷ്മിയിന്നോളം ഒരു പുരുഷന്റെ ചൂടറിഞ്ഞിരുന്നില്ല. താൻ പ്രസവിച്ച കുട്ടികൾ ലോകത്തിന്റെ പല ഭാഗത്തും വളരുന്നുണ്ടെന്നു വരലക്ഷ്മിക്കറിയാമായിരുന്നു പക്ഷെ ഒരിക്കൽ പോലും അവരിലൊരാളും അവരെ തേടി വന്നില്ല വരുമെന്നവർ സ്വപ്നം കണ്ടിരുന്നുമില്ല . പ്രായം കടന്നു വന്നതോടെ വരലക്ഷ്മി വെറും എടുക്കാച്ചരക്കായി മാറുകയായിരുന്നു . പതിനെട്ടാം വയസ്സിലാണ് വരലക്ഷ്മി ആദ്യം പ്രസവിക്കുന്നത് . അപ്പൻ ചിന്നപ്പയും ഡോക്റ്റർ മഹാലിംഗവും കൂടി തീരുമാനിച്ച പരീക്ഷണത്തിലെ പരീക്ഷണവസ്തുവായിട്ടാണ് മഹാലിംഗത്തിന്റെ വന്ധ്യതാ നിവാരണ ക്ലിനിക്കിലെത്തുന്നത് . ന്യൂ സീലാൻഡിൽ നിന്നും വന്ന വെള്ളാരം കണ്ണുള്ള ആൽബെർട്ടിനും ക്രിസ്റ്റീനയ്ക്കും ഒരു കുഞ്ഞിക്കാലു കാണാൻ വേറൊരു ഗർഭപാത്രത്തിന്റെ സഹായം വേണമത്രേ .
ചിന്നപ്പയും മകളും ജനിച്ചിട്ടിന്നോണം കഴിക്കാത്ത ക്രീം പുരട്ടിയ കേക്കുകളും തേൻ മധുരമുള്ള ചെറിപ്പഴങ്ങളുമാണ് വരലക്ഷ്മിയെ ആ പ്രലോഭനത്തിലേയ്ക്ക്‌ വലിച്ചിട്ടത് .
മൂന്നാം മാസം മുതൽ വലുതാകുന്ന വയറിനെ നോക്കി വരലഷ്മി അപ്പയോട് പയ്യാരം പറഞ്ഞു . ക്രിസ്റ്റീന വരലക്ഷ്മിയുടെ വയറിൽ ചെവി ചായ്ച്ചു വെച്ചിട്ടു വെള്ളാരം കണ്ണുകാരൻ ആൽബർട്ടിന്റെ ചെവിയിൽ അശ്ലീല ചുവയുള്ള കുസൃതി പറഞ്ഞു. ആൽബെർട്ടിന്റെയും ക്രിസ്റ്റീനയുടെയും ഭാഷ ഒന്നുമറിയില്ലങ്കിലും വെള്ളാരം കണ്ണുള്ള ആൽബെർട്ടിന്റെയും ക്രിസ്റ്റീനയുടെയും ഹൃദയമാണ് തന്റെ ഉദരത്തിൽ വളരുന്നതെന്നു ചുരുങ്ങിയ നാളുകൾ കൊണ്ട് വരലക്ഷ്മി അടുത്തറിഞ്ഞു .
ക്രിസ്റ്റീനാ വരലക്ഷ്മിയെ രാജകുമാരിയെപ്പോലെ നോക്കി ഒൻപതാം മാസം വരലക്ഷ്മി പ്രസവിച്ചു . ആൽബർട്ട് സായിപ്പിനെപ്പോലെ വെള്ളാരം കണ്ണുള്ള കുഞ്ഞു സായിപ്പ് . അന്നാദ്യമായാണ് വരലക്ഷ്മി ഒരു സ്ത്രീയും പുരുഷനും പരസ്പരം പരിസരം മറന്നു ചുംബിക്കുന്നത് കാണുന്നത് .ചുണ്ടുകൾ നാഗങ്ങളെപ്പോലെ കോർത്തു ആൽബെർട്ടും ക്രിസ്റ്റീനയും പുതിയ കുഞ്ഞിന്റെ ജനനം ആഘോഷിക്കുന്നത് വരലഷ്മി നാണത്തോടെ കണ്ടു കിടന്നു . കുഞ്ഞാൽബർട്ടിനെയും കൊണ്ട് ന്യൂസിലാൻഡിനു പോകും മുൻപ് ആൽബർട്ട് വരലഷ്മിയെ കൂടെ കൂട്ടാൻ ക്രിസ്റീനയോടു സമ്മതം തേടി .മദാമ്മയായിരുന്നെങ്കിലും പെണ്ണായ ക്രിസ്റ്റീനാ ഒരു കൊച്ചു നുള്ളിനാൽ ആൽബർട്ടിന്റെ മോഹങ്ങളെ നുള്ളിയെറിഞ്ഞു .വെള്ളാരം കണ്ണുള്ള രണ്ടാൽബെർട്ടുമാരുമായി ക്രിസ്റ്റീനാ വെല്ലിങ്ടണിലേയ്‌ക്ക്‌ വിമാനം കയറി .
പിന്നീടങ്ങോട്ട് വരലക്ഷ്മി ഡോക്റ്റർ മഹാലിംഗത്തിന്റെ സ്ഥിരം പ്രസവയന്ത്രമായി മാറപ്പെടുകയായിരുന്നു . കൈ നിറയെ കാശും രാജകുമാരിയെപ്പോലുള്ള പരിചരണവും പുതിയ പുതിയ പരീക്ഷണങ്ങൾക്കു വരലക്ഷ്മിക്കു ധൈര്യം പകരുകയായിരുന്നു . കുട്ടികളില്ലാത്ത വിദേശികളും കാശുള്ള നാടൻ ദമ്പതികളും വരലക്ഷ്മിയുടെ ഉദരം വായ്‌പ വാങ്ങി തങ്ങളുടെ കുഞ്ഞുങ്ങളെ ജനിപ്പിച്ചു .
ഇവനെയാണ് ലക്ഷ്മി അവസാനം പ്രസവിച്ചത് ബ്രോക്കർ മുത്തു സ്വാമിയാണത് പറഞ്ഞത് . വരലക്ഷ്മി ഇരുന്നിടത്തു നിന്നും എഴുന്നേറ്റു രണ്ടടി പിന്നോട്ടു മാറി കെവിന്റെ മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി .
പാലാക്കാരൻ സ്റ്റീഫന്റെ ക്ഷയരോഗിയായ ഭാര്യയിൽ ഉണ്ടായ മകൻ !
നിന്നെ ജീവനോടെ കിട്ടുമെന്ന് ആരും വിചാരിച്ചതല്ല ,പ്രസവിച്ചപ്പോൾ ഒരെലിക്കുഞ്ഞു പോലെ ഉണ്ടാരുന്നുള്ളു നീ, ഞാൻ പ്രസവിച്ചതിൽ വെച്ചേറ്റവും ദുർബലനായ കുഞ് !!
കെവിൻ ഒന്നും മിണ്ടാതെ തല താഴ്ത്തിയിരുന്നു പത്താം വയസ്സിൽ മമ്മി വിടപറയുമ്പോൾ മുതൽ തേടി നടന്നതാണീ സ്ത്രീയെ . ഡോക്ക്ടർ മഹാലിംഗത്തിന്റെ മരണത്തോടെ ഇവരിലേയ്ക്കുള്ള എല്ലാ വഴിയും അടഞ്ഞു എന്നാണ് കരുതിയത് . എന്നാൽ അവിചാരിതമായാണ് ഡാഡി മുത്തു സ്വാമിയേ കാണുന്നതും ഞാൻ ഇവിടെ എത്തപ്പെടുന്നതും . ഈ ഉദരത്തിന്റെ ചൂടിൽ കിടന്ന നാളുകളെപ്പറ്റി എന്റെ മമ്മി എനിക്ക് വിവരിച്ചു തന്നിട്ടുണ്ട്.വരലഷ്മി ഏറ്റവും കൂടുതൽ പേടിച്ചതും ഇനിയൊരിക്കലും ഇങ്ങനെയൊരു സാഹസത്തിനു മുതിരില്ലായെന്നു മനസ്സിൽ പ്രതിജ്ഞയെടുത്തതും ഒക്കെ കെവിൻ നൽകിയ അരിഷ്ടതകളുടെ അനന്തരഫലമായിട്ടായിരുന്നു . കെവിനതു പറഞ്ഞു തീർന്നതും ഒറ്റ മുറി വീട്ടിലെ ചാണകം മെഴുകിയ തറയിലെ മരപ്പൊടിയടുപ്പിൽ വെച്ചിരുന്ന അരിക്കലം തിളച്ചു തൂവി .
അന്തരീക്ഷമാകെ പൊടിപടലമുയർത്തി കെവിന്റെ കാർ യാത്ര പറഞ്ഞു മുന്നോട്ടു നീങ്ങിയപ്പോൾ വരലഷ്മി കയ്യിലിരുന്ന നോട്ടു കെട്ടുകളിലേയ്ക്ക് നോക്കി .മുകൾത്തലപ്പിലെ നോട്ടുകളിൽ ഒന്നിൽ ആരോ പിൻ ചെയ്ത വെച്ച സ്റ്റേപ്പിൾ പിന്നുകളിൽ നിന്നും തുരുമ്പു പടർന്നു നോട്ടു കെട്ടുകളിലേയ്ക്കും വ്യാപിച്ചിരിക്കുന്നു .പാകമായ ബസ്മതി ചോറ് പിഞ്ഞാണത്തിലേയ്ക്കു പകരുമ്പോൾ തുരുമ്പെടുത്താ പ്രസവയന്ത്രത്തിന്റെ കണ്ണിൽ നിന്നും രണ്ടു നുള്ളു കണ്ണുനീരു കലർന്ന ഉപ്പ് ആ ചോറിലേയ്ക്ക് പടർന്നിറങ്ങി ...

Friday 12 August 2016

കിന്നാര തുമ്പിയെ മോഹിച്ച കൗമാരക്കാരൻ


ക്ലാസ്സു തുടങ്ങി കഴിഞ്ഞു വന്ന റോഷൻ എന്നെ നോക്കി കണ്ണിറുക്കി ,ആകാംക്ഷ ഭരിതമായ ഒരു മണിക്കൂറിനു ശേഷം കാത്തിരുന്ന മണി മുഴങ്ങിയതും ഞാൻ ഓടി അവന്റെ അടുത്തു ചെന്നിരുന്നു . ഒന്നും മിണ്ടാതെ കുറച്ചു നേരം മുഖം പൊത്തിയിരുന്ന ശേഷം അവൻ സ്ഫോടനം പോലെ പ്രതികരിച്ചു എന്റെ പൊന്നളിയാ ഒന്നു കാണേണ്ടതു തന്നെ ഒന്നു കണ്ടാലൊന്നും മതിയാകില്ല. റോഷൻ കഥ പറഞ്ഞു തുടങ്ങിയതും ഫസ്റ്റ് പ്രീ ഡിഗ്രി ജി ബാച്ചിലെ ചരിത്ര വിദ്യാർത്ഥികളിലെ സകലമാന ആൺകുട്ടികളും അവന്റെ ചുറ്റും തടിച്ചു കൂടി .നിമ്ന്നോന്നതികളും കയറ്റിറക്കങ്ങളും പുള്ളിക്കുത്തുകളും പിരിമുറുക്കങ്ങളുമായാ കഥ മുന്നേറവെ എന്നിലെ കൗമാരക്കാരൻ ഒരു ഉറച്ച തീരുമാനത്തിൽ എത്തി എന്തു വില കൊടുത്തും ഈ ചിത്രം കാണുക തന്നെ ചെയ്യും .
അപ്പച്ചനോട് കളവു പറഞ്ഞു സംഘടിപ്പിച്ച 25 രൂപയുമായി തീയറ്ററിലേയ്ക്ക് കാൽ വെച്ച് കയറുമ്പോൾ ഹൃദയം ബാൻഡ് മേളം മുഴക്കുകയായിരുന്നു .ആരെങ്കിലും കണ്ടാൽ വലിയ പാപങ്ങളിൽ ഒന്നാണ് ചെയ്യാൻ പോകുന്നതെന്ന ധാരണയിൽ പടം തുടങ്ങാൻ കാത്തു നിന്നശേഷമാണ് ടിക്കറ്റ് കൗണ്ടറിനടുത്തേയ്ക്ക് ചെന്നത് . റോഷൻ പറഞ്ഞ നിറം പിടിപ്പിച്ച കഥകൾ മനസ്സിൽ കൂടി മാറി മറിയുന്നു ജീവിതത്തിൽ ആദ്യമായാണ് സെൻസർ ബോർഡ് "ഏ " സർട്ടിഫിക്കറ്റ് നൽകിയ ഒരു പടം കാണാൻ പോകുന്നത് അതും സന്മാർഗ്ഗികൾക്കു ബാലികേറാ മലയായ രാധാ തീയേറ്ററിൽ .
വാതിൽക്കൽ നിന്ന സെക്ക്യൂരിറ്റി ടിക്കറ്റു കീറി പകുതി തന്ന ശേഷം വാതിൽ തുറന്നു .നരക സമാനമായ ഇരുട്ട് എനിക്ക് പേടി തോന്നി സ്ക്രീനിലെ വെളിച്ചമല്ലാതെ ഒന്നും കാണാൻ വയ്യ സെക്ക്യൂരിറ്റി ചേട്ടൻ കയ്യിലുള്ള നേർത്ത ടോർച്ചടിച്ചു ഒഴിവുള്ള സീറ്റുകൾ പരതി .മൂന്നാം നിരയിലെ നാലാം കസേര എന്നെ കാത്തിരുന്നതുപോലെ കൈ കാട്ടി വിളിച്ചു ഞാൻ അവിടെ ഇരിക്കും വരെ സെക്യൂരിറ്റി ടോർച്ചുമായി കാവൽ നിന്നു . പരസ്യം കഴിഞ്ഞു "കിന്നാരത്തുമ്പികൾ " എന്നു സ്‌ക്രീനിൽ തെളിഞ്ഞതും യുവാക്കളുടെ കൂട്ടം വിസിലടിച്ചും കൂക്ക് വിളിച്ചും ശബ്ദമുണ്ടാക്കി .
ആലീസിന്റെ അത്ഭുതലോകം പോലെ ഞാനെന്ന കൗമാരക്കാരൻ ഗോപുമോനെയും ആന്റിയെയും ആസ്വദിച്ചു തുടങ്ങിയതും പിന്നിൽ നിന്നൊരു വിളി കഴുവേറെടാ മോനെ ! ഞെട്ടലോടെ തിരിഞ്ഞു നോക്കിയതും പിന്നിൽ ഈയൊച്ചൻ ചിറ്റപ്പൻ !!!!!
പൂച്ചയെ തൂക്കും പോലെ ഒരു രൂപാ നാണയം ചെവിയിൽ ചേർത്തു പിടിച്ചു ചിറ്റപ്പൻ എന്നെ തീയേറ്ററിന് പുറത്തേയ്ക്കു കൊണ്ടുവന്നു .വലിയ പാപം ചെയ്തവനെപ്പോലെ ഞാൻ വിയർത്തു വിവശനായി വീട്ടിൽ പോയി അപ്പനോട് പറഞ്ഞാൽ പിന്നെ ജീവിച്ചിരിക്കേണ്ട പക്ഷെ അതുണ്ടായില്ല ഇനിയാവർത്തിക്കരുതെന്ന താക്കീതു നൽകി ചിറ്റപ്പൻ എന്നെ കുറ്റവിമുക്തനാക്കി. പിന്നീട് പല തവണ ഏഷ്യാനെറ്റിലടക്കം കിന്നാരത്തുമ്പികൾ വന്നിട്ടും ഞാനതു കാണാൻ ശ്രമിച്ചില്ല.
വർഷങ്ങൾക്കു ശേഷം ഇന്നലെ അവിചരിതമായി ചിറ്റപ്പന്റെ കൊച്ചുമകൻ ടോണി ഒരു ആപ്‌ളിക്കേഷൻ ഡൌൺലോഡ് ചെയ്യാൻ മൊബൈലുമായി എന്റെ അടുക്കൽ വന്നു ഞാനതിൽ പരതുന്നതിനിടയിൽ ഒരു ഫയൽ എന്റെ ശ്രദ്ധയിൽ പെട്ടു ഒരു ഡൌൺ ലോഡ് ചെയ്ത മൂവി. ഞാനതു തുറന്നു നോക്കി കിന്നാരത്തുമ്പികൾ ഞാൻ ടോണിയെ വിളിച്ചു ചോദിച്ചു ഇതെന്നതാടാ ?
അത് കിന്നാരത്തുമ്പികൾ അങ്കിളിനു വേണമെങ്കിൽ ഷെയർ ഇറ്റ് ഓൺ ആക്കൂ ഞാൻ അയച്ചു തരാം .
ഒരു നിമിഷം ഞാനെന്റെ ചെവിയിൽ അമർത്തി നോക്കി പഴയ നാണയം കൂട്ടിയുള്ള കിഴുക്കിന്റെ വേദന മധുരമുള്ള ഒന്നായി ഓർമ്മകളിലേക്ക് ഓടിയെത്തി . കാലം മാറും തോറും വീക്ഷണങ്ങളും പാപ ബോധത്തിന്റെ തീവ്രതയും കുറയുകയാണ് പഴയ തെറ്റുകൾ ഇന്നൊരുപക്ഷെ ശരികൾ ആകാം അല്ലെങ്കിൽ അങ്ങനെ വ്യാഖ്യാനിക്കപ്പെടാം.
Like
Comment

Wednesday 10 August 2016

ഒടുവിലാ മഴത്തുള്ളികിലുക്കം കഴിഞ്ഞു ഓർക്കാൻ കൊതിക്കാത്തോരേടുമായി

ചോക്ലേറ്റ് ഫാക്ടറിയുടെ ഉത്തരവാദിത്തം വിട്ടു പാർലമെൻ്റിലേയ്ക്ക് മത്സരിച്ചു ജയിച്ചു എം പി ആയിക്കഴിഞ്ഞപ്പോൾ ഉർവശി ശാരദയ്ക്കൊരു മോഹമുദിച്ചു തന്നെ നാലാളറിയുന്ന നടിയാക്കിയ മലയാളത്തിൽ ഒരു ചിത്രം നിർമ്മിക്കുക .അക്ബർ ജോസെന്ന പുതുമുഖങ്ങളായ ഇരട്ട സംവിധായകരെ വെച്ചൊരു കുറഞ്ഞ ചിലവിൽ ഒരു ചിത്രം നിർമ്മിക്കാൻ തീരുമാനിക്കുമ്പോൾ ലാഭേശ്ചയെക്കാളുപരി മലയാളത്തിന് എന്തെങ്കിലും മടക്കി നൽകുക എന്നതു മാത്രമായിരുന്നു ഉർവശി ശാരദയുടെ മനസ്സിൽ.
താരതമ്യേന ശുദ്ധമായ തിരക്കഥയും കഥയും താരങ്ങളും ഉണ്ടായിട്ടും ബോക്സോഫീസിൽ വലിയ ചലനമുണ്ടാക്കാതെയാ ചിത്രം കടന്നു പോയി.
ചിത്രീകരണം ആരംഭിക്കുന്നതിനു മുൻപ് തന്നെ ഈ പടം കാണണം എന്നെന്റെ മനസ്സു പറഞ്ഞെങ്കിലും പലവിധ കാരണങ്ങളാൽ നടന്നില്ല. ഞാൻ നാട്ടിലുള്ള ദിവസങ്ങളിൽ ഒന്നിലാണ് ആ പടം റിലീസ് ചെയ്തത് കൃത്യമായി പറഞ്ഞാൽ 2002 മാർച്ചിലാണ്‌ ആ ചിത്രം റിലീസ് ആകുന്നത് തീവ്രമായ മോഹത്തോടെ ഞാൻ തീയേറ്ററിൽ എത്തുമ്പോൾ അവിടെ വിനയന്റെ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ കളിക്കുന്നു. മോഹം മോഹമായി അവശേഷിച്ചു ഞാൻ ലീവ് കഴിഞ്ഞു തിരിച്ചു വന്നു ഡി വിഡി റിലീസ് ചെയ്യുന്ന അന്ന് തന്നെ ഞാൻ ഇശ്ചാശക്തിയോടെ ആ പടം വാങ്ങി കൊണ്ട് വന്നു . സമയം പോലെ കാണാം ഞാൻ ഡിവിഡി ഒരു സൈഡിൽ മാറ്റി വെച്ചു കുളിക്കാൻ പോയി വരുമ്പോൾ ഡി വിഡി പ്ലേയർ കാണാനില്ല . അപ്പുറത്തെ ഫ്ളാറ്റിലെ ഇളങ്കോയുടെ കല്യാണ നിശ്ചയ സി ഡി കാണാനായി അവർ ഡി വി ഡി എടുത്തു കൊണ്ട് പോയി .നിശ്ചയ പാർട്ടിക്കിടെ മദ്യപിച്ചു ബഹളമുണ്ടാക്കിയ ആരോ എന്റെ ഡി വി ഡി എറിഞ്ഞു പൊട്ടിച്ചിരിക്കുന്നു .എന്റെ മഴത്തുള്ളികിലുക്കം അനാഥമായി അലമാര വലിപ്പിൽ ആരും കാണാതെ കിടന്നു .
2010 ഒക്ടോബർ 31 അന്നൊരു ശ്രീകൃഷ്ണ ജയന്തിയായിരുന്നു .എന്റെ ലീവ് തീരുന്ന ദിവസവും പതിവിനു വിപരീതമായി ഞാൻ തിരുവനന്തപുരം എയർപോർട്ടിൽ നിന്നാണ് ഷാർജയ്ക്ക് പോകുന്നത് .നാല് മണിക്കൂർ നീണ്ട യാത്ര ഒരു ആഘോഷയാത്രയാക്കാൻ ഞാൻ തീരുമാനിച്ചു .അളിയനോടും എന്റെ മുഴുവൻ കുടുംബത്തോടും ഒപ്പം ട്രവേരയിൽ തിരുവനന്തപുരത്തേയ്ക്ക് യാത്ര തുടങ്ങി.പതിഞ്ഞ സ്പീഡിൽ വണ്ടിയോടിച്ചു കൊണ്ടിരുന്ന നന്ദുച്ചേട്ടൻ പിന്നോട്ട് തിരിഞ്ഞു ചോദിച്ചു ഒരു സിനിമ കാണുന്നോ ? കുടുംബത്തെ പിരിയുന്ന വിരഹത്തിൽ ഇരുന്ന ഞാൻ ഒന്നും മിണ്ടിയില്ല .നന്ദു ചേട്ടൻ ഡിവിഡി ഓൺ ആക്കി സിനിമയിട്ടു .മഴത്തുള്ളിക്കിലുക്കം പേരെഴുതി കാണിച്ചതും ഞാൻ മറ്റെല്ലാം മറന്നു സിനിമയിലേയ്ക്ക് മുഴുകി .സോളമനും സോഫിയയും ആലീസും അന്നയും മാത്തുകുട്ടിയും പാലയ്ക്കലച്ചനുമുള്ള പുതിയ ലോകത്തേയ്ക്ക് ഞാൻ ഒരു നിമിഷം നടന്നു കയറി .വിഷം കലക്കിയ പായസം കുടിച്ചു മരിക്കുന്ന അന്നമ്മയുടെയും ആലീസിന്റേയും കുഴിമാടത്തിനരികെ ഒന്നാകുന്ന സോളമനേയും സോഫിയയെയും കണ്ടു മനസ്സു നിറഞ്ഞതും ഭയാനകമായ ഒരു ശബ്ദം .
എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കും മുൻപ് ഞങ്ങൾ സഞ്ചരിച്ച ട്രവേര നാലു തവണ കീഴ്മേൽമറിഞ്ഞു ഒരു ഗർത്തത്തിനുള്ളിലേയ്ക്കുള്ള കവാടത്തിൽ ഒരു ടെലഫോൺ സ്റ്റാൻഡിൽ തൂങ്ങിയാടുകയാണ് .ഞാൻ തലയുയർത്തി ചുറ്റും നോക്കി ആരും ഒന്നും മിണ്ടുന്നില്ല ഒരു പൊടി ചോര പോലും ആരുടെ ദേഹത്തും ഇല്ല എന്നിട്ടും ഒരു തരം കട്ടമുടിയ ഭയം ഞങ്ങളെ വിഴുങ്ങിയിരിക്കുന്നു .
ആർക്കെങ്കിലും എന്തെങ്കിലും പറ്റിയോ ? ഡ്രൈവർ നന്ദു ചേട്ടൻ ഉച്ചത്തിൽ വിളിച്ചു ചോദിച്ചു ഇല്ലാ ഒന്നും സംഭവിച്ചിട്ടില്ല ഞങ്ങളുടെ വാതിലുകൾ എല്ലാം ജാമായിരിക്കുന്നു കൂട്ട നിലവിളികളിക്കിടയിൽ ആരെക്കെയോ ചേർന്നു ചില്ലു തകർത്തു ഞങ്ങളെ ഓരോരുത്തരായി പുറത്തെടുത്തു .പുറത്തു രണ്ടു ബൈക്കുകളിൽ ചീറി പാഞ്ഞു വന്ന യുവാക്കളുടെ ചോര താളം കെട്ടി നിൽക്കുന്നു . പേടിപ്പിക്കുന്ന ഉളുമ്പു മണമുള്ള ചോരയിൽ ചവിട്ടാതെ ഞങ്ങൾ റോഡിനു ഓരം ചേർന്ന് നിന്നു,
പെരു വിരൽ തൊട്ടു തുടങ്ങിയ വിറയൽ തെല്ലൊന്നു ശമിച്ചിരിക്കുന്നു.കൂടി നിന്നവരിൽ ഒരാൾ പറയുന്നു നാല് യുവാക്കളും ഓൺ സ്പോട്ടിൽ തീർന്നത്രെ, വിറയലിനു ശക്തി കൂടി ഞാൻ പതിയെ നടന്നു ചെന്നു ഞങ്ങളുടെ കാറിന്റെ പൊളിഞ്ഞ വാതിൽ തുറന്നാ ഡിവിഡി പ്ലെയറിന്റെ ബട്ടണിൽ ഒന്ന് ഞെക്കി ഒരു പോറൽ പോലുമില്ലാതെ ആ ഡിസ്ക് പ്ലേയറിൽ നിന്നും പുറത്തേക്കു വന്നു ഡാഷ് ബോർഡ് തുറന്നാ ഡിസ്ക് ഞാനാ കവറിൽ ഇട്ടു . ഇത്രയും കാലം എന്നിൽ നിന്നും തെന്നി തെറിച്ചു നടന്ന മഴത്തുള്ളികിലുക്കത്തെ ഞാൻ നെഞ്ചോട് ചേർത്തു പിടിച്ചു .
ഇപ്പോഴും ഒരു ചെറിയ സങ്കടം എന്നെ അലട്ടുമ്പോൾ ഞാൻ ഡി വിഡി പ്ലേയർ ഓൺ ആക്കി ആ സിനിമയിടും .സോളമനും സോഫിയായും കടന്നു വന്ന ദുരിതകടലിലെ ഒരു തിരപോലെ അതെന്നെ എന്റെ ഓർമ്മകളുടെ തീരത്തേയ്ക്കു കൂട്ടികൊണ്ടു പോകും . എല്ലാത്തിനും ഒരു സമയമുണ്ട് എന്ന വലിയ സത്യം ഒരു മഴത്തുള്ളി പോലെ എന്റെ കണ്ണിൽ നിന്നും കവിളിലേയ്ക്ക് അടർന്നിറങ്ങും. ചില തീരുമാനങ്ങൾ നീളുന്നത് നല്ലതിനു വേണ്ടിയായിരിക്കാം അല്ല നല്ലതിന് വേണ്ടി മാത്രമായിരിക്കട്ടെ .........

Tuesday 9 August 2016

എങ്കിലും എന്റെ പൈക്കിടാവേ ...



പുട്ടിന്റെ പുഷ്പക വിമാനമിതാ താഴ്ന്നു താഴ്ന്നു പറക്കുന്നു ,അതെ ഒറ്റയ്ക്ക് മുറ്റത്തുലാത്തുന്ന ആ സുന്ദരി പൈയ്യിനെ നോക്കി പുട്ടിൻ ഉച്ചത്തിൽ അലറി ആരവിടെ തൂക്കിയെടുത്തു വണ്ടിയിൽ കയറ്റൂ .
കെ ജി ബി യുടെ പ്രത്യേക പരിശീലനം ലഭിച്ച നാല് കിങ്കരന്മാർ ചാടിയിറങ്ങിയാ പൈ കിടാവിനെ സാഹസികമായി വിമാനത്തിലേറ്റി മോസ്‌കോ ലക്ഷ്യമാക്കി വിമാനം അഞ്ചാം ഗിയറിൽ ആകാശത്തേക്കുയരുന്നു .
അതെ സമയം മറ്റൊരിടത്ത് കോപാകുലനായ രാജർഷി തലങ്ങും വിലങ്ങും നടക്കുകയാണ് .
ആരവിടെ ! റോയുടെ ഓഫീസിൽ നിന്നും നമ്മുടെ പൈ കിടാവിനെ കൊണ്ട് പോയത് എങ്ങോട്ടാണെന്ന് വല്ല വിവരവും ഉണ്ടോ ?
പ്രഭോ നമ്മുടെ സാറ്റലൈറ്റ് മാപ്പിൽ മോസ്‌ക്കോയുടെ പ്രാന്ത പ്രദേശങ്ങളിൽ എവിടെയോ നിന്നു നമ്മുടെ പൈ പുല്ലു തിന്നുന്നതായി നിരീക്ഷകൻ അറിയിച്ചിട്ടുണ്ട്.
പാശുപതാസ്ത്രം മുതൽ പാറ്റൻ ടാങ്കു വരെ റെഡി ആകട്ടെ
കിഴക്കോട്ടു ഹനുമാൻ സേനയും വടക്കോട്ടു ഗോ സംരക്ഷണ സേനയും തെക്കോട്ടും പടിഞ്ഞാറോട്ടും വാനര സേനയും പുറപ്പെടട്ടെ .
പാകിസ്ഥാനും താജാക്കിസ്താനും കിർഗിസ്താനും കസാക്കിസ്ഥാനും കഴിഞ്ഞാലേ നമുക്ക് മോസ്‌കോയിൽ എത്താൻ കഴിയു പ്രഭോ ?
ആരവിടെ, വായു പുത്രനെ വിളിക്കൂ
വായു പുത്രൻ നമ്മുടെ ഏറ്റവും പുതിയ താങ്ങി മിസൈലുകൾ രണ്ടെണ്ണം വാലിൽ കെട്ടി നീ മോസ്‌ക്കോയിലോട്ടു പുറപ്പെട്ടോളൂ .
ഉത്തരവ് പ്രഭോ, പക്ഷെ ഒരു സംശയം രണ്ടു ദിവസമായി ന്യൂന മർദ്ദം കാരണം അവിടം വരെ എത്താൻ പറ്റുമെന്ന് തോന്നുന്നില്ല . സാരമില്ല പ്രഭോ ,പാകിസ്ഥാന്റെ പ്രാന്ത പ്രദേശങ്ങളിൽ എവിടെങ്കിലും എനിക്കി മിസൈലുകൾ വർഷിക്കാൻ കഴിഞ്ഞാൽ എന്റെ ജന്മം സഫലമാകും മഹാത്മജൻ എന്നെ അനുഗ്രഹിച്ചാലും .......
പോയി പൈയ്യുമായി മടങ്ങി വരൂ വായു പുത്രാ, വിജയീ ഭവ :
ഗൂഗിൾ മാപ്പു നോക്കി പറന്ന വായു പുത്രന്റെ വായു കോപിക്കുന്നു . വാലിൽ കെട്ടിയ അഗ്നി മിസ്സൈലുകളിൽ ഒരെണ്ണം വഴിതെറ്റി ചൈനയിലേയ്ക്കും ഒരെണ്ണം ഉസ്ബക്കിസ്ഥാനിലേയ്ക്കും വീഴുന്നു . ഇടി വെടി പൊഹ !!!! യുദ്ധം പൊട്ടി പൊട്ടി പുറപ്പെടുന്നു പുല്ലു തിന്നുരുചി പിടിച്ച പൈ യുറോപ്പിയൻ അതിർത്തി ലംഘിക്കുന്നു .
ലോകം മൂന്നാം ലോക മഹായുദ്ധത്തിലേയ്ക്ക് വഴുതി വീഴുന്നു ഇതെല്ലം കണ്ടു ഹൃദയം പൊട്ടി നിന്ന പൈ കിടാവിനെ ഫ്രാൻസിലെ വിത്തു കാള ചെന പിടിപ്പിക്കുന്നു . ഒടുവിൽ യുദ്ധം ജയിച്ച രാജർഷി അവിഹിത ഗർഭവുമായി നിന്ന നമ്മുടെ പൈയ്യിനെ തള്ളി പറയുന്നു അതോടെ മൂന്നാം ലോകമഹായുദ്ധത്തിനു കാരണമായ പൈ ഓസ്‌ട്രേലിയയിലെ സമൃദ്ധമായ പുൽത്തകിടി തേടി യാത്രയാവുകയാണ് അവിടെ വെച്ചവൾ മിടുക്കരായ മൂന്നു പൈക്കിടാങ്ങൾക്കു ജന്മം നൽകുന്നതോടെ മൂന്നാം ലോക മഹായുദ്ധം അവസാനിക്കുകയാണ് സുഹൃത്തുക്കളെ അവസാനിക്കുകയാണ് .....................

Sunday 7 August 2016

മണൽക്കാറ്റിൽ ഉലയാത്ത സൗഹൃദം

ഞാനൊരു പത്തു സെക്കൻഡ് തരാം അതിനുള്ളിൽ ഈ ശബ്ദം തിരിച്ചറിഞ്ഞില്ലങ്കിൽ നിങ്ങൾ എന്നെ മറന്നു എന്നാണതിനർത്ഥം വൺ ,ടൂ .....
ജാവേദ് ഭായി നിങ്ങളിത് എവിടുന്നാണ് !!!!!!
നിങ്ങളെന്റെ സുഹൃത്താണ് പത്തു കൊല്ലത്തിനു ശേഷവും നിങ്ങൾക്കെന്റെ രൂപമാറ്റം വന്ന സ്വരത്തെ അടയാളപ്പെടുത്താൻ വേഗം സാധിച്ചിരിക്കുന്നു പറയു എന്താണ് ഇപ്പോൾ നിങ്ങൾ, അന്ന് കണ്ട മീശ മുളയ്ക്കാത്ത പയ്യനിൽ നിന്നും ഒരു പാട് ദൂരം നിങ്ങൾ മുന്നേറിയിട്ടുണ്ടാവണം  .
അല്ല ജാവേദ് ഭായി എനിക്കിപ്പോൾ മൂന്നു കുട്ടികളുണ്ട് ,ആ പഴയ ജോലി ഞാനുപേക്ഷിച്ചു, ഇപ്പോൾ തരക്കേടില്ലാത്ത ഒരു ജോലിയൊക്കെയായി ,നാട്ടിൽ ഞാൻ തെറ്റില്ലാതെ സമ്പാദിച്ചു എല്ലാത്തിനും കാരണം നിങ്ങളാണ് , നിങ്ങളില്ലായിരുന്നെങ്കിൽ ..
അങ്ങനെ പറയരുത് ജാവേദ് ഇടപെട്ടു, സർവശക്തൻ എന്നെ ഒരു ഉപകരണമാക്കുകയായിരുന്നു
പതിനഞ്ചു കൊല്ലം മുൻപത്തെ ഒരു കരിഞ്ഞു കത്തുന്ന സൂര്യനുള്ള പകലിലേയ്ക്ക് ഓർമ്മകൾ ഇടറി വീണു .
അന്നെത്ര ദൂരം ഞാൻ ഓടിയിട്ടുണ്ടാവണം കുഞ്ഞു കാലുകൾ തളർന്നു വീഴും വരെ ,അല്ലാ കാലുകൾ തളർന്നു വീണിട്ടും ഞാൻ ഒരു അമ്പതു ഫർലോങ് എങ്കിലും മുന്നോട്ടിഴഞ്ഞിട്ടുണ്ടാവണം . 1988 മോഡൽ രാജദൂത് മോട്ടോർ ബൈക്കിൽ ആ ചാണ കയറിയ കുള്ളൻ എന്നെ ഉയർത്തി എഴുന്നേൽപ്പിച്ചിരുത്തും വരെ പരന്ന മരുഭൂമി മാത്രമായിരുന്നു മുന്നിൽ .പൈജാമയുടെ കുഞ്ഞു കയറിൽ ബന്ധനസ്ഥനായി ആ ഉടലിന്റെ ബലത്തിൽ താങ്ങി ജീവിതത്തിലേയ്ക്കാണയാളെന്നെ  കൈ പിടിച്ചു നടത്തിയത് .
ഒരിക്കൽ പോലും അയാളെന്റെ ജാതിയോ മതമോ വർണ്ണമോ തിരഞ്ഞില്ല വഴിതെറ്റിയൊഴുകിയ ജല കണങ്ങളെ മാതൃ നദിയിലേക്കെന്നപോലെ അയാളെന്നെ ജീവിതത്തിലേക്കൊഴുക്കി വിട്ടു . രക്ഷകനും സംരക്ഷകനും മേധാവിയും ആയിരുന്നപ്പോഴും അയാളെനിക്കൊരു സുഹൃത്തായിരുന്നു. ചില നക്ഷത്രങ്ങൾ അങ്ങനെയാണ് ഒന്ന് ഒന്നിനോട് ചേരുമ്പോൾ സൂര്യനെക്കാൾ പ്രഭയുണ്ടാകും.
ഹലോ കേൾക്കുണ്ടല്ലോ അല്ലേ ?
ഞാൻ സൗരയുഥം വിട്ടു ഭൂമിയിലേക്കിറങ്ങി വന്നു , കേൾക്കുന്നുണ്ട് പറയൂ ജാവേദ് ഭായ്
എന്റെ മകൻ അവിടെ ഒരു ഹോസ്പിറ്റലിൽ അഡ്മിറ്റാണ് കഴിയുമെങ്കിൽ അവനൊരു ടിക്കറ്റ് എടുത്തു കയറ്റി വിടുക ഒരു പാട് ബന്ധുക്കൾ എനിക്കവിടെയുണ്ട് പക്ഷെ നിന്നെ മാത്രം വിളിക്കാനാണ് എന്റെ മനസ് പറഞ്ഞത് . അസൗകര്യമാവുമോ ?
മരിക്കുന്നതിന് മുൻപ് വീടപെടേണ്ട കടങ്ങളിൽ ഒന്നിതാ യാചനയുമായി കാതിൽ മുഴങ്ങുന്നു. ഫോൺ സംഭാഷണം അവസാനിപ്പിച്ചു ജാവേദ് പറഞ്ഞ ആശുപത്രി ലക്ഷ്യമാക്കി വണ്ടിയെടുക്കുമ്പോൾ ഒരു പഴയ രാജദൂത് മോട്ടോർ ബൈക്കിന്റെ ഇരമ്പം കാതുകളിലേയ്ക്ക് ഒഴുകിയിറങ്ങി ...

Saturday 6 August 2016

ചിറകുകളുള്ള പെട്ടി



 സദാനന്ദൻ പെട്ടി കെട്ടാൻ വിദഗ്ധനാണ് പക്ഷെ ഒരു പടിയുണ്ടയാൾക്ക് കെട്ടുന്നതിന് മുൻപൊരു കുപ്പി പൊട്ടിക്കണം . അതാരു പോയാലും പെട്ടി കെട്ടുന്ന ആളിനുള്ള അവകാശമാണ് .കുഞ്ഞിക്കാ കുടിക്കില്ല പക്ഷെയെങ്കിൽ എല്ലാത്തിനും കൂട്ട് കൂടും കുപ്പിയൊരണ്ണം പൊട്ടി തുടങ്ങിയതും യൂണിയൻ മൂവേഴ്‌സിന്റെ കാർഡ് ബോർഡ് പെട്ടിയിൽ  ടേപ്പ് കീറി പതിപ്പിക്കുന്ന സദാനന്ദൻ കുഞ്ഞിക്കയെ ഒളികണ്ണിട്ടു നോക്കി .നാളെ രാത്രിയാകാൻ കാത്തിരിക്കുന്ന കുഞ്ഞിക്കാ കെട്ടിയോൾ ജമീലയുടെ മോറിന്റെ മൊഞ്ച് നോക്കി നിർന്നിമേഷനായി നിൽക്കവെയാണ് ഉസ്‍മാൻ ഓടിക്കിതച്ചെത്തിയത് .

 പെട്ടി നിറയാറായപ്പോൾ കൊണ്ട് വന്ന പൊതികെട്ടു കണ്ടു കുഞ്ഞിക്ക മനസ്സിൽ പ്രാകി . രണ്ടു കിലോ കൊണ്ടു വരാനല്ലേ ഉസ്സമാനെ നിന്നോട് പറഞ്ഞത് ഇതിപ്പോ തോനെയുണ്ടല്ലോ ?
 കനമില്ല ഇക്കാ കുറച്ചു മിട്ടായിയും ബീവിക്കൊരു തട്ടവുമാ ,ഫോറിൻ തട്ടം വേണമെന്ന് അവൾക്കൊരു പൂതി .ഉസ്മാൻ വന്നിട്ടു നാട്ടിൽ പോയിട്ടേ ഇല്ല അതു കൊണ്ട് ബീവിക്കു ഫോറിൻ സാധനങ്ങളോടു  വലിയ കമ്പമാണ്   വൃത്തിയായി പൊതിഞ്ഞു ടേപ്പ് ചുറ്റിയ ഒരു കെട്ട്  കുഞ്ഞിക്കയ്ക്കു നേരെ നീട്ടി.
ഉസ്മാൻ പോയി കഴിഞ്ഞപ്പോൾ സദാനന്ദനൊരു  സംശയം ഉസ്മാന്റെ പൊതികെട്ടിൽ വല്ല സ്വർണ ബിസ്ക്കറ്റോ മറ്റോ ആന്നോ .ഒന്ന് തുറന്നു നോക്കിയിട്ടു വെക്കുന്നതല്ലേ കുഞ്ഞിക്കാ നല്ലത് ഇപ്പോഴത്തെ കാലമാ ഒന്നും പറയാൻ ഒക്കില്ല .
നീതിമാനായ കുഞ്ഞിക്ക ശക്തിയുക്തം എതിർത്തു ഓൻ പാവം ചെക്കനല്ലേ ,
എന്നാലും ഒന്ന് നോക്കുന്നത് നല്ലതാ  കൂടി നിന്നിരുന്നവർ കുഞ്ഞിക്കയുടെ മേൽ സമ്മർദ്ദം ചെലുത്തി. പൊട്ടിച്ചു നോക്കാം പക്ഷെ അതവന്റെ സാന്നിധ്യത്തിൽ മാത്രം കുഞ്ഞിക്കാ കണ്ടീഷൻ വെച്ചു
പോയ ഉസ്മാനെ തിരിച്ചു വിളിച്ചു. താൻ കൊടുത്ത പാർസൽ പൊട്ടിക്കാൻ പോകുന്നതറിഞ്ഞു ഉസ്മാന് ഉള്ളിൽ ആദി കേറി. കുഞ്ഞിക്കാ വേണ്ട കുഞ്ഞിക്കാ ഞാൻ പറഞ്ഞതല്ലാതെ വേറൊന്നും അതിലില്ല പടച്ചവനാണേ നേര് . കള്ളിന്റെ ലഹരി മൂത്തു തുടങ്ങിയ സദാനന്ദൻ ആ പൊതി  തട്ടിയെടുത്തു പൊളിച്ചു തുടങ്ങി .
ഉസ്മാൻ മുഖം പൊത്തി താഴേയ്ക്കിരുന്നു . കള്ള പൊന്നു കൊടുത്തു   കുഞ്ഞിക്കയെ ചതിക്കാൻ വന്ന ഹിമാറിനെ പുറത്തു വിടാതിരിക്കാൻ ജലീൽ വാതിൽ ഉള്ളിൽ നിന്നും പൂട്ടി .

കുറച്ചു ചോക്ക്ലേറ്റും  ബദാമും കൂടാതൊരു  പാർസൽ വേറെ പൊതിഞ്ഞിരിക്കുന്നു കൂടി നിൽക്കുന്നവർക്കെല്ലാം ആകാംഷ ഇരട്ടിച്ചു .തുറക്കരുതേ എന്ന യാചനയോടെ ഉസ്മാൻ കുഞ്ഞിക്കയെ നോക്കി പന്തു കാലിൽ നിന്ന് പോയ കളിക്കാരനെപ്പോലെ കുഞ്ഞിക്ക കൈ മലർത്തി  . സദാനന്ദൻ അവസാന പൊതി തുറന്നതും റൂമിൽ കൂട്ട ചിരി പടർന്നു . ഒരു പായ്ക്കറ്റ് വിസ്‌പേർ ...... ചമ്മി അടപ്പൂരി നിന്ന ഉസ്‍മാൻ വളിച്ച ചിരിയോടെ പ്ലിങ്ങി പുളകിതനായി  പറഞ്ഞു ഓൾക്ക് ഫോറിൻ വേണമെന്നൊരു പൂതി അതോണ്ടാ . കുഞ്ഞിക്കയുടെ പെട്ടി ചിറകുകളുള്ള  വിസ്പറുമായി ആകാശത്തേയ്ക്ക് പറന്നുയർന്നു .  

Wednesday 3 August 2016

അവിചാരിതമായി കിട്ടിയ സമ്മാനം

റോബിൻ മൊബൈൽ ഫോണിലേക്കു നോക്കി കിടന്നു ഇതിപ്പോൾ മുപ്പത്തി മൂന്നാമത്തെ തവണയാണ് മുംതാസ്  വിളിക്കുന്നത്.  എടുത്തിട്ടു എന്ത് പറയാനാണ് അവളിപ്പോൾ ഇറങ്ങിയിട്ടുണ്ടാവണം ഒന്നും വേണ്ടായിരുന്നു പപ്പാ മേമ എല്ലാവരും എതിർക്കും, അതറിഞ്ഞു കൊണ്ട് തന്നെയാണ് അവളോടിറങ്ങി വരാൻ പറഞ്ഞതും എന്നിട്ടു താൻ ഒരു ഭീരുവിനെപ്പോലെ ഒളിച്ചിരിക്കുന്നതെന്തിന് .പ്രണയം ഒളിച്ചോട്ടം അതൊക്കെ ധീരന്മാർക്കുള്ളതാണ് മെല്ലെ മൊബൈൽ ഫോൺ കൈയ്യിലെടുത്തു റോബിൻ മുന്നോട്ടു നടന്നു.
മഴപെയ്തു തോർന്ന മുറ്റത്തു നിർത്തിയിട്ടിരുന്ന ബൈക്ക് തള്ളി പുറത്തിറക്കുമ്പോൾ പപ്പാ പുറകിൽ നിന്നും നീട്ടി വിളിച്ചു എങ്ങോട്ടാ ഈ അസമയത്ത് ? മറുപടിയൊന്നും  പറയാതെ ബൈക്ക് സ്റ്റാർട്ട് ചെയ്തു മുന്നോട്ടു നീങ്ങി .തിരിച്ചു വരുമ്പോൾ പപ്പാ ഇങ്ങനെ ഒന്നും ആവില്ല ചോദിക്കുന്നത് ,അല്ലെങ്കിൽ തന്നെ ഞാൻ എന്തിനാണ് പേടിക്കേണ്ടത് ഒരു പെണ്ണിനെ പുലർത്താനുള്ള കഴിവും ആരോഗ്യവും ഉണ്ട് പപ്പാ ഇറക്കിവിട്ടാൽ തന്നെ ഒന്നും വരാനില്ല ബൈക്കിന്റെ സ്പീഡോമീറ്റർ സൂചി മട്ടകോണാടയാളത്തിൽ വീശിയടിച്ചു.

മഴ നന്നായി പെയ്ത ഒരു ജൂൺ മാസത്തിലാണവൾ വഴി തെറ്റി  മൊബൈൽ നമ്പറുകൾക്കിടയിലേയ്ക്ക്  കയറി കൂടിയത് .തികച്ചും അവിചാരിതമായി ഒരു ക്ഷമാപണത്തിൽ അവസാനിച്ച ആ ഫോൺ കോളിന് ഇത്രയും വിശാലമായ ഒരു ലോകത്തേയ്ക്ക് തങ്ങളെ വലിച്ചിടാൻ കഴിയുമെന്ന് സ്വപ്നം പോലും കണ്ടിരുന്നില്ല . ഈ നൂറ്റാണ്ടിൽ ആരാണ് വെറും ശബ്ദം മാത്രം കേട്ട് കൊണ്ടൊരാളെ  പ്രണയിക്കുക . അങ്ങനെ ചില വൈചിത്രങ്ങൾഈ ലോകത്തു നടക്കുന്നുണ്ട് , മുംതാസ് സുന്ദരിയാണ് അവളുടെ വാക്കുകൾക്കൊരു വശ്യതയുണ്ട് അല്ലെങ്കിൽ എന്നെപ്പോലൊരു അന്തർമുഖനെ അവൾക്കു വശീകരിക്കാൻ സാധിക്കില്ലായിരുന്നു . ഒരു പെണ്ണിന്റെ നിഴലിനെപ്പോലും ഭയപ്പെട്ടിരുന്ന ഞാൻ ഒരു മുയൽ കുഞ്ഞിനെപ്പോലെയല്ലേ അവളുടെ വാക്കുകളിൽ മയങ്ങിയത് .വെറും വർത്തമാനത്തിന്റെ ഭൂമികയിൽ  നിന്നും പ്രണയത്തിന്റെ സ്വർഗ്ഗ കവാടങ്ങളിലെയ്ക്ക് ഒരു ജാലവിദ്യക്കാരിയെപ്പോലെയെന്നെ  കൈ പിടിച്ചു നടത്തിയ മുംതാസ് ഇനി നിന്റെ ഷാജഹാൻ ഈ അന്തർമുഖനായ അപ്പർ ഡിവിഷൻ ക്ലാർക്ക് റോബിനായിരിക്കും  .

മഴ നേർത്തു നേർത്തു ഒരു വർണ്ണ നൂലിന്റെ വലിപ്പത്തിലേയ്ക്ക് ചുരുങ്ങിയിരിക്കുന്നു .ജില്ലാകോടതിപ്പാലം കടന്നതും പോക്കറ്റിലിരുന്ന മൊബൈൽ സെലിൻ ഡിയോണിന്റെ ഹൃദയരാഗം പാടി. ആ പാട്ടായിരുന്നു മുംതാസിന്റെ ഇഷ്ട ഗാനം എന്റെ ഹൃദയം താഴേയ്ക്ക് വലിച്ചിട്ട രാജകുമാരി നിന്റെ രാജകുമാരൻ ഇതാ എത്തിക്കഴിഞ്ഞിരുന്നു , ബൈക്ക് സൈഡൊതുക്കി മൊബൈൽ ഫോണിന്റെ ശീല മാറ്റി.  അവളുടെ മുപ്പത്തി നാലാമത്തെയും അവസാനത്തെയും  കാൾ. മിടിക്കുന്ന ഹൃദയത്തോടെ പച്ച ബട്ടണിൽ അമർത്തി വലത്തേക്ക് വലിച്ചു,  പേടിച്ചു പോയോ ഞാനിതാ  ഒരു പത്തു മിനുട്ടിനുള്ളിൽ ബസ് സ്റ്റാൻഡിൽ എത്തും . ഒരു കരച്ചിൽ അണപൊട്ടിയതു പോലെ കാതിലേയ്ക്ക് ഒഴുകിയിറങ്ങി .
തിരക്കൊഴിഞ്ഞ ശാന്തമായ ട്രാൻസ്‌പോർട്ട് സ്റ്റാൻഡിൽ  വഴിക്കണ്ണുമായി കാത്തിരിക്കുന്ന യുവതിയുടെ കണ്ണുകളിലേയ്ക്ക് നോക്കി വിളിച്ചു മുംതാസ് ...ഒരു മന്ത്ര ധ്വനിപോലെയാ സ്വരം മഴയുടെ ചീറലുകൾക്കിടയിലൂടെ ഒഴുകിയിറങ്ങി വലതുകൈ ചേർത്തവളുടെ ഇടതു കൈ പിടിച്ചു നടക്കും മുൻപവൾ താഴേയ്ക്ക്  കുനിഞ്ഞു കുഞ്ഞിനെയെടുത്തുകൊണ്ട്  റോബിന്റെ പിന്നാലെ ആനുസരണമുള്ളവളെപ്പോലെ നടന്നു . അവിചാരിതമായി കിട്ടിയ ഫോൺ കോളും പ്രണയവും പോലെ അവിചാരിതമായി കിട്ടിയ സമ്മാനവുമായി അയാളുടെ ബൈക്ക് കുന്നിറിങ്ങവേ ഹൃദയത്തിനു തൊട്ടു താഴെ തുന്നി പിടിപ്പിച്ചിരുന്ന പോക്കറ്റിലിരുന്നു സെലിൻ ഡിയോൺ പതിഞ്ഞ താളത്തിൽ പാടി മൈ ഹാർട്ട് വിൽ ഗോ ഓൺ  എവെരി നൈറ്റ് ഇൻ മൈ ഡ്രീംസ് ഐ സീ യു ഐ ഫീൽ യു ..................

Monday 1 August 2016

ജഡരം കടന്നൊരു തീവണ്ടി



ജഗൻ നീ വന്നു വല്ലതും കഴിക്കൂ ,അത് നടന്നിട്ടു നാളു കുറെ കഴിഞ്ഞില്ലേ നമ്മൾ എത്ര പ്രതിരോധിക്കാൻ ശ്രമിച്ചാലും അറിയാതെ സംഭവിക്കുന്നതിനെയല്ലേ നാം അപകടം എന്നു പേരിട്ടു വിളിക്കുന്നത് .അതൊരാപകടമായിരുന്നു ആ ജോലിയിൽ നിനക്കു തുടരാൻ സാധിക്കുന്നില്ലെങ്കിൽ വേണ്ട നമുക്ക് വേറെ ജോലി നോക്കാം .തൽക്കാലം നീ മനസ്സിൽ മാറാല കെട്ടിക്കിടക്കുന്നാ ചിന്തകളെ ഒഴിവാക്കി ശുഭ ചിന്തകളിലേയ്ക്ക് മടങ്ങി വരൂ.
ജെയിംസ് അയാളുടെ ചുമലിൽ പിടിച്ചു എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു ,കുറ്റബോധം വിഴുങ്ങിയവനെപ്പോലെ അയാൾ സകലഭാരവും ശരീരത്തിനു കൊടുത്തു ജെയിംസിന്റെ പിടിയിൽ നിന്നൂർന്നു കട്ടിലിലേയ്ക്കിരുന്നു.

അപ്പൻ മുപ്പതു കൊല്ലം ഓടിത്തീർത്ത വഴിയായിരുന്നു അത് , ഓർമ്മവെച്ച നാൾ മുതൽ അപ്പൻ ജെയിംസ് ലൂയിസ് എന്ന ലോക്കോപൈലറ്റിനെ ശിക്ഷണത്തിൽ വളർന്ന തനിക്ക് ആദ്യ യാത്രയിൽ തന്നെ പറ്റിയ കൈപ്പിഴയോർത്തു ജഗൻ കട്ടിലിൽ തല പൂഴ്ത്തികിടന്നു. കണ്ണടച്ചാൽ ചിതറിത്തെറിച്ച മൃതദേഹങ്ങളുടെ വേദനിപ്പിക്കുന്ന കാഴ്ചകളിലേയ്ക്കാണ് മനസ്സ് പായുന്നത് .എത്ര തവണ അപ്പൻ സഞ്ചരിച്ചു തീർത്ത വഴിയാണത് എന്നിട്ടും ഞാനെങ്ങനെ ആ വഴിക്കു അപരിചിതനായീ .

ഓർമ്മ വെച്ച നാളു  മുതൽ അപ്പൻ ആയിരം ചക്രങ്ങളുള്ള നീണ്ട വണ്ടിയുടെ സാരഥിയായിരുന്നു. കുന്നുകളും സമതലങ്ങളും മഴക്കാടുകളും വനപ്രദേശങ്ങളും കടന്ന് ഒരുപാടുകാതം അപ്പനോടൊപ്പം ആ നീണ്ട ശകടത്തിന്റെ സാരഥിയായിട്ടുണ്ട് . ഭാഗ്യം ചെയ്ത അപ്പന്റെ ഭാഗ്യം ചെയ്ത മകനാണ് താനെന്നു കൂട്ടുകാർ പതം പറയുമ്പോൾ ഉള്ളിലെ ആനന്ദ കടലിരമ്പം എത്ര തവണ  ആസ്വദിച്ചാണ് .ഒരു പിന്തുടർച്ചപോലെ അപ്പന്റെ തൊഴിൽ ചെയ്യാൻ അനുമതി കൈയ്യിൽ കിട്ടിയപ്പോൾ ലോകത്തിലെ ഏറ്റവും വലിയ പർവതം കീഴടക്കിയ സന്തോഷത്തിലായിരുന്നു .ആദ്യ യാത്രയിൽ അപ്പനും കോക്ക് പിറ്റിൽ ഉണ്ടായിരിക്കണം എന്നതൊരു  ആഗ്രഹമായിരുന്നു  പക്ഷെ ആഗ്രഹങ്ങൾ പോലെയല്ലല്ലോ കാര്യങ്ങൾ നടക്കുന്നത് .ഒരു പക്ഷെ അപ്പൻ കൂടെ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു .

മുപ്പതു കൊല്ലക്കാലം നിരവധി മരണങ്ങളെ തൊട്ടടുത്തു കണ്ടിട്ടുള്ള   ലോക്കോ പൈലറ്റ് ജെയിംസ് ലൂയിസ് എന്ന നിന്റെ അപ്പനാണ് നിന്നോടപേക്ഷിക്കുന്നത്‌  ഇങ്ങനെ ഭയചകിതനാകാനാണെങ്കിൽ നിനക്കീ ജോലി ദുഷ്കരമാവും . സിഗ്നൽ തെറ്റിച്ചു  തന്ന സിഗ്നൽമാനില്ലാത്ത പാപ ഭാരം നീ പേറുന്നതെന്തിന് ?
ഒരു പാടു പ്രതീക്ഷയോടെ പള്ളിപ്പെരുനാളു കൂടാൻ വന്ന പതിനാലു പേരുടെ, അല്ലാ അവരെ ആശ്രയിച്ചു ജീവിക്കുന്ന അസംഖ്യം പേരുടെ സ്വപ്നങ്ങളല്ലേ അപ്പാ... ജഗൻ വിതുമ്പി .
ആശിച്ചു മോഹിച്ചു കൈക്കലാക്കിയ തൊഴിൽ ഒരു ദിവസം കൊണ്ട് മടുക്കുമെന്നു ജഗൻ സ്വപ്നം പോലും കണ്ടിരുന്നില്ല പക്ഷെ ഇനി വയ്യ തീവണ്ടിയുടെ  ഒരു കൊച്ചു ഇരമ്പം പോലും അയാളെ ആ ദുസ്വപ്നത്തിലേയ്ക്ക് കൈ പിടിച്ചു നടത്തി.ഓരോ തീവണ്ടിയും അയാളുടെ ഹൃദയ പാളത്തിലൂടെ ചൂളം വിളിച്ചു മുന്നോട്ടു പാഞ്ഞു . മകൻ പഠിച്ച പാഠങ്ങളെയും ഹൃദയതാളം പോലെ സ്നേഹിച്ച ചൂളം വിളികളെയും പേടിക്കുന്ന ഭീരുവായി മാറുന്നത് ജെയിംസ് ലൂയിസ് ദയനീയതയോടെ നോക്കി കണ്ടു .

വീണ്ടുമൊരു അമ്പു പെരുനാൾ വരുന്നു ഒരു പാട് സ്നേഹിച്ച പാളവും പുണ്യാളനും ജഗൻ ജെയിംസ് എന്ന ഇരുപത്തിനാലുകാരനെ കൈ ഒഴിഞ്ഞിട്ടിന്ന് ഒരാണ്ടു തികയുന്നു . പതിവില്ലാതെ അപ്പൻ അയാളെ കൈ പിടിച്ചു എഞ്ചിനുകൾക്കിടയിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി എൻജിൻ മാത്രമുള്ള ഒരു ബോഗി അപ്പനും ജഗനുമായി മുന്നോട്ടു ചലിച്ചു സിഗ്നൽ തെറ്റി ഓടുന്ന എഞ്ചിനുള്ളിൽ രണ്ടു കണ്ണും തുറന്നു ജഗൻ നീണ്ടു നിവർന്നു കിടക്കുന്ന പാളങ്ങളിലേയ്ക്കു നോക്കി കൊച്ചു ജഗൻ സഞ്ചരിച്ചിരുന്ന വഴികളിലൂടെ ആ ബോഗി ലക്ഷ്യമില്ലാതെ പാഞ്ഞു വലിയൊരു ചൂളം വിളിയോടെയാ എൻജിൻ നിറയെ ഇരുട്ടു മാത്രമുള്ള ഒരു ജഡരത്തിനുള്ളിലേയ്ക്ക് പാഞ്ഞു കയറി .......