Tuesday 23 August 2016

അക്കരെയാണെൻ ശ്വാശ്വത നാട്



പ്രിയപ്പെട്ട പ പ്പയ്ക്ക്  ,

ഈ കത്തു കിട്ടുമ്പോൾഅത്ഭുതം കൊണ്ട് പപ്പയുടെ മുഖം ചുളിയുന്നതെനിക്ക് കാണാൻ കഴിയും എന്നും ഫോൺ വിളിക്കുന്ന മകൻ ഇങ്ങനെയൊരു കത്തെഴുതുന്നതെന്തിനെന്നു പപ്പയ്ക്ക് സന്ദേഹമുണ്ടാകാം .ഇനി ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ പപ്പാ മനസ്സിരുത്തി വായിക്കണം ചില തീരുമാനങ്ങൾക്കു നമ്മൾ കൊടുക്കേണ്ടി വരുന്ന വലിയ വിലയെപ്പറ്റി കുട്ടികളായിരിക്കുമ്പോൾതന്നെ  പപ്പാ ഞങ്ങൾക്ക് പറഞ്ഞു തന്നിട്ടില്ലേ  അത് പോലൊരുതീരുമാനത്തിന്റെ തടവുകാരൻ ആയതിലുള്ള ഹൃദയ വേദനയിലാണ് ഞാനിപ്പോൾ . മേഴ്‌സിക്കു ഇന്നു ഡബിൾ ഡ്യൂട്ടിയാണ് , കെവിൻ സ്‌കൂളിലേയ്ക്ക്  പോയാൽ ടിപ്പു  മാത്രമാണ് ഇവിടെ എനിക്കൊരു കൂട്ട്. മിണ്ടാനും പറയാനും എന്തിനു ഉള്ളു തുറന്നൊന്നു സ്നേഹിക്കാൻ കൂടി അവനല്ലാതെ മറ്റാരുമില്ലെന്നൊരു തോന്നൽ .പപ്പാ  ഞങ്ങളെ വളർത്തിയത് പോലെയെനിക്ക്  കെവിനെ  വളർത്തണമെന്നു  ആഗ്രഹമുണ്ട് , പക്ഷെ മേഴ്‌സിയുടെ ശൈലി ഒന്ന് വേറെയാണ് .അവൾക്കു ജോലിയൊഴിഞ്ഞൊരു ചിന്തയില്ല ദിവസം മുഴുവനും ജോലി ചെയ്യാൻ കഴിഞ്ഞാൽ അതാണ് അവളുടെ സ്വർഗം . ഞാൻ അവളെ കുറ്റം പറയുകയല്ല അവൾ അദ്ധ്വാനിക്കുന്നത് മുഴുവൻ കുടുംബത്തിന് വേണ്ടിയാണ് എങ്കിലും ഇപ്പോൾ ചിലപ്പോൾ പപ്പയുടെ തീരുമാനം ആയിരുന്നു  ശരിയെന്നു തോന്നുന്നു . എന്നെ നഷ്ടപ്പെടുത്തി ഒരു വിവാഹം വേണ്ടായെന്നു പപ്പാ ശഠിച്ചപ്പോഴും ഈ ബന്ധത്തിനു വേണ്ടി വാശി പിടിച്ചത് ഞാനായിരുന്നല്ലോ .യൂറോപ്പ് എനിക്കൊരു സ്വപ്ന ഭൂമിയായിരുന്നു പപ്പാ തെക്കേടത്തെ മാർട്ടിനും തട്ടാശേരിയിലെ ജോപ്പനും പോയപ്പോൾ എനിക്കും വാശിയാരുന്നു .അവരെ രണ്ടു പേരെയും ഞാനിപ്പോൾ കാണാറുണ്ട് ഞങ്ങളെല്ലാം തുല്യ ദുഖിതരാണ് പപ്പാ .
യൂറോപ്പിന്റെ മുഖം വളരെ വികൃതമാണ് ,യൂറോ ആയതിനുശേഷം കിഴക്കൻ യൂറോപ്പിൽ നിന്നുള്ള അഭയാർത്ഥി പ്രവാഹത്തിൽ വീർപ്പുമുട്ടുകയാണ് ഇവിടെ ഓരോ നഗരവും രണ്ടായിരം യൂറോ ശമ്പളമുള്ള ജോലികൾക്കു പോലും കിഴക്കൻ യുറോപിയൻകാർ തമ്മിൽ മത്സരമാണ് എന്തെങ്കിലും ജോലി അന്വേഷിച്ചു ഞാൻ അലയാത്ത ഓഫീസുകൾ ഇല്ല  അഞ്ചു  ലക്ഷം മുടക്കി ഞാൻ പഠിച്ച മാർക്കറ്റിങ് മാനേജ്‍മെൻറ് ബിരുദത്തിന് ഇവിടെ കടലാസിൻറെ  വിലപോലും ഇല്ല . കൂലി പണിക്കു വിടാൻ മേഴ്‌സി ഒട്ടു ഒരുക്കവുമല്ല എത്ര കാലമാണ് ഞാനും മകനും  അവളുടെ ചിലവിൽ കഴിഞ്ഞു കൂടുക .

മമ്മിയോടു പറയണം ഞാനിപ്പോൾ നല്ല ഒന്നാംതരം പാചകക്കാരൻ ആയിക്കഴിഞ്ഞിരിക്കുന്നു എന്ന് . മമ്മി ഉണ്ടാക്കാറുണ്ടായിരുന്ന കോഴിപ്പിടി എനിക്കിപ്പോൾ നന്നായി വഴങ്ങും .മേഴ്‌സി ഒന്നിനും നിർബന്ധിക്കാറില്ല എങ്കിലും വെറുതെ ഇരിക്കുമ്പോൾ ഞാൻ വീട്ടിലെ പണിയൊക്കെ ചെയ്തു തീർക്കും. മമ്മി ഓർക്കുന്നില്ലേ എത്ര തവണയാണ് ഞാൻ ഇഷ്ട്ടപ്പെട്ട കറികൾക്ക് വേണ്ടി വാശി പിടിച്ചു ഉണ്ണാതിരുന്നത് ,അതൊക്കെ  ഇപ്പോൾ ഓർക്കുമ്പോൾ എനിക്കെന്നോട് തന്നെ പുച്ഛം തോന്നുന്നു .
പാപ്പയോടൊരു  പ്രത്യേക കാര്യം പറയാനാണീ കത്തെഴുതി തുടങ്ങിയത് പേപ്പറും പേനയും കിട്ടിയപ്പോൾ ഞാൻ കാട് കയറിപ്പോയി ക്ഷമിക്കുക . പപ്പാ  ചന്തയിൽ നടത്തിയിരുന്ന ആ പഴയ കട നമുക്ക് തിരിച്ചു കിട്ടുമോ ? പപ്പയുടെ കോഴിക്കടയെ ഞാൻ ഒരു പാടു പുച്ഛിച്ചിട്ടുണ്ട്  ലഗോൺ കോഴികളുടെ മണം മനം പിരട്ടലുണ്ടാക്കിയിരുന്ന പഴയ ചാർളിയല്ല ഞാനിപ്പോൾ .  ഞങ്ങൾ മെയ് അവസാനം വരുകയാണ് , ഇനിയൊരു മടക്കയാത്ര യൂറോപ്പിലോട്ടു ഉണ്ടാവില്ല .മേഴ്‌സിക്കു വേണമെങ്കിൽ അവൾ തനിച്ചു പൊയ്ക്കോട്ടേ ഞാനും കെവിനും നാട്ടിൽ തന്നെ കൂടാൻ തീരുമാനിച്ചു .ഞാൻ ആലോചിച്ചപ്പോൾ പപ്പയ്ക്കും മമ്മിക്കും വയസ്സായി വരുന്നു ഒരത്യാവശ്യത്തിനു പോലും ഉപകരിക്കാത്തൊരു മകനായി ലോകത്തിന്റെ ഒറ്റപ്പെട്ട കോണിൽ എല്ലു മരവിപ്പിക്കുന്ന തണുപ്പിൽ ഒന്നും ചെയ്യാനില്ലാത്തവനായി  ജീവിച്ചു മരിക്കുന്നതിലും ഭേദം മടക്കയാത്ര തന്നെയാണ് . മിലാൻ സുന്ദരിയാണ് ജനാലയ്‌ക്കപ്പുറം കോമോ നദി ശാന്തമായി ഒഴുകുകയാണ് പക്ഷെ ഞാനിപ്പോൾ വേമ്പനാടു കായലിന്റെ നടുവിൽ ഒരു കൊതുമ്പു വള്ളം തുഴഞ്ഞു കര പറ്റാൻ ശ്രമിക്കുന്ന ഒരു കുട്ടനാട്ടുകാരന്റെ തിടുക്കത്തിലാണ് ,ശേഷം കാഴ്ച്ചയിൽ.

സ്നേഹപൂർവ്വം മകൻ ,

ചാർളി ജേക്കബ്
മിലാൻ

No comments: