Sunday, 14 August 2016

തുരുമ്പെടുത്ത പ്രസവയന്ത്രം


അപരിഷ്കൃതമായ ആ തെരുവോരത്തെ പൊളിഞ്ഞു വീഴാറായ കുടിലിനു മുന്നിൽ വണ്ടി നിർത്തി മുത്തു സാമി ഉറപ്പിച്ചു പറഞ്ഞു ഇത് തന്നെ, ഇത് തന്നെയാണാ വീട് .അപിരിചതരുടെ സ്വരം കേട്ട് മുറ്റത്തേക്കിറങ്ങിയ വര ലക്ഷ്മി ബ്രോക്കർ മുത്തു സ്വാമിയേ വേഗം തിരിച്ചറിഞ്ഞു. ആരോഗ്യം ക്ഷയിക്കുന്നതിനു മുൻപ് മുത്തുസ്വാമിക്ക് വേണ്ടി എട്ടോളം കുഞ്ഞുങ്ങളെ പെറ്റു നൽകിയവളാണ് വരലഷ്മി . ചുവന്നു തുടുത്ത ചുണ്ടുകൾക്ക് മുകളിൽ രണ്ടു വിരലുകൾ കൊണ്ടമർത്തിപ്പിടിച്ചു വായിൽ കിടന്ന മുറുക്കാൻ ത്ഫൂ എന്നു ആഞ്ഞു പുറത്തേയ്ക്കു തുപ്പികൊണ്ടു വരലക്ഷ്മിയവരെ വരവേറ്റു . വണ്ടിയിൽ നിന്നിറങ്ങിയ കെവിൻ ആ സ്ത്രീയുടെ മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി , ദൈന്യത നിഴലിക്കുന്ന കുഴിഞ്ഞിറങ്ങിയ കണ്ണുകളിൽ തന്നെ നോക്കി അയാളാ ഒറ്റമുറി വീട്ടിലെ ചാണകം മെഴുകിയ അരപ്രൈസിൽ കയറി ചമ്രം പിടഞ്ഞിരുന്നു .
എട്ടു കുട്ടികളെ പ്രസവിച്ചെങ്കിലും വരലഷ്മിയിന്നോളം ഒരു പുരുഷന്റെ ചൂടറിഞ്ഞിരുന്നില്ല. താൻ പ്രസവിച്ച കുട്ടികൾ ലോകത്തിന്റെ പല ഭാഗത്തും വളരുന്നുണ്ടെന്നു വരലക്ഷ്മിക്കറിയാമായിരുന്നു പക്ഷെ ഒരിക്കൽ പോലും അവരിലൊരാളും അവരെ തേടി വന്നില്ല വരുമെന്നവർ സ്വപ്നം കണ്ടിരുന്നുമില്ല . പ്രായം കടന്നു വന്നതോടെ വരലക്ഷ്മി വെറും എടുക്കാച്ചരക്കായി മാറുകയായിരുന്നു . പതിനെട്ടാം വയസ്സിലാണ് വരലക്ഷ്മി ആദ്യം പ്രസവിക്കുന്നത് . അപ്പൻ ചിന്നപ്പയും ഡോക്റ്റർ മഹാലിംഗവും കൂടി തീരുമാനിച്ച പരീക്ഷണത്തിലെ പരീക്ഷണവസ്തുവായിട്ടാണ് മഹാലിംഗത്തിന്റെ വന്ധ്യതാ നിവാരണ ക്ലിനിക്കിലെത്തുന്നത് . ന്യൂ സീലാൻഡിൽ നിന്നും വന്ന വെള്ളാരം കണ്ണുള്ള ആൽബെർട്ടിനും ക്രിസ്റ്റീനയ്ക്കും ഒരു കുഞ്ഞിക്കാലു കാണാൻ വേറൊരു ഗർഭപാത്രത്തിന്റെ സഹായം വേണമത്രേ .
ചിന്നപ്പയും മകളും ജനിച്ചിട്ടിന്നോണം കഴിക്കാത്ത ക്രീം പുരട്ടിയ കേക്കുകളും തേൻ മധുരമുള്ള ചെറിപ്പഴങ്ങളുമാണ് വരലക്ഷ്മിയെ ആ പ്രലോഭനത്തിലേയ്ക്ക്‌ വലിച്ചിട്ടത് .
മൂന്നാം മാസം മുതൽ വലുതാകുന്ന വയറിനെ നോക്കി വരലഷ്മി അപ്പയോട് പയ്യാരം പറഞ്ഞു . ക്രിസ്റ്റീന വരലക്ഷ്മിയുടെ വയറിൽ ചെവി ചായ്ച്ചു വെച്ചിട്ടു വെള്ളാരം കണ്ണുകാരൻ ആൽബർട്ടിന്റെ ചെവിയിൽ അശ്ലീല ചുവയുള്ള കുസൃതി പറഞ്ഞു. ആൽബെർട്ടിന്റെയും ക്രിസ്റ്റീനയുടെയും ഭാഷ ഒന്നുമറിയില്ലങ്കിലും വെള്ളാരം കണ്ണുള്ള ആൽബെർട്ടിന്റെയും ക്രിസ്റ്റീനയുടെയും ഹൃദയമാണ് തന്റെ ഉദരത്തിൽ വളരുന്നതെന്നു ചുരുങ്ങിയ നാളുകൾ കൊണ്ട് വരലക്ഷ്മി അടുത്തറിഞ്ഞു .
ക്രിസ്റ്റീനാ വരലക്ഷ്മിയെ രാജകുമാരിയെപ്പോലെ നോക്കി ഒൻപതാം മാസം വരലക്ഷ്മി പ്രസവിച്ചു . ആൽബർട്ട് സായിപ്പിനെപ്പോലെ വെള്ളാരം കണ്ണുള്ള കുഞ്ഞു സായിപ്പ് . അന്നാദ്യമായാണ് വരലക്ഷ്മി ഒരു സ്ത്രീയും പുരുഷനും പരസ്പരം പരിസരം മറന്നു ചുംബിക്കുന്നത് കാണുന്നത് .ചുണ്ടുകൾ നാഗങ്ങളെപ്പോലെ കോർത്തു ആൽബെർട്ടും ക്രിസ്റ്റീനയും പുതിയ കുഞ്ഞിന്റെ ജനനം ആഘോഷിക്കുന്നത് വരലഷ്മി നാണത്തോടെ കണ്ടു കിടന്നു . കുഞ്ഞാൽബർട്ടിനെയും കൊണ്ട് ന്യൂസിലാൻഡിനു പോകും മുൻപ് ആൽബർട്ട് വരലഷ്മിയെ കൂടെ കൂട്ടാൻ ക്രിസ്റീനയോടു സമ്മതം തേടി .മദാമ്മയായിരുന്നെങ്കിലും പെണ്ണായ ക്രിസ്റ്റീനാ ഒരു കൊച്ചു നുള്ളിനാൽ ആൽബർട്ടിന്റെ മോഹങ്ങളെ നുള്ളിയെറിഞ്ഞു .വെള്ളാരം കണ്ണുള്ള രണ്ടാൽബെർട്ടുമാരുമായി ക്രിസ്റ്റീനാ വെല്ലിങ്ടണിലേയ്‌ക്ക്‌ വിമാനം കയറി .
പിന്നീടങ്ങോട്ട് വരലക്ഷ്മി ഡോക്റ്റർ മഹാലിംഗത്തിന്റെ സ്ഥിരം പ്രസവയന്ത്രമായി മാറപ്പെടുകയായിരുന്നു . കൈ നിറയെ കാശും രാജകുമാരിയെപ്പോലുള്ള പരിചരണവും പുതിയ പുതിയ പരീക്ഷണങ്ങൾക്കു വരലക്ഷ്മിക്കു ധൈര്യം പകരുകയായിരുന്നു . കുട്ടികളില്ലാത്ത വിദേശികളും കാശുള്ള നാടൻ ദമ്പതികളും വരലക്ഷ്മിയുടെ ഉദരം വായ്‌പ വാങ്ങി തങ്ങളുടെ കുഞ്ഞുങ്ങളെ ജനിപ്പിച്ചു .
ഇവനെയാണ് ലക്ഷ്മി അവസാനം പ്രസവിച്ചത് ബ്രോക്കർ മുത്തു സ്വാമിയാണത് പറഞ്ഞത് . വരലക്ഷ്മി ഇരുന്നിടത്തു നിന്നും എഴുന്നേറ്റു രണ്ടടി പിന്നോട്ടു മാറി കെവിന്റെ മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി .
പാലാക്കാരൻ സ്റ്റീഫന്റെ ക്ഷയരോഗിയായ ഭാര്യയിൽ ഉണ്ടായ മകൻ !
നിന്നെ ജീവനോടെ കിട്ടുമെന്ന് ആരും വിചാരിച്ചതല്ല ,പ്രസവിച്ചപ്പോൾ ഒരെലിക്കുഞ്ഞു പോലെ ഉണ്ടാരുന്നുള്ളു നീ, ഞാൻ പ്രസവിച്ചതിൽ വെച്ചേറ്റവും ദുർബലനായ കുഞ് !!
കെവിൻ ഒന്നും മിണ്ടാതെ തല താഴ്ത്തിയിരുന്നു പത്താം വയസ്സിൽ മമ്മി വിടപറയുമ്പോൾ മുതൽ തേടി നടന്നതാണീ സ്ത്രീയെ . ഡോക്ക്ടർ മഹാലിംഗത്തിന്റെ മരണത്തോടെ ഇവരിലേയ്ക്കുള്ള എല്ലാ വഴിയും അടഞ്ഞു എന്നാണ് കരുതിയത് . എന്നാൽ അവിചാരിതമായാണ് ഡാഡി മുത്തു സ്വാമിയേ കാണുന്നതും ഞാൻ ഇവിടെ എത്തപ്പെടുന്നതും . ഈ ഉദരത്തിന്റെ ചൂടിൽ കിടന്ന നാളുകളെപ്പറ്റി എന്റെ മമ്മി എനിക്ക് വിവരിച്ചു തന്നിട്ടുണ്ട്.വരലഷ്മി ഏറ്റവും കൂടുതൽ പേടിച്ചതും ഇനിയൊരിക്കലും ഇങ്ങനെയൊരു സാഹസത്തിനു മുതിരില്ലായെന്നു മനസ്സിൽ പ്രതിജ്ഞയെടുത്തതും ഒക്കെ കെവിൻ നൽകിയ അരിഷ്ടതകളുടെ അനന്തരഫലമായിട്ടായിരുന്നു . കെവിനതു പറഞ്ഞു തീർന്നതും ഒറ്റ മുറി വീട്ടിലെ ചാണകം മെഴുകിയ തറയിലെ മരപ്പൊടിയടുപ്പിൽ വെച്ചിരുന്ന അരിക്കലം തിളച്ചു തൂവി .
അന്തരീക്ഷമാകെ പൊടിപടലമുയർത്തി കെവിന്റെ കാർ യാത്ര പറഞ്ഞു മുന്നോട്ടു നീങ്ങിയപ്പോൾ വരലഷ്മി കയ്യിലിരുന്ന നോട്ടു കെട്ടുകളിലേയ്ക്ക് നോക്കി .മുകൾത്തലപ്പിലെ നോട്ടുകളിൽ ഒന്നിൽ ആരോ പിൻ ചെയ്ത വെച്ച സ്റ്റേപ്പിൾ പിന്നുകളിൽ നിന്നും തുരുമ്പു പടർന്നു നോട്ടു കെട്ടുകളിലേയ്ക്കും വ്യാപിച്ചിരിക്കുന്നു .പാകമായ ബസ്മതി ചോറ് പിഞ്ഞാണത്തിലേയ്ക്കു പകരുമ്പോൾ തുരുമ്പെടുത്താ പ്രസവയന്ത്രത്തിന്റെ കണ്ണിൽ നിന്നും രണ്ടു നുള്ളു കണ്ണുനീരു കലർന്ന ഉപ്പ് ആ ചോറിലേയ്ക്ക് പടർന്നിറങ്ങി ...
Post a Comment