Wednesday, 3 August 2016

അവിചാരിതമായി കിട്ടിയ സമ്മാനം

റോബിൻ മൊബൈൽ ഫോണിലേക്കു നോക്കി കിടന്നു ഇതിപ്പോൾ മുപ്പത്തി മൂന്നാമത്തെ തവണയാണ് മുംതാസ്  വിളിക്കുന്നത്.  എടുത്തിട്ടു എന്ത് പറയാനാണ് അവളിപ്പോൾ ഇറങ്ങിയിട്ടുണ്ടാവണം ഒന്നും വേണ്ടായിരുന്നു പപ്പാ മേമ എല്ലാവരും എതിർക്കും, അതറിഞ്ഞു കൊണ്ട് തന്നെയാണ് അവളോടിറങ്ങി വരാൻ പറഞ്ഞതും എന്നിട്ടു താൻ ഒരു ഭീരുവിനെപ്പോലെ ഒളിച്ചിരിക്കുന്നതെന്തിന് .പ്രണയം ഒളിച്ചോട്ടം അതൊക്കെ ധീരന്മാർക്കുള്ളതാണ് മെല്ലെ മൊബൈൽ ഫോൺ കൈയ്യിലെടുത്തു റോബിൻ മുന്നോട്ടു നടന്നു.
മഴപെയ്തു തോർന്ന മുറ്റത്തു നിർത്തിയിട്ടിരുന്ന ബൈക്ക് തള്ളി പുറത്തിറക്കുമ്പോൾ പപ്പാ പുറകിൽ നിന്നും നീട്ടി വിളിച്ചു എങ്ങോട്ടാ ഈ അസമയത്ത് ? മറുപടിയൊന്നും  പറയാതെ ബൈക്ക് സ്റ്റാർട്ട് ചെയ്തു മുന്നോട്ടു നീങ്ങി .തിരിച്ചു വരുമ്പോൾ പപ്പാ ഇങ്ങനെ ഒന്നും ആവില്ല ചോദിക്കുന്നത് ,അല്ലെങ്കിൽ തന്നെ ഞാൻ എന്തിനാണ് പേടിക്കേണ്ടത് ഒരു പെണ്ണിനെ പുലർത്താനുള്ള കഴിവും ആരോഗ്യവും ഉണ്ട് പപ്പാ ഇറക്കിവിട്ടാൽ തന്നെ ഒന്നും വരാനില്ല ബൈക്കിന്റെ സ്പീഡോമീറ്റർ സൂചി മട്ടകോണാടയാളത്തിൽ വീശിയടിച്ചു.

മഴ നന്നായി പെയ്ത ഒരു ജൂൺ മാസത്തിലാണവൾ വഴി തെറ്റി  മൊബൈൽ നമ്പറുകൾക്കിടയിലേയ്ക്ക്  കയറി കൂടിയത് .തികച്ചും അവിചാരിതമായി ഒരു ക്ഷമാപണത്തിൽ അവസാനിച്ച ആ ഫോൺ കോളിന് ഇത്രയും വിശാലമായ ഒരു ലോകത്തേയ്ക്ക് തങ്ങളെ വലിച്ചിടാൻ കഴിയുമെന്ന് സ്വപ്നം പോലും കണ്ടിരുന്നില്ല . ഈ നൂറ്റാണ്ടിൽ ആരാണ് വെറും ശബ്ദം മാത്രം കേട്ട് കൊണ്ടൊരാളെ  പ്രണയിക്കുക . അങ്ങനെ ചില വൈചിത്രങ്ങൾഈ ലോകത്തു നടക്കുന്നുണ്ട് , മുംതാസ് സുന്ദരിയാണ് അവളുടെ വാക്കുകൾക്കൊരു വശ്യതയുണ്ട് അല്ലെങ്കിൽ എന്നെപ്പോലൊരു അന്തർമുഖനെ അവൾക്കു വശീകരിക്കാൻ സാധിക്കില്ലായിരുന്നു . ഒരു പെണ്ണിന്റെ നിഴലിനെപ്പോലും ഭയപ്പെട്ടിരുന്ന ഞാൻ ഒരു മുയൽ കുഞ്ഞിനെപ്പോലെയല്ലേ അവളുടെ വാക്കുകളിൽ മയങ്ങിയത് .വെറും വർത്തമാനത്തിന്റെ ഭൂമികയിൽ  നിന്നും പ്രണയത്തിന്റെ സ്വർഗ്ഗ കവാടങ്ങളിലെയ്ക്ക് ഒരു ജാലവിദ്യക്കാരിയെപ്പോലെയെന്നെ  കൈ പിടിച്ചു നടത്തിയ മുംതാസ് ഇനി നിന്റെ ഷാജഹാൻ ഈ അന്തർമുഖനായ അപ്പർ ഡിവിഷൻ ക്ലാർക്ക് റോബിനായിരിക്കും  .

മഴ നേർത്തു നേർത്തു ഒരു വർണ്ണ നൂലിന്റെ വലിപ്പത്തിലേയ്ക്ക് ചുരുങ്ങിയിരിക്കുന്നു .ജില്ലാകോടതിപ്പാലം കടന്നതും പോക്കറ്റിലിരുന്ന മൊബൈൽ സെലിൻ ഡിയോണിന്റെ ഹൃദയരാഗം പാടി. ആ പാട്ടായിരുന്നു മുംതാസിന്റെ ഇഷ്ട ഗാനം എന്റെ ഹൃദയം താഴേയ്ക്ക് വലിച്ചിട്ട രാജകുമാരി നിന്റെ രാജകുമാരൻ ഇതാ എത്തിക്കഴിഞ്ഞിരുന്നു , ബൈക്ക് സൈഡൊതുക്കി മൊബൈൽ ഫോണിന്റെ ശീല മാറ്റി.  അവളുടെ മുപ്പത്തി നാലാമത്തെയും അവസാനത്തെയും  കാൾ. മിടിക്കുന്ന ഹൃദയത്തോടെ പച്ച ബട്ടണിൽ അമർത്തി വലത്തേക്ക് വലിച്ചു,  പേടിച്ചു പോയോ ഞാനിതാ  ഒരു പത്തു മിനുട്ടിനുള്ളിൽ ബസ് സ്റ്റാൻഡിൽ എത്തും . ഒരു കരച്ചിൽ അണപൊട്ടിയതു പോലെ കാതിലേയ്ക്ക് ഒഴുകിയിറങ്ങി .
തിരക്കൊഴിഞ്ഞ ശാന്തമായ ട്രാൻസ്‌പോർട്ട് സ്റ്റാൻഡിൽ  വഴിക്കണ്ണുമായി കാത്തിരിക്കുന്ന യുവതിയുടെ കണ്ണുകളിലേയ്ക്ക് നോക്കി വിളിച്ചു മുംതാസ് ...ഒരു മന്ത്ര ധ്വനിപോലെയാ സ്വരം മഴയുടെ ചീറലുകൾക്കിടയിലൂടെ ഒഴുകിയിറങ്ങി വലതുകൈ ചേർത്തവളുടെ ഇടതു കൈ പിടിച്ചു നടക്കും മുൻപവൾ താഴേയ്ക്ക്  കുനിഞ്ഞു കുഞ്ഞിനെയെടുത്തുകൊണ്ട്  റോബിന്റെ പിന്നാലെ ആനുസരണമുള്ളവളെപ്പോലെ നടന്നു . അവിചാരിതമായി കിട്ടിയ ഫോൺ കോളും പ്രണയവും പോലെ അവിചാരിതമായി കിട്ടിയ സമ്മാനവുമായി അയാളുടെ ബൈക്ക് കുന്നിറിങ്ങവേ ഹൃദയത്തിനു തൊട്ടു താഴെ തുന്നി പിടിപ്പിച്ചിരുന്ന പോക്കറ്റിലിരുന്നു സെലിൻ ഡിയോൺ പതിഞ്ഞ താളത്തിൽ പാടി മൈ ഹാർട്ട് വിൽ ഗോ ഓൺ  എവെരി നൈറ്റ് ഇൻ മൈ ഡ്രീംസ് ഐ സീ യു ഐ ഫീൽ യു ..................

Post a Comment