Wednesday, 12 January 2011
ഷേര്‍ ഖാന്റെ സുവിശേഷം
ഒരു പാകിസ്ഥാനിയെ ജോലിക്ക് വെക്കുമ്പോള്‍ ഒരു പാട് ആശങ്കകള്‍ ആയിരുന്നു എന്‍റെ മനസ്സില്‍ പത്താന്കര്‍ പൊതുവേ ബുദ്ധി ഇല്ലാത്തവരും ക്ഷിപ്രകോപികളും ആണെന്നുള്ള പൊതു ധാരണ ആയിരുന്നു എന്‍റെ ഭയത്തിന്റെ അടിസ്ഥാനം എന്നാല്‍ എന്‍റെ എല്ലാ ആശങ്കകളെയും പിന്നിലക്കി ആ കുലീനനായ മനുഷ്യന്‍ ഞങ്ങളുടെ പ്രിയങ്കരന്‍ ആകാന്‍ അധിക കാലം വേണ്ടി വന്നില്ല , സത്യസന്ധനും, ചെയുന്ന തൊഴിലിനോട് നൂറു ശതമാനം പുലര്‍ത്തിയിരുന്ന ആത്മാര്‍ത്ഥതയും ആയിരുന്നു ഷേര്‍ ഖാനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തന്‍ ആക്കിയിരുന്നത് . ഷേര്‍ ഖാന് നാട്ടില്‍ രണ്ടു ഭാര്യമാരും ഒന്‍പതു മക്കളും ഉണ്ടായിരുന്നു ,രണ്ടു പേരും മത്സരിച്ചു ജോലി ചെയ്തിട്ടും രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ പാട് പെടുന്നവരുടെ ഇടയില്‍ പത്തു വയറിനു വേണ്ടി ഒറ്റയ്ക്ക് അധ്വാനിക്കുന്ന ഷേര്‍ ഖാന് ഒരു അത്ഭുതമനുഷ്യന്‍ ആയിരുന്നു .ഖാന്‍ സാബിന് ആരെയും പേടിയില്ല പടച്ച തമ്പുരാന്‍ അല്ലാതെ ആരെയും പേടിക്കരുത് എന്നതായിരുന്നു ഷേര്‍ ഖാന്‍റെ മതം . ഖാന്‍ സാബിന് നാലു സഹോദരന്മാര്‍ ആയിരുന്നു മൂന്ന് പേരും താലിബാന്‍ അക്രമത്തില്‍ കൊല്ലപെട്ടപോഴാണ് ജീവന്‍ രക്ഷിക്കാന്‍ ഒരു തോക്ക് വേണമെന്ന് തോന്നിയത് .ഒരു തോക്ക് ഉണ്ടായിരുന്നെങ്കില്‍ ഒരാളെയെങ്കിലും രക്ഷിക്കാന്‍ കഴിയുമായിരുന്നെന്നു ഖാന്‍ സാബിന് തോന്നിയപ്പോഴാണ് ദുബായ് അവസാന ലക്‌ഷ്യം ആയതും . രണ്ടായിരം ഡോളര്‍ കൊടുത്താല്‍ തോക്ക് വില്‍ക്കുന്നവര്‍ സ്വാബിയില്‍ തന്നെ ഉണ്ട് പക്ഷെ രണ്ടായിരം ഡോളര്‍ ഷേര്‍ ഖാനെ പോലൊരു സാധുവിന് സങ്കല്പിക്കവുന്നതിലും മേലെയാണ് , രണ്ടു ഭാര്യമാരെയും ഒന്പതുമക്കളെയും അവശേഷിക്കുന്ന കുഞ്ഞനുജനെയും തനിച്ചാക്കി വീട് വിട്ടിറങ്ങുമ്പോള്‍ ഒരേ ഒരു ലക്‌ഷ്യം മാത്രം ആയിരുന്നു രണ്ടായിരം ഡോളര്‍ സമ്പാദിക്കുക .
ഷേര്‍ ഖാന്‍ പ്രായത്തേയും ആരോഗ്യത്തെയും വക വെക്കാതെ കഠിനമായി അധ്വാനിച്ചു ലക്‌ഷ്യം മുന്‍പില്‍ ദീപ്തമായി ജ്വലിച്ചു നിന്നിരുന്നത് കൊണ്ടാവാം ഏറ്റവും കൂടുതല്‍ ഓവര്‍ ടൈം വാങ്ങുന്നവരില്‍ എന്നും ഖാന്‍ സാബ് മുന്‍പിലായിരുന്നു .എന്‍റെ നാലു വയസുള്ള മകന്‍ ആബെലിനു ഖാന്‍ അങ്കിള്‍ ജീവനായിരുന്നു പഞ്ഞി പോലെ നരച്ച താടിയുള്ള അമ്മച്ചിയുടെ ചുരിദാര്‍ പോലെ ഉടുപ്പിടുന്ന ഖാന്‍ അങ്കിള്‍ .ഒരിക്കല്‍ ഖാന്‍ സാബ് വീട്ടില്‍ വന്നപ്പോള്‍ ആബെലിനു ഒരു സമ്മാനം കൊടുത്തു നൂലിഴകൊണ്ട് ചിത്ര തുന്നല്‍ പണി ചെയ്ത ഒരു പത്താന്‍ തൊപ്പി , മടങ്ങുമ്പോള്‍ ഖാന്‍ സാബ് നാട്ടില്‍ പോകുന്നതിനു മുന്‍പ് ഒരു സമ്മാനം കൂടി കൊണ്ട് വരാം എന്ന് പറഞ്ഞപ്പോള്‍ കൂടുതല്‍ ലീവിനോ ലോണ്‍ കിട്ടുന്നതിണോ ഉള്ള സോപ്പ് എന്ന് മാത്രമേ ഞാന്‍ കരുതിയുള്ളു . ഇതിനിടെ ഷേര്‍ ഖാന്‍ അനുജനെയും കൂടെ കംബനിയിലെയ്ക്ക് കൊണ്ട് വരാന്‍ഷേര്‍ ഖാന്‍ ശ്രമം തുടങ്ങിയിരുന്നു .
അനുജന്‍ കമ്പനിയില്‍ വന്നതും ഖാന്‍ സാബിന് തെല്ലൊരു ആശ്വാസമായി .ഖാന്‍ സാബിനെ പോലെ എല്ലുമുറിയെ പണിയെടുക്കുന്ന ഒരു സാധുവയിരുന്നു അനുജന്‍ യുസഫ് ഖാനും ,അങ്ങനെ ഖാന്‍ സാബിന്റെ കാത്തിരിപ്പുകള്‍ക്ക് അന്ത്യമായി രണ്ടുപേരുടെയും നീക്കിയിരിപ്പ് രണ്ടായിരത്തി അഞ്ഞൂറ് ഡോളര്‍ കഴിഞ്ഞപ്പോഴാണ് ഖാന്‍ സാബ് നാട്ടില്‍ പോകാന്‍ തീരുമാനിച്ചത് . ഒരു ലക്‌ഷ്യം വെച്ച് നാട് വിടുക അത് പൂര്‍ത്തികരിക്കാനായി ഒരു മടങ്ങി പോക്ക് , ഒരു ലക്ഷ്യവും ഇല്ലാതെ തിന്നും കുടിച്ചും അടിച്ചു പൊളിച്ചു ജീവിച്ചിരുന്ന മലയാളിക്കള്‍ക്കും ശ്രിലങ്കക്കാര്‍ക്കും ഖാന്‍ സാബ് ഒരു വിസ്മയമായിരുന്നു . പോകും മുന്‍പ് ഖാന്‍ സാബ് എന്‍റെ മകനെ കാണാനെത്തി മുന്‍പ് പറഞ്ഞ സമ്മാനം കൊടുക്കാന്‍, കണ്ടാല്‍ ഒരിജിനലെന്നു തോന്നിക്കുന്ന ഒരു മെഷീന്‍ ഗണ്‍ ,ഖാന്‍ സാബിന്റെ സ്വപ്നത്തിന്റെ ഒരു ചെറു കളി രൂപം .ഇത് പോലെ ഒന്ന് വാങ്ങാനാണ് ഈ വര്‍ഷമെല്ലാം ഇയാള്‍ വെയിലില്‍ ഉരുകിയത്. യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഞാന്‍ കൈയില്‍ വെച്ച് കൊടുത്ത നോട്ടുകള്‍ ചേര്‍ത്ത് പിടിച്ചു എന്‍റെ കൈകളില്‍ ചുംബിക്കുമ്പോള്‍ ഖാന്‍ സാബിന്റെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണ് നീര്‍ പൊടിഞ്ഞു എന്‍റെ കൈകളില്‍ വീണു ,കപടതകളില്ലാത്ത സ്നേഹത്തിന്റെ അശ്രു .ലോകം കീഴടക്കിയ സന്തോഷമായിരുന്നു അയാള്‍ക്ക് ,നീണ്ട മൂന്ന് വര്‍ഷത്തിനു ശേഷം പ്രിയപെട്ടവരുടെ അരികിലേയ്ക്ക് പറന്നെത്തുകയാണ് ഈ കാലമത്രയും ശരീരം കൊണ്ട് മണലാരണ്യത്തില്‍ ആയിരുന്നെങ്കിലും മനസ് ഏപ്പോഴും അവര്‍ക്കൊപ്പം ആയിരുന്നു .എയര്‍പോര്‍ട്ട് എത്തുവോളം ഖാന്‍ സാബ് സംസാരിച്ചു കൊണ്ടേ ഇരുന്നു അവധി കഴിഞ്ഞാലുടന്‍ തിരികെ എത്താമെന്ന വാക്കുമായി അയാള്‍ പോയി .
ഏകദേശം ഒരു ആഴ്ച കഴിഞ്ഞിട്ടുണ്ടാവില്ല എന്തോ ഒരു അത്യാവശ്യ കാര്യത്തിന് മുസഫയിലെയ്ക്ക് പോകാനിറങ്ങിയ എനിക്ക് മുന്നിലേയ്ക്ക് അലറികരഞ്ഞു കൊണ്ട് യുസുഫ് വരുന്നത് കണ്ടു ഞാന്‍ സ്തബ്ധനായി ഖാന്‍ സാബിന്റെ അനുജന്‍ യുസഫാണ് വലിയ വായില്‍ അലറി കരയുന്നത് പാകിസ്താനില്‍ വെച്ച് ഖാന്‍ സാബ് കൊല്ലപെട്ടിരിക്കുന്നു . തോക്ക് വാങ്ങാനെത്തിയ ഖാന്‍ സാബിനെ പണം അപഹരിച്ച ശേഷം ആരോ കൊലപെടുത്തി കടന്നു കളഞ്ഞിരിക്കുന്നു. ഏറെ മോഹിച്ചു കാത്തിരുന്ന ഒന്ന് കൈയെത്തും ദൂരത്തു വെച്ച് മോഹമായി അവശേഷിപിച്ചു അയാള്‍ കടന്നു പോയിരിക്കുന്നു .ആ നാട് അങ്ങനെ ആണ് ഒന്നിനും ഒരു സുരക്ഷിതത്വവും ഇല്ല പരാതിപെടാന്‍ നിയമമോ കോടതിയോ ഒന്നും ഇല്ല നഷ്ടപെടവര്‍ക്ക് പകരം കൊലപാതകിക്കു വേണ്ടിയും ഒരു കൊലകത്തിയുമായി എവിടെയോ ഒരാള്‍ കാത്തിരിപ്പുണ്ടാവും .യുസുഫ് പൊട്ടിക്കരയുകയാണ് ,പത്താന്മാര്‍ അസാമാന്യ ധൈര്യ ശാലികള്‍ ആണ് സിംഹത്തെ അതിന്റെ മടയില്‍ കയറി കീഴ്പെടുതുന്നവര്‍ ഒരു പക്ഷെ ഈ ധൈര്യം എല്ലാവര്‍ക്കും ഉള്ളതാവാം അവിടെ നിയമ വാഴ്ചക്ക് സാധുത ഇല്ലാതെ പോയത് . യുസുഫ് ഖാനെ ആശ്വസിപിച്ചു കമ്പനിക്കു അവധി നല്‍കി വീട്ടിലെത്തുമ്പോള്‍ എന്‍റെ നാല് വയസുകാരന്‍ ആബേല്‍ കതകിനു പിന്നില്‍ ഒളിച്ചിരിക്കുകയായിരുന്നു ഖാന്‍ അങ്കിള്‍ നല്‍കിയ മെഷീന്‍ ഗണ്‍ കൊണ്ട് പപ്പയെ വെടിവെച്ചിടാന്‍ .................
Monday, 3 January 2011
ഉദരത്തിലൂടെ ഹൃദയത്തിലേയ്ക്ക്
വര്‍ഷങ്ങള്‍ശേഷം ജീവിതം സമ്മാനിച്ച മാറ്റങ്ങളില്‍ സുന്ദരേട്ടന്‍ ഓര്‍മയില്‍ നിന്ന് തന്നെ മൂടപെട്ടു. ഒരു ദിവസം ഞാനും കുടുംബവും ആലപുഴയിലെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കൊണ്ട് ഇരിക്കുമ്പോഴാണ് തീര്‍ത്തും പരിചിതം എന്ന് തോന്നിയ ആ രുചികളുടെ ഉറവിടം അറിയണമെന്ന് തോന്നിയത് പണ്ടെ ഞാന്‍ ഇങ്ങനെ ആണ് ജീവിക്കാനായി ഭക്ഷിക്കാതെ ഭക്ഷിക്കാനായി ജീവിക്കുന്നവന്‍ എന്ന ചീത്ത പേര് ധാരാളം കേട്ടിട്ടുണ്ട് അതുകൊണ്ട് എന്താ മുപ്പത്തി ആറാം വയസിലെ ചില ചെട്ടിയാരന്മാരെ പോലെ കുടവയറും ചാടി കിളവനെ പോലെ ,രുചിയുടെ ഉറവിടം തേടി കിച്ചണില്‍ എത്തിയ ഞാന്‍ കണ്ടത് തികച്ചും പ്രതീക്ഷിക്കാത്ത ചുറ്റുപാടില്‍ പണ്ടെങ്ങോ കണ്ടു മറന്ന ഒരിക്കല്‍ കൂടി കാണാന്‍ ആഗ്രഹിച്ച ആ മനുഷ്യന്‍ ,ഞാന്‍ നീട്ടി വിളിച്ചു സുന്ദരേട്ടാ ,എന്നെ മനസിലായില്ലേ എങ്ങനെ മനസിലാവാന്‍ മീശ മുളക്കുന്നതിനു മുന്‍പ് കണ്ടതല്ലേ .എന്നെ സൂക്ഷിച്ചു നോക്കി ഓര്‍മകളിലൂടെ ഒരു ഓട്ട പ്രദിക്ഷണം നടത്തുകയാണ് അയാള്‍ എന്ന് തോന്നി , സുന്ദരേട്ടാ ഇത് ഞാനാ ആ അജീഷ് അന്ന് ദുബായില്‍ ഒരുമിച്ചുണ്ടായിരുന്ന, ഡാ ശവീ നീയ് ആള് അങ്ങ് കൊഴുത്തല്ലോ നീയ് എവിടാരുന്നു വല്യ മുതലാളി ആയപ്പോള്‍ ഈ പാവങ്ങളെ ഒക്കെ മറന്നു ഇല്ലേ ? ഒട്ടും മാറാത്ത സുന്ദരെട്ടനുമായി ഒരു പാട് സംസാരിച്ചു പോരുമ്പോള്‍ ഒരു കുപ്പിക്കുള്ള കാശ് ചോദിച്ചു വാങ്ങാന്‍ സുന്ദരേട്ടന്‍ മറന്നില്ല , പിന്നീട് ആഴ്ചയില്‍ ഒരിക്കലെങ്കിലും ഞാന്‍ സുന്ദരേട്ടനെ കാണുമായിരുന്നു ഒരു കുപ്പി എന്‍റെ വക ഒരു അവകാശം പോലെ അയാള്‍ കൈപറ്റുമായിരുന്നു. എന്നെ കാണാതായാല്‍ വീട്ടില്‍ വന്നു ഭാര്യയോട് ചോദിച്ചു വാങ്ങുന്നതിനുള്ള സ്വാതന്ത്ര്യവും സുന്ദരെട്ടന് ഉണ്ടായിരുന്നു .
കമ്പനി ആവശ്യത്തിനായി ഒരു മാസത്തോളം ബംഗ്ലൂരില്‍ പോയി വന്നപ്പോള്‍ ഭാര്യാ ആണ് പറഞ്ഞത് ഞാന്‍ പോയ ശേഷം സുന്ദരേട്ടന്‍ വന്നിട്ടേ ഇല്ല എന്ന് . ഹോട്ടലില്‍ തിരക്കിയപ്പോള്‍ രക്തം ശര്ദിച്ചു ഹോസ്പിറ്റലില്‍ ആണെന്നും ,ഹോസ്പിറ്റലില്‍ ചെല്ലുമ്പോള്‍ സുന്ദരേട്ടന്‍ തീര്‍ത്തും അവശന്‍ ആയിരുന്നു അനാഥമായി എത്തിയ ആളിനെ അന്വേഷിച്ചു ആള് വന്നു എന്ന അറിഞ്ഞപ്പോള്‍ മുതല്‍ മരുന്നിന്റെ ചീട്ടുകള്‍ എനിക്ക് നേരെ നീളാന്‍ തുടങ്ങി . ഇടക്കെപ്പോഴോ ബോധം തെളിയുമ്പോള്‍ ലഹരിക്ക് വേണ്ടി യാചിക്കുന്ന സുന്ദരേട്ടന്‍ എനിക്കൊരു ബാധ്യത ആകുന്നു എന്ന് തോന്നിയെങ്കിലും വിട്ടിട്ടു പോകാന്‍ മനസ് അനുവദിച്ചില്ല നീണ്ട പതിനാറു നാള്‍ അയാള്ക്കരികെ ഞാന്‍ കൂട്ടിരുന്നു .പതിനേഴാം ദിവസം രാവിലെ സുന്ദരേട്ടന്‍ മരിച്ചു .
ഒരു ബന്ധവും ലോകത്ത് അവശേഷിപിക്കാതെ അയാള്‍ കടന്നു പോയിരിക്കുന്നു .ഹോസ്പിറ്റലില്‍ നിന്ന് മൃതദേഹം ഏറ്റു വാങ്ങുമ്പോള്‍ വല്ലാത്തൊരു ശൂന്യത ആയിരുന്നു മനസ്സില്‍ , തീര്‍ത്തും വിരുദ്ധ വിശ്വാസങ്ങളില്‍ ജീവിച്ച ഞാന്‍ സുന്ദരേട്ടനെ എങ്ങനെയാണ് സംസ്കരിക്കേണ്ടത് . ഒന്ന് എനിക്ക് അറിയാമായിരുന്നു ഈ മനുഷ്യന്‍ കടലിനെ അത്യധികം സ്നേഹിച്ചിരുന്നു കടലുമായി എനിക്കൊരു ആത്മബന്ധം ഉണ്ടെന്നു കൂടെ കൂടെ പറയാറുണ്ടായിരുന്ന സുന്ദരെട്ടന് കടലിനു അഭിമുഖമായി ചിതയൊരുക്കി സംസ്കരിക്കുമ്പോള്‍ ഒരു ഗന്ധം എനിക്ക് അനുഭവപെട്ടു, പച്ച മാംസം കരിയുന്ന ഗന്ധമല്ല മറിച്ച് നല്ല കറിക്കൂട്ടുകള്‍ ചേര്‍ത്ത് സുന്ദരേട്ടന്‍ പാചകം ചെയ്യുമ്പോള്‍ എനിക്ക് അനുഭവപെട്ടിരുന്ന ആ ഗന്ധം . ഉദരത്തിലൂടെ ഹൃദയം കീഴടക്കിയ സ്നേഹത്തിന്റെ ഗന്ധം.
Monday, 20 December 2010
ഉയിര്ത്തെഴുന്നെല്‍പ്പ്
അന്നൊരു പെസഹാ വ്യാഴം ആയിരുന്നു , ചില കാര്യങ്ങള്‍ അനുഭവിക്കുമ്പോള്‍ വലിയ വിഷമം തോന്നും എങ്കിലും പിന്നീട് ഓര്‍ക്കുമ്പോള്‍ ഒരു രസമാണ് .പണ്ട് എനിക്കൊരു പ്രണയം ഉണ്ടായിരുന്നു , എന്നെ നോക്കി ചിരിക്കുന്ന ആരോടും പ്രണയം തോന്നിയിരുന്ന കാലത്ത് അതൊരു പുതിയ സംഭവമേ ആയിരുന്നില്ല എന്നാല്‍ ഇത് ഞാന്‍ മാത്രം അറിയുന്ന ഒരു ഏക ജാലക പ്രണയം . ഞാന്‍ സ്ഥിരമായി സന്ദര്‍ശിക്കാറുള്ള ഒരു ഓഫീസില്‍ പുതിയതായി എത്തിയ ഒരു സുന്ദരി റിസപ്ഷനിസ്റ്റ് ആയിരുന്നു നായിക . ചില പെണ്ണുങ്ങളെ കാണുമ്പോള്‍ തമ്പുരാന്‍ ഉള്ളില്‍ പറയും ലെണ്ടാടാ ആ പെണ്ണ് നിന്റെയാ എന്ന് ആദ്യം ലവളെ കണ്ടപ്പളെ തമ്പുരാന്റെ ഒരു ഉള്‍വിളി എനിക്കും അനുഭവപെട്ടു എന്ന് തോന്നി .ഓരോ തവണ കണ്ടു ഇറങ്ങുമ്പോഴും വീണ്ടും കാണണം എന്ന ഒരു തോന്നല്‍ ,ഓരോ കാരണമുണ്ടാക്കി ആ ഓഫീസ് സന്ദര്‍ശിക്കുക എന്‍റെ പതിവായി ,പോകറ്റിലെ കാശും ഫെയര്‍ ആന്‍ഡ് ലവുലിയുടെ ടുബും തീരുന്നതല്ലാതെ അവളുടെ മനസറിയാനോ എന്‍റെ ഇഷ്ടം അവളെ അറിയിക്കാനോ വയ്യാതെ ഞാന്‍ അസ്വസ്ഥന്‍ ആയി , കൂടുതല്‍ അറിയുമ്പോള്‍ കൂടുതല്‍ വെറുക്കും എന്ന ആഗോള നിയമത്തിനു പ്രണയത്തില്‍ സ്ഥാനം ഇല്ല എന്ന് കുമളിയിലെ സാബു ചേട്ടായി പറഞ്ഞപ്പോഴാണ് രണ്ടും കല്പിച്ചു അവളിലേയ്ക്ക് ഇറങ്ങി ചെല്ലാന്‍ ഞാന്‍ തീരുമാനിച്ചത് .
ജയപ്പന്‍ ഡോക്ടര്‍ തരുന്ന മരുന്ന് പോലും മര്യാദക്ക് കഴിക്കാന്‍ മറക്കുന്ന ഞാന്‍ അവളുടെ ഓഫീസില്‍ വരുന്നവരുടെ പേരും മുഖവും ഓര്‍ത്തു വെച്ച് സംസാരിക്കാന്‍ വിഷയങ്ങള്‍ക്കായി ഗവേഷണം നടത്തി , ഒരിക്കല്‍ ഉപയോഗിച്ച ഷര്‍ട്ട് വീണ്ടും ഇടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ദിച്ചു, പുതു വസ്ത്രങ്ങള്‍ കൊണ്ട് അലമാര നിറഞ്ഞു ഇനിയും കാത്തിരിക്കുക വയ്യ എത്ര നാളായി ഇങ്ങനെ ഒളിപിച്ചു നടക്കുന്നു ഉത്തരം എന്തായാലും എന്‍റെ ഇഷ്ടം അവളെ അറിയിക്കുക തന്നെ യേശു ക്രിസ്തു പീഡാ സഹനം കടന്നു മരണത്തെ ജയിച്ചു ഉയിര്‍ത്തു ഏഴുനേറ്റ വാരമാണ് എന്‍റെ മാനസിക പീഡകള്‍ക്കും ഒരു ഉയിര്‍ത്തെഴുനെല്പ്പു പ്രതീക്ഷിച്ചു ഞാന്‍ ചില തീരുമാനങ്ങള്‍ എടുത്തു .
ആയിടക്കു ഞങ്ങളുടെ മുതലാളി അയാളുടെ പഴയ കാര്‍ വില്‍ക്കാന്‍ എന്നെ ഏല്പിച്ചു .സാമാന്യം തരക്കേടില്ലാത്ത വിലയ്ക്ക് ഞാന്‍ അത് ഒരാളുടെ തലയില്‍ കെട്ടി വെയ്ക്കുകയും ചെയ്തു വണ്ടി വാങ്ങിയ അയാള്‍ പരിശോധിക്കുന്നതിനിടയില്‍ വില കൂടിയ ഒരു സണ്‍ ഗ്ലാസ് കാറില്‍ നിന്നും കിട്ടുകയും തിരികെ നല്‍കുകയും ചെയ്തു .കാറിന്റെ വിലയും അതിനുള്ളില്‍ നിന്നും കിട്ടിയ സണ്‍ ഗ്ലാസും ഞാന്‍ ബോസ്സിനെ തിരിചെല്പിക്കുമ്പോള്‍ നല്ല വിലക്ക് കാര്‍ വിറ്റതിനു സമ്മാനമായി ആയിരം ഡോളര്‍ വിലയുള്ള സണ്‍ ഗ്ലാസ് നിനക്കിരിക്കട്ടെ എന്ന് പറഞ്ഞു അത് എനിക്ക് തന്നു .ഗ്ലാസ് എനിക്കൊരു ഹരമാണ് ഒരു പാട് ഗ്ലാസ്സുകള്‍ എന്‍റെ ശേഖരത്തില്‍ ഉണ്ട് എന്നാലും ഇത്രയും വിലയും ഭംഗിയും ഉള്ള ഒന്ന് നടാടെയാണ് . ബോസ്സിന്റെ റൂമില്‍ നിന്ന് പുറത്തിറങ്ങി ഞാന് ആ കണ്ണട മുഖത്ത് ഫിറ്റ് ചെയ്തു ഓഫീസിലെ ടോയിലേറ്റ് കണ്ണാടിയില്‍ മുഖം നോക്കി കൊള്ളാംസൌന്ദര്യം ഒരു അമ്പതു മടങ്ങ് വര്‍ധിച്ചിരിക്കുന്നു .
ഇന്ന് പെസഹ വ്യാഴം ആണ് പള്ളിയില്‍ പോയി കുര്‍ബാന കാണണം എന്ന് അമ്മച്ചി രാവിലെ വിളിച്ചു പറഞ്ഞതിനാല്‍ ഓഫീസില്‍ പോയില്ല എന്നിട്ട് എന്തോ ഒരു ലിത് ഉള്ളിന്റെ ഉള്ളില്‍ വലിച്ചു പിടിക്കുന്നു ഡ്യൂട്ടി അല്ലെങ്കിലും വണ്ടി എടുത്തു നേരെ വിട്ടു അവളുടെ ഓഫീസിലേയ്ക്ക് പുതിയ സണ്‍ ഗ്ലാസ് വെച്ച് അവളെ കാണിച്ചിട്ടുമില്ല , റിസപ്ഷന്‍ ടേബിളിനു മുകളില്‍ കൈകുത്തി വാചകമടി തുടങ്ങി ആയിരം ഡോളര്‍ വിലയുള്ള കണ്ണാടിയെ പറ്റി വാചാലന്‍ ആകുന്നതിനിടയില്‍ ഞാന്‍ പോലും അറിയാതെ ആയിരം ഡോളര്‍ വിലയുള്ള സണ്‍ ഗ്ലാസില്‍ നിന്നും ഒരു ചില്ല് അടര്‍ന്നു അവളുടെ അവളുടെ കസാരയുടെ അടിയിലേയ്ക്കു വീണു ,എന്‍റെ എല്ലാം എല്ലാമെന്നു ഞാന്‍ കരുതിയിരുന്ന അവള്‍ കമിഴ്ന്നു കിടന്നു ചിരിക്കുകയാണ് എന്‍റെ ഹൃദയത്തിലേയ്ക്ക് തുളച്ചു കയറുന്ന വാള്‍ പോലെ അസഹ്യമായ ചിരി, ദക്ഷിണ ആഫ്രികയില്‍ വെച്ച് വെള്ളകാരന്‍ എറിഞ്ഞു പൊട്ടിച്ച ഒറ്റചില്ല് കണ്ണടയുമായി നില്‍ക്കുന്ന മഹാത്മാ ഗാന്ധിയെ പോലെ , ആള്കൂട്ടതിനിടയില്‍ ഉടുതുണി ഉരിഞ്ഞു പോയവനെ പോലെ, താഴേക്ക് പോയ ചില്ലിനു കാത്തു നില്‍ക്കാതെ ഞാന്‍ ഇറങ്ങി നടന്നു . മുപ്പതു വെള്ളി കാശിനു യേശുവിനെ ഒറ്റിയ യുഥാസു പോലും ചെയ്യാത്ത ചതി എന്നോട് ചെയ്ത എന്‍റെ ബോസ്സിനെ കാണാന്‍ .
പിറ്റേന്ന് ദുഃഖ വെള്ളി ആയിരുന്നു എന്‍റെ ജീവിതത്തിലും അക്ഷരാര്‍ത്ഥത്തില്‍ ദുഖം നിറഞ്ഞ വെള്ളി , ഉയിര്‍പ്പ് തിരുനാളിന്റെ കുര്‍ബാന കഴിഞ്ഞിറങ്ങിയ എന്‍റെ കൈയില്‍ ഒരു പൊതി തന്നിട്ട് ഒരു കുട്ടി ഓടിമറഞ്ഞു ആളൊഴിഞ്ഞ കോണില്‍ ഇരുന്നു ഞാന്‍ ആ പൊതി തുറന്നു അടര്‍ന്നു വീണ സണ്‍ ഗ്ലാസിന്റെ കഷണവും ഒരു കുറിപ്പും രണ്ടേ രണ്ടു വരി മാത്രം പപ്പയോടു പറഞ്ഞു ഇനി വീട്ടില്‍ വന്നു ചോദിക്കുക എനിക്ക് ഇഷ്ടമാണ് , കത്ത് നെഞ്ചോടു ചേര്‍ത്ത് എത്ര നേരം നിന്ന് എന്നറിയില്ല അപ്പോള്‍ അമ്മച്ചി പറയാറുള്ള വരികള്‍ എന്‍റെ ഉള്ളില്‍ മുഴങ്ങുകയായിരുന്നു ഓരോ കുരിശു മരണവു ഒരു ഉയിര്‍പ്പിന്റെ മുന്നോടിയാണ് .
Sunday, 31 January 2010
അങ്ങനെ ഒരു അവധികാലത്ത് .
Tuesday, 28 July 2009
ജിവിതം തുടങ്ങുന്നതിന്റെ തലേ നാള്‍
ജീവിതം തുടങ്ങുന്നതിന്റെ തലേ നാള്‍ അതായതു വിവാഹത്തിനു ഏകദേശം പന്ത്രണ്ടു മണിക്കൂര്‍ മുന്‍പ് ശോശാമ്മ എന്നെ ഫോണില്‍ വിളിച്ചൊരു കാര്യം പറഞ്ഞു ,പണ്ടു പണ്ടു വളരെ പണ്ടു യുവദീപ്തിയുടെ ക്യാമ്പ് നടക്കുമ്പോള്‍ കുരിശുമൂട്ടിലെ ജോയിച്ചന്‍ എന്നെ ഒന്നു പീഡിപിക്കാന്‍ ശ്രമിച്ചിട്ടുണ്ട് ,ഇതുമൂലം നമ്മുടെ ഭാവിജീവിതത്തിനു കോട്ടം ഉണ്ടാകാതിരിക്കാന്‍ ഞാന്‍ മുന്പേ പറയുവാ .പിന്നെ പറ്റിച്ചു വഞ്ചിച്ചു എന്നൊന്നും അച്ചായന്‍ പരാതി പറയരുത് ഇതു പറഞ്ഞതും ശോശാമ്മ ടപ്പേന്നു ഫോണ്‍ വെച്ചു .എന്റെ കര്‍ത്താവേ ജീവിതം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഇവളെന്നായി പറഞ്ഞിട്ട് പോയെ .വീട്ടില്‍ ആകെ ബഹളമാണ് ബിരിയാണിയും കള്ളും പന്നിമലത്തുകാരും ആകെ കൂടി ഒരു ഉത്സവ തിമിര്‍പ്പ് വെടിക്കെട്ടൊക്കെ എന്റെ നെഞ്ചില്‍ നടക്കട്ടെ എന്ന് ശോശാമ്മ കരുതിയിട്ടുണ്ടാവണം .പീഡിപിക്കാന്‍ ശ്രമിച്ചു എന്നല്ലാതെ ആ ശ്രമം വിജയമായോ പരാജയമായോ എന്നൊന്നും അവള്‍ പറഞ്ഞതുമില്ല .നല്ല കുട്ടിആവും ഇല്ലങ്കില്‍ ഒരു പെണ്ണും ജീവിതത്തില്‍ ഒരിക്കലും ഭര്‍ത്താക്കന്‍മാര്‍ അറിയരുതെന്ന് ആഗ്രഹിക്കുന്ന ഒരു കാര്യം വിവാഹത്തലേന്ന് ഒരു മടിയുമില്ലാതെ പ്രതി ശ്രുത വരനോട് തുറന്നു പറഞ്ഞിരിക്കുന്നു .ദൈവമേ നീ എത്ര വലിയവനാണ് , എന്ത് തന്നെയായാലും ആര്‍ക്കു വേണം അവളുടെ ഭൂതം. ഭാവിയും വര്‍ത്തമാനവും ശോഭനമായാല്‍ പോരെ . കിടന്നിട്ടു ഉറക്കം വരുന്നില്ല കള്ളുസഭയില്‍ പോയി രണ്ടു ലാര്‍ജ് വാങ്ങി അടിച്ച് മൂന്നാമത് ഒന്നിന് നിന്നപ്പോള്‍ പേരപ്പന് കണ്ണുരുട്ടി നാളെ വികാരി അച്ഛന്റെ സമക്ഷത്തു നില്കെണ്ടാവനാ കള്ളിന് തത്കാലം നിരോധനം .കിടക്കാന്‍ പോകുന്ന വഴി ആനിആന്റിയുടെ വക ഉപദേശം വിവാഹം എന്നത് വ്യക്തിയുടെ രണ്ടാം ജന്മം ആണ് ,നല്ലതും ചീത്തയും ആവാന്‍ ദൈവം നടത്തുന്ന പുനര്‍ജ്ജന്മം ,കിടക്കുമ്പോള്‍ മുഴുവന്‍ ഇതായിരുന്നു ചിന്ത കുരിശുംമൂടിലെ ഷിബു എന്താവും ചെയ്തിട്ടുണ്ടാവുക, ഇല്ല വിചാരിക്കുന്ന പോലെ ഒന്നും ഉണ്ടായിട്ടുണ്ടാവില്ല .
കാലത്തു തന്നെ വിഡിയോ ഗ്രഫെര്മാര്‍ സംവിധാന ചുമതല ഏറ്റെടുത്ത് കഴിഞ്ഞു .എന്റെ മനസ്സില്‍ ശോശാമ്മയുടെ സ്വരം പ്രതിദ്വനിക്കുകയാണ് ഇനിയും സമയം വൈകിയിട്ടില്ല ഒരു പുനര്‍ വിചിന്തനം നടത്തിയാലോ, വേണ്ട ഒരു സത്യം എന്നെ വന്ചിക്കാതിരിക്കാന്‍ തുറന്നു പറഞ്ഞതാണോ അവള്‍ ചെയ്ത പാതകം .വണ്ടി പള്ളി കുരിശടിയുടെ മുന്നില്‍ നിര്ത്തി രണ്ടാം ജന്മത്തിന്റെ കുദാശ കര്‍മത്തിനായി വലതുകാല്‍ വെച്ചിറങ്ങി തൊട്ടരുകിലായി ശോശാമ്മയും ഞാന്‍ ഒളികണ്ണിട്ട് ഒന്നു നോക്കി ശോശാമ്മ ലജ്ജിച്ചു തല താഴ്ത്തി പള്ളി കല്പടവിനു താഴെ എത്തും മുന്പ് ശോശാമ്മ കൈയില്‍ ഉള്ള വെള്ള കൈലേസ് എന്റെ കൈയില്‍ വെച്ചു തന്നു. കൈയിലിരുന്ന മൊബൈല് ശബ്ദിച്ചതും ഏവരേയും അല്ഭുതപെടുത്തി അടുത്തു വന്നു നിന്ന കാറിലേയ്ക്കു നടന്നു കയറിയതും ഒരുമിച്ചായിരുന്നു ,എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കുന്നതിനു മുന്പ് എന്റെ കൂടുകാര്‍ എന്നെയും മറ്റൊരു കാറിലേയ്ക്കു മാറ്റി അവരാണ് പറഞ്ഞതു ശോശാമ്മ അവളുടെ കാമുകനുമായി ഒളിച്ചോടിയിരിക്കുന്നു .ഡിസംബറിന്റെ മഞ്ഞു മാറാത്ത അവസ്ഥയിലും ഞാന്‍ വിയര്‍ത്ത് വിവശനയിരിക്കുന്നു .ശോശാമ്മ ഏല്‍പിച്ച കൈലെസിനുള്ളില്‍ നിന്നു ഒരു ചെറിയ തുണ്ട് കടലാസ് ഊര്‍ന്നു വീണു അതില്‍ ഇങ്ങനെ രണ്ടു വരി മാത്രം .
വേദനിപിക്കനമെന്നു നിനച്ചതല്ല ഇന്നലെ ഞാന്‍ ഒരു ക്ലൂ തന്നിരുന്നു
ഇന്നു വരുമെന്ന് നിനച്ചില്ല , ഇതല്ലാതെ വേറെ വഴിയില്ല ഞാന്‍ പോകുന്നു .
Wednesday, 10 June 2009
സെവാഗ് പടിയിറങ്ങുമ്പോള്‍ .
തനിക്ക് മുകളില്‍ പറക്കുന്ന പരുന്തുകളെ മുളയിലേ നുള്ളാന്‍ ക്യാപ്ടന്‍ പഠിച്ചു കഴിഞ്ഞു .രാഷ്ടീയ കുതിരകച്ചവടങ്ങള്‍ക്കും അധികാര രാഷ്ടീയത്തിനും കുപ്രസിദ്ധി നേടിയ ജാര്‍ക്കണ്ടില്‍ നിന്നുള്ള ഈ ഇരുപത്തി എഴുകാരന്‍ അതി വേഗം ഇന്ത്യന്‍ ടീമിലെ അപ്രമാദിത്വം കൈയേറി കഴിഞ്ഞു .ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു ചുരുങ്ങിയ കാലം കൊണ്ടു ലോകത്തിന്റെ നെറുകയില്‍ ഏറിയ ഈ ചെറുപ്പക്കാരന്‍ ഒരു പക്ഷെ അല്പം കൂടി സൌമനസ്യം കാണിച്ചിരുന്നെങ്കില്‍ സെവാഗ് ഈ ലോകകപ്പില്‍ ഉണ്ടാവുമായിരുന്നു .
പരസ്യ വാചകം പറയുന്നതു പോലെ അതെല്ലാം നമുക്കു മറക്കാം .ഇന്ത്യ ഇന്നു ലോക ക്രിക്കറ്റിലെ ഏറ്റവും ശക്തമായ ടീമുകളില്‍ ഒന്നാണ് കപ്പു സാധ്യത ഏറ്റവും കൂടുതല്‍ കല്പിക്കപെടുന്ന ടീമുകളില്‍ ഒന്ന്. യുവ രക്തത്തിന്റെ ആവേശവും കഴിവും വേണ്ട വിധം പ്രയോജനപെടുതിയാല്‍ ക്രിക്കറ്റിന്റെ മെക്കയില്‍ ഇന്ത്യന്‍ വസന്തം വിടരും .ലോര്‍ഡ്സിന്റെ മണ്ണില്‍ കപിലിന്റെ ചെകുത്താന്മാര്‍ക്ക് ശേഷം ധോണിയുടെ യുവരക്തം തങ്ങളാണ് മിനി ക്രിക്കറ്റിന്റെ രാജാക്കന്മാരെന്നു അടിവരയിടും .അന്ന് ഞങ്ങള്‍ ഇന്ത്യക്കാര്‍ ഈ തന്‍ പ്രമാണിത്വത്തിന്റെ കഥകള്‍ മറക്കും ,എന്തുകൊണ്ടെന്നാല്‍ വിജയമാണ് നമ്മുടെ ലക്‌ഷ്യം വ്യക്തിയേക്കാള്‍ ഏറെ വലുതാണ് ഭാരതം .നൂറുകോടി ജനങ്ങളും ഒന്നായി പറയുന്നു കം ഓണ്‍ ഇന്ത്യ ദികാതോ......
Saturday, 7 February 2009
പെറ്റമ്മയ്ക്ക് ഭ്രാന്ത് വരുമ്പോള്‍ ..
ഒരു വരുമാന സ്രോതസും ഇല്ലാതെ ശമ്പളം നല്‍കാന്‍ ഞങ്ങള്‍ ബാധ്യസ്തര്‍ ആയിരിക്കുന്നു . ഞങ്ങളുടെ ഉയര്‍ച്ചയില്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നവരെ പെട്ടന്ന് ഒഴിവാക്കുന്നതെങ്ങിനെ , ഒഴിവാക്കിയില്ലന്കില്‍ ഞങ്ങള്‍ക്ക് നില നില്‍പ്പില്ല.ഒരു സന്തുലന പ്രക്രിയ അത്യാവശം ആയി വന്നിരിക്കുന്നു . ഇതു ഞങ്ങളുടെ മാത്രം അവസ്ഥായല്ല എവിടെ തിരിഞ്ഞാലും വിസ റദ്ദു ചെയ്യാന്‍ കാത്തിരിക്കുന്നവരും നീണ്ട അവധിയില്‍ പോകുന്നവരും മാത്രമാണ് .ഈ അവസ്ഥ ഇനി എത്ര നാള്‍ തുടരുമെന്ന് അറിഞ്ഞു കൂടാ .ഒരു കുടുംബത്തിന്റെ വരുമാന സ്രോതസ് പെട്ടന്ന് നിലയ്ക്കുമ്പോള്‍ ഉണ്ടാകുന്ന മാനസിക സമ്മര്‍ദം അരുതായ്മകളിലെയ്ക്ക് ആരെയും തള്ളി വിടാതിരിക്കട്ടെ എന്ന് നമുക്കു പ്രത്യാശിക്കാം .
ഇന്നലെ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി എന്റെ ഓഫീസില്‍ എത്തിയ രാമറാവുവും പണി പൂര്‍ത്തിയാക്കാത്ത അദ്ധേഹത്തിന്റെ വീടും അങ്ങനെ ഒരു പാടു പേരുടെ സ്വപ്നങളും പ്രതീഷകളുമാണ് സാമ്പത്തിക മാന്ദ്യമെന്ന ആഗോള പ്രതിസന്തിയില്‍ അലിഞ്ഞില്ലാതാകുന്നത് . ബരാക്ക് ഒബാമയുടെ വാക്കുകള്‍ കടമെടുത്താല്‍ ചിലരുടെ അത്യാഗ്രഹം വരുത്തി വെച്ച വിനയില്‍ ലോകം പകച്ചു നില്‍ക്കുകയാണ് .ആയിരങ്ങളുടെ കണ്ണുനീരിനു കാരണക്കാരായ ആ അത്യാഗ്രഹികള്‍ ദൈവത്തിനെ കോടതിയിലെങ്കിലും ശിക്ഷിക്കപെടട്ടെ .
Sunday, 4 January 2009
അവന്‍ വരും വരാതിരിക്കില്ല
കേരളത്തിലെ കൊണ്ഗ്രെസ്സിന്റെ മുഖമായിരുന്ന കെ .കരുണാകരനെ ജനഹൃദയങ്ങളില്‍ നിന്നും അടര്‍ത്തി മാറ്റിയത് ഈ മകനോടുള്ള അതിരറ്റ സ്നേഹം ഒന്നു മാത്രമായിരുന്നു എന്നത് ഏത് കൊച്ചു കുട്ടിയോട് ചോദിച്ചാലും അറിയാവുന്ന സത്യമാണ് .ഒരു കാലത്തു തങ്ങള്‍ നിര്‍ദേശിക്കുന്ന വ്യക്തികള്‍ മാത്രം തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന അവസ്ഥയില്‍ നിന്നും ഒരു മുന്നണി പ്രവേശത്തിനായി കാത്തു കെട്ടി നില്കേണ്ട ഗതികേടിലെയ്ക്ക് മുരളി സ്വയം താഴുകയായിരുന്നില്ലേ . കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു മന്ത്രി ഉപ തിരഞ്ഞെടുപ്പില്‍ പരാജയപെട്ടപ്പോള്‍ എങ്കിലും ജനഹൃദയങ്ങളില്‍ നിന്നും താന്‍ അകന്നു കഴിഞ്ഞിരിക്കുന്നു എന്ന് മനസിലാക്കാതെ വീണ്ടു തൊഴുത്തില്‍ കുത്തിനും വില കുറഞ്ഞ രാഷ്ടീയ കളികള്‍ക്കും മുതിര്‍ന്നതാണ് മുരളിധരന്‍ എന്ന നേതാവിന്റെ പരാജയത്തിനും കേരളത്തില്‍ ഏത് മണ്ഡലത്തില്‍ മല്‍സരിച്ചാലും ഉറപ്പായും തോല്‍ക്കുന്ന നേതാവെന്ന ഒരു ധാരണ ജനങള്‍ക്കിടയില്‍ ഉണ്ടാവാനും കാരണമാക്കിയത്. ഒരു രാഷ്ടീയക്കാരന് അത്യാവശം വേണ്ട ജനപിന്തുണ പോലും ഇല്ലാത്ത ഒരു നേതാവിനെയും അദ്ധേഹത്തിന്റെ പാര്‍ടിയെയും ചുമക്കാന്‍ ഏത് മുന്നണിയാണ് സ്വയം മുന്നോട്ടു വരിക .നാറിയവനെ പേറിയാല്‍ പേറിയവാനും നാറുമെന്ന യാദാര്‍ത്ഥ്യം കേരളത്തിലെ ഇരു മുന്നണികളും മനസിലാക്കി കഴിഞ്ഞു ഇനി അഥവാ സമ്മര്ധ രാഷ്ടീയത്തിന്റെ ഭലമായി മുരളിധരന്‍ യു ഡി എഫ്മുന്നണിയില്‍ വന്നാലും ശക്തമായ യു ഡി എഫ് തരംഗത്തിലും മുന്നണിക്ക് ആ മണ്ഡലം നഷ്ടപെടാന്‍ സാധ്യത കാണുന്നു .
ഇനി ഒരു രാഷ്ടീയ ഭാവി ആഗ്രഹിക്കുന്നുവെങ്കില്‍ മുരളിധരന്‍ കൊണ്ഗ്രെസ്സിലെയ്ക്ക് മടങ്ങിയെത്തുകയാണ് വേണ്ടത് ആര്ക്കും വേണ്ടാത്ത എന്‍ സി പിയെ അതിന്റെ വിധിക്ക് വിട്ടിട്ടു മാതൃ പ്രസ്ഥാനത്തിലേയ്ക്ക് മടങ്ങിവരിക .പഴയ താന്‍ പോരിമയും ഒരുപ്പും ഉപേക്ഷിച്ചു തനിക്കുല്ലതെല്ലാം നഷ്ടപെടുത്തിയ ധൂര്‍ത്തപുത്രന്റെ മടങ്ങി വരവിനായി ആ പിതാവും കാത്തിരിക്കുകയാണ് . ആര്ക്കും വേണ്ടാത്ത പ്രസ്ഥാനത്തിനെ പ്രസിഡന്റ് ആയിരിക്കുന്നതിനേക്കാള്‍ നല്ലത് എല്ലാവര്‍ക്കു വേണ്ടപെട്ട ഒന്നില്‍ എന്തെങ്കിലും ആയിരിക്കുന്നതാണ്. മദാമ്മ മാഡവും, അലുമിനിയം പട്ടേലും എല്ലാം മറന്നു കഴിഞ്ഞിരിക്കുന്നു കുറെ സുന്ദര കുട്ടപ്പന്മാര്‍ കനവു കണ്ടു തുടങ്ങിയിരിക്കുന്നു .അങ്ങ് വരും,വരാതിരിക്കില്ല ,വരാതെ എവിടെ പോകാന്‍ അധികാരം എന്ന കസേര വിട്ടിട്ടു അങ്ങേയ്ക്ക് പോവാന്‍ കഴിയുമോ കാലം തെളിയിക്കട്ടെ .
Wednesday, 19 November 2008
മരങ്ങാട്ടുപിള്ളിയിലെ സഞ്ചാരി
ഈ ലോകത്തില്‍ ഏറ്റവും കൂടുതല്‍ അസുയ ആരോടാണെന്ന് ആരെങ്കിലും എന്നോട് ചോദിച്ചാല്‍ അര്‍ത്ഥശങ്കക്കിടയില്ലത്ത വണ്ണം ഞാന്‍ പറയുന്ന പേര്‍ സന്തോഷ് ജോര്‍ജ് കുളങ്ങര എന്നാകും .നൂറിലേറെ രാജ്യങ്ങള്‍ മുപ്പത്തിയേഴ് വയസിനുള്ളില്‍ സഞ്ചരിച്ചു കഴിഞ്ഞ ഈ സഞ്ചാര സാഹിത്യകാരന്‍ പുതു തലമുറയുടെ പ്രചോദനമാകുന്നത് സഞ്ചാര സാഹിത്യ കാരന്‍ എന്ന നിലയില്‍ മാത്രമല്ല ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ ബഹിരാകാശ വിനോദ സഞ്ചാരി എന്ന നിലയില്‍ കൂടിയാണ് .ഏഷ്യാനെറ്റില്‍ പ്രക്ഷേപണം ആരംഭിച്ച കാലങട്ടം മുതല്‍ മുന്നൂറ്റി അറുപത്തി അഞ്ചാം എപ്പിസോട് വരെ ജനപ്രീതി ഒട്ടും കുറയാതെ കാത്തു സൂക്ഷിക്കുന്ന ചുരുക്കം ചില നല്ല പരിപാടികളില്‍ ഒന്നാണ് സഞ്ചാരം .ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ സ്ഥാനം പിടിച്ച ആദ്യത്തെ മലയാളം ടെലിവിഷന്‍ പരിപാടിയും സന്ചാരമാല്ലാതെ മറ്റൊന്നല്ല .പാശ്ചാത്യ നാടിന്‍റെഊടുവഴികളിലൂടെ ക്യാമറയും തൂക്കി മലയാളിയുടെ സ്വീകരണ മുറികളിലേയ്ക്ക് അനീഷ് പുന്നന്‍ പീറ്ററിന്റെ അനിതര സാധാരണമായ വിവരണത്തിലൂടെ കടന്നു വന്ന സന്തോഷ് ഇനി ചരിത്രത്തിന്റെ കൂടി ഭാഗമാകുകയാണ് .ഇന്ത്യയില്‍ നിന്നും ആദ്യമായി ഒരാള്‍ ഒരു കോടിയോളം രൂപ ചിലവഴിച്ചു രണ്ടര മണിക്കൂര്‍ ബഹിരാകാശത്ത് ഉല്ലാസ സവാരിക്കിറങ്ങുന്നു .അതൊരു മലയാളിയും നമ്മുടെ പ്രിയപ്പെട്ട സഞ്ചാര സാഹിത്യ കാരനും ആകുമ്പോള്‍ നമുക്കു അഭിമാനിക്കാം .നാടോടി കഥകളിലെ സന്ചാരികളെ പോലെ സഞ്ചാരം കൊതിച്ചിട്ടും ജീവിതത്തിന്‍റെതിരക്കുകള്‍ക്ക് വഴി മാറി കൊടുക്കേണ്ടിവന്ന നല്ലൊരു വിഭാഗത്തിനും സഞ്ചാരം തീര്ച്ചയായും ഇഷ്ടപെട്ട പ്രോഗ്രാം ആകും .
യാത്രകളെ ഇഷ്ടപെടുന്ന സന്തോഷ് പേരു കേട്ട വ്യവസായിയുമാണ് .മരങ്ങാട്ടുപിള്ളി പ്രസിദ്ധികരണം ലേബര്‍ ഇന്ത്യയുടെ എം ഡി ,ഗുരുകുലം പബ്ലിക് സ്കൂള്‍(വാഗമണ്‍ ) ,ബ്ലു ഫീല്‍ഡ് ഇന്റെര്‍ നാഷണല്‍ അക്കാദമി (യു .എസ് എ )എന്നിവയുടെ ചെയര്‍മാന്‍ .ഒരു രബ്ബിയുടെ ചുംബനങ്ങള്‍ ,നതാഷയുടെ വര്ണ ബലൂണുകള്‍ എന്നി യാത്ര വിവരണ ഗ്രന്ഥങ്ങളുടെ കര്‍ത്താവ് മാളുവിന്റെ ലോകം , സമയം ,ചിത്തിര പുരത്തെ വിശേഷങ്ങള്‍ , കേരള വിശേഷം തുടങ്ങിയ ടെലിവിഷന്‍ പ്രോഗ്രാമിന്റെ നിര്‍മാതാവ് കൃഷണ ഘാഥ എന്ന ഡോക്യുമെന്റെരി സംവിധായകന്‍ , കമല്‍ പാത്ര അവാര്‍ഡ് ,യുവ പ്രതിഭ അവാര്‍ഡ് ,വിവേകാനന്ദ അവാര്‍ഡ് തുടങ്ങിയവ നേടിയിട്ടുണ്ട് .മുന്‍ രാഷ്ടപതി അബ്ദുള്‍കലാമിന്റെ പ്രത്യേക അഭിനന്ദനം നേടിയ ഈ യുവ പ്രതിഭ ഇനിയും നമ്മള്‍ മലയാളികള്‍ക്കായി ഒരു പാടു നേട്ടങ്ങള്‍ കൊണ്ടു വരൂമെന്നു പ്രത്യാശയോടെ കാത്തിരിക്കാം .
Saturday, 8 November 2008
കളപുരകളില്‍ ശേഖരിക്കുന്നവര്‍
രണ്ടാഴ്ചക്കു ശേഷം ഔദ്യോഗിക പരിപാടിയുടെ ഭാഗമായി എനിക്ക് തിരുവനന്തപുരം വരെ പോകേണ്ടി വന്നു .അഞ്ചു തെങ്ങ് അടുത്തപോഴാണ് എനിക്ക് മണി അണ്ണനെ ഓര്‍മ്മവന്നത് .അണ്ണന്റെ കുട്ടിയെ പറ്റി പിന്നീട് ഒരു വിവരവും അറിയാഞ്ഞതിനാലും ഒന്നു കണ്ടു കളയാം എന്ന് കരുതി അണ്ണന്റെ വീട്ടിലെത്തി എന്നെ കണ്ടതും അണ്ണന്‍ ഒന്നു ചൂളി ഒരിക്കലും പ്രതീഷിക്കാത്ത ഒരാള്‍ പ്രതീഷിക്കാത്ത സമയത്തു മുന്നില്‍ നില്ക്കുന്നു . മണി അണ്ണന് ടീച്ചറുടെ മുന്നില്‍ നിന്നു പരുങ്ങുന്ന കുട്ടിയുടെ ഭാവം ,മക്കള്‍ എവിടെ മണി അണ്ണാ ?ദേ അവിടെ കളിക്കുന്നു സാറേ ,ആരാ കുളത്തില്‍ വീണേ ?മൂത്ത ആണ്‍കുട്ടിയെ ചൂണ്ടി കാട്ടി എന്നിട്ട് ഒന്നും പറ്റിയില്ലേ ?കുളത്തില്‍ വെള്ളം ഇല്ലാരുന്നു സാറേ! എനിക്ക് ചിരി വന്നു വെള്ളം ഇല്ലാത്ത കുളത്തില്‍ വീണതിനു എമര്‍ജന്‍സി ലീവ് .സാറ് ചീത്ത പറയരുത് ഇവളുടെ അനിയത്തിയുടെ കല്യാണമായിരുന്നു അത് കൂടാന്‍ വേറെ വഴിയില്ലാതെ മണി മുഴുവിപിച്ചില്ല .തിരികെ രണ്ടു ദിവസത്തിന് ശേഷം വരാമെന്ന വാക്കും വാങ്ങി ഞാന്‍ അവിടെ നിന്നിറങ്ങുമ്പോള്‍ ഞാന്‍ ആലോചിക്കുകയായിരുന്നു ഇതൊരു ജീവിതമാണോ ?നല്ല പാതിയും ജീവന്റെ ജീവനായ മക്കളെയും വിട്ടിട്ടു ഒരു നല്ല നാളെയ്ക്കു വേണ്ടി ഇന്നു നഷ്ടപെടുതുന്നവര്‍ ..അപ്പോള്‍ എന്‍റെ മനസില്‍ മുഴങ്ങിയത് ഒരു ബൈബിള്‍ വചനമായിരുന്നു ആകാശത്തിലെ പറവകളെ നോക്കു അവ വിതയ്ക്കുന്നില്ല കൊയ്യുന്നില്ല കളപുരകളില്‍ ശേഖരിക്കുന്നില്ല എങ്കിലും നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ് അവയെ തീറ്റി പോറ്റുന്നു.അവയെക്കാള്‍ എത്രയോ വിലപെട്ടവരാണ് നിങ്ങള്‍ .






