Thursday, 30 April 2015

ഒരു പേരിലല്ലേ എല്ലാം.

അമ്മാ ഞാനിനി കോളേജിലേയ്ക്കില്ല മൂത്ത മകൾ  വീർത്തു  കെട്ടിയ മുഖവുമായി വന്നപാടെ കട്ടിലിലേയ്ക്ക് ചാടി കയറി മുഖം പൊത്തി തേങ്ങി. പുതിയ കാലത്തെ പെണ്‍ പിള്ളേരാ എന്തെങ്കിലും കുരുത്തക്കേട്‌ ഒപ്പിച്ചോ ഭഗവാനെ എന്ന് കരുതി അടുത്ത് ചെന്നിരുന്നു തല മെല്ലെ ഉയർത്തി ചോദിച്ചു എന്താ മോളെ സംഗതി. എന്തിനാ അമ്മെ എനിക്ക് ഇങ്ങനെ ഒരു പേരിട്ടേ നാണക്കേട്‌ കൊണ്ട് ഒരാളുടെ മുഖത്ത് നോക്കാൻ കഴിയുന്നില്ല പൂവാല ശല്യം സഹിക്കാം പക്ഷെ ചില അർത്ഥം വെച്ച വിളി കേൾക്കുമ്പോൾ എല്ലാ ഒന്നുകിൽ എന്റെ പേര് മാറ്റണം അല്ലെങ്കിൽ എന്റെ പഠിപ്പു നിർത്തണം.അച്ഛനോട് വിളിച്ചു പറ ഗസറ്റിൽ വിജ്ഞാപനം ചെയ്യാൻ. സുദേവൻ നായർ മകൾക്കു സരിത എസ് നായരെന്നു പേരിടുമ്പോൾ സ്വപ്നത്തിൽ പോലും ഇങ്ങനെ ഒരു തിരിച്ചടി ഉണ്ടാവും എന്ന് പ്രതീക്ഷിച്ചില്ല.സോളാർ സരിത നാട്ടിലും വീട്ടിലും താരമായത്തോടെ ലോക്കൽ സരിതമാർ നേരിട്ട പ്രതിസന്ധിയുടെ ഒരു ചെറിയ അംശമാണ് സുദേവന്റെ വീട്ടിൽ സംഭവിച്ചത്.

ചില പേരുകൾ അങ്ങനെ ആണ് ചില സീസണിൽ പ്രശസ്തരും കുപ്രസിദ്ധരും ആകാൻ വിധിക്കപ്പെട്ടവാരാണ്. കിന്നാരതുമ്പികൾ സൂപ്പർ ഹിറ്റ്‌ ആയി ഓടി  ഷക്കീല തരംഗം നില നിൽക്കുന്ന കാലഘട്ടത്തിൽ നമ്മുടെ നാട്ടിലെ പാവം ഷക്കീല  പേരുകാർ അനുഭവിച്ച ആത്മസന്ഘർഷം അവർണ്ണനീയമാണ. സ്കൂളിൽ പഠിക്കുമ്പോൾ എനിക്കൊരു കൂട്ടുകാരി ഉണ്ടായിരുന്നു സ്മിത എന്ന നീല കണ്ണും ചിരിക്കുമ്പോൾ  തെളിയുന്ന മുഖ കുഴികളുംമുള്ള  ഒരു കൊച്ചു സുന്ദരി പക്ഷെ തുമ്പോളി കടപ്പുറവും പള്ളിവാതുക്കൽ തൊമ്മിച്ചനും കത്തി നിന്ന കാലമായതു കൊണ്ട്  പാവം സ്മിത സിൽക്ക് എന്ന വിളിപേരിലായിരുന്നു സ്കൂളിൽ അറിയപ്പെട്ടിരുന്നത് ആ വിളി കേൾക്കുമ്പോൾ ആ മുഖത്ത് വരുന്ന ദേഷ്യവും സങ്കടവും കാണാൻ മാത്രം കരുതികൂട്ടി സ്മിതയെ സിൽക്കാക്കി രസിക്കുന്നവരും കുറവല്ലായിരുന്നു.

ഒരിക്കൽ എഞ്ചിനീയർ   തസ്തികയിലേയ്ക്ക് കുറച്ചു പേരെ ഇന്റർവ്യൂ ചെയ്യാൻ ഈ ഉള്ളവന് ഭാഗ്യം സിദ്ധിച്ചു . ഇന്റർവ്യൂ നടക്കുന്നതിനിടയിൽ സുന്ദരനും ആജാനബാഹുവുമായ ഒരാൾസർട്ടിഫിക്കറ്റുകളുമായി ഞങ്ങളുടെ മുന്നിലേയ്ക്ക് കടന്നു വന്നു ഉപചാരപൂർവ്വം ഞങ്ങളെ വണങ്ങി. ശേഷം ആദ്യ ചോദ്യം ഞാനാണ് ചോദിച്ചത് വാട്ട്‌ ഈസ്‌ യുവർ നെയിം ?  പൊന്നു മോൻ സാർ ഇടിമുഴങ്ങുന്നത് പോലെയുള്ള ശബ്ദത്തിൽ ഉത്തരം ഞങ്ങൾ സംശയത്തോടെ വീണ്ടു നോക്കി പൊന്നു മോനോ ഇതെന്തു പേര് അതെ സാർ റെ ക്കോർഡിക്കലി എന്റെ പേര് പൊന്നു മോൻ എന്ന് തന്നെ ആണ് അപ്പനും അമ്മയ്ക്കും ആറ്റു നോറ്റു ഉണ്ടായ പൊന്നു മോനെ പള്ളികൂടത്തിൽ ചേർത്തപ്പോഴും അവർ അങ്ങനെ തന്നെ ഇരിക്കട്ടെ എന്ന് കരുതി. ഈ പേരിനു ഞാൻ കേൾക്കുന്ന  പരിഹാസങ്ങൾ ചില്ലറയല്ല സാർ പിന്നെ ഒരു ഗുണമുണ്ട് എത്ര ദേഷ്യപെട്ടു വിളിച്ചാലും ഞാൻ എല്ലാവർക്കും പൊന്നു മോൻ തന്നെ അല്ലെ സാർ. ആ പൊന്നു മോൻ പൊന്നു തന്നെ എന്ന് പുള്ളിയുടെ സർവിസ് ചരിത്രം തെളിയിച്ചു .

ഞങ്ങളുടെ നാട്ടിൽ സർവ സാധാരണമായ ഒരു പേരാണ് ബാബു. നാട്ടിലെ ബാബുമാരെ തട്ടി നടക്കാനും തിരിച്ചറിയാനും ആവാതെ വന്നപ്പോഴാണ് എല്ലാ ബാബുവിന് മുൻപിലും ഒരു ചെല്ല പേര് ചേർത്തുവിളിക്കാൻ തുടങ്ങിയത്. അത് കൊണ്ട് ദേഹത്ത് രോമം കൂടിയ ബാബുവിനെ പൂട ബാബുവെന്നും എപ്പോഴും മുറുക്കാൻ ചവയ്ക്കുന്ന ബാബുവിനെ  മുറുക്കാൻ ബാബുവെന്നും ചെറുപ്പത്തിൽ കരണ്ടടിച്ച ബാബുവിനെ കരണ്ട് ബാബുവെന്നും കൂതറ സ്വഭാവം കാണിക്കുന്ന ബാബുവിനെ കൂതറ ബാബുവെന്ന് സ്നേഹ്ഹത്തോടെ വിളിച്ചു  പോന്നു. ഈ ചെല്ലപെരുകൾ എല്ലാ ബാബുമാരും സർവാത്മനാ സ്വയം അംഗീകരിച്ചു എന്നുള്ളതാണ് എടുത്തു പറയേണ്ട വസ്തുത.

ജാതി നാമങ്ങളും സ്ഥലനാമങ്ങളും പലപ്പോഴും ആളുടെ പേരിനു ബദലാകുന്ന കാഴ്ച കേരളത്തിന്റെ മാത്രം പ്രത്യേകത ആണെന്ന് തോന്നുന്നു. ജഗതി എന്ന് കേൾക്കുമ്പോൾ ജഗതി ശ്രീകുമാറിനേയും കുതിരവട്ടം എന്ന് കേൾക്കുമ്പോൾ പപ്പുവിനെയും മാള എന്ന് കേൾക്കുമ്പോൾ മാള അരവിന്ദനെയും ഒക്കെ മലയാളികൾ ഓർക്കുന്നത് ഒരു  പേരിൽ എന്തിരിക്കുന്നു എന്ന് പണ്ട് ഒരു മാഹാൻ  ചോദിച്ചപോലെ, നായരേട്ടന്റെ ചായക്കടയും പിള്ളേച്ചന്റെ പടക്ക കടയും ഒക്കെ പറഞ്ഞു ശീലിച്ച നമ്മൾക്ക് പേരു പലപ്പോഴും പ്രസക്തമല്ല പ്രവത്തിയാണ് മുഖ്യം എന്ന് അടിവരയിടുന്നു എങ്കിലും ഇഗ്നെഷിയുസ് ഫെർണാണ്ടസ് കാട്ടൂക്കാരൻ എന്ന എന്റെ  ശരാശരിക്കരനായ സുഹൃത്ത് പത്താം തരം എത്തുവോളം  സ്വന്തം പേരു തെറ്റാതെ എഴുതുവാൻ മുക്ക്രയിടുന്നത് കാണുമ്പോൾ പലപ്പോഴും ആ കുന്തം കുലുക്കി ഷേക്ക്‌സ്പിയരിനോട് മനസിൽ വിയോജിച്ചു കൊണ്ട് പറയാറുണ്ടായിരുന്നു    ഒരു പേരിൽ എന്തിരിക്കുന്നു എന്നല്ല ചില പേരിൽ  ചില ചില്ലറ സംഗതികളൊക്കെ ഉണ്ട്.കുറഞ്ഞ പക്ഷം  കുഞ്ഞുങ്ങൾക്ക്‌ പേരിടുമ്പോൾ കോട്ടയത്ത് എത്ര മത്തായിമാർ ഉണ്ടെന്നെങ്കിലും മാതാപിതാക്കൾ മനസ്സിൽ കരുതിയിരിക്കുക.

Thursday, 19 March 2015

ഞാൻ പോയി മോനേ ദിനേശാ...

കൗമാര കാലത്ത്  എനിക്കൊരു സ്വപ്നമുണ്ടായിരുന്നു  മുംബൈ എന്നാ മഹാ നഗരത്തിൽ ചോര കൊണ്ട് പേര് എഴുതി ചേർത്ത ഹരി നാരായണനെ പോലെ കണ്ണൻ നായരെ പോലെ  ഒരു അധോലോക നായകനാകണം. അഭിമന്യുവും ഇന്ദ്രജാലവും കണ്ടു മനം കുളിർന്ന കൌമാരക്കാരനായ ഞാൻ ആ സ്വപ്നം എന്നെങ്കിലും സംഭവിക്കുമെന്നു ഉറച്ചു വിശ്വസിച്ചു. കിളിർത്തു തുടങ്ങിയ പൊടി രോമങ്ങളെ  പതിയെ പിരിച്ചു കണ്ണാടിയുടെ മുന്നിൽ ഞാനും പലപ്പോഴും ഹാജി മസ്താനും ചോട്ടാ ഷക്കീലും ദാവൂദ് ഇബ്രാഹീമും ആയി രൂപാന്തരം പ്രാപിക്കരുണ്ടായിരുന്നു. 

അന്നൊരു ഒക്ടോബർ ഒന്നായിരുന്നു ഗാന്ധി ജയന്തിയുടെ തലേ നാൾ സ്കൂളിൽ നിന്നും സേവന വാരത്തിനായി ഞങ്ങൾ കുട്ടികളെ വിവിധ ഗ്രൂപുകളിലായി ഓരോ സ്ഥലം വൃത്തിയാക്കാൻ ഏർപ്പെടുത്തി ഇടിവണ്ടി ടീച്ചർ സ്റ്റാഫ്‌ റൂമിലേയ്ക്ക് പോയി ഞാനും പോത്തനും സമാന ചിന്താഗതിക്കാരും വീട്ടുകാർക്കും അധ്യാപകര്ക്കും വേണ്ടാത്തവരാണ് ആര് പറഞ്ഞാലും തല്ലിയാലും നന്നാകാത്തവരെന്നു മുദ്രകുത്തപെട്ടത്‌ കൊണ്ടും പ്രത്യേക പരിഗണനയോന്നുമില്ലാതെ റോഡ്‌ സൈഡിലെ മാലിന്യങ്ങൾ നീക്കുന്ന ജോലിയിലേയ്ക്ക് നിഷിപ്തരക്കാപ്പെട്ടു. അങ്ങനെ പോത്തനും ഞാനും കിട്ടുന്ന കച്ചരയെല്ലാം ചാക്കിൽ പെറുക്കി കൂട്ടി നടക്കുന്നതിനിടയിൽ പുല്ലു മുടിയ കാനകൾക്കിടയിൽ നിന്നും ഞങ്ങള്ക്കൊരു പൊതി കിട്ടി നീണ്ടു  വീർത്ത കനം കുറഞ്ഞ പത്ര കടലാസ്സിൽ  പൊതിഞ്ഞ കുറച്ചു അന്പതിന്റെ നോട്ടുകൾ. പൊതി തുറന്നതും ഞങ്ങൾ അന്തം വിട്ടു പരസ്പരം നോക്കി ആദ്യമായിട്ടാണ് പത്തു രൂപയ്ക്ക് മുകളിലുള്ള നോട്ടു കയ്യിൽ വരുന്നത്. പോത്തൻ എന്റെ കൈയിൽ നിന്നും പൊതി  തട്ടി പറിക്കാൻ ശ്രമിച്ചു 
എങ്കിലും
 ഞാൻ ഇറുക്കി കൈക്കുള്ളിൽ തന്നെ പിടിച്ചു എനിക്കും പകുതി തന്നില്ലങ്കിൽ ഞാൻ ടീച്ചറിനോട് പറയും പോത്തൻ ഭീഷിണി മുഴക്കി. ഇത് ഒരു പാട് പൈസയുണ്ട് ഇതുമായി നമുക്ക് ബോംബയ്ക്ക് പോയാലോ ഒരു പാട് കാലമായി മനസ്സിൽ സൂക്ഷിക്കുന്ന സ്വപ്നമാണ് നമുക്കൊരുമിച്ചു നാട് വിടാം അവിടെ പോയി വലിയ അധോലോക രാജാവായി നാട്ടിൽ വലിയ ബംഗ്ലാവും മറ്റും വാങ്ങി തിരിച്ചു വരുന്ന മോഹൻലാൽ ഉള്ളിന്റെ ഉള്ളിൽ ഇരുന്നു പ്രലോഭിപിച്ചു കൊണ്ടേ ഇരിക്കുന്നു .നാളെ പ്രോഗ്രസ് കാർഡ്‌ ഒപ്പിടുന്ന ദിവസമാണ് അച്ഛൻ വന്നാൽ കിഴുക്കും ശിക്ഷയും ഉറപ്പാണ്‌ ഞാൻ തീരുമാനിച്ചു കഴിഞ്ഞു . നീ വരുന്നോ എന്ന് മാത്രം അറിഞ്ഞാൽ മതി .

പുസ്തക സഞ്ചി ജില്ലാകോടതി പാലത്തിന്റെ സൈഡിലുള്ള പൊത്തിൽ സുരക്ഷിതമായി ഒളിപിച്ചു വെച്ചിട്ട്  അടുത്തുള്ള ഉടുപ്പി ഹോട്ടലിൽ കയറി വയറു നിറച്ചും മസാലദോശയും വടയും കഴിച്ചിട്ട് നേരെ റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു. രണ്ടു കിലോമീറ്ററിന് മുകളിൽ ദൂരമുണ്ട് റെയിൽവേ സ്റെഷ്നിലെയ്ക്ക് ഇടയ്ക്ക് വെച്ച് തളർന്ന പോത്തൻ പറഞ്ഞു നമുക്ക് ഒരു ബസിൽ കയറിയാലോ വേണ്ട ആരെങ്കിലും സംശയിച്ചാൽ, പരിചയക്കാരെ ആരെങ്കിലും കണ്ടാൽ നമ്മുടെ പദ്ധതി പൊളിയും കുറച്ചു ദൂരമേ ഉള്ളു നമുക്ക് നടക്കാം. റെയിൽവേ സട്ഷനിൽ എത്തിയതും ഒരു ട്രെയിൻ പോകാൻ തയാറായി കിടക്കുന്നു എല്ലാ ട്രെയിനും മുംബയിലെയ്ക്കവും എന്ന ധാരണയിൽ ഓടി കയറി സീറ്റിൽ കയറി ഇരുന്നു ശ്വാസം വലിച്ചു വിട്ടു. ട്രെയിൻ പതിയെ നീങ്ങി തുടങ്ങി ഞാൻ ജാനാല കംബിയോടു ചേർന്നിരുന്നു പുറത്തേയ്ക്ക് നോക്കി ജീവിതത്തിൽ ആദ്യമായാണ്‌ ട്രെയിനിൽ കയറുന്നത് നല്ല തണുത്ത കാറ്റ് ശ്കതിയായി മുഖത്തോട്ടു അടിച്ചു കയറി. ട്രെയിനിൽ  കയറും വരെ എന്റെ തീരുമാനങ്ങൾക്ക് റാൻ മൂളി നിന്ന പോത്തെൻ ട്രെയിൻ ചലിച്ചപ്പോൾ മുതൽ ദുർബലനായി തുടങ്ങിയിരിക്കുന്നു . അമ്മയെ കാണാതെ അവനു ഉറങ്ങാൻ കഴിയില്ല എന്ന് പറയുന്നു ഇവൻ എങ്ങനെ ദാവൂദ് ആകും കുറഞ്ഞ പക്ഷം ഒരു അരുണ്‍ ഗാവ്ളി എങ്കിലും ആകണമെങ്കിൽ ചില്ലറ ധൈര്യം വേണം നിനക്കതില്ലങ്കിൽ അടുത്ത സ്ടഷനിൽ ഇറങ്ങി വീട്ടിൽ പൊയ്ക്കോളൂ. ഒന്ന് ഭീക്ഷിണിപെടുത്തി അവനെ ഇരുത്താൻ മാത്രമേ ഞാൻ ഉദ്ദേശിച്ചുള്ളൂ പക്ഷെ അടുത്ത സ്റ്റഷൻ ആയപ്പോൾ അവൻ ചാടി ഇറങ്ങി എന്റെ കണ്ണും വെട്ടിച്ചു എങ്ങോട്ടോ ഓടി മറഞ്ഞു . പാതി വഴി പോയിട്ട് യാത്ര തുടങ്ങും മുൻപേ വിശ്വസിച്ചു കൂടെ കൂട്ടിയവൻ ഒറ്റപെടുത്തി കടന്നിരിക്കുന്നു ഇല്ല ഇനിയൊരു പിന്മാറ്റം ഇല്ല വിജയം ധീരന്മാർക്ക്‌ പറഞ്ഞിട്ടുള്ളതാണ് ഭീരുവിനെ പോലെ ഒളിച്ചോടി പരാജയപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല വണ്ടി ചലിച്ചു കൊണ്ടേ ഇരിക്കുകയാണ് കാണാത്ത നാടും കാഴ്ചകളും ഉള്ള നഗരങ്ങളും ഗ്രാമങ്ങളും വിജന വീഥികളും താണ്ടി.

 പുതു വിവാഹിതരായ ദമ്പതികളാണ് എനിക്കഭിമുഖമായി സീറ്റിൽ ഇരുന്നിരുന്നത് അവരുടെ പ്രണയ ചേഷ്ട്ടകൾ എന്നിലെ കൌമാരക്കാരനിലെ മൃദു വികാരങ്ങളെ ഉണർത്താൻ പോന്നവയായിരുന്നെങ്കിലും അവയോന്നും  ശ്രദ്ധിക്കാതെ  ഞാൻ പുറത്തേയ്ക്ക് നോക്കിയിരുന്നു . അടുത്ത സ്റ്റഷൻ ആയപ്പോഴേയ്ക്കും ഒരു കൂട്ടം  ചെറുപ്പക്കാരികൾ കംബർട്ടുമെന്റിലെയ്ക്കു ഇരച്ചു കയറി സീറ്റിനു വേണ്ടി ഇടി തുടങ്ങി വണ്ടി കോട്ടയത്തെത്തിയെന്നും ഉത്തരെന്തിയയിലെയ്ക്ക് ജോലിക്ക് പോകുന്ന നെർസുമാരാണ് ഇടിച്ചു കയറി ഇരിക്കുന്നതെന്നും മനസിലാക്കാൻ അവരുടെ സംസാരഭാഷ ഒന്ന് മാത്രം മതിയായിരുന്നു. യുവ മിഥുനങ്ങൾ  പ്രണയ ചേഷ്ട്ടകൾക്ക് അവധി കൊടുത്ത് മര്യാദരാമന്മാരായി . കലപില കല പില  കൊണ്ട് മുഖരിതമായിരിക്കുന്നു അടുത്ത സ്ടഷനിൽ നിന്നും കറുത്ത കോട്ടിട്ട ഒരാൾ കമ്പാർട്ട്മെന്റിൽ കയറി എല്ലാവരുടെയും ടിക്കറ്റ്‌ പരിശോധിക്കുന്നു എന്റെ നേരെ വന്നതും ഞാൻ അമ്പതു രൂപയുടെ കെട്ടിൽ നിന്നും ഒന്ന് വലിച്ചു അയാൾക്ക്‌ നേരെ നീട്ടി അത്ഭുതവും ആശ്ചര്യവും നിറഞ്ഞ മുഖഭാവത്തോടെ കംബർറ്റുമെന്റിൽ ഉണ്ടായിരുന്ന എല്ലാവരും എന്നെ നോക്കുന്നു. ബസിൽ കണ്ടക്റ്റർ വരുമ്പോൾ ടികെറ്റ് തരുന്നത് പോലെ ഇയാളും തരുമെന്ന വിശ്വാസമായിരുന്നു എനിക്ക്.  സ്കൂൾ യുണിഫോര്മിൽ സൂക്ഷിച്ചു നോക്കി കൊണ്ട് അയാൾ ചോദ്യം ചെയ്യൽ ആരംഭിച്ചു എവിടുന്നു ചാടിയതാടാ ? തിന്നിട്ടു എല്ലിന്റെ ഇടയിൽ കുത്തികയറിയപ്പോൾ നാട് വിട്ടു കളയാം എന്ന് വിചാരിച്ചു അല്ലെ അയാൾ ഷർട്ടും കൂട്ടി  എന്റെ കോളറിൽ  പിടി മുറുക്കി . എന്നെ പിടിച്ചു ഒരുമൂലയ്ക്ക് ഒതുങ്ങി ഇരി റെയിൽവേ പോലിസ് എത്തട്ടെ എന്ന ആക്രോശത്തോടെ ഒരു   സൈഡിലേയ്ക്ക് പിടിച്ചു തള്ളി ഭയം എന്നെ വിഴുങ്ങാൻ ആരംഭിച്ചിരിക്കുന്നു പോലിസ് വന്നു പിടിച്ചാൽ എന്നെ
    ജയിലിലേയ്ക്കോ  വീട്ടിലേയ്ക്കോ കൊണ്ട് പോകും ജയിലിൽ പോകാം പക്ഷെ വീട്ടിലേയ്ക്ക് എങ്ങനെ തിരിച്ചു പോകും. ആ പോത്തെൻ നാട്ടിലും വീട്ടിലും എന്റെ പേര് ചീത്തയാക്കിയിട്ടുണ്ടാവാണം.

കറുത്ത കോട്ടുകാരന്റെ ശ്രദ്ധ മാറിയപ്പോൾ ഞാൻ സർവശക്തിയും സംഭരിച്ചു അടുത്ത ക്യാബിനിലെയ്ക്ക് ചാടി കയറി .പിന്നാലെ അയാൾ വരുമെന്നരിയാവുന്ന ഞാൻ ഒരു കുരങ്ങിന്റെ വിരുതോടെ കംബർറ്റുമെന്റുകൽ മാറി കയറി കൊണ്ടേ ഇരുന്നു ഒടുവിൽ അടുത്ത സ്ടഷനിൽ വണ്ടി നിന്നതും ഞാൻ ചാടി ഇറങ്ങി. വിശപ്പു ഉള്ളിൽ ധിധിമി മേളം കൊട്ടുന്നു രാവിലെ സ്കൂളിൽ നിന്നും ഇറങ്ങിയപ്പോൾ  കഴിച്ച മസാല ദോശ ആമാശയത്തിൽ  അന്തർലീനമായിട്ടു മണിക്കൂറുകൾ കഴിഞ്ഞിരിക്കുന്നു. അടുത്തു കണ്ട പെട്ടികടയിൽ നിന്നും പെപ്സിയും എത്തപഴവും വാങ്ങി കഴിച്ചിട്ട് കാശു കൊടുക്കാൻ പോക്കറ്റ് പരതിയപ്പോൾ  ശൂന്യം . കംബാര്ട്ടുമെന്റുകൾ മാറി കയറുന്നതിനുള്ളിൽ എവിടെയോ പണം നഷ്ട്ടപെട്ടിരിക്കുന്നു. പെപ്സിയും എത്തപഴവും ഉള്ളിലായിരിക്കുന്നു ഇനി കടക്കാരനോട് എന്ത് പറയും. മുഖം നോക്കാതെ പെപ്സി കുപ്പി കച്ചവടക്കാരന്റെ ബോർഡിൽ വെച്ചിട്ട് ഒറ്റ ഓട്ടം ഓടി ആരും പിറകെ വരുന്നില്ല എന്ന് ഉറപ്പു വരുത്തി ഒരു കടത്തിണ്ണയിൽ ഇരുന്നു. വഴിവിളക്കുകൾ കണ്‍ ചിമ്മി പ്രകാശിക്കുന്നു അമ്മ അത്താഴം ഒരുക്കി വിളിക്കേണ്ട സമയമായിരിക്കുന്നു ആ കടത്തിണ്ണയിലെ അലസ നിദ്രയിൽ ഒരു കിനാവ് കണ്ടു   മുടിയഴിച്ചിട്ട് കരയുന്ന അമ്മയുടെ രൂപം പെട്ടന്ന് ഞെട്ടി ഉണർന്നു . ഈ യുണിഫോം അപകടമാണ് 
ഇനിയും ഇതു ഇടിട്ടു കൊണ്ട് അധിക ദൂരം നടന്നു കഴിഞ്ഞാൽ പിടിക്കപെടും. ഏതാണീ സ്ഥലം എന്ന് പോലും തിട്ടമില്ല പക്ഷെ ഒന്നറിയാം തമിഴ് കലർന്ന മലയാളം തന്നെയാണ് ഇവർ സംസാരിക്കുന്നതു  അപ്പോൾ കേരളമോ തമിഴ് നാടോ ആവാം .

ഗോവിന്ദ പുരം അതാണ്‌ ഞാൻ നില്ക്കുന്ന സ്ഥലത്തിന്റെ പേര് പക്ഷെ ഇവരുടെ മലയാളത്തിനു എന്റെതിൽ നിന്നും 
പ്രകടമായ  വ്യത്യാസം ഉണ്ട് ഒരു സംഭാഷണത്തിൽ ഒന്നോ രണ്ടോ വാചകങ്ങളാണ് മനസിലാകുന്നത് . അധോലോക നായകൻ ആകുക എളുപ്പമല്ല,  നടന്നു നടന്നു കാലുകൾ കുഴയുകയും വിശന്നു വയറു കത്തുകയുമല്ലതെ ഒന്നും നേടാൻ ഈ യാത്ര കൊണ്ട് സാദിക്കുമെന്നു തോന്നുന്നില്ല. ഒരു മാവിൻ ചുവട്ടിൽ നിറയെ പഴുത്ത മാമ്പഴം ആര്ക്കും വേണ്ടാതെ വീണു കിടക്കുന്നു വിശ പ്പു തീരും വരെ അവ വാരി   വലിച്ചു കഴിച്ചു അല്പം തല്ലുകയും ചീത്തവിളിക്കുകയും ചെയ്യുമെന്നല്ലാതെ അപ്പനും അമ്മയും ഇതുവരെ പട്ടിണിക്കിട്ടട്ടില്ല . വിശപ്പിനു ഇത്രമാത്രം വേദനയുണ്ടെന്ന് ആദ്യമായാണ് അറിയുന്നത്.തിരികെ വീട്ടിൽ എത്തി അച്ഛനോടും അമ്മയോടും മാപ്പ് പറയണം ഇനി മേൽ നന്നായി പഠിക്കുന്ന കുട്ടിയായി എല്ലാവര്ക്കും മാതൃകയായി ജീവിക്കണം ചിന്തിച്ചു ചിന്തിച്ചു ആ മാവിൻ ചുവട്ടിൽ കിടന്നു ഉറങ്ങിപോയി .ഉറക്കം മുഴുവൻ അമ്മയോടോത്തയിരുന്നു മുൻപ് ഒരിക്കൽ പോലും അമ്മയെ ഇത്രമാത്രം സ്നേഹിച്ചിട്ടില്ല ഒരു ദിവസം ഒരു ദിവസം മാത്രമാണ് അമ്മയെ കാണാതിരുന്നത് എന്നിട്ടും .. രാവിലെ എഴുനേറ്റു നടപ്പ് തുടങ്ങി ആദ്യം കണ്ട പോലിസ് സ്ടഷനിൽ കയറി സഹായം അഭ്യർഥിച്ചു. കൊല്ലത്ത് നിന്നും അധോലോക രാജാവാകാൻ പുറപ്പെട്ട എന്നെ എസ് ഐ ഏമാൻ ബഹുമാനത്തോടെ എഴുന്നേറ്റു തൊഴുതു. ഞാൻ കൊടുത്ത അഡ്രെസ്സിൽ അടുത്തുള്ള പോലിസ് സ്ടഷനിൽ അവർ വിവരമറിയിച്ചു. നല്ലവരായ പോലീസുകാർ എനിക്ക് ഇഡലിയും തൈരുസാധവും വാങ്ങി തന്നു കൂട്ടിരുന്നു .

അന്ന് വൈകിട്ട് അച്ഛനും കൊച്ചച്ചനും പോലിസ് സ്ടഷനിൽ വന്നു, അച്ഛന്റെ മുഖത്തു  നോക്കാതെ ഞാൻ കുനിഞ്ഞു നിന്നു  അച്ഛൻ അടുത്തു വന്നു എന്റെ  ശിരസ്സു നെഞ്ചോട്‌ ചേർത്ത് അനങ്ങാതെ നിന്നു ആ മുഖത്തു നിന്നും 
രണ്ടു തുള്ളി കണ്ണുനീർ എന്റെ തലയിലേയ്ക്ക് ഇറ്റു വീണു .അച്ഛൻ  വന്ന കാറിൽ ഞങ്ങൾ യാത്രയായി. തിരികെ വീടെത്തുമ്പോൾ ഒരു ഉത്സവത്തിനുള്ള ആളുകൾ  എന്നെ കാത്തു  വഴിയരുകിൽ നില്പുണ്ടായിരുന്നു ആരോടും ഒന്നും പറയാതെ ഞാൻ വീടിനകത്ത് കയറി അമ്മ ഒരു ദിവസം കൊണ്ട് ഭ്രാന്തിയായി മാറിയിരുന്നു എന്നെ കണ്ടതും രണ്ടു കരണം പൊളിയുന്ന വേദനയിൽ ആ കൈ എന്റെ കരണത്ത് പതിച്ചു. ഇതിലും ഭേദം നിനക്കെന്നെ കൊല്ലാമായിരുന്നില്ലേടാ എന്നൊരലർച്ചയോടെ അമ്മ താഴേയ്ക്ക് വീണു അമ്മ എഴുനേൽക്കും വരെ ഞാൻ നിലത്തു തന്നെ ഇരുന്നു. ജനകൂട്ടം പിരിഞ്ഞു പോയി അച്ഛൻ മകനെ തിരയാൻ സഹായിച്ച എല്ലാവരെയും നന്ദി പറഞ്ഞു മടക്കി.ഉമ്മറ പടിയിലിരുന്ന അച്ഛൻ കൊച്ചച്ചനോട് പറയുന്നത് കേൾക്കാം അവനു ജാതകത്തിൽ ശനിയുടെ അപഹാരമാണ് വനവാസം വരെ വിധിച്ചിട്ടുള്ളതാ അതിങ്ങനെ പോയെന്നു സമാധാനിക്കാം . കുറച്ചു ദിവസം മുൻപ് കണ്ട യോദ്ധ യിലെ അരശുംമൂട്ടിൽ അപ്പു കുട്ടനും ഉണ്ടായിരുന്നു ഈ ശനിയുടെ അപഹാരം അവൻ നേപാൾ വരെ പോയപ്പോൾ ഞാൻ ഗോവിന്ദപുരം വരെയെങ്കിലും പോയില്ലേ  മോശമല്ലേ ലാലേട്ടാ .....
    

Saturday, 17 January 2015

മഴ മിണ്ടാൻ മടിച്ചത്


അന്നൊരു കർക്കിടക വാവായിരുന്നു പിതൃക്കൾ പുണ്യം തേടി അലയുന്ന കനത്ത മഴയുള്ള ഇരുണ്ട പകൽ. രാവിലെ പതിവ് കസർത്തു കഴിഞ്ഞുള്ള കുളിക്കായി മേനി എണ്ണ തേച്ചു വെടിപ്പാക്കുന്നതിനിടയിലാണ് മുറ്റത്ത് കാറിന്റെ ഹോണടി ശബ്ദം കേട്ടത് സാധാരണ അവധി ദിവസങ്ങളിലെ പതിവ് സന്ദർശകർ ആരെങ്കിലും ആവുമെന്നും വന്നതിന്റെ അപായ സൂചനയാവും ചിന്നം വിളി എന്ന മട്ടിൽ ഞാൻ എണ്ണയെ പതിയെ മസിലുകളിലെയ്ക്ക് അമർത്തി തടവി. നിർത്താതുള്ള ഹോണടിയിൽ അസാധാരണത്വം തോന്നിയ ഞാൻ എഴുനേറ്റു പതിയെ ഗേറ്റ് കടന്നു കാറിനരുകിലെയ്ക്ക്  നടന്നു. ഇൻഡിക കാറിൽ നിറയെ ആളുമായി കാത്തു കിടക്കുന്ന കാറിന്റെ ഫ്രണ്ട് സീറ്റിൽ നിന്നും തല പുറത്തേയ്ക്കിട്ട് അനന്തിരവൻ ഉച്ചത്തിൽ വിളിച്ചു അച്ചായ ഷർട്ടിട്ടു വന്നു വണ്ടിയിൽ കയറു നമുക്കൊരു സ്ഥലം വരെ പോകാനുണ്ട്. ഞാൻ പിൻ സീറ്റിലെയ്ക്കു നോക്കി ഒരു മധ്യ വയസ്ക്കനും സ്ത്രീയും  കൌമാരം കഴിയാറായ ഒരു പയ്യനും എന്നെ തന്നെ തുറിച്ചു നോക്കി പിൻ സീറ്റിൽ ഇരിക്കുന്നു പയ്യന്  അരികിലായിലായി ആജാനബാഹുവായ ഒരു മനുഷ്യൻ നിർവികാരനായി പിൻ സീറ്റിലേയ്ക്ക് ചാഞ്ഞു കിടന്നു മയങ്ങുന്നു ആകെ കൂടെ ഒരു ശ്മശാന മൂകത ഞാൻ ആയിരം ചോദ്യങ്ങൾ മുഖത്ത് പ്രകടമാകത്തക്ക രീതിയിൽ അനന്തിരവനെ നോക്കി ഒന്നുമില്ല അച്ചായാ അച്ചായാൻ പോയി ഷർട്ട് ഇട്ടിട്ടു വാ ഒരു അഞ്ചു മിനിട്ട് ഒരു സ്ഥലം വരെ പോയിട്ട് നമുക്ക് ഇപ്പൊ വരാം.  എണ്ണ  പുരണ്ട ദേഹത്തേയ്ക്ക് ഷർട്ടു വലിച്ചു കയറ്റുമ്പോൾ ഒരു മെഴു മെഴുക്കും ഒട്ടിപിടുത്തവും അസ്വസ്ഥത ഉളവാക്കി എങ്കിലും വേഗം ഓടി വണ്ടിയിൽ കയറി. വണ്ടി കിഴക്കോട്ടു ചലിച്ചു തുടങ്ങി മഴ തുള്ളിക്കൊരു കുടം പോൽ കോരി ചൊരിയുകയാണ് ഞാൻ അനന്തിരവനോട് പതിയെ തിരക്കി എങ്ങോട്ടാട നമ്മൾ ഈ പോകുന്നെ ആരാ ഈ വണ്ടിയിൽ പിന്നിൽ ഇരിക്കുന്നവർ ? ദേ ഇവിടം വരെ അഞ്ചു മിനിറ്റിൽ തീരുന്ന ഒരു കുഞ്ഞൻ യാത്രാ ഷാജിചായാൻ വെറുതെ ഒരു ബലത്തിന് ഞങ്ങളുടെ കൂടെ ഇരുന്നാൽ മാത്രം മതി . എന്റെ ദൈവമേ ഒന്ന് രണ്ടു തല്ലു കേസിൽ പ്രതിയാണ് എന്റെ അനന്തിരക്കാരൻ എന്ന് പറയുന്ന ഈ മഹാൻ ഇനി വല്ല കൊട്ടെഷനും എടുത്തിട്ടു എന്റെ തടിമിടുക്കു കാട്ടി കാര്യം നേടാനാണോ, പിറകില ഒരു സ്ത്രീ ഉണ്ട് അത് കൊണ്ട് തല്ലിനും വഴക്കിനും ഒന്ന് ആവില്ല സ്വയം സമാശ്വസിച്ചു.


ഓരോ ജങ്ഷൻ എത്തുമ്പോഴും പിന്നിലിരുന്നു ആ സ്ത്രീ ഇനി ഇടത്തേയ്ക്ക് അല്ലെങ്കിൽ വലത്തേയ്ക്ക് എന്ന് നിര്ദേശിച്ചു കൊണ്ടേ ഇരുന്നു ഡ്രൈവർക്കും  തങ്ങൾ എങ്ങോട്ടാണ് പോകുന്നത് എന്നതിനെപറ്റി
  യാതൊരു വിവരവും ഇല്ല ആകെ കൂടി ഒരു അസാധാരണത്വം അഞ്ചു മിനിട്ട് പറഞ്ഞ വണ്ടി ഒരു മണിക്കൂർ കഴിഞ്ഞിട്ടും ഓടി കൊണ്ടേ ഇരിക്കുകയാണ് കീഴ്കാം തൂക്കായ റോഡുകളും പാലങ്ങളും കടന്നു മഴയെ കീറി മുറിച്ചു നിശബ്ധമായ അന്തരീക്ഷത്തിൽ ഞങ്ങൾ മുന്നോട്ടു പോയ്കൊണ്ടേ ഇരിക്കുകയാണ് ഓരോ വളവിലും ഡ്രൈവർ പിറകിൽ നിന്ന് ആശബ്ദത്തിനു  കാതോർക്കും. പതിനഞ്ചു കൊല്ലമായി വണ്ടി ഓടിക്കുന്ന എനിക്ക് പോലും തിട്ടമില്ലാത്ത വഴികൾ കൃത്യമായി ആ സ്ത്രീ പിന്നിൽ നിന്നും നിയന്ത്രിക്കുകയാണ് ഞാൻ പിന്നിലേക്ക്‌ തിരിഞ്ഞു ആ സ്ത്രീയോട് ചോദിച്ചു നമ്മൾ എങ്ങോട്ടാണ് ഈ പോകുന്നത് ? ചൂണ്ടു വിരൽ ചുണ്ടിനോടടുപ്പിച്ചു മിണ്ടരുതെന്ന ഭയാനകമായ ആങ്ങ്യത്തിൽ അവർ എന്നെ ദഹിപ്പിക്കുന്ന നോട്ടം നോക്കി. ഞാൻ അനന്തിരവന്റെ പള്ളയ്ക്കു ഒരു ഞെക്ക് കൊടുത്തിട്ട് ബ്രുട്ടസേ നീ എന്നെ എങ്ങോട്ടാ കേട്ടിയെടുക്കുന്നെ എന്ന് അലറി . എന്റെ അലറ്ച്ചയുടെ ശബ്ദം മയക്കത്തിലായിരുന്ന ആ അജാന ബാഹുവിനെ ഉണർത്തി. അയാൾ രൂക്ഷമായി എന്നെ നോക്കി കൂടുതൽ ചോദിക്കാനോ ഒച്ച വെക്കാനോ പറ്റാത്ത വിധം ഞാൻ നിസ്സഹായനായി. പോകെ പോകെ ഒരു സത്യം ഞാൻ തിരിച്ചറിഞ്ഞു എന്റെ അനന്തിരവൻ എന്നു പറഞ്ഞു എന്നെ ഈ ചക്ര വ്യുഹത്തിൽ പെടുത്തിയവനും അറിയില്ല ഞങ്ങൾ എങ്ങോട്ടാണ് കെട്ടിയെടുക്കുന്നത് എന്ന്.

മഴ സംഹാര രൂപിയായി നൃത്തമാടുകയാണ് റോഡുകൾ തോടുകൾ ആകാൻ ഇനി അധിക സമയം വേണ്ടി വരില്ല ഇവ്വിധം
മഴ പെയ്യുകയാണെങ്കിൽ, വണ്ടി കോട്ടയം കടന്നിരിക്കുന്നു പതിവ് പോലെ ആ സ്ത്രീ വഴി പറഞ്ഞു  കൊടുക്കുന്നതിൽ ഒരു ഭങ്ങവും വരുത്തുന്നില്ല. പാല കഴിഞ്ഞതും  വലിയ ശബ്ദത്തോടെ റോഡിനു കുറുകെ ഒരു മരം കടപുഴകി വീണു ഞങ്ങളുടെ വണ്ടിയെ തൊട്ടു തൊട്ടില്ല എന്ന വണ്ണം ആ മരത്തിന്റെ ചില്ലകൾ ഞങ്ങളുടെ കാറി നുള്ളിലെയ്ക്കു തലനീട്ടി  ഡ്രൈവർ റിവേർസ് എടുത്തു വണ്ടി നിർത്തി മഴ കുറഞ്ഞു ചാറ്റൽ മഴ മാത്രമായിരിക്കുന്നു ഞങ്ങൾ പതിയെ പുറത്തിറങ്ങി ഇനി യാത്ര തുടരണമെങ്കിൽ മരം മുറിച്ചു മാറ്റണം അല്ലെങ്കിൽ ചുറ്റി കറങ്ങണം. പിൻ സീറ്റിൽ ഇരുന്ന അജാനബാഹുവും മധ്യ വയസ്ക്കനും പുറത്തിറങ്ങി   പുറത്തേയ്ക്ക് ഇറങ്ങാൻ വെമ്പൽ കൊണ്ടിരുന്ന പയ്യനെ അമ്മ കൈപിടിച്ച് ബലമായി സീറ്റിൽ ഇരുത്തി നാട്ടുകാർ കൂടി മരം അറുത്തു മാറ്റുന്നതിനുള്ള പരിപാടികൾ ആരംഭിച്ചിരിക്കുന്നു. ഒരു മിന്നൽ വേഗത്തിൽ വണ്ടിയിലിരുന്ന പയ്യൻ ചാടിയിറങ്ങി ഒരു മരച്ചില്ല ഓടിച്ചു കൊണ്ട് മുന്നോട്ടു ഓടി പിറകെ അമ്മയും അജാനബാഹുവും ഒരു വിധം അവർ അവനെ പിടിച്ചു വണ്ടിയിൽ ഇരുത്തി ഓടിച്ച ചില്ല അവന്റെ കൈയിൽ നിന്നും വിടാതെ അവൻ നെഞ്ചോട്‌ ചേർത്തു പിടിച്ചു .

മരം മുറിച്ചു മാറ്റിയിരിക്കുന്നു ഞങ്ങളുടെ വഴി തുറന്നു കിട്ടിയിരിക്കുന്നു എണ്ണയിൽ ഒട്ടിയ എന്റെ ഷർട്ടു ചാറ്റൽ മഴയിൽ കുതിർന്നു ഒരു പരുവമായിരിക്കുന്നു. നല്ല ഒരു അവധി ദിവസമായിട്ടു വീട്ടിൽ കുട്ടികളോടോത്തു കളിച്ചു രസിച്ചും കഴിയേണ്ട എന്നെ അഞ്ചു മിനിട്ട് എന്ന് പറഞ്ഞു വിളിച്ചു കയറ്റിയ അനന്തിരവൻ എന്റെ മുഖത്ത് പോലും നോക്കുന്നില്ല വീട്ടിൽ ചെല്ലുമ്പോൾ കണക്കു തീർത്തു കിട്ടുമെന്ന് അവനു മനസിലായി തുടങ്ങിയിരിക്കുന്നു. വണ്ടി ചലിച്ചു തുടങ്ങി പിന്നിൽ നിന്നും മുൻപ് ഓടിച്ചു കൈയ്യിൽ സൂക്ഷിച്ച ചില്ലകൊണ്ട് പയ്യൻ മുൻനിരയിൽ ഇരിക്കുന്ന ഞങ്ങളെ തലോടാൻ ആരംഭിച്ചിരിക്കുന്നു. ഓരോ തവണയും ചില്ല ഞങ്ങൾക്ക് നേരെ നീളുമ്പോൾ അവന്റെ അമ്മ അവനെ ശാസിച്ചു ചില്ല മാറ്റും. ഒരു തവണ അവൻ ചില്ല എന്റെ പിടലിക്ക് നേരെ കൊണ്ട് വന്നപ്പോൾ ഒരു ചെറിയ കടന്നൽ മൂളിപാട്ടും പാടി എന്റെ ചെവിയോരത്തു വന്നിരുന്നു  ശേഷം അതിന്റെ നേർത്തു നീണ്ട കൊമ്പ് കൊണ്ട് ചെവിക്കു മുകളിൽ ഒരു കുത്ത് കുത്തി വേദന കൊണ്ട് ഞാൻ ആഞ്ഞടിച്ചു ഒറ്റ അടിയിൽ തന്നെ അവൻ ചത്തു മലച്ചു.പയ്യന്റെ കൈയിൽ നിന്നും ബലം പ്രയോഗിച്ചു അമ്മ ആ ചില്ല വാങ്ങി  ജനാലയ്ക്കു വെളിയിലേയ്ക്കു വലിച്ചെറിഞ്ഞു . എന്നെ കുത്തിയ കടന്നൽ ചത്തു മലച്ചു എന്റെ കാലിനു കീഴെ കിടക്കുകയാണ് എന്റെ കാതിൽ അത് പാടികടന്നു പോയ മൂളിപാട്ട് നിലച്ചിട്ടില്ല തലയ്ക്കു ആകെ ഒരു പെരുപ്പ്‌ .ഞാൻ അനന്തിരവനെ തോണ്ടി എടാ എനിക്ക് തല കറങ്ങുന്നു ശരീരം ആസകലം ഒരു തരിപ്പ് . ഏതോ വിഷകടന്നലാകും  കടിചിട്ടുള്ളത് . തൊണ്ട വരളുന്നു ഒരു നിമിഷം ഹൃദയം സ്തംഭിച്ചു ഞാൻ മരിച്ചു പോയേക്കുമെന്ന് വരെ തോന്നുന്നു .പിറകിലെ സ്ത്രീ എന്റെ അവസ്ഥ കണ്ടിട്ടെന്നോണ്ണം അവരുടെ ബാഗിൽ നിന്നും വെള്ളം എടുത്തു എനിക്ക് കുടിക്കാൻ തന്നു. ഇനി അധികമില്ല ഇപ്പോൾ നമ്മൾ എത്തും. ദേഷ്യവും സങ്കടവും നിസ്സഹായാവസ്ഥയും ഒരുമിച്ചു ചേർന്ന ഞാൻ പിൻ സീറ്റിലെയ്ക്കു തല ചായ്ച്ചു .

വണ്ടി വലിയ ഒരു ആശുപത്രി വളപ്പിൽ പ്രവേശിച്ചിരിക്കുന്നു ഞാൻ അർദ്ധ മയക്കത്തിൽ അതിന്റെ ബോർഡ്‌ വായിക്കാൻ ശ്രമിച്ചു സേക്രട്ട് ഹാർട്ട് മാനസിക ആരോഗ്യ കേന്ദ്രം പൈങ്കുളം. ദൈവമേ ഏതോ ഒരു വട്ടനുമായി ആണ് നമ്മൾ ഈ ഇരുനൂറു കിലോമീറ്ററോളം സഞ്ചരിച്ചത് ആരാവും ആ ഭ്രാന്തൻ എന്തായാലും ഞാനും ഡ്രൈവറും ആ സ്ത്രീയും അല്ല പിന്നെ വണ്ടി ആശുപത്രിയുടെ പൂമുഖത്ത് കൊണ്ട് ചെന്ന് നിർത്തി  ഞാൻ ഇറങ്ങി കണ്ണാടിയിൽ നോക്കി എന്റെ മുഖമെല്ലാം നീരു വന്നു തടിച്ചിരിക്കുന്നു. ഒരു കാലു മുന്നോട്ടു വെച്ചതും ഒരു ബലമില്ലായ്മ ഞാൻ തളർന്നു താഴെ വീഴുന്നു.  സ്ട്രെചെരുമായി ഓടിയടുക്കുന്ന മാലഖമാർ അവർക്ക് നടുവിൽ അവ്യക്തമായി എന്നെ നോക്കി പുഞ്ചിരിച്ച  ഒരു വെള്ള രൂപത്തോട് ഞാൻ ദയനീയമായി പറഞ്ഞു ഇല്ല എനിക്ക് ഭ്രാന്തില്ല ഷോക്ക്‌ റൂമോ തടവറയോ എങ്ങോട്ടാണ് എന്നെ കൊണ്ട് പോകുന്നതെന്നറിയാതെ നിസഹായനായി ഞാൻ എനിക്ക് ഭ്രാന്തില്ല എന്ന് പുലമ്പി കൊണ്ടേ ഇരുന്നു .

ബോധം വരുമ്പോൾ ഞാൻ ഒരു കണ്ണാടി കൂട്ടിലാണ് പുറത്തു അനന്തിരവനും ഡ്രൈവറും നില്ക്കുന്നത് കാണാം ഞാൻ അടുത്തു കണ്ട നേര്സിനോടു ചോദിച്ചു സിസ്റ്റർ എനിക്ക് ഭ്രാന്താണോ ? സിസ്റ്റർ ചിരിച്ചു കൊണ്ട് പറഞ്ഞു ഭ്രാന്തു നിങ്ങൾക്കല്ല  നിങ്ങളുടെ കൂടെ വന്ന പയ്യനാണ് അവനെ സെല്ലിൽ അടച്ചു നിങ്ങള്ക്ക് ഒരു കടന്നൽ കുത്ത് ഏറ്റതാണ് ഒരു മണിക്കൂറിനുള്ളിൽ ഹോസ്പിറ്റലിൽ എത്തിയത് കൊണ്ട് സീരിയസ് ആകാതെ രക്ഷപെട്ടു ഇല്ലെങ്കിൽ നിങ്ങളുടെ ജീവന് തന്നെ ആപത്തു സംഭവിച്ചേനെ . ഒരു കൊച്ചു കടന്നലിന് ഒരു മനുഷ്യജീവനെ എടുക്കാൻ കഴിയുമെന്ന സത്യം സിസ്റ്റർ പറയും വരെ എനിക്ക് അന്യമായിരുന്നു . വാതില മെല്ലെ തുറന്നു കുറ്റബോധത്തോടെ അനന്തിരവൻ എന്റെ മുറിയിലേയ്ക്ക് കയറിവന്നു. ഷാജിച്ചായാ ആ പയ്യന് മുഴുത്ത വട്ടായിരുന്നു വീട്ടിൽ വലിയ തൊന്തരവും ബഹളവും  ഉണ്ടാക്കിയതിനു നയത്തിൽ അവർ പ്രന്താശുപത്രിയിൽ കൊണ്ട് പോകുകയായിരുന്നു അവന്റെ അപ്പനും അമ്മയ്ക്കും അല്ലാതെ വണ്ടി ഓടിച്ച ഡ്രൈവർക്കു പോലും  അറിയില്ലായിരുന്നു ആരെങ്കിലും അബദ്ധത്തിൽ പറഞ്ഞു പോയാൽ പയ്യൻ    അക്രമാസക്താൻ ആകുമെന്ന് അവർ ഭയപ്പെട്ടിരുന്നു അഥവാ വഴിയിൽ വെച്ച് ഓടുകയോ സമനില തെറ്റുകയോ ചെയ്‌താൽ കരുത്തരായ രണ്ടു പേർ വേണം എന്നതിനാലാണ് എന്നെയും ഷാജിചായനെയും വിളിച്ചു വണ്ടിയിൽ കയറ്റിയത്.ആലപ്പുഴ നിന്നും ഇടുക്കി വരെ നിനച്ചിരിക്കാതെ ഒരു യാത്ര, അതിൽ ജീവന്റെ വില ഒരു കടന്നലോളം എന്ന  തിരിച്ചറിവും. എണ്ണ ഒട്ടിയ ഷർട്ടിൽ നിന്നും  ദുർഗന്ധം വമിച്ചു തുടങ്ങിയിരിക്കുന്നു . ഒരു ഇന്ജെക്ഷനും കൂടി കഴിയുമ്പോൾ എനിക്ക് ഡിസ്ചാർജ് ആകാം. നീരു പതിയെ  വലിഞ്ഞു തുടങ്ങിയിരിക്കുന്നു പോകുന്ന വഴിയിൽ ഞങ്ങൾ ആ പയ്യന്റെ സെല്ലിൽ ഒന്ന് കൂടി പോയി ഇട്ടിരുന്ന വസ്ത്രങ്ങളെല്ലാം കീറിയെറിഞ്ഞു നഗ്നനായി സെല്ലിൽ അങ്ങോട്ടും ഇങ്ങോട്ടും അലറിക്കൊണ്ട്‌ ഓടുകയാണ് അവൻ .ഇങ്ങോട്ടുള്ള അഞ്ചു മണിക്കൂർ യാത്രയിൽ അപസ്വരത്തിന്റെ ഒരു ലാഞ്ചന പോലും കാണിക്കാതിരുന്ന ഒരു ചെറുപ്പക്കാരൻ പൂർണമായും കൈവിട്ട അവസ്ഥയിൽ .തിരിച്ചുള്ള യാത്രയിൽ ഒരു പാട് ബലിതർപ്പണക്കാരെ കണ്ടു പൂർവികരുടെ ആത്മ ശാന്തിക്കായി ബാലിയപ്പിച്ചു മടങ്ങുന്നവരെ എന്നാൽ ഈ യാത്ര എനിക്ക് ഒരു നിമിഷം കൊണ്ട് ഭ്രാന്തനും മൃതനും ആകപെടാൻ ഇടയുള്ള മനുഷ്യ ജന്മത്തിന്റെ നശ്വരതയെ അടുത്തറിയുന്നതിനുള്ള യാത്രയായിരുന്നു .

Wednesday, 12 November 2014

പറുദീസായിലേയ്ക്കു ഒരു ഹുറൂബ്.






ദയവതി കരയുകയായിരുന്നു ഏങ്ങലടി നിർത്താൻ കഴിയാത്തത്ര  വണ്ണം കനത്തപ്പോൾ എനിക്ക് ഇടപെടേണ്ടി വന്നു ഒന്നുകിൽ നിങ്ങൾ കാര്യം പറയുക അല്ലെങ്കിൽ കരഞ്ഞു തീർന്നതിനു ശേഷം എന്നെ വിളിക്കുക.  സാർ എന്നെ എങ്ങനെ എങ്കിലും ഒന്ന് സഹായിക്കണം ഞാൻ എന്തിനു വേണ്ടിയാണോ നാടും വീടും വിട്ടത് അതെനിക്ക് നഷ്ട്ടമായിരിക്കുന്നു. എനിക്ക് നാട്ടിൽ എത്തിയെ തീരു എന്റെ പൊന്നോമന മകന്റെ  മുഖമെങ്കിലും എനിക്ക് കണ്ടേ തീരു സാർ എന്നെ സഹായിക്കണം സാറിനല്ലാതെ മറ്റാർക്കും എന്നെ സഹായിക്കാൻ കഴിയില്ല ദയവു ചെയ്തു എന്നെ സഹായിക്കില്ല എന്ന് മാത്രം പറയരുത്.
 നിങ്ങൾ എന്നെ ഓഫീസിൽ വന്നു കാണു എനിക്കൊന്നും മനസിലാകുന്നില്ല നിങ്ങൾക്ക് നാട്ടിൽ പോകാൻ ഞാൻ എന്ത് സഹായമാണ് ചെയ്തു തരേണ്ടത്‌.
 സാർ ഓഫീസിൽ വരാൻ എനിക്ക് പേടിയാണ് അറബാബ് എന്നെ കണ്ടാൽ പോലീസിനെ വിളിക്കും സാർ ഓർമിക്കുന്നില്ലേ എന്നെ? ഞാൻ ദയവതി ആറു കൊല്ലം മുൻപ് അറബാബിന്റെ വീട്ടിൽ ജോലിക്ക് വന്ന ശ്രിലങ്കക്കാരി. 
ഞാൻ പിന്നിലോട്ടു കുറച്ചു ചിന്തിചു  നോക്കി ഇല്ല ഒരു എത്തും പിടിയും കിട്ടുന്നില്ല ദയവതി എന്നൊരാളെ ഞാൻ ഓർക്കുന്നു പോലുമില്ല ഒരു പക്ഷെ ഞാൻ മറന്നതാവണം.നിങ്ങൾ ഒരു കാര്യം ചെയ്യും ലേബർ ഓഫീസിനു അരികിലുള്ള കാഫ്ടീരിയയിൽ കാത്തു നില്ക്കുക ഒരു അര മണികൂറിനകം ഞാൻ അവിടെ എത്താം.

രാവിലെത്തെ  ആദ്യ ജോലി ലേബർ ഓഫീസിൽ എത്തി ഹുറൂബ് കേസുകൾ ഫയൽ ചെയ്യുക എന്നതാണ്. കണ്സ്ട്രഷൻ കമ്പനി എന്നാൽ ഏതോ പണം കായ്ക്കുന്ന മരമാണെന്നും അതിൽ പിടിച്ചു കുലുക്കിയാൽ അറബി പണം മുച്ചുടും നാട്ടിലേയ്ക്ക് കമിഴ്ത്തമെന്നു ധരിച്ചു വശായി വരുന്ന മണ്ടന്മാർ എവിടെ എത്തി രണ്ടു ദിവസത്തെ ചൂടും പണിയുടെ കാഠിന്യവും സഹിക്കവയ്യാതെ കമ്പനിയെ അറിയിക്കാതെ വേറെ ജോലികളിലെയ്ക്ക് മുങ്ങും . സ്വർഗ്ഗം എവിടെ ആണെന്ന് അന്വേഷിച്ചു അലഞ്ഞു തിരിയുന്നതിനിടയിൽ പോലീസോ ജവസാത്തോ പിടിച്ചാൽ ജോലിക്ക് കൊണ്ടുവന്ന കമ്പനിക്കും പിഴ കിട്ടും .അതൊഴിവാക്കാൻ തൊഴിലാളികളെ കാണാതായാലുടാൻ ലേബർ ഓഫീസിൽ ഹുറൂബ് റിപ്പോർട്ട്‌ ചെയ്യേണ്ടതുണ്ട് മിക്കവാറും തൊഴിലാളികൾ ചാടി പോകുന്നതിനാൽ ഇതെന്റെ ദിനചര്യകളിൽ ഒന്ന് പോലെ ആയിരിക്കുന്നു. വണ്ടി ലേബർ വളവു   തിരിയാനുള്ള സിഗ്നലിൽ കിടക്കുമ്പോൾ ഒരാൾ എനിക്ക് മുന്നേ ക്രോസ് ചെയ്തു. ആര്ക്കെതിരെയാണോ ഞാൻ കാണ്മാനില്ല എന്നാ പരാതിയുമായി ഇന്ന് തൊഴിൽ മന്ത്രാലയത്തെ  സമീപിക്കാൻപോകുന്നത് അയാൾ തന്നെ എന്നെ കണ്ടിട്ടും യാതൊരു ഭാവവ്യത്യാസവും ഇല്ല.പുറകെ ഓടിച്ചിട്ട്‌ പിടിച്ചാലോ വേണ്ട ആരെങ്കിലും എവിടെ എങ്കിലും പോയി ജീവിക്കട്ടെ, നമ്മൾ നിയമ പരമായ നമ്മുടെ ബാധ്യത ഒക്കെ തീർക്കുന്നുണ്ട് ഇനി പോലീസോ ജവസാത്തോ പിടിച്ചു കയറ്റി വിടട്ടെ സിഗ്നലിൽ പച്ച തെളിഞ്ഞതും വണ്ടി ലേബർ   ലക്ഷ്യമാക്കി പാഞ്ഞൂ.

വണ്ടി പാർക്കു ചെയ്തു വെളിയിൽ ഇറങ്ങുമ്പോൾ തന്നെ സാരി ധരിച്ച മധ്യവയസ്കയായ സ്ത്രീ എന്നെ പിടികൂടി. സാർ ഞാൻ അങ്ങയെ കാത്തു നില്ക്കുവാരുന്നു രാവിലെ ഞാൻ ഫോണിൽ സംസാരിച്ചിരുന്നു, 

എന്നെ രക്ഷിക്കണം എനിക്ക് എന്റെ മകനെ കണ്ടേ പറ്റൂ!  അവരെ തോളിൽ തട്ടി സമാശ്വസിപ്പിച്ചു കൊണ്ട് അവരുടെ കയ്യിലിരുന്ന ഫയൽ വാങ്ങി മറിച്ചു നോക്കി , ഞങ്ങളുടെ കമ്പനിയുടെ മുതലാളിയുടെ വീട്ടിൽ ആറു കൊല്ലം മുൻപ് വേലക്കാരിയുടെ വിസയിൽ എത്തിയവരാണ് . നിങ്ങൾ എന്തിന്നാണ് അവിടെ നിന്നും ഓടിപോയത് ? എന്റെ ചോദ്യത്തിന് രണ്ടു കൈകൊണ്ടും മുഖം തുടച്ചു കൊണ്ട് അവർ മറുപടി പറഞ്ഞു തുടങ്ങി  സാർ ഞാൻ എന്റെ മകന്റെ പഠനചിലവിനു പണം സ്വരുപിക്കനാണ് നാട് വിട്ടു വീട്ടു ജോലിക്കാരിയായത് പക്ഷെ അവിടെ വെച്ച് ഏജൻസി പറഞ്ഞ തുക തന്നില്ല എന്നു മാത്രമല്ല രാവന്തിയോളം കഷ്ട്ടപാടും സഹിക്കവയ്യാതെയാണ്  എന്റെ നാട്ടുകാരി ജോലിചെയ്യുന്ന ഒരു അറബി വീട്ടിലേയ്ക്ക് പാർട്ട്‌ ടൈം ജോലിക്ക് കയറിയത്. ഞാൻ മകനെ പഠിപ്പിച്ചു  പരീക്ഷ എഴുതുന്നതിനു തലേന്ന് അവൻ അപകടത്തിൽ പെട്ടതാണ് ഇന്ന് ആഴ്ച രണ്ടുകഴിഞ്ഞു ആരും നോക്കാനും ശ്രുശൂഷിക്കാനും ഇല്ലാതെ എന്റെ മകൻ നരകിച്ചു മരിക്കും. ഞാൻ എന്തിനു വേണ്ടിയാണോ കഷട്ടപെട്ടത്‌ അതെല്ലാം എനിക്ക് നഷ്ട്ടപെടാൻ പോകുന്നു എനിക്ക് പോയെ പറ്റു സാർ എന്നെ കൈവിടരുത് നിറഞ്ഞൊഴുകുന്ന കണ്ണുകളും കൂപ്പിയ കൈകളുമായി അവർ ഒരു പ്രതിമപോലെ എന്റെ മുന്നിൽ നില്ക്കുകയാണ്.


പരാതിപെട്ട കമ്പനി ടിക്കറ്റുമായി ജവാസത്തിൽ എത്തിയാൽ അന്ന് തന്നെ കയറി പോകാം എന്ന കൃത്യമായ നിയമോപദേശവുമായിട്ടാണ് ദയവതി എത്തിയിരിക്കുന്നത് . എനിക്ക് മാത്രമേ സഹായിക്കാൻ കഴിയു എന്ന തിരിച്ചറിവിൽ നിന്നും അവർ  യാചിക്കുകയാണ്. പക്ഷെ അറബാബ്. അറബാബ് അറിഞ്ഞാൽ കുറഞ്ഞത്  രണ്ടു മാസം ജയിലിൽ കിടത്തിയെ വിടൂ  അത്രയ്ക്ക് ദേഷ്യക്കാരനാണ്അയാൾ. ഞാൻ അര്ബാബിനെ വിളി ക്കട്ടെ പുള്ളി അനുവദിക്കുകയാണെങ്കിൽ ഞാൻ ഇന്ന് തന്നെ ശരിയാക്കിതരാം, അദ്ദേഹം അനുവദിച്ചാൽ മാത്രം . ഞാൻ ഫോണ്‍ എടുത്തു നമ്പർ ഡയൽ ചെയ്യാൻ ആഞ്ഞതും അവർ എന്റെ മൊബൈലിൽ കയറി പിടിച്ചു.

 സാർ എനിക്കറിയാം അയാൾ എന്നെ പോകാൻ അനുവദിക്കില്ല ആറുമാസം ഞാൻ അദ്ധേഹത്തിന്റെ ക്രൂരത അടുത്തറിഞ്ഞവളാണ്എന്നെ മാക്സിമം ദ്രോഹിക്കാതെ അയാൾ വിടില്ല . ഇനി സാർ അറിയാത്ത ഒരു കാര്യം കൂടി ഞാൻ പറയാം നിങ്ങളറിയാത്ത ഒരു മുഖം കൂടി നിങ്ങൾ അറബാബ് എന്നു വിളിക്കുന്ന നിങ്ങളുടെ മുതലാളിക്കുണ്ട് അദ്ദേഹമെന്നെ കായികമായി കീഴ്പ്പെടുത്തിയേക്കും എന്ന ഭയം എന്നെ ബാധിച്ചപ്പോൾ മാത്രമാണ് ഞാൻ ഒളിച്ചോടാൻ തീരുമാനിച്ചത്. അയാൾക്ക്‌ വഴങ്ങാത്ത എന്നെ അയാൾ നാടു കാണിക്കില്ല  എന്നു വരെ ഭീഷിണിപെടുത്തിയിരുന്നു .അയാൾ അറിഞ്ഞാൽ ഒരു പക്ഷെ ഞാൻ ജയിലിൽ പോലും എത്തിപെടില്ല, സാറിനും ഇല്ലേ അമ്മയും സഹോദരിമാരും ഒരു അമ്മയോടെന്നപോലെ എന്നോട് കാരുണ്യം കാണിക്കുമോ ?

എന്നെ ധർമ്മ സങ്കടത്തിലാക്കി അവർ കരയുകയാണ് ഓരോ തുള്ളി കണ്ണിരും എന്റെ ഹൃദയത്തിന്റെ പഴുത്ത പ്രതലത്തിൽ വീഴുന്ന ജലകണം പോലെ ചെറിയ ശബ്ദത്തിൽ ചിതറുന്നു. ഇവരെ സഹായിച്ചാൽ ഞാനും ദൈവമും അല്ലാതെ ആരും അറിയില്ല. മുതലാളിയെ അറിയിക്കാതെ കയറ്റിവിട്ടാൽ ഞാൻ എന്റെ ചോറിനോട് ചെയ്യുന്ന അനീതിയാകും. ,അദ്ധേഹത്തിന്റെ വീട്ടിൽ നിന്നും   കടന്നു കളഞ്ഞ ഒരാളെ ഞാൻ രഹസ്യമായി സഹായിച്ചാൽ അതദ്ദേഹം അറിഞ്ഞാൽ എന്റെ സ്ഥാനം തെരുവിൽ ആയിരിക്കും. ഇല്ല ഞാൻ എന്റെ കമ്പനിയെ വഞ്ചിക്കില്ല. ക്ഷമിക്കുക സഹോദരി എനിക്ക് താങ്കളെ സഹായിക്കാൻ നിർവാഹമില്ല നിങ്ങൾ അറബാബിനെ പോയി കണ്ടു അപേക്ഷിക്കുക അദ്ദേഹത്തിന് വലിയ മാറ്റം വന്നിട്ടുണ്ട് ഒരു പക്ഷെ നിങ്ങളെ അദ്ദേഹം സഹായിക്കും.


ദയവതിയെ  അവഗണിച്ചു നടന്ന എന്റെ ഉടുപ്പിന്റെ വിളുപ്പിൽ പിടിച്ചു അവർ  പുറകോട്ടു വലിച്ചു സാർ എന്റെ മകൻ എന്നെ കാണാതെ മരിച്ചാൽ ഞാൻ ഇവിടെ നിങ്ങളുടെ ഓഫീസിനു മുന്നിൽ വന്നു ആത്മാഹൂതി ചെയ്യും സാറിന്റെ മകനാണ് ഈ ഗതി വരുന്നതെങ്കിൽ സാർ നിയമം പറഞ്ഞു രക്ഷപെടുമോ എനിക്ക് മുന്നിൽ വേറെ വഴികളില്ല സാർ നിങ്ങൾ ആണ് ഇപ്പോൾ എന്റെ മുന്നിലെ ദൈവം പറയു ഞാൻ എന്താണ് നിങ്ങൾക്ക് തരേണ്ടത്‌ പണമോ പൊന്നൊ  പറഞ്ഞു തീരും മുൻപേ ദയവതി തോളിൽ കിടന്ന ബാഗിൽ നിന്നും ഒരു കെട്ടു നോട്ടെടുത്ത് എന്റെ കോട്ടിന്റെ പോക്കറ്റിൽ വെച്ചു. മകൻ പഠിച്ചു കഴിയുമ്പോൾ അവനു നല്ല നിയമനം കിട്ടാൻ കോഴകൊടുക്കാൻ കരുതി വെച്ചിരുന്ന കാശാണിത് സാർ എടുത്തോളു മുഴുവൻ എടുത്തോളു എന്നെ ഒന്ന് ശ്രീലങ്കയിൽ എത്താൻ സഹായിച്ചാൽ മാത്രം മതി. ഒരു മണികൂറിലധികമായി ഒരു വഴിമുടക്കിയെപോലെ എന്റെ മുന്നിൽ നിന്നും അവർ കരയുകയും കാലു പിടിക്കുകയും ചെയ്യകയാണ്, വരൂ നമുക്ക് നോക്കാം അവരുടെ പാസ്പോര്ട്ടിന്റെ കോപ്പി വാങ്ങി ഞാൻ അവരുമായി അകത്തേക്ക് നടന്നു. പൊതു മാപ്പ് കഴിഞ്ഞിട്ട് രണ്ടു മാസം മാത്രം ആയിരുന്നതിനാൽ ഔട്ട്‌ പാസ് സെക്ഷൻ ഒഴിഞ്ഞു കിടന്നിരുന്നു ഞാൻ പസ്പോര്ട്ടുംകോപ്പിയും  ടിക്കെട്ടിനുള്ള പണവും കൌണ്ടറിൽ കൊടുത്ത് ഔട്ട്‌ പാസ്സും പസ്പോര്ടും വാങ്ങി അവരുടെ കൈയിൽ കൊടുത്ത് തിരികെ നടന്നു നന്ദിയുള്ള നോട്ടം കൊണ്ട് അവർ എന്നെ അഭിവാദനം ചെയ്തു. തിരികെ എന്റെ ജോലികളിലെയ്ക്ക് മുഴുകാനുള്ള ശ്രമത്തിനിടെ ആണ് പോക്കറ്റിലെ നോട്ടു കെട്ടുകളെ കുറിച്ച് ഓർത്തത് അവർ നിക്ഷേപിച്ച കെട്ടു അതെ പടി ഞാൻ കൈയിൽ എടുത്തു നൂറിന്റെ  അൻപതിലധികം നോട്ടുകൾ ഒരമ്മ മകന് വേണ്ടി അവന്റെ ഭാവിക്കു വേണ്ടി സ്വരുകൂട്ടിയ സമ്പാദ്യം. തിരികെ കൌണ്ടറിൽ  എത്തി ദയവതിയെ  വിളിച്ചു ആ നോട്ടു കെട്ടുകൾ തിരികെ ഏൽപ്പിച്ചു എന്റെ സന്തോഷത്തിനെങ്കിലും കുറച്ചു കാശു സാർ എടുത്തു കൊള്ളൂ എന്ന   ദയവതിയുടെ സ്നേഹ സമ്രുണമായ നിർദേശത്തെ അവഗണിച്ചു കൊണ്ട് ഞാൻ തിരികെ നടന്നു.

 തിരികെ ഓഫീസിൽ എത്തിയപ്പോൾ അറബാബ് ക്യാബിനിലെയ്ക്ക് വിളിപ്പിച്ചു നീ അറിഞ്ഞോ നമ്മുടെ പഴയ  ഹറാമി ഗദ്ദാമ നാടു വിട്ടു. നീ നാട്ടിൽ ആയിരിക്കുമ്പോൾ  എന്റെ വീട്ടിൽ നിന്നും ലക്ഷങ്ങൾ മോഷ്ട്ടിച്ചു കടന്നുകളഞ്ഞ ശ്രിലങ്കക്കാരി കള്ളിയില്ലേ അവൾ വിട്ടിരിക്കുന്നു  .    ദേ എന്റെ മൊബൈലിൽ മെസ്സേജ് വന്നു, ഇതെങ്ങനെ സംഭവിച്ചു ! ചിലപ്പോൾ ജവാസാത്ത് പിടിച്ചു അവളെ ജയിലിൽ ആക്കിയിരുന്നിരിക്കാം അവിടുന്നാവും അവളെ കയറ്റി വിട്ടിടുണ്ടാവുക എന്തായാലും ഇനി ഓൾക്കീ  നാടു കിനാവ്‌ കാണാൻ മാത്രമേ കഴിയു ഞാൻ അറബാബിനെ സമാശ്വസിപിച്ചു.
  കാബിൻ ഇറങ്ങിയതും ഒരു കാൾ വന്നു സാർ എല്ലാത്തിനും നന്ദി എന്നെ കേസുകളിൽ പെടാതെ നാടു കടത്തിയതിന് എന്നെ തൊണ്ട തൊടാതെ വിശ്വസിച്ചതിന് എന്റെ അഭിനയത്തിൽ മയങ്ങിയതിനു അങ്ങനെ എല്ലാത്തിനും എന്റെ സ്തുതി കൊടാ ഇ സ്തുതി.


Thursday, 23 October 2014

മിയ കുൾപ മിയ കുൾപ മിയ മാക്സീമ കുൾപാ





ചോരയിൽ മുങ്ങിയ ആ മനുഷ്യനെ എടുത്തുയർത്തി ചുറ്റും നോക്കി ഇല്ല പരിസരത്തെങ്ങും ഒരാളും ഇല്ല. മൃതപ്രായനായ ഇദ്ധേഹത്തെ ഉപേക്ഷിച്ചു  കടന്നു കളയുകയാവും തനിക്കും തന്റെ ഭാവിക്കും നല്ലത്, ശ്രദ്ധയോടെ അല്ലാതെ ഇതുവരെ വണ്ടി ഓടിച്ചിട്ടില്ല മനപൂർവ്വം എന്തിനിയാൾ എന്റെ വണ്ടിക്കു മുൻപിൽ തന്നെ ചാടി. ഒരു പക്ഷെ ഞാൻ ഓടിച്ച പോര്ഷ് വണ്ടി കണ്ടു ഏതോ വലിയ മുതലാളിയാവും ഉള്ളിൽ  എന്ന്  തെറ്റി ധരിച്ചിട്ടാവണം ഈ പാവം ഈ കടും കൈക്ക് മുതിര്ന്നത് എങ്കിലും എന്തിനു എന്റെ വണ്ടിയുടെ മുൻപിൽ തന്നെ വന്നു ചാടി. ചോരയുടെ മനം പിരട്ടുന്ന ഗന്ധം ഓക്കാനം ഉണ്ടാക്കുന്നത്‌ വരെ അയാൾ എന്റെ കൈകളിൽ കിടന്നു നിലവിളിക്കുകയായിരുന്നു. ഒരു ദേവാസുര യുദ്ധം മനസ്സിൽ പെരുമ്പറ കൊട്ടുന്നു. ജയിൽ, പിഴ, തകരുന്ന ബിസിനസ്‌, കരയുന്ന കുഞ്ഞുങ്ങളുടെ മുഖം ഒക്കെ ഒരു വശത്ത്‌, ജീവന് വേണ്ടി യാചിക്കുന്ന അപരിചിതന്റെ  ചോര ചീന്തുന്ന മുഖം മറ്റൊരു വശത്ത്,  ഭയവും ജീവിത മോഹവും മനസാക്ഷിയെ കറുത്ത തുണി കൊണ്ട് മൂടുവാൻ നിരന്തരം പ്രേരിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു. ഞാൻ നിർവികാരനായി കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ വന്നിരുന്നു ചാവി വലത്തോട്ട് തിരിച്ചു . മുൻപെങ്ങും കേള്ക്കാത്ത അത്ര ഭയാനകമായ ശബ്ദത്തോടെ എഞ്ചിൻ   സ്റ്റാർട്ട്‌ ആയി , റിവേർസ് ഗിയറിൽ വണ്ടി പുറകോട്ടു എടുക്കുമ്പോൾ  നേർത്ത ഞരക്കത്തോടെ അയാൾ രക്ഷിക്കൂ എന്ന് യാചിക്കുന്നതു എനിക്ക് കാണാമായിരുന്നു. ക്ഷമിക്കു സഹോദര നിന്റെ ജീവനേക്കാൾ ഏറെ ഞാൻ എന്നെ സ്നേഹിക്കുന്നു എന്റെ കുട്ടികളെയും കുടുംബത്തെയും സ്നേഹിക്കുന്നു തല്ക്കാലം എനിക്ക് അസുരനാകാതെ തരമില്ല. ഇല്ല ആരും കണ്ടിട്ടില്ല എന്ന് ഒന്ന് കൂടി ഉറപ്പു വരുത്തിയ ശേഷം വണ്ടി എതിര് ദിശയിലേയ്ക്ക് ആക്സിൽ  അമര്ന്നു.

വീടിലെത്തിയതും രക്തം പുരണ്ട ഷർട്ടുകൾ ഊരിയെറിഞ്ഞു . അപ്പോഴേയ്ക്കും ജോലിക്ക് പുറപ്പെട്ടിരുന്ന ഭാര്യ ജാനെട്ടിനെ  മൊബൈലിൽ വിളിച്ചു .നീ അടിയന്തിരമായി വീട്ടില് എത്തണം രാവിലെ ഒരുമിച്ചു ജോലിക്കിറങ്ങിയ രണ്ടു പേരില് ഒരാൾ അസമയത്ത് തിരികെ വീടിലെത്തി വിളിക്കുന്നു എന്തോ ഭയാനകമായത് വീട്ടിലോ ചെട്ടനിലോ സംഭവിച്ചിരിക്കുന്നു. ജാനെറ്റ് മൊബൈലിൽ  തിരികെ വിളിച്ചു കൊണ്ടേ ഇരുന്നു അപ്പോൾ കാറിലെ ചോരകര കഴുകി വൃത്തിയാക്കുന്നതിനുള്ള തിരക്കിലായിരുന്നു അയാൾ. പരിഭ്രാന്തയായി ഓടിയെത്തിയ ജാനെട്ടിനെ കെട്ടി പിടിച്ചു കൊണ്ടയാൾ ഏങ്ങലടിച്ചു . ഒന്നും മനസിലാകാത്ത ജാനെറ്റ്  അയാളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു ജോണിയ്യേട്ടാ കരയാതിരിക്കു എന്താണ് സംഭവിച്ചതെന്ന് പറയൂ . ബിസിനസ്‌ നഷ്ട്ടം വന്നപ്പോൾ പണയപെടുത്തിയ കാറിനു പകരം ജാനെറ്റ് മാസ വാടകയ്ക്ക് എടുത്ത കാറാണ്.എന്തെങ്കിലും അപകടം സംഭവിച്ചാൽ പൂര്ണ ബാധ്യത തനിക്കായിരിക്കുമെന്നു വാടകക്കാരുമായി കരാര് ഉള്ളതാണ്. പിടിക്കപ്പെട്ടാൽ ജയിൽ മാത്രമല്ല കടുത്ത പിഴയും നല്കേണ്ടി വരും. ആരും കണ്ടില്ലല്ലോ ജോണിയേട്ടൻ സമാധാനമായിരിക്ക് അയാള്ക്ക് വല്ലതും സംഭവിച്ചോ എന്ന് നമുക്ക് നോക്കിയിട്ട് വരാം ജാനെറ്റ് ധൈര്യം  പകര്ന്നു.

ലിഫ്റ്റിറങ്ങി വണ്ടിയുടെ അടുത്തെത്തിയപ്പോൾ ജോണി സ്ഥലകാല ബോധം നഷ്ട്ടപെട്ടവനെ പോലെ അലറി , അലര്ച്ച കേട്ട സെക്ക്യുരിട്ടി ഓടി അവര്ക്കരികിലെത്തി എന്താ സംഭവിച്ചേ എന്ന് ചോദിച്ചു ജാനെറ്റ് തന്ത്രപൂർവ്വം ഒരു നുണ പറഞ്ഞു അയാളെ മടക്കി,  ശേഷം ജോണിയെ കൈ പിടിച്ചു പാസ്സഞ്ഞർ സീറ്റിലേയ്ക്ക് ഇരുത്തി .  കുറ്റബോധത്തിന്റെ വലിയ ചുഴിയിൽ  ബോധമണ്ഡലം പ്രദിക്ഷണം വെയ്ക്കുമ്പോൾ ജാനെറ്റ് പറയുന്നതൊന്നും കേള്ക്കാതെ അയാൾ വേറൊരു ലോകത്തിൽ ആയിരുന്നു . അപകടം നടന്ന സ്ഥലം എത്തി, ഇല്ല എങ്ങും ആരും ഇല്ല ചോരപാടുകൾ പോലും റോഡിൽ അവശേഷിക്കാത്ത വിധം വെടിപ്പാക്കിയിരിക്കുന്നു . കഷ്ട്ടി ഒരു മണിക്കൂർ  ആകുന്നതിനു മുൻപ് എല്ലാം പഴയ പടി ആക്കിയിരിക്കുന്നു . അയാൾ മരിച്ചോ ജീവിച്ചോ ആര്ക്കറിയാം രാവിലെ തീര്ത്തും വിജനമായിരുന്ന റോഡിൽ പതിയെ വാഹനങ്ങൾ അങ്ങിങ്ങ്  അനങ്ങി തുടങ്ങിയിരിക്കുന്നു . അയാൾ ഇടിച്ചു വീണ സ്ഥലം നോക്കി ജോണി വിങ്ങി പൊട്ടി, ജാനെറ്റ് അയാളും എന്നപ്പോലെ ഒരു ഭാര്യയും കുട്ടികളും ഉള്ള ആളാകില്ലേ ? അയാളെയും കാത്തു വഴി കണ്ണുമായി കുറച്ചു പേര് ഉണ്ടാവില്ലേ അതെല്ലാം ഞാൻ കാരണം ഒരു തേങ്ങലോടെ അയാൾ ജാനെട്ടിന്റെ ചുമലിലെയ്ക്ക് വീണു .


ജോണി ഉറങ്ങിയിട്ട് ആഴ്ചകൾ കഴിഞ്ഞിരിക്കുന്നു കണ്ണടച്ചാൽ രക്ഷിക്കാൻ കേഴുന്ന ബംഗാളിയുടെചോരയിൽ കുതിർന്ന  മുഖം മാത്രം. രക്ഷിക്കാമായിരുന്ന എന്റെ ജീവനെ ഉപേക്ഷിച്ചു കടന്നു പോയവനെ നിയും ഇനി സ്വസ്ഥമായി ജീവികേണ്ട എന്ന് പ്രതികാര വാഞ്ചയോടെ ഭീക്ഷിണി ഉയർത്തുന്ന ചോര വാർന്ന ഭീതി ജനിപ്പിക്കുന്ന  മുഖം മാത്രം. രാത്രികൾ ജോണിക്ക് ഒരു പേടി സ്വപ്‌നങ്ങൾ ആയിരിക്കുന്നു എല്ലാത്തിനോടും ഭയം വണ്ടിയിൽ യാത്ര ചെയ്യുന്നതോ കാണുന്നതോ തന്നെ ഭയമായിരിക്കുന്നു. ജോണിയുടെ ബിസിനെസ്സും  ജാനെട്ടിന്റെ  ജോലിയും ഏതാണ്ട് ഒരു വഴിക്കായിരിക്കുന്നു. സ്വപ്‌നങ്ങൾ കൊണ്ട് നെയ്ത ഓടും പാവും നെടുകെ മുറിയുകയാണ് ഇനിയും ചികിത്സിച്ചില്ലെങ്കിൽ ജോണി കടുത്ത മനോരോഗി ആയി മാറും. നാട്ടിൽ അപ്പനും അമ്മയും ഉള്ള വീട്ടിലേയ്ക്ക് ഇത്ര വേഗം ഒരു പറിച്ചു നടൽ ഉണ്ടാവുമെന്ന് ആരും കരുതിയതല്ല പക്ഷെ നമ്മുടെ പദ്ധതികള്ക്ക് പച്ചകൊടി കാട്ടുന്നത് മുകളിൽ ഉള്ളവൻ ആണെന്ന ബോധ്യത്തെ അടിവരയിടുന്ന സംഭവങ്ങളാണ് തനിക്കും കുടുംബത്തിനും ഒരു മാസത്തിനുള്ളിൽ സംഭവിച്ചിരിക്കുന്നത്. ജാനെറ്റ് വേഗം മാറ്റത്തോട് പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു .


ജോണിയേട്ടന്റെ കമ്പനി ജോലിക്കാരെ പിരിച്ചു വിടാൻ ഒഫിസിലെയെക്ക് പോകുവാൻ ടാക്സി  നോക്കി  വെളിയിൽ നില്ക്കുമ്പോഴാണ് അപരിചിതനായ ആ മനുഷ്യൻ കടന്നു വരുന്നത്. ജോണിയുടെ കൈയിൽ കടന്നു പിടിച്ചു കൊണ്ടയാൾ ചോദിച്ചു യാദ് ഹൈ മേരാ ചേഹരാ ? ഓർമ്മയുണ്ടോ ഈ മുഖം ഇല്ല ജോണിക്ക് ഒര്ത്തെടുക്കാനെ കഴിയുന്നില്ല എന്ന് മനസിലാക്കിയ അപരിചിതാൻ തുടർന്നു. ഒര്ക്കാൻ വഴിയില്ല മുൻപ് ഈ മുഖം കാണുമ്പോൾ മുഴുവൻ ചോരയായിരുന്നു ഞാൻ ജീവന് വേണ്ടി കേഴുകയായിരുന്നു എന്നിട്ടും നീ എന്റെ നിലവിളിക്ക്‌ ചെവി കൊടുക്കാതെ കടന്നു കളഞ്ഞില്ലേ ? ജോണി ഇടിവെട്ടെറ്റ പോലെ  നില്ക്കുകയാണ് ജാനെട്ടിനെ പരിഭ്രമം വന്നു മൂടിയിരിക്കുന്നു ജോണിയേട്ടന്റെ നിയന്ത്രണം നഷ്ടപെടുമോ എന്ന ഭയം അവളെ കരച്ചിലിന്റെ വക്കോളം എത്തിച്ചിരിക്കുന്നു. അല്പനേരത്തെ നിശബ്ദതക്കു ശേഷം ബെന്ഗാളി  തുടർന്നു സാറിനെ ഞാൻ കുറ്റം പറയില്ല അന്ന് ഞാൻ മരിക്കാനായി മനപൂർവ്വം അങ്ങയുടെ വണ്ടിക്കു മുൻപിൽ ചാടിയതാണ് ജോലിയും കുടുംബവും നഷ്ട്ടപെട്ട ഒരാൾക്ക് പെട്ടന്ന് തോന്നിയ ഒരു പാഴ് ബുദ്ധി . അന്ന് മുനിസിപ്പാലിറ്റിക്കാർ കണ്ടത് കൊണ്ട് ജീവൻ ബാക്കിയായി. എല്ലാം പടച്ച തമ്പുരാന്റെ നിയോഗം ഇനിയും ദുരിത പർവ്വം ചുമക്കാനാവും അങ്ങേരുടെ കിത്താബിൽ എഴുതിയിട്ടുള്ളത്   . ജോണി മഞ്ഞു മല ഉരുകി ഒലിചൊരു വെള്ളച്ചാട്ടം പോലെ അയാളെ ആഞ്ഞു ആലിംഗനം ചെയ്തും ശേഷം ജാനെട്ടിനെയും .അന്നയാൾ ഉറങ്ങി കുറ്റ ഭാരത്തിന്റെ നേരിപ്പോടുകളിലെയ്ക്ക് പെയ്തിറങ്ങിയ മഞ്ഞു നദിയുടെ തണുപ്പിൽ ലയിച്ചു ലയിച്ചു ഒരു ചാര കൂമ്പാരമായ്‌ അതിൽ നിന്നും മെല്ലെ ഒരു തിത്തിരി കുരുവി  ചിറകു വിടർത്തി ആകാശത്തിലേയ്ക്ക് പറന്നുയർന്നു........  

Monday, 18 August 2014

സ്വപ്ന സഞ്ചി ചുമക്കുന്നവർ

ചൈന ക്ലോക്കിൻ കിണി കിണി ശബ്ദം
ഒരു ദിനമെന്നൊരു വ്യാകുല മണിയായ്‌
കർണപുടത്തെ തഴുകുമ്പോൾ
കണ്‍ മറയാത്താ പാതി മയക്കം
കട്ടിലിൻ പടിയിൽ വിട്ടിട്ടു
കർത്തവ്യത്തിൻ ബോധ്യങ്ങളുടെ
കാനന ഭൂമിക തേടുന്നു

അർക്കൻ പതിയെ പൊന്തി വരുമ്പോൾ
അറബി പള്ളിയിലെ സുബഹിനു മുൻപ്
അണിയണിയായി ശകടമതേറും 
 ആ ദിന മെന്നൊരു നരകം പേറാൻ
ആകാശത്തിന് സ്വല്പം താഴെ
ആകുലനാകതൊരു കയർ നടുവിൽ
ആടി മറിഞ്ഞൊരു ജീവിതമയ്യാ
 
നൂറാം നിലയുടെ ചില്ലിനു നടുവിൽ
തിളച്ചു കത്തണ വെയിലിൽ വാടി
മണി സൌധങ്ങൾ വെളുപ്പിക്കുമ്പോൾ

 ദൈവം ഞങ്ങൾക്കൊരു വിളിയകലെ

സ്വർഗം ഞങ്ങൾക്കരികത്തായി
അറബി തെറിയുടെ ചൂടെ നിന്നുടെ
പേടിയിൽ ഞാനാ സ്വർഗം തന്നെ മറന്നീടുന്നു

യാന്ത്രികമെന്നുടെ ജീവിത പാളം
ഒരു വൃത്തത്തിൽ തിരിയുന്നു
പച്ചപ്പുള്ളോരൂ സ്വപ്നം ഹൃത്തിൽ 
മലയെറാൻ കൈവഴി നിൽപൂ
ഒരു നാൾ ഞാനും വിമാനമേറും
സ്വപ്നം വിളഞ്ഞ സഞ്ചിയുമായി.




 



 

Wednesday, 30 July 2014

പിൻവാതിലുകൾ

 റോയൽ അങ്ങനെ ആണ് അയാളുടെ പേരു  പോലെ തന്നെ റോയലായ ജീവിതം നയിക്കുന്ന പ്രകൃതി ക്ഷോഭാങ്ങളുടെ നാടായ ഫിലിപ്പിന്സിലെ മിണ്ടാനോ എന്നാ ദ്വീപു നിവാസി. ജീവിതത്തിന്റെ നശ്വരതയെ പല തവണ കണ്‍ മുന്നിൽ കണ്ടത് കൊണ്ട് അയാളുടെ സിദ്ധാന്തങ്ങൾ പലപ്പോഴും ഒരു അരാജകവാദിയുടെതായിരുന്നു. കാറ്റും പ്രളയവും മിണ്ടാനോയെ തകർത്തെറിഞ്ഞ പാതിരാത്രിയിൽ മരണത്തെ മുഖാമുഖം കണ്ടുഎല്ലാം നഷ്ട്ടപെട്ടവനായി ജീവിതത്തിലേയ്ക്ക്   തിരിച്ചു വന്നത് മുതൽ ആണ് താൻ ഇങ്ങനെ ആയെതെന്നാണ് അയാൾ പറയാറ്. ഒരു പാട് ജോലികൾ മാറി മാറി ചെയ്തു അവസാനം ആരോ നല്കിയ വിസിറ്റിൽ ആണ് അയാൾ ദുബായിൽ എത്തുന്നത്. അപഥ സഞ്ചാരികളുടെ പറുദീസയായ പാരിസിനെ സ്നേഹിച്ച റോയൽ യുറോപ്പിലോട്ടു കടക്കാനുള്ള ഇടത്താവളം എന്ന നിലയിലാണ് ദുബായിയിൽ എത്തപെട്ടത്‌.


ഇന്റർവ്യൂ ബോർഡിൽ ഇരുന്ന ഞങ്ങൾ മൂന്ന് പേരയും അതിശയിപ്പിക്കുന്ന  ലോക പരിജ്ഞാനവും അക്കാദേമിക് പിൻ  ബലവുമാണ് രണ്ടാമതൊന്നു ആലോചിക്കാതെ അദ്ദേഹത്തെ കമ്പനിയിൽ നിയമിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത്. കുറഞ്ഞ കാലം കൊണ്ട് തന്നെ സ്വത സിദ്ധമായ തമാശയും ജോലിയിലുള്ള ആത്മാർഥതയും അയാളെ  ഞങ്ങള്ക്ക് പ്രിയങ്കരനായ ഓഫീസ് സ്റ്റാഫക്കി മാറ്റിയിരുന്നു. ഡ്യൂട്ടി സമയം കഴിഞാലുടാൻ തുടങ്ങുന്ന മദ്യസേവയെപറ്റി ഞങ്ങള്ക്ക് പല കോണുകളിൽ നിന്നും അറിവ് കിട്ടിയെങ്കിലും അത് അദ്ദേഹത്തിന്റെ സ്വകാര്യ വിഷയമാക്കി ഞങ്ങൾ അവഗണിച്ചു പോന്നു. ഒരു ദിവസം അയാൾ മദ്യപിച്ചു കൊണ്ട് ഓഫീസിൽ എത്തി പെരുമാറ്റവും ജോലിയും ഒക്കെ സാധാരണ പോലെ തന്നെ പക്ഷെ കൂടെ ഇരിക്കുന്ന കാഷിയെർ ലളിതമ്മയുടെ കൈയ്യിൽ കടന്നു പിടിച്ചു    എന്ന കമ്പ്ലയിന്റ് ഇന്റർകോമിൽ വന്നപ്പോഴാണ് ഞാൻ അയാളെ  കാബിനിലെയ്ക്ക് വിളിപ്പിച്ചത് . എന്താണ് റോയൽ ഓഫീസിൽ വരുമ്പോൾ മിനിമം ചില മര്യാദകൾ പാലിക്കാൻ താങ്കൾ ബാധ്യസ്ഥൻ അല്ലേ ? കുറച്ചു ശബ്ദമുയര്ത്തി തന്നെയുള്ള എന്റെ ചോദ്യത്തിന് സർ ഞാൻ ഇന്ന് ഒരു പെഗ് പോലും കുടിച്ചില്ല എന്നാൽ ഇന്നലെ കുറച്ചു അധികമായി പോയി.മനപൂർവ്വം ലളിതമ്മയെ അപമാനിച്ചില്ല   കാബിനിൽ വിളിച്ചു ലളിതമ്മയോടു മാപ്പ് പറയിപ്പിച്ച ശേഷം റോയൽ ജോലികളിലെയ്ക്ക് മടങ്ങി പോയി .

റോയലിന്റെ മദ്യപാനവും കുത്തഴിഞ്ഞ ജീവിതവും ഓഫീസിൽ അടക്കം പറഞ്ഞു കേട്ട് തുടങ്ങി മാസം പകുതി ആകുമ്പോഴേയ്ക്കും സാലറി  അഡ്വാൻസിനായി   വൌചെറുമായി എത്തുമ്പോഴെല്ലാം എന്നാൽ കഴിയും വിധം ഉപദേശിക്കാൻ തുടങ്ങും അപ്പോൾ അയാൾ ജീവിതത്തിന്റെ നശ്വരതെയെ പറ്റി വാചാലനാകും ഇന്ന് ഞാൻ മരിച്ചു പോയാൽ എന്ത് നേടും സർ എനിക്ക് കുടുംബം ഇല്ല കുട്ടികൾ ഇല്ല ഞാൻ ആർക്കു വേണ്ടി സമ്പാദിക്കണം.എന്റെ സമ്പാദ്യം വേശ്യകല്ക്കും മദ്യത്തിനും ഭക്ഷണത്തിനും വേണ്ടി മാത്രമാണ് എന്ന് പറഞ്ഞു ഒരു കള്ള ചിരിയോടെ അയാൾ കാബിൻ വിട്ടൊഴിയും.


രണ്ടു കൊല്ലം കഴിഞ്ഞിരിക്കുന്നു റോയൽ വന്നിട്ട് വിസ പുതുക്കാൻ പാസ്പോർട്ടും ഐ ഡി കാർഡും വാങ്ങുന്ന വേളയിൽ തെല്ലൊരു പരിഭ്രമത്തോടെയാണ് അയാൾ അത് തന്നത് സർ മെഡിക്കലിൽ 
  ഫെയിൽ ആകുമോ എന്നൊരു പേടി ഇല്ലാതില്ല. മെഡിക്കൽ ടെസ്റ്റിനു ക്ലിനിക്കിലെയ്ക്ക് പോകും വഴിയെല്ലാം നെടുങ്കൻ സംശയങ്ങളായിരുന്നു രണ്ടു കൊല്ലം പതിനായിരത്തിൽ ഏറെ ശമ്പളം വാങ്ങിയിരുന്ന അയാളുടെ ബാങ്ക് അക്കൌണ്ടും എന്തിനു പെർസു പോലും ശൂന്യമായിരുന്നു. ടെസ്റ്റ്‌ കഴിഞ്ഞു റോയൽ അന്ന് ഉറങ്ങി കാണില്ല മിനിമം രണ്ടു ദിവസം കഴിഞ്ഞാലെ റിപ്പോർട്ട്‌ വരികയുള്ളു.


രണ്ടാം ദിവസം രാവിലെ 11 മണിയോടെ എന്റെ മൊബൈലിൽ ഒരു കാൾ വന്നു ഞങ്ങൾ ഹെൽത്ത്‌ സെന്ററിൽ നിന്നും വിളിക്കുന്നു നിങ്ങൾ റോയലുമായി ഉടൻ സെന്ററിൽ എത്തുക ഇന്ന് വൈകിട്ടത്തെ ഫ്ലൈറ്റിൽ ഒരു ടിക്കെട്ടും എടുത്തു വേണം വരാൻ. എന്ത് പറ്റി മാഡം എന്താണവന്റെ  പ്രോബ്ലം ? "ഹി ഈസ്‌ എച് ഐ വി പോസിറ്റീവ് " ഒരു ഇടിമുഴക്കം പോലെ എന്റെ കാതുകളിൽ ആ വാക്കുകൾ പ്രതിധ്വനിച്ചു കൊണ്ടേ ഇരുന്നു. എങ്ങനെ ഈ കാര്യം റോയലിനോട് അവതരിപ്പിക്കും. വൈകിട്ടത്തെ സെബു പസഫിക്കിൽ ടിക്കറ്റ് സ്വന്തം പോക്കറ്റിൽ നിന്നും കാശ് കൊടുത്ത് വാങ്ങി കമ്പനി അക്കൌണ്ടിൽ നിന്നും വാങ്ങിയാൽ കാഷിയെർ ലളിതമ്മ അറിയും പിന്നെ വാര്ത്ത കാട്ടു തീ പോലെ  പരക്കും. റോയൽ നാട് വിടും വരെ ഈ വിവരം ഞാനും ബോസ്സും മാത്രം അറിഞ്ഞാൽ മതി പതിയെ റോയലിനെ കാബിനിലെയ്ക്ക് വിളിപ്പിച്ചു .
അത്യാവശ്യം എടുക്കേണ്ട വസ്തുക്കൾ ഫ്ലാറ്റിൽ നിന്നും എടുത്തിട്ടു വരാൻ പറഞ്ഞപ്പോഴേ അയാൾക്കു സംഗതി പിടികിട്ടി മുഖത്ത് നോക്കാൻ  കഴിയാത്തവനെ പോലെ ഞാൻ ഫയലിലേയ്ക്ക് തല പൂഴ്ത്തി ഇരുന്നു.  ഫ്ലാറ്റിനു താഴെ വണ്ടിയിൽ കാത്തിരുന്ന എന്റെ വണ്ടിയിലേയ്ക്ക് ബാഗുമായി കയറുമ്പോൾ അയാൾ വിതുംബുന്നുണ്ടായിരുന്നു .ഞാൻ സുഖം തേടി പോയതിന്റെ ശിക്ഷയാണ്  സർ ഇനി ഞാൻ ജീവിക്കില്ല ഒരു മാറാ രോഗിയായി എനിക്കിനി  ജീവിക്കേണ്ട നാട്ടിൽ എത്തിയാലുടാൻ ഞാൻ ആത്മഹത്യ ചെയ്യും സർ. എന്ത് പറഞ്ഞു സമാധാനിപ്പിക്കും ഞാൻ ഇയാളെ, പാടില്ല റോയൽ ദൈവത്തിനു ഒരു പ്ലാൻ ഉണ്ട് അത് നടപ്പാകട്ടെ അല്ലാതെ ദൈവം തന്ന ജീവനെ എടുക്കാൻ നമുക്ക് അവകാശമില്ല. വണ്ടി ഹെൽത്ത്‌ സെന്ററിൽ എത്തി വാണ്ടഡു പുള്ളികൾക്കയുള്ള സെക്ഷനിൽ ഫയൽ കൊടുത്തതും "യെല്ലാ രൂഹ് ധാക്കൽ" എന്ന അലർച്ചയോടെ ഒരു പോലീസുകാരൻ റോയലിനെ നോക്കി കണ്ണിറുക്കി ജയിലു പോലുള്ള ഇരുണ്ട ഇടനാഴി അവസാനിക്കുന്നത്‌ വരെ അവൻ നടക്കുന്നത് നോക്കി നിന്നു. തിരിച്ചു ഓഫീസിൽ എത്തിയപ്പോൾ വാർത്ത അവിടമാകെ പരന്നിരുന്നു അല്ലേലും അമ്മേം പെങ്ങളേം തിരിച്ചറിയാൻ പാടില്ലാത്തവനോക്കെ ഇങ്ങനെ ചാകത്തുള്ളൂ ലളിതമ്മ കമെന്റു പാസാക്കി.
റോയൽ പോയി ഒരു മാസം കഴിഞ്ഞു ഫിലിപ്പിൻസിൽ നിന്നും  ഒരു കാൾ എന്നെ തേടിയെത്തി. സർ നിങ്ങൾ എന്നെ മറന്നുവോ ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു ഞാൻ സ്വയം മരിക്കില്ല മരിച്ചാൽ എന്നെ പോലെ നശിക്കുന്നവർക്ക് ഉദാഹരണമായി ജീവിച്ചു കാണിക്കാൻ പറ്റില്ലല്ലോ ഞാൻ ഈ നശിക്കുന്ന യുവത്വത്തിനു പേടിപ്പിക്കൂന്ന മാതൃകയായി
എന്റെ ജീവിതം ജീവിച്ചു തീർക്കും.   സർ ചെയ്തു തന്ന എല്ലാ ഉപകാരങ്ങൾക്കും ഒരായിരംനന്ദി. ഫോണ്‍ കട്ട്‌ ചെയ്തിട്ട് ഞാൻ ഒരു നിമിഷം ആലോചിച്ചു കുഴിയിൽ വീഴും വരെ നമ്മൾ ഒന്നും പഠിക്കുന്നില്ല ചിലതൊക്കെ അപകടമാണെന്ന് അറിയുമെങ്കിലും ............

Monday, 2 June 2014

സാഗർ മാതയും കടന്നൊരു കള്ളൻ




ടംഗ ബഹാദൂർ റാണ അതായിരുന്നു അയാളുടെ മുഴുവൻ പേര്, ഇന്ത്യ നേപ്പാൾ അതിർത്തി ഗ്രാമമായ ബീർഗഞ്ഞിൽ നിന്നും ഏജൻസിക്ക് 5 ലക്ഷം നേപ്പാളി രൂപ നൽകിയാണ്‌ അയാൾ ഗൾഫിൽ എത്തുന്നത്.വിചിത്രമായ രൂപഭാവാധികളും പ്രത്യേകമായ അംഗ ചലനങ്ങളും ആണ് ടംഗയെ ശ്രദ്ധിക്കാൻ എന്നെ പ്രേരിപിച്ചത്‌ നേപ്പാളിൽ നിന്നും കൊണ്ടുവന്ന ഒരു പെട്ടി ഉണങ്ങിയ പുകയില ചുരുട്ടി വലിക്കുകയാണ്‌ അയാളുടെ ജോലി കഴിഞ്ഞുള്ള ഏക വിനോദം . ഹിന്ദി നന്നായി സംസാരിക്കുമെങ്കിലും അധികം ആരോടും മിണ്ടാത്ത അത്യാവശം ചോദ്യങ്ങൾക്ക് മാത്രം മറുപടി പറയുന്ന ടംഗയിൽ എന്തോക്കൊയോ വലിയ നിഗൂഡത എന്നിലെ നിരീക്ഷകൻ തിരിച്ചറിഞ്ഞിരുന്നു .

അന്നൊരിക്കൽ ക്യാമ്പിൽ ഒരു മോഷണം നടന്നു ശമ്പളം കിട്ടി രണ്ടു നാൾ കഴിഞ്ഞു പയ്യോളിക്കാരൻ നാസറിന്റെ ബട്ടുവ മൂടോടെ ആരോ അടിച്ചു മാറ്റി. എല്ലാ കുന്ത മുനകളും ടംഗ എന്ന നേപ്പാളി ഒറ്റയാനിലെയ്ക്ക് തിരിഞ്ഞു കാരണം ബാക്കി എല്ലാവരും മലയാളികളാണ് അവരാരു ഒന്നും മോഷ്ട്ടിക്കില്ല എന്ന് നാസറിന്റെ സാക്ഷ്യം കൂടി ആയപ്പോൾ ടംഗയെ ഓഫീസിലേയ്ക്ക് വിളിപ്പിക്കാതെ തരമില്ലന്നായി.തലയുയർത്തി കുറ്റ ബോധം ലവലേശം ഇല്ലാതെ വന്ന ടംഗയെ മുന്നിൽ നിർത്തി ഞാൻ ഒന്ന് നന്നായി കുടഞ്ഞു. ചുമന്നു കലങ്ങിയ കണ്ണുകൾ ഉയർത്തി ഗൌരവഭാവത്തിൽ ടംഗ എന്നെ ഉരുക്കുന്ന ഒരു നോട്ടം നോക്കി ജീവിതത്തിൽ ഇന്ന് വരെ താൻ ഒരാളുടെയും അണാ പൈസ മോഷ്ടിച്ചിട്ടില്ല നിങ്ങൾക്ക് വേണമെങ്കിൽ എന്നെ പറഞ്ഞു വിടാം നിശ്ചയ ധാർട്ട്യത്തോടെയുള്ള ആ മറുപടി എന്നെ ഉത്തരമില്ലത്തവനാക്കി തെളിവുകളില്ലാതെ വെറും ആരോപണത്തിന്റെ പേരിൽ ഒരുവനെ എങ്ങനെ വിധിക്കാൻ കഴിയും ടംഗ ആസംഭവത്തോടെ സഹപ്രവർത്തകരിൽ നിന്നും കൂടുതൽ അകന്നുവെങ്കിലും അവന്റെ ജോലിയിൽ മുൻപത്തെക്കാൾ ആത്മാർഥതയുള്ളവനായി തുടർന്നു.

രണ്ടു മാസത്തിനു ശേഷം വീണ്ടും മോഷണം ആവർത്തിച്ചു ഇക്കുറി പണം നഷ്ട്ടമായത് ഓച്ചിറക്കാരൻ തോമാച്ചന്റെ കട്ടിലിനു അടിയിൽ നിന്നാണ് ഇരുപതു വർഷമായുള്ള കമ്പനിയിൽ തുടക്കം തൊട്ടു ജോലി ചെയ്യുന്നവരാണ് മിക്കവാറും ആളുകൾ അതിൽ തന്നെ ഏറ്റവും പുതിയത് ടംഗ മാത്രമാണ് മറ്റാരെയും ആർക്കും സംശയവും ഇല്ലതാനും എന്തായാലും ഇനി ഒരു റിസ്ക്‌ എടുക്കാൻ മറ്റുള്ളവർ തയ്യാറായിരുന്നില്ല. ഒന്നെങ്കിൽ അവർ അല്ലെങ്കിൽ ഈ നേപ്പാളി എന്ന ആവശ്യവുമായി അവർ എന്നെ ഗോരോവോ ചെയുന്ന ഘട്ടം എത്തിയപ്പോൾ ടംഗയെ പുതിയ മുറിയിലേയ്ക്ക് മാറ്റി താമസിപ്പിക്കാൻ തീരുമാനം ആയി. കുറ്റം തെളിയാതെ കുറഞ്ഞപക്ഷം തൊണ്ടി മുതലിൽ ഒന്നെങ്കിലും കണ്ടു കിട്ടുന്നതിനു മുൻപ് എങ്ങനെ ഒരാളെ കള്ളനാക്കും. ഉർവശി ശാപം ഉപകാരം എന്ന പോൽ ടംഗ ഒരു മുറിയിൽ ഒറ്റയ്ക്ക് സർവതന്ത്ര സ്വതന്ത്രനായി.

ഒന്ന് രണ്ടു മാസം കുഴപ്പം ഒന്നും ഇല്ലാതെ പോയി പക്ഷെ തോമാച്ചനും നാസറിനും ജോണികുട്ടിക്കും ഒക്കെ ഒരു സംശയം പണി കഴിഞ്ഞു വന്നു കുളിച്ചു കഴിഞ്ഞാൽ പിന്നെ ടംഗയെ കാണുന്നില്ല നേരം വെളുക്കുമ്പോൾ പണിക്കു വരുന്നുണ്ട് അതല്ലേ നമുക്ക് മുഖ്യം അവന്റെ പണി കഴിഞ്ഞു അവൻ എവിടെ എങ്കിലും പോകട്ടെ . എവിടെ എങ്കിലും അവനു കൂട്ടുകാർ ഉണ്ടാവും അവരുടെ അടുത്തു പോകുന്നതാവും സീനിയർ അണ്ണന്മാരെ സമാശ്വസിപ്പിച്ചു പണിക്കു പറഞ്ഞു വിട്ടു.അന്നൊരു പെരുന്നാൾ ദിനമായിരുന്നു മൂന്ന് ദിവസം നീണ്ട അവധിയുള്ള പെരുന്നാൾ ദിനം. രണ്ടാം ദിനം രാവിലെ ഏകദേശം അഞ്ചു മണിയോടെ എന്റെ ഫോണ്‍ നിർത്താതെ ശബ്ദിച്ചു. ഉറക്കച്ചടവിൽ ആദ്യം ഒഴിവാക്കിയ ഞാൻ രണ്ടും മൂന്നും തവണ കഴിഞ്ഞിട്ടും വീണ്ടും വിളിക്കുന്നത്‌ കണ്ടാണ്‌ ആൻസർ ചെയ്തത് . "സയീദീ ഞാൻ ഹീര പോലിസ് സ്റെഷനിൽ നിന്നാണ് വിളിക്കുന്നത്‌ നിങ്ങൾ പത്തു മണിക്ക് മുൻപ് ഇവിടെ എത്തണം " ദൈവമേ
ഈ മണൽകാട്ടിൽ ജീവിതം ആരംഭിച്ചിട്ട് ഇരുപത്തഞ്ചു കൊല്ലം കഴിഞ്ഞിരിക്കുന്നു എന്നാൽ ഈ നിമിഷം വരെ പോലിസ് സ്റെഷന്റെ വാതിൽക്കൽ പോലും പോകേണ്ടി വന്നിട്ടില്ല ഇതെന്തു പൊല്ലാപ്പാണ് തമ്പുരാനേ ! ചിലപ്പോൾ ആരെങ്കിലും വിളിച്ചു പറ്റിച്ചതാവുമോ കാൾ വന്ന നമ്പരിലേയ്ക്ക് തിരിച്ചു ഡയൽ ചെയ്തു . സുബാ അൽ ഹെയർ ഹീരാ പോലീസ് സ്റേഷൻ അപ്പുറത്ത് നിന്നും ഘന ഗാംഭീര്യം നിറഞ്ഞ ശബ്ദം അതെ അത് തന്നെ ആരും പറ്റിച്ചതല്ല . ഇനി തന്റെ തൊഴിലാളികൾക്ക് ആർക്കെങ്കിലും എന്തെങ്കിലും അപകടം നീണ്ട അവധി ആഘോഷിക്കാൻ എല്ലാവരും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അടുത്തു പോയിരിക്കുന്നതിനാൽ ആർക്ക് എന്ത് പറ്റിയെന്നു ഒരു പിടിയും ഇല്ല . കുളിച്ചെന്നു വരുത്തി വേഗം ഒരുങ്ങി വണ്ടി ഹീരാ പോലിസ് സ്റേഷൻ ലക്ഷ്യമാക്കി പാഞ്ഞു .

സർ എന്നെ വിളിപ്പിച്ചിരുന്നു റിസപ്ഷനിൽ ഇരുന്ന വെളുത്തു കുറുകിയ പോലീസുകാരനോട്‌ വന്ന കാര്യം ഉണർത്തിച്ചു അകത്തു നിന്നും പച്ച കുപ്പായമിട്ട രണ്ടു പോലീസുകാർ പുറത്തിറങ്ങി വന്നു ടംഗ ബഹാദൂർ നിന്റെ ജോലിക്കരനാണോ ? അതെ സർ എന്ത് പറ്റി അവനു വല്ല ആപത്തും പഴക്കം വന്ന അറബി മുറിച്ചു വിക്കിയും ഞാൻ മൊഴിയുന്നത് കേട്ടിട്ടാവണം പോലീസുകാരൻ ചോദ്യം ഉറുദുവിലേയ്ക്ക് മാറ്റി. നീ എന്തിനാ അവനു വിസ കൊടുത്ത് കൊണ്ട് വന്നത് കമ്പനി പണിക്കോ അതോ ബാക്കാല കുത്തിത്തുറന്ന് മോഷ്ട്ടിക്കാനോ ? എന്റെ ഹൃദയത്തിലൂടെ ഒരു വാൾ കടന്നു പോയി എന്റെ വിസക്കാരാൻ മോഷണ കേസിൽ ജയിലിൽ! ഞാനും കുടുങ്ങും കുറഞ്ഞപക്ഷം കേസും കുന്തവുമായി പുറകെ തൂങ്ങുകയെങ്കിലും വേണം എന്തൊരു പരീക്ഷണമാണ് ഇശ്വരാ ! പക്ഷെ പോലീസുകാർ മനസാക്ഷിയുള്ളവർ ആയിരുന്നു അവർ എന്നെ കൂട്ടി അവൻ കിടക്കുന്ന സെല്ലിന് അരികിൽ കൊണ്ട് നിർത്തി. ടംഗ എന്റെ മുഖത്ത് നോക്കുന്നില്ല "തും ക്യോം ഐസാ കിയ" എന്റെ കണ്ണുകൾ ദേഷ്യവും അരിശവും ദുഖവും കൊണ്ട് നിറഞ്ഞൊഴുകി രണ്ടു സ്ടാറുള്ള പോലീസുകാരൻ തോളിൽ തട്ടി എന്നെ സമാശ്വസിപ്പിച്ചു. ഇവൻ രണ്ടു ആഴ്ച മുൻപ് കമ്പനിയിൽ നിന്ന് പറയാതെ പോയതാണ് എന്ന് ഒരു പേപ്പറിൽ എഴുതി വാങ്ങി .ഇനി വിളിക്കുമ്പോൾ വരാം എന്നാ ഉറപ്പിൻ മേൽ അവർ എന്റെ ഐ ഡി വാങ്ങി വെച്ചശേഷം പറഞ്ഞയച്ചു. നാസറിന്റെയും തോമാച്ചന്റെയും പണം പോയ വഴികളെ കുറിച്ച് ഇനി ആലോചിക്കേണ്ടതില്ല. ഒരു അറിവും പരിചയവും ഇല്ലാതെ ഒരാളെ ജോലിക്ക് വെച്ച താൻ തന്നെയാണ് കുറ്റക്കാരൻ തിരികെ ക്യാമ്പിൽ എത്തി എല്ലാവരോടു കഥ വിവരിച്ചപ്പോൾ ചിലർക്ക് അത്ഭുതം ചിലർക്ക് പുശ്ചം. ഞങ്ങൾ ഒരിക്കൽ കൂടി ടംഗ യുടെ മുറി തുറന്നു പരിശോദിച്ചു . തറ തുടക്കുന്ന മോപ്പുകൊണ്ട് ജിപ്സം ബോർഡിൽ കുത്തിയ ജോപ്പന്റെ തലയിലേയ്ക്ക് സോപും അത്തറും വിലകൂടിയ സുഗന്ധ ദ്രവ്യങ്ങളും മഴപോലെ നിപതിച്ചു ഒരു കൊച്ചു സൂപ്പർ മാർക്കെറ്റ് തുടങ്ങാനുള്ള സാധനങ്ങൾ മുകളിൽ ശേഖരിച്ചു വെച്ചിരിക്കുന്നു എല്ലാവരെയും വിഡ്ഢിയാക്കി ഒന്നും മിണ്ടാത്ത ആ നേപ്പാളി ഒരു വർഷം ഞങ്ങളുടെ ഇടയിൽ ജീവിച്ചു എന്ന്ഞങ്ങൾക്കാർക്കും വിശ്വസിക്കാൻ ആയില്ല . എങ്കിലും എന്റെ നേപ്പാളീ നീ ശരിക്കും ഒരു ഇരപ്പാളി ആയിരുന്നല്ലോ

Tuesday, 20 May 2014

ആലപ്പുഴക്ക് വാ


ആലപ്പുഴയുടെ മേളം കാണാൻ വാ
വള്ളം കളിക്ക് വാ പുന്നമടക്ക് വാ

തിത്തിത്താര ആർപ്പിൻ മേളം  കേട്ടിട്ടില്ലേൽ വാ
വഞ്ചി പാട്ടിനു വാ വള്ളം കളിക്ക് വാ

 ചുണ്ടൻ വള്ളം കണ്ടിട്ടില്ലേൽ വാ
നെഹ്‌റു ട്രോഫി ജലമാമാങ്കത്തിനു വാ

തുഴയുടെ താളം കേട്ടിട്ടില്ലേൽ വാ
പുഴയുടെ മാറ് പിളർക്കണ കാണാൻ വാ


പുഴയോഴുകുന്നൊരു നഗരം കാണാൻ വാ
പൂത്തു വിളഞ്ഞൊരു പുഞ്ച പാടം നോക്കി നിറയാൻ വാ


 കേരള നാടിൻ നെല്ലറയായൊരു കലവറ കാണാൻ വാ
നാടൻ പാട്ടിൻ  ശീലുകൾ കേട്ടൊരു ഗാനം മൂളാൻ വാ


കായൽ കൊഞ്ചിൻ രുചി നുകരാനിനി വാ
കുട്ടനാടാൻ  അന്തികള്ളും മോന്തി മയങ്ങാൻ വാ

കരളേഴുന്നൊരു   കാഴ്ചകൾ കാണാൻ വാ
കിഴക്കിലുള്ളീ വെനിസിലെയ്ക്ക് വാ


ഹൃദയം നിറയെ സ്നേഹം നുകരാൻ വാ  
ദൈവത്തിന്റെ സ്വന്തം ആലപ്പുഴക്ക് വാ
 

Thursday, 8 May 2014

വിഷമം പിടിച്ച വിഷമങ്ങൾ


 
സ്നേഹം കൊണ്ട് ലോകം കീഴടക്കാമെന്നെനിക്കറിയാം എന്നാൽ
സ്നേഹമില്ലായ്മയാണെന്റെ ഇന്നത്തെ വിഷമം


വെളിച്ചം ദുഖമാണെന്നെനിക്കറിയാം എന്നാൽ
ഡാമിൽ വെള്ളമില്ലത്തതാണെന്റെ ഇന്നത്തെ വിഷമം


 ലോകം കപടമാണെന്നെനിക്കറിയാം  എന്നാൽ
പച്ച കപടങ്ങൾ അരങ്ങു വാഴുന്നതാണെന്റെ വിഷമം


മോഹം നാശമാണെന്നെനിക്കറിയാം എന്നാൽ
ലോകമോഹങ്ങളിൽ മയങ്ങുന്നതാണെന്റെ ഇന്നത്തെ വിഷമം


ഉറക്കം സുഖപ്രദമാണെന്നെനിക്കറിയാം എന്നാൽ
ഉറക്കമില്ലായ്മയാണെന്റെ
  ഇന്നത്തെ വിഷമം

മനസിനു മതിലുകൾ ഇല്ലന്നെനിക്കറിയാം എന്നാൽ
ചിന്തകൾക്ക് ചിന്തേര് നല്കാൻ കഴിയാത്തതാണെന്റെ   ഇന്നത്തെ വിഷമം

മദ്യം വിഷമാണെന്നെനിക്കറിയാം  എന്നാൽ
ബാറുകൾ പൂട്ടുന്നതാണ് എന്റെ ഇന്നത്തെ വിഷമം 


 ഉത്കണ്ട ഭ്രാന്തിന്റെ ലക്ഷണം ആണെന്നെനിക്കറിയാം എന്നാൽ
ഒരു ഭ്രാന്തനാകാത്തതാണെന്റെ  ഇന്നത്തെ വിഷമം

മരണം സർവ നിവാരിണിയാനെന്നെനിക്കറിയാം  എന്നാൽ
എങ്ങനെ മരിക്കും എന്നറിയാത്തതാണെന്റെ ഇന്നത്തെ വിഷമം