Saturday, 3 October 2015

അലമുരുവിൽ നിന്നും ആകാശം മുട്ടെ ഒരാൽമരം







നല്ല മഴയും വെള്ളപ്പൊക്കവും വന്നു സ്കൂളിൽ ദുരിതാശ്വാസ കാമ്പ് തുറന്നപ്പോൾ കൂടി പള്ളിക്കൂടത്തിൽ പോയി താമസിക്കാൻ ഭാഗ്യം കിട്ടത്തവനാണ് താനെന്നു പല്ലാ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. അന്ന് അതിസാരവും ശർദ്ദിയും ബാധിച്ചു മെഡിക്കൽ കോളേജിൽ   അഡ്മിറ്റു ചെയ്തിരുന്നതിനാൽ കുടുംബം മുഴുവൻ പാർക്കുന്ന സ്കൂൾ കാണാനോ അതിനകത്ത് കേറാനോ കഴിഞ്ഞിട്ടില്ല എന്ന് മാത്രമല്ല ജനിചിട്ടിത് വരെ പല്ലായ്ക്കു പള്ളികൂടത്തിന്റെ പടി വാതിൽ കാണാൻ കഴിഞ്ഞിട്ടില്ല. ആന്ധ്ര പ്രദേശിലെ വെസ്റ്റ്ഗോദാവരി ജില്ലയിലെ അത്രയൊന്നും വികസിതമല്ലാത്ത അലമുരു എന്നാ ഗ്രാമത്തിലാണ് പല്ലാ ജനിച്ചത്ഗ്രാമത്തിനു വെളിയിൽ ആറു മൈൽ അപ്പുറം കടന്നു വേണം പള്ളിക്കൂടത്തിൽ പോകാനും പഠിക്കാനും. രാമകൃഷ്ണ റാവു  എന്ന സാധാരണ കർഷകന്റെ ആറുമക്കളിൽ  ആറാമനായാണ് മേടപെട്ടി പല്ലാ റാവു ജനിക്കുന്നത് ആറര ഏക്കറോളം നീണ്ട നെൽപാടം പാട്ടത്തിനെടുത്ത് കൃഷി ചെയ്താണ് രാമകൃഷ്ണ റാവു മക്കളെ വളർത്തിയത് ആറു മക്കളിൽ ആണായി പിറന്ന ആരും തന്നെ പഠിക്കാൻ പോയിട്ടില്ല. ഓർമ്മ വെച്ച കാലം തൊട്ടു അപ്പൻ റാവുവിന്റെ തോട്ടത്തിലെ പണിയാണ് മക്കൾ എല്ലാവർക്കും കിഴക്ക് വെള്ള കീറുമ്പോൾ കൈകോട്ടും പഴയ ആരോരൂട്ട് ബിസ്ക്കറ്റ് പാട്ടയുമായി വയലിൽ ഇറങ്ങുന്ന അപ്പന് പിന്നാലെ നാല് ആണ്മക്കളും ഉണ്ടാവും പകലന്തിയോളം പണികൾ പലതുണ്ടാവും പാടത്ത് കള പറിക്കലിലാണ് വയലോലകളിലെ ഹരീ ശ്രീ .ഒന്ന് പഠിച്ചു തഴക്കം വന്നു തുടങ്ങുമ്പോൾ മാത്രമാണ് കാള  പൂട്ടി നിലം ഉഴുന്നപോലെ കഠിനമായ  മറ്റു പണികൾ ചെയ്യിപ്പിച്ചു തുടങ്ങുന്നത് . മുറി മീശ മുളച്ചു തുടങ്ങിയ കാലത്ത് അടുത്ത ഗ്രാമത്തിൽ നിന്നും വന്ന സുബ്ബ റാവു ആണ് അപ്പനോട് മക്കളെ ഗൾഫിൽ വിടുന്ന കാര്യം സംസാരിച്ചത് പതിനായിരം രൂപ ശമ്പളം എന്ന് കേട്ടപ്പോൾ രാമകൃഷ്ണ റാവുവിന്റെ തല കറങ്ങി ആൽത്തറയിൽ ഇരുന്നെന്നാണ് പല്ല പറയുന്നത്. ചേട്ടന്മാർക്കാർക്കും നാട് വിട്ടു പോകാൻ താല്പര്യം ഇല്ലാതിരുന്നതിനാലാണ് പല്ലായ്ക്കു നറുക്ക് വീഴുന്നത്   പക്ഷെ പതിനെട്ടു തികയാത്ത പല്ലായ്ക്കു പാസ്പോർട്ട് കിട്ടില്ല  ഇരുപത്തി അയ്യായിരം വാങ്ങി ഏജന്റാണ് പതിനാറുകാരനായ പല്ലായ്ക്കു പാസ്പോർട്ട് തരപ്പെടുത്തുന്നത്‌.


വീടും വയലും മാത്രമായിരുന്ന ലോകത്ത് നിന്നും  ഭൂമിയിലെ സ്വർഗത്തിൽ എത്തിയ പ്രതീതി ആയിരുന്നു ഷാർജയിലെ കോണ്ട്രാക്റ്റ് കമ്പനിയിൽ എത്തിയപ്പോൾ.പാകിസ്ഥാനികളും ശ്രീലങ്കക്കാരും ഫിലിപൈനികളും അടങ്ങിയ കമ്പനിയിലെ മൂന്ന് നിലയുള്ള കട്ടിലിനു മുകളിലെ നിലയിൽ എയർ കണ്ടിഷനോട് ചേർന്ന കിടക്ക തന്നെ അവൻ സ്വന്തമാക്കി. തണുപ്പും ചൂടും വരുന്ന യന്ത്രം അവന്റെ വന്യമായ സ്വപ്നത്തിൽ പോലും ഉണ്ടായിരുന്ന ഒന്നല്ല  .ചൂട് അവനൊരു പ്രശ്നമേ  അല്ലായിരുന്നു എന്ത് കട്ടി പണിയും കൂസലില്ലാതെ അവൻ ചെയ്തു തീർക്കുംപക്ഷെ ഭാഷ അത് വലിയ ഒരു പ്രശ്നം തന്നെ ആയിരുന്നു . പണി മടിയന്മാരായ പാകിസ്ഥാനി മേസിരിമാർ അവനെ കഴുതയെന്നും ബുദ്ധിയില്ലത്തവനെന്നും വിളിച്ചു കളിയാക്കുമ്പോഴും ഒന്നും മനസിലാകാതെ അവൻ ജോലിയിൽ വ്യാപ്രതനാകും.വന്നു കുറച്ചു ദിവസം  കഴിഞ്ഞു ആണ്  അവൻ എന്നെ പരിച്ചയപെടുന്നത് .
മീരു ആന്ധ്രാ ?
എന്നെ കണ്ടിട്ട് ഒരു അന്ധ്രാക്കാരനെ പോലെ തോന്നിയിരിക്കണം.
 അല്ല കേരളാ ,,
എന്റെ മറുപടി കേട്ട് അവൻ ഒന്നും മിണ്ടാതെ പോയി കേരളം ഭൂഖണ്ഡത്തിന്റെ പടിഞ്ഞാറേ അതിരിലാണെന്നോ മറ്റോ ധരിച്ചു വശായി എന്ന് വ്യക്തം. പിന്നെ പിന്നെ കാണുമ്പോൾ എല്ലാം അവൻ അവന്റെ ഭാഷയിൽ വാതോരാതെ എന്നോട് സംസാരിക്കും അവന്റെ അപ്പൻ രാമകൃഷ്ണ റാവുവിനെപറ്റിയും അവരുടെ അടുത്തുള്ള ക്ഷേത്രത്തിൽ നടക്കാറുള്ള ഉത്സവങ്ങളെ പറ്റിയും എല്ലാം പാതി മനസിലാക്കിയും മറുപാതി ഊഹിച്ചും ഞാൻ അവന്റെ ഉറ്റ ചങ്ങാതിയായി മാറുകയായിരുന്നു .

ഒരു ദിവസം ജോലി കഴിഞ്ഞു വരുന്നതിനിടയിൽ എന്തോ വാങ്ങാൻ ഞങ്ങൾ ഒരുമിച്ചു കടയിൽ പോയി എന്റെ പേഴ്സ്   തുറന്നതും അതിനുള്ളിൽ നാട്ടിൽ നിന്നും വന്നപ്പോൾ ബാക്കിയായ അന്പതിന്റെയും നൂറിൻറെയും നോട്ടുകൾ കണ്ട അവൻ അത്ഭുതത്തോടെ അത് വാങ്ങി നോക്കി ഏതോ അത്ഭുത ജീവിയെ കാണുന്നത് പോലെ എന്നെയും നോട്ടുകളെയും മറിച്ചും തിരിച്ചു നോക്കി കൊണ്ട് ചോദിച്ചു .
സത്യം പറ നീ ആന്ധ്രാക്കാരൻ അല്ലേ??  ഇത് ആന്ധ്രയിലെ നോട്ടുകളാണ് നാട്ടിൽ വെച്ച് ബാബ എനിക്ക് മുടിവെട്ടാനും മാങ്ങഹൽവ വാങ്ങാനും തരുന്നത് നോട്ടുകൾ തന്നെ ,
 എനിക്ക് ഉള്ളിൽ ചിരി പൊട്ടി ഇന്ത്യ എന്നൊരു രാജ്യമുണ്ടെന്നും അതിൽ 25 സംസ്ഥാനങ്ങൾ (അന്ന് 25 ആയിരുന്നു ) ഉണ്ടെന്നും കേരളം അതിന്റെ തെക്കേ അറ്റത്തെ സംസ്ഥാനം ആണെന്നും ഒക്കെ എന്നിലെ സാക്ഷരൻ അവനെ ബോധ്യപെടുത്താൻ ശ്രമിച്ചു.
നാടോടിക്കാറ്റിലെ ദാസനെ പോലെ ഞാൻ മനസ്സിൽ ആലോചിച്ചു പ്രീ ഡിഗ്രി ഫസ്റ്റ് ക്ലാസ്സിൽ പാസായ ഞാൻ എവിടെ കിടക്കുന്നു കൂപ മണ്ടൂകം എവിടെ കിടക്കുന്നു. പല്ല പതിയെ പതിയെ ഭാഷ വശത്താക്കി തുടങ്ങി അവന്റെ പ്രായം അവനെ വേഗം വേഗം കാര്യങ്ങൾ ഗ്രഹിക്കാൻ പ്രപ്ത്തനാക്കി കൊണ്ടിരുന്നു . നാട്ടിൽ കാളപൂട്ടിയ കലപ്പ ഉപയോഗിച്ചിരുന്ന അവൻ പതിയെ ബോബ് കാറ്റും ഫോർക്ക് ലിഫ്റ്റും ജെ സി ബിയും വശത്താക്കി എന്ന് മാത്രമല്ല അത് കൊണ്ട് സർക്കസ് നടത്താൻ തക്ക പ്രാവിണ്യം അതിൽ നേടി പക്ഷെ ലൈസൻസ് ഇല്ല കമ്പനി അതെടുത്തു കൊടുക്കാൻ തയാറാണ് പക്ഷെ അവനു  പരീക്ഷകളെ  പേടിയാണ് ജീവിത പരീക്ഷയല്ലാതെ ഒരു പരീക്ഷകളിലും അവൻ ഉൾപെട്ടിട്ടില്ല എങ്കിലും കമ്പനിയിൽ നടന്ന ഒരു അപകടത്തിനു ശേഷം ലൈസൻസ് ഇല്ലാതെ ഒരു വണ്ടിയും ഓടിക്കാൻ അനുവദിക്കില്ല എന്ന നിയമം വന്നപ്പോൾ അവൻ മനസില്ലാ മനസോടെ അതിനു  തയ്യാറായി. സിഗ്നൽ ടെസ്റ്റ്വൈവാ പരീക്ഷയാണ് ബോർഡിൽ തെളിയുന്ന ചോദ്യങ്ങൾക്ക് ഉത്തരം ടിക്ക് ചെയ്താൽ മാത്രം മതി എന്നിട്ടും 22 തവണ അവൻ സിഗ്നൽ ടെസ്റ്റ്തോറ്റൂ. അവസാനം ദയ തോന്നിയ ഉദ്യോഗസ്ഥർ അവനെ റോഡ്ടെസ്റ്റ്നടത്താൻ അനുവദിച്ചു അതിൽ ആദ്യ തവണ തന്നെ അവൻ പാസായി


കാലം ഒഴുകുന്ന നദിയാണെങ്കിൽ നാം അതിലെ കല്ലുകളാണ് അനുഭവങ്ങളുടെ കുത്തൊഴുക്കിൽ കല്ലുകളുടെ പരുക്കൻ സ്വഭാവം മാറി മൃദുവാകുന്നത്   പോലെ അനുഭവങ്ങളുടെ തീച്ചൂളയിൽ പല്ലാ പതിയെ പതിയെ ഉരുളാൻ കല്ല്പോലെ മയപെട്ടു കൊണ്ട്  കമ്പനിയോടൊപ്പം വളർന്നു. ഡ്രൈവറായി ,സൂപ്പർ വൈസർ ആയി ,മുഖ്യ ഫോർമാൻ ആയിഗൊദാവരിയും പാടങ്ങളും മാത്രം കണ്ടു വളർന്ന മീശ  മുളയ്ക്കാത്ത പയ്യൻ ഇന്ന് ഒരു പാട് ഭാഷകൾ സംസാരിക്കുന്ന ഒരു ഗ്രാമത്തിനെ പോറ്റുന്ന ജമീന്ദാരായി വളർന്നിരിക്കുന്നു. അലമുരു ഗ്രാമത്തിലെ ഒരു കുടുംബത്തിലെ ഒരാളെ എങ്കിലും ഗൾഫിൽ എത്തിക്കാൻ പല്ലായ്ക്കു കഴിഞ്ഞിരിക്കുന്നു. ദേവൂടാ എന്ന് സ്നേഹപൂർവ്വം അവർ വിളിക്കുന്ന  അവരുടെ കണ്കണ്ട ദൈവവും അന്ന ദാതവുമായി മനുഷ്യൻ മാറിയിരിക്കുന്നു . പക്ഷെ ഇപ്പോഴും ഡ്രൈവർ ഇല്ലെങ്കിൽ കൂലി ഇല്ലെങ്കിൽ പല്ലാ എന്ത് മല്ലൻ പണി ചെയ്യാനും പല്ല തയാറാണ്. അപ്പൻ രാമകൃഷ്ണ റാവു പാട്ടത്തിനു പണിയെടുത്ത ആറേക്കർ ഭൂമി കൂടാതെ അറുപതോളം ഏക്കർ ഭൂമി നാട്ടിൽ സ്വന്തമായി വാങ്ങിയിട്ടും പല്ലാ വിനയ്വാനിതൻ ആണ്. വെയിൽ പേടിച്ചു പണി മതിയാക്കുന്നവരോട് പല്ലായ്ക്ക് ഒന്നേ പറയാനുള്ളൂ സ്വർണം സ്വർണ്ണമാവുന്നത് ഉലയിലെ തീയിൽ വെന്തുരുകിയാണ്. അനുഭവങ്ങളുടെ തീച്ചൂളയിൽ ജീവിതം കരുപ്പിടുപ്പിക്കുക, കിട്ടാത്ത സൌഭാഗ്യങ്ങളെ ക്കുറിച്ച് കരയാതെ നേടാനുള്ള സ്വർഗത്തിന് വേണ്ടി പണിയെടുക്കുക നാളെ നിങ്ങളുടെതാണ്‌.

Thursday, 17 September 2015

പുലിമട കടന്നൊരു പുനർജ്ജന്മം



തലൈവരുടെ മരണത്തോടെ ഈലവുമായി ആഭിമുഖ്യമുള്ള എല്ലാവരെയും ശ്രീ ലങ്കൻ സേന അറസ്റ്റ് ചെയ്യുകയും അവസാനത്തെ ഈലം പോരാളിയും മണ്ണടിഞ്ഞു എന്ന് ബോധ്യം വന്നപ്പോഴാണ് കാളിയപ്പൻ നിറവയറുമായിരിക്കുന്ന ഭാര്യ പദ്മയുമായി രാമേശ്വരത്തെയ്ക്ക്   കടക്കാൻ തീരുമാനിച്ചത്. പദ്മയുടെ ജീവനെക്കരുതിയായിരുന്നു കാളിയപ്പൻ അങ്ങനെ ഒരു തീരുമാനം എടുത്തത് കാരണം 2008 ലെ കൊളംബോ നഗരത്തെ നടുക്കിയ ബസ്‌ ബോംബാക്രമണത്തിൽ ബസിൽ ബോംബു വെയ്ക്കാൻ നിയോഗിക്കപ്പെട്ട വനിതാ പോരാളിയായിരുന്നു പദ്മ. ഒരു നാൾ തമിൾ മണ്ണും സ്വതന്ത്രമാകുമെന്നും അന്ന് വീര ചരിത്രം എഴുതിയ പോരാളികളുടെ കൂടെ തന്റെ പേരും ചേർക്കപെടും എന്ന സുന്ദര സ്വപ്നമാണ് വെറും കൌമാരക്കരിയായിരുന്ന പദ്മയെ ആ പാതകത്തിന് പ്രേരിപ്പിച്ചത്.  പദ്മയാണ് അടുത്ത പദ്ധതി നടപ്പിലാക്കേണ്ടത് എന്ന സന്ദേശം കിട്ടിയ നാൾ മുതൽ മനസുകൊണ്ട് മരിക്കാൻ തയ്യാറെടുക്കയായിരുന്നു. സാധാരണ ഈലം നടത്തുന്ന ചാവേർ ആക്രമണങ്ങളിൽ നിന്നും വിഭിന്നമായ ഒരു പ്ലോട്ട് അവതരിപ്പിച്ചു കാണിച്ചപ്പോഴാണ് സമാധാനം ആകുന്നത് എങ്കിലും ഒരു ചെറിയ ഭയം   എവിടെങ്കിലും ഒരു ചുവടു പിഴച്ചാൽ നെഞ്ചിലെ ലോക്കാറ്റിലുള്ള സയനൈഡ് കുപ്പി കടിച്ചു പൊട്ടിക്കുക അതാണ്‌ മുകളിൽ നിന്നും കിട്ടിയ നിർദേശം.  ഭംഗിയുള്ള പൂക്കൾ നിറച്ച സഞ്ചിയിൽ അതി പ്രഹര ശേഷിയുള്ള ബോംബുമായി തിരക്കുള്ള സെൻട്രൽ ബസ്‌ സ്റെഷനിൽ എത്തുക ബാഗ് ആരുമറിയാതെ ഉപേക്ഷിച്ചു മടങ്ങുക. കുട്ടിത്തം വിട്ടുമാറാത്ത പദ്മയുടെ മുഖം ഒന്ന് മാത്രമാണ് ആ ഒപേറെഷൻ നടത്താൻ പദ്മയെ നിയോഗിച്ചതിനു പിന്നിലെ പുലി ബുദ്ധി .

അന്നൊരു വെള്ളിയാഴ്ചയായിരുന്നു വൈശാഗിയുടെ വാരാന്ത്യത്തിലേക്ക് വഴുതാൻ വെമ്പൽ കൊണ്ട് വലിയ തിരക്കിലേയ്ക്ക് നഗരം പോകെ പോകെയാണ് തമിൾ മക്കളുടെ സ്വാതന്ത്ര്യം തേടി തലയിൽ മുല്ലപ്പൂവും  ഒരു കൊച്ചു കൂടയിൽ നിറയെ വർണ്ണ പൂക്കളുമായി  പദ്മ എന്ന പദ്മിനി സെൽവൻ   പാൽ പുഞ്ചിരിയും തൂകി സെൻട്രൽ ബസ്‌  സ്റ്റെഷൻ പരിസരത്തു എത്തുന്നത്. ആർക്കും സംശയത്തിന് ഇട നൽകാതെ ബസ്‌ കാത്തിരിക്കുന്നവരുടെ ഇടയിൽ നമ്ര മുഖിയായി സ്ഥാനം പിടിച്ച ശേഷം  കൈയ്യിലിരുന്ന പൂക്കൂട  പതിയെ കസേരയുടെ താഴേയ്ക്ക് നീക്കി വെച്ചു. ഏതു നിമിഷവും ഇത് പൊട്ടിത്തെറിക്കും അനേകം പേർ മരിക്കും അവരിൽ ഒരുവളായി ഞാനും ഈലത്തിനു വേണ്ടി ജീവൻ നൽകിയാലോ, വേണ്ടാ ഇനിയും ഇനിയും ഒരു പാട് ദൂരം ഈലത്തിനു വേണ്ടി പൊരുതാൻ ഞാൻ ഉണ്ടാവണം . ആരും തന്നെ ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടപ്പോൾ പതിയെ എഴുന്നേറ്റു മുന്നിലേയ്ക്ക് നടന്നു . ആരെങ്കിലും പിൻവിളി വിളിച്ചു പൂക്കൂട എടുക്കാൻ പറഞ്ഞാൽ, ഒരു പിൻ വിളിയും കാതോർത്ത് പദ്മ മുന്നിലേയ്ക്ക് നടന്നു. ഇല്ല ആരും പിറകെ വിളിച്ചില്ല തന്റെ യാത്രാ നീളുകയാണ് ജീവനും, ഒരു അഞ്ചു മിനിട്ട് മുൻപോട്ടു നടന്നതും പുറകിൽ നിന്നൊരു ഭയാനക ശബ്ദം,  ഞെട്ടിയില്ല  കൂട്ട കരച്ചിൽ , പരിഭ്രാന്തരായ ആളുകൾ എങ്ങോട്ടെന്നില്ലാതെ പരക്കം പായുന്നു പദ്മ ഒന്ന് തിരഞ്ഞു നിന്നു മനസ് കല്ല്‌ പോലെ ദൃഡമായിരിക്കുന്നു. അൻപുക്കു അൻപാന തമിൾ വാഴ്ക, ഈലം വാഴ്ക, അറുപത്തിയെട്ടു മൃതദേഹങ്ങൾക്കും കൂട്ട കരച്ചിലുകൾക്കും അപ്പുറം താനും സ്വാതന്ത്ര്യ പോരാട്ടത്തിൽ പങ്കാളിയായിരിക്കുന്നു എന്ന സന്തോഷത്തിൽ പദ്മ മുന്നോട്ടു നടന്നു.

ഈലം മുൻകൈ എടുത്താണ് കാളിയപ്പനുമായി വിവാഹം നടത്തുന്നത് കാളിയപ്പൻ മദ്രാസിൽ പോയി ബിരുദം നേടിയ ആളാണ്‌. പൊട്ടു അമ്മൻ എന്ന ഷണ്മുഖ ലിംഗം ശിവശങ്കരന്റെ പേർസണൽ സെക്രട്ടറി ആയിരുന്നു കാളിയപ്പൻ .പൊട്ടു അമ്മൻ ഈലം വിട്ടു ഒളിച്ചോടാൻ തീരുമാനിച്ച വിവരം അറിയാമായിരുന്നിട്ടും വേണ്ടപെട്ടവരെ അറിയിച്ചില്ല എന്ന കാരണത്താൽ കാളിയപ്പൻ ഈലത്തിന്റെ എല്ലാ ചുമതലകളിൽ നിന്നും ഒഴിവാക്കപെട്ടു. പൊട്ടു അമ്മൻ നീട്ടിയ പ്രവാസം എന്ന സുഖവാസം ഈലത്തിന്റെ നന്മയെക്കരുതി വേണ്ടെന്നു വെച്ച കാളിയപ്പന് പിന്നെ ഏകാന്ത വാസമായിരുന്നു ട്രിങ്കൊമാലിയിലെ കുഞ്ഞു ഭവനത്തിൽ പദ്മയും മകൻ തമിൾ സെൽവനുമായി ഒറ്റപെട്ട ജീവിതം നയിക്കുമ്പോഴും എന്നെങ്കിലും തമിൾ മണ്ണ് സിംഹള ആധിപത്യത്തിൽ നിന്നും മോചിതമാകുമെന്നു കാളിയപ്പൻ  സ്വപ്നം കണ്ടിരുന്നു. ലങ്കയിൽ അധികാര കൈമാറ്റവും പുലി പാളയത്തിൽ കരുണയുടെ നേതൃത്തത്തിൽ പാളയത്തിൽ പടയും തുടങ്ങിയതോടെ ഈലം എന്ന ആശയം എങ്ങോ അസ്തമിക്കാൻ വെമ്പുന്ന സ്വപ്നമായി. രാജപക്സെയുടെ പട്ടാളം നിർ ദാക്ഷിണ്യം പുലി മടകൾ നിർവീര്യമാക്കി ജാഫ്നയും റ്റ്രിങ്കൊമാലിയും കടന്നു സൈന്യം പ്രഭാകരനെ വധിച്ചിരിക്കുന്നു ഇനിയൊരു ചെറുത്തു നിൽപ്പിനു പോലും ബാല്യമില്ലാത്ത വിധം തമിൾ പുലികൾ പിഴുതെറിയപെട്ടിരിക്കുന്നു . തമിൾ വീടുകളിൽ ലങ്കൻ സേന സംഹാര താണ്ടവം തുടങ്ങിയിരിക്കുന്നു ഈലവുമായി വിദൂര ബന്ധം ആരോപിച്ചു പോലും കൊടിയ പീഡനങ്ങളിൽ പൊറുതി മുട്ടിയപ്പോഴാണ്‌ കാളിയപ്പൻ രമേശ്വരത്തോട്ടു കുടുംബ സമേതം ബോട്ട് കയറുന്നത്.

അരാജകത്വത്തിന്റെ ലങ്കയിൽ നിന്നും സ്വന്തം മണ്ണിലേയ്ക്കുള്ള പറിച്ചു നടലായിരുന്നു കാളിയപ്പനും കുടുംബത്തിനും രമേശ്വരത്തോട്ടുള്ള കൂടുമാറ്റം. പദ്മയും കൊച്ചു തമിൾ സെൽവനും പറുദീസയിൽ എത്തിയ സന്തോഷത്തിലായിരുന്നു. ആ സന്തോഷത്തിനു ആക്കം കൂട്ടി കുഞ്ഞു ലക്ഷ്മി കൂടി കുടുംബത്തിൽ വന്നു പിറന്നു . ലക്ഷ്മി മോൾ ആദ്യാക്ഷരം ചൊല്ലി തുടങ്ങിയ നാൾ മുതൽ വ്യതിരക്തമായശബ്ദത്തിൽ എന്തൊക്കയോ പുലമ്പുന്നു എന്നതു ഞങ്ങൾക്ക് അതിശയമായിരുന്നു പിന്നെ പിന്നെ ആ ചൊല്ലലുകൾക്ക് വ്യക്തത വന്നു. തമിൾ മാത്രം സംസാരിക്കുന്ന  കാളിയപ്പനും പദ്മയ്ക്കും സിംഹള സംസാരിക്കുന്ന മകൾ. പല തവണ ചൊല്ലി പഠിപ്പിച്ചിട്ടും ലക്ഷ്മി തമിളിനോടൊപ്പം സിംഹളയും സംസാരിച്ചു തുടങ്ങി ഡോക്ടറെ കാണിച്ചപ്പോൾ കുറച്ചു കൂടി നന്നായി സംസാരിക്കാൻ തുടങ്ങുമ്പോൾ അത് മാറികൊള്ളും എന്ന ഉപദേശമാണ് കിട്ടിയത് എങ്കിലും ഇത്ര കൃത്യമായി സിംഹള വെറും രണ്ടര വയസുള്ള കുട്ടി എങ്ങനെ മനപാഠം ആക്കി. ഒരു ദിവസം ലക്ഷ്മിമോൾ ഇങ്ങനെ പറഞ്ഞു തുടങ്ങി "ഞാൻ അമ്മ കൊന്ന ദയവതിയാണ് കൊളംബോയ്ക്കടുത്ത് ബട്ടരമുള്ള ഗ്രാമത്തിലെ ഗ്രാമ മുഖ്യന്റെ മകളായ ദയവതിയാണ് ഞാൻ  അന്ന് നടന്ന ബസ്‌ സ്ഫോടനത്തിൽ ചിന്നി ചിതറിയ ദേഹങ്ങളിൽ ഒന്ന് ഞാനായിരുന്നു." നാവുറയ്ക്കാത്ത ലക്ഷ്മിയുടെ വെളിപ്പെടുത്തലുകളിൽ പദ്മ പേടി കൊണ്ട് വിറച്ചു. പുനർജ്ജന്മം എന്നൊക്കെ കഥകളിൽ വായിച്ചിട്ടുണ്ട് എന്നാൽ ഇങ്ങനൊ ഒന്ന് തന്റെ വയറ്റിൽ പിറന്ന കുഞ്ഞു തന്നെ, പദ്മയ്ക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. കാളിയപ്പൻ ശ്രിലങ്കയിലുള്ള സുഹൃത്ത്ക്കളെ വിളിച്ചു ലക്ഷ്മി മോൾ പറഞ്ഞ അടയാളങ്ങൾ ഉള്ള ആരെങ്കിലും അന്ന് ബസ്‌ സ്ഫോടനത്തിൽ കൊല്ലപെട്ടിടുണ്ടോ എന്ന് അന്വേഷിച്ചു. കിട്ടിയ ഉത്തരം ഞെട്ടിപ്പിക്കുന്നതായിരുന്നു അവൾ പറഞ്ഞത് വള്ളി പുള്ളി വിടാതെ സത്യമാണ്. അങ്ങനെ ഒരു സ്ത്രീ അന്ന് കൊല്ലപെട്ടിരുന്നു കൊല്ലപെടുമ്പോൾ അവരും ഗർഭിണി ആയിരുന്നു . കാളിയപ്പനും പദ്മയും പരസ്പരം സംസാരിക്കാൻ പോലും കഴിയുന്നില്ല ലക്ഷ്മിക്ക് സിംഹള ഭാവം എപ്പോൾ വരുമെന്ന് പറയാൻ സാധിക്കില്ല വരുമ്പോൾ ആ കുഞ്ഞു മുഖത്തേയ്ക്കു നോക്കാൻ തന്നെ ഭയമാണ്.ബാധ ഒഴിപ്പിക്കാൻ കാളിയപ്പനും പദ്മയും നേരാത്ത നേർച്ചകളോചെയ്യാത്ത പൂജകളോ ഇല്ല. അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു  വസന്ത പൌർണമിയും അമാവാസിയും ഒരുമിച്ച വെള്ളിയാഴ്ച അന്ന് പദ്മയൊരു സ്വപ്നം കണ്ടു ഏഴു വർണങ്ങളുള്ള ഒരു പൂക്കുടയുമായി നടന്നടുക്കുന്ന സുന്ദരി പെണ്ണ് പതിയെ നടന്നു വന്നു തന്റെ കട്ടിലിനു അരികിൽ ഇരിക്കുന്നു നല്ല ശ്രീലങ്കൻ തമിഴിൽ സംസാരിച്ചു  തുടങ്ങിയ യുവതി ക്ഷണ നേരം കൊണ്ടൊരു തീഗോളമായി മാറുന്നു പദ്മ പേടിച്ചു നിലവിളിച്ചു കൊണ്ട് ഉണർന്നു. പദ്മയുടെ നിലവിളികേട്ട് ഉണർന്ന ലക്ഷ്മി പച്ചരി പല്ലുള്ള മോണകാട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു ഭയപെട വേണ്ട അമ്മാ ദയവതി അക്കാ പോയാച്ച് ഇനി മേ നീങ്ക  നിമ്മതിയാ തൂങ്കമ്മാ ......

Tuesday, 8 September 2015

എന്റെ സൈബർ സഞ്ചാരങ്ങൾ



യാഹൂ മെസ്സഞ്ചറിലെ  ചാറ്റിങ്ങിലായിരുന്നു എന്റെ സൈബർ അക്ഷരപിച്ച
ചാറ്റും ചീറ്റും ശീൽക്കാരവും കൊണ്ട് തരളിതമായിരുന്ന കൌമാരം
ഗൂഗിൾ ടോക്കിലെ  അനോണിമസ് ഐഡിയിൽ നിന്നാണ് ഞാൻ
ഹരിപ്രീയ പാട്ടീൽ എന്ന ഗോസായി പെണ്ണിനോട് ചങ്ങാത്തം കൂടുന്നത്
പ്രേമമെന്ന വികാരം സാർവ്വ ദേശിയമാണെന്നും അതിനു മതിലുകൾ ഇല്ലെന്നും
ലുങ്കി മലയാളിയായെ എന്നെ ഹരിപ്രീയ പാട്ടിൽ പറഞ്ഞു പാട്ടിലക്കിയത്
വെബ്‌ കാം എന്ന സാധനം അവളുടെ വീട്ടിൽ വരുന്ന ദിവസം വരെ മാത്രമായിരുന്നു
ഞങ്ങളുടെ പരിശുദ്ധ പ്രേമത്തിന്റെ ആയുസ് , പപ്പനാവേട്ടന്റെ
പാവൽ പാടത്തിലെ പേക്കോലം പോലൊരു പാട്ടീല് കുട്ടി
പേടിച്ചരണ്ട ഞാൻ പിന്നെ പതിനാലു കഴിഞ്ഞാണ് കംപ്യുട്ടർ തുറന്നത്


കേരള കഫെയിലെ കമ്പി ചാറ്റിങ്ങിലേയ്ക്കായിരുന്നു പിന്നെ എന്റെ ചുവടു മാറ്റം
മുല കുടിയന്മാരായ തെറിച്ച പിള്ളേരുടെ വായ്മൊഴി കേൾക്കാൻ
പലവുരു ഞാൻ ബ്രഹന്നളയും മോഹിനിയുമായി പരകായ പ്രവേശം നടത്തി
ചൂടൻ ചർച്ചകളിൽ വിയർത്തും വിസർജ്ജിച്ചും വിവശനായി
മുഖമില്ലാത്ത സ്വപ്‌നങ്ങൾ കൊടുത്ത്  ഞാൻ പല വിടന്മാരെയും വിവശനാക്കി

വാരികകൾ തിരിച്ചയച്ച കൃതികളെ നോക്കി വ്യകുലനായി ഇരിക്കുമ്പോഴാണ്
ഞാൻ ബ്ലോഗുകളെ കുറിച്ച് കേട്ടത്, ഭഗ്നാശരായ കലാകാരന്മാരുടെ
കഥകളും കവിതകളും എന്ന് വേണ്ട എല്ലാ ചവറും അതിൽ പ്രസിദ്ധീകരിക്കമാത്രേ
കട്ടേം പടോം മടക്കിയിരുന്ന എന്നിലെ കലാകാരൻ സട കുടഞ്ഞെഴുനേറ്റു
കഥയായി കവിതയായി ലോകത്തുള്ള സകലമാന വിഷയങ്ങളും
തൂലിക തുമ്പിലൂടെ വിരിഞ്ഞിറങ്ങി , കമന്റ്റുകളുടെ വരിനായി
കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരുന്നിട്ടും കാണാതായപ്പോൾ
ഒന്നു രണ്ടു വ്യാജ പ്രൊഫൈലുകൾ സൃഷ്ട്ടിച്ചു ഞാൻ തന്നെ കമണ്ടറൂമായി

ഓർകൂട്ട് ഒരു ചേലുള്ള കൂട് തന്നെ ആയിരുന്നു നിറങ്ങൾ ചാലിച്ച
നിറയെ ഓർമകളുടെ സുഗന്ധവുമായെത്തിയ സ്നേഹകൂട്
ആ കൂട്ടിൽ ഞാൻ പഴയ പുസ്തക താളുകളിൽ എവിടെയോ മറന്ന
ഒരു പാട് മയിൽ പീലി തുണ്ടുകളെ കണ്ടെത്തി
ടെസ്റ്റിമോണിയലുകളും പടം പിടുത്തവുമായി ഒന്ന് ഇണങ്ങി
വരുമ്പോളാണ് ഗൂഗിളിന്റെ ആ ബസ്‌ വരുന്നത്
പറയാനുള്ളത് ക്യാപ്സൂൾ പരുവത്തിൽ ബസിൽ പറയാം
ബുദ്ധി ജീവികളുടെ ആധിക്യം കൊണ്ടും
ബുദ്ധിപരമായി വലുതായി എഴുതാൻ കഴിയാത്തതിനാലും
വഴിയിൽ എവിടെ വെച്ചോ ഞാൻ  ബസിൽ നിന്നും ഇറങ്ങി .
അധികം ദൂരം ഓടാതെ തന്നെ ബസിനു സഡൻ ബ്രേയ്ക്കും വീണു .

ശശിയണ്ണൻ സുനന്തേച്ചിയെ കെട്ടാൻ കൊതി മൂത്ത്  നടക്കണ കാലത്താണ്
ആദ്യമായി ഞാൻ ട്വിട്ടെറിനെപറ്റി കേൾക്കണത്
അമേരിക്കയിലെല്ലാം ട്വിട്ടെരിൽ കൂടിയാണത്രേ
മുള്ളിയാൽ ട്വീറ്റ് തൂറിയാൽ ട്വീറ്റ് ട്വീട്ടോട് ട്വീറ്റ്
കുറയാൻ പാടില്ലല്ലോ എന്ന് കരുതി ഞാനും ട്വീട്ടി
രണ്ടു മൂന്ന് ഘടാ ഘടിയൻ ട്വീട്ടുകൾ

സക്കർ ബർഗ് എന്ന താന്തോന്നി പയ്യൻ തുടങ്ങിയ ഫേസ് ബുക്ക്‌
യുറോപ് കടന്നു പതിയെ പതിയെ ഏഷ്യയിൽ ചുവടുറപ്പിച്ച
ആദ്യ ഘട്ടത്തിൽ തന്നെ എടുത്തു അതിലും ഒരു നെടുവിരിയൻ അക്കൗണ്ട്‌
നാർസിസം മൂത്ത വേളയിലൊക്കെ സ്വന്തം പ്രതിബിംബം കാണാൻ
വേമ്പനാട്ടു കായലിനെയും മുറി കണ്ണാടിയെയും ആശ്രയിച്ചിരുന്ന ഞാൻ
ചാഞ്ഞും ചരിഞ്ഞും ചിരിച്ചും ചിരിക്കാതെയും ഫോട്ടം പിടിചിട്ടിട്ട്
നാട്ടുകാരുടെ ലൈകിനു വേണ്ടി കമ്പ്യുട്ടറിനു മുന്നിൽ  ഇമവെട്ടാതെ കുത്തിയിരുന്നു

സരിത ചേച്ചിയുടെ ക്ലിപുകൾ തരംഗ മായ നേരത്താണ് വാട്സ് അപ്പില്ലത്തത്
ഒരു കുറവായി അനുഭവപ്പെടാൻ തുടങ്ങിയത്
അഞ്ചും ആറും എട്ടും ക്ലിപ്പുകൾ കണ്ടവർ നീയ് കണ്ടോ മുത്തെ എന്ന്
മുഖത്ത് നോക്കി ചോദിച്ചു തുടങ്ങിയപ്പോഴാണ്
സ്മാർട്ട്‌ ഫോണ്‍ ഒന്ന് വാങ്ങിയെ മതിയാകൂ എന്ന് തീരുമാനിച്ചത് .

ഇപ്പോൾ ഞാൻ അത്യന്താധുനീകൻ ആയിക്കഴിഞ്ഞിരിക്കുന്നു
എനിക്ക് ഫേസ് ബൂക്കുണ്ട് ,വാട്സ് ആപ്പുണ്ട് ട്വിട്ടരുണ്ട്
വീ ചാറ്റ് ഉണ്ട് ഐ എം ഓ യുണ്ട് ലിങ്കിടിനുണ്ട്
ഒരു ദിവസം ഒരു പോസ്റ്റെങ്കിലും ഇട്ടില്ലങ്കിൽ
എന്റെ ആരാധകർ അസ്വസ്ഥരാകും
അവരെ എനിക്ക് തൃപ്തിപ്പെടുത്തിയെ മതിയാവു
നാല് പേരെ ഒരുമിച്ചു മുന്നിൽ കണ്ടാൽ എന്റെ
മുട്ടുകൾ കൂട്ടി ഇടിയ്ക്കുമേങ്കിലും സോഷ്യൽ മീഡിയയിൽ
ഞാൻ ഒരു സംഭവമാണ് വെറും സംഭവമല്ല ഒരു മഹാ പ്രസ്ഥാനം
ഗറില്ല യുദ്ധമാണ് എന്റെ തൊഴിൽ, താന്തിയ തൊപ്പിയാണെന്റെ ഗുരു
എന്നെ വിടൂ .. എനിക്ക് ഫേസ് ബുക്കിൽ പോസ്റ്റിടാൻ നേരമായി .....




Sunday, 16 August 2015

ഊഷര ഭൂമി കാത്തിരിക്കുന്നു അഭിനവ ഋഷ്യശ്രുഗന്റെ വരവിനായി


മുപ്പതു ലക്ഷത്തോളം ഇന്ത്യക്കാരുടെ ആശയും ആശ്രയവുമായ എമറാത്തിന്റെ മണ്ണിലേയ്ക്കു ഒരിക്കലും വരില്ല എന്ന് നിനച്ച ഒരു വ്യക്തി കടന്നു വരുകയാണ് ഒരു പത്തു കൊല്ലം മുൻപ് ഈ പേര് കേൾക്കുന്നത് പോലും അറപ്പും വെറുപ്പും അവജ്ഞയും ആയിരുന്ന ഭൂരിപക്ഷം ഇന്ത്യക്കാർ തിങ്ങി പാർക്കുന്ന ഒരു നാട് എന്ന നിലയിൽ ഒരാളും പ്രതീക്ഷിക്കാത്ത ഒരു സന്ദർശനമാണ് ഇന്നും നാളെയുമായി അബു ദാബിയിലും ദുബയിലുമായി നടക്കാൻ പോകുന്നത്. ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ കാണാൻ കഴിയുന്ന നാട്ടിൽ , നാട്ടിലെ ഏതൊരു ഹതാശന്റെയും സ്വപ്നഭൂമിയാണ്‌ ഇന്നും ഗൾഫ്‌ അതിൽ വിശിഷ്യ ദുബൈക്ക് പ്രഥമ സ്ഥാനം നല്കപെട്ടു പോരുന്നു. നാട്ടിലെ ഏതൊരു തോഴിലന്വേഷിയോടും ജോലി ചെയ്യാൻ ഇഷ്ടമുള്ള വിദേശ നഗരം ഏതെന്നു ചോദിച്ചാൽ ദുബൈ എന്നാവും ഉത്തരം അത്രമേൽ ഈ നാടും അതിന്റെ സംസ്കാരവും നമ്മൾ  സ്നേഹിക്കുന്നു എന്നതിന് വേറെ തെളിവ് തേടേണ്ട ആവശ്യം ഇല്ല.

ഏകീകൃത എമിരേറ്റുകൾ   രൂപികൃതമായ കാലം തൊട്ടു അവർക്ക് എന്നും പ്രിയപ്പെട്ട ജനത ഇന്ത്യക്കാരായിരുന്നു . വിശ്വാസത്തിലും കാര്യപ്രാപ്തിയിലും നമ്മൾ കാണിച്ച ആത്മാർത്ഥത തിരിച്ചും നമുക്ക് പത്തും നൂറും മടങ്ങുകളായി തിരികെ തന്നതിന്റെ പരിണിത ഫലമാണ്  ചെറിയ തോതിലെങ്കിലും ഇന്ത്യയിലെ കേരളം പോലെയുള്ള സംസ്ഥാനങ്ങളുടെ സാമ്പത്തീക പുരോഗതിയുടെ  നിദാനം തന്നെ . എന്നും നമ്മളെ സ്നേഹിച്ച ഭരണാധികാരികളെ എമാരത് രൂപികൃതമായ കാലം തൊട്ടു ഉണ്ടായിട്ടുള്ളൂ എന്നതും എടുത്തു പറയേണ്ട വസ്തുതയാണ്. വിവിധ സംസ്കാരകങ്ങളും വിവിധ ഭാഷകളും ഒരുമിച്ചു ഒരു കുടകീഴിൽ  ഇത്രയേറെ മത സൌഹര്ദ്ധത്തോടും സഹോദര്യത്തോടും സമാധാനത്തോടും ഒരു രാജ്യത്ത് വസിക്കാൻ കഴിയുന്നു എന്നത് തന്നെ ഇവിടുത്തെ ഭരണാധികാരികളുടെ മഹത്വം വിളിച്ചോതുന്നു. അങ്ങനെ സകലരെയും സർവാത്മനാ സ്വീകരിക്കുന്ന ഒരു രാജ്യത്ത് വന്നു ഇന്ത്യൻ പ്രധാനമന്ത്രിക്ക് സ്വന്തം ജനതതിക്കു വേണ്ടി എന്തൊക്കെ ചെയ്യാൻ കഴിയും എന്ന് മുപ്പതുലക്ഷം അല്ല ലോകമെമ്പാടുമുള്ള പ്രവാസികളും അവരുടെ കുടുംബങ്ങളും ഉറ്റു നോക്കുകയാണ് .

നരേന്ദ്ര ദാമോദർ ദാസ് മോഡി എന്ന വ്യക്തി ഇന്ത്യൻ ജനതയുടെ ഹൃദയങ്ങളിൽ ചുരുങ്ങിയ കാലം കൊണ്ട് കുടിയേറപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്നതു വാസ്തവമാണ് പഴയ ഭീകര മുഖം നന്നായി കഴുകി മിനുക്കി പുതിയ അവതാരത്തിലെയ്ക്കുള്ള പരകായ പ്രവേശം വളരെ ഭംഗിയായി തന്നെ മോഡിയും അദ്ദേഹത്തിന്റെ പബ്ലിക്‌ റിലേഷൻ ടീമും നടത്തികഴിഞ്ഞു . കഴിഞ്ഞ ഒരു കൊല്ലം ജനഹൃദയങ്ങളിൽ സ്വപനത്തിന്റെ വിതക്കാലമായിരുന്നു ആദ്യം മോഹനവാഗ്ദാനം എന്ന കലപ്പകൊണ്ട് പതിയെ ഉഴുതു മെതിച്ചു സ്വപനത്തിന്റെ വിത്തുകൾ പാകിയിരിക്കുകയാണ് ഇത് വിളഞ്ഞു നൂറും അറുപതും മേനി ഫലം പുറപ്പെടുവിച്ചാൽ മോഡി ജനഹൃദയങ്ങളിൽ ചിര പ്രതിഷ്ട്ട നേടും. പാകിയ വിത്തുകൾക്ക് വളവും വെള്ളവും  തേടിയാണ് മോഡിയുടെ വിദേശ യാത്രകൾ ഓരോന്നും.ഇന്ത്യൻ ജന ഹൃദയങ്ങളിൽ മോഡി വിതച്ച പ്രതീക്ഷയുടെ നാംബുകൾക്ക് കരുത്തു പകരാൻ ആണ് ഈ യാത്രകളെങ്കിൽ ഓരോ ഇന്ത്യക്കാരനും അങ്ങയെ സഹർഷം സ്വാഗതം ചെയ്യുന്നു.

മൂന്ന് പതിറ്റാണ്ടിനു ശേഷമാണ്  യു എ യിലെ പ്രവാസികളെ  ഒരു ഇന്ത്യൻ പ്രധാനമന്ത്രി സന്ദർശിക്കുന്നത് ഏറെ പ്രതീക്ഷയോടെയാണ് അങ്ങയുടെ വരവിനെ  ഞങ്ങൾ നോക്കി കാണുന്നത് . നാട്ടിൽ ജീവിക്കുന്നതിനേക്കാൾ മെച്ചപെട്ട ഒരു ജീവിത സാഹചര്യം തേടിയാണല്ലോ ഓരോ പ്രവാസവും ആരംഭിക്കുന്നത് അങ്ങനയിരിക്കെ നാട് തന്നെ മെച്ചപെട്ട അവസ്ഥയിൽ എത്തിയാൽ ഞങ്ങളുടെ പ്രവാസവും അസ്തമിക്കും അങ്ങ് നല്കിയ സ്വപ്നം ഞങ്ങളുടെ പ്രവാസഭൂമികയിൽ നിന്നുള്ള തിരിച്ചു വരവാണ്, അതിനായി അങ്ങ് നടത്തുന്ന ഏതു പദ്ധതിയും കൈ മെയ് മറന്നു പ്രോത്സാഹിപ്പിക്കാനും സഹകരിക്കാനും പ്രവാസികളായ ഞങ്ങൾ മുന്നിൽ ഉണ്ടാവും. ഇന്ദിര ഗാന്ധിക്ക് ശേഷം ഇഛാ ശക്തിയുള്ള വിശ്വാസമുള്ള കരങ്ങളിൽ ഇന്ത്യ എത്തപെട്ടു എന്ന ബോധ്യം ജനങ്ങൾക്കുണ്ടായി തുടങ്ങിയിട്ടുള്ളത് അങ്ങ് അധികാരമേറ്റതു മുതലാണ്‌ വർഗീയ സംഘർഷങ്ങളും  അനവസരത്തിലുള്ള പ്രസ്താവനകളും വഴി വെറുപ്പിന്റെ വ്യാപാരം നടത്തുന്നവരെ തടയാൻ കഴിഞ്ഞില്ല എങ്കിൽ വികസനവും സമാധാനവും നമുക്ക് മരീചിക മാത്രമാവും.

നാളെ ജന സഹസ്രങ്ങൾ അങ്ങയെ കാണാൻ അങ്ങയുടെ വാക്ക് കേൾക്കാൻ മരുഭൂമിയുടെ വിരിമാറിൽ തടിച്ചു കൂടും ഞങ്ങൾക്ക് പ്രതീക്ഷയുണ്ട് ഞങ്ങളുടെ സ്വപ്നങ്ങള്ക്ക് ചിറകു വിരിപ്പിക്കാൻ അങ്ങേയ്ക്ക് കഴിയുമെന്ന്. ഞങ്ങളുടെ പ്രവാസത്തിനു അന്ത്യം കുറിക്കാൻ അങ്ങയുടെ കരങ്ങൾക്ക് ശക്തിയുണ്ടെന്ന്, ചരിത്രം ചിലതൊക്കെ ചവറ്റുകൊട്ടയിൽ എറിഞ്ഞിട്ടുണ്ട്  താങ്കളുടെ ഭൂതകാലവും ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലെയ്ക്കു എറിയപ്പെടും. ഒരു നാൾ, നമ്മുടെ  ഇന്ത്യ ലോക രാജ്യങ്ങളിൽ വെച്ച് മുൻപന്തിയിൽ നിൽക്കുന്ന രാജ്യമായി തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന ആ ദിവസം . വരൂ ഊഷരമായിരുന്ന മണ്ണിനെ സ്വപ്നങ്ങളുടെ പറൂദീസയാക്കിയ നാട്ടിലേയ്ക്ക് ,അലാവുദീന്റെ അത്ഭുത വിളക്കിനെ അന്വർത്വമാക്കിയ അംബര ചുംബികളുടെ നാട്ടിലേയ്ക്ക് പ്രത്യുതാ അങ്ങയുടെ ജനം രണ്ടാമതൊന്നു ചിന്തിക്കാതെ ജീവിക്കാൻ തിരഞ്ഞെടുക്കുന്ന മരുഭൂമിയുടെ മരുപച്ചയിലെയ്ക്ക് .......

Thursday, 6 August 2015

ഗുന്തർ പ്രാഷേ എന്ന ഞാൻ മോണിക്ക സെലസ് എന്ന സ്ത്രീയ്ക്കെഴുതുന്ന മാപ്പപേക്ഷ






എങ്ങനെ മാപ്പ് പറയണമെന്നോ എന്ത് പറഞ്ഞു തുടങ്ങണമെന്നോ എനിക്കറിയില്ല മോണിക്ക ഞാൻ തെറ്റ് ചെയ്തു ഗുരുതരമായ തെറ്റ് . വിഭ്രാന്തിയുടെ മൂർധന്യത്തിൽ തീവ്ര ആരാധന എന്ന ലഹരിയുടെ പിടിയിലായിരുന്നു ഞാൻ . സ്റ്റെഫി എനിക്ക് ജീവനായിരുന്നു ടെന്നിസിനെ പ്രണയിച്ച കാലം മുതൽ ഹൃദയത്തിലേറ്റിയ രൂപം സ്റ്റെഫി മാത്രമായിരുന്നു സ്റ്റുട്ട്ഗാർട്ടിലെ മൈതാനങ്ങളിൽ വെച്ച് ഞാൻ ഹൃദയത്തിൽ കോറിയിട്ട നീണ്ടു മെലിഞ്ഞ ആ 13 കാരിയിൽ നിന്നാണ് ഞാൻ ടെന്നിസിനെ പ്രണയിച്ചു തുടങ്ങിയത് എന്റെ പ്രണയം ടെന്നിസിനോടോ സ്റെഫിയോടോ എന്ന് വിവേചിച്ചറിയാൻ കഴിയാത്ത വിധം അപകടകരമാകുന്നത് ഞാൻ അറിഞ്ഞിരുന്നില്ല. മൈതാനങ്ങളിൽ നിന്നും മൈതാനങ്ങളിലെയ്ക്ക് വിജയ കിരിടത്തിന്റെ ശീതളിമയിൽ അവൾ മുന്നേറുമ്പോൾ ഒരു നിഴലുപോലെ ഞാൻ സ്റ്റെഡിയത്തിന്റെ കോണിൽ എവിടെയെക്കയോ ഇരുന്നു കൊണ്ട് നിർവൃതി അടയാറുണ്ടായിരുന്നു. എന്റെ ദിന രാത്രങ്ങളുടെ ജീവിതത്തിന്റെ തന്നെ സുര്യനായിരുന്നു സ്റ്റെഫി അവളുടെ ഓർമകളിൽ മാത്രമായിരുന്നു ഞാൻ ഉണരുന്നതും ഉറങ്ങുന്നതും അവളുടെ ഓരോ വിജയവും എനിക്ക് നല്കുന്ന ലഹരി അത് മാത്രമായിരുന്നു എന്റെ ആനന്ദം. അവൾ നേടിയ 22 ഗ്രാൻഡ്‌ സ്ലാം വിജങ്ങളിൽ അവളെക്കാൾ ഏറെ ഈ ഭൂമുഖത്ത് സന്തോഷിച്ചിട്ടുള്ള ഒരേ ഒരാൾ ഞാൻ മാത്രമായിരുന്നിരിക്കണം. നിങ്ങൾ ഒരു പക്ഷെ ചിരിക്കുമായിരിക്കാം എന്നാൽ ഒന്ന് കൂടി ഞാൻ പറയാം എന്റെ എന്ത് കാര്യവും തുടങ്ങുന്നതിനു മുൻപ് ഞാൻ സ്റ്റെഫിയൊടു അനുവാദം ചോദിക്കുമായിരുന്നു നൂറു വാര അകലെ നിന്നും മാത്രം കണ്ടിട്ടുള്ള എന്റെ വീര വനിതയോട് ഒന്ന് മിണ്ടുക പോലും ചെയ്യാത്ത ഞാൻ എങ്ങനെ അനുവാദം ചോദിച്ചു എന്ന് നിങ്ങൾ ശങ്കിക്കുന്നുണ്ടാവും എന്റെ വീട് നിങ്ങൾ ഒന്ന് കാണേണ്ടിയിരുന്നു അവിടെ എനിക്ക് ദൈവങ്ങളിൽ ഇല്ലായിരുന്നു പകരം എന്റെ പൂജാമുറിയും കിടക്കറയും എന്തിനേറെ കുളിമുറിയിൽ വരെ സ്റ്റെഫി മാത്രമായിരുന്നു. പലവേള ഈ കിറുക്കിന് ഞാൻ വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ട് എങ്കിലും എനിക്ക് തെല്ലും പശ്ചാത്താപം ഇല്ലായിരുന്നു പക്ഷെ മോണിക്കാ ഇപ്പോൾ ഞാൻ ആത്മാർഥമായും ഖേദിക്കുന്നു.

മറ്റെന്തും എനിക്ക് സഹിക്കാമായിരുന്നു എന്നാൽ സ്റെഫിയുടെ തോൽവി എന്റെ നിയന്ത്രണങ്ങളെ തോൽപ്പിക്കുന്നവയായിരുന്നു അന്ന് ഓസ്ട്രെലിയൻ ഒപണിൽ 6 - 4 നു മുന്നിട്ടു നിന്ന ശേഷം കേവലം കൌമാരക്കാരിയായ നിന്റെ മുന്നിൽ മുട്ട് മടക്കുന്ന പ്രിയ താരത്തെ എനിക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. അന്ന് ഞാൻ ഉറങ്ങിയില്ല എന്ന് മാത്രമല്ല പുലരിയാവോളം സിലാരാസിന്റെ ലഹരിയിൽ ഉറക്കെ കരയുകയായിരുന്നു ഇനിയൊരു മടക്കം എന്റെ രാജകുമാരിക്കുണ്ടാവില്ല എന്ന് എന്റെ മനസ് പറയുന്നത് പോലെ അപരാജിതയായി മുന്നേറിയ എന്റെ താരം ഒരു രാത്രി വെളുക്കും മുൻപ് തീരെ ചെറുതായ പോലെ ഗുന്തർ പ്രാഷേ എന്ന ആരുമല്ലാത്ത എന്നെക്കാൾ ചെറുതായ ഒരു ഗ്രാൻഡ്‌ സ്ലാം രാജകുമാരിയെ എനിക്ക് സങ്കല്പ്പിക്കവുന്നതിലും അധികമായിരുന്നു. പിന്നീടുള്ള പകലുകളും രാവുകളും  ഞാൻ ലഹരിയിൽ ആയിരുന്നു വിസ്ക്കിയുടെ ഗന്ധം മരിജുവാനയുടെയും ഒപിയത്തിന്റെയും മയക്കം എനിക്ക് പകലുകൾ ഇല്ലായിരുന്നു. തോൽവിയുടെ മൂടുപടത്തിൽ അകപെട്ടു പോയേക്കാവുന്ന സ്റെഫിയുടെ ഭാവിയെ ഞാൻ ഭയപ്പെട്ടു ഒന്ന് തീരുമാനിച്ചു വിജയം മാത്രമുള്ള ലോകത്തേയ്ക്ക് എന്റെ പ്രിയപ്പെട്ട താരമേ നീ പറന്നകലുക. തോൽവികൾ ഇല്ലാതെ ഇനിയും ഇനിയും ഒരു പാട് ആരാധക ഹൃദയങ്ങളിൽ നിന്റെ ഓർമ ജ്വലിക്കട്ടെ .

പതിമൂന്നു സെന്റി നീളമുള്ള ബോണിംഗ് കത്തി വാങ്ങി അരയിൽ തിരുകുമ്പോൾ ഒരിക്കലും എന്റെ വന്യ സ്വപ്നത്തിൽ പോലും നീ ആയിരുന്നില്ല എന്റെ ലക്‌ഷ്യം എന്റെ പ്രിയപ്പെട്ട സ്റെഫിയെ തോൽവിയുടെ കയ്പ്പുള്ള ലോകത്ത് നിന്നും എന്നന്നെയ്ക്കും പറഞ്ഞു അയച്ചു അവൾക്കു വീര ചരമം നല്കാനുള്ള ഒരു ആരാധകന്റെ ആവേശം മാത്രമായിരുന്നു . പലതവണ ഈ ഉദ്ദേശ ത്തോടെ സ്റെഫിയെ സമീപിക്കാൻ ശ്രമിച്ചതാണ് ഒരു തവണ രണ്ടടി അകലത്തിൽ എനിക്കവളെ ഹസ്തദാനം ചെയ്യാനും സാധിച്ചു എങ്കിലും ആ സാമീപ്യം എന്റെ ധൈര്യം ചോർത്തികളഞ്ഞു. അവിചാരിതമായാണ് ആ ഏപ്രിൽ 30 നു ഞാൻ ക്വാട്ടർ ഫൈനലിന് എത്തുന്നത് തന്നെ ഹാംബർഗിലെ മൈതാനങ്ങളിൽ കളി നടക്കുമ്പോൾ എനിക്ക് പുറത്തു സ്വസ്ഥതയോടെ ഇരിക്കാൻ ആവുമായിരുന്നില്ല അവസാന നിമിഷമാണ് ഞാൻ ആ കളി കാണണം എന്ന് തീരുമാനിച്ചത് മലീന മഗ്ദലേനയും മോണികാ നീയും എനിക്ക് അന്യരായിരുന്നു. ആദ്യ സെറ്റ് 6-4 നു നീ നേടുമ്പോൾ കാണികളിൽ ഇരുന്നു ഹർഷാരവം മുഴക്കിയവരിൽ ഒരാൾ ഞാനും ആയിരുന്നു അപ്പോഴൊന്നും നീ എനിക്ക് ശത്രുവോ ഇരയോ ആയിരുന്നില്ല പിന്നെ എനിക്കെങ്ങനെ ഇതിനു കഴിഞ്ഞു ..

രണ്ടാം സെറ്റ് നിന്റെ ബാക്ക് ഹാൻഡ്‌ ഷോട്ടുകളുടെ മാസ്മരികതയിൽ മുഴുകിയിരുന്നപ്പോഴാണ് സ്റ്റെഫി എന്റെ ചിന്തകളെ മഥിക്കാൻ തുടങ്ങിയത് ദിവസങ്ങൾക്ക് മുൻപ് നീ തകർത്തെറിഞ്ഞത് വര്ഷങ്ങളായി മനസ്സിൽ ഞാൻ ചില്ലിട്ടു പൂജിക്കുന്ന രൂപമല്ലേ എന്ന തോന്നൽ ഒരു നിമിഷം നിന്നെ എന്റെ ശത്രുവാക്കി ഇനിയൊരിക്കലും സ്റെഫിയെ തോല്പ്പിക്കാൻ മോണിക്ക എന്ന പീറ പെണ്‍കുട്ടിക്ക് കഴിയാതിരിക്കട്ടെ എന്ന് ആക്രോശിച്ചു കൊണ്ട് ഞാൻ അലറി വിളിച്ചു പിന്നെ നടന്നതൊന്നും എനിക്ക് ഓർമ്മയില്ല.ബോധം വരുമ്പോൾ ഞാൻ ഏതോ മാനസിക രോഗ ആശുപത്രിയിൽ ആയിരുന്നു അവർ പറഞ്ഞു എനിക്ക് താരാരാധന മൂത്ത് ഭ്രാന്തായതാണെന്ന്. രണ്ടു കൊല്ലം ഭ്രാന്തിന്റെയും ഇരുട്ടിന്റെയും തടവറയിൽ കിടന്നു അതിലേറെ എന്റെ മനസാക്ഷിയുടെ കോടതിൽ ഞാൻ നീറിയമരുകയായിരുന്നു.

 ഞാൻ പഴയ ഭ്രാന്തൻ ഗുന്തർ പ്രാഷേയല്ല ഇവാന്റെയും ഗ്രിഗറിയുടെയും മോണിക്കയുടെയും പിതാവ് കൂടിയാണ് എനിക്കൊരു മകൾ ജനിച്ചാൽ അവൾക്കു നിന്റെ പേര് വേണമെന്നതായിരുന്നു എൻറെ പ്രായശ്ചിത്തത്തിന്റെ ആദ്യ പടി അവൾ ടെന്നീസ് കളിക്കും നിന്റെ പോലെ ബാക്ക് ഹാൻഡ്‌ ഷോട്ടുകൾ ആണ് അവളുടെയും ബലം. ഒരിക്കൽ ഒരിക്കൽ എങ്കിലും എനിക്ക് എൻറെ മകളുമായി നിന്നെ വന്നു കണ്ടു മാപ്പിരക്കണം. 
ഞാൻ നശിപ്പിച്ചത് നിന്റെ കരിയർ മാത്രമല്ല നിന്റെ ജീവിതം കൂടിയാണെന്ന് അറിയുന്നു ഏതു പ്രായശ്ചിത്തവും നഷ്ട്ടപെട്ടു പോയ നിന്റെ ജീവിതത്തിനു പകരമാവില്ല എന്നെനിക്കറിയാം. എങ്കിലും ഫിനിക്സ് പക്ഷിയെ പോലെ മരണത്തെ തോൽപിച്ച നിനക്ക് ഒരു ഭ്രാന്തന്റെ  വിഹ്വലതകളിൽ നിന്നുണ്ടായ തെറ്റിന് എന്നോട് ക്ഷമിക്കാൻ ആവും ഞാൻ കാത്തിരിക്കുന്നു ......






Saturday, 11 July 2015

ആലപ്പുഴയല്ലിത് പാലപ്പുഴ



ആല എന്നാൽ കരയും പുഴ എന്ന പുഴയും ചേർന്നൊരു നാടുണ്ടായി ദൈവം ഭൂമിയിലേയ്ക്ക്  ഇറങ്ങി വന്നു നട്ടു  പിടിപ്പിച്ചത് പോലെ സുന്ദരമായ ഒരു നാട്.പർവതങ്ങലോ  കുന്നുകളോ കാടുകളോ  ഇല്ലാതെ തന്നെ പ്രകൃതിയുടെ പച്ച പട്ടു ചാർത്തിയ സുന്ദരിയായ ഒരു നാടാണ് ആലപ്പുഴ. സമുദ്ര നിരപ്പിൽ നിന്നും 0.6 മുതൽ 2 മീറ്റർ  വരെ താഴ്ന്നു കിടക്കുന്ന കേരളത്തിന്റെ നെല്ലറ സ്ഥിതി ചെയ്യുന്ന നോക്കെത്ത ദൂരത്തോളം പടർന്നു  കിടക്കുന്ന പച്ചവിരിച്ച പാടങ്ങളുടെ  പ്രശാന്ത  സുന്ദരമായ പ്രദേശമാണ് ആലപ്പുഴ. റോഡും പുഴയും അവയ്ക്ക് കുറുകെ നീണ്ടും വളഞ്ഞും ചരിഞ്ഞും പണിതുയർത്തപെട്ട പാലങ്ങളാൽ സമൃദ്ധമാണ് ആലപ്പുഴയുടെ രാജ വീഥികൾ. നഗര പരിധിക്കുള്ളിൽ തന്നെ ഏതാണ്ട് നൂറോളം വലുതും ചെറുതുമായ പാലങ്ങളാൽ നിറഞ്ഞ വേറൊരു നഗരം ഇന്ത്യയിൽ തന്നെ ഉണ്ടോ എന്ന് സംശയമാണ്.




ആലപ്പുഴ നഗരത്തിലെ ഓരോ പാലത്തിനും ഓരോ കഥ പറയാനുണ്ടാവും രാജാ കേശവ ദാസ് രൂപകൽപന ചെയ്ത നഗര കവാടത്തിനു കുറുകെ കനലുകളെ തമ്മിൽ ബന്ധി പ്പിച്ചൊരു പാലമുണ്ടായിരുന്നത് പിൽകാലത്ത് കോട്ട വാതുൽക്കൽ പാലം എന്നാ പേരില് അറിയപ്പെട്ടു ഇപ്പോഴും വടക്ക് നിന്ന് വരുന്നവർക്ക് കോട്ട വാതിൽക്കൽ പാലം കടന്നല്ലാതെ ആലപ്പുഴ നഗര ഹൃദയത്തിലേയ്ക്ക് എത്തിപെടുക ദുഷ്കരമാണ്. ചെറുതും വലുതുമായ നൂറോളം പാളങ്ങളിൽ നൂറ്റാണ്ടുകൾ പഴയ പാലം മുതൽ പുത്തെൻ കോണ്ക്രീറ്റ് പലാങ്ങൾ വരെ ആലപ്പുഴക്ക് കുറുകെ ഭംഗിയുള്ള ചരടുപോലെ  ഇരുകരകളെയും ബന്ധിപിച്ചു നിർത്തുന്നു. കാൽ നട യാത്രക്കാര്ക്ക് വേണ്ടി പണിത കൊച്ചു പാലങ്ങൾ ഇരുമ്പ് കൊണ്ടും തടി കൊണ്ടും കോണ്ക്രീറ്റ് കൊണ്ടും എന്തിനേറെ  പഴയ പുഴ കട്ട എന്നാ ചെളി കട്ട കണ്ടു പണിതുയർത്തിയവ വരെ കാറ്റും മഴയും പേമാരിയും കടൽക്ഷോഭവും വന്നിട്ട് കൂടി തലയെടുപ്പോടെ സഞ്ചാരികളെ തോളിലേറ്റുന്നു




പല പാലങ്ങൾക്കു പിന്നിലും ഒരു പാട് അധ്വാനത്തിന്റെയും വിയര്പ്പിന്റെയും കഥ പറയുവാൻ ഉണ്ടെങ്കിലും രസകരമായ ഒന്ന് പണ്ട് പാലങ്ങൾ പണി കഴിപ്പിച്ചു കഴിഞ്ഞു അതിന്റെ ഉറപ്പിനു വേണ്ടി മനുഷ്യ രക്തം ചൂടോടെ തളിക്കുന്ന പതിവ് ഉണ്ടായിരുന്നു എന്ന മിത്തിനെ വെല്ലുന്ന യാഥാർത്ഥ്യം അറിയുമ്പോഴാണ്  . നാടോടി ബാലന്മാരെ ആരും അറിയാതെ രാത്രിയുടെ മൂന്നാം  യാമത്തിൽ തലയറുത്ത് ചൂട് രക്തം പാലത്തിന്റെ കൈവരികളിൽ തളിക്കുന്ന ഏർപ്പാട് പണ്ട് ഉണ്ടായിരുന്നു  എന്ന ഞെട്ടിപ്പിക്കുന്ന ചില മുത്തശ്ശി കഥകള്ക്ക് എന്റെ ചെറുപ്പവും വേദിയായിട്ടുണ്ട്.അങ്ങനെ  കേട്ട കഥകളിൽ ഒന്ന് പണ്ട് പാലം പണിക്കു തമിഴ് നാട്ടിൽ നിന്നും   വരുന്ന പണിക്കാരിൽ ഏറ്റവും പ്രായം കുറഞ്ഞ ഒരാളെ പൂജ  വിധി പ്രകാരം അയാൾ അറിയാതെ പാലം പണി പൂർത്തിയാകുന്ന അന്ന് രാത്രി മതിയാവോളം നാടൻ പട്ടയും കോഴിയും കൊടുത്തിട്ട് പൂജ കർമങ്ങൾ ആരംഭിക്കും സൂര്യാസ്തമയത്തിനു മുൻപ് തുടങ്ങുന്ന പൂജകൾ അവസാനിക്കുന്നത്നര ബലി എന്ന ശിരശ്ചെദത്തോടെയാണ്. മുഖ്യ കാർമികൻ ദേവി ശക്തിയാൽ അവാഹിതനാകുമ്പോൾ തിളങ്ങുന്ന കൊടുവാളുമായി കൈ കാലുകൾ ബന്ദിക്കപെട്ട പാവം തൊഴിലാളിയുടെ കഴുത്തിനെ ലക്ഷ്യമാക്കി ആഞ്ഞു വീശുന്നു. ശ്ചെദിക്കപെട്ട ഗളത്തിൽ നിന്നും ചീറ്റി തെറിക്കുന്ന ചുടു രക്തം പാലത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ  തെങ്ങിൻ പൂക്കുലയിൽ മുക്കി പാലത്തെ സർവ വിധ ദോഷങ്ങളിൽ നിന്നും സ്വതന്ത്രമാക്കുന്നു. ഇങ്ങനെ മനുഷ്യ രക്തത്താൽ ബലപ്പെട്ടവയാണ് ആലപ്പുഴയിലെ പുരാതന പാലങ്ങളിൽ പലതും. പിന്നീട്  മനുഷ്യന് പകരം മൃഗബലിയും പൂജ കർമങ്ങളും ഒക്കെ നടന്നു വന്നിരുന്നെങ്കിലും ലാഭ കൊതിയന്മാരായ കങ്കാണിമാരുടെ രംഗപ്രവേശത്തോടെ പല പാലങ്ങളും വഴിപാടു പാലങ്ങൾ മാത്രമാവുകയായിരുന്നു




പല പാലങ്ങൾക്കു പിന്നിലും ഒരു പാട് അധ്വാനത്തിന്റെയും വിയര്പ്പിന്റെയും കഥ പറയുവാൻ ഉണ്ടെങ്കിലും രസകരമായ ഒന്ന് പണ്ട് പാലങ്ങൾ പണി കഴിപ്പിച്ചു കഴിഞ്ഞു അതിന്റെ ഉറപ്പിനു വേണ്ടി മനുഷ്യ രക്തം ചൂടോടെ തളിക്കുന്ന പതിവ് ഉണ്ടായിരുന്നു എന്ന മിത്തിനെ വെല്ലുന്ന യാഥാർത്ഥ്യം അറിയുമ്പോഴാണ്  . നാടോടി ബാലന്മാരെ ആരും അറിയാതെ രാത്രിയുടെ മൂന്നാം  യാമത്തിൽ തലയറുത്ത് ചൂട് രക്തം പാലത്തിന്റെ കൈവരികളിൽ തളിക്കുന്ന ഏർപ്പാട് പണ്ട് ഉണ്ടായിരുന്നു  എന്ന ഞെട്ടിപ്പിക്കുന്ന ചില മുത്തശ്ശി കഥകള്ക്ക് എന്റെ ചെറുപ്പവും വേദിയായിട്ടുണ്ട്.അങ്ങനെ  കേട്ട കഥകളിൽ ഒന്ന് പണ്ട് പാലം പണിക്കു തമിഴ് നാട്ടിൽ നിന്നും   വരുന്ന പണിക്കാരിൽ ഏറ്റവും പ്രായം കുറഞ്ഞ ഒരാളെ പൂജ  വിധി പ്രകാരം അയാൾ അറിയാതെ പാലം പണി പൂർത്തിയാകുന്ന അന്ന് രാത്രി മതിയാവോളം നാടൻ പട്ടയും കോഴിയും കൊടുത്തിട്ട് പൂജ കർമങ്ങൾ ആരംഭിക്കും സൂര്യാസ്തമയത്തിനു മുൻപ് തുടങ്ങുന്ന പൂജകൾ അവസാനിക്കുന്നത്നര ബലി എന്ന ശിരശ്ചെദത്തോടെയാണ്. മുഖ്യ കാർമികൻ ദേവി ശക്തിയാൽ അവാഹിതനാകുമ്പോൾ തിളങ്ങുന്ന കൊടുവാളുമായി കൈ കാലുകൾ ബന്ദിക്കപെട്ട പാവം തൊഴിലാളിയുടെ കഴുത്തിനെ ലക്ഷ്യമാക്കി ആഞ്ഞു വീശുന്നു. ശ്ചെദിക്കപെട്ട ഗളത്തിൽ നിന്നും ചീറ്റി തെറിക്കുന്ന ചുടു രക്തം പാലത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ  തെങ്ങിൻ പൂക്കുലയിൽ മുക്കി പാലത്തെ സർവ വിധ ദോഷങ്ങളിൽ നിന്നും സ്വതന്ത്രമാക്കുന്നു. ഇങ്ങനെ മനുഷ്യ രക്തത്താൽ ബലപ്പെട്ടവയാണ് ആലപ്പുഴയിലെ പുരാതന പാലങ്ങളിൽ പലതും. പിന്നീട്  മനുഷ്യന് പകരം മൃഗബലിയും പൂജ കർമങ്ങളും ഒക്കെ നടന്നു വന്നിരുന്നെങ്കിലും ലാഭ കൊതിയന്മാരായ കങ്കാണിമാരുടെ രംഗപ്രവേശത്തോടെ പല പാലങ്ങളും വഴിപാടു പാലങ്ങൾ മാത്രമാവുകയായിരുന്നു.  




മരത്തിൽ തീർത്തതും കമാനങ്ങൾ ഉള്ളതും കൊണ്ക്രീറ്റിൽ തീർത്തതുമായ ഒരു പാട് പാലങ്ങൾ നിങ്ങൾക്ക് ഈ കിഴക്കിന്റെ വെനീസിൽ കാണുവാൻ കഴിയും. ജില്ലാകോടതി പാലം , കൊമ്മാടി പാലം , ചുങ്കപാലം , കൊട്ടരപാലം, കണ്ണൻ വര്ക്കി പാലം , മുപ്പാലം, തുണിപൊക്കി പാലം, കൊത്തകച്ചുവട് പാലം , ഇങ്ങനെ  പേരുള്ളതും പേരില്ലാത്തവയുമായ പാലങ്ങളുടെ നീണ്ട നിരയും ഓരോ  പാലത്തിനു പിന്നിലുള്ള  കഥകളും  അനന്തവും അവർണനീയവുമാണ്. പുഴകൾ ഞങ്ങളുടെ ജീവ നാഡിയാണെങ്കിൽ അവയ്ക്ക് കുറുകെ പണിയപ്പെട്ട പാലങ്ങൾ നിങ്ങൾ സഞ്ചാരികളുടെ ഹൃദയങ്ങളിലെയ്ക്ക് ചവിട്ടി കയറാനുള്ള ഗോവണികളാണ്. വരുക ദൈവത്തിന്റെ കൈയോപ്പോടുകൂടിയ ചില സുന്ദര ദൃശ്യങ്ങളെ ഓര്മയുടെ ചെപ്പിലെയ്ക്ക് ആവാഹിച്ചു മടങ്ങാൻ കരയുടെയും പുഴയുടെ നാട്ടിലേയ്ക്ക് വരിക .വരൂ പുഴയും പാലങ്ങളും പൂത്ത പുഞ്ച പാടങ്ങളും കൊണ്ട് പുഷ്പിതയായ ഭുമിയുടെ പ്രകാശത്തിലേയ്ക്ക്.... 

Monday, 6 July 2015

ഒരു ലോണ്‍ ജനിക്കുന്നു



ആഗ്രഹം അത്യാഗ്രഹത്തിന് വഴിമാറിയ നേരത്താണ് ലോണ്‍ എടുത്തു സ്ഥലം വാങ്ങാം എന്ന തീരുമാനം എടുത്തത്. വിദേശ മലയാളികൾക്ക് വളരെ എളുപ്പത്തിൽ കിട്ടുന്ന ഒന്നായി എല്ലാവരും പറഞ്ഞു കേട്ടപ്പോൾ ഒന്ന് ശ്രമിക്കാൻ ഞാനും തയ്യാറായി.പിറ്റേന്ന് നാട്ടിലുള്ള ഭാര്യയെ  ബാങ്കിലെ ലോണ്‍ ഓഫീസറെ കണ്ടു സംസാരിക്കാൻ ചുമതലപ്പെടുത്തി. സ്ത്രീ സുരക്ഷയെക്കുറിച്ച് ഉത്കണ്ടാ കുലനായിരുന്ന ആ കുലീനൻ അധികം ബുദ്ധി മുട്ടിക്കാതെ ഒരു എ ഫോർ പേപ്പർ നീട്ടികൊണ്ട് പറഞ്ഞു ഇത്രയും പേപ്പർ റെഡി ആക്കി വിദേശത്തുള്ള ഭർത്താവിന്റെ അവസാന ആറുമാസത്തെ അക്കൌന്റ് സ്റ്റെറ്റുമെന്റുമായി വന്നാൽ അടുത്ത ദിവസം ലോണ്‍ റെഡി . പഴയിടം മോഹനൻ നമ്പൂതിരി സദ്യക്കെഴുതിയ കുറിപ്പടിയുമായി മടങ്ങും പോലെ ആ പപ്പേർ കൈയ്യിലെട്ടുവാങ്ങി ശ്രീമതി എന്നെ വിളിച്ചു. ചേട്ടാ ഈ ലോണ്‍ നമുക്ക് വേണോ ഒരു പാട് പേപ്പറുകൾ വേണം ഇതിനെല്ലാം പുറകെ ആര് ഓടും. നീ ഓടണം നിനക്കവിടെ എന്നതാ പണി  എന്തൊക്കയാണ് വേണ്ടത് ഒന്ന് വായിച്ചേ ! സ്ഥിരത സട്ടിഫിക്കറ്റ് ,ബാധ്യതാ സര്ട്ടിഫിക്കറ്റ് , കരം അടച്ച രസീത് ,മുൻ ആധാരം , പണയവസ്തുവിനു എടുക്കാൻ ഉദ്ദേശിക്കുന്ന തുകയേക്കാൾ മൂന്നിരട്ടി മൂല്യം ഉണ്ടായിരിക്കണം.ലൊക്കേഷൻ സ്കെച് ,  അവസാനത്തെ ഒരു വർഷത്തെ ബാങ്ക് ക്രയവിക്രയങ്ങളുടെ രസീതുകൾ  എന്ന് വേണ്ട ലിസ്റ്റുകളുടെ ഒരു നീണ്ട നിര തന്നെ ഒരു നിമിഷം ഞാൻ ശങ്കിച്ചു. ഒരു കുന്നോളം പണി ഇതിനു പിന്നിൽ ഉണ്ട് ഞാൻ ചെല്ലാൻ ഇനിയും ഒരു മാസം കൂടിയുണ്ട് ഇതിനെല്ലാം പിന്നാലെ ഓടാൻ നിനക്ക് കഴിയുമോ ? ഭാര്യ ധൈര്യം തന്നു എന്തായാലും നമ്മൾ തുടങ്ങി ചേട്ടാ ഇനി ഒരു കര കാണുവോളം തുഴയാം ഞാൻ എന്നലാവുന്നവ തുടങ്ങി വെയ്ക്കാം ചേട്ടൻ പൂർത്തിയാക്കിയാൽ മതി. നമ്മള് മോഹിച്ച പറമ്പിൽ അന്യൻ കക്കൂസ് കെട്ടി തൂറുന്നത് നമ്മൾ കാണേണ്ടി വരില്ലല്ലോ ?

 നാട്ടിൽ തകൃതിയായി പേപ്പർ വർക്ക്‌ ആരംഭിച്ചു അക്ഷയ ഒരു വലിയ സംഭവമാണെന്ന് ഞാൻ മനസിലാക്കി തുടങ്ങിയിരിക്കുന്നു സർക്കാർ സംബന്ധിയായ എല്ലാ ഇടപാടുകള്ക്കും അക്ഷയയിലൂടെ നടന്നു കിട്ടി വണ്‍ ടൂ ത്രീ ഓരോന്നായി തീരുമ്പോൾ ലോണി ലേയ്ക്കുള്ള  എന്റെ ദൂരവും കുറയുന്നതായി ഞാൻ കിനാവ്‌ കണ്ടു. അങ്ങനെ  കനവു കണ്ട വാഗ്ദത്ത ഭൂമിക്കായി ഞാൻ വിമാനമിറങ്ങി. സുമുഖനും സർവ്വോപരി മധുരമായി സംസാരിക്കുന്നവനുമായ ഒരു ചെറുപ്പക്കാരൻ എനിക്ക് മാർഗ നിർദേശങ്ങൾ നല്കി ഞാൻ ഒപ്പിട്ട കടപത്ര അപേക്ഷ ഫയലിൽ സ്വീകരിച്ചു.ശേഷം പണയ ഉരുപടികണ്ടുബോധ്യപെടുകഎന്നവലിയകർത്തവ്യ നിർവഹണത്തിലേയ്ക്കാണ് ഞങ്ങൾ പ്രവേശിച്ചത്‌ നിർമിതി പുർത്തിയാക്കിയിട്ട് ഒരു കൊല്ലം പോലും കഴിയാത്തതും മുലകുടി മാറാത്ത കുട്ടിയെ പോലുള്ള കെട്ടിടമായിരുന്നതിനാലും സർവേയർ കണ്ണും പൂട്ടി ഞാൻ അപേക്ഷിച്ചതിന്റെ അഞ്ചു മടങ്ങ്‌ വിലയിട്ടു മടങ്ങി. സർവെയരുടെ റിപ്പോർട്ട്‌ കിട്ടിയതും ലോണ്‍ ഓഫീസര് എന്നെ വിളിച്ചു സുഹ്രെത്തെ ഞങ്ങൾ നിങ്ങൾക്ക് ലോണ്‍ തരാൻ പോകുന്നു. ഒന്ന് കൂടി നിങ്ങൾ ചെയ്യണം ആ ആധാരം ഞങ്ങളുടെ അഡ്വക്കേറ്റ്നെ കൊണ്ട് വെരിഫൈ ചെയ്യണം . ശേഷം വലിയ സഞ്ചിയുമായി വന്നു ലോണ്‍ വാങ്ങി പോകാം.വാങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലം നാല് ചുറ്റും നടന്നു ഞാൻ വെയ്ക്കാൻ ഉദ്ദേശിക്കുന്ന വീടിന്റെ രൂപരേഖ മനതാരിൽ കോറിയിട്ടു.

അഡ്വക്കെറ്റിനെ ഫോണിൽ വിളിച്ചു ,നിറഞ്ഞ സന്തോഷം  വരൂ സുഹൃത്തെ വരൂ നിങ്ങളെ എങ്ങനെയാണ് ഞാൻ സഹായിക്കേണ്ടത്. ആധാരം എല്ലാം പെറുക്കി കെട്ടി ഞാൻ വക്കീലാപ്പിസിനെ ലക്ഷ്യമാക്കി മയിൽവാഹനം പായിച്ചു. പൊടി പിടിച്ചു കിടന്ന വക്കീലപ്പിസിൽ കൂടി കിടന്ന പത്രകെട്ടുകളെ പെറുക്കികൂട്ടുന്ന കച്ചവടക്കാരനോട് വിലപേശുന്ന ശുഭ്ര വസ്ത്ര ധാരിയെ കണ്ടപ്പോഴേ എന്റെ മനസിൽ ലഡ്ഡു പൊട്ടി . സാർ ഞാൻ വിളിച്ചിരുന്നു  ആധാരം സാക്ഷ്യപെടുത്താൻ വന്നതാണ് ഫെഡറൽ ബാങ്കിൽ നിന്നും അരുണ്‍ സാർ പറഞ്ഞിട്ട് ! അയാൾ ആധാരം വാങ്ങി തിരിച്ചും മറിച്ചും നോക്കി ഇതൊന്നും ചുമ്മാ അങ്ങ് നടക്കുന്ന സംഗതി അല്ല കേട്ടോ  എനിക്ക് ഭാഷയുടെ ഉൾവിളി പിടികിട്ടി. ദീപസ്തംബം മഹാശ്ചര്യം വക്കീലിനും വേണം ........... ഒരു ആധാരം നോക്കി ഒറിജിനൽ ആണോ എന്ന് സാക്ഷ്യപെടുത്താൻ കൈമണി വേണമോ ഫീസ്‌ വല്ലതും ഉണ്ടെങ്കിൽ  കൊടുക്കാം എന്നിലെ പൌര ധർമം ഉണർന്നു. സാർ അങ്ങൊന്നു സക്ഷ്യപെടുത്തിയാൽ എന്റെ കാര്യം സുഗമമായി ഞാൻ ആധാരം കൊണ്ട് വന്നിട്ടുണ്ട് നോക്കിയിട്ട് വേഗം ചെയ്തു തരുമോ? ഞാൻ കൊടുക്കുന്ന ഗാന്ധി നോട്ടുകളെ പ്രതീക്ഷിച്ചു നിൽക്കുന്ന കുറുക്കന്റെ കൌശലം അദ്ധേഹത്തിന്റെ ശരിര ഭാഷ എന്നോട് പറയുന്നുണ്ടായിരുന്നെങ്കിലും ഞാൻ മനപൂർവ്വം അവഗണിച്ചു. കൊടുക്കാനുള്ള മടികൊണ്ടല്ല എങ്കിലും ഒരു വൈക്ലബ്യം ആരോ ഒരാൾ ഉള്ളിലിരുന്നു അരുതെന്ന് പറയുന്നു. എന്നിൽ നിന്നും ഒന്നും കിട്ടുന്നില്ല എന്ന് കണ്ടപ്പോൾ വക്കീൽ കളം മാറി ചവിട്ടി. ഞങ്ങൾക്ക് വേണ്ടത് 13 വർഷത്തെ മുൻ ആധാരമാണ് നിങ്ങളുടെ കൈയ്യിൽ 10 കൊല്ലാത്തെതെ ഉള്ളു ബാക്കി മൂന്ന് കൊല്ലത്തെ മുൻ ആധാരം വാങ്ങി വന്നാൽ ഞാൻ വെരിഫൈ ചെയ്തു തരാം. എനിക്ക് മുന്നിൽ അയാൾ വാതിൽ കൊട്ടിയടച്ചു .10 കൊല്ലം മുൻപ്   അഞ്ചു പേർക്കായി വിറ്റ സ്ഥലത്തിന്റെ ആധാരം അഞ്ചു പേർക്കുമായി മുറിച്ചു കൊടുക്കുന്നതെങ്ങനെ വാങ്ങിയ ആരോ ഒരാളുടെ കയ്യിൽ അതുണ്ട് പരിസരവാസികൾ ആരെന്നോ വാങ്ങിയിട്ട് മറിച്ചു വിറ്റോ എന്ന് പോലും അറിയാത്ത ഞാൻ എവിടെ പോയി അലയാൻ. നിയമം പഠിച്ചു തുടങ്ങിയതിന്റെ ഹാങ്ങോവറിൽ ബക്കാർഡി റമ്മിന്റെ രണ്ടു പെഗിൽ എന്റെ നീതി ബോധവും നിയമ പരിജ്ഞാനവും വക്കീലിന്റെ മൊബൈലിൽ വിളിച്ചിട്ട് വെച്ച് കാച്ചി.പിറ്റേന്നും ഞാൻ വക്കീലിന്റെ ഓഫീസിൽ പോയി കേസുകൾ ഒന്നും ഇല്ലാത്ത വക്കീൽ ഓഫീസിൽ ഇരിക്കുന്നതെന്തിന് ! അയാൾ വരുന്നവരെ ഞാൻ എലിയോടുന്ന ഓഫീസ് വരാന്ദയിൽ കുത്തിയിരുന്നു  സാർ എങ്ങനെയെങ്കിലും എന്റെ ലോണ്‍! എനിക്ക് തിരിച്ചു പോകണം. താൻ പതിനഞ്ചു കൊല്ലത്തെ മുൻ ആധാരം ഒറിജിനൽ എന്നെ കാണിക്കുക ഞാൻ നിസ്സഹായനായി . ഒരു ആയിരം രൂപയിൽ തീരുമായിരുന്ന കേസുകെട്ട്‌ എന്റെ മൌഡ്യം ഒന്ന് കൊണ്ട് മാത്രം പാതി വഴിയിൽ നിലച്ചിരിക്കുന്നു. ഞാൻ ഫോണെടുത്തു അരുണ്‍ സാറിനെ വിളിച്ചു  വക്കീൽ ഒരു വിധത്തിലും സമ്മതിക്കുന്നില്ല സാർ ഇനിയെന്ത് ചെയ്യും ? ഒരു വഴിയുമില്ല ബാങ്കിന് കിട്ടുന്ന നിയമ ഉപദേശത്തെ മറികടക്കാൻ എനിക്കാവില്ല നിങ്ങൾ ലോണിനെപറ്റി മറന്നേയ്ക്കുക. രണ്ടു മാസം കൊണ്ട് ഞാൻ ഉണ്ട്ടാക്കിയ സർട്ടിഫിക്കറ്റുകൾ ഞാൻ ഓടിയ ഓട്ടം, കണ്ട കിനാവുകൾ, ഒക്കെ എന്നെ നോക്കി പല്ലിളിക്കുന്നതുപോലെ തോന്നി എല്ലാ സ്വപ്നവും നടക്കണമെന്നില്ല അല്ലെങ്കിൽ തന്നെ മൂന്ന് വീടുള്ള എനിക്കിനി എന്തിനാണൊരു പുത്തെൻ വീട് പോകാൻ പറ പുല്ല്. സാർ ഒരു കാര്യം ചെയ്യൂ എന്റെ അപേക്ഷ പൂർണമായും എനിക്ക് മടക്കി തരിക. ക്ഷമിക്കണം ഇത്തവണ ഞങ്ങൾക്ക് താങ്കളെ സഹായിക്കാൻ കഴിഞ്ഞില്ല ഇനിയും ഞങ്ങളോട് ദയവായി സഹകരിക്കണം വെളുക്കെ ചിരിയോടെ അയാൾ അത് പറയുമ്പോൾ ഞാൻ നിർവികാരൻ ആയിരുന്നു.പുറത്തിറങ്ങുമ്പോൾ റോഡിനു അഭിമുഖമായി സുഹൃത്ത് അനി നിൽക്കുന്നു കാര്യങ്ങൾ ചോദിച്ചറിഞ്ഞ അവൻ പൊട്ടിച്ചിരിച്ചു  നീയെന്തൊരു മണ്ടനാ ഇവിടെല്ലാം കമ്മീഷൻ വ്യവസ്ഥയിൽ അല്ലെ ലോണ്‍ എമൌണ്ടിന്റെ അഞ്ചു ശതമാനം കമ്മീഷൻ കൊടുക്കാമെങ്കിൽ നിനക്ക് ലോണ്‍ വീട്ടിൽ കൊണ്ട് തരാൻ ആളുണ്ട്. അപ്പൊ ഈ കഷ്ട്ടപെട്ടു നേടിയ പേപ്പറുകൾ ! 
വേണ്ട കൈക്കൂലി കൊടുത്തിട്ടൊരു ലോണ്‍ എനിക്ക് വേണ്ട വീട്ടിലേയ്ക്ക് വരുന്ന വഴിയിലെപ്പോഴോ എന്നിലെ നിഷ്കപടൻ അറിയാതെ ആത്മഗതം ചെയ്തു കപട ലോകത്തിൽ ആത്മാർത്ഥമാമൊരു ഹൃദയം ഉണ്ടായതാണെന്റെ പരാജയം ........