Thursday, 29 September 2016

അന്നമ്മയത് അർഹിച്ചിരുന്നില്ലാഅന്ത്രയോസ് ദുഃഖത്തോടെ താഴേയ്ക്ക് നോക്കി , തിളച്ചു മറിയുന്ന നരകാഗ്‌നിയിൽ കിടന്നു അന്നമ്മ നിലവിളിച്ചു ,അന്തോച്ചായാ രക്ഷിക്കണേ ,അന്തോച്ചായാ രക്ഷിക്കണേ !
നറുനീന്തി പൂവിന്റെ മണമുള്ള തണുത്ത കാറ്റിന്റെ ശീതളിമയിൽ നിന്ന അന്ത്രയോസ് അവളോടുള്ള സ്നേഹത്താൽ ഒരു കാര്യം മനസിൽ ഉറപ്പിച്ചു .ഒന്നുകിൽ ഞാനും അന്നമ്മയും ഒരുമിച്ചു നരകത്തിൽ അല്ലെങ്കിൽ അവളെക്കൂടി ഇങ്ങോട്ടു കൂട്ടണം . പത്രോസിന്റെ കൊട്ടാരം ലക്ഷ്യമാക്കി അയാൾ നടക്കാൻ തുടങ്ങുന്നതിനു മുൻപ് തണുത്തു മരവിക്കാറായ കൈ ചുണ്ടിലമർത്തി രണ്ടു പറക്കുന്ന ചുംബനങ്ങൾ നരകത്തിലേയ്ക്ക് എറിഞ്ഞു കൊടുത്തു . തിളച്ച എണ്ണയിൽ കുളിക്കാൻ കാത്തു നിൽക്കുന്ന അന്നമ്മയാ ചുംബനങ്ങളെ ഇരുകൈയ്യും കൊണ്ടു നെഞ്ചോടു ചേർത്തൂ .
സദാ പ്രസന്ന വദനനും നീതിമാനുമായ അന്ത്രയോസിന്റെ വാടി കരിഞ്ഞ മുഖം കണ്ടു പത്രോസിന്റെ കൊട്ടാര വാതിൽ കാവൽക്കാരനായ ഗബ്രിയേൽ മാലാഖ അത്ഭുതപ്പെട്ടു . പ്രാണ പ്രേയസി നരകത്തിൽ കത്തുന്ന മുൾപ്പടർപ്പുകൾക്കിടയിൽ കിടന്നു നിലവിളിക്കുന്ന കാര്യം ദുഖത്തോടെ അന്ത്രയോസ് മാലാഖയെ അറിയിച്ചു . സ്വർഗ്ഗത്തിന്റെ സമൃദ്ധിയിൽ എല്ലാവരും സന്തോഷിക്കണമെന്നും ആരും ദുഖിക്കരുതെന്നും നിർബന്ധമുണ്ടായിരുന്ന മിഖായേൽ അന്ത്രയോസിനെ പത്രോസിന്റെ സന്നിധിയിലേയ്ക്ക് കൂട്ടി കൊണ്ടു പോയി .
പഞ്ഞിക്കെട്ടു പോലെ താടിയുള്ള പത്രോസ് ,ചെറുപ്പത്തിൽ അമ്മച്ചി പറഞ്ഞു തന്ന കഥയിലെ ആയിരം പൂർണ്ണ ചന്ദ്രന്റെ ശോഭയുള്ളവനെപ്പോലെ മന്ദഹാസത്തോടെയാണ് അന്ത്രയോസിനെ എതിരേറ്റത്. സ്വർഗ്ഗ രാജ്യത്തെ ആദ്യത്തെ പരാതി ആയതിനാലാവണം പത്രോസ് മിഖായേലിനെ അന്ധാളിപ്പോടെ നോക്കി .
എന്റെ ഭാര്യ അന്നമ്മയെക്കൂടി ഇങ്ങോട്ടു കൂട്ടണം പ്രഭോ ?
അന്ത്രയോസ് പത്രോസിനു മുന്നിൽ ആവശ്യം അറിയിച്ചു കൈകൂപ്പി നിന്നു .
അവൾ മരിച്ചോ ?
പത്രോസിന്റെ ചോദ്യം അന്ത്രയോസിനെ അന്ധാളിപ്പിച്ചു .എല്ലാം തീരുമാനിക്കുന്ന കൊട്ടാര ന്യായാധിപന് എന്റെ ഭാര്യ മരിച്ചോ എന്നു പോലും അറിഞ്ഞു കൂടേ എന്ന സംശയം മുഖത്ത് വരുത്തികൊണ്ടയാൾ പറഞ്ഞു .
ഉവ്വ് , മരിച്ചിട്ടിന്നു പതിനാലായി അവൾ നരകത്തിലാണ് , എനിക്കിവിടെ കേൾക്കാം അവളുടെ കരച്ചിൽ, സഹിക്കാൻ വയ്യ പ്രഭോ !
അന്ത്രയോസിനു ഭൂമിയിൽ എന്നാരുന്നു ജോലി ?
പത്രോസിന്റെ ബാസു കൂടിയ ശബ്ദം കർണ്ണ പുടത്തെ തഴുകി കടന്നു പോയി
കഴിഞ്ഞ മുപ്പതു കൊല്ലമായി ഞാൻ ഗൾഫിൽ ആയിരുന്നു പ്രഭോ ?
അവിടെ ഒരു പണിയല്ല ഒരായിരം പണി ചെയ്തിട്ടുണ്ട് !
ഭാര്യാ?
അവൾ നാട്ടിലായിരുന്നു പ്രഭോ ?
പത്രോസ് അർത്ഥഗർഭമായി മിഖായേലിനെ നോക്കി ,നോട്ടത്തിന്റെ അർത്ഥം പിടി കിട്ടിയിട്ടെന്നോണം വടക്കേ മൂലയിലുരുന്ന റിമോട്ട് എടുത്തു പത്രോസിന്റെ കൈകളിൽ ഏൽപ്പിച്ചിട്ടു മിഖായേൽ ദൂരെ മാറി നിന്നു .
കിഴക്കേ മതിലിന്റെ ചായ്‌വിലേയ്ക്ക് പത്രോസ് റിമോട്ട് നീട്ടിയമർത്തി ;
ഒരു ചലച്ചിത്രം പോലെ അന്ത്രയോസിന്റെ ജീവിതം സ്‌ക്രീനിൽ തെളിഞ്ഞു വന്നു .ചുട്ടു പഴുത്ത മരുഭൂമിയിൽ തണ്ടൂരി അടുപ്പിന്റെ ചൂടിൽ വിയർത്തു വിവശനായ അന്ത്രയോസ് . തിളച്ച വെയിലിൽ വാടി തളർന്നിട്ടും വീട്ടിലേയ്ക്കയക്കാനുള്ള കാശിനായി എല്ലു മുറിയുന്ന അനേകം പേരിൽ ഒരാളായി അന്ത്രയോസും .
മറുപുറത്ത് അന്ത്രയോസ് അയക്കുന്ന കാശു കൊണ്ട് നാട് നിരങ്ങി ഷോപ്പ് ചെയ്യുന്ന അന്നമ്മ .
ഒരിടത്ത് നിസ്സഹായനായ അന്ത്രയോസ് , മറുപുറത്ത് എണ്ണപ്പണത്തിന്റെ ഹുങ്കിൽ അഹങ്കരിക്കുന്ന അന്നമ്മ,ചിത്രങ്ങൾ മാറി മറിയുകയാണ്
പ്രദർശനം കഴിഞ്ഞതും പത്രോസ് അന്ത്രയോസിനെ നോക്കി, അന്ത്രയോസ് എല്ലാം മനസിലാക്കിയവനെ പോലെ ഒന്നും മിണ്ടാതെ പത്രോസിന്റെ കൊട്ടാരം വിട്ടിറങ്ങി . ദൈവ തീരുമാനങ്ങൾക്ക് എല്ലാത്തിനും ഒരു കാരണം ഉണ്ടാവും, കൊട്ടാരം വിട്ടിറങ്ങിയതും അന്ത്രയോസ് താഴേയ്ക്ക് നോക്കി. പുഴുക്കൾ കൊത്തി വലിക്കുന്ന കുഴിയിൽ നിന്നും അന്നമ്മ അന്ത്രയോസിനെ നോക്കി നിലവിളിച്ചു .
താൻ അനുഭവിച്ചു തീർത്ത നരകശിക്ഷയേക്കാൾ ചെറിയ ശിക്ഷയാണ്അന്നമ്മയിപ്പോൾ അനുഭവിക്കുന്നതെന്ന ബോധ്യം വന്നപ്പോൾ അന്ത്രയോസ് അടുത്തു കണ്ട പാൽ പുഴയിലേയ്ക്ക് എടുത്തു ചാടി, അതിലൂടെ ഊളിയിട്ടു അപ്സരസുകൾ മാത്രമുള്ള കടവിലേയ്ക്ക് നീന്തീ കയറി ................
Post a Comment