Saturday 10 December 2016

...............പ്രിയപ്പെട്ട പാവൽ (കഥ )..............




അമ്മച്ചി നട്ട പാവലിന്റെ നോക്കി നടത്തിപ്പുകാരി ഞാനായിരുന്നു . ദിവസവും വെള്ളമൊഴിക്കണം, പഴുത്ത ഇലകൾ പറിച്ചു കളയണം പൂവോ കായോ വന്നുവോ എന്നു നോക്കണം. സ്കൂൾ വിട്ടു വന്നാലുടൻ ഓടി അടുക്കളത്തോട്ടത്തിലേക്കാണ് പോവാറ് .അവിടെ വെണ്ടയും വഴുതനയും പീച്ചിങ്ങയുമൊക്കെ ഉണ്ടെങ്കിലും പാവൽ ചെടി മാത്രമായിരുന്നു എന്റെ സംരക്ഷണ ചുമതലയിൽ ഉണ്ടായിരുന്നത് കാരണം അമ്മച്ചിയുടെ അടുക്കളത്തോട്ടത്തിൽ വാഴാത്ത ഒരേ ഒരു ചെടി പാവലായിരുന്നു .പല തവണ അമ്മച്ചി പലതരം വിത്തുകൾ ഉപയോഗിച്ചു പാവൽ ചെടി വളർത്തി നോക്കിയതാണ് പക്ഷെ പൂവിടുമ്പോൾ തന്നെ അവയെല്ലാം മുഞ്ഞ കുത്തി പാഴായി പോയിരുന്നതിനാൽ അവസാന ശ്രമം എന്ന നിലയ്ക്കാണ് ഈ പാവൽ വള്ളികൾ എന്നെ ഏൽപ്പിക്കുന്നത് . ദിവസവും പൂവിട്ടു കായ്ക്കുന്ന നിത്യ വഴുതനയും നീണ്ടു നിവർന്നു കിടക്കുന്ന പീച്ചിങ്ങയും എന്നും എന്നോടു ചോദ്യ രൂപേണ പാവലിനെക്കുറിച്ചന്വേഷിക്കും . അവർക്കൊക്കെ ഞാൻ നോക്കി വളർത്തുന്ന പാവലിനോടു അസൂയ ഉള്ളതു പോലെ കളിയാക്കി ചിരിക്കും ഒരിക്കലും കായ്ക്കാത്ത വന്ധ്യയാണെന്റെ പാവൽ മരം എന്നെനിക്കു ഇപ്പോൾ തോന്നി തുടങ്ങിയിരിക്കുന്നു .
അമ്മച്ചിയുടെ തോട്ടത്തിൽ വസന്തം വന്നു . വണ്ടുകളും ശലഭങ്ങളും ചൊറിയൻ പുഴുക്കളുമടക്കം എല്ലാവരും വന്നിട്ടും ഞാൻ നട്ടു നനച്ച പാവൽ മാത്രം പൂവിട്ടില്ല . എന്റെ പ്രാർത്ഥനകളും തപസും അമ്മച്ചിയുടെ അടുക്കളത്തോട്ടത്തിലെ പാവലിനു വേണ്ടി ഞാൻ സമർപ്പണം ചെയ്തു . സ്കൂൾ ബാഗ് എറിഞ്ഞിട്ടു ഞാൻ ആദ്യം ചെല്ലുന്നതു പാവൽവള്ളികൾ പൂവിട്ടോ എന്നറിയാനാണ്. തമ്പായി അനുഗ്രഹിക്കാത്ത ചെടികളിൽ പൂവോ കായോ ഉണ്ടാവില്ലെന്നു പഠിപ്പിച്ച വേദപാഠം സാർ കുട്ടപ്പൻ സാറിനോട് എന്റെ പാവൽ ചെടിയെപ്പറ്റി ഞാൻ പറഞ്ഞു . മനുഷ്യനിലേതു പോലെ ജീവൻ ചെടികളിലും ഉണ്ടെന്നും ആ ജീവൻ നൽകിയ ദൈവം കനിയാതെ എന്റെ പാവൽ പൂക്കുകയോ കായ്ക്കുകയോ ചെയ്യില്ല എന്നു് കുട്ടപ്പൻ സാർ പറഞ്ഞപ്പോൾ എന്റെ മുന്നിലെ മുഴുവൻ ആശ്രയവും ദൈവത്തിലായി .കുട്ടപ്പൻ സാർ ഒന്ന് കൂടി പറഞ്ഞു നമ്മുടെ പ്രിയപ്പെട്ട എന്തെങ്കിലും സമർപ്പിച്ചു പ്രാർത്ഥിച്ചാൽ ദൈവം നിശ്ചയമായും ഫലം നൽകും . എന്താണ് എന്റെ പാവലിനു വേണ്ടി ഞാൻ സമർപ്പിക്കേണ്ടത് ?രണ്ടാം ക്ലാസുകാരിയായ ഞാൻ എന്ത് സമർപ്പിച്ചാലാവും ദൈവം എന്റെ പാവലിൽ കായ് നിറയ്ക്കുക ??
അമ്മച്ചീ പല്ലു വേദനയെടുക്കുന്നു അസഹ്യമായ വേദന ,അമ്മച്ചി മോണയിലെ പല്ലിൽ അമർത്തി ഉലച്ചു കള്ളൂ കുടിയൻ പൗലോച്ചായൻ വൈകിട്ടു കള്ളൂ കുടിച്ചു വരുമ്പോൾ ആടുന്നതു പോലെ ആടുകയാണെന്റെ പല്ലുകൾ ,അസഹ്യമായ വേദന .
"പുതിയ പല്ലുകൾ വരാനുള്ള സമയമായി അപ്പച്ചൻ വരുമ്പോൾ ഹോസ്പിറ്റലിൽ പോയി ഇതു നമുക്ക് പറിച്ചു കളയാം "
എന്റെ ആട്ടം വന്ന പല്ലുകൾ പറിച്ചു കളയാമെന്നു അമ്മച്ചി സമ്മതിച്ചിരിക്കുന്നു . എന്റെ പാവലിനെക്കുറിച്ചു കുറച്ചു നേരമെങ്കിലും ഞാൻ മറന്നിരിക്കുന്നു .പാവൽ ചെടിയുടെ വള്ളികൾ അമ്മച്ചിയുണ്ടാക്കിയ കയറു വേലിയിലേയ്ക്ക് പടർന്നു കയറിയിരിക്കുന്നു . കൂട്ടപ്പൻ സാർ പറഞ്ഞത് പോലെ എന്തെങ്കിലും പ്രിയപ്പെട്ടതു സമർപ്പിച്ചു പ്രാർത്ഥിച്ചാൽ ഇവൾ പുഷ്‌പിണിയാകും . ഞാൻ സർവ്വ ശക്തിയുമെടുത്തു മോണയിൽ ആടി നിന്നിരുന്ന പല്ലിൽ അമർത്തി .അൽപം രക്തം പൊടിഞ്ഞെങ്കിലും അതു അടർന്നു വായിൽ വീണു . അപ്പച്ചൻ വരും മുൻപ് ഡോക്ടറെ കാണും മുൻപു ആണയിലെ പല്ല് ഇതാ പറിഞ്ഞു കയ്യിൽ വന്നിരിക്കുന്നു .
പ്രിയപ്പെട്ട പാവലേ എനിക്കു സമർപ്പിക്കാൻ എന്റെയീ കുഞ്ഞു പച്ചരി പല്ലുകളല്ലാതെ മറ്റൊന്നുമില്ല .പാവൽ ചെടിയുടെ വേരുകൾക്കരികിൽ ഒരു കൊച്ചു കുഴിയുണ്ടാക്കി ആ പച്ചരി പല്ലിനെ പാവലിനു സമർപ്പിച്ചു മടങ്ങുമ്പോൾ ഒരു ആത്മ സംതൃപ്തി തോന്നി കുട്ടപ്പൻ സാർ പറഞ്ഞതു പോലെ എന്റെ ശരീരത്തിന്റെ ഒരു ഭാഗം തന്നെ ഞാൻ പാവലിനു സമർപ്പിച്ചിരിക്കുന്നു . അടുത്ത രണ്ടു ദിവസം ഞങ്ങൾ കാവാലത്തിനു പോകുകയാണ് കാവലാത്തെ ലീലാമ്മാന്റിയുടെ പെരവാസ്തോലിയാണ് രണ്ടു ദിവസം കഴിഞ്ഞേ വരൂ . കുട്ടനാട് ഭയങ്കര ഭംഗിയുള്ള സ്ഥലമാണ് വെള്ളവും വള്ളവും നല്ല മനുഷ്യരുമുള്ള നാട് . പക്ഷെ അപ്പച്ചൻ ആണ്ടിലൊരിക്കലെ അങ്ങോട്ടു കൊണ്ട് പോകു കാരണം ദുരിതം പിടിച്ച ബോട്ട് യാത്ര അപ്പച്ചനിഷ്ട്ടമല്ല .
കാവലത്തു നിന്നും പേരവാസ്തോലി കഴിഞ്ഞു വന്നതും ഞാൻ അടുക്കളത്തോട്ടത്തിലേയ്ക്കാണ് ഓടിയത് . അത്ഭുതം ! അത്യത്ഭുതം!! വന്ധ്യയായിരുന്ന എന്റെ പാവൽ പൂവിട്ടിരിക്കുന്നു പാവൽ പൂവിനു മുകളിലായി ഒരു കുഞ്ഞു പാവയ്ക്ക ഉണ്ടായിരിക്കുന്നു . അമ്പിളി മാമനെ കിട്ടിയ സന്തോഷമായിരുന്നു എനിക്ക് . കുട്ടപ്പൻ സാറിന്റെ ഉപദേശം ഫലിച്ചിരിക്കുന്നു എന്റെ പ്രാർത്ഥന ദൈവം കേട്ടിരിക്കുന്നു . ഇപ്പോൾ എനിക്കു ക്ലാസിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല ഓരോ നിമിഷവും എന്റെ പാവൽ വളരുന്നതിനെപ്പറ്റിയാണ് ചിന്ത മുഴുവൻ .വീണ്ടും പൂവുകളും അതിനു താഴെ കൊച്ചു കായകകളും വന്നു തുടങ്ങിയിരിക്കുന്നു . എന്റെ മോഹവും പൂത്തു തളിർക്കുകയാണ് പാവൽ വലുതായി വലുതായി വരുന്നു രണ്ടു കുഞ്ഞു വണ്ടുകൾ മൂളി പറന്നു എന്റെ കായ്ച്ചു തുടങ്ങിയ പാവലിനു ചുറ്റും വലം വെയ്ക്കുന്നു എന്നു കണ്ട അമ്മച്ചി ഒരു കടലാസു പൊതി കെട്ടി പാവലുകൾക്ക് സംരക്ഷണ വലയം തീർത്തിരിക്കുന്നു .
നാലു പാവയ്ക്കകൾ ഒരേ സമയം വളരുകയാണ് . അമ്മച്ചിയുടെ അടുക്കളത്തോട്ടത്തിൽ വാഴാത്ത പാവലുകളെ നട്ടു നനച്ചു വളർത്തിയ എനിക്കു വീട്ടിൽ വീര പരിവേഷം വന്നിരിക്കുന്നു . പക്ഷെ ഇതിനു വേണ്ടി ഞാൻ നടത്തിയ സമർപ്പണത്തെക്കുറിച്ചു വീട്ടിൽ ആർക്കും അറിഞ്ഞു കൂടാ . അന്നും പതിവു പോലെ സ്കൂളിൽ നിന്നും വന്നു അടുക്കളത്തോട്ടത്തിലേക്കോടി നോക്കിയപ്പോൾ എന്റെ നാലു പാവയ്ക്കകളെ അവിടെ കാണാനില്ല .ആരായിരിക്കും എന്റെ പാവയ്ക്കകളെ കൊണ്ടു പോയത് ?
കുളി കഴിഞ്ഞു വന്ന എന്നെ അമ്മച്ചി അടുക്കളയിലേയ്ക്ക് ക്ഷണിച്ചു .എന്റെ നാലു പാവയ്ക്കകൾ അടുക്കള പാതകത്തിലെ ഗ്രാനൈറ്റ് ടേബിളിലെ മുറത്തിൽ മിടുക്കരായി ഇരിക്കുന്നു . ഇന്നു അമ്മച്ചിയതിനെ കറി വെക്കും ,ഞാൻ അമ്മച്ചിയുടെ അടുത്തായി ചമ്രം പിടഞ്ഞിരുന്നു അതിൽ ഒന്നെടുത്തു അമ്മച്ചി നെടുകെ പിളർന്നു .ഞാൻ അതെടുത്തു അകത്തേയ്ക്കു നോക്കി ,ഞാൻ കുഴിച്ചിട്ട എന്റെ പച്ചരി പല്ലു പാവയ്‌ക്കയ്‌ക്കുള്ളിൽ !!!
ദശമൂടിയ മാംസത്തിനുള്ളിൽ നിന്നും ഒന്നെന്ന കണക്കിൽ മുപ്പതോളം പല്ലുകൾ അതിനുള്ളിൽ ഉണ്ടായിരുന്നു . അമ്മച്ചി വാളം പുളിയിട്ടു വെച്ച പാവയ്ക്ക തീയൽ ഞാൻ കഴിച്ചില്ല എന്നു മാത്രമല്ല പിന്നീടൊരിക്കലും എന്റെ പല്ലുകളെ ഉള്ളിൽ പേറുന്ന പാവയ്ക്കാ എനിക്കു പ്രിയപ്പെട്ടതായിരുന്നില്ല ....

No comments: