Sunday, 22 January 2017

ഒരു പൊമറേനിയൻ പ്രവാസംനവാസിനു ഇതിന്റെ വല്ല ആവശ്യം ഉണ്ടായിരുന്നോ ,അല്ലെങ്കിൽ ഈ നാട്ടിൽ ഏതു മേത്തന്മാരാ പട്ടിയെ വളർത്തുന്നേ ,ഇപ്പൊ മതിയായി കാണണം ഓരോരുത്തർക്കും ഓരോന്നു പറഞ്ഞിട്ടുണ്ട് അതു ചെയ്യാതെ കണ്ട ഹറാം പറപ്പിനെ പെരക്കകത്തു കേറ്റി താലോലിച്ചതു കൊണ്ടല്ലേ അനുഭവിക്കട്ടെ !
ജാനകി അമ്മയുടെ ചില്ലലമാരിയിലേയ്ക്ക് പൊരിച്ചു കൂട്ടിയിടുന്ന ചൂടു നെയ്പത്തിരിയിൽ ഒന്നെടുത്തു കടിച്ചു മുന്നിലിരുന്ന തിളച്ച ചായ അണ്ണാക്കിലേയ്ക്ക് വലിച്ചു സുകുമാരൻനായർ രോഷം കൊണ്ട് ജ്വലിച്ചു . ആറടി പൊക്കവും കരുവീട്ടിയുടെ നിറവും നീഗ്രോ മുടിയുമായി ജാനകി 'അമ്മ കട തുറക്കുമ്പോൾ ആദ്യമെത്തുന്നത് സുകുമാരനാണ് പിന്നാലെ മജിദും ജോസഫയും എത്തുന്നതോടെ ഏഷണി കോറം തികയും.
സുകുമാരൻ അസം റൈഫിൾസിൽ ശിപായി ആയി വിരമിച്ച ആളാണ് ,അല്ല അവിടെ പട്ടാളക്കാർക്കു കുശിനിപ്പണി ചെയ്യലായിരുന്നു എന്നും ഒരു സംസാരമുണ്ട് അല്ലെങ്കിൽ അക്ഷരം ചൊവ്വിനെ വായിക്കാനറിയാത്ത ആരെയെങ്കിലും പോലീസിലോ പട്ടാളത്തിലോ എടുക്കുമോ എന്തായാലും സാദാ വിമുക്ത ഭടന്മാരെപ്പോലെ പട്ടള കഥകൾ വിളമ്പാൻ സുകുമാരനെകിട്ടില്ല .അഥവാ പറഞ്ഞു തുടങ്ങിയാൽ ബാജിയിൽ ഉപ്പു പോരാത്തതിനു കമണ്ടൻഡ് സച്‌ദേവ് സിംഗ് തല്ലിയ കഥകൾ അറിയാതെ പുറത്തു വരുമെന്നയാൾ ഭയപ്പെട്ടു . മജീദും ജോസഫയും പ്രത്യേകിച്ചു തൊഴിൽ ഒന്നുമില്ലാത്ത മക്കളെ ആശ്രയിച്ചു ജീവിക്കുന്ന മധ്യവയസ്കാരാണ് ജാനകിയുടെ കടയുടെ വാതിൽക്കൽ കൂടി പറന്നു പോകുന്ന കാക്കയ്ക്കു വരെ വിലയിട്ടു വിമർശിക്കുകയാണ് മൂവർ സംഘത്തിന്റെ പ്രധാന ജോലി .
"നവാസെങ്ങനാ ഈമാനുള്ള മുസ്ലീമാകുന്നെ , നായരിച്ചിയേം കെട്ടി ദീനിനേം തള്ളി പറഞ്ഞു നടക്കുന്ന ഓൻ അതും ചെയ്യും അതിന്റെ അപ്പുറോം ചെയ്യും "
മജീദിനു രോഷമടക്കാൻ കഴിയുന്നില്ല ,പണ്ടേ നവാസ് അയാളുടെ ശത്രു നിരയിൽ ഒന്നാം സ്ഥാനക്കാരനായിരുന്നു .കാരണമെന്താ മജീദേന്നു ചോയിച്ചാൽ ഓ ഓൻ നല്ല നിലയിൽ കഴിയുന്നു അത്ര തന്നെ . ഈ പ്രത്യേക വിഷയത്തിൽ മാത്രം ജോസപ്പാ ഈ രണ്ടു പേരിൽ നിന്നും വ്യത്യസ്ത നിലപാടുകാരനാണ് കാരണം ജോസഫയുടെ വീട്ടിലുമുണ്ട് രണ്ടു ഘടാ ഘടിയൻ ജർമൻ ഷെപ്പേർഡ് . മകൻ സണ്ണികുട്ടിയുടെ പ്രധാന വിനോദ ഉപാധിയാണ് ഈ പട്ടി വളർത്തൽ അതു കൊണ്ടു തന്നെ നവാസിന്റെ മകൾ റംലത്തിനെ പട്ടികടിച്ച വിഷയത്തിൽ ജോസപ്പാ തന്ത്രപരമായ മൗനം പാലിച്ചു.
പൊമറേനിയൻ ബ്രീഡിലുള്ള മിന്നുവെന്നും മാളൂവെന്നും വിളിക്കുന്ന രണ്ടു സുന്ദരികുട്ടികളായിരുന്നു നവാസിന്റെ വീട്ടിലെ വളർത്തു നായ്ക്കൾ . ഗൾഫിലേയ്ക്ക് കുടുംബവുമായി പോകുന്ന ഹരിദാസിന്റെ ഏറ്റവും വലിയ വിഷമങ്ങളിൽ ഒന്നായിരുന്നു ഈ രണ്ടു നായ് കുട്ടികൾ . ഇവരെയും പാസ്പോർട്ട് എടുത്തു ഗൾഫിലേയ്ക്കു കൊണ്ട് പോകാൻ ഹരിദാസ് ഒന്ന് ശ്രമിച്ചതാണ് പക്ഷെ വലിയ വലിയ നൂലാമാലകളിൽ പെട്ടു അതു നടക്കാതെ വന്നതോടെയാണ് നവാസ് ഇവറ്റകളുടെ താൽക്കാലിക രക്ഷാകർത്താവാകുന്നത് . റംലത്തിനു അന്നു രണ്ടു വയസേ ഉണ്ടായിരുന്നുള്ളു അവളുടെ കൂടെ കളിച്ചും രസിച്ചുമാണ് മിന്നുവും മാളുവും വളർന്നത് . റംലത്തിനു സ്കൂളിനു പുറത്തുള്ള ഏക കൂട്ടുകാർ ഇവരായിരുന്നു . നവാസും ഭാര്യ രേവതിയും പോലും അവൾക്കു മിന്നുവിനെയും മാളുവിനെയും കഴിഞ്ഞിട്ടായിരുന്നു .
ജാനകിയുടെ ചായക്കട വീണ്ടും പല വിഷയങ്ങളുടെ തലനാരിഴ കീറിയുള്ള വിമർശനങ്ങൾക്കും കണ്ണു പൊട്ടുന്ന അസൂയക്കാരുടെ ജല്പനകൾക്കും വേദിയായി കൊണ്ടേ ഇരുന്നു .സുകുമാരൻ നായന്മാരെക്കുറിച്ചും മജീദ് മേത്തന്മാരെക്കുറിച്ചും കുടിയേറ്റക്കാരനായ ജോസപ്പാ മാത്രം ജാതി സ്പിരിറ്റ് വെച്ചു ഇന്നയാൾ എന്ന വേർതിരിവില്ലാതെ സകലമാന ഭൂവാസികളെയും കുറ്റം പറഞ്ഞു തിന്നും കുടിച്ചും പെടുത്തും കഴിഞ്ഞു പോന്നു .
റംലത്തും മിന്നുവും മാളുവും വീണ്ടും ചങ്ങാതിമാരായി . മിന്നുവായിരുന്നു റംലത്തിനെ കടിച്ചത് അതെന്തിനാണെന്നു അവളോടു ചോദിച്ചാൽ കുറ്റ ഭാരത്തിൽ തല താഴ്ത്തി നിൽക്കും . സാധാരണ പെണ്ണുങ്ങളിൽ കാണുന്ന അസൂയ നായ്ക്കൂട്ടങ്ങളിലും ഉണ്ടെന്നു റംലത്ത് വിശ്വസിച്ചു . മാളുവിനെ അധികം സ്നേഹിക്കുന്നതായി തോന്നിയതു കൊണ്ടാവണം മിന്നു അന്നങ്ങനെ അക്രമാസക്തയായത് . എന്നാലും ഡോക്ടർമാർ കുത്തിയപ്പോൾ താൻ അനുഭവിച്ച വേദന ഒരു പരാതി പോലെ മിന്നുവിന്റെ ചെവിയിൽ പിടിച്ചു പറയും അപ്പോഴൊക്കെ രണ്ടു കാലും പിറകിലേയ്ക്കും മുന്നിലേക്കും ഊന്നി അവൾ തല താഴ്ത്തി നിൽക്കും. ഹരിദാസ് അങ്കിൾ വിശ്വസിച്ചേൽപ്പിച്ചതല്ലായിരുന്നെങ്കിൽ ഒരു പക്ഷെ ഉപ്പ ഇവരെ എങ്ങോട്ടെങ്കിലും നാടു കടത്തിയേനെ അത്രയ്‌ക്കാണ്‌ താൻ ഹോസ്പിറ്റലിൽ കിടന്നപ്പോൾ ഉപ്പയും അമ്മയും വിഷമിച്ചത് . എല്ലാം തന്റെ തെറ്റാണെന്ന മട്ടിൽ തലകുനിച്ചു നിൽക്കുന്ന മിന്നുവിന്റെ മുകളിൽ കയറി മാളു റംലത്തിന്റെ മടിയിലേയ്ക്ക് ചാഞ്ഞിറങ്ങി .
ഇന്നത്തെ ചായക്കട ചർച്ചയിൽ മജീദ് മനപൂർവ്വമെന്നോണം ആ വിഷയം വീണ്ടും എടുത്തിട്ടു .നാട്ടിലാകെ പെരുകുന്ന പട്ടി കടിക്കിടയിൽ പേയിളകി മരിക്കുന്നവർ ഒരു പാടു പേരുണ്ടത്രേ . നമ്മുടെ നവാസിന്റെ മോളെ കടിച്ച പട്ടിയും ചില ചില്ലറ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിട്ടുണ്ടത്രെ . ഒരു പ്രവാചകന്റെ സ്വരത്തിൽ മജീദ് സംസാരിക്കുമ്പോൾ സുകുമാരനും ജോസപ്പയും ജാനകിയും മറ്റു ചായകുടിയന്മാരും ഒന്നും മിണ്ടാതെ കേട്ടു കൊണ്ടിരുന്നു .നവാസിന്റെ വീട്ടിലെ ചുമരുകൾക്കുള്ളിൽ വളരുന്ന രണ്ടു പട്ടികുട്ടികളുടെ ആരോഗ്യം പോലും കൃത്യമായി പറയാൻ തക്ക വണ്ണം കണ്ണും കാതും തുറന്നിരിക്കുന്നവരുടെ ഘ്രാണശക്തി അപാരമാണെന്നു ജാനകിക്കു തോന്നി .
ഹരിദാസ് അവധിക്കു വരുന്നു ഇക്കുറി തിരിച്ചു പോകുമ്പോൾ തങ്ങളുടെ മിന്നുവും മാളുവും ഉണ്ടാവും അതിനുള്ള സകല ഒരുക്കങ്ങളും ചെയ്തിട്ടാണ് അവർ വന്നിരിക്കുന്നത് . റംലത്തിനു രണ്ടു നാളായി ഉറക്കമില്ല തന്റെ ശരീരത്തിലെ ഒരു അവയവം നഷ്ടപ്പെടാൻ പോകുന്ന വേദനയിൽ അവൾ തലയിണയിൽ മുഖം പൊത്തി പൊട്ടി കരഞ്ഞു . ഹരിദാസ് അങ്കിൾ വരുമ്പോൾ എന്തെങ്കിലും നുണ പറയാൻ അവൾ ഉപ്പയോട്‌ ശട്ടം കെട്ടി .
ഹരിദാസ് കൊണ്ട് വന്ന പ്രത്യേക തരം പട്ടികൂടിലേയ്ക്ക് മിന്നുവിനെയും മാളുവിനെയും മാറ്റുമ്പോൾ അവർ റംലത്തിനെ നോക്കി ദയനീയമായി ഞരങ്ങി.ആ കാഴ്ച കണ്ടു നിൽക്കാൻ കഴിയാതെ അവൾ കുളിമുറിയിലെ ബാത്ത് ടബ്ബിനരികിലേയ്ക്ക് ഓടി . അവളുടെ കണ്ണുനീരിനൊപ്പം താഴെ തുറന്നു വെച്ച ബക്കറ്റിലേയ്ക്ക് വെള്ളവും ഒഴുകി വീണു .മിന്നുവും മാളുവുമായി ഹരിദാസങ്കിളിന്റെ വണ്ടി പോകുന്ന ശബ്ദം കേൾക്കാൻ കഴിയാത്ത വിധം ശക്തിയായി വെള്ളം ബക്കറ്റിലേക്കൊഴുകിയിറങ്ങി .
വണ്ടി ജാനകിയുടെ കടയെത്തിയതും രണ്ടു പട്ടിക്കുട്ടികളും തല പുറത്തേയ്ക്കിട്ടു അവിടെ കൂടിയിരിക്കുന്നവരെ നോക്കി .ഇന്നലെ ഇതിലൊന്നിന്റെ മരണം പ്രവചിച്ച മജീദ് തല പിന്നോക്കം വലിച്ചു ജോസപ്പായുടെ പിന്നിലേയ്ക്ക് മാറി .
നായ്ക്കൾ ഹറാമായ നാട്ടിലേയ്ക്കാണ് ഈ പൊമറേനിയൻ കുഞ്ഞുങ്ങൾ വിമാനം ഇറങ്ങാൻ പോകുന്നത്
ജോസപ്പാ അതു പറഞ്ഞു തീർന്നതും ചായക്കടയിലാകെ കൂട്ട ചിരി മുഴങ്ങി . ഒരു ജാള്യതയും കൂടാതെ മജീദും സുകുമാരനും ജോസപ്പും കൂടി അടുത്തപരദൂഷണത്തിന്റെ അജണ്ടയിലേയ്ക്കു കടന്നു .അപ്പോൾ റംല വീട്ടിനുള്ളിൽ ഏങ്ങലടിച്ചു കരയുകയും മിന്നുവും മാളുവും തണുപ്പുള്ള കൂട്ടിൽ കിടന്നു പ്രവാസത്തിലേയ്ക്ക് പറക്കുകയുമായിരുന്നു .......
Post a Comment