Wednesday, 10 June 2009

സെവാഗ് പടിയിറങ്ങുമ്പോള്‍ .

ക്രിക്കറ്റ് ലോകവും ഇന്ത്യയും ആവേശത്തിന്റെ കൊടുമുടിയിലേരാന്‍ തയ്യാറെടുത്തു കഴിഞ്ഞു .കുറ്റന്‍ അടിയുടെ വീരന്‍ വീരു നാട്ടിലേയ്ക്ക് മടങ്ങുകയാണ് . തോളില്‍ ഏറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്കായി നാട്ടിലേയ്ക്ക് മടങ്ങുന്നു എന്നാണ് ഔദ്യോഗിക ഭാഷ്യം .ലോകകപ്പിലെ ഒരു മത്സരം പോലും കളിക്കാനാവാതെ വീരു മടങ്ങുംമ്പോള്‍ ഇന്ത്യയുടെ രണ്ടാം കിരീട ധാരണം എന്ന സ്വപ്നം ചെറുതായെങ്കിലും മങ്ങിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .ആദ്യ ഓവറുകളില്‍ ലോഗ് ഓണ്‍ ലോഗ് ഓഫ്‌ ഫീല്ടെര്മാരുടെ തലക്ക് മുകളിലൂടെ മൂളി പറക്കുന്ന വന്യമായ ഷോടുകളുടെ തമ്പുരാന്‍ ധോണിയുമായുള്ള ചില പടല പിണക്കങ്ങളുടെ പേരില്‍ പടിയിറങ്ങുകയാണ് .

തനിക്ക് മുകളില്‍ പറക്കുന്ന പരുന്തുകളെ മുളയിലേ നുള്ളാന്‍ ക്യാപ്ടന്‍ പഠിച്ചു കഴിഞ്ഞു .രാഷ്ടീയ കുതിരകച്ചവടങ്ങള്‍ക്കും അധികാര രാഷ്ടീയത്തിനും കുപ്രസിദ്ധി നേടിയ ജാര്‍ക്കണ്ടില്‍ നിന്നുള്ള ഈ ഇരുപത്തി എഴുകാരന്‍ അതി വേഗം ഇന്ത്യന്‍ ടീമിലെ അപ്രമാദിത്വം കൈയേറി കഴിഞ്ഞു .ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു ചുരുങ്ങിയ കാലം കൊണ്ടു ലോകത്തിന്റെ നെറുകയില്‍ ഏറിയ ഈ ചെറുപ്പക്കാരന്‍ ഒരു പക്ഷെ അല്പം കൂടി സൌമനസ്യം കാണിച്ചിരുന്നെങ്കില്‍ സെവാഗ് ഈ ലോകകപ്പില്‍ ഉണ്ടാവുമായിരുന്നു .

പരസ്യ വാചകം പറയുന്നതു പോലെ അതെല്ലാം നമുക്കു മറക്കാം .ഇന്ത്യ ഇന്നു ലോക ക്രിക്കറ്റിലെ ഏറ്റവും ശക്തമായ ടീമുകളില്‍ ഒന്നാണ് കപ്പു സാധ്യത ഏറ്റവും കൂടുതല്‍ കല്പിക്കപെടുന്ന ടീമുകളില്‍ ഒന്ന്. യുവ രക്തത്തിന്റെ ആവേശവും കഴിവും വേണ്ട വിധം പ്രയോജനപെടുതിയാല്‍ ക്രിക്കറ്റിന്റെ മെക്കയില്‍ ഇന്ത്യന്‍ വസന്തം വിടരും .ലോര്‍ഡ്സിന്റെ മണ്ണില്‍ കപിലിന്റെ ചെകുത്താന്മാര്‍ക്ക് ശേഷം ധോണിയുടെ യുവരക്തം തങ്ങളാണ് മിനി ക്രിക്കറ്റിന്റെ രാജാക്കന്മാരെന്നു അടിവരയിടും .അന്ന് ഞങ്ങള്‍ ഇന്ത്യക്കാര്‍ ഈ തന്‍ പ്രമാണിത്വത്തിന്റെ കഥകള്‍ മറക്കും ,എന്തുകൊണ്ടെന്നാല്‍ വിജയമാണ് നമ്മുടെ ലക്‌ഷ്യം വ്യക്തിയേക്കാള്‍ ഏറെ വലുതാണ്‌ ഭാരതം .നൂറുകോടി ജനങ്ങളും ഒന്നായി പറയുന്നു കം ഓണ്‍ ഇന്ത്യ ദികാതോ......

Saturday, 7 February 2009

പെറ്റമ്മയ്ക്ക് ഭ്രാന്ത് വരുമ്പോള്‍ ..

ഇന്നലെ വരെ സാമ്പത്തിക മാന്ദ്യവും അതിനെകുറിച്ചുള്ള വാര്‍ത്തകളും ഞങ്ങള്‍ക്ക് ആരാന്റെ അമ്മയ്ക്ക് വന്ന ഭ്രാന്ത് പോലെ രസകരമായ ഒന്നായിരുന്നു .വമ്പന്‍ കമ്പനികള്‍ അടപെടല വീഴുമ്പോള്‍ ഇതു അവരുടെ മാത്രം കാര്യമെന്ന് കരുതിയിരുന്ന ഞങ്ങളും സാമ്പത്തിക മാന്ദ്യം എന്ന നീരാളിപിടുത്തത്തില്‍ അകപെട്ടിരിക്കുന്നു .സാമാന്യം തരക്കേടില്ലാതെ മുപ്പതു വര്‍ഷമായി മാര്‍കറ്റില്‍ പിടിച്ചു നിന്നിരുന്ന ഞങ്ങളുടെ എല്ലാ പ്രൊജക്ടുകളും ഒരു മുന്നറിയിപ്പും കൂടാതെ റദ്ദു ചെയ്യപെട്ടിരിക്കുന്നു .ഇരുനൂറോളം തൊഴിലാളികളും അവരുടെ കുടുംബവും ഇനി എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നില്‍ക്കുകയാണ്‌ .

ഒരു വരുമാന സ്രോതസും ഇല്ലാതെ ശമ്പളം നല്‍കാന്‍ ഞങ്ങള്‍ ബാധ്യസ്തര്‍ ആയിരിക്കുന്നു . ഞങ്ങളുടെ ഉയര്‍ച്ചയില്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നവരെ പെട്ടന്ന് ഒഴിവാക്കുന്നതെങ്ങിനെ , ഒഴിവാക്കിയില്ലന്കില്‍ ഞങ്ങള്‍ക്ക് നില നില്‍പ്പില്ല.ഒരു സന്തുലന പ്രക്രിയ അത്യാവശം ആയി വന്നിരിക്കുന്നു . ഇതു ഞങ്ങളുടെ മാത്രം അവസ്ഥായല്ല എവിടെ തിരിഞ്ഞാലും വിസ റദ്ദു ചെയ്യാന്‍ കാത്തിരിക്കുന്നവരും നീണ്ട അവധിയില്‍ പോകുന്നവരും മാത്രമാണ് .ഈ അവസ്ഥ ഇനി എത്ര നാള്‍ തുടരുമെന്ന് അറിഞ്ഞു കൂടാ .ഒരു കുടുംബത്തിന്റെ വരുമാന സ്രോതസ് പെട്ടന്ന് നിലയ്ക്കുമ്പോള്‍ ഉണ്ടാകുന്ന മാനസിക സമ്മര്‍ദം അരുതായ്മകളിലെയ്ക്ക് ആരെയും തള്ളി വിടാതിരിക്കട്ടെ എന്ന് നമുക്കു പ്രത്യാശിക്കാം .

ഇന്നലെ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി എന്റെ ഓഫീസില്‍ എത്തിയ രാമറാവുവും പണി പൂര്‍ത്തിയാക്കാത്ത അദ്ധേഹത്തിന്റെ വീടും അങ്ങനെ ഒരു പാടു പേരുടെ സ്വപ്നങളും പ്രതീഷകളുമാണ് സാമ്പത്തിക മാന്ദ്യമെന്ന ആഗോള പ്രതിസന്തിയില്‍ അലിഞ്ഞില്ലാതാകുന്നത്‌ . ബരാക്ക് ഒബാമയുടെ വാക്കുകള്‍ കടമെടുത്താല്‍ ചിലരുടെ അത്യാഗ്രഹം വരുത്തി വെച്ച വിനയില്‍ ലോകം പകച്ചു നില്‍ക്കുകയാണ്‌ .ആയിരങ്ങളുടെ കണ്ണുനീരിനു കാരണക്കാരായ ആ അത്യാഗ്രഹികള്‍ ദൈവത്തിനെ കോടതിയിലെങ്കിലും ശിക്ഷിക്കപെടട്ടെ .

Sunday, 4 January 2009

അവന്‍ വരും വരാതിരിക്കില്ല

മാമാങ്കത്തിന് നിളയുടെ തീരത്തു ചാവേര്‍ പട എത്തുമ്പോള്‍ മനസ്സില്‍ രണ്ടു ചിന്തകള്‍ മാത്രം മരിക്കുക അല്ലെങ്കില്‍ നേടുക .ഇവിടെ നേടുക എന്നത് വിദുര സ്വപ്നത്തില്‍ പോലുമില്ലാത്ത ചിലര്‍ ചാവേറുകള്‍ ആകാന്‍ തയ്യാറെടുത്തു കഴിഞ്ഞു .വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇരുപതു സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന ഇന്നത്തെ ഗീര്‍വാണം കേട്ടപ്പോള്‍ പാവം തോന്നിയത് മുരളിധരനോടല്ല അദ്ദേഹത്തെ വിശ്വസിച്ചു കൂടെ കൂടിയ രാഷ്ടീയ തൊഴിലാളികലോടാണ്.മുരളി രാജാവാകുമ്പോള്‍പടയാളിയെന്കിലും ആകാം എന്ന് മോഹിച്ചു പുറകെ കൂടിയ ചിലരുടെ സ്വപ്നമാണ് തകരാന്‍ പോകുന്നത് .


കേരളത്തിലെ കൊണ്ഗ്രെസ്സിന്റെ മുഖമായിരുന്ന കെ .കരുണാകരനെ ജനഹൃദയങ്ങളില്‍ നിന്നും അടര്‍ത്തി മാറ്റിയത് ഈ മകനോടുള്ള അതിരറ്റ സ്നേഹം ഒന്നു മാത്രമായിരുന്നു എന്നത് ഏത് കൊച്ചു കുട്ടിയോട് ചോദിച്ചാലും അറിയാവുന്ന സത്യമാണ് .ഒരു കാലത്തു തങ്ങള്‍ നിര്‍ദേശിക്കുന്ന വ്യക്തികള്‍ മാത്രം തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന അവസ്ഥയില്‍ നിന്നും ഒരു മുന്നണി പ്രവേശത്തിനായി കാത്തു കെട്ടി നില്കേണ്ട ഗതികേടിലെയ്ക്ക് മുരളി സ്വയം താഴുകയായിരുന്നില്ലേ . കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു മന്ത്രി ഉപ തിരഞ്ഞെടുപ്പില്‍ പരാജയപെട്ടപ്പോള്‍ എങ്കിലും ജനഹൃദയങ്ങളില്‍ നിന്നും താന്‍ അകന്നു കഴിഞ്ഞിരിക്കുന്നു എന്ന് മനസിലാക്കാതെ വീണ്ടു തൊഴുത്തില്‍ കുത്തിനും വില കുറഞ്ഞ രാഷ്ടീയ കളികള്‍ക്കും മുതിര്‍ന്നതാണ് മുരളിധരന്‍ എന്ന നേതാവിന്റെ പരാജയത്തിനും കേരളത്തില്‍ ഏത് മണ്ഡലത്തില്‍ മല്‍സരിച്ചാലും ഉറപ്പായും തോല്‍ക്കുന്ന നേതാവെന്ന ഒരു ധാരണ ജനങള്‍ക്കിടയില്‍ ഉണ്ടാവാനും കാരണമാക്കിയത്. ഒരു രാഷ്ടീയക്കാരന് അത്യാവശം വേണ്ട ജനപിന്തുണ പോലും ഇല്ലാത്ത ഒരു നേതാവിനെയും അദ്ധേഹത്തിന്റെ പാര്‍ടിയെയും ചുമക്കാന്‍ ഏത് മുന്നണിയാണ് സ്വയം മുന്നോട്ടു വരിക .നാറിയവനെ പേറിയാല്‍ പേറിയവാനും നാറുമെന്ന യാദാര്‍ത്ഥ്യം കേരളത്തിലെ ഇരു മുന്നണികളും മനസിലാക്കി കഴിഞ്ഞു ഇനി അഥവാ സമ്മര്ധ രാഷ്ടീയത്തിന്റെ ഭലമായി മുരളിധരന്‍ യു ഡി എഫ്മുന്നണിയില്‍ വന്നാലും ശക്തമായ യു ഡി എഫ് തരംഗത്തിലും മുന്നണിക്ക്‌ ആ മണ്ഡലം നഷ്ടപെടാന്‍ സാധ്യത കാണുന്നു .


ഇനി ഒരു രാഷ്ടീയ ഭാവി ആഗ്രഹിക്കുന്നുവെങ്കില്‍ മുരളിധരന്‍ കൊണ്ഗ്രെസ്സിലെയ്ക്ക് മടങ്ങിയെത്തുകയാണ് വേണ്ടത് ആര്ക്കും വേണ്ടാത്ത എന്‍ സി പിയെ അതിന്റെ വിധിക്ക് വിട്ടിട്ടു മാതൃ പ്രസ്ഥാനത്തിലേയ്ക്ക്‌ മടങ്ങിവരിക .പഴയ താന്‍ പോരിമയും ഒരുപ്പും ഉപേക്ഷിച്ചു തനിക്കുല്ലതെല്ലാം നഷ്ടപെടുത്തിയ ധൂര്‍ത്തപുത്രന്റെ മടങ്ങി വരവിനായി ആ പിതാവും കാത്തിരിക്കുകയാണ് . ആര്ക്കും വേണ്ടാത്ത പ്രസ്ഥാനത്തിനെ പ്രസിഡന്റ് ആയിരിക്കുന്നതിനേക്കാള്‍ നല്ലത് എല്ലാവര്‍ക്കു വേണ്ടപെട്ട ഒന്നില്‍ എന്തെങ്കിലും ആയിരിക്കുന്നതാണ്. മദാമ്മ മാഡവും, അലുമിനിയം പട്ടേലും എല്ലാം മറന്നു കഴിഞ്ഞിരിക്കുന്നു കുറെ സുന്ദര കുട്ടപ്പന്മാര്‍ കനവു കണ്ടു തുടങ്ങിയിരിക്കുന്നു .അങ്ങ് വരും,വരാതിരിക്കില്ല ,വരാതെ എവിടെ പോകാന്‍ അധികാരം എന്ന കസേര വിട്ടിട്ടു അങ്ങേയ്ക്ക് പോവാന്‍ കഴിയുമോ കാലം തെളിയിക്കട്ടെ .

Wednesday, 19 November 2008

മരങ്ങാട്ടുപിള്ളിയിലെ സഞ്ചാരി


ഈ ലോകത്തില്‍ ഏറ്റവും കൂടുതല്‍ അസുയ ആരോടാണെന്ന് ആരെങ്കിലും എന്നോട് ചോദിച്ചാല്‍ അര്‍ത്ഥശങ്കക്കിടയില്ലത്ത വണ്ണം ഞാന്‍ പറയുന്ന പേര്‍ സന്തോഷ് ജോര്‍ജ് കുളങ്ങര എന്നാകും .നൂറിലേറെ രാജ്യങ്ങള്‍ മുപ്പത്തിയേഴ് വയസിനുള്ളില്‍ സഞ്ചരിച്ചു കഴിഞ്ഞ ഈ സഞ്ചാര സാഹിത്യകാരന്‍ പുതു തലമുറയുടെ പ്രചോദനമാകുന്നത് സഞ്ചാര സാഹിത്യ കാരന്‍ എന്ന നിലയില്‍ മാത്രമല്ല ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ ബഹിരാകാശ വിനോദ സഞ്ചാരി എന്ന നിലയില്‍ കൂടിയാണ് .ഏഷ്യാനെറ്റില്‍ പ്രക്ഷേപണം ആരംഭിച്ച കാലങട്ടം മുതല്‍ മുന്നൂറ്റി അറുപത്തി അഞ്ചാം എപ്പിസോട് വരെ ജനപ്രീതി ഒട്ടും കുറയാതെ കാത്തു സൂക്ഷിക്കുന്ന ചുരുക്കം ചില നല്ല പരിപാടികളില്‍ ഒന്നാണ് സഞ്ചാരം .ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ സ്ഥാനം പിടിച്ച ആദ്യത്തെ മലയാളം ടെലിവിഷന്‍ പരിപാടിയും സന്ചാരമാല്ലാതെ മറ്റൊന്നല്ല .പാശ്ചാത്യ നാടിന്‍റെഊടുവഴികളിലൂടെ ക്യാമറയും തൂക്കി മലയാളിയുടെ സ്വീകരണ മുറികളിലേയ്ക്ക് അനീഷ്‌ പുന്നന്‍ പീറ്ററിന്റെ അനിതര സാധാരണമായ വിവരണത്തിലൂടെ കടന്നു വന്ന സന്തോഷ് ഇനി ചരിത്രത്തിന്റെ കൂടി ഭാഗമാകുകയാണ് .ഇന്ത്യയില്‍ നിന്നും ആദ്യമായി ഒരാള്‍ ഒരു കോടിയോളം രൂപ ചിലവഴിച്ചു രണ്ടര മണിക്കൂര്‍ ബഹിരാകാശത്ത് ഉല്ലാസ സവാരിക്കിറങ്ങുന്നു .അതൊരു മലയാളിയും നമ്മുടെ പ്രിയപ്പെട്ട സഞ്ചാര സാഹിത്യ കാരനും ആകുമ്പോള്‍ നമുക്കു അഭിമാനിക്കാം .നാടോടി കഥകളിലെ സന്ചാരികളെ പോലെ സഞ്ചാരം കൊതിച്ചിട്ടും ജീവിതത്തിന്‍റെതിരക്കുകള്‍ക്ക് വഴി മാറി കൊടുക്കേണ്ടിവന്ന നല്ലൊരു വിഭാഗത്തിനും സഞ്ചാരം തീര്ച്ചയായും ഇഷ്ടപെട്ട പ്രോഗ്രാം ആകും .

യാത്രകളെ ഇഷ്ടപെടുന്ന സന്തോഷ് പേരു കേട്ട വ്യവസായിയുമാണ് .മരങ്ങാട്ടുപിള്ളി പ്രസിദ്ധികരണം ലേബര്‍ ഇന്ത്യയുടെ എം ഡി ,ഗുരുകുലം പബ്ലിക് സ്കൂള്‍(വാഗമണ്‍ ) ,ബ്ലു ഫീല്‍ഡ് ഇന്റെര്‍ നാഷണല്‍ അക്കാദമി (യു .എസ് എ )എന്നിവയുടെ ചെയര്‍മാന്‍ .ഒരു രബ്ബിയുടെ ചുംബനങ്ങള്‍ ,നതാഷയുടെ വര്ണ ബലൂണുകള്‍ എന്നി യാത്ര വിവരണ ഗ്രന്ഥങ്ങളുടെ കര്‍ത്താവ് മാളുവിന്റെ ലോകം , സമയം ,ചിത്തിര പുരത്തെ വിശേഷങ്ങള്‍ , കേരള വിശേഷം തുടങ്ങിയ ടെലിവിഷന്‍ പ്രോഗ്രാമിന്റെ നിര്‍മാതാവ് കൃഷണ ഘാഥ എന്ന ഡോക്യുമെന്റെരി സംവിധായകന്‍ , കമല്‍ പാത്ര അവാര്‍ഡ് ,യുവ പ്രതിഭ അവാര്‍ഡ് ,വിവേകാനന്ദ അവാര്‍ഡ് തുടങ്ങിയവ നേടിയിട്ടുണ്ട് .മുന്‍ രാഷ്ടപതി അബ്ദുള്‍കലാമിന്റെ പ്രത്യേക അഭിനന്ദനം നേടിയ ഈ യുവ പ്രതിഭ ഇനിയും നമ്മള്‍ മലയാളികള്‍ക്കായി ഒരു പാടു നേട്ടങ്ങള്‍ കൊണ്ടു വരൂമെന്നു പ്രത്യാശയോടെ കാത്തിരിക്കാം .

Saturday, 8 November 2008

കളപുരകളില്‍ ശേഖരിക്കുന്നവര്‍

എന്‍റെ കാറുവന്നു നിന്നതും മണി അണ്ണന്‍ ഓടി കിതച്ചു കൊണ്ടു അടുത്തു വന്നു അയാള്‍ ആകെ പരിഭ്രാന്തന്‍ ആയിരിക്കുന്നത് പോലെ കാണപെട്ടു നല്ല മൂടല്‍ മഞ്ഞുള്ള പ്രഭാതം ആയിട്ടും മുഖമാകെ വിയര്‍ത്തിരിക്കുന്നു .നല്ല മനുഷനാണ് മണി അണ്ണന്‍ ,ഒരു തനി തിരോന്തരം കാരന്‍ വായ നിറച്ചും ചീത്തയും മനസ് നിറച്ചു നന്മയും സൂക്ഷിക്കുന്ന ഒരു തനി നാടന്‍ ,കള്ളുകുടി അണ്ണന്റെ വീക്നെസ് ആണ് രണ്ടെണ്ണം അടിച്ചാല്‍ പിന്നെ വഴിയില്‍ ഇറങ്ങി നിന്നു തല്ലു വാങ്ങിയാലെ അണ്ണന് ഉറക്കം വരൂ .ഉറങ്ങി എഴുനേട്ടാല്‍ പിന്നെ മണി അണ്ണന് ശത്രുക്കള്‍ ഇല്ല എല്ലാവരോടും കറയറ്റ സ്നേഹം .വര്‍ഷങ്ങളായി ഞങ്ങളുടെ വിശ്വസ്തന്‍ ആണ് ഈ അഞ്ചുതെങ്ങ് കാരന്‍ ഡ്രൈവര്‍ .ഞാന്‍ വണ്ടിയില്‍ നിന്നിറങ്ങുമ്പോള്‍ മണി അണ്ണന്‍ വിനയ പുരസരം അഭിവാദ്യം ചെയ്തു .എന്താ മണി അണ്ണാ രാവിലെ വല്ലവരും തല്ലിയോ എന്ന എന്‍റെ ചോദ്യത്തിന് ഒരു പൊട്ടി കരച്ചിലായിരുന്നു മറുപടി .തോളത്തു തട്ടി ആശ്വസിപിക്കുന്ന എന്നോട് വിതുമ്പി കൊണ്ടു അണ്ണന്‍ പറഞ്ഞു "സാറേ കൊച്ചു കുളത്തില്‍ വീണു ഉടന്‍ നാട്ടില്‍ പോകണം "പിന്നെ ഞാന്‍ ഒന്നും ചോദിച്ചില്ല ഓഫീസില്‍ കയറി സേഫ് തുറന്നു പാസ്പോര്‍ട്ട് എടുത്തു ട്രാവല്‍ കമ്പനിയില്‍ നിന്നു ടിക്കെടും ശരിയാക്കി നാട്ടിലെത്തിയാല്‍ വിവരങ്ങള്‍ അറിയിക്കണമെന്നും എത്ര ദിവസത്തെ ലീവ് വേണമെന്നു വിളിച്ചു പറയണമെന്നുമുള്ള നിബന്ധനയോടെ നാട്ടിലേയ്ക്ക് അയച്ചു. ഒരാഴ്ച കഴിഞ്ഞിട്ടും ഒരു വിവരവും ഇല്ല ഞാനും അത് മറന്നു കഴിഞ്ഞു .

രണ്ടാഴ്ചക്കു ശേഷം ഔദ്യോഗിക പരിപാടിയുടെ ഭാഗമായി എനിക്ക് തിരുവനന്തപുരം വരെ പോകേണ്ടി വന്നു .അഞ്ചു തെങ്ങ് അടുത്തപോഴാണ് എനിക്ക് മണി അണ്ണനെ ഓര്‍മ്മവന്നത്‌ .അണ്ണന്റെ കുട്ടിയെ പറ്റി പിന്നീട് ഒരു വിവരവും അറിയാഞ്ഞതിനാലും ഒന്നു കണ്ടു കളയാം എന്ന് കരുതി അണ്ണന്റെ വീട്ടിലെത്തി എന്നെ കണ്ടതും അണ്ണന്‍ ഒന്നു ചൂളി ഒരിക്കലും പ്രതീഷിക്കാത്ത ഒരാള്‍ പ്രതീഷിക്കാത്ത സമയത്തു മുന്നില്‍ നില്ക്കുന്നു . മണി അണ്ണന് ടീച്ചറുടെ മുന്നില്‍ നിന്നു പരുങ്ങുന്ന കുട്ടിയുടെ ഭാവം ,മക്കള്‍ എവിടെ മണി അണ്ണാ ?ദേ അവിടെ കളിക്കുന്നു സാറേ ,ആരാ കുളത്തില്‍ വീണേ ?മൂത്ത ആണ്‍കുട്ടിയെ ചൂണ്ടി കാട്ടി എന്നിട്ട് ഒന്നും പറ്റിയില്ലേ ?കുളത്തില്‍ വെള്ളം ഇല്ലാരുന്നു സാറേ! എനിക്ക് ചിരി വന്നു വെള്ളം ഇല്ലാത്ത കുളത്തില്‍ വീണതിനു എമര്‍ജന്‍സി ലീവ് .സാറ് ചീത്ത പറയരുത് ഇവളുടെ അനിയത്തിയുടെ കല്യാണമായിരുന്നു അത് കൂടാന്‍ വേറെ വഴിയില്ലാതെ മണി മുഴുവിപിച്ചില്ല .തിരികെ രണ്ടു ദിവസത്തിന് ശേഷം വരാമെന്ന വാക്കും വാങ്ങി ഞാന്‍ അവിടെ നിന്നിറങ്ങുമ്പോള്‍ ഞാന്‍ ആലോചിക്കുകയായിരുന്നു ഇതൊരു ജീവിതമാണോ ?നല്ല പാതിയും ജീവന്റെ ജീവനായ മക്കളെയും വിട്ടിട്ടു ഒരു നല്ല നാളെയ്ക്കു വേണ്ടി ഇന്നു നഷ്ടപെടുതുന്നവര്‍ ..അപ്പോള്‍ എന്‍റെ മനസില്‍ മുഴങ്ങിയത് ഒരു ബൈബിള്‍ വചനമായിരുന്നു ആകാശത്തിലെ പറവകളെ നോക്കു അവ വിതയ്ക്കുന്നില്ല കൊയ്യുന്നില്ല കളപുരകളില്‍ ശേഖരിക്കുന്നില്ല എങ്കിലും നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ് അവയെ തീറ്റി പോറ്റുന്നു.അവയെക്കാള്‍ എത്രയോ വിലപെട്ടവരാണ് നിങ്ങള്‍ .

Wednesday, 29 October 2008

താമര സ്വപ്‌നങ്ങള്‍

സഖാവ് താമരാക്ഷന്‍ എന്ന പുഷ്പ നയനനു രാഷ്ടീയ വനവാസം മടുത്തിരിക്കുന്നു .കോളജ് അദ്ധ്യാപനം എന്ന മുഷിപ്പിക്കുന്ന ജോലിയേക്കാള്‍ എത്രയോ ഭേദമാണ് രാഷ്ടീയം, ആര്‍ എസ് പി എന്ന ചവറ മഹാ രാജ്യ പാര്‍ടിയുടെ അനിഷേധ്യ നേതാവായി വിലസുമ്പോഴാണ് ഈ വിപ്ലവ കേസരിക്കു മന്ത്രി കസേര വലിയ കെണി ആവുന്നത് .വി പി രാമകൃഷ്ണ പിള്ളയെക്കാള്‍ യോഗ്യതയുള്ള താനും ബാബു ദിവാകരനും ഉള്ളപ്പോള്‍ തലയ്ക്കു മീതെ വേറെ ഒരാളോ ? യുദ്ധം തുടങ്ങി ,പാര്‍ടിയെ നടുവേ പിളര്‍ത്തി പഴയ സിംഹം ബേബി ജോണിനെ കൂടെ കൂട്ടി നടത്തിയ തെരുവ് യുദ്ധങ്ങളും തെറി വിളികളും പാര്‍ടിക്ക് കുറച്ചൊന്നും മൈലജ് അല്ല ഉണ്ടാക്കി കൊടുത്തത് .ഏറ്റവും ജനസമ്മതനായ ഇ കെ നയനാരിനെതിരെ വരെ അഴിമതി ആരോപണം ഉന്നയിച്ചു ,ഇടതു പക്ഷത്തിന്‍റെ വോട്ടു വാങ്ങി ജയിച്ചെത്തിയ ഇഷ്ടന്‍ ഭരണപക്ഷത്തെ തൊട്ടതിനും പിടിച്ചതിനും ചീത്ത വിളിച്ചു സഹികെട്ട് നിയന്ത്രണം വിട്ട സുധാകരന്‍ എം എല്‍ എ തല്ലാന്‍ നിയമസഭയുടെ നടുതളത്തിലേയ്ക്ക് ഇറങ്ങിയത്‌ പൊതു ജനം മറന്നാലും ഇവിടുത്തെ ദ്രിശ്യ മാധ്യമങ്ങള്‍ക്ക് മറക്കാന്‍ കഴിയില്ല .

അടുത്ത ഊഴം യു ഡി എഫ് കോട്ടയില്‍ അവരുടെ കുപ്പായം അണിഞ്ഞു പൊതു ജനത്തെ കഴുതകളാക്കിയേക്കാം എന്നു കരുതിയ താമരാക്ഷന് ഹരിപാടുകാര്‍ കഴുതകള്‍ അല്ലെന്ന സത്യം തിരിച്ചറിയേണ്ടി വന്നു .കടുത്ത യു ഡി എഫ് തരംഗത്തിലും താമരാക്ഷന് കാലിടറി, ബാബുവും ഷിബുവും ജയിച്ചു കയറിയപ്പോഴും ബാബു ദിവാകരന്‍ മന്ത്രിയായപ്പോഴും കാത്തു സൂക്ഷിച്ച മന്ത്രി കസേര എന്ന സ്വപ്നം തമാരക്ഷന്റെ ഉറക്കം കെടുത്തി കൊണ്ടേ ഇരുന്നു .ഷിബുവുമായി ചേര്ന്നു കൊച്ചു പാര്‍ടിയെ മുന്നാം കഷണമാക്കി വളരും തോറും പിളരട്ടെയെന്ന മാണി സാറിന്റെ മുദ്രാവാക്യം അടിവരെയിട്ടു .പിന്നിടെപ്പോഴോ ഷിബുവുമായും പിണങ്ങി ആര്‍ എസ് പി നാലാം കഷണമായി ,താമരാക്ഷന്‍ രാഷ്ടീയ വനവാസത്തിലുമായി ,ടിയാന്‍ തിരികെ വാദ്ധ്യാരുപണിയിലെയ്ക്കും തിരിഞ്ഞു .ഇതിനിടയില്‍ പല പാര്‍ടിയെയും സമീപിച്ചു അംഗത്വത്തിന് അപേക്ഷ നല്കി നോക്കി മുന്‍‌കാല ചരിത്രം നന്നായി അറിയാവുന്നവര്‍ പതിയിരിക്കുന്ന അപകടം മനസിലാക്കി വിദഗ്ദമായി ഒഴിഞ്ഞു .ഇപ്പോള്‍ എന്ത് വിലകൊടുത്തും മാതൃ സംഘടനയിലെയ്ക്കു തിരികെയെത്താന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചു വി പി രാമകൃഷ്ണ പിള്ളയെ മാത്രം ദിവാസ്വപ്നം കണ്ടു കഴിയുകയാണ് ഈ പാവം ,പാര്‍ടി പിളര്ത്തിയതില്‍ നിര്‍വ്യാജം ഖേദിക്കുകയും ചെയ്യുന്നു ഈ സഖാവ് .ഒരു നല്ല മടക്ക യാത്ര ആകട്ടെ ഈ രണ്ടാം വരവ് എന്നും പഴയ പൂച്ച ഇനി ഒരിക്കലും പുറത്തു ചാടില്ല എന്ന ശുഭാപ്തി വിശ്വാസത്തോടെയും നമുക്കു കാത്തിരിക്കാം .

Tuesday, 28 October 2008

രാഷ്ടീയ ഭിക്ഷാടകര്‍

പി സി തോമസ് കുറെ നാളായി യാചിക്കുകയാണ് എന്‍റെ പൊന്നു ജോസഫ് സാറേ എന്നെയൊന്നു പുറത്താക്കാന്‍ ജോസഫ് കേട്ട ഭാവമേ നടിക്കുന്നില്ല .അമീബ കോശ വിഭജനത്തിനു ശ്രമിക്കുന്നപോലെ കര്‍ഷകരെ സംഘടിപിച്ചു പല വിധത്തിലുള്ള അച്ചടക്ക ലംഘനവും നടത്തി നോക്കി എന്നിട്ടും ഫലം തദൈവ .പള്ളിയും പട്ടക്കാരുമായിരുന്നു കേരള കൊണ്ഗ്രെസ്സുകളുടെ എക്കാലത്തെയും വലിയ ശക്തിയും വോട്ട് ബാങ്കും,ദൈവാധീനം കൊണ്ടു സഖാവ് ബേബിയും പിണറായിയും കൂടി അതൊരു വഴിക്കാക്കി കൊടുത്തു ഇനി ഇടതു പക്ഷ സഖ്യ കക്ഷി എന്നനിലയില്‍ എങ്ങനെ വിശ്വസികളിലെയ്ക്ക് ഇറങ്ങി ചെല്ലും എന്ന് നിനച്ചു കുഞ്ഞുമാണി പുണ്യ വാളനെ മനസ്സില്‍ ധ്യാനിച്ച് കഴിഞ്ഞ ജോസേഫിനു പാര്‍ടിക്കുള്ളില്‍ നിന്നു കിട്ടിയ അടിയാണ് പി സി തോമസിന്‍റെത്. ഒരു കാട്ടില്‍ രണ്ടു സിംഹങ്ങള്‍ വാഴില്ല എന്ന പഴംചൊല്ലിനെ ശരിവെയ്ക്കുന്ന തരത്തിലാണ് കേരള കൊണ്ഗ്രെസ്സ് ജൊസ്ഫ് ഗ്രൂപ്പിന്റെ അവസ്ഥ .പാര്‍ടി ചെയര്‍മാന് മിണ്ടാട്ട്ടം മുട്ടിയ അവസ്ഥ അറുപതാം വയസില്‍ പെണ്ണുകേസില്‍ പെടുക കൂടെ നില്‍ക്കുന്നവര്‍ മന്ത്രി സ്ഥാനത്തിനു തമ്മില്‍ തല്ലുക ,കേസ് ഒതുക്കി തീര്‍ക്കാന്‍ ചെന്നൈക്ക് പോയവര്‍ ഒരിക്കലും തീരാത്ത കേസാക്കി പാര വെയ്ക്കുക ഇതെല്ലാം കഴിഞ്ഞ ശേഷം ജോസഫ് വായ തുറന്നിട്ടില്ല .ഈ അവസരം മുതലാക്കിയാണ് പി സി തന്‍റെ കൂടെ വന്നവരേയും പാര്‍ടിയിലെ അസംതൃപ്തരെയും അധികാര മോഹികളെയും ചാക്കിട്ടു പിടിച്ചു സമാന്തര സംഘടനക്കു ശ്രമിക്കുന്നത് .ഇടതു മുന്നണി രണ്ടു കൂട്ടരെയും മുന്നണി യോഗങ്ങളില്‍ പങ്കെടുപ്പിക്കുകവഴി ഒരു മുഴം മുന്നേ നീട്ടി എറിഞ്ഞിരിക്കുകയാണ് ജോസഫ് മറുകണ്ടം ചാടുകയാണെങ്കില്‍ തങ്ങള്‍ക്കും വിശ്വാസികളുടെ ഇടയില്‍ ഒരു ഇടയന്‍ ഉണ്ടാവേണ്ടേ . വിശ്വാസികളെയും വിശ്വാസത്തെയും തള്ളി പറഞ്ഞാലും അവരുടെ വോട്ടിനെ തള്ളിപറയാന്‍ കഴിയുമോ ?മാണി സാര്‍ റോമില്‍ പോയി തിരി പിടിച്ചു വിശ്വാസികളുടെ ഹൃദയത്തില്‍ കയറിയെങ്കില്‍ തോമസ് ഇവിടെ ഒറീസ്സയില്‍ പീഡിതരുടെ ജിഹ്വ ആകുകയാണ് .ഇന്നല്ലെങ്കില്‍ നാളെ തോമസ് പുറത്തു ചാടും അധികാരം എന്ന രസിപ്പിക്കുന്ന കസേരക്കായി അച്ചായന്‍ ഇനി എന്തെല്ലാം കളികള്‍ കളിക്കുമെന്ന് കാത്തിരുന്നു കാണുക തന്നെ .



Tuesday, 21 October 2008

ഷെവലിയാര്‍ ജിമ്മി

പതിരാവേറെ കറുത്ത നേരം
കത്തനാരച്ചന്റെ ഫോണ്‍ ചിലമ്പി
അങ്ങേതലയ്ക്കല്‍ ഒരാള്‍ ഒരുത്തന്‍
തെല്ലു കിതചോതി നായ ചത്തു
നിദ്ര മുറിചിട്ടീ ചൊല്ല് കേട്ടു
അച്ഛനു ദേഷ്യം ഇരച്ചു കേറി
വീട്ടിലെ നായ തുലഞ്ഞിടുകില്‍
പള്ളി വികാരിക്കിതെന്തു ചേതം
മുറ്റത്തു നല്ലൊരു കുഴിയെടുത്തു
നായയെ പെട്ടന്ന് വെട്ടി മൂട്
തോള്ളക്ക് വന്ന തെറികളെല്ലാം
പട്ടത്തെ ഓര്‍ത്തച്ചന്‍ പിന്‍വലിച്ചു
തെല്ലു നിറഞ്ഞ മൌനം മുറിച്ചു
അച്ഛനോടായി മൊഴിഞ്ഞു വീണ്ടും
ചത്തത് വെറുമൊരു നായയല്ല
കൊച്ചു കുബേരന്‍ ഈ ജിമ്മി നായ
നായയ്ക്ക്‌ കര്‍മങ്ങള്‍ ചെയ്തിടുന്ന
പള്ളിക്കാ ഒസ്യത്തില്‍ നല്ല പങ്കും
സ്വത്തു വിവരങ്ങള്‍ കേട്ട നേരം
പാതിരി അച്ഛന്‍ കുരച്ചു ചീറി
ചത്തത്‌ കത്തോലിക്കാ നായയെന്നു
എന്തുകൊണ്ടിതുവരെ ചൊല്ലിയില്ല
തങ്ക കുരിശുമായ് അച്ചനെത്തി
ചരമ പ്രസംഗം തകര്ത്തു വാരി
ജിമ്മി തന്‍ ഒസ്യത്തിനു ഒത്ത വണ്ണം
അന്ത്യ കര്‍മങ്ങള്‍ അതൊക്കെ നല്കി
ദൈവപിതാവിന്‍ വലം ചേര്‍ക്കുവാന്‍
ജിമ്മിയെ ഷെവലിയാര്‍ ജിമ്മിയാക്കി
കീശയില്‍ കാശുള്ള ഏതു നായ്ക്കും
ചുളുവില്‍ അടിച്ചിടാം സ്വര്‍ഗരാജ്യം .

Sunday, 12 October 2008

സാന്ത്വന വെള്ളി

വെള്ളി ഒരു സാന്ത്വനമാണ്

യാന്ത്രികതയുടെ ബന്ധനങ്ങള്‍ ഇല്ലാത്ത

കര്‍ത്തവ്യ ബോധത്തിന്റെ ഉള്‍വിളികള്‍ ഇല്ലാത്ത

ഉറക്കത്തിന്റെ സൌന്ദര്യമൂരുന്ന വെള്ളി.

പഴുത്ത മണലിന്റെ പൊള്ളുന്ന ചൂടില്‍ നിന്നും

ശീതികരണിയുടെ കുളിര്‍മയിലെയ്ക്കൊരു വെള്ളി.

വിവരമില്ലാത്തവന്റെ വിവരക്കേടുകള്‍ക്ക്

റാന്‍ മൂളി നില്‍ക്കെണ്ടാതൊരു വെള്ളി.

ടി വി റിമോട്ടിലൂടെ സഞ്ചാരം നടത്താന്‍

ഉപഗ്രഹ ചാനലുകള്‍ക്ക് തീറെഴുതിയ വെള്ളി .

വളര്‍ന്നുതുടങ്ങിയ താടി രോമങ്ങള്‍

വടിച്ചു സുന്ദരന്‍ ആകേണ്ട വെള്ളി.

ആറു നാളത്തെ വിഴുപ്പിന്റെ ഭാണ്ഡങ്ങള്‍

അലക്കി വെളുപ്പിക്കേണ്ട വെള്ളി.

ഉപ്പയുടെ ഫോണിനായി കാത്തിരിക്കുന്ന

പൊന്നു മക്കളുടെ പയ്യാരം കേള്‍ക്കേണ്ട വെള്ളി .

പൊന്നു പണവും ഇല്ലങ്കിലും ങ്ങള്വേഗം വന്നാ മതിന്ന

കിളി മൊഴിക്ക് മുന്നില്‍ വാക്കുകള്‍ നഷ്ടപെടുന്ന വെള്ളി .

നളപാചകത്തിന്റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി

സഹ മുറിയരെ ഗിനി പന്നികള്‍ ആക്കാനൊരു വെള്ളി .

വില കുറഞ്ഞ സ്കോച്ചിന്റെ കടുത്ത ലഹരിയില്‍

തല പൂഴ്ത്തി അലിഞ്ഞില്ലാതാകാന്‍ ഒരു വെള്ളി .

വെള്ളി ഒരു അനുഗ്രഹമാണ് ,

മരുഭൂമിയുടെ ഊഷരതയില്‍ അലയുന്നവര്‍ക്ക്

ദൈവം കനിഞ്ഞിട്ട സാന്ത്വന വള്ളി .

Thursday, 2 October 2008

ഡോമെസ്ടിക് കുരിയാക്കോ

കുരിയാക്കോ പണ്ടൊരു പെണ്ണ് കണ്ടു
ലണ്ടനില്‍ നേഴ്സ് ആയ മറിയകുട്ടി.
വടി പോലെ നീണ്ടൊരു കുരിയാക്കോയ്ക്ക്
തടിയെറും നിറമില്ല മറിയകുട്ടി
പൌണ്ടിന്‍ കനത്തിലെ ഡോറീ കണ്ട്
കുരിയാക്കോ മദയാന മരിയെ കെട്ടി
കെട്ട് കഴിഞ്ഞെട്ടു തീരും മുന്‍പെ
മറിയാമ്മ കരയാതെ ബൈ ബൈ ചൊല്ലി
കുരിയക്കോ ഫോണ്‍ ചോട്ടില്‍ പെറ്റിരുന്നു
മറിയാമ്മ സാറ്റലൈറ്റ് ഫോണ്‍ വിളിച്ചു
മുറിയാതെ പൌണ്ട് എത്തി കുരിയാക്കോയ്ക്ക്
വൈകാതെ സ്പീഡ് പോസ്റ്റില്‍ വിസയുമെത്തി
മണിക്കൂറില്‍ അറുപതു പൌണ്ട് നേടും
മറിയേടെ കെട്ടിയോന്‍ ഞാന്‍ കുരിയാ
മറിയാമ്മ ഡൂട്ടിക്ക് പോയിടുമ്പോള്‍
ഹോട്ട് ബേഡില്‍ ചൂടന്‍ തകര്‍ത്തു കാണും
മാമരം കോച്ചും തണുപ്പ് അകറ്റാന്‍
സ്കോച്ച് ഒന്നു പൊട്ടിച്ചു വീശിടെണം
ലണ്ടനില്‍ കിട്ടുന്ന മദ്യമെല്ലാം
ലാവിഷായ് വാങ്ങി അടിച്ചിടെണം
ഭര്‍ത്താവുജോലിയും കനവു കണ്ട്‌
കുരിയാക്കോ ലണ്ടനില്‍ ഫ്ലൈറ്റ്ഇറങ്ങി

ലണ്ടനിലെത്തിയ നാള്‍ മുതല്‍ക്കു
മറിയാമ്മ മറിമായം കാട്ടി മെല്ലെ
രാവിലെ ബെഡ് കോഫി വെച്ചിടേണം
പ്രാതലോരുക്കി ഞാന്‍ നല്‍കിടേണം
ടോമിയെ ദിവസവും തൂറ്റിക്കണം
സോപിട്ട് നന്നായ്‌ കുളിപ്പിക്കണം
പട്ടിക്കു ഫുഡ് ഒക്കെ തീര്‍ന്നിടുമ്പോള്‍
മാര്‍കെറ്റില്‍ പോയി ഞാന്‍ വാങ്ങിടെണം
മറിയാമ്മ ജോലിക്ക് പോകും മുന്‍പെ
ചുളിയാതെ തുണി എല്ലാം തേച്ചു നല്കും
തിരുവല്ലേല്‍ ഉണക്കമീന്‍ വിറ്റിരുന്ന
കുരിയാക്കൊയ്ക്കിവിടിപ്പം സ്കോപ്പും ഇല്ല
മീന്‍ ഉണക്കാന്‍ ഒട്ടു വെയിലുമില്ല
കുരിയാക്കോ എന്ന ഞാന്‍ ഏകനല്ല
ലണ്ടനില്‍ എവിടെ തിരിഞ്ഞിടിലും
നൂറു കുരിയക്കോ പ്രേതമുണ്ട്
മിസിസിന്റെ പൌണ്ടിന് ഫുഡ് അടിക്കും
ഗ്ലോറിഫൈഡ് ഡോമെസ്ടിക്ക് കുരിയാക്കൊമാര്‍