Thursday, 12 May 2016

ഉറവ വറ്റിയ ഉറവപ്പാറ


അചാച്ചാ ഈ മരുന്നിവിടെ ഇല്ലെന്നാ പറയുന്നത് , പതിനാലു വയസായ ഒരു മൊഞ്ചത്തിക്കുട്ടി അറുപതു കഴിഞ്ഞ വൃദ്ധനെന്നു ഒറ്റ നോട്ടത്തിൽ തോന്നിക്കുന്ന ആളോട് ദയനീയമായി പറയുന്ന കാഴ്ച കണ്ടാണ്‌ ഞാൻ അങ്ങോട്ട്‌ ചെന്നത് . ഞാനാ കുറിപ്പടി വാങ്ങി നോക്കി രക്താർബുദത്തിനുള്ള ക്ലോഫാരബിൻ എന്ന മരുന്നാണത് പുറത്തെ മെഡിക്കൽ ഷോപ്പിൽ 21000 രൂപയ്ക്കാണാ മരുന്ന് വിൽപന നടത്തുന്നത്. സർക്കാർ മരുന്നുകടകളിൽ അതിന്റെ നാലിൽ ഒന്ന് വില മാത്രം.
തൊടുപുഴ നഗരസഭയ്ക്കടുത്തു ഉറവപ്പാറാ എന്ന സ്ഥലത്ത് നിന്നാണ് കൃഷ്ണൻ ചേട്ടനും മകളും കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയത്. കല്യാണം കഴിഞ്ഞു പതിനാലു വർഷത്തെ നേർച്ച കാഴ്ചകളുടെ ഫലമായിട്ടാണ് മകൾ സീത ഉണ്ടായത്. പതിമൂന്നാം വയസിൽ അവൾക്കു ബ്ലഡ്‌ കാൻസർ ആണെന്നറിയും വരെ വളരെ സന്തോഷത്തിലായിരുന്നു ആ കുടുംബം. പെട്ടന്നാണാ സന്തോഷത്തിന്റെ മുകളിൽ രോഗം കാർമേഘം പൂണ്ടിറങ്ങി കാറ്റും കോളും കടൽക്ഷോഭവും വരുത്തി വെക്കുന്നത്. നിസ്സഹായനായ ആ മനുഷ്യനു ചുറ്റും പ്രസരിപ്പുള്ള മുഖവുമായി അവൾ , ഒരു നിമിഷം ഞനെന്റെ മക്കളെയോർത്തു ആ പെൺകുട്ടിയിൽ എന്റെ മകളുടെ മുഖം തെളിയുന്നത് പോലൊരു തോന്നൽ ,
ഇടവക പള്ളിയിലെ വിൻ സെൻ ഡി പോളിന്റെ ചുമതലക്കാരൻ ഞാനാണ് ,എല്ലാ മാസവും നിർദ്ധനരായ രോഗികൾക്ക് ചെറിയ ഒരു തുക വീതം നൽകുന്നുണ്ട് ഇവരെ അങ്ങോട്ട്‌ കൂട്ടിയാലോ , യാതൊരു സങ്കോചവുമില്ലാതെ ആ മനുഷ്യനും കുടുംബവും എന്നെ അനുഗമിച്ചു വികാരി അവരുടെ ദയനീയത അറിഞ്ഞപ്പോൾ ചികിത്സാ ചിലവു മുഴുവൻ വഹിക്കാമെന്നായി , ഗവണ്മെന്റ് കൊടുത്ത ഇൻഷുറൻസ് കാർഡിലെ കാശ് തീരുന്ന മുറയ്ക്ക് അയാൾക്ക്‌ എപ്പോൾ വേണമെങ്കിലും ബില്ലുമായി പള്ളിമുറിയിൽ എത്താനുള്ള സ്വാതന്ത്ര്യം അച്ചൻ അനുവദിച്ചു. എപ്പോളൊക്കെ അച്ചനെ കാണാൻ വരുമോ അപ്പോളൊക്കെ അയാൾ കുടുംബവുമായി എന്നെ വന്നു കാണും.
അനുവദിക്കപ്പെട്ടു കിട്ടിയ സ്വാതന്ത്ര്യം ഒരിക്കലും അയാൾ ദുരുപോയോഗപ്പെടുത്തിയില്ല . നീതി സ്റ്റോറിൽ ഇല്ലാത്ത മരുന്നുകൾക്കായി മാത്രമേ അയാൾ പള്ളി മേടയിൽ എത്താറുണ്ടായിരുന്നുള്ളൂ.ഒരു രാത്രിയിൽ ഉറവപ്പാറയിൽ നിന്നൊരു ഫോൺ കാൾ അച്ചനെ തേടിയെത്തി. കൃഷ്ണേട്ടൻ മരിച്ചിരിക്കുന്നു ഞങ്ങൾ ചെല്ലുമ്പോൾ ഉറവപ്പാറ തേങ്ങുകയായിരുന്നു. ഇടിഞ്ഞു വീഴാറായ ഒരു ആസ്ബറ്റോസ് കുടിലിനു മുന്നിൽ മൂന്നു മൃത ശരീരങ്ങൾ. ചിരിച്ചു കൊണ്ടു ഉറങ്ങുന്ന മുഖവുമായി കൃഷണനും സീതയും ഭാര്യ ജാനകിയും. മകൾ ഇല്ലാത്ത ലോകം നിറങ്ങളില്ലാത്തതാവും എന്നയാൾ ഇടയ്ക്കിടെ പറയുമായിരുന്നു, മകളുടെ വേർപാടിൽ മനം നൊന്താവണം കൃഷ്ണേട്ടൻ .....
നാട്ടുകാരിൽ ഒരാൾ തിരുത്തുമായെത്തി മൂന്ന് പേരും ഒരുമിച്ചു ആത്മഹത്യ ചെയ്യുകയായിരുന്നത്രേ ! കഴിഞ്ഞ മൂന്ന് ദിവസമായി ഇവർ മുഴു പട്ടിണിയിൽ ആയിരുന്നത്രെ . മരിക്കുന്നത് വരെ തൊട്ടയൽപ്പക്കത്തെ വീട്ടുകാർക്കു പോലും അതറിയില്ലായിരുന്നു ആരോടും ഒന്നും ചോദിക്കാതെ ഒന്നും അറിയിക്കാതെ അഭിമാനം സംരക്ഷിച്ചാ കുടുംബം കടന്നു പോയിരിക്കുന്നു. ഞാൻ പതിയെ ആ ആസ്ബറ്റോസ് കുടിലിനു ഉള്ളിൽ കയറി അവിടെ ഒരുമനോഹാരമായ വീടിന്റെ ചിത്രത്തിനു താഴെ സീതമോൾ എഴുതിയതെന്നു തോന്നിക്കുന്ന ഒരു കുറിപ്പ് ചുമരിൽ തൂങ്ങിയാടുന്നു .അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു.
ഞങ്ങൾ സ്വർഗത്തിലാണ് , ഉറവപ്പാറ എന്ന കൊച്ചു സ്വർഗത്തിൽ
ഇവിടെ എനിക്കു രണ്ടു മാലാഖമാരുടെ കൂട്ടുണ്ട് അവരോടൊപ്പം
ഈ ലോകാവസാനം വരെ ജീവിക്കാനായെങ്കിൽ .......
Post a Comment