Monday 30 May 2016

അവസ്ഥാന്തരങ്ങൾ

കുന്നേലേ അപ്പച്ചന്റെ മകൻ സാം കുട്ടിക്ക് വലിയ പഠിപ്പ് ഉണ്ടെന്നു മാത്രമേ കുഞ്ഞമ്മയ്ക്കു അറിവുണ്ടായിരുന്നുള്ളൂ പച്ചടിയോ പി എ ച്ച് ഡി യോ അങ്ങനെ എന്തോ കൂടിയ പഠിപ്പ്. എന്തെങ്കിലും വിശേഷമുണ്ടായാലെ അപ്പച്ചനു പിള്ളേരും വീട്ടിൽ വരൂ അടുത്ത ബന്ധുക്കളാണെങ്കിലും ബാങ്ക് ബാലൻസിലെ അകൽച്ച മൂലം അപ്പച്ചനു കുഞ്ഞമ്മയോടൊരു അസ്പ്ർശ്യത ഉണ്ടായിരുന്നു .കൈയ്യിൽ പത്തു പുത്തൻ ഇല്ലാത്താ ബ്ലടി കൺട്രി ഫെല്ലോസിനോട് ദന്ത ഗോപുര വാസികൾക്ക് തോന്നുന്ന സാധാരണ പുശ്ചം .മുത്തുകൾ പോലെ പൊഴിയുന്ന വാക്കുകളിൽ ഒതുങ്ങുന്ന ഒരു സ്നേഹാന്വേഷണം, അതും ഹാലിയുടെ ധൂമകേതു വരുമ്പോലെ വല്ലപ്പോഴും ഒരിക്കൽ മാത്രം .അപ്പച്ചൻ എങ്ങനെ തന്നെ ആയാലും കുഞ്ഞമ്മക്കെല്ലാവരോടും സ്നേഹമാണ്‌ .ഇല്ലായ്മയിലും വല്ലായ്മയിലും അവർ മനസമാധാനത്തിൽ ജീവിച്ചു .
കാക്കകളുടെ കൂട്ട കാ കാ വിളി കേട്ടാണ് കുഞ്ഞമ്മ ഉമ്മറത്തേയ്ക്കിറങ്ങിയത്.നൂറായിരം കാക്കകൾ അലറി പറക്കുന്നു പുറത്തെ വേലിക്കെട്ടിനോട് ചേർന്ന് ഒരു പ്രാകൃത രൂപം. മുഷിഞ്ഞു നാറിയ വസ്ത്രങ്ങളും ജഡ കേറിയ താടി രോമങ്ങളുമായി മെലിഞ്ഞു നീണ്ട ഒരു രൂപം .കുഞ്ഞമ്മയാ മുഖത്തേയ്ക്കൊന്നു സൂക്ഷിച്ചു നോക്കിയിട്ടു അമ്പരപ്പോടെ നീട്ടി വിളിച്ചു മോനെ, സാം കുട്ടി...........
മുൻപെങ്ങും ആ പേരു കേൾക്കാത്ത വിധം അയാൾ കുഞ്ഞമ്മയെ സൂക്ഷിച്ചു നോക്കി ഒന്നു മന്ദഹസിച്ചു .കുഞ്ഞമ്മയയാളെ വീട്ടിനുള്ളിലെയ്ക്ക് കൈ പിടിച്ചു നടത്തി പിന്നാലെ ഇരമ്പിയാർക്കുന്ന കാക്കകൂട്ടങ്ങളും ,വീടിനുള്ളിലേയ്ക്ക് കയറിയതും മൂന്നാലു കരിങ്കാക്കകൾ പിന്നാലെ പറന്നു കയറി അയാളുടെ സഞ്ചിയിൽ കൊത്തി വലിച്ചു .കുഞ്ഞമ്മ കുടയുടെ ശീലയാട്ടി അവയെ ആട്ടിയോടിച്ചു.കാക്കകൾ വീടിനു ചുറ്റും പ്രതിഷേധ ധർണ്ണക്കാരെ പോലെ കുത്തിയിരുന്നു കാറി .
കുഞ്ഞമ്മ അപ്പോഴാണത് ശ്രദ്ധിച്ചത് സാം കുട്ടിയുടെ തുണി സഞ്ചിയിൽ നിന്നും രക്തം കിനിയുന്നു.കുഞ്ഞമ്മയാ സഞ്ചി വാങ്ങി തുറന്നു ,അതിനുള്ളിൽ ഒരു തലയറുത്ത കാക്ക എന്തിനാ മോനെ ഈ കാക്ക ?കുഞ്ഞമ്മ വാത്സല്യം വിടാതെ ചോദിച്ചു. വിശക്കുമ്പോൾ തിന്നാന്നാ ... അങ്കുശമില്ലാത്ത പൈതലിനെ പോലെ അയാൾ ചിരിച്ചു.
കാര്യമായി എന്തോ മനോ രോഗത്തിന്റെ പിടിയിലായിരിക്കുന്നു സാംകുട്ടി.കുഞ്ഞമ്മയയാളെ കുളിപ്പിച്ചു ഷൌരം ചെയ്തു പുതിയ കുപ്പായത്തിലാക്കി മിടുക്കനാക്കിയിരിക്കുന്നു.
തകർന്ന ഹൃദയത്തോടെയാണ് അപ്പച്ചൻ കുട്ടിയാ വാർത്ത കേട്ടത് . ഡറാഡൂണിൽ ഉന്നത ബിരുദം നേടാൻ പോയ മകൻ .....
കുഞ്ഞമ്മയവനെ പരിധികളില്ലാതെ സ്നേഹിച്ചു ലോകത്തെ മുഴുവൻ അറിവും വഹിക്കുന്ന തലച്ചോറ് കുഞ്ഞമ്മയെന്ന മൂന്നാം ക്ലാസ്സുകാരിയുടെ അനുഭവ ജ്ഞാനത്തിനു മേൽ ഉടച്ചു വാർക്കപ്പെട്ടു.
സമ്മർദ്ധങ്ങളില്ലാത്ത ബുദ്ധിയിലെയ്ക്കയാൾ മെല്ലെ മെല്ലെ പറിച്ചു നടപ്പെട്ടു.പുതിയ മനുഷ്യനായി സാംകുട്ടി തിരികെ പോകും മുൻപ് കുഞ്ഞമ്മയുടെ കൈ ചേർത്തു പിടിച്ചിങ്ങനെ പറഞ്ഞു.ഒരു താളം മുന്നോട്ടോ പിന്നോട്ടോ പോയാൽ ഭ്രാന്തനാകപ്പെടെണ്ടത്ര നിസ്സരാമാകുന്നു മനുഷ്യ ജന്മം .
നിങ്ങൾ ആരായിരുന്നാലും ഹൃദയമുണ്ടായിരിക്കുക എന്നതാണ് പ്രാധാന്യം.വലിയ മോഹങ്ങൾക്ക് അപ്പനും അമ്മയുമാകാതെ ഒരു കുഞ്ഞമ്മയായി ജീവിച്ചു മരിക്കാൻ കഴിഞ്ഞെങ്കിൽ......

No comments: