Saturday, 11 February 2017

മാർജ്ജാരനായി മാറിയ മറുത (കഥ )


ലോകത്തിൽ ഏറ്റവും വെറുക്കുന്നത് എന്തിനെയെന്നു ഫിലിപ്പിനോടു ചോദിച്ചാൽ രണ്ടാമതൊന്നാലോചിക്കാതെ അവൻ പറയുന്ന ഉത്തരം പൂച്ചകൾ എന്നാവും കാരണം പൂച്ച കടിച്ചാൽ പ്രാന്തു വരുമെന്ന് ഫിലിപ്പിന്റെ അച്ഛമ്മ അവനെ പറഞ്ഞു പേടിപ്പെടുത്തിയിരിക്കുന്നു . അമ്മച്ചി മീൻ മുറിക്കുന്ന സമയത്തു എങ്ങു നിന്നോ വരുന്ന അസംഖ്യം പൂച്ചകളെ കല്ലെറിഞ്ഞും തല്ലിയും ഓടിക്കുക ഫിലിപ്പിന്റെ ഇഷ്ട വിനോദങ്ങളിൽ ഒന്നായിരുന്നു . ഇത്രമാത്രം പൂച്ചകളെ  അവൻ വെറുക്കുന്നത് എന്തു  കൊണ്ടെന്നു ചോദിച്ചാൽ ഫിലിപ്പിന്റെ അമ്മച്ചിക്കും പൂച്ച എന്ന വർഗ്ഗത്തെ അലർജിയായിരുന്നു  മീൻ മുറിക്കുമ്പോൾ വാലു  പോലെ വന്നിരിക്കുന്ന മാർജ്ജാരക്കൂട്ടത്തെ പച്ചിരുമ്പിന്റെ പിച്ചാത്തി തലയ്ക്കു ആട്ടിയോടിച്ചിരുന്ന അമ്മച്ചിയിൽ നിന്നാണ് ഫിലിപ്പിന്റെ ആദ്യ പൂച്ച വിരോധം ആരംഭിക്കുന്നത് . ഒരിക്കൽ അപ്പച്ചൻ മാർക്കറ്റിൽ നിന്നും വാങ്ങി വന്ന നെയ്‌മീനിൽ ഒന്നിനെ കടിച്ചു കൊണ്ടോടിയ ഉണ്ടക്കണ്ണൻ പൂച്ചയെ പിൻ തുടർന്നു ഒറ്റ വെട്ടിനു രണ്ടാക്കി കഴിഞ്ഞപ്പോൾ  ഫിലിപ്പ് തന്റെ രക്തത്തിൽ അലിഞ്ഞു ചേർന്ന പൂച്ച വിരോധം അടിവരയിടുന്നതു പോലെ അട്ടഹസിച്ചു . മുറ്റത്തെ ചെമ്പരത്തി വരിക്ക പ്ലാവിന്റെ ചോട്ടിൽ കബന്ധം വേർപെട്ട പൂച്ചയെ കുഴിച്ചിടുമ്പോൾ  ആത്മ സുഹൃത്തും  അനുജനുമായ സെയ്ബാൻ ഒരു കാര്യം അടക്കം പോലെ പറഞ്ഞു .
ചേട്ടായിയെ പൂച്ചയെ കൊന്നാൽ കൈ വിറയ്ക്കും .ഇനി ചേട്ടായിക്കൊരു പരീക്ഷ പോലും നേരെ ചൊവ്വേ എഴുതാൻ പറ്റുമെന്നു തോന്നുന്നില്ല .

ആനിയമ്മ ടീച്ചർ വലിയ മൃഗ സ്നേഹിയാണ് ,അവരുടെ വീട്ടിൽ ഇല്ലാത്ത ജീവികളോ പക്ഷികളോ ഇല്ല .പൂച്ച പട്ടി ,മുയൽ ,ലവ് ബേർഡ്‌സ് എന്ന് വേണ്ട ഒരു കൊച്ചു മൃഗശാലയാണ് ടീച്ചറിന്റെ വീട് .ടീച്ചറാണ് മൃഗങ്ങളെ ഉപദ്രവിക്കരുതെന്നുംപ്രത്യേകിച്ചു പൂച്ചയെ  ഉപദ്രവിച്ചാൽ പരീക്ഷ എഴുതുമ്പോൾ കൈ വിറയ്ക്കും എന്നും  സെയ്‌ബാനോടും ഫിലിപ്പിനോടും  പറഞ്ഞിട്ടുള്ളത്  . ഫിലിപ്പിനു അതിലൊന്നും വിശ്വാസം ഇല്ലെന്നു മാത്രമല്ല ഇനിയും എവിടെയെങ്കിലും വെച്ചു പൂച്ചകളെ കണ്ടാൽ തല്ലി  കൊല്ലാനും അയാൾ തയ്യാറാണ് .അനുജൻ സെയ്‌ബാനോട് വലിയ വീമ്പിളക്കുമെങ്കിലും  നെയ്മീൻ  കട്ടോടിയ പൂച്ചയെ വെട്ടിയതിൽ പിന്നെ ഫിലിപ്പിനൊരു ചെറിയ പേടി വന്നു തുടങ്ങിയിട്ടുണ്ട് കാരണം ആനിയമ്മ ടീച്ചർ അറിഞ്ഞാൽ ക്ലാസിൽ നിന്നും നല്ല ചൂരൽകഷായം കിട്ടാൻ സാധ്യതയുണ്ട് ,മാത്രവുമല്ല കൊല്ല  പരീക്ഷ അടുത്തു വരുന്നു അപ്പോഴെങ്ങാൻ കൈ വിറച്ചാൽ പരീക്ഷ എഴുതാൻ തന്നെ ബുദ്ധിമുട്ടാകും .

കപ്പേളമുക്കിലെ അന്തോണീസ് പുണ്യവാളൻ അത്ഭുത സിദ്ധിയുള്ള ആളാണ് . പത്തു ലക്ഷം കട്ടോണ്ടു ഓടിയ  കള്ളൻ  റോബർട്ടിനെ പോലീസ് പിന്തുടർന്നപ്പോൾ റോബർട്ട്  ഈ കപ്പേളയിലാണ് കയറി ഒളിച്ചത് പോലീസ് പിടിക്കാതെ രക്ഷ പെടുത്തിയാൽ പുണ്യവാളന് പത്തു ശതമാനം കമ്മീഷൻ വാഗ്ദാനം ചെയ്തിട്ടാണ് കള്ളൻ റോബർട്ട് അന്ന് രക്ഷപെട്ടത് .അതിന്റെ ഉപകാര സ്മരണയ്ക്കെന്നോണമാണ് കപ്പേള ഇപ്പോൾ ഇരിക്കുന്ന രൂപത്തിലേയ്ക്ക് നിർമ്മിക്കാൻ റോബർട്ട് പണം മുടക്കിയത് . അപേക്ഷിച്ചാൽ കള്ളനെയും കൊള്ളക്കാരെയും പോലും കൈവിടാത്ത അത്ഭുത സഹദാ ഈ കൊച്ചു പാപത്തിൽ നിന്നും തന്നെ പുഷ്‌പം  പോലെ രക്ഷപെടുത്തുമെന്നു ഫിലിപ്പ് ഉറച്ചു വിശ്വസിച്ചു .

സെയ്ബാൻ പല തവണ ഫിലിപ്പിനെ കൈ വിറയലിന്റെ കാര്യം പറഞ്ഞു ഭീഷിണിപ്പെടുത്താൻ നോക്കിയെങ്കിലും ഒരു വിറയലുമില്ലാതെ ഫിലിപ്പ് സ്കൂൾ നോട്ടുകൾ എല്ലാം എഴുതി മാറ്റി . പൂച്ചകൾക്ക് ഫിലിപ്പിന്റെ വീടൊരു പേടി സ്വപ്നമായി മാറിയിരിക്കുന്നു . ഫിലിപ്പിന്റെ 'അമ്മ എത്ര നല്ല മീൻ വെട്ടിയാലും വീടിന്റെ  വേലിക്കരുകിൽ വന്നിരുന്നു മണം പിടിച്ചു പോകുകയല്ലാതെ ഒരു പൂച്ച പോലും വേലികെട്ടിനുള്ളിലേയ്ക്ക് കയറാനോ അതിർത്തി കടന്നു അവശിഷ്ട്ടങ്ങൾ ഭക്ഷിക്കാനോ ശ്രമിച്ചിരുന്നില്ല .
കൊലചെയ്യപ്പെട്ട  മാർജ്ജാരനായിരുന്നു അവരുടെ കൂട്ടത്തിൽ അല്പമെങ്കിലും  ധൈര്യശാലി എന്നു തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു പിന്നീടു കാര്യങ്ങൾ സംഭവിച്ചത് .ഫിലിപ്പ് നടന്നു പോകുന്ന വഴികളിൽ പതിയിരുന്നു പൂച്ചകൾ അപശബ്ദത്തിൽ കരയുക ഒരു പതിവാക്കിയിരിക്കുന്നു . എന്നാൽ ഫിലിപ്പ് തിരിഞ്ഞൊന്നു നിന്നാൽ അവയെല്ലാം വാലും  പൊക്കി ഓടുമായിരുന്നു.

വാർഷിക പരീക്ഷ വന്നിരിക്കുന്നു ആദ്യത്തെ പരീക്ഷകളെല്ലാം നല്ലപോലെ എഴുതിയ ഫിലിപ്പിനു ആത്മവിശ്വാസം  കൈവന്നിരിക്കുന്നു .പൂച്ചയെ കൊന്നാൽ കൈ വിറയ്ക്കുമെന്നു പഠിപ്പിച്ച  ആനിയമ്മ ടീച്ചർ എന്തു മണ്ടിയാണ് . അതിക്രമം കാണിക്കുന്ന പൂച്ചകളെ കൊല്ലുക തന്നെ വേണം അതിനൊരു കൈ വിറയലിനെയും പേടിക്കേണ്ടതില്ല . ബയോളജി പരീക്ഷ കൂടി കഴിഞ്ഞാൽ ഇക്കൊല്ലത്തെ പരീക്ഷകൾ അവസാനിക്കുകയാണ് .മധ്യവേനലവധിക്കു വീടിന്റെ വേലികെട്ടിനു വെളിയിൽ കടന്നും പൂച്ചകളെ ഉന്മൂലനം ചെയ്യണം പുണ്യവാളൻ കൂട്ടിനുള്ളടിത്തോളം പാപ ബോധങ്ങളെ ക്കുറിച്ചുള്ള പശ്ചാത്താപങ്ങൾ ഉണ്ടാകില്ല  .

ഇരുപത്തഞ്ചാൾ പൊക്കമുള്ള പ്ലാവ് മച്ചിയാണെന്നായിരുന്നു ഇതുവരെയുള്ള ഞങ്ങളുടെ വിശ്വാസം കാരണം ഓർമ്മ വെച്ചിട്ടിന്നോളം അതിൽ കായ്‌ഫലം ഉണ്ടായിരുന്നില്ല.ചെമ്പരത്തി വരയൻ അപൂർവയിനം ചക്കയാണ് അതങ്ങനെയൊന്നും കായ്ക്കുന്ന ഇനമല്ല ആകാശത്തോളം വലുതായി കഴിഞ്ഞു വളർച്ച നിന്നു  എന്നു  തോന്നുമ്പോൾ വർഷത്തിൽ ഒന്നോ രണ്ടോ കൂടിയാൽ ഒരു ഡസനോ ചക്കകൾ ഉണ്ടാകും .അച്ഛമ്മയുടെ  തൃക്കൊടിത്താനത്തെ വീട്ടിൽ നിന്നും കൊണ്ടു  വന്ന തേൻവരിക്ക ചക്കയാണ് .അച്ഛമ്മ  കഴിച്ച ചക്കയുടെ രുചി മാഹാത്മ്യം   പറഞ്ഞു പറഞ്ഞു കൊതി കയറ്റി വെച്ചിരിക്കുകയാണ് . എന്തിനധികം അച്ഛമ്മ തന്നെ രണ്ടോ മൂന്നോ തവണയേ ഈ ചക്ക കഴിച്ചിട്ടുള്ളു പോലും എന്തായാലും ഫിലിപ്പിന്റെ വീട്ടു മുറ്റത്തെ ചെമ്പരത്തി വരയനിലും  ചക്ക വന്നിരിക്കുന്നു സെയ്‌ബാനും ഫിലിപ്പും കൗതുകത്തോടെ ചക്കയുടെ വളർച്ച നിരീക്ഷിച്ചു . സെയ്ബാൻ കഴിക്കുന്നതിനേക്കാൾ ഒരു ചുളയെങ്കിലും കൂടുതൽ കഴിക്കണം .പരീക്ഷ കഴിഞ്ഞു സ്കൂൾ അടച്ചു ആനി ടീച്ചർ പറഞ്ഞു പേടിപ്പിച്ച പോലെ കൈവിറയലോ തുള്ളൽപ്പനിയോ  ഒന്നുമില്ലാതെ പരീക്ഷ നന്നായി എഴുതി കഴിഞ്ഞിരിക്കുന്നു  ഇനി രണ്ടു മാസം അടിച്ചു പൊളിക്കാനുള്ളതാണ് . പള്ളികുളത്തിൽ നീന്തൽ പഠിക്കണം . ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കണം അങ്ങനെ അങ്ങനെ രണ്ടു മാസം കൊണ്ടു ഒരു പാടു കാര്യങ്ങൾ ചെയ്യാനുണ്ട് ..

അപ്പച്ചൻ വിളിച്ചു കൊണ്ടു  വന്ന സാലിചേട്ടൻ പ്ലാവിന്റെ  തുഞ്ചത്തു വലിഞ്ഞു കയറി ഒരു കയറിൽ കെട്ടി പതിയെ താഴേയ്ക്ക് ഇറക്കി തരുമ്പോൾ അപ്പച്ചന്റെ കൂടെ ഞാനും സെയ്‌ബാനും ചേർന്നാണ് അതു പിടിച്ചിറക്കിയത് .പതു പതുത്ത മുള്ളുകളുള്ള മനം മയക്കുന്ന മണമുള്ള മുഴുത്ത ചക്ക ചാക്കിൽ കെട്ടി അപ്പച്ചൻ പാതകത്തിനു അടിയിലുള്ള അറയിലേയ്ക് ഒളിച്ചു വെച്ചു .മൂന്നു  ദിവസം കൂടി ഇരുന്നാലേ ഇവൻ പഴുത്തു പാകമാകുകയുള്ളു എന്ന അപ്പച്ചന്റെ കല്പന ഞങ്ങളെ സംബന്ധിച്ചിടത്തോളം ജീവപര്യന്തം ശിക്ഷ വിധിക്കുന്നതിനു സമയമായിരുന്നു .ഒരു പാടു പറഞ്ഞു കേട്ടിട്ടുള്ള അപൂർവ്വയിനം ചക്ക സ്വന്തമായുള്ള ഫിലിപ്പും സെയ്‌ബാനും കൂട്ടുകാരുടെ ഇടയിൽ താരമായി . ഒരു ചുളയെങ്കിലും കിട്ടുമെന്നുള്ള മോഹത്തിൽ എന്നും വഴക്കടിച്ചു നടന്ന ഫിലിപ്പിന്റെ അയൽവാസി വാഴക്കാളി തമ്പി പഞ്ചാര വർത്തമാനവുമായി ഫിലിപ്പിനും സെയ്‌ബാനും അടുത്തുകൂടി . പഴുത്തു വരുന്ന തേൻവരിക്ക ചക്കയുടെ ഗന്ധം അവരുടെ  രാവുകളെ നിദ്രാവിഹീനങ്ങളാക്കി .രാത്രിയിൽ എപ്പോഴോ പാതകത്തിനു കീഴെ ചാക്കിൽ ഒളിപ്പിച്ച ചെമ്പരത്തി വരയൻ ചക്കയുടെ ശിരസ്സിൽ മുഖമമർത്തി ഫിലിപ്പ് അതിനെ പൂണ്ടടക്കം ആലിംഗനം ചെയ്തു . ഒന്നും രണ്ടും രാത്രീ അവർ  ഉറങ്ങിയതു മുഴുവൻ ചുവന്ന ചുളകളുള്ള തേൻവരിക്ക മുറിക്കുന്ന അപ്പച്ചനെ  സ്വപ്നം കണ്ടായിരുന്നു .

ആദ്യഫലങ്ങൾ പുണ്യാളനു കൊടുക്കുക എന്നതാണ് വർഷങ്ങളായി അപ്പച്ചനും അമ്മച്ചിയും അനുവർത്തിച്ചു വരുന്ന നയം പക്ഷെ ഇത്തവണ നിയമങ്ങൾക്കു അയവു വന്നിരിക്കുന്നു ഫിലിപ്പിന്റെയും സെയ്‌ബാന്റെയും  കൊതിക്കും ആകാംക്ഷയ്ക്കും മുന്നിൽ അപ്പച്ചനും അമ്മച്ചിയും പുണ്യാളനെ അവധിക്കു വെച്ചിരിക്കുന്നു . എന്തു ചെയ്യുന്നതിനു മുൻപും അപ്പച്ചന് ഒരു പ്രാർത്ഥനയുണ്ട് തേൻവരിക്ക മുന്നിൽ വെച്ചു കത്തിയെടുത്തു അപ്പച്ചൻ സ്വർഗ്ഗത്തിലേയ്ക്ക് കണ്ണുകളുയർത്തി  പ്രാർത്ഥിച്ചു .പ്രാർത്ഥനയുടെ മധ്യത്തിൽ എപ്പോഴോ പതിവില്ലാത്ത വണ്ണം മൂന്നു പൂച്ചകൾ  വീടിൻറെ  വേലിക്കരികിലിരുന്നു ഓലിയിട്ടു കരഞ്ഞു . കാലൻ കയറുമായി വരുന്നതു മൃഗങ്ങൾക്കു കാണാമെന്നും അവരെ കാണുമ്പോഴാണ് പട്ടികളും പൂച്ചകളും ഇങ്ങനെ ഓലിയിട്ടു കരയുന്നതെന്നു അച്ഛമ്മ  പറഞ്ഞതു ഫിലിപ്പോർത്തു .അമ്മച്ചി പുറത്തിറങ്ങി വലിയ കല്ലെടുത്തെറിഞ്ഞിട്ടും പോകാൻ കൂട്ടാക്കാതെ മുൻപെങ്ങും അവിടെയെങ്ങും കാണാത്ത മൂന്നു  കറുത്തപൂച്ചകൾ വീടിനുള്ളിലേയ്ക്ക് നോക്കി മാക്ക് മാക്ക് എന്നു മുരണ്ടു കൊണ്ടേയിരുന്നു .

അപ്പച്ചൻ മൂർച്ചയുള്ള കത്തി തേൻ വരിക്കയുടെ ഉദരത്തിലേയ്ക്ക് ആഴ്ത്തിയിറക്കി .പിച്ചാത്തിമുന കയറിയതും ചക്കയിൽ നിന്നൊരു സ്വരമുയർന്നു ഒരു പൂച്ചയുടെ ദയനീയ വിലാപത്തിന്റെ സ്വരം. രണ്ടായി മുറിഞ്ഞു മാറിയ തേൻ വരിക്കയിൽ നിന്നും ഉണ്ടക്കണ്ണുള്ള ഒരു പൂച്ച ചാടിയിറങ്ങി ഫിലിപ്പിനെ നോക്കി മ്യാവൂ മ്യാവൂ എന്നു ദയനീയമായി കരഞ്ഞു കൊണ്ട്   ജനാല വഴി ചാടി പുറത്തു കാത്തിരുന്ന കറുത്ത പൂച്ചകളുടെ ഇടയിലേയ്ക്ക് ഇറങ്ങി പോയി . പഴുത്ത ചുളകളുള്ള ചുവന്ന ചെമ്പരത്തിവരയൻ  ചക്കയുടെ ഉദരത്തിൽ നിന്നും അപ്പോൾ രക്തം കിനിഞ്ഞിറങ്ങുന്നുണ്ടായിരുന്നു.  മുറിച്ച ചെമ്പരത്തി വരയൻ ചക്കയുടെ ഉള്ളിൽ ചുളകൾക്കു പകരം ഒരു പൂച്ചയുടെ ജഡം മാത്രമായിരുന്നു . തലയില്ലാത്ത ആ പൂച്ചയുടെ ജഡം അപ്പോഴും വലിയ ശബ്ദത്തിൽ കരയുന്നുണ്ടായിരുന്നു ........................
Post a Comment