Wednesday, 8 February 2017

വേലപ്പൻ ദൈവമാകുന്നു {കഥ }

ബാധ കൂടിയതിൽ പിന്നെ വേലപ്പൻ ആശാരിയിൽ കണ്ട പ്രകടമായ മാറ്റം നാട്ടുകാരെ എന്നതു  പോലെ ഉത്തമനെയും അത്ഭുതപ്പെടുത്തി . ഉത്തമൻ വർഷങ്ങളായി വേലപ്പനാശാരിയുടെ വാലാണ് വടക്കു നിന്നെങ്ങോ പണി പഠിക്കാൻ വന്നു കൂടിയതാണ്  പിന്നെ വേലപ്പനെ  വിട്ടു എങ്ങോട്ടും പോയിട്ടില്ല നഗരത്തിലെ ഫർണിച്ചർ കടയിലേയ്ക്ക് കസേരയും മേശയും ഉണ്ടാക്കി കൊടുക്കുന്ന കാരാർ തൊഴിലാളിയായിരുന്നു വേലപ്പൻ .എന്നും ഒന്നര  ലിറ്റർ കീടൻ അടിച്ചിരുന്ന  വേലപ്പൻ പെട്ടന്നൊരു ദിവസം ആളാകെ മാറി, മൗനത്തിന്റെ വാല്മീകത്തിനുള്ളിൽ ഒരു സന്യാസിയെപ്പോലെ അയാൾ ഒളിച്ചിരുന്നു .അന്നു  വരെ വെറും കസേരയും മേശയും മാത്രം പണിതിരുന്ന വേലപ്പൻ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ മനോഹരമായ ദേവശില്പങ്ങൾ പണിയുന്ന ശില്പിയായി . പെട്ടന്നൊരു ദിവസം കൊണ്ടു തന്റെ ആശാനായ വേലപ്പന് വന്ന മാറ്റം ഉത്തമനെയും നാട്ടുകാരെയും ഒരേ പോലെ അത്ഭുതപ്പെടുത്തി .

വേലപ്പൻ ചിന്തേരിട്ടു  കൊണ്ടിരുന്ന തടിയിൽ നിന്നാണ് ബാധ വേലപ്പനിൽ പ്രവേശിച്ചതെന്നാണ് നാട്ടുകാരുടെ ഇപ്പോഴത്തെ സംസാരം എന്നാൽ സംഭവ സമയത്തു വേലപ്പന്റെ സഹായിയായി കൂടെ ഉണ്ടായിരുന്ന ഉത്തമൻ പറയുന്നത് മറ്റൊന്നാണ് മുത്താരമ്മൻ കോവിലിനരികിലുള്ള  പേരാലിന്റെ ചുവട്ടിൽ  മുണ്ടു പൊക്കി മുള്ളാൻ നിന്നപ്പോൾ എന്തോ കണ്ടു ഭയന്നിട്ടാണ് വേലപ്പൻ ഇങ്ങനെ ആയതെന്നു ഉത്തമൻ ആണയിട്ടു പറയുന്നു . വേലപ്പൻ ചിന്തേരിട്ട തടി കൂവള മരത്തിന്റെ തായിരുന്നെന്നും ശിവൻ വസിക്കുന്ന മരം മുറിച്ചു ചിന്തേരിട്ടതിനാലാണ് വേലപ്പൻ ഉന്മാദിയായി പോയതെന്നും വിശ്വസിക്കുന്നവരാണ് നാട്ടിൽ അധികവും കാരണം ഉത്തമൻ നാളിതുവരെ വിശ്വാസ യോഗ്യമായ ഒന്നും നാട്ടുകാരോടു പറഞ്ഞിട്ടില്ല അതുകൊണ്ടു തന്നെ അവർക്കു അവരുടെ പക്ഷം വിശ്വസിക്കാനായിരുന്നു താൽപര്യവും .

വിശ്വകർമ്മാവ് സൃഷ്ട്ടിച്ച ലോകമാണിത് . ആശാരിമാരുടെ ആദിമ പിതാവാണ് വിശ്വകർമ്മൻ അപ്പോൾ വേലപ്പനു പൂർവികനായി വരും ഒരിടത്തും ബ്രഹ്മാവിനു ക്ഷേത്രങ്ങൾ ഇല്ലെങ്കിലും അങ്ങോർ ചിലപ്പോഴൊക്കെ ഇങ്ങനെ ചിലരിൽ ആവാഹിക്കാറുണ്ട് . സന്യാസ ജീവിതം സ്വീകരിച്ച ഗുരു ചൈതന്യയുടെ ഈ അഭിപ്രായം കുറച്ചു കാമ്പുള്ളതാണെന്നു നാട്ടുകാർക്കു തോന്നി . ചുവന്നു  കലങ്ങി കണ്ണുകൾക്കു കീഴെ മാംസം തൂങ്ങിയാടുന്ന  വേലപ്പന്റെ രൂപത്തിനു തന്നെ മാറ്റം വന്നിരിക്കുന്നു . ഒരു ദിവ്യ പ്രകാശം അയാളുടെ തലയ്ക്കു മീതെ  വലയം തീർക്കുന്നുവെന്നു  നാട്ടുകാരിൽ ചിലർ പറഞ്ഞു തുടങ്ങിയിരിക്കുന്നു .

മുതലപ്പാറ ഗ്രാമത്തിൽ ഒരു ആൾ ദൈവം ഒഴികെ എല്ലാം ഉണ്ടായിരുന്നു ഇപ്പോൾ ഇതാ ആ വിടവും നികത്താൻ ഒരാൾ പിറവിയെടുത്തിരിക്കുന്നു . വേലപ്പൻ ആശാരി കൊത്തി  വെച്ച ദേവ രൂപങ്ങൾക്കൊരു ചൈതന്യം ഉണ്ടായിരുന്നു . അയാൾ ഉളിയും കൊട്ടു  വടിയും ചലിപ്പിക്കുക  മാത്രമായിരുന്നു ചെയ്തിരുന്നത് ഏതോ അദൃശ്യ ശക്തിയുടെ സ്വാധീനത്തിൽ അവയൊക്കെ ഭംഗിയുള്ള ശില്പങ്ങളാകുന്നു  .കേട്ടറിഞ്ഞവർ കേട്ടറിഞ്ഞവർ  മുതലപ്പാറയിലേയ്ക്ക് ഒഴുകിയെത്തി .ഒഴുകിയെത്തിയ നാട്ടുകാരുടെ ഇടയിൽ ഒരു തർക്കമുണ്ടായി കൂവളം ചിന്തേരിടുമ്പോൾ കയറിക്കൂടിയ ശിവചൈതന്യത്താലാണ്  വേലപ്പൻ ഈസിദ്ധികളെല്ലാം കാണിക്കുന്നതെന്നു ഒരു കൂട്ടർ വാദിച്ചപ്പോൾ അല്ല വിശ്വ കർമ്മവായ  ബ്രഹ്‌മാവാണ് വേലപ്പനിലെന്നും അതുകൊണ്ടാണയാൾ മനോഹരങ്ങളായ ശില്പങ്ങൾ ഉണ്ടാക്കുന്നതെന്നും മറുപക്ഷം ഉറച്ചു നിന്നു . വേലപ്പൻ ദൈവമായാൽ മുഖ്യ പൂജാരിയും ആശ്രിതനുമാവാൻ ഉത്തമൻ ഉത്തമത്തിൽ ഒരുങ്ങി നിന്നു .പൂട്ടപർത്തിയിലെയും വള്ളിക്കാവിലെയും പോലെ വലിയ ഒരു ആശ്രമവും അതിൽ അധിപനായി വാഴുന്ന  രംഗവും കനവു കണ്ടു ഉത്തമൻ പഴയ പേരാലിന്റെ കഥ മനഃപൂർവ്വം വിഴുങ്ങി കളഞ്ഞു .

ആളുകൾ തോനെ കൂടിയിട്ടും കമാന്നൊരക്ഷരം വേലപ്പൻ ഉരിയാടാതിരുന്നത്. വേലപ്പന്റെ ദൈവപരിവേഷത്തിനു  തെല്ലൊന്നു ഇടിവു സംഭവിക്കാനിടയാക്കി . ഉത്തമൻ പല തവണ ആ കാതിൽ തലങ്ങും വിലങ്ങും മാറി മാറി പറഞ്ഞിട്ടും  കരിങ്കല്ലിൽ കാറ്റു പിടിച്ചതു  പോലെ  വേലപ്പൻ ഉളിയും കൊട്ടു  വടിയും പിടിച്ചു മരത്തിൽ രൂപങ്ങളെ ആവാഹിക്കുന്ന തിരക്കിലായിരുന്നു . ഭക്ത ജനങ്ങളുടെ ബാഹുല്യം നിമിത്തം ഉത്തമൻ ആലയ്ക്കു പുറത്തൊരു നീല ടാർപോളിൻ പന്തൽ വലിച്ചു കെട്ടി മഞ്ഞ പട്ടു കെട്ടിയ കുംഭം ഒന്നു  ഭക്ത ജനങ്ങൾക്കു കാണിക്കയിടാൻ  ഒരുക്കി വെച്ചു .അനുഭവമാണ് ഏറ്റവും വലിയ ഗുരു കാറ്റുള്ളപ്പോൾ തൂറ്റണമെന്നു ഉത്തമനെ പഠിപ്പിച്ചത് ജീവിതമാണ്  . രാവന്തിയോളം  പണിയെടുത്തു തളർന്നാൽ  കിട്ടുന്ന  തുക നിമിഷങ്ങൾ കൊണ്ടു കുംഭത്തിൽ  നിറയുന്നത് കണ്ടു ഉത്തമൻ നിർവൃതിയടഞ്ഞു.മാർക്കറ്റ് ചെയ്യപ്പെടാത്ത ഒരു ദൈവത്തിനും അധികകാലം നിലനില്പില്ലെന്നു അഞ്ചാം ക്ലാസുകാരനായ ഉത്തമനു ബോധ്യം വന്നിരിക്കുന്നു . ഒന്നും മിണ്ടാതെ തടിയിൽ ശിൽപം മാത്രമുണ്ടാക്കിയിരുന്ന വേലപ്പനെ ആളുകൾ വേഗം തിരസ്കരിക്കും എന്നു മനസിലാക്കിയ ഉത്തമൻ ചില പുതിയ അത്ഭുതങ്ങൾക്കായി വേലപ്പൻ എന്ന പഴയ ആശാനിൽ സമ്മർദ്ദം ചെലുത്തികൊണ്ടേ ഇരുന്നു  .

മുതലപ്പാറ ഗ്രാമത്തിലെ ആദ്യത്തെ ആൾ ദൈവം ഇന്നലെ രാത്രി മുതൽ അപ്രത്യക്ഷനായ വിവരം കാട്ടു തീ പോലെ പടർന്നു . ദൂര ദേശങ്ങളിൽ നിന്നും വന്നവർ ദിവ്യനെ കാണാതെ കണ്ണുനീർ വാർത്തു കരഞ്ഞു .ഉത്തമൻ എല്ലാം നഷ്ട്ടപ്പെട്ടവനെപ്പോലെ ആകാശം നോക്കിയിരുന്നു. ഹിമാലയ സാനുക്കളിൽ സമാന മനസ്ക്കരായ  സാധുക്കളുമായി ജീവിതം പങ്കിടാൻ ദൈവം വേലപ്പനെ കൂട്ടികൊണ്ടു പോയതാണെന്നും ഇനി അയാളെ മുതലപ്പാറയിൽ  തിരയേണ്ടതില്ലെന്നും പഴയ സന്യാസി ഗുരു ചൈതന്യ അവിതർക്കിതമായി പ്രഖ്യാപിച്ചു .ഉത്തമൻ തുരുമ്പെടുക്കാറായ തന്റെ പണിയായുധങ്ങളെ എണ്ണയിട്ടു മിനുക്കി ,ഇതുവരെയുണ്ടായിരുന്ന  സൗഭാഗ്യങ്ങളെ ഉപേക്ഷിച്ചു വനവാസത്തിനു പോയ പഴയ ഗുരുവും പിന്നീട് ദൈവവുമായ വേലപ്പൻ ആശാരിയെ പഴി പറഞ്ഞുറങ്ങി .

കൃത്യം മൂന്നാം നാൾ ആർക്കാഡിയാ ബാറിൽ അടിയുണ്ടായി .ബിയർ ബോട്ടിലിനു തലയ്ക്കു അടിയേറ്റു രക്തം വാർന്നു കിടന്ന ആളെ  ആൾകൂട്ടത്തിൽ ആരോ തിരിച്ചറിഞ്ഞിരിക്കുന്നു . ഹിമാലയത്തിൽ പോയേക്കുമെന്നു ഭക്തർ സംശയിച്ച  വേലപ്പൻ  ദൈവം പഴയ ആശാരി വേലപ്പനായി തിരിച്ചു വന്നിരിക്കുന്നു . കഴിഞ്ഞ മൂന്ന് മാസം നടന്ന സംഭവങ്ങൾ ഒന്നും അയാൾക്കോർമ്മയില്ല  ഉത്തമൻ ആശാന്റെ കൈപിടിച്ചു നെഞ്ചിൽ വെച്ചു ദീർഘനിശ്വാസമുതിർത്തു . ബീവറേജസിൽ നിന്നും വാങ്ങിയ രണ്ടു ലിറ്ററിൽ അവസാനത്തെ പെഗ് ഊറ്റുമ്പോൾ ഉത്തമൻ ആശാനോടാ ചോദ്യം നാവു കുഴയാതെ ചോദിച്ചു .

ആശാന്റെ ദേഹത്തു ശരിക്കും ബാധ കയറിയതായിരുന്നാ ???
സംഭവിച്ചതിനെപ്പറ്റി ഒന്നും അറിയാത്തവനെപ്പോലെ അവസാനതുള്ളിയും നാവിലേക്കിറ്റിച്ചയാൾ മുന്നോട്ടു നടന്നു  . ആ നടപ്പിനൊരു താളമുണ്ടായിരുന്നു സോമരസം കുടിച്ചു ഉന്മത്തനായ ദേവൻ  സ്വർഗ്ഗലോകത്തേയ്ക്കു പോകും പോലെ അയാൾ തിരിഞ്ഞു നോക്കാതെ പ്രത്യേക താളത്തിൽ  മുന്നോട്ടു നടന്നു .................

Post a Comment