Saturday 16 June 2012

മൂക രക്തസാക്ഷി

 അന്നൊരു വിദ്യഭ്യാസ ബന്ദായിരുന്നു സാശ്രയ സമരം കൊണ്ട് പിടിച്ചു നടക്കുന്ന സമയം .സാധാരണ സമരം ഉണ്ടെന്നു അറിഞ്ഞാല്‍ കോളജില്‍ പോകതിരിക്കുകയാണ് പതിവ് പക്ഷെ അന്നൊരു ആദ്യ വെള്ളിയായിരുന്നു സമരം ആണെങ്കില്‍ നീ ഐ എം എസ് ധ്യാനഭാവനില്‍ പോയി ആരാധന കൂടെടാ എന്നാ അമ്മച്ചിയുടെ  സ്നേഹ പൂര്‍വ്വം ഉള്ള  ഉപദേശം മാനിച്ചാണ് ഒരുങ്ങി കെട്ടി  വീട്ടില്‍ നിന്നും ഇറങ്ങിയത്‌ .ആലപ്പുഴ ഇരട്ടകുളങ്ങര ബസ്‌ ഇപ്പോഴും തന്നെ തിരക്കാണ് പക്ഷെ ഇന്ന് ഒരു തിരക്കും  ഇല്ല. എസ് എഫ് ഐ  വിദ്യാഭ്യസ ബന്ദു നടത്തുന്നത് കൊണ്ട് തന്നെ  ആവും ആരും കോളജില്‍ പോകാന്‍ മിനക്കെടാത്തത് . കണ്ട്രോള്‍ റൂമിന് മുന്‍വശം പാര്‍ക്ക് ചെയ്ത കെ എം എസ് ബസില്‍ കയറി പിന്‍ സീറ്റില്‍ ഇരുന്നു ബസ്‌ രണ്ടു മിനിട്ട് അവിടെ നിര്‍ത്തിയിടും .പുറപ്പെടാന്‍ ഡബിള്‍ ബെല്ലടിച്ചതും നാലഞ്ചു പേര്‍ ചാടികയറി ആദ്യം കയറിയവന്റെ കൈയില്‍ ഒരു ഹോക്കീ സ്റ്റിക്ക് പിന്നാലെ വന്നവര്‍ ശൂന്യമായ കൈകളാണ് .അതില്‍ രണ്ടു മൂന്ന് പേര്‍ എന്റെ ഇരു വശങ്ങളിലുമായി  ഇരുന്നു എന്റെ  കൈയില്‍ ബുക്ക്‌ കണ്ടതും ഒരുത്തന്‍ ഭീക്ഷിണി സ്വരത്തില്‍ ചോദിച്ചു എങ്ങോട്ടാടാ രാവിലേ ? കോളജിലേയ്ക്ക് എന്ന് പറഞ്ഞാല്‍ അടിയോ ചീത്തയോ ഉറപ്പാണ്‌ .സമരമാണെങ്കില്‍ പള്ളിയില്‍ പോകാന്‍ ഇറങ്ങിയതാ വിറച്ചു കൊണ്ട് ഞാന്‍ പറഞ്ഞു .ഹോക്കീ സ്ടിക് കൈയിലുണ്ടാരുന്നവന്‍ എന്റെ ബുക്ക്‌ വാങ്ങി കൈയില്‍ വെച്ചിട്ട്  സ്റ്റിക്ക് എന്റെ കൈയില്‍ തന്നു .ഞങ്ങള്‍ക്ക് ആള് കുറവാ സമരം കഴിഞ്ഞു നീ പള്ളിയില്‍ പൊക്കോ അതുവരെ ഇത് പിടിച്ചു ഞങ്ങളുടെ കൂടെ നില്‍ക്കൂ . ദൈവമേ അടി എന്ന് പേപ്പറില്‍ എഴുതിയിട്ടാല്‍ വീട്ടിലെത്തുന്ന ഞാന്‍ ആണ് ,പെട്ട് പോയി കൈയും കാലും ഓട്ടന്‍ തുള്ളല്‍ നടത്തുന്നവരെ പോലെ വിറക്കുകയാണ് .

ബസ്‌ കോളജു കവലയില്‍ എത്തി വലിയ വായില്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടു സഖാക്കള്‍ ചാടിയിറങ്ങി .ഇറങ്ങാതെ ഞാന്‍ ഒന്ന് പതുങ്ങി, ഇറങ്ങെടാ താഴെ മൂത്ത സഖാവിന്റെ അലരച്ചകേട്ടു ഞാന്‍ ചാടി താഴെ ഇറങ്ങി .ഹോക്കീ സ്ടിക്കുമായി മുന്‍ നിരയില്‍ തന്നെ എന്നെ നിര്‍ത്തി അമ്പലപ്പുഴ തകഴി ഭാഗത്ത്‌ നിന്നും വന്ന കുട്ടിസഖാക്കളും ഞങ്ങളും ഒരുമിച്ചു കൂടി മുദ്രാവാക്യം വിളികളുമായി അകത്തേക്ക് .പ്രിന്‍സിപാളിന്റെ ഓഫീസിനെ  ലക്ഷ്യമാക്കിയാണ് ഞങ്ങളുടെ പ്രകടനം പ്രിന്‍സിപ്പല്‍  താഴെവെച്ചു തന്നെ കോളെജിനു അവധി കൊടുത്ത വിവരം നേതാവിനെ അറിയിച്ചു .എനിക്ക് സന്തോഷമായി അടിയും ബഹളവും ഇല്ലാതെ എല്ലാം കഴിഞ്ഞിരിക്കുന്നു .ഹോക്കീ സ്റ്റിക്ക് ഞാന്‍ പതിയെ കൈമാറാന്‍ ശ്രമിച്ചു ആരും അത് വാങ്ങുന്നില്ല പ്രകടനം വീണ്ടും റോഡിലേയ്ക്ക് നീങ്ങുകയാണ് .പാലക്കാട്ടെ പട്ടന്മാര്‍ക്കും കോഴിക്കോട്ടെ കൊയമാര്‍ക്കും വിദ്യാഭ്യാസം അടിയറവെച്ച യു ഡി എഫിന്‍ സര്‍ക്കാരെ ......പ്രകടനം എ വി ബി പി യുടെ കൊടിമരത്തിനു അടുത്തെത്തിയപ്പോള്‍ ഒരു സഖാവിനു വീര്യം കൂടി മുളയില്‍ നാട്ടിയ കൊടിമാരത്തിനിട്ടൊരു ചവിട്ടു .ചവിട്ടിന്റെ ഊക്കു കൊണ്ടോ മുളയുടെ ബാലമില്ലായ്മകൊണ്ടോ കൊടിമരം നടുവേ ഒടിഞ്ഞു താഴെ , ഇത് കാണേണ്ട താമസം അകത്തെ സൈക്കിള്‍ ഷെഡില്‍ ഇരുന്ന എ വി ബി പി ക്കാരും പുറത്തെ ഷെഡില്‍ ഇരുന്ന ബി എം എസ് കാരും കല്ലും  വടിയുമായി ഞങ്ങളുടെ നേരെ .കര്‍ത്താവേ എന്തൊരു പരീക്ഷണമാണ് വല്ല പള്ളിയിലും ഇരുന്നു നിന്റെ വചനം കേള്‍ക്കേണ്ട ഞാന്‍ കണ്ണടച്ച് തുറക്കും മുന്‍പ് നല്ല വിളഞ്ഞ കാറ്റാടി കമ്പിന്റെ കഷണം കൊണ്ട് തല വെട്ടി പിളര്‍ക്കും പോലൊരു തല്ലു കിട്ടി, പിന്നെ ഓര്മ വരുന്നത് ആലപ്പുഴ  മെഡിക്കല്‍ കോളജിലെ കട്ടിലില്‍ വെച്ചാണ് .പിറ്റേന്നത്തെ ദേശാഭിമാനിയില്‍ പടം സഹിതം വാര്‍ത്ത വന്നു വഴിയെ പോയ എന്നേം പിടിച്ചവര് രക്തസാക്ഷി ആക്കി .അത് കഴിഞ്ഞു രണ്ടോ മൂന്നോ തവണ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു പക്ഷെ പിന്തുടര്‍ന്നതോ പഴയ സര്‍ക്കാരുകളുടെ അതെ നയങ്ങള്‍ .ഇന്നും എല്ലാവര്‍ഷവും സ്വാശ്രയ കച്ചവടത്തെ  പറ്റി വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഞാന്‍ എന്റെ തലയിലെ മായാത്ത മുറിപാടില്‍ വിരലോടിക്കും .സ്വാശ്രയ സമരത്തിന്റെ പേരില്‍ വീഴ്ത്തപ്പെട്ട  ചോരയില്‍ ഒരു ലിറ്റര്‍ എങ്കിലും സംഭാവന നല്കാന്‍ കഴിഞ്ഞതിനെ ഓര്‍ത്തു അഭിമാനം കൊണ്ട് വിജ്രുംബിതന്‍ ആകും .

1 comment:

ajith said...

സമരം ചെയ്തു, അടിയും കൊണ്ടു, എന്നിട്ടും വഞ്ചി തിരുനക്കരെ തന്നെ. അത്രയേയുള്ളു ഈ രാഷ്ട്രീയക്കാരുടെ കാര്യം. (എന്നിട്ട് വീട്ടില്‍ പുകിലൊന്നും ഉണ്ടായില്ലേ?)