Tuesday, 21 June 2016

താഴ്വരയിലെ ആപ്പിൾ


ഞങ്ങളുടെ നാടിനു എന്തു ഭംഗിയാണെന്നോ വെടിയൊച്ചകൾ നിലയ്ക്കുന്ന അന്നു നിന്നെ അതു കാണാൻ ഞാൻ കൊണ്ടു പോകാം. ആപ്പിൾ മരങ്ങൾ വിളവെടുപ്പിനു പാകമാകുന്ന കാലം താഴ്വരയിൽ ആകെ വെള്ളിമൂടിയ ശാന്തതയാണ്. വെടിയൊച്ചകൾക്കു ശമനമുണ്ടാകുന്ന മഞ്ഞു കാലത്തു നമുക്കൊരിക്കൽ കോട്ലിയിലെ മംഗൾ പാണ്ഡെയുടെ കൊട്ടാരത്തിൽ പോകണം അഖണ്ഡ ഭാരതത്തിന്റെ അവശേഷിക്കുന്ന തിരുശേഷിപ്പുകൾ ഉറങ്ങുന്ന ആ മണ്ണിൽ എത്തുമ്പോൾ നീ ഇന്ത്യനും ഞാൻ പാകിസ്ഥാനിയുമല്ലാതെ നമ്മളൊന്നാകും.
പാക് അധിനിവേശ കാശ്മീരിലെ കോട്ലിയിൽ നിന്നുള്ള സുഹൃത്ത് നായീം ഓരോ യാത്ര കഴിഞ്ഞെത്തുമ്പോഴും താഴ്വരയിൽ നിന്നും കൊണ്ടു വരുന്ന ആപ്പിളും അയാളുടെ വീട്ടിൽ കുടിൽ വ്യവസായം പോലെ ചെയ്തിരുന്ന മൃഗത്തോലു കൊണ്ടുള്ള പേഴ്‌സുകളുമൊക്കെയായി എന്നെ കാണാൻ എത്തും. അക്ഷരാഭ്യാസം ഒട്ടുമില്ലാത്ത നായീം കരാറുകാരൻ ആയിരുന്നു മരാമത്തു പണികളുടെ കുഞ്ഞൻ കരാർ എടുത്തു അന്നം തേടിയിരുന്നയാൾ . ഓരോ പണിയും തീരുമ്പോൾ ബില്ലു ബൂക്കുമായി അയാളെന്റെ അരികിലെത്തും ഞാനാണയാളുടെ ഗുമസ്തനും കണക്കപിള്ളയും കാര്യസ്ഥനുമെല്ലാം .പ്രതിഫലമില്ലാത്ത ആലങ്കാരിക പദവി വഹിക്കുന്നതിനുള്ള പരിഹാരമെന്നോണം അയാൾ എന്നും പറയും കോട്ലിയിലെ ആപ്പിൾ തോട്ടങ്ങളുടെ സമൃദ്ധിയിൽ നിന്നൊരു വിളഞ്ഞ ആപ്പിൾ എനിക്കിറുത്തു തന്നിട്ടേ അയാൾ മരിക്കൂ എന്ന് .
ആപ്പിൾ വിളഞ്ഞും പഴുത്തും ഋതുക്കൾ ഒരുപാട് മാറി മറിഞ്ഞിട്ടും വെടിയൊച്ചകൾ നിലച്ചില്ല .ഞാൻ നാട്ടിൽ ആയിരുന്നപ്പോൾ അവിചാരിതമായി എന്റെ ഫോണിലേയ്ക്കൊരു പാകിസ്താനി നമ്പറിൽ നിന്നൊരു കാൾ . ഞാൻ അവിടുന്നു അടിയന്തിരമായി നാട്ടിലേയ്ക്ക് പോന്നു എന്തോ മക്കളെ കാണണമെന്നൊരു തോന്നൽ ,എനിക്കെന്തോ പേടി തോന്നുന്നു ഞാൻ മരണപ്പെട്ടു പോയേക്കുമെന്ന് ,ഇനിയഥവാ നമുക്കു വീണ്ടും കണ്ടു മുട്ടാനായില്ലങ്കിൽ ഒരാപ്പിൾ ഇറുത്തു ഞാൻ കൊണ്ടു പോകും പുതു മണം മാറാതെ ഞാനതു കാത്തു വെക്കും . അയാളുടെ കണ്ഠമിടറി ,ഞാനയാളെ സമാശ്വസിപ്പിച്ചു വെറുതെ തോന്നലാണ് നയീം നിങ്ങൾക്കൊന്നും സംഭവിക്കില്ല കുട്ടികളെ കണ്ടിട്ടു തിരിച്ചു വരു.
നല്ല ഓർമകൾ മാത്രം നൽകിയ അവധിക്കാലം കഴിഞ്ഞു തിരികെ ഓഫീസിൽ എത്തുമ്പോൾ എന്റെ ടേബിളിനു മുകളിൽ ഒരു പാർസൽ എന്നെ കാത്തിരിക്കുന്നു. ആകാംഷയോടെ ഞാൻ അതു തുറന്നു. ഒരു തെർമോക്കോൾ ബോക്സിൽ പൊതിഞ്ഞ ഒരാപ്പിൾ, അതിനു താഴെ ഒരു കുറിപ്പും ബാബാ മരിക്കുന്നതിന് മുൻപു പറഞ്ഞേൽപ്പിച്ചതാണ് ദുവായിൽ ബാബയെയും ഓർക്കുക . ഞാനാ ആപ്പിളെടുത്തു പത്തു ദിവസം മുൻപെപ്പോഴോ ഞെട്ടറ്റ ആപ്പിളിന് തോട്ടത്തിൽ നിന്നും പറിച്ചെടുത്തത്ര പുതു മണം . ഉപ്പു പോലെ ഉണങ്ങിയ ഒരു മഞ്ഞു കണം ആ ഞെട്ടിൽ നിന്നും എന്റെ കൈകളിലേക്ക് അടർന്നു വീണു നിമിഷ നേരം കൊണ്ടതു സാന്ദ്രീകരിച്ചൊരു ജല കണമായി .ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു മഞ്ഞു മൂടിയ ആപ്പിൾ തോട്ടങ്ങളുടെ നടുവിൽ നിന്നൊരാപ്പിളുമായി അയാൾ എനിക്കു നേരെ മന്ദഹസിച്ചു കൊണ്ടു നടന്നടുക്കുന്നു .......
Post a Comment