Tuesday 21 June 2016

അഭയാർത്ഥികൾ


ബേയീ ഞങ്ങൾക്കു പേടിയാകുന്നു , പുറത്തു മുഴുവൻ അക്രമകാരികൾ വളഞ്ഞിരിക്കുകയാണ് ഗ്രാമം അവർ കീഴ്പെടുത്തിയെന്നാണ് പറഞ്ഞു കേൾക്കുന്നത് ,ഇന്നലെ മുതൽ ടി വി യിലെ സംപ്രേക്ഷണവും നിലച്ചിരിക്കുന്നു അവർ ഞങ്ങളെ കൊല്ലും ബേയീ .. ആദാമിന്റെ ഏങ്ങലടികൾ ഹൃദയത്തിലൂടെ കൊള്ളിയാൻ പായുന്നതു പോലെ ഇഷാന് തോന്നി . എവിടെ സാന്ദ്രയും ഉമ്മിയും ? ഉമ്മിയും സാന്ദ്രയും പേടിച്ചു ഒരു വഴിക്കായിരിക്കുന്നു ബേയീ, ബേയീ ഇങ്ങോട്ടു വാ നമുക്കു ഇവിടെ ജീവിക്കേണ്ട എങ്ങോട്ടെങ്കിലും പോകാം ഫലൂജയിൽ ഇപ്പോൾ നമ്മൾ വിരലിൽ എണ്ണാവുന്ന വീട്ടുകാർ മാത്രമേ ഉള്ളു ബാക്കിയൊക്കെ കലാപകാരികളെ കൊണ്ടു നിറഞ്ഞിരിക്കുന്നു ബേയീ വേഗം വാ നീ ഉമ്മിയെ വിളിച്ചേ ബേയി ഉമ്മിയോടു സംസാരിക്കട്ടെ ? കാർലാ നീ സമാധാനമായിരിക്കു ഞാൻ വേഗം വരാം. വരും വരെ കുഞ്ഞുങ്ങൾക്ക് ധൈര്യം പകരേണ്ടത് നീയാണ് ഇഷാൻ നീയെന്താണീ പറയുന്നത്, ഇപ്പോൾ നീയിങ്ങോട്ടു വരണ്ട വന്നാൽ അവർ നിന്നെ കൊല്ലും ഞങ്ങൾ എങ്ങനെയെങ്കിലും ബൈറൂത്തിലേയ്ക്ക് കടക്കാം അവിടെ എത്തിപ്പെട്ടാൽ നമുക്ക് വീണ്ടും കാണാം.എത്തിപ്പെടാൻ നീ പടച്ച തമ്പുരാനോട് പ്രാർത്ഥിക്കുക എന്റെ പൊന്നുമക്കൾ ആദാമും സാന്ദ്രയും അവർ വല്ലതും കഴിച്ചാരുന്നോ ? സാന്ദ്രക്കൊന്നു ഫോൺ കൊടുക്കൂ ബേയീ എന്നൊരു വിളി കേൾക്കാൻ എനിക്കു കൊതിയാകുന്നു . ബേയീ ......എനിക്കു പേടിയാകുന്നു, ബേയിയെ ഞങ്ങൾക്കിനി കാണാൻ കഴിയുമോ ??? ഒരു വലിയ ശബ്ദത്തോടെ ടെലിഫോൺ ബന്ധം നിലച്ചു .ഇഷാൻ എന്ന മുപ്പത്തഞ്ചുകാരൻ കിടക്കയിൽ തളർന്നിരുന്നു . നഗരത്തിലെ അറബിക് ബോർമ്മയിലെ പാചകക്കാരനാണ് ഇഷാൻ ആഭ്യന്തര കലാപം തുടങ്ങിയ നാളു മുതൽ മനമങ്ങും തനുവിങ്ങുമായി കഴിയുകയായിരുന്നു. ഇതു വരെ സുരക്ഷിതമായിരുന്ന തങ്ങളുടെ പട്ടണവും കലാപകാരികൾ പിടിച്ചെന്ന അറിവു അയാൾക്ക്‌ മരണത്തെക്കാൾ ഭയാനകമായിരുന്നു. ജീവനേക്കാളേറെ സ്നേഹിക്കുന്ന ഭാര്യയും മക്കളും അവിടെ തനിച്ചു എന്തു ചെയ്യാൻ ,അവർക്കെന്തെങ്കിലും സംഭവിച്ചതിനു ശേഷം താൻ ജീവിച്ചിരിക്കുന്നതിൽ അർത്ഥമെന്ത് ?കൈയിൽ കിട്ടിയ പഴന്തുണികൾ വാരിപൊതിഞ്ഞയാൾ വീട്ടിലേയ്ക്കു പുറപ്പെട്ടു. നഗരം വളഞ്ഞിരിക്കുന്ന കലാപകാരികളുടെ കൈയ്യിൽ അകപ്പെട്ടാൽ കാട്ടു നീതിയാണ് നടപ്പാക്കുന്നതെന്ന് അയാൾക്കറിയാമായിരുന്നിട്ടും അയാൾ മുന്നോട്ടു തന്നെ പോയി, വെടിയൊച്ചകളുടെ കാതടപ്പിക്കുന്ന ശബ്ദങ്ങൾ അയാളുടെ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തെ തടഞ്ഞില്ല . കാർലാ ,കാർലാ വാതിൽ തുറക്കൂ ഇതു ഞാനാണ് ഇഷാൻ ?? ആദം ,സാന്ദ്രാ,, ബേയി വന്നു ഇനി നിങ്ങൾ ഭയപ്പെടരുത് ,കതകു തുറക്കൂ ,ചീവീടുകളുടെ കാതു തുളയ്ക്കുന്ന ശബ്ദവും കട്ട പിടിച്ച ഇരുട്ടും മുറിച്ചുകൊണ്ടൊരു കുഞ്ഞു വെട്ടം പുറത്തേയ്ക്കു തലനീട്ടി, ക്ഷീണിതയായ കാർല ഇഷാന്റെ നെഞ്ചിലേക്ക് തളർന്നിരുന്നു. ഇഷാൻ അകത്തു കയറിയതും വാതിൽ അടഞ്ഞു തളർന്നുറങ്ങുന്ന ആദാമിന്റെയും സാന്ദ്രയുടെയും മുടിയിഴകളിൽ തഴുകിയായൾ വിങ്ങി. പഴംതുണി ബാഗിൽ കരുതിയ കുബ്‌സിൽ നിന്നും ഒരു കവർ ചീന്തിയയാൾ കാർലായ്ക്കു നേരെ നീട്ടീ . ചത്തത് പോലെ ഉറങ്ങിയിരുന്ന ആദാമിനെയും സാന്ദ്രയെയും അവൾ പതിഞ്ഞ ശബ്ദത്തിൽ കുലുക്കി വിളിച്ചു. വിശപ്പു മാറിയപ്പൊൾ അരക്ഷിത ബോധം വീണ്ടും തലപൊക്കി . ബേയീ നമുക്കിവിടുന്നു പോയേ മതിയാവൂ വരു നേരം വെളുക്കാൻ നിന്നാൽ അപകടമാണ്. ഇഷാൻ കളിച്ചു വളർന്ന പച്ചപ്പുള്ള മണ്ണും കെട്ടിടങ്ങളും ഒരു സംസ്കൃതിയും മണ്ണോടു മണ്ണടിഞ്ഞില്ലാതെയായിരിക്കുന്നു. എങ്ങും മുഴങ്ങുന്ന വെടിയൊച്ചകൾക്കിടയിലൂടെ സമാധാനത്തിന്റെ വെളിച്ചത്തിലേയ്ക്കവരുടെ പ്രവാസം ആരംഭിക്കുകയായി .സാന്ദ്രമോൾ ഉമ്മിയുടെ ചുമലിൽ നിന്നിറങ്ങി നടന്നു ഒരു ചിത്രശലഭത്തെപ്പോലെ പാറി പാറിയവൾ മുന്നേ നടന്നു. ബേയി വരുമ്പോൾ അവളെ യൂറോപ്പിലേക്ക് കൊണ്ടു പോകുമെന്നും യൂറോപ്പ് സ്വർഗ്ഗമാണെന്നും ആദമവളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. സ്വർഗത്തിലേക്കുള്ള യാത്രയിൽ അവൾ കൂടുതൽ ഉത്സാഹവതിയായി കാണപ്പെട്ടു . ആദാം ഇഷാന്റെ കൈകളിൽ മുറുകെ പിടിച്ചിരുന്നു പെട്ടന്ന് പേടിച്ചരണ്ടവൻ പിന്നിലേയ്ക്ക് മാറി, മുന്നിൽ അതാ ഒരു തോക്കേന്തിയ പട്ടാളക്കാരൻ അതിർത്തി കടക്കാൻ അയാൾക്ക്‌ കിട്ടേണ്ട അഞ്ചു ഡോളർ കിമ്പളം ചോദിച്ചയാൾ കൈ നീട്ടി . നിസ്സഹായനായി നിന്ന ഇഷാനെ വകഞ്ഞു മാറ്റി കൊച്ചു സാന്ദ്രയുടെ കൈ പിടിച്ചാ പട്ടാളക്കാരൻ ഇരുളിലേക്ക് മറഞ്ഞു. ആദാമിനെ നെഞ്ചോടു ചേർത്തു കാർലയുടെ കണ്ണീരിൽ കുതിർന്ന കവിളുകളിൽ ചുംബിച്ചിഷാൻ ഒരു ശിലപോലെയിരുന്നു സാന്ദ്ര തിരിച്ചു വരുന്നതും കാത്ത് ........

No comments: