Friday, 25 November 2016

ജാഫ്‌ന


ലിംഗേശൻ ജാഫ്‌നയിൽ നിന്നും ലീവ് കഴിഞ്ഞു വന്നതു മുതൽ ഒരേ ഇരുപ്പായിരുന്നു . സാധാരണ ലീവു കഴിഞ്ഞു വരുന്ന എല്ലാ പ്രവാസികൾക്കും ഉണ്ടാകാറുള്ള വിരഹ വേദനയാണെന്ന ധാരണയിൽ മുറിയിലുള്ള ആരും ലിംഗേശനോട് കാരണം തിരക്കാൻ പോയില്ല . മൂന്നു മാസം കുടുംബത്തോടൊപ്പം കഴിഞ്ഞിട്ടു വന്ന ഒരാൾക്ക് ഓമനിക്കാൻ ഒരു പാടു ഓർമ്മകൾ ഉണ്ടാവും അതിന്റെ തടവറയിലാണ് ഇനി തിരിച്ചു നാട്ടിലേയ്ക്ക് പോകും വരെ അയാൾ കഴിയേണ്ടത് .വന്നു ഒരു മാസം കഴിഞ്ഞും തുടരുന്ന മൗന വൃതം കണ്ടിട്ടെന്നോണം  ഒരു തത്വ ചിന്തകനെപ്പോലെ കൂട്ടത്തിലെ ഏറ്റവും മുതിർന്ന കുഞ്ഞിക്കാദർ ലിംഗേശനെ തോളിൽ തട്ടി സമാശ്വസിപ്പിച്ചു ."ജീവിതത്തിലെ ഏറ്റവും നല്ല കാലത്തെ ജീവിക്കാനായി  പണയം കൊടുക്കാൻ വന്നു താമസിക്കുന്നവരാണ് നമ്മൾ"

ആഭ്യന്തരയുദ്ധം കടുത്തപ്പോൾ രാമേശ്വരത്തേയ്ക്ക് കപ്പൽ കയറാൻ പോയി പരാജയപ്പെടുന്നിടത്തു നിന്നാണ് ലിങ്കേശനിൽ എവിടെയെങ്കിലും പോയി രക്ഷപെടണമെന്നൊരു  ചിന്തയുണ്ടാകുന്നത് . ഓരോ പട്ടണങ്ങളും കടന്നു ശ്രീലങ്കൻ സേന മുന്നേറ്റം നടത്തുമ്പോൾ ഈലത്തിനു വേണ്ടി തോക്കെന്താൻ  പല തവണ ഊറ്റം കൊണ്ടതാണ് ,പക്ഷെ 'അമ്മ മുനിയമ്മയുടെ കണ്ണു  നീരിനു മുൻപിൽ ലിങ്കേശൻ പരാജയപ്പെട്ടു  . ഈലത്തിനു വേണ്ടി ഭർത്താവിനെ സമർപ്പിച്ച മുനിയമ്മയ്ക്കു മകൻ കൂടി ആ വഴി തിരഞ്ഞെടുത്തു രക്തസാക്ഷിയാകുന്നതിനെപ്പറ്റി ആലോചിക്കുക പോലും അസാധ്യമായിരുന്നു . പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളുടെ  മുഴുവൻ ഉത്തര വാദിത്വവും ഒറ്റയ്‌ക്കെറ്റെടുക്കേണ്ടി വന്നപ്പോഴും മുനിയമ്മ തളർന്നില്ല പക്ഷെ മകൻ ലിങ്കേശൻ  ഈലത്തിൽ ചേരുന്നു എന്ന വാർത്ത ആ അമ്മയെ സംമ്പന്ധിച്ചിടത്തോളം മരണത്തേക്കാൾ ഭയാനകമായിരുന്നു . ഒരു രക്ഷപെടലിന്റെ അവസാന സാധ്യത തേടിയാണവർ മൂന്നു കുഞ്ഞുങ്ങളുമായി  രാമേശ്വരത്തേയ്ക്കു രക്ഷപെടാനുള്ള ശ്രമം നടത്തിയത്  . ശ്രീലങ്കൻ നാവിക സേന പിടികൂടി തിരികെ  ജാഫ്‌നയിലെ വീട്ടിൽ എത്തിച്ചപ്പോൾ ലിങ്കേശൻ തീർത്തും അരക്ഷിതമായ തീരത്തിലേയ്ക്ക് തിര ഛർദ്ദിച്ചിട്ട മൽസ്യത്തെപ്പോലെ അസ്വസ്ഥനായിരുന്നു .

യുദ്ധം ഏതാണ്ട് അവസാനിക്കാറായിരിക്കുന്നു ,കരുണ അമ്മൻ(മുരളീധരൻ ) എന്നൊരു വർഗ്ഗ വഞ്ചകനാണ് ഈലത്തെ തകർക്കാൻ  സിംഹളരുടെ ഒറ്റുകാരനായത് . വേലുപ്പിള്ള പ്രഭാകരൻ എന്ന സ്വപ്ന നായകൻറെ ദാരുണ മരണത്തോടെ സ്വതന്ത്ര തമിൾ ഈലമെന്ന    പ്രതീക്ഷയുടെ മേൽ അവസാന ആണിയും ഉറപ്പിക്കപ്പെട്ടിരിക്കുന്നു  . താനടക്കമുള്ള തമിഴ് യുവാക്കൾ ഇരുട്ടിലകപ്പെട്ടിരിക്കുന്നു എന്നൊരു തോന്നൽ മറ്റു തമിഴ് യുവാക്കളെപ്പോലെ  ലിങ്കേശനെയും  ഭരിച്ചു തുടങ്ങിയിരിക്കുന്നു . സിംഹള മുന്നേറ്റം എവിടെയും ദൃശ്യമാണ് ,രാജപക്ഷയുടെ നിർദ്ദയമായ  നിർദേശം  നൽകിയ സ്വാതന്ത്ര്യത്തിൽ അവർ കീഴടക്കപ്പെട്ട ജനത്തിനു മുകളിൽ ഭരണം നടത്തുകയാണ്  . വായടക്കപ്പെട്ട ജനത,  വരിയുടക്കപ്പെട്ട പൗരുഷം തമിഴ് ജനതതി തടങ്കലിലാണ് . ലിങ്കേശൻ നടത്തിയ അവസാന ശ്രമമാണ്  നശിച്ച ആ നാട്ടിൽ നിന്നും അറബി പൊന്നിന്റെ നാട്ടിലേയ്ക്കുള്ള ഈ പലായനം.

ആറു കൊല്ലം എന്തു വേഗമാണ് കഴിഞ്ഞു പോയിരിക്കുന്നത് ,
"നിന്റെ നാടൊക്കെ ഒരു പാടു മാറിയിട്ടുണ്ടാവണം അല്ലേ ! മഹീന്ദ എന്ന ഹൃദയമില്ലാത്തവൻ പോയി പുതിയ സർക്കാർ വന്നില്ലേ  ഇപ്പോൾ കാര്യങ്ങളൊക്കെ  മാറിയിട്ടുണ്ടാവണം" .
പയസ് ലിങ്കേശൻറെ അടുത്തു കൂടി പുതിയ വിശേഷങ്ങളിലേയ്ക്ക് ഒരു ചൂണ്ട കൊരുത്തെറിഞ്ഞു .
നാട്ടിലുള്ള രണ്ടു അനിയന്മാർ അവരൊക്കെ ഇപ്പോൾ എന്തു ചെയ്യുന്നു, വിശേഷങ്ങൾ അറിയാൻ കൂടിയ സഹ പ്രവർത്തർക്കു മുന്നിൽ  ലിങ്കേശൻ ഉത്തരമില്ലാത്തവനെപ്പോലെ തല കുനിച്ചു നിന്നു .
നാട്ടിലേയ്ക്ക് ലീവിനു പോയ ലിങ്കേശനേ  അല്ല തിരികെ വന്നിരിക്കുന്നത് ,ആത്മാർത്ഥ സ്നേഹിതനായ പയസിനോടു പോലും ലിങ്കേശൻ വന്നു മൂന്നു മാസമായിട്ടും കമാന്നൊരക്ഷരം മിണ്ടിയില്ല  .

പെട്രോൾ വില മദ്ധ്യേഷ്യയിലെ കച്ചവടത്തെ ഒന്നാകെ ബാധിച്ചിരിക്കുന്നു . നിലവിലുള്ള തൊഴിലാളികളുമായി  മുന്നോട്ടു പോകുക ആത്മഹത്യാ പരമാണെന്നു കമ്പനികൾക്കു തിരിച്ചറിവുണ്ടായിരിക്കുന്നു  .അത്യാവശ്യം വേണ്ട തൊഴിലാളികളെ നിർത്തി ബാക്കിയുള്ളവരെ തിരികെ നാട്ടിലേയ്ക്ക്  കയറ്റി വിടുന്നതിനുള്ള പദ്ധതികൾ കമ്പനികൾ ആസൂത്രണം ചെയ്തു തുടങ്ങിയിരിക്കുന്നു . ലിങ്കേശനും പയസും  തിരസ്കൃതരുടെ പട്ടികയിൽ പേരുകാരായി വന്ന ആ ദിവസം ലിങ്കേശൻ വാ തുറന്നു .

ഞാൻ ആ നശിച്ച നാട്ടിലേയ്ക്കില്ല ,ശ്രീലങ്കയിലേയ്ക്കില്ല ! ലിങ്കേശൻ പറയുന്നത്  കേട്ട് പയസ്സും മുറി  മുഴുവനും വാ പൊളിച്ചിരുന്നു .
കഴിഞ്ഞ ലീവിനിടയിൽ ഗുരുതരമായ എന്തോ സംഭവിച്ചിരിക്കുന്നു . അയാളുടെ അനുജന്മാർ കുടുംബം ഒന്നിനെപ്പറ്റിയും ഇതുവരെ അയാൾ  ഒന്നും പറഞ്ഞു കേട്ടില്ല .
ലങ്കയിൽ ഇപ്പോൾ ഞങ്ങൾ രണ്ടാം കിട പൗരന്മാരാണ് , നാട്ടിലുള്ള എന്റെ രണ്ടനുജന്മാരും ജയിലിലാണ് ,പഴയ ഈലത്തിന്റെ  അടിവേരറുക്കുന്ന ശ്രമത്തിനിടയിൽ സിംഹളർ  നാടു  നീളെ അക്രമം അഴിച്ചു വിടുകയാണ് . നിരപരാധികളായ ഒരു പാടു യുവാക്കളെ അവർ നിർദ്ദയം കൊല്ലുന്നു എന്നിട്ടതിനു ന്യായീകരണങ്ങൾ ഉണ്ടാക്കുന്നു.

നമുക്കു പോയേ മതിയാവൂ ! വേറെ മാർഗങ്ങളില്ല, നമ്മളീ നാട്ടിൽ പരദേശികളാണ്, ചെയ്യുന്ന ജോലിക്കു കൃത്യമായ വേതനം പറ്റുന്ന അതില്ലാത്തപ്പോൾ  തിരികെ പോകേണ്ടുന്ന പരദേശികൾ . പയസ്സ്  ശാന്തമായി അയാളെ ഓർമ്മിപ്പിച്ചു  .

ജി 9053 എയർ അറേബ്യ ഗോയിങ് ടു  കൊളംബോ പാസ്സഞ്ചർ ലിങ്കേശൻ കറുപ്പയ്യൻ  ദിസ് ഈസ് ദി ഫൈനൽ കാൾ ഫോർ  ലിങ്കേശൻ കറുപ്പയ്യൻ . മുഷിഞ്ഞു കീറാറായ എയർ ബാഗുമായൊരാൾ ലോഞ്ച് കൗണ്ടർ ലക്ഷ്യമാക്കി അതി വേഗം നടന്നടുക്കുന്നു . വിമാനം പറന്നുയരാൻ ഇനി നിമിഷങ്ങൾ മാത്രം ഇതു  അവസാനത്തെ  മടക്കമാണ് ഇനിയൊരു യാത്രയ്ക്കായി ലിങ്കേശൻ കറുപ്പയ്യൻ എന്ന വ്യക്തി ഈ ഭൂമിയിൽ ഉണ്ടാവുമോ ? കടുനായിക്ക് വിമാനത്താവളത്തിൽ ചാവേറായി  വീരമൃത്യു വരിച്ച കറുപ്പയ്യന്റെ മകനാണ് താൻ നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവന്റെ പോരാട്ടങ്ങൾ ആരംഭിക്കാൻ പോകുന്നതേയുള്ളൂ ...............

Post a Comment