Thursday, 10 November 2016

ഞാൻ ആൽകെമിസ്റ്റാകുന്നു .കാണുന്നതു സത്യമാണോ എന്നറിയാൻ ഞാൻ കൈയ്യിൽ നുള്ളി നോക്കി , അന്നൊരു പെസഹാ വ്യാഴാഴ്ച കാലു കഴുകൽ ശ്രുശ്രൂഷ യ്ക്കിടയിൽ പ്രസംഗിക്കാൻ വന്ന കാപ്പിപ്പൊടി ലോഹയിട്ട ഈശോ സഭക്കാരൻ കപ്പൂച്ചിൻ അച്ചൻ പറഞ്ഞാണ് ഞാൻ ഇയാളെപ്പറ്റി ആദ്യം കേൾക്കുന്നത് .ആംസ്റ്റർഡാമിലെ കാപ്പിക്കടയിൽ വെച്ചു പരിചയപ്പെട്ട അജ്ഞാതനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു നടത്തിയ സാന്റിയാഗോയിലേക്കുള്ള തീർത്ഥാടനം പ്രമേയമാക്കിയ സുന്ദര പുസ്തകത്തിന്റെ കഥാകാരൻ അന്നേ എന്റെ ഹൃദയത്തിൽ കൂടു കെട്ടിയതാണ് . സാന്റിയാഗോയെന്ന ആട്ടിടയന്റെ സ്വപ്നം തേടിയുള്ള യാത്രയും ,ഒക്കെ എന്നെ ആ ഹൃദയത്തോടു കൂടുതൽ കൂടുതൽ അടുപ്പിക്കുകയായിരുന്നു .
വെളുത്തു തീരാറായ താടി രോമങ്ങൾ തടവിയായാൾ എന്നെ നോക്കി ചിരിച്ചു . ചാണ കയറിയ തലയിൽ നിന്നും വിയർപ്പു കണങ്ങൾ താഴേയ്ക്കിറ്റു വീഴുമ്പോൾ ഒരു പാൽ പുഞ്ചിരിയാൽ അയാളെന്നെ നോക്കി കണ്ണിറുക്കി . എനിക്കിതു വിശ്വസിക്കാൻ കഴിയുന്നതിനും അപ്പുറമായൊരു സംഗതിയാണ് , ഏതെങ്കിലും ഒരു വസ്തു പൂർണ ഹൃദയത്തോടെ ആഗ്രഹിച്ചാൽ ഈ ലോകം മുഴുവൻ നിന്റെ ആഗ്രഹം സഫലമാക്കാൻ നിന്നോട് കൂടെ ഉണ്ടാവുമെന്ന് പറഞ്ഞ പ്രിയപ്പെട്ട കഥാകാരൻ ഇന്നെന്നോടൊപ്പം ഒരു വേദിയിൽ .
ലോകമെമ്പാടും വായിക്കപ്പെടുന്ന പ്രിയപ്പെട്ട കഥാകാരാ അങ്ങേയ്ക്കെന്താണു ഞാൻ തരിക . അക്ഷര സ്നേഹത്താൽ ദീപ്തമായ എന്റെ ഹൃദയത്തിൽ നിന്നും ആ കൈ പിടിച്ചൊരു ചുംബനം നൽകണമെന്നെനിക്കു കൊതിയുണ്ട് പക്ഷെ ഒഴുകുന്ന നദി പോലെയായിരിക്കുന്നു എന്റെ ചിന്തകൾ അതിനെ ഒരു തടയണ കെട്ടി നിർത്താൻ ഞാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് . ഇല്ല സ്ഥല ജല വിഭ്രമം വന്നവനെപ്പോലെ തപ്പി തടയേണ്ട സമയമല്ലിത് . ഹൃദയത്തിൽ കുടിയേറിയ അര ഡസനോളം നോവലുകൾ പിറന്നു വീണത് ആ വിരൽ തുമ്പിലൂടെയാണ്, പ്രിയപ്പെട്ടവനെ.. പൗലോ കൊയ്‌ലോ ആ കരം എനിക്ക് നേരെയൊന്നു നീട്ടുമോ ?
നറുനീന്തി പൂവിന്റെ വാസനയുള്ള ഒരു കാറ്റ് എനിക്കും കഥാകാരനുമിടയിലൂടെ വീശിയടിച്ചു . ഞാൻ ആരായി തീരാൻ ആഗ്രഹിച്ചോ അതൊന്നുമല്ല ഞാൻ സമൂഹം ആവശ്യപ്പെട്ട എന്തിനോ വേണ്ടി എന്നിലെ നല്ലതിനെ ഞെക്കി കൊന്നിട്ടു നിഴലായി ജീവിക്കുന്നവൻ . എനിക്ക് സ്വയം നിയന്ത്രിക്കാൻ കഴിയുന്നില്ല തോമ ക്രിസ്തുവിനോടെന്നപോലെ വീണ്ടുമാ ചോദ്യം ഞാൻ ചോദിക്കുന്നു .
നിങ്ങൾ തന്നെയല്ലേ ആ മനുഷ്യൻ ??
ഇടതു കൈ ഉയർത്തി മൂക്കിനും കണ്ണിനുമിടയിൽ ഒരു വിഘ്‌നം പോലെ കിടന്ന കണ്ണടയുയർത്തി അയാൾ എനിക്ക് നേരെ നീട്ടി .എല്ലായ്പ്പോഴും ചിന്തകൾക്ക് സ്ഥായീ ഭാവമുണ്ടെങ്കിലും അവയിൽ ചിലത് കൂടുതൽ ശക്തമാണ് അതിനെയാണ് നീ എന്നോടുള്ള പ്രണയമെന്നു പറയുന്നത് , ഇതെന്നനോടുള്ള പ്രണയമല്ല കേവലം എന്റെ കൃതികളോട് മാത്രമാണ് എന്തു കൊണ്ടെന്നാൽ നേരായും നാം പ്രണയിക്കുമ്പോൾ മറ്റുള്ളവരെയും നമ്മെത്തന്നേയും കൂടുതൽ മനസ്സിലാക്കുന്നു ,നമുക്കു വാക്കുകളോ പ്രമാണങ്ങളോ രേഖകളോ ഉടമ്പടികളോ ആരോപണങ്ങളോ പ്രതി വാദങ്ങളോ ആവശ്യമില്ലാതാകും .അങ്ങനെ ഒരു പ്രണയത്തിലായിരുന്നു നീയിതുവരെ , അപ്പോൾ കുറച്ചു മുൻപ് വരെ എന്റെ മുന്നിലിരുന്ന മുന്നിലിരുന്ന ഊശാം താടിക്കാരൻ ?
ആ ഈശോസഭക്കാരൻ കപ്പൂച്ചിൻ അച്ചന്റെ പ്രസംഗം മരക്കൊമ്പിൽ കെട്ടിയ കോളാമ്പിയിലെന്നപോലെ എനിക്കിപ്പോഴും വ്യക്തമായി കേൾക്കാൻ കഴിയുന്നു "നിന്റെ ആഗ്രഹം എത്രമേൽ തീവ്രമാണോ അത്രമേൽ ലോകവും നിനക്കു കൂട്ടിനുണ്ടാകും ".
Post a Comment