Monday, 7 November 2016

അങ്ങനെയത്രേ ഡിങ്ക മതം ഉണ്ടായത്തട്ടിൻപുറത്തെ സുഖവാസം അവസാനിക്കാൻ പോകുന്നു എന്നുള്ള ഭയാനക ചിന്ത ചിണ്ടനെ അസ്വസ്ഥനാക്കി . തങ്ങൾ ഇതു  വരെ ജീവിച്ച സന്തുഷ്ടി നിറഞ്ഞ ജീവിതത്തിനോട് എന്നെന്നേയ്ക്കുമായി വിട പറയേണ്ടി വരുമെന്ന് ചിന്നുവിനോട് പറഞ്ഞപ്പോൾ അവൾക്കും അടക്കാൻ വയ്യാത്ത വിഷമം ഉണ്ടായി . അറുപതോളം കുഞ്ഞുങ്ങളെ പെറ്റിട്ട തട്ടിൻ പുറത്തു താമസിക്കാൻ വരുന്ന പുതിയ താമസക്കാരോട് ചിണ്ടനും ചിന്നുവിനും കടുത്ത അലോഹ്യമുണ്ടായി . ഒരു നൂറു കുഞ്ഞുങ്ങളെ എങ്കിലും ആരുടേയും ശല്യമില്ലാതെ പള്ള  നിറച്ചു ഉണ്ടും ഉറങ്ങിയും ഉണ്ടാക്കണമെന്ന ചിണ്ടന്റെ ആഗ്രഹത്തിനു മേലാണ് അന്തോണി മാപ്പിള കത്തി വെച്ചിരിക്കുന്നത് .
നെല്ലും തേങ്ങയും എന്നുവേണ്ട നടുതലകളെല്ലാം സൂക്ഷിക്കുന്ന മച്ചിനു  മുകളിൽ താമസിക്കാനും അതിഥികൾ എങ്ങനെ തയ്യാറാകുന്നു എന്ന ചിന്ത ചിന്നുവിനെ അസ്വസ്ഥയാക്കിയപ്പോൾ ചിണ്ടൻ വിശദീകരിച്ചു . വരുന്നവർ കൊടിയ വിപ്ലവകാരികളത്രെ, ലോകം മുഴുവൻ പട്ടിണി ഇല്ലാതാക്കാൻ പൊരുതുന്ന ധീരരായ യുവാക്കൾ ! പോലീസിനെ ഒളിച്ചു താമസിക്കാനാണത്രെ തട്ടിൻ പുറത്തേയ്ക്കു വരുന്നത് . ലോകമെങ്ങും സമത്വം നിറയുന്ന ദിവസം ചിന്നുവും  സ്വപ്നം കണ്ടു . എലിപ്പെട്ടികളില്ലാത്ത എവിടെയും എന്തും കരണ്ടു തിന്നാവുന്ന ആരെയും പേടിക്കേണ്ടാത്ത പുതിയ ലോകത്തിനു വേണ്ടി പരിശ്രമിക്കുന്ന നിർമല ഹൃദയാരാണ് തങ്ങളുടെ തട്ടിൻ പുറത്തെ വാസ സ്ഥലം കൈയേറാൻ പോകുന്നതെന്ന ചിന്ത ഉള്ളു കുടുങ്ങുന്ന പേടിയിലും അവർക്കൊരാശ്വാസമായി .

അന്തോണി മാപ്പിള ജന്മിയല്ലേ എന്നിട്ടും ജന്മിത്തത്തിനെതിരെ പോരാടുന്ന വിപ്ലവകാരികൾക്കു ഒളിയിടമൊരുക്കുന്നതെന്തിന്  ?

എല്ലാ ജന്മിമാരും ഇവർക്ക് ശത്രുക്കളല്ല തൊഴിലാളികളുടെ രക്തമൂറ്റുന്ന നിർദ്ദയരായ ചിലർ അവർ മാത്രമാണ്  ശത്രുക്കൾ  .

 ചിന്നു സംശയം മുഴുവനും തന്റെ അറുപത്തിയെട്ടു കുട്ടികളുടെ തന്തയായ ചിണ്ടനോട് ചോദിച്ചു മനസ്സിലാക്കുകയാണ്  . ലോക പരിചയം കൂടുതലുള്ള ചിണ്ടൻ ഒരു വിദ്യാർത്ഥിയോട് അദ്ധ്യാപകൻ എന്ന പോലെ  വിപ്ലവം വിരിയാനുണ്ടായ കാരണങ്ങളും വിവരിച്ചപ്പോൾ ചിന്നുവിന് തട്ടിൻ പുറത്തേയ്ക്കു വരാനിരിക്കുന്ന വിപ്ലവകാരികളോട് കടുത്ത ആരാധനയും  ഇഷ്ട്ടവുമുണ്ടായി .
തേങ്ങയിടാൻ വരുന്ന മാധവൻ വണ്ണാൻ  മച്ചിനു മുകളിൽ  ഒതുക്കാനായി കയറി വന്നപ്പോൾ ചിണ്ടൻ ചിന്നുവിനെ ചേർത്തു പിടിച്ചു  കടിച്ചു മുറിച്ചു വെച്ചിരുന്ന പൊതിക്കാ തേങ്ങയുടെ ഉള്ളിലേയ്ക്ക് കയറി ഇരുന്നു . സാമ്രാജ്യം നഷ്ട്ടപെട്ട ചക്രവർത്തിയെപ്പോലെ  ചിണ്ടനും നിറ  വയറുള്ള ചിന്നുവും ഉണക്ക തേങ്ങയുടെ ഉള്ളിലിരുന്നു തേങ്ങി കരഞ്ഞു .

രാത്രിയുടെ മൂന്നാം യാമം രണ്ടു ചെറുപ്പക്കാർ മച്ചിന് മുകളിലേയ്ക്കു ധീരമായ ചുവടുകളോടെ കയറിവന്നു . അവർ തമ്മിൽ എന്തൊക്കയോ കുശു കുശുക്കുന്നുണ്ടായിരുന്നു  ചിണ്ടനും ചിന്നുവിനും മനസ്സിലാക്കാത്ത വലിയ വലിയ കാര്യങ്ങളാണ് അവർ പറഞ്ഞിരുന്നതെന്നു  അവർക്കു തോന്നി . മനുഷ്യരെ കൊല്ലുന്ന വിപ്ലവകാരികൾക്കു  ഒരു ദയയും ഉണ്ടാവില്ലെന്നു പട്ടണത്തിൽ നിന്നും വന്ന കോമെൻ ചുണ്ടെലി പണ്ടു പറഞ്ഞതായി  ചിണ്ടൻ ഓർത്തു . അവർ വലിക്കുന്ന ബീഡികുറ്റികൾക്കു ഒരു സുഗന്ധം ഉണ്ടായിരുന്നു അന്തോണി മാപ്പിള  പുറത്തു പോകുമ്പോൾ മകൻ സോജപ്പൻ മച്ചിനു മുകളിൽ വന്നു ഒളിച്ചു വലിക്കാറുണ്ടായിരുന്നപ്പോളുള്ള  അതേ പൊകല  മണം .

വിപ്ലവകാരികൾ ഉറങ്ങാറില്ല അവർക്കു ആരെയൊക്കയോ ഭയമാണ് . എന്തിനാണിവർ ഇങ്ങനെ ഭയന്നു ജീവിക്കുന്നത്  . വിപ്ലവം ഉപേക്ഷിച്ചു വെളിച്ചത്തിന്റെ സന്തതികളായി ജീവിക്കാൻ ഇവരെ വിലക്കുന്നതെന്താണ് ,ഓരോ ജന്മത്തിനും ഓരോ ലക്ഷ്യമുണ്ട് ഒരു പക്ഷെ നാളെ കാലം ഇവരെ ഓർക്കുന്നത് ഈ ത്യാഗങ്ങളിലൂടെ കടന്നു  വന്നു വിജയം നേടുമ്പോഴായിരിക്കും . നേരം പുലരും മുൻപു വെളിക്കിരിക്കാനല്ലാതെ  അവർ പുറത്തിറങ്ങില്ല അവർ പുകച്ചു തള്ളുന്ന പുക ശ്വസിക്കാൻ തന്നെ ഒരു സുഖമുണ്ട് . ചിന്നുവിന്റെ വയറ്റിൽ കിടന്ന കുഞ്ഞും  ആ പുക മണം കേൾക്കുമ്പോൾ തുള്ളിച്ചാടുന്നതു അവൾക്കറിയാൻ  കഴിയുന്നുണ്ട്  . അപരിചിതത്വത്തിന്റെ ലോകത്തു നിന്നും ചിണ്ടനും ചിന്നുവും താഴേയ്ക്കിറങ്ങിയിരിക്കുന്നു .

ചിണ്ടനും ചിന്നുവും പതിയെ വിപ്ലവകാരികളായ യുവാക്കൾക്കു മുന്നിലൂടെ ഓടിയിട്ടും അവർക്കൊരു പ്രതികരണവും ഇല്ല  . ഒരു വേള അതിലൊരു യുവാവിന്റെ കൈയകലത്തിൽ എത്തിയ ചിന്നുവിനെ അയാൾ എടുത്തു താലോലിച്ചു . മനുഷ്യരെല്ലാവരും അവജ്ഞയോടെ കാണുന്ന തങ്ങളെ ആദ്യമായി ഒരാൾ കൈയ്യിലെടുത്തപ്പോൾ ചിന്നുവിന്   ഏഴാം സ്വർഗ്ഗത്തിലേറിയ പ്രതീതിയായിരുന്നു  . ഈ യുവാക്കൾക്ക്  എല്ലാത്തിനോടും സ്നേഹമാണ് ,തട്ടിൻപുറത്തെ  പാറ്റയോട്, പഴുതാരയോട് എലികളായ ഞങ്ങളോട് കാരണം അവർ മനുഷ്യരിൽ തന്നെ വിഭിന്നരായ കമ്മ്യൂണിസ്റ്  എന്നൊരു വിചിത്ര വർഗമായിരുന്നു .

ചിന്നുവിന് ഈറ്റു നോവെടുക്കാറായിരിക്കുന്നു വിപ്ലവകാരികൾ ഇപ്പോൾ ഞങ്ങൾക്കും  വേണ്ടപ്പെട്ട ആരോ ആയി മാറിയിരിക്കുന്നു  . യുവാക്കൾ വലിക്കുന്ന ചുരുട്ടിന്റെ പുക ശ്വസിക്കുന്നത് കൊണ്ടോ മറ്റോ ചിന്നു മറ്റേതൊരു പ്രസവകാലത്തെയുംകാൾ  ആരോഗ്യ വതിയും പ്രസന്ന വദനയുമാണ് . പ്രസവ സമയത്തിനിനി അധികം വിനാഴിക ഇല്ലെന്ന സൂചന നൽകി  ചിന്നു ഒരു വശം ചേർന്നു കിടന്നു . വിപ്ലവകാരികളിൽ ഒരാൾ ആയാൾ  കഴിച്ച മരച്ചീനിയുടെ ബാക്കി ചിന്നുവിനു മുൻപിൽ വെച്ചു അവളെ തഴുകികൊണ്ട്  തേക്കിൻ തടിയിൽ തീർത്ത മച്ചിന്റെ  ഓരം ചേർന്നിരുന്നു .

അപായ സൂചന മുഴക്കി വിസിലടി ശബ്ദം മുഴങ്ങി ,ടക് ടക് ടക് .....ബൂട്ടിന്റെ ലാടം പിടിപ്പിച്ച ആണികൾ മര പലകയിൽ  ആവർത്തിച്ചു മുഴങ്ങുന്നു .യുവാക്കൾ പിടിക്കപ്പെട്ടു എന്ന് തോന്നിയ നിമിഷം മുഷ്ടി ചുരുട്ടിയവർ  ആവേശത്തോടെ  വിളിച്ചു "ഇൻക്വിലാബ് സിന്ദാബാദ് ഇൻക്വിലാബ് സിന്ദാബാദ്" .. കപ്പടാ മീശക്കാരനായ പോലീസുകാരൻ ചെകിടു പൊട്ടുന്ന അടി കൊടുത്തവരെ താഴേയ്ക്ക് തള്ളി . ഈ ബഹളങ്ങളൊക്കെ തട്ടിൻ പുറത്തു നടക്കുന്നതിനിടയിൽ  ചിന്നു പ്രസവിച്ചു സാധാരണ  പ്രസവത്തിൽ പത്തും പന്ത്രണ്ടും പ്രസവിക്കുന്ന ചിന്നു അന്നു ഒരാൺ കുഞ്ഞിനെ മാത്രം പ്രസവിച്ചു . അവനു ചില പ്രത്യേകതകൾ ഉണ്ടായിരുന്നു അനീതി എന്ന് കേട്ടാൽ അവനു രക്തം തിളയ്ക്കുമായിരുന്നു  . പാന്റിനു മുകളിൽ ചുവന്ന ഷഡ്ഢിയിട്ട അവനത്രെ പിൽക്കാലത്ത് വാഴ്ത്തപ്പെട്ടവനും  അശരണരുടെ  ആശ്രയവുമായി തീർന്ന വിശുദ്ധ ഡിങ്കൻ ....... 
Post a Comment