Tuesday 18 April 2017

കൂഴച്ചക്കപോലൊരു ആദ്യ രാത്രി



കുഞ്ഞു നാൾ മുതൽ സിനിമയിലും സ്വപ്നത്തിലും കണ്ടിട്ടുള്ള കല്യാണം കഴിഞ്ഞുള്ള ആദ്യ രാത്രിയാണിത് ,വ്രീളാ വിവശയായി അവൾ വന്നു കട്ടിലിൽ ഇരുന്നതേയുള്ളു . കലാകാരനാണ് ഞാൻ കലാപരമായിത്തന്നെ കാര്യങ്ങൾ തുടങ്ങണം .ചെറിയൊരു വിറയൽ, വൈക്ലബ്യം ,ചമ്മൽ തുടങ്ങി നവരസങ്ങളും ഒളിപ്പിച്ച മുഖത്തോടെ ഞാൻ അവളുടെ പെരുവിരലിൽ സ്പർശിച്ചു  . ഗ്രഹണി പിടിച്ച കുട്ടിയുടെ ആർത്തി എനിക്കുണ്ടോയെന്ന സംശയത്തിൽ നിലത്തേയ്ക്കു താഴ്ത്തിയിരുന്ന തലയുയർത്തി അവളെന്നെ ഒളികണ്ണിട്ടു നോക്കി . ഞാൻ  രണ്ടും കൽപ്പിച്ചവളുടെ വലത്തു കരം ഇറുക്കി നെഞ്ചോടു ചേർത്തു വെച്ചു .വെളിച്ചം എന്തോ പറയാൻ മടിച്ചിട്ടെന്നവണ്ണം മുറിയിലാകെ വിമ്മിഷ്ട്ടപ്പെട്ടു നിൽക്കുന്നു  .ഇനി സംഭവിയ്ക്കാൻ പോകുന്ന കാര്യങ്ങൾക്കു വെളിച്ചം ഒരു തടസ്സമാണ് മുകളിൽ കറങ്ങുന്ന പങ്കായത്തിന്റെ ശബ്ദത്തിനും മേലെ അവളുടെ ശ്വാസമിടിപ്പു എനിക്കു  കേൾക്കാം .

കുട്ടി പൗലോ കൊയ്‌ലോയെ വായിച്ചിട്ടുണ്ടോ ? ആദ്യ രാത്രിയിലേയ്ക്കായി ഞാൻ റിഹേഴ്സൽ ചെയ്തു വെച്ചിരുന്ന ചോദ്യം അവളിൽ അമ്പരപ്പും ആശങ്കയുമുണ്ടാക്കി .

ഇരുട്ടിൽ അവളുടെ മറുപടിക്കായി ഞാൻ മലമുഴക്കി വേഴാമ്പലിനെപ്പോലെ  കാത്തിരുന്നു .

കട്ട പിടിച്ച ഇരുട്ടും അതിനേക്കാൾ കട്ടപിടിച്ച നിശബ്ദതയും . എന്റെ കൈത്തണ്ടയിൽ അമർത്തി പിടിച്ചിരുന്ന  അവളുടെ  പെരുവിരൽ നഖം കൊണ്ടെന്നെ മൃദുവായി നുള്ളി .

എന്റെ ഭാഗത്തും തെറ്റുണ്ട് ,ആദ്യരാത്രിയിൽ ഇങ്ങനെയൊന്നും ചോദിച്ചു കൂടാ, ഞാനവളെ വലിച്ചു നെഞ്ചോടു ചേർത്തു  .രണ്ടു ഹൃദയങ്ങളുടെ താളവും  ഉന്നതിയിലായിരിക്കുന്നു .എന്തെങ്കിലും ചെയ്യാൻ തുടങ്ങും മുൻപതാ  വീടിന്റെ കോളിംഗ് ബെൽ ശബ്ദം മെഡിക്കൽ കോളേജിലെ ആംബുലൻസ് ശബ്ദം പോലെ ഉയർന്നു  .ഒരു ഞെട്ടലോടെ അവൾ എന്റെ നെഞ്ചിൽ നിന്നും  പുറകോട്ടു മാറി  .

ആരോ പുറത്തു വന്നിരിക്കുന്നു പുറത്തു അപ്പച്ചന്റെ അടക്കിപ്പിടിച്ച സംസാരം കേൾക്കാം .

അവൻ കിടന്നിട്ടുണ്ടാവണം നാളെ രാവിലെ കണ്ടാൽ പോരെ ?

അയ്യോ അപ്പച്ചായി അങ്ങനെ പറയരുത് ,ശരിക്കും ഞാൻ മറന്നു പോയിട്ടാ ,ദേ നോക്കിയേ അവനിഷ്ടമുള്ള കൂഴച്ചക്കയാ കൊണ്ടു  വന്നിരിക്കുന്നെ ഒരു ചുളയെങ്കിലും അവൻ കഴിക്കുന്നതു കണ്ടിട്ടു  വേണം എനിക്കു  പോവാൻ .

ഞാൻ വാതിലിനോട് ചെവി ചേർത്തു വെച്ചു ആ ശബ്ദം ആരുടേതാണെന്നറിയാൻ ഒരു ശ്രമം നടത്തി നോക്കി .ഒരു പിടിയും കിട്ടുന്നില്ല, എങ്കിലും എന്റെ ഇഷ്ട്ടങ്ങൾ ഒക്കെ അറിയാവുന്ന ആരോ ആണ് . ഇന്നിനി ദൈവം തമ്പുരാൻ വന്നാൽ കൂടി ഞാൻ വാതിൽ തുറക്കാൻ പോകുന്നില്ല. ബെഡ്‌ലാംപ് തെളിച്ചു നവവധു എന്റെ ഭാവങ്ങൾ നിരീക്ഷിക്കുകയാണ് . നല്ലൊരു ഇൻട്രോയാണ് പുറത്തെ  ദുഷ്ടൻ വന്നു കുളമാക്കിയിരിക്കുന്നത് ഇവനെയൊക്കെ പാമ്പു കടിച്ചു ചാകണേ കർത്താവേ എന്നു മനസ്സിൽ ധ്യാനിച്ചു കട്ടിലിലേയ്ക്കു വീണ്ടും ചാടിക്കയറി . വീണ്ടും നിശബ്ദത വന്നയാൾ പോയിട്ടുണ്ടാവണം .ഇപ്പോൾ എനിക്കവളുടെ മുഖം വ്യക്തമായി കാണാൻ കഴിയുന്നു നാണം നുണക്കുഴി വിരിച്ച ആ മുഖത്തിനു പൂർണ്ണ ചന്ദ്രന്റെ ശോഭയുണ്ടിപ്പോൾ .ഞാൻ ഭാഗ്യവാനാണ് അല്ലെങ്കിൽ ഇത്രയും സുന്ദരിയായ ഒരുവളെ ജീവിതം പങ്കിടാൻ കിട്ടുമായിരുന്നില്ല .ഇക്കുറി എന്റെ നോട്ടമവളുടെ ചുണ്ടുകളിലേയ്ക്കാണ് ഫ്രഞ്ച് കിസ് എന്നത് സിനിമയിലേ കണ്ടിട്ടുള്ളു പരീക്ഷിക്കാൻ പോകുന്നത് ആദ്യമായാണ് .പെരുവിരലിൽ നിന്നും ഒരു തരിപ്പു മുകളിലോട്ടു ഇരച്ചു കയറുന്നു .ഇടുക്കി ഡാം തുറന്നതു പോലെ രക്തം എന്റെ എല്ലാ ഞരമ്പുകളിലേയ്ക്കും പമ്പു ചെയ്യപ്പെടുന്നു .ലക്ഷ്യ സ്ഥാനത്തിനു ഒരു മില്ലി അകലെയെത്തിയപ്പോൾ വാതിലിൽ ശക്തമായ മുട്ടു കേട്ടു അവൾ വീണ്ടും ഞെട്ടി പിന്നോക്കം മാറി  .

മോനെ ,മോനെ .... അപ്പച്ചന്റെ ദയനീയ ശബ്ദം പുറത്തു കേൾക്കാം .

ദേഷ്യം മറച്ചു  കൊണ്ടു  ഞാൻ വാതിൽ മലർക്കെ തുറന്നു . അപ്പച്ചനു പിന്നിൽ 70 എം എം ചിരിയുമായി സാം ജേക്കബ് !!! എന്റെ പത്താം ക്ളാസുവരെയുള്ള കളിക്കൂട്ടുകാരൻനാണവൻ .പത്താം ക്ലാസിനു ശേഷം പട്ടാളത്തിൽ ചേരാൻ പോയവൻ . പട്ടാളത്തിൽ വെച്ചു എന്തോ മാനസീകമായ തകരാറു സംഭവിച്ചു തിരിച്ചു പോരേണ്ടി വന്നവൻ . അവൻ ഇന്നാണെന്റെ കല്യാണം എന്നതു മറന്നു പോയിരുന്നു .എവിടെയൊക്കയോ കറങ്ങി വൈകിട്ടു വീട്ടിൽ എത്തിയപ്പോഴാണ് അവൻ അതറിയുന്നത് ഉടൻ വീട്ടു മുറ്റത്തു നിന്ന പ്ലാവിൽ നിന്നൊരു ചക്കയുമിട്ടു ഇങ്ങു പോന്നിരിക്കുകയാണ് ശവം .. അപ്പച്ചനും അമ്മച്ചിയും എന്നെ ദയനീയമായി നോക്കുന്നു .അവൻ കൊണ്ടു  വന്ന ചക്ക നാലായി മുറിച്ചു തിണ്ണയിൽ ഇട്ടിരിക്കുന്നു .അതിൽ നിന്നൊരു ചുളയെടുത്തു  എനിക്ക് നേരെ നീട്ടി . ഞാനതു വാങ്ങി കഴിച്ചു വീണ്ടും വീണ്ടുമവൻ ചുളകൾ ഉതിർത്തോരോന്നു വീതം എനിക്കു നേരെ നീട്ടി. മലപോലെ വന്ന എന്റെ ദേഷ്യം മഞ്ഞുപോലെ ഉരുകിയൊലിച്ചിരിക്കുന്നു . ഞാൻ അവനടുത്തായി ഇരുന്നു അവൻ ബോധത്തിലും അബോധത്തിലും എന്തൊക്കയോ പറഞ്ഞു കൊണ്ടിരുന്നു . സ്കൂൾ അവധിക്കു ബോസ്സിന്റെ കമ്പിയിൽ പ്ലാവിൽ കയറിയ കഥയും പഴുത്ത ചക്കയ്ക്കായി ഇടിയുണ്ടാക്കിയ കഥയുമായി ഒരു പാട് വിശേഷങ്ങൾ .

സമനിലയില്ലാത്തവർ സംസാരിക്കുമ്പോൾ സമചിത്തത പാലിക്കാൻ കേൾവിക്കാരൻ നിർബന്ധിതനാകും. ഇന്നത്തെ എന്റെ രാത്രിയുടെ പ്രാധാന്യം മനസ്സിലാക്കാൻ കഴിയാത്തവണ്ണം ദുർബലമായ മനസായിരിക്കുന്നു അവന്റേത് . അവനെ പറഞ്ഞു വിട്ടു റൂമിലേയ്ക്ക് കയറുമ്പോൾ ശ്രീമതി ഉറങ്ങി തുടങ്ങിയിരുന്നു .അവളെ ശല്യപ്പെടുത്താതെ കട്ടിലിന്റെ ഓരം ചേർന്നു ഞാൻ കിടന്നു . ചിലർക്കു ആദ്യ രാത്രിക്കു ശാന്തി മുഹൂർത്തം എന്നൊരു സംഗതി ഉണ്ടെന്നും  എന്റെ ശാന്തി മുഹൂർത്തം നാളെയാണെന്നും മനസ്സിനെ ബോധിപ്പിച്ചു കൊണ്ടു ഞാൻ മണിയറയിൽ വിടർത്തിയിട്ട മുല്ലപൂക്കളിലേയ്ക്കു മുഖം പൊത്തിയമർന്നു കിടന്നു ................



No comments: