Thursday 6 April 2017

സുലൈമാന്റെ കസേര (കഥ )

ഇമിഗ്രേഷൻ റോഡിലെ മുനിസിപ്പാലിറ്റിയുടെ മാലിന്യ വീപ്പയ്ക്കരിക്കൽ കരുവേലകത്തിൽ  തീർത്ത ഒരു ചാരു കസേര ആരോ ഉപേക്ഷിച്ച നിലയിൽ കണ്ടതിനെ തുടർന്നാണ് അതു റൂമിൽ  കൊണ്ടു  പോയാലോ എന്നു സുലൈമാനു മോഹമുദിക്കുന്നത് .മരപ്പണിക്കാരനായ ബാപ്പയുടെ കൂടെ കുറെ നാൾ ഉളി പിടിച്ചതിന്റെ ആത്മ ബന്ധം സുലൈമാനു തടിയിൽ തീർത്ത എന്തിനോടുമുണ്ട് . കഷ്ട്ടിച്ചു നാലാൾക്കു കിടക്കാവുന്ന ഇടുങ്ങിയ റൂമിൽ ആ കസേര എവിടെ സ്ഥാപിക്കുമെന്നൊന്നും അപ്പോളയാൾ ചിന്തിച്ചില്ല.
ഇതു   പോലെ ഒന്നു നാട്ടിൽ വാങ്ങാൻ ഉറുപ്പിക അയ്യായിരം കൊടുക്കേണ്ടി വരും. തരപ്പെടുകയാണെങ്കിൽ നാട്ടിലേയ്ക്ക് കയറ്റി വിടുന്ന കൂട്ടത്തിൽ ഇവനെയും അയച്ചാലോ എന്നൊരു ചിന്തകൂടി സുലൈമാനു അവനെ പൊക്കിയെടുക്കുമ്പോൾ ഉള്ളിലുണ്ടായിരുന്നു .
സുലൈമാൻ പണ്ടേ ഇങ്ങനെയാണ് നല്ലതെന്നു തോന്നിയാൽ എന്തിനെയും പൊക്കി വീട്ടിലേയ്ക്ക് കൊണ്ടു  വരും മൈനാഗപ്പള്ളിയിൽ ചങ്ങായിയുടെ സാധനം കൊടുക്കാൻ പോയിട്ടല്ലേ ഇപ്പോളത്തെ ബീവി റുക്കിയാത്തയെ കൂട്ടിയിട്ടു വന്നേ അതു  പോലെ മനസിനു പിടിക്കുന്നതൊന്നും  സുലൈമാൻ കയിച്ചിലാക്കൂല്ല.  

 തല ചുമടായി കസേര കൊണ്ടു വരുന്ന  സുലൈമാനെ ബാൽക്കണിയിൽ നിന്നും കണ്ട സഹമുറിയൻ ഗഫൂർ ഉറക്കെ ശകാരിച്ചു .
കണ്ട കച്ചറയൊക്കെ ഇതെങ്ങോട്ടാ കൊണ്ടു  വരീന്നെ ഒന്നാമതെ റൂമിൽ സ്ഥലമില്ല ആ  നാത്തൂരിന്റെ റൂമിനോടു ചേർന്നങ്ങു ഇട്ടേച്ചു മോളോട്ടു കയറിയാൽ മതി .
തലയിരുന്ന കസേര നിലത്തു വെയ്ക്കാതെ സുലൈമാൻ മോളിലേയ്ക്ക് കഴുത്തു ചെരിച്ചു നോക്കി .
നക്ക് ഇതിന്റെ ബെല അറിയോ ?
ബെല എന്താണേലും കണ്ട അറബി വീട്ടീന്നു കളഞ്ഞ സായനമല്ലേ ,ങ്ങള് അബിടെ വെച്ചിട്ടു വരീൻ അല്ലെങ്കിൽ  ഷെഫീക്ക് വന്നതു തീയുമേൽ ഏറിയും .
കൂട്ടത്തിൽ മുരടൻ ഷഫീക്കാണ് ഓനു സംസാരിക്കുമ്പോൾ കണ്ണും മൂക്കുമില്ല .ആളും തരവും നോക്കാതെ ഉള്ളിലുള്ളതു പറയും പക്ഷെയെങ്കിൽ ആളു ശുദ്ധനാ . റൂമിൽ ആകെയുള്ള സ്ഥലം കളയാൻ  ഇനിയൊരു കസേരകൂടി വരുന്നതിനെ  ബഷീറും എതിർക്കും .
ഗഫൂറിന്റെ എതിർപ്പവഗണിക്കാതെ സുലൈമാൻ കസേരയുമായി മുകളിലേയ്ക്കു കയറി .രണ്ടു കോണികട്ടിലിൽ  നിറഞ്ഞിരിക്കുന്ന മുറിയുടെ ആകെപാടുള്ള ഇടനാഴിയിൽ സുലൈമാൻ ആ കസേര വലിച്ചു നിവർത്തിയിട്ടു .

എതിർക്കുമെന്നു പേടിച്ചിരുന്ന ഷഫീക്കും ബഷീറും ഗഫൂറും സുലൈമാന്റെ കസേരയെ പരിഗണിക്കാതെ അവരവരുടെ  കിടപ്പാടങ്ങളിലേയ്ക്ക് നടന്നു കയറി. മാസാവസാനം എല്ലാവരെയും പോലെ കറന്റും വെള്ളവും വാടകയും പകുത്തു തരുന്ന സുലൈമാൻ ആദ്യമായി റൂമിനുള്ളിൽ സ്ഥാപിച്ച ആഡംബരത്തെ അവർ അനുകമ്പയോടെ കണ്ടു .സുലൈമാന്റെ കമ്പനിയിൽ ചില ചില്ലറ പ്രശ്നങ്ങൾ ഉണ്ടെന്നു കേൾക്കുന്നു ഓരോരുത്തരെയായി പറഞ്ഞു വിട്ടു കൊണ്ടേ ഇരിക്കുകയാണത്രെ താമസം വിനാ സുലൈമാന്റെ നമ്പറും വന്നേക്കും അങ്ങനെയുള്ള ഒരാളെ ഈ ചെറിയ പ്രശ്നത്തിന്റെ പേരിൽ വിഷമിപ്പിക്കേണ്ട എന്നു കരുതിയിട്ടാവണം ഈ സൗജന്യം .
സുലൈമാൻ  ആ  കസേരയിൽ എപ്പോഴെങ്കിലും ഇരിക്കുന്നതായി സഹമുറിയന്മാർ ആരും കണ്ടില്ല . ഇന്ത്യയിൽ മാത്രം ലഭ്യമാകുന്ന കരുവേലകത്തിൽ തീർത്ത തടി കൊണ്ടാണത്  നിർമ്മിച്ചിരിക്കുന്നതെന്നു മരപ്പണിക്കാരന്റെ മകനായ സുലൈമാനു വേഗം തിരിച്ചറിയാൻ കഴിഞ്ഞു  . ഏതോ അറബി വീട്ടിൽ പുതിയ ആഡംബര  വസ്തു വന്നപ്പോൾ പഴയതായി മാറിയതാണ് ഈ കസേര .

ടെർമിനേഷൻ നോട്ടീസ് കൈയ്യിൽ കിട്ടിയ അന്നാണ് സുലൈമാൻ  ആദ്യമായി ആ കസേരയിൽ ഇരിക്കുന്നത് .ബാപ്പയുണ്ടാക്കുന്ന കസേരകളിലെല്ലാം ആദ്യമമർന്നിരിക്കുന്ന കുട്ടിയുടെ കൗതുകത്തോടെ അയാൾ അതിലേയ്ക്ക്  അമർന്നിരുന്നു . സുലൈമാനിപ്പോൾ  ജന്നത്തിൽ ഇരിക്കുന്ന ബാപ്പയെ കാണാൻ കഴിയുന്നു  .വെളുത്ത താടി തടവി മോനെ സൂപ്പി എന്നുറക്കെ വിളിക്കുന്നു ഭയപ്പെടേണ്ടാ എന്നാശ്വസിപ്പിച്ചു കൊണ്ടു തലയിൽ തലോടുന്നു . സുലൈമാൻ ചാടിയെഴുന്നേറ്റു ആ കസേരയെ തിരിച്ചും മറിച്ചും നോക്കി ഉളിപിടിച്ചു തഴമ്പിച്ച ബാപ്പായുടെ ഗന്ധം ആ മുറിയാകെ നിറയുന്നു. സുലൈമാനിപ്പോൾ നാട്ടിലേയ്ക്കുള്ള യാത്രയിലാണ് കരുവേലകത്തിൽ തീർത്ത കസേരയുടെ ക്‌ളിയറൻസ് കഴിഞ്ഞതും അയാൾ ആശ്വാസത്തിന്റെ നെടുവീർപ്പിട്ടു. 

No comments: