Friday, 28 April 2017

റാം കിഷോർ ത്രിപാഠിയുടെ കുണ്ഡലീ


റാം കിഷോർ ത്രിപാഠി അന്നു പതിവില്ലാതെ അവധിയെടുത്തു . ജോലിക്കു ജോയിൻ ചെയ്തിട്ടു പന്ത്രണ്ടു കൊല്ലമായെങ്കിലും നാട്ടിൽ പോകുമ്പോഴല്ലാതെ ഒരു അവധി അയാളെടുത്തു കണ്ടിട്ടില്ല . ഫാക്റ്ററിയിൽ മുടങ്ങാതെ വരുന്നവരെ മാത്രം ഏൽപ്പിക്കുന്ന സുപ്രധാന ചുമതലകൾ അയാൾക്കുണ്ടായിരുന്നതു കൊണ്ടാണ് ഞാനയാളെ ഫോണിൽ വിളിക്കുന്നത് , മൊബൈൽ റേഞ്ച് ഇല്ലാത്തവിധം കീ കീ ശബ്ദം ഉണ്ടാക്കിയതോടെ എന്തോ അപകടം ഭയപ്പെട്ടാണ് ഞാനയാളെ തിരക്കി റൂമിൽ ചെന്നത് . മുറി പുറത്തു നിന്നും പൂട്ടിയിരുന്നു അയാൾ രാവിലെ എങ്ങോട്ടോ പുറപ്പെട്ടു പോയെന്നാണ്‌ അടുത്തുള്ള മുറിയിലുള്ള സുഹൃത്തുക്കൾ പറഞ്ഞത് .

അയാളുടെ നേപ്പാളി സഹമുറിയൻ ജോലി ചെയ്യുന്ന ഹോട്ടൽ തൊട്ടു താഴെ തന്നെയുണ്ട് .ഞാനതിൽ കയറി ഒരു ചായ ഓർഡർ ചെയ്തിരിക്കുമ്പോൾ സംശയം തീർക്കാനെന്നവണ്ണം ത്രിപാഠിയുടെ സുഹൃത്തിനോടു ത്രിപാഠിയെപ്പറ്റി തിരക്കി . അയാൾ അറിയില്ലെന്ന മട്ടിൽ കൈ മലർത്തി അകത്തേയ്ക്കു പോയെങ്കിലും പെട്ടന്നു തന്നെ തിരികെ വന്നു എന്നെ സംശയത്തോടെ നോക്കി .

നിങ്ങളയാളുടെ ആരാ ?
ചൂടു ചായ ഒരു കവിൾ ഇറക്കിയിട്ടു ഞാൻ മുഖമുയർത്തി അയാളെ നോക്കി .എന്റെ നോട്ടത്തിന്റെ തീഷ്ണതയിൽ പേടിച്ചിട്ടെന്നോണം അയാൾ കണ്ണുകൾ താഴ്ത്തി .
അയാളെന്റെ തൊഴിലാളിയാണ് ? എന്റെ കമ്പനിയിലാണയാൾ കഴിഞ്ഞ 12 കൊല്ലമായി ജോലി നോക്കുന്നത് !

ത്രിപാഠിയുടെ സുഹൃത്തിന്റെ കണ്ണുകളിൽ ഒരു തിളക്കം മിന്നിമറയുന്നതു ഞാൻ കണ്ടു .

അയാളാരോടും സംസാരിക്കാറില്ലായിരുന്നു സാർ ? ഇന്നലെ രാത്രി മുഴുവൻ അയാൾ കരയുന്നതു ഞാൻ കണ്ടു എന്തിനെന്നു ചോദിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതിരുന്നതിനാൽ ഞാനൊട്ടു ചോദിക്കാനും പോയില്ല . അയാൾക്കെന്തെങ്കിലും സംഭവിച്ചോ സാർ ?

ഇല്ല , ഞാൻ വെറുതെ തിരക്കിയെന്നു മാത്രം ഒരു പക്ഷെ അയാൾ ഇപ്പോൾ ഫാക്റ്ററിയിൽ എത്തിയിട്ടുണ്ടാവണം .
കൂടുതൽ ചോദ്യങ്ങൾക്കു നിൽക്കാതെ ഞാനിറങ്ങി കാറു വരെ നടന്നതേയുള്ളു. ത്രിപാഠിയുടെ സഹമുറിയൻ നേപ്പാളി ഇരു കൈകളും കൂട്ടിയിടിച്ചു എന്നോടു ഒന്നു നിൽക്കാൻ ആവശ്യപ്പെട്ടു . അയാൾ വേഗത്തിൽ ഓടിവന്നു എന്റെ അടുക്കൽ വന്നു നിന്നും കിതച്ചു .അയാളെന്തോ പറയാൻ ശ്രമിക്കുന്നുണ്ട് പക്ഷെ അയാളുടെ കിതപ്പിന്റെ ഗതിവേഗമായാളെ അതിനു സമ്മതിക്കുന്നില്ല .
സാർ, സാർ 'രണ്ടു തവണ ആ വിളി അയാൾ ആവർത്തിച്ചു .

നിങ്ങളുടെ കമ്പനിയിൽ എന്തെങ്കിലും ജോലി ഒഴിവുണ്ടോ ? നാട്ടിൽ അനുജൻ തൊഴിലില്ലാതെ നടക്കുകയാണ് !
ഞാൻ ഉത്തരം ഒന്നും പറഞ്ഞില്ല കാറിലേയ്ക്ക് കയറി എന്റെ വിസിറ്റിങ് കാർഡിലൊരെണ്ണമെടുത്തു അയാൾക്കു നേരെ നീട്ടി .
സാവകാശം എന്നെ ഓഫീസിൽ വന്നു കാണുക !
കാർ മുന്നോട്ടു നീങ്ങി ഒരത്ഭുത വസ്തു കയ്യിൽ കിട്ടിയപോലെ അയാൾ ആ കാർഡ് തിരിച്ചും മറിച്ചും നോക്കുന്നത് ഞാൻ റിയർ മിററിലൂടെ കണ്ടു .

ഓഫീസിൽ എത്തുമ്പോൾ പുറത്തു കാത്തിരിക്കുന്നവരുടെ കൂട്ടത്തിൽ ത്രിപാഠിയുമുണ്ടായിരുന്നു .എന്നെ കണ്ടതും ആദരവോടെ അയാൾ എഴുന്നേറ്റു നിന്നു വണങ്ങി .
സാർ എനിക്കു കുട്ടിയുണ്ടായി മൂന്നാമത്തതും പെൺകുഞ്ഞാണ്‌ ! അയാളുടെ മുഖത്തപ്പോൾ കറുത്തവാവിലെ ചന്ദ്രനെപ്പോലെ ഇരുട്ടു കയറി എന്നെനിക്കു തോന്നി .ഇന്ത്യയിൽ മാത്രമല്ല നേപ്പാളിലും പെൺകുട്ടികളുണ്ടാവുന്നതു അസുഖകരമായ അനുഭവമാണ്‌ . ലീവ് പറഞ്ഞയാൾ പോകും മുൻപ് ഓഫീസിന്റെ പടി വാതിൽക്കൽ തിരിഞ്ഞു നിന്നു ചോദിച്ചു .
നമുക്ക് ഇൻഷുറൻസ് ഉണ്ടോ സാർ ?

തീർച്ചയായും ഉണ്ട് ,തരാ തരം ,ഫാക്ടറിയിൽ, ഓഫീസിൽ, ആളാം വീതം എല്ലാവർക്കുമുണ്ട് എന്തേ ?

രണ്ടു കണ്ണുകളും ഇറുക്കിയടച്ചു ഒന്നുമില്ല എന്ന ആംഗ്യം കാണിച്ചയാൾ പുറത്തേയ്ക്കു പോയി .

കമ്പനിഅതിന്റെ ഏറ്റവും വലിയ കാരാർ ഒപ്പിടാൻ പോകുകയാണ് . ഈ ഡീൽ നടന്നാൽ ഞാൻ മാത്രമല്ല എന്നെ ആശ്രയിച്ചു ജീവിക്കുന്ന അൻപതോളം പേരും രക്ഷപെടും . താരിക്ക് മെക്കി എന്ന കൃത്യ നിഷ്ഠയിൽ കടുംപിടുത്തകാരനായ പോർട്ടുഗീസുകാരനുമായാണ് കരാർ ഒപ്പിടുന്നത് .പതിനൊന്നു മണിക്കു അയാളുടെ ഓഫീസിൽ എത്തണം . റോഡരികിൽ ചിരിച്ചിരിക്കുന്ന റഡാറുകളെ ഭയക്കാതെ ഞാൻ ആക്സിലേറ്ററിൽ കാൽ കൊടുത്തു . ഫോൺ ബെല്ലടിക്കുന്നു ഓഫീസിൽ നിന്നാണ് .

സാർ ഫാക്റ്ററിയിൽ ഒരപകടം ! നമ്മുടെ ത്രിപാഠി ബ്ലെൻഡിങ് മെഷിനു ഇടയിൽപ്പെട്ടു വേഗം വരണം .

പത്തു മിനിട്ടു തെറ്റിയാൽ കരാർ വേറെ ആൾക്കു കൊടുക്കുന്ന താരിക്ക് മെക്കി എന്ന പോർട്ടുഗീസുകാരൻ !
അപകടത്തിൽ പെട്ട സ്വന്തം തൊഴിലാളി ! ഏതിനാണ് ഞാൻ മുൻഗണന നൽകേണ്ടത് . ബിസിനെസ്സുകാരൻ എന്നതിനേക്കാളുപരി ഞാനൊരു മനുഷ്യനാണ് .ദൈവനിശ്ചയം ഉണ്ടെങ്കിൽ ബിസിനസ് പിന്നാലെ വരും . ഞാൻ വണ്ടി തിരിച്ചു ഫാക്റ്ററിയിലേയ്ക്കു പറന്നു .

ബ്ലെൻഡിങ് മെഷിൻ ത്രിപാഠിയെ ശരിക്കും ബ്ലെൻഡ് ചെയ്തിരിക്കുന്നു . ഞാൻ ബിസിനസ് തുടങ്ങിയിട്ടുള്ള ആദ്യത്തെ അപകടം .ത്രിപാഠി നാട്ടിൽ കാത്തിരിക്കുന്ന നാലു പെണ്ണുങ്ങളെ ഈ ലോകത്തു തനിച്ചാക്കിയിരിക്കുന്നു . എല്ലാ ഫോർമാലിറ്റിക്കും ശേഷം മൃതദേഹം നാട്ടിലേയ്ക്കയക്കണം .അതിനായി മുൻപന്തിയിൽ നിൽക്കുന്നത് ത്രിപാഠിയുടെ ബന്ധു കൂടിയായ ബഹാദൂർ റാണയാണ് . എപ്പോഴേ എന്നെ തനിച്ചു കിട്ടിയപ്പോൾ ബഹാദൂർ എന്നോടിങ്ങനെ ചോദിച്ചു .
സാർ കുണ്ഡലിയിൽ വിശ്വസിക്കുന്നുണ്ടോ ?
അത്ഭുതത്തോടെ ഞാൻ ബഹദൂറിനെ നോക്കി !

എന്നാൽ വിശ്വസിക്കണം സാർ , ഈ മരണം നമ്മോടു പറയുന്നതതാണ് .
ത്രിപാഠിയുടെ മൂന്നാമത്തെ മകളുടെ ജാതകത്തിൽ തന്തക്കാലുണ്ടായിരുന്നത്രെ .
അതു ത്രിപാഠിക്കറിയാമായിരുന്നോ ?
എന്റെ ആശ്ചര്യം സംശയത്തിനു വഴിമാറി .
അറിയാമായിരുന്നു സാർ അതിലവൻ അതീവ ദുഃഖിതനുമായിരുന്നു .

ത്രിപാഠിയുടെ മരണമൊരു അപകടമല്ല , എന്നോ സംഭവിക്കാനിരിക്കുന്ന മരണമെന്ന അനിവാര്യതയെ തന്ത്രപൂർവ്വമായാൾ വഴി തിരിച്ചു വിടുകയായിരുന്നു .കുട്ടികളുടെ നേട്ടത്തിനു വേണ്ടി തന്റെ പ്രവാസത്തെ അയാൾ സമർത്ഥമായി താഗ്യം ചെയ്തിരിക്കുന്നു . മൃതപേടകം വഹിച്ച വിമാനം കാഠ്മണ്ഡുവിലേയ്ക്ക് ഉയരും വരെ ഞാനയാളുടെ പിന്നാലെയുണ്ടായിരുന്നു . എല്ലാ ജോലികളും പൂർത്തിയാക്കി ഓഫീസിൽ എത്തുമ്പോൾ അന്നു ചായക്കടയിൽ വെച്ചു വിസിറ്റിങ്ങ് കാർഡ് വാങ്ങിയ നേപ്പാളി എന്നെ പ്രതീക്ഷിച്ചിരിപ്പുണ്ടായിരുന്നു . അയാളൊരു പാസ്‌പോർട്ട് കോപ്പി എനിക്കു നേരെ നീട്ടി ആ പാസ്‌പോർട്ടിൽ കണ്ട ചെറുപ്പക്കാരന്റെയും പേർ കിഷോർ ത്രിപാഠിയെന്നായിരുന്നു .

ഒന്നു കൊഴിയുമ്പോൾ വളരെ വേഗം മറ്റൊന്നു വന്നു ചേരുന്നു പഴയതിനെ നാമെല്ലാവരും വേഗം മറക്കുന്നു അതാണ് ലോകം . പോർട്ടുഗീസുകാരൻ ഒപ്പിട്ടയച്ച കോൺട്രാക്റ്ററുമായി സെക്രട്ടറി വരുമ്പോൾ പുതിയ ത്രിപാഠിയുടെ പാസ്പോർട്ട് എന്റെ കൈകളിലിരുന്നു വിറയ്ക്കുകയായിരുന്നു .....
Post a Comment