Tuesday 29 March 2016

നിലയ്ക്കാത്ത ആരവം കിലുങ്ങുന്ന കോടികൾ നക്ഷത്രങ്ങൾ സാക്ഷി

ഏപ്രിൽ ചക്ക പാകമാകുന്ന കാലമാണ് ,അക്കാലയളവിൽ ചങ്ങനാശ്ശേരി ചന്തയിലൂടെ നടന്നാൽ അതിന്റെ മണവും ഗുണവും അതു ആവശ്യത്തിലധികം മാർക്കെറ്റിൽ എത്തുമ്പോൾ അനുഭവപ്പെടുന്ന ശ്വാസം മുട്ടലും ഒക്കെ അറിയാൻ കഴിയും ഓവർ സപ്ലൈ ചെയ്യപ്പെടുന്ന എന്തിനോടും പൊതു ജനം കാട്ടുന്ന അവജ്ഞ ഏറ്റു വാങ്ങാൻ ചക്കയും വിധിക്കപ്പെടുന്നു. എന്നാൽ എത്ര ഓവർ സപ്ലൈ ചെയ്താലും മടുക്കാത്ത ഒന്നുണ്ട് ഇന്ത്യയിൽ അതാണ്‌ ക്രിക്കറ്റ്.
ദേശ ഭാഷാന്തരങ്ങൾക്കപ്പുറം  കാശ്മീരിനെയും കന്യാകുമാരിയേയും ഒരൊറ്റ ചരടിൽ കോർക്കുന്ന ഒരു വികാരമുണ്ടെങ്കിൽ അതു ക്രിക്കറ്റാണ്. ഉച്ച നീചത്വങ്ങൾ ഇല്ലാതെ ഒരു ടെലിവിഷനു മുന്നിൽ ഒരേ സ്വരത്തിൽ ഇന്ത്യ ഇന്ത്യ എന്നാർക്കുന്നത്,  റെഡ് ഫോർട്ടിൽ ദേശിയ പതാക ഉയരുമ്പോഴല്ല മറിച്ച് ക്രീസിൽ സച്ചിനും കോഹ്ലിയും ധോണിയും രാജ്യത്തിനായി ബാറ്റെന്തുമ്പോഴാണ്. ഇതാണു  നമ്മുടെ ബലവും ബലഹീനതയുമെന്നു വെളിപ്പെട്ട അന്ന് മുതലാണ്‌ ലാഭകൊതിയുമായി കഴുകൻ കണ്ണുകൾ ക്രിക്കറ്റിനെ ബിസിനസ്സായി സമീപിച്ചു തുടങ്ങിയത്. കുട്ടി ക്രിക്കറ്റിന്റെ വരവോടെ ക്രിക്കറ്റിനു ലഭിച്ച സ്വീകാര്യത ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. ഒരു ദിവസം മുഴുവൻ ടി വിക്കു മുന്നിൽ ഇരിക്കാതെ ഒരു സിനിമാ കാണുന്ന ലാഘവത്തിൽ അതേ പിരിമുറുക്കത്തോടെ  കണ്ടു തീർക്കാവുന്ന ക്യാപ്സൂൾ രൂപം മെല്ലെ മെല്ലെ വമ്പൻ വ്യവസായ സാദ്ധ്യതകളിലേയ്ക്കും അതു ഐ പി എൽ പുതിയ കച്ചവട പരീക്ഷണത്തിനും വഴിതുറന്നു.

കാള ചന്തയിൽ മാംസത്തിന്റെ കനവും തലയെടുപ്പും കണ്ടു വില പറഞ്ഞുറപ്പിച്ചു കളിക്കാരെ ലേലം കൊള്ളുന്ന ആദ്യ നടപടി മുതൽ പൊതു ജനങ്ങൾ കൌതുകത്തോടെയും അതിലേറെ അമ്പരപ്പോടെയുമാണ് നോക്കി കണ്ടത് .ലോകത്തിലെ ഏറ്റവും സമ്പന്നമായ കായിക സംഘടന അതിന്റെ പണകൊഴുപ്പും സംഘാടന മികവും നല്ല അനുപാതത്തിൽ മിശ്രണം ചെയ്തു തിരക്കഥ ഒരുക്കി ഇന്ത്യൻ പ്രീമിയർ ലീഗ് എന്ന പുതിയ സംരഭം ചരിത്രത്തിലെയ്ക്കൊരു പുത്തൻ കാൽ വെയ്പ്പായിരുന്നു 2008 ഏപ്രിൽ 18 നു ആദ്യ മത്സരത്തിൽ കൊൽക്കട്ടയും ബാംഗ്ലൂർ റോയൽ ചലഞ്ചെർസും കൊമ്പു കോർത്തപ്പോൾ ബ്രെണ്ടെൻ മക്കല്ലം എന്ന കളിക്കാരന്റെ ബാറ്റിന്റെ ചൂടിൽ ബാംഗ്ലൂർ ബോളർമാർ വെന്തുരുകി. ഗ്രൌണ്ടിന്റെ നാല് പാടും ഫോറും സിക്സും പായിച്ച മക്കല്ലം ഇത് ബാറ്റ്സ്മാന്മാരുടെ മാത്രം കളിയാണെന്നൊരു ധാരണ ക്രിക്കറ്റ് ലോകത്തിനു കൈമാറി.മലയാളിയുടെ അഭിമാനം വാനോളം ഉയർത്തിയ ശ്രീശാന്ത് ഹർഭജന്റെ അടി വാങ്ങി കരഞ്ഞു കൊണ്ടു മൈതാനം  വിടുന്ന കാഴ്ചയായിരുന്നു ആദ്യത്തെ ഐ പി എല്ലിന്റെ പ്രധാന സവിശേഷതകളിൽ ഒന്ന് . വലിയ വിലകൊടുത്തു വാങ്ങിയ താരങ്ങളുള്ള ടീമുകളെ അമ്പേ നിഷ്പ്രഭരാക്കി താരതമ്യേന ദുർബലരായ കളിക്കാരുടെ ടീമായ രാജസ്ഥാൻ റോയൽസ് കപ്പ സ്വന്തമാക്കി .സംഘാടകർ പ്രതീക്ഷിച്ചതിലും വലിയ വിജയത്തോടെ ഒന്നാം ഐ പി എല്ലിനു കൊടിയിറങ്ങി.

തിരഞ്ഞെടുപ്പ് കാലമായതിനാൽ സുരക്ഷ നൽകാനാവില്ല എന്ന തീരുമാനത്തെത്തുടർന്ന് സൌത്ത് ആഫ്രിക്കയിലാണ് രണ്ടാം സീസൺ നടത്തപ്പെട്ടത് ഇന്ത്യൻ  സമയവുമായി വലിയ വ്യത്യാസം ഇല്ലാത്തതും എല്ലാ മത്സരങ്ങൾക്കും  ഗ്രൌണ്ട് നിറഞ്ഞ് കാണികൾ ഒഴുകിയെത്തിയതും രണ്ടാം സീസണും വളരെ വേഗം ഹിറ്റ് ആയി. ആദ്യ സീസണിന്റെ താരം ആരാലും അറിയപ്പെടാതിരുന്ന യുസഫ് പത്താൻ ആയിരുന്നെങ്കിൽ രണ്ടാം സീസണിൽ വിദേശ താരങ്ങളുടെ വിളയാട്ടമായിരുന്നു. ആദം ഗിൽക്രിസ്റ്റ് എന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനും മാത്യു ഹെയ്ഡനും എ ബി യുമെല്ലാം നിറഞ്ഞാടിയപ്പോൾ ഒരു സുരേഷ് റെയ്ന മാത്രമാണ് ഇന്ത്യൻ നിരയിൽ മുന്നിട്ടു നിന്നത്. പരസ്യ വരുമാനം എന്ന മുന്തിരിച്ചാറിന്റെ രുചിയിൽ കൊതിപൂണ്ട ബി സി സി ഐ ഓരോ 7 ഓവറിനു ശേഷവും ടെലിവിഷൻ ടൈം ഔട്ട് എന്ന ബ്രേക്ക് ഏർപ്പെടുത്തിയത്. കളിക്കാരുടെ കളിയുടെ ഒഴുക്ക് നഷ്ടമാക്കുന്നു എന്ന് പറഞ്ഞു വിവാദം ഉണ്ടായെങ്കിലും അതെല്ലാം വേഗം പരിഹരിക്കപ്പെട്ടു. ഡെക്കാൻ ചാർജേഴ്സ് ആവേശകരമായ മത്സരത്തിൽ ആറു റൺസിനു  റോയൽ ചലഞ്ചേഴ്സിനെ തുരത്തി രണ്ടാം കിരീടം സ്വന്തമാക്കി.

ബാംഗ്ലൂരിൽ പൊട്ടിയ പടക്കത്തിന്റെ ഭീതിയിലാണ് മൂന്നാം സീസൺ ആരംഭിച്ചത് കോടികൾ ലേലം കൊണ്ടിട്ടും ജീവനെ ഭയക്കുന്ന വിദേശ താരങ്ങളെ അനുനയിപ്പിക്കുക എന്നതായിരുന്നു ബി സി സി ഐ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ട്വന്റി-ട്വന്റി കളിക്കാൻ അറിയാത്തവൻ എന്ന ചീത്തപ്പേര് സച്ചിൻ മായ്ച്ചു കളഞ്ഞത് ഈ സീസണിലാണ് ഏറ്റവും മികച്ച പ്രകടനങ്ങളും അഞ്ചോളം അർദ്ധ ശതകങ്ങളുമായി മുന്നിൽനിന്നും നയിച്ച സച്ചിൻ പ്രഥമ കിരീടം മുംബൈ ഇന്ത്യൻസിന് നേടികൊടുത്തു.

നാലാം സീസൺ നമ്മൾ മലയാളികളെ സംബന്ധിച്ച് അഭിമാനിക്കാൻ ഉള്ള സീസൺ കൂടിയായിരുന്നു. നമുക്കും സ്വന്തമായി ഒരു ടീം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ട സന്തോഷം പിന്നെ പതിയെ പതിയെ വിവാദവും ചക്കളത്തി പോരുമാകുന്ന കാഴ്ച നമ്മൾ കാണേണ്ടി വന്നു. ശശി തരൂരെന്ന ആഗോള മലയാളിയും അദ്ദേഹത്തിന്റെ മന്ത്രി സ്ഥാനം  തുലാസിൽ ആടിയ  വിയർപ്പോഹരിയും സുനന്ദ പുഷ്കറും  എല്ലാം മലയാളിക്ക് വെളിപ്പെട്ടു കിട്ടിയ പുഷ്കല കാലം കൂടിയായിരുന്നു നാലാം സീസൺ. ഗുജറാത്തി ബിസിനസ്സുകാരൻ അഹമ്മദാബാദ് കിട്ടാത്ത മോഹഭംഗങ്ങൾ തീർക്കാൻ കണ്ടെത്തിയ ഒരു താല്കാലിക ഇടം എന്നതിൽ കവിഞ്ഞു കൊച്ചിൻ ടീമും   മലയാളിയും തമ്മിൽ കടലും കടലാടിയുമായുള്ള ബന്ധം മാത്രമാണ് ഉണ്ടായിരുന്നത്. എന്തായാലും കൊച്ചിയുടെ  കൊമ്പന്മാർ നിരാശപ്പെടുത്തിയില്ല. കളിച്ച പതിനാലിൽ ആറും ജയിച്ചു പിന്നിൽ നിന്നും മൂന്നാമതായെങ്കിലും നമ്മൾ തലയുയർത്തി തന്നെയാണു തിരിച്ചു പോന്നത്.

 കള്ളച്ചൂതിന്റെ കളിയാട്ടം എല്ലാ സീമകളും ലംഘിച്ചു മുന്നേറിയ മത്സരങ്ങൾ ഈ സീസൺ മുതൽ ആണെന്നുള്ള പ്രത്യേകതയുമുണ്ട്. ബെറ്റിംഗ് സെന്ററുകളുടെ റെയ്ഡ് വഴി പിടിച്ചെടുത്ത കോടികളുടെ ഹവാല പണം ഒരു വേള ഈ ചൂതാട്ടത്തെ നിയമ വിധേയമാക്കി രാജ്യ താല്പര്യത്തിനും വരുമാനത്തിനും ഉതകും വിധം ഉപയോഗിക്കണം എന്നുള്ള പരസ്യ പ്രസ്താവനയിലേക്ക് നീളുന്നതിൽ വരെ കാര്യങ്ങളെ കൊണ്ട് എത്തിച്ചു.  സിക്സർ വീരൻ ഗെയ്ൽ സംഹാര രൂപം പൂണ്ട ക്രിക്കറ്റ് സീസൺ ആയിരുന്നു നാലാം സീസൺ. ഫൈനൽ വരെ മുന്നേറിയ ശേഷം ഫൈനലിൽ  ചെന്നൈയോടു കീഴടങ്ങാനായിരുന്നു  ബംഗ്ലൂരിന്റെ വിധി.

ഓരോ വിവാദങ്ങളും കൂടുതൽ കൂടുതൽ കളിയെ ജനപ്രിയമാക്കുകയായിരുന്നു. സൂപ്പർ ഹിറ്റ് ബോളിവുഡ്  ത്രില്ലറിന് വേണ്ടി തിരക്കഥയൊരുക്കി ചിത്രീകരിച്ച പോലെ കാണികളെ ആവേശത്തിന്റെ കൊടുമുടിയിലേക്ക് കൊണ്ടുപോകുന്ന മത്സരങ്ങളായിരുന്നു എക്കാലത്തെയും ആകർഷണങ്ങൾ. ഷാരൂഖ് ഖാൻ എന്ന വിശ്വനായകൻ കനവു കണ്ടുനടന്ന കപ്പ് കൈകളിൽ ഏന്താനായി എന്നതാണ് അഞ്ചാം സീസൺ നൽകിയ വലിയ സമ്മാനം. തമിഴ് ദേശീയത എന്ന പോലെ ബംഗാൾ ശൌര്യവും എത്രമേൽ നാടിനെയും കളിയും സ്നേഹിക്കുന്നു എന്ന് അടിവരയിടുന്നതായിരുന്നു മമത ബാനർജിയും സംഘവും വിജയികളായ കൽക്കട്ടാ ടീമിന് ഈഡൻ  ഗാർഡനിൽ  നൽകിയ രാജകീയ സ്വീകരണം.

വിദേശ താരങ്ങളെ മാത്രം ആശ്രയിച്ചു കളി ജയിച്ചിരുന്ന ക്ലബ്ബുകൾ ദീർഘ കാല അടിസ്ഥാനത്തിൽ ലഭ്യമായ  ശരാശരി  ഇന്ത്യൻ കളിക്കാരെ ആശ്രയിച്ചു എന്നതായിരുന്നു ആറാം സീസൺ കണ്ട ഏറ്റവും വലിയ പ്രത്യേകത. ബി സി സി ഐ യുടെ ഗർവിനും അഹമ്മതിക്കും റാൻ മൂളാൻ തയ്യാറാകാത്ത വിദേശ ടീമുകൾ അവരുടെ പര്യടനത്തിൽ മാറ്റം വരുത്താഞ്ഞതും വിദേശ കളിക്കാരെ ലഭിക്കുന്നതിനു തടസ്സമായി. ശ്രീലങ്കൻ താരങ്ങളെ തമിഴ്നാട്ടിൽ കളിക്കാൻ അനുവദിക്കില്ലെന്ന പ്രാദേശിക സംഘടനകളുടെ പിടിവാശിയും ഒരു പരിധി വരെ ലങ്കൻ താരങ്ങളെ ലേലം കൊള്ളുന്നതിൽ നിന്നും  ഫ്രാഞ്ചൈസികളെ അകറ്റി.  താരതമ്യേന വലിയ താരങ്ങളുമായല്ലാതെ കളത്തിലിറങ്ങിയ സൺറൈസെർസ്  ഹൈദരാബാദ് വിജയികളായി മടങ്ങി. മലയാളികളുടെ മാനം കപ്പലു കയറ്റി ശാന്തകുമാരൻ ശ്രീശാന്ത് കോഴ കേസിൽ അകത്തായി എന്നതാണ് ഈ സീസണെ അത്യന്തം ദുഃഖപര്യവസായിയാക്കി മാറ്റിയത്. ക്രിക്കറ്റിനെ നെഞ്ചോട് ചേർക്കുന്ന ആർക്കും പെട്ടന്ന് മനസിലാക്കാവുന്ന ഭീമാബദ്ധങ്ങളും  മനപൂർവ്വം അല്ലേ എന്ന് തോന്നിപ്പിക്കുന്ന കൈപ്പിഴകളും കൊണ്ട് സമ്പന്നമായിരുന്നു ഈ സീസൺ.
കോഴ വിവാദത്തിൽ മുഖം നഷ്ടപ്പെട്ട കളിയും കളിക്കാരും എഴാം  സീസണിൽ എത്തുമ്പോൾ സുപ്രീം കോടതി നിയമിച്ച ഗവാസ്ക്കറായിരുന്നു ബി സി സി ഐ യുടെ തലപ്പത്ത്. ഒരു കാരണവശാലും ഒത്തുകളിയോ ബെറ്റിങ്ങോ അനുവദിക്കില്ല എന്ന കർശന നിയന്ത്രണത്തിലാണ് സീസൺ ആരംഭിച്ചത്.  പൊതുതിരഞ്ഞെടുപ്പ് പ്രമാണിച്ച് സുരക്ഷാ പ്രശ്നം ഉന്നയിച്ചു  കളിയുടെ ആദ്യ ഘട്ടം യു  ഏ യിലെ വേദികളിലായിരുന്നു സംഘടിപ്പിക്കപ്പെട്ടത്. ഇന്ത്യക്കാർ എവിടെ എല്ലാം ഉണ്ടോ അവിടെല്ലാം ക്രിക്കറ്റ് ഒരു വികാരമായി കൂടെ ഉണ്ടാവും എന്ന് തെളിയിക്കുന്നതായിരുന്നു ദുബായിലെയും ഷാർജയിലെയും അബുദാബിയിലെയും വേദികളിൽ കണ്ട ജനസഞ്ചയം. പാകിസ്ഥാൻ താരങ്ങൾ ആരും ഇല്ലാതിരുന്നിട്ട് കൂടി പാകിസ്ഥാനികൾ അടക്കമുള്ള ക്രിക്കറ്റ് പ്രേമികൾ നെഞ്ചേറ്റിയ മാമാങ്കം ഗ്ലെൻ മാക്സ്വെൽ  എന്ന കളിക്കാരന്റെ ഉദയവും എക്കാലവും പിന്നിലാകാൻ വിധിക്കപ്പെട്ട പഞ്ചാബി ശൌര്യത്തിന്റെ മുന്നേറ്റവും കണ്ട വർഷമായിരുന്നു. ആവേശകരമായ ഫൈനലിൽ കൽക്കട്ടയോടു തോറ്റെങ്കിലും തലയുയർത്തി തന്നെയാണ് അവർ മടങ്ങിയത്.

ഗുരുനാഥ് മെയ്യപ്പനും ,അമ്മാവൻ ശ്രിനിവാസനും , രാജ് കുന്ദ്രയും വിന്ദു ധാരസിങ്ങും സാക്ഷാൽ ക്യാപ്റ്റൻ കൂൾ മഹേന്ദ്ര സിംഗ് ധോണി പോലും ഒത്തു  കളിയിൽ പങ്കാളികളാണെന്ന സംശയത്തിന്റെ നിഴലിൽ ഒരു വേള  ചെന്നൈയും രാജസ്ഥാനും പങ്കെടുക്കുമോ എന്നാ ആശങ്കകളൊക്കെ അസ്ഥാനത്താക്കി എട്ടാം ഐ പി എൽ  മത്സരങ്ങൾക്ക് കോടി കയറി . സുപ്രീം കോടതി ജഡ്ജി ആയിരുന്ന ജസ്റ്റിസ് രാജേന്ദ്ര മൽ ലോദ്ധയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതിനാൽ വലിയ നിറപകിട്ടില്ലാതെ തുടങ്ങിയ മത്സരങ്ങൾ ക്രിക്കറ്റിനെ മതവും ജീവനും ഉശ്ചാസ വായുവും പോലെ സ്നേഹിക്കുന്ന ജനത വീണ്ടു നെഞ്ചിൽ  ഏറ്റു  വാങ്ങി .ഐ പി എല്ലിലെ ചിര വൈരികളായ   മുംബയും ചെന്നൈയും ഫൈനലിൽ എട്ടു മുട്ടി വിജയം മുംബൈ സ്വന്തമാക്കി .

ഗുരുനാഥ് മെയ്യപ്പനും രാജ് കുന്ദ്രക്കും കോഴ ഇടപാടിൽ പങ്കുണ്ടെന്ന് ലോദ്ധ കമ്മീഷൻ കണ്ടെത്തി 2015 ജൂലൈ 14 നു ചെന്നൈ സൂപ്പർ കിങ്ങ്സിനെയും ,രാജസ്ഥാൻ റോയൽസിനെയും രണ്ടു കൊല്ലം വിലക്കി കൊണ്ടുള്ള വിധി വന്നു.കോടതി വിധിയോടെ നഷ്ട്ടമായത് ഐ പി എല്ലിന്റെ നേടും തുണുകൾ എന്ന് വിശേഷിപ്പിക്കാവുന്ന രണ്ടു ടീമുകളെ തന്നെ ആയിരുന്നു. ബി സി സി ഐ നടത്തുന്ന ചാമ്പ്യൻസ് ട്രോഫി ഉപേക്ഷിക്കപെട്ടു. പണക്കൊഴുപ്പിന്റെ ധാരാളിത്തത്തിൽ പൊന്മുട്ടയിടുന്ന താറാവ് ശ്വാസം വിടാതെ മുട്ടയിട്ടു ചത്തു പോയേക്കുമെന്ന് വരെ തോന്നിപ്പിച്ചെങ്കിലും .പൊന്മുട്ടകളുടെ ഉപഭോക്താക്കൾ അതിനു വീണ്ടും മൃത സഞ്ജീവനി നൽകി  ഉയർപ്പിക്കുന്ന കാഴ്ചയാണ് പിന്നീട്  കണ്ടത് .
2016 സീസിണിൽ നഷ്ട്ടപെട്ട രണ്ടു ടീമുകൾക്ക് പകരം ഗുജറാത്ത്‌ ലയൺസും റൈസിംഗ് പൂനെ ജൈന്റ്സ് എന്നീ   പുതിയ രണ്ടു ടീമുകൾ സ്ഥാനം പിടിച്ചു. പഴയ കളിക്കാരുടെ ജഴ്സിയും പേരും മാറ്റി പഴയ വീഞ്ഞിനെ പുതിയ കുപ്പിയിൽ നിറച്ചു വീണ്ടും വിപണിയിൽ ഇറങ്ങുകയാണ്.
ഇന്ത്യയുടെ ട്വന്റി ട്വന്റി തോൽവി ഒന്നും ഈ കുട്ടി ക്രിക്കറ്റിന്റെ മാമാങ്കത്തെ ബാധിക്കും എന്ന് തോന്നുന്നില്ല കാരണം ഇന്ത്യൻ  ജനതയുടെ ആത്മാവിൽ കുടിയിരുത്തിയ കളിയാണ് ക്രിക്കറ്റ്. ആരവങ്ങൾ ഉയരാൻ സമയമായിരിക്കുന്നു ഇനി രണ്ടു മാസം ക്രിക്കറ്റിന്റെ വിരുന്നാണ് . കണ്ണും കാതും മനസും നിറയ്ക്കാൻ അവർ വീണ്ടുമെത്തുകയായി ,കോടികളുടെ കിലുക്കം കേട്ടും നക്ഷത്രങ്ങളുടെ തിളക്കം കണ്ടും നമുക്കും ഉച്ചത്തിൽ പാടാം  ഉലാ ല ല്ലേ ല ലൂ ലേ ല്ലോ .....ഉലാ ലാ ലേ ല ലൂ ലേ  ല്ലോ ....................

No comments: