Monday 21 March 2016

ബമ്പർ കിനാവുകൾ


പരിചിതമല്ലാത്ത നമ്പരിൽ നിന്നൊരു മിസ്കാൾ , ഉത്കണ്ട കൂടെപ്പിറപ്പാണ് ആരാണെന്ന് അറിയാതെ ഉറങ്ങാൻ കിടന്നാൽ ഉറക്കം വരില്ല. ഹലോ ഈ നമ്പരിൽ നിന്നും ഒരു മിസ്‌ കാൾ താങ്കൾ എന്നെ വിളിച്ചതാണോ അതോ തെറ്റി വിളിച്ചതോ ? എന്റെ കടുകട്ടി ആംഗലേയം കേട്ടു തലയ്ക്കു മത്തു പിടിചിട്ടോ എന്തോ മറുതലയ്ക്കൽ നിന്നും നല്ല ഉറുദുവിൽ മറു ചോദ്യം വന്നു, ഭായി തും ഇന്ത്യൻ ഹൈ ? അതെ, അതെ, എന്നും ഭാരത്‌ മാതാ കീ ജയ്‌ എന്നു ഉരുവിടുന്ന സാക്ഷാൽ 916 ഇന്ത്യൻ ,എന്ത് വേണം.
ഭായീ ഞങ്ങളുടെ നറുക്കെടുപ്പിൽ നിങ്ങളുടെ ഫോൺ നമ്പർ അഞ്ചു ലക്ഷം ദിർഹം സമ്മാനം നേടിയിരിക്കുകയാണ് ,,അഭിനന്ദനങ്ങൾ . പടച്ചോനെ രാവിലെ തന്നെ താൻ എന്താണീ കേൾക്കുന്നത്‌ ബമ്പർ അടിച്ചിരിക്കുന്നുഅതും ഒന്നും രണ്ടുമല്ല അഞ്ചു ലക്ഷം നാട്ടിലെ ഒരു കോടി രൂപയ്ക്കടുത്ത് !!!!.
അഞ്ചു ലക്ഷം കിട്ടിയാൽ ഒരു ഇന്നോവ കാർ നാട്ടിൽ വാങ്ങണം ബാക്കി കൊണ്ട് കുറച്ചു ഭൂമി വാങ്ങണം ,പിന്നെ ഒന്നടിച്ചു പൊളിക്കാൻ ഒരു ഗോവ ട്രിപ്പ്‌ അവിടെ എല്ലാം കിട്ടുന്ന ഒരു കപ്പലുണ്ട് പോലും അതിലൊരു ഒരാഴ്ച അടിച്ചു പൊളിക്കണം .ഞള് പറ ഭായി ഇപ്പറഞ്ഞ സമ്മാനം ഇപ്പം കിട്ടും.
അതിനു കുറച്ചു സാവകാശം ഉണ്ടാവും നിങ്ങൾ ഒരു കാര്യം ചെയ്യൂ നിങ്ങളെ കാര്യങ്ങൾ അപ്പപ്പോൾ അറിയിക്കാൻ ഞങ്ങളുടെ മൊബൈലിൽ ഒരു 500 ദിർഹംസ് ഒന്ന് റീചാർജ്ജ് ചെയ്തു തരു.
"അത് വേണ്ട നിങ്ങൾ മൊബൈൽ നമ്പർ തന്നാൽ ഞാൻ തന്നെ അങ്ങോട്ടു വിളിച്ചു അന്വേഷിക്കാം".
അതു പറ്റില്ല ഞങ്ങളുടെ ഓഫീസ് ലണ്ടനിൽ ആണു അവിടെയ്ക്ക് ഫോൺ ചെയ്യാൻ നിങ്ങൾക്ക് അനുവാദം ഇല്ല.നിങ്ങൾക്കു വേണ്ടി വിശ്വസ്ഥതയോടെ ഞങ്ങൾ അത് ചെയ്യും .
അഞ്ഞൂറ് കൊടുത്താലെന്താ അഞ്ചു ലക്ഷമാണു പെട്ടിയിൽ വീഴാൻ പോകുന്നത് ഓടി പോയി ബാക്കാലയിൽ നിന്നും അഞ്ഞൂറിന്റെ റീചാർജ്ജ് കാർഡ്‌ വാങ്ങി. ബംഗാളി കയറ്റുന്ന 5 ദിർഹംസിനു പോലും പിശുക്കുന്ന ഞാൻ ഒറ്റയടിക്ക് അഞ്ഞൂറിന്റെ കൂപ്പൺ വാങ്ങുന്നത് കണ്ടു ബക്കാലക്കാരൻ മമ്മതു കാക്കാ മൂക്കത്ത് വിരൽ വെച്ചു ചോദിച്ചു
ഞക്ക് ലോട്ടറിയടിച്ചല്ലേ ? പടച്ചോനെ ഇത്രവേഗം അതും ലീക്ക് ഔട്ട്‌ ആയാ , മുണ്ടാണ്ട് ഇറങ്ങി റൂമിൽ വന്നു പാകിസ്ഥാനി പറഞ്ഞ നമ്പരിലേയ്ക്ക് അഞ്ഞൂറ് കയറ്റി കൊടുത്തു. ബദരീങ്ങളെ നാളെ ഇരുട്ടി വെളുക്കുമ്പോൾ മ്മള് ലക്ഷപ്രഭുവാ ,കിനാവുകൾ മാറി മറിഞ്ഞു ഖൽബൊരു പൂങ്കാവനമാകുന്നു. പെരെലിരിക്കുന്ന പെണ്ണിനെ വിളിച്ചു സംഗതി പറഞ്ഞാലാ ബേണ്ടാ അവറ്റോളു അറിഞ്ഞാ നാട് മുയുക്കെ പറഞ്ഞു നടക്കും.
പിറ്റേന്നു രാവിലെ സുബഹി കഴിഞ്ഞിറങ്ങിയതും കാശ് കേറ്റിയ മൊബൈൽ നമ്പരിലേയ്ക്ക് കുത്തി വിളിച്ചു.
"അലഹത്തുഫുൽ മുത്തഹരക്ക് തലത്തുഹുൽ മുഗലക്ക് " ദി മൊബൈൽ ഫോൺ യു ആർ കാളിംഗ് ടേൺലി ഇവൻ സ്വിച്ചിട് ഓഫ്‌ ഓർ ഔട്ട്‌ സൈഡ് ദി കവറേജ് ഏരിയ. പണി പാളി അവൻ അഞ്ഞൂറും അടിച്ചോണ്ട് കടന്നിരിക്കുന്നു പിന്നീട് പലതവണ മാറി മാറി ആ നമ്പർ ഡയൽ ചെയ്തു നോ രക്ഷ.അഞ്ഞൂറു അറബിക്കടലിൽ പതിച്ചിരിക്കുന്നു .
കടുത്ത ദുഖഭാരത്താൽ ബാക്കാലയിൽ എത്തിയപ്പോൾ മമ്മതു കാക്ക അർത്ഥം വെച്ചു ചിരിക്കുന്നു . അഞ്ഞൂറു പോയികിട്ടി അല്ലേ ? കഴിഞ്ഞാഴ്ച എന്റെയും പോയാരുന്നു, നീ ലോട്ടറി അടിച്ച വിവരം ഞമ്മളീന്നു ഒളിപ്പിചില്ലാരുന്നേൽ ഞാൻ പറഞ്ഞേനെ , താൻ മാത്രമല്ല മറ്റൊരു മലയാളിയും പച്ചകളാൽ പറ്റിക്കപെട്ടതിൽ മറ്റേതൊരു മലയാളിയേയും പോലെ മമ്മതു കാക്കയും നിറഞ്ഞു ചിരിച്ചു.

No comments: