Thursday, 30 April 2015

ഒരു പേരിലല്ലേ എല്ലാം.

അമ്മാ ഞാനിനി കോളേജിലേയ്ക്കില്ല മൂത്ത മകൾ  വീർത്തു  കെട്ടിയ മുഖവുമായി വന്നപാടെ കട്ടിലിലേയ്ക്ക് ചാടി കയറി മുഖം പൊത്തി തേങ്ങി. പുതിയ കാലത്തെ പെണ്‍ പിള്ളേരാ എന്തെങ്കിലും കുരുത്തക്കേട്‌ ഒപ്പിച്ചോ ഭഗവാനെ എന്ന് കരുതി അടുത്ത് ചെന്നിരുന്നു തല മെല്ലെ ഉയർത്തി ചോദിച്ചു എന്താ മോളെ സംഗതി. എന്തിനാ അമ്മെ എനിക്ക് ഇങ്ങനെ ഒരു പേരിട്ടേ നാണക്കേട്‌ കൊണ്ട് ഒരാളുടെ മുഖത്ത് നോക്കാൻ കഴിയുന്നില്ല പൂവാല ശല്യം സഹിക്കാം പക്ഷെ ചില അർത്ഥം വെച്ച വിളി കേൾക്കുമ്പോൾ എല്ലാ ഒന്നുകിൽ എന്റെ പേര് മാറ്റണം അല്ലെങ്കിൽ എന്റെ പഠിപ്പു നിർത്തണം.അച്ഛനോട് വിളിച്ചു പറ ഗസറ്റിൽ വിജ്ഞാപനം ചെയ്യാൻ. സുദേവൻ നായർ മകൾക്കു സരിത എസ് നായരെന്നു പേരിടുമ്പോൾ സ്വപ്നത്തിൽ പോലും ഇങ്ങനെ ഒരു തിരിച്ചടി ഉണ്ടാവും എന്ന് പ്രതീക്ഷിച്ചില്ല.സോളാർ സരിത നാട്ടിലും വീട്ടിലും താരമായത്തോടെ ലോക്കൽ സരിതമാർ നേരിട്ട പ്രതിസന്ധിയുടെ ഒരു ചെറിയ അംശമാണ് സുദേവന്റെ വീട്ടിൽ സംഭവിച്ചത്.

ചില പേരുകൾ അങ്ങനെ ആണ് ചില സീസണിൽ പ്രശസ്തരും കുപ്രസിദ്ധരും ആകാൻ വിധിക്കപ്പെട്ടവാരാണ്. കിന്നാരതുമ്പികൾ സൂപ്പർ ഹിറ്റ്‌ ആയി ഓടി  ഷക്കീല തരംഗം നില നിൽക്കുന്ന കാലഘട്ടത്തിൽ നമ്മുടെ നാട്ടിലെ പാവം ഷക്കീല  പേരുകാർ അനുഭവിച്ച ആത്മസന്ഘർഷം അവർണ്ണനീയമാണ. സ്കൂളിൽ പഠിക്കുമ്പോൾ എനിക്കൊരു കൂട്ടുകാരി ഉണ്ടായിരുന്നു സ്മിത എന്ന നീല കണ്ണും ചിരിക്കുമ്പോൾ  തെളിയുന്ന മുഖ കുഴികളുംമുള്ള  ഒരു കൊച്ചു സുന്ദരി പക്ഷെ തുമ്പോളി കടപ്പുറവും പള്ളിവാതുക്കൽ തൊമ്മിച്ചനും കത്തി നിന്ന കാലമായതു കൊണ്ട്  പാവം സ്മിത സിൽക്ക് എന്ന വിളിപേരിലായിരുന്നു സ്കൂളിൽ അറിയപ്പെട്ടിരുന്നത് ആ വിളി കേൾക്കുമ്പോൾ ആ മുഖത്ത് വരുന്ന ദേഷ്യവും സങ്കടവും കാണാൻ മാത്രം കരുതികൂട്ടി സ്മിതയെ സിൽക്കാക്കി രസിക്കുന്നവരും കുറവല്ലായിരുന്നു.

ഒരിക്കൽ എഞ്ചിനീയർ   തസ്തികയിലേയ്ക്ക് കുറച്ചു പേരെ ഇന്റർവ്യൂ ചെയ്യാൻ ഈ ഉള്ളവന് ഭാഗ്യം സിദ്ധിച്ചു . ഇന്റർവ്യൂ നടക്കുന്നതിനിടയിൽ സുന്ദരനും ആജാനബാഹുവുമായ ഒരാൾസർട്ടിഫിക്കറ്റുകളുമായി ഞങ്ങളുടെ മുന്നിലേയ്ക്ക് കടന്നു വന്നു ഉപചാരപൂർവ്വം ഞങ്ങളെ വണങ്ങി. ശേഷം ആദ്യ ചോദ്യം ഞാനാണ് ചോദിച്ചത് വാട്ട്‌ ഈസ്‌ യുവർ നെയിം ?  പൊന്നു മോൻ സാർ ഇടിമുഴങ്ങുന്നത് പോലെയുള്ള ശബ്ദത്തിൽ ഉത്തരം ഞങ്ങൾ സംശയത്തോടെ വീണ്ടു നോക്കി പൊന്നു മോനോ ഇതെന്തു പേര് അതെ സാർ റെ ക്കോർഡിക്കലി എന്റെ പേര് പൊന്നു മോൻ എന്ന് തന്നെ ആണ് അപ്പനും അമ്മയ്ക്കും ആറ്റു നോറ്റു ഉണ്ടായ പൊന്നു മോനെ പള്ളികൂടത്തിൽ ചേർത്തപ്പോഴും അവർ അങ്ങനെ തന്നെ ഇരിക്കട്ടെ എന്ന് കരുതി. ഈ പേരിനു ഞാൻ കേൾക്കുന്ന  പരിഹാസങ്ങൾ ചില്ലറയല്ല സാർ പിന്നെ ഒരു ഗുണമുണ്ട് എത്ര ദേഷ്യപെട്ടു വിളിച്ചാലും ഞാൻ എല്ലാവർക്കും പൊന്നു മോൻ തന്നെ അല്ലെ സാർ. ആ പൊന്നു മോൻ പൊന്നു തന്നെ എന്ന് പുള്ളിയുടെ സർവിസ് ചരിത്രം തെളിയിച്ചു .

ഞങ്ങളുടെ നാട്ടിൽ സർവ സാധാരണമായ ഒരു പേരാണ് ബാബു. നാട്ടിലെ ബാബുമാരെ തട്ടി നടക്കാനും തിരിച്ചറിയാനും ആവാതെ വന്നപ്പോഴാണ് എല്ലാ ബാബുവിന് മുൻപിലും ഒരു ചെല്ല പേര് ചേർത്തുവിളിക്കാൻ തുടങ്ങിയത്. അത് കൊണ്ട് ദേഹത്ത് രോമം കൂടിയ ബാബുവിനെ പൂട ബാബുവെന്നും എപ്പോഴും മുറുക്കാൻ ചവയ്ക്കുന്ന ബാബുവിനെ  മുറുക്കാൻ ബാബുവെന്നും ചെറുപ്പത്തിൽ കരണ്ടടിച്ച ബാബുവിനെ കരണ്ട് ബാബുവെന്നും കൂതറ സ്വഭാവം കാണിക്കുന്ന ബാബുവിനെ കൂതറ ബാബുവെന്ന് സ്നേഹ്ഹത്തോടെ വിളിച്ചു  പോന്നു. ഈ ചെല്ലപെരുകൾ എല്ലാ ബാബുമാരും സർവാത്മനാ സ്വയം അംഗീകരിച്ചു എന്നുള്ളതാണ് എടുത്തു പറയേണ്ട വസ്തുത.

ജാതി നാമങ്ങളും സ്ഥലനാമങ്ങളും പലപ്പോഴും ആളുടെ പേരിനു ബദലാകുന്ന കാഴ്ച കേരളത്തിന്റെ മാത്രം പ്രത്യേകത ആണെന്ന് തോന്നുന്നു. ജഗതി എന്ന് കേൾക്കുമ്പോൾ ജഗതി ശ്രീകുമാറിനേയും കുതിരവട്ടം എന്ന് കേൾക്കുമ്പോൾ പപ്പുവിനെയും മാള എന്ന് കേൾക്കുമ്പോൾ മാള അരവിന്ദനെയും ഒക്കെ മലയാളികൾ ഓർക്കുന്നത് ഒരു  പേരിൽ എന്തിരിക്കുന്നു എന്ന് പണ്ട് ഒരു മാഹാൻ  ചോദിച്ചപോലെ, നായരേട്ടന്റെ ചായക്കടയും പിള്ളേച്ചന്റെ പടക്ക കടയും ഒക്കെ പറഞ്ഞു ശീലിച്ച നമ്മൾക്ക് പേരു പലപ്പോഴും പ്രസക്തമല്ല പ്രവത്തിയാണ് മുഖ്യം എന്ന് അടിവരയിടുന്നു എങ്കിലും ഇഗ്നെഷിയുസ് ഫെർണാണ്ടസ് കാട്ടൂക്കാരൻ എന്ന എന്റെ  ശരാശരിക്കരനായ സുഹൃത്ത് പത്താം തരം എത്തുവോളം  സ്വന്തം പേരു തെറ്റാതെ എഴുതുവാൻ മുക്ക്രയിടുന്നത് കാണുമ്പോൾ പലപ്പോഴും ആ കുന്തം കുലുക്കി ഷേക്ക്‌സ്പിയരിനോട് മനസിൽ വിയോജിച്ചു കൊണ്ട് പറയാറുണ്ടായിരുന്നു    ഒരു പേരിൽ എന്തിരിക്കുന്നു എന്നല്ല ചില പേരിൽ  ചില ചില്ലറ സംഗതികളൊക്കെ ഉണ്ട്.കുറഞ്ഞ പക്ഷം  കുഞ്ഞുങ്ങൾക്ക്‌ പേരിടുമ്പോൾ കോട്ടയത്ത് എത്ര മത്തായിമാർ ഉണ്ടെന്നെങ്കിലും മാതാപിതാക്കൾ മനസ്സിൽ കരുതിയിരിക്കുക.