Saturday, 9 September 2017

വിസ വരുമോ ????

ആകാശത്തു പൊട്ടു പോലെ കാണുന്ന ആ  നക്ഷത്രങ്ങളെ നോക്കി നീ നേന്ത്ര പഴങ്ങളെന്നു പറഞ്ഞാലും ഞാൻ തലകുലുക്കി സമ്മതിക്കും ലിജീ, കാരണം നീയിപ്പോൾ ശരീരവും ഞാൻ ആത്മാവുമാണ് .ആത്മാവിനു ആഗ്രഹിക്കാൻ മാത്രമേ കഴിയൂ നടപ്പാക്കേണ്ടത് ശരീരമാണ് . മാസാവസാനം നീ തരുന്ന നാരങ്ങാ വെള്ളം ചേർത്ത നാടൻ വോഡ്കയുടെ ലഹരിയിൽ ആയിരിക്കുമ്പോൾ മാത്രമാണ് ഞാൻ അൽപ്പമെങ്കിലും സ്വാതന്ത്രനാകുന്നത് . രണ്ടു പെഗ്ഗിൽ മസ്തിഷ്‌കത്തിന്റെ മധുമൂക്കോലപോലും നനയില്ലെങ്കിലും നിന്നിൽ നിന്നും ഞാൻ സ്വത്രന്ത്രനായി എന്ന തോന്നൽ തരാൻ ആ മധുരാ ചഷകത്തിനു കഴിയുന്നുണ്ടന്നതേ മഹാ ഭാഗ്യം . സ്വാതന്ത്യ്രം അമൃതാണെന്നു പാടിയ കവികളെ എനിക്കിപ്പോൾ ഒരു ബഹുമാനവും ഇല്ല .പാരതന്ത്ര്യത്തിന്റെ ബന്ധനം ഒരു നിമിഷം പോലും അനുഭവിക്കാതെ ഭാവനയിൽ വിരിഞ്ഞ വരികളെ പേപ്പറിലാക്കിയ കൂശ്മാണ്ടങ്ങൾ .

ഇത്രയും വായിച്ചപ്പോൾ നിങ്ങൾ വിചാരിച്ചിട്ടുണ്ടാവും ഞങ്ങളുടെ ദാമ്പത്യം അപ്പാടെ നിലവിളി ശബ്ദം മുഴക്കി വരുന്ന ആംബുലൻസിനായി കാത്തു കിടക്കുകയാണെന്ന് .എന്നാൽ തെറ്റി ഒരു രാത്രി പോലും ലിജിക്കെന്നെയും എനിക്കു ലിജിയെയും കാണാതെ കഴിയാൻ കഴിയുമോയെന്നു സംശയമാണ് . പിന്നെ ഒരു കീഴടങ്ങൽ അതു ഞങ്ങളുടെ വിവാഹമെന്ന കൂദാശ ആശിർവദിച്ച വികാരിയച്ചൻ  പറഞ്ഞു പഠിപ്പിച്ച പ്രാർത്ഥനകളിൽ ഒന്നാണ് പരസ്പരം  കീഴടങ്ങി ജീവിക്കണമെന്നത് . ഇപ്പോൾ കുടുംബത്തിലെ ഏക വരുമാനക്കാരി  അവളായതു കൊണ്ടും എനിക്കു പ്രത്യേകിച്ചു തൊഴിലൊന്നും ഇല്ലാത്തതിനാലും  ഞാൻ സഭ ക്രിസ്തുവിനു കീഴ്പെട്ടിരിക്കുന്നതു പോലെ സ്വതന്ത്രമായ മനസ്സോടെയും പൂർണ്ണമായ സമ്മതത്തോടെയും  അവൾക്കു കീഴ്പ്പെട്ടിരിക്കുന്നു .

അയൽക്കൂട്ടത്തിലെ ചാക്കോച്ചിക്കും ഷൈജപ്പനും എന്നോടൊരു ഇറെവറൻസ് ഉണ്ടെന്നു എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട് കാരണം അവരുടെ കൂടെ ഷെയർ  ഇട്ടടിക്കാൻ ഞാൻ നിൽക്കാത്തതു കൊണ്ടു തന്നെ .ലിജിയുടെ പാവാട ചരടിൽ ആണെന്റെ ജീവിതം എന്നവർ ഒളിച്ചും പാത്തും പലയിടത്തും പറഞ്ഞാതായി ഞാൻ അറിഞ്ഞു ,മറുപടി പറയേണ്ട വിഷയമല്ലാത്തതിനാൽ ഞാൻ ഇടപെടാനെ പോയിട്ടില്ല . ഷൈജപ്പന്റെ ഭാര്യ ലൂസിയമ്മയ്ക്കു എന്നോട് കടുത്ത ആരാധനയും അസൂയയും ഉണ്ടെന്നും അതു  കൊണ്ടാണ് ഷൈജപ്പൻ എനിക്കെതിരെ പ്രവർത്തിക്കുന്നതെന്നും എനിക്കു നന്നായി അറിയാം . ലൂസിയമ്മ റവന്യു വകുപ്പിലെ ഹെഡ് ക്ളാർക്കാണ് പറഞ്ഞിട്ടെന്താ കാര്യം, രാവിലെ കുട്ടികളെ സ്കൂളിൽ വിടുന്നതു മുതൽ സകല വീട്ടുജോലികളും തനിയെ ചെയ്യണം ഷൈജപ്പൻ കള്ളൂ  കുടിച്ചു നടക്കുന്നതല്ലാതെ അടുക്കളയിലേയ്ക്കു തിരിഞ്ഞു പോലും  നോക്കില്ലത്രേ ! അങ്ങനെയുള്ള കെട്ടിയോനുള്ള പെണ്ണുങ്ങൾക്കു എന്നെപ്പോലെ അച്ചടക്കമുള്ള ഭർത്താക്കന്മാരെ കാണുമ്പോൾ  ആരാധനയുണ്ടാകുക സ്വാഭാവികം.

കാലാവസ്ഥ വകുപ്പിൽ  ജോലി  ചെയ്യുന്നതു കൊണ്ടാണോ എന്തോ ലിജിയുടെ സ്വഭാവവും എപ്പോഴും മാറി മറിഞ്ഞിരിക്കും . ചിലപ്പോൾ മഞ്ഞു  പോലെ നൈർമ്മല്യമുള്ളതും ചിലപ്പോൾ കൊടുങ്കാറ്റു പോലെ പ്രഷുബ്ദവും ചിലപ്പോൾ നല്ല മഴപെയ്തിറങ്ങിയ ശാന്തതയും തണുപ്പും എല്ലാ കാലാവസ്ഥയിലും  ഏഷ്യൻ പെയിന്റ് പോലെ ഞാൻ ഭിത്തിയോടിണങ്ങി മഴയും വെയിലും കാറ്റുമേറ്റു മുന്നോട്ടു പോകവേ അബുദാബിയിൽ നിന്നും മൂത്ത ചേട്ടന്റെ ഇടിമിന്നലു പോലുള്ള വിളി വന്നു  . അബുദാബിയിൽ ചേട്ടന്റെ കൂടെ താമസിച്ചിരുന്ന അമ്മച്ചി പ്രായാധിക്യത്തെ തുടർന്നു നാട്ടിലെ എന്റെ വീട്ടിൽ താമസിക്കാൻ വരുന്നു .  കാലാവസ്ഥയിൽ പല പ്രതികൂല മാറ്റങ്ങളും ഉടൻ ഉണ്ടാകാൻ പോകുന്നെന്ന പ്രവചനം കേട്ടതും   ലിജി ഇടവപ്പാതിയിലെ ഇടിമിന്നൽ പോലെ ജ്വലിച്ചു മഹാമാരി പോലെ  പെയ്തിറങ്ങി. രണ്ടു മക്കളിൽ ഇളയവനായ താനാണ് അമ്മച്ചിയുടെ അവസാന കാല സംരക്ഷകൻ എന്ന ഉത്തമബോധ്യം അച്ചികോന്തനായിട്ടും അമ്മച്ചിയെ കൈവിടാൻ തന്നെ അനുവദിക്കുന്നുമില്ല .

ആറും അറുപതും ഒന്നാണെന്നു പണ്ടുള്ളവർ പറയുന്നതു വെറുതെയല്ല ,അമ്മച്ചി വന്ന അന്നു മുതൽ ശംഖുനാദം മുഴങ്ങി മരുമോൾ അധ്വാനിച്ചു കൊണ്ടു  വരുന്നതിൽ പാതിയാണ് താൻ പെറ്റു വളർത്തിയ മകനും ഞാനും വെട്ടി വിഴുങ്ങുന്നതെന്നുപോലും ഓർക്കാതെയുള്ള വെല്ലുവിളികളിൽ യുദ്ധഭൂമിയിൽ പലതവണ മുഴങ്ങിക്കേട്ടു .പതിനെട്ടു ദിവസം കൊണ്ടു പതിനായിരങ്ങൾ മരിച്ചു വീണ മഹാ ഭാരത കഥയിൽ പ്രയോഗിക്കപ്പെട്ട തന്ത്രങ്ങളും കുതന്ത്രങ്ങളും അന്നാമ്മ ചാക്കോയെന്ന വെള്ളികെട്ടിയ തലമുടികളുള്ള അമ്മച്ചി തലങ്ങും വിലങ്ങും പ്രയോഗിച്ചു  . കൊച്ചുമുതലാളി വിട്ടു പോയാൽ കടാപ്പുറത്തു നെഞ്ചു പൊട്ടി ചാകുമെന്നു പുട്ടിന്റെ ഇടയിൽ പീര ഇടുമ്പോലെ ആവർത്തിച്ചിരുന്ന ലിജി കുരിയാക്കോസ് ഇപ്പോൾ പതിയെ കളം മാറി ചവിട്ടി തുടങ്ങിയിരിക്കുന്നു .
പെരട്ടു തള്ളയെ വിളിച്ചു എങ്ങോട്ടെങ്കിലും പോയില്ലെങ്കിൽ മരിച്ചു പോയ മള്ളൂർ വക്കീലിനെ കുഴിയിൽ നിന്നും കൊണ്ടു  വന്നു പോലും ഡിവോഴ്സ് എഴുതി വാങ്ങിക്കുമെന്നു തീർത്തും തീട്ടൂരമിറക്കിയിരിക്കുന്നു  .

നീ പോയാൽ എന്റെ ചെറുക്കനു നിന്നെക്കാൾ തലയും മുലയുമുള്ള  നൂറു സുന്ദരിമാരെ കിട്ടുമെന്നു അന്നമ്മതള്ള പറഞ്ഞ ആ ദിവസം ഞങ്ങളുടെ ദാമ്പത്യം എന്നെന്നേയ്ക്കുമായി അവസാനിച്ചു . തലയും വേണ്ട മുലയും വേണ്ട  വിയർപ്പിന്റെ അസുഖമുള്ള എനിക്കു മേലനങ്ങാതെ തിന്നാൻ സർക്കാർ ജോലിയുള്ള ആരെയെങ്കിലും അമ്മച്ചി കണ്ടത്തി താ എന്നാ അപേക്ഷയ്‌ക്കു മുമ്പിൽ അമ്മച്ചി നീട്ടിയൊരാട്ടാട്ടി .
അബുദാബിയിൽ നിന്നും ചേട്ടൻ അമ്മച്ചിക്കു ചിലവിനുള്ള പൈസ വെസ്റ്റേൺ യൂണിയൻ വഴി അയയ്ക്കും ഞാനും അമ്മച്ചിയും അരമുറുക്കി ആഘോഷിക്കും .

എന്നാലും നിനക്കു മേലനങ്ങി ഒരു ജോലിയെടുത്തു കൂടെ ജോണാപ്പി എന്ന അമ്മച്ചിയുടെ ചോദ്യത്തെ മുപ്പത്തിരണ്ടു പല്ലും വിടർത്തി ഞാൻ വരവേൽക്കും .എന്റെ വിയർപ്പിന്റെ ഗ്രന്ധികളിൽ ചൂടു  രക്തം ഉറഞ്ഞു കൂടുന്നു ലിജി എന്റെ അന്നദാതാവു മാത്രമായിരുന്നില്ല എന്ന തിരിച്ചറിവ് എനിക്കും അവൾക്കും ഒരേ സമയം ഉണ്ടായി തുടങ്ങിയിരിക്കുന്നു.   കാലാവസ്ഥ വകുപ്പിൽ ഇപ്പോൾ കാലാവസ്ഥ ഏറെക്കുറെ ശാന്തമാണ്  .ഞാൻ കാത്തിരിക്കാൻ തയ്യാറാണെന്ന സന്ദേശം അവൾ പ്രധാന വാർത്തകൾക്കു ശേഷമുള്ള കാലാവസ്ഥാ റിപ്പോർട്ട് പറയും പോലെ ശതമാനകണക്കിൽ എന്നെ അറിയിച്ചു  കഴിഞ്ഞിരിക്കുന്നു.

അമ്മച്ചിക്കുള്ള വിസ വന്നാലുടൻ ഞങ്ങൾ വീണ്ടും ഒന്നാവും അമ്മച്ചിക്കുള്ള വിസ വരാൻ അർത്തുങ്കൽ പുണ്യാളനു ലിജി വില്ലും കഴുന്നും ഞാൻ നൂറ്റിയൊന്നു ശയന പ്രദിക്ഷണവും നേർന്നു കാത്തിരിക്കുകയാണ്  ....................