Wednesday, 29 October 2008

താമര സ്വപ്‌നങ്ങള്‍

സഖാവ് താമരാക്ഷന്‍ എന്ന പുഷ്പ നയനനു രാഷ്ടീയ വനവാസം മടുത്തിരിക്കുന്നു .കോളജ് അദ്ധ്യാപനം എന്ന മുഷിപ്പിക്കുന്ന ജോലിയേക്കാള്‍ എത്രയോ ഭേദമാണ് രാഷ്ടീയം, ആര്‍ എസ് പി എന്ന ചവറ മഹാ രാജ്യ പാര്‍ടിയുടെ അനിഷേധ്യ നേതാവായി വിലസുമ്പോഴാണ് ഈ വിപ്ലവ കേസരിക്കു മന്ത്രി കസേര വലിയ കെണി ആവുന്നത് .വി പി രാമകൃഷ്ണ പിള്ളയെക്കാള്‍ യോഗ്യതയുള്ള താനും ബാബു ദിവാകരനും ഉള്ളപ്പോള്‍ തലയ്ക്കു മീതെ വേറെ ഒരാളോ ? യുദ്ധം തുടങ്ങി ,പാര്‍ടിയെ നടുവേ പിളര്‍ത്തി പഴയ സിംഹം ബേബി ജോണിനെ കൂടെ കൂട്ടി നടത്തിയ തെരുവ് യുദ്ധങ്ങളും തെറി വിളികളും പാര്‍ടിക്ക് കുറച്ചൊന്നും മൈലജ് അല്ല ഉണ്ടാക്കി കൊടുത്തത് .ഏറ്റവും ജനസമ്മതനായ ഇ കെ നയനാരിനെതിരെ വരെ അഴിമതി ആരോപണം ഉന്നയിച്ചു ,ഇടതു പക്ഷത്തിന്‍റെ വോട്ടു വാങ്ങി ജയിച്ചെത്തിയ ഇഷ്ടന്‍ ഭരണപക്ഷത്തെ തൊട്ടതിനും പിടിച്ചതിനും ചീത്ത വിളിച്ചു സഹികെട്ട് നിയന്ത്രണം വിട്ട സുധാകരന്‍ എം എല്‍ എ തല്ലാന്‍ നിയമസഭയുടെ നടുതളത്തിലേയ്ക്ക് ഇറങ്ങിയത്‌ പൊതു ജനം മറന്നാലും ഇവിടുത്തെ ദ്രിശ്യ മാധ്യമങ്ങള്‍ക്ക് മറക്കാന്‍ കഴിയില്ല .

അടുത്ത ഊഴം യു ഡി എഫ് കോട്ടയില്‍ അവരുടെ കുപ്പായം അണിഞ്ഞു പൊതു ജനത്തെ കഴുതകളാക്കിയേക്കാം എന്നു കരുതിയ താമരാക്ഷന് ഹരിപാടുകാര്‍ കഴുതകള്‍ അല്ലെന്ന സത്യം തിരിച്ചറിയേണ്ടി വന്നു .കടുത്ത യു ഡി എഫ് തരംഗത്തിലും താമരാക്ഷന് കാലിടറി, ബാബുവും ഷിബുവും ജയിച്ചു കയറിയപ്പോഴും ബാബു ദിവാകരന്‍ മന്ത്രിയായപ്പോഴും കാത്തു സൂക്ഷിച്ച മന്ത്രി കസേര എന്ന സ്വപ്നം തമാരക്ഷന്റെ ഉറക്കം കെടുത്തി കൊണ്ടേ ഇരുന്നു .ഷിബുവുമായി ചേര്ന്നു കൊച്ചു പാര്‍ടിയെ മുന്നാം കഷണമാക്കി വളരും തോറും പിളരട്ടെയെന്ന മാണി സാറിന്റെ മുദ്രാവാക്യം അടിവരെയിട്ടു .പിന്നിടെപ്പോഴോ ഷിബുവുമായും പിണങ്ങി ആര്‍ എസ് പി നാലാം കഷണമായി ,താമരാക്ഷന്‍ രാഷ്ടീയ വനവാസത്തിലുമായി ,ടിയാന്‍ തിരികെ വാദ്ധ്യാരുപണിയിലെയ്ക്കും തിരിഞ്ഞു .ഇതിനിടയില്‍ പല പാര്‍ടിയെയും സമീപിച്ചു അംഗത്വത്തിന് അപേക്ഷ നല്കി നോക്കി മുന്‍‌കാല ചരിത്രം നന്നായി അറിയാവുന്നവര്‍ പതിയിരിക്കുന്ന അപകടം മനസിലാക്കി വിദഗ്ദമായി ഒഴിഞ്ഞു .ഇപ്പോള്‍ എന്ത് വിലകൊടുത്തും മാതൃ സംഘടനയിലെയ്ക്കു തിരികെയെത്താന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചു വി പി രാമകൃഷ്ണ പിള്ളയെ മാത്രം ദിവാസ്വപ്നം കണ്ടു കഴിയുകയാണ് ഈ പാവം ,പാര്‍ടി പിളര്ത്തിയതില്‍ നിര്‍വ്യാജം ഖേദിക്കുകയും ചെയ്യുന്നു ഈ സഖാവ് .ഒരു നല്ല മടക്ക യാത്ര ആകട്ടെ ഈ രണ്ടാം വരവ് എന്നും പഴയ പൂച്ച ഇനി ഒരിക്കലും പുറത്തു ചാടില്ല എന്ന ശുഭാപ്തി വിശ്വാസത്തോടെയും നമുക്കു കാത്തിരിക്കാം .

Tuesday, 28 October 2008

രാഷ്ടീയ ഭിക്ഷാടകര്‍

പി സി തോമസ് കുറെ നാളായി യാചിക്കുകയാണ് എന്‍റെ പൊന്നു ജോസഫ് സാറേ എന്നെയൊന്നു പുറത്താക്കാന്‍ ജോസഫ് കേട്ട ഭാവമേ നടിക്കുന്നില്ല .അമീബ കോശ വിഭജനത്തിനു ശ്രമിക്കുന്നപോലെ കര്‍ഷകരെ സംഘടിപിച്ചു പല വിധത്തിലുള്ള അച്ചടക്ക ലംഘനവും നടത്തി നോക്കി എന്നിട്ടും ഫലം തദൈവ .പള്ളിയും പട്ടക്കാരുമായിരുന്നു കേരള കൊണ്ഗ്രെസ്സുകളുടെ എക്കാലത്തെയും വലിയ ശക്തിയും വോട്ട് ബാങ്കും,ദൈവാധീനം കൊണ്ടു സഖാവ് ബേബിയും പിണറായിയും കൂടി അതൊരു വഴിക്കാക്കി കൊടുത്തു ഇനി ഇടതു പക്ഷ സഖ്യ കക്ഷി എന്നനിലയില്‍ എങ്ങനെ വിശ്വസികളിലെയ്ക്ക് ഇറങ്ങി ചെല്ലും എന്ന് നിനച്ചു കുഞ്ഞുമാണി പുണ്യ വാളനെ മനസ്സില്‍ ധ്യാനിച്ച് കഴിഞ്ഞ ജോസേഫിനു പാര്‍ടിക്കുള്ളില്‍ നിന്നു കിട്ടിയ അടിയാണ് പി സി തോമസിന്‍റെത്. ഒരു കാട്ടില്‍ രണ്ടു സിംഹങ്ങള്‍ വാഴില്ല എന്ന പഴംചൊല്ലിനെ ശരിവെയ്ക്കുന്ന തരത്തിലാണ് കേരള കൊണ്ഗ്രെസ്സ് ജൊസ്ഫ് ഗ്രൂപ്പിന്റെ അവസ്ഥ .പാര്‍ടി ചെയര്‍മാന് മിണ്ടാട്ട്ടം മുട്ടിയ അവസ്ഥ അറുപതാം വയസില്‍ പെണ്ണുകേസില്‍ പെടുക കൂടെ നില്‍ക്കുന്നവര്‍ മന്ത്രി സ്ഥാനത്തിനു തമ്മില്‍ തല്ലുക ,കേസ് ഒതുക്കി തീര്‍ക്കാന്‍ ചെന്നൈക്ക് പോയവര്‍ ഒരിക്കലും തീരാത്ത കേസാക്കി പാര വെയ്ക്കുക ഇതെല്ലാം കഴിഞ്ഞ ശേഷം ജോസഫ് വായ തുറന്നിട്ടില്ല .ഈ അവസരം മുതലാക്കിയാണ് പി സി തന്‍റെ കൂടെ വന്നവരേയും പാര്‍ടിയിലെ അസംതൃപ്തരെയും അധികാര മോഹികളെയും ചാക്കിട്ടു പിടിച്ചു സമാന്തര സംഘടനക്കു ശ്രമിക്കുന്നത് .ഇടതു മുന്നണി രണ്ടു കൂട്ടരെയും മുന്നണി യോഗങ്ങളില്‍ പങ്കെടുപ്പിക്കുകവഴി ഒരു മുഴം മുന്നേ നീട്ടി എറിഞ്ഞിരിക്കുകയാണ് ജോസഫ് മറുകണ്ടം ചാടുകയാണെങ്കില്‍ തങ്ങള്‍ക്കും വിശ്വാസികളുടെ ഇടയില്‍ ഒരു ഇടയന്‍ ഉണ്ടാവേണ്ടേ . വിശ്വാസികളെയും വിശ്വാസത്തെയും തള്ളി പറഞ്ഞാലും അവരുടെ വോട്ടിനെ തള്ളിപറയാന്‍ കഴിയുമോ ?മാണി സാര്‍ റോമില്‍ പോയി തിരി പിടിച്ചു വിശ്വാസികളുടെ ഹൃദയത്തില്‍ കയറിയെങ്കില്‍ തോമസ് ഇവിടെ ഒറീസ്സയില്‍ പീഡിതരുടെ ജിഹ്വ ആകുകയാണ് .ഇന്നല്ലെങ്കില്‍ നാളെ തോമസ് പുറത്തു ചാടും അധികാരം എന്ന രസിപ്പിക്കുന്ന കസേരക്കായി അച്ചായന്‍ ഇനി എന്തെല്ലാം കളികള്‍ കളിക്കുമെന്ന് കാത്തിരുന്നു കാണുക തന്നെ .



Tuesday, 21 October 2008

ഷെവലിയാര്‍ ജിമ്മി

പതിരാവേറെ കറുത്ത നേരം
കത്തനാരച്ചന്റെ ഫോണ്‍ ചിലമ്പി
അങ്ങേതലയ്ക്കല്‍ ഒരാള്‍ ഒരുത്തന്‍
തെല്ലു കിതചോതി നായ ചത്തു
നിദ്ര മുറിചിട്ടീ ചൊല്ല് കേട്ടു
അച്ഛനു ദേഷ്യം ഇരച്ചു കേറി
വീട്ടിലെ നായ തുലഞ്ഞിടുകില്‍
പള്ളി വികാരിക്കിതെന്തു ചേതം
മുറ്റത്തു നല്ലൊരു കുഴിയെടുത്തു
നായയെ പെട്ടന്ന് വെട്ടി മൂട്
തോള്ളക്ക് വന്ന തെറികളെല്ലാം
പട്ടത്തെ ഓര്‍ത്തച്ചന്‍ പിന്‍വലിച്ചു
തെല്ലു നിറഞ്ഞ മൌനം മുറിച്ചു
അച്ഛനോടായി മൊഴിഞ്ഞു വീണ്ടും
ചത്തത് വെറുമൊരു നായയല്ല
കൊച്ചു കുബേരന്‍ ഈ ജിമ്മി നായ
നായയ്ക്ക്‌ കര്‍മങ്ങള്‍ ചെയ്തിടുന്ന
പള്ളിക്കാ ഒസ്യത്തില്‍ നല്ല പങ്കും
സ്വത്തു വിവരങ്ങള്‍ കേട്ട നേരം
പാതിരി അച്ഛന്‍ കുരച്ചു ചീറി
ചത്തത്‌ കത്തോലിക്കാ നായയെന്നു
എന്തുകൊണ്ടിതുവരെ ചൊല്ലിയില്ല
തങ്ക കുരിശുമായ് അച്ചനെത്തി
ചരമ പ്രസംഗം തകര്ത്തു വാരി
ജിമ്മി തന്‍ ഒസ്യത്തിനു ഒത്ത വണ്ണം
അന്ത്യ കര്‍മങ്ങള്‍ അതൊക്കെ നല്കി
ദൈവപിതാവിന്‍ വലം ചേര്‍ക്കുവാന്‍
ജിമ്മിയെ ഷെവലിയാര്‍ ജിമ്മിയാക്കി
കീശയില്‍ കാശുള്ള ഏതു നായ്ക്കും
ചുളുവില്‍ അടിച്ചിടാം സ്വര്‍ഗരാജ്യം .

Sunday, 12 October 2008

സാന്ത്വന വെള്ളി

വെള്ളി ഒരു സാന്ത്വനമാണ്

യാന്ത്രികതയുടെ ബന്ധനങ്ങള്‍ ഇല്ലാത്ത

കര്‍ത്തവ്യ ബോധത്തിന്റെ ഉള്‍വിളികള്‍ ഇല്ലാത്ത

ഉറക്കത്തിന്റെ സൌന്ദര്യമൂരുന്ന വെള്ളി.

പഴുത്ത മണലിന്റെ പൊള്ളുന്ന ചൂടില്‍ നിന്നും

ശീതികരണിയുടെ കുളിര്‍മയിലെയ്ക്കൊരു വെള്ളി.

വിവരമില്ലാത്തവന്റെ വിവരക്കേടുകള്‍ക്ക്

റാന്‍ മൂളി നില്‍ക്കെണ്ടാതൊരു വെള്ളി.

ടി വി റിമോട്ടിലൂടെ സഞ്ചാരം നടത്താന്‍

ഉപഗ്രഹ ചാനലുകള്‍ക്ക് തീറെഴുതിയ വെള്ളി .

വളര്‍ന്നുതുടങ്ങിയ താടി രോമങ്ങള്‍

വടിച്ചു സുന്ദരന്‍ ആകേണ്ട വെള്ളി.

ആറു നാളത്തെ വിഴുപ്പിന്റെ ഭാണ്ഡങ്ങള്‍

അലക്കി വെളുപ്പിക്കേണ്ട വെള്ളി.

ഉപ്പയുടെ ഫോണിനായി കാത്തിരിക്കുന്ന

പൊന്നു മക്കളുടെ പയ്യാരം കേള്‍ക്കേണ്ട വെള്ളി .

പൊന്നു പണവും ഇല്ലങ്കിലും ങ്ങള്വേഗം വന്നാ മതിന്ന

കിളി മൊഴിക്ക് മുന്നില്‍ വാക്കുകള്‍ നഷ്ടപെടുന്ന വെള്ളി .

നളപാചകത്തിന്റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി

സഹ മുറിയരെ ഗിനി പന്നികള്‍ ആക്കാനൊരു വെള്ളി .

വില കുറഞ്ഞ സ്കോച്ചിന്റെ കടുത്ത ലഹരിയില്‍

തല പൂഴ്ത്തി അലിഞ്ഞില്ലാതാകാന്‍ ഒരു വെള്ളി .

വെള്ളി ഒരു അനുഗ്രഹമാണ് ,

മരുഭൂമിയുടെ ഊഷരതയില്‍ അലയുന്നവര്‍ക്ക്

ദൈവം കനിഞ്ഞിട്ട സാന്ത്വന വള്ളി .

Thursday, 2 October 2008

ഡോമെസ്ടിക് കുരിയാക്കോ

കുരിയാക്കോ പണ്ടൊരു പെണ്ണ് കണ്ടു
ലണ്ടനില്‍ നേഴ്സ് ആയ മറിയകുട്ടി.
വടി പോലെ നീണ്ടൊരു കുരിയാക്കോയ്ക്ക്
തടിയെറും നിറമില്ല മറിയകുട്ടി
പൌണ്ടിന്‍ കനത്തിലെ ഡോറീ കണ്ട്
കുരിയാക്കോ മദയാന മരിയെ കെട്ടി
കെട്ട് കഴിഞ്ഞെട്ടു തീരും മുന്‍പെ
മറിയാമ്മ കരയാതെ ബൈ ബൈ ചൊല്ലി
കുരിയക്കോ ഫോണ്‍ ചോട്ടില്‍ പെറ്റിരുന്നു
മറിയാമ്മ സാറ്റലൈറ്റ് ഫോണ്‍ വിളിച്ചു
മുറിയാതെ പൌണ്ട് എത്തി കുരിയാക്കോയ്ക്ക്
വൈകാതെ സ്പീഡ് പോസ്റ്റില്‍ വിസയുമെത്തി
മണിക്കൂറില്‍ അറുപതു പൌണ്ട് നേടും
മറിയേടെ കെട്ടിയോന്‍ ഞാന്‍ കുരിയാ
മറിയാമ്മ ഡൂട്ടിക്ക് പോയിടുമ്പോള്‍
ഹോട്ട് ബേഡില്‍ ചൂടന്‍ തകര്‍ത്തു കാണും
മാമരം കോച്ചും തണുപ്പ് അകറ്റാന്‍
സ്കോച്ച് ഒന്നു പൊട്ടിച്ചു വീശിടെണം
ലണ്ടനില്‍ കിട്ടുന്ന മദ്യമെല്ലാം
ലാവിഷായ് വാങ്ങി അടിച്ചിടെണം
ഭര്‍ത്താവുജോലിയും കനവു കണ്ട്‌
കുരിയാക്കോ ലണ്ടനില്‍ ഫ്ലൈറ്റ്ഇറങ്ങി

ലണ്ടനിലെത്തിയ നാള്‍ മുതല്‍ക്കു
മറിയാമ്മ മറിമായം കാട്ടി മെല്ലെ
രാവിലെ ബെഡ് കോഫി വെച്ചിടേണം
പ്രാതലോരുക്കി ഞാന്‍ നല്‍കിടേണം
ടോമിയെ ദിവസവും തൂറ്റിക്കണം
സോപിട്ട് നന്നായ്‌ കുളിപ്പിക്കണം
പട്ടിക്കു ഫുഡ് ഒക്കെ തീര്‍ന്നിടുമ്പോള്‍
മാര്‍കെറ്റില്‍ പോയി ഞാന്‍ വാങ്ങിടെണം
മറിയാമ്മ ജോലിക്ക് പോകും മുന്‍പെ
ചുളിയാതെ തുണി എല്ലാം തേച്ചു നല്കും
തിരുവല്ലേല്‍ ഉണക്കമീന്‍ വിറ്റിരുന്ന
കുരിയാക്കൊയ്ക്കിവിടിപ്പം സ്കോപ്പും ഇല്ല
മീന്‍ ഉണക്കാന്‍ ഒട്ടു വെയിലുമില്ല
കുരിയാക്കോ എന്ന ഞാന്‍ ഏകനല്ല
ലണ്ടനില്‍ എവിടെ തിരിഞ്ഞിടിലും
നൂറു കുരിയക്കോ പ്രേതമുണ്ട്
മിസിസിന്റെ പൌണ്ടിന് ഫുഡ് അടിക്കും
ഗ്ലോറിഫൈഡ് ഡോമെസ്ടിക്ക് കുരിയാക്കൊമാര്‍