Wednesday, 29 October 2008

താമര സ്വപ്‌നങ്ങള്‍

സഖാവ് താമരാക്ഷന്‍ എന്ന പുഷ്പ നയനനു രാഷ്ടീയ വനവാസം മടുത്തിരിക്കുന്നു .കോളജ് അദ്ധ്യാപനം എന്ന മുഷിപ്പിക്കുന്ന ജോലിയേക്കാള്‍ എത്രയോ ഭേദമാണ് രാഷ്ടീയം, ആര്‍ എസ് പി എന്ന ചവറ മഹാ രാജ്യ പാര്‍ടിയുടെ അനിഷേധ്യ നേതാവായി വിലസുമ്പോഴാണ് ഈ വിപ്ലവ കേസരിക്കു മന്ത്രി കസേര വലിയ കെണി ആവുന്നത് .വി പി രാമകൃഷ്ണ പിള്ളയെക്കാള്‍ യോഗ്യതയുള്ള താനും ബാബു ദിവാകരനും ഉള്ളപ്പോള്‍ തലയ്ക്കു മീതെ വേറെ ഒരാളോ ? യുദ്ധം തുടങ്ങി ,പാര്‍ടിയെ നടുവേ പിളര്‍ത്തി പഴയ സിംഹം ബേബി ജോണിനെ കൂടെ കൂട്ടി നടത്തിയ തെരുവ് യുദ്ധങ്ങളും തെറി വിളികളും പാര്‍ടിക്ക് കുറച്ചൊന്നും മൈലജ് അല്ല ഉണ്ടാക്കി കൊടുത്തത് .ഏറ്റവും ജനസമ്മതനായ ഇ കെ നയനാരിനെതിരെ വരെ അഴിമതി ആരോപണം ഉന്നയിച്ചു ,ഇടതു പക്ഷത്തിന്‍റെ വോട്ടു വാങ്ങി ജയിച്ചെത്തിയ ഇഷ്ടന്‍ ഭരണപക്ഷത്തെ തൊട്ടതിനും പിടിച്ചതിനും ചീത്ത വിളിച്ചു സഹികെട്ട് നിയന്ത്രണം വിട്ട സുധാകരന്‍ എം എല്‍ എ തല്ലാന്‍ നിയമസഭയുടെ നടുതളത്തിലേയ്ക്ക് ഇറങ്ങിയത്‌ പൊതു ജനം മറന്നാലും ഇവിടുത്തെ ദ്രിശ്യ മാധ്യമങ്ങള്‍ക്ക് മറക്കാന്‍ കഴിയില്ല .

അടുത്ത ഊഴം യു ഡി എഫ് കോട്ടയില്‍ അവരുടെ കുപ്പായം അണിഞ്ഞു പൊതു ജനത്തെ കഴുതകളാക്കിയേക്കാം എന്നു കരുതിയ താമരാക്ഷന് ഹരിപാടുകാര്‍ കഴുതകള്‍ അല്ലെന്ന സത്യം തിരിച്ചറിയേണ്ടി വന്നു .കടുത്ത യു ഡി എഫ് തരംഗത്തിലും താമരാക്ഷന് കാലിടറി, ബാബുവും ഷിബുവും ജയിച്ചു കയറിയപ്പോഴും ബാബു ദിവാകരന്‍ മന്ത്രിയായപ്പോഴും കാത്തു സൂക്ഷിച്ച മന്ത്രി കസേര എന്ന സ്വപ്നം തമാരക്ഷന്റെ ഉറക്കം കെടുത്തി കൊണ്ടേ ഇരുന്നു .ഷിബുവുമായി ചേര്ന്നു കൊച്ചു പാര്‍ടിയെ മുന്നാം കഷണമാക്കി വളരും തോറും പിളരട്ടെയെന്ന മാണി സാറിന്റെ മുദ്രാവാക്യം അടിവരെയിട്ടു .പിന്നിടെപ്പോഴോ ഷിബുവുമായും പിണങ്ങി ആര്‍ എസ് പി നാലാം കഷണമായി ,താമരാക്ഷന്‍ രാഷ്ടീയ വനവാസത്തിലുമായി ,ടിയാന്‍ തിരികെ വാദ്ധ്യാരുപണിയിലെയ്ക്കും തിരിഞ്ഞു .ഇതിനിടയില്‍ പല പാര്‍ടിയെയും സമീപിച്ചു അംഗത്വത്തിന് അപേക്ഷ നല്കി നോക്കി മുന്‍‌കാല ചരിത്രം നന്നായി അറിയാവുന്നവര്‍ പതിയിരിക്കുന്ന അപകടം മനസിലാക്കി വിദഗ്ദമായി ഒഴിഞ്ഞു .ഇപ്പോള്‍ എന്ത് വിലകൊടുത്തും മാതൃ സംഘടനയിലെയ്ക്കു തിരികെയെത്താന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചു വി പി രാമകൃഷ്ണ പിള്ളയെ മാത്രം ദിവാസ്വപ്നം കണ്ടു കഴിയുകയാണ് ഈ പാവം ,പാര്‍ടി പിളര്ത്തിയതില്‍ നിര്‍വ്യാജം ഖേദിക്കുകയും ചെയ്യുന്നു ഈ സഖാവ് .ഒരു നല്ല മടക്ക യാത്ര ആകട്ടെ ഈ രണ്ടാം വരവ് എന്നും പഴയ പൂച്ച ഇനി ഒരിക്കലും പുറത്തു ചാടില്ല എന്ന ശുഭാപ്തി വിശ്വാസത്തോടെയും നമുക്കു കാത്തിരിക്കാം .

Post a Comment