Monday, 3 January 2011

ഉദരത്തിലൂടെ ഹൃദയത്തിലേയ്ക്ക്

സുന്ദരന്‍ ചേട്ടന് ഒട്ടും മുഖ സൌന്ദര്യം ഇല്ലായിരുന്നു , എങ്കിലും അയാള്‍ കറകളഞ്ഞ മനുഷ്യ സ്നേഹിയും നല്ല ഒന്നാംതരം പാചകക്കാരനും ആയിരുന്നു .പ്രവാസത്തിന്റെ ആദ്യ നാളുകളില്‍ അമ്മയുടെ രുചികള്‍ എനിക്ക് നഷ്ടപെടുതാതിരുന്നത് സുന്ദരേട്ടന്റെ കൈപുണ്യം ഒന്ന് മാത്രമാണ് .കടലിനെ ഒരു പാട് സ്നേഹിച്ചിരുന്ന സുന്ദരേട്ടന്റെ ഭാഷയും അതി വിചിത്രമായ ഒരു ഗ്രാമ്യ ഭാഷ ആയിരുന്നു അതില്‍ അസാമാന്യമായ നര്‍മ ബോധം കൂടി ചേരുമ്പോള്‍ സുന്ദരേട്ടന്‍ കേള്‍വിക്കാര്‍ക്ക് പരമപ്രിയന്‍ ആയിരുന്നു .ഒരു പാട് സ്നേഹം മണക്കുന്ന വഴികളിലൂടെ സഞ്ചരിച്ചു പെട്ടന്ന് ഏകാന്തതയില്‍ അകപെട്ടത്‌ കൊണ്ടാവാം വേഗം എനിക്ക് സുന്ദരെട്ടനുമായി അടുക്കാന്‍ കഴിഞ്ഞത്. സുന്ദരെട്ടനയിരുന്നു എന്‍റെ ആദ്യ പ്രവാസ സുഹൃത്ത്‌ . ഒരു തലമുറയുടെ അകല്‍ച്ച ഞങ്ങളുടെ സൌഹൃദത്തിനു ഒരു തടസവും ആയിരുന്നില്ല ,നാല്പതുകള്‍ പിന്നിട്ടിട്ടും ഏകാകിയായ അയാള്‍ അറിവിന്റെ ഒരു അക്ഷയഖനി ആയിരുന്നു .പുസ്തകങ്ങള്‍ തരുന്ന അറിവിനേക്കാള്‍ വിലപെട്ട അനുഭവജ്ഞാനം നെഞ്ചില്‍ സൂക്ഷിക്കുന്ന സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു പാവം മനുഷ്യന്‍ .മദ്യപാനം മാത്രമായിരുന്നു സുന്ദരേട്ടന്റെ ബലഹീനത അല്‍പ മദ്യം ബോധത്തെ ഉണര്തുമെന്നു പതിവായി പറയാറുണ്ടായിരുന്ന ആ മനുഷ്യന്‍ വൈകിട്ട് ഒന്‍പതു മണി കഴിഞ്ഞാല്‍ സ്ഥിരമായി ബോധാരഹിതന്‍ ആകുന്നതു എന്നിലെ യുവാവ്‌ തെല്ലു അത്ഭുതത്തോടെയും പിന്നെ സഹതാപതോടെയുമാണ് നോക്കി കണ്ടിരുന്നത്‌ .പുതിയ മേച്ചില്‍ പുറങ്ങളും അവസരങ്ങളും തേടി ഞാന്‍ പോയപ്പോള്‍ ഏറ്റവും കൂടുതല്‍ ദുഖിച്ചതു സുന്ദരേട്ടന്‍ ആവണം .വല്ലപ്പോഴും കടന്നു വരുന്ന ഒരു നല്ല ഓര്‍മ മാത്രമായി തൃശ്ശൂരില്‍ ഏതോ ഒരു കടപ്പുറത്ത് നിന്നും വന്ന ആ കുറിയ മനുഷ്യന്‍.


വര്‍ഷങ്ങള്‍ശേഷം ജീവിതം സമ്മാനിച്ച മാറ്റങ്ങളില്‍ സുന്ദരേട്ടന്‍ ഓര്‍മയില്‍ നിന്ന് തന്നെ മൂടപെട്ടു. ഒരു ദിവസം ഞാനും കുടുംബവും ആലപുഴയിലെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കൊണ്ട് ഇരിക്കുമ്പോഴാണ് തീര്‍ത്തും പരിചിതം എന്ന് തോന്നിയ ആ രുചികളുടെ ഉറവിടം അറിയണമെന്ന് തോന്നിയത് പണ്ടെ ഞാന്‍ ഇങ്ങനെ ആണ് ജീവിക്കാനായി ഭക്ഷിക്കാതെ ഭക്ഷിക്കാനായി ജീവിക്കുന്നവന്‍ എന്ന ചീത്ത പേര് ധാരാളം കേട്ടിട്ടുണ്ട് അതുകൊണ്ട് എന്താ മുപ്പത്തി ആറാം വയസിലെ ചില ചെട്ടിയാരന്മാരെ പോലെ കുടവയറും ചാടി കിളവനെ പോലെ ,രുചിയുടെ ഉറവിടം തേടി കിച്ചണില്‍ എത്തിയ ഞാന്‍ കണ്ടത് തികച്ചും പ്രതീക്ഷിക്കാത്ത ചുറ്റുപാടില്‍ പണ്ടെങ്ങോ കണ്ടു മറന്ന ഒരിക്കല്‍ കൂടി കാണാന്‍ ആഗ്രഹിച്ച ആ മനുഷ്യന്‍ ,ഞാന്‍ നീട്ടി വിളിച്ചു സുന്ദരേട്ടാ ,എന്നെ മനസിലായില്ലേ എങ്ങനെ മനസിലാവാന്‍ മീശ മുളക്കുന്നതിനു മുന്‍പ് കണ്ടതല്ലേ .എന്നെ സൂക്ഷിച്ചു നോക്കി ഓര്‍മകളിലൂടെ ഒരു ഓട്ട പ്രദിക്ഷണം നടത്തുകയാണ് അയാള്‍ എന്ന് തോന്നി , സുന്ദരേട്ടാ ഇത് ഞാനാ ആ അജീഷ് അന്ന് ദുബായില്‍ ഒരുമിച്ചുണ്ടായിരുന്ന, ഡാ ശവീ നീയ് ആള് അങ്ങ് കൊഴുത്തല്ലോ നീയ് എവിടാരുന്നു വല്യ മുതലാളി ആയപ്പോള്‍ ഈ പാവങ്ങളെ ഒക്കെ മറന്നു ഇല്ലേ ? ഒട്ടും മാറാത്ത സുന്ദരെട്ടനുമായി ഒരു പാട് സംസാരിച്ചു പോരുമ്പോള്‍ ഒരു കുപ്പിക്കുള്ള കാശ് ചോദിച്ചു വാങ്ങാന്‍ സുന്ദരേട്ടന്‍ മറന്നില്ല , പിന്നീട് ആഴ്ചയില്‍ ഒരിക്കലെങ്കിലും ഞാന്‍ സുന്ദരേട്ടനെ കാണുമായിരുന്നു ഒരു കുപ്പി എന്‍റെ വക ഒരു അവകാശം പോലെ അയാള്‍ കൈപറ്റുമായിരുന്നു. എന്നെ കാണാതായാല്‍ വീട്ടില്‍ വന്നു ഭാര്യയോട്‌ ചോദിച്ചു വാങ്ങുന്നതിനുള്ള സ്വാതന്ത്ര്യവും സുന്ദരെട്ടന് ഉണ്ടായിരുന്നു .


കമ്പനി ആവശ്യത്തിനായി ഒരു മാസത്തോളം ബംഗ്ലൂരില്‍ പോയി വന്നപ്പോള്‍ ഭാര്യാ ആണ് പറഞ്ഞത് ഞാന്‍ പോയ ശേഷം സുന്ദരേട്ടന്‍ വന്നിട്ടേ ഇല്ല എന്ന് . ഹോട്ടലില്‍ തിരക്കിയപ്പോള്‍ രക്തം ശര്ദിച്ചു ഹോസ്പിറ്റലില്‍ ആണെന്നും ,ഹോസ്പിറ്റലില്‍ ചെല്ലുമ്പോള്‍ സുന്ദരേട്ടന്‍ തീര്‍ത്തും അവശന്‍ ആയിരുന്നു അനാഥമായി എത്തിയ ആളിനെ അന്വേഷിച്ചു ആള് വന്നു എന്ന അറിഞ്ഞപ്പോള്‍ മുതല്‍ മരുന്നിന്റെ ചീട്ടുകള്‍ എനിക്ക് നേരെ നീളാന്‍ തുടങ്ങി . ഇടക്കെപ്പോഴോ ബോധം തെളിയുമ്പോള്‍ ലഹരിക്ക്‌ വേണ്ടി യാചിക്കുന്ന സുന്ദരേട്ടന്‍ എനിക്കൊരു ബാധ്യത ആകുന്നു എന്ന് തോന്നിയെങ്കിലും വിട്ടിട്ടു പോകാന്‍ മനസ് അനുവദിച്ചില്ല നീണ്ട പതിനാറു നാള്‍ അയാള്ക്കരികെ ഞാന്‍ കൂട്ടിരുന്നു .പതിനേഴാം ദിവസം രാവിലെ സുന്ദരേട്ടന്‍ മരിച്ചു .


ഒരു ബന്ധവും ലോകത്ത് അവശേഷിപിക്കാതെ അയാള്‍ കടന്നു പോയിരിക്കുന്നു .ഹോസ്പിറ്റലില്‍ നിന്ന് മൃതദേഹം ഏറ്റു വാങ്ങുമ്പോള്‍ വല്ലാത്തൊരു ശൂന്യത ആയിരുന്നു മനസ്സില്‍ , തീര്‍ത്തും വിരുദ്ധ വിശ്വാസങ്ങളില്‍ ജീവിച്ച ഞാന്‍ സുന്ദരേട്ടനെ എങ്ങനെയാണ് സംസ്കരിക്കേണ്ടത് . ഒന്ന് എനിക്ക് അറിയാമായിരുന്നു ഈ മനുഷ്യന്‍ കടലിനെ അത്യധികം സ്നേഹിച്ചിരുന്നു കടലുമായി എനിക്കൊരു ആത്മബന്ധം ഉണ്ടെന്നു കൂടെ കൂടെ പറയാറുണ്ടായിരുന്ന സുന്ദരെട്ടന് കടലിനു അഭിമുഖമായി ചിതയൊരുക്കി സംസ്കരിക്കുമ്പോള്‍ ഒരു ഗന്ധം എനിക്ക് അനുഭവപെട്ടു, പച്ച മാംസം കരിയുന്ന ഗന്ധമല്ല മറിച്ച് നല്ല കറിക്കൂട്ടുകള്‍ ചേര്‍ത്ത് സുന്ദരേട്ടന്‍ പാചകം ചെയ്യുമ്പോള്‍ എനിക്ക് അനുഭവപെട്ടിരുന്ന ആ ഗന്ധം . ഉദരത്തിലൂടെ ഹൃദയം കീഴടക്കിയ സ്നേഹത്തിന്റെ ഗന്ധം.

2 comments:

ajeeshmathew karukayil said...

ഉദരത്തിലൂടെ ഹൃദയം കീഴടക്കിയ സ്നേഹത്തിന്റെ ഗന്ധം.

Anonymous said...

A nice, touching narration.
Best wishes.
Sundarettan really inflicts a special kind of pain in the reader's heart.

Toni