Sunday, 3 July 2011

എന്‍റെ ശ്രീ പദ്മനാഭാ .....

ലക്ഷം കോടി സമ്പത്തിനു മുകളില്‍ ഉറങ്ങുമ്പോഴും നിനക്ക് ഒരു ഭാവഭേദവും ഇല്ലായിരുന്നല്ലോ എന്‍റെ ശ്രീ പദ്മനാഭാ . കഴിഞ്ഞ തവണ വന്നപോഴും ഞാന്‍ എന്‍റെ ഹൃദയം തുറന്നതല്ലേ കരളുരികി ഞാന്‍ കരഞ്ഞപ്പോഴെങ്കിലും നിനക്ക് പറയാമായിരുന്നു വല്‍സാ വന്നു ഇച്ചിരി എങ്കിലും കൊണ്ട് പോകാന്‍ മുഴുവന്‍ വേണ്ട പകുതിയും വേണ്ട ലക്ഷത്തില്‍ ഒന്ന് അത് മാത്രം മതിയായിരുന്നു ഈ അടിയന്റെ കഷ്ടപാട് മാറാന്‍ . നിനക്ക് ഞാന്‍ എത്ര ഉപ്പു മാങ്ങ നിവേദിച്ചു ,സത്യം പറഞ്ഞാല്‍ പൊന്നു തമ്പുരാന്റെ തായ് വഴിയില്‍ പിറന്ന എനിക്കും കൂടി അവകാശ പെട്ട സ്വത്താണല്ലോ അനന്താ നീ ഇത്രയും കാലം പരമ രഹസ്യമാക്കി വെച്ച് ഉറങ്ങാതെ കാലം കഴിച്ചത് .

ഇനി നിനക്ക് അല്പം വിശ്രമിക്കാം കേരള സര്‍ക്കാരും പോലീസും പട്ടാളവും മിഴി ചിമ്മാതെ നിന്നെ ക്ഷമിക്കണം നിന്റെ ലക്ഷം കോടി വരുന്ന പൊന്നും പവിഴവും കാക്കന്‍ സാദാ ജാഗരൂകരായി നിനക്ക് കാവലുണ്ടാവും .പൊന്നു തമ്പുരാന്‍ കുടുംബത്തിലേയ്ക്ക് കൊണ്ട് പോകാതെ പദ്മനാഭന് നല്‍കിയ പൊന്നിന് വേണ്ടി ഇനി എത്ര തലകള്‍ ഉരുളാന്‍ പോകുന്നു.മുച്ചൂടും മുടിച്ചു കടവും കടത്തിന് മേല്‍ കടവുമായി കഴിയുന്ന സര്‍ക്കാരിനു എന്തൊരു ആശ്വാസം ആയെന്നോ ഇത്രേം വലിയ നിധി കുഴിചിട്ടിട്ടാണ് ഐ എം എഫിനേം ലോക ബാങ്കിനേം തലയെണ്ണി കാണിച്ചു കടം വാങ്ങിയത് .അറിയുന്നത് വരെ ഒരു കുഴപ്പം ഇല്ലായിരുന്നു അറിഞ്ഞതു കൊണ്ട് ഇനി ഉറക്കം നഷടപെടുന്നത് കേരളം മുഴുവനുമാണ്‌. ഇടി തുടങ്ങി കഴിഞ്ഞു സര്‍കാര്‍ ഏറ്റെടുക്കണമെന്ന് യുക്തിവാദികളും ഒരു യുക്തിയും ഇല്ലാത്ത സുകുമാര്‍ അഴിക്കോടിനെ പോലുള്ള സാംസ്‌കാരിക നായകരും ,കിട്ടിയതെല്ലാം പൊതുജനത്തിന് മുന്‍പില്‍ തുറന്നു വെക്കണമെന്ന് അമേരിക്കന്‍ നായരും അല്ല സീസറിനുള്ളത് സീസറിനു തന്നെ നല്‍കണമെന്ന് മറ്റൊരു കൂട്ടരും വാക്ക് പയറ്റ് തുടങ്ങി കഴിഞ്ഞു .കനകം മൂലം പലവിധമായ കലഹങ്ങള്‍ക്ക് സാക്ഷരകേരളം കാതോര്‍ക്കാനുള്ള സമയം ആഗതമായിരിക്കുന്നു .

No comments: